72 Bible Verses About God's Forgiveness
Biblica® Open Malayalam Contemporary Version™ (OMCV)
-
9 “അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക:
“ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,
തിരുനാമം ആദരിക്കപ്പെടട്ടെ,
10 അവിടത്തെ രാജ്യം വരുമാറാകട്ടെ,
തിരുഹിതം നിറവേറപ്പെടട്ടെ,
സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.
11 അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ.
12 ഞങ്ങളോട് അപരാധം ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ,
ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ.
13 ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ,
ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.
രാജ്യവും ശക്തിയും മഹത്ത്വവും
എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’
14 നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും. 15 എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല.
-
6 നമുക്ക് അവിടത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും അന്ധകാരത്തിൽ ജീവിക്കുകയുംചെയ്യുന്നെങ്കിൽ നാം വ്യാജംപറയുകയാണ്; സത്യം അനുസരിച്ചു ജീവിക്കുന്നതുമില്ല. 7 അവിടന്നു പ്രകാശത്തിൽ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തിൽ ജീവിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മയുണ്ട്; അവിടത്തെ പുത്രനായ യേശുവിന്റെ രക്തം സകലപാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.
8 നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല. 9 നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ. 10 നാം പാപംചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നു എങ്കിൽ നാം ദൈവത്തെ അസത്യവാദി ആക്കുന്നു, അവിടത്തെ വചനം നമ്മിൽ നിവസിക്കുന്നുമില്ല.
-
5 യേശു അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷാഘാതരോഗിയോട്, “മകനേ, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
6 അവിടെ ചില വേദജ്ഞർ ഇരിക്കുന്നുണ്ടായിരുന്നു; അവർ അവരുടെ ഹൃദയത്തിൽ ഇങ്ങനെ ചിന്തിച്ചു: 7 “ഈ മനുഷ്യൻ എന്താണിങ്ങനെ സംസാരിക്കുന്നത്? ഇത് ദൈവനിന്ദയാണ്! പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിനല്ലാതെ മറ്റാർക്കു കഴിയും!”
8 അപ്പോൾ അവർ ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്ന ഇക്കാര്യം യേശു ആത്മാവിൽ ഗ്രഹിച്ചിട്ട് അവരോട് “നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നതെന്ത്?” 9 പക്ഷാഘാതരോഗിയോട്, “ ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു,’ എന്നു പറയുന്നതോ, ‘എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്കുക,’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?” എന്നു ചോദിച്ചു. 10 എന്നാൽ, മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. 11 തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു. 12 ഉടനെ അയാൾ എഴുന്നേറ്റു, കിടക്ക എടുത്തു, എല്ലാവരും കാൺകെ നടന്നു പുറത്തേക്കുപോയി. സകലരും ഇതിൽ ആശ്ചര്യചകിതരായി. “ഇങ്ങനെയുള്ള സംഭവങ്ങൾ ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല,” എന്നു പറഞ്ഞ് അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി.
-
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 4 തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു. 5 ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു. 6 ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു. 7 ദൈവത്തിന്റെ കൃപാസമൃദ്ധിക്ക് അനുസൃതമായി ക്രിസ്തുവിൽ നമുക്ക്, അവിടത്തെ രക്തത്താൽ പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു. 8 ദൈവം ആ കൃപ നമ്മിൽ സമൃദ്ധമായാണ് വർഷിച്ചത്. സകലവിവേകത്തോടും ജ്ഞാനത്തോടുംകൂടെ
-
29 കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്. 30 നിങ്ങൾക്കു ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഉറപ്പായി നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ; ആ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്. 31 എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക. 32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.
-
37 ഇതു കേട്ട ജനം ഹൃദയത്തിൽ മുറിവേറ്റവരായി പത്രോസിനോടും മറ്റ് അപ്പൊസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു.
38 പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്കു മടങ്ങുകയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുകയുംചെയ്യുക; അപ്പോൾ നിങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടും, പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കു ലഭിക്കും. 39 നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവർക്കുംവേണ്ടി ഉള്ളതാണ് ഈ വാഗ്ദാനം—നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംമാത്രമല്ല, വിദൂരസ്ഥരായ എല്ലാവർക്കുംകൂടിയാണ്.”
-
18 തന്റെ അവകാശത്തിൽ ശേഷിച്ച ജനത്തിന്റെ
പാപങ്ങൾ ക്ഷമിക്കുകയും അതിക്രമങ്ങൾ പൊറുക്കുകയും ചെയ്യുന്ന
അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ?
അങ്ങ് എന്നേക്കും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല
എന്നാൽ, കരുണകാണിക്കാൻ അങ്ങ് പ്രസാദിക്കുകയും ചെയ്യുന്നു.
19 അവിടന്ന് വീണ്ടും നമ്മോടുതന്നെ ദയകാണിക്കും;
അങ്ങ് ഞങ്ങളുടെ പാപങ്ങളെ മെതിച്ചുകളയും
ഞങ്ങളുടെ അതിക്രമങ്ങളെല്ലാം സമുദ്രത്തിന്റെ അഗാധങ്ങളിലേക്കു ചുഴറ്റിയെറിയും.
20 പൂർവകാലങ്ങളിൽ അങ്ങ് ഞങ്ങളുടെ പിതാക്കന്മാരോട്
ശപഥം ചെയ്തതുപോലെതന്നെ,
അങ്ങ് യാക്കോബിനോട് വിശ്വസ്തനായിരിക്കുകയും
അബ്രാഹാമിനോട് കരുണ കാണിക്കുകയും ചെയ്യും.
-
15 “അതുകൊണ്ട് നിന്റെ സഹോദരങ്ങൾ നിനക്കെതിരേ പാപംചെയ്താൽ നിങ്ങൾ ഇരുവരുംമാത്രം ഉള്ളപ്പോൾ നീ ചെന്ന് ആ ആളിനെ തെറ്റ് ബോധ്യപ്പെടുത്തുക. അയാൾ നിന്റെ വാക്കുകേട്ടാൽ നീ അയാളെ നേടി; 16 കേൾക്കുന്നില്ലെങ്കിലോ, നിന്റെകൂടെ ഒന്നോ രണ്ടോപേരെ കൂട്ടിക്കൊണ്ടുപോകുക. ‘രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും നിജസ്ഥിതി ഉറപ്പാകുമല്ലോ.’ 17 അവരെയും കേൾക്കുന്നില്ലെങ്കിൽ, വിവരം സഭയെ അറിയിക്കുക. അയാൾ സഭയെയും തിരസ്കരിച്ചാൽ; ആ മനുഷ്യനോടുള്ള നിന്റെ പെരുമാറ്റം, യെഹൂദേതരനോടോ നികുതിപിരിക്കുന്ന വ്യക്തിയോടോ എന്നപോലെ ആയിരിക്കട്ടെ.
18 “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും” എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.
19 “നിങ്ങളിൽ രണ്ടുപേർ ഭൂമിയിൽവെച്ച് ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏകാഭിപ്രായത്തോടെ അപേക്ഷിച്ചാൽ, എന്റെ സ്വർഗസ്ഥപിതാവ് അത് നിങ്ങൾക്ക് ഉറപ്പായും നൽകും. 20 രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒത്തുചേരുന്നിടത്തെല്ലാം, അവരുടെമധ്യത്തിൽ ഞാൻ ഉണ്ട്.”
21 അപ്പോൾ പത്രോസ് യേശുവിന്റെ അടുക്കൽവന്ന്, “കർത്താവേ, എന്റെ ഒരു സഹോദരനോ സഹോദരിയോ എന്നോട് പാപംചെയ്താൽ ഞാൻ എത്രതവണ അവരോട് ക്ഷമിക്കണം, ഏഴുതവണ മതിയോ?” എന്നു ചോദിച്ചു.
22 അതിന് യേശു, “ഏഴുപ്രാവശ്യം എന്നല്ല, ഏഴ് എഴുപതുപ്രാവശ്യം” എന്ന് ഉത്തരം പറഞ്ഞു.
-
8 യഹോവ കരുണാമയനും ആർദ്രഹൃദയനും
ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
9 അവിടന്നു സദാ കുറ്റപ്പെടുത്തുന്നില്ല,
അവിടത്തെ കോപം എന്നേക്കും നിലനിർത്തുകയുമില്ല.
10 അവിടന്നു നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം നമ്മെ ശിക്ഷിക്കുന്നില്ല;
നമ്മുടെ അനീതികൾക്കനുസൃതമായി പകരം ചെയ്യുന്നതുമില്ല.
11 ആകാശം ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ,
തന്നെ ഭയപ്പെടുന്നവരോടുള്ള അവിടത്തെ സ്നേഹം ഉന്നതമാണ്.
12 കിഴക്ക് പടിഞ്ഞാറിൽനിന്നും അകന്നിരിക്കുന്നത്ര അകലത്തിൽ,
അവിടന്ന് നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്നും അകറ്റിയിരിക്കുന്നു.
13 ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ,
യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു;
14 കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു;
നാം പൊടിയെന്ന് അവിടന്ന് ഓർക്കുന്നു.
-
12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.
-
25 “ഞാൻ, ഞാൻതന്നെയാണ്
നിങ്ങളുടെ അതിക്രമങ്ങൾ എന്റെനിമിത്തം മായിച്ചുകളയുന്നത്,
നിങ്ങളുടെ പാപങ്ങൾ ഞാൻ ഇനിമേൽ ഓർക്കുകയുമില്ല.
26 എനിക്കായി ഭൂതകാലം ഒന്നു പുനർവിചിന്തനംചെയ്യാം;
നമുക്കുതമ്മിൽ വ്യവഹരിക്കാം;
നീ നിരപരാധിത്വത്തിനുവേണ്ടി വാദിച്ചുകൊൾക.
-
33 തലയോട്ടിയുടെ സ്ഥലം എന്നർഥമുള്ള സ്ഥലത്ത് എത്തിയപ്പോൾ അവിടെ അവർ യേശുവിനെ മധ്യത്തിലും കുറ്റവാളികളിൽ ഒരാളെ അദ്ദേഹത്തിന്റെ വലത്തും മറ്റേയാളെ ഇടത്തുമായി ക്രൂശിച്ചു. 34 അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ” എന്നു പ്രാർഥിച്ചു. അതിനുശേഷം സൈനികർ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു.
-
25 നിങ്ങൾ പ്രാർഥിക്കാൻ നിൽക്കുമ്പോൾ, ആർക്കെങ്കിലും വിരോധമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവരോട് ക്ഷമിക്കുക. 26 അപ്പോൾ സ്വർഗസ്ഥനായ പിതാവ് നിങ്ങളുടെ പാപങ്ങൾ നിങ്ങളോടും ക്ഷമിക്കും.”
-
ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം.
1 ലംഘനം ക്ഷമിച്ചും
പാപം മറച്ചും കിട്ടിയ മനുഷ്യർ,
അനുഗൃഹീതർ.
2 യഹോവ, പാപം കണക്കാക്കാതെയും
ആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ,
അനുഗൃഹീതർ.
3 ഞാൻ എന്റെ പാപം ഏറ്റുപറയാതെ,
ദിവസംമുഴുവനും ഞരങ്ങിക്കരയുകമൂലം
എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി.
4 രാവും പകലും
അങ്ങയുടെ കരം എന്റെമേൽ ഭാരമായിരുന്നു;
വേനൽക്കാലത്തിലെ ചൂടുകൊണ്ടെന്നപോലെ
എന്റെ ബലം ക്ഷയിച്ചുപോയിരിക്കുന്നു. സേലാ.
5 അപ്പോൾ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു
എന്റെ അകൃത്യമൊന്നും മറച്ചുവെച്ചതുമില്ല.
“എന്റെ കുറ്റം യഹോവയോട് ഏറ്റുപറയും,”
എന്നു ഞാൻ പറഞ്ഞു.
അപ്പോൾ എന്റെ പാപത്തിന്റെ കുറ്റം
അങ്ങു ക്ഷമിച്ചുതന്നു. സേലാ.
6 അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരും
അവസരം നഷ്ടപ്പെടുത്താതെ അങ്ങയോടു പ്രാർഥിക്കട്ടെ;
അങ്ങനെയെങ്കിൽ പ്രളയജലത്തിന്റെ ഭീകരപ്രഭാവം
അവരെ എത്തിപ്പിടിക്കുകയില്ല.
7 അവിടന്ന് എന്റെ ഒളിയിടം ആകുന്നു;
ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു;
രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ.
-
3 യഹോവേ, പാപങ്ങളുടെ ഒരു പട്ടിക അങ്ങു സൂക്ഷിക്കുന്നെങ്കിൽ,
കർത്താവേ, തിരുമുമ്പിൽ ആർക്കാണു നിൽക്കാൻ കഴിയുക?
4 എന്നാൽ തിരുസന്നിധിയിൽ പാപവിമോചനമുണ്ട്,
അതുകൊണ്ട് ഞങ്ങൾ ഭയഭക്തിയോടെ അവിടത്തെ സേവിക്കുന്നു.
-
35 എന്നാൽ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക; തിരികെ ലഭിക്കുമെന്ന പ്രതീക്ഷകൂടാതെ അവർക്കു വായ്പകൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം മഹത്തായിരിക്കും. അങ്ങനെയാണ് പരമോന്നതന്റെ മക്കൾ പ്രവർത്തിക്കുക; കാരണം, അവിടന്നു നന്ദികെട്ടവരോടും ദുഷ്ടരോടും ദയാലുവാകുന്നു. 36 നിങ്ങളുടെ പിതാവ് കരുണാമയൻ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.
37 “മറ്റുള്ളവരെ ന്യായംവിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല. ശിക്ഷവിധിക്കരുത്; നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല. ക്ഷമിക്കുക; നിങ്ങളോടും ക്ഷമിക്കും.
-
13 അന്ധകാരത്തിന്റെ അധികാരത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കി അവിടത്തെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിൽ പ്രവേശിപ്പിക്കുകയുംചെയ്ത പിതാവിന് ആനന്ദത്തോടെ സ്തോത്രംചെയ്യുന്നവരാകണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു. 14 ആ പുത്രനിൽ നമുക്കു പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു.
-
5 അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവന്റെ അടുക്കൽവന്നു; യഹോവ തന്റെ നാമം ഘോഷിച്ചു. 6 യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു. 7 ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.”
-
16 “നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുക.
നിങ്ങളുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുക;
ദോഷം പ്രവർത്തിക്കുന്നതു നിർത്തുക.
17 നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക.
പീഡിതരെ സ്വതന്ത്രരാക്കുക.
അനാഥരുടെ കാര്യം ഏറ്റെടുക്കുക;
വിധവയ്ക്കുവേണ്ടി വ്യവഹരിക്കുക.
18 “ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നിങ്ങളുടെ പാപം കടുംചെമപ്പായിരുന്നാലും,
അവ ഹിമംപോലെ ശുഭ്രമാകും;
അവ രക്താംബരംപോലെ ചെമപ്പായിരുന്നാലും
വെളുത്ത കമ്പിളിരോമംപോലെ ആയിത്തീരും.
19 നിങ്ങൾക്ക് അനുസരിക്കാനുള്ള മനസ്സുണ്ടെങ്കിൽ
ദേശത്തിലെ നല്ല വിഭവങ്ങൾ നിങ്ങൾ അനുഭവിക്കും.
20 എന്നാൽ നിങ്ങൾ എതിർക്കുകയും മത്സരിക്കുകയും ചെയ്താൽ,
നിങ്ങൾ വാളിന് ഇരയായിത്തീരും.”
യഹോവതന്നെയാണല്ലോ അരുളിച്ചെയ്തിരിക്കുന്നത്.
-
13 നിങ്ങളിൽ കഷ്ടത സഹിക്കുന്നയാൾ പ്രാർഥിക്കട്ടെ. ആനന്ദം അനുഭവിക്കുന്നയാൾ സ്തോത്രഗാനം ആലപിക്കട്ടെ. 14 നിങ്ങളിൽ ഒരാൾ രോഗിയാണെങ്കിൽ സഭാമുഖ്യന്മാരെ വിളിക്കുക. അവർ കർത്താവിന്റെ നാമത്തിൽ എണ്ണ പുരട്ടി അയാൾക്കുവേണ്ടി പ്രാർഥിക്കട്ടെ. 15 വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സൗഖ്യമാക്കും. കർത്താവ് അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപംചെയ്തിട്ടുണ്ടെങ്കിൽ കർത്താവ് ക്ഷമിക്കും. 16 ഇപ്രകാരം സൗഖ്യം ലഭിക്കേണ്ടതിന് പരസ്പരം പാപങ്ങൾ ഏറ്റുപറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി മറ്റുള്ളവർ പ്രാർഥിക്കണം. നീതിമാന്റെ പ്രാർഥന വളരെ ശക്തവും ഫലപ്രദവുമാണ്.
-
31 “ഞാൻ ഇസ്രായേൽഗൃഹത്തോടും
യെഹൂദാഗൃഹത്തോടും
പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
32 “ഞാൻ അവരുടെ പൂർവികരെ
ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി
കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ
ചെയ്ത ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്.
ഞാൻ അവർക്കൊരു ഭർത്താവായിരുന്നിട്ടും
എന്റെ ഉടമ്പടി അവർ ലംഘിച്ചല്ലോ,”
എന്ന് യഹോവയുടെ അരുളപ്പാട്.
33 “ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന
ഉടമ്പടി ഇപ്രകാരമായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ എന്റെ ന്യായപ്രമാണം അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും,
അവരുടെ ഹൃദയങ്ങളിൽത്തന്നെ അത് ആലേഖനംചെയ്യും.
ഞാൻ അവർക്കു ദൈവവും
അവർ എനിക്കു ജനവും ആയിരിക്കും.
34 ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ
പരസ്പരമോ, ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.
കാരണം അവർ എല്ലാവരും എന്നെ അറിയും;
ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ അവരുടെ ദുഷ്ചെയ്തികൾ ക്ഷമിക്കും,
അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”
-
39 “യെഹൂദരുടെ ദേശത്തെല്ലായിടവും ജെറുശലേമിലും അദ്ദേഹം പ്രവർത്തിച്ച എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ സാക്ഷികളാണ്. അദ്ദേഹം കുരിശിൽത്തറച്ച് കൊല്ലപ്പെടുകയും 40 മൂന്നാംദിവസം മരിച്ചവരിൽനിന്ന് ദൈവം അദ്ദേഹത്തെ ഉയിർത്തെഴുന്നേൽപ്പിച്ചു പ്രത്യക്ഷനാക്കുകയും ചെയ്തു. 41 എല്ലാവർക്കുമല്ല, പിന്നെയോ, സാക്ഷികളായിരിക്കാൻ ദൈവം നേരത്തേതന്നെ തെരഞ്ഞെടുത്തിരുന്നവരായ ഞങ്ങൾക്കാണ് അദ്ദേഹത്തെ ദൈവം പ്രത്യക്ഷനാക്കിയത്. അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അദ്ദേഹത്തോടൊപ്പം ഞങ്ങൾ ഭക്ഷണപാനീയങ്ങൾ കഴിച്ചു. 42 ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവം നിയോഗിച്ചിരിക്കുന്നത് അദ്ദേഹത്തെയാണെന്ന് സാക്ഷ്യപ്പെടുത്തി ജനങ്ങളോടു പ്രസംഗിക്കാൻ അവിടന്നു ഞങ്ങൾക്ക് കൽപ്പന നൽകിയിരിക്കുന്നു. 43 യേശുകർത്താവിൽ വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ നാമത്തിലൂടെ പാപമോചനം ലഭിക്കുമെന്ന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.”
-
21 എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. 22 യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. 23 യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. 24 എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു. 25 ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല. 26 അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.
-
6 യഹോവയെ കണ്ടെത്താവുന്ന സമയത്ത് അവിടത്തെ അന്വേഷിക്കുക;
അവിടന്നു സമീപസ്ഥനായിരിക്കുമ്പോൾ അവിടത്തെ വിളിച്ചപേക്ഷിക്കുക.
7 ദുഷ്ടർ തങ്ങളുടെ വഴിയെയും
നീതികെട്ടവർ തങ്ങളുടെ നിരൂപണങ്ങളെയും ഉപേക്ഷിക്കട്ടെ.
അവർ യഹോവയിലേക്കു മടങ്ങിവരട്ടെ. അവിടന്ന് അവരോട് കരുണകാണിക്കും,
നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവിടന്നു സമൃദ്ധമായി ക്ഷമിക്കും.
-
26 അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങി ഭക്ഷിക്കുക, ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു.
27 പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു നൽകിക്കൊണ്ടു പറഞ്ഞത്: “എല്ലാവരും ഇതിൽനിന്നു പാനംചെയ്യുക, 28 ഇത് എന്റെ രക്തം ആകുന്നു, അനേകരുടെ പാപമോചനത്തിനുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം.
-
47 ഞാൻ നിന്നോടു പറയുന്നു: ഇവളുടെ അസംഖ്യം പാപങ്ങൾ ക്ഷമിച്ചുകിട്ടിയിരിക്കുന്നതിനാൽ ഇവൾ അത്രയേറെ സ്നേഹിക്കുന്നു; അൽപ്പം ക്ഷമിച്ചു കിട്ടിയ വ്യക്തിയോ അൽപ്പം സ്നേഹിക്കുന്നു.”
48 പിന്നെ യേശു അവളോട്, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
49 അപ്പോൾ സദ്യയ്ക്കിരുന്നിരുന്ന മറ്റ് അതിഥികൾ, “പാപങ്ങൾ ക്ഷമിക്കുകകൂടി ചെയ്യുന്ന ഇദ്ദേഹം ആര്?” എന്നു പരസ്പരം പറഞ്ഞുതുടങ്ങി.
50 യേശു ആ സ്ത്രീയോട്, “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
-
16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്. 18 അവനിൽ വിശ്വസിക്കുന്ന ആർക്കും ശിക്ഷാവിധി ഇല്ല; എന്നാൽ വിശ്വസിക്കാത്തവർക്കോ, ദൈവത്തിന്റെ നിസ്തുലപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട്, ശിക്ഷാവിധി വന്നുകഴിഞ്ഞു.
-
19 ഇപ്പോൾ നിങ്ങളുടെ പാപങ്ങൾ മായിക്കപ്പെടേണ്ടതിന് അവ ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയുക; 20 അങ്ങനെ കർത്താവിന്റെ സന്നിധിയിൽനിന്ന് ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ക്രിസ്തു എന്ന യേശുവിനെ അവിടന്ന് അയയ്ക്കുകയും ചെയ്യും. 21 ആരംഭംമുതൽതന്നെ തന്റെ വിശുദ്ധപ്രവാചകന്മാരുടെ അധരങ്ങളിലൂടെ ദൈവം വാഗ്ദാനംചെയ്തിട്ടുള്ളതെല്ലാം അവിടന്ന് പുനഃസ്ഥാപിക്കുന്ന കാലംവരെ യേശു സ്വർഗത്തിൽത്തന്നെ തുടരേണ്ടതാകുന്നു.
-
17 തുടർന്ന്,
“അവരുടെ പാപങ്ങളും ദുഷ്ചെയ്തികളും
ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.” എന്നും പറയുന്നു.
18 ഇവയുടെയെല്ലാം നിവാരണം വന്നയിടത്ത് ഇനി ഒരു പാപനിവാരണയാഗത്തിനും സാംഗത്യമില്ല.
-
1 എന്റെ കുഞ്ഞുമക്കളേ, നിങ്ങൾ പാപംചെയ്യാതിരിക്കാനാണ് ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നത്. ആരെങ്കിലും പാപംചെയ്താൽ നമുക്ക് പിതാവിന്റെ അടുക്കൽ ഒരു വക്കീൽ ഉണ്ട്—നീതിമാനായ യേശുക്രിസ്തുതന്നെ. 2 അവിടന്ന് നമ്മുടെ പാപനിവാരണയാഗമാണ്. നമ്മുടേതുമാത്രമല്ല, സർവലോകത്തിന്റെയും പാപങ്ങൾക്കുവേണ്ടിത്തന്നെ.
-
5 കർത്താവേ, അവിടന്ന് നല്ലവനും ക്ഷമാശീലനും ആകുന്നു,
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം അചഞ്ചലമായി സ്നേഹിക്കുന്നവനും ആകുന്നു.
-
38 “അതിനാൽ സഹോദരങ്ങളേ, യേശുവിലൂടെ ലഭിക്കുന്ന പാപക്ഷമയാണ് ഞങ്ങൾ നിങ്ങളോട് ഉദ്ഘോഷിച്ചിരിക്കുന്നത്. നിങ്ങൾ അതു വ്യക്തമായി ഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 39 മോശയുടെ ന്യായപ്രമാണം ആചരിക്കുന്നതിലൂടെ അസാധ്യമായിരുന്ന പാപനിവാരണമെന്ന നീതീകരണം യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ സാധ്യമാകുന്നു.
-
8 അവരിൽ കുറ്റം ആരോപിച്ചുകൊണ്ടു കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ ഇസ്രായേൽഗൃഹത്തോടും
യെഹൂദാഗൃഹത്തോടും
പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,
എന്ന്, കർത്താവിന്റെ അരുളപ്പാട്.
9 ഞാൻ അവരുടെ പൂർവികരെ
ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി
കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ ചെയ്ത
ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്.
അവർ എന്റെ ഉടമ്പടിയോടു വിശ്വസ്തതപുലർത്താതിരുന്നതിനാൽ
ഞാൻ അവരെ തിരസ്കരിച്ചുകളഞ്ഞു.
എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
10 ഇതാകുന്നു ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന
ഉടമ്പടി ഇപ്രകാരമായിരിക്കും:
ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ സ്ഥാപിക്കും
അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും.
ഞാൻ അവർക്കു ദൈവവും
അവർ എനിക്കു ജനവും ആയിരിക്കും.
11 ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ
പരസ്പരമോ ‘കർത്താവിനെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.
കാരണം അവർ എല്ലാവരും എന്നെ അറിയും; ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ
ഏറ്റവും ഉന്നതർവരെ എല്ലാവരും എന്നെ അറിയും.
12 ഞാൻ അവരുടെ ദുഷ്ടത ക്ഷമിക്കും;
അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”
എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.
-
23 “സ്വർഗരാജ്യത്തെ, തന്റെ ദാസരുടെ ബാധ്യത തീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനോട് ഉപമിക്കാം. 24 ബാധ്യത തീർക്കാൻ ആരംഭിച്ചപ്പോൾ, പതിനായിരം താലന്ത് കടപ്പെട്ടിരിക്കുന്ന ഒരാൾ രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു. 25 എന്നാൽ, കടം വീട്ടാനുള്ള പ്രാപ്തി അയാൾക്ക് ഇല്ലാതിരുന്നതിനാൽ, രാജാവ്, അയാളും ഭാര്യയും മക്കളും അയാൾക്കുള്ള സകലതും വിറ്റ് കടം വീട്ടണമെന്ന ഉത്തരവിട്ടു.
26 “എന്നാൽ, ആ ദാസൻ രാജസന്നിധിയിൽ സാഷ്ടാംഗം വീണ്, ‘എന്നോട് കനിവ് തോന്നണമേ, ഞാൻ എല്ലാം അടച്ചുതീർക്കാം’ ” എന്ന് യാചിച്ചു. 27 രാജാവിന് ആ ദാസനോട് സഹതാപം തോന്നി, കടം ക്ഷമിച്ച് അയാളെ സ്വതന്ത്രനാക്കി.
28 “എന്നാൽ ആ ദാസൻ പോകുമ്പോൾ, അയാൾക്കു നൂറുദിനാർമാത്രം കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. അയാൾ അയാളുടെ കഴുത്തിനു പിടിച്ചു ഞെരിച്ചുകൊണ്ട് ‘നീ എന്റെ കടം തന്നുതീർക്കുക’ എന്നു പറഞ്ഞു.
29 “ആ സഹഭൃത്യൻ സാഷ്ടാംഗം വീണ്, ‘എനിക്ക് അൽപ്പം അവധി തരണമേ, ഞാൻ മടക്കിത്തന്നുകൊള്ളാം’ എന്ന് കേണപേക്ഷിച്ചു.
30 “എന്നാൽ അയാൾ അതിന് സമ്മതിച്ചില്ല എന്നുമാത്രമല്ല, തനിക്ക് കടപ്പെട്ടിരുന്നത് മുഴുവനും വീട്ടുന്നതുവരെ സഹഭൃത്യനെ കാരാഗൃഹത്തിൽ അടപ്പിക്കുകയും ചെയ്തു. 31 ഈ സംഭവം രാജാവിന്റെ മറ്റുള്ള വേലക്കാർ കണ്ട് വളരെ ദുഃഖിതരായി. അവർ ചെന്ന് സംഭവിച്ചതെല്ലാം രാജാവിനെ അറിയിച്ചു.
32 “രാജാവ് ആ ഭൃത്യനെ വിളിപ്പിച്ചു. ‘ദുഷ്ടദാസാ, നിന്റെ അപേക്ഷനിമിത്തം ഞാൻ നിന്റെ സകലകടവും ഇളച്ചുതന്നു. 33 എനിക്കു നിന്നോടു കരുണ തോന്നിയതുപോലെതന്നെ നിനക്കു നിന്റെ സഹഭൃത്യനോടും കരുണ തോന്നേണ്ടതല്ലേ?’ എന്നു ചോദിച്ചു. 34 രാജാവ് കോപിച്ച്, കടം മുഴുവൻ വീട്ടുന്നതുവരെ കഠിനതടവ് വിധിച്ച് അയാളെ കാരാഗൃഹത്തിൽ അടയ്ക്കാൻ ജയിലധികാരികളെ ഏൽപ്പിച്ചു.
35 “നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സഹോദരങ്ങളോട് ആത്മാർഥമായി ക്ഷമിക്കാതിരുന്നാൽ ഇങ്ങനെയായിരിക്കും എന്റെ സ്വർഗസ്ഥപിതാവ് നിങ്ങളോടും ചെയ്യുന്നത്.”
-
9 അകൃത്യം ക്ഷമിക്കുന്നവർ സ്നേഹം വർധിപ്പിക്കുന്നു,
എന്നാൽ അതു നിരന്തരം ഓർമപ്പെടുത്തുന്നവർ സ്നേഹിതരെ അകറ്റുന്നു.
-
13 തങ്ങളുടെ പാപങ്ങൾ മറച്ചുവെക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല,
എന്നാൽ അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവർക്ക് കരുണ ലഭിക്കും.
-
21 യേശു പിന്നെയും അവരോടു പറഞ്ഞു: “നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.” 22 ഇതു പറഞ്ഞുകൊണ്ട് അവിടന്ന് അവരുടെമേൽ ഊതി; “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക. 23 നിങ്ങൾ ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിച്ചാൽ അവർക്ക് ആ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ അവ ക്ഷമിക്കപ്പെടാതിരിക്കും” എന്നു പറഞ്ഞു.
-
14 ഞാൻ എന്റെ പേരുചൊല്ലി വിളിച്ചിരിക്കുന്ന എന്റെ ജനം സ്വയം താഴ്ത്തി പ്രാർഥിക്കുകയും എന്റെ മുഖം അന്വേഷിക്കുകയും തങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം ഞാൻ സ്വർഗത്തിൽനിന്ന് കേട്ട് അവരുടെ പാപങ്ങൾ ക്ഷമിച്ച് ദേശത്തിനു സൗഖ്യംനൽകും.
-
44 പിന്നെ അദ്ദേഹം അവരോടു പറഞ്ഞു, “ഞാൻ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ മോശയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം പൂർത്തീകരിക്കപ്പെടണമെന്ന് പറഞ്ഞത് ഇക്കാര്യങ്ങളൊക്കെയായിരുന്നു.”
45 പിന്നെ, തിരുവെഴുത്തുകൾ ഗ്രഹിക്കാൻ സാധ്യമാകുംവിധം അദ്ദേഹം അവരുടെ ബുദ്ധിമണ്ഡലത്തെ തുറന്നു. 46 അദ്ദേഹം അവരോട് തുടർന്നു പറഞ്ഞത്, “ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: ക്രിസ്തു യാതനകൾ സഹിച്ച് മരിക്കുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും 47 ജെറുശലേമിൽ ആരംഭിച്ച് സകലജനതകളോടും അവിടത്തെ നാമത്തിൽ മാനസാന്തരവും പാപമോചനവും പ്രസംഗിക്കപ്പെടുകയും വേണം. 48 ഈ കാര്യങ്ങൾക്കു നിങ്ങൾ സാക്ഷികൾ ആകുന്നു.
-
22 ന്യായപ്രമാണപ്രകാരം എല്ലാംതന്നെ, രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തച്ചൊരിച്ചിലില്ലാതെ പാപവിമോചനം സാധ്യമല്ല.
-
17 “അവിടന്ന് അരുളിച്ചെയ്തിട്ടുള്ളതുപോലെ അവിടത്തെ ശക്തി വലുതാണെന്നു വെളിപ്പെടുത്താൻ ഞാൻ അങ്ങയോടപേക്ഷിക്കുന്നു. 18 ‘യഹോവ ക്ഷമാശീലനും സ്നേഹസമ്പന്നനും അകൃത്യവും ലംഘനവും ക്ഷമിക്കുന്നവനും ആകുന്നു. എങ്കിലും അവിടന്ന് കുറ്റംചെയ്തവരെ വെറുതേവിടാതെ പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനും ആകുന്നു.’ 19 അങ്ങയുടെ മഹാ ദയനിമിത്തം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട സമയംമുതൽ ഇപ്പോൾവരെ അവരോടു ക്ഷമിച്ചതുപോലെതന്നെ ഈ ജനത്തിന്റെ പാപം ക്ഷമിക്കണമേ.”
20 അതിനു യഹോവ അരുളിച്ചെയ്തു: “നീ അപേക്ഷിച്ചതുപോലെ ഞാൻ അവരോടു ക്ഷമിച്ചിരിക്കുന്നു. 21 എങ്കിലും, ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഭൂമി മുഴുവൻ യഹോവയുടെ തേജസ്സ് നിറഞ്ഞിരിക്കുന്നു, 22 എന്റെ തേജസ്സും ഞാൻ ഈജിപ്റ്റിലും മരുഭൂമിയിലും പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങളും ദർശിച്ചിട്ട് എന്നെ പത്തുപ്രാവശ്യം പരീക്ഷിക്കുകയും എന്റെ വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്തവരിൽ ആരും 23 അവരുടെ പിതാക്കന്മാർക്കു ഞാൻ നൽകുമെന്നു ശപഥംചെയ്ത ദേശം കാണുകയില്ല. എന്നെ നിന്ദിച്ചവരിൽ ആരും ഒരിക്കലും അതു കാണുകയില്ല.
-
20 അവരുടെ വിശ്വാസം കണ്ടിട്ട് യേശു, “സ്നേഹിതാ, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
21 എന്നാൽ പരീശന്മാരും വേദജ്ഞരും, “ദൈവത്തെ നിന്ദിക്കുന്ന ഇദ്ദേഹം ആരാണ്? പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിനല്ലാതെ ആർക്കാണു കഴിയുക?” എന്നു ചിന്തിക്കാൻ തുടങ്ങി.
22 അവരുടെ വിചിന്തനം ഗ്രഹിച്ച യേശു അവരോടു ചോദിച്ചു, “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതെന്ത്? 23 ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു,’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക,’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം? 24 എന്നാൽ, മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു. 25 അപ്പോൾത്തന്നെ അയാൾ അവരുടെമുമ്പാകെ എഴുന്നേറ്റുനിന്നു; താൻ കിടന്നിരുന്ന കിടക്കയെടുത്തു; ദൈവത്തെ സ്തുതിച്ചുകൊണ്ടു ഭവനത്തിലേക്കു പോയി.
-
13 അതിക്രമങ്ങളിലും പരിച്ഛേദനം ഏൽക്കാത്ത പാപപ്രകൃതിയിലും മരിച്ചവരായിരുന്ന നിങ്ങളെ ദൈവം ക്രിസ്തുവിനോടുകൂടെ ജീവനുള്ളവരാക്കി. അതിക്രമങ്ങളെല്ലാം നമ്മോടു ക്ഷമിച്ചു; 14 അനുഷ്ഠാനങ്ങളുടെ ലംഘനത്താൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന ലിഖിതങ്ങളെ അവിടന്ന് മായിച്ചുകളയുകയും ക്രൂശിൽ തറച്ചു നമ്മുടെ മധ്യത്തിൽനിന്ന് നീക്കിക്കളയുകയും ചെയ്തു. 15 അവിടന്ന് ഭരണങ്ങളെയും അധികാരങ്ങളെയും നിരായുധരാക്കി ക്രൂശിൽ അവയുടെമേൽ ജയോത്സവം കൊണ്ടാടി; അവയെ പരസ്യമായ പ്രദർശനമാക്കി.
16 അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, അമാവാസി, ശബ്ബത്ത് എന്നിവയുടെ ആചരണം സംബന്ധിച്ചോ ആരും നിങ്ങളെ വിധിക്കാൻ ഇടയാകരുത്. 17 ഇവ വരാനിരുന്നവയുടെ പ്രതിരൂപംമാത്രമാണ്; എന്നാൽ യാഥാർഥ്യം ക്രിസ്തുവാണ്.
-
23 “അതുകൊണ്ട്, നീ യാഗപീഠത്തിൽ, യാഗാർപ്പണത്തിനായി വരുമ്പോൾ നിന്റെ സഹോദരനോ സഹോദരിക്കോ നിനക്ക് വിരോധമായി എന്തെങ്കിലും ഉണ്ടെന്ന് ഓർമ വന്നാൽ 24 നിന്റെ അർപ്പണവസ്തു യാഗപീഠത്തിനുമുമ്പിൽ വെച്ചിട്ട് ആദ്യം ചെന്ന് അവരോടു രമ്യതപ്പെടുക; പിന്നീടു വന്നു നിന്റെ യാഗം അർപ്പിക്കുക.
-
31 അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: സകലവിധ പാപവും ദൈവദൂഷണവും മനുഷ്യരോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല. 32 മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ഈ യുഗത്തിലും വരാനുള്ളതിലും ക്ഷമ ലഭിക്കുകയില്ല.
-
31 ഇസ്രായേലിനു മാനസാന്തരവും പാപക്ഷമയും നൽകേണ്ടതിന് ദൈവം അദ്ദേഹത്തെ പ്രഭുവും രക്ഷകനുമായി തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു.
-
17 ഒരാൾ ക്രിസ്തുവിന്റെ വകയായാൽ അയാൾ പുതിയ സൃഷ്ടിയാണത്രേ. പഴയതു നീങ്ങിപ്പോയി, ഇതാ അത് പുതിയതായിരിക്കുന്നു.
-
ദാവീദിന്റെ ഒരു സങ്കീർത്തനം. ദാവീദ് ബേത്ത്-ശേബയുമായി സംഗമിച്ച് പാപംചെയ്തതിനെത്തുടർന്ന് നാഥാൻ പ്രവാചകൻ അദ്ദേഹത്തെ സന്ദർശിച്ചതിനുശേഷം രചിച്ചത്.
1 ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ,
അടിയനോടു കരുണയുണ്ടാകണമേ;
അങ്ങയുടെ മഹാകാരുണ്യംനിമിത്തം
എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.
2 എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ്
എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ.
3 എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു,
എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
4 അവിടത്തേക്കെതിരായി, അവിടത്തോടുമാത്രം ഞാൻ പാപംചെയ്തിരിക്കുന്നു
അവിടത്തെ ദൃഷ്ടിയിൽ ഞാൻ തിന്മ പ്രവർത്തിച്ചിരിക്കുന്നു;
ആകയാൽ അവിടത്തെ ന്യായത്തീർപ്പുകൾ നീതിയുക്തവും
അവിടത്തെ വിധിന്യായം ന്യായയുക്തവുമാകുന്നു.
5 ഇതാ ഞാൻ പിറന്നത് പാപിയായിട്ടാണ്,
എന്റെ അമ്മ എന്നെ ഗർഭംധരിച്ചപ്പോൾത്തന്നെ ഞാൻ പാപിയാണ്.
-
2 ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയോടെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു പക്ഷാഘാതരോഗിയോട്, “മകനേ, ധൈര്യപ്പെടുക; നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
3 ഇതു കേട്ട ചില വേദജ്ഞർ, “നോക്കൂ! ഇദ്ദേഹം പറയുന്നത് ദൈവനിന്ദയാണ്” എന്ന് ഉള്ളിൽ മുറുമുറുത്തു.
4 യേശു അവരുടെ മനോവ്യാപാരം അറിഞ്ഞിട്ട്, “നിങ്ങളുടെ ഹൃദയത്തിൽ ദുഷ്ടത ചിന്തിക്കുന്നതെന്ത്? 5 ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു!’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക!’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?” എന്ന് വേദജ്ഞരോട് ചോദിച്ചു. 6 “എന്നാൽ മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു.
-
1 ഞാൻ നിനക്കു നൽകിയിരിക്കുന്ന അനുഗ്രഹങ്ങളും ശാപങ്ങളും നിന്റെമേൽ വന്ന് നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളയുന്ന ഏതു ജനതകളുടെയും മധ്യത്തിൽ നീ അവയെ നിന്റെ ഹൃദയത്തിൽ ഓർക്കുകയും 2 നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്കു നീയും നിന്റെ മക്കളും മടങ്ങിവന്ന് ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നതുപോലെ അവിടത്തെ വചനങ്ങൾ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ അനുസരിക്കുകയും ചെയ്യുമെങ്കിൽ 3 നിന്റെ ദൈവമായ യഹോവ നിന്റെ ഭാവിനിർണയങ്ങൾ പുനഃസ്ഥാപിക്കുകയും നിന്നോടു കരുണകാണിച്ച്, നീ ചിതറിപ്പോയിരുന്ന സകലജനതകളുടെയും ഇടയിൽനിന്ന് നിന്നെ കൂട്ടിവരുത്തുകയും ചെയ്യും. 4 ആകാശത്തിൻകീഴിൽ വിദൂരരാജ്യങ്ങളിലേക്കു നീ നാടുകടത്തപ്പെട്ടിരുന്നാലും അവിടെനിന്നും നിന്റെ ദൈവമായ യഹോവ നിന്നെ കൂട്ടിച്ചേർക്കുകയും മടക്കിവരുത്തുകയും ചെയ്യും. 5 നിന്റെ പിതാക്കന്മാരുടെ ദേശത്തേക്ക് യഹോവയായ ദൈവം നിന്നെ കൊണ്ടുവരും, അതു നിന്റെ അവകാശമായിത്തീരും. അവിടന്ന് നിന്റെ പിതാക്കന്മാരെക്കാൾ ഐശ്വര്യവും അംഗസംഖ്യയും നിനക്കു പ്രദാനംചെയ്യും. 6 നീ ജീവിച്ചിരിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും സ്നേഹിക്കാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദനം ചെയ്യും. 7 നിന്നെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നിന്റെ ശത്രുക്കളുടെമേൽ ഈ ശാപങ്ങളെല്ലാം നിന്റെ ദൈവമായ യഹോവ അയയ്ക്കും. 8 നീ വീണ്ടും യഹോവയെ അനുസരിക്കുകയും ഇന്നു ഞാൻ നിനക്കു നൽകുന്ന അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യണം. 9 അപ്പോൾ നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും ഗർഭഫലത്തിലും മൃഗഫലത്തിലും നിലത്തിലെ വിളവിലും മഹാസമൃദ്ധി നൽകും. 10 നിന്റെ ദൈവമായ യഹോവയുടെ വചനം കേട്ട് ഈ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവിടത്തെ കൽപ്പനകളും ഉത്തരവുകളും പ്രമാണിക്കുകയും നിന്റെ ദൈവമായ യഹോവയിലേക്കു പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ തിരിയുകയും ചെയ്യുമെങ്കിൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിൽ വീണ്ടും പ്രസാദിക്കുകയും സമൃദ്ധിയിലേക്കു നയിക്കുകയും ചെയ്യും.
11 ഇന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന കൽപ്പനകൾ നിനക്കു പ്രയാസമുള്ളതും അപ്രാപ്യവുമല്ല. 12 “ഞങ്ങൾ അനുസരിക്കേണ്ടതിന് ആര് സ്വർഗത്തിൽക്കയറിച്ചെന്ന് അതു ഞങ്ങളോടു പ്രസ്താവിക്കും,” എന്നു നിങ്ങൾ ചോദിക്കത്തക്കവിധം അതു സ്വർഗത്തിലല്ല. 13 “ഞങ്ങൾ അനുസരിക്കേണ്ടതിന് ആര് സമുദ്രം കടന്ന് അതു കൊണ്ടുവന്ന് ഞങ്ങളോടു പ്രസ്താവിക്കും,” എന്നു നിങ്ങൾ ചോദിക്കത്തക്കവിധം അതു സമുദ്രത്തിനപ്പുറവുമല്ല. 14 വചനം നിങ്ങളോട് ഏറ്റവും സമീപമാകുന്നു, നിങ്ങൾ അനുസരിക്കത്തക്കവിധം അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു.
-
7 കരുണാഹൃദയർ അനുഗൃഹീതർ;
അവർക്ക് കരുണ ലഭിക്കും.
-
4 ഞങ്ങളോടു പാപംചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ,
ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ.
ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.’ ”
-
23 പാപം ശമ്പളമായി നൽകുന്നത് മൃത്യുവാണ്; എന്നാൽ, ദൈവം ദാനമായി നൽകുന്നതോ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള നിത്യജീവനാകുന്നു.
-
12 കുഞ്ഞുമക്കളേ, ക്രിസ്തുനാമംമൂലം നിങ്ങൾ പാപവിമോചിതർ ആയതിനാലാണ്
ഞാൻ ഈ തൂലിക ചലിപ്പിക്കുന്നത്.
-
16 “എന്നാൽ ഞങ്ങളുടെ പിതാക്കന്മാരായ അവർ അഹങ്കരിച്ചു; ദുശ്ശാഠ്യത്തോടെ, അങ്ങയുടെ കൽപ്പനകൾ അവർ ശ്രദ്ധിക്കാതിരുന്നു. 17 അവ അനുസരിക്കാൻ അവർ കൂട്ടാക്കിയില്ല; അവരുടെയിടയിൽ അങ്ങ് ചെയ്ത അത്ഭുതങ്ങൾ അവർ ഓർത്തതുമില്ല. അവർ ദുശ്ശാഠ്യമുള്ളവരായി, ഈജിപ്റ്റിലെ അടിമത്തത്തിലേക്ക് തങ്ങളെ തിരികെക്കൊണ്ടുപോകാൻ അവരുടെ മാത്സര്യത്തിൽ ഒരു നേതാവിനെ നിയമിച്ചു. എന്നാൽ അങ്ങ് കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള, ക്ഷമിക്കുന്നവനായ ദൈവം ആകുന്നു; അങ്ങ് അവരെ ഉപേക്ഷിച്ചില്ല.
-
17 തീർച്ചയായും ഞാൻ ഇത്രവലിയ വേദന അനുഭവിച്ചത്
എന്റെ നന്മയ്ക്കായിത്തന്നെ ആയിരുന്നു.
അവിടത്തെ സ്നേഹം വിനാശഗർത്തത്തിൽനിന്ന്
എന്റെ സംരക്ഷിച്ചിരിക്കുന്നു;
അങ്ങ് എന്റെ സർവപാപങ്ങളും
അവിടത്തെ പിറകിൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു.
-
13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,
ഹൃദയത്തെത്തന്നെ കീറുവിൻ;
നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക,
അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ;
എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു,
അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു.
-
43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക; 45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ. 46 നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ! 47 സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്? 48 അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.
-
3 അദ്ദേഹം യോർദാൻനദിക്ക് അടുത്തുള്ള ഗ്രാമങ്ങളിലെല്ലാം ചെന്ന്, ഗ്രാമവാസികൾ അവരുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു:
4 “മരുഭൂമിയിൽ വിളംബരംചെയ്യുന്നവന്റെ ശബ്ദം!
‘കർത്താവിന്റെ വഴിയൊരുക്കുക;
അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക!
5 എല്ലാ താഴ്വരകളും നികത്തപ്പെടും.
എല്ലാ പർവതങ്ങളും കുന്നുകളും താഴ്ത്തപ്പെടും.
വളഞ്ഞവഴികൾ നേരേയാക്കുകയും
ദുർഘടപാതകൾ സുഗമമാക്കുകയും ചെയ്യും.
6 എല്ലാ മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും’ ”
എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെതന്നെ.
-
22 നീ ഈ ദുഷ്ടതയെപ്പറ്റി അനുതപിച്ച് കർത്താവിനോടു പ്രാർഥിക്കുക. ഒരുപക്ഷേ അവിടന്നു നിന്റെ ഹൃദയത്തിലെ ദുഷ്ടവിചാരം ക്ഷമിച്ചുതരും.
-
15 “അപ്പോൾ ഞാൻ, ‘അങ്ങ് ആരാകുന്നു, കർത്താവേ?’ എന്നു ചോദിച്ചു.
“ ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ,’ കർത്താവ് ഉത്തരം പറഞ്ഞു. 16 ‘നീ എഴുന്നേറ്റു നിവർന്നുനിൽക്കുക; നീ എന്നെക്കുറിച്ചു കണ്ടതിനും ഇനി നിനക്കു കാണിച്ചുതരാനുള്ളതിനും നിന്നെ ഒരു ശുശ്രൂഷകനും സാക്ഷിയുമാക്കേണ്ടതിനാണു ഞാൻ പ്രത്യക്ഷനായത്. 17 നിന്റെ സ്വജനത്തിൽനിന്നും സ്വജനം അല്ലാത്തവരിൽനിന്നും ഞാൻ നിന്നെ രക്ഷിക്കും. 18 അവരുടെ കണ്ണുകൾ തുറക്കാനും അവരെ ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിലേക്കും തിരിക്കാനും, അങ്ങനെ എന്നിലുള്ള വിശ്വാസത്താൽ അവർക്കു പാപക്ഷമയും വിശുദ്ധീകരിക്കപ്പെടുന്നവരുടെ ഇടയിൽ സ്ഥാനവും ലഭിക്കാനും ഞാൻ നിന്നെ അവരുടെ അടുത്തേക്കയയ്ക്കുന്നു.’
-
8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.
9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്!
-
3 ഞങ്ങളുടെ പാപങ്ങൾ ഞങ്ങളെ മൂടിക്കളഞ്ഞെങ്കിലും
അവിടന്ന് ഞങ്ങളുടെ അതിക്രമങ്ങൾ ക്ഷമിച്ചിരിക്കുന്നു.
-
28 ഞാൻ നിങ്ങളോടു സത്യം പറയുന്നു, ദൈവം മനുഷ്യരോട് അവരുടെ സകലപാപങ്ങളും ദൂഷണങ്ങളും ക്ഷമിക്കും. 29 എന്നാൽ പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല. അങ്ങനെചെയ്യുന്നത് എന്നേക്കും നിലനിൽക്കുന്ന പാപമാണ്.”
30 “അയാൾക്കു ദുരാത്മാവുണ്ട്,” എന്ന് യേശുവിനെക്കുറിച്ച് അവർ ആരോപിച്ചതുകൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത്.
-
1 ഈ വിധത്തിൽ ക്രിസ്തുയേശുവിന്റെ വകയായിത്തീർന്നവർക്ക് ഇനി ഒരു ശിക്ഷാവിധിയും ഇല്ല. 2 കാരണം, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചതിനാൽ, ജീവൻ നൽകുന്ന ആത്മാവിന്റെ പ്രമാണം, പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രമാണത്തിൽനിന്ന് നിന്നെ സ്വതന്ത്രരാക്കിയിരിക്കുന്നു. 3 ദൈവം സ്വന്തം പുത്രനെ പാപപങ്കിലമായ മനുഷ്യശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചിട്ട് പുത്രന്റെ ശരീരത്തിന്മേൽ നമ്മുടെ പാപത്തിനു ശിക്ഷ വിധിച്ചു പരിഹാരം വരുത്തി. അങ്ങനെ മനുഷ്യന്റെ പാപപ്രവണത നിമിത്തം ബലഹീനമായിരുന്ന ന്യായപ്രമാണത്തിന് അസാധ്യമായിരുന്ന പാപപരിഹാരം ദൈവം സാധ്യമാക്കി. 4 പാപപ്രവണതയെ അല്ല, മറിച്ച്, ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്ന നമ്മിൽ ന്യായപ്രമാണം അനുശാസിക്കുന്ന നീതി പൂർത്തീകരിക്കപ്പെടേണ്ടതിനാണ് ഇതു ചെയ്തത്.
-
32 എന്നാൽ, ഇപ്പോൾ അവരുടെ പാപം ക്ഷമിക്കണമേ; അല്ലെങ്കിൽ അങ്ങ് എഴുതിയ പുസ്തകത്തിൽനിന്ന് എന്റെ പേരു മായിച്ചുകളയണമേ,” എന്നപേക്ഷിച്ചു.
-
9 ഞങ്ങളുടെ രക്ഷയായ ദൈവമേ,
അവിടത്തെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കണമേ;
അവിടത്തെ നാമംനിമിത്തം
ഞങ്ങളെ വിടുവിക്കുകയും ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ.
-
20 അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തോട്, “ദാവീദുവംശജനായ യോസേഫേ, മറിയ ഗർഭവതിയായത് പരിശുദ്ധാത്മാവിൽനിന്നാണ്. ആയതിനാൽ അവളെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ മടിക്കേണ്ടതില്ല. 21 അവൾ ഒരു പുത്രനു ജന്മം നൽകും; ആ പുത്രന് ‘യേശു’ എന്നു നാമകരണം ചെയ്യണം, കാരണം അവിടന്ന് തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുന്നവനാണ്” എന്നു പറഞ്ഞു.
-
4 ഈ ശബ്ദമായി യോഹന്നാൻസ്നാപകൻ വന്നു! അദ്ദേഹം മരുഭൂമിയിൽവെച്ച് ജനത്തോട്, അവർ അവരുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു.
-
7 “ലംഘനം ക്ഷമിച്ചും
പാപം മറച്ചും കിട്ടിയവർ
അനുഗൃഹീതർ,
-
4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.
-
8 സർവോപരി പരസ്പരം അഗാധമായി സ്നേഹിക്കുക; സ്നേഹം സംഖ്യാതീതമായ പാപങ്ങൾ മറയ്ക്കുന്നു.
Shows Read in context, Share and Copy.