77 Bible Verses About Giving Thanks

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Giving Thanks
  1. 15 നിങ്ങളിലാരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് പരസ്പരവും, മറ്റുള്ളവർക്കും എപ്പോഴും നന്മമാത്രം ചെയ്യുക.

    16 എപ്പോഴും ആനന്ദിക്കുക; 17 നിരന്തരം പ്രാർഥിക്കുക; 18 എല്ലാ സാഹചര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക; ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം ഇതാകുന്നു.

  2. 15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക. 16 ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്. 17 നിങ്ങളുടെ വാക്കോ പ്രവൃത്തിയോ എന്തായാലും അവയെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം അർപ്പിച്ചുകൊണ്ടും ആയിരിക്കട്ടെ.

  3. 10 വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിത്തിന്റെ ശേഖരം വർധിപ്പിക്കുകയും നീതിയുടെ വിളവെടുപ്പു സമൃദ്ധമാക്കുകയും ചെയ്യും. 11 നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും.

    12 നിങ്ങളുടെ ഈ സേവനം വിശ്വാസികളുടെ ഭൗതികാവശ്യങ്ങൾ നിർവഹിക്കുകമാത്രമല്ല, ദൈവത്തോടുള്ള അനവധിയായ നന്ദിപ്രകാശനം കവിഞ്ഞൊഴുകാൻ കാരണവും ആകും. 13 നിങ്ങളുടെ സ്വഭാവം തെളിയിച്ച ഈ ശുശ്രൂഷയുടെ ഫലമായി ജനങ്ങൾ ദൈവത്തെ മഹത്ത്വപ്പെടുത്തും; ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ചതിനെ തുടർന്നുള്ള നിങ്ങളുടെ അനുസരണത്തിനായും നിങ്ങളുടെ വസ്തുവകകൾ അവർക്കും മറ്റനേകർക്കും പങ്കുവെക്കാൻ കാണിച്ച സന്മനസ്സിനായുംതന്നെ. 14 നിങ്ങൾക്കു ലഭിച്ച അളവില്ലാത്ത ദൈവകൃപ നിമിത്തം നിങ്ങളെ കാണാൻ വാഞ്ഛിച്ചുകൊണ്ട് അവർ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. 15 അവിടത്തെ അവർണനീയമായ ദാനം ഓർത്ത് ദൈവത്തിനു സ്തോത്രം!

  4. 2 ആഹ്ലാദത്തോടെ യഹോവയെ ആരാധിക്കുക;

    ആനന്ദഗാനങ്ങൾ ആലപിച്ച് തിരുസന്നിധിയിൽ വരിക.

    3 യഹോവ ആകുന്നു ദൈവം എന്നറിയുക.

    അവിടന്നാണ് നമ്മെ നിർമിച്ചത്, നാം അവിടത്തെ വകയും ആകുന്നു;

    നാം അവിടത്തെ ജനവും അവിടത്തെ മേച്ചിൽപ്പുറങ്ങളിലെ അജഗണവുംതന്നെ.

    4 അവിടത്തെ കവാടങ്ങളിൽ സ്തോത്രത്തോടും

    അവിടത്തെ ആലയാങ്കണത്തിൽ സ്തുതിയോടുംകൂടെ പ്രവേശിക്കുക;

    അവിടത്തേക്ക് സ്തോത്രമർപ്പിച്ച്, തിരുനാമം വാഴ്ത്തുക.

    5 കാരണം യഹോവ നല്ലവൻ ആകുന്നു, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു;

    അവിടത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു.

  5. 4 കർത്താവിൽ എപ്പോഴും ആനന്ദിക്കുക; ആനന്ദിക്കുക എന്നു ഞാൻ വീണ്ടും പറയുന്നു. 5 നിങ്ങളുടെ ആർദ്രതയോടുകൂടിയ പെരുമാറ്റം സകലരും അറിയുമാറാകട്ടെ. കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്നു. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

  6. 15 അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നു സൂക്ഷിക്കുക—അവിവേകികളായിട്ടല്ല, വിവേകികളായിത്തന്നെ ജീവിക്കുക. 16 ഇത് വഷളത്തം വർധിതമായ കാലമാണ്; അതുകൊണ്ട്, ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുക. 17 അജ്ഞാനികളാകരുത്; പിന്നെയോ കർത്താവിന്റെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നവരാകുക. 18 മദ്യപിച്ചു മദോന്മത്തരാകരുത്; അതു വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി 19 സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ പരസ്പരം പ്രബോധിപ്പിക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് കീർത്തനങ്ങൾ ആലപിക്കുകയും 20 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക.

    21 ക്രിസ്തുവിനോടുള്ള ഭയഭക്തിയിൽ പരസ്പരവിധേയത്വം പുലർത്തുക.

  7. 1 ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും,

    2 കൊലോസ്യയിലുള്ള വിശുദ്ധരും ക്രിസ്തുവിൽ വിശ്വസ്തരുമായ സഹോദരങ്ങൾക്ക് എഴുതുന്നത്:

    നമ്മുടെ പിതാവായ ദൈവത്തിൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.

    3-5 സുവിശേഷമെന്ന സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതനുസരിച്ച്, സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടും നിങ്ങൾക്കുള്ള സ്നേഹത്തെയുംകുറിച്ചു ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിച്ചുംകൊണ്ട് ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രംചെയ്യുന്നു. 6 ആ സുവിശേഷം ലോകത്തിൽ എല്ലായിടത്തും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ അതു കേൾക്കുകയും ദൈവകൃപയെ യഥാർഥമായി മനസ്സിലാക്കുകയുംചെയ്ത ദിവസംമുതൽ നിങ്ങളുടെ ഇടയിലും അത് ഫലം പുറപ്പെടുവിച്ചും വളർന്നും കൊണ്ടിരിക്കുന്നു. 7 ഞങ്ങളുടെ പ്രിയ കൂട്ടുവേലക്കാരനും ഞങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്തശുശ്രൂഷകനുമായ എപ്പഫ്രാസിൽനിന്ന് നിങ്ങൾ അതു പഠിച്ചിട്ടുണ്ടല്ലോ. 8 പരിശുദ്ധാത്മാവിനാൽ നിങ്ങൾക്ക് മറ്റുള്ളവരോടുള്ള സ്നേഹത്തെക്കുറിച്ച് അദ്ദേഹം ഞങ്ങളെ അറിയിച്ചിട്ടുമുണ്ട്.

    9 അക്കാരണത്താൽത്തന്നെ, ഞങ്ങൾ അതുകേട്ട ദിവസംമുതൽ നിങ്ങൾക്കുവേണ്ടി ആരംഭിച്ച പ്രാർഥനകൾ മുടക്കിയിട്ടില്ല. നിങ്ങൾ എല്ലാ വിവേകത്തോടും ആത്മികജ്ഞാനത്തോടുംകൂടി ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറഞ്ഞവരാകണമെന്നും 10 എല്ലാ കാര്യത്തിലും കർത്താവിനെ പ്രസാദിപ്പിച്ചുകൊണ്ട് അവിടത്തേക്കു യോഗ്യമായവിധം ജീവിച്ചും സകലസൽപ്രവൃത്തികളിലും ഫലം കായ്ച്ചും ദൈവികപരിജ്ഞാനത്തിൽ വളരണമെന്നും 11 സകലസഹിഷ്ണുതയും ദീർഘക്ഷമയും കാണിക്കാൻവേണ്ടി അവിടത്തെ മഹത്ത്വകരമായ ആധിപത്യത്തിനൊത്തവണ്ണം എല്ലാ ശക്തിയും പ്രാപിച്ചു ബലപ്പെടണമെന്നും 12 വിശുദ്ധർക്കു പ്രകാശത്തിലുള്ള അവകാശത്തിന്റെ ഓഹരിക്കു നിങ്ങളെ യോഗ്യരാക്കുകയും 13 അന്ധകാരത്തിന്റെ അധികാരത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കി അവിടത്തെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിൽ പ്രവേശിപ്പിക്കുകയുംചെയ്ത പിതാവിന് ആനന്ദത്തോടെ സ്തോത്രംചെയ്യുന്നവരാകണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു. 14 ആ പുത്രനിൽ നമുക്കു പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു.

  8. 1 വരുവിൻ, നമുക്ക് യഹോവയ്ക്കൊരു ആനന്ദഗീതമാലപിക്കാം;

    നമ്മുടെ രക്ഷയുടെ പാറയ്ക്ക് ഉച്ചത്തിൽ ആർപ്പിടാം.

    2 സ്തോത്രാർപ്പണത്തോടെ നമുക്ക് അവിടത്തെ സന്നിധിയിൽ വന്നുചേരാം

    സംഗീതത്തോടും പാട്ടോടുംകൂടെ അവിടത്തെ പുകഴ്ത്താം.

    3 കാരണം യഹോവ മഹാദൈവം ആകുന്നു,

    എല്ലാ ദേവന്മാരിലും ഉന്നതനായ മഹാരാജാവുതന്നെ.

    4 ഭൂമിയുടെ അഗാധതകൾ അവിടത്തെ കരങ്ങളിലാണ്,

    പർവതശിഖരങ്ങളും അവിടത്തേക്കുള്ളത്.

    5 സമുദ്രം അവിടത്തേക്കുള്ളത്, അവിടന്ന് അതിനെ നിർമിച്ചു,

    കരയെയും അവിടത്തെ കൈകൾ മെനഞ്ഞിരിക്കുന്നു.

  9. 14 ഇവിടെ നമുക്കു സുസ്ഥിരമായ നഗരമില്ല, എന്നാൽ നാം വരാനുള്ള നഗരത്തെയാണ് അന്വേഷിക്കുന്നത്.

    15 അതുകൊണ്ടു നമുക്ക് ദൈവത്തിനു സ്തോത്രയാഗം, അതായത്, തിരുനാമം ഘോഷിക്കുന്ന അധരങ്ങളുടെ ഫലം, യേശുവിലൂടെ നിരന്തരമായി അർപ്പിക്കാം. 16 നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്; ഈ വിധ യാഗങ്ങളിലാണു ദൈവം സംപ്രീതനാകുന്നത്.

  10. 30 ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമം സ്തുതിക്കും

    സ്തോത്രാർപ്പണത്തോടെ അവിടത്തെ മഹത്ത്വപ്പെടുത്തും.

    31 ഇത് യഹോവയ്ക്ക് ഒരു കാളയെ,

    കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെ, യാഗമർപ്പിക്കുന്നതിലും പ്രസാദകരമായിരിക്കും.

  11. 1 എന്നാൽ അന്ത്യകാലത്ത് വഴിതെറ്റിക്കുന്ന ആത്മാക്കളെയും പൈശാചിക ഉപദേശങ്ങളെയും പിൻതുടർന്ന് ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിക്കുമെന്നു ദൈവാത്മാവ് വ്യക്തമായി പറയുന്നു. 2 ഇത്തരം ഉപദേശങ്ങൾ അസത്യവാദികളുടെ കാപട്യത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. അവരുടെ മനസ്സാക്ഷി പൊള്ളിക്കപ്പെട്ടതുപോലെ വികാരശൂന്യമായിരിക്കുന്നു. 3 അവർ വിവാഹം നിരോധിക്കുകയും ചില സവിശേഷ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയുംചെയ്യുന്നു. ഇവ, സത്യം മനസ്സിലാക്കിയ വിശ്വാസികൾ സ്തോത്രത്തോടെ ആസ്വദിക്കാനായി ദൈവം സൃഷ്ടിച്ചവയാണ്. 4 ദൈവം സൃഷ്ടിച്ചവയെല്ലാം ഉത്തമമാണ്; സ്തോത്രംചെയ്തുകൊണ്ട് സ്വീകരിക്കുകയാണെങ്കിൽ ഒന്നും വർജിക്കേണ്ടതില്ല. 5 കാരണം അത് ദൈവവചനത്താലും പ്രാർഥനയാലും വിശുദ്ധീകരിക്കപ്പെടുന്നല്ലോ.

  12. 14 “ദൈവത്തിനു സ്തോത്രയാഗങ്ങൾ അർപ്പിക്കുക,

    അത്യുന്നതന് നിന്റെ നേർച്ചകൾ അർപ്പിക്കുക,

    15 അനർഥദിനങ്ങളിൽ എന്നെ വിളിച്ചപേക്ഷിക്കുക;

    അപ്പോൾ ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.”

  13. 13 “ഞാൻ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ സംസാരിച്ചു” എന്ന് എഴുതിയിരിക്കുന്നു: വിശ്വാസത്തിന്റെ അതേ ആത്മാവിനാൽ ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയുംചെയ്യുന്നു. 14 കാരണം, കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ജീവിപ്പിച്ചവൻ ഞങ്ങളെയും യേശുവിനോടുകൂടെ ജീവിപ്പിച്ച് നിങ്ങളോടൊപ്പം തന്റെ സന്നിധിയിൽ നിർത്തുമെന്നു ഞങ്ങൾ അറിയുന്നു. 15 ഇതെല്ലാം നിങ്ങളുടെ പ്രയോജനത്തിനായിത്തന്നെയാണല്ലോ; ഇതിനാൽ അധികമധികം ആളുകൾക്കു കൃപ ലഭിക്കാനും അതുനിമിത്തം ദൈവമഹത്ത്വത്തിനായി അവരിൽനിന്ന് സ്തുതിസ്തോത്രങ്ങൾ നിറഞ്ഞുകവിയാനും ഇടയാകുമല്ലോ.

  14. 2 ജാഗ്രതയോടും നന്ദിയോടുംകൂടെ പ്രാർഥനയിൽ തുടരുക.

  15. 4 ക്രിസ്തുയേശുവിൽ ദൈവം നിങ്ങൾക്കു നൽകിയ കൃപ ഓർത്ത് നിങ്ങൾക്കുവേണ്ടി ഞാൻ എപ്പോഴും എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. 5 കാരണം, ക്രിസ്തുയേശുവിൽ വചനത്തിലും ജ്ഞാനത്തിലും സർവസമൃദ്ധിയും നിങ്ങൾക്കു ലഭിച്ചിരിക്കുന്നല്ലോ; 6 ക്രിസ്തുവിനെക്കുറിച്ചു ഞങ്ങൾ നിങ്ങളോടു പറഞ്ഞ സാക്ഷ്യത്തിന്റെ വിശ്വാസ്യത ഇതു സ്ഥിരീകരിക്കുന്നു. 7 ഇങ്ങനെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിനായി കാത്തിരിക്കുന്ന നിങ്ങൾ കൃപാദാനങ്ങളിൽ യാതൊന്നിൽപോലും കുറവുള്ളവരായിരിക്കുന്നില്ല. 8 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദിവസത്തിൽ നിങ്ങൾ നിരപവാദ്യർ ആയിരിക്കേണ്ടതിന് അവിടന്ന് നിങ്ങളെ അന്ത്യംവരെ ശക്തിപ്പെടുത്തും. 9 അവിടത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തനാണല്ലോ.

  16. 1 സകലമനുഷ്യർക്കുംവേണ്ടി അപേക്ഷകളും പ്രാർഥനകളും മധ്യസ്ഥതയും സ്തോത്രവും അർപ്പിക്കണമെന്ന് ആദ്യംതന്നെ ഞാൻ പ്രബോധിപ്പിക്കട്ടെ. 2 നാം പ്രശാന്തവും സമാധാനപൂർണവും ഭയഭക്തിയുള്ളതും അന്തസ്സുറ്റതുമായ ഒരു ജീവിതം നയിക്കാൻ സാധിക്കേണ്ടതിനു രാജാക്കന്മാർക്കുവേണ്ടിയും ഉന്നത അധികാരികൾക്കുവേണ്ടിയും പ്രാർഥിക്കുക. 3 ഇത് ഉത്തമവും നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെസന്നിധിയിൽ സ്വീകാര്യവുമാണ്. 4 സകലമനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തിച്ചേരണമെന്നും അവിടന്ന് ആഗ്രഹിക്കുന്നു.

  17. 6 ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി സ്വീകരിച്ചിരിക്കുന്നതിനാൽ അവിടത്തോടുള്ള കൂട്ടായ്മയിൽ ജീവിക്കുക. 7 ക്രിസ്തുവിൽ നിങ്ങളുടെ വേരുകൾ ആഴത്തിൽ ഇറങ്ങിച്ചെല്ലട്ടെ; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലായിരിക്കട്ടെ നിങ്ങളുടെ ജീവിതം പണിതുയർത്തുന്നത്. നിങ്ങളെ ഉപദേശിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ ഉറച്ചുകൊണ്ട് നിങ്ങളിൽ സ്തോത്രം നിറഞ്ഞുകവിയട്ടെ.

  18. 10 അതിനുശേഷം ദാവീദ് സർവസഭയുടെയുംമുമ്പിൽ ഇപ്രകാരം യഹോവയെ സ്തുതിച്ചു:

    “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ യഹോവേ,

    അങ്ങ് എന്നെന്നേക്കും

    വാഴ്ത്തപ്പെട്ടവൻ!

    11 മഹത്ത്വവും ശക്തിയും തേജസ്സും കീർത്തിയും മഹിമയും

    യഹോവേ, അങ്ങേക്കുള്ളതാണ്.

    ഭൂമിയിലും സ്വർഗത്തിലുമുള്ളതെല്ലാം അങ്ങയുടേതാകുന്നു.

    യഹോവേ, രാജ്യം അങ്ങേക്കുള്ളത്.

    അങ്ങ് സകലത്തിന്റെയും തലവനായിരിക്കുന്നു.

    12 ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു;

    എല്ലാറ്റിനെയും ഭരിക്കുന്നതും അങ്ങുതന്നെ.

    എല്ലാവരെയും ഉദ്ധരിച്ച് ശക്തി പകരാനുള്ള

    ശക്തിയും അധികാരവും അങ്ങയുടെ കരങ്ങൾക്കുള്ളിലാണല്ലോ.

    13 ഇപ്പോൾ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങേക്കു നന്ദികരേറ്റുന്നു;

    അങ്ങയുടെ മഹത്ത്വകരമായ നാമം ഞങ്ങൾ പുകഴ്ത്തുകയും ചെയ്യുന്നു.

    14 “ഇത്രയും ഉദാരമായി ദാനം ചെയ്യാൻ കഴിയത്തക്കവിധം ഞാനാര്? എന്റെ ജനവും എന്തുള്ളൂ? എല്ലാം അങ്ങയിൽനിന്നു ലഭിക്കുന്നു; അങ്ങയുടെ പക്കൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേക്കു തരികമാത്രമേ ചെയ്യുന്നുള്ളൂ.

  19. 15 ഈ കാരണത്താൽ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള സ്നേഹത്തെയുംകുറിച്ചു കേട്ടതുമുതൽ 16 ഞാനും എന്റെ പ്രാർഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങൾക്കുവേണ്ടി എപ്പോഴും സ്തോത്രംചെയ്തുകൊണ്ടിരിക്കുന്നു. 17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം, തേജോമയനായ പിതാവ്, അവിടത്തെ സുവ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകട്ടെ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു. 18 മാത്രവുമല്ല, നിങ്ങളുടെ ഹൃദയം പ്രകാശപൂരിതമായിത്തീർന്നിട്ട് അവിടന്ന് നിങ്ങളെ വിളിച്ചിരിക്കുന്ന പ്രത്യാശയും അവിടത്തെ വിശുദ്ധർക്കു ലഭിക്കാനിരിക്കുന്ന തേജോമയമായ അവകാശത്തിന്റെ സമൃദ്ധിയും 19 വിശ്വസിക്കുന്നവരായ നമുക്കുവേണ്ടിയുള്ള അവിടത്തെ അതുല്യമായ ശക്തിയും നിങ്ങൾ അറിയേണമെന്നും ഞാൻ പ്രാർഥിക്കുന്നു. 20-21 ഈ ശക്തിതന്നെയാണ്, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും മീതേ സ്വർഗത്തിൽ തന്റെ വലതുഭാഗത്ത്, ഈ യുഗത്തിൽമാത്രമല്ല, വരാനുള്ളതിലും വിളിക്കപ്പെട്ട എല്ലാ നാമത്തിനും അത്യന്തം മീതേ, ഇരുത്താൻ ദൈവം പ്രയോഗിച്ച അതിമഹത്തായ ശക്തി. 22 അവിടന്നു സകലതും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കി ക്രിസ്തുവിനെ എല്ലാറ്റിന്റെയും ശിരസ്സായിരിക്കാൻ സഭയ്ക്കുവേണ്ടി നിയോഗിച്ചിരിക്കുന്നു. 23 സകലത്തെയും സർവവിധത്തിലും സമ്പൂർണമാക്കുന്ന അവിടത്തെ സമ്പൂർണതയാകുന്നു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ.

  20. 34 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

  21. 18 അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. 19 യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു. 20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.

    21 അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി.

  22. 14 ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയഘോഷമായി നടത്തുകയും ഞങ്ങളിലൂടെ അവിടത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ പരിമളം എല്ലായിടത്തും പരത്തുകയുംചെയ്യുന്ന ദൈവത്തിനു സ്തോത്രം. 15 ദൈവസന്നിധിയിൽ യേശുക്രിസ്തു അർപ്പിക്കുന്ന സുഗന്ധധൂപംപോലെയാണ് രക്ഷിക്കപ്പെടുന്നവരുടെ മധ്യത്തിലും നശിച്ചുപോകുന്നവരുടെ മധ്യത്തിലും ഞങ്ങളുടെ ജീവിതങ്ങൾ. 16 നശിച്ചുപോകുന്നവർക്കു മരണത്തിൽനിന്ന് മരണത്തിലേക്കുള്ള ദുർഗന്ധവും രക്ഷിക്കപ്പെടുന്നവർക്ക് ജീവനിൽനിന്ന് നിത്യജീവനിലേക്കുള്ള സുഗന്ധവും. എന്നാൽ, ഈ ശുശ്രൂഷയ്ക്ക് ആരാണ് പ്രാപ്തൻ?

  23. അഞ്ചാംപുസ്തകം

    1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

    2 യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ,

    അവിടന്ന് ശത്രുക്കളുടെ കൈയിൽനിന്ന് വീണ്ടെടുത്തവർ,

    3 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും

    അവിടന്ന് കൂട്ടിച്ചേർത്തവരായ ജനം ഇപ്രകാരം പറയട്ടെ:

  24. 1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ.

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

    2 ദേവാധിദൈവത്തിനു സ്തോത്രംചെയ്‌വിൻ.

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

    3 കർത്താധികർത്താവിനു സ്തോത്രംചെയ്‌വിൻ.

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

  25. 10 ഇപ്രകാരം ഒരു കൽപ്പന ഒപ്പുവെച്ചിരിക്കുന്നതായി ദാനീയേൽ അറിഞ്ഞപ്പോൾ അദ്ദേഹം വീട്ടിൽച്ചെന്നു. തന്റെ മാളികമുറിയുടെ ജനാല ജെറുശലേമിനുനേരേ തുറന്നിരുന്നു. താൻ മുമ്പു ചെയ്തിരുന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തോടു പ്രാർഥിക്കുകയും സ്തോത്രംചെയ്യുകയും ചെയ്തു.

  26. 8 നിങ്ങളുടെ വിശ്വാസം ഭൂമിയിൽ എല്ലായിടത്തും സുപ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ഞാൻ ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു.

  27. 57 എന്നാൽ ദൈവത്തിനു സ്തോത്രം! നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവിടന്ന് നമുക്കു വിജയം നൽകുന്നു.

  28. 12 എനിക്കു ശക്തി നൽകി, എന്നെ വിശ്വസ്തനായി പരിഗണിച്ച് അവിടത്തെ ശുശ്രൂഷയ്ക്കു നിയോഗിച്ച നമ്മുടെ കർത്താവായ ക്രിസ്തുയേശുവിന് ഞാൻ സ്തോത്രംചെയ്യുന്നു. 13 മുമ്പ് ഞാൻ ദൈവദൂഷകനും പീഡകനും നിഷ്ഠുരനുമായിരുന്നു; എങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം അവിശ്വാസിയും അജ്ഞനുമായിട്ടാണ് ഇവ ഞാൻ പ്രവർത്തിച്ചിരുന്നത്. 14 ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ, നമ്മുടെ കർത്താവിന്റെ കൃപയും എന്നിലേക്കു സമൃദ്ധമായി വർഷിച്ചിരിക്കുന്നു.

    15 പാപികളെ രക്ഷിക്കുന്നതിനാണ് ക്രിസ്തുയേശു ലോകത്തിൽ വന്നത് എന്ന വചനം തികച്ചും സ്വീകാര്യവും വിശ്വാസയോഗ്യവും ആകുന്നു. ഞാനാണ് ആ പാപികളിൽ അഗ്രഗണ്യൻ! 16 ക്രിസ്തുയേശുവിൽ വിശ്വസിച്ച് നിത്യജീവൻ ലഭിക്കാനിരിക്കുന്നവരോട് ദൈവം കാണിക്കുന്ന അളവറ്റ കൃപയുടെ നിദർശനം ഞാൻ ആയിത്തീരണം എന്നതുകൊണ്ടാണ്, ആ പാപികളിൽ ഒന്നാമനായ എനിക്ക് അന്തമില്ലാത്ത കരുണ ലഭിച്ചത്. 17 യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന് അനന്തകാലത്തേക്ക് ബഹുമാനവും മഹത്ത്വവും ഉണ്ടാകുമാറാകട്ടെ; ആമേൻ!

  29. 9 ഞാനോ, സ്തോത്രാലാപനത്തോടെ അങ്ങേക്ക്

    യാഗം അർപ്പിക്കും.

    ഞാൻ നേർന്നതു നിറവേറ്റുകയും ചെയ്യും.

    രക്ഷവരുന്നത് യഹോവയിൽനിന്നുമാത്രമാണല്ലോ.”

  30. 16 ദൈവസന്നിധിയിൽ സിംഹാസനസ്ഥരായിരുന്ന ഇരുപത്തിനാലു മുഖ്യന്മാരും കമിഴ്ന്നുവീണു ദൈവത്തെ ആരാധിച്ചുകൊണ്ട് പറഞ്ഞത്:

    17 “ഭൂത, വർത്തമാന കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ

    സർവശക്തിയുള്ള ദൈവമായ കർത്താവേ,

    അങ്ങു മഹാശക്തി ധരിച്ചു വാഴുകയാൽ

    ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു.

  31. 7 യഹോവയ്ക്ക് നന്ദിയോടെ പാടുക;

    കിന്നരംമീട്ടി നമ്മുടെ ദൈവത്തിന് സംഗീതം ആലപിക്കുക.

    8 അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു;

    അവിടന്ന് ഭൂമിക്കായി മഴ പൊഴിക്കുകയും

    കുന്നുകളിൽ പുല്ല് മുളപ്പിക്കുകയുംചെയ്യുന്നു.

    9 അവിടന്ന് കന്നുകാലികൾക്കും

    കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നൽകുന്നു.

  32. 23 എന്റെ പിതാക്കന്മാരുടെ ദൈവമേ,

    അവിടന്ന് എനിക്കു ജ്ഞാനവും ശക്തിയും നൽകിയിരിക്കുകയാൽ ഞാൻ അവിടത്തെ വാഴ്ത്തുന്നു.

    ഞങ്ങൾ അവിടത്തോട് അപേക്ഷിച്ച കാര്യം അവിടന്ന് എന്നെ അറിയിച്ചിരിക്കുന്നു,

    രാജാവിന്റെ സ്വപ്നത്തെക്കുറിച്ച് അവിടന്നു ഞങ്ങൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു.”

  33. 3 നിങ്ങളുടെ മധ്യേ ലൈംഗിക അധാർമികത, ഒരുതരത്തിലുമുള്ള അശുദ്ധി, ദുരാഗ്രഹം ഇവയുടെ പേരുപോലും കേൾക്കാൻ ഇടയാകരുത്; കാരണം ഇവ ദൈവത്തിന്റെ വിശുദ്ധജനത്തിന് ഭൂഷണമല്ല. 4 അശ്ലീലം, നിരർഥക സംഭാഷണം, അശ്ലീലഫലിതം ഇങ്ങനെ അയോഗ്യമായവയൊന്നും പാടുള്ളതല്ല; പകരം സ്തോത്രശബ്ദമാണ് ഉയരേണ്ടത്.

  34. 9 ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ സകലരാജ്യങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനവിഭാഗങ്ങളിൽനിന്നും ഭാഷകളിൽനിന്നും ആർക്കും എണ്ണിത്തീർക്കാനാകാത്ത വലിയൊരു ജനസമൂഹം പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം ധരിച്ചും കൈയിൽ കുരുത്തോലകളേന്തിയും സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു. 10 അവർ അത്യുച്ചത്തിൽ:

    “ ‘രക്ഷ’ സിംഹാസനസ്ഥനായ

    നമ്മുടെ ദൈവത്തിനും

    കുഞ്ഞാടിനും ഉള്ളത്”

    എന്ന് ആർത്തുകൊണ്ടിരുന്നു. 11-12 അപ്പോൾ സർവദൂതന്മാരും, സിംഹാസനത്തിനും മുഖ്യന്മാർക്കും നാലു ജീവികൾക്കും ചുറ്റിലുമായി നിൽക്കയും,

    “ആമേൻ!

    നമ്മുടെ ദൈവത്തിന് എന്നെന്നേക്കും

    സ്തുതിയും മഹത്ത്വവും

    ജ്ഞാനവും സ്തോത്രവും ബഹുമാനവും

    അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ,

    ആമേൻ!”

    എന്നു പറഞ്ഞ് സിംഹാസനത്തിനുമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുകയും ചെയ്തു.

    13 പിന്നെ മുഖ്യന്മാരിൽ ഒരുവൻ എന്നോട്, “ശുഭ്രവസ്ത്രധാരികളായ ഇവർ ആര്; ഇവർ എവിടെനിന്നു വന്നു?” എന്നു ചോദിച്ചു.

    14 അതിനു ഞാൻ, “എന്റെ യജമാനനേ, അങ്ങേക്ക് അറിയാമല്ലോ” എന്നു മറുപടി പറഞ്ഞു.

    അദ്ദേഹം എന്നോടു പറഞ്ഞത്: “ഇവർ മഹാപീഡനത്തിൽനിന്നു വന്നവർ; ഇവർ തങ്ങളുടെ വസ്ത്രങ്ങൾ കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വെളുപ്പിച്ചിരിക്കുന്നു.

  35. 1 പൗലോസും സില്വാനൊസും തിമോത്തിയോസും,

    പിതാവായ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും സ്വന്തമായ തെസ്സലോനിക്യ സഭയ്ക്ക്, എഴുതുന്നത്:

    നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.

    2 നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഞങ്ങൾ ദൈവത്തോട് എപ്പോഴും സ്തോത്രംചെയ്തുകൊണ്ട് നിങ്ങളെ ഞങ്ങളുടെ പ്രാർഥനയിൽ നിരന്തരം ഓർക്കുന്നു. 3 നമ്മുടെ ദൈവവും പിതാവുമായ അവിടത്തെ സന്നിധിയിൽ നിങ്ങളുടെ വിശ്വാസം പ്രകടമാക്കുന്ന പ്രവൃത്തിയും സ്നേഹപ്രേരിതമായ പ്രയത്നവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള പ്രത്യാശയുടെ ഉറപ്പും ഞങ്ങൾ ഓർക്കുന്നു.

    4 ദൈവം സ്നേഹിക്കുന്ന സഹോദരങ്ങളേ, അവിടന്നു നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു. 5 ഞങ്ങൾ അറിയിച്ച സുവിശേഷം നിങ്ങളുടെ അടുക്കൽ എത്തിയത് കേവലം പ്രഭാഷണമായിമാത്രമല്ല പിന്നെയോ ശക്തിയോടും പരിശുദ്ധാത്മസാന്നിധ്യത്തോടും ദൃഢനിശ്ചയത്തോടും കൂടെയായിരുന്നു. നിങ്ങളോടൊപ്പം ഞങ്ങൾ ആയിരുന്നപ്പോൾ നിങ്ങൾക്കുവേണ്ടി ഞങ്ങൾ എങ്ങനെ ജീവിച്ചു എന്നറിയാമല്ലോ.

  36. 8 അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും

    അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ,

    9 കാരണം അവിടന്ന് ദാഹിക്കുന്നവരെ തൃപ്തരാക്കുകയും

    വിശക്കുന്നവരെ വിശിഷ്ടഭോജ്യങ്ങൾകൊണ്ടു നിറയ്ക്കുകയുംചെയ്യുന്നു.

  37. 17 ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്;

    അത്യുന്നതനായ യഹോവയുടെ നാമത്തിനു ഞാൻ സ്തുതിപാടും.

    സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.

  38. ശബ്ബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.

    1-2 യഹോവയെ വാഴ്ത്തുന്നതും

    അത്യുന്നതനേ, അവിടത്തെ നാമത്തിന്

    പത്തുകമ്പിയുള്ള വീണയുടെയും

    കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും

    3 പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും

    രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ.

  39. 11 തുടർന്ന് യേശു, അപ്പമെടുത്തു ദൈവത്തിന് സ്തോത്രംചെയ്ത് പന്തിയിലിരുന്നവർക്കു വിളമ്പിക്കൊടുത്തു, അതുപോലെതന്നെ മീനും വേണ്ടുവോളം കൊടുത്തു.

  40. 3 നിങ്ങളെ ഓർക്കുമ്പോഴെല്ലാം ഞാൻ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. 4-5 എന്റെ സുവിശേഷഘോഷണദൗത്യത്തിലെ ആദ്യദിവസംമുതൽ ഇന്നുവരെ നിങ്ങളുടെ പങ്കാളിത്തം അനുസ്മരിച്ച് നിങ്ങൾ എല്ലാവർക്കുംവേണ്ടിയുള്ള സകലപ്രാർഥനകളിലും ഞാൻ എപ്പോഴും ആനന്ദത്തോടെ അപേക്ഷിക്കുന്നു. 6 നിങ്ങളിൽ ദൈവം ആരംഭിച്ച നല്ല പ്രവൃത്തി ക്രിസ്തുയേശുവിന്റെ പുനരാഗമനദിനംവരെ തുടർന്ന് അതിന്റെ പരിപൂർണതയിൽ എത്തിക്കുമെന്ന് എനിക്ക് ദൃഢനിശ്ചയമുണ്ട്.

    7 എന്റെ കാരാഗൃഹവാസത്തിലും സുവിശേഷത്തിന് അനുകൂലമായി വാദിച്ച് അതുറപ്പിക്കുന്ന എന്റെ ശുശ്രൂഷയിലും നിങ്ങളെല്ലാവരും എന്നോടൊപ്പം ദൈവകൃപയിൽ പങ്കുവഹിച്ചു. അതുകൊണ്ട് നിങ്ങളെല്ലാവരും എനിക്ക് വളരെ പ്രിയരാണ്. ഇങ്ങനെ നിങ്ങളെ എല്ലാവരെപ്പറ്റിയും ചിന്തിക്കുന്നത് യുക്തമാണല്ലോ. 8 ക്രിസ്തുയേശുവിന് നിങ്ങളോടുള്ള അതേ വാത്സല്യത്തോടെ നിങ്ങളെയെല്ലാം കാണാൻ ഞാൻ എത്ര ആഗ്രഹിക്കുന്നു എന്നതിനു ദൈവംതന്നെ സാക്ഷി.

    9 ആഴത്തിലുള്ള അറിവിലും തികഞ്ഞ വിവേകത്തിലും നിങ്ങളുടെ സ്നേഹം അധികമധികം വർധിച്ചുവന്ന് 10 നിങ്ങൾ ഏറ്റവും അമൂല്യമായതുതന്നെ തെരഞ്ഞെടുത്തുകൊണ്ട് ക്രിസ്തുവിന്റെ പുനരാഗമനംവരെ നിർമലരും കളങ്കരഹിതരും ആയി ജീവിക്കാൻ ഇടയാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. 11 തന്നെയുമല്ല, യേശുക്രിസ്തുവിലൂടെമാത്രം ലഭ്യമാകുന്ന നീതിയുടെ ഫലങ്ങൾ ദൈവത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായി നിങ്ങളിൽ നിറയട്ടെ എന്നും ഞാൻ പ്രാർഥിക്കുന്നു.

  41. 3 സഹോദരങ്ങളേ, നിങ്ങളുടെ വിശ്വാസം തഴച്ചുവളരുകയും നിങ്ങൾക്കെല്ലാവർക്കും പരസ്പരമുള്ള സ്നേഹം വർധിച്ചുവരികയും ചെയ്യുന്നതിനാൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി ദൈവത്തിന് എപ്പോഴും സ്തോത്രംചെയ്യാൻ കടപ്പെട്ടിരിക്കുന്നു; അതു തികച്ചും ഉചിതംതന്നെ. 4 അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകലപീഡനങ്ങളിലും പരിശോധനകളിലും നിങ്ങൾക്കുള്ള സഹിഷ്ണുതയെയും വിശ്വാസത്തെയുംകുറിച്ചു ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ പ്രശംസിക്കുന്നു.

  42. 7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു;

    എന്റെ ഹൃദയം അങ്ങയിൽ ആശ്രയിക്കുകയും അവിടന്നെന്നെ സഹായിക്കുകയുംചെയ്യുന്നു.

    എന്റെ ഹൃദയം ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു,

    എന്നിൽനിന്നുയരുന്ന സംഗീതത്തോടെ ഞാൻ അവിടത്തെ സ്തുതിക്കും.

  43. 18 ഞാൻ മഹാസഭയിൽ അങ്ങേക്ക് നന്ദിയർപ്പിക്കും;

    ജനസാഗരമധ്യേ ഞാൻ അങ്ങയെ വാഴ്ത്തും.

  44. 1 യഹോവയെ വാഴ്ത്തുക.

    യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

  45. 17 ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച്

    യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

  46. 11 യേശു ജെറുശലേമിലേക്കു യാത്രചെയ്യുമ്പോൾ ശമര്യ-ഗലീല പ്രവിശ്യകളുടെ അതിരുകളിലൂടെ സഞ്ചരിച്ചു. 12 അദ്ദേഹം ഒരു ഗ്രാമത്തിലേക്കു പ്രവേശിച്ചപ്പോൾ, കുഷ്ഠം ബാധിച്ച പത്തുപേർ അദ്ദേഹത്തിന് അഭിമുഖമായി വന്നു. അവർ ദൂരത്തുനിന്നുകൊണ്ട്, 13 “യേശുവേ, നാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.

    14 അവരെ കണ്ടിട്ട് യേശു, “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിക്കുക” എന്ന് അവരോടു പറഞ്ഞു. അവർ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ സൗഖ്യമുള്ളവരായിത്തീർന്നു.

    15 അവരിലൊരാൾ തനിക്കു സൗഖ്യം ലഭിച്ചിരിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ, ഉയർന്നസ്വരത്തിൽ ദൈവത്തെ പുകഴ്ത്തിക്കൊണ്ടു മടങ്ങിവന്നു. 16 അയാൾ യേശുവിന്റെ തൃപ്പാദത്തിൽ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തോടു നന്ദി പറഞ്ഞു; അയാൾ ശമര്യാക്കാരൻ ആയിരുന്നു.

    17 “പത്തുപേരും ശുദ്ധരായിത്തീർന്നില്ലേ? ഒൻപതുപേർ എവിടെ? 18 ഈ വിദേശിയല്ലാതെ മറ്റാരും ദൈവത്തെ മഹത്ത്വപ്പെടുത്താൻ മടങ്ങിവന്നതായി കാണുന്നില്ലല്ലോ,” യേശു പറഞ്ഞു. 19 തുടർന്ന് അദ്ദേഹം കുഷ്ഠരോഗിയായിരുന്ന അയാളോട്, “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു.

  47. 7 അന്ന്, ആദ്യമായി, യഹോവയോടു നന്ദി പ്രകാശിപ്പിക്കുന്ന ഈ സങ്കീർത്തനം ദാവീദ് ആസാഫിനെയും സഹായികളെയും ഏൽപ്പിച്ചു.

    8 യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;

    അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.

    9 അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക;

    അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.

  48. 11 അവർ യഹോവയെ വാഴ്ത്തി സ്തുതിച്ചുകൊണ്ട്:

    “അവിടന്നു നല്ലവൻ;

    ഇസ്രായേലിനോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,”

    എന്ന ഗാനം അവർ ആലപിച്ചു. അങ്ങനെ ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുകൊണ്ട് യഹോവയെ സ്തുതിച്ചു, യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതിനാണ് അവർ ഇപ്രകാരം ചെയ്തത്.

  49. 1 യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;

    അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.

    2 അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക;

    അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.

    3 അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക;

    യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.

  50. 26 അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങി ഭക്ഷിക്കുക, ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു.

    27 പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു നൽകിക്കൊണ്ടു പറഞ്ഞത്: “എല്ലാവരും ഇതിൽനിന്നു പാനംചെയ്യുക, 28 ഇത് എന്റെ രക്തം ആകുന്നു, അനേകരുടെ പാപമോചനത്തിനുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം.

  51. 1 തർക്കവിഷയങ്ങളെക്കുറിച്ചു ശണ്ഠയിടാതെ വിശ്വാസത്തിൽ ബലഹീനരായവരെ അംഗീകരിക്കുക. 2 എല്ലാം ഭക്ഷിക്കാമെന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനരായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു. 3 എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്. 4 മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും.

    5 ഒരാൾ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ ശ്രേഷ്ഠമായി കരുതുന്നു; മറ്റൊരാളാകട്ടെ, എല്ലാ ദിവസത്തെയും ഒരുപോലെ ശ്രേഷ്ഠമായി പരിഗണിക്കുന്നു. ഓരോരുത്തരും ചെയ്യുന്നത് അവരവരുടെ ഉത്തമബോധ്യമനുസരിച്ച് ആയിരിക്കണം. 6 ഒരു ദിവസത്തെ മറ്റു ദിവസങ്ങളെക്കാൾ മാനിക്കുന്നയാൾ കർത്താവിനുവേണ്ടി അതു ചെയ്യുന്നു; മാംസാഹാരിയും ഭക്ഷിക്കുന്നത് കർത്താവിനുവേണ്ടി. കാരണം, ദൈവത്തിനു നന്ദി അർപ്പിച്ചിട്ടാണല്ലോ അവർ ഭക്ഷിക്കുന്നത്. അതുപോലെ, മാംസം ഭക്ഷിക്കാത്തവരും കർത്താവിനുവേണ്ടി ഭക്ഷിക്കാതിരിക്കുന്നു. അവരും ദൈവത്തിനു സ്തോത്രംചെയ്യുന്നു. 7 നമ്മിൽ ആരും നമുക്കായി ജീവിക്കുന്നില്ല; നമുക്കായിത്തന്നെ മരിക്കുന്നതുമില്ല.

  52. 17 ഉത്തമവും പൂർണവുമായ എല്ലാ നല്ല ദാനങ്ങളും ഉയരത്തിൽനിന്ന്, അതായത്, പ്രകാശങ്ങളുടെ പിതാവിങ്കൽനിന്നാണു വരുന്നത്. അവിടന്ന് മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾപോലെ മാറുകയില്ല.

  53. 1 ഇതിനുശേഷം സ്വർഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു. കാഹളനാദംപോലെ ആദ്യം സംസാരിച്ചുകേട്ട ശബ്ദം എന്നോട്, “ഇവിടെ കയറിവരിക, ഇനി സംഭവിക്കാനുള്ളവ ഞാൻ നിനക്കു കാണിച്ചുതരാം” എന്നു പറഞ്ഞു. 2 ഉടനെ ഞാൻ ആത്മാവിലായി. ഇതാ, സ്വർഗത്തിൽ ഒരു സിംഹാസനം; അതിൽ ഒരാൾ ഇരിക്കുന്നു. 3 സിംഹാസനസ്ഥൻ സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിനു ചുറ്റും മരതകതുല്യമായ ഒരു മഴവില്ല്. 4 സിംഹാസനത്തിനു ചുറ്റും വേറെയും ഇരുപത്തിനാലു സിംഹാസനം; തേജോമയവസ്ത്രം ധരിച്ച ഇരുപത്തിനാലു മുഖ്യന്മാർ അവയിൽ ഇരിക്കുന്നു; അവരുടെ തലയിൽ തങ്കക്കിരീടങ്ങൾ. 5 സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കവും പുറപ്പെട്ടുവരുന്നു. സിംഹാസനത്തിനുമുമ്പിൽ ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴുദീപങ്ങൾ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. 6 സിംഹാസനത്തിനുമുമ്പിൽ പളുങ്കുപോലെ സുതാര്യമായ കണ്ണാടിക്കടൽ.

    കേന്ദ്രസ്ഥാനത്തുള്ള സിംഹാസനത്തിന്റെ ചുറ്റും നാലു ജീവികൾ; അവ മുന്നിലും പിന്നിലും കണ്ണുകളാൽ പൊതിയപ്പെട്ടിരുന്നു. 7 ഒന്നാമത്തെ ജീവി സിംഹത്തിനു സദൃശം, രണ്ടാമത്തെ ജീവി കാളയെപ്പോലെ, മൂന്നാമത്തെ ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്, നാലാമത്തെ ജീവി പറക്കുന്ന കഴുകനോടു സദൃശം. 8 നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ,

    “ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ,

    ‘സർവശക്തിയുള്ള ദൈവമായ കർത്താവ്,

    പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ ”

    എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു. 9 സിംഹാസനസ്ഥനായി അനന്തകാലം ജീവിക്കുന്ന കർത്താവിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോഴെല്ലാം 10 ഇരുപത്തിനാലു മുഖ്യന്മാരും സിംഹാസനസ്ഥന്റെ മുമ്പിൽ വീണ്, അനന്തകാലം ജീവിക്കുന്നവനെ നമസ്കരിച്ചുകൊണ്ട്:

    11 “ഞങ്ങളുടെ കർത്താവും ദൈവവുമായുള്ളവനെ,

    അങ്ങ് സകലത്തെയും സൃഷ്ടിച്ചു.

    അവിടത്തെ ഇഷ്ടത്താൽ അവ ഉത്ഭവിക്കുകയും

    സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാൽ,

    അവിടന്നു മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യൻ,”

    എന്നു പറഞ്ഞു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനുമുമ്പിൽ സമർപ്പിക്കും.

  54. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും;

    അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും.

    2 ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും;

    അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും.

  55. 11 അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു;

    അവിടന്ന് എന്റെ ചാക്കുശീലമാറ്റി ആനന്ദവസ്ത്രം അണിയിച്ചിരിക്കുന്നു,

    12 എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ.

    എന്റെ ദൈവമായ യഹോവേ, ഞാൻ എന്നുമെന്നും അങ്ങയെ വാഴ്ത്തും.

    സംഗീതസംവിധായകന്.

  56. 17 നിങ്ങൾ പാപത്തിന്റെ അടിമകൾ ആയിരുന്നു. എന്നാൽ നിങ്ങൾ സ്വീകരിച്ച ഉപദേശത്തെ ഹൃദയപൂർവം അനുസരിച്ചതുകൊണ്ട് ദൈവത്തിനു സ്തോത്രം! 18 അങ്ങനെ പാപത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിട്ട് നിങ്ങൾ നീതിയുടെ അടിമകളായിത്തീർന്നിരിക്കുന്നു.

  57. 21 അതുകൊണ്ടു നന്മചെയ്യാൻ ഞാൻ ആഗ്രഹിക്കുമ്പോൾത്തന്നെ, തിന്മ എന്നൊരു തത്ത്വം എന്നോടൊപ്പമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. 22 എന്റെ അന്തരംഗത്തിൽ ഞാൻ ദൈവികന്യായപ്രമാണത്തിൽ ആഹ്ലാദിക്കുന്നു; 23 എന്നാൽ എന്റെ ബുദ്ധിയോടു പോരാടുന്ന മറ്റൊരു തത്ത്വം എന്റെ അവയവങ്ങളിൽ പ്രവർത്തിക്കുന്നെന്നു ഞാൻ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രഭാവത്തിന് എന്നെ അടിമയാക്കുകയുംചെയ്യുന്നു. 24 അയ്യോ! ഞാൻ എത്ര നിസ്സഹായൻ! മരണത്തിലേക്കെന്നെ നയിക്കുന്ന ഈ ശരീരത്തിൽനിന്ന് എന്നെ ആർ സ്വതന്ത്രനാക്കും? 25 നമ്മുടെ കർത്താവായ യേശുക്രിസ്തു; ദൈവത്തിനു സ്തോത്രം!

    ഞാൻ ബുദ്ധികൊണ്ടു ദൈവികന്യായപ്രമാണത്തെയും ശരീരംകൊണ്ടു പാപത്തിന്റെ തത്ത്വത്തെയും സേവിക്കുന്നു.

  58. 13 അതുകൊണ്ട് അജ്ഞാതഭാഷയിൽ സംസാരിക്കുന്നവൻ അയാൾ പറയുന്നതു വ്യാഖ്യാനിക്കാനുള്ള കഴിവിനുവേണ്ടിയും പ്രാർഥിക്കണം. 14 ഞാൻ അജ്ഞാതഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ എന്റെ ആത്മാവുമാത്രം പ്രാർഥിക്കുന്നു, എന്റെ ബുദ്ധിയോ ഫലരഹിതമായിരിക്കുന്നു. 15 അങ്ങനെയെങ്കിൽ എന്താണ് കരണീയം? ഞാൻ ആത്മാവുകൊണ്ടു പ്രാർഥിക്കും, ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും, ബുദ്ധികൊണ്ടും പാടും. 16 ആത്മാവുകൊണ്ടു നീ ദൈവത്തെ സ്തുതിക്കുമ്പോൾ ആ സ്ഥലത്ത് സന്നിഹിതനായിരിക്കുന്ന ഒരു അന്വേഷകൻ നിന്റെ സ്തോത്രാർപ്പണത്തിന് എങ്ങനെ “ആമേൻ” പറയും? നീ പറയുന്നത് അയാൾ മനസ്സിലാക്കുന്നില്ലല്ലോ? 17 നീ നന്നായി സ്തോത്രം അർപ്പിക്കുന്നുണ്ടായിരിക്കാം, എന്നാൽ മറ്റാർക്കും ആത്മികോന്നതി ഉണ്ടാകുന്നില്ല.

    18 ഞാൻ നിങ്ങളെല്ലാവരെക്കാളും അധികമായി അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു കൊണ്ട് ദൈവത്തിനു സ്തോത്രംചെയ്യുന്നു. 19 എന്നാൽ സഭയിൽ പതിനായിരം വാക്കുകൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ, മറ്റുള്ളവരെ ഉപദേശിക്കാനായി ബുദ്ധികൊണ്ട് അഞ്ചു വാക്കു സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.

  59. 1 ക്രിസ്തുയേശുവിന്റെ സുവിശേഷം പ്രസംഗിച്ചതിനാൽ തടവുകാരനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും ചേർന്ന്,

    ഞങ്ങളുടെ പ്രിയസ്നേഹിതനും സഹപ്രവർത്തകനുമായ ഫിലേമോൻ എന്ന നിനക്കും 2 ഞങ്ങളുടെ സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹസൈനികനായ അർഹിപ്പൊസിനും നിന്റെ ഭവനത്തിൽ കൂടിവരുന്ന സഭയ്ക്കും, എഴുതുന്നത്:

    3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.

    4-6 കർത്താവായ യേശുവിൽ നിനക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള നിന്റെ സ്നേഹത്തെയുംകുറിച്ചു കേട്ടിട്ട് ഞാൻ എന്റെ ദൈവത്തിന് എപ്പോഴും സ്തോത്രംചെയ്യുന്നു. ക്രിസ്തുയേശുവിൽക്കൂടെ നമുക്കു ലഭിച്ചിട്ടുള്ള സകലനന്മകളെയുംപറ്റിയുള്ള പൂർണമായ അറിവിൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ അധികം ഫലപ്രദമാകേണ്ടതിന് ഞാൻ നിന്നെ ഓർത്തു പ്രാർഥിക്കുന്നു 7 സഹോദരാ, നീ വിശ്വാസികളുടെ ഹൃദയത്തിന് നവോന്മേഷം പകർന്നതിനാൽ, നിനക്ക് അവരോടുള്ള സ്നേഹം എനിക്കു മഹാ ആനന്ദവും ആശ്വാസവും തന്നിരിക്കുന്നു.

  60. 4 യഹോവയുടെ വിശ്വസ്തരേ, അവിടത്തേക്ക് സ്തുതിപാടുക;

    അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.

    5 കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം,

    എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും;

    വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു,

    എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി.

  61. ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം.

    1 ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു,

    അങ്ങയുടെ നാമം സമീപമായിരിക്കുകയാൽ ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;

    ജനം അവിടത്തെ അത്ഭുതപ്രവൃത്തികളെ വർണിക്കുന്നു.

  62. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

    എന്റെ സർവാന്തരംഗവുമേ, അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.

    2 എൻ മനമേ, യഹോവയെ വാഴ്ത്തുക;

    അവിടത്തെ ഉപകാരങ്ങളൊന്നും മറക്കരുത്—

    3 അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു

    നിന്റെ സർവരോഗത്തിനും സൗഖ്യമേകുന്നു.

    4 അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന് വീണ്ടെടുക്കുകയും

    നിന്നെ സ്നേഹവും മനസ്സലിവുംകൊണ്ട് മകുടമണിയിക്കുകയും ചെയ്യുന്നു,

    5 നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന്

    അവിടന്ന് നിന്റെ ജീവിതം നന്മകൊണ്ട് സംതൃപ്തമാക്കുന്നു.

  63. 3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 4 തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു. 5 ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു. 6 ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു. 7 ദൈവത്തിന്റെ കൃപാസമൃദ്ധിക്ക് അനുസൃതമായി ക്രിസ്തുവിൽ നമുക്ക്, അവിടത്തെ രക്തത്താൽ പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു. 8 ദൈവം ആ കൃപ നമ്മിൽ സമൃദ്ധമായാണ് വർഷിച്ചത്. സകലവിവേകത്തോടും ജ്ഞാനത്തോടുംകൂടെ 9 ദൈവം ക്രിസ്തുവിൽ സ്ഥാപിതമാക്കിയ തിരുഹിതത്തിന്റെ രഹസ്യം അവിടത്തെ സദുദ്ദേശ്യമനുസരിച്ച് നമുക്കു വെളിപ്പെടുത്തി. 10 ആ രഹസ്യമോ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതും, കാലസമ്പൂർണതയിൽ ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്നതാണ്.

    11-12 സ്വഹിതമനുസരിച്ച് എല്ലാറ്റിനെയും പ്രവർത്തനനിരതമാക്കുന്ന ദൈവം, അവിടന്ന് മുൻനിയമിച്ചിരുന്ന പദ്ധതിയനുസരിച്ച്, ആദ്യം ക്രിസ്തുവിൽ പ്രത്യാശവെച്ചവരായ ഞങ്ങൾ അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയായിത്തീരേണ്ടതിന് നമ്മെ അവകാശമായി തെരഞ്ഞെടുത്തു. 13 അങ്ങനെ നിങ്ങളും ക്രിസ്തുവിൽ—സത്യവചനം, അതായത്, നിങ്ങളെ രക്ഷിക്കുന്ന സുവിശേഷം, കേൾക്കുകയും ക്രിസ്തുവിൽ വിശ്വസിക്കുകയുംചെയ്ത നിങ്ങൾ—വാഗ്ദാനത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു. 14 അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയ്കായിട്ട്, ദൈവത്തിന്റെ വകയായ നാം അവകാശമാക്കുന്ന വീണ്ടെടുപ്പിന്റെ ആദ്യഗഡുവാണ് ഈ ആത്മാവ്.

  64. 3 യഹോവ സീയോനെ ആശ്വസിപ്പിക്കും,

    അവിടന്ന് അവളുടെ ശൂന്യപ്രദേശങ്ങളെല്ലാം ആശ്വസിപ്പിക്കും;

    അവിടന്ന് അവളുടെ മരുഭൂമിയെ ഏദെൻപോലെയും

    അവളുടെ നിർജനസ്ഥലത്തെ യഹോവയുടെ തോട്ടംപോലെയുമാക്കും.

    ആനന്ദവും ആഹ്ലാദവും

    സ്തോത്രവും സംഗീതധ്വനിയും അവളിലുണ്ടാകും.

  65. 21 എങ്കിലും ഞാൻ ഇത് ഓർക്കും

    അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്:

    22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല

    അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.

    23 അവ പ്രഭാതംതോറും പുതിയതാകുന്നു;

    അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.

    24 ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി;

    അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”

  66. 13 ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചത് കേവലം മാനുഷികവാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ വചനമായിട്ടു തന്നെയായിരുന്നു. വിശ്വസിക്കുന്ന നിങ്ങളിൽ ഇപ്പോഴും അതു പ്രവർത്തനനിരതമായിരിക്കുന്നു. അതുനിമിത്തം ഞങ്ങൾ ദൈവത്തിനു നിരന്തരം സ്തോത്രംചെയ്യുന്നു.

  67. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും;

    “ദേവന്മാരുടെ” മുമ്പാകെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും.

    2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ വണങ്ങിക്കൊണ്ട്

    അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം

    തിരുനാമത്തെ വാഴ്ത്തും,

    കാരണം അവിടത്തെ പ്രശസ്തിയും മറികടക്കുംവിധം

    അവിടത്തെ ഉത്തരവുകൾ ഉന്നതമാക്കിയല്ലോ.

    3 ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടന്ന് എനിക്ക് ഉത്തരമരുളി;

    അവിടന്ന് എനിക്ക് ശക്തി പകർന്ന് എന്നെ ധൈര്യപ്പെടുത്തി.

    4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും

    തിരുവായിൽനിന്നുള്ള ഉത്തരവുകൾ ശ്രവിക്കുമ്പോൾ അവിടത്തെ വാഴ്ത്തട്ടെ.

    5 യഹോവയുടെ മഹത്ത്വം ഉന്നതമായിരിക്കുകയാൽ

    അവർ യഹോവയുടെ വഴികളെപ്പറ്റി പാടട്ടെ.

  68. 19 ജനങ്ങളോട് പുൽപ്പുറത്ത് ഇരിക്കാൻ നിർദേശിച്ചു. യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്ക് കൊടുത്തു; ശിഷ്യന്മാർ അത് ജനത്തിന് വിളമ്പി.

  69. 30 കൃതജ്ഞതയോടെയാണ് ഞാൻ ആ ഭക്ഷണം കഴിക്കുന്നെങ്കിൽ, ഞാൻ ദൈവത്തിനു സ്തോത്രംചെയ്ത വസ്തു നിമിത്തം എന്നെ കുറ്റപ്പെടുത്തുന്നതെന്തിന്?

    31 നിങ്ങൾ ഭക്ഷിച്ചാലും പാനംചെയ്താലും മറ്റെന്തു ചെയ്താലും, അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുക;

  70. 23 സ്തോത്രയാഗങ്ങൾ അർപ്പിക്കുന്നവർ എന്നെ ആദരിക്കുന്നു,

    നിഷ്കളങ്കർക്ക് ഞാൻ എന്റെ ദൈവത്തിന്റെ രക്ഷയെ വെളിപ്പെടുത്തും.”

    സംഗീതസംവിധായകന്.

  71. 21 അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും

    അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ.

    22 അവർ അവിടത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കുകയും

    അവിടത്തെ പ്രവൃത്തികൾ ആനന്ദഗീതങ്ങളാൽ വർണിക്കുകയും ചെയ്യട്ടെ.

  72. 49 അതുകൊണ്ട്, യഹോവേ, ഞാൻ അങ്ങയെ രാഷ്ട്രങ്ങളുടെ മധ്യേ പുകഴ്ത്തും;

    അവിടത്തെ നാമത്തിനു സ്തുതിപാടും.

  73. 1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

  74. 28 അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ സ്തുതിക്കുന്നു;

    അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ പുകഴ്ത്തുന്നു.

    29 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

  75. 4 അന്നാളിൽ നിങ്ങൾ പറയും:

    “യഹോവയ്ക്കു സ്തോത്രംചെയ്യുക; അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;

    അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക,

    അവിടത്തെ നാമം ഉന്നതമെന്നു ഘോഷിക്കുക.

    5 യഹോവയ്ക്കു പാടുക, അവിടന്ന് മഹത്തരമായ കാര്യങ്ങൾ ചെയ്തിരിക്കുന്നു;

    ഇതു ഭൂമി മുഴുവൻ പ്രസിദ്ധമായിത്തീരട്ടെ.

  76. 12 നീതിനിഷ്ഠരേ, യഹോവയിൽ ആനന്ദിക്കുകയും

    അവിടത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുകയും ചെയ്യുക.

  77. 9 തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: 10 “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. 11 പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്‌പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. 12 ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’

    13 “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.

    14 “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”