63 Bible Verses About God's Character
Biblica® Open Malayalam Contemporary Version™ (OMCV)
-
1 ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്. 2 ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും. 3 അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; 4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. 5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. 7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.
9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്! 10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം!
-
7 പ്രിയരേ, നമുക്ക് പരസ്പരം സ്നേഹിക്കാം; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്നു ജനിച്ചവരും ദൈവത്തെ അറിഞ്ഞവരും ആണ്. 8 സ്നേഹിക്കാത്തവർ ദൈവത്തെ അറിയുന്നില്ല; ദൈവം സ്നേഹമാണ്. 9 നാം ദൈവപുത്രനിലൂടെ ജീവൻ പ്രാപിക്കേണ്ടതിനാണ് ദൈവം തന്റെ നിസ്തുലപുത്രനെ ലോകത്തിലേക്ക് അയച്ചത്. ഇങ്ങനെ ദൈവം തന്റെ സ്നേഹം നമുക്കു വെളിപ്പെടുത്തി. 10 ഇതാണ് സാക്ഷാൽ സ്നേഹം: നാം ദൈവത്തെ സ്നേഹിച്ചതല്ല, അവിടന്നു നമ്മെ സ്നേഹിച്ച് അവിടത്തെ പുത്രനെ നമ്മുടെ പാപനിവാരണയാഗത്തിനായി അയച്ചു. 11 പ്രിയരേ, ദൈവം നമ്മെ സ്നേഹിച്ചത് ഇപ്രകാരമാണെങ്കിൽ നാമും പരസ്പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. 12 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; എന്നാൽ നാം പരസ്പരം സ്നേഹിക്കുന്നു എങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവിടത്തെ സ്നേഹം നമ്മിൽ സമ്പൂർണമാകുകയും ചെയ്തിരിക്കുന്നു.
-
5 അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവന്റെ അടുക്കൽവന്നു; യഹോവ തന്റെ നാമം ഘോഷിച്ചു. 6 യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു. 7 ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.”
8 അപ്പോൾത്തന്നെ മോശ നിലത്തുവീണു നമസ്കരിച്ചു.
-
11 എന്നാൽ മോശ ദൈവത്തോട്, “ഫറവോന്റെ അടുക്കൽ ചെല്ലാനും ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുപോരാനും എനിക്ക് എന്തു യോഗ്യതയാണുള്ളത്?” എന്നു ചോദിച്ചു.
12 അതിനു ദൈവം, “ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും. നിന്നെ അയച്ചിരിക്കുന്നതു ഞാൻതന്നെ എന്നതിന് ഇത് ഒരത്ഭുതചിഹ്നമായിരിക്കും: നീ ഈ ജനത്തെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നതിനുശേഷം നിങ്ങൾ ഈ മലയിൽ ദൈവത്തെ ആരാധിക്കും” എന്ന് അരുളിച്ചെയ്തു.
13 “ഞാൻ ഇസ്രായേൽമക്കളുടെ അടുത്തുചെന്ന് അവരോട്, ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ, അവിടത്തെ നാമം എന്ത്?’ എന്ന് അവർ എന്നോടു ചോദിച്ചാൽ, ഞാൻ അവരോട് എന്തു പറയണം?” എന്ന് മോശ ദൈവത്തോടു ചോദിച്ചു.
14 ദൈവം മോശയോട്, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു. ‘ഞാൻ ആകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു’ എന്നു നീ ഇസ്രായേൽമക്കളോടു പറയണം” എന്ന് അരുളിച്ചെയ്തു.
15 ദൈവം പിന്നെയും മോശയോട് അരുളിച്ചെയ്തു: “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയണം, ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.’
“എന്റെ ശാശ്വതനാമം ഇതാണ്,
തലമുറതലമുറയായി
എന്നെ ഓർക്കേണ്ടത് ഈ നാമത്താൽത്തന്നെ.
16 “നീ ചെന്ന് ഇസ്രായേല്യ ഗോത്രത്തലവന്മാരെ വിളിച്ചുകൂട്ടി അവരോട് ഇപ്രകാരം പറയണം: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ, എനിക്കു പ്രത്യക്ഷനായി എന്നോട്, ഞാൻ നിങ്ങളെ സന്ദർശിക്കുകയും ഈജിപ്റ്റുകാർ നിങ്ങളോടു ചെയ്തിട്ടുള്ളതു കാണുകയുംചെയ്തിരിക്കുന്നു എന്ന് അരുളിച്ചെയ്തു.
-
1 ദൈവം പൂർവകാലത്ത് പ്രവാചകന്മാരിലൂടെ പല അംശങ്ങളായും പലവിധങ്ങളിലും നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചു. 2 എന്നാൽ, ഈ അന്തിമനാളുകളിൽ സ്വപുത്രനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു. ദൈവം അവിടത്തെ പുത്രനെ സകലത്തിനും അവകാശിയാക്കി നിയമിച്ചു. അവിടന്ന് ലോകസൃഷ്ടി ചെയ്തതും പുത്രനിലൂടെയാണ്. 3 ദൈവപുത്രൻ ദൈവമഹത്ത്വത്തിന്റെ തേജസ്സും ദൈവസത്തയുടെ യഥാർഥ പ്രതിബിംബവും ആണ്. സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ അവിടന്ന് നിലനിർത്തുന്നു. മനുഷ്യന്റെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവിടന്ന് പരമോന്നതങ്ങളിൽ മഹിമയുടെ വലതുഭാഗത്ത് ഉപവിഷ്ടനായി. 4 ദൈവദൂതന്മാരെക്കാൾ പരമോന്നതനായിരിക്കുകയാൽ, അവരുടെ നാമത്തെക്കാൾ ഔന്നത്യമേറിയ നാമത്തിന് അവകാശിയുമായി അവിടന്ന് തീർന്നിരിക്കുന്നു.
5 ദൈവം ദൂതന്മാരിൽ ആരോടെങ്കിലും,
“നീ എന്റെ പുത്രൻ;
ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു”
എന്നും
“ഞാൻ അവന്റെ പിതാവും
അവൻ എന്റെ പുത്രനും ആയിരിക്കും”
എന്നും എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ? 6 മാത്രമല്ല,
“സകലദൈവദൂതന്മാരും, അവിടത്തെ വണങ്ങുക”
എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് ദൈവം അവിടത്തെ ആദ്യജാതന് ഈ ലോകത്തിലേക്കു പ്രവേശനം നൽകുന്നത്.
-
17 ഉത്തമവും പൂർണവുമായ എല്ലാ നല്ല ദാനങ്ങളും ഉയരത്തിൽനിന്ന്, അതായത്, പ്രകാശങ്ങളുടെ പിതാവിങ്കൽനിന്നാണു വരുന്നത്. അവിടന്ന് മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾപോലെ മാറുകയില്ല.
-
1 ഉസ്സീയാരാജാവ് മരിച്ച വർഷത്തിൽ ഉത്തുംഗവും ഉന്നതവുമായ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു; അവിടത്തെ അങ്കിയുടെ തൊങ്ങലുകൾ ആലയത്തെ നിറച്ചിരുന്നു. 2 സാറാഫുകൾ അവിടത്തെ മുകളിലായി നിന്നിരുന്നു; ഓരോ സാറാഫിനും ആറു ചിറകുവീതം ഉണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. 3 അവർ പരസ്പരം ഇപ്രകാരം വിളിച്ചുപറയുന്നുണ്ടായിരുന്നു:
“സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ;
ഭൂമി മുഴുവൻ അവിടത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു.”
4 അവർ ആർക്കുന്ന ശബ്ദത്താൽ ആലയത്തിന്റെ കട്ടിളക്കാലുകളും വാതിൽപ്പടികളും കുലുങ്ങി; ആലയം പുകകൊണ്ടു നിറഞ്ഞു.
5 അപ്പോൾ ഞാൻ, “എനിക്ക് അയ്യോ കഷ്ടം! ഞാൻ നശിച്ചു! ഞാൻ അശുദ്ധ അധരങ്ങളുള്ള ഒരു മനുഷ്യൻ; അശുദ്ധമായ അധരങ്ങളുള്ള ജനത്തിന്റെ നടുവിൽ പാർക്കുകയും ചെയ്യുന്നു; എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടല്ലോ” എന്നു കരഞ്ഞു.
-
7 എന്നാൽ യഹോവ ശമുവേലിനോടു കൽപ്പിച്ചു: “അവന്റെ രൂപമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു; മനുഷ്യൻ കാണുന്നതുപോലെയല്ല യഹോവ കാണുന്നത്. മനുഷ്യൻ പുറമേയുള്ള രൂപം നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.”
-
5 നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു;
അവിടത്തെ വിവേകത്തിന് പരിമിതികളില്ല.
-
11 എന്നാൽ ദൈവപുരുഷാ, നീയോ ഇവയിൽനിന്നെല്ലാം ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, സൗമ്യത എന്നിവയെ അനുഗമിക്കുക. 12 വിശ്വാസത്തിന്റെ നല്ല യുദ്ധംചെയ്യുക. നിത്യജീവനെ മുറുകെപ്പിടിക്കുക; അതിനായി നീ വിളിക്കപ്പെടുകയും അനേകസാക്ഷികളുടെമുമ്പിൽ ആ കാര്യം ഏറ്റുപറയുകയും ചെയ്തിട്ടുണ്ടല്ലോ. 13 സകലത്തിനും ജീവൻ നൽകുന്ന ദൈവത്തെയും പൊന്തിയോസ് പീലാത്തോസിന്റെ മുമ്പിൽ ഉത്തമവിശ്വാസപ്രഖ്യാപനം നടത്തിയ ക്രിസ്തുയേശുവിനെയും സാക്ഷിയാക്കി ഞാൻ നിന്നോട് ആജ്ഞാപിക്കുന്നത്: 14 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനംവരെ നീ ഈ കൽപ്പനകൾ നിഷ്കളങ്കമായും നിരാക്ഷേപമായും പാലിച്ചുകൊള്ളണം എന്നാണ്. 15 രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും വാഴ്ത്തപ്പെട്ട ഏകാധിപതിയുമായ ദൈവം ക്രിസ്തുവിനെ യഥാകാലം വെളിപ്പെടുത്തും. 16 അവിടന്നുമാത്രമാണ് മരണരഹിതൻ. ആർക്കും അടുത്തുകൂടാത്ത പ്രകാശത്തിൽ നിവസിക്കുന്ന അവിടത്തെ മാനവരാരും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. ബഹുമാനവും ആധിപത്യവും എന്നേക്കും അവിടത്തേക്ക് ഉണ്ടാകുമാറാകട്ടെ. ആമേൻ.
-
1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
-
23 ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ ആരാധ്യവസ്തുക്കൾ നിരീക്ഷിച്ചുവരുമ്പോൾ,
അജ്ഞാത ദേവന്,
എന്നെഴുതിയിരിക്കുന്ന ഒരു ബലിപീഠം എന്റെ ശ്രദ്ധയിൽപ്പെട്ടു. നിങ്ങൾ അജ്ഞതയിൽ ആരാധിക്കുന്നതിനെക്കുറിച്ചാണ് ഞാൻ നിങ്ങളുടെമുമ്പിൽ അവതരിപ്പിക്കാൻ പോകുന്നത്:
24 “പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് ദൈവമാണ്. അവിടന്ന് ആകാശത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. മനുഷ്യകരങ്ങളാൽ നിർമിതമായ ആലയങ്ങളിൽ വസിക്കുന്നയാളല്ല സർവേശ്വരൻ. 25 അവിടന്ന് എല്ലാവർക്കും ജീവന്റെയും ശ്വാസത്തിന്റെയുംമാത്രമല്ല സർവനന്മകളുടെയും ദാതാവാകുകയാൽ, അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുള്ളവൻ എന്നതുപോലെ മനുഷ്യകരങ്ങളാൽ പരിചരിക്കേണ്ടതില്ല. 26 ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു. 27 മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല. 28 ‘ദൈവത്തിൽത്തന്നെയാണ് നാം ജീവിക്കുന്നതും ചലിക്കുന്നതും സ്ഥിതിചെയ്യുന്നതും.’ നിങ്ങളുടെതന്നെ ചില കവിവര്യന്മാർ, ‘നാം അവിടത്തെ സന്താനങ്ങളാണ്’ എന്നു പറഞ്ഞിട്ടുണ്ടല്ലോ!
29 “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കുകയാൽ, സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ ശില്പചാതുരിയോടെ മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു രൂപത്തോടു സദൃശനാണ് ദൈവം എന്നു നാം ചിന്തിക്കാൻ പാടില്ല.
-
8 എന്നാൽ പ്രിയരേ, ഈ ഒരു യാഥാർഥ്യം നിങ്ങൾ വിസ്മരിക്കരുത്: കർത്താവിന് ഒരു ദിവസം ആയിരം വർഷംപോലെയും ആയിരം വർഷം ഒരു ദിവസംപോലെയും ആകുന്നു. 9 അവിടത്തെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കർത്താവ് കാലവിളംബം വരുത്തുന്നില്ല; അവിടന്ന് നിങ്ങളോട് ദീർഘക്ഷമ കാണിക്കുകയാണ്. ഒരു വ്യക്തിപോലും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്ക് വരണമെന്നാണ് അവിടത്തെ ആഗ്രഹം.
10 എന്നാൽ, കർത്താവിന്റെ ദിവസം വരുന്നത് കള്ളന്റെ വരവുപോലെ അപ്രതീക്ഷിതമായിരിക്കും. അതിഭീകരശബ്ദത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലപദാർഥങ്ങൾ അഗ്നിയിൽ കത്തിയമരും. ഭൂമിയും അതിലുള്ള സർവതും ഭസ്മീകൃതമാകും.
11 സർവതും ഇങ്ങനെ നശിച്ചുപോകാൻ ഉള്ളതായതിനാൽ ആസന്നമായ ദൈവദിവസത്തിനായി കാത്തിരുന്നും അതിനെ ത്വരിതപ്പെടുത്തിയും വിശുദ്ധിയും ദൈവഭയവുമുള്ള ജീവിതം നിങ്ങൾ നയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്! 12 ആകാശം അഗ്നിക്കിരയായി നശിക്കും. മൂലകങ്ങൾ ഉഗ്രതാപത്തിൽ ഉരുകിപ്പോകും. 13 നാമോ, അവിടത്തെ വാഗ്ദാനം അനുസരിച്ച്, നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.
-
17 യഹോവ മോശയോടു കൽപ്പിച്ചു: “എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു: ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞുമിരിക്കുന്നു; അതുകൊണ്ടു നീ അപേക്ഷിച്ച ഈ കാര്യവും ഞാൻ ചെയ്യും.”
18 അപ്പോൾ മോശ, “അങ്ങയുടെ തേജസ്സ് എന്നെ കാണിക്കണമേ” എന്നപേക്ഷിച്ചു.
19 യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ നന്മമുഴുവനും നിനക്കു ദൃശ്യമാക്കും, യഹോവ എന്ന എന്റെ നാമം ഞാൻ നിന്റെ മുമ്പിൽ ഘോഷിക്കും; കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും. 20 എന്നാൽ, നിനക്ക് എന്റെ മുഖം കാണാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കുകയില്ല.”
