44 Bible Verses About Marriage

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Marriage
  1. 22 ഭാര്യമാരേ, നിങ്ങൾ കർത്താവിനു വിധേയപ്പെടുന്നതുപോലെ സ്വന്തം ഭർത്താക്കന്മാർക്കും വിധേയപ്പെടുക. 23 കാരണം, ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും അതിന്റെ രക്ഷകനുമായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സാകുന്നു. 24 സഭ ക്രിസ്തുവിനു വിധേയപ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്കു സകലത്തിലും വിധേയപ്പെട്ടിരിക്കട്ടെ.

    25 ഭർത്താക്കന്മാരേ, ക്രിസ്തു സ്വന്തം ജീവൻ നൽകി സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം. 26 ക്രിസ്തു അവിടത്തെ സഭയെ വചനമാകുന്ന ജലത്താൽ കഴുകി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും 27 കറ, ചുളുക്കം, മാലിന്യം എന്നിവ അശേഷം ഇല്ലാതെ വിശുദ്ധയും നിഷ്കളങ്കയുമായി തേജസ്സോടെ തനിക്കായി നിർത്തേണ്ടതിനുമാണ് അപ്രകാരം ചെയ്തത്. 28 ഇതുപോലെതന്നെ ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരങ്ങളെ സ്നേഹിക്കുന്നതുപോലെതന്നെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ യഥാർഥത്തിൽ തന്നെത്തന്നെയാണ് സ്നേഹിക്കുന്നത്. 29 ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ല, സഭയെ ക്രിസ്തു പരിപോഷിപ്പിക്കുന്നതുപോലെ അതിനെ പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്. 30 നാം എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങൾ ആണല്ലോ. 31 തിരുവെഴുത്തിൽ ഇങ്ങനെയാണല്ലോ വായിക്കുന്നത്, “ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും, അവരിരുവരും ഒരു ശരീരമായിത്തീരും.” 32 ഇത് മഹത്തായ ഒരു രഹസ്യം. ഞാൻ ക്രിസ്തുവിനെയും സഭയെയുംകുറിച്ചാണ് സംസാരിക്കുന്നത്. 33 ചുരുക്കിപ്പറഞ്ഞാൽ, നിങ്ങളിൽ ഓരോരുത്തരും സ്വന്തം ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം; ഭാര്യ ഭർത്താവിനെ ബഹുമാനിക്കേണ്ടതുമാണ്.

  2. 18 അതിനുശേഷം യഹോവയായ ദൈവം: “മനുഷ്യൻ ഏകനായിരിക്കുന്നതു നല്ലതല്ല, അവന് അനുയോജ്യമായ ഒരു തുണയെ ഞാൻ നിർമിക്കും,” എന്ന് അരുളിച്ചെയ്തു.

    19 യഹോവയായ ദൈവം നിലത്തുനിന്നു നിർമിച്ച എല്ലാ വന്യമൃഗങ്ങളെയും ആകാശത്തിലെ സകലപക്ഷികളെയും മനുഷ്യന്റെ മുമ്പിൽ അവൻ അവയ്ക്ക് എന്തു പേരിടുമെന്നു കാണാൻ വരുത്തി. ഓരോ ജീവിയെയും മനുഷ്യൻ വിളിച്ചത് അതിന് പേരായിത്തീർന്നു. 20 അങ്ങനെ മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പക്ഷികൾക്കും സകലവന്യമൃഗങ്ങൾക്കും പേരിട്ടു.

    എന്നാൽ ആദാമിന് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തിയില്ല. 21 അതുകൊണ്ട് യഹോവയായ ദൈവം മനുഷ്യനെ ഒരു ഗാഢനിദ്രയിലാക്കി; അവൻ ഉറങ്ങിയപ്പോൾ അവിടന്ന് അവന്റെ വാരിയെല്ലുകളിൽ ഒന്നെടുത്തശേഷം എടുത്തയിടം മാംസംകൊണ്ടു നികത്തി. 22 പിന്നെ യഹോവയായ ദൈവം, മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ ഉണ്ടാക്കി, അവളെ മനുഷ്യന്റെ അടുക്കലേക്ക് ആനയിച്ചു.

    23 അപ്പോൾ മനുഷ്യൻ ഇപ്രകാരം പറഞ്ഞു:

    “ഇത് എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും

    എന്റെ മാംസത്തിൽനിന്നുള്ള മാംസവും ആകുന്നു;

    നരനിൽനിന്ന് എടുത്തിരിക്കുകയാൽ

    ഇവൾക്കു ‘നാരി’ എന്നു പേരാകും.”

    24 ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും; അവർ ഒരു ശരീരമായിത്തീരും.

    25 അവരിരുവരും—ആദാമും ഭാര്യയും—നഗ്നരായിരുന്നു; എങ്കിലും അവർക്കു ലജ്ജ തോന്നിയില്ല.

  3. 1 ഇനി നിങ്ങൾ എഴുതിയ കാര്യങ്ങളെക്കുറിച്ച്: “സ്ത്രീയെ അറിയാ തിരിക്കുന്നത് പുരുഷനു നല്ലത്.” 2 എന്നാൽ അസാന്മാർഗികത ഒഴിവാക്കാൻ ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തം ഭർത്താവും ഉണ്ടായിരിക്കട്ടെ. 3 ഭർത്താവ് ഭാര്യയോടുള്ള ദാമ്പത്യധർമം നിറവേറ്റണം, അതുപോലെ ഭാര്യ ഭർത്താവിനോടും. 4 ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല, ഭർത്താവിനാണ് അധികാരം. അതുപോലെ ഭർത്താവിന്റെ ശരീരത്തിന്മേൽ അയാൾക്കല്ല ഭാര്യയ്കാണ് അധികാരം. 5 ഭാര്യാഭർത്താക്കന്മാർ പരസ്പരം സമ്മതിച്ചുകൊണ്ട് നിശ്ചിതസമയത്തേക്ക് പ്രാർഥനയിൽ മുഴുകുന്നതിനായി പിരിഞ്ഞിരിക്കുന്നതല്ലാതെ പരസ്പരം അവകാശങ്ങൾ നിഷേധിക്കരുത്. ആത്മനിയന്ത്രണത്തിന്റെ അഭാവംനിമിത്തം സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കാതിരിക്കാൻ, വീണ്ടും ഒരുമിച്ചുചേരുക. 6 ആജ്ഞയായിട്ടല്ല, അനുവാദമായിട്ടാണു ഞാൻ ഇതു പറയുന്നത്: 7 എല്ലാവരും എന്നെപ്പോലെയായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. എങ്കിലും ഓരോരുത്തർക്കും ദൈവത്തിൽനിന്ന് അവരവരുടേതായ കൃപാദാനം ലഭിച്ചിട്ടുണ്ടല്ലോ; ഒരാൾക്ക് ഒരുതരം; മറ്റൊരാൾക്ക് മറ്റൊരുതരം.

    8 അവിവാഹിതരോടും വിധവകളോടും ഞാൻ നിർദേശിക്കുന്നത്: എന്നെപ്പോലെ ജീവിക്കുന്നതാണ് അവർക്കു നല്ലത്. 9 എന്നാൽ സംയമം സാധ്യമല്ലെങ്കിൽ അവർ വിവാഹിതരാകണം, വികാരത്താൽ വെന്തെരിയുന്നതിനെക്കാൾ വിവാഹിതരാകുന്നത് ഏറെ നല്ലത്.

    10 വിവാഹിതർക്ക് ഞാനല്ല, കർത്താവുതന്നെ കൊടുക്കുന്ന കൽപ്പന ഇതാണ്: ഭാര്യ ഭർത്താവിൽനിന്ന് വേർപിരിയരുത്. 11 അഥവാ, വേർപിരിയുന്നെങ്കിൽ അവൾ വിവാഹംകൂടാതെ ജീവിക്കണം. അത് അസാധ്യമെങ്കിൽ ഭർത്താവുമായി രമ്യപ്പെട്ടുകൊള്ളണം, ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.

    12 ശേഷമുള്ളവരോട് കർത്താവല്ല, ഞാൻതന്നെ നിർദേശിക്കുന്നത്: ഒരു സഹോദരന്റെ ഭാര്യ ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അവൾക്ക് അയാളോടുചേർന്നു ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അയാൾ അവളെ ഉപേക്ഷിക്കാൻ പാടില്ല. 13 അതുപോലെതന്നെ ഒരു സ്ത്രീയുടെ ഭർത്താവ് ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അയാൾക്ക് അവളോടുചേർന്ന് ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അവളും അയാളെ ഉപേക്ഷിക്കാൻ പാടില്ല. 14 കാരണം, അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ തന്റെ ഭർത്താവുമുഖേനയും വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ അശുദ്ധരെന്നുവരും. എന്നാൽ ഇപ്പോഴോ അവർ വിശുദ്ധർ ആണ്.

    15 അവിശ്വാസിയായ ആൾ വേർപിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ. ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസിയോ വിശ്വാസിനിയോ അവരവരുടെ പങ്കാളിയുമായി ബദ്ധരായിരിക്കുന്നില്ല. സമാധാനത്തിൽ ജീവിക്കാനാണല്ലോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. 16 വിവാഹിതയായ സ്ത്രീയേ, നീ ഭർത്താവിനെ രക്ഷയിലേക്കു നയിക്കില്ല എന്നു എങ്ങനെ അറിയാം? വിവാഹിതനായ പുരുഷാ, നീ ഭാര്യയെ രക്ഷയിലേക്കു നയിക്കില്ല എന്ന് എങ്ങനെ അറിയാം?

  4. 4 അതിന് യേശു മറുപടി പറഞ്ഞത്: “സ്രഷ്ടാവ് ആരംഭത്തിൽ ‘പുരുഷനും സ്ത്രീയുമായിട്ടാണ് മനുഷ്യസൃഷ്ടി ചെയ്തത്.’ 5 അദ്ദേഹം തുടർന്നു, ‘ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും. അവരിരുവരും ഒരു ശരീരമായിത്തീരും’ എന്നു നിങ്ങൾ വായിച്ചിട്ടില്ലേ? 6 അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”

    7 “അങ്ങനെയെങ്കിൽ, വിവാഹമോചനപത്രം കൊടുത്തശേഷം ഭാര്യയെ ഉപേക്ഷിക്കാമെന്ന് മോശ കൽപ്പിച്ചതെന്തിന്?” എന്ന് അവർ ചോദിച്ചു.

    8 യേശു ഉത്തരം പറഞ്ഞത്: “നിങ്ങൾക്കു നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാനുള്ള അനുമതി മോശ നൽകിയതു നിങ്ങളുടെ പിടിവാശി നിമിത്തമാണ്. എന്നാൽ ആരംഭത്തിൽ അപ്രകാരമായിരുന്നില്ല. 9 പാതിവ്രത്യലംഘനം നിമിത്തമല്ലാതെ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

    10 അപ്പോൾ ശിഷ്യന്മാർ, “ഇതാണ് ഭാര്യാഭർത്തൃബന്ധത്തിന്റെ സ്ഥിതി എങ്കിൽ, വിവാഹംചെയ്യാതിരിക്കുന്നതാണ് നല്ലത്” എന്ന് അദ്ദേഹത്തോട് പറഞ്ഞു.

    11 യേശു പ്രതിവചിച്ചത്, “വരം ലഭിച്ചവർക്കല്ലാതെ മറ്റാർക്കും ഈ ഉപദേശം ഉൾക്കൊള്ളുക അസാധ്യം. 12 ഷണ്ഡന്മാരായി ജനിച്ചവരുണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയവരുമുണ്ട്; സ്വർഗരാജ്യത്തെപ്രതി ഷണ്ഡന്മാരായി ജീവിക്കാൻ തീരുമാനിച്ചവരുമുണ്ട്. ഈ ഉപദേശം ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾക്കൊള്ളട്ടെ.”

  5. 1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്. 2 എനിക്കു പ്രവചിക്കാനുള്ള കൃപാദാനം ലഭിച്ചാലും, സകലദിവ്യരഹസ്യങ്ങളും സകലജ്ഞാനവും ഗ്രഹിക്കാൻകഴിഞ്ഞാലും, മലകളെ നീക്കംചെയ്യാൻകഴിയുന്ന വിശ്വാസം ഉണ്ടായിരുന്നാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. 3 എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.

    4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.

    8 സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും.

  6. 18 ഭാര്യമാരേ, കർത്താവിനു യോഗ്യമായവിധം നിങ്ങളുടെ ഭർത്താക്കന്മാർക്കും വിധേയപ്പെടുക.

    19 ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം, അവരോടു പരുഷമായി പെരുമാറരുത്.

  7. 6 അപ്പോൾ വലിയ ജനാരവംപോലെയും വൻ ജലപ്രവാഹത്തിന്റെ ഇരമ്പൽപോലെയും അതിശക്തമായ ഇടിമുഴക്കംപോലെയുമുള്ള ഒരു ശബ്ദം ഞാൻ കേട്ടത്:

    “ഹല്ലേലുയ്യാ!

    സർവശക്തിയുള്ള ദൈവമായ നമ്മുടെ കർത്താവ് വാണരുളുന്നു.

    7 നമുക്ക് ആനന്ദത്തോടും ആഹ്ലാദത്തോടും

    അവിടത്തേക്ക് മഹത്ത്വം നൽകാം;

    കുഞ്ഞാടിന്റെ വിവാഹം വന്നുചേർന്നല്ലോ;

    മണവാട്ടിയും അതിനായി സ്വയം ഒരുങ്ങിയിരിക്കുന്നു.

    8 ശുദ്ധശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം

    അവൾക്കു ധരിക്കാൻ നൽകപ്പെട്ടിരിക്കുന്നു.”

    ആ മൃദുലചണവസ്ത്രം വിശുദ്ധരുടെ നീതിപ്രവൃത്തികളാണ്.

    9 പിന്നെ, ദൂതൻ എന്നോടു പറഞ്ഞത്: “ഇങ്ങനെ എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു ക്ഷണം ലഭിച്ചവർ അനുഗൃഹീതർ.” തുടർന്ന് എന്നോട്, “ഇവ ദൈവത്തിന്റെ സത്യവചനങ്ങൾതന്നെ” എന്നും പറഞ്ഞു.

  8. 1 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക. 2 വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും. 3 വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം; 4 പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം. 5 ഇങ്ങനെയാണ് ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, വിശുദ്ധവനിതകൾ പൂർവകാലങ്ങളിൽ സ്വന്തം ഭർത്താക്കന്മാർക്കു വിധേയപ്പെട്ട് സ്വയം അലങ്കരിച്ചിരുന്നത്. 6 സാറ അബ്രാഹാമിനെ “യജമാനാ” എന്നു വിളിച്ച് അനുസരിച്ചതുപോലെ യോഗ്യമായത്, അൽപ്പംപോലും പേടിയില്ലാതെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങളും സാറയുടെ പുത്രിമാർ.

  9. 9 ഒരാളെക്കാൾ ഇരുവർ നല്ലത്,

    കാരണം, അവർക്ക് അവരുടെ അധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും:

    10 അവരിലൊരാൾ വീണുപോയാൽ,

    ഒരാൾക്ക് മറ്റേയാളെ സഹായിക്കാൻ കഴിയും.

    ഒരാൾ വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്ത

    മനുഷ്യന്റെ അവസ്ഥ കഷ്ടംതന്നെ.

    11 അതുപോലെ, രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്ക് കുളിർ മാറും.

    എന്നാൽ ഏകാകിയുടെ കുളിർമാറുന്നത് എങ്ങനെ?

    12 ഒരാൾ ആക്രമിക്കപ്പെട്ടാൽ

    ഇരുവർക്കും ഒരുമിച്ചു പ്രതിരോധിക്കാം.

    മുപ്പിരിച്ചരട് വേഗത്തിൽ പൊട്ടുകയില്ല.

  10. 27 “ ‘വ്യഭിചാരം ചെയ്യരുത്’ എന്നു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു. 29 നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. 30 നിന്റെ വലതുകൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി ദൂരെ എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവൻ നരകത്തിൽ പോകുന്നതിനെക്കാൾ, ഒരു അവയവം നഷ്ടമാകുന്നതാണു നിനക്കു നല്ലത്.

    31 “ ‘ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഒരു വിവാഹമോചനപത്രം കൊടുത്തിരിക്കണം’ എന്നു പറഞ്ഞിട്ടുണ്ടല്ലോ. 32 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത്, പാതിവ്രത്യലംഘനം നിമിത്തമല്ലാതെ ആരെങ്കിലും സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നെങ്കിൽ അയാൾ തന്റെ ഭാര്യയെ വ്യഭിചാരിണിയാക്കുകയാണ്; ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹംകഴിക്കുന്നവനും വ്യഭിചാരം ചെയ്യുകയാണ്.

  11. 4 വിവാഹം എല്ലാവർക്കും ആദരണീയവും വിവാഹശയ്യ നിർമലവും ആയിരിക്കട്ടെ. വ്യഭിചാരികളെയും അസാന്മാർഗികളെയും ദൈവം കുറ്റംവിധിക്കും.

  12. 5 നിന്റെ സ്രഷ്ടാവുതന്നെ നിന്റെ ഭർത്താവ്—

    സൈന്യങ്ങളുടെ യഹോവ എന്നാണ് അവിടത്തെ നാമം—

    ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വീണ്ടെടുപ്പുകാരൻ;

    അവിടന്നു സകലഭൂമിയുടെയും ദൈവം എന്നു വിളിക്കപ്പെടും.

  13. 7 അങ്ങനെതന്നെ ഭർത്താക്കന്മാരും സ്ത്രീകൾ ദുർബലപാത്രങ്ങളാണെന്ന് അറിഞ്ഞ്, അവരും ജീവന്റെ കൃപയ്ക്ക് നിങ്ങളോടൊപ്പം കൂട്ടവകാശികൾ ആയിരിക്കുകയാൽ, അവർക്ക് ബഹുമാനം നൽകി അവരോടൊപ്പം പരസ്പരധാരണയോടെ വസിക്കുക. അങ്ങനെയായാൽ നിങ്ങളുടെ പ്രാർഥനയ്ക്ക് തടസ്സം നേരിടുകയില്ല.

  14. 13 നിങ്ങൾ മറ്റൊന്നുകൂടെ ചെയ്യുന്നു: നിങ്ങൾ യഹോവയുടെ യാഗപീഠത്തെ കണ്ണുനീർപ്രളയത്തിൽ മുക്കുന്നു. കാരണം അവിടന്നു നിങ്ങളുടെ വഴിപാടു കടാക്ഷിക്കുകയോ നിങ്ങളുടെ കരങ്ങളിൽനിന്ന് പ്രസാദമുള്ളതു സ്വീകരിക്കുകയോ ചെയ്യുന്നില്ല. 14 “അത് എന്തുകൊണ്ട്,” എന്നു നിങ്ങൾ ചോദിക്കുന്നു. നീയും നിന്റെ യൗവനത്തിലെ ഭാര്യയുംതമ്മിലുള്ള ഉടമ്പടിക്ക് യഹോവ സാക്ഷിയായിരുന്നു എന്നതുകൊണ്ടുതന്നെ. അവൾ നിന്റെ ജീവിതപങ്കാളിയും വിവാഹഉടമ്പടിയിലൂടെ നിന്റെ ഭാര്യയുമായിരുന്നിട്ടും നീ അവളോട് അവിശ്വസ്തത കാണിച്ചു.

    15 ഏകദൈവമല്ലേ നിന്നെ സൃഷ്ടിച്ചത്? ശരീരംകൊണ്ടും ആത്മാവുകൊണ്ടും നീ അവിടത്തെ വകയല്ലേ? ഈ ഏകദൈവം എന്താണ് നിന്നിൽ അന്വേഷിക്കുന്നത്? ദൈവഹിതപ്രകാരമുള്ള ഒരു സന്തതിയെത്തന്നെ. അതിനാൽ സൂക്ഷിച്ചുകൊള്ളുക; നിന്റെ യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കരുത്.

    16 ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ വിവാഹമോചനത്തെ വെറുക്കുന്നു, അതു ചെയ്യുന്നവൻ, മനുഷ്യൻ വസ്ത്രംകൊണ്ടെന്നപോലെ അതിക്രമംകൊണ്ടു തന്നെത്തന്നെ മൂടുന്നു” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

    അതുകൊണ്ട് ആത്മാവിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക: അവിശ്വസ്തത കാണിക്കുകയും അരുത്.

  15. 1 സഹോദരങ്ങളേ, ഒരാൾ ജീവിച്ചിരിക്കുന്ന കാലത്തുമാത്രമാണ് ന്യായപ്രമാണത്തിന് അയാളുടെമേൽ അധികാരമുള്ളത് എന്നു നിങ്ങൾക്കറിഞ്ഞുകൂടേ? ന്യായപ്രമാണം അറിയുന്നവരോടാണല്ലോ ഞാൻ സംസാരിക്കുന്നത്. 2 ഉദാഹരണമായി, വിവാഹിതയായ സ്ത്രീ ജീവനോടിരിക്കുന്ന ഭർത്താവിനോട് നിയമത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചാൽ, അയാളോട് ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ വിമുക്തയായിത്തീരുന്നു. 3 ഭർത്താവ് ജീവിച്ചിരിക്കെ ഒരു സ്ത്രീ മറ്റൊരാളെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. എന്നാൽ ഭർത്താവു മരിച്ചാലോ ഭർത്താവിനോട് അവളെ ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ സ്വതന്ത്രയായിത്തീരുന്നു. പിന്നീട് മറ്റൊരു പുരുഷനെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണിയാകുകയില്ല.

  16. 8 സർവോപരി പരസ്പരം അഗാധമായി സ്നേഹിക്കുക; സ്നേഹം സംഖ്യാതീതമായ പാപങ്ങൾ മറയ്ക്കുന്നു.

  17. 19 ഞാൻ നിന്നെ എന്നെന്നേക്കുമായി വിവാഹനിശ്ചയം ചെയ്യും;

    ന്യായത്തിലും നീതിയിലും സ്നേഹത്തിലും മനസ്സലിവിലും

    ഞാൻ നിന്നെ വിവാഹനിശ്ചയം ചെയ്യും.

    20 ഞാൻ നിന്നെ വിശ്വസ്തതയിൽ വിവാഹനിശ്ചയം ചെയ്യും,

    അങ്ങനെ നീ, ഞാൻ യഹോവ ആകുന്നു എന്ന് അംഗീകരിക്കും.

  18. 2 “തന്റെ മകനുവേണ്ടി കല്യാണവിരുന്ന് ഒരുക്കിയ ഒരു രാജാവിനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. 3 ക്ഷണിക്കപ്പെട്ടിരുന്നവരുടെ അടുത്തേക്ക് രാജാവ് തന്റെ ഭൃത്യന്മാരെ അയച്ച്, വിരുന്നുസൽക്കാരത്തിന് വരണമെന്ന അറിയിപ്പ് നൽകി. എന്നാൽ, വിരുന്നിനുള്ള ആ അറിയിപ്പ് അവർ തിരസ്കരിച്ചു.

    4 “രാജാവ് വേറെ കുറെ ഭൃത്യന്മാരെക്കൂടി വിളിച്ച്, ‘നാം ഒരുക്കുന്ന വിരുന്നുസദ്യ തയ്യാറായിരിക്കുന്നു; കാളകളെയും തീറ്റിക്കൊഴുപ്പിച്ച മൃഗങ്ങളെയും അറത്തു; സകലതും സജ്ജമായിരിക്കുന്നു. നിങ്ങൾ പോയി കല്യാണവിരുന്നിന് വരിക എന്ന് ക്ഷണിക്കപ്പെട്ടവരോട് അറിയിക്കുക’ എന്നു കൽപ്പിച്ച് അയച്ചു.

    5 “എന്നാൽ, ക്ഷണിതാക്കൾ അതൊന്നും ഗൗനിക്കാതെ, ഒരുവൻ തന്റെ വയലിലേക്കും മറ്റൊരുവൻ തന്റെ വ്യാപാരത്തിനും പോയി. 6 ശേഷിച്ചവർ രാജഭൃത്യന്മാരെ പിടിച്ച് അപമാനിക്കുകയും കൊല്ലുകയും ചെയ്തു. 7 രാജാവ് കോപാകുലനായി. അദ്ദേഹം തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിക്കുകയും അവരുടെ പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തു.

  19. 32 നിങ്ങൾ ആകാംക്ഷാരഹിതരായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവിവാഹിതൻ കർത്താവിനെ പ്രസാദിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ച് കർത്തൃകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. 33 വിവാഹിതനോ ഭാര്യയെ എങ്ങനെ ആനന്ദിപ്പിക്കാം എന്നുകരുതി ലൗകികകാര്യങ്ങളിൽ ആമഗ്നനാകുന്നു; 34 അവന്റെ താത്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയും കന്യകയും ശരീരത്തിലും ആത്മാവിലും വിശുദ്ധരായിരിക്കാനായി കർത്താവിന്റെ കാര്യങ്ങളിൽ ആമഗ്നരാകുന്നു. എന്നാൽ വിവാഹിതയോ, ഭർത്താവിനെ ആനന്ദിപ്പിക്കാനായി ലൗകികകാര്യങ്ങളിലാണ് ആമഗ്നയാകുന്നത്. 35 നിങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനല്ല, നിങ്ങളുടെ നന്മ ഉദ്ദേശിച്ചും കർത്താവിനോടുള്ള ഭക്തിയിൽ ഏകാഗ്രതയുള്ളവരായി യോഗ്യമായവിധം നിങ്ങൾ ജീവിക്കേണ്ടതിനുമാണ് ഞാൻ ഇതു സംസാരിക്കുന്നത്.

  20. 22 ഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുകയും

    യഹോവയിൽനിന്നു പ്രസാദം കൈപ്പറ്റുകയും ചെയ്യുന്നു.

  21. 6 നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ,

    നിന്റെ ഭുജത്തിലെ മുദ്രപോലെതന്നെ;

    കാരണം പ്രേമം മരണംപോലെതന്നെ ശക്തവും

    അതിന്റെ തീവ്രത ശവക്കുഴിപോലെതന്നെ കഠിനവുമാകുന്നു.

    ജ്വലിക്കുന്ന അഗ്നിപോലെ അത് എരിയുന്നു,

    ഉഗ്രമായ അഗ്നിനാളംപോലെതന്നെ.

    7 പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല;

    നദികൾക്കതിനെ ഒഴുക്കിക്കളയുന്നതിനും കഴിയില്ല.

    ഒരാൾ സ്വഭവനത്തിലെ സർവസമ്പത്തും

    പ്രേമസാക്ഷാത്കാരത്തിനായി നൽകിയാലും

    ആ വാഗ്ദാനവും അപഹാസ്യമാകുകയേയുള്ളൂ.

  22. 9 അറുപതു വയസ്സിൽ കുറയാതെ പ്രായമുള്ളവളെയും ഏകഭർതൃവ്രതം അനുഷ്ഠിക്കുന്നവളെയുംമാത്രമേ വിധവകളുടെ പട്ടികയിൽ ഉൾപ്പെടുത്താവൂ. 10 ഇവർ കുഞ്ഞുങ്ങളെ വളർത്തുക, അതിഥികളെ സൽക്കരിക്കുക, കർത്തൃശുശ്രൂഷകരുടെ പാദങ്ങൾ കഴുകുക, പീഡിതരെ സഹായിക്കുക ഇത്യാദി സൽക്കർമങ്ങളാൽ കീർത്തി നേടിയവളും ആയിരിക്കണം.

    11 പ്രായം കുറഞ്ഞ വിധവകളെ ഈ കൂട്ടത്തിൽ പരിഗണിക്കേണ്ടതില്ല. കാരണം ക്രിസ്തുവിനോടുള്ള വിധേയത്വത്തെ ജഡികാഭിലാഷങ്ങൾ കീഴ്പ്പെടുത്തിയാൽ അവർ വിവാഹിതരാകാൻ ആഗ്രഹിക്കും. 12 അങ്ങനെ അവർ ആദ്യം എടുത്ത തീരുമാനം ലംഘിച്ചതിനാൽ കുറ്റക്കാരായിത്തീരും. 13 തന്നെയുമല്ല, അവർ അലസരായി, വീടുവീടാന്തരം ചുറ്റിക്കറങ്ങി സമയം വൃഥാവിലാക്കുകയും അനുചിതമായി അസംബന്ധങ്ങൾ സംസാരിച്ച് പരകാര്യതൽപ്പരരായിത്തീരുകയും ചെയ്യുന്നു. 14 അതിനാൽ, പ്രായം കുറഞ്ഞ വിധവകൾ വിവാഹംകഴിച്ച് അമ്മമാരായി ഗൃഹഭരണം നടത്തി, ശത്രുവിന് യാതൊരു തരത്തിലുമുള്ള അപവാദങ്ങൾക്കും അവസരം കൊടുക്കാതിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.

  23. പരിസമാപ്തി: കുലീനത്വമുള്ള ഭാര്യയുടെ ഗുണമഹിമകൾ

    10  ചാരുശീലയാം പത്നിയെ കണ്ടെത്താൻ ആർക്കു കഴിയും?

    അവളുടെ മൂല്യം മാണിക്യത്തെക്കാൾ എത്രയോ അധികം.

    11 അവളുടെ ഭർത്താവ് അവളിൽ സമ്പൂർണ വിശ്വാസം അർപ്പിച്ചിരിക്കുന്നു

    അവന് മൂല്യവത്തായ ഒന്നിനും കുറവില്ല.

    12 അവളുടെ ജീവിതകാലമെല്ലാം

    അവൾ അയാൾക്കു തിന്മയല്ല, നന്മതന്നെ വരുത്തുന്നു.

  24. 13 എന്നാൽ ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും സുസ്ഥിരമായിരിക്കും; ഇവയിൽ ഏറ്റവും മഹത്തായതോ സ്നേഹംതന്നെ.

  25. 7 പ്രിയരേ, നമുക്ക് പരസ്പരം സ്നേഹിക്കാം; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്നു ജനിച്ചവരും ദൈവത്തെ അറിഞ്ഞവരും ആണ്. 8 സ്നേഹിക്കാത്തവർ ദൈവത്തെ അറിയുന്നില്ല; ദൈവം സ്നേഹമാണ്.

  26. 18 “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹംചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.

  27. 8 കാരണം പുരുഷൻ സ്ത്രീയിൽനിന്നല്ല, സ്ത്രീ പുരുഷനിൽനിന്നാണ് ഉണ്ടായത്; 9 പുരുഷൻ സ്ത്രീക്കുവേണ്ടിയല്ല, സ്ത്രീ പുരുഷനുവേണ്ടിയാണു സൃഷ്ടിക്കപ്പെട്ടത്. 10 ഈ കാരണത്താലും ദൂതന്മാർനിമിത്തവും സ്ത്രീയുടെ ശിരസ്സിൽ ഒരു അധികാരചിഹ്നം ഉണ്ടായിരിക്കേണ്ടതാണ്. 11 എങ്കിലും കർത്താവിൽ, പുരുഷനെക്കൂടാതെ സ്ത്രീയില്ല, സ്ത്രീയെക്കൂടാതെ പുരുഷനുമില്ല. 12 സ്ത്രീ പുരുഷനിൽനിന്ന് ഉളവായതുപോലെ പുരുഷൻ സ്ത്രീയിൽനിന്നു ജനിക്കുന്നു. എന്നാൽ എല്ലാറ്റിന്റെയും ഉത്ഭവസ്ഥാനം ദൈവംതന്നെ.

  28. 1 ഞാൻ ക്രിസ്തുവിന്റെ മാതൃക പിൻതുടരുന്നതുപോലെ നിങ്ങൾ എന്റെ മാതൃകയും പിൻതുടരുക.

    2 നിങ്ങൾ എല്ലാ കാര്യങ്ങളിലും എന്നെ ഓർക്കുന്നതുകൊണ്ടും ഞാൻ നിങ്ങൾക്ക് ഏൽപ്പിച്ചുതന്ന ഉപദേശങ്ങൾ കർശനമായി പാലിക്കുന്നതുകൊണ്ടും ഞാൻ നിങ്ങളെ അനുമോദിക്കുന്നു. 3 പുരുഷന്റെ ശിരസ്സ് ക്രിസ്തു; സ്ത്രീയുടെ ശിരസ്സ് പുരുഷൻ; ക്രിസ്തുവിന്റെ ശിരസ്സ് ദൈവം. ഇതു നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

  29. 15 നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക,

    നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക.

    16 നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ,

    നിന്റെ അരുവികൾ ചത്വരങ്ങളിലേക്ക് ഒഴുക്കണമോ?

    17 അതു നിന്റേതുമാത്രമായിരിക്കട്ടെ,

    ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല.

    18 നിന്റെ ജലധാര അനുഗൃഹീതമാകട്ടെ,

    നിന്റെ യൗവനത്തിലെ ധർമപത്നിയുമൊത്ത് ആനന്ദിക്കുക.

    19 അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം—

    അവളുടെ മാറിടം എപ്പോഴും നിന്നെ തൃപ്തനാക്കട്ടെ,

    അവളുടെ പ്രേമത്താൽ നീ എപ്പോഴും ലഹരിപിടിച്ചവനായിരിക്കട്ടെ.

  30. 2 ദൈവം നിങ്ങളെക്കുറിച്ച് അത്യന്തം ജാഗരൂകനായിരിക്കുന്നതുപോലെതന്നെ, ഞാനും നിങ്ങളെക്കുറിച്ച് ജാഗരൂകനായിരിക്കുന്നു. കാരണം, നിങ്ങളെ നിർമലകന്യകയായി ക്രിസ്തു എന്ന ഏകപുരുഷനു ഏൽപ്പിച്ചുകൊടുക്കാൻ ഞാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.

  31. 32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.

  32. 22 ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഭാര്യയോടുകൂടെ കിടക്കപങ്കിടുന്നതായി കണ്ടാൽ അവളോടുകൂടെ കിടക്കപങ്കിട്ട പുരുഷനും അവളും മരിക്കണം. ഇങ്ങനെ ഇസ്രായേലിൽനിന്ന് നിങ്ങൾ തിന്മ നീക്കിക്കളയണം.

    23 വിവാഹനിശ്ചയം കഴിഞ്ഞ ഒരു കന്യകയെ ഒരുവൻ നഗരത്തിൽവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടുകയും അവൻ അവളോടൊപ്പം കിടക്കപങ്കിടുകയും ചെയ്താൽ നിങ്ങൾ അവരെ രണ്ടുപേരെയും നഗരവാതിൽക്കൽ കൊണ്ടുവന്ന് കല്ലെറിഞ്ഞുകൊല്ലണം. 24 പെൺകുട്ടി, നഗരത്തിൽ ആയിരുന്നിട്ടുകൂടി സഹായത്തിനു നിലവിളിക്കാതിരിക്കുകയും പുരുഷൻ മറ്റൊരാളുടെ ഭാര്യയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.

  33. 11 “അതിഥികളെ കാണാൻ രാജാവ് വിരുന്നുശാലയിലേക്ക് വന്നു. വിവാഹവസ്ത്രം ധരിക്കാത്ത ഒരാൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. 12 അദ്ദേഹം അവനോട്, ‘സ്നേഹിതാ, വിവാഹവസ്ത്രമില്ലാതെ താങ്കൾ അകത്തു കയറിയതെങ്ങനെ?’ എന്നു ചോദിച്ചു. അയാൾക്ക് ഒരുത്തരവും പറയാൻ ഉണ്ടായിരുന്നില്ല.

    13 “അപ്പോൾ രാജാവു തന്റെ സേവകരോട്, ‘ഇയാളെ കയ്യും കാലും കെട്ടി പുറത്ത് ഘോരാന്ധകാരത്തിലേക്ക് തള്ളിക്കളയുക; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും’ എന്നു പറഞ്ഞു.

    14 “ക്ഷണിക്കപ്പെട്ടവർ നിരവധി; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”

  34. 15 നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങളാകുന്നു എന്നറിയുന്നില്ലേ? അങ്ങനെയെങ്കിൽ, ആരെങ്കിലും ക്രിസ്തുവിന്റെ അവയവങ്ങൾ എടുത്തു വേശ്യയുടെ അവയവങ്ങളാക്കാമോ? ഒരുനാളും അരുത്. 16 വേശ്യയുമായി സംയോജിക്കുന്നവൻ അവളുമായി ഏകശരീരം ആകുന്നെന്ന് അറിയുന്നില്ലേ? “അവരിരുവരും ഒരു ശരീരമായിത്തീരും” എന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. 17 എന്നാൽ കർത്താവിനോട് എകീഭവിക്കുന്നവൻ ആത്മാവിൽ കർത്താവിനോട് ഒന്നായിത്തീരുന്നു.

    18 ലൈംഗികാധർമംവിട്ട് ഓടിക്കോളൂ. ഒരാൾ ചെയ്യുന്ന മറ്റ് ഏതു പാപവും തന്റെ ശരീരത്തിനു പുറത്താകുന്നു; എന്നാൽ ലൈംഗികമായ പാപംചെയ്യുന്നവൻ സ്വന്തം ദേഹത്തിനെതിരേ പാപംചെയ്യുന്നു. 19 ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതുമായ പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു നിങ്ങളുടെ ശരീരം എന്ന് അറിയുന്നില്ലേ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല; 20 വിലയ്ക്കു വാങ്ങപ്പെട്ടവരാണ് നിങ്ങൾ. അതുകൊണ്ട് നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുക.

