74 Bible Verses About Repentance

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Repentance
  1. 36 “അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനം മുഴുവനും നിസ്സന്ദേഹം അറിഞ്ഞുകൊള്ളട്ടെ.”

    37 ഇതു കേട്ട ജനം ഹൃദയത്തിൽ മുറിവേറ്റവരായി പത്രോസിനോടും മറ്റ് അപ്പൊസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു.

    38 പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്കു മടങ്ങുകയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുകയുംചെയ്യുക; അപ്പോൾ നിങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടും, പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കു ലഭിക്കും. 39 നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവർക്കുംവേണ്ടി ഉള്ളതാണ് ഈ വാഗ്ദാനം—നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംമാത്രമല്ല, വിദൂരസ്ഥരായ എല്ലാവർക്കുംകൂടിയാണ്.”

    40 ഇതുമാത്രമല്ല, മറ്റനേകം വാക്കുകളിലൂടെ പത്രോസ് അവർക്കു സാക്ഷ്യം നൽകുകയും “വക്രതയുള്ള ഈ തലമുറയിൽനിന്നു രക്ഷിക്കപ്പെടുക,” എന്നു പ്രബോധിപ്പിക്കുകയും ചെയ്തു. 41 അദ്ദേഹത്തിന്റെ സന്ദേശം അംഗീകരിച്ചവർ സ്നാനം സ്വീകരിച്ചു. അന്നു മൂവായിരത്തോളംപേർ അവരോടു ചേർന്നു.

  2. 18 എന്നാൽ ദൈവത്തിന്റെ ക്രിസ്തു ഇവയെല്ലാം സഹിക്കുമെന്ന് എല്ലാ പ്രവാചകന്മാരുടെയും അധരങ്ങളിലൂടെ മുൻകൂട്ടി അരുളിച്ചെയ്തത് ഇങ്ങനെ ദൈവം പൂർത്തീകരിച്ചു. 19 ഇപ്പോൾ നിങ്ങളുടെ പാപങ്ങൾ മായിക്കപ്പെടേണ്ടതിന് അവ ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയുക; 20 അങ്ങനെ കർത്താവിന്റെ സന്നിധിയിൽനിന്ന് ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ക്രിസ്തു എന്ന യേശുവിനെ അവിടന്ന് അയയ്ക്കുകയും ചെയ്യും. 21 ആരംഭംമുതൽതന്നെ തന്റെ വിശുദ്ധപ്രവാചകന്മാരുടെ അധരങ്ങളിലൂടെ ദൈവം വാഗ്ദാനംചെയ്തിട്ടുള്ളതെല്ലാം അവിടന്ന് പുനഃസ്ഥാപിക്കുന്ന കാലംവരെ യേശു സ്വർഗത്തിൽത്തന്നെ തുടരേണ്ടതാകുന്നു.

  3. 17 “അപ്പോൾ അവനു ബോധം തെളിഞ്ഞു: ‘എന്റെ പിതാവിന്റെ എത്രയോ വേലക്കാർ മൃഷ്ടാന്നഭോജനം കഴിഞ്ഞ് ബാക്കിവെക്കുന്നു; ഞാനോ ഇവിടെ പട്ടിണികിടന്ന് മരിക്കാൻ തുടങ്ങുന്നു.’ 18 ഞാൻ പുറപ്പെട്ട് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന് പിതാവിനോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; 19 ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല; ഇവിടത്തെ കൂലിവേലക്കാരിൽ ഒരുത്തനെപ്പോലെ എന്നെ സ്വീകരിക്കണമേ’ എന്നു പറയും. 20 അങ്ങനെ, അയാൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ അടുത്തേക്കു യാത്രയായി.

    “വളരെ ദൂരെവെച്ചുതന്നെ പിതാവ് അവനെ കണ്ടു, അവനോടു സഹതാപം തോന്നി; അദ്ദേഹം ഓടിച്ചെന്ന് അവനെ ആലിംഗനംചെയ്തു ചുംബിച്ചു.

    21 “ആ മകൻ അദ്ദേഹത്തോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല’ എന്നു പറഞ്ഞു.

  4. 8 എന്റെ ലേഖനത്താൽ ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചു; അതിൽ എനിക്കു ഖേദം തൊന്നിയിരുന്നെങ്കിലും ഇപ്പോൾ ഞാൻ അതെക്കുറിച്ച് ഖേദിക്കുന്നില്ല. ആ ലേഖനം നിങ്ങളെ അൽപ്പസമയത്തേക്കു മുറിപ്പെടുത്തി എന്നു ഞാൻ മനസ്സിലാക്കുന്നു. 9 എന്നാൽ, ഇപ്പോൾ ഞാൻ ആനന്ദിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിലല്ല, ആ ദുഃഖം നിങ്ങളെ മാനസാന്തരത്തിലേക്കു നയിച്ചു എന്നതിലാണ് എന്റെ ആനന്ദം. ദൈവഹിതപ്രകാരം നിങ്ങൾ അനുതപിച്ചതിനാൽ ഞങ്ങൾമൂലം നിങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടായില്ല. 10 ദൈവഹിതപ്രകാരമുള്ള അനുതാപം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരം ഉണ്ടാക്കുന്നു; അതിനെപ്പറ്റി ഖേദിക്കേണ്ടിവരുന്നില്ല. എന്നാൽ, ലൗകികമായ അനുതാപം മരണത്തിലേക്കു നയിക്കുന്നതാണ്. 11 ദൈവികമായ ഈ ദുഃഖം നിങ്ങളിൽ ഉത്സാഹം, നിരപരാധിത്വം തെളിയിക്കാനുള്ള ശുഷ്കാന്തി, ധാർമികരോഷം, ഭയം, അഭിവാഞ്ഛ, തീക്ഷ്ണത, നീതിബോധം തുടങ്ങിയവയെല്ലാം എത്രയധികം ഉളവാക്കി എന്നറിയുക. ഇവയാൽ നിങ്ങൾ നിഷ്കളങ്കരെന്നു സ്വയം തെളിയിച്ചിരിക്കുന്നു. 12 ഞാൻ ആ കത്ത് നിങ്ങൾക്ക് എഴുതിയത് ആ ദ്രോഹം പ്രവർത്തിച്ച വ്യക്തിയെയോ ദ്രോഹം സഹിച്ച വ്യക്തിയെയോ ഉദ്ദേശിച്ച് ആയിരുന്നില്ല; പിന്നെയോ, ഞങ്ങളോടു നിങ്ങൾക്കുള്ള സ്നേഹാദരങ്ങൾ എത്രയെന്നു ദൈവസന്നിധിയിൽ, നിങ്ങൾക്കുതന്നെ കണ്ടു മനസ്സിലാക്കാൻവേണ്ടി ആയിരുന്നു.

  5. 27 ദുഷ്ടർ തങ്ങൾചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് ന്യായവും നീതിയും പ്രവർത്തിക്കുന്നെങ്കിൽ, അവർ തങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് ചെയ്യുന്നത്. 28 തങ്ങൾചെയ്ത എല്ലാ അകൃത്യങ്ങളെയുംകുറിച്ച് പരിതപിച്ച് അവ ഉപേക്ഷിച്ചിരിക്കുകയാൽ അവർ ജീവിക്കും, നിശ്ചയം; അവർ മരിക്കുകയില്ല. 29 എന്നിട്ടും ഇസ്രായേൽജനം ‘കർത്താവിന്റെ വഴി നീതിയുക്തമല്ല,’ എന്നു പറയുന്നു. ഇസ്രായേൽജനമേ, എന്റെ വഴികൾ നീതിയുക്തമല്ലാത്തതോ? നിങ്ങളുടെ വഴികളല്ലേ നീതിയുക്തമല്ലാത്തത്?

    30 “അതിനാൽ ഇസ്രായേൽജനമേ, നിങ്ങളിൽ ഓരോരുത്തരെയും താന്താങ്ങളുടെ നടപ്പനുസരിച്ച് ഞാൻ ന്യായം വിധിക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. അനുതപിക്കുക! പാപം നിങ്ങളുടെ തകർച്ചയ്ക്ക് കാരണമായിത്തീരാതിരിക്കേണ്ടതിന് നിങ്ങളുടെ എല്ലാ അകൃത്യങ്ങളിൽനിന്നും പിന്തിരിയുക. 31 നിങ്ങൾ ചെയ്ത എല്ലാ അതിക്രമങ്ങളും ഉപേക്ഷിച്ചുകളയുക. നിങ്ങൾക്ക് ഒരു പുതിയ ഹൃദയവും പുതിയ ആത്മാവും നേടിക്കൊൾക. ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കുന്നു? 32 കാരണം ആരുടെയും മരണത്തിൽ ഞാൻ സന്തുഷ്ടനല്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; അതിനാൽ മാനസാന്തരപ്പെട്ട് ജീവിച്ചുകൊൾക.

  6. 1 ദൈവാലയത്തിൽ യാഗം അർപ്പിച്ചുകൊണ്ടിരുന്ന ചില ഗലീലക്കാരെ പീലാത്തോസ് കൊലചെയ്യിച്ച വാർത്ത ഈ സന്ദർഭത്തിൽ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ യേശുവിനെ അറിയിച്ചു. 2 അതുകേട്ട യേശു ഇങ്ങനെ പ്രതിവചിച്ചു: “ഈ ഗലീലക്കാർക്ക് ഇതു സംഭവിച്ചതുകൊണ്ട് ഗലീലയിലെ മറ്റെല്ലാവരെക്കാളും അവർ പാപികളാണെന്നു നിങ്ങൾ ചിന്തിക്കുന്നോ? 3 നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 4 ശീലോഹാമിലെ ഗോപുരം തകർന്നുവീണപ്പോൾ അതിനടിയിൽപ്പെട്ടു മരിച്ച ആ പതിനെട്ടുപേർ ജെറുശലേമിൽ താമസിച്ചിരുന്ന മറ്റെല്ലാവരെക്കാളും വലിയ കുറ്റവാളികളെന്നു നിങ്ങൾ കരുതുന്നോ? 5 നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

  7. 1-2 ആ നാളുകളിൽ യോഹന്നാൻസ്നാപകൻ യെഹൂദ്യ മരുഭൂമിയിൽ എത്തി, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിച്ചു.

    3 “ ‘കർത്താവിന്റെ വഴിയൊരുക്കുക;

    അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക’

    എന്ന് മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം,”

    എന്ന് യെശയ്യാപ്രവാചകൻ പ്രസ്താവിച്ചത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു.

  8. 14 യോഹന്നാൻസ്നാപകൻ കാരാഗൃഹത്തിലായതിനുശേഷം യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഗലീലയിൽ വന്നു. 15 “സമയം പൂർത്തിയായിരിക്കുന്നു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; നിങ്ങളുടെ പാപങ്ങളിൽനിന്ന് മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക!” എന്നിങ്ങനെയായിരുന്നു യേശുവിന്റെ പ്രസംഗം.

  9. 29 “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കുകയാൽ, സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ ശില്പചാതുരിയോടെ മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു രൂപത്തോടു സദൃശനാണ് ദൈവം എന്നു നാം ചിന്തിക്കാൻ പാടില്ല. 30 കഴിഞ്ഞകാലങ്ങളിൽ ദൈവം അങ്ങനെയുള്ള അജ്ഞതയെ അവഗണിച്ചിരുന്നു; എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള എല്ലാവരും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയണമെന്ന് അവിടന്ന് ആജ്ഞാപിക്കുന്നു. 31 അവിടന്ന് നിയോഗിച്ചിട്ടുള്ള ഒരു മനുഷ്യനാൽത്തന്നെ ലോകത്തെ ന്യായംവിധിക്കാൻ ഒരു ദിവസം ദൈവം നിശ്ചയിച്ചിരിക്കുന്നു. ദൈവം നിയോഗിച്ച ആ മനുഷ്യനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ, ഇതിനുള്ള വ്യക്തമായ നിദർശനം നമുക്കു നൽകിയിരിക്കുന്നു.”

  10. 9 അവിടത്തെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കർത്താവ് കാലവിളംബം വരുത്തുന്നില്ല; അവിടന്ന് നിങ്ങളോട് ദീർഘക്ഷമ കാണിക്കുകയാണ്. ഒരു വ്യക്തിപോലും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്ക് വരണമെന്നാണ് അവിടത്തെ ആഗ്രഹം.

  11. 46 അദ്ദേഹം അവരോട് തുടർന്നു പറഞ്ഞത്, “ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: ക്രിസ്തു യാതനകൾ സഹിച്ച് മരിക്കുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും 47 ജെറുശലേമിൽ ആരംഭിച്ച് സകലജനതകളോടും അവിടത്തെ നാമത്തിൽ മാനസാന്തരവും പാപമോചനവും പ്രസംഗിക്കപ്പെടുകയും വേണം. 48 ഈ കാര്യങ്ങൾക്കു നിങ്ങൾ സാക്ഷികൾ ആകുന്നു.

  12. 19 “അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗീയദർശനത്തോട് അനുസരണക്കേടുകാണിച്ചില്ല. 20 ഒന്നാമത് ദമസ്കോസിലുള്ളവരോടും പിന്നെ ജെറുശലേംനഗരത്തിലും യെഹൂദ്യപ്രദേശത്തെങ്ങുമുള്ളവരോടും തുടർന്ന് യെഹൂദേതരരോടും അവർ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയണമെന്നും, അവരുടെ മാനസാന്തരം പ്രവൃത്തികളിലൂടെ തെളിയിക്കണമെന്നും ഞാൻ പ്രസംഗിച്ചു.

  13. 15 “ഞാൻ സംസാരിച്ചുതുടങ്ങിയപ്പോൾ പരിശുദ്ധാത്മാവ് ആരംഭത്തിൽ നമ്മുടെമേൽ വന്നതുപോലെതന്നെ അവരുടെമേലും വന്നു. 16 അപ്പോൾ, ‘യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ നിങ്ങൾക്കോ, പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും’ എന്ന് കർത്താവ് പറഞ്ഞ വാക്ക് എനിക്ക് ഓർമ വന്നു. 17 അതുകൊണ്ട് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച നമുക്ക് ദൈവം തന്ന അതേ ദാനം അവർക്കും നൽകിയെങ്കിൽ, ദൈവത്തോട് എതിർത്തുനിൽക്കാൻ ഞാനാര്?”

    18 ഇതു കേട്ടുകഴിഞ്ഞപ്പോൾ, അവർ വിമർശനം അവസാനിപ്പിച്ചു. “ജീവനിലേക്കു നയിക്കുന്ന മാനസാന്തരം ദൈവം യെഹൂദേതരർക്കും നൽകിയിരിക്കുന്നല്ലോ” എന്നു പറഞ്ഞ് അവർ ദൈവത്തെ സ്തുതിച്ചു.

  14. 4 “ ‘ശ്രദ്ധിച്ചുകേൾക്കുക; ഞാൻ സംസാരിക്കും.

    ഞാൻ ചോദ്യങ്ങൾ ചോദിക്കും;

    നീ ഉത്തരം നൽകണം,’ എന്ന് അവിടന്ന് അരുളിച്ചെയ്തല്ലോ.

    5 അങ്ങയെക്കുറിച്ച് എന്റെ കാതുകളാൽ ഞാൻ കേൾക്കുകമാത്രമേ ചെയ്തിരുന്നുള്ളൂ;

    എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ ദർശിച്ചല്ലോ.

    6 അതിനാൽ ഞാൻ സ്വയം വെറുത്ത്

    പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു.”

  15. 7 തന്നിൽനിന്ന് സ്നാനം സ്വീകരിക്കാൻ വന്ന ജനസഞ്ചയത്തോട് യോഹന്നാൻ വിളിച്ചുപറഞ്ഞു, “അണലിക്കുഞ്ഞുങ്ങളേ! വരാൻപോകുന്ന ക്രോധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്? 8 മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക. ‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. കാരണം ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും. 9 ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.”

    10 അപ്പോൾ ജനമെല്ലാം ഏകസ്വരത്തിൽ, “ഞങ്ങൾ എന്താണു ചെയ്യേണ്ടത്?” എന്നു ചോദിച്ചു.

    11 അതിനു യോഹന്നാൻ, “രണ്ട് ഉടുപ്പുള്ളയാൾ ഉടുപ്പൊന്നും ഇല്ലാത്തയാൾക്ക് ഒരുടുപ്പ് കൊടുക്കട്ടെ; ഭക്ഷണമുള്ള വ്യക്തിയും അങ്ങനെതന്നെ ചെയ്യട്ടെ” എന്ന് ഉത്തരം പറഞ്ഞു.

    12 നികുതിപിരിവുകാരും സ്നാനം സ്വീകരിക്കാൻ വന്നു. “ഗുരോ, ഞങ്ങൾ എന്തു ചെയ്യണം?” എന്ന് അവർ ചോദിച്ചു.

    13 “നിങ്ങൾക്കു കൽപ്പന കിട്ടിയിട്ടുള്ളതിൽ അധികമായ നികുതി നിങ്ങൾ ചുമത്തരുത്,” എന്ന് അദ്ദേഹം അവരോടു പ്രതിവചിച്ചു.

    14 അപ്പോൾ ചില സൈനികർ അദ്ദേഹത്തോട്, “എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?” എന്നു ചോദിച്ചു.

    “ബലം പ്രയോഗിച്ചു പണം വാങ്ങുകയോ ജനങ്ങളുടെമേൽ വ്യാജമായി കുറ്റം ചുമത്തുകയോ ചെയ്യരുത്; നിങ്ങളുടെ ശമ്പളംകൊണ്ടു തൃപ്തിപ്പെടുക,” എന്ന് ഉത്തരം പറഞ്ഞു.

  16. 30 എന്നാൽ, പരീശന്മാരും അവരുടെ വിഭാഗത്തിൽപ്പെട്ട വേദജ്ഞരും അദ്ദേഹത്തിന്റെ ശിഷ്യന്മാരോട്, “നിങ്ങൾ നികുതിപിരിവുകാരോടും കുപ്രസിദ്ധപാപികളോടുമൊപ്പം ഭക്ഷിച്ചു പാനംചെയ്യുന്നതെന്ത്?” എന്നു ചോദിക്കുകയും പിറുപിറുക്കുകയും ചെയ്തു.

    31 യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. 32 ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണ് മാനസാന്തരത്തിലേക്കു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.

  17. 4 “നിങ്ങളിൽ നൂറ് ആടുകളുള്ള ഒരാൾ, അവയിൽ ഒന്നിനെ കാണാതെപോയാൽ, അയാൾ തൊണ്ണൂറ്റിയൊൻപതിനെയും വിജനപ്രദേശത്തു വിട്ടിട്ടു നഷ്ടമായതിനെ കണ്ടെത്തുന്നതുവരെ അന്വേഷിച്ചു പോകുകയില്ലേ? 5 കണ്ടെത്തുമ്പോൾ അയാൾ അതിനെ ആനന്ദത്തോടെ തോളിലേറ്റി ഭവനത്തിലേക്കു മടങ്ങും. 6 പിന്നെ അയാൾ, സ്നേഹിതരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോട്, ‘എന്നോടുകൂടെ ആനന്ദിക്കുക, എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും. 7 ഇതുപോലെതന്നെ മാനസാന്തരത്തിന്റെ ആവശ്യമില്ലാത്ത തൊണ്ണൂറ്റിയൊൻപതു നീതിനിഷ്ഠരെക്കുറിച്ച് ഉള്ളതിനെക്കാൾ അധികം ആനന്ദം മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിലുണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

    8 “പത്ത് വെള്ളിനാണയങ്ങളുള്ള ഒരു സ്ത്രീ തന്റെ ഒരു നാണയം കാണാതെപോയാൽ, അതു കണ്ടുകിട്ടുന്നതുവരെ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി വളരെ ശ്രദ്ധയോടെ അന്വേഷിക്കുകയില്ലേ? 9 അതു കണ്ടുകിട്ടുമ്പോൾ അവൾ കൂട്ടുകാരികളെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി, ‘എന്നോടുകൂടെ ആനന്ദിക്കുക, നഷ്ടപ്പെട്ടുപോയ എന്റെ വെള്ളിനാണയം ഇതാ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും. 10 അതുപോലെതന്നെ, മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ സന്നിധിയിൽ ആനന്ദോത്സവമുണ്ടാകും.”

  18. ദാവീദിന്റെ ഒരു സങ്കീർത്തനം. ദാവീദ് ബേത്ത്-ശേബയുമായി സംഗമിച്ച് പാപംചെയ്തതിനെത്തുടർന്ന് നാഥാൻ പ്രവാചകൻ അദ്ദേഹത്തെ സന്ദർശിച്ചതിനുശേഷം രചിച്ചത്.

    1 ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ,

    അടിയനോടു കരുണയുണ്ടാകണമേ;

    അങ്ങയുടെ മഹാകാരുണ്യംനിമിത്തം

    എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.

    2 എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ്

    എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ.

    3 എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു,

    എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.

    4 അവിടത്തേക്കെതിരായി, അവിടത്തോടുമാത്രം ഞാൻ പാപംചെയ്തിരിക്കുന്നു

    അവിടത്തെ ദൃഷ്ടിയിൽ ഞാൻ തിന്മ പ്രവർത്തിച്ചിരിക്കുന്നു;

    ആകയാൽ അവിടത്തെ ന്യായത്തീർപ്പുകൾ നീതിയുക്തവും

    അവിടത്തെ വിധിന്യായം ന്യായയുക്തവുമാകുന്നു.

  19. 13 “മഴ ലഭിക്കാതവണ്ണം ഞാൻ ആകാശത്തെ അടച്ചുകളയുകയോ ദേശത്തെ തിന്നുമുടിക്കാൻ വെട്ടുക്കിളിയോടു കൽപ്പിക്കുകയോ എന്റെ ജനതയുടെ മധ്യേ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോൾ, 14 ഞാൻ എന്റെ പേരുചൊല്ലി വിളിച്ചിരിക്കുന്ന എന്റെ ജനം സ്വയം താഴ്ത്തി പ്രാർഥിക്കുകയും എന്റെ മുഖം അന്വേഷിക്കുകയും തങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം ഞാൻ സ്വർഗത്തിൽനിന്ന് കേട്ട് അവരുടെ പാപങ്ങൾ ക്ഷമിച്ച് ദേശത്തിനു സൗഖ്യംനൽകും.

  20. 3 അതുകൊണ്ട് ഹേ മനുഷ്യാ, അത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ ശിക്ഷവിധിച്ചിട്ട് അതേ പ്രവൃത്തിതന്നെ ചെയ്യുന്ന നിനക്കു ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും എന്നു നീ വിചാരിക്കുന്നുണ്ടോ? 4 ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനാണെന്ന് തിരിച്ചറിയാതെ നീ അവിടത്തെ സമൃദ്ധമായ ദയയും സഹിഷ്ണുതയും ദീർഘക്ഷമയും നിസ്സാരമായി കരുതുകയാണോ?

    5 എന്നാൽ, ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന ക്രോധദിവസത്തേക്കു, നിന്റെ ശാഠ്യവും അനുതാപമില്ലാത്ത ഹൃദയവും നിമിത്തം നിനക്കുതന്നെ ദൈവക്രോധം ശേഖരിച്ചുവെക്കുകയാണ്. 6 ദൈവം “ഓരോ വ്യക്തിക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരംചെയ്യും.” 7 നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും. 8 എന്നാൽ, സത്യം അനുസരിക്കാതെ സ്വാർഥചിന്തയോടുകൂടി ദുഷ്ടതയെ അനുസരിക്കുന്നവരുടെമേൽ കോപവും ക്രോധവും വർഷിക്കും. 9 തിന്മചെയ്യുന്ന ഏതു മനുഷ്യജീവിക്കും ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും പീഡയും സങ്കടവും ഉണ്ടാകും. 10 എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും; 11 കാരണം, ദൈവം പക്ഷഭേദം ഇല്ലാത്തവനാണ്.

  21. 12 “ഇപ്പോഴെങ്കിലും, പൂർണഹൃദയത്തോടും

    ഉപവാസത്തോടും കണ്ണുനീരോടും കരച്ചിലോടുംകൂടെ

    എന്റെ അടുക്കലേക്കു മടങ്ങിവരിക,” എന്ന് യഹോവ കൽപ്പിക്കുന്നു.

    13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,

    ഹൃദയത്തെത്തന്നെ കീറുവിൻ;

    നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക,

    അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ;

    എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു,

    അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു.

  22. 1 “എഫേസോസിലെ സഭയുടെ ദൂതന് എഴുതുക:

    “വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചുകൊണ്ട് ഏഴു തങ്കനിലവിളക്കിന്റെ നടുവിൽ നടക്കുന്ന ഞാൻ അരുളിച്ചെയ്യുന്നു:

    2 “നിന്റെ പ്രവൃത്തിയും അധ്വാനവും സഹിഷ്ണുതയും ഞാൻ അറിയുന്നു. ദുഷ്ടമനുഷ്യരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലരല്ലെങ്കിലും സ്വയം അപ്പൊസ്തലരെന്നു നടിക്കുന്നവരെ നീ പരിശോധിച്ച് അവർ വ്യാജരാണെന്നു കണ്ടെത്തിയതും ഞാൻ അറിയുന്നു. 3 എന്റെ നാമത്തിനുവേണ്ടി ക്ലേശങ്ങൾ ക്ഷമയോടെ സഹിച്ചിട്ടും തളർന്നുപോകാതിരുന്നതും ഞാൻ അറിയുന്നു.

    4 “എങ്കിലും നിനക്കെതിരേ എനിക്ക് ഒരു പരാതിയുണ്ട്: നിന്റെ ആദ്യസ്നേഹം നീ ത്യജിച്ചു. 5 നീ എത്ര ഉയരത്തിൽനിന്നാണ് വീണിരിക്കുന്നത് എന്നു മനസ്സിലാക്കി പശ്ചാത്തപിച്ചുകൊണ്ട് നിന്റെ പഴയ പ്രവൃത്തികൾ പുനരാരംഭിക്കുക. നീ അനുതപിക്കാതിരുന്നാൽ ഞാൻ നിന്റെ അടുക്കൽ വരികയും നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.

  23. 5 ഇതു കേട്ട നിനവേനിവാസികൾ ദൈവത്തിൽ വിശ്വസിച്ചു. അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. ചെറിയവർമുതൽ വലിയവർവരെ, എല്ലാവരും ചാക്കുശീല ധരിച്ചു.

    6 ഈ വാർത്ത അറിഞ്ഞപ്പോൾ നിനവേരാജാവും സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു രാജകീയ വസ്ത്രങ്ങൾക്കു പകരം ചാക്കുശീല ധരിച്ച് ഭസ്മത്തിൽ ഇരുന്നു. 7 തുടർന്ന് രാജാവ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി:

    “നിനവേരാജാവിന്റെയും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരുടെയും കൽപ്പന:

    “മനുഷ്യനോ മൃഗമോ—കന്നുകാലികളോ ആട്ടിൻപറ്റമോ—ഭക്ഷണസാധനമൊന്നും രുചിക്കുകപോലുമരുത്. അവയെ മേയിക്കാനോ വെള്ളം കുടിപ്പിക്കാനോ പാടില്ല. 8 മനുഷ്യരും മൃഗങ്ങളും ചാക്കുശീല പുതയ്ക്കട്ടെ. എല്ലാവരും ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു പ്രാർഥിക്കട്ടെ. എല്ലാവരും അവരവരുടെ ദുഷിച്ച ജീവിതശൈലിയും അക്രമാസക്തിയും ഉപേക്ഷിക്കട്ടെ. 9 ആർക്കറിയാം? ദൈവം മനസ്സുമാറ്റി അവിടത്തെ ഉഗ്രകോപത്തിൽനിന്ന് പിന്തിരിഞ്ഞ് നമ്മെ നശിപ്പിക്കാതിരുന്നേക്കാം.”

    10 ജനത്തിന്റെ പ്രവൃത്തികളിലൂടെ അവരുടെ ദുഷിച്ച ജീവിതശൈലി ഉപേക്ഷിച്ചെന്ന് ദൈവം കണ്ടറിഞ്ഞു. അതുകൊണ്ട് അവരുടെമേൽ വരുത്തും എന്ന് അറിയിച്ചിരുന്ന നാശത്തിൽനിന്ന് ദൈവം പിന്തിരിഞ്ഞു. അത് അവരുടെമേൽ വരുത്തിയതുമില്ല.

  24. 23 മൗഢ്യവും ബാലിശവുമായ വാദപ്രതിവാദങ്ങൾ സംഘട്ടനങ്ങൾക്ക് വഴിതെളിക്കും എന്നറിഞ്ഞ് അവ ഉപേക്ഷിക്കുക. 24 കർത്താവിന്റെ ദാസൻ സംഘട്ടനങ്ങളിൽ ഏർപ്പെടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്നവനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ക്ഷമാശീലനും ആയിരിക്കണം. 25 ശത്രുക്കൾക്ക് സത്യം സുവ്യക്തമാകുംവിധം ദൈവം അവർക്ക് മാനസാന്തരം നൽകിയേക്കാം എന്ന പ്രതീക്ഷയോടെ, സൗമ്യമായി ബുദ്ധി ഉപദേശിക്കേണ്ടതാണ്. 26 തൽഫലമായി, പിശാച് തന്റെ ഇഷ്ടം നിറവേറ്റാൻ അടിമകളാക്കി വെച്ചിട്ടുള്ളവർ, അവന്റെ കെണിയിൽനിന്ന് സ്വതന്ത്രരായി സുബോധത്തിലേക്ക് മടങ്ങിവരും.

  25. 30 നിങ്ങൾ ക്രