82 Bible Verses About Fear and Worry

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Fear and Worry
  1. 4 കർത്താവിൽ എപ്പോഴും ആനന്ദിക്കുക; ആനന്ദിക്കുക എന്നു ഞാൻ വീണ്ടും പറയുന്നു. 5 നിങ്ങളുടെ ആർദ്രതയോടുകൂടിയ പെരുമാറ്റം സകലരും അറിയുമാറാകട്ടെ. കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്നു. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

    8 അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക. 9 എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും.

  2. 6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. 7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.

  3. 8 “എന്നാൽ നീയോ, എന്റെ ദാസനായ ഇസ്രായേലേ,

    ഞാൻ തെരഞ്ഞെടുത്ത യാക്കോബേ,

    എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികളേ,

    9 ‘നീ എന്റെ ദാസൻ, ഞാൻ നിന്നെ തെരഞ്ഞെടുത്തു,

    നിരസിച്ചുകളഞ്ഞില്ല,’ എന്നു പറഞ്ഞുകൊണ്ട്,

    ഭൂമിയുടെ അറുതികളിൽനിന്നു ഞാൻ നിന്നെ എടുക്കുകയും

    അതിന്റെ വിദൂരസീമകളിൽനിന്ന് ഞാൻ നിന്നെ വിളിക്കുകയും ചെയ്തു.

    10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;

    ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.

    ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;

    എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.

    11 “നിന്നോടു കോപിക്കുന്നവർ എല്ലാവരും

    ലജ്ജിതരും അപമാനിതരും ആകും, നിശ്ചയം;

    നിന്നോട് എതിർക്കുന്നവർ

    ഒന്നുമില്ലാതെയായി നശിച്ചുപോകും.

    12 നിന്റെ ശത്രുക്കളെ നീ അന്വേഷിക്കും,

    എന്നാൽ നിങ്ങൾ അവരെ കണ്ടെത്തുകയില്ല.

    നിന്നോടു യുദ്ധംചെയ്യുന്നവർ

    നാമമാത്രരാകും.

    13 നിന്റെ ദൈവമായ യഹോവ ആകുന്ന ഞാൻ

    നിന്റെ വലതുകൈ പിടിച്ച്,

    നിന്നോട് ‘ഭയപ്പെടേണ്ട;

    ഞാൻ നിന്നെ സഹായിക്കും’ എന്നു പറയുന്നു.

    14 കൃമിയായ യാക്കോബേ,

    ഇസ്രായേൽജനമേ, ഭയപ്പെടേണ്ട,

    ഞാൻതന്നെ നിന്നെ സഹായിക്കും,”

    എന്നു നിന്റെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ അരുളിച്ചെയ്യുന്നു.

  4. 4 ഞാൻ യഹോവയെ അന്വേഷിച്ചു, അവിടന്ന് എനിക്ക് ഉത്തരമരുളി;

    എന്റെ എല്ലാ ഭയങ്ങളിൽനിന്നും അവിടന്ന് എന്നെ വിടുവിച്ചു.

    5 അങ്ങയെ നോക്കുന്നവർ പ്രകാശപൂരിതരായിത്തീരുന്നു;

    അവരുടെ മുഖം ഒരിക്കലും ലജ്ജാഭരിതമാകുകയില്ല.

    6 ഈ എളിയ മനുഷ്യൻ വിളിച്ചപേക്ഷിച്ചു, യഹോവ കേട്ടു;

    അവിടന്ന് സകലവിധ പ്രയാസങ്ങളിൽനിന്നും അദ്ദേഹത്തെ രക്ഷിച്ചു.

    7 യഹോവയെ ഭയപ്പെടുന്നവരുടെചുറ്റും, അവിടത്തെ ദൂതന്മാർ പാളയമിറങ്ങിയിരിക്കുന്നു,

    അങ്ങനെ അവിടന്ന് അവരെ വിടുവിക്കുന്നു.

    8 യഹോവ നല്ലവനെന്ന് രുചിച്ചറിയുക;

    അങ്ങയിൽ അഭയംതേടുന്ന മനുഷ്യർ അനുഗൃഹീതർ.

    9 യഹോവയുടെ വിശുദ്ധജനമേ, അവിടത്തെ ഭയപ്പെടുക

    അവിടത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവുണ്ടാകുന്നില്ല.

  5. 26 എന്നാൽ, പിതാവ് എന്റെ നാമത്തിൽ അയയ്ക്കാനിരിക്കുന്ന ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങൾക്ക് ഉപദേശിച്ചുതരികയും ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും. 27 സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. ഞാൻ നിങ്ങൾക്കു തരുന്നത് എന്റെ സമാധാനമാണ്, അത് ലോകം തരുന്നതുപോലെ അല്ല. നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; നിങ്ങൾ ഭയന്നുപോകുകയുമരുത്.

    28 “ ‘ഞാൻ പോകുന്നു എന്നും നിങ്ങളുടെ അടുക്കൽ മടങ്ങിവരും’ എന്നും പറഞ്ഞതു നിങ്ങൾ ശ്രദ്ധിച്ചല്ലോ. നിങ്ങൾക്കെന്നോടു സ്നേഹമുണ്ടെങ്കിൽ, എന്റെ പിതാവിന്റെ അടുത്തേക്കു ഞാൻ പോകുന്നതിൽ നിങ്ങൾ ആനന്ദിക്കുമായിരുന്നു; പിതാവ് എന്നെക്കാൾ വലിയവനല്ലോ.

  6. 26 അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ നമുക്ക് ബലം നൽകാൻ പരിശുദ്ധാത്മാവു സഹായി ആകുന്നു; എന്താണ് പ്രാർഥിക്കേണ്ടത് എന്ന് നമുക്കറിഞ്ഞുകൂടാ! എന്നാൽ, അവാച്യമായ ഞരക്കങ്ങളാൽ പരിശുദ്ധാത്മാവുതന്നെ നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു. 27 ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം ആത്മാവിന്റെ ചിന്ത എന്തെന്ന് അറിയുന്നുണ്ട്. കാരണം, ദൈവഹിതാനുസരണമാണ് പരിശുദ്ധാത്മാവു ദൈവജനത്തിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നത്.

    28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.

  7. ദാവീദിന്റെ ഒരു സ്വർണഗീതം. ഫെലിസ്ത്യർ അദ്ദേഹത്തെ ഗത്തിൽവെച്ചു പിടിച്ചപ്പോൾ രചിച്ചത്.

    1 ദൈവമേ, എന്നോടു കരുണയുണ്ടാകണമേ,

    എന്റെ ശത്രുക്കൾ ക്രോധത്തോടെ എന്നെ വേട്ടയാടുന്നു;

    ദിവസംമുഴുവനും അവരെന്നെ ആക്രമിക്കുന്നു.

    2 എന്റെ എതിരാളികൾ ഒരു ഒഴിയാബാധയായി എന്നെ പിൻതുടരുന്നു;

    അവരുടെ അഹന്തയിൽ പലരും എന്നെ ആക്രമിക്കുന്നു.

    3 എനിക്കു ഭയം നേരിടുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.

    4 ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു—

    ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും.

    വെറും മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?

  8. 24 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.

    25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ? 26 ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 27 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?

    28 “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. 29 എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 30 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതുകയില്ലേ! 31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.

  9. 6 അതുകൊണ്ട് എന്റെ കൈവെപ്പിലൂടെ, നിനക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനം പുനരുജ്വലിപ്പിക്കണമെന്നു ഞാൻ നിന്നെ ഓർമിപ്പിക്കുന്നു. 7 ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവ് ഭീരുത്വത്തിന്റേതല്ല; പിന്നെയോ, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയുമാണ്.

  10. 16 ദൈവം നമ്മെ സ്നേഹിക്കുന്നെന്ന് ഞങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

    ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവർ ദൈവത്തിൽ വസിക്കുന്നു. ദൈവം അവരിലും വസിക്കുന്നു. 17 നാം ദൈവത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ സ്നേഹം പൂർണതയിലേക്കു വളരുന്നു. അങ്ങനെ ന്യായവിധിദിവസത്തിൽ ഭയരഹിതരായി, ദൈവത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ നമുക്ക് കഴിയും. കാരണം ഈ ലോകത്തിൽ നാം ജീവിക്കുന്നത് യേശുവിനെപ്പോലെ ആണല്ലോ. 18 സ്നേഹത്തിൽ ഭയമില്ല. സമ്പൂർണസ്നേഹം ഭയത്തെ ഇല്ലാതാക്കുന്നു. കാരണം, ഭയം ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭയപ്പെടുന്ന വ്യക്തി സ്നേഹത്തിൽ സമ്പൂർണനല്ല.

    19 അവിടന്ന് നമ്മെ ആദ്യം സ്നേഹിച്ചതുകൊണ്ടാണ് നാം സ്നേഹിക്കുന്നത്.

  11. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.

    2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,

    പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,

    3 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു.

    തിരുനാമംനിമിത്തം

    എന്നെ നീതിപാതകളിൽ നടത്തുന്നു.

    4 മരണനിഴലിൻ താഴ്വരയിൽക്കൂടി

    ഞാൻ സഞ്ചരിച്ചെന്നാലും,

    ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല,

    എന്നോടൊപ്പം അവിടന്നുണ്ടല്ലോ;

    അവിടത്തെ വടിയും കോലും

    എന്നെ ആശ്വസിപ്പിക്കുന്നു.

  12. 22 ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. 23 ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്? 24 കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 25 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? 26 ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്?

    27 “ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 28 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതും! 29 നിങ്ങൾ എന്തു ഭക്ഷിക്കുമെന്നോ എന്തു പാനംചെയ്യുമെന്നോ അന്വേഷിക്കരുത്; അതിനെപ്പറ്റി വ്യാകുലപ്പെടുകയുമരുത്. 30 ദൈവത്തെ അറിയാത്തവരുടെ ലോകമാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ പിതാവിനറിയാം. 31 നിങ്ങൾ ആ പിതാവിന്റെ രാജ്യം തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.

    32 “ചെറിയ ആട്ടിൻപറ്റമേ, ഭീതിവേണ്ട, നിങ്ങൾക്ക് അവിടത്തെ രാജ്യഭാരം നൽകാൻ നിങ്ങളുടെ പിതാവിന് പ്രസാദമായിരിക്കുന്നു. 33 നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല. 34 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.

  13. 5 നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക.

    “ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല,

    ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,”

    എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ. 6 അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം,

    “കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല.

    വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”

  14. 1 ഇപ്പോഴോ യാക്കോബേ, നിന്റെ സ്രഷ്ടാവും

    ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തിയവനുമായ

    യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ഭയപ്പെടേണ്ട, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു;

    ഞാൻ നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്റേതാണ്.

    2 നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ,

    ഞാൻ നിന്നോടൊപ്പമുണ്ടാകും;

    നദികളിൽക്കൂടി കടക്കുമ്പോൾ,

    അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല.

    തീയിൽക്കൂടി നീ നടന്നാൽ,

    നിനക്കു പൊള്ളൽ ഏൽക്കുകയില്ല;

    തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.

    3 കാരണം ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു,

    നിന്റെ രക്ഷകനായ ഇസ്രായേലിന്റെ പരിശുദ്ധൻതന്നെ.

    ഞാൻ ഈജിപ്റ്റിനെ നിന്റെ വീണ്ടെടുപ്പുവിലയായും

    കൂശിനെയും സേബയെയും നിനക്കു പകരമായും നൽകിയിരിക്കുന്നു.

    4 നീ എന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവനും ബഹുമാനിതനും ആകുകയാലും

    ഞാൻ നിന്നെ സ്നേഹിക്കുകയാലും

    ഞാൻ നിനക്കുപകരം മനുഷ്യരെയും

    നിന്റെ ജീവനുപകരം രാഷ്ട്രങ്ങളെയും കൊടുക്കുന്നു.

    5 ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്;

    ഞാൻ നിന്റെ സന്തതിയെ കിഴക്കുനിന്നു വരുത്തുകയും

    പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും.

  15. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു—

    ഞാൻ ആരെ ഭയപ്പെടും?

    യഹോവ എന്റെ ജീവന്റെ അഭയസ്ഥാനം—

    ഞാൻ ആരെ പേടിക്കും?

    2 എന്നെ വിഴുങ്ങുന്നതിനായി

    ദുഷ്ടർ എനിക്കെതിരേ പാഞ്ഞടുക്കുമ്പോൾ,

    എന്റെ ശത്രുക്കളും വിരോധികളും എന്നെ ആക്രമിക്കുമ്പോൾ

    അവരാണ് കാലിടറി നിലംപൊത്തുന്നത്!

    3 ഒരു സൈന്യം എനിക്കെതിരേ ഉപരോധം തീർക്കുമ്പോൾ

    എന്റെ ഹൃദയം ഭയരഹിതമായിരിക്കും,

    എനിക്കെതിരേ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും

    ഞാൻ ചഞ്ചലചിത്തനാകുകയില്ല.

  16. 17 യഹോവ എനിക്ക് സഹായി ആയിരുന്നില്ലെങ്കിൽ,

    ഞാൻ അതിവേഗത്തിൽ മരണത്തിന്റെ നിശ്ശബ്ദതയിൽ പാർക്കുമായിരുന്നു.

    18 “എന്റെ കാൽ വഴുതുന്നു,” എന്നു ഞാൻ പറഞ്ഞപ്പോൾ,

    യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് തുണയായിരുന്നു.

    19 എന്റെയുള്ളിൽ ആകുലതകൾ വർധിച്ചപ്പോൾ,

    അവിടത്തെ സാന്ത്വനം എന്റെ പ്രാണന് ആനന്ദം നൽകി.

    20 അഴിമതിനിറഞ്ഞ സിംഹാസനവുമായി അങ്ങേക്ക് സഖ്യമുണ്ടാകുമോ—

    ഉത്തരവുകളിലൂടെ ദുരന്തം വരുത്തുന്ന സിംഹാസനത്തോടുതന്നെ?

  17. 5 നിന്റെ ജീവിതകാലത്ത് ഒരിക്കലും ഒരുത്തനും നിന്റെനേരേ നിൽക്കുകയില്ല; ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയുമിരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല. 6 ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; കാരണം, ഇവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ഞാൻ വാഗ്ദത്തംചെയ്ത ദേശം ഈ ജനം കൈവശമാക്കേണ്ടതിനു നീ അവരെ നയിക്കുക.

    7 “ഉറപ്പും വളരെ ധൈര്യവുമുള്ളവനായിരിക്കുക; എന്റെ ദാസനായ മോശ നിനക്കുതന്ന ന്യായപ്രമാണമൊക്കെയും പാലിക്കാൻ ശ്രദ്ധിക്കുക; നീ ചെല്ലുന്നിടത്തൊക്കെയും വിജയം കൈവരിക്കേണ്ടതിന് അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. 8 ഈ ന്യായപ്രമാണഗ്രന്ഥത്തിലുള്ളത് നിന്റെ അധരങ്ങളിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ രേഖപ്പെടുത്തിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം ചെയ്യേണ്ടതിനു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാൽ നിന്റെ പ്രയത്നം സഫലമാകുകയും; നീ വിജയം നേടുകയും ചെയ്യും. 9 ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.”

  18. 22 നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക

    അവിടന്നു നിന്നെ പുലർത്തും;

    നീതിനിഷ്ഠർ നിപതിക്കാൻ

    അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല.

    23 എന്നാൽ ദൈവമേ, അവിടന്ന് ദുഷ്ടരെ

    നാശത്തിന്റെ കുഴിയിലേക്കു തള്ളിയിടും;

    രക്തദാഹികളും വഞ്ചകരും

    അവരുടെ ആയുസ്സിന്റെ പകുതിപോലും കാണുകയില്ല.

    എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.

    സംഗീതസംവിധായകന്. “ദൂരസ്ഥന്മാരുടെ ഇടയിൽ, മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ.”

  19. 28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

  20. 5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക

    സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

    6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,

    അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

    7 സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;

    യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.

    8 ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും

    അസ്ഥികൾക്ക് പോഷണവും നൽകും.

  21. 35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?

    36 “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു:

    അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,”

    എന്ന് എഴുതിയിരിക്കുന്നല്ലോ. 37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.

  22. 25 ഉത്കണ്ഠ ഹൃദയഭാരമുണ്ടാക്കുന്നു,

    എന്നാൽ ഒരു നല്ലവാക്ക് ഉത്സാഹം നൽകുന്നു.

  23. അലാമോത്ത് രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ഗീതം.

    1 ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു,

    കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു.

    2 അതുകൊണ്ട് ഭൂമി വഴുതിമാറിയാലും

    പർവതങ്ങൾ ആഴിയുടെ ആഴത്തിൽ അമർന്നാലും

    3 അതിലെ വെള്ളം ആർത്തിരമ്പി നുരച്ചുപൊങ്ങിയാലും

    അതിന്റെ പ്രകമ്പനത്താൽ പർവതങ്ങൾ വിറകൊണ്ടാലും ഞങ്ങൾ ഭയപ്പെടുകയില്ല. സേലാ.

  24. 12 കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു

    അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു,

    എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.”

    13 നിങ്ങൾ നന്മചെയ്യാൻ വ്യഗ്രരാണെങ്കിൽ ആര് നിങ്ങളെ ഉപദ്രവിക്കും? 14 നന്മ ചെയ്തിട്ടും കഷ്ടം സഹിക്കുന്നെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും. “നിങ്ങളെ ഉപദ്രവിക്കുന്നവരുടെ ഭീഷണികൾ ഭയപ്പെടരുത്, അത് ഓർത്ത് വിഷണ്ണരാകരുത്.” 15 നിങ്ങളുടെ ഹൃദയത്തിൽ ക്രിസ്തുവിനെ കർത്താവായി പ്രതിഷ്ഠിക്കൂ. നിങ്ങൾക്കുള്ള പ്രത്യാശയെ ആരെങ്കിലും ചോദ്യംചെയ്താൽ മാന്യതയോടും ബഹുമാനത്തോടും അതിന് പ്രതിവദിക്കാൻ എപ്പോഴും സന്നദ്ധരായിരിക്കണം. 16 നല്ല മനസ്സാക്ഷി ഉള്ളവരായിരിക്കുക; അങ്ങനെയെങ്കിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെക്കുറിച്ച് അപവാദം പറയുന്നവർ ലജ്ജിതരായിപ്പോകും. 17 നിങ്ങൾ കഷ്ടത സഹിക്കുന്നതു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടു സഹിക്കുന്നതിനെക്കാൾ, നന്മ ചെയ്തിട്ടു സഹിക്കുന്നതാണ് ഉത്തമം.

  25. 26 “ആകയാൽ, നിങ്ങൾ അവരെ ഭയപ്പെടരുത്. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല. 27 ഞാൻ നിങ്ങളോട് ഇരുളിൽ സംസാരിക്കുന്നത്, പകലിൽ പ്രസ്താവിക്കുക; നിങ്ങളുടെ ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കുക. 28 നിങ്ങളുടെ ആത്മാവിനെ ഹനിക്കാൻ കഴിയാതെ ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടരുത്; മറിച്ച്, ജീവനെയും ശരീരത്തെയും നരകത്തിലിട്ട് നശിപ്പിക്കാൻ കഴിയുന്ന ദൈവത്തെ ഭയപ്പെടുക. 29 ഒരു രൂപയ്ക്ക് രണ്ട് കുരുവിയെ വിൽക്കുന്നില്ലയോ? നിങ്ങളുടെ പിതാവ് അറിയാതെ അവയിൽ ഒന്നുപോലും നിലത്തു വീഴുകയില്ല. 30 നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. 31 ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.

  26. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 അധർമം പ്രവർത്തിക്കുന്നവർനിമിത്തം അസ്വസ്ഥരാകുകയോ

    ദുഷ്ടരോട് അസൂയാലുക്കളാകുകയോ അരുത്.

    2 പുല്ലുപോലെ അവർ വേഗത്തിൽ വാടിപ്പോകും

    പച്ചച്ചെടിപോലെ അവർ വേഗത്തിൽ ഇല്ലാതെയാകും.

    3 യഹോവയിൽ ആശ്രയിച്ചുകൊണ്ട് നന്മ പ്രവർത്തിക്കുക;

    എന്നാൽ, സുരക്ഷിതമായ മേച്ചിൽപ്പുറം ആസ്വദിച്ചുകൊണ്ട് ദേശത്തു ജീവിക്കാം.

    4 യഹോവയിൽ ആനന്ദിക്കുക,

    അപ്പോൾ അവിടന്നു നിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റും.

    5 നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്കുക;

    യഹോവയിൽത്തന്നെ ആശ്രയിക്കുക, അവിടന്നു നിന്നെ സഹായിക്കും:

    6 അവിടന്ന് നിന്റെ നീതിയെ ഉഷസ്സുപോലെ പ്രകാശപൂർണമാക്കും,

    നിന്റെ കുറ്റവിമുക്തി മധ്യാഹ്നസൂര്യനെപ്പോലെയും.

    7 യഹോവയുടെ സന്നിധിയിൽ മൗനമായിരിക്കുക

    അവിടത്തേക്കായി ക്ഷമാപൂർവം കാത്തിരിക്കുക;

    അധർമം പ്രവർത്തിക്കുന്നവർ തങ്ങളുടെ വഴികളിൽ മുന്നേറുമ്പോൾ അസ്വസ്ഥരാകേണ്ടതില്ല,

    അവർ തങ്ങളുടെ കുതന്ത്രങ്ങൾ പ്രാവർത്തികമാക്കുമ്പോഴും.

    8 കോപത്തിൽനിന്ന് അകന്നിരിക്കുക ക്രോധത്തിൽനിന്ന് പിന്തിരിയുക;

    ഉത്കണ്ഠപ്പെടരുത്—അത് അധർമത്തിലേക്കുമാത്രമേ നയിക്കുകയുള്ളൂ.

    9 കാരണം ദുഷ്ടർ ഉന്മൂലനംചെയ്യപ്പെടും,

    എന്നാൽ യഹോവയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ദേശം അവകാശമാക്കും.

  27. 3 തളർന്ന കൈകൾ ശക്തിപ്പെടുത്തുക,

    കുഴഞ്ഞ കാൽമുട്ടുകൾ നേരേയാക്കുക;

    4 ഹൃദയത്തിൽ ഭയമുള്ളവരോട്:

    “ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ട,

    നിങ്ങളുടെ ദൈവം വരും,

    പ്രതികാരവുമായി അവിടന്ന് വരും;

    പാരിതോഷികം അവിടത്തെ പക്കൽ ഉണ്ട്,

    അവിടന്നു നിങ്ങളെ രക്ഷിക്കുന്നതിനായി വരും” എന്നു പറയുക.

  28. 5 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു;

    അവിടന്ന് എനിക്ക് ഉത്തരമരുളി, എന്നെ വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.

    6 യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല.

    വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?

    7 യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്.

    ഞാൻ വിജയംനേടി എന്റെ ശത്രുക്കളെ കാണും.

    8 മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ

    യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.

  29. 11 കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. 13 നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. 14 നിങ്ങൾ എന്നെ കണ്ടെത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; നിങ്ങളെ എല്ലാ രാഷ്ട്രങ്ങളിൽനിന്നും ഞാൻ നിങ്ങളെ നാടുകടത്തിക്കളഞ്ഞ സകലസ്ഥലങ്ങളിൽനിന്നും ശേഖരിച്ച്, എവിടെനിന്നു ഞാൻ നിങ്ങളെ ബന്ദികളാക്കി കൊണ്ടുപോയോ, ആ സ്ഥലത്തേക്ക് തിരികെവരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.

  30. 1 “നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; ദൈവത്തിൽ വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക. 2 എന്റെ പിതാവിന്റെ ഭവനത്തിൽ നിവാസയോഗ്യമായ സ്ഥലം വളരെയുണ്ട്. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്കുവേണ്ടി സ്ഥലമൊരുക്കാൻ പോകുന്നെന്നു പറയുമായിരുന്നോ? 3 ഞാൻ പോയി സ്ഥലമൊരുക്കിക്കഴിയുമ്പോൾ, നിങ്ങളും എന്നോടൊപ്പം ഞാൻ ആയിരിക്കുന്നേടത്ത് ആകേണ്ടതിന്, മടങ്ങിവന്നു നിങ്ങളെ എന്റെ അടുക്കൽ ചേർക്കും. 4 ഞാൻ പോകുന്ന സ്ഥലത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.”

  31. 6 ബലവും ധൈര്യവും ഉള്ളവരായിരിക്കുക. അവർനിമിത്തം നിങ്ങൾ ഭയപ്പെടുകയോ പേടിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു നിങ്ങളോടുകൂടെ പോകുന്നത്. അവിടന്നു നിങ്ങളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല.”

  32. 5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “മനുഷ്യനിൽ ആശ്രയിക്കുന്നവർ ശപിക്കപ്പെട്ടവർ,

    മനുഷ്യന്റെ ശക്തിയിൽ വിശ്വാസമർപ്പിക്കുകയും

    ഹൃദയത്തിൽ യഹോവയെ വിട്ടകലുകയുംചെയ്യുന്നവർതന്നെ.

    6 അങ്ങനെയുള്ളവർ മരുഭൂമിയിലെ ചൂരൽച്ചെടിപോലെയായിത്തീരും;

    അഭിവൃദ്ധിവരുമ്പോൾ അവർ അതു കാണുകയില്ല.

    മരുഭൂമിയിൽ നിവാസികളില്ലാത്ത ഉപ്പുനിലങ്ങളിലും

    വരണ്ടപ്രദേശങ്ങളിലും അവർ പാർക്കും.

    7 “എന്നാൽ യഹോവയിൽ ആശ്രയിക്കുകയും

    യഹോവയെത്തന്നെ ആശ്രയമാക്കിയിരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.

    8 അവർ വെള്ളത്തിനരികെ നട്ടിരിക്കുന്നതും

    ആറ്റരികത്തു വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും.

    ഉഷ്ണം വരുമ്പോൾ അതു പേടിക്കുകയില്ല;

    അതിന്റെ ഇല നിത്യഹരിതമായിരിക്കും.

    വരൾച്ചയുള്ള വർഷത്തിലും അതു വാട്ടം തട്ടാതെ

    ഫലം കായ്ച്ചുകൊണ്ടിരിക്കും.”

  33. 11 എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. 12 ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.

  34. 23 അതിനുശേഷം യേശു വള്ളത്തിൽ കയറി; അദ്ദേഹത്തോടൊപ്പം ശിഷ്യന്മാരും യാത്രതുടർന്നു. 24 പെട്ടെന്ന്, ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു, വള്ളം മുങ്ങിപ്പോകുംവിധം തിരമാലകൾ ഉയർന്നുപൊങ്ങി. യേശുവോ ഉറങ്ങുകയായിരുന്നു. 25 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “കർത്താവേ, രക്ഷിക്കണമേ! ഞങ്ങൾ മുങ്ങിപ്പോകുന്നു!” എന്നു പറഞ്ഞു.

    26 “വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി.

    27 ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.

  35. 14 ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെമക്കൾ. 15 തുടർന്നും ഭയത്തോടെ ജീവിക്കുന്ന അടിമകളാക്കി നിങ്ങളെ മാറ്റുന്ന ആത്മാവിനെയല്ല നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്; മറിച്ച്, നിങ്ങൾക്ക് പുത്രത്വം നൽകുന്ന ആത്മാവിനെയാണ്. അതുകൊണ്ട് നാം ദൈവത്തെ “അബ്ബാ, പിതാവേ” എന്നു വിളിക്കുന്നു. 16 ദൈവാത്മാവുതന്നെ നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞ് നാം ദൈവത്തിന്റെ മക്കളാണെന്ന് ഉറപ്പു നൽകുന്നു. 17 ഇപ്രകാരം ദൈവത്തിന്റെമക്കൾ ആയിരിക്കുന്നതുകൊണ്ട് നാം ദൈവിക അനുഗ്രഹങ്ങളുടെ അവകാശികളാണ്; ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളായിരിക്കുന്ന നാം ക്രിസ്തുവിന്റെ തേജസ്സിന്റെയും പങ്കാളികൾ ആകും.

    18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു. 19 ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്.

  36. 4 “എന്റെ പ്രിയരേ, ഞാൻ നിങ്ങളോടു പറയട്ടെ: ശരീരത്തെ കൊല്ലുന്നതിലപ്പുറം ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ട. 5 ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. 6 രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല. 7 നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.

    8 “ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ (ഞാനും) മനുഷ്യപുത്രനും അംഗീകരിക്കും. 9 മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ ഞാനും നിരാകരിക്കും.

  37. 7 ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല;

    കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു.

    8 അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും;

    ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും.

  38. 18 ഇടിയും മിന്നലും കാണുകയും കാഹളം കേൾക്കുകയും പർവതം പുകയുന്നതു കാണുകയും ചെയ്തപ്പോൾ ജനമെല്ലാം ഭയന്നുവിറച്ചു; അവർ ദൂരെ മാറിനിന്നു. 19 അവർ മോശയോട്, “അങ്ങുതന്നെ ഞങ്ങളോടു സംസാരിക്കുക, ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നപേക്ഷിച്ചു.

    20 മോശ ജനത്തോട്, “ഭയപ്പെടരുത്: നിങ്ങളിൽ ദൈവഭയം ഉളവാകുന്നതുമൂലം പാപത്തിൽനിന്ന് അകന്നു ജീവിക്കുന്നതിനും ഇങ്ങനെ നിങ്ങളെ പരീക്ഷിക്കുന്നതിനുമാണ് ദൈവം വന്നിരിക്കുന്നത്” എന്നു പറഞ്ഞു.

  39. 10 “ശാന്തരായിരുന്ന് ഞാൻ ആകുന്നു ദൈവം എന്ന് അറിഞ്ഞുകൊൾക;

    ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ഉന്നതനാകും

    ഞാൻ ഭൂമിയിൽ ഉന്നതനാകും.”

    11 സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്;

    യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു. സേലാ.

    സംഗീതസംവിധായകന്.

  40. ആരോഹണഗീതം.

    1 പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു—

    എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?

    2 ആകാശവും ഭൂമിയും സൃഷ്ടിച്ച

    യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.

  41. 30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,

    ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;

    31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ

    അവരുടെ ശക്തി പുതുക്കും.

    അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;

    അവർ ഓടും, ക്ഷീണിക്കുകയില്ല,

    അവർ നടക്കും, തളർന്നുപോകുകയുമില്ല.

  42. 22 മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് വചനം കേൾക്കുന്ന വ്യക്തികളാണ്, എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു.

