66 Bible Verses About Profanity

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Profanity
  1. 3 കുതിരയെ അനുസരിപ്പിക്കാൻ നാം അതിന്റെ വായിൽ ചെറിയ ഒരു കടിഞ്ഞാണിട്ട് ആ മൃഗത്തെ മുഴുവനായും തിരിക്കുന്നു. 4 കപ്പലിന്റെ ഉദാഹരണവും അതുപോലെതന്നെ. അതു വളരെ വലുപ്പമുള്ളതും, കാറ്റിന്റെ ശക്തിയാൽ ഓടുന്നതും ആണെങ്കിലും കപ്പിത്താൻ ഒരു ചെറിയ ചുക്കാൻകൊണ്ട് അതിനെ തിരിച്ച് തനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നു. 5 അതുപോലെതന്നെ നമ്മുടെ നാവും ചെറിയ ഒരു അവയവമെങ്കിലും വളരെ ഡംഭത്തോടെ വീമ്പിളക്കുന്നു. ഒരു ചെറിയ തീപ്പൊരി വലിയ ഒരു വനം ദഹിപ്പിക്കുന്നു. 6 നാവും അതുപോലെ ഒരു തീതന്നെയാണ്. അവയവങ്ങളുടെ കൂട്ടത്തിൽ അതു തിന്മയുടെ ഒരു പ്രപഞ്ചംതന്നെയാണ്. അത് ഒരു വ്യക്തിയെ മുഴുവനായി ദുഷിപ്പിക്കുകയും ജീവിതത്തിന്റെ സർവമേഖലകൾക്കും തീ കൊളുത്തുകയും നരകാഗ്നിയാൽ സ്വയം ദഹിക്കുകയുംചെയ്യുന്നു.

    7 എല്ലാവിധ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും കടൽജീവികളും മെരുങ്ങുന്നവയാണ്; മനുഷ്യൻ ജീവജാലങ്ങളെ മെരുക്കിയുമിരിക്കുന്നു. 8 എന്നാൽ നാവിനെ മെരുക്കാൻ ആർക്കും സാധ്യമല്ല. അത് അടങ്ങാത്ത ദോഷമാണ്; മാരകമായ വിഷം നിറഞ്ഞതുമാണ്.

    9 നാം നമ്മുടെ കർത്താവും പിതാവുമായവനെ സ്തുതിക്കുന്ന അതേ നാവുകൊണ്ടുതന്നെ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ശപിക്കുന്നു. 10 ഇങ്ങനെ ഒരേ വായിൽനിന്ന് സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരങ്ങളേ, ഇത് ഉചിതമല്ല. 11 ഒരേ ഉറവിൽനിന്നുതന്നെ ശുദ്ധജലവും ലവണജലവും ഉദ്ഗമിക്കുമോ? 12 എന്റെ സഹോദരങ്ങളേ, അത്തിവൃക്ഷത്തിന് ഒലിവും മുന്തിരിവള്ളിക്ക് അത്തിപ്പഴവും കായ്ക്കാൻ കഴിയുമോ? ഉപ്പുറവയ്ക്ക് ഒരിക്കലും ശുദ്ധജലം പുറപ്പെടുവിക്കാൻ സാധ്യമല്ലല്ലോ.

    13 നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവർ ഉണ്ടോ? എങ്കിൽ അയാൾ ജ്ഞാനത്തിന്റെ ലക്ഷണമായ വിനയത്തോടെ സൽപ്രവൃത്തികളാൽ സമ്പുഷ്ടമായ നല്ല ജീവിതംകൊണ്ട് ആ ജ്ഞാനത്തെ വെളിപ്പെടുത്തട്ടെ.

  2. 33 “ ‘ശപഥംചെയ്തതു ലംഘിക്കരുതെന്നും കർത്താവിനോടുചെയ്ത ശപഥം നിറവേറ്റണമെന്നും’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 34 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ശപഥംചെയ്യുകയേ അരുത്; സ്വർഗത്തെക്കൊണ്ട് ശപഥംചെയ്യരുത്; അത് ദൈവത്തിന്റെ സിംഹാസനം; 35 ഭൂമിയെക്കൊണ്ടരുത്; അത് ദൈവത്തിന്റെ പാദപീഠം. ജെറുശലേമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരം. 36 നിങ്ങളുടെ തലയെക്കൊണ്ട് ശപഥംചെയ്യരുത്; കാരണം ഒരു മുടിയെങ്കിലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിങ്ങൾക്കു കഴിവില്ല. 37 നിങ്ങളുടെ വാക്ക് ‘അതേ’ ‘അതേ’ എന്നോ ‘ഇല്ല’ ‘ഇല്ല’ എന്നോ ആയിരിക്കട്ടെ. ഇതിൽ അധികമായതു പിശാചിൽനിന്ന് വരുന്നു.

  3. 25 അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ. 26 “കോപിച്ചു, എന്നാലും പാപംചെയ്യരുത്;” നിങ്ങൾ കോപിച്ചിരിക്കെത്തന്നെ സൂര്യൻ അസ്തമിക്കാൻ ഇടനൽകരുത്; 27 പിശാചിന് അവസരം കൊടുക്കരുത്. 28 മോഷ്ടിക്കുന്നവൻ ഇനിമേൽ മോഷ്ടിക്കരുത്; ബുദ്ധിമുട്ടിലായിരിക്കുന്നവർക്കുകൂടെ പങ്കുവെക്കാൻ അവസരം ലഭിക്കേണ്ടതിന് സ്വന്തം കൈകൾകൊണ്ട് പ്രയോജനപ്രദമായി അധ്വാനിക്കുകയാണു വേണ്ടത്.

    29 കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്. 30 നിങ്ങൾക്കു ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഉറപ്പായി നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ; ആ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്. 31 എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക. 32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.

  4. 33 “ഒരു വൃക്ഷം നല്ലതെങ്കിൽ അതിന്റെ ഫലവും നല്ലതായിരിക്കും; വൃക്ഷം അയോഗ്യമെങ്കിൽ അതിലെ ഫലവും അയോഗ്യമായിരിക്കും. ഒരു വൃക്ഷത്തെ അതിന്റെ ഫലംകൊണ്ടാണ് തിരിച്ചറിയുന്നത്. 34 അണലിക്കുഞ്ഞുങ്ങളേ, ദുഷ്ടതയുടെ കേദാരമായ നിങ്ങൾക്കു നന്മ വല്ലതും സംസാരിക്കാൻ കഴിയുമോ? ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്. 35 നല്ല മനുഷ്യൻ, തന്റെ ഉള്ളിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു. 36 എന്നാൽ മനുഷ്യർ സംസാരിക്കുന്ന, ഓരോ അടിസ്ഥാനരഹിതമായ പ്രസ്താവനയ്ക്കും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും, എന്നു ഞാൻ നിങ്ങളോടു പറയുന്നു. 37 നിങ്ങളുടെ വാക്കുകൾ നിങ്ങളെ ശിക്ഷയിൽനിന്ന് ഒഴിവാക്കും; നിങ്ങളുടെ വാക്കുകൾതന്നെ നിങ്ങൾക്കു ശിക്ഷ വിധിക്കുകയും ചെയ്യും.”

  5. 12 സർവോപരി, എന്റെ സഹോദരങ്ങളേ, സ്വർഗത്തെക്കൊണ്ടോ ഭൂമിയെക്കൊണ്ടോ മറ്റ് എന്തിനെയെങ്കിലുംകൊണ്ടോ നിങ്ങൾ ശപഥംചെയ്യരുത്. നിങ്ങൾ “അതേ” എന്നു പറഞ്ഞാൽ “അതേ” എന്നും, “അല്ല” എന്നു പറഞ്ഞാൽ “അല്ല” എന്നും ആയിരിക്കട്ടെ. അല്ലാത്തപക്ഷം നിങ്ങൾ ശിക്ഷാർഹരാകും.

  6. 4 നിങ്ങളുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ അവിടത്തോടൊപ്പം നിങ്ങളും തേജസ്സിൽ പ്രത്യക്ഷരാകും.

    5 അതിനാൽ അസാന്മാർഗികത, അശുദ്ധി, വിഷയാസക്തി, ദുഷിച്ച അഭിലാഷങ്ങൾ, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിങ്ങനെയുള്ള നിങ്ങളുടെ ജഡികവികാരങ്ങളെ നിർജീവമാക്കുക. 6 ഇവ ദൈവകോപം ജ്വലിപ്പിക്കുന്നവയാണ്. 7 നിങ്ങൾ ഒരുകാലത്ത് ഇവയെല്ലാമനുസരിച്ചു ജീവിച്ചവരായിരുന്നു. 8 എന്നാൽ കോപം, ക്രോധം, വിദ്വേഷം, ദൂഷണം, നിങ്ങളുടെ വായിൽനിന്ന് പുറപ്പെടുന്ന അശ്ലീലഭാഷണം ഇവയൊക്കെയും ഇപ്പോൾ ഉപേക്ഷിക്കുക.

  7. 7 നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. അവിടത്തെ നാമം വ്യർഥമായി ഉപയോഗിക്കുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുകയില്ല.

  8. 3 നിങ്ങളുടെ മധ്യേ ലൈംഗിക അധാർമികത, ഒരുതരത്തിലുമുള്ള അശുദ്ധി, ദുരാഗ്രഹം ഇവയുടെ പേരുപോലും കേൾക്കാൻ ഇടയാകരുത്; കാരണം ഇവ ദൈവത്തിന്റെ വിശുദ്ധജനത്തിന് ഭൂഷണമല്ല. 4 അശ്ലീലം, നിരർഥക സംഭാഷണം, അശ്ലീലഫലിതം ഇങ്ങനെ അയോഗ്യമായവയൊന്നും പാടുള്ളതല്ല; പകരം സ്തോത്രശബ്ദമാണ് ഉയരേണ്ടത്. 5 ദുർവൃത്തർ, അശുദ്ധർ, ദുരാഗ്രഹികൾ—ഇങ്ങനെയുള്ളവർ വിഗ്രഹാരാധകർ—ഇവർക്ക് ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ യാതൊരു ഓഹരിയുമില്ല എന്നു നിങ്ങൾക്കറിയാമല്ലോ. 6 അർഥശൂന്യമായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കരുത്. ഇവയാലാണ് അനുസരണമില്ലാത്തവർ ദൈവക്രോധത്തിനു പാത്രമായിത്തീരുന്നത്. 7 അതുകൊണ്ട് നിങ്ങൾ അവരുടെ സഹകാരികളാകരുത്.

  9. 8 “ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു;

    അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.

    9 അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു;

    അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’”

    10 പിന്നെ യേശു ജനക്കൂട്ടത്തെ തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക. 11 മനുഷ്യന്റെ വായിലേക്കു ചെല്ലുന്നതല്ല, പിന്നെയോ വായിൽനിന്ന് പുറപ്പെടുന്നതാണ് ആ വ്യക്തിയെ ‘അശുദ്ധമാക്കുന്നത്.’ ”

  10. 9 തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.

    10 “ജീവനെ സ്നേഹിക്കുകയും

    ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നവർ

    അവരുടെ നാവിനെ തിന്മയിൽനിന്നും

    അവരുടെ അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിക്കുക.

    11 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;

    സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.

  11. 12 “ ‘എന്റെ നാമത്തിൽ കള്ളസത്യം ചെയ്തു നിങ്ങളുടെ ദൈവത്തിന്റെ നാമം നിന്ദിക്കരുത്. ഞാൻ യഹോവ ആകുന്നു.

  12. 1 സൗമ്യമായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു,

    പരുക്കൻവാക്ക് കോപം ജ്വലിപ്പിക്കുന്നു.

    2 ജ്ഞാനിയുടെ നാവു പരിജ്ഞാനം വിതറുന്നു,

    എന്നാൽ ഭോഷരുടെ നാവു മടയത്തരം വർഷിക്കുന്നു.

  13. 45 നല്ല മനുഷ്യൻ, തന്റെ ഹൃദയത്തിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്റെ ഹൃദയത്തിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു. ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്.

  14. 13 “അവരുടെ തൊണ്ട തുറന്ന ശവക്കുഴി;

    അവർ നാവുകൊണ്ട് വഞ്ചിക്കുന്നു;”

    “അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്.”

    14 “അവരുടെ വായിൽ ശാപവും കയ്‌പും നിറഞ്ഞിരിക്കുന്നു.”

    15 “അവരുടെ പാദങ്ങൾ രക്തം ചൊരിയാൻ പായുന്നു.

    16 നാശവും ദുരിതവും അവരുടെ പാതകളിൽ ഉണ്ട്.

    17 സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ.”

    18 “അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ലാതായിരിക്കുന്നു,”

    എന്നിങ്ങനെ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ!

  15. 12 ജീവനെ സ്നേഹിക്കുകയും

    സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ

    13 നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും

    നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക.

    14 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;

    സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.

  16. 5 ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അവിശ്വാസികളോട് വിവേകപൂർവം പെരുമാറുക. 6 ഓരോ വ്യക്തിയോടും എങ്ങനെ ഉചിതമായി ഉത്തരം പറയണമെന്നു ഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ സംഭാഷണം ഉപ്പിനാൽ രുചി വരുത്തിയതുപോലെ, എപ്പോഴും കൃപ നിറഞ്ഞതായിരിക്കട്ടെ.

  17. 21 “ ‘കൊലപാതകം ചെയ്യരുതെന്ന്’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, ‘കൊലയാളി അതിന്റെ ശിക്ഷ അനുഭവിച്ചേ തീരൂ.’ 22 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരങ്ങളോട് കോപിക്കുന്നയാൾ ശിക്ഷ അനുഭവിക്കേണ്ടിവരും. സഹോദരങ്ങളെ ‘മടയാ’ എന്നു വിളിക്കുന്നയാൾ ന്യായാധിപസമിതിയോട് ഉത്തരം പറയേണ്ടിവരും; ‘ഗുണം വരാത്തവൻ’ എന്നു വിളിച്ചാൽ നരകാഗ്നിക്ക് വിധേയരാകും.

  18. 8 അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക. 9 എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും.

  19. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

  20. 7 സകലസൽപ്രവൃത്തികൾക്കും നീ മാതൃക കാണിക്കുക. നിന്റെ ഉപദേശങ്ങൾ നിർവ്യാജവും ഗൗരവമേറിയതും 8 നിന്റെ സംഭാഷണം അപവാദങ്ങൾക്കിടവരുത്താത്തതും ആയിരിക്കണം. അപ്പോൾ എതിരാളികൾ നമ്മിൽ ഒരു അധാർമികതയും ആരോപിക്കാൻ അവസരമില്ലാതെ ലജ്ജിതരാകും.

  21. 26 ഒരാൾ സ്വയം ഭക്തിയുള്ളയാൾ എന്നു വിചാരിക്കുകയും സ്വന്തം നാവിനെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാതെ തന്നെത്തന്നെ വഞ്ചിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളുടെ ഭക്തി നിരർഥകമാണ്.

  22. 27 “എന്നാൽ, എന്റെ ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയട്ടെ: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക, 28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.

  23. 11 നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. അവിടത്തെ നാമം വ്യർഥമായി ഉപയോഗിക്കുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുകയില്ല.

  24. 21 മരണവും ജീവനും നൽകാനുള്ള ശക്തി നാവിനുണ്ട്,

    അതിനെ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലമനുഭവിക്കും.

    22 ഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുകയും

    യഹോവയിൽനിന്നു പ്രസാദം കൈപ്പറ്റുകയും ചെയ്യുന്നു.

  25. 14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,

    എന്റെ അധരങ്ങളിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും

    തൃക്കണ്ണുകൾക്കു സ്വീകാര്യമായിരിക്കട്ടെ.

    സംഗീതസംവിധായകന്.

  26. 16 ഭക്തിവിരുദ്ധമായ വ്യർഥഭാഷണം വർജിക്കുക; അവ നമ്മെ അധികം ഭക്തിരാഹിത്യത്തിലേക്കു നയിക്കുകയേയുള്ളു. 17 ഇത്തരം ഭാഷണം കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിച്ചുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തോസും ഇത്തരക്കാരാണ്.

  27. 24 വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക;

    ദുർഭാഷണത്തിൽനിന്നു നിന്റെ അധരങ്ങളെ അകറ്റിനിർത്തുക.

  28. 14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുക; അതേ, അനുഗ്രഹിക്കുക, ശപിക്കരുത്.

  29. 23 സ്വന്തം നാവും സ്വന്തം വായും സൂക്ഷിക്കുന്നവർ

    ദുരന്തങ്ങളിൽനിന്നു തന്നെത്താൻ അകന്നുനിൽക്കുന്നു.

  30. 16 “അന്ധന്മാരായ വഴികാട്ടികളേ, നിങ്ങൾക്ക് അയ്യോ കഷ്ടം! ‘ഒരാൾ ദൈവാലയത്തെക്കൊണ്ട് ആണയിട്ടാൽ സാരമില്ല എന്നും ദൈവാലയത്തിലെ സ്വർണത്തെക്കൊണ്ട് ആണയിട്ടാൽ അയാൾ തന്റെ ശപഥം നിറവേറ്റാൻ ബാധ്യസ്ഥനാണെന്നും,’ നിങ്ങൾ പറയുന്നു. 17 അന്ധന്മാരേ, ഭോഷന്മാരേ, ഏതാണ് ശ്രേഷ്ഠം? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദൈവാലയമോ? 18 ആരെങ്കിലും, ‘യാഗപീഠത്തെക്കൊണ്ട് ആണയിട്ടാൽ സാരമില്ല എന്നും അതിന്മേലുള്ള വഴിപാടിനെക്കൊണ്ട് ആണയിട്ടാൽ അയാളതു നിറവേറ്റാൻ ബാധ്യസ്ഥനാണെന്നും’ നിങ്ങൾ പറയുന്നു. 19 ഹേ അന്ധന്മാരേ, ഏതാണ് ശ്രേഷ്ഠമായിട്ടുള്ളത്? വഴിപാടോ, വഴിപാടിനെ പവിത്രമാക്കുന്ന യാഗപീഠമോ? 20 അതിനാൽ യാഗപീഠത്തെക്കൊണ്ട് ആണയിടുന്ന വ്യക്തി യാഗപീഠത്തെയും അതിന്മേലുള്ള സകലത്തെയുംചൊല്ലി ആണയിടുന്നു. 21 ദൈവാലയത്തെക്കൊണ്ട് ആണയിടുന്നയാൾ ദൈവാലയത്തെയും അതിൽ നിവസിക്കുന്ന ദൈവത്തെയുംചൊല്ലി ആണയിടുന്നു. 22 സ്വർഗത്തെക്കൊണ്ട് ആണയിടുന്നയാൾ ദൈവസിംഹാസനത്തെയും അതിന്മേൽ ഉപവിഷ്ടനായിരിക്കുന്ന ദൈവത്തെയുംകൊണ്ടാണ് ആണയിടുന്നത്.

    23 “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! പുതിന, അയമോദകം, ജീരകം എന്നിവയിൽനിന്നു ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു. എന്നാൽ, ന്യായപ്രമാണത്തിലെ പ്രാധാന്യമേറിയ കാര്യങ്ങളായ നീതി, കരുണ, വിശ്വസ്തത എന്നിങ്ങനെയുള്ളവയോ, നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്. 24 അന്ധന്മാരായ വഴികാട്ടികളേ, കീടത്തെ അരിച്ചുകളയുന്ന നിങ്ങൾ ഒട്ടകത്തെ വിഴുങ്ങുന്നു!

  31. 17 ശാപം ചൊരിയുന്നത് അയാൾക്ക് ഹരമായിരുന്നു—

    അത് അയാളുടെമേൽത്തന്നെ വന്നുപതിച്ചു.

    അനുഗ്രഹിക്കുന്നതിൽ അയാൾ തെല്ലും ആഹ്ലാദം കണ്ടെത്തിയില്ല—

    അതുകൊണ്ട് അനുഗ്രഹം അയാൾക്ക് അന്യമായിരുന്നു.

    18 അയാൾ ഒരു ഉടയാടപോലെ ശാപം ധരിച്ചു

    അത് അയാളുടെ ഉദരത്തിലേക്ക് വെള്ളംപോലെയും

    അസ്ഥികളിലേക്ക് തൈലംപോലെയും പടർന്നിരിക്കുന്നു.

  32. 2 ദുഷ്ടർ തങ്ങളുടെ അഹന്തയിൽ പീഡിതരെ വേട്ടയാടുന്നു,

    അവർ വെച്ച കെണിയിൽ അവർതന്നെ വീണുപോകുന്നു.

    3 അവർ തങ്ങളുടെ ഹൃദയാഭിലാഷങ്ങളിൽ പ്രശംസിക്കുന്നു;

    ആ ദുഷ്ടർ അത്യാഗ്രഹികളെ അനുഗ്രഹിക്കുകയും യഹോവയെ അധിക്ഷേപിക്കുകയുംചെയ്യുന്നു

    4 അവർ തങ്ങളുടെ അഹന്തയിൽ ദൈവത്തെ അന്വേഷിക്കുന്നില്ല;

    അവരുടെ ചിന്തകളിൽ ദൈവത്തിന് ഒരു സ്ഥാനവുമില്ല.

    5 എന്നിട്ടും അവരുടെ മാർഗങ്ങളിൽ എപ്പോഴും അഭിവൃദ്ധിയുണ്ടാകുന്നു;

    അങ്ങയുടെ ന്യായവിധികൾ അവരുടെ കാഴ്ചയ്ക്ക് എത്താത്തവിധം ഉയർന്നിരിക്കുന്നു;

    അവർ തങ്ങളുടെ ശത്രുക്കളെ അവജ്ഞയോടെ നോക്കുന്നു.

    6 അവർ തങ്ങളോടുതന്നെ പറയുന്നു, “ഒന്നിനുമെന്നെ ഇളക്കിമറിക്കാൻ കഴിയുകയില്ല.”

    അവർ ശപഥംചെയ്യുന്നു, “തലമുറകളോളം എനിക്കൊരനർഥവും വരികയില്ല.”

    7 അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു;

    അവരുടെ നാവിൻകീഴിൽ ഉപദ്രവവും ദുഷ്ടതയും കുടിപാർക്കുന്നു.

    8 അവർ ഗ്രാമങ്ങൾക്കരികെ പതിയിരിക്കുന്നു;

    ഒളിയിടങ്ങളിലിരുന്ന് അവർ നിരപരാധികളെ വധിക്കുന്നു.

    അവരുടെ കണ്ണ് അഗതികളെ തെരഞ്ഞുകൊണ്ടിരിക്കുന്നു;

  33. 5 “ഞാൻ ഇവിടെ എന്താണ് ചെയ്യേണ്ടത്?” യഹോവ ആരായുന്നു.

    “കാരണം എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോയിരിക്കെ

    അവരുടെ ഭരണാധികാരികൾ അലമുറയിടുന്നല്ലോ,”

    യഹോവ അരുളിച്ചെയ്യുന്നു.

    “അങ്ങനെ എന്റെ നാമം ദിവസംമുഴുവനും

    നിരന്തരം ദുഷിക്കപ്പെടുന്നു.”

    6 അതുകൊണ്ട്, എന്റെ ജനം എന്റെ നാമം അറിയും;

    അതിനാൽ, ഞാൻ, ഞാൻതന്നെയാണ് അതു പ്രവചിച്ചത്

    എന്ന് ആ നാളിൽ അവർ അറിയും.

    അതേ, അതു ഞാൻതന്നെ.

  34. 31 “എന്റെ കൽപ്പനകൾ പ്രമാണിച്ച് അവയെ അനുസരിക്കുക. ഞാൻ യഹോവ ആകുന്നു. 32 എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുത്. ഇസ്രായേൽമക്കളുടെ മധ്യേ ഞാൻ വിശുദ്ധീകരിക്കപ്പെടണം. ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു. 33 നിങ്ങളുടെ ദൈവമായിരിക്കാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു.”

  35. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്റെ അടുത്തേക്കു വേഗം വരണമേ.

    ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ.

    2 എന്റെ പ്രാർഥന തിരുമുമ്പിൽ സുഗന്ധധൂപംപോലെ സ്വീകരിക്കണമേ;

    ഉയർത്തപ്പെട്ട കൈകൾ സന്ധ്യായാഗംപോലെയും ആയിരിക്കട്ടെ.

    3 യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ ഏർപ്പെടുത്തി,

    എന്റെ അധരകവാടം കാക്കണമേ.

  36. 23 എല്ലാറ്റിനുമുപരി നിന്റെ ഹൃദയത്തെ സംരക്ഷിക്കുക,

    കാരണം അതിൽനിന്നാണ് ജീവന്റെ ഉറവ ഉത്ഭവിക്കുന്നത്.

  37. 3 തങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുന്നവർ സ്വന്തം ജീവൻ സംരക്ഷിക്കുന്നു,

    വിടുവായത്തരം പറയുന്നവർ നാശത്തിനു വിധേയരാകുന്നു.

  38. 4 സാന്ത്വനമരുളുന്ന നാവു ജീവവൃക്ഷം,

    എന്നാൽ വഞ്ചനയുള്ള നാവ് ആത്മചൈതന്യം തകർക്കുന്നു.

  39. 17 “വായിലേക്കു ചെല്ലുന്നതെന്തും വയറ്റിൽ എത്തിയതിനുശേഷം ശരീരത്തിൽനിന്ന് പുറത്തുപോകുന്നെന്ന് അറിയാമല്ലോ. 18 എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്. 19 വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു; 20 ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.”

  40. 8 തന്നെയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെപ്പറ്റിയുള്ള പരമജ്ഞാനം ലഭിച്ചതു നിമിത്തം ഞാൻ മറ്റുള്ള സർവവും മൂല്യരഹിതമെന്നുകാണുന്നു. കർത്താവിനുവേണ്ടി അവയെല്ലാം ചവറെന്നും കണക്കാക്കുന്നു.

  41. 19 എന്റെ പ്രിയസഹോദരങ്ങളേ, എല്ലാ മനുഷ്യരും കേൾക്കാൻ വേഗവും സംസാരിക്കാൻ സാവധാനതയും കോപിക്കാൻ താമസവും ഉള്ളവരായിരിക്കണമെന്നു നിങ്ങൾ അറിയുക. 20 മനുഷ്യന്റെ കോപം ദൈവം ആഗ്രഹിക്കുന്ന നീതി നിറവേറ്റാൻ ഉതകുന്നതല്ല.

  42. 9 “ ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്നയാൾ മരണശിക്ഷ അനുഭവിക്കണം. അയാൾ തന്റെ പിതാവിനെയോ മാതാവിനെയോ ശപിച്ചതുകൊണ്ട്; ആ കുറ്റത്തിന്റെ രക്തം അയാളുടെ തലമേലിരിക്കും.

  43. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 “എന്റെ വഴികളെ ഞാൻ ശ്രദ്ധിക്കുമെന്നും

    എന്റെ നാവിനെ പാപംചെയ്യാതെ കാത്തുകൊള്ളുമെന്നും;

    ദുഷ്ടർ എന്റെ മുമ്പിലുള്ളേടത്തോളം

    ഞാൻ എന്റെ വായ് കടിഞ്ഞാണിട്ടു സൂക്ഷിക്കും,” എന്നും ഞാൻ പറഞ്ഞു.

  44. 31 നീതിനിഷ്ഠരുടെ നാവിൽനിന്നു ജ്ഞാനം പ്രവഹിക്കുന്നു,

    എന്നാൽ വഞ്ചനയുള്ള നാവ് ഛേദിക്കപ്പെടും.

    32 നീതിനിഷ്ഠരുടെ അധരം പ്രസാദകരമായവ തിരിച്ചറിയുന്നു,

    എന്നാൽ ദുഷ്ടരുടെ നാവ് വൈകൃതഭാഷണത്തിന് ഉറവിടം.

  45. 6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ഇസ്രായേലിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം

    ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല.

    കാരണം അവർ വെള്ളിക്കുവേണ്ടി നീതിമാനെയും

    ഒരു ജോടി ചെരിപ്പിനു ദരിദ്രനെയും വിറ്റുകളയുന്നു.

    7 ഭൂമിയിലെ പൊടിമേൽ എന്നപോലെ,

    അവർ ദരിദ്രരുടെ തലമേൽ മെതിക്കുന്നു,

    അങ്ങനെ പീഡിതർക്ക് അവർ ന്യായം നിഷേധിക്കുന്നു.

    പിതാവും മകനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു;

    അങ്ങനെ എന്റെ വിശുദ്ധനാമം ദുഷിപ്പിക്കുന്നു.

    8 അവർ ഏതു ബലിപീഠത്തിനരികിലും

    പണയമായി വാങ്ങിയ വസ്ത്രങ്ങളിൽ കിടന്നുറങ്ങുന്നു.

    അവരുടെ ദേവന്റെ ആലയത്തിൽവെച്ചു

    പിഴയായി വാങ്ങിയ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു.

  46. 15 നിങ്ങളെ തെരഞ്ഞെടുത്ത ദൈവം വിശുദ്ധനാകുകയാൽ, നിങ്ങളും സകലപ്രവൃത്തികളിലും വിശുദ്ധിയുള്ളവരാകുക. 16 “ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

  47. 21 “ ‘മോലെക്കിനു യാഗമർപ്പിക്കാൻ നിന്റെ കുഞ്ഞുങ്ങളിലൊന്നിനെയും കൊടുക്കരുത്; നിന്റെ ദൈവത്തിന്റെ നാമം അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.

  48. 6 യഹോവയുടെ സന്നിധിയിൽ ഞാൻ എന്താണ് കൊണ്ടുവരേണ്ടത്?

    ഉന്നതനായ ദൈവത്തിന്റെ മുമ്പിൽ വണങ്ങുമ്പോൾ,

    ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ സന്നിധിയിൽ വരണമോ?

    ഒരുവയസ്സു പ്രായമുള്ള കാളക്കിടാങ്ങളുമായി വരണമോ?

    7 ആയിരക്കണക്കിനു കോലാടുകളിൽ യഹോവ പ്രസാദിക്കുമോ?

    പതിനായിരക്കണക്കിനു തൈലനദികളിൽ അവിടന്നു പ്രസാദിക്കുമോ?

    എന്റെ അതിക്രമത്തിനായി എന്റെ ആദ്യജാതനെയും

    എന്റെ പാപങ്ങൾക്കായി എന്റെ ഉദരഫലത്തെയും ഞാൻ അർപ്പിക്കണമോ?

    8 മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു;

    നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക

    നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക.

    ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?

  49. 74 അപ്പോൾ പത്രോസ്, “ഞാൻ ആ മനുഷ്യനെ അറിയുകയേ ഇല്ല!” എന്ന് അവരോടു പറഞ്ഞുകൊണ്ട് ആണയിടാനും ശപിക്കാനും തുടങ്ങി.

    ഉടനെ കോഴി കൂവി.

  50. 2 അബ്രാഹാം തന്റെ വസ്തുവകകളുടെയെല്ലാം ചുമതല വഹിച്ചിരുന്ന ഏറ്റവും പ്രധാനിയായ ദാസനോട്: “നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുക. 3 ഞാൻ ഇപ്പോൾ കനാന്യരുടെ മധ്യേ പാർക്കുന്നു. നീ എന്റെ മകനു ഭാര്യയായി ഈ കനാന്യപുത്രിമാരിൽ ഒരുവളെ എടുക്കാതെ,

  51. 17 “അപ്പനെയോ അമ്മയെയോ ശപിക്കുന്നവരും മരണശിക്ഷ അനുഭവിക്കണം.

  52. 12 അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ;

    അവരുടെ വായിലെ പാപങ്ങളാലും

    അവരുടെ അധരങ്ങളിലെ വാക്കുകളാലുംതന്നെ.

    അവർ ഉരുവിടുന്ന ശാപവാക്കുകൾനിമിത്തവും കാപട്യംനിറഞ്ഞ വാക്കുകൾനിമിത്തവും,

  53. 19 വാക്കുകളുടെ ബഹുലതകൊണ്ട് പാപം ഇല്ലാതാകുന്നില്ല,

    എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു.

  54. 1 “ജെറുശലേമിന്റെ വീഥികളിലൂടെ

    ചുറ്റിനടന്ന് ന്യായം പ്രവർത്തിക്കുകയും

    വിശ്വസ്തത ആചരിക്കുകയും ചെയ്യുന്ന

    ഒരു മനുഷ്യനെ കാണാൻ കഴിയുമോ എന്നുനോക്കി അറിയുകയും

    അതിന്റെ വിശാലസ്ഥലങ്ങളിൽ അന്വേഷിക്കുകയും ചെയ്യുവിൻ.

    ഒരാളെങ്കിലും ഉണ്ടെങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.

    2 ‘ജീവിക്കുന്ന യഹോവയാണെ,’ എന്ന് അവർ പറയുന്നെങ്കിലും

    അവർ ശപഥംചെയ്യുന്നത് കാപട്യത്തോടെയാണ്.”

  55. 26 അവളുടെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോട് അതിക്രമം പ്രവർത്തിച്ച് എന്റെ വിശുദ്ധവസ്തുക്കളെ മലിനമാക്കിയിരിക്കുന്നു. വിശുദ്ധമായതും അശുദ്ധമായതുംതമ്മിൽ ഒരു വിവേചനം അവർ വെച്ചിട്ടില്ല. ആചാരപരമായി മലിനമായവയും നിർമലമായവയുംതമ്മിലുള്ള വ്യത്യാസം എന്തെന്ന് അവർ പഠിച്ചിട്ടില്ല. ഞാൻ അവരുടെ മധ്യേ അശുദ്ധനായിത്തീരുമാറ് അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറച്ചുകളയുന്നു.

  56. 1 ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ;

    ഈ ദേശത്തു വസിക്കുന്ന നിങ്ങൾക്കുനേരേ

    യഹോവയ്ക്ക് ഒരു വ്യവഹാരം ഉണ്ട്:

    “ഈ ദേശത്തു വിശ്വസ്തതയോ സ്നേഹമോ

    ദൈവപരിജ്ഞാനമോ ഇല്ല;

    2 ശാപവും വ്യാജവും കൊലപാതകവും

    മോഷണവും വ്യഭിചാരവുംമാത്രമേയുള്ളൂ.

    അവർ സകല അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു;

    രക്തച്ചൊരിച്ചിലിനു പിന്നാലെ രക്തച്ചൊരിച്ചിൽതന്നെ.

    3 ഇതുനിമിത്തം ദേശം വിലപിക്കുന്നു.

    അതിലെ നിവാസികളെല്ലാവരും

    വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും മെലിഞ്ഞുണങ്ങിയിരിക്കുന്നു;

    സമുദ്രത്തിലെ മത്സ്യം നശിച്ചുപോകുന്നു.

  57. 4 അവർ അനേകം വാഗ്ദാനങ്ങൾ നൽകുന്നു,

    വ്യാജശപഥങ്ങൾ ചെയ്യുന്നു

    ഉടമ്പടികൾ ഉണ്ടാക്കുന്നു.

    അതുകൊണ്ട്, ഉഴുതിട്ട നിലത്ത്

    വിഷക്കളകൾ മുളയ്ക്കുന്നതുപോലെ ന്യായവിധി മുളച്ചുവരുന്നു.

  58. 19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.

    22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല.

  59. 17 യഹോവ ആദാമിനോട് അരുളിച്ചെയ്തത്: “നീ നിന്റെ ഭാര്യയുടെ വാക്കു കേൾക്കുകയും ‘തിന്നരുത്’ എന്നു ഞാൻ കൽപ്പിച്ച വൃക്ഷത്തിന്റെ ഫലം തിന്നുകയും ചെയ്തതുകൊണ്ട്,

    “നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു;

    നിന്റെ ആയുഷ്കാലം മുഴുവൻ

    കഷ്ടതയോടെ അതിൽനിന്ന് ഉപജീവനംകഴിക്കും.

  60. 2 “ഇസ്രായേല്യർ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധയാഗങ്ങളെ, ബഹുമാനത്തോടെ കൈകാര്യം ചെയ്യണമെന്നും, അങ്ങനെ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അഹരോനോടും അവന്റെ പുത്രന്മാരോടും പറയുക. ഞാൻ യഹോവ ആകുന്നു.

  61. 2 ഒരു പുരുഷൻ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ വ്രതം അനുഷ്ഠിക്കാൻ ശപഥംചെയ്യുകയോ ചെയ്താൽ അയാൾ തന്റെ വാക്ക് മാറ്റാൻ പാടില്ല; ശപഥംചെയ്തവയെല്ലാം അയാൾ അനുഷ്ഠിക്കണം.

  62. 39 “ ‘ഇസ്രായേൽജനമേ, നിങ്ങളെക്കുറിച്ച് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഓരോരുത്തരും പോയി അവരവരുടെ വിഗ്രഹങ്ങളെ സേവിച്ചുകൊൾക; എന്നാൽ പിന്നീട് നിങ്ങൾ എന്റെ വാക്കു ശ്രദ്ധിക്കും; നിങ്ങളുടെ വഴിപാടുകളും വിഗ്രഹങ്ങളുംകൊണ്ട് പിന്നെയൊരിക്കലും എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കുകയില്ല.

  63. 7 “ ‘ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ ഇസ്രായേലിന്റെ ഇടയിൽ വെളിപ്പെടുത്തും. എന്റെ വിശുദ്ധനാമം അശുദ്ധമാകാൻ ഇനി ഞാൻ അനുവദിക്കുകയില്ല. യഹോവയായ ഞാൻ ഇസ്രായേലിന്റെ പരിശുദ്ധനെന്ന് ഇതരരാഷ്ട്രങ്ങൾ അറിയും.

  64. 14 “നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു; മലമുകളിലുള്ള പട്ടണം അദൃശ്യമായിരിക്കുക അസാധ്യം. 15 വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വെക്കാറില്ല; പിന്നെയോ, അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നൽകേണ്ടതിന് ഏതെങ്കിലും വിളക്കുകാലിന്മേലാണ് വെക്കുക. 16 അതുപോലെ നിങ്ങളുടെ പ്രകാശവും മനുഷ്യരുടെമുമ്പിൽ പ്രശോഭിക്കട്ടെ; അങ്ങനെ അവർ നിങ്ങളുടെ സൽപ്രവൃത്തികൾ നിരീക്ഷിച്ച് സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തട്ടെ.

  65. 16 ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്. 17 നിങ്ങളുടെ വാക്കോ പ്രവൃത്തിയോ എന്തായാലും അവയെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം അർപ്പിച്ചുകൊണ്ടും ആയിരിക്കട്ടെ.

  66. 12 നീ യുവാവാണ് എന്ന കാരണത്താൽ ആരും നിന്നെ അവഗണിക്കാൻ അവസരം നൽകാതെ, സംസാരത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും വിശ്വാസികൾക്കു മാതൃകയായിത്തീരുക.