21 യഹോവ വീണ്ടും അരുളിച്ചെയ്തു: “എന്റെ സമീപത്തുള്ള ഒരു സ്ഥലം ഉണ്ട്; ആ പാറമേൽ നീ നിൽക്കണം. 22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ പിളർപ്പിൽ ആക്കി, ഞാൻ കടന്നുപോകുന്നതുവരെ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും. 23 പിന്നീടു ഞാൻ എന്റെ കൈ മാറ്റും; അപ്പോൾ നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖം കാണപ്പെടാവുന്നതല്ല.”
-
43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക; 45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ. 46 നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ! 47 സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്? 48 അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.
-
നാലാംപുസ്തകം
ദൈവപുരുഷനായ മോശയുടെ ഒരു പ്രാർഥന.
1 കർത്താവേ, തലമുറതലമുറയായി
അവിടന്ന് ഞങ്ങളുടെ നിവാസസ്ഥാനമായിരിക്കുന്നു.
2 പർവതങ്ങൾ ജനിക്കുന്നതിനും
ഈ ഭൂമിക്കും പ്രപഞ്ചത്തിനും ജന്മംനൽകുന്നതിനും മുമ്പുതന്നെ,
അനന്തതമുതൽ അനന്തതവരെ അവിടന്ന് ദൈവം ആകുന്നു.
3 “മർത്യരേ, പൊടിയിലേക്ക് മടങ്ങുക,” എന്നു കൽപ്പിച്ചുകൊണ്ട്,
അങ്ങ് മനുഷ്യരെ പൊടിയിലേക്ക് തിരികെ അയയ്ക്കുന്നു.
4 ആയിരം വർഷം അങ്ങയുടെ ദൃഷ്ടിയിൽ
ഇപ്പോൾ കഴിഞ്ഞുപോയ ഒരു ദിവസംപോലെയോ
രാത്രിയിലെ ഒരു യാമംപോലെയോ ആകുന്നു.
-
27 “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു;
എനിക്കു ലഭിക്കേണ്ട ന്യായം എന്റെ ദൈവം അവഗണിച്ചിരിക്കുന്നു,”
എന്ന് യാക്കോബേ, നീ പരാതിപ്പെടുന്നതെന്ത്?
ഇസ്രായേലേ, നീ സംസാരിക്കുന്നതെന്ത്?
28 നിനക്ക് അറിഞ്ഞുകൂടേ?
നീ കേട്ടിട്ടില്ലേ?
യഹോവ നിത്യനായ ദൈവം ആകുന്നു,
അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്.
അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല;
അവിടത്തെ വിവേകം അപ്രമേയംതന്നെ.
29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,
ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.
30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,
ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;
31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ
അവരുടെ ശക്തി പുതുക്കും.
അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;
അവർ ഓടും, ക്ഷീണിക്കുകയില്ല,
അവർ നടക്കും, തളർന്നുപോകുകയുമില്ല.
-
33 ഹോ, ദൈവത്തിന്റെ ജ്ഞാനം, വിവേകം എന്നിവയുടെ സമൃദ്ധി എത്ര അപരിമേയം!
അവിടത്തെ വിധികൾ എത്ര അപ്രമേയം!
അവിടത്തെ വഴികൾ എത്ര അഗോചരം!
34 “കർത്താവിന്റെ മനസ്സ് അറിഞ്ഞതാര്?
അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?”
35 “തിരികെ വാങ്ങാനായി
ദൈവത്തിനു കടംകൊടുത്തവനാര്?”
36 സകലതും ദൈവത്തിൽനിന്നു, ദൈവത്തിലൂടെ, ദൈവത്തിലേക്കുതന്നെ.
അവിടത്തേക്ക് എന്നേക്കും മഹത്ത്വം! ആമേൻ.
-
24 അതിനാൽ ഞാൻ പറഞ്ഞു:
“എന്റെ ദൈവമേ, എന്റെ ആയുസ്സിന്റെ മധ്യത്തിൽവെച്ച് എന്നെ എടുക്കരുതേ;
അവിടത്തെ സംവത്സരങ്ങൾ തലമുറതലമുറയായി തുടരുന്നുവല്ലോ.
25 ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു,
ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ.
26 അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും;
അവയെല്ലാം ഒരു വസ്ത്രംപോലെതന്നെ പിഞ്ചിപ്പോകും.
വസ്ത്രം മാറുന്നതുപോലെ അങ്ങ് അവയെ മാറ്റിക്കളയും
അവ പുറന്തള്ളപ്പെടും.
27 എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും;
അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല.
-
24 ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം,” എന്നായിരുന്നു.
-
22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല.
-
14 ഇതിനാൽ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലകുടുംബങ്ങൾക്കും പേരു ലഭിക്കാൻ കാരണമായ 15 പിതാവിന്റെ സന്നിധിയിൽ ഞാൻ മുട്ടുമടക്കുന്നു. 16 ഞാൻ പ്രാർഥിക്കുന്നത് ദൈവം അവിടത്തെ തേജസ്സേറിയ ധനത്തിന് അനുസൃതമായി അവിടത്തെ ആത്മാവിനാൽ നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെ ശക്തിപ്പെടുത്തണമെന്നും, 17 വിശ്വാസത്താൽ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ അധിവസിക്കാൻ വരം ലഭിക്കണമെന്നും, 18-19 സ്നേഹത്തിൽ വേരുകൾ ആഴ്ന്നിറങ്ങി അതിൽത്തന്നെ അടിസ്ഥാനം ഇട്ടവരായി എല്ലാ ജ്ഞാനത്തിനും അതീതമായ ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്തെന്നു സകലവിശുദ്ധരോടുമൊപ്പം ഗ്രഹിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കണമെന്നും, ദൈവത്തിന്റെ സർവസമ്പൂർണതയാലും നിറയപ്പെടണം എന്നും ആണ്.
20 എന്നാൽ, നമ്മിൽ വ്യാപരിക്കുന്ന അവിടത്തെ ശക്തിയാൽ നാം യാചിക്കുന്നതിനും ചിന്തിക്കുന്നതിനും അത്യന്തം അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന ദൈവത്തിന് 21 സഭയിലും ക്രിസ്തുയേശുവിലും തലമുറകൾതോറും എന്നെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ.
-
26 അതിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കും അധിപതികളാകട്ടെ.”
27 ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു;
അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു;
പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.
28 ദൈവം അവരെ അനുഗ്രഹിച്ചു; “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അധീനമാക്കുക; സമുദ്രത്തിലെ മത്സ്യങ്ങളുടെമേലും ആകാശത്തിലെ പക്ഷികളുടെമേലും ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെമേലും അധിപതികളാകുക” എന്ന് അവരോടു കൽപ്പിച്ചു.
-
19 വ്യാജം പറയാൻ ദൈവം മനുഷ്യനല്ല,
തന്റെ മനം മാറ്റാൻ മനുഷ്യപുത്രനുമല്ല.
അരുളിച്ചെയ്തിട്ട് അവിടന്നു പ്രവർത്തിക്കാതിരിക്കുമോ?
വാക്കു പറഞ്ഞിട്ട് നിറവേറ്റാതിരിക്കുമോ?
-
10 യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു;
ജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു.
11 എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;
അവിടത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറകളോളവും.
12 യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്,
അവിടന്ന് തന്റെ അവകാശമായി തെരഞ്ഞെടുക്കപ്പെട്ട ജനതയും.
13 യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു;
സകലമാനവവംശത്തെയും വീക്ഷിക്കുന്നു;
-
12 ദൈവവചനം സജീവവും സചേതനവുമാണ്. അത് ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനും ആത്മാവും സന്ധിമജ്ജകളും വേർപെടുംവരെ തുളഞ്ഞുകയറുന്നതും ഹൃദയത്തിലെ ചിന്തകളും ഭാവങ്ങളും വ്യവച്ഛേദിക്കുന്നതും ആകുന്നു. 13 ദൈവദൃഷ്ടിയിൽനിന്ന് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. സകലതും അവിടത്തെ കൺമുമ്പിൽ അനാവൃതവും തുറന്നതുമായിരിക്കുന്നു. അവിടത്തോടാണ് നമുക്കു കണക്കു ബോധിപ്പിക്കാൻ ഉള്ളത്.
-
30 ദൈവത്തിന്റെ മാർഗം പൂർണതയുള്ളത്:
യഹോവയുടെ വചനം കുറ്റമറ്റത്;
തന്നിൽ അഭയം തേടുന്നവരെയെല്ലാം അവിടന്ന് സംരക്ഷിക്കുന്നു.
-
6 “യഹോവയായ ഞാൻ മാറ്റമില്ലാത്തവൻ. അതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപോകാതിരിക്കുന്നു.
-
18 അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. 19 യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു. 20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.
-
1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.
-
18 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; പിതാവുമായി അഭേദ്യബന്ധം പുലർത്തുന്ന നിസ്തുലപുത്രനായ ദൈവംതന്നെ അവിടത്തെ വെളിപ്പെടുത്തിയിരിക്കുന്നു.
-
15 ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും
സകലസൃഷ്ടിക്കും അധീശനും ആകുന്നു.
16 സ്വർഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യമായതും അദൃശ്യമായതും
സിംഹാസനങ്ങളും കർത്തൃത്വങ്ങളും വാഴ്ചകളും അധികാരങ്ങളും
എല്ലാം ക്രിസ്തുവിനാൽ സൃഷ്ടിക്കപ്പെട്ടു;
സകലതും ക്രിസ്തുമുഖേനയും ക്രിസ്തുവിനായിട്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
17 അവിടന്ന് എല്ലാറ്റിനും മുമ്പേ ഉള്ളവൻ;
സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്.
-
8 യേശുക്രിസ്തു, ഭൂത വർത്തമാന കാലങ്ങളിൽമാത്രമല്ല, എന്നെന്നേക്കും ഒരുപോലെ നിലനിൽക്കുന്നവൻതന്നെ.
-
5 ഞങ്ങൾ തിരുമൊഴി ശ്രവിച്ച് നിങ്ങളോട് അറിയിക്കുന്ന സന്ദേശം ഇതാണ്: ദൈവം പ്രകാശം ആകുന്നു; ദൈവത്തിൽ അന്ധകാരം അൽപ്പംപോലും ഇല്ല. 6 നമുക്ക് അവിടത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും അന്ധകാരത്തിൽ ജീവിക്കുകയുംചെയ്യുന്നെങ്കിൽ നാം വ്യാജംപറയുകയാണ്; സത്യം അനുസരിച്ചു ജീവിക്കുന്നതുമില്ല. 7 അവിടന്നു പ്രകാശത്തിൽ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തിൽ ജീവിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മയുണ്ട്; അവിടത്തെ പുത്രനായ യേശുവിന്റെ രക്തം സകലപാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.
-
9 നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ.
-
6 അതിന് യേശു മറുപടി പറഞ്ഞു: “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. 7 നിങ്ങൾ വാസ്തവമായി എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾമുതൽ നിങ്ങൾ പിതാവിനെ അറിയുന്നു; കണ്ടുമിരിക്കുന്നു.”
8 അപ്പോൾ ഫിലിപ്പൊസ്, “കർത്താവേ, പിതാവിനെ ഞങ്ങൾക്ക് ഒന്നു കാണിച്ചുതന്നാലും, ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു.
9 അതിനുത്തരമായി യേശു, “ഇത്രയേറെക്കാലം ഞാൻ നിങ്ങളോടുകൂടെ ആയിരുന്നിട്ടും ഫിലിപ്പൊസേ, നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ? എന്നെ കണ്ടയാൾ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ ‘പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണം’ എന്നു നീ പറയുന്നതെങ്ങനെ? 10 ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ എന്റെ സ്വന്തം അധികാരത്തിൽനിന്നുള്ളവയല്ല; എന്നിൽ വസിക്കുന്ന പിതാവ് അവിടത്തെ പ്രവൃത്തികൾ എന്നിലൂടെ നിറവേറ്റുകമാത്രമാണു ചെയ്യുന്നത്.
-
17 യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന് അനന്തകാലത്തേക്ക് ബഹുമാനവും മഹത്ത്വവും ഉണ്ടാകുമാറാകട്ടെ; ആമേൻ!
-
11 ഇത് വിശ്വാസയോഗ്യമായ തിരുവചനമല്ലോ:
നാം ക്രിസ്തുവിനോടുകൂടെ മരിച്ചാൽ
ക്രിസ്തുവിനോടുകൂടെ ജീവിക്കും;
12 കഷ്ടത സഹിക്കുന്നെങ്കിൽ
അവിടത്തെ ഭരണത്തിൽ പങ്കാളികളാകും.
അവിടത്തെ നിരാകരിക്കുന്നെങ്കിൽ
അവിടന്നു നമ്മെയും നിരാകരിക്കും.
13 നാം വിശ്വാസവിഹീനരായിത്തീർന്നാലും
അവിടന്ന് വിശ്വസ്തനായിത്തന്നെ തുടരും;
തന്റെ സ്വഭാവം ത്യജിക്കുക അവിടത്തേക്കു സാധ്യമല്ലല്ലോ!
-
8 സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക. 9 തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.
10 “ജീവനെ സ്നേഹിക്കുകയും
ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നവർ
അവരുടെ നാവിനെ തിന്മയിൽനിന്നും
അവരുടെ അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിക്കുക.
11 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;
സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.
12 കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു
അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു,
എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.”
13 നിങ്ങൾ നന്മചെയ്യാൻ വ്യഗ്രരാണെങ്കിൽ ആര് നിങ്ങളെ ഉപദ്രവിക്കും?
-
5 ഈ കാരണത്താൽ, നിങ്ങൾ വിശ്വാസത്തോടു ധാർമികതയും ധാർമികതയോടു വിവേകവും 6 വിവേകത്തോട് ആത്മസംയമവും ആത്മസംയമത്തോടു സഹിഷ്ണുതയും സഹിഷ്ണുതയോടു ഭക്തിയും 7 ഭക്തിയോടു സാഹോദര്യവും സാഹോദര്യത്തോടു സ്നേഹവും കൂട്ടിച്ചേർക്കാൻ, ഉത്സാഹത്തോടെ സകലപ്രയത്നവും ചെയ്യുക.
-
11 “ഞങ്ങളുടെ കർത്താവും ദൈവവുമായുള്ളവനെ,
അങ്ങ് സകലത്തെയും സൃഷ്ടിച്ചു.
അവിടത്തെ ഇഷ്ടത്താൽ അവ ഉത്ഭവിക്കുകയും
സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാൽ,
അവിടന്നു മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യൻ,”
എന്നു പറഞ്ഞു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനുമുമ്പിൽ സമർപ്പിക്കും.
-
4 അവിടന്ന് പാറയാകുന്നു, അവിടത്തെ പ്രവൃത്തികൾ തികവുള്ളവയും,
അവിടത്തെ എല്ലാ വഴികളും നീതിയുള്ളവയും ആകുന്നു.
അവിടന്ന് തിന്മ പ്രവർത്തിക്കാത്ത വിശ്വസ്തനായ ദൈവം ആകുന്നു,
അവിടന്ന് സത്യസന്ധനും നീതിമാനും ആകുന്നു.
-
8 യഹോവ നല്ലവനെന്ന് രുചിച്ചറിയുക;
അങ്ങയിൽ അഭയംതേടുന്ന മനുഷ്യർ അനുഗൃഹീതർ.
