36 Bible Verses About Acceptance

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Acceptance
  1. 5 സഹനവും ആശ്വാസവും നൽകുന്ന ദൈവം ക്രിസ്തുയേശുവിന്റെ അനുയായികൾക്ക് ഉചിതമാകുംവിധം പരസ്പരം സ്വരച്ചേർച്ചയിൽ ജീവിക്കാൻ നിങ്ങളെ സഹായിക്കട്ടെ. 6 ഇങ്ങനെ നിങ്ങൾ എല്ലാവരും ഒരുമിച്ച് ഏകസ്വരത്തോടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ പുകഴ്ത്തുന്നവരാകട്ടെ.

    7 അതുകൊണ്ട്, ദൈവത്തിന്റെ പുകഴ്ചയ്കായി ക്രിസ്തു നിങ്ങളെ അംഗീകരിച്ചതുപോലെ നിങ്ങളും പരസ്പരം അംഗീകരിക്കണം. 8 ഞാൻ പറയട്ടെ, പിതാക്കന്മാരോട് ചെയ്ത വാഗ്ദാനം നിവർത്തിക്കുന്ന കാര്യത്തിൽ ദൈവം സത്യസന്ധൻ എന്നു തെളിയിക്കാനാണ് യെഹൂദന്മാരുടെ മധ്യേതന്നെ ശുശ്രൂഷചെയ്യാൻ ക്രിസ്തു വന്നത്.

  2. 3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 4 തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു. 5 ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു. 6 ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു.

  3. 11 കാരണം, ദൈവം പക്ഷഭേദം ഇല്ലാത്തവനാണ്.

  4. 6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. 7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.

    9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്! 10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം!

  5. 1 തർക്കവിഷയങ്ങളെക്കുറിച്ചു ശണ്ഠയിടാതെ വിശ്വാസത്തിൽ ബലഹീനരായവരെ അംഗീകരിക്കുക. 2 എല്ലാം ഭക്ഷിക്കാമെന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനരായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു. 3 എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്. 4 മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും.

  6. 3 ന്യായവും നീതിയുക്തവുമായ പ്രവർത്തനങ്ങളാണ്

    യഹോവയ്ക്കു യാഗാർപ്പണത്തെക്കാൾ കൂടുതൽ സ്വീകാര്യം.

  7. 35 അപ്പോൾ യേശു പറഞ്ഞത്: “ഞാൻ ആകുന്നു ജീവന്റെ അപ്പം. എന്റെ അടുക്കൽ വരുന്നവന് ഒരുനാളും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല. 36 എന്നാൽ, നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞല്ലോ. 37 പിതാവ് എനിക്കു തരുന്നവരെല്ലാം എന്റെ അടുക്കൽവരും; എന്റെ അടുക്കൽ വരുന്നവരെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല.

  8. 28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

  9. 12 എന്നാൽ അവിടത്തെ സ്വീകരിച്ച് അവിടത്തെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ മക്കളാകാൻ അവിടന്ന് അധികാരംനൽകി.

  10. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  11. 12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.

  12. 15 പാപികളെ രക്ഷിക്കുന്നതിനാണ് ക്രിസ്തുയേശു ലോകത്തിൽ വന്നത് എന്ന വചനം തികച്ചും സ്വീകാര്യവും വിശ്വാസയോഗ്യവും ആകുന്നു. ഞാനാണ് ആ പാപികളിൽ അഗ്രഗണ്യൻ!

  13. 11 “യേശുകർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല” എന്നു തിരുവെഴുത്തു പറയുന്നല്ലോ. 12 യെഹൂദനും യെഹൂദേതരനുംതമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവരുടെയും കർത്താവ് ഒരുവൻ അത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കാൻ തക്കവണ്ണം അവിടന്നു സമ്പന്നനാകുന്നു. 13 “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,” എന്നുണ്ടല്ലോ.

  14. 34 പത്രോസ് തന്റെ പ്രഭാഷണം ഇങ്ങനെ ആരംഭിച്ചു: “ദൈവത്തിനു പക്ഷഭേദമില്ലെന്നും 35 ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ, അവർ ഏതു ജനവിഭാഗത്തിലുള്ളവരായിരുന്നാലും അവിടന്ന് അംഗീകരിക്കുന്നു എന്നും ഉള്ള യാഥാർഥ്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു.

  15. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

  16. 7 നന്മയായതു പ്രവർത്തിക്കുന്നെങ്കിൽ നീ അംഗീകരിക്കപ്പെടുകയില്ലയോ? എന്നാൽ നന്മയായതു പ്രവർത്തിക്കാതിരുന്നാൽ പാപം നിന്റെ വാതിൽക്കൽ കിടക്കുന്നു, അതു നിന്നെ അധീനനാക്കാൻ ആഗ്രഹിക്കുന്നു, നീയോ അതിനെ കീഴടക്കണം” എന്നു കൽപ്പിച്ചു.

