53 Bible Verses About Guidance

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Guidance
  1. 1 എന്റെ കുഞ്ഞേ, എന്റെ ഉപദേശം നീ വിസ്മരിക്കരുത്,

    എന്റെ കൽപ്പനകൾ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുക,

    2 അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും

    അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും.

    3 ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ;

    അവ നിന്റെ കഴുത്തിൽ അണിയുക,

    നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.

    4 അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ

    പ്രീതിയും സൽപ്പേരും സമ്പാദിക്കും.

    5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക

    സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

    6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,

    അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

  2. 6 അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരും

    അവസരം നഷ്ടപ്പെടുത്താതെ അങ്ങയോടു പ്രാർഥിക്കട്ടെ;

    അങ്ങനെയെങ്കിൽ പ്രളയജലത്തിന്റെ ഭീകരപ്രഭാവം

    അവരെ എത്തിപ്പിടിക്കുകയില്ല.

    7 അവിടന്ന് എന്റെ ഒളിയിടം ആകുന്നു;

    ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു;

    രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ.

    8 നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും;

    നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും.

    9 വിവേകശൂന്യമായ

    കുതിരയെയോ കോവർകഴുതയെയോപോലെ നീ പെരുമാറരുത്,

    അവയെ വരുതിയിലാക്കാൻ കടിഞ്ഞാണും കടിയിരുമ്പും ഉപയോഗിക്കേണ്ടതായി വരുന്നു

    അല്ലാത്തപക്ഷം നിനക്കവയെ നിയന്ത്രിക്കുക അസാധ്യം.

  3. 12 മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു കൽപ്പിച്ചു: എന്നാൽ, ആരെയാണ് എന്നോടുകൂടെ അയയ്ക്കുന്നത് എന്ന് അങ്ങ് എന്നെ അറിയിച്ചിട്ടില്ല. ‘ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു,’ എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുമുണ്ട്. 13 അതുകൊണ്ട്, എന്നോടു പ്രസാദമുണ്ടെങ്കിൽ അങ്ങയുടെ വഴി എന്നെ അറിയിക്കണമേ; തുടർന്നും എന്നോടു കൃപയുണ്ടാകണം. ഈ ജനത അങ്ങയുടെ ജനമാകുന്നു എന്നും ഓർക്കണമേ.”

    14 യഹോവ മറുപടി നൽകി: “എന്റെ സാന്നിധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥതനൽകും.”

    15 അപ്പോൾ മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “അങ്ങയുടെ സാന്നിധ്യം ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. 16 അങ്ങു ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ, എന്നോടും ഈ ജനത്തോടും അങ്ങേക്കു കൃപയുണ്ടെന്നു ഞങ്ങൾ അറിയുന്നതെങ്ങനെ? എന്നെയും അങ്ങയുടെ ഈ ജനത്തെയും ഭൂമുഖത്തു മറ്റു ജനങ്ങളിൽനിന്നു വ്യത്യസ്തരാക്കുന്നത് എന്താണ്?”

    17 യഹോവ മോശയോടു കൽപ്പിച്ചു: “എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു: ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞുമിരിക്കുന്നു; അതുകൊണ്ടു നീ അപേക്ഷിച്ച ഈ കാര്യവും ഞാൻ ചെയ്യും.”

  4. נ നുൻ

    105 അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും,

    എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.

  5. 4 യഹോവേ, അങ്ങയുടെ വഴി എന്നെ മനസ്സിലാക്കിത്തരുമാറാകണമേ,

    അവിടത്തെ പാത എന്നെ പഠിപ്പിക്കണമേ.

    5 അങ്ങയുടെ സത്യത്തിൽ എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ,

    കാരണം അവിടന്നാണല്ലോ എന്റെ രക്ഷയുടെ ദൈവം,

    ദിവസംമുഴുവനും ഞാൻ അങ്ങയിൽ പ്രത്യാശവെക്കുന്നു.

  6. 23 എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു;

    അവിടന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു.

    24 അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു,

    അതിനുശേഷം അവിടത്തെ മഹത്ത്വത്തിലേക്ക് എന്നെ ആനയിക്കുന്നു.

    25 സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്?

    ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.

    26 എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം,

    എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും

    എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു.

    27 അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും;

    അങ്ങയോട് അവിശ്വസ്തത പുലർത്തുന്ന എല്ലാവരെയും അവിടന്ന് നശിപ്പിക്കും.

    28 എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്.

    കർത്താവായ യഹോവയെ ഞാൻ എന്റെ സങ്കേതമാക്കിയിരിക്കുന്നു;

    അവിടത്തെ പ്രവൃത്തികളെയെല്ലാം ഞാൻ വർണിക്കും.

  7. 1 “എന്റെ മേച്ചിൽപ്പുറത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്ന ഇടയന്മാർക്ക് അയ്യോ കഷ്ടം!” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 2 അതുകൊണ്ട് എന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ ആട്ടിൻപറ്റത്തെ സൂക്ഷിക്കാതെ ചിതറിക്കുകയും ഓടിച്ചുകളയുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ദുഷ്ടതയ്ക്കുള്ള ശിക്ഷ ഞാൻ നിങ്ങളുടെമേൽ വരുത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 3 “എന്റെ ആട്ടിൻപറ്റത്തിൽ ശേഷിച്ചിരിക്കുന്നവയെ, ഞാൻ അവയെ ചിതറിച്ചുകളഞ്ഞിരിക്കുന്ന എല്ലാ ദേശങ്ങളിൽനിന്നും ശേഖരിച്ച് അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെക്കൊണ്ടുവരും. അവിടെ അവർ പുഷ്ടിയുള്ളവരായി വർധിക്കും. 4 ഞാൻ അവയ്ക്ക് ഇടയന്മാരെ എഴുന്നേൽപ്പിക്കും; അവർ അവയെ പരിപാലിക്കും. അവ മേലാൽ പേടിക്കുകയില്ല, ഭ്രമിക്കുകയില്ല, നഷ്ടപ്പെടുകയുമില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

  8. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

    3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്. 4 നാം ഓരോരുത്തർക്കും ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്; എന്നാൽ എല്ലാ അവയവങ്ങൾക്കും പ്രവർത്തനം ഒന്നുതന്നെ അല്ല. 5 അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും. 6 ഇപ്രകാരം ദൈവകൃപയ്ക്കനുസൃതമായി നമുക്കു ലഭിച്ചിരിക്കുന്ന കൃപാദാനങ്ങളും വിവിധങ്ങളാണ്: പ്രവചിക്കാനുള്ള ദാനമെങ്കിൽ അതു വിശ്വാസത്തിന് ആനുപാതികമായിരിക്കട്ടെ. 7 ശുശ്രൂഷിക്കുന്നതിനുള്ള ദാനമെങ്കിൽ ശുശ്രൂഷിക്കുകയും ഉപദേശിക്കുന്നതിനുള്ള ദാനമെങ്കിൽ ഉപദേശിക്കുകയുംചെയ്യട്ടെ. 8 മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അയാൾ ആശ്വസിപ്പിക്കട്ടെ; ദാനം ചെയ്യുന്നതിനാണ് അതെങ്കിൽ അത് ഉദാരതയോടെ ചെയ്യട്ടെ; നയിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അത് ഗൗരവത്തോടെ നിർവഹിക്കട്ടെ; കരുണ കാണിക്കുന്നതിനുള്ള ദാനമാണെങ്കിൽ അത് ആനന്ദത്തോടെ ചെയ്യട്ടെ.

  9. 12 “ഇനി വളരെ അധികം കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എങ്കിലും അവ ഉൾക്കൊള്ളാനുള്ള കഴിവ് ഇപ്പോൾ നിങ്ങൾക്കില്ല. 13 എന്നാൽ, സത്യത്തിന്റെ ആത്മാവു വരുമ്പോൾ, അവിടന്നു നിങ്ങളെ സകലസത്യത്തിലേക്കും നയിക്കും. അവിടന്നു സ്വയം സംസാരിക്കാതെ താൻ കേൾക്കുന്നതുമാത്രം പറയുകയും ഇനി സംഭവിക്കാനുള്ളവ നിങ്ങൾക്കറിയിച്ചുതരികയും ചെയ്യും. 14 അവിടന്ന് എനിക്കുള്ളതിൽനിന്നെടുത്ത് നിങ്ങൾക്കറിയിച്ചുതരുന്നതിലൂടെ എന്നെ മഹത്ത്വപ്പെടുത്തും. 15 പിതാവിനുള്ളതെല്ലാം എന്റെ വകയാണ്; അതുകൊണ്ടാണ് ആശ്വാസപ്രദായകൻ എനിക്കുള്ളതിൽനിന്ന് എടുത്ത് നിങ്ങൾക്കറിയിച്ചുതരും എന്നു ഞാൻ പറഞ്ഞത്.”

  10. 5 നിങ്ങളിൽ ഒരാൾക്കു ജ്ഞാനം കുറവാകുന്നു എങ്കിൽ അയാൾ ദൈവത്തോടു യാചിക്കണം. ആരെയും ശകാരിക്കാതെ, എല്ലാവർക്കും എല്ലാം നൽകുന്ന ഔദാര്യനിധിയായ ദൈവം അയാൾക്ക് ജ്ഞാനം നൽകും. 6 എന്നാൽ, അയാൾ ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നയാൾ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്ക്ക് തുല്യം. 7 ഇങ്ങനെയുള്ള വ്യക്തി കർത്താവിൽനിന്ന് എന്തെങ്കിലും ലഭിക്കും എന്നു പ്രതീക്ഷിക്കരുത്; 8 ഇരുമനസ്സുള്ള വ്യക്തി തന്റെ എല്ലാ വഴികളിലും ഉറപ്പില്ലാത്തയാൾ ആകുന്നു.

  11. 1 യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും നിന്റെ പിതൃഭവനക്കാരെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക.

    2 “ഞാൻ നിന്നെ വലിയൊരു ജനതയാക്കും;

    ഞാൻ നിന്നെ അനുഗ്രഹിക്കും;

    നിന്റെ നാമം ഞാൻ ശ്രേഷ്ഠമാക്കും.

    നീ ഒരു അനുഗ്രഹമായിരിക്കും.

    3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും;

    നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും;

    ഭൂമിയിലെ സകലവംശങ്ങളും

    നിന്നിലൂടെ അനുഗ്രഹിക്കപ്പെടും.”

    4 അങ്ങനെ യഹോവ തന്നോടു കൽപ്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു; ലോത്തും അദ്ദേഹത്തോടുകൂടെ പോയി. ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു.

  12. 10 യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു;

    ജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു.

    11 എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;

    അവിടത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറകളോളവും.

  13. 133 തിരുവചനപ്രകാരം എന്റെ കാലടികളെ നയിക്കണമേ;

    ഒരു അകൃത്യവും എന്റെമേൽ വാഴാതിരിക്കട്ടെ.

  14. 1 അന്ത്യോക്യയിലെ സഭയിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ആയ ബർന്നബാസ്, നിഗർ എന്നു വിളിക്കപ്പെട്ട ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഭരണാധികാരിയായ ഹെരോദാവിനോടൊപ്പം വളർത്തപ്പെട്ട മനായേൻ, ശൗൽ എന്നിവർ ഉണ്ടായിരുന്നു. 2 അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുമിരിക്കുമ്പോൾ, പരിശുദ്ധാത്മാവ് അവരോട്, “ഞാൻ അവരെ വിളിച്ചിരിക്കുന്ന വേലയ്ക്കായി ബർന്നബാസിനെയും ശൗലിനെയും വേർതിരിക്കുക” എന്നു പറഞ്ഞു. 3 അങ്ങനെ അവർ തുടർന്നും ഉപവസിച്ചു പ്രാർഥിച്ചശേഷം ബർന്നബാസിന്റെയും ശൗലിന്റെയുംമേൽ കൈകൾവെച്ച് അവരെ യാത്രയയച്ചു.

    4 പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ അയയ്ക്കപ്പെട്ട ബർന്നബാസും ശൗലും സെലൂക്യയിലെത്തി സൈപ്രസിലേക്കു കപ്പൽകയറി, 5 അവിടെ സലമീസ് എന്ന പട്ടണത്തിൽ എത്തി. അവർ യെഹൂദപ്പള്ളികളിൽ ദൈവവചനം പ്രസംഗിച്ചു. യോഹന്നാൻ അവർക്കു സഹായിയായി ഉണ്ടായിരുന്നു.

  15. 6 പൗലോസും കൂടെയുള്ളവരുംകൂടി ഫ്രുഗ്യ, ഗലാത്യ എന്നീ പ്രദേശങ്ങളിലൂടെ യാത്രചെയ്തു; ഏഷ്യാപ്രവിശ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് അവരെ വിലക്കിയിരുന്നു. 7 മുസ്യാപ്രവിശ്യയുടെ അതിർത്തിയിലെത്തിയ അവർ ബിഥുന്യാപ്രവിശ്യ ലക്ഷ്യമാക്കി യാത്രചെയ്തു; എന്നാൽ, യേശുവിന്റെ ആത്മാവ് അവിടെ പ്രവേശിക്കാൻ അവരെ അനുവദിച്ചില്ല. 8 അതുകൊണ്ട് അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി. 9 രാത്രിയിൽ, “മക്കദോന്യയിലേക്കു വന്നു ഞങ്ങളെ സഹായിക്കണമേ” എന്ന് ഒരു മക്കദോന്യക്കാരൻ നിന്നു യാചിക്കുന്നതായി പൗലോസിന് ഒരു ദർശനമുണ്ടായി. 10 ദർശനത്തെത്തുടർന്ന്, മക്കദോന്യരോടു സുവിശേഷം പ്രസംഗിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് ഞങ്ങൾക്കു ബോധ്യമായി; അവിടേക്കു യാത്രതിരിക്കാൻ ഞങ്ങൾ ഉടനെ ഒരുങ്ങി.

  16. 34 ആകയാൽ, നീ പോയി ഞാൻ നിന്നോടു കൽപ്പിച്ച ദേശത്തേക്ക് ഈ ജനത്തെ കൂട്ടിക്കൊണ്ടുപോകണം; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും; എന്നാൽ അവരുടെ പ്രവൃത്തികളുടെ കണക്കുചോദിക്കുമ്പോൾ അവരുടെ പാപങ്ങൾക്കു ഞാൻ അവരെ ശിക്ഷിക്കും” എന്ന് അരുളിച്ചെയ്തു.

  17. 1 ഇതിനുശേഷം ദാവീദ്, “ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു പോകണമോ” എന്ന് യഹോവയോട് അരുളപ്പാടു ചോദിച്ചു.

    “പോകുക,” എന്ന് യഹോവ കൽപ്പിച്ചു.

    “എവിടേക്കാണു ഞാൻ പോകേണ്ടത്?” എന്നു ദാവീദ് ചോദിച്ചു.

    “ഹെബ്രോനിലേക്ക്,” എന്ന് അരുളപ്പാടുണ്ടായി.

    2 യെസ്രീൽക്കാരി അഹീനോവം, കർമേല്യനായ നാബാലിന്റെ വിധവ അബീഗയിൽ എന്നീ രണ്ടു ഭാര്യമാരെയുംകൂട്ടി ദാവീദ് അവിടേക്കുപോയി.

  18. 17 ഇസ്രായേലിനു രാജാവായി ദാവീദ് അഭിഷിക്തനായി എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ അവർ സർവസന്നാഹങ്ങളുമായി അദ്ദേഹത്തെ പിടിക്കാൻ വന്നു. എന്നാൽ ഈ വിവരം അറിഞ്ഞ ദാവീദ് കോട്ടയ്ക്കുള്ളിലേക്കുപോയി. 18 ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ നിരന്നു. 19 അതിനാൽ ദാവീദ് യഹോവയോട് ചോദിച്ചു: “ഞാൻ ചെന്ന് ആ ഫെലിസ്ത്യരെ ആക്രമിക്കണമോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?”

    യഹോവ ദാവീദിന് ഉത്തരമരുളി: “പോകുക, നിശ്ചയമായും ഞാൻ ഫെലിസ്ത്യരെ നിന്റെ കൈകളിൽ ഏൽപ്പിച്ചുതരും.”

    20 അതിനാൽ ദാവീദ് ബാൽ-പെരാസീമിലേക്കു മുന്നേറി. അവിടെവെച്ച് അദ്ദേഹം ഫെലിസ്ത്യരെ തോൽപ്പിച്ചു. അപ്പോൾ ദാവീദ് പറഞ്ഞു: “യഹോവ വെള്ളച്ചാട്ടംപോലെ എന്റെമുമ്പിൽ എന്റെ ശത്രുക്കളുടെനേരേ ഇരച്ചുകയറി അവരെ തകർത്തുകളഞ്ഞല്ലോ!” അതിനാൽ ആ സ്ഥലത്തിന് ബാൽ-പെരാസീം എന്നു പേരായി.

  19. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.

    2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,

    പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,

    3 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു.

    തിരുനാമംനിമിത്തം

    എന്നെ നീതിപാതകളിൽ നടത്തുന്നു.

  20. 8 യഹോവ നല്ലവനും നീതിനിഷ്ഠനും ആകുന്നു;

    അതുകൊണ്ട് പാപികൾക്ക് അവിടന്ന് തന്റെ വഴി ഉപദേശിച്ചുകൊടുക്കുന്നു.

    9 വിനയാന്വിതരെ അവിടന്ന് നീതിമാർഗത്തിൽ നയിക്കുന്നു

    തന്റെ വഴി അവരെ പഠിപ്പിക്കുന്നു.

    10 അവിടത്തെ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കുന്നവരെ

    യഹോവ അചഞ്ചലസ്നേഹത്തോടും വിശ്വസ്തതയോടുംകൂടെ നയിക്കുന്നു.

  21. 11 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻതന്നെ എന്റെ ആടുകളെ തെരയുകയും അന്വേഷിക്കുകയും ചെയ്യും. 12 ഒരു ഇടയൻ ആടുകളോടൊപ്പമുള്ളപ്പോൾ ചിതറിപ്പോയവയെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിക്കും. മേഘവും ഇരുട്ടും ഉണ്ടായിരുന്ന നാളിൽ അവ ചിതറിപ്പോയ എല്ലാ സ്ഥലങ്ങളിൽനിന്നും ഞാൻ അവയെ വിടുവിക്കും. 13 ഞാൻ അവരെ രാഷ്ട്രങ്ങളുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കയും രാജ്യങ്ങളിൽനിന്നും കൂട്ടിച്ചേർക്കുകയും അവരെ സ്വന്തം ദേശത്തേക്കു കൊണ്ടുവരികയും ചെയ്യും, ഞാൻ അവരെ ഇസ്രായേൽ പർവതങ്ങളിലും മലഞ്ചരിവുകളിലും ദേശത്തെ സകലവാസസ്ഥലങ്ങളിലും മേയിക്കും. 14 ഞാൻ നല്ല മേച്ചിൽപ്പുറത്ത് അവരെ മേയിക്കും; ഇസ്രായേലിലെ ഗിരിനിരകൾ അവരുടെ മേച്ചിൽസ്ഥലമാകും. അവിടെ ഇസ്രായേൽ പർവതസാനുക്കളിലെ നല്ല പുൽപ്പുറത്ത് അവ കിടന്നു വിശ്രമിക്കും. ഇസ്രായേൽ പർവതത്തിലെ ഉത്തമമായ മേച്ചിൽപ്പുറങ്ങളിൽ അവ മേയും. 15 ഞാൻതന്നെ എന്റെ ആടുകളെ പരിപാലിച്ച് അവയെ കിടത്തുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 16 കാണാതെ പോയവയെ ഞാൻ അന്വേഷിക്കുകയും അലഞ്ഞു നടക്കുന്നവയെ തിരികെ വരുത്തുകയും ചെയ്യും. മുറിവേറ്റവയ്ക്ക് ഞാൻ മുറിവുകെട്ടുകയും ബലഹീനമായവയെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാൽ കൊഴുത്തതിനെയും കരുത്തുറ്റതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ ആട്ടിൻപറ്റത്തെ മേയിക്കും.

  22. 3 എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്,

    ഞാൻ അവരെ ഭുജങ്ങളിൽ എടുത്തു;

    എങ്കിലും, അവരെ സൗഖ്യമാക്കിയത് ഞാൻ ആണെന്ന്

    അവർ മനസ്സിലാക്കിയില്ല.

    4 ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും

    സ്നേഹത്തിന്റെ ബന്ധനങ്ങൾകൊണ്ടും അവരെ നടത്തി;

    ഞാൻ അവരുടെ കഴുത്തിൽനിന്ന് നുകം നീക്കി,

    ഒരു ശിശുവിനെ തലോടാനായി ഉയർത്തുന്ന ഒരുവനെപ്പോലെ ആയിരുന്നു ഞാൻ അവർക്ക്,

    അവരെ തീറ്റുന്നതിനായി ഞാൻ കുനിഞ്ഞു.

  23. 39 പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് മുട്ടുകുത്തി മുഖം നിലംവരെ കുനിച്ച്, “എന്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.

  24. 35 പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് നിലത്തു വീണ്, കഴിയുമെങ്കിൽ ആ മണിക്കൂറുകൾ തന്നിൽനിന്ന് നീങ്ങിപ്പോകാനായി പിതാവിനോട്: 36 “അബ്ബാ, പിതാവേ, അവിടത്തേക്കു സകലതും സാധ്യമാണല്ലോ. ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ. എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.

  25. 3 കാവൽക്കാരൻ അയാൾക്ക് വാതിൽ തുറന്നുകൊടുക്കുന്നു. ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു. അവൻ സ്വന്തം ആടുകളെ അവയുടെ പേരുവിളിച്ചു പുറത്തു കൊണ്ടുപോകുന്നു. 4 അയാളുടെ സ്വന്തം ആടുകളെയെല്ലാം പുറത്തുകൊണ്ടുവന്നശേഷം അയാൾ അവയ്ക്കുമുമ്പേ നടക്കുന്നു. ആടുകൾ അവന്റെ ശബ്ദം തിരിച്ചറിഞ്ഞ് അവനെ അനുഗമിക്കുന്നു.

  26. 26 അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ നമുക്ക് ബലം നൽകാൻ പരിശുദ്ധാത്മാവു സഹായി ആകുന്നു; എന്താണ് പ്രാർഥിക്കേണ്ടത് എന്ന് നമുക്കറിഞ്ഞുകൂടാ! എന്നാൽ, അവാച്യമായ ഞരക്കങ്ങളാൽ പരിശുദ്ധാത്മാവുതന്നെ നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു. 27 ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം ആത്മാവിന്റെ ചിന്ത എന്തെന്ന് അറിയുന്നുണ്ട്. കാരണം, ദൈവഹിതാനുസരണമാണ് പരിശുദ്ധാത്മാവു ദൈവജനത്തിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നത്.

    28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു. 29 ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്. 30 അവിടന്ന് മുൻനിയമിച്ചവരെ വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ തേജസ്കരിക്കുകയും ചെയ്തു.

  27. 13 ശൗൽ യഹോവയോട് അവിശ്വസ്തത കാണിച്ചു, യഹോവയുടെ വചനങ്ങൾ പ്രമാണിച്ചില്ല; അതിനും ഉപരിയായി വെളിച്ചപ്പാടത്തിയോട് ഉപദേശം തേടുകയും ചെയ്തു. അതിനാൽ ശൗലിന് ഈ വിധമുള്ള അന്ത്യം നേരിട്ടു. 14 തന്നോടു മാർഗനിർദേശം ആരാഞ്ഞില്ല എന്നതുകൊണ്ട് യഹോവ അവനെ മരണത്തിനേൽപ്പിച്ചു; രാജ്യം യിശ്ശായിയുടെ പുത്രനായ ദാവീദിനു നൽകുകയും ചെയ്തു.

  28. 23 യഹോവയിൽ ആനന്ദിക്കുന്നവരുടെ

    ചുവടുകൾ അവിടന്ന് സുസ്ഥിരമാക്കുന്നു;

    24 അവരുടെ കാൽ വഴുതിയാലും അവർ വീണുപോകുകയില്ല,

    കാരണം യഹോവ അവരെ തന്റെ കൈകൊണ്ടു താങ്ങിനിർത്തുന്നു.

  29. 6 കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക,

    വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.

  30. 11 യഹോവ നിന്നെ നിരന്തരം വഴിനടത്തും;

    വരൾച്ചയുള്ള ദേശത്ത് അവിടന്നു നിന്റെ പ്രാണനു തൃപ്തിവരുത്തുകയും

    നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും.

    നീ മതിയായി വെള്ളംകിട്ടിയ തോട്ടംപോലെയും

    വെള്ളം നിന്നുപോകാത്ത നീരുറവുപോലെയും ആകും.

  31. 21 യഹോവ അവരെ വഴികാണിക്കാൻ പകൽസമയത്ത് ഒരു മേഘത്തൂണിലും രാത്രിയിൽ വെളിച്ചംകൊടുക്കാൻ അഗ്നിത്തൂണിലുമായി അവർക്കുമുമ്പേ സഞ്ചരിച്ചു; അങ്ങനെ അവർക്കു പകലും രാത്രിയും യാത്രചെയ്യാൻ കഴിഞ്ഞു. 22 പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുന്നിൽനിന്ന് മാറിയില്ല.

  32. 31 “ ‘വെളിച്ചപ്പാടുകളെയോ ഭൂതസേവക്കാരെയോ അന്വേഷിക്കരുത്. കാരണം അവരാൽ നിങ്ങൾ അശുദ്ധരായിത്തീരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

  33. 9 മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു,

    എന്നാൽ യഹോവ അവരുടെ കാലടികളുടെ ഗമനം ക്രമീകരിക്കുന്നു.

  34. 7 ദുഷ്ടർ തങ്ങളുടെ വഴിയെയും

    നീതികെട്ടവർ തങ്ങളുടെ നിരൂപണങ്ങളെയും ഉപേക്ഷിക്കട്ടെ.

    അവർ യഹോവയിലേക്കു മടങ്ങിവരട്ടെ. അവിടന്ന് അവരോട് കരുണകാണിക്കും,

    നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവിടന്നു സമൃദ്ധമായി ക്ഷമിക്കും.

    8 “കാരണം എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളല്ല,

    നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല,”

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    9 “ആകാശം ഭൂമിയെക്കാൾ ഉന്നതമായിരിക്കുന്നതുപോലെ,

    എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും

    എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉന്നതമാണ്.

    10 ആകാശത്തുനിന്നു

    പൊഴിയുന്ന മഴയും മഞ്ഞും

    ഭൂമി നനച്ച് അതിൽ വിത്തുകൾ മുളച്ച് വളർന്ന്,

    വിതയ്ക്കുന്നയാൾക്കു വിത്തും

    ഭക്ഷിക്കുന്നവർക്ക് ആഹാരവും നൽകാതെ

    മടങ്ങിപ്പോകാതിരിക്കുന്നതുപോലെയാണ്,

    11 എന്റെ വായിൽനിന്ന് പുറപ്പെടുന്ന എന്റെ വചനവും:

    എന്റെ ഹിതം നിറവേറ്റി

    ഏതിനുവേണ്ടി ഞാൻ അതിനെ അയച്ചുവോ ആ കാര്യം സാധിക്കാതെ

    അത് എന്റെ അടുക്കലേക്കു വൃഥാ മടങ്ങിവരികയില്ല.

  35. 23 യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല;

    സ്വയം തന്റെ കാലടികളെ നിയന്ത്രിക്കാൻ അവരാൽ അസാധ്യവും എന്നു ഞാൻ അറിയുന്നു.

  36. 19 മരത്തോട്, ‘ജീവിക്കുക’ എന്നും

    ജീവനില്ലാത്ത ശിലയോട്, ‘ഉണരുക’ എന്നും പറയുന്നവനു ഹാ കഷ്ടം!

    മാർഗദർശനം നൽകാൻ അതിനു കഴിയുമോ?

    സ്വർണവും വെള്ളിയുംകൊണ്ട് അതിനെ പൊതിഞ്ഞിരിക്കുന്നു;

    അതിനുള്ളിൽ ശ്വാസമില്ല.”

  37. 17 ഒരാൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ഇച്ഛിക്കുന്നെങ്കിൽ, അയാൾ എന്റെ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പറയുന്നതോ എന്നു മനസ്സിലാക്കും.

  38. 17 ഫറവോൻ ജനത്തെ വിട്ടയച്ചപ്പോൾ, ഫെലിസ്ത്യദേശത്തുകൂടിയുള്ള വഴി ദൂരം കുറഞ്ഞതായിരുന്നെങ്കിലും ദൈവം അവരെ ആ വഴിയിൽക്കൂടി നടത്തിയില്ല. “യുദ്ധം നേരിട്ടാൽ അവർക്കു മനംമാറ്റം ഉണ്ടാകുകയും അവർ ഈജിപ്റ്റിലേക്കു മടങ്ങുകയും ചെയ്തേക്കാം,” എന്നു ദൈവം കരുതി. 18 ആകയാൽ ദൈവം ജനത്തെ ചെങ്കടലിനരികെയുള്ള മരുഭൂമിയിൽ വലയംചെയ്യിച്ചു. ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് യുദ്ധസന്നദ്ധരായി പുറപ്പെട്ടു.

  39. 2 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ താഴ്മയുള്ളവരാക്കുന്നതിനും അവിടത്തെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നു പരിശോധിച്ച് നിങ്ങളുടെ ഹൃദയത്തിലുള്ളത് അറിയാനും നിങ്ങളെ ഈ നാൽപ്പതുവർഷം മരുഭൂമിയിൽ നടത്തിയതെങ്ങനെയെല്ലാം എന്നു നിങ്ങൾ ഓർക്കണം. 3 അവിടന്ന് നിങ്ങൾക്ക് താഴ്ചവരുത്തി വിശപ്പുള്ളവരാക്കിയിട്ട്; മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല, യഹോവയുടെ തിരുവായിൽനിന്ന് പുറപ്പെടുന്ന സകലവചനങ്ങളാലും ജീവിക്കുന്നു എന്നു നിങ്ങളെ അറിയിക്കേണ്ടതിനു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന നിങ്ങൾക്കു ഭക്ഷണമായി നൽകി.

  40. 6 ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; കാരണം, ഇവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ഞാൻ വാഗ്ദത്തംചെയ്ത ദേശം ഈ ജനം കൈവശമാക്കേണ്ടതിനു നീ അവരെ നയിക്കുക.

    7 “ഉറപ്പും വളരെ ധൈര്യവുമുള്ളവനായിരിക്കുക; എന്റെ ദാസനായ മോശ നിനക്കുതന്ന ന്യായപ്രമാണമൊക്കെയും പാലിക്കാൻ ശ്രദ്ധിക്കുക; നീ ചെല്ലുന്നിടത്തൊക്കെയും വിജയം കൈവരിക്കേണ്ടതിന് അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. 8 ഈ ന്യായപ്രമാണഗ്രന്ഥത്തിലുള്ളത് നിന്റെ അധരങ്ങളിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ രേഖപ്പെടുത്തിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം ചെയ്യേണ്ടതിനു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാൽ നിന്റെ പ്രയത്നം സഫലമാകുകയും; നീ വിജയം നേടുകയും ചെയ്യും. 9 ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.”

  41. 7 എനിക്കു ബുദ്ധിയുപദേശം നൽകുന്ന യഹോവയെ ഞാൻ വാഴ്ത്തും;

    രാത്രിയിലും എന്റെ ഹൃദയം എന്നെ പ്രബോധിപ്പിക്കുന്നു.

    8 ഞാൻ യഹോവയെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു;

    അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.

  42. 11 യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ;

    എനിക്കായ് പതിയിരിക്കുന്നവർനിമിത്തം

    എന്നെ നേർപാതകളിൽ നടത്തണമേ.

  43. 19 അവിടത്തെ കാൽച്ചുവടുകൾ കാണാൻ കഴിയുമായിരുന്നില്ലെങ്കിലും,

    അവിടത്തെ പാത സമുദ്രത്തിലൂടെയും

    അവിടത്തെ വഴികൾ പെരുവെള്ളത്തിലൂടെയും ആയിരുന്നു.

    20 മോശയുടെയും അഹരോന്റെയും കരങ്ങളിലൂടെ,

    അവിടത്തെ ജനത്തെ അങ്ങ് ഒരു ആട്ടിൻപറ്റത്തെപ്പോലെ നയിച്ചു.

  44. 10 തിരുഹിതംചെയ്യാൻ എന്നെ പഠിപ്പിക്കണമേ,

    കാരണം അവിടന്ന് ആകുന്നു എന്റെ ദൈവം;

    അങ്ങയുടെ നല്ല ആത്മാവ്

    നീതിപഥത്തിൽ എന്നെ നടത്തട്ടെ.

  45. 14 മാർഗനിർദേശങ്ങളുടെ അഭാവത്താൽ ഒരു ദേശം നിലംപരിശാകുന്നു,

    എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു.

  46. 12 ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം,

    എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു.

  47. 16 ഞാൻ അന്ധരെ അവർ അറിയാത്ത വഴിയിലൂടെ നടത്തും,

    അവർ അറിഞ്ഞിട്ടില്ലാത്ത പാതകളിലൂടെ ഞാൻ അവരെ നയിക്കും.

    ഞാൻ അവരുടെമുമ്പിൽ അന്ധകാരത്തെ പ്രകാശമായും

    ദുർഘടസ്ഥലങ്ങളെ സമതലമായും മാറ്റും.

    അവർക്കു ഞാൻ ഇവയെല്ലാം ചെയ്തുകൊടുക്കും;

    ഞാൻ അവരെ ഉപേക്ഷിക്കുകയില്ല.

  48. 26 കർത്താവിന്റെ ഒരു ദൂതൻ ഫിലിപ്പൊസിനോട് പറഞ്ഞു, “നീ ജെറുശലേമിൽനിന്ന് ഗസ്സായിലേക്കു മരുഭൂമിയിലൂടെ പോകുന്ന പാതയിലൂടെ തെക്കോട്ട് യാത്രചെയ്യുക.” 27 അങ്ങനെ അദ്ദേഹം പുറപ്പെട്ടു; വഴിമധ്യേ, “എത്യോപ്യ രാജ്ഞിയായ” കന്ദക്കയുടെ ധനകാര്യവകുപ്പിന്റെ ചുമതലയുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായ ഷണ്ഡനെ കണ്ടു. ആ മനുഷ്യൻ ജെറുശലേമിൽ ആരാധിക്കാൻ പോയിട്ടു 28 തിരികെ പോകുമ്പോൾ രഥത്തിലിരുന്നുകൊണ്ട് യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുകയായിരുന്നു. 29 അപ്പോൾ പരിശുദ്ധാത്മാവ് ഫിലിപ്പൊസിനോട് പറഞ്ഞു, “നീ കുറെക്കൂടി അടുത്തുചെന്ന് രഥത്തിനോട് ചേർന്നു നടക്കുക.”

    30 ഫിലിപ്പൊസ് ഓടി രഥത്തിനടുത്തുചെന്നപ്പോൾ ആ മനുഷ്യൻ യെശയ്യാവിന്റെ പ്രവചനഗ്രന്ഥത്തിൽനിന്ന് വായിക്കുന്നതു കേട്ടു. “താങ്കൾ വായിക്കുന്നതു മനസ്സിലാക്കുന്നുണ്ടോ?” ഫിലിപ്പൊസ് ചോദിച്ചു.

    31 “ആരെങ്കിലും അർഥം വ്യക്തമാക്കിത്തരാതെ എനിക്കെങ്ങനെ മനസ്സിലാകും?” അയാൾ ചോദിച്ചു. രഥത്തിൽ കയറി തന്നോടൊപ്പം ഇരിക്കാൻ അയാൾ ഫിലിപ്പൊസിനെ ക്ഷണിച്ചു.

  49. 19 പത്രോസ് ദർശനത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവ് അദ്ദേഹത്തോട്, “ശിമോനേ, മൂന്നുപേർ നിന്നെ അന്വേഷിക്കുന്നു. 20 എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക. അവരോടുകൂടെ പോകാൻ മടിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്” എന്നു പറഞ്ഞു.

  50. 4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്; അവരെ ശിക്ഷണത്തിലും കർത്താവിന്റെ സദുപദേശത്തിലും വളർത്തുക.

  51. 24 കർത്താവിന്റെ ദാസൻ സംഘട്ടനങ്ങളിൽ ഏർപ്പെടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്നവനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ക്ഷമാശീലനും ആയിരിക്കണം. 25 ശത്രുക്കൾക്ക് സത്യം സുവ്യക്തമാകുംവിധം ദൈവം അവർക്ക് മാനസാന്തരം നൽകിയേക്കാം എന്ന പ്രതീക്ഷയോടെ, സൗമ്യമായി ബുദ്ധി ഉപദേശിക്കേണ്ടതാണ്. 26 തൽഫലമായി, പിശാച് തന്റെ ഇഷ്ടം നിറവേറ്റാൻ അടിമകളാക്കി വെച്ചിട്ടുള്ളവർ, അവന്റെ കെണിയിൽനിന്ന് സ്വതന്ത്രരായി സുബോധത്തിലേക്ക് മടങ്ങിവരും.

  52. 13 “ഇന്നോ നാളെയോ ഞങ്ങൾ ഏതെങ്കിലും പട്ടണത്തിൽ ചെന്ന് ഒരുവർഷം വ്യാപാരംചെയ്ത് ധനം സമ്പാദിക്കും” എന്നു പറയുന്നവരേ, കേൾക്കുക: 14 നാളെ എങ്ങനെയുള്ളതായിരിക്കും എന്ന് ആർക്കും അറിയില്ലല്ലോ. എന്താണ് നിങ്ങളുടെ ജീവിതം? ക്ഷണനേരത്തേക്കു ദൃശ്യമാകുന്നതും പിന്നെ അദൃശ്യമാകുന്നതുമായ മൂടൽമഞ്ഞുമാത്രമല്ലേ? 15 “കർത്തൃഹിതമെങ്കിൽമാത്രം ഞങ്ങൾ ജീവിച്ചിരുന്ന് ഇതൊക്കെ ചെയ്യും” എന്നല്ലേ നിങ്ങൾ പറയേണ്ടത്?

  53. 15 വ്യാജപ്രചാരണം നടത്തുന്നവരുടെ അറിവില്ലായ്മയെ നിങ്ങൾ നന്മ ചെയ്തുകൊണ്ട് നിശ്ശബ്ദമാക്കണം എന്നതാണ് ദൈവഹിതം.