35 Bible Verses About Studying the Bible
Biblica® Open Malayalam Contemporary Version™ (OMCV)
-
14 എന്നാൽ, നീ പഠിച്ചകാര്യങ്ങളിൽ വിശ്വസ്തനായി തുടരുക; അവ സത്യമാണെന്ന് നിനക്കറിയാം. കാരണം നിന്നെ ഉപദേശിച്ചവർ വിശ്വാസയോഗ്യരാണ്. 15 ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിലൂടെ രക്ഷനേടുന്നതിന് ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതലേ അറിഞ്ഞിരിക്കുന്നല്ലോ. 16 എല്ലാ തിരുവെഴുത്തും ദൈവനിശ്വസിതമാണ്; അത് ഉപദേശിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയുക്തമായ ജീവിതം അഭ്യസിപ്പിക്കാനും പ്രയോജനപ്രദമാണ്. 17 അങ്ങനെ ദൈവമനുഷ്യൻ നൈപുണ്യമുള്ളവനായി സകലസൽപ്രവൃത്തികൾക്കും സുസജ്ജനായിത്തീരുന്നു.
-
14 നിഷ്പ്രയോജനവും ശ്രോതാക്കൾക്ക് നാശം വിതയ്ക്കുന്നതുമായ വാഗ്വാദങ്ങളിൽ ഏർപ്പെടരുതെന്ന് ദൈവസന്നിധിയിൽ നീ അവരെ അനുസ്മരിപ്പിച്ച് കർശനമായി ഉദ്ബോധിപ്പിക്കുക. 15 “ലജ്ജിക്കാൻ ഇടവരാത്തവനും സത്യവചനം നേരായി വിഭജിക്കുന്നവനും” എന്ന ദൈവിക അംഗീകാരം ലഭിച്ച ഒരു പ്രവർത്തകനായി തിരുസന്നിധിയിൽ നിന്നെത്തന്നെ സമർപ്പിക്കാൻ യത്നിക്കുക. 16 ഭക്തിവിരുദ്ധമായ വ്യർഥഭാഷണം വർജിക്കുക; അവ നമ്മെ അധികം ഭക്തിരാഹിത്യത്തിലേക്കു നയിക്കുകയേയുള്ളു. 17 ഇത്തരം ഭാഷണം കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിച്ചുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തോസും ഇത്തരക്കാരാണ്. 18 അവർ സത്യത്തിൽനിന്ന് വ്യതിചലിച്ചിരിക്കുന്നു; “പുനരുത്ഥാനം കഴിഞ്ഞു” എന്നു പറഞ്ഞ് അവർ ചിലരുടെ വിശ്വാസം തകിടംമറിക്കുന്നു. 19 എന്നാൽ, “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിനെ സ്വീകരിച്ചവരെല്ലാം അധർമത്തിൽനിന്ന് അകന്നുകൊള്ളണം” എന്നും മുദ്രണം ചെയ്തിരിക്കുന്ന സുസ്ഥിരമായ ദൈവിക അടിസ്ഥാനം അചഞ്ചലംതന്നെ.
-
1 എന്റെ കുഞ്ഞേ, നീ എന്റെ വചനങ്ങൾ സ്വീകരിച്ച്
എന്റെ കൽപ്പനകൾ നിന്റെയുള്ളിൽ സൂക്ഷിച്ചുവെക്കുകയും
2 ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും
വിവേകത്തിനായി ഹൃദയം ശ്രദ്ധയോടെ വെക്കുകയുംചെയ്യുക.
3 ഉൾക്കാഴ്ചയ്ക്കുവേണ്ടി കേണപേക്ഷിക്കുകയും
വിവേകത്തിനായി നിലവിളിക്കുകയും ചെയ്യുക.
4 അതിനെ നീ വെള്ളി എന്നതുപോലെ അന്വേഷിക്കുകയും
നിഗൂഢനിധി എന്നതുപോലെ തേടുകയും ചെയ്യുക.
5 അപ്പോൾ നീ യഹോവയോടുള്ള ഭക്തി എന്തെന്നു ഗ്രഹിക്കുകയും,
ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
6 കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്;
പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്.
-
33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.
-
11 അങ്ങേക്കെതിരായി പാപംചെയ്യാതിരിക്കാൻ,
അവിടത്തെ വചനം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
12 യഹോവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു
അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
13 തിരുവായിൽനിന്നു പൊഴിയുന്ന അനുശാസനങ്ങളെല്ലാം
ഞാൻ എന്റെ അധരങ്ങളാൽ വർണിക്കുന്നു.
