69 Bible Verses About Contentment

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Contentment
  1. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

    8 അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക. 9 എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും.

    10 വളരെ നാളുകൾക്കുശേഷം ഇപ്പോഴെന്നെ വീണ്ടും സഹായിക്കാൻ നിങ്ങളിലുണ്ടായ സന്മനസ്സിനായി ഞാൻ കർത്താവിൽ ഏറ്റവും ആനന്ദിക്കുന്നു, എന്നെ സഹായിക്കാനുള്ള സന്മനസ്സ് ഉണ്ടായിരുന്നു എങ്കിലും അതിനുള്ള അവസരം നിങ്ങൾക്കു ലഭിച്ചിരുന്നില്ല. 11 എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. 12 ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.

    14 എന്നിട്ടും എന്റെ പ്രയാസങ്ങളിൽ നിങ്ങൾ എന്നെ സഹായിച്ചത് ശ്ലാഘനീയംതന്നെ.

  2. 5 ഇങ്ങനെ, അനാരോഗ്യകരമായ വിവാദങ്ങളും ചില വാക്കുകളെക്കുറിച്ചുള്ള തർക്കവിഷയങ്ങളും നിരന്തരം സൃഷ്ടിക്കുന്ന പ്രവണതയുള്ളവരാണ് ഇവർ. ദൈവഭക്തി ഒരു ആദായമാർഗമായി അവർ കരുതുന്നു.

    6 എന്നാൽ, സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടംതന്നെയാണ്. 7 ഈ ലോകത്തിലേക്കു വന്നപ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു പോകുമ്പോൾ നമുക്ക് ഒന്നും കൊണ്ടുപോകാനും കഴിയുന്നതല്ല. 8 ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തരാകാം. 9 ധനികരാകാൻ ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും കുടുങ്ങി, മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന ബുദ്ധിഹീനവും ഉപദ്രവകരവുമായ അനവധി മോഹങ്ങളിൽ വീണുപോകുന്നു. 10 ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങളുടെയും ഉറവിടമാണ്. ധനമോഹത്താൽ ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച്, പലവിധ വേദനകൾക്ക് തങ്ങളെത്തന്നെ അധീനരാക്കുകയുംചെയ്തിരിക്കുന്നു.

    11 എന്നാൽ ദൈവപുരുഷാ, നീയോ ഇവയിൽനിന്നെല്ലാം ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, സൗമ്യത എന്നിവയെ അനുഗമിക്കുക.

  3. 5 നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക.

    “ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല,

    ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,”

    എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ. 6 അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം,

    “കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല.

    വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”

  4. 19 “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്; 20 പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക. 21 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.

    22 “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും. 23 കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും!

    24 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.

    25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ? 26 ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ!

  5. 7 അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ. 8 അത് എന്നിൽനിന്ന് നീക്കിക്കളയണമേ എന്നു മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോട് അപേക്ഷിച്ചു. 9 എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും. 10 അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.

  6. 7 “യഹോവേ, രണ്ടു കാര്യം ഞാൻ അങ്ങയോടപേക്ഷിക്കുന്നു;

    എന്റെ മരണത്തിനുമുമ്പേ അവ എനിക്കു ലഭ്യമാക്കണമേ.

    8 കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ;

    എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ!

    എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ.

    9 അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്,

    ‘യഹോവ ആരാണ്?’ എന്നു ചോദിക്കുകയോ

    അല്ല, ദാരിദ്ര്യംമൂലം മോഷണംനടത്തി,

    ദൈവനാമത്തിന് അപമാനം വരുത്തിവെക്കുകയോചെയ്യും.

  7. 13 ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ യേശുവിനോട്, “ഗുരോ, ഞാനുമായി പിതൃസ്വത്തു ഭാഗംവെക്കാൻ എന്റെ സഹോദരനോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു.

    14 അതിന് യേശു, “മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചതാര്?” എന്നു ചോദിച്ചു. 15 അദ്ദേഹം തുടർന്ന് അവരോട്, “സൂക്ഷിക്കുക, എല്ലാവിധത്തിലുമുള്ള അത്യാഗ്രഹത്തിനെതിരേ ജാഗരൂകരായിരിക്കുക; ഒരാളുടെ ധനസമൃദ്ധിയല്ല അയാളുടെ ജീവന് ആധാരമായിരിക്കുന്നത്” എന്നു പറഞ്ഞു.

  8. 14 അപ്പോൾ ചില സൈനികർ അദ്ദേഹത്തോട്, “എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?” എന്നു ചോദിച്ചു.

    “ബലം പ്രയോഗിച്ചു പണം വാങ്ങുകയോ ജനങ്ങളുടെമേൽ വ്യാജമായി കുറ്റം ചുമത്തുകയോ ചെയ്യരുത്; നിങ്ങളുടെ ശമ്പളംകൊണ്ടു തൃപ്തിപ്പെടുക,” എന്ന് ഉത്തരം പറഞ്ഞു.

  9. 19 എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടത്തെ മഹിമാധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ സമ്പൂർണമായി തീർത്തുതരും.

  10. 10 ദൈവം മനുഷ്യരുടെമേൽ വെച്ചിരിക്കുന്ന ഭാരം ഞാൻ കണ്ടിട്ടുണ്ട്. 11 അവിടന്ന് ഓരോന്നും അതതുകാലത്തു മനോഹരമായി ചെയ്തിരിക്കുന്നു; മനുഷ്യഹൃദയങ്ങളിൽ അവിടന്ന് നിത്യതയും വെച്ചിരിക്കുന്നു. എന്നാൽ ദൈവം ആരംഭംമുതൽ അവസാനംവരെ എന്തു ചെയ്തിരിക്കുന്നു എന്നതിന്റെ വ്യാപ്തി ഗ്രഹിക്കാൻ അവർക്കാർക്കും കഴിയുന്നതുമല്ല. 12 ജീവിച്ചിരിക്കുമ്പോൾ ആനന്ദത്തോടിരിക്കുകയും നന്മചെയ്യുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി മനുഷ്യർക്കു മറ്റൊന്നുമില്ലെന്ന് എനിക്കറിയാം. 13 ഓരോരുത്തരും ഭക്ഷിക്കുകയും പാനംചെയ്യുകയും തങ്ങളുടെ പ്രയത്നത്തിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നു—ഇതെല്ലാം ദൈവത്തിന്റെ ദാനമാണ്. 14 ദൈവത്തിന്റെ ഓരോ പ്രവൃത്തിയും കാലാതീതമായി നിലനിൽക്കുന്നു എന്നെനിക്കു നിശ്ചയമുണ്ട്; അതിനോടെന്തെങ്കിലും കൂട്ടിച്ചേർക്കുന്നതിനോ അതിൽനിന്ന് എന്തെങ്കിലും എടുത്തുമാറ്റുന്നതിനോ കഴിയുകയില്ല. ദൈവം അതു ചെയ്യുന്നതുകൊണ്ട് മനുഷ്യർ അവിടത്തെ ഭയപ്പെടുന്നു.

    15 ഇപ്പോഴുള്ളതെല്ലാം പണ്ടും ഉണ്ടായിരുന്നു,

    വരാനുള്ളതും മുമ്പ് ഉണ്ടായിരുന്നു;

    ദൈവം കഴിഞ്ഞകാലത്തെ മടക്കിവിളിക്കുന്നു.

  11. 3 യഹോവയിൽ ആശ്രയിച്ചുകൊണ്ട് നന്മ പ്രവർത്തിക്കുക;

    എന്നാൽ, സുരക്ഷിതമായ മേച്ചിൽപ്പുറം ആസ്വദിച്ചുകൊണ്ട് ദേശത്തു ജീവിക്കാം.

    4 യഹോവയിൽ ആനന്ദിക്കുക,

    അപ്പോൾ അവിടന്നു നിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റും.

    5 നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്കുക;

    യഹോവയിൽത്തന്നെ ആശ്രയിക്കുക, അവിടന്നു നിന്നെ സഹായിക്കും:

  12. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.

  13. 20 ഒരാളെ ദൈവം വിളിച്ചപ്പോൾ അയാൾ ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയിൽത്തന്നെ തുടരട്ടെ.

    21 കർത്താവ് നിന്നെ വിളിച്ചപ്പോൾ നീയൊരു അടിമയായിരുന്നോ? അതേക്കുറിച്ചു ദുഃഖിക്കരുത്; സ്വതന്ത്രനാകാൻ സാധ്യതയുണ്ടെങ്കിൽ അതു പ്രയോജനപ്പെടുത്തുക.

  14. 8 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.

    9 “അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു;

    അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു,”

    എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. 10 വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിത്തിന്റെ ശേഖരം വർധിപ്പിക്കുകയും നീതിയുടെ വിളവെടുപ്പു സമൃദ്ധമാക്കുകയും ചെയ്യും. 11 നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും.

  15. 16 ഒട്ടനവധി ദുഷ്ടരുടെ സമൃദ്ധിയെക്കാൾ

    നീതിനിഷ്ഠരുടെ പക്കലുള്ള അൽപ്പം ഏറെ നല്ലത്;

  16. 23 യഹോവാഭക്തി ജീവനിലേക്കു നയിക്കുന്നു;

    അപ്പോൾ അവർ വിപത്തൊഴിഞ്ഞ് സംതൃപ്തരായി വിശ്രമിക്കും.

  17. 7 എല്ലാ മനുഷ്യരുടെയും അധ്വാനം അവരുടെ ഉദരപൂരണത്തിനുവേണ്ടിയാണ്,

    എന്നിട്ടും അവരുടെ ഭക്ഷണേച്ഛയ്ക്കു തൃപ്തിവരുന്നില്ല.

    8 ജ്ഞാനിക്ക് ഭോഷരെക്കാൾ എന്ത് നേട്ടമുണ്ട്?

    അന്യരുടെമുമ്പിൽ പെരുമാറേണ്ടതെങ്ങനെയെന്ന് അറിയുന്നതുകൊണ്ട്

    ദരിദ്രർ എന്തു നേടുന്നു?

    9 അഭിലാഷത്തിന്റെ അലഞ്ഞുതിരിയലിനെക്കാൾ

    കണ്ണിനു കാണുന്നതെന്തോ അതു നല്ലത്.

    ഇതും അർഥശൂന്യം,

    കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.

    10 നിലനിൽക്കുന്നതിനെല്ലാം മുമ്പേതന്നെ പേരു നൽകപ്പെട്ടിരിക്കുന്നു,

    മനുഷ്യരാശി എന്തെന്ന് മുമ്പേതന്നെ അറിയപ്പെട്ടുമിരിക്കുന്നു;

    തന്നെക്കാളും ശക്തരായവരോട്

    ഒരു മനുഷ്യനും എതിർത്ത് ജയിക്കാൻ കഴിയുകയില്ല.

    11 വാക്കുകൾ ഏറുമ്പോൾ

    അർഥം കുറയുന്നു,

    അതുകൊണ്ട് ആർക്ക് എന്തു പ്രയോജനം?

    12 നിഴൽപോലെ നീങ്ങിപ്പോകുന്ന ഹ്രസ്വവും അർഥശൂന്യവും ആയ നാളുകൾക്കിടയിൽ ഒരാളുടെ ജീവിതത്തിൽ നല്ലത് ഏതെന്ന് ആരറിയുന്നു? അദ്ദേഹത്തിനുശേഷം സൂര്യനുകീഴേ എന്തു സംഭവിക്കും എന്ന് ആർക്ക് അദ്ദേഹത്തോട് പറയാൻകഴിയും?

  18. 8 നീതിമാർഗത്തിലൂടെ ലഭിക്കുന്ന അൽപ്പം ധനമുള്ളതാണ്

    അനീതിയിലൂടെ നേടുന്ന വൻ സമ്പത്തിനെക്കാൾ നല്ലത്.

  19. 10 പണത്തെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മതിയാകുംവരെ പണം ഉണ്ടാകുകയില്ല;

    സമ്പത്തിനെ സ്നേഹിക്കുന്നവർക്ക് അവരുടെ വരുമാനംകൊണ്ട് ഒരിക്കലും തൃപ്തിവരികയുമില്ല.

    ഇതും അർഥശൂന്യം.

  20. 17 അയൽവാസിയുടെ ഭവനത്തെ മോഹിക്കരുത്. അയൽവാസിയുടെ ഭാര്യ, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.”

  21. 5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക

    സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

    6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,

    അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

  22. 4 ഒരാൾക്ക് തന്റെ അയൽവാസിയോടുള്ള അസൂയയിൽനിന്നാണ് എല്ലാ കഠിനാധ്വാനവും എല്ലാ അഭിവൃദ്ധിയും പൊട്ടിപ്പുറപ്പെടുന്നതെന്നു ഞാൻ മനസ്സിലാക്കി. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.

    5 ഭോഷർ കൈയുംകെട്ടിയിരുന്ന്

    തങ്ങളുടെ നാശത്തിനു വഴിയൊരുക്കുന്നു.

    6 കാറ്റിനുപിന്നാലെ ഓടി

    ഇരുകൈകളും നേട്ടങ്ങളാൽ നിറയ്ക്കുന്നതിനെക്കാൾ

    പ്രശാന്തതയോടുകൂടിയ ഒരു കൈക്കുമ്പിൾ നേട്ടമാണ് അധികം നല്ലത്.

    7 സൂര്യനുകീഴേ അർഥശൂന്യമായ ചിലതു പിന്നെയും ഞാൻ കണ്ടു:

  23. 17 ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക. 18 അവരോട് നന്മ ചെയ്യാനും സുകൃതങ്ങളിൽ സമ്പന്നരാകാനും തങ്ങൾക്കുള്ളത് ഔദാര്യത്തോടെ പങ്കുവെക്കാൻ സന്നദ്ധത കാണിക്കാനും ഉദ്ബോധിപ്പിക്കുക. 19 ഇപ്രകാരം, ഭാവികാലത്തിൽ യഥാർഥജീവനാകുന്ന ജീവൻ മുറുകെപ്പിടിക്കുന്നതിനുവേണ്ടി തങ്ങളുടെ നിക്ഷേപങ്ങൾകൊണ്ട് ഭദ്രമായ ഒരു അടിസ്ഥാനം പണിയട്ടെ.

  24. ദാവീദിന്റെ ആരോഹണഗീതം.

    1 യഹോവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല,

    എന്റെ കണ്ണ് അഹന്ത പ്രകടിപ്പിക്കുന്നില്ല;

    ഞാൻ മഹത്തായ കാര്യങ്ങളിൽ ഇടപെടുകയോ

    അപ്രാപ്യമായ കാര്യങ്ങളിൽ വ്യാപൃതനാകുകയോ ചെയ്യുന്നില്ല.

  25. 23 അവർ ക്രിസ്തുവിന്റെ ദാസരോ? (സുബോധമില്ലാത്തവനെപ്പോലെ ഞാൻ സംസാരിക്കുന്നു) ഞാൻ അവരെക്കാൾ മികച്ച ദാസൻതന്നെ. ഞാൻ അവരെക്കാൾ അധികം അധ്വാനിച്ചു. അവരെക്കാൾ ഏറെത്തവണ തടവിലായി. അവരെക്കാൾ ഏറെ ക്രൂരമായി ചമ്മട്ടികൊണ്ട് അടിയേറ്റു, പലപ്രാവശ്യം മരണത്തെ മുഖാമുഖം കണ്ടു. 24 അഞ്ചുപ്രാവശ്യം എന്റെ സ്വന്തം ജനമായ യെഹൂദരാൽ ഒന്നു കുറയെ നാൽപ്പത് അടികൊണ്ടു. 25 മൂന്നുതവണ റോമാക്കാർ കോലുകൊണ്ട് അടിച്ചു. ഒരിക്കൽ കല്ലേറ് ഏറ്റു. മൂന്നുപ്രാവശ്യം കപ്പലപകടത്തിൽപ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലിൽ കിടന്നു. 26 വിശ്രമം ഇല്ലാതെ യാത്രചെയ്തു. നദികളിലെ ആപത്ത്, കൊള്ളക്കാരാലുള്ള ആപത്ത്, സ്വജനത്തിൽനിന്നുള്ള ആപത്ത്, യെഹൂദേതരരിൽനിന്നുള്ള ആപത്ത്, നഗരത്തിലെ ആപത്ത്, വിജനസ്ഥലങ്ങളിലെ ആപത്ത്, സമുദ്രത്തിലെ ആപത്ത്, വ്യാജസഹോദരങ്ങളിൽനിന്നുള്ള ആപത്ത് എന്നിവയിലെല്ലാം ഞാൻ അകപ്പെട്ടു. 27 പലപ്പോഴും രാത്രികളിൽ ഉറക്കമിളച്ചും, വിശപ്പും ദാഹവും സഹിച്ചും, പലപ്രാവശ്യം ആഹാരമില്ലാതെ വലഞ്ഞും, ശൈത്യത്തിലും, ആവശ്യത്തിനു വസ്ത്രമില്ലാതെയും ഞാൻ ക്ലേശിച്ച് അധ്വാനിച്ചു. 28 ഇവയ്ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ദിനംതോറും ഞാൻ അഭിമുഖീകരിക്കുന്നു.

  26. 11 ജീവന്റെ പാത അവിടന്ന് എന്നെ അറിയിക്കുന്നു;

    തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും,

    അവിടത്തെ വലതുഭാഗത്ത് എന്നും പ്രമോദങ്ങളുണ്ട്.

  27. 14 വിശ്വാസഘാതകർ തങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കും;

    നല്ല മനുഷ്യർ തങ്ങളുടെ പ്രവൃത്തികളുടെ ഫലവും.

  28. 16 യഹോവാഭക്തിയോടുകൂടെയുള്ള അൽപ്പധനമാണ്,

    കഷ്ടതയോടുകൂടെയുള്ള ബഹുനിക്ഷേപത്തെക്കാൾ നല്ലത്.

    17 സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്,

    വിദ്വേഷത്തോടെ വിളമ്പുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിന്റെ മാംസത്തെക്കാൾ ഭേദം.

  29. 18 എന്റെ പിന്നാലെ വരുന്നവർക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചുപോകണമെന്ന് ഓർത്തപ്പോൾ, സൂര്യനുകീഴിൽ ഞാൻ കഠിനാധ്വാനംചെയ്ത് സമ്പാദിച്ച എല്ലാറ്റിനെയും ഞാൻ വെറുത്തു. 19 പിന്നാലെ വരുന്നവർ ജ്ഞാനികളോ ഭോഷരോ എന്നാരറിഞ്ഞു? എന്തായാലും സൂര്യനുകീഴേ ഞാൻ എന്റെ കഠിനാധ്വാനവും സാമർഥ്യവും അർപ്പിച്ച എല്ലാറ്റിന്റെയും കാര്യനിർവഹണാധികാരം അവരിലേക്കു ചെന്നുചേരുന്നു. ഇതും അർഥശൂന്യമത്രേ. 20 അതുകൊണ്ട് സൂര്യനുകീഴിൽ അത്യധ്വാനംചെയ്ത് ഞാൻ നേടിയതിനെക്കുറിച്ചെല്ലാം എന്റെ ഹൃദയം നിരാശപ്പെടാൻ തുടങ്ങി. 21 ഒരാൾ ജ്ഞാനത്തോടും വിവേകത്തോടും നൈപുണ്യത്തോടും തന്റെ വേല ചെയ്യുന്നു, പിന്നെ തനിക്കവകാശപ്പെട്ടതെല്ലാം അതിനായി ഒരു ചെറുവിരൽപോലും ചലിപ്പിക്കാത്ത മറ്റൊരാൾക്ക് വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും അർഥശൂന്യവും കടുത്ത ദൗർഭാഗ്യവുംതന്നെ. 22 സൂര്യനുകീഴേയുള്ള സകലകഠിനപ്രയത്നംകൊണ്ടും ആകുലതകൊണ്ടും മനുഷ്യർക്ക് എന്തു കിട്ടും? 23 എല്ലാ ദിവസവും അവരുടെ വേല വേദനാപൂർണവും ദുഃഖകരവും ആകുന്നു; രാത്രികാലങ്ങളിൽപോലും അവരുടെ മനസ്സിന് വിശ്രമം ലഭിക്കുന്നില്ല. ഇതും അർഥശൂന്യമത്രേ.

    24 ഭക്ഷിക്കുകയും പാനംചെയ്യുകയും തന്റെ പ്രവൃത്തിയിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നതിനെക്കാൾ കൂടുതൽ ഒരു മനുഷ്യന് അഭികാമ്യമായിരിക്കുന്നത് മറ്റെന്താണ്? ഈ ആസ്വാദനങ്ങളും ദൈവകരത്തിൽനിന്നുള്ളതാണെന്ന് ഞാൻ അറിയുന്നു. 25 അവിടത്തെക്കൂടാതെ ഭക്ഷിക്കാനും ആനന്ദം കണ്ടെത്താനും ആർക്കു കഴിയും? 26 അവിടത്തെ പ്രസാദിപ്പിക്കുന്ന മനുഷ്യർക്ക് ദൈവം ജ്ഞാനവും പരിജ്ഞാനവും ആനന്ദവും നൽകുന്നു; എന്നാൽ പാപികൾക്ക്, ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്കു നൽകുന്നതിനുള്ള ധനം സമ്പാദിക്കുന്നതിനും സ്വരൂപിക്കുന്നതിനുംമാത്രമുള്ള നിയോഗം നൽകുന്നു. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടമാകുന്നു.

  30. 3 സ്ഥിരമാനസൻ അങ്ങയിൽ

    ആശ്രയിച്ചിരിക്കുകയാൽ

    അങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും.

  31. 17 കർത്താവ് ഓരോരുത്തർക്കും നൽകിയ നിയോഗംപോലെയും ദൈവം ഓരോരുത്തരെ വിളിച്ചതുപോലെയും അവരവർ ജീവിക്കട്ടെ. ഞാൻ എല്ലാ സഭകൾക്കും നൽകുന്ന നിർദേശം ഇതാകുന്നു.

  32. 6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. 7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.

  33. 31 അപ്പോൾ യഹോവയിൽനിന്ന് ഒരു കാറ്റു പുറപ്പെട്ടു; കാറ്റുമൂലം കാടപ്പക്ഷികൾ സമുദ്രത്തിൽനിന്നുവന്നു. അത് അവയെ പാളയത്തിനുചുറ്റും എല്ലായിടത്തും നിലത്തുനിന്ന് ഏകദേശം രണ്ടുമുഴം പൊക്കത്തിൽ എല്ലാ ദിശയിലേക്കും ഒരു ദിവസത്തെ വഴി ദൂരംവരെ വീഴിച്ചു. 32 ആ പകലും രാത്രിമുഴുവനും പിറ്റേന്നാൾ മുഴുവനും ജനം ഇറങ്ങിച്ചെന്ന് കാടപ്പക്ഷി ശേഖരിച്ചു. പത്തു ഹോമറിൽ കുറവ് ആരും ശേഖരിച്ചില്ല. പിന്നീട് അവയെ അവർ പാളയത്തിനു ചുറ്റിലെല്ലാം നിരത്തി. 33 എന്നാൽ മാംസം അവരുടെ പല്ലുകൾക്കിടയിൽ ഇരിക്കുമ്പോൾ, അതു ചവച്ചിറക്കുന്നതിനു മുമ്പുതന്നെ, യഹോവയുടെ കോപം ജനത്തിനുനേരേ ജ്വലിച്ചു. അതുകൊണ്ട് അവിടന്ന് അവരെ ഒരു കഠിനബാധകൊണ്ടു സംഹരിച്ചു. 34 മറ്റു ഭക്ഷണങ്ങൾക്കായി മുറവിളി കൂട്ടിയ ജനത്തെ അവിടെ അടക്കിയതിനാൽ ആ സ്ഥലത്തിന് കിബ്രോത്ത്-ഹത്താവ എന്നു പേരായി.

  34. 1 ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്. 2 ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും.

  35. 4 കൃപാദാനങ്ങൾ വിവിധതരം; അവനൽകുന്ന ആത്മാവോ ഒരുവൻമാത്രം; 5 ശുശ്രൂഷകൾ വിവിധതരം, കർത്താവോ ഒരുവൻമാത്രം. 6 പ്രവൃത്തികളും ബഹുവിധം, എന്നാൽ എല്ലാവരിലൂടെയും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻമാത്രം.

    7 പൊതുനന്മയുദ്ദേശിച്ചാണ് ഓരോ വ്യക്തിക്കും ആത്മാവിന്റെ ദാനം നൽകിയിരിക്കുന്നത്. 8 ഒരാൾക്ക് ദൈവാത്മാവിലൂടെ ജ്ഞാനത്തിന്റെ വചനം നൽകപ്പെട്ടിരിക്കുന്നു; മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും. 9 ഇനി വേറൊരാൾക്ക് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരാൾക്ക് ആ ആത്മാവിനാൽത്തന്നെ രോഗസൗഖ്യത്തിനുള്ള കൃപാദാനങ്ങൾ, 10 ഒരാൾക്ക് അത്ഭുതശക്തികൾ, മറ്റൊരാൾക്കു പ്രവചനം, വേറൊരാൾക്ക് ആത്മാക്കളെ വിവേചിക്കാനുള്ളദാനങ്ങൾ, ഇനിയൊരാൾക്കു ബഹുവിധഭാഷകൾ സംസാരിക്കാനുള്ളദാനം, ഇനി ഒരുവനു ഭാഷകളുടെ വ്യാഖ്യാനം. 11 ഇവയെല്ലാംതന്നെ ഒരേ ആത്മാവിന്റെ പ്രവർത്തനമാണ്. അവിടത്തെ ഹിതാനുസാരം ഓരോരുത്തർക്കും അവ വിതരണംചെയ്യുന്നു.

    12 പല അവയവങ്ങളുണ്ടെങ്കിലും ശരീരം ഒന്നായിരിക്കുന്നതുപോലെയും പല അവയവങ്ങൾചേർന്ന് ഒരു ശരീരം രൂപപ്പെടുന്നതുപോലെയും തന്നെയാണ് ക്രിസ്തുവിന്റെ ശരീരംസംബന്ധിച്ചും.

  36. 1 നിങ്ങളുടെ മധ്യത്തിൽ സംഘട്ടനങ്ങളും കലഹങ്ങളും ഉണ്ടാകാൻ എന്താണു കാരണം? നിങ്ങളുടെ ഉള്ളിൽ പോരാടുന്ന ദുർമോഹങ്ങളിൽനിന്നല്ലേ അവ ഉണ്ടാകുന്നത്? 2 ആഗ്രഹിക്കുന്നവ ലഭിക്കാതെ വരുമ്പോൾ നിങ്ങൾ കൊലപാതകംവരെ ചെയ്യുന്നു; ഒട്ടേറെ മോഹിച്ചിട്ടും കിട്ടാതെ വരുമ്പോൾ കലഹിക്കുന്നു, സംഘട്ടനം നടത്തുന്നു. നിങ്ങൾക്കു ലഭിക്കാതെ പോകുന്നതിന്റെ കാരണമോ; ദൈവത്തോട് അപേക്ഷിക്കുന്നില്ല എന്നതാണ്.

  37. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.

  38. 7 യഹോവയുടെ സന്നിധിയിൽ മൗനമായിരിക്കുക

    അവിടത്തേക്കായി ക്ഷമാപൂർവം കാത്തിരിക്കുക;

    അധർമം പ്രവർത്തിക്കുന്നവർ തങ്ങളുടെ വഴികളിൽ മുന്നേറുമ്പോൾ അസ്വസ്ഥരാകേണ്ടതില്ല,

    അവർ തങ്ങളുടെ കുതന്ത്രങ്ങൾ പ്രാവർത്തികമാക്കുമ്പോഴും.

  39. 6 വഴിപിഴച്ച ധനികരെക്കാൾ

    സത്യസന്ധരായി ജീവിക്കുന്ന ദരിദ്രരാണ് ശ്രേഷ്ഠം.

  40. 6 നീതിക്ക് അതിയായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ;

    അവർ സംതൃപ്തരാകും.

  41. 24 സഹോദരങ്ങളേ, ഓരോരുത്തരും, വിളിക്കപ്പെട്ട അവസ്ഥയിൽ ദൈവത്തോടുള്ള കൂട്ടായ്മയിൽ നിലനിൽക്കേണ്ടതാണ്.

  42. 4 അവരുടെ ഇടയിലുള്ള സമ്മിശ്രപുരുഷാരം മറ്റു ഭക്ഷണത്തിനായി കൊതിച്ചു; ഇസ്രായേൽമക്കളും തിരിഞ്ഞ് അവരോടൊപ്പം മുറവിളികൂട്ടി: “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആർ തരും? 5 ഈജിപ്റ്റിൽവെച്ചു വിലകൊടുക്കാതെ തിന്നിട്ടുള്ള മത്സ്യവും, വെള്ളരി, മത്തങ്ങ, ഉള്ളി, ചെമന്നുള്ളി, വെളുത്തുള്ളി എന്നിവയും ഞങ്ങൾ ഓർക്കുന്നു. 6 എന്നാൽ ഇപ്പോഴാകട്ടെ, ഞങ്ങളുടെ ഭക്ഷണത്തോടുള്ള താത്പര്യംതന്നെ ഇല്ലാതായിരിക്കുന്നു; ഞങ്ങളുടെമുമ്പിൽ ഈ മന്നയല്ലാതെ മറ്റൊന്നും കാണുന്നതുമില്ല!”

  43. 13 എങ്കിലും അതിവേഗത്തിൽ അവർ അവിടത്തെ പ്രവൃത്തികൾ വിസ്മരിച്ചു

    അവിടത്തെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.

    14 മരുഭൂമിയിൽവെച്ച് അവർ അത്യാർത്തിക്ക് അടിമപ്പെട്ടു;

    വിജനദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.

    15 അതിനാൽ അവർ ആശിച്ചതുതന്നെ അവിടന്ന് അവർക്കു നൽകി,

    എന്നാൽ ഒരു മഹാവ്യാധിയും അവർക്കിടയിലേക്ക് അയച്ചു.

  44. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.

  45. 28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

  46. 22 ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. 23 ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്?

  47. 34 അപ്പോൾ യേശു പറഞ്ഞത്: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവിടത്തെ പ്രവൃത്തി നിറവേറ്റുന്നതാണ് എന്റെ ആഹാരം.

  48. 8 അപ്പോൾ ഫിലിപ്പൊസ്, “കർത്താവേ, പിതാവിനെ ഞങ്ങൾക്ക് ഒന്നു കാണിച്ചുതന്നാലും, ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു.

    9 അതിനുത്തരമായി യേശു, “ഇത്രയേറെക്കാലം ഞാൻ നിങ്ങളോടുകൂടെ ആയിരുന്നിട്ടും ഫിലിപ്പൊസേ, നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ? എന്നെ കണ്ടയാൾ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ ‘പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണം’ എന്നു നീ പറയുന്നതെങ്ങനെ?

  49. 10 അവരിൽ വേറെചിലർ ചെയ്തതുപോലെ നാം മുറുമുറുക്കുന്നവരും ആകരുത്; അവരെ സംഹാരദൂതൻ കൊന്നുകളഞ്ഞല്ലോ.

  50. 4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.

  51. 16 കാരണം, അസൂയയും സ്വാർഥമോഹവും ഉള്ളിടത്തു ക്രമരാഹിത്യവും എല്ലാ ദുഷ്‌പ്രവൃത്തികളും ഉണ്ട്.

  52. 8 യഹോവ നല്ലവനെന്ന് രുചിച്ചറിയുക;

    അങ്ങയിൽ അഭയംതേടുന്ന മനുഷ്യർ അനുഗൃഹീതർ.

  53. 22 നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക

    അവിടന്നു നിന്നെ പുലർത്തും;

    നീതിനിഷ്ഠർ നിപതിക്കാൻ

    അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല.

  54. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

    എന്റെ സർവാന്തരംഗവുമേ, അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.

    2 എൻ മനമേ, യഹോവയെ വാഴ്ത്തുക;

    അവിടത്തെ ഉപകാരങ്ങളൊന്നും മറക്കരുത്—

    3 അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു

    നിന്റെ സർവരോഗത്തിനും സൗഖ്യമേകുന്നു.

    4 അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന് വീണ്ടെടുക്കുകയും

    നിന്നെ സ്നേഹവും മനസ്സലിവുംകൊണ്ട് മകുടമണിയിക്കുകയും ചെയ്യുന്നു,

    5 നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന്

    അവിടന്ന് നിന്റെ ജീവിതം നന്മകൊണ്ട് സംതൃപ്തമാക്കുന്നു.

  55. 24 ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം;

    ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം.

  56. 13 സന്തുഷ്ടഹൃദയം മുഖത്ത് പ്രസന്നതയുളവാക്കുന്നു,

    ഹൃദയവ്യഥയോ, ആത്മചൈതന്യം ഹനിക്കുന്നു.

  57. 30 പ്രസന്നതയോടെയുള്ള ഒരു നോട്ടം ഹൃദയത്തിന് ആനന്ദം പകരുകയും

    സദ്വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുകയുംചെയ്യുന്നു.

  58. 1 സമാധാനത്തോടും ശാന്തതയോടുമുള്ള ഒരു ഉണങ്ങിയ അപ്പക്കഷണം

    കലഹമുള്ള ഭവനത്തിലെ സമൃദ്ധമായ വിരുന്നിനെക്കാൾ നല്ലത്.

  59. 22 സന്തുഷ്ടഹൃദയം നല്ലൊരു ഔഷധം,

    എന്നാൽ തകർന്ന മനസ്സ് അസ്ഥികളെ ഉരുക്കുന്നു.

  60. 20 വിശ്വസ്തമനുഷ്യർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും,

    എന്നാൽ സമ്പന്നരാകാൻ തിടുക്കം കാട്ടുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയില്ല.

  61. 25 അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു,

    എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും.

  62. 15 അതുകൊണ്ട് ജീവിതം ആസ്വദിക്കുക അതാണ് എന്റെ നിർദേശം; ഭക്ഷിക്കുക, പാനംചെയ്യുക, ആനന്ദിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമായ മറ്റൊന്നും സൂര്യനുകീഴിൽ മനുഷ്യന് ഇല്ലല്ലോ. അപ്പോൾ സൂര്യനുകീഴിൽ ദൈവം മനുഷ്യനു നൽകിയിരിക്കുന്ന ജീവിതനാളുകളിലെല്ലാം അയാളുടെ കഠിനാധ്വാനത്തിൽ ഈ ആത്മസംതൃപ്തി അദ്ദേഹത്തോടൊപ്പം ഉണ്ടാകും.

  63. 7 പോകുക, നിന്റെ ഭക്ഷണം ആഹ്ലാദത്തോടെ ആസ്വദിക്കുക. നിന്റെ വീഞ്ഞ് ആനന്ദത്തോടെ പാനംചെയ്യുക, കാരണം നിന്റെ പ്രവൃത്തി ദൈവത്തിന് പ്രസാദകരമായിരിക്കുന്നു. 8 എപ്പോഴും വെള്ളവസ്ത്രം ധരിക്കുക, എപ്പോഴും നിന്റെ തലയിൽ തൈലം പുരട്ടുക. 9 ദൈവം സൂര്യനുകീഴിൽ നിനക്കു നൽകിയിട്ടുള്ള ഈ അർഥശൂന്യമായ ജീവിതത്തിന്റെ നാളുകളിലെല്ലാം നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോടൊപ്പം അർഥശൂന്യമായ നിന്റെ ജീവിതം ആസ്വദിക്കുക. ഇതാണ് നിന്റെ ജീവിതത്തിനും സൂര്യനുകീഴേയുള്ള നിന്റെ കഠിനാധ്വാനത്തിനുമുള്ള ഓഹരി.

  64. 20 ശിഷ്യരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

    “ദരിദ്രരായ നിങ്ങൾ അനുഗൃഹീതർ;

    നിങ്ങളുടേതല്ലോ ദൈവരാജ്യം.

  65. 26 നാം അഹംഭാവികളായി പരസ്പരം പ്രകോപിപ്പിക്കുന്നവരും മത്സരിക്കുന്നവരും ആകരുത്.

  66. 12 അതുകൊണ്ട് എന്റെ പ്രിയരേ, എന്റെ സാന്നിധ്യത്തിൽമാത്രമല്ല, അതിലധികമായി എന്റെ അസാന്നിധ്യത്തിലും നിങ്ങൾ എന്നെ എപ്പോഴും അനുസരിച്ചിട്ടുള്ളതുപോലെ സമ്പൂർണ ഭയഭക്ത്യാദരവോടെ നിങ്ങളുടെ രക്ഷയെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക. 13 അവിടത്തെ സദുദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ആഗ്രഹം നൽകി നിങ്ങളെ പ്രവർത്തനസജ്ജരാക്കുന്നത് ദൈവമാണ്.

    14 എല്ലാക്കാര്യങ്ങളും പരിഭവവും വാഗ്വാദവുംകൂടാതെ ചെയ്യുക. 15 അങ്ങനെ നിങ്ങൾ അനിന്ദ്യരും കുറ്റമറ്റവരും നിഷ്കളങ്കരുമായ, “ദൈവമക്കളായി, ജീവന്റെ വചനം മുറുകെ പിടിച്ചുകൊണ്ട്, വക്രതയും ധാർമികാധഃപതനവും സംഭവിച്ച തലമുറമധ്യേ” ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കുക. 16 അങ്ങനെ എന്റെ ഓട്ടവും അധ്വാനവും വൃഥാവായില്ല എന്ന് ക്രിസ്തുവിന്റെ മടങ്ങിവരവിൽ എനിക്ക് അഭിമാനിക്കാം.

  67. 7 ഇങ്ങനെ അമൂല്യമെന്നു കരുതിയിരുന്നവയെല്ലാം ക്രിസ്തു നിമിത്തം വിലയില്ലാത്തതെന്നു ഞാൻ കരുതി. 8 തന്നെയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെപ്പറ്റിയുള്ള പരമജ്ഞാനം ലഭിച്ചതു നിമിത്തം ഞാൻ മറ്റുള്ള സർവവും മൂല്യരഹിതമെന്നുകാണുന്നു. കർത്താവിനുവേണ്ടി അവയെല്ലാം ചവറെന്നും കണക്കാക്കുന്നു.

  68. 5 എന്റെ പ്രിയസഹോദരങ്ങളേ, ശ്രദ്ധിക്കുക: ദൈവം ഈ ലോകത്തിലെ ദരിദ്രരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിട്ടുള്ള രാജ്യത്തിന്റെ അവകാശികളുമായി തെരഞ്ഞെടുത്തില്ലയോ?

  69. 8 ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക.