50 Bible Verses About Motherly Love
Biblica® Open Malayalam Contemporary Version™ (OMCV)
-
25 അവൾ ബലവും ബഹുമാനവും അണിഞ്ഞിരിക്കുന്നു;
അവൾ ഭാവിയെ നോക്കി പുഞ്ചിരിതൂകുന്നു.
26 അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു,
അവളുടെ നാവിൽ വിശ്വസനീയമായ ഉപദേശങ്ങളുണ്ട്.
27 തന്റെ കുടുംബത്തിലെ സകലകാര്യങ്ങളും അവൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു.
അലസതയിൽ നേടിയ ആഹാരം അവൾ ഭക്ഷിക്കുന്നില്ല.
28 അവളുടെ മക്കൾ എഴുന്നേറ്റ് അനുഗ്രഹിക്കപ്പെട്ടവൾ എന്ന് അവളെ പുകഴ്ത്തുന്നു;
അവളുടെ ഭർത്താവും അവളെ പുകഴ്ത്തുന്നു:
29 “സദ്ഗുണങ്ങളുള്ള ധാരാളം വനിതകളുണ്ട്,
എന്നാൽ അവരെയെല്ലാവരെക്കാളും നീ ശ്രേഷ്ഠയാണ്.”
30 വശ്യത വഞ്ചനാപരമാണ്, സൗന്ദര്യം നൈമിഷികവുമാണ്;
എന്നാൽ യഹോവയെ ഭയപ്പെടുന്ന വനിത പ്രശംസിക്കപ്പെടും.
31 അവളുടെ അധ്വാനത്തിന്റെ പ്രതിഫലം അവൾക്കു നൽകുക,
അവളുടെ പ്രവൃത്തികൾ നഗരകവാടങ്ങളിൽ പ്രകീർത്തിക്കപ്പെടട്ടെ.
-
പരിസമാപ്തി: കുലീനത്വമുള്ള ഭാര്യയുടെ ഗുണമഹിമകൾ
10 ചാരുശീലയാം പത്നിയെ കണ്ടെത്താൻ ആർക്കു കഴിയും?
അവളുടെ മൂല്യം മാണിക്യത്തെക്കാൾ എത്രയോ അധികം.
11 അവളുടെ ഭർത്താവ് അവളിൽ സമ്പൂർണ വിശ്വാസം അർപ്പിച്ചിരിക്കുന്നു
അവന് മൂല്യവത്തായ ഒന്നിനും കുറവില്ല.
12 അവളുടെ ജീവിതകാലമെല്ലാം
അവൾ അയാൾക്കു തിന്മയല്ല, നന്മതന്നെ വരുത്തുന്നു.
-
22 നിനക്കു ജന്മംനൽകിയ നിന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക,
നിന്റെ മാതാവ് വാർധക്യത്തിലെത്തുമ്പോൾ അവരെ നിന്ദിക്കരുത്.
23 സത്യം കരസ്ഥമാക്കുക, അതിനെ വിൽക്കരുത്;
ജ്ഞാനവും ശിക്ഷണവും തിരിച്ചറിവും സ്വായത്തമാക്കുക.
24 നീതിനിഷ്ഠരുടെ പിതാവിന് അത്യധികം സന്തോഷമുണ്ട്;
ജ്ഞാനിയായ ഒരു കുഞ്ഞിനു ജന്മം നൽകുന്ന പിതാവ് ആ കുഞ്ഞിൽ ആനന്ദിക്കും.
25 നിന്റെ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കട്ടെ;
നിന്നെ പ്രസവിച്ച നിന്റെ മാതാവ് ആനന്ദിക്കട്ടെ.
-
13 ആകാശമേ, ആനന്ദത്താൽ ആർപ്പിടുക;
ഭൂമിയേ, ആഹ്ലാദിക്കുക;
പർവതങ്ങളേ, പൊട്ടിയാർക്കുക!
കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു,
തന്റെ പീഡിതരോട് അവിടത്തേക്ക് കനിവും തോന്നുന്നു.
14 എന്നാൽ സീയോൻ, “യഹോവ എന്നെ ഉപേക്ഷിച്ചു,
കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറഞ്ഞു.
15 “ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ?
തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ?
ഒരു അമ്മ മറന്നാലും
ഞാൻ നിങ്ങളെ മറക്കുകയില്ല!
16 ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു;
നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
17 നിന്റെ മക്കൾ വേഗം വരും,
നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകും.
-
3 അങ്ങനെതന്നെ, നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളും ജീവിതത്തിൽ നല്ല പെരുമാറ്റമുള്ളവരും പരദൂഷണം പറയാത്തവരും മദ്യപിക്കാത്തവരും നല്ലതു പഠിപ്പിക്കുന്നവരുമായിരിക്കാൻ ഉപദേശിക്കുക. 4 ദൈവവചനം അപകീർത്തിപ്പെടാതെ ഇരിക്കേണ്ടതിന് സ്വന്തം ഭർത്താക്കന്മാരെയും മക്കളെയും സ്നേഹിക്കുന്നവരും 5 ആത്മനിയന്ത്രണമുള്ളവരും നിർമലരും വീട്ടുകാര്യങ്ങൾ നന്നായി നോക്കുന്നവരും ദയാശീലരും തങ്ങളുടെ ഭർത്താക്കന്മാർക്കു വിധേയപ്പെടുന്നവരും ആയിരിക്കാൻ യുവതികളെ പ്രോത്സാഹിപ്പിക്കുക.
-
13 അമ്മ അവളുടെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ
ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും;
നിങ്ങൾ ജെറുശലേമിനെക്കുറിച്ച് ആശ്വസ്തരാകും.”
-
12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനു നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.
-
ജ്ഞാനം സമ്പാദിക്കുന്നതിനുള്ള ആഹ്വാനം
8 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ ശിക്ഷണം ശ്രദ്ധിക്കുകയും
നിന്റെ മാതാവിന്റെ ഉപദേശം അവഗണിക്കുകയും അരുത്.
9 അവ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടവും
നിന്റെ കഴുത്തിൽ ഒരു അലങ്കാരഹാരവും ആയിരിക്കും.
-
3 എന്റെ പൂർവികരെപ്പോലെതന്നെ ഞാനും നിർമല മനസ്സാക്ഷിയോടെ സേവിക്കുന്ന ദൈവത്തിന്റെസന്നിധിയിൽ രാവും പകലും നിരന്തരം നിന്നെ ഓർത്തുകൊണ്ട് എന്റെ പ്രാർഥനയിൽ ദൈവത്തിനു സ്തോത്രംചെയ്യുന്നു. 4 നിന്റെ കണ്ണുനീർ ഓർക്കുമ്പോൾ, നിന്നെ കണ്ട് ആനന്ദപൂരിതനാകാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. 5 നിന്റെ നിർവ്യാജവിശ്വാസം എന്റെ ഓർമയിലുണ്ട്. ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; ഇപ്പോൾ നിന്നിലും ഉണ്ടെന്ന് എനിക്കുറപ്പുണ്ട്.
-
1 മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ കർത്താവിൽ അനുസരിക്കുക. അതാണ് ഉചിതം. 2-3 വാഗ്ദാനത്തോടുകൂടിയ ആദ്യകൽപ്പന, “നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക. എന്നാൽ നിനക്ക് അനുഗ്രഹങ്ങളോടുകൂടിയ ദീർഘായുസ്സ് ഈ ഭൂമിയിൽ ലഭ്യമാകും” എന്നാണല്ലോ.
-
20 ആദാം തന്റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു; കാരണം അവൾ ജീവനുള്ളവർക്കെല്ലാം മാതാവാണല്ലോ.
-
6 കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക,
വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.
-
20 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിക്കുക
നിന്റെ മാതാവിന്റെ ഉപദേശം ഉപേക്ഷിക്കുകയും ചെയ്യരുത്.
21 അവ എപ്പോഴും നിന്റെ ഹൃദയത്തോടു ചേർത്തുബന്ധിക്കുക;
അവ നിന്റെ കഴുത്തിനുചുറ്റും ഉറപ്പിക്കുക.
22 നീ നടക്കുമ്പോൾ അവ നിനക്കു വഴികാട്ടും;
നീ ഉറങ്ങുമ്പോൾ അവ നിനക്കു കാവലാളായിരിക്കും;
നീ ഉണരുമ്പോൾ അവ നിന്നെ ഉപദേശിക്കും.
23 കാരണം ഈ കൽപ്പന ഒരു ദീപവും
ഈ ഉപദേശം ഒരു പ്രകാശവും ആകുന്നു,
ശിക്ഷണത്തിനുള്ള ശാസനകൾ
ജീവന്റെ മാർഗംതന്നെ,
24 അവ നിന്നെ വ്യഭിചാരിണിയിൽനിന്നും
ലൈംഗികധാർമികതയില്ലാത്തവളുടെ മധുരഭാഷണത്തിൽനിന്നും സൂക്ഷിക്കും.
-
15 വടിയും കർക്കശമായ താക്കീതും ജ്ഞാനംനൽകുന്നു,
ശിക്ഷണംലഭിക്കാതെ ജീവിക്കുന്ന സന്തതി തന്റെ മാതാവിന് അപമാനംവരുത്തുന്നു.
16 ദുഷ്ടർ വർധിക്കുമ്പോൾ, പാപവും വർധിക്കുന്നു,
എന്നാൽ നീതിനിഷ്ഠർ അവരുടെ തകർച്ച കാണും.
17 നിങ്ങളുടെ കുഞ്ഞുങ്ങളെ ശിക്ഷണത്തിൽ വളർത്തുക, അവർ നിങ്ങൾക്കു സ്വസ്ഥതനൽകും;
നിങ്ങൾ ആഗ്രഹിക്കുന്ന ആനന്ദംനൽകും.
-
25 ക്രൂശിനരികെ യേശുവിന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും നിന്നിരുന്നു. 26 അമ്മയും താൻ സ്നേഹിച്ച ശിഷ്യനും സമീപത്തുനിൽക്കുന്നതു കണ്ടിട്ട് യേശു അമ്മയോട്, “സ്ത്രീയേ, ഇതാ നിന്റെ മകൻ!” എന്നും 27 ശിഷ്യനോട്, “ഇതാ നിന്റെ അമ്മ!” എന്നും പറഞ്ഞു. ആ സമയംമുതൽ ആ ശിഷ്യൻ യേശുവിന്റെ അമ്മയെ സ്വന്തംഭവനത്തിൽ സ്വീകരിച്ചു.
-
24 അപ്പോൾ, “ഒരു വാൾ കൊണ്ടുവരിക!” എന്നു രാജാവു കൽപ്പിച്ചു. പരിചാരകർ രാജാവിനുവേണ്ടി ഒരു വാൾ കൊണ്ടുവന്നു. 25 അപ്പോൾ അദ്ദേഹം ആജ്ഞാപിച്ചത്: “ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർക്കുക; ഒരുപകുതി ഒരുവൾക്കും മറ്റേപകുതി മറ്റവൾക്കും കൊടുക്കുക.”
26 ഉടനെ, ജീവനുള്ള കുഞ്ഞിന്റെ യഥാർഥ മാതാവ്, കുഞ്ഞിനോടുള്ള ആർദ്രസ്നേഹത്താൽ രാജാവിനോട് വിളിച്ചുപറഞ്ഞത്: “അയ്യോ! എന്റെ യജമാനനേ, ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ! അതിനെ അവൾക്കു കൊടുത്താലും!”
എന്നാൽ, മറ്റേ സ്ത്രീ: “വേണ്ട, എനിക്കും വേണ്ട നിനക്കും വേണ്ട. അതിനെ രണ്ടായി പിളർക്കട്ടെ!” എന്നു പറഞ്ഞു.
27 ഉടനെ, രാജാവു വിധി പ്രസ്താവിച്ചത്: “ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; അതിനെ ഒന്നാമത്തെ സ്ത്രീക്കു കൊടുക്കുക; അവളാണ് അതിന്റെ അമ്മ.”
28 രാജാവു കൽപ്പിച്ച വിധി ഇസ്രായേലെല്ലാം അറിഞ്ഞു. നീതി നടപ്പാക്കുന്നതിന് ദൈവത്തിന്റെ ജ്ഞാനം അദ്ദേഹത്തിനുണ്ടെന്ന് അവർക്കു ബോധ്യമായി. അതുകൊണ്ട്, ജനം അദ്ദേഹത്തെ വളരെ ആദരവോടുകൂടിയാണു കണ്ടത്.
-
16 നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്നതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചപ്രകാരം നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.
-
46 ഇതിന് മറിയ പ്രതിവചിച്ചത്:
“എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു;
47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു.
48 അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ
പരിഗണിച്ചല്ലോ;
ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും.
-
51 അതിനുശേഷം യേശു അവരോടുകൂടെ നസറെത്തിലേക്കുപോയി അവർക്ക് അനുസരണയുള്ളവനായി കഴിഞ്ഞു. അവന്റെ മാതാവ് ഈ കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു. 52 യേശുവോ, ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിലും മുന്നേറിക്കൊണ്ടിരുന്നു.
-
4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.
8 സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും.
-
1 നിന്നെക്കാൾ പ്രായമുള്ള പുരുഷനെ ശകാരിക്കരുത്, പകരം അയാളോട്, പിതാവിനോട് എന്നപോലെ അഭ്യർഥിക്കുകയാണ് വേണ്ടത്. 2 പ്രായംകുറഞ്ഞവരെ സഹോദരന്മാരെപ്പോലെയും നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും പ്രായം കുറഞ്ഞ സ്ത്രീകളെ പൂർണനിർമല മനോഭാവത്തോടെ സഹോദരിമാരെപ്പോലെയും കരുതുക.
-
3 മക്കൾ യഹോവയിൽനിന്നുള്ള പൈതൃകാവകാശം.
ഉദരഫലം അവിടന്നു നൽകുന്ന പ്രതിഫലവുമാണ്.
4 ഒരാൾക്കു തന്റെ യൗവനത്തിൽ പിറക്കുന്ന മക്കൾ
ഒരു യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്.
5 അവരെക്കൊണ്ട് തന്റെ ആവനാഴി നിറച്ചിട്ടുള്ള
പുരുഷൻ അനുഗൃഹീതൻ.
നഗരകവാടത്തിൽവെച്ച് തങ്ങളുടെ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ
അവർ ലജ്ജിതരാകുകയില്ല.
-
4 ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും ദൈവം കൽപ്പിച്ചിരിക്കുന്നു. 5 എന്നാൽ നിങ്ങൾ: ‘ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ, ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ എന്നു പറഞ്ഞാൽ, അയാൾ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതില്ല എന്നല്ലേ. 6 ഇങ്ങനെയായാൽ അയാൾ പിന്നെ ‘മാതാപിതാക്കളെ ആദരിക്കേണ്ടതില്ല’ എന്നും നിങ്ങൾ പറയുന്നു. ഈ വിധത്തിൽ, നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പന അസാധുവാക്കുകയല്ലേ?
-
1 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക. 2 വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും. 3 വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം; 4 പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം.
-
9 നിങ്ങൾ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കാതിരിക്കാനും അവ ജീവിതകാലത്ത് ഒരിക്കൽപോലും നിങ്ങളുടെ ഹൃദയത്തിൽനിന്നു മാഞ്ഞുപോകാതിരിക്കാനും നിങ്ങളെത്തന്നെ സൂക്ഷ്മതയോടെ കാത്തുകൊള്ളണം. നിങ്ങളുടെ മക്കളോടും അവരുടെ മക്കളോടും അവ ഉപദേശിക്കണം. 10 ഹോരേബിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം ഓർത്തുകൊള്ളണം. അന്ന് യഹോവ എന്നോട്, “ജനത്തെ എന്റെ സന്നിധിയിൽ വിളിച്ചുകൂട്ടുക, ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും. അവർ ഭൂമിയിൽ ജീവിക്കുന്ന നാളുകളെല്ലാം എന്നെ ഭയപ്പെടാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കൽപ്പിച്ചു.
-
44 “ ‘പഴഞ്ചൊല്ലുകൾ ഉദ്ധരിക്കുന്നവരെല്ലാം നിനക്കെതിരേ, “യഥാമാതാ തഥാസുതാ” എന്ന പഴഞ്ചൊല്ല് ഉദ്ധരിക്കും. 45 സ്വന്തം ഭർത്താവിനെയും മക്കളെയും വെറുത്ത നിന്റെ മാതാവിന്റെ പുത്രിതന്നെയാണു നീ. തങ്ങളുടെ ഭർത്താക്കന്മാരെയും മക്കളെയും നിന്ദിച്ച നിന്റെ സഹോദരിമാരുടെ സഹോദരിയാണു നീ. നിന്റെ മാതാവ് ഒരു ഹിത്യസ്ത്രീയും പിതാവ് ഒരു അമോര്യനുമത്രേ.
-
7 പിന്നെയോ, ഞങ്ങൾ നിങ്ങളുടെ മധ്യത്തിൽ ശിശുക്കളെപ്പോലെയായിരുന്നു.
ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെയാണ് ഞങ്ങൾ നിങ്ങളെ ആർദ്രതയോടെ പരിചരിച്ചത്. 8 നിങ്ങൾ ഞങ്ങളുടെ വത്സലർ ആയിത്തീർന്നതിനാൽ, ദൈവത്തിന്റെ സുവിശേഷംമാത്രമല്ല; ഞങ്ങളുടെ പ്രാണനുംകൂടി നിങ്ങൾക്കായി നൽകാൻ ഞങ്ങൾ തൽപ്പരർ ആയിരുന്നു.
-
23 അവളുടെ ഭർത്താവായ എൽക്കാനാ അവളോട്: “നിനക്ക് യുക്തമെന്നു തോന്നുന്നതു ചെയ്യുക; കുഞ്ഞിന്റെ മുലകുടിമാറുംവരെ ഇവിടെ പാർക്കുക. യഹോവ തന്റെ വചനം നിറവേറ്റട്ടെ!” എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ച്, കുഞ്ഞിന്റെ മുലകുടിമാറുംവരെ അവനെ മുലയൂട്ടിവളർത്തി.
24 പൈതലിന്റെ മുലകുടി മാറിയപ്പോൾ ഹന്നാ മൂന്നുവയസ്സുള്ള ഒരു കാളക്കിടാവ്, ഒരു ഏഫാ ധാന്യമാവ്, ഒരു തുരുത്തി വീഞ്ഞ് ഇവയെടുത്ത്, കുഞ്ഞിനെയുംകൂട്ടി ശീലോവിൽ യഹോവയുടെ ആലയത്തിൽ ചെന്നു. പൈതൽ നന്നേ ചെറുപ്പമായിരുന്നു. 25 അവർ കാളക്കിടാവിനെ യാഗമർപ്പിച്ചു; അതിനുശേഷം ബാലനെ ഏലിയുടെമുമ്പിൽ കൊണ്ടുവന്നു. 26 അവൾ അദ്ദേഹത്തോടു പറഞ്ഞു: “പ്രഭോ, ക്ഷമിക്കണമേ, യജമാനനാണെ, അങ്ങയുടെ സമീപത്തുനിന്ന് യഹോവയോടു പ്രാർഥിച്ച സ്ത്രീയാണു ഞാൻ. 27 ഞാൻ ഈ ബാലനുവേണ്ടി യഹോവയോടു പ്രാർഥിച്ചു; ഞാൻ പ്രാർഥിച്ചത് യഹോവ എനിക്കു നൽകിയിരിക്കുന്നു. 28 അതിനാൽ ഇവനെ ഞാനിപ്പോൾ യഹോവയ്ക്കു സമർപ്പിക്കുന്നു. അവന്റെ ജീവിതകാലംമുഴുവൻ അവൻ യഹോവയ്ക്കു സമർപ്പിക്കപ്പെട്ടവനായിരിക്കും.” അവർ അവിടെ യഹോവയെ ആരാധിച്ചു.
-
13 അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്;
എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.
14 സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;
അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്,
അതെനിക്കു നന്നായി അറിയാം.
-
16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.
-
14 ഇതു കേട്ടപ്പോൾ അവർ പിന്നെയും പൊട്ടിക്കരഞ്ഞു. അപ്പോൾ ഓർപ്പാ അമ്മായിയമ്മയെ ചുംബിച്ചതിനുശേഷം യാത്രയായി; എന്നാൽ രൂത്ത് അവളോടു ചേർന്നുനിന്നു.
15 അപ്പോൾ നവൊമി: “നോക്കൂ, നിന്റെ നാത്തൂൻ അവളുടെ ജനത്തിന്റെയും അവളുടെ ദേവന്മാരുടെയും അടുത്തേക്കു മടങ്ങിപ്പോകുന്നു; അവളെപ്പോലെതന്നെ നീയും പോകുക” എന്നു പറഞ്ഞു.
16 അതിനു രൂത്ത് അവളോട് ഇങ്ങനെ മറുപടി പറഞ്ഞു: “അമ്മയെ ഉപേക്ഷിക്കാനോ മടങ്ങിപ്പോകാനോ എന്നെ നിർബന്ധിക്കരുത്. അമ്മ പോകുന്നേടത്ത് ഞാനും പോകും; അമ്മ താമസിക്കുന്നേടത്ത് ഞാനും താമസിക്കും. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും. 17 അമ്മ എവിടെ മരിക്കുന്നോ അവിടെ ഞാനും മരിച്ച് അടക്കപ്പെടും. മരണത്താൽ അല്ലാതെ മറ്റെന്തിനാലെങ്കിലും ഞാൻ അമ്മയെ ഉപേക്ഷിച്ചുപോയാൽ അതിനനുസരിച്ച് യഹോവ എന്നോട് പ്രതികാരംചെയ്യട്ടെ.”
-
22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല.
-
8 സർവോപരി പരസ്പരം അഗാധമായി സ്നേഹിക്കുക; സ്നേഹം സംഖ്യാതീതമായ പാപങ്ങൾ മറയ്ക്കുന്നു.
-
14 പിറ്റേദിവസം അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, കുറെ ഭക്ഷണവും ഒരു തുകൽക്കുടം നിറയെ വെള്ളവും എടുത്തു ഹാഗാറിനു കൊടുത്തു. അദ്ദേഹം അത് അവളുടെ തോളിൽ വെച്ചുകൊടുത്തിട്ട് അവളെയും കുട്ടിയെയും പറഞ്ഞയച്ചു. അവൾ യാത്രചെയ്ത് ബേർ-ശേബാ മരുഭൂമിയിലെത്തി അലഞ്ഞുനടന്നു.
15 കുടത്തിലെ വെള്ളം തീർന്നപ്പോൾ അവൾ ബാലനെ ഒരു കുറ്റിച്ചെടിയുടെ ചുവട്ടിലാക്കി. 16 പിന്നെ അവൾ പോയി, ഏകദേശം ഒരു അമ്പിൻപാട് അകലെ ഇരുന്നു. “ബാലൻ മരിക്കുന്നത് എനിക്കു കാണാൻ വയ്യ” എന്നു പറഞ്ഞുകൊണ്ട് അവനെതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു.
-
37 “ജെറുശലേമേ, ജെറുശലേമേ, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്കയയ്ക്കപ്പെട്ട സന്ദേശവാഹകരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തണയ്ക്കാൻ എത്രതവണ ഞാൻ ആഗ്രഹിച്ചു; നിങ്ങൾക്കോ അത് ഇഷ്ടമായില്ല. 38 ഇതാ, നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.
-
34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.
35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. 36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം. 37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.
38 “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.
-
13 എന്നാൽ ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും സുസ്ഥിരമായിരിക്കും; ഇവയിൽ ഏറ്റവും മഹത്തായതോ സ്നേഹംതന്നെ.
-
14 എന്നാൽ, നീ പഠിച്ചകാര്യങ്ങളിൽ വിശ്വസ്തനായി തുടരുക; അവ സത്യമാണെന്ന് നിനക്കറിയാം. കാരണം നിന്നെ ഉപദേശിച്ചവർ വിശ്വാസയോഗ്യരാണ്. 15 ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിലൂടെ രക്ഷനേടുന്നതിന് ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതലേ അറിഞ്ഞിരിക്കുന്നല്ലോ.
-
17 “അപ്പനെയോ അമ്മയെയോ ശപിക്കുന്നവരും മരണശിക്ഷ അനുഭവിക്കണം.
-
6 നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് 7 അവ നീ നിങ്ങളുടെ മക്കളോട് വീണ്ടും വീണ്ടും ഉപദേശിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം.
-
11 ഒരു കഴുകൻ തന്റെ കൂടിളക്കി
കുഞ്ഞുങ്ങളുടെമേൽ വട്ടമിട്ടു പറക്കുകയും
ചിറകുവിരിച്ച് അവയെ ഉയർത്തുകയും
ചിറകിൽ അവയെ സുരക്ഷിതമായി വഹിക്കുകയും ചെയ്യുന്നതുപോലെ.
12 യഹോവ ഏകനായി അവനെ നയിച്ചു,
ഒരു അന്യദേവനും അവനോടൊപ്പം ഉണ്ടായിരുന്നില്ല.
-
10 അദ്ദേഹം ജെറുശലേമിൽ നാൽപ്പത്തിയൊന്നുവർഷം വാണരുളി. അദ്ദേഹത്തിന്റെ വലിയമ്മയുടെ പേര് മയഖാ എന്നായിരുന്നു. അവൾ അബീശാലോമിന്റെ മകളായിരുന്നു.
-
1 ജ്ഞാനമുള്ള വനിത തന്റെ വീട് പണിയുന്നു,
എന്നാൽ ഭോഷയായവൾ സ്വന്തം കൈകൊണ്ട് തന്റെ ഭവനം ഇടിച്ചുതകർക്കുന്നു.
-
11 “എന്റെ ഓഹരി കൊള്ളയിട്ടവരേ,
നിങ്ങൾ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതുകൊണ്ട്,
ധാന്യം മെതിക്കുന്ന ഒരു പശുക്കിടാവിനെപ്പോലെ നിങ്ങൾ തുള്ളിച്ചാടുന്നതുകൊണ്ടും
വിത്തുകുതിരകളെപ്പോലെ ഹർഷാരവം മുഴക്കുന്നതുകൊണ്ടും,
12 നിങ്ങളുടെ മാതാവ് ഏറ്റം ലജ്ജിച്ചുപോകും;
നിന്നെ പ്രസവിച്ചവൾ അപമാനിതയാകും.
അവൾ രാഷ്ട്രങ്ങളിൽവെച്ച് ഏറ്റവും ചെറിയവളാകും—
ഒരു മരുഭൂമിയും വരണ്ടദേശവും ശൂന്യസ്ഥലവുമാകും.
13 യഹോവയുടെ കോപംനിമിത്തം അവൾ,
നിവാസികളില്ലാതെ തികച്ചും ശൂന്യമായിത്തീരും.
ബാബേലിനരികേകൂടി യാത്രചെയ്യുന്നവരെല്ലാം സംഭ്രാന്തരായി,
അവർക്കേറ്റ എല്ലാ മുറിവുകളും കണ്ട് ഏങ്ങലടിക്കും.
14 “വില്ലുകുലയ്ക്കുന്ന ഏവരുമേ,
ബാബേലിനെതിരേ എല്ലാവശങ്ങളിൽനിന്നും യുദ്ധത്തിന് അണിനിരക്കുക.
അവൾക്കുനേരേ നിർല്ലോഭം അസ്ത്രം തൊടുത്തുവിടുക,
കാരണം അവൾ യഹോവയ്ക്കെതിരേ പാപംചെയ്തിരിക്കുന്നു.
15 എല്ലാ ഭാഗത്തുനിന്നും അവൾക്കെതിരേ യുദ്ധഘോഷം മുഴക്കുക!
അവൾ കീഴടങ്ങുന്നു, അവളുടെ ഗോപുരങ്ങൾ വീഴുന്നു,
അവളുടെ കോട്ടകൾ ഇടിച്ചുനിരത്തപ്പെടുന്നു.
ഇത് യഹോവയുടെ പ്രതികാരമാകുകയാൽ,
അവൾ മറ്റുള്ളവരോടു ചെയ്തതുപോലെതന്നെ
അവളോടും പകരംവീട്ടുക.
-
19 അവിടന്ന് നമ്മെ ആദ്യം സ്നേഹിച്ചതുകൊണ്ടാണ് നാം സ്നേഹിക്കുന്നത്.
-
4 എന്റെ മക്കൾ സത്യം അനുസരിച്ച് ജീവിക്കുന്നു എന്നു കേൾക്കുന്നതിലും അധികം ആനന്ദം എനിക്കു വേറെയില്ല.
-
19 എല്ലാവർഷവും അവന്റെ അമ്മ അവനുവേണ്ടി ഓരോ ചെറിയ ഉടുപ്പുണ്ടാക്കിക്കുകയും ഭർത്താവിനോടൊത്ത് വാർഷികയാഗത്തിനായി വരുമ്പോൾ അത് അവനു കൊടുക്കുകയും ചെയ്യുമായിരുന്നു.
-
5 യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു. 6 അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു. 7 എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.
-
13 സ്നേഹിതർക്കുവേണ്ടി സ്വജീവനെ അർപ്പിക്കുന്നതിലും വലിയ സ്നേഹം ആർക്കും ഇല്ല.
-
38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.
Shows Read in context, Share and Copy.