37 Bible Verses About School

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About School
  1. 4 ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ. 5 നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം. 6 നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് 7 അവ നീ നിങ്ങളുടെ മക്കളോട് വീണ്ടും വീണ്ടും ഉപദേശിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. 8 അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. 9 അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം.

  2. 1 എന്റെ കുഞ്ഞേ, നീ എന്റെ വചനങ്ങൾ സ്വീകരിച്ച്

    എന്റെ കൽപ്പനകൾ നിന്റെയുള്ളിൽ സൂക്ഷിച്ചുവെക്കുകയും

    2 ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും

    വിവേകത്തിനായി ഹൃദയം ശ്രദ്ധയോടെ വെക്കുകയുംചെയ്യുക.

    3 ഉൾക്കാഴ്ചയ്ക്കുവേണ്ടി കേണപേക്ഷിക്കുകയും

    വിവേകത്തിനായി നിലവിളിക്കുകയും ചെയ്യുക.

    4 അതിനെ നീ വെള്ളി എന്നതുപോലെ അന്വേഷിക്കുകയും

    നിഗൂഢനിധി എന്നതുപോലെ തേടുകയും ചെയ്യുക.

    5 അപ്പോൾ നീ യഹോവയോടുള്ള ഭക്തി എന്തെന്നു ഗ്രഹിക്കുകയും,

    ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

    6 കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്;

    പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്.

  3. 14 എന്നാൽ, നീ പഠിച്ചകാര്യങ്ങളിൽ വിശ്വസ്തനായി തുടരുക; അവ സത്യമാണെന്ന് നിനക്കറിയാം. കാരണം നിന്നെ ഉപദേശിച്ചവർ വിശ്വാസയോഗ്യരാണ്. 15 ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിലൂടെ രക്ഷനേടുന്നതിന് ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതലേ അറിഞ്ഞിരിക്കുന്നല്ലോ. 16 എല്ലാ തിരുവെഴുത്തും ദൈവനിശ്വസിതമാണ്; അത് ഉപദേശിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയുക്തമായ ജീവിതം അഭ്യസിപ്പിക്കാനും പ്രയോജനപ്രദമാണ്. 17 അങ്ങനെ ദൈവമനുഷ്യൻ നൈപുണ്യമുള്ളവനായി സകലസൽപ്രവൃത്തികൾക്കും സുസജ്ജനായിത്തീരുന്നു.

  4. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

  5. 5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക

    സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

    6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,

    അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

  6. 1 മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ കർത്താവിൽ അനുസരിക്കുക. അതാണ് ഉചിതം. 2-3 വാഗ്ദാനത്തോടുകൂടിയ ആദ്യകൽപ്പന, “നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക. എന്നാൽ നിനക്ക് അനുഗ്രഹങ്ങളോടുകൂടിയ ദീർഘായുസ്സ് ഈ ഭൂമിയിൽ ലഭ്യമാകും” എന്നാണല്ലോ.

    4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്; അവരെ ശിക്ഷണത്തിലും കർത്താവിന്റെ സദുപദേശത്തിലും വളർത്തുക.

  7. 9 അവരിൽ മറ്റുചിലർ ചെയ്തതുപോലെ നാം ക്രിസ്തുവിനെ പരീക്ഷിക്കരുത്; അവർ സർപ്പദംശനമേറ്റ് മരിച്ചല്ലോ. 10 അവരിൽ വേറെചിലർ ചെയ്തതുപോലെ നാം മുറുമുറുക്കുന്നവരും ആകരുത്; അവരെ സംഹാരദൂതൻ കൊന്നുകളഞ്ഞല്ലോ.

    11 ഈ കാര്യങ്ങൾ അവർക്ക് ഉദാഹരണങ്ങളായി സംഭവിച്ചു; യുഗസമാപ്തിയോടടുത്തു ജീവിക്കുന്ന നമുക്കു മുന്നറിയിപ്പായി എഴുതപ്പെട്ടിരിക്കുന്നു. 12 അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ. 13 മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.

  8. 22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല.

  9. 11 എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. 12 ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.