  17. 8 സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക. 9 തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.

  18. 14 സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;

    അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്,

    അതെനിക്കു നന്നായി അറിയാം.

  19. 38 “ ‘കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്’ എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 39 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത് നിങ്ങളെ ദ്രോഹിക്കുന്ന വ്യക്തിയോട് പ്രതികരിക്കരുത്. ആരെങ്കിലും നിങ്ങളുടെ വലതുചെകിട്ടത്ത് അടിച്ചാൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. 40 ആരെങ്കിലും നിങ്ങളുടെ ഉടുപ്പിനുവേണ്ടി കോടതിവ്യവഹാരം നടത്തിയാൽ നിങ്ങളുടെ പുറങ്കുപ്പായവുംകൂടെ അയാൾക്ക് വിട്ടുകൊടുക്കുക. 41 ഒരു പടയാളി ഒരു കിലോമീറ്റർ ദൂരം തന്റെ സാമാനങ്ങൾ ചുമക്കാൻ നിങ്ങളെ നിർബന്ധിച്ചാൽ അദ്ദേഹത്തോടൊപ്പം രണ്ട് കിലോമീറ്റർ പോകുക. 42 നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്ന വ്യക്തിക്ക് അതു നൽകുക; വായ്പവാങ്ങാൻ ഇച്ഛിക്കുന്ന വ്യക്തിയിൽനിന്ന് ഒഴിഞ്ഞുമാറരുത്.

  20. 19 ഒരാൾ അന്യായമായി കഷ്ടത അനുഭവിക്കുമ്പോൾ ദൈവാവബോധം നിമിത്തം സഹിക്കുകയാണെങ്കിൽ അതു പ്രശംസനീയമാണ്. 20 തെറ്റു ചെയ്തതിന് ശിക്ഷ അനുഭവിച്ചിട്ട്, പിന്നീട് “ഞാൻ അതു ക്ഷമയോടുകൂടി സഹിച്ചു” എന്നു പറയുന്നതിൽ എന്തു നേട്ടമാണുള്ളത്? നന്മ ചെയ്തിട്ടു ശിക്ഷ അനുഭവിക്കേണ്ടിവരികയും അതു ക്ഷമയോടെ സഹിക്കുകയുംചെയ്യുന്നത് ദൈവത്തിനു പ്രസാദകരമാണ്.

  21. 19 അതു നിങ്ങളുടെ പേർക്കു സ്വീകാര്യമായിരിക്കാൻ, മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണിനെ കൊണ്ടുവരണം. 20 ഊനമുള്ള ഒന്നിനെയും കൊണ്ടുവരരുത്. അതിനാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല. 21 ഒരു പ്രത്യേക നേർച്ച നിറവേറ്റാനോ സ്വമേധാദാനം അർപ്പിക്കാനോ കാലിക്കൂട്ടത്തിൽനിന്നാകട്ടെ ആട്ടിൻപറ്റത്തിൽനിന്നാകട്ടെ, ഒരാൾ ഒരു സമാധാനയാഗം യഹോവയ്ക്ക് അർപ്പിക്കുമ്പോൾ, അതു സ്വീകാര്യമായിരിക്കാൻ ഊനമോ കളങ്കമോ ഇല്ലാത്തതായിരിക്കണം.

  22. 14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,

    എന്റെ അധരങ്ങളിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും

    തൃക്കണ്ണുകൾക്കു സ്വീകാര്യമായിരിക്കട്ടെ.

    സംഗീതസംവിധായകന്.

  23. 7 ദുഷ്ടർ തങ്ങളുടെ വഴിയെയും

    നീതികെട്ടവർ തങ്ങളുടെ നിരൂപണങ്ങളെയും ഉപേക്ഷിക്കട്ടെ.

    അവർ യഹോവയിലേക്കു മടങ്ങിവരട്ടെ. അവിടന്ന് അവരോട് കരുണകാണിക്കും,

    നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവിടന്നു സമൃദ്ധമായി ക്ഷമിക്കും.

  24. 7 കേദാരിലെ ആട്ടിൻപറ്റം നിന്റെ അടുക്കൽ ഒരുമിച്ചുകൂടും,

    നെബായോത്തിലെ മുട്ടാടുകൾ നിന്നെ ശുശ്രൂഷിക്കും;

    അവ എനിക്കു പ്രസാദമുള്ള യാഗമായി എന്റെ യാഗപീഠത്തിന്മേൽ വരും,

    അങ്ങനെ എന്റെ മഹത്ത്വമുള്ള ആലയത്തെ ഞാൻ അലങ്കരിക്കും.

  25. 21 “എന്നാൽ ദുഷ്ടർ തങ്ങളുടെ എല്ലാ പാപങ്ങളും വിട്ടുതിരിഞ്ഞ് എന്റെ ഉത്തരവുകൾ പ്രമാണിക്കയും നീതിയും ന്യായവും അനുസരിച്ചു ജീവിക്കുകയും ചെയ്താൽ അവർ തീർച്ചയായും ജീവിക്കും; അങ്ങനെയുള്ളവർ മരിക്കുകയില്ല. 22 അവർ ചെയ്തുപോയ അകൃത്യങ്ങളൊന്നും അവർക്കെതിരേ ഓർക്കപ്പെടുകയില്ല. തങ്ങൾചെയ്ത നീതിപ്രവൃത്തികൾ നിമിത്തം അവർ ജീവിക്കും.

  26. 37 ഉത്സവത്തിന്റെ പ്രധാനദിനമായ ഒടുവിലത്തെ ദിവസം യേശു നിന്നുകൊണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ദാഹിക്കുന്ന ഏതൊരാളും എന്റെ അടുക്കൽവന്നു കുടിക്കട്ടെ. 38 എന്നിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽനിന്ന്, തിരുവെഴുത്തിൽ പറയുന്നതുപോലെ, ജീവജലത്തിന്റെ നദികൾ ഒഴുകും.”

  27. 21 എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. 22 യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. 23 യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. 24 എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു. 25 ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല. 26 അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.

  28. 17 ദൈവരാജ്യം അനുഭവിക്കാൻ കഴിയുന്നത് ഭക്ഷണപാനീയങ്ങളിലൂടെയല്ല; മറിച്ച്, നീതിയിലൂടെയും സമാധാനത്തിലൂടെയും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തിലൂടെയുമാണ്. 18 മേൽപ്പറഞ്ഞപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നയാൾ ദൈവപ്രസാദവും മനുഷ്യസ്വീകാര്യതയും ഉള്ളയാൾ ആയിരിക്കും.

  29. 2 “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥന കേട്ടു:

    രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു,”

    എന്ന് അവിടന്ന് അരുളിച്ചെയ്യുന്നല്ലോ. ഇപ്പോഴാണ് ദൈവത്തിന്റെ സുപ്രസാദകാലം, ഇന്നാണ് രക്ഷാദിവസം.

  30. 11 എന്നാൽ, പത്രോസ് അന്ത്യോക്യയിൽ വന്നപ്പോൾ, അയാൾ കുറ്റക്കാരനെന്നുകണ്ട് ഞാൻ അയാളെ പരസ്യമായി എതിർത്തു. 12 കാരണം, യെഹൂദേതരരോടൊത്തു ഭക്ഷണം കഴിച്ചുവന്ന പത്രോസ്, യാക്കോബിന്റെ അടുക്കൽനിന്ന് ചിലർ വന്നപ്പോൾ, യെഹൂദരെ ഭയന്ന് സ്വയം പിന്മാറുകയും ഭക്ഷണം കഴിക്കാതെ മാറിനിൽക്കുകയും ചെയ്തു. 13 ആയതിനാൽ, മറ്റു യെഹൂദരും അദ്ദേഹത്തോടൊപ്പം ഈ കാപട്യത്തിൽ പങ്കുകാരായി; ബർന്നബാസുപോലും അവരുടെ കാപട്യത്തിലേക്കു വലിച്ചിഴയ്ക്കപ്പെടാൻ ഇത് കാരണമായിത്തീർന്നു.

    14 അവർ സുവിശേഷസത്യം അനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നു ഞാൻ കണ്ടപ്പോൾ അവരുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ ഞാൻ പത്രോസിനോട്: “യെഹൂദനായ താങ്കൾ യെഹൂദനെപ്പോലെയല്ല, യെഹൂദേതരനെപ്പോലെയാണ് ജീവിക്കുന്നത്. അങ്ങനെയെങ്കിൽ യെഹൂദരുടെ ജീവിതശൈലി അനുവർത്തിക്കാൻ യെഹൂദേതരരെ നിർബന്ധിക്കുന്നത് എന്തിന്?

    15 “ജന്മനാ നാം യെഹൂദരാണ്; പാപികളായ യെഹൂദേതരരല്ല. 16 ഒരു വ്യക്തി നീതീകരിക്കപ്പെടുന്നത് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല, മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്താലാണ് എന്ന് അറിയുക. ന്യായപ്രമാണത്തിന്റെ അനുഷ്ഠാനങ്ങളാലല്ല, ക്രിസ്തുവിലുള്ള വിശ്വാസംവഴി നീതീകരിക്കപ്പെടേണ്ടതിനാണ് നാം ക്രിസ്തുയേശുവിൽ വിശ്വസിച്ചത്. കാരണം ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്താൽ ആരും നീതീകരിക്കപ്പെടുന്നില്ല.

    17 “നമ്മുടെ നീതീകരണത്തിനായി ക്രിസ്തുവിൽ ആശ്രയിക്കുമ്പോൾ നാം പാപികളെന്നു തെളിഞ്ഞാൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരനാകുമോ? ഒരിക്കലുമില്ല! 18 ഞാൻ തകർത്തുകളഞ്ഞതിനെ ഞാൻതന്നെ പുനർനിർമിക്കുകയാണെങ്കിൽ സ്വയം നിയമലംഘകനെന്നു സ്ഥാപിക്കുകയാണ്.

    19 “ദൈവത്തിനായി ജീവിക്കേണ്ടതിനു ന്യായപ്രമാണത്തിൽക്കൂടി ന്യായപ്രമാണത്തിന് ഞാൻ മരിച്ചു. 20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനിമുതൽ ജീവിക്കുന്നത് ഞാനല്ല; ക്രിസ്തു ആണ് എന്നിൽ ജീവിക്കുന്നത്. എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി സ്വയം അർപ്പിക്കുകയുംചെയ്ത ദൈവപുത്രനിലുള്ള വിശ്വാസംമൂലമാണ് ഞാൻ ഇപ്പോൾ ഈ ശരീരത്തിൽ ജീവിക്കുന്നത്. 21 ദൈവകൃപയെ ഞാൻ നിരാകരിക്കുന്നില്ല. നീതീകരണം ന്യായപ്രമാണത്താലാണെങ്കിൽ ക്രിസ്തുവിന്റെ മരണം നിരർഥകമാണ്!”

  31. 32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.

  32. 29 ഏറ്റവും ആനന്ദപൂർവം ക്രിസ്തീയസ്നേഹത്തിൽ അദ്ദേഹത്തെ സ്വാഗതംചെയ്യുക, ഇപ്രകാരമുള്ളവരെ ബഹുമാനിക്കുക. 30 ക്രിസ്തുവിനുവേണ്ടിയുള്ള ശുശ്രൂഷ അയാളെ മരണത്തിന്റെ വക്കുവരെ എത്തിച്ചിരുന്നു. നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയാതിരുന്നതിന്റെ കുറവ് നികത്താനാണ് അയാൾ ജീവൻ അപകടത്തിലാക്കിയത്.

  33. 4 എന്നാൽ, നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യരോടുള്ള സ്നേഹവും പ്രത്യക്ഷമായപ്പോൾ, 5 നാം ചെയ്ത നീതികർമങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു. 6 നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിഞ്ഞത്.

  34. 24 സ്നേഹിക്കാനും സൽപ്രവൃത്തികൾ ചെയ്യാനും പരസ്പരം പ്രേരിപ്പിക്കുന്നതിന് നമുക്കു ശ്രദ്ധിക്കാം. 25 സഭായോഗങ്ങളെ ഉപേക്ഷിക്കുന്നത് ചിലർ ശീലമാക്കിയിട്ടുണ്ട്. നാം അങ്ങനെ ചെയ്യാതെ, കർത്താവിന്റെ പുനരാഗമനദിവസം അടുത്തുവരുന്നെന്നു കാണുന്തോറും നമുക്ക് അധികമധികമായി, പരസ്പരം പ്രോത്സാഹിപ്പിക്കാം.

  35. 9 എന്നാൽ, അന്ധകാരത്തിൽനിന്ന് നിങ്ങളെ അത്ഭുതജ്യോതിയിലേക്കു വിളിച്ച്, തെരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം അവകാശവുമാക്കിത്തീർത്തത് അവിടത്തെ മാഹാത്മ്യത്തെ വർണിക്കുന്നതിനുവേണ്ടിയാണ്. 10 ഒരുകാലത്ത് നിങ്ങൾ ദൈവജനം ആയിരുന്നില്ല. എന്നാൽ ഇപ്പോൾ ദൈവത്തിന്റെ ജനമാണ്. ഒരിക്കൽ നിങ്ങൾ കരുണ ലഭിക്കാത്തവർ ആയിരുന്നു, എന്നാൽ ഇപ്പോഴോ, നിങ്ങൾക്ക് കരുണ ലഭിച്ചിരിക്കുന്നു.

  36. 9 നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ.