64 Bible Verses About Raising Children

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Raising Children
  1. 1 മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ കർത്താവിൽ അനുസരിക്കുക. അതാണ് ഉചിതം. 2-3 വാഗ്ദാനത്തോടുകൂടിയ ആദ്യകൽപ്പന, “നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക. എന്നാൽ നിനക്ക് അനുഗ്രഹങ്ങളോടുകൂടിയ ദീർഘായുസ്സ് ഈ ഭൂമിയിൽ ലഭ്യമാകും” എന്നാണല്ലോ.

    4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്; അവരെ ശിക്ഷണത്തിലും കർത്താവിന്റെ സദുപദേശത്തിലും വളർത്തുക.

  2. 4 ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ. 5 നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം. 6 നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് 7 അവ നീ നിങ്ങളുടെ മക്കളോട് വീണ്ടും വീണ്ടും ഉപദേശിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. 8 അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. 9 അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം.

  3. 15 വടിയും കർക്കശമായ താക്കീതും ജ്ഞാനംനൽകുന്നു,

    ശിക്ഷണംലഭിക്കാതെ ജീവിക്കുന്ന സന്തതി തന്റെ മാതാവിന് അപമാനംവരുത്തുന്നു.

    16 ദുഷ്ടർ വർധിക്കുമ്പോൾ, പാപവും വർധിക്കുന്നു,

    എന്നാൽ നീതിനിഷ്ഠർ അവരുടെ തകർച്ച കാണും.

    17 നിങ്ങളുടെ കുഞ്ഞുങ്ങളെ ശിക്ഷണത്തിൽ വളർത്തുക, അവർ നിങ്ങൾക്കു സ്വസ്ഥതനൽകും;

    നിങ്ങൾ ആഗ്രഹിക്കുന്ന ആനന്ദംനൽകും.

  4. 5 ദുഷ്ടരുടെ പാതയിൽ മുള്ളുകളും കെണിയുമുണ്ട്,

    എന്നാൽ സ്വന്തം ജീവനു വിലകൽപ്പിക്കുന്നവർ അവയിൽനിന്നെല്ലാം അകന്നുനിൽക്കുന്നു.

    6 കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക,

    വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.

  5. 5 “എന്റെ കുഞ്ഞേ, കർത്താവിന്റെ ശിക്ഷണം നിസ്സാരമായി കരുതരുത്,

    അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്.

    6 കർത്താവ് താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു,

    താൻ പുത്രനായി സ്വീകരിച്ച സകലരെയും ശിക്ഷിച്ചു നന്നാക്കുന്നു,”

    എന്നിങ്ങനെ, ഒരു പിതാവ് പുത്രനോട് എന്നപോലെ നിങ്ങളോടു സംവദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞോ?

    7 ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്? 8 എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്. 9 നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്! 10 അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു. 11 ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.

  6. 3 മക്കൾ യഹോവയിൽനിന്നുള്ള പൈതൃകാവകാശം.

    ഉദരഫലം അവിടന്നു നൽകുന്ന പ്രതിഫലവുമാണ്.

    4 ഒരാൾക്കു തന്റെ യൗവനത്തിൽ പിറക്കുന്ന മക്കൾ

    ഒരു യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്.

    5 അവരെക്കൊണ്ട് തന്റെ ആവനാഴി നിറച്ചിട്ടുള്ള

    പുരുഷൻ അനുഗൃഹീതൻ.

    നഗരകവാടത്തിൽവെച്ച് തങ്ങളുടെ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ

    അവർ ലജ്ജിതരാകുകയില്ല.

  7. 13 മക്കൾക്കു ശിക്ഷണം നൽകാതിരിക്കരുത്;

    വടികൊണ്ട് നീ അവരെ അടിച്ചാൽ, അവർ മരിച്ചുപോകുകയില്ല.

    14 അവരെ വടികൊണ്ട് ശിക്ഷിക്കുക,

    അങ്ങനെ മരണത്തിൽനിന്ന് അവരുടെ ജീവൻ രക്ഷിക്കുക.

  8. 24 വടി ഒഴിവാക്കുന്നവർ തങ്ങളുടെ മക്കളെ വെറുക്കുന്നു,

    എന്നാൽ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നവർ അവരെ ശിക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്.

  9. 15 മടയത്തരം യുവാക്കളുടെ ഹൃദയത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു,

    എന്നാൽ ശിക്ഷണത്തിന്റെ വടി അതിനെ ആട്ടിപ്പായിക്കുന്നു.

  10. ജ്ഞാനം സമ്പാദിക്കുന്നതിനുള്ള ആഹ്വാനം

    8 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ ശിക്ഷണം ശ്രദ്ധിക്കുകയും

    നിന്റെ മാതാവിന്റെ ഉപദേശം അവഗണിക്കുകയും അരുത്.

    9 അവ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടവും

    നിന്റെ കഴുത്തിൽ ഒരു അലങ്കാരഹാരവും ആയിരിക്കും.

    10 എന്റെ കുഞ്ഞേ, പാപികൾ നിന്നെ വശീകരിച്ചാൽ,

    അവർക്കു വിധേയപ്പെട്ടുപോകരുത്.

    11 അവർ ഇപ്രകാരം പറഞ്ഞേക്കാം: “ഞങ്ങളോടൊപ്പം വരൂ;

    നമുക്കു രക്തത്തിനായി പതിയിരിക്കാം,

    ഒരു വിനോദത്തിനായി, നിരുപദ്രവകാരിക്കെതിരേ കരുക്കൾനീക്കാം;

    12 പാതാളമെന്നപോലെ നമുക്കവരെ ജീവനോടെ വിഴുങ്ങാം,

    ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെ നമുക്കവരെ മുഴുവനായി വിഴുങ്ങിക്കളയാം;

    13 വിവിധതരം അമൂല്യവസ്തുക്കൾ നമുക്കു പിടിച്ചെടുക്കാം

    നമ്മുടെ വീടുകൾ കൊള്ളമുതൽകൊണ്ടു നിറയ്ക്കാം;

    14 ഞങ്ങളോടൊപ്പം പങ്കുചേരൂ;

    നമുക്കെല്ലാവർക്കും ഒരു പണസഞ്ചിയിൽനിന്നു പങ്കുപറ്റാം”—

    15 എന്റെ കുഞ്ഞേ, അവരോടൊപ്പം പോകരുതേ,

    അവരുടെ പാതകളിൽ പാദം പതിയുകയുമരുതേ;

    16 കാരണം അവരുടെ പാദം തിന്മപ്രവൃത്തികളിലേക്ക് ദ്രുതഗമനംചെയ്യുന്നു,

    രക്തം ചിന്തുന്നതിന് അവർ തിടുക്കംകൂട്ടുന്നു.

    17 പക്ഷികൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ

    വല വിരിക്കുന്നത് എത്ര നിരർഥകം!

    18 എന്നാൽ ഈ മനുഷ്യർ സ്വരക്തത്തിനായിത്തന്നെ പതിയിരിക്കുന്നു;

    അവർ സ്വന്തം ജീവനായിത്തന്നെ വല വിരിക്കുന്നു!

    19 അതിക്രമങ്ങളിലൂടെ നേട്ടങ്ങൾ കൊയ്യുന്നവരുടെയെല്ലാം ഗതി ഇപ്രകാരംതന്നെയാണ്;

    കൈവശമാക്കുന്നവരുടെ ജീവനെത്തന്നെ അത് അപഹരിക്കുന്നു.

  11. 21 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്. അങ്ങനെചെയ്താൽ അവർ നിരാശരായിത്തീരും.

  12. 11 എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്,

    അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,

    12 കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ

    യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.

  13. 18 പ്രതീക്ഷയുള്ളിടത്തോളം നിന്റെ മക്കളെ ശിക്ഷണത്തിൽ വളർത്തുക;

    അവർ നശിച്ചുപോകട്ടെയെന്ന് ആഗ്രഹിക്കരുത്.

  14. 18 എന്റെ ഈ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും ഉറപ്പിക്കുക. അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. 19 നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും നിങ്ങളുടെ മക്കളെ പഠിപ്പിക്കുകയും വേണം. 20 അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം. 21 അപ്പോൾ യഹോവ നിങ്ങളുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്നു ശപഥംചെയ്ത ദേശത്ത് ഭൂമിക്കുമീതേ ആകാശമുള്ളകാലത്തോളം നീയും നിന്റെ മക്കളും ദീർഘായുസ്സോടിരിക്കും.

  15. 12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനു നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.

  16. 15 “അപ്പനെയോ അമ്മയെയോ അടിക്കുന്നവരും മരണശിക്ഷ അനുഭവിക്കണം.

    16 “ഒരാൾ മറ്റൊരാളെ തട്ടിക്കൊണ്ടുപോയി വിൽക്കുകയോ കൈവശം വെച്ചുകൊണ്ടിരിക്കുകയോ ചെയ്താൽ ആ വ്യക്തി മരണശിക്ഷ അനുഭവിക്കണം.

    17 “അപ്പനെയോ അമ്മയെയോ ശപിക്കുന്നവരും മരണശിക്ഷ അനുഭവിക്കണം.

  17. 13 യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ ശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു. 14 ഇതുകണ്ട് യേശു ദേഷ്യത്തോടെ, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം! 15 ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. 16 തുടർന്ന് അദ്ദേഹം ശിശുക്കളെ കൈകളിൽ എടുത്ത് അവരുടെമേൽ കൈവെച്ച് അവരെ അനുഗ്രഹിച്ചു.

    17 യേശു അവിടെനിന്ന് യാത്ര പുറപ്പെടുമ്പോൾ ഒരു മനുഷ്യൻ ഓടിവന്ന് അദ്ദേഹത്തിന്റെമുമ്പിൽ മുട്ടുകുത്തി, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ ലഭ്യമാകും?” എന്നു ചോദിച്ചു.

    18 അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല. 19 ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ” എന്ന് അയാളോടു പറഞ്ഞു.

  18. 9 നിങ്ങൾ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കാതിരിക്കാനും അവ ജീവിതകാലത്ത് ഒരിക്കൽപോലും നിങ്ങളുടെ ഹൃദയത്തിൽനിന്നു മാഞ്ഞുപോകാതിരിക്കാനും നിങ്ങളെത്തന്നെ സൂക്ഷ്മതയോടെ കാത്തുകൊള്ളണം. നിങ്ങളുടെ മക്കളോടും അവരുടെ മക്കളോടും അവ ഉപദേശിക്കണം. 10 ഹോരേബിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം ഓർത്തുകൊള്ളണം. അന്ന് യഹോവ എന്നോട്, “ജനത്തെ എന്റെ സന്നിധിയിൽ വിളിച്ചുകൂട്ടുക, ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും. അവർ ഭൂമിയിൽ ജീവിക്കുന്ന നാളുകളെല്ലാം എന്നെ ഭയപ്പെടാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കൽപ്പിച്ചു.

  19. 18 ശാഠ്യക്കാരനും മത്സരിയും മാതാപിതാക്കളുടെ വാക്ക് അനുസരിക്കാത്തവനും അവർ ശാസിച്ചിട്ടും വഴങ്ങാത്തവനുമായ മകൻ ഒരുവന് ഉണ്ടെങ്കിൽ 19 അവന്റെ മാതാപിതാക്കൾ അവനെ പിടിച്ച് നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തു കൊണ്ടുവരണം. 20 അവർ ഗോത്രത്തലവന്മാരോട് ഇങ്ങനെ പറയണം: “ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയുമാണ്. ഇവൻ ഞങ്ങളെ അനുസരിക്കുന്നില്ല. ഇവൻ അമിതഭക്ഷണപ്രിയനും മദ്യപനുമാണ്.” 21 അപ്പോൾ നഗരനിവാസികളെല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലണം. നിങ്ങളുടെ ഇടയിലുള്ള തിന്മ ഇങ്ങനെ നീക്കിക്കളയണം. ഇസ്രായേൽമുഴുവൻ ഇതു കേട്ട് ഭയപ്പെടണം.

  20. 1 നിങ്ങൾ ദൈവത്തിന്റെ പ്രിയമക്കൾ ആയിരിക്കുന്നതുകൊണ്ട് ദൈവത്തെ എല്ലാ കാര്യങ്ങളിലും അനുകരിക്കുക: 2 സ്നേഹം നിറഞ്ഞവരായി ജീവിക്കുക. ക്രിസ്തു നമ്മോടുള്ള സ്നേഹംനിമിത്തം നമുക്കുവേണ്ടി സൗരഭ്യമായ അർപ്പണവും യാഗവുമായി സ്വയം ദൈവത്തിനു സമർപ്പിച്ചതാണ് നമ്മുടെ മാതൃക.

  21. 24 നീതിനിഷ്ഠരുടെ പിതാവിന് അത്യധികം സന്തോഷമുണ്ട്;

    ജ്ഞാനിയായ ഒരു കുഞ്ഞിനു ജന്മം നൽകുന്ന പിതാവ് ആ കുഞ്ഞിൽ ആനന്ദിക്കും.

    25 നിന്റെ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കട്ടെ;

    നിന്നെ പ്രസവിച്ച നിന്റെ മാതാവ് ആനന്ദിക്കട്ടെ.

    26 എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്കു തരിക

    നിന്റെ കണ്ണുകൾ എന്റെ വഴികൾ പിൻതുടരുന്നതിൽ ആനന്ദിക്കട്ടെ,

  22. 20 മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ സകലത്തിലും അനുസരിക്കുക, അതു കർത്താവിനു പ്രസാദകരമല്ലോ.