  10. 4 നാം അവ അവരുടെ മക്കളിൽനിന്ന് മറച്ചുവെക്കുകയില്ല;

    യഹോവയുടെ മഹത്തായ പ്രവൃത്തികളെപ്പറ്റി,

    അവിടത്തെ ശക്തിയെയും അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികളെയുംപറ്റിയും

    ഞങ്ങൾ അടുത്ത തലമുറയോട് പ്രസ്താവിക്കും.

    5 അവിടന്ന് യാക്കോബിന് തന്റെ നിയമവ്യവസ്ഥകൾ ഉത്തരവിടുകയും

    ഇസ്രായേലിൽ ന്യായപ്രമാണം സ്ഥാപിക്കുകയും ചെയ്തു—

    നമ്മുടെ പൂർവികരോട് അവരുടെ മക്കൾക്ക്

    ഉപദേശിച്ചുനൽകണമെന്ന് അവിടന്ന് ആജ്ഞാപിച്ചവതന്നെ—

    6 അങ്ങനെ അടുത്ത തലമുറ ആ കൽപ്പനകൾ അറിയും

    ഇനി ജനിക്കാനിരിക്കുന്ന മക്കളും!

    അവർ അവരുടെ മക്കളെ അത് പഠിപ്പിക്കുകയും ചെയ്യും.

    7 അപ്പോൾ അവർ ദൈവത്തിൽ തങ്ങളുടെ ആശ്രയംവെക്കുകയും

    അവിടത്തെ പ്രവൃത്തികൾ മറക്കാതെ

    അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യും.

    8 അവർ തങ്ങളുടെ പൂർവികരെപ്പോലെ

    ദുശ്ശാഠ്യമുള്ളവരും മത്സരികളുമായ ഒരു തലമുറയോ

    അവിശ്വസ്തരും ദൈവത്തോട് കൂറുപുലർത്താത്ത

    ഹൃദയവുമുള്ള ഒരു തലമുറയോ ആകുകയില്ല.

  11. 7 യഹോവാഭക്തി പരിജ്ഞാനത്തിന്റെ ഉറവിടമാകുന്നു

    എന്നാൽ ഭോഷർ ജ്ഞാനവും ശിക്ഷണവും നിരാകരിക്കുന്നു.

  12. 23 നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നപോലെയല്ല, കർത്താവിനെന്നപോലെ ഹൃദയപൂർവം ചെയ്യുക: 24 കർത്താവിന്റെ സമ്പത്തിന്റെ ഓഹരി നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുമെന്നറിയുക. കാരണം, കർത്താവായ ക്രിസ്തുവിനെയാണല്ലോ നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്.

  13. 9 നിങ്ങൾ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കാതിരിക്കാനും അവ ജീവിതകാലത്ത് ഒരിക്കൽപോലും നിങ്ങളുടെ ഹൃദയത്തിൽനിന്നു മാഞ്ഞുപോകാതിരിക്കാനും നിങ്ങളെത്തന്നെ സൂക്ഷ്മതയോടെ കാത്തുകൊള്ളണം. നിങ്ങളുടെ മക്കളോടും അവരുടെ മക്കളോടും അവ ഉപദേശിക്കണം. 10 ഹോരേബിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം ഓർത്തുകൊള്ളണം. അന്ന് യഹോവ എന്നോട്, “ജനത്തെ എന്റെ സന്നിധിയിൽ വിളിച്ചുകൂട്ടുക, ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും. അവർ ഭൂമിയിൽ ജീവിക്കുന്ന നാളുകളെല്ലാം എന്നെ ഭയപ്പെടാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കൽപ്പിച്ചു.

  14. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

  15. 24 നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു സംരക്ഷകനായിരുന്നു ന്യായപ്രമാണം. 25 വിശ്വാസം വന്നുചേർന്നതിനാൽ, നാം ഇനി ആ സംരക്ഷകന്റെ കീഴിലേ അല്ല.

  16. 12 നീ യുവാവാണ് എന്ന കാരണത്താൽ ആരും നിന്നെ അവഗണിക്കാൻ അവസരം നൽകാതെ, സംസാരത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും വിശ്വാസികൾക്കു മാതൃകയായിത്തീരുക.

  17. 2-3 എന്റെ സഹോദരങ്ങളേ, നിങ്ങൾ നാനാവിധത്തിൽ പരിശോധിക്കപ്പെടുമ്പോൾ, വിശ്വാസത്തിന്റെ പരിശോധന നിങ്ങളുടെ സഹനശക്തി വർധിപ്പിക്കുന്നു എന്നറിഞ്ഞ് ഈ പരിശോധനകളെല്ലാം ആനന്ദദായകമെന്നു പരിഗണിക്കുക. 4 എന്നാൽ, നിങ്ങളിലുള്ള സഹനശക്തി നിങ്ങളെ ഒരു കാര്യത്തിന്റെയും അഭാവമില്ലാതെ പരിപക്വതയുള്ളവരും പരിപൂർണരും ആക്കുമാറാകട്ടെ. 5 നിങ്ങളിൽ ഒരാൾക്കു ജ്ഞാനം കുറവാകുന്നു എങ്കിൽ അയാൾ ദൈവത്തോടു യാചിക്കണം. ആരെയും ശകാരിക്കാതെ, എല്ലാവർക്കും എല്ലാം നൽകുന്ന ഔദാര്യനിധിയായ ദൈവം അയാൾക്ക് ജ്ഞാനം നൽകും. 6 എന്നാൽ, അയാൾ ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നയാൾ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്ക്ക് തുല്യം.

  18. 9 ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.”

  19. 17 ഈ നാലു യുവാക്കൾക്ക് ദൈവം എല്ലാ സാഹിത്യ, വിജ്ഞാനശാഖകളിലും അറിവും നൈപുണ്യവും കൊടുത്തു. എല്ലാ ദർശനങ്ങളും സ്വപ്നങ്ങളും വിവേചിക്കാനുള്ള കഴിവും ദാനീയേലിന് ഉണ്ടായിരുന്നു.

  20. 10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു,

    പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു.

  21. 6 കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക,

    വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.

  22. 28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

  23. 11 എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്,

    അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,

    12 കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ

    യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.

    13 ജ്ഞാനം കണ്ടെത്തുകയും

    വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ,

    14 കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും

    കനകത്തെക്കാൾ ലാഭകരവുമാണ്.

    15 അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്;

    നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.

    16 അവൾ വലതുകരത്തിൽ ദീർഘായുസ്സും;

    ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു.

    17 അവളുടെ വഴികൾ ആനന്ദഹേതുവും

    അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു.

    18 അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം;

    അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.

  24. 11 ജ്ഞാനിയുടെ വചസ്സുകൾ ഇടയന്മാരുടെ വടിപോലെയും; ജ്ഞാനവചസ്സുകളുടെ ശേഖരം യജമാനന്റെ വടിയിൽ തറച്ചുവെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു—ഇവയെല്ലാം ഒരു ഇടയന്റെ അനുശാസനമാണ്. 12 എന്റെ കുഞ്ഞേ ഇതിനെല്ലാമുപരി, ജാഗ്രതപുലർത്തുക.

    പുസ്തകം ചമയ്ക്കുന്നതിന് അവസാനമില്ല; അധികം പഠനം ശരീരത്തെ തളർത്തുന്നു.

  25. 16 ശിഷ്യന്മാർ പതിനൊന്നുപേരും ഗലീലയിലേക്ക്, യേശു തങ്ങളോടു പോകണമെന്നു കൽപ്പിച്ചിരുന്ന മലയിലേക്കുതന്നെ യാത്രതിരിച്ചു. 17 യേശുവിനെ കണ്ടപ്പോൾ അവർ അവിടത്തെ നമസ്കരിച്ചു; ചിലരോ, സംശയിച്ചു. 18 യേശു തന്റെ ശിഷ്യന്മാരുടെ അടുത്തേക്ക് വന്ന്, “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകിയിരിക്കുന്നു. 19-20 അതുകൊണ്ട് നിങ്ങൾ പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കൽപ്പിച്ചതെല്ലാം അനുവർത്തിക്കാൻ അവരെ ഉപദേശിച്ചുംകൊണ്ട് സകലജനതയെയും എന്റെ ശിഷ്യരാക്കുക. ഞാൻ യുഗാന്ത്യംവരെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, നിശ്ചയം,” എന്നു കൽപ്പിച്ചു.

  26. 3 “കിലിക്യാപ്രവിശ്യയിൽ തർസൊസിൽ ജനിച്ച ഒരു യെഹൂദനാണു ഞാൻ. എന്നാൽ, വളർന്നത് ഈ നഗരത്തിലാണ്. ഗമാലിയേലിന്റെ കീഴിൽ നമ്മുടെ പിതാക്കന്മാരുടെ ന്യായപ്രമാണം സംബന്ധിച്ച് എനിക്ക് സമഗ്രമായ ശിക്ഷണം ലഭിച്ചു. ഇന്നു നിങ്ങളിൽ ഏതൊരാളും ആയിരിക്കുന്നതുപോലെതന്നെ ഞാനും ദൈവത്തിനുവേണ്ടി വളരെ തീക്ഷ്ണതയുള്ളവനായിരുന്നു.

  27. 33 വഴിതെറ്റിക്കപ്പെടരുത്. “ഹീനമായ സൗഹൃദം സദ്ഗുണങ്ങളെ ദുഷിപ്പിക്കുന്നു.”

  28. 14 ഇതിനാൽ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലകുടുംബങ്ങൾക്കും പേരു ലഭിക്കാൻ കാരണമായ 15 പിതാവിന്റെ സന്നിധിയിൽ ഞാൻ മുട്ടുമടക്കുന്നു. 16 ഞാൻ പ്രാർഥിക്കുന്നത് ദൈവം അവിടത്തെ തേജസ്സേറിയ ധനത്തിന് അനുസൃതമായി അവിടത്തെ ആത്മാവിനാൽ നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെ ശക്തിപ്പെടുത്തണമെന്നും, 17 വിശ്വാസത്താൽ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ അധിവസിക്കാൻ വരം ലഭിക്കണമെന്നും, 18-19 സ്നേഹത്തിൽ വേരുകൾ ആഴ്ന്നിറങ്ങി അതിൽത്തന്നെ അടിസ്ഥാനം ഇട്ടവരായി എല്ലാ ജ്ഞാനത്തിനും അതീതമായ ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്തെന്നു സകലവിശുദ്ധരോടുമൊപ്പം ഗ്രഹിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കണമെന്നും, ദൈവത്തിന്റെ സർവസമ്പൂർണതയാലും നിറയപ്പെടണം എന്നും ആണ്.

  29. 15 “ലജ്ജിക്കാൻ ഇടവരാത്തവനും സത്യവചനം നേരായി വിഭജിക്കുന്നവനും” എന്ന ദൈവിക അംഗീകാരം ലഭിച്ച ഒരു പ്രവർത്തകനായി തിരുസന്നിധിയിൽ നിന്നെത്തന്നെ സമർപ്പിക്കാൻ യത്നിക്കുക.

  30. 5 ഈ കാരണത്താൽ, നിങ്ങൾ വിശ്വാസത്തോടു ധാർമികതയും ധാർമികതയോടു വിവേകവും 6 വിവേകത്തോട് ആത്മസംയമവും ആത്മസംയമത്തോടു സഹിഷ്ണുതയും സഹിഷ്ണുതയോടു ഭക്തിയും 7 ഭക്തിയോടു സാഹോദര്യവും സാഹോദര്യത്തോടു സ്നേഹവും കൂട്ടിച്ചേർക്കാൻ, ഉത്സാഹത്തോടെ സകലപ്രയത്നവും ചെയ്യുക. 8 ഈ സദ്ഗുണങ്ങൾ നിങ്ങളിൽ വർധമാനമായിരുന്നാൽ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിങ്ങൾ പ്രയോജനരഹിതരും നിഷ്ഫലരും ആകാതെ ഇവ നിങ്ങളെ സംരക്ഷിക്കും.

  31. 7 എന്നാൽ യഹോവ ശമുവേലിനോടു കൽപ്പിച്ചു: “അവന്റെ രൂപമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു; മനുഷ്യൻ കാണുന്നതുപോലെയല്ല യഹോവ കാണുന്നത്. മനുഷ്യൻ പുറമേയുള്ള രൂപം നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.”

  32. 20 ജ്ഞാനിയോടൊപ്പം നടക്കുന്നയാൾ ജ്ഞാനിയായിമാറും,

    ഭോഷരോടൊത്തു നടക്കുന്നയാളോ, കഷ്ടത നേരിടും!

  33. 31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.

  34. 1 ഇനി വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച്: “നാം എല്ലാവരും ജ്ഞാനമുള്ളവരാണെന്നാണ്” നമ്മുടെ അറിവ്. ഈ ജ്ഞാനം ഒരാളെ നിഗളിയാക്കിത്തീർക്കുന്നു; സ്നേഹമോ ആത്മികാഭിവൃദ്ധി വരുത്തുന്നു.

  35. 31 നിങ്ങൾ ഭക്ഷിച്ചാലും പാനംചെയ്താലും മറ്റെന്തു ചെയ്താലും, അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുക;

  36. 1 നിങ്ങളെ അഭിമുഖമായി കാണുമ്പോൾ “വിനീതനും” അകലെയായിരിക്കുമ്പോൾ “ധീരനും” എന്നു നിങ്ങൾ കരുതുന്ന “പൗലോസ്” എന്ന ഞാൻ, ക്രിസ്തുവിന്റെ വിനയവും സൗമ്യതയും മുൻനിർത്തി നിങ്ങളോട് അഭ്യർഥിക്കുന്നു: 2 ഞങ്ങൾ ലൗകികമാനദണ്ഡങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നതെന്ന് പരാതിപ്പെടുന്നവരോട് ഞാൻ ഉദ്ദേശിക്കുന്ന അത്രയും ധീരത കാണിക്കാൻ ഇടവരുത്തരുതെന്നു നിങ്ങളോട് അപേക്ഷിക്കുകയാണ്. 3 ഞങ്ങൾ ഭൗതികശരീരത്തിൽ വസിക്കുന്നവരെങ്കിലും ജഡികമനുഷ്യരെപ്പോലെയല്ല പോരാടുന്നത്. 4 പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ഈ ലോകത്തിന്റേതല്ല, നേരേമറിച്ച്, കോട്ടകളെ തകർത്തുകളയാൻതക്ക ദിവ്യശക്തിയുള്ളവയാണ്. 5 ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന എല്ലാ വാദമുഖങ്ങളെയും ഞങ്ങൾ ഇല്ലാതാക്കുകയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി ഏതു ചിന്തയെയും അടിയറവുവെക്കുകയുംചെയ്യുന്നു. 6 നിങ്ങളുടെ അനുസരണ തികവുള്ളതായിത്തീരുമ്പോൾ അനുസരിക്കാത്ത ഏതൊരുവനും ശിക്ഷനൽകാൻ ഞങ്ങൾ സന്നദ്ധരായിരിക്കും.

  37. 11 സകലമനുഷ്യരുടെയും രക്ഷയ്ക്കായി ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 12 ഭക്തിയില്ലായ്മയും ലൗകികമോഹങ്ങളും ഉപേക്ഷിച്ച്, ഈ കാലഘട്ടത്തിൽ ആത്മനിയന്ത്രണവും നീതിയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാൻ അത് നമ്മെ അഭ്യസിപ്പിക്കുന്നു. 13 അനുഗൃഹീത പ്രത്യാശയ്ക്കായും ഉന്നതനായ നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്ത്വപ്രത്യക്ഷതയ്ക്കായും നാം കാത്തിരിക്കുന്നു. 14 അവിടന്ന് നമ്മെ എല്ലാ ദുഷ്ടതകളിൽനിന്നും വിമോചിതരാക്കാനും സൽപ്രവൃത്തികൾ ചെയ്യുന്നതിൽ അത്യുത്സാഹമുള്ള ഒരു ജനതതിയെ തനിക്കായി ശുദ്ധീകരിക്കാനുംവേണ്ടി സ്വയം സമർപ്പിച്ചു.

    15 നീ ഇവ പ്രസംഗിക്കുകയും ഉദ്ബോധിപ്പിക്കുകയും പൂർണഅധികാരത്തോടെ ശാസിക്കുകയുംചെയ്യുക. ആരും നിന്നെ ആക്ഷേപിക്കാതിരിക്കട്ടെ.