14 മഹാസമ്പത്തിലൊരാൾ ആഹ്ലാദിക്കുന്നതുപോലെ
ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടരുന്നതിൽ ആനന്ദിക്കുന്നു.
15 അവിടത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കുകയും
അവിടത്തെ മാർഗങ്ങളിൽ ദൃഷ്ടിയുറപ്പിക്കുകയും ചെയ്യുന്നു.
16 അവിടത്തെ ഉത്തരവുകളിൽ ഞാൻ ആനന്ദിക്കുന്നു;
അവിടത്തെ വചനം ഞാനൊരിക്കലും നിരസിക്കുകയില്ല.
-
19 ഇതോടൊപ്പം വിശ്വാസയോഗ്യമായ പ്രവാചകവചനവും നമുക്കുണ്ട്. നിങ്ങളുടെ ഹൃദയങ്ങളിൽ പുലരി പൊട്ടിവിടർന്ന് പ്രഭാതനക്ഷത്രം ഉദിക്കുംവരെ, ഇരുട്ടുള്ളപ്പോൾ പ്രകാശിക്കുന്ന വിളക്കിലേക്കെന്നതുപോലെ ആ വചനത്തിൽ നിങ്ങൾ ശ്രദ്ധാലുക്കൾ ആകേണ്ടതുണ്ട്. 20 തിരുവെഴുത്തിലെ ഓരോ പ്രവചനവാക്യവും പ്രവാചകന്റെ സ്വതഃസിദ്ധമായ വിശകലനത്താൽ ഉരുത്തിരിഞ്ഞുവന്നവയല്ല എന്ന വസ്തുത നിങ്ങൾ പ്രാഥമികമായി മനസ്സിലാക്കിയിരിക്കണം. 21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഹിതാനുസരണം ഉത്ഭവിച്ചിട്ടില്ല; പിന്നെയോ, പ്രവാചകന്മാർ പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ പ്രസ്താവിക്കുകയായിരുന്നു.
-
28 നിനക്ക് അറിഞ്ഞുകൂടേ?
നീ കേട്ടിട്ടില്ലേ?
യഹോവ നിത്യനായ ദൈവം ആകുന്നു,
അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്.
അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല;
അവിടത്തെ വിവേകം അപ്രമേയംതന്നെ.
29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,
ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.
30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,
ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;
31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ
അവരുടെ ശക്തി പുതുക്കും.
അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;
അവർ ഓടും, ക്ഷീണിക്കുകയില്ല,
അവർ നടക്കും, തളർന്നുപോകുകയുമില്ല.
-
11 ബെരോവക്കാർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വൈശിഷ്ട്യമുള്ളവരായിരുന്നു; അവർ വളരെ താത്പര്യത്തോടെ വചനം സ്വീകരിക്കുകയും അതു ശരിയാണോ എന്നറിയാൻ ദിനംപ്രതി തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തുപോന്നു. 12 യെഹൂദരിൽ അനേകരും അതുപോലെതന്നെ ഗ്രീക്കുകാരിൽ പ്രമുഖരായ അനേക വനിതകളും പുരുഷന്മാരും വിശ്വസിച്ചു.
-
21 ആകയാൽ സകല അശുദ്ധിയും തിന്മയുടെ പ്രചുരതയും ഉപേക്ഷിച്ച്, നിങ്ങളിൽ നട്ടതും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ശക്തിയുള്ളതുമായ വചനം വിനയത്തോടെ സ്വീകരിക്കുക.
22 വചനം കേൾക്കുകമാത്രംചെയ്ത് നിങ്ങളെത്തന്നെ വഞ്ചിക്കാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുക. 23 വചനം കേൾക്കുന്നവരെങ്കിലും അതിനനുസൃതമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അവർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്ന മനുഷ്യർക്ക് തുല്യരാകുന്നു. 24 ഇവർ സ്വന്തം മുഖം കണ്ണാടിയിൽ കണ്ടിരുന്നെങ്കിലും മാറിപ്പോയ ഉടനെതന്നെ തങ്ങളുടെ രൂപം എന്തായിരുന്നു എന്നു മറന്നുപോകുന്നു. 25 എന്നാൽ, സ്വാതന്ത്ര്യമേകുന്ന സമ്പൂർണന്യായപ്രമാണം നന്നായി പഠിച്ച്, അതിന് അനുസൃതമായി നിങ്ങൾ അതിൽ നിലനിന്നാൽ കേൾക്കുന്നതു മറക്കുന്നവരാകാതെ, കേട്ടതു ചെയ്യുന്നവരായി ദൈവത്താൽ അനുഗൃഹീതരായിത്തീരും.
-
8 ഈ ന്യായപ്രമാണഗ്രന്ഥത്തിലുള്ളത് നിന്റെ അധരങ്ങളിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ രേഖപ്പെടുത്തിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം ചെയ്യേണ്ടതിനു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാൽ നിന്റെ പ്രയത്നം സഫലമാകുകയും; നീ വിജയം നേടുകയും ചെയ്യും.
-
14 അതുകൊണ്ടു പ്രിയരേ, ഇവയ്ക്കായി കാത്തിരിക്കുന്ന നിങ്ങൾ കറയും കളങ്കവും ഇല്ലാത്തവരായി ദൈവത്തോട് സമാധാനമുള്ളവരായി ജീവിക്കാൻ ഉത്സുകരായിരിക്കുക. 15 നമ്മുടെ കർത്താവിന്റെ ദീർഘക്ഷമ രക്ഷയ്ക്കുള്ള അവസരം എന്നു കരുതുക. നമ്മുടെ പ്രിയസഹോദരൻ പൗലോസും തനിക്കു ദൈവം നൽകിയ ജ്ഞാനം അനുസരിച്ച് നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ. 16 ഈ വസ്തുതകളെക്കുറിച്ചുതന്നെ ആണല്ലോ അദ്ദേഹം തന്റെ എല്ലാ ലേഖനങ്ങളിലും പ്രതിപാദിച്ചിട്ടുള്ളത്. മനസ്സിലാക്കാൻ പ്രയാസമുള്ള ചില കാര്യങ്ങൾ അവയിലുണ്ട്. മറ്റു തിരുവെഴുത്തുകൾ എന്നപോലെ ഇവയും, അജ്ഞരും അസ്ഥിരചിത്തരുമായ ചിലർ തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു.
17 അതുകൊണ്ടു പ്രിയരേ, ഈ കാര്യങ്ങൾ നിങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കുകയാൽ നിയമനിഷേധികളുടെ സ്വാധീനവലയത്തിൽപ്പെട്ട്, നിങ്ങളുടെ സുസ്ഥിരസ്ഥാനത്തുനിന്ന് വീഴാതിരിക്കാൻ ജാഗ്രതപുലർത്തുക.
-
12 ദൈവവചനം സജീവവും സചേതനവുമാണ്. അത് ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനും ആത്മാവും സന്ധിമജ്ജകളും വേർപെടുംവരെ തുളഞ്ഞുകയറുന്നതും ഹൃദയത്തിലെ ചിന്തകളും ഭാവങ്ങളും വ്യവച്ഛേദിക്കുന്നതും ആകുന്നു.
-
5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക
സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;
6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,
അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.
-
1 ഇതിനുശേഷം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്നതിന് ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് കൊണ്ടുപോയി. 2 നാൽപ്പതുപകലും നാൽപ്പതുരാവും ഉപവസിച്ചശേഷം അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു. 3 അപ്പോൾ പ്രലോഭകൻ അടുത്തുചെന്ന്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലുകളോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്നു പറഞ്ഞു.
4 അതിന് യേശു, “ ‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്, മറിച്ച് ദൈവത്തിന്റെ തിരുവായിൽനിന്നു പുറപ്പെടുന്ന സകലവചനങ്ങളാലും ആണ്’ എന്ന് എഴുതിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
-
39 നിങ്ങൾ തിരുവെഴുത്തുകൾ ശ്രദ്ധയോടെ പഠിക്കുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ വിചാരിക്കുന്നു; അവയാണ് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കുന്നത്. 40 എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരാൻ നിങ്ങൾക്കു മനസ്സില്ല.
-
31 തന്നിൽ വിശ്വസിച്ച യെഹൂദരോട് യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിലനിന്നാൽ നിങ്ങൾ വാസ്തവത്തിൽ എന്റെ ശിഷ്യന്മാരായിരിക്കും. 32 അപ്പോൾ നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”
-
4 ഇപ്രകാരം, മുമ്പേ രേഖപ്പെടുത്തപ്പെട്ട തിരുവെഴുത്തുകൾ എല്ലാം നമുക്ക് അഭ്യസനം ലഭിച്ചിട്ട് തിരുവെഴുത്ത് ഉപദേശിക്കുന്ന സഹനത്തിലൂടെയും ആശ്വാസത്തിലൂടെയും നമുക്ക് പ്രത്യാശ ലഭിക്കേണ്ടതിനാണ്.
-
23 നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നപോലെയല്ല, കർത്താവിനെന്നപോലെ ഹൃദയപൂർവം ചെയ്യുക: 24 കർത്താവിന്റെ സമ്പത്തിന്റെ ഓഹരി നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുമെന്നറിയുക. കാരണം, കർത്താവായ ക്രിസ്തുവിനെയാണല്ലോ നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്.
-
16 ദൈവഭക്തിയുടെ അഗാധരഹസ്യം അനിഷേധ്യമാംവിധം അതിശ്രേഷ്ഠമാണ്:
അവിടന്ന് മനുഷ്യനായി വെളിപ്പെട്ടു,
ആത്മാവിൽ നീതീകരിക്കപ്പെട്ടു,
ദൂതന്മാർക്കു പ്രത്യക്ഷനായി,
രാഷ്ട്രങ്ങളിൽ ഘോഷിക്കപ്പെട്ടു,
ലോകത്തിൽ വിശ്വസിക്കപ്പെട്ടു,
മഹത്ത്വത്തിൽ എടുക്കപ്പെട്ടു.
-
7 യഹോവയുടെ ന്യായപ്രമാണം സമ്പൂർണമാണ്,
അതു പ്രാണനു നവജീവൻ നൽകുന്നു.
യഹോവയുടെ നിയമവ്യവസ്ഥകൾ വിശ്വാസയോഗ്യമാണ്,
അതു ബുദ്ധിഹീനരെ ജ്ഞാനികളാക്കുന്നു.
8 യഹോവയുടെ പ്രമാണങ്ങൾ കുറ്റമറ്റവയാണ്,
അതു ഹൃദയത്തിന് ആനന്ദമേകുന്നു.
യഹോവയുടെ ആജ്ഞകൾ പ്രകാശപൂരിതമാകുന്നു,
അതു കണ്ണുകൾക്ക് വെളിച്ചമേകുന്നു.
9 യഹോവാഭക്തി നിർമലമായത്,
അത് എന്നെന്നേക്കും നിലനിൽക്കുന്നു.
യഹോവയുടെ ഉത്തരവുകൾ സുസ്ഥിരമായവ,
അവയെല്ലാം നീതിയുക്തമായവ.
10 അതു സ്വർണത്തെക്കാളും
തങ്കത്തെക്കാളും അമൂല്യമായവ;
അതു തേനിനെക്കാളും
തേനടയിലെ തേനിനെക്കാളും മാധുര്യമേറിയത്.
11 അവയാൽ അവിടത്തെ ദാസനു ശാസനം ലഭിക്കുന്നു;
അവയെ പാലിക്കുന്നതിൽ മഹത്തായ പ്രതിഫലമുണ്ട്.
-
נ നുൻ
105 അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും,
എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
-
19-20 അതുകൊണ്ട് നിങ്ങൾ പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കൽപ്പിച്ചതെല്ലാം അനുവർത്തിക്കാൻ അവരെ ഉപദേശിച്ചുംകൊണ്ട് സകലജനതയെയും എന്റെ ശിഷ്യരാക്കുക. ഞാൻ യുഗാന്ത്യംവരെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, നിശ്ചയം,” എന്നു കൽപ്പിച്ചു.
-
2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.
-
12 അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ. 13 മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.
-
17 രക്ഷ ശിരോകവചമായി ധരിച്ചും ആത്മാവിന്റെ വാളായ ദൈവവചനം കൈകളിൽ എടുത്തുകൊണ്ടും നിലകൊള്ളുക.
-
13 ഞാൻ വരുന്നതുവരെ പരസ്യമായ തിരുവചനപാരായണത്തിലും പ്രബോധനത്തിലും ഉപദേശത്തിലും ശ്രദ്ധചെലുത്തുക. 14 സഭാമുഖ്യന്മാരുടെ കൈവെപ്പുവഴി പ്രവചനത്താൽ നിനക്കു സിദ്ധിച്ച കൃപാദാനങ്ങൾ അവഗണിക്കരുത്.
15 ഇവയെല്ലാം പ്രാവർത്തികമാക്കുക; ഇവയിൽ പൂർണമായി മുഴുകുക, അങ്ങനെ നിന്റെ പുരോഗതി എല്ലാവരുടെയും മുമ്പാകെ പ്രകടമാകട്ടെ. 16 നിന്നെക്കുറിച്ചും നിന്റെ ഉപദേശത്തെക്കുറിച്ചും ജാഗ്രതയുള്ളവനായിരിക്കുക. അവയിൽ സുസ്ഥിരനുമായിരിക്കുക. ഇപ്രകാരം ചെയ്താൽ നീ നിന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും.
-
2 ദൈവത്തെക്കുറിച്ചും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുമുള്ള പരിജ്ഞാനത്തിലൂടെ നിങ്ങൾക്കു കൃപയും സമാധാനവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.
3 അവിടത്തെ ദിവ്യശക്തി, ഭക്തിപൂർവമായ ജീവിതത്തിന് ആവശ്യമായതെല്ലാം നമുക്കു നൽകിയിരിക്കുന്നു. അവ നമുക്കു ലഭിച്ചത് തേജസ്സിനാലും ശ്രേഷ്ഠതയാലും നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെയാണ്. 4 ഇവയിലൂടെത്തന്നെയാണ് തന്റെ അമൂല്യവും മഹനീയവുമായ വാഗ്ദാനങ്ങളും അവിടന്ന് നമുക്കു നൽകിയത്. തന്മൂലം നിങ്ങൾക്ക് ദുർമോഹത്താൽ ഉണ്ടാകുന്ന ലോകമാലിന്യങ്ങളിൽനിന്ന് വിമുക്തരായി ദൈവികസ്വഭാവത്തിനു പങ്കാളികളായിത്തീരാൻ കഴിയും.
-
1 എന്റെ കുഞ്ഞേ, എന്റെ ഉപദേശം നീ വിസ്മരിക്കരുത്,
എന്റെ കൽപ്പനകൾ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുക,
2 അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും
അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും.
-
10 എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് അവ അംഗീകരിക്കുക,
എന്നാൽ നീ ദീർഘായുസ്സുള്ള വ്യക്തിയായിരിക്കും.
11 ഞാൻ നിന്നെ ജ്ഞാനമാർഗത്തിലേക്കു നയിക്കുന്നു
നേരായ പാതകളിൽ നിന്നെ നടത്തുകയും ചെയ്യുന്നു.
12 നീ നടക്കുമ്പോൾ നിന്റെ കാലടികൾക്കു തടസ്സം നേരിടുകയില്ല;
ഓടുമ്പോൾ, നീ ഇടറിവീഴുകയുമില്ല.
13 ശിക്ഷണം മുറുകെപ്പിടിക്കുക, അതിനെ കൈവെടിയരുത്;
അതിനെ സംരക്ഷിക്കുക, കാരണം അതാകുന്നു നിന്റെ ജീവൻ.
-
44 പിന്നെ അദ്ദേഹം അവരോടു പറഞ്ഞു, “ഞാൻ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ മോശയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം പൂർത്തീകരിക്കപ്പെടണമെന്ന് പറഞ്ഞത് ഇക്കാര്യങ്ങളൊക്കെയായിരുന്നു.”
45 പിന്നെ, തിരുവെഴുത്തുകൾ ഗ്രഹിക്കാൻ സാധ്യമാകുംവിധം അദ്ദേഹം അവരുടെ ബുദ്ധിമണ്ഡലത്തെ തുറന്നു. 46 അദ്ദേഹം അവരോട് തുടർന്നു പറഞ്ഞത്, “ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: ക്രിസ്തു യാതനകൾ സഹിച്ച് മരിക്കുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും 47 ജെറുശലേമിൽ ആരംഭിച്ച് സകലജനതകളോടും അവിടത്തെ നാമത്തിൽ മാനസാന്തരവും പാപമോചനവും പ്രസംഗിക്കപ്പെടുകയും വേണം. 48 ഈ കാര്യങ്ങൾക്കു നിങ്ങൾ സാക്ഷികൾ ആകുന്നു. 49 എന്റെ പിതാവുചെയ്ത വാഗ്ദാനം ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. എന്നാൽ, ഉന്നതത്തിൽനിന്ന് ശക്തി നിങ്ങൾ ധരിക്കുംവരെ നഗരത്തിൽത്തന്നെ താമസിക്കുക.”
-
14 ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയഘോഷമായി നടത്തുകയും ഞങ്ങളിലൂടെ അവിടത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ പരിമളം എല്ലായിടത്തും പരത്തുകയുംചെയ്യുന്ന ദൈവത്തിനു സ്തോത്രം. 15 ദൈവസന്നിധിയിൽ യേശുക്രിസ്തു അർപ്പിക്കുന്ന സുഗന്ധധൂപംപോലെയാണ് രക്ഷിക്കപ്പെടുന്നവരുടെ മധ്യത്തിലും നശിച്ചുപോകുന്നവരുടെ മധ്യത്തിലും ഞങ്ങളുടെ ജീവിതങ്ങൾ. 16 നശിച്ചുപോകുന്നവർക്കു മരണത്തിൽനിന്ന് മരണത്തിലേക്കുള്ള ദുർഗന്ധവും രക്ഷിക്കപ്പെടുന്നവർക്ക് ജീവനിൽനിന്ന് നിത്യജീവനിലേക്കുള്ള സുഗന്ധവും. എന്നാൽ, ഈ ശുശ്രൂഷയ്ക്ക് ആരാണ് പ്രാപ്തൻ? 17 പലരും ചെയ്യുന്നതുപോലെ ഞങ്ങൾ ദൈവവചനത്തെ ഒരു വിൽപ്പനച്ചരക്കാക്കി മാറ്റുന്നില്ല; മറിച്ച് ദൈവത്താൽ അയയ്ക്കപ്പെട്ടവർ എന്ന ബോധ്യത്തോടെ ഞങ്ങൾ ദൈവസന്നിധിയിൽ ആത്മാർഥതയോടെ, ക്രിസ്തു തന്ന അധികാരത്തോടെ സംസാരിക്കുന്നു.
-
11 എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. 12 ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.
-
16 ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്.
-
19 അതുകൊണ്ടു സഹോദരങ്ങളേ, നമുക്ക് യേശുവിന്റെ ശരീരമാകുന്ന തിരശ്ശീലയിലൂടെ, കർത്താവുതന്നെ തുറന്നുതന്ന ജീവനുള്ള നവീനമാർഗത്തിലൂടെ, 20 യേശുവിന്റെ രക്തത്താൽ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കാനുള്ള ധൈര്യവും 21 ദൈവഭവനത്തിനുമേൽ പരമാധികാരിയായ ഒരു മഹാപുരോഹിതനും ഉണ്ട്. 22 അതിനാൽ, നാം ദുഷിച്ചമനസ്സാക്ഷി നീങ്ങാനായി ഹൃദയങ്ങൾ നിർമലീകരിക്കപ്പെട്ടവരും ശരീരം ശുദ്ധജലത്താൽ കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണനിശ്ചയത്തോടും സത്യസന്ധതയുള്ള ഹൃദയത്തോടുംകൂടി ദൈവത്തോട് അടുത്തുചെല്ലുക. 23 നമുക്ക് അചഞ്ചലരായി നിന്നുകൊണ്ട് നമ്മുടെ പ്രത്യാശ ഏറ്റുപറയാം. വാഗ്ദാനംചെയ്ത ദൈവം വിശ്വാസയോഗ്യനല്ലോ! 24 സ്നേഹിക്കാനും സൽപ്രവൃത്തികൾ ചെയ്യാനും പരസ്പരം പ്രേരിപ്പിക്കുന്നതിന് നമുക്കു ശ്രദ്ധിക്കാം. 25 സഭായോഗങ്ങളെ ഉപേക്ഷിക്കുന്നത് ചിലർ ശീലമാക്കിയിട്ടുണ്ട്. നാം അങ്ങനെ ചെയ്യാതെ, കർത്താവിന്റെ പുനരാഗമനദിവസം അടുത്തുവരുന്നെന്നു കാണുന്തോറും നമുക്ക് അധികമധികമായി, പരസ്പരം പ്രോത്സാഹിപ്പിക്കാം.
-
1 അതുകൊണ്ട് സകലവിദ്വേഷവും സകലവഞ്ചനയും കപടഭാവവും അസൂയയും എല്ലാവിധ അപവാദപ്രചാരണങ്ങളും ഉപേക്ഷിക്കുക. 2-3 കർത്താവ് നല്ലവനെന്ന് നിങ്ങൾ രുചിച്ചറിഞ്ഞിട്ടുണ്ടല്ലോ. ആകയാൽ, ശുദ്ധമായ ആത്മികപാൽ കുടിക്കാൻ നവജാതശിശുക്കളെപ്പോലെ അതിയായി ആഗ്രഹിക്കുക. അങ്ങനെ നിങ്ങൾക്ക് രക്ഷയിൽ വളരാൻ സാധിക്കും.
Shows Read in context, Share and Copy.