  23. 20 “നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ച സാക്ഷ്യങ്ങളും ഉത്തരവുകളും നിയമങ്ങളും എന്തൊക്കെ?” എന്ന് നാളെ നിങ്ങളുടെ മകൻ ചോദിക്കുമ്പോൾ 21 അവനോട് ഇപ്രകാരം പറയണം: “ഞങ്ങൾ ഈജിപ്റ്റിൽ ഫറവോന്റെ അടിമകൾ ആയിരുന്നു. എന്നാൽ യഹോവ ബലമുള്ള കരംകൊണ്ട് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചു. 22 ഈജിപ്റ്റിന്റെയും ഫറവോന്റെയും അവന്റെ സകലകുടുംബത്തിന്റെയുംമേൽ യഹോവ ഞങ്ങൾ കാണത്തക്കവിധം മഹത്തും ഭയാനകവുമായ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു. 23 നമ്മുടെ പിതാക്കന്മാരോടു ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത ദേശത്തു കൊണ്ടുവരേണ്ടതിന് ഞങ്ങളെ അവിടെനിന്നും വിടുവിച്ചു. 24 നാം എപ്പോഴും അഭിവൃദ്ധിപ്പെടേണ്ടതിനും ഇന്നുള്ളതുപോലെ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനും നമ്മുടെ ദൈവമായ യഹോവയുടെ ഈ ഉത്തരവുകളെല്ലാം ആചരിക്കണമെന്നും അവിടത്തെ ഭയപ്പെടണമെന്നും യഹോവ നമ്മോടു കൽപ്പിച്ചു. 25 നമ്മുടെ ദൈവമായ യഹോവ നമ്മോടു കൽപ്പിച്ചതുപോലെ അവിടത്തെ ഈ കൽപ്പനകളെല്ലാം ശ്രദ്ധയോടെ അനുസരിക്കുമെങ്കിൽ നാം അവിടത്തെ സന്നിധിയിൽ നീതിയുള്ളവർ ആകും.”

  24. 14 ഇപ്പോൾ, മൂന്നാംപ്രാവശ്യം നിങ്ങളെ സന്ദർശിക്കാൻ ഞാൻ ഒരുങ്ങിയിരിക്കുകയാണ്; ഞാൻ നിങ്ങൾക്ക് ഒരു ഭാരവും ആകുകയില്ല, കാരണം, എനിക്കു വേണ്ടതു നിങ്ങൾക്കുള്ളവയല്ല, നിങ്ങളെത്തന്നെയാണ്. മാതാപിതാക്കൾക്കുവേണ്ടി മക്കളല്ല, മാതാപിതാക്കൾ മക്കൾക്കുവേണ്ടിയാണ് സമ്പാദിച്ചുവെക്കേണ്ടത്.

  25. 1 എന്നാൽ, നിർമലോപദേശത്തിന് യോഗ്യമായതുമാത്രം നീ പഠിപ്പിക്കുക. 2 നിന്നെക്കാൾ പ്രായമുള്ള പുരുഷന്മാർ സമചിത്തരും ബഹുമാന്യരും ബുദ്ധിപൂർവം പ്രവർത്തിക്കുന്നവരും അചഞ്ചലമായ വിശ്വാസവും സ്നേഹവും സഹിഷ്ണുതയും ഉള്ളവരും ആയിരിക്കാൻ നീ ഉപദേശിക്കുക.

    3 അങ്ങനെതന്നെ, നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളും ജീവിതത്തിൽ നല്ല പെരുമാറ്റമുള്ളവരും പരദൂഷണം പറയാത്തവരും മദ്യപിക്കാത്തവരും നല്ലതു പഠിപ്പിക്കുന്നവരുമായിരിക്കാൻ ഉപദേശിക്കുക. 4 ദൈവവചനം അപകീർത്തിപ്പെടാതെ ഇരിക്കേണ്ടതിന് സ്വന്തം ഭർത്താക്കന്മാരെയും മക്കളെയും സ്നേഹിക്കുന്നവരും 5 ആത്മനിയന്ത്രണമുള്ളവരും നിർമലരും വീട്ടുകാര്യങ്ങൾ നന്നായി നോക്കുന്നവരും ദയാശീലരും തങ്ങളുടെ ഭർത്താക്കന്മാർക്കു വിധേയപ്പെടുന്നവരും ആയിരിക്കാൻ യുവതികളെ പ്രോത്സാഹിപ്പിക്കുക.

    6 അതുപോലെതന്നെ, യുവാക്കന്മാരെയും അവർ ആത്മനിയന്ത്രണമുള്ളവരായിരിക്കാൻ പ്രോത്സാഹിപ്പിക്കുക. 7 സകലസൽപ്രവൃത്തികൾക്കും നീ മാതൃക കാണിക്കുക. നിന്റെ ഉപദേശങ്ങൾ നിർവ്യാജവും ഗൗരവമേറിയതും 8 നിന്റെ സംഭാഷണം അപവാദങ്ങൾക്കിടവരുത്താത്തതും ആയിരിക്കണം. അപ്പോൾ എതിരാളികൾ നമ്മിൽ ഒരു അധാർമികതയും ആരോപിക്കാൻ അവസരമില്ലാതെ ലജ്ജിതരാകും.

  26. 3 “ ‘നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം; എന്റെ ശബ്ബത്തുകൾ ആചരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

  27. 16 നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്നതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചപ്രകാരം നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.

  28. ശലോമോന്റെ സുഭാഷിതങ്ങൾ

    1 ശലോമോന്റെ സുഭാഷിതങ്ങൾ:

    ജ്ഞാനമുള്ള മക്കൾ അവരുടെ പിതാവിന് ആനന്ദമേകുന്നു,

    ബുദ്ധിഹീനരായ മക്കൾ അവരുടെ മാതാവിന് വ്യഥയേകുന്നു.

  29. 13 ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ,

    യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു;

  30. 1 എന്റെ കുഞ്ഞേ, എന്റെ ഉപദേശം നീ വിസ്മരിക്കരുത്,

    എന്റെ കൽപ്പനകൾ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുക,

    2 അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും

    അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും.

    3 ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ;

    അവ നിന്റെ കഴുത്തിൽ അണിയുക,

    നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.

    4 അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ

    പ്രീതിയും സൽപ്പേരും സമ്പാദിക്കും.

    5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക

    സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

    6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,

    അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

  31. 1 ജ്ഞാനമുള്ള മകൻ തന്റെ പിതാവിന്റെ ശിക്ഷണത്തിനു ശ്രദ്ധനൽകുന്നു,

    എന്നാൽ പരിഹാസി ശാസന ഗൗനിക്കുന്നില്ല.

  32. 6 പേരക്കുട്ടികൾ വൃദ്ധർക്കൊരു മകുടവും

    മക്കൾ മാതാപിതാക്കൾക്കൊരു അഭിമാനവുമാണ്.

  33. 1 സഭാമുഖ്യനായ ഞാൻ,

    സത്യമായി സ്നേഹിക്കുന്ന പ്രിയ ഗായൊസിന്, എഴുതുന്നത്:

    2 പ്രിയനേ, നീ ആത്മാവിൽ ബലവാനായി ഇരിക്കുന്നതുപോലെതന്നെ എല്ലാ കാര്യങ്ങളിലും ആരോഗ്യവും അഭിവൃദ്ധിയും ഉള്ളവനായിരിക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു. 3 നീ സത്യം അനുസരിച്ചു ജീവിക്കുന്നു എന്ന്, നിന്റെ സത്യസന്ധതയെപ്പറ്റി ചില സഹോദരന്മാർവന്ന് സാക്ഷ്യം പറഞ്ഞപ്പോൾ ഞാൻ ഏറ്റവുമധികം ആനന്ദിച്ചു. 4 എന്റെ മക്കൾ സത്യം അനുസരിച്ച് ജീവിക്കുന്നു എന്നു കേൾക്കുന്നതിലും അധികം ആനന്ദം എനിക്കു വേറെയില്ല.

  34. 5 ഒരു മനുഷ്യൻ തന്റെ പുത്രന് ബാലശിക്ഷ നൽകി വളർത്തുന്നതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ശിക്ഷണത്തിൽ വളർത്തുന്നു എന്നു നിങ്ങൾ ഹൃദയത്തിൽ ഗ്രഹിക്കണം.

  35. 20 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിക്കുക

    നിന്റെ മാതാവിന്റെ ഉപദേശം ഉപേക്ഷിക്കുകയും ചെയ്യരുത്.

  36. 5 ഭോഷർ പിതാവിന്റെ ശിക്ഷണം നിരാകരിക്കുന്നു,

    എന്നാൽ ശാസന അംഗീകരിക്കുന്നവർ വിവേകശാലികൾ.

  37. 22 നിനക്കു ജന്മംനൽകിയ നിന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക,

    നിന്റെ മാതാവ് വാർധക്യത്തിലെത്തുമ്പോൾ അവരെ നിന്ദിക്കരുത്.

  38. 2 അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം. 3 മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തനായിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്; 4 സ്വകുടുംബത്തെ നന്നായി പരിപാലിക്കുകയും സന്താനങ്ങളെ സമ്പൂർണ മാന്യതയിലും അനുസരണത്തിലും വളർത്തുകയും ചെയ്യുന്നയാളുമായിരിക്കണം. 5 സ്വകുടുംബത്തെ പരിപാലിക്കാൻ അറിയാത്തയാൾ ദൈവസഭയെ എങ്ങനെ പരിപാലിക്കും?

  39. 19 അബ്രാഹാം നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട്, തന്റെ മക്കളെയും തന്റെ കാലശേഷമുള്ള ഭവനക്കാരെയും ദൈവത്തിന്റെ വഴികളിൽ നടക്കാൻ പ്രേരിപ്പിക്കേണ്ടതിനു ഞാൻ അവനെ തെരഞ്ഞെടുത്തിരിക്കുന്നു. അങ്ങനെ, യഹോവ അബ്രാഹാമിനു നൽകിയ വാഗ്ദാനം അദ്ദേഹത്തിന് നിറവേറ്റിക്കൊടുക്കാൻ സംഗതിയാകും.”

  40. 1 എന്റെ കുഞ്ഞുങ്ങളേ, പിതാവിന്റെ നിർദേശങ്ങൾ ശ്രവിക്കുക;

    അതിൽ ശ്രദ്ധനൽകി വിവേചനശക്തി കൈവരിക്കുക.

    2 കാരണം ഞാൻ നിനക്കു സദുപദേശം നൽകുന്നു,

    എന്റെ അഭ്യസനം നിരാകരിക്കരുത്.

    3 ഞാനും എന്റെ പിതാവിനു മകനും

    മാതാവിന്റെ ഏക ഓമനസന്താനവും ആയിരുന്നു.

    4 എന്റെ പിതാവ് എന്നെ പഠിപ്പിച്ച് എന്നോട് ഇപ്രകാരം പറഞ്ഞു:

    “എന്റെ വാക്കുകൾ നീ ഹൃദയപൂർവം സ്വീകരിക്കുക;

    എന്റെ കൽപ്പനകൾ പാലിച്ചാൽ നീ ജീവിക്കും.

    5 ജ്ഞാനം നേടുക, വിവേകം ആർജിക്കുക;

    എന്റെ വാക്കുകൾ വിസ്മരിക്കുകയോ അവയിൽനിന്നു വ്യതിചലിക്കുകയോ അരുത്.

  41. 4 ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും ദൈവം കൽപ്പിച്ചിരിക്കുന്നു. 5 എന്നാൽ നിങ്ങൾ: ‘ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ, ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ എന്നു പറഞ്ഞാൽ, അയാൾ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതില്ല എന്നല്ലേ. 6 ഇങ്ങനെയായാൽ അയാൾ പിന്നെ ‘മാതാപിതാക്കളെ ആദരിക്കേണ്ടതില്ല’ എന്നും നിങ്ങൾ പറയുന്നു. ഈ വിധത്തിൽ, നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പന അസാധുവാക്കുകയല്ലേ?

  42. 11 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് അവന് കല്ലു കൊടുക്കുക? അല്ലാ, മകൻ മീൻ ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് പാമ്പിനെ നൽകുന്നത്? 12 അല്ലാ, മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്? 13 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികമായി നൽകും!”

  43. 13 നിന്റെ മക്കൾ എല്ലാവരും യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവരാകും,

    അവർ വളരെ വലിയ സമാധാനം അനുഭവിക്കും.

  44. 9 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ലു കൊടുക്കുക? 10 അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്? 11 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും!

  45. 10 ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും മോശ കൽപ്പിച്ചിരിക്കുന്നു. 11 എന്നാൽ നിങ്ങൾ: ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ ‘ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ അഥവാ, ‘കൊർബാൻ’ എന്നു പറഞ്ഞാൽ മാതാപിതാക്കളോടുള്ള അയാളുടെ കടമ തീർന്നു എന്നു പറയുന്നു. 12 അങ്ങനെ പിതാവിനോ മാതാവിനോവേണ്ടി ഒരിക്കലും എന്തെങ്കിലും ചെയ്തുകൊടുക്കാൻ നിങ്ങൾ അവനെ അനുവദിക്കുന്നുമില്ല. 13 ഇപ്രകാരം നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പനയെ അസാധുവാക്കുന്നു. ഇതുമാത്രമല്ല, ഇതുപോലെയുള്ള പലതും നിങ്ങൾ ചെയ്യുന്നുണ്ട്.”

  46. 26 “ഒരാൾ എന്റെ അടുക്കൽ വരികയും തന്റെ മാതാപിതാക്കളെക്കാളും ഭാര്യയെക്കാളും മക്കളെക്കാളും സഹോദരന്മാരെക്കാളും സഹോദരിമാരെക്കാളും സ്വന്തം ജീവനെക്കാളും എന്നെ സ്നേഹിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ അയാൾക്ക് എന്റെ ശിഷ്യനായിരിക്കാൻ സാധ്യമല്ല.

  47. 12 ശുശ്രൂഷകൻ ഏകപത്നീവ്രതനും സ്വകുടുംബത്തെയും സന്താനങ്ങളെയും നന്നായി പരിപാലിക്കുന്നവനും ആയിരിക്കണം.

  48. 15 ഏകദൈവമല്ലേ നിന്നെ സൃഷ്ടിച്ചത്? ശരീരംകൊണ്ടും ആത്മാവുകൊണ്ടും നീ അവിടത്തെ വകയല്ലേ? ഈ ഏകദൈവം എന്താണ് നിന്നിൽ അന്വേഷിക്കുന്നത്? ദൈവഹിതപ്രകാരമുള്ള ഒരു സന്തതിയെത്തന്നെ. അതിനാൽ സൂക്ഷിച്ചുകൊള്ളുക; നിന്റെ യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കരുത്.

  49. 1 ആ സമയത്തു ശിഷ്യന്മാർ യേശുവിന്റെ അടുത്തുവന്ന്, “സ്വർഗരാജ്യത്തിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ്?” എന്നു ചോദിച്ചു.

    2 അദ്ദേഹം ഒരു കുട്ടിയെ വിളിച്ച് അവരുടെമധ്യത്തിൽ നിർത്തിയശേഷം 3 ഇങ്ങനെ പറഞ്ഞു, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്ക് ആന്തരികപരിവർത്തനം വന്ന് കുട്ടികളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ ഒരുനാളും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല, നിശ്ചയം. 4 അതുകൊണ്ട്, സ്വയം താഴ്ത്തി ഈ കുട്ടിയെപ്പോലെ ആയിത്തീരുന്നയാളാണ് സ്വർഗരാജ്യത്തിലെ ഉന്നത വ്യക്തി. 5 ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന വ്യക്തി എന്നെ സ്വീകരിക്കുന്നു.

    6 “എന്നാൽ, എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി ആഴിയുടെ ആഴത്തിലേക്ക് താഴ്ത്തുന്നത് അയാൾക്ക് ഏറെ നല്ലത്.

  50. 51 അതിനുശേഷം യേശു അവരോടുകൂടെ നസറെത്തിലേക്കുപോയി അവർക്ക് അനുസരണയുള്ളവനായി കഴിഞ്ഞു. അവന്റെ മാതാവ് ഈ കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു. 52 യേശുവോ, ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിലും മുന്നേറിക്കൊണ്ടിരുന്നു.

  51. 8 ബന്ധുജനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെയും, ആവശ്യങ്ങൾക്കായി കരുതാത്തവർ വിശ്വാസത്യാഗികളും അവിശ്വാസിയെക്കാൾ അധമരുമാണ്.

  52. 11 എന്റെ മക്കളേ, വരിക, ഞാൻ പറയുന്നത് ശ്രദ്ധിക്കുക;

    യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.

  53. 3 നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ

    ഫലദായകമായ മുന്തിരിവള്ളിപോലെ ആയിരിക്കും;

    നിന്റെ മക്കൾ നിങ്ങളുടെ മേശയ്ക്കുചുറ്റും

    ഒലിവുതൈകൾപോലെയായിരിക്കും.

    4 യഹോവയെ ഭയപ്പെടുന്ന മനുഷ്യർ

    ഇപ്രകാരം അനുഗൃഹീതരാകും.

    5 യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും;

    നിന്റെ ജീവിതകാലത്തുടനീളം

    നിനക്കു ജെറുശലേമിന്റെ അഭിവൃദ്ധി കാണാനിടവരട്ടെ.

    6 മക്കളുടെ മക്കളെ കാണാനായി നിന്റെ ആയുസ്സ് ദീർഘമായിരിക്കട്ടെ—

    ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.

  54. 13 അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്;

    എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.

    14 സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;

    അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്,

    അതെനിക്കു നന്നായി അറിയാം.

    15 ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും

    ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ,

    എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.

    16 എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു;

    എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ,

    അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.

  55. 7 യഹോവാഭക്തി പരിജ്ഞാനത്തിന്റെ ഉറവിടമാകുന്നു

    എന്നാൽ ഭോഷർ ജ്ഞാനവും ശിക്ഷണവും നിരാകരിക്കുന്നു.

  56. 10 എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് അവ അംഗീകരിക്കുക,

    എന്നാൽ നീ ദീർഘായുസ്സുള്ള വ്യക്തിയായിരിക്കും.

    11 ഞാൻ നിന്നെ ജ്ഞാനമാർഗത്തിലേക്കു നയിക്കുന്നു

    നേരായ പാതകളിൽ നിന്നെ നടത്തുകയും ചെയ്യുന്നു.

  57. 19 ജീവനുള്ളവർ, ജീവനുള്ളവർമാത്രമാണ്

    ഇന്നു ഞാൻ ചെയ്യുംപോലെ അങ്ങയെ സ്തുതിക്കുന്നത്;

    മാതാപിതാക്കൾ അങ്ങയുടെ വിശ്വസ്തതയെ

    തങ്ങളുടെ മക്കളോട് അറിയിക്കുന്നു.

  58. 5 “നിന്നെ ഗർഭപാത്രത്തിൽ രൂപപ്പെടുത്തുന്നതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു,

    നീ ജനിക്കുന്നതിനുമുമ്പേ ഞാൻ നിന്നെ വേർതിരിച്ചു;

    രാഷ്ട്രങ്ങൾക്ക് ഒരു പ്രവാചകനായി ഞാൻ നിന്നെ നിയമിച്ചു.”

    6 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, എനിക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിഞ്ഞുകൂടാ; ഞാൻ ഒരു ബാലനാണല്ലോ.”

    7 എന്നാൽ യഹോവ എന്നോട് കൽപ്പിച്ചു: “ ‘ഞാൻ ഒരു ബാലനാണ്,’ എന്നു നീ പറയരുത്. ഞാൻ നിന്നെ അയയ്ക്കുന്ന എല്ലാവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോടു കൽപ്പിക്കുന്നതൊക്കെയും നീ സംസാരിക്കുകയും വേണം.

  59. 23 മോശ ജനിച്ചപ്പോൾ, ശിശു അസാധാരണ സൗന്ദര്യം ഉള്ളവനെന്ന് അവന്റെ മാതാപിതാക്കൾ കണ്ടിട്ട് വിശ്വാസത്താൽ മൂന്നുമാസം അവനെ ഒളിച്ചുവെച്ചു. അവർ രാജാവിന്റെ ആജ്ഞയെ ഭയപ്പെട്ടതേയില്ല.

  60. സുഭാഷിതങ്ങൾക്കൊരു ആമുഖം

    1 ദാവീദിന്റെ പുത്രനും ഇസ്രായേൽരാജാവുമായ ശലോമോന്റെ സുഭാഷിതങ്ങൾ:

    2 മനുഷ്യർക്കു ജ്ഞാനവും ശിക്ഷണവും നേടുന്നതിനും

    വിവേകവചനങ്ങൾ ഗ്രഹിക്കുന്നതിനും;

    3 പരിജ്ഞാനത്തോടെയുള്ള പെരുമാറ്റം, നീതി, ന്യായം, ഔചിത്യം

    എന്നിവയ്ക്കുള്ള പ്രബോധനം ലഭിക്കാനും;

    4 ലളിതമാനസർക്കു കാര്യപ്രാപ്തിയും,

    യുവാക്കൾക്കു പരിജ്ഞാനവും വകതിരിവും പ്രദാനംചെയ്യുന്നതിനും—

    5 ഈ സുഭാഷിതങ്ങൾ കേട്ട് ജ്ഞാനി തന്റെ അറിവ് വർധിപ്പിക്കുന്നതിനും

    വിവേകികൾ മാർഗദർശനം നേടുന്നതിനും—

    6 സുഭാഷിതങ്ങളും സാദൃശ്യകഥകളും

    സൂക്തങ്ങളും കടങ്കഥകളും ഗ്രഹിക്കുന്നതിനും

    ഇവ പ്രയോജനപ്രദമാകും.

  61. 20 അങ്ങനെ, അയാൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ അടുത്തേക്കു യാത്രയായി.

    “വളരെ ദൂരെവെച്ചുതന്നെ പിതാവ് അവനെ കണ്ടു, അവനോടു സഹതാപം തോന്നി; അദ്ദേഹം ഓടിച്ചെന്ന് അവനെ ആലിംഗനംചെയ്തു ചുംബിച്ചു.

  62. 21 ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ, തന്റെ പ്രസവസമയം വന്നിരിക്കുന്നതുകൊണ്ട് വേദനപ്പെടുന്നു. എന്നാൽ കുഞ്ഞു പിറന്നതിനുശേഷം, ഒരു വ്യക്തി ലോകത്തിലേക്കു പിറന്നതിന്റെ ആനന്ദത്താൽ അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല.

  63. 1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്. 2 എനിക്കു പ്രവചിക്കാനുള്ള കൃപാദാനം ലഭിച്ചാലും, സകലദിവ്യരഹസ്യങ്ങളും സകലജ്ഞാനവും ഗ്രഹിക്കാൻകഴിഞ്ഞാലും, മലകളെ നീക്കംചെയ്യാൻകഴിയുന്ന വിശ്വാസം ഉണ്ടായിരുന്നാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. 3 എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.

    4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.

  64. 4 എന്നാൽ, ഒരു വിധവയ്ക്കു മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തം കുടുംബത്തിൽത്തന്നെ ദൈവഭക്തി പ്രായോഗികമാക്കി തങ്ങളുടെ മാതാപിതാക്കൾക്കു പ്രത്യുപകാരം ചെയ്യാൻ പഠിക്കട്ടെ. ഇത് ദൈവദൃഷ്ടിയിൽ സ്വീകാര്യമാണ്.