-
10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിൽ എഴുപതുവർഷം തികഞ്ഞശേഷം ഞാൻ നിങ്ങളെ സന്ദർശിക്കും നിങ്ങളെ ഈ സ്ഥലത്തേക്കു തിരിച്ചുവരുത്തും എന്നുള്ള എന്റെ വാഗ്ദത്തം നിറവേറ്റും. 11 കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. 13 നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.
-
17 “അയ്യോ! കർത്താവായ യഹോവേ, അങ്ങ് അവിടത്തെ വലിയ ശക്തിയാലും നീട്ടിയ ഭുജത്താലും ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു! അങ്ങേക്ക് അസാധ്യമായ ഒന്നുംതന്നെയില്ല.
-
25 അപ്പോൾത്തന്നെ യേശു: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. 26 അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം!
27 “എന്റെ പിതാവു സകലകാര്യങ്ങളും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ യഥാർഥത്തിൽ അറിയുന്നില്ല; പുത്രനും പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ പുത്രൻ ആഗ്രഹിക്കുന്നവരുമല്ലാതെ ആരും പിതാവിനെ അറിയുന്നില്ല എന്നു പറഞ്ഞു.
-
3 ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ.
-
21 എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. 22 യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. 23 യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. 24 എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു. 25 ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല. 26 അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.
-
14 നിങ്ങൾ അജ്ഞതയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ദുഷ്ടമോഹങ്ങൾക്ക് അനുരൂപമാകാതെ നിങ്ങൾ അനുസരണയുള്ള മക്കളായിത്തീരുക. 15 നിങ്ങളെ തെരഞ്ഞെടുത്ത ദൈവം വിശുദ്ധനാകുകയാൽ, നിങ്ങളും സകലപ്രവൃത്തികളിലും വിശുദ്ധിയുള്ളവരാകുക. 16 “ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
-
8 “ഞാൻ ആൽഫയും ഒമേഗയും ആകുന്നു,” എന്ന് ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ, സർവശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
-
11 യഹോവേ, ദേവന്മാരിൽ
അവിടത്തേക്കു സദൃശനായി ആരുള്ളൂ?
വിശുദ്ധിയിൽ രാജപ്രൗഢിയുള്ളവൻ!
തേജസ്സിൽ ഭയങ്കരൻ!
അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ!
അങ്ങേക്കു തുല്യനായി ആരുള്ളൂ?
-
10 അതിനുശേഷം ദാവീദ് സർവസഭയുടെയുംമുമ്പിൽ ഇപ്രകാരം യഹോവയെ സ്തുതിച്ചു:
“ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ യഹോവേ,
അങ്ങ് എന്നെന്നേക്കും
വാഴ്ത്തപ്പെട്ടവൻ!
11 മഹത്ത്വവും ശക്തിയും തേജസ്സും കീർത്തിയും മഹിമയും
യഹോവേ, അങ്ങേക്കുള്ളതാണ്.
ഭൂമിയിലും സ്വർഗത്തിലുമുള്ളതെല്ലാം അങ്ങയുടേതാകുന്നു.
യഹോവേ, രാജ്യം അങ്ങേക്കുള്ളത്.
അങ്ങ് സകലത്തിന്റെയും തലവനായിരിക്കുന്നു.
12 ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു;
എല്ലാറ്റിനെയും ഭരിക്കുന്നതും അങ്ങുതന്നെ.
എല്ലാവരെയും ഉദ്ധരിച്ച് ശക്തി പകരാനുള്ള
ശക്തിയും അധികാരവും അങ്ങയുടെ കരങ്ങൾക്കുള്ളിലാണല്ലോ.
13 ഇപ്പോൾ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങേക്കു നന്ദികരേറ്റുന്നു;
അങ്ങയുടെ മഹത്ത്വകരമായ നാമം ഞങ്ങൾ പുകഴ്ത്തുകയും ചെയ്യുന്നു.
14 “ഇത്രയും ഉദാരമായി ദാനം ചെയ്യാൻ കഴിയത്തക്കവിധം ഞാനാര്? എന്റെ ജനവും എന്തുള്ളൂ? എല്ലാം അങ്ങയിൽനിന്നു ലഭിക്കുന്നു; അങ്ങയുടെ പക്കൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേക്കു തരികമാത്രമേ ചെയ്യുന്നുള്ളൂ.
-
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്,
ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും;
2 കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും
ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
3 യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക?
അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?
4 വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ,
വിഗ്രഹത്തിൽ ആശ്രയിക്കാതെയും
വ്യാജശപഥം ചെയ്യാതെയുമിരിക്കുന്നവർതന്നെ.
-
4 അവിടന്ന് തന്റെ ജനത്തിന്റെ ന്യായവിധിക്കു സാക്ഷികളായി
മീതേയുള്ള ആകാശത്തെയും താഴെയുള്ള ഭൂമിയെയും വിളിക്കുന്നു:
5 “ഈ സമർപ്പിക്കപ്പെട്ട ജനത്തെ എന്റെ അടുക്കൽ കൂട്ടിവരുത്തുക,
യാഗാർപ്പണത്താൽ എന്നോട് ഉടമ്പടിചെയ്തവരെത്തന്നെ.”
6 അപ്പോൾ ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കട്ടെ,
കാരണം ദൈവംതന്നെ ന്യായാധിപതി ആയിരിക്കും. സേലാ.
7 “എന്റെ ജനമേ, കേൾക്കുക. ഇതാ ഞാൻ അരുളിച്ചെയ്യുന്നു;
ഇസ്രായേലേ, ഞാൻ നിനക്കെതിരായി സാക്ഷ്യംപറയും:
ഞാൻ ആകുന്നു ദൈവം, നിങ്ങളുടെ ദൈവംതന്നെ!
8 നിങ്ങളുടെ യാഗങ്ങൾനിമിത്തമോ
നിങ്ങൾ നിരന്തരം അർപ്പിക്കുന്ന ഹോമയാഗങ്ങൾനിമിത്തമോ ഞാൻ നിങ്ങളെ ശാസിക്കുന്നില്ല.
9 നിങ്ങളുടെ തൊഴുത്തിൽനിന്നുള്ള കാളയോ
ആലയിൽനിന്നുള്ള കോലാടോ എനിക്ക് ആവശ്യമില്ല;
10 ആയിരം കുന്നുകളിൽ മേഞ്ഞുകൊണ്ടിരിക്കുന്ന കന്നുകാലികളും
വനത്തിലെ സകലമൃഗങ്ങളും എന്റെ സ്വന്തം.
11 പർവതങ്ങളിലെ എല്ലാ പറവയെയും ഞാൻ അറിയുന്നു,
വയലിലെ സകലജന്തുക്കളും എന്റെ വകയാണ്.
12 എനിക്കു വിശക്കുന്നെങ്കിൽ ഞാൻ നിന്നോടു പറയുകയില്ല,
കാരണം, ലോകവും അതിലുള്ള സമസ്തവും എന്റേതാണ്.
-
ל ലാമെദ്
89 യഹോവേ, അവിടത്തെ വചനം ശാശ്വതമാകുന്നു;
അതു സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു.
90 അങ്ങയുടെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു;
അവിടന്ന് ഭൂമി സ്ഥാപിച്ചു, അത് ഉറച്ചുനിൽക്കുന്നു.
91 അവിടത്തെ നിയമങ്ങൾ ഇന്നുവരെ സ്ഥിരമായി നിലനിൽക്കുന്നു,
കാരണം സകലസൃഷ്ടികളും അവിടത്തെ സേവകരല്ലോ.
-
9 കഴിഞ്ഞകാലസംഭവങ്ങൾ ഓർക്കുക, പൗരാണിക കാര്യങ്ങൾതന്നെ;
ഞാൻ ആകുന്നു ദൈവം, വേറൊരു ദൈവവുമില്ല;
ഞാൻ ആകുന്നു ദൈവം; എന്നെപ്പോലെ ഒരുവനുമില്ല.
10 ആരംഭത്തിൽത്തന്നെ ഞാൻ അവസാനം പ്രഖ്യാപിക്കുന്നു,
പൂർവകാലത്തുതന്നെ ഭാവിയിൽ സംഭവിക്കാനുള്ളതും.
അവിടന്ന് അരുളുന്നു, ‘എന്റെ ആലോചന നിലനിൽക്കും,
എനിക്കു ഹിതമായതൊക്കെയും ഞാൻ നിറവേറ്റും.’
-
10 എന്നാൽ യഹോവ സത്യദൈവമാകുന്നു;
അവിടന്ന് ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ.
അവിടത്തെ ക്രോധത്താൽ ഭൂമി വിറകൊള്ളുന്നു;
ജനതകൾക്ക് അവിടത്തെ ഉഗ്രകോപം സഹിക്കാൻ കഴിയുകയില്ല.
11 “ ‘ആകാശവും ഭൂമിയും നിർമിച്ചിട്ടില്ലാത്ത ഈ ദേവതകൾ, ഈ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകുമെന്ന്,’ അവരോടു പറയുക.”
-
26 പിതാവിനു തന്നിൽത്തന്നെ ജീവൻ ഉള്ളതുപോലെ പുത്രനും തന്നിൽത്തന്നെ ജീവൻ ഉള്ളവനായിരിക്കാൻ അവിടന്ന് പുത്രനും വരം നൽകിയിരിക്കുന്നു.
-
10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.
-
6 വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം; ദൈവത്തിന്റെ അടുക്കൽ വരാൻ ആഗ്രഹിക്കുന്നയാൾ ദൈവം ഉണ്ടെന്നും തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർക്ക് അവിടന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കേണ്ടതാണ്.
-
1 നോക്കൂ, പിതാവു നമുക്ക് എത്രയോ അതിരില്ലാത്ത സ്നേഹം പകർന്നാണ് നമ്മെ ദൈവമക്കളെന്നു വിളിച്ചത്! നാം വാസ്തവത്തിൽ അങ്ങനെതന്നെ ആണ്! ലോകം അവിടത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് അത് നമ്മെയും അറിയുന്നില്ല.
-
3 ദൈവത്തോടുള്ള സ്നേഹത്തിന്റെ ആധാരം ദൈവത്തിന്റ കൽപ്പനകൾ പാലിക്കുന്നതുതന്നെയാണ്. അവിടത്തെ കൽപ്പനകൾ ഭാരമുള്ളവയല്ല.
-
1 പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല. 2 മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു. 3 അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും. 4 അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”
Shows Read in context, Share and Copy.