  35. 2 മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു.

  36. 19 “അവളെ മറ്റൊരു പുരുഷനു കൊടുക്കുന്നതിനെക്കാൾ നിനക്കു തരുന്നതാണു നല്ലത്; എന്റെകൂടെ ഇവിടെ താമസിക്കുക” എന്നായിരുന്നു ലാബാന്റെ മറുപടി. 20 അങ്ങനെ യാക്കോബ് റാഹേലിനെ നേടുന്നതിനുവേണ്ടി ഏഴുവർഷം സേവിച്ചു. എന്നാൽ, അവളോടുള്ള സ്നേഹംനിമിത്തം ആ ഏഴുവർഷം അദ്ദേഹത്തിന് അൽപ്പകാലംമാത്രമായി അനുഭവപ്പെട്ടു.

  37. യുവതി

    16 എന്റെ പ്രിയൻ എന്റേതും ഞാൻ അവന്റേതുമാകുന്നു;

    അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.

  38. 14 നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ആകട്ടെ.

  39. 2 കർത്താവായ യേശുവിന്റെ അധികാരത്താൽ ഞങ്ങൾ നിങ്ങൾക്കു നൽകിയിരുന്ന കൽപ്പനകൾ ഏതൊക്കെ എന്നു നിങ്ങൾക്കറിയാമല്ലോ.

    3-4 നിങ്ങൾ വിശുദ്ധീകരിക്കപ്പെടുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. നിങ്ങൾ ദൈവത്തെ അറിയാത്ത യെഹൂദേതരരെപ്പോലെ കാമാസക്തിയിൽപ്പെടാതെ, അസാന്മാർഗികത വിട്ടൊഴിഞ്ഞ്, 5 വിശുദ്ധവും മാന്യവുമായി നിങ്ങളിൽ ഓരോരുത്തരും അവരവരുടെ ശരീരം കാത്തുസൂക്ഷിക്കാൻ പഠിക്കണം. 6 ഈ കാര്യത്തിൽ ആരും സ്വസഹോദരങ്ങളെ ചതിക്കാനും ചൂഷണം ചെയ്യാനും പാടില്ല. ഇത്തരം പാപങ്ങൾ ചെയ്യുന്നവരെ കർത്താവ് ശിക്ഷിക്കാതിരിക്കുകയില്ല എന്ന് ഞങ്ങൾ മുൻകൂട്ടിത്തന്നെ നിങ്ങളോടു പറയുകയും താക്കീത് നൽകുകയും ചെയ്തിട്ടുള്ളതാണല്ലോ. 7 ദൈവം നമ്മെ മലിനത നിറഞ്ഞ ജീവിതത്തിനല്ല മറിച്ച് വിശുദ്ധജീവിതം നയിക്കാനാണ് വിളിച്ചിരിക്കുന്നത്.

  40. 14 വീടുകളും ധനവും പൈതൃകസ്വത്തായി ലഭിക്കുന്ന ഓഹരി,

    എന്നാൽ വിവേകമതിയായ ഭാര്യ യഹോവയുടെ ദാനം.

  41. 9 ദൈവം സൂര്യനുകീഴിൽ നിനക്കു നൽകിയിട്ടുള്ള ഈ അർഥശൂന്യമായ ജീവിതത്തിന്റെ നാളുകളിലെല്ലാം നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോടൊപ്പം അർഥശൂന്യമായ നിന്റെ ജീവിതം ആസ്വദിക്കുക. ഇതാണ് നിന്റെ ജീവിതത്തിനും സൂര്യനുകീഴേയുള്ള നിന്റെ കഠിനാധ്വാനത്തിനുമുള്ള ഓഹരി.

  42. 24 അതുകൊണ്ട്, അവരുടെ ഹൃദയത്തിലെ ദുർമോഹങ്ങളാൽ നിയന്ത്രിക്കപ്പെട്ട് അപമാനകരമായ ശാരീരികവൃത്തികളിൽ പരസ്പരം വ്യാപൃതരാകാൻ ദൈവം അവരെ അശുദ്ധിയിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു. 25 അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.

    26 ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ വികാരങ്ങളിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു; അവരുടെ സ്ത്രീകൾപോലും സ്വാഭാവിക ലൈംഗികവേഴ്ചയ്ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു. 27 അതുപോലെതന്നെ, സ്ത്രീകളുമായുള്ള സ്വാഭാവിക ലൈംഗികവേഴ്ച ഉപേക്ഷിച്ച് പുരുഷന്മാർ വിഷയാസക്തി മൂത്ത് പരസ്പരം ഹീനകൃത്യങ്ങളിൽ മുഴുകി; അവരുടെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് അർഹമായ പ്രതിഫലം അവരുടെ ശരീരത്തിൽ പ്രാപിക്കുകയും ചെയ്തു.

  43. 28 അവിടെ യെഹൂദരെന്നോ യെഹൂദേതരരെന്നോ ഇല്ല; അടിമയെന്നോ സ്വതന്ത്രനെന്നോ ഇല്ല; സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല. നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാകുന്നു.

  44. 12 ശുശ്രൂഷകൻ ഏകപത്നീവ്രതനും സ്വകുടുംബത്തെയും സന്താനങ്ങളെയും നന്നായി പരിപാലിക്കുന്നവനും ആയിരിക്കണം.