41 Bible Verses About Discipline

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Discipline
  1. 5 “എന്റെ കുഞ്ഞേ, കർത്താവിന്റെ ശിക്ഷണം നിസ്സാരമായി കരുതരുത്,

    അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്.

    6 കർത്താവ് താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു,

    താൻ പുത്രനായി സ്വീകരിച്ച സകലരെയും ശിക്ഷിച്ചു നന്നാക്കുന്നു,”

    എന്നിങ്ങനെ, ഒരു പിതാവ് പുത്രനോട് എന്നപോലെ നിങ്ങളോടു സംവദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞോ?

    7 ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്? 8 എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്. 9 നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്! 10 അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു. 11 ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.

    12 അതുകൊണ്ട് തളർന്ന കൈകളും ദുർബലമായ കാൽമുട്ടുകളും ശക്തിപ്പെടുത്തുക. 13 അങ്ങനെ, മുടന്തുള്ള കാലിന് ഉളുക്കുകൂടി വരാതെ സൗഖ്യമാകേണ്ടതിനു “നിങ്ങളുടെ പാദങ്ങൾക്കു പാത നിരപ്പാക്കുക.”

  2. 24 മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും ഒരാൾക്കുമാത്രമേ സമ്മാനം ലഭിക്കുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ? നിങ്ങളും സമ്മാനം നേടണമെന്ന ലക്ഷ്യത്തോടെ ഓടുക. 25 കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും കർശന നിയന്ത്രണത്തിലൂടെ പരിശീലനം നേടുന്നു. വാടിപ്പോകുന്ന ഒരു കിരീടത്തിനുവേണ്ടിയാണ് അവർ അതു ചെയ്യുന്നത്; നാമോ വാടിപ്പോകാത്ത കിരീടത്തിനുവേണ്ടിയും. 26 അതുകൊണ്ടാണ് എന്റെ ഓട്ടം ലക്ഷ്യമില്ലാത്ത ആളിന്റെ ഓട്ടംപോലെ അല്ലാത്തത്. മുന്നിൽ എതിരാളിയില്ലാതെ മല്ലയുദ്ധംചെയ്യുന്ന ഒരാളെപ്പോലെയല്ല ഞാൻ യുദ്ധംചെയ്യുന്നത്. 27 മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഏതെങ്കിലുംരീതിയിൽ ഞാൻ അയോഗ്യനായിപ്പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ കഷ്ടതയിലൂടെ കടത്തിവിട്ട് നിയന്ത്രണവിധേയമാക്കുന്നു.

  3. 11 എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്,

    അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,

    12 കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ

    യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.

  4. 4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്; അവരെ ശിക്ഷണത്തിലും കർത്താവിന്റെ സദുപദേശത്തിലും വളർത്തുക.

  5. 15 വടിയും കർക്കശമായ താക്കീതും ജ്ഞാനംനൽകുന്നു,

    ശിക്ഷണംലഭിക്കാതെ ജീവിക്കുന്ന സന്തതി തന്റെ മാതാവിന് അപമാനംവരുത്തുന്നു.

    16 ദുഷ്ടർ വർധിക്കുമ്പോൾ, പാപവും വർധിക്കുന്നു,

    എന്നാൽ നീതിനിഷ്ഠർ അവരുടെ തകർച്ച കാണും.

    17 നിങ്ങളുടെ കുഞ്ഞുങ്ങളെ ശിക്ഷണത്തിൽ വളർത്തുക, അവർ നിങ്ങൾക്കു സ്വസ്ഥതനൽകും;

    നിങ്ങൾ ആഗ്രഹിക്കുന്ന ആനന്ദംനൽകും.

  6. 24 വടി ഒഴിവാക്കുന്നവർ തങ്ങളുടെ മക്കളെ വെറുക്കുന്നു,

    എന്നാൽ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നവർ അവരെ ശിക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്.

  7. 15 മടയത്തരം യുവാക്കളുടെ ഹൃദയത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു,

    എന്നാൽ ശിക്ഷണത്തിന്റെ വടി അതിനെ ആട്ടിപ്പായിക്കുന്നു.

  8. 13 മക്കൾക്കു ശിക്ഷണം നൽകാതിരിക്കരുത്;

    വടികൊണ്ട് നീ അവരെ അടിച്ചാൽ, അവർ മരിച്ചുപോകുകയില്ല.

    14 അവരെ വടികൊണ്ട് ശിക്ഷിക്കുക,

    അങ്ങനെ മരണത്തിൽനിന്ന് അവരുടെ ജീവൻ രക്ഷിക്കുക.

    15 എന്റെ കുഞ്ഞേ, നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കിൽ,

    എന്റെ ഹൃദയം ആനന്ദഭരിതം ആയിരിക്കും;

    16 നിന്റെ അധരം സത്യം സംസാരിക്കുമ്പോൾ

    എന്റെ അന്തരിന്ദ്രിയം ആനന്ദിക്കും.

  9. 6 ഈ കാര്യങ്ങൾ നീ സഹോദരങ്ങൾക്കു വ്യക്തമാക്കിയാൽ, വിശ്വാസവചസ്സുകളാലും നീ പിൻതുടർന്നുവന്ന ഉത്തമ ഉപദേശത്താലും പരിപോഷിപ്പിക്കപ്പെട്ട് ക്രിസ്തുയേശുവിന്റെ ഒരു ഉത്തമശുശ്രൂഷകനായിത്തീരും. 7 ലൗകികവും സാങ്കൽപ്പികവുമായ കഥകൾ ഒഴിവാക്കുക; ദൈവഭക്തനാകാൻ നിന്നെത്തന്നെ പരിശീലിപ്പിക്കുക. 8 കായികാഭ്യാസം കുറച്ചുമാത്രം പ്രയോജനമുള്ളതാണ്; എന്നാൽ അതിലും മഹത്തരമാണ് ആത്മികാഭ്യസനം. കാരണം, ഐഹികജീവിതത്തിലും വരാനുള്ള ജീവിതത്തിലും അതുമൂലം പ്രയോജനങ്ങൾ വരുമെന്നുള്ള വാഗ്ദാനമുണ്ടല്ലോ. 9 ഇത് തികച്ചും സ്വീകാര്യവും വിശ്വാസയോഗ്യവുമായ വചനമാണ്. 10 ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് നാം പരിശ്രമിക്കുകയും പോരാടുകയുംചെയ്യുന്നത്. എല്ലാ മനുഷ്യരുടെയും, വിശിഷ്യ വിശ്വാസികളുടെയും, രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ നാം പ്രത്യാശ അർപ്പിച്ചിരിക്കുന്നു.

  10. 1 ശിക്ഷണം ഇഷ്ടപ്പെടുന്നവർ പരിജ്ഞാനം ഇഷ്ടപ്പെടുന്നു,

    എന്നാൽ ശാസന വെറുക്കുന്നവർ മണ്ടന്മാരാണ്.

  11. 15 ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിലൂടെ രക്ഷനേടുന്നതിന് ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതലേ അറിഞ്ഞിരിക്കുന്നല്ലോ. 16 എല്ലാ തിരുവെഴുത്തും ദൈവനിശ്വസിതമാണ്; അത് ഉപദേശിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയുക്തമായ ജീവിതം അഭ്യസിപ്പിക്കാനും പ്രയോജനപ്രദമാണ്. 17 അങ്ങനെ ദൈവമനുഷ്യൻ നൈപുണ്യമുള്ളവനായി സകലസൽപ്രവൃത്തികൾക്കും സുസജ്ജനായിത്തീരുന്നു.

  12. 5 ഒരു മനുഷ്യൻ തന്റെ പുത്രന് ബാലശിക്ഷ നൽകി വളർത്തുന്നതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ശിക്ഷണത്തിൽ വളർത്തുന്നു എന്നു നിങ്ങൾ ഹൃദയത്തിൽ ഗ്രഹിക്കണം.

    6 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിച്ച്, അവിടത്തെ വഴികളിൽ നടന്ന് അവിടത്തെ ഭയപ്പെടണം.

  13. 20 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിക്കുക

    നിന്റെ മാതാവിന്റെ ഉപദേശം ഉപേക്ഷിക്കുകയും ചെയ്യരുത്.

    21 അവ എപ്പോഴും നിന്റെ ഹൃദയത്തോടു ചേർത്തുബന്ധിക്കുക;

    അവ നിന്റെ കഴുത്തിനുചുറ്റും ഉറപ്പിക്കുക.

    22 നീ നടക്കുമ്പോൾ അവ നിനക്കു വഴികാട്ടും;

    നീ ഉറങ്ങുമ്പോൾ അവ നിനക്കു കാവലാളായിരിക്കും;

    നീ ഉണരുമ്പോൾ അവ നിന്നെ ഉപദേശിക്കും.

    23 കാരണം ഈ കൽപ്പന ഒരു ദീപവും

    ഈ ഉപദേശം ഒരു പ്രകാശവും ആകുന്നു,

    ശിക്ഷണത്തിനുള്ള ശാസനകൾ

    ജീവന്റെ മാർഗംതന്നെ,

  14. 6 അതുകൊണ്ട് എന്റെ കൈവെപ്പിലൂടെ, നിനക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനം പുനരുജ്വലിപ്പിക്കണമെന്നു ഞാൻ നിന്നെ ഓർമിപ്പിക്കുന്നു. 7 ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവ് ഭീരുത്വത്തിന്റേതല്ല; പിന്നെയോ, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയുമാണ്.

  15. 17 “നോക്കൂ, ദൈവം ശാസിക്കുന്ന മനുഷ്യൻ എത്ര അനുഗ്രഹിക്കപ്പെട്ടവൻ;

    അതിനാൽ സർവശക്തന്റെ ശിക്ഷണം നീ നിന്ദിക്കരുത്.

    18 അവിടന്ന് മുറിവേൽപ്പിക്കുകയും അവിടന്നുതന്നെ മുറിവുകെട്ടുകയും ചെയ്യുന്നു;

    അവിടന്ന് പ്രഹരിക്കുകയും അവിടത്തെ കരം സൗഖ്യം നൽകുകയുംചെയ്യുന്നു.

  16. 12 യഹോവേ, അവിടന്ന് ശിക്ഷിക്കുന്നവർ അനുഗൃഹീതർ,

    അങ്ങയുടെ ന്യായപ്രമാണത്തിൽനിന്ന് അവിടന്ന് പഠിപ്പിക്കുന്നവർതന്നെ.

    13 അവിടന്ന് അവർക്ക് ദുരിതദിനങ്ങളിൽ സ്വസ്ഥത നൽകുന്നു,

    ദുഷ്ടർക്കുവേണ്ടി ഒരു കുഴി കുഴിക്കപ്പെടുന്നതുവരെ.

    14 കാരണം യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല;

    അവിടന്ന് തന്റെ അവകാശത്തെ ഉപേക്ഷിക്കുകയുമില്ല.

  17. 18 പ്രതീക്ഷയുള്ളിടത്തോളം നിന്റെ മക്കളെ ശിക്ഷണത്തിൽ വളർത്തുക;

    അവർ നശിച്ചുപോകട്ടെയെന്ന് ആഗ്രഹിക്കരുത്.

  18. 1 നിങ്ങൾക്കിടയിൽ, നിഷിദ്ധസംഗമം ഉള്ളതായി വാസ്തവമായും കേൾക്കുന്നു: ഒരാൾ തന്റെ പിതാവിന്റെ ഭാര്യയെ സ്വന്തമാക്കിയിരിക്കുന്നു. ഇത് യെഹൂദേതരരുടെ മധ്യത്തിൽപോലും ഇല്ലാത്ത ദുർനടപ്പാണ്. 2 എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! നിങ്ങൾ വിലപിച്ച് അതു പ്രവർത്തിച്ചവനെ നിങ്ങൾക്കിടയിൽനിന്ന് പുറത്താക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? 3 ഞാൻ ശാരീരികമായി നിങ്ങളോടൊപ്പം ഇല്ലെങ്കിലും ആത്മാവിൽ നിങ്ങളോടൊപ്പമുണ്ട്. ഇതു പ്രവർത്തിച്ചവനെ ആത്മികമായി നിങ്ങളോടൊപ്പമുള്ള ഒരാളെപ്പോലെ ഞാൻ നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നേരത്തേതന്നെ വിധിച്ചിരിക്കുന്നു. 4 നിങ്ങൾ അവിടത്തെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോൾ, ആത്മാവിൽ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തി സന്നിഹിതമായിരിക്കുകയും ചെയ്യുമ്പോൾതന്നെ, 5 ഈ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കുക. അങ്ങനെ അയാളുടെ ജഡസ്വഭാവം പൂർണമായി നശിപ്പിക്കപ്പെട്ടിട്ട് ആത്മാവ് കർത്താവിന്റെ ദിവസത്തിൽ രക്ഷപ്പെടാൻ ഇടയാകട്ടെ.

  19. 14 ഈ ലേഖനത്തിൽ ഞങ്ങൾ നൽകുന്ന നിർദേശം അനുസരിക്കാൻ വിസമ്മതിക്കുന്ന ഏതൊരാളിനെയും പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെയുള്ള ആളുകളുമായി സമ്പർക്കം പുലർത്തരുത്. അപ്പോൾ അവർ ലജ്ജിതരാകും. 15 എന്നിരുന്നാലും, അവരെ ഒരു ശത്രുവായി കണക്കാക്കാതെ ഒരു സഹവിശ്വാസി എന്നനിലയിൽ ഗുണദോഷിക്കുകയാണ് വേണ്ടത്.

  20. 19 “ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കയും ശിക്ഷിക്കുകയുംചെയ്യുന്നു. അതുകൊണ്ട് ആത്മാർഥതയോടെ പശ്ചാത്തപിക്കുക.

  21. 18 എന്റെ മകനേ, തിമോത്തിയോസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്ക് അനുസൃതമായിട്ടാണ് ഈ നിർദേശം ഞാൻ നിനക്കു നൽകുന്നത്. 19 അതു തിന്മയെ പ്രതിരോധിച്ച് ഉത്തമപടയാളിയായി നിന്റെ വിശ്വാസവും നല്ല മനസ്സാക്ഷിയും നിലനിർത്തി യുദ്ധസേവ ചെയ്യുന്നതിന് സഹായിക്കട്ടെ. ചിലർ ഇവ ഉപേക്ഷിച്ച് അവരുടെ വിശ്വാസം പൂർണമായി തകർത്തുകളഞ്ഞു. 20 ഇക്കൂട്ടത്തിൽപ്പെട്ടവരാണ് ഹുമനയൊസും അലെക്സന്തറും. അവർ ദൈവദൂഷണത്തിൽനിന്നു പിന്തിരിയാൻ പഠിക്കേണ്ടതിനാണ് ഞാൻ അവരെ സാത്താന് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നത്.

  22. 19 രണ്ടോ മൂന്നോ സാക്ഷികളുടെ പിൻബലമില്ലാതെ ഒരു സഭാമുഖ്യനെതിരേ ആരോപണം ഉന്നയിക്കരുത്. 20 എന്നാൽ പാപംചെയ്യുന്ന സഭാമുഖ്യന്മാരെ പരസ്യമായി കുറ്റവിചാരണ നടത്തുക. ഇത് മറ്റുള്ളവർക്ക് അതിശക്തമായ ഒരു മുന്നറിയിപ്പായിരിക്കും. 21 ഈ നിർദേശങ്ങൾ നീ മുൻവിധിയോ പക്ഷഭേദമോകൂടാതെ പാലിക്കണമെന്ന് ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോട് ആജ്ഞാപിക്കുന്നു.

    22 ഒരാളെ സഭാമുഖ്യനായി നിയോഗിക്കുന്നതിൽ തിടുക്കം കാട്ടരുത്. അന്യരുടെ പാപങ്ങളിൽ പങ്കാളിയാകുകയും അരുത്. നിന്നെത്തന്നെ നിർമലമായി സൂക്ഷിക്കുക.

  23. 6 കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക,

    വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.

  24. 15 “അതുകൊണ്ട് നിന്റെ സഹോദരങ്ങൾ നിനക്കെതിരേ പാപംചെയ്താൽ നിങ്ങൾ ഇരുവരുംമാത്രം ഉള്ളപ്പോൾ നീ ചെന്ന് ആ ആളിനെ തെറ്റ് ബോധ്യപ്പെടുത്തുക. അയാൾ നിന്റെ വാക്കുകേട്ടാൽ നീ അയാളെ നേടി; 16 കേൾക്കുന്നില്ലെങ്കിലോ, നിന്റെകൂടെ ഒന്നോ രണ്ടോപേരെ കൂട്ടിക്കൊണ്ടുപോകുക. ‘രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും നിജസ്ഥിതി ഉറപ്പാകുമല്ലോ.’ 17 അവരെയും കേൾക്കുന്നില്ലെങ്കിൽ, വിവരം സഭയെ അറിയിക്കുക. അയാൾ സഭയെയും തിരസ്കരിച്ചാൽ; ആ മനുഷ്യനോടുള്ള നിന്റെ പെരുമാറ്റം, യെഹൂദേതരനോടോ നികുതിപിരിക്കുന്ന വ്യക്തിയോടോ എന്നപോലെ ആയിരിക്കട്ടെ.

  25. 2 മനുഷ്യർക്കു ജ്ഞാനവും ശിക്ഷണവും നേടുന്നതിനും

    വിവേകവചനങ്ങൾ ഗ്രഹിക്കുന്നതിനും;

    3 പരിജ്ഞാനത്തോടെയുള്ള പെരുമാറ്റം, നീതി, ന്യായം, ഔചിത്യം

    എന്നിവയ്ക്കുള്ള പ്രബോധനം ലഭിക്കാനും;

    4 ലളിതമാനസർക്കു കാര്യപ്രാപ്തിയും,

    യുവാക്കൾക്കു പരിജ്ഞാനവും വകതിരിവും പ്രദാനംചെയ്യുന്നതിനും—

    5 ഈ സുഭാഷിതങ്ങൾ കേട്ട് ജ്ഞാനി തന്റെ അറിവ് വർധിപ്പിക്കുന്നതിനും

    വിവേകികൾ മാർഗദർശനം നേടുന്നതിനും—

    6 സുഭാഷിതങ്ങളും സാദൃശ്യകഥകളും

    സൂക്തങ്ങളും കടങ്കഥകളും ഗ്രഹിക്കുന്നതിനും

    ഇവ പ്രയോജനപ്രദമാകും.

    7 യഹോവാഭക്തി പരിജ്ഞാനത്തിന്റെ ഉറവിടമാകുന്നു

    എന്നാൽ ഭോഷർ ജ്ഞാനവും ശിക്ഷണവും നിരാകരിക്കുന്നു.

    ജ്ഞാനം സമ്പാദിക്കുന്നതിനുള്ള ആഹ്വാനം

    8 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ ശിക്ഷണം ശ്രദ്ധിക്കുകയും

    നിന്റെ മാതാവിന്റെ ഉപദേശം അവഗണിക്കുകയും അരുത്.

  26. 1 ജ്ഞാനമുള്ള മകൻ തന്റെ പിതാവിന്റെ ശിക്ഷണത്തിനു ശ്രദ്ധനൽകുന്നു,

    എന്നാൽ പരിഹാസി ശാസന ഗൗനിക്കുന്നില്ല.

  27. 18 ശിക്ഷണം നിരസിക്കുന്നവർ അപമാനത്തിനും ദാരിദ്ര്യത്തിനും ഇരയാകുന്നു,

    എന്നാൽ ശാസന അംഗീകരിക്കുന്നവരോ, ബഹുമാനിതരാകും.

  28. 31 നാം നമ്മെത്തന്നെ വിധിക്കുന്നെങ്കിൽ നാം വിധിക്കപ്പെടുകയില്ല. 32 നാം ലോകത്തോടൊപ്പം ന്യായവിധിയിൽ അകപ്പെടാതിരിക്കാനായി ഒരു പിതാവ് മക്കളെ എന്നപോലെ ശിക്ഷിക്കുന്നതാണ് കർത്താവ് നമുക്ക് ഇപ്പോൾ നൽകുന്ന ന്യായവിധി.

  29. 1 സഹോദരങ്ങളേ, ആരെങ്കിലും പാപത്തിൽ പിടിക്കപ്പെടുകയാണെങ്കിൽ, ആത്മികരായ നിങ്ങളാണ് ആ വ്യക്തിയെ സൗമ്യമായി പുനരുദ്ധരിക്കേണ്ടത്. നിങ്ങളും പാപത്തിന്റെ പ്രലോഭനത്തിൽ അകപ്പെട്ടുപോകാതിരിക്കാൻ സൂക്ഷിക്കുക. 2 പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ കൽപ്പനകൾ പാലിക്കുക. 3 ഒരു വ്യക്തി, ആരുമല്ലാതിരിക്കെ, താൻ ആരോ ആണെന്നു ചിന്തിക്കുന്നെങ്കിൽ, അയാൾ സ്വയം വഞ്ചിക്കുകയാണ്. 4 ഓരോരുത്തരും സ്വന്തം പ്രവൃത്തികളെ വിലയിരുത്തട്ടെ. അങ്ങനെയുള്ളവർക്ക് തങ്ങളെ മറ്റാരുമായും താരതമ്യംചെയ്യാതെ സ്വയം അഭിമാനിക്കാൻ കഴിയും. 5 ഓരോരുത്തരും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്.

  30. 10 തെറ്റുകൾ തിരുത്തുന്നതിനായി അവിടന്ന് അവരുടെ കാതുകൾ തുറക്കുന്നു;

    തിന്മയിൽനിന്ന് മടങ്ങിവരാൻ അവരോട് ആജ്ഞാപിക്കുന്നു.

  31. 17 ശിക്ഷണം സ്വീകരിക്കുന്നവർ ജീവന്റെ പാതയിലാണ്,

    എന്നാൽ ശാസന നിരസിക്കുന്നവർ വഴിതെറ്റിപ്പോകുന്നു.

  32. 2 ഇന്നു നിങ്ങൾ ഓർക്കുക: നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷണം, അവിടത്തെ മഹത്ത്വം, അവിടത്തെ ശക്തിയുള്ള കരം, അവിടത്തെ നീട്ടിയ ഭുജം എന്നിവ കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നത്. 3 ഈജിപ്റ്റിൽവെച്ച് അവിടത്തെ രാജാവായ ഫറവോനോടും അവന്റെ രാജ്യത്തോടു മുഴുവനും അവിടന്നു പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങളും; 4 ഈജിപ്റ്റിന്റെ സൈന്യത്തോടും അവിടത്തെ കുതിരകളോടും രഥങ്ങളോടും ചെയ്ത കാര്യങ്ങളും അവർ നിങ്ങളെ പിൻതുടർന്നപ്പോൾ ചെങ്കടലിലെ വെള്ളം അവരുടെമീതേ ഒഴുക്കിയതും ഇന്ന് കാണുംപോലെ യഹോവ അവരെ പരിപൂർണമായി നശിപ്പിച്ചതും നിങ്ങൾ ഓർക്കണം. 5 നിങ്ങൾ ഇവിടെ എത്തുന്നതുവരെ മരുഭൂമിയിൽ അവിടന്ന് നിങ്ങൾക്കുവേണ്ടി ചെയ്തതും 6 അവിടന്ന് രൂബേന്റെ പിൻഗാമികളിലുള്ള എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും പ്രവർത്തിച്ചതും എല്ലാ ഇസ്രായേലിന്റെയും മധ്യത്തിൽവെച്ച് ഭൂമി വായ്‌പിളർന്ന് അവരെയും കുടുംബാംഗങ്ങളെയും കൂടാരങ്ങളെയും അവർക്കുണ്ടായിരുന്ന ജീവനുള്ള സകലതിനെയും വിഴുങ്ങിയതും നിങ്ങളുടെ മക്കളല്ലല്ലോ കണ്ടത്. 7 എന്നാൽ യഹോവ ചെയ്ത ഈ വൻകാര്യങ്ങളെല്ലാം നിങ്ങൾ സ്വന്തം കണ്ണാൽത്തന്നെ കണ്ടിരിക്കുന്നു.

  33. 75 യഹോവേ, അവിടത്തെ നിയമങ്ങൾ നീതിനിഷ്ഠമായവയാണെന്ന് എനിക്കറിയാം,

    അവിടത്തെ വിശ്വസ്തതനിമിത്തമാണ് അങ്ങ് എന്നെ കഷ്ടപ്പെടുത്തിയതെന്നും എനിക്കറിയാം.

  34. 23 സ്വയനിയന്ത്രണമില്ലായ്കയാൽ അവർ മൃതിയടയുന്നു,

    മഹാഭോഷത്തത്താൽ അവർ വഴിപിഴച്ചുപോകുന്നു.

  35. 32 ശിക്ഷണം നിരാകരിക്കുന്നവർ സ്വയനിന്ദയ്ക്ക് ഇരയാകുന്നു,

    എന്നാൽ ശാസന ശ്രദ്ധിക്കുന്നവർ വിവേകപൂർണനാണ്.

  36. 3 അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; 4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. 5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.

  37. 17 സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അപേക്ഷിക്കട്ടെ: നിങ്ങൾ പഠിച്ച ഉപദേശസത്യങ്ങൾക്ക് എതിരായുള്ളവ ഉപദേശിച്ച് ഭിന്നതയും വിശ്വാസജീവിതത്തിനു തടസ്സവും സൃഷ്ടിക്കുന്നവരെ സൂക്ഷിക്കുക. അവരുമായുള്ള ബന്ധം ഒഴിവാക്കുക. 18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനല്ല, സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരാണ്. മധുരഭാഷണത്തിലൂടെയും മുഖസ്തുതിയിലൂടെയും നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ അവർ വശീകരിച്ചു വഞ്ചിക്കുന്നു.

  38. 9 അസാന്മാർഗിക ജീവിതം നയിക്കുന്നവരോടു സംസർഗം പാടില്ല എന്നു ഞാൻ എന്റെ കത്തിൽ എഴുതിയിരുന്നല്ലോ. 10 സഭയ്ക്കു പുറത്തുള്ള അസാന്മാർഗികൾ, അത്യാഗ്രഹികൾ, വഞ്ചകർ, വിഗ്രഹാരാധകർ എന്നിവരെയല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ആയാൽ നിങ്ങൾ ഈ ലോകംതന്നെ വിട്ടുപോകേണ്ടിവരും. 11 സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് ഒരുവിധത്തിലും ഇടകലരരുത്. അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്.

    12 സഭയ്ക്കു പുറത്തുള്ളവരെ വിധിക്കാൻ എനിക്കെന്തു കാര്യം? അകത്തുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്? 13 പുറത്തുള്ളവരെ വിധിക്കുന്നത് ദൈവമാണ്. “ആ ദുഷിച്ചവനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക.”

  39. 1 ഇപ്പോൾ മൂന്നാംതവണയാണു ഞാൻ നിങ്ങളെ സന്ദർശിക്കാൻ പോകുന്നത്. “രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും സത്യാവസ്ഥ ഉറപ്പാക്കേണ്ടതാണ്.” 2-3 ഞാൻ രണ്ടാംപ്രാവശ്യം നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ പാപത്തിൽ തുടരുന്നവരെ ഒരുപ്രാവശ്യം താക്കീതുചെയ്തതാണ്; അതുതന്നെ ഞാൻ ദൂരത്തിരുന്നുകൊണ്ടും ആവർത്തിക്കുന്നു: ഇനി വരുമ്പോൾ മുമ്പേ പാപംചെയ്തവരോടും മറ്റാരോടുംതന്നെ ഒരു ദാക്ഷിണ്യവും കാണിക്കുകയില്ല. ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് നിങ്ങൾ ആവശ്യപ്പെട്ട തെളിവായിരിക്കും അത്. ബലഹീനനായിട്ടല്ല ക്രിസ്തു നിങ്ങളെ കൈകാര്യംചെയ്യാൻ പോകുന്നത്, ശക്തനായിത്തന്നെയാണ്!

  40. 10 അന്തഃഛിദ്രം ഉണ്ടാക്കുന്ന വ്യക്തിയെ ഒന്നുരണ്ടുതവണ ഗുണദോഷിച്ചശേഷം ഒഴിവാക്കുക. 11 വഴിതെറ്റിക്കുന്നവനും പാപത്തിൽ ആണ്ടുപോയവനും എന്ന് അയാൾ സ്വയം വിധിച്ചിരിക്കുന്നതായി നിനക്കറിയാമല്ലോ.

  41. 17 നിങ്ങളെ നയിക്കുന്നവരെ അനുസരിച്ച് അവർക്കു വിധേയരാകുക. അവർ ദൈവത്തിനുമുമ്പിൽ തങ്ങളുടെ ശുശ്രൂഷയെപ്പറ്റി കണക്കു ബോധിപ്പിക്കേണ്ടവർ ആയതുകൊണ്ട് നിങ്ങളുടെ പ്രാണനെ അതീവജാഗ്രതയോടെ പരിരക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇതു ഭാരമായിട്ടല്ല, ആനന്ദത്തോടുകൂടിയാണ് അവർ ചെയ്യുന്നത്, അല്ലാത്തപക്ഷം നിങ്ങൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.