  43. 7 അതിനുശേഷം മോശ യോശുവയെ വിളിച്ചുവരുത്തി എല്ലാ ഇസ്രായേലിന്റെയും സാന്നിധ്യത്തിൽ അവനോടു പറഞ്ഞു: “ബലവും ധൈര്യവും ഉള്ളവനായിരിക്കുക. അവരുടെ പിതാക്കന്മാർക്കു നൽകുമെന്ന് യഹോവ ശപഥംചെയ്ത ദേശത്തേക്ക് നീ ഈ ജനത്തോടുകൂടെ പോകണം; അവരുടെ അവകാശമായി അവർക്ക് അതു വിഭാഗിച്ചു നൽകണം. 8 യഹോവതന്നെ നിനക്കുമുമ്പായി പുറപ്പെടും, അവിടന്ന് നിന്നോടുകൂടെ ഇരിക്കും. അവിടന്ന് നിന്നെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല. ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്.”

  44. 1 അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ

    സർവശക്തന്റെ തണലിൽ വിശ്രമിക്കും.

    2 ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും

    ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും.

    3 അവിടന്നു നിശ്ചയമായും നിന്നെ

    വേട്ടക്കാരുടെ കെണിയിൽനിന്നും

    മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും.

    4 തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും,

    അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും;

    അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.

    5 രാത്രിയുടെ ഭീകരതയോ

    പകലിൽ ചീറിപ്പായുന്ന അസ്ത്രമോ

    6 ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ

    നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല.

  45. 16 സമാധാനദായകനായ കർത്താവുതന്നെ നിങ്ങൾക്ക് എപ്പോഴും എല്ലാവിധത്തിലും സമാധാനം നൽകട്ടെ. നിങ്ങളോട് എല്ലാവരോടുംകൂടെ കർത്താവ് ഉണ്ടാകുമാറാകട്ടെ.

  46. 13 നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടണം; അവിടത്തെമാത്രമേ സേവിക്കാവൂ; അവിടത്തെ നാമത്തിൽമാത്രം ശപഥംചെയ്യണം. 14-15 നിങ്ങളുടെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ച് നിങ്ങളെ ഭൂമുഖത്തുനിന്ന് ഉന്മൂലനംചെയ്യാതിരിക്കാൻ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദേവന്മാരുടെ പിന്നാലെ നിങ്ങൾ പോകരുത്. നിങ്ങളുടെ നടുവിലുള്ള, നിങ്ങളുടെ ദൈവമായ യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.

  47. 39 അദ്ദേഹം എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, തിരകളോട്: “അടങ്ങുക, ശാന്തമാകുക” എന്നു കൽപ്പിച്ചു. അപ്പോൾ കാറ്റു നിലച്ചു! എല്ലാം പ്രശാന്തമായി!

    40 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലേ?” എന്നു ചോദിച്ചു.

    41 അവർ വളരെ ഭയവിഹ്വലരായി. “ഇദ്ദേഹം ആരാണ്? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പരസ്പരം പറഞ്ഞു.

  48. 32 “എന്നാൽ, നിങ്ങളിൽ ഓരോരുത്തനും അവരവരുടെ സ്ഥലങ്ങളിലേക്കു ചിതറിപ്പോകുകയും എന്നെ ഏകനായി വിടുകയുംചെയ്യുന്ന സമയം വന്നിരിക്കുന്നു; അതേ, വന്നുകഴിഞ്ഞു. എന്നാൽ ഞാൻ ഏകനല്ല, കാരണം പിതാവ് എന്നോടൊപ്പം ഉണ്ടല്ലോ.

    33 “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”

  49. 17 അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ ആ പാദങ്ങളിൽ വീണു. അവിടന്ന് എന്റെമേൽ വലതുകൈവെച്ചുകൊണ്ട് എന്നോട് അരുളിച്ചെയ്തത്, “ഭയപ്പെടേണ്ട, ഞാൻ ആകുന്നു ആദ്യനും അന്ത്യനും 18 ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു. എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകൾ എന്റെ കൈവശമുണ്ട്.

  50. 40 മാർത്തയോ സൽക്കാരത്തിന്റെ ഒരുക്കങ്ങൾക്കായി പരക്കംപായുകയായിരുന്നു. അവൾ യേശുവിന്റെ അടുക്കൽവന്ന്, “കർത്താവേ, എന്റെ അതിഥിസൽക്കാരത്തിന്റെ ഭാരമെല്ലാം എന്റെ സഹോദരി എന്നെമാത്രം ഏൽപ്പിച്ചിരിക്കുന്നതിൽ അങ്ങേക്കു ചിന്തയില്ലേ? എന്നെ ഒന്നു സഹായിക്കാൻ അവളോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു.

    41 അതിനു കർത്താവ്, “മാർത്തേ, മാർത്തേ, നീ പലതിനെപ്പറ്റി ചിന്തിച്ചും വിഷാദിച്ചുമിരിക്കുന്നു. 42 എന്നാൽ അൽപ്പം കാര്യങ്ങൾ, അല്ല വാസ്തവത്തിൽ ഒന്നു മതിയാകും. മറിയ മേൽത്തരമായത് തെരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളിൽനിന്ന് കവർന്നെടുക്കുകയുമില്ല” എന്ന് ഉത്തരം പറഞ്ഞു.

  51. 32 നിങ്ങൾ ആകാംക്ഷാരഹിതരായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവിവാഹിതൻ കർത്താവിനെ പ്രസാദിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ച് കർത്തൃകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. 33 വിവാഹിതനോ ഭാര്യയെ എങ്ങനെ ആനന്ദിപ്പിക്കാം എന്നുകരുതി ലൗകികകാര്യങ്ങളിൽ ആമഗ്നനാകുന്നു; 34 അവന്റെ താത്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയും കന്യകയും ശരീരത്തിലും ആത്മാവിലും വിശുദ്ധരായിരിക്കാനായി കർത്താവിന്റെ കാര്യങ്ങളിൽ ആമഗ്നരാകുന്നു. എന്നാൽ വിവാഹിതയോ, ഭർത്താവിനെ ആനന്ദിപ്പിക്കാനായി ലൗകികകാര്യങ്ങളിലാണ് ആമഗ്നയാകുന്നത്.

  52. 12 യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ആരെല്ലാമാണ്?

    അവർ തെരഞ്ഞെടുക്കേണ്ട വഴി അവിടന്ന് അവർക്ക് ഉപദേശിച്ചുകൊടുക്കും.

    13 അവർ തങ്ങളുടെ ദിനങ്ങൾ അഭിവൃദ്ധിയിൽ ജീവിക്കും

    അവരുടെ സന്തതികൾ ദേശത്തെ അവകാശമാക്കും.

    14 യഹോവയെ ഭയപ്പെടുന്നവർക്ക് അവിടന്ന് തന്റെ രഹസ്യം വെളിപ്പെടുത്തുന്നു;

    അവിടന്ന് തന്റെ ഉടമ്പടിയുടെ ജ്ഞാനം അവർക്കു പകരുന്നു.

  53. 10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു;

    അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും നല്ല വിവേകമുണ്ട്.

    നിത്യമഹത്ത്വം അവിടത്തേക്കുള്ളത്.

  54. 26 യഹോവയെ ഭയപ്പെടുന്നവർക്ക് കെട്ടുറപ്പുള്ള കോട്ടയുണ്ട്,

    അവരുടെ സന്താനങ്ങൾക്ക് അതൊരു അഭയസ്ഥാനമായിരിക്കും.

    27 യഹോവാഭക്തി ജീവജലധാരയാണ്,

    അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു.

  55. 15 യഹോവ നിന്റെ ശിക്ഷ നീക്കിക്കളഞ്ഞിരിക്കുന്നു,

    അവിടന്ന് നിന്റെ ശത്രുവിനെ പിന്തിരിപ്പിച്ചിരിക്കുന്നു.

    ഇസ്രായേലിന്റെ രാജാവായ യഹോവ നിന്നോടുകൂടെയുണ്ട്;

    നീ ഇനി ഒരാപത്തും ഭയപ്പെടേണ്ടതില്ല.

    16 ആ ദിവസത്തിൽ

    അവർ ജെറുശലേമിനോടു പറയും:

    “സീയോനേ, ഭയപ്പെടേണ്ട,

    നിന്റെ കരങ്ങൾ നിശ്ചലമാകേണ്ടതില്ല.

    17 നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെയുണ്ട്,

    അവിടന്ന് രക്ഷിക്കാൻ ശക്തൻ.

    അവിടന്ന് നിന്നിൽ അധികം സന്തോഷിക്കും;

    യഹോവ തന്റെ സ്നേഹത്തിൽ ഇനിയൊരിക്കലും നിന്നെ ശാസിക്കുകയില്ല,

    എന്നാൽ സംഗീതത്തോടെ അവിടന്ന് നിന്നിൽ ആനന്ദിക്കും.”

  56. 36 അവർ പറഞ്ഞതു ഗൗനിക്കാതെ യേശു പള്ളിമുഖ്യനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക” എന്നു പറഞ്ഞു.

  57. 48 കാറ്റു പ്രതികൂലമായിരുന്നതിനാൽ ശിഷ്യന്മാർ വള്ളം തുഴഞ്ഞു ക്ലേശിക്കുന്നത് യേശു കണ്ടു. രാത്രി ഏകദേശം മൂന്നുമണിക്ക് അദ്ദേഹം തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി; അവരെ കടന്നു മുന്നോട്ടുപോകുന്നതായി ഭാവിച്ചു. 49 അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് അത് ഒരു ഭൂതമായിരിക്കുമെന്ന് അവർ വിചാരിച്ചു. 50 അദ്ദേഹത്തെ കണ്ട് അവരെല്ലാവരും ഭയവിഹ്വലരായി അലമുറയിട്ടു.

    ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.” 51 പിന്നെ അദ്ദേഹം അവരോടൊപ്പം വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. അവർ അത്ഭുതപരതന്ത്രരായി.

  58. 22 നിങ്ങൾ അവരെ ഭയപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും.”

  59. 1 യഹോവയെ വാഴ്ത്തുക.

    യഹോവയെ ഭയപ്പെടുകയും

    അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.

  60. 10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു,

    പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു.

  61. 11 “നിങ്ങളെ പള്ളികളിലും ഭരണകർത്താക്കളുടെയും അധികാരികളുടെയും മുമ്പിലും വിസ്തരിക്കാൻ കൊണ്ടുവരുമ്പോൾ എങ്ങനെ എതിർവാദം പറയണമെന്നോ എന്തു മൊഴി കൊടുക്കണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല; 12 നിങ്ങൾ പറയേണ്ടതെന്തെന്നു പരിശുദ്ധാത്മാവ് ആ സമയത്തുതന്നെ നിങ്ങൾക്ക് ഉപദേശിച്ചുതരും.”

  62. 22 സൂര്യനുകീഴേയുള്ള സകലകഠിനപ്രയത്നംകൊണ്ടും ആകുലതകൊണ്ടും മനുഷ്യർക്ക് എന്തു കിട്ടും? 23 എല്ലാ ദിവസവും അവരുടെ വേല വേദനാപൂർണവും ദുഃഖകരവും ആകുന്നു; രാത്രികാലങ്ങളിൽപോലും അവരുടെ മനസ്സിന് വിശ്രമം ലഭിക്കുന്നില്ല. ഇതും അർഥശൂന്യമത്രേ.

  63. 12 അതുകൊണ്ട് എന്റെ പ്രിയരേ, എന്റെ സാന്നിധ്യത്തിൽമാത്രമല്ല, അതിലധികമായി എന്റെ അസാന്നിധ്യത്തിലും നിങ്ങൾ എന്നെ എപ്പോഴും അനുസരിച്ചിട്ടുള്ളതുപോലെ സമ്പൂർണ ഭയഭക്ത്യാദരവോടെ നിങ്ങളുടെ രക്ഷയെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക.

  64. 26-27 സത്യം വ്യക്തമായി ഗ്രഹിച്ചതിനുശേഷം, നാം മനഃപൂർവം പാപംചെയ്താൽ ന്യായവിധിയുടെ ഭയാനകമായ സാധ്യതകളും ശത്രുക്കളെ ദഹിപ്പിക്കാനുള്ള ക്രോധാഗ്നിയുമല്ലാതെ, പാപനിവാരണത്തിനുവേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല.

  65. 15 പിറ്റേന്നു പ്രഭാതത്തിൽ ദൈവപുരുഷന്റെ ഭൃത്യൻ ഉണർന്നു വെളിയിൽ വന്നപ്പോൾ കുതിരകളും രഥങ്ങളുമായി ഒരു സൈന്യം പട്ടണം വളഞ്ഞിരിക്കുന്നതായിക്കണ്ടു. “അയ്യോ! യജമാനനേ! നാം എന്തുചെയ്യും?” എന്ന് അയാൾ നിലവിളിച്ചു.

    16 “ഭയപ്പെടേണ്ട; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികമാണ്,” എന്നു പ്രവാചകൻ മറുപടി പറഞ്ഞു.

    17 “യഹോവേ, ഇവൻ കാണുന്നതിനായി ഇവന്റെ കണ്ണു തുറക്കണേ!” എന്ന് എലീശാ പ്രാർഥിച്ചു. അപ്പോൾ യഹോവ ആ ഭൃത്യന്റെ കണ്ണുതുറന്നു. ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നതായി അയാൾ കണ്ടു.

  66. 26 അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാർ ഭയവിഹ്വലരായി, “അയ്യോ, ഭൂതം!” എന്നു പറഞ്ഞ് ഭയന്ന് അവർ അലമുറയിട്ടു.

    27 ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.”

  67. 3 എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച,

    അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും അങ്ങാണ്.

    4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു,

    അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. സേലാ.

    5 ഞാൻ കിടന്നുറങ്ങുന്നു;

    യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.

    6 എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന

    പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല.

  68. 13 ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ,

    യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു;

  69. 13 ഇപ്പോൾ എല്ലാം ശ്രവിച്ചുകഴിഞ്ഞല്ലോ;

    ഇതാകുന്നു എല്ലാറ്റിന്റെയും സംഗ്രഹം:

    ദൈവത്തെ ഭയപ്പെട്ട് അവിടത്തെ കൽപ്പനകൾ പ്രമാണിക്കുക,

    ഇതാകുന്നു എല്ലാവർക്കും കരണീയം.

    14 കാരണം ദൈവം, എല്ലാവിധ പ്രവൃത്തികളെയും രഹസ്യമായതുൾപ്പെടെ,

    നല്ലതോ തീയതോ ആയ ഓരോന്നിനെയും

    ന്യായവിസ്താരത്തിലേക്കു നടത്തുമല്ലോ.

  70. 14 അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല. 15 എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും.

  71. 19 എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടത്തെ മഹിമാധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ സമ്പൂർണമായി തീർത്തുതരും.

  72. 1 കുറച്ച് നാളുകൾക്കുശേഷം ഒരു ദർശനത്തിൽ അബ്രാമിനു യഹോവയുടെ അരുളപ്പാടുണ്ടായി:

    “അബ്രാമേ, ഭയപ്പെടരുത്,

    ഞാൻ നിന്റെ പരിച,

    നിന്റെ അതിമഹത്തായ പ്രതിഫലം.”

  73. 12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി. 13 അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം.

  74. 28 ഇവയ്ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ദിനംതോറും ഞാൻ അഭിമുഖീകരിക്കുന്നു.

  75. 10 അവസാനമായി ഓർമിപ്പിക്കട്ടെ, കർത്താവിലും അവിടത്തെ അപാരശക്തിയാലും ശക്തരാകുക. 11 പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക. 12 നാം യുദ്ധംചെയ്യുന്നത് മനുഷ്യർക്കെതിരേയല്ല, മറിച്ച് ഈ ഇരുളടഞ്ഞ ലോകത്തിന്റെ അധികാരികളോടും അധികാരങ്ങളോടും ആകാശത്തിലെ ദുഷ്ടാത്മാക്കളോടുമാണ്. 13 അതുകൊണ്ട് പിശാചിന്റെ ആക്രമണമുണ്ടാകുന്ന ദുർദിവസത്തിൽ അവനെ എതിർക്കാനും യുദ്ധം സമാപിച്ചതിനുശേഷം ഉറച്ചുനിൽക്കാനും സാധിക്കേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക:

  76. 11 ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും

    വിറയലോടെ ആനന്ദിക്കുകയും ചെയ്യുക.

  77. 4 കാവൽക്കാർ ദൂതനെക്കണ്ട് ഭയന്നുവിറച്ച് മരിച്ചവരെപ്പോലെയായി.

  78. 23 യഹോവാഭക്തി ജീവനിലേക്കു നയിക്കുന്നു;

    അപ്പോൾ അവർ വിപത്തൊഴിഞ്ഞ് സംതൃപ്തരായി വിശ്രമിക്കും.

  79. 57 ഞാൻ വിളിച്ചപ്പോൾ അവിടന്ന് അരികെവന്നു,

    അവിടന്ന് കൽപ്പിച്ചു, “ഭയപ്പെടരുത്.”

    58 കർത്താവേ, അവിടന്ന് എന്റെ വ്യവഹാരം ഏറ്റെടുത്ത്

    എന്റെ ജീവനെ അവിടന്ന് വീണ്ടെടുത്തു.

  80. 20 അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തോട്, “ദാവീദുവംശജനായ യോസേഫേ, മറിയ ഗർഭവതിയായത് പരിശുദ്ധാത്മാവിൽനിന്നാണ്. ആയതിനാൽ അവളെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ മടിക്കേണ്ടതില്ല.

  81. 5 അതുകണ്ടു ദ്വീപുകൾ ഭയപ്പെടുന്നു;

    ഭൂമിയുടെ അറുതികൾ വിറകൊള്ളുന്നു.

    അവർ സമീപിക്കുന്നു, മുന്നോട്ടുവരുന്നു.

  82. 25 “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ചിഹ്നങ്ങൾ ഉണ്ടാകും; കടലിന്റെയും ഭീകരതിരമാലകളുടെയും ഗർജനത്താൽ ഭൂമിയിലെ ജനസഞ്ചയങ്ങൾ നടുങ്ങി പരിഭ്രമിക്കും. 26 ആകാശഗോളങ്ങൾ സ്വസ്ഥാനത്തുനിന്നു വ്യതിചലിക്കുന്നതുകൊണ്ട് ലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന സംഭ്രമത്തോടെ മനുഷ്യർ ഭീതിപൂണ്ട് ബോധരഹിതരായി നിപതിക്കും. 27 അപ്പോൾ ശക്തിയോടും മഹാതേജസ്സോടുംകൂടെ മനുഷ്യപുത്രൻ (ഞാൻ) മേഘത്തിൽ വരുന്നത് എല്ലാവരും ദർശിക്കും. 28 ഇക്കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ, ധൈര്യപൂർവം നിവർന്നുനിൽക്കുക; നിങ്ങളുടെ വിമോചനം സമീപമായിരിക്കുന്നു!”