60 Bible Verses About God's Provision
Biblica® Open Malayalam Contemporary Version™ (OMCV)
-
19 എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടത്തെ മഹിമാധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ സമ്പൂർണമായി തീർത്തുതരും.
-
6 അൽപ്പം വിതയ്ക്കുന്നവൻ അൽപ്പം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും എന്ന് ഓർക്കുക. 7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. വൈമനസ്യത്തോടെയോ നിർബന്ധത്താലോ ആകരുത്. കാരണം, ആനന്ദത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.
9 “അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു;
അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു,”
എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. 10 വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിത്തിന്റെ ശേഖരം വർധിപ്പിക്കുകയും നീതിയുടെ വിളവെടുപ്പു സമൃദ്ധമാക്കുകയും ചെയ്യും. 11 നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും.
-
25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ? 26 ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 27 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
28 “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. 29 എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 30 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതുകയില്ലേ! 31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.
-
ആരോഹണഗീതം.
1 പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു—
എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?
2 ആകാശവും ഭൂമിയും സൃഷ്ടിച്ച
യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.
3 നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല—
നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല;
4 ഇസ്രായേലിന്റെ കാവൽക്കാരൻ
ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം.
5 യഹോവ നിന്നെ സംരക്ഷിക്കുന്നു!
നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;
6 പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല,
രാത്രി, ചന്ദ്രനും.
7 യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും—
അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;
8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും,
ഇന്നും എന്നെന്നേക്കും.
-
4 നിങ്ങളുടെ വാർധക്യകാലംവരെയും ജരാനരകൾ ബാധിക്കുംവരെയും
ഞാൻ മാറ്റമില്ലാത്തവൻ, ഞാനാണ് നിന്നെ സംരക്ഷിക്കുന്നവൻ.
ഞാൻ നിന്നെ സൃഷ്ടിച്ചു, ഞാൻ നിന്നെ ചുമക്കും;
ഞാൻ നിന്നെ സംരക്ഷിക്കും, ഞാൻ നിന്നെ മോചിപ്പിക്കും.
-
7 “അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും. 8 അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.
9 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ലു കൊടുക്കുക? 10 അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്? 11 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും!
-
6 അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്ത് തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽവെച്ചു; താൻതന്നെ തീയും കത്തിയും എടുത്തു. ഇരുവരും ഒരുമിച്ചു നടന്നു. 7 യിസ്ഹാക്ക് തന്റെ പിതാവായ അബ്രാഹാമിനെ “അപ്പാ” എന്നു വിളിച്ചു.
“എന്താകുന്നു, മകനേ,” അബ്രാഹാം ചോദിച്ചു.
“തീയും വിറകും ഉണ്ട്; എന്നാൽ ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടി എവിടെ?” യിസ്ഹാക്ക് ചോദിച്ചു.
8 അതിന് അബ്രാഹാം: “ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെ ദൈവംതന്നെ കരുതും, മകനേ” എന്ന് ഉത്തരം പറഞ്ഞു. ഇരുവരും ഒരുമിച്ചു മുന്നോട്ടുപോയി.
-
13 അബ്രാഹാം തലയുയർത്തിനോക്കി; തന്റെ പിന്നിൽ കൊമ്പ് കുറ്റിക്കാട്ടിൽ ഉടക്കിക്കിടക്കുന്ന ഒരു ആട്ടുകൊറ്റനെ കണ്ടു. അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ എടുത്ത്, തന്റെ പുത്രനു പകരം ഹോമയാഗം അർപ്പിച്ചു. 14 അബ്രാഹാം ആ സ്ഥലത്തിന് “യഹോവയിരേ” എന്നു പേരിട്ടു. ജനം “യഹോവയുടെ പർവതത്തിൽ അവിടന്ന് കരുതിക്കൊള്ളും” എന്നത് ഒരു പഴഞ്ചൊല്ലായി ഇന്നുവരെയും പറഞ്ഞുപോരുന്നു.
-
15 ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നെ കാത്തുകൊള്ളും; ഞാൻ നിന്നെ ഈ ദേശത്തേക്കു മടക്കിവരുത്തും. ഞാൻ നിന്നെ കൈവിടാതെ നിന്നോടുചെയ്ത വാഗ്ദത്തം നിറവേറ്റും.”
-
13 അന്നു സന്ധ്യയായപ്പോൾ കാടകൾ വന്നു പാളയത്തെ മൂടി. പ്രഭാതമായപ്പോൾ പാളയത്തിനുചുറ്റും മഞ്ഞിന്റെ ഒരു പാളി കാണപ്പെട്ടു. 14 മഞ്ഞു മാറിയപ്പോൾ മരുഭൂമിയിൽ, ചെതുമ്പലുകൾപോലെയുള്ള നേർത്ത ഒരു വസ്തു, ഉറച്ച മഞ്ഞുകഷണങ്ങൾക്കു തുല്യമായി നിലത്ത് എല്ലായിടത്തും കാണപ്പെട്ടു. 15 അതുകണ്ടിട്ട് ഇസ്രായേല്യർ പരസ്പരം, “ഇത് എന്താണ്” എന്നു ചോദിച്ചു. അവർക്ക് അതെന്താണെന്ന് അറിഞ്ഞുകൂടായിരുന്നു.
മോശ അവരോടു പറഞ്ഞു, “ഇതു നിങ്ങൾക്കു ഭക്ഷണമായി യഹോവ തന്നിരിക്കുന്ന അപ്പം ആകുന്നു. 16 ‘ഓരോരുത്തരും തനിക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചുകൊള്ളണം. കൂടാരത്തിലുള്ള നിങ്ങളുടെ ആളുകൾക്ക് ഓരോരുത്തർക്കും ഓരോ ഓമെർവീതം എടുത്തുകൊള്ളണം’ എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.”
17 തങ്ങളോടു പറഞ്ഞിരുന്നതുപോലെ ഇസ്രായേല്യർ ചെയ്തു; ചിലർ കൂടുതലും ചിലർ കുറച്ചും ശേഖരിച്ചു. 18 അത് അവർ ഓമെർകൊണ്ട് അളന്നപ്പോൾ, കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല. ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചു.
-
3 എന്നാൽ അവിടെവെച്ചു ജനത്തിനു ദാഹിക്കുകയും അവർ മോശയോടു പിറുപിറുക്കുകയും ചെയ്തു. “ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും കന്നുകാലികളും ദാഹിച്ചു മരിക്കേണ്ടതിന് നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നത് എന്തിന്?” അവർ ചോദിച്ചു.
4 അപ്പോൾ മോശ യഹോവയോട്, “ഞാൻ ഈ ജനത്തിന് എന്താണു ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയാൻ പോകുന്നു” എന്നു നിലവിളിച്ചു.
5 അതിനുത്തരമായി, “നീ ജനത്തിനുമുമ്പായി നടക്കുക. ഇസ്രായേലിലെ ഏതാനും ഗോത്രത്തലവന്മാരെയും കൂടെ കൊണ്ടുപോകണം. നീ നൈൽനദിയെ അടിച്ച വടി കൈയിൽ എടുത്തുകൊള്ളണം. 6 അവിടെ ഹോരേബിലെ പാറമേൽ ഞാൻ നിന്റെ മുമ്പിൽ നിൽക്കും. നീ പാറയെ അടിക്കണം, അതിൽനിന്നു, ജനത്തിനു കുടിക്കാൻ വെള്ളം പുറപ്പെടും” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. മോശ ഇസ്രായേല്യ ഗോത്രത്തലവന്മാർ കാൺകെ അങ്ങനെ ചെയ്തു.
-
4 അവരുടെ ഇടയിലുള്ള സമ്മിശ്രപുരുഷാരം മറ്റു ഭക്ഷണത്തിനായി കൊതിച്ചു; ഇസ്രായേൽമക്കളും തിരിഞ്ഞ് അവരോടൊപ്പം മുറവിളികൂട്ടി: “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആർ തരും? 5 ഈജിപ്റ്റിൽവെച്ചു വിലകൊടുക്കാതെ തിന്നിട്ടുള്ള മത്സ്യവും, വെള്ളരി, മത്തങ്ങ, ഉള്ളി, ചെമന്നുള്ളി, വെളുത്തുള്ളി എന്നിവയും ഞങ്ങൾ ഓർക്കുന്നു. 6 എന്നാൽ ഇപ്പോഴാകട്ടെ, ഞങ്ങളുടെ ഭക്ഷണത്തോടുള്ള താത്പര്യംതന്നെ ഇല്ലാതായിരിക്കുന്നു; ഞങ്ങളുടെമുമ്പിൽ ഈ മന്നയല്ലാതെ മറ്റൊന്നും കാണുന്നതുമില്ല!”
-
31 അപ്പോൾ യഹോവയിൽനിന്ന് ഒരു കാറ്റു പുറപ്പെട്ടു; കാറ്റുമൂലം കാടപ്പക്ഷികൾ സമുദ്രത്തിൽനിന്നുവന്നു. അത് അവയെ പാളയത്തിനുചുറ്റും എല്ലായിടത്തും നിലത്തുനിന്ന് ഏകദേശം രണ്ടുമുഴം പൊക്കത്തിൽ എല്ലാ ദിശയിലേക്കും ഒരു ദിവസത്തെ വഴി ദൂരംവരെ വീഴിച്ചു. 32 ആ പകലും രാത്രിമുഴുവനും പിറ്റേന്നാൾ മുഴുവനും ജനം ഇറങ്ങിച്ചെന്ന് കാടപ്പക്ഷി ശേഖരിച്ചു. പത്തു ഹോമറിൽ കുറവ് ആരും ശേഖരിച്ചില്ല. പിന്നീട് അവയെ അവർ പാളയത്തിനു ചുറ്റിലെല്ലാം നിരത്തി.
-
7 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈകളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ഈ മഹാമരുഭൂമിയിലൂടെയുള്ള നിങ്ങളുടെ യാത്ര അവിടന്ന് ശ്രദ്ധിച്ചിരിക്കുന്നു. ഈ നാൽപ്പതുവർഷങ്ങളും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരുന്നു, നിങ്ങൾക്കു യാതൊന്നിനും കുറവു വന്നില്ല.
-
13 നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും പൂർണഹൃദയത്തോടും പൂർണാത്മാവോടും അവിടത്തെ സേവിക്കുകയും ചെയ്യണമെന്ന് ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത് വിശ്വസ്തതയോടെ അനുസരിക്കുമെങ്കിൽ, 14 ധാന്യവും പുതുവീഞ്ഞും ഒലിവെണ്ണയും ശേഖരിക്കാൻ കഴിയുംവിധം തക്കസമയത്ത് ഞാൻ മുന്മഴയും പിന്മഴയും അയയ്ക്കും. 15 ഞാൻ നിന്റെ കന്നുകാലികൾക്കുവേണ്ടി നിലത്തു പുല്ല് മുളപ്പിക്കും. നീ സംതൃപ്തനാകുംവരെ ആഹാരം ലഭിക്കും.
16 നിങ്ങൾ വശീകരിക്കപ്പെട്ട്, ദോഷത്തിലേക്കു തിരിഞ്ഞ് അന്യദേവന്മാരെ ഭജിക്കുകയോ നമസ്കരിക്കുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. 17 അല്ലെങ്കിൽ യഹോവയുടെ കോപം നിങ്ങളുടെനേരേ ജ്വലിച്ചിട്ട്, മഴ ലഭിക്കാതിരിക്കേണ്ടതിന് അവിടന്ന് ആകാശം അടച്ചുകളയുകയും ഭൂമി ഫലം പുറപ്പെടുവിക്കാതിരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന നല്ല ദേശത്തുനിന്ന് നിങ്ങൾ വളരെവേഗം നശിച്ചുപോകുകയും ചെയ്യും.
-
8 അവിടന്ന് ദരിദ്രരെ പൊടിയിൽനിന്ന് ഉയർത്തുന്നു
എളിയവരെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്യുന്നു;
അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു
മഹിമയുടെ സിംഹാസനത്തിന് അവരെ അവകാശികളാക്കുന്നു.
“ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയുടേതാണ്;
അവയുടെമേൽ അവിടന്ന് ഭൂതലത്തെ ഉറപ്പിച്ചിരിക്കുന്നു.
-
9 തന്റെ വിശ്വസ്തസേവകരുടെ കാലടികളെ അവിടന്ന് കാക്കുന്നു,
എന്നാൽ ദുഷ്ടർ അന്ധകാരത്തിൽ നിശ്ശബ്ദരായിപ്പോകുന്നു.
“ശക്തിയാൽ ആരും ജയിക്കുന്നില്ല;
-
6 കാക്കകൾ അദ്ദേഹത്തിന് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അപ്പവും ഇറച്ചിയും എത്തിച്ചുകൊടുത്തിരുന്നു. അരുവിയിൽനിന്ന് അദ്ദേഹം വെള്ളം കുടിച്ചു.
-
8 അപ്പോൾ, യഹോവയുടെ അരുളപ്പാട് അദ്ദേഹത്തിനുണ്ടായി: 9 “സീദോനിലെ സാരെഫാത്തിലേക്കു ചെന്ന് അവിടെ താമസിക്കുക. ആ സ്ഥലത്ത് നിനക്കു ഭക്ഷണം തരുന്നതിന് ഞാൻ ഒരു വിധവയോടു കൽപ്പിച്ചിട്ടുണ്ട്.” 10 അതുകൊണ്ട്, അദ്ദേഹം സാരെഫാത്തിലേക്കു പോയി. പട്ടണവാതിൽക്കൽ എത്തിയപ്പോൾ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. “എനിക്ക് കുടിക്കാൻ അൽപ്പം വെള്ളം ഒരു പാത്രത്തിൽ കൊണ്ടുവരുമോ?” എന്ന് ഏലിയാവ് അവളോടു വിളിച്ചുചോദിച്ചു. 11 അവൾ വെള്ളമെടുക്കാനായി പോയപ്പോൾ: “ദയവായി ഒരു കഷണം അപ്പവുംകൂടി എനിക്കു കൊണ്ടുവരണമേ!” എന്നു പറഞ്ഞു.
12 അവൾ മറുപടി പറഞ്ഞു: “അങ്ങയുടെ ജീവനുള്ള ദൈവമായ യഹോവയാണെ, എന്റെപക്കൽ ഭരണിയിൽ ഒരുപിടി മാവും ഒരു കുപ്പിയിൽ അൽപ്പം എണ്ണയുമല്ലാതെ പാകമാക്കിയ അപ്പം ഒന്നുമില്ല. അത്, എനിക്കും എന്റെ മകനുംവേണ്ടി വീട്ടിൽ പാകംചെയ്യാൻ ഞാൻ കുറച്ചു വിറകു പെറുക്കുകയാണ്. അതു കഴിച്ചശേഷം ഞങ്ങൾ മരിക്കാൻ ഒരുങ്ങുകയാണ്.”
13 ഏലിയാവ് അവളോട്: “പേടിക്കേണ്ടാ; വീട്ടിൽപോയി ഞാൻ പറഞ്ഞതുപോലെ ചെയ്യുക. ആദ്യം അതിൽനിന്നും ഒരു ചെറിയ അപ്പം എനിക്കുവേണ്ടി ഉണ്ടാക്കി കൊണ്ടുവരിക. പിന്നെ, നിനക്കും നിന്റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക. 14 ‘യഹോവ ഭൂതലത്തിൽ മഴ പെയ്യിക്കുന്ന ദിവസംവരെ ഭരണിയിലെ മാവു തീരുകയില്ല; കുപ്പിയിലെ എണ്ണ വറ്റിപ്പോകുകയുമില്ല,’ എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
15 ആ വിധവ പോയി ഏലിയാവു നിർദേശിച്ചതുപോലെ ചെയ്തു. അങ്ങനെ, ഏലിയാവും ആ വിധവയും അവളുടെ കുടുംബവും അനേകനാൾ ഭക്ഷണം കഴിച്ചുപോന്നു. 16 യഹോവ ഏലിയാവിലൂടെ അരുളിച്ചെയ്ത വചനപ്രകാരം വിധവയുടെ മാവുഭരണി ശൂന്യമായില്ല, എണ്ണക്കുപ്പി വറ്റിയതുമില്ല.
-
5 പിന്നെ, അദ്ദേഹം ആ കുറ്റിച്ചെടിയുടെ തണലിൽക്കിടന്ന് ഉറങ്ങി.
അപ്പോൾത്തന്നെ, യഹോവയുടെ ഒരു ദൂതൻ ഏലിയാവിനെ സ്പർശിച്ചിട്ട്, “എഴുന്നേറ്റു ഭക്ഷണം കഴിക്കുക” എന്നു പറഞ്ഞു. 6 അദ്ദേഹം ചുറ്റും നോക്കി; അവിടെ അദ്ദേഹത്തിന്റെ തലയ്ക്കൽ തീക്കനലിൽ ചുട്ടെടുത്ത അപ്പവും ഒരു ഭരണി വെള്ളവും ഇരിക്കുന്നുണ്ടായിരുന്നു! അദ്ദേഹം ഭക്ഷണം കഴിച്ചശേഷം വീണ്ടും കിടന്നുറങ്ങി.
7 യഹോവയുടെ ദൂതൻ രണ്ടാംപ്രാവശ്യവും പ്രത്യക്ഷനായി അദ്ദേഹത്തെ തട്ടിയുണർത്തി: “എഴുന്നേറ്റു ഭക്ഷിക്കുക; അല്ലെങ്കിൽ, ദീർഘദൂരയാത്ര നിനക്ക് അസഹനീയമായിരിക്കും” എന്നു പറഞ്ഞു. 8 അതിനാൽ, അദ്ദേഹം എഴുന്നേറ്റ് വീണ്ടും ഭക്ഷണം കഴിച്ചു. ആ ഭക്ഷണത്തിന്റെ ശക്തിയാൽ അദ്ദേഹം ദൈവത്തിന്റെ പർവതമായ ഹോരേബിലെത്തുന്നതുവരെ നാൽപ്പതുപകലും നാൽപ്പതുരാത്രിയും സഞ്ചരിച്ചു.
-
42 ബാൽ-ശാലീശയിൽനിന്ന് ഒരു മനുഷ്യൻ എലീശയുടെ അടുക്കൽവന്നു. അയാൾ തന്റെ ആദ്യവിളവായ ധാന്യംകൊണ്ട് ഇരുപതു യവത്തപ്പവും കുറച്ചു മലരും ദൈവപുരുഷനു കാഴ്ചയായി കൊണ്ടുവന്നിരുന്നു. “ഇതു ജനങ്ങൾക്കു തിന്മാൻ കൊടുക്കുക!” എന്ന് എലീശാ കൽപ്പിച്ചു.
43 “ഞാനിതെങ്ങനെ നൂറുപേർക്കു വിളമ്പും?” എന്ന് അദ്ദേഹത്തിന്റെ ഭൃത്യൻ ചോദിച്ചു.
എലീശാ പിന്നെയും: “ഇതു ജനങ്ങൾക്കു തിന്മാൻ കൊടുക്കുക; ‘അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്യും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. 44 അതിനുശേഷം അയാൾ അത് അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ അരുളപ്പാടുപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്തു.
-
12 ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു;
എല്ലാറ്റിനെയും ഭരിക്കുന്നതും അങ്ങുതന്നെ.
എല്ലാവരെയും ഉദ്ധരിച്ച് ശക്തി പകരാനുള്ള
ശക്തിയും അധികാരവും അങ്ങയുടെ കരങ്ങൾക്കുള്ളിലാണല്ലോ.
-
12 യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു;
പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. അഷ്ടമരാഗത്തിൽ.
-
9 അവിടന്ന് ഭൂമിയെ സന്ദർശിക്കുകയും അത് നനയ്ക്കുകയും ചെയ്യുന്നു;
അവിടന്ന് അതിനെ അത്യന്തം ഫലപുഷ്ടമാക്കുന്നു.
ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു;
ഇങ്ങനെ അങ്ങ് ഭൂമിയെ ഒരുക്കി
അവർക്കു ധാന്യംനൽകുന്നു.
10 അങ്ങ് അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു;
മഴയാൽ അങ്ങ് അതിനെ കുതിർക്കുകയും അതിന്റെ മുളയെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
11 അങ്ങ് സംവത്സരത്തെ നന്മകൊണ്ട് കിരീടമണിയിക്കുന്നു,
അവിടത്തെ പാതകൾ പുഷ്ടിപൊഴിക്കുന്നു.
12 മരുഭൂമിയിലെ പുൽമേടുകൾ സമൃദ്ധിപൊഴിക്കുന്നു
കുന്നുകൾ ആനന്ദം അണിഞ്ഞിരിക്കുന്നു.
13 പുൽപ്പുറങ്ങളിൽ ആട്ടിൻപറ്റം നിറഞ്ഞിരിക്കുന്നു
താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു;
അവർ ആനന്ദത്താൽ ആർക്കുകയും പാടുകയുംചെയ്യുന്നു.
സംഗീതസംവിധായകന്.
-
5 ദൈവം തന്റെ വിശുദ്ധനിവാസത്തിൽ
അനാഥർക്കു പിതാവും വിധവകൾക്കു പരിപാലകനും ആകുന്നു.
-
9 യഹോവയെ നിന്റെ സങ്കേതവും
അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ,
10 ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല,
ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല.
11 കാരണം അവിടന്ന് തന്റെ ദൂതന്മാരോട്
നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും;
12 അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ
നിന്നെ അവരുടെ കരങ്ങളിലേന്തും.
13 സിംഹത്തെയും അണലിയെയും നീ ചതയ്ക്കും;
സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും.
-
27 തക്കസമയത്ത് ആഹാരം ലഭിക്കുന്നതിനായി
എല്ലാ ജീവികളും അങ്ങയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു.
28 അങ്ങ് അവയ്ക്ക് ആഹാരം നൽകുന്നു,
അവയത് ശേഖരിക്കുന്നു;
അങ്ങ് തൃക്കൈ തുറക്കുമ്പോൾ
അവ നന്മകൊണ്ട് തൃപ്തരാകുന്നു.
-
9 കാരണം അവിടന്ന് ദാഹിക്കുന്നവരെ തൃപ്തരാക്കുകയും
വിശക്കുന്നവരെ വിശിഷ്ടഭോജ്യങ്ങൾകൊണ്ടു നിറയ്ക്കുകയുംചെയ്യുന്നു.
-
5 തന്നെ ഭയപ്പെടുന്നവർക്ക് അവിടന്ന് ഭക്ഷണം നൽകുന്നു;
അവിടന്ന് തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു.
-
7 അവിടന്ന് ഭൂമിയുടെ അതിർത്തികളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു;
മഴയോടൊപ്പം അവിടന്ന് മിന്നലിനെ അയയ്ക്കുന്നു
അവിടത്തെ കലവറകളിൽനിന്ന് കാറ്റിനെ സ്വതന്ത്രമാക്കുന്നു.
-
12 യഹോവ പീഡിതർക്ക് ന്യായവും
അഗതികൾക്ക് നീതിയും പരിപാലിക്കുമെന്ന് ഞാൻ അറിയുന്നു.
-
14 യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു
പരിക്ഷീണരെയൊക്കെയും ഉയർത്തുന്നു.
-
16 അവിടന്ന് തൃക്കൈ തുറക്കുന്നു
ജീവനുള്ള സകലത്തിന്റെയും ആഗ്രഹങ്ങൾക്ക് തൃപ്തിവരുത്തുന്നു.
-
5 യാക്കോബിന്റെ ദൈവം തന്റെ സഹായവും
അവരുടെ ദൈവമായ യഹോവയിൽ പ്രത്യാശയും അർപ്പിച്ചിരിക്കുന്നവർ അനുഗൃഹീതർ.
6 ആകാശവും ഭൂമിയും
സമുദ്രവും അവയിലുള്ള സർവത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്—
അവിടന്ന് എന്നെന്നും വിശ്വസ്തനായിരിക്കുന്നു.
7 പീഡിതർക്ക് അവിടന്ന് നീതി നിർവഹിച്ചുകൊടുക്കുകയും
വിശന്നിരിക്കുന്നവർക്ക് ആഹാരം നൽകുകയുംചെയ്യുന്നു.
യഹോവ തടവുകാരെ മോചിപ്പിക്കുന്നു,
8 യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു,
യഹോവ കുനിഞ്ഞിരിക്കുന്നവരെ ഉയർത്തുന്നു,
യഹോവ നീതിനിഷ്ഠരെ സ്നേഹിക്കുന്നു.
9 യഹോവ പ്രവാസികളെ സംരക്ഷിക്കുകയും
അനാഥരെയും വിധവമാരെയും പരിപാലിക്കുകയുംചെയ്യുന്നു,
എന്നാൽ അവിടന്ന് ദുഷ്ടരുടെ പദ്ധതികൾ വിഫലമാക്കുന്നു.
10 യഹോവ എന്നേക്കും വാഴുന്നു,
സീയോനേ, നിന്റെ ദൈവം എല്ലാ തലമുറകളിലും.
യഹോവയെ വാഴ്ത്തുക.
-
7 യഹോവയ്ക്ക് നന്ദിയോടെ പാടുക;
കിന്നരംമീട്ടി നമ്മുടെ ദൈവത്തിന് സംഗീതം ആലപിക്കുക.
8 അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു;
അവിടന്ന് ഭൂമിക്കായി മഴ പൊഴിക്കുകയും
കുന്നുകളിൽ പുല്ല് മുളപ്പിക്കുകയുംചെയ്യുന്നു.
9 അവിടന്ന് കന്നുകാലികൾക്കും
കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നൽകുന്നു.
10 കുതിരകളുടെ ബലത്തിലല്ല അവിടന്ന് ആഹ്ലാദിക്കുന്നത്,
യോദ്ധാക്കളുടെ പാദബലത്തിലും അവിടത്തേക്ക് പ്രസാദം തോന്നുന്നില്ല;
11 തന്നെ ഭയപ്പെടുന്നവരിൽ യഹോവയ്ക്ക് പ്രസാദമുണ്ടാകുന്നു,
അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശയർപ്പിക്കുന്നവരുടെമേലും.
-
26 ഞാൻ അവരെയും എന്റെ പർവതത്തിനു ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കും. തക്കകാലത്ത് ഞാൻ മഴ അയയ്ക്കും; അനുഗ്രഹവർഷം ഉണ്ടാകുകയും ചെയ്യും. 27 വയലിലെ വൃക്ഷങ്ങൾ ഫലം പുറപ്പെടുവിക്കും; നിലം വിളവുകൾ ഉൽപ്പാദിപ്പിക്കും; ജനം സ്വദേശത്ത് നിർഭയരായിരിക്കും. ഞാൻ അവരുടെ നുകത്തടികൾ ഒടിച്ച് അവരെ അടിമകളാക്കിയവരുടെ കൈയിൽനിന്ന് വിടുവിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. 28 അവർ ഇനിയൊരിക്കലും ജനതകളാൽ കവർച്ചചെയ്യപ്പെടുകയില്ല; കാട്ടുമൃഗങ്ങൾ അവരെ തിന്നുകളകയുമില്ല. അവർ സുരക്ഷിതരായി ജീവിക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല. 29 വിളവുകൾക്കു പ്രശസ്തി നേടിയ ഒരു ദേശം ഞാൻ അവർക്കു നൽകും; ഇനിയൊരിക്കലും അവർ ദേശത്ത് ക്ഷാമത്തിന് ഇരയാകുകയോ ജനതകളുടെ പരിഹാസത്തിന് ഇരയാകുകയോ ചെയ്യുകയില്ല.
-
43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക; 45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ. 46 നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ! 47 സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്? 48 അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.
-
38 കൊടുക്കുക; എന്നാൽ നിങ്ങൾക്കു ലഭിക്കും; അളവുപാത്രത്തിൽ അമർത്തിക്കുലുക്കി പുറത്തേക്കു കവിയുന്ന അളവിൽ നിങ്ങളുടെ മടിയിൽ പ്രതിഫലം ലഭിക്കും. നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.”
-
12 സൂര്യാസ്തമയം അടുത്തപ്പോൾ പന്ത്രണ്ട് അപ്പൊസ്തലന്മാർ അടുത്തുവന്ന് അദ്ദേഹത്തോട്, “നാം ഇവിടെ ഒരു വിജനസ്ഥലത്താണല്ലോ, അതുകൊണ്ട് ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും ചെന്നു ഭക്ഷണവും താമസസൗകര്യവും കണ്ടെത്താൻ ജനത്തെ പറഞ്ഞയ്ക്കണം” എന്നു പറഞ്ഞു.
13 എന്നാൽ യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു.
“ഈ ജനക്കൂട്ടത്തിനു വേണ്ടുന്ന ഭക്ഷണം മുഴുവൻ ഞങ്ങൾ പോയി വാങ്ങേണ്ടിവരും. അല്ലാത്തപക്ഷം ഞങ്ങളുടെപക്കൽ ആകെയുള്ളത് അഞ്ചപ്പവും രണ്ടുമീനുംമാത്രമാണ്” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു. 14 അവിടെ ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു.
എന്നാൽ യേശു ശിഷ്യന്മാരോട്, “ജനത്തെ അൻപതുപേർവീതം നിരനിരയായി ഇരുത്തുക” എന്നു പറഞ്ഞു. 15 അവർ അങ്ങനെ ചെയ്തു, എല്ലാവരെയും ഇരുത്തി. 16 അതിനുശേഷം യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി അവ വാഴ്ത്തി നുറുക്കി; ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. 17 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.
-
22 ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. 23 ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്? 24 കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 25 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? 26 ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്?
27 “ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 28 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതും! 29 നിങ്ങൾ എന്തു ഭക്ഷിക്കുമെന്നോ എന്തു പാനംചെയ്യുമെന്നോ അന്വേഷിക്കരുത്; അതിനെപ്പറ്റി വ്യാകുലപ്പെടുകയുമരുത്. 30 ദൈവത്തെ അറിയാത്തവരുടെ ലോകമാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ പിതാവിനറിയാം. 31 നിങ്ങൾ ആ പിതാവിന്റെ രാജ്യം തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.
-
21 അതുകൊണ്ട് ഇനിമേൽ മാനുഷികനേതാക്കന്മാരെക്കുറിച്ച് അഭിമാനംകൊള്ളാൻ പാടില്ല! സകലതും നിങ്ങൾക്കുള്ളതാണ്, 22 പൗലോസോ അപ്പൊല്ലോസോ കേഫാവോ ലോകമോ ജീവനോ മരണമോ ഇപ്പോഴുള്ളതോ വരാനുള്ളതോ—എല്ലാം നിങ്ങളുടേത്; 23 നിങ്ങളോ ക്രിസ്തുവിനുള്ളവർ, ക്രിസ്തു ദൈവത്തിനുള്ളവൻ.
-
13 മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.
-
7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.
-
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം! ദൈവത്തിന്റെ മഹാകരുണയാൽ, മരിച്ചവരിൽനിന്ന് യേശുക്രിസ്തു പുനരുത്ഥാനംചെയ്തതിലൂടെ ജീവനുള്ള പ്രത്യാശയിലേക്കു നമുക്കു പുതുജനനം നൽകിയിരിക്കുന്നു. 4 ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഓഹരി നാം സ്വന്തമാക്കേണ്ടതിനാണ്. 5 അങ്ങനെ, അന്ത്യകാലത്തു വെളിപ്പെടാൻ സജ്ജമാക്കിയിരിക്കുന്ന രക്ഷയ്ക്കായി, വിശ്വാസത്താൽ നാം ദൈവശക്തിയിൽ സംരക്ഷിക്കപ്പെടുന്നു.
-
3 അവിടത്തെ ദിവ്യശക്തി, ഭക്തിപൂർവമായ ജീവിതത്തിന് ആവശ്യമായതെല്ലാം നമുക്കു നൽകിയിരിക്കുന്നു. അവ നമുക്കു ലഭിച്ചത് തേജസ്സിനാലും ശ്രേഷ്ഠതയാലും നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെയാണ്. 4 ഇവയിലൂടെത്തന്നെയാണ് തന്റെ അമൂല്യവും മഹനീയവുമായ വാഗ്ദാനങ്ങളും അവിടന്ന് നമുക്കു നൽകിയത്. തന്മൂലം നിങ്ങൾക്ക് ദുർമോഹത്താൽ ഉണ്ടാകുന്ന ലോകമാലിന്യങ്ങളിൽനിന്ന് വിമുക്തരായി ദൈവികസ്വഭാവത്തിനു പങ്കാളികളായിത്തീരാൻ കഴിയും.
-
24 വീഴാതെ നിങ്ങളെ സൂക്ഷിച്ചു തന്റെ തേജസ്സുള്ള സന്നിധിയിൽ മഹാ ആനന്ദത്തോടെ കളങ്കമറ്റവരായി നിർത്താൻ കഴിവുള്ള ദൈവത്തിന്, 25 നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമ്മുടെ രക്ഷകനായ ഏകദൈവത്തിനുതന്നെ, സർവകാലങ്ങൾക്ക് മുമ്പും ഇപ്പോഴും എന്നേക്കും തേജസ്സും മഹിമയും ബലവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ.
-
10 സഹിഷ്ണുതയെ സംബന്ധിച്ച എന്റെ വചനം നീ അനുസരിച്ചതിനാൽ സകലഭൂവാസികളെയും പരിശോധിക്കുന്ന പരീക്ഷാസമയത്തിൽനിന്ന് ഞാൻ നിന്നെ സംരക്ഷിക്കും.
-
18 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ ഓർക്കണം. നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത അവിടത്തെ ഉടമ്പടി ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവിടന്നാണല്ലോ നിങ്ങൾക്കു സമ്പത്തു നേടാൻ പ്രാപ്തി നൽകുന്നത്.
-
24 യഹോവയെ ഭയപ്പെട്ട് പൂർണഹൃദയത്തോടും വിശ്വസ്തതയോടുംകൂടി അവിടത്തെ സേവിക്കുക! അവിടന്ന് നിങ്ങൾക്കുവേണ്ടി എത്ര മഹാകാര്യങ്ങൾ ചെയ്തുതന്നിരിക്കുന്നു എന്നോർത്തുകൊൾക!
-
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.
-
5 എന്റെ ശത്രുക്കളുടെമുമ്പിൽ,
അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു.
എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
-
10 സിംഹക്കുട്ടികൾ ക്ഷീണിതരാകുകയും വിശപ്പനുഭവിക്കുകയും ചെയ്തേക്കാം,
എന്നാൽ യഹോവയെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകുന്നില്ല.
-
9 ദൈവമേ, അങ്ങ് സമൃദ്ധമായി മഴ പെയ്യിച്ചു;
വാടിത്തളർന്ന അങ്ങയുടെ അവകാശത്തെ ഉന്മേഷപൂർണമാക്കി.
-
11 കാരണം യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു;
യഹോവ കൃപയും മഹത്ത്വവും നൽകുന്നു;
നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക്
അവിടന്ന് ഒരു നന്മയും മുടക്കുകയില്ല.
-
21 നീതിയും സ്നേഹവും പിൻതുടരുന്നവർ
ജീവനും നീതിയും ബഹുമാനവും കണ്ടെത്തും.
-
29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,
ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.
-
9 “ഒരു കണ്ണും കണ്ടിട്ടില്ലാത്തതും
ഒരു കാതും കേട്ടിട്ടില്ലാത്തതും
ഒരു മനുഷ്യഹൃദയവും ചിന്തിച്ചിട്ടില്ലാത്തതും,”
എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയുള്ളത്,
ദൈവം അവിടത്തെ സ്നേഹിക്കുന്നവർക്കായി ഒരുക്കിവെച്ചിരിക്കുന്നു!
-
17 ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക. 18 അവരോട് നന്മ ചെയ്യാനും സുകൃതങ്ങളിൽ സമ്പന്നരാകാനും തങ്ങൾക്കുള്ളത് ഔദാര്യത്തോടെ പങ്കുവെക്കാൻ സന്നദ്ധത കാണിക്കാനും ഉദ്ബോധിപ്പിക്കുക. 19 ഇപ്രകാരം, ഭാവികാലത്തിൽ യഥാർഥജീവനാകുന്ന ജീവൻ മുറുകെപ്പിടിക്കുന്നതിനുവേണ്ടി തങ്ങളുടെ നിക്ഷേപങ്ങൾകൊണ്ട് ഭദ്രമായ ഒരു അടിസ്ഥാനം പണിയട്ടെ.
-
5 നിങ്ങൾ എല്ലാം അറിഞ്ഞവരെങ്കിലും നിങ്ങളെ ഞാൻ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നത്, കർത്താവ് തന്റെ ജനത്തെ ഒരിക്കലായി ഈജിപ്റ്റിൽനിന്ന് വിടുവിച്ചതിനുശേഷവും വിശ്വാസത്തിൽ നിലനിൽക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു.
-
1 “ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു,
ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി.
2 എന്നാൽ, ഞാൻ ഇസ്രായേലിനെ വിളിക്കുന്തോറും
അവർ എന്നെ വിട്ടകന്നുപോയി.
അവർ ബാലിനു ബലിയർപ്പിച്ചു
വിഗ്രഹങ്ങൾക്കു ധൂപംകാട്ടി.
3 എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്,
ഞാൻ അവരെ ഭുജങ്ങളിൽ എടുത്തു;
എങ്കിലും, അവരെ സൗഖ്യമാക്കിയത് ഞാൻ ആണെന്ന്
അവർ മനസ്സിലാക്കിയില്ല.
4 ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും
സ്നേഹത്തിന്റെ ബന്ധനങ്ങൾകൊണ്ടും അവരെ നടത്തി;
ഞാൻ അവരുടെ കഴുത്തിൽനിന്ന് നുകം നീക്കി,
ഒരു ശിശുവിനെ തലോടാനായി ഉയർത്തുന്ന ഒരുവനെപ്പോലെ ആയിരുന്നു ഞാൻ അവർക്ക്,
അവരെ തീറ്റുന്നതിനായി ഞാൻ കുനിഞ്ഞു.
Shows Read in context, Share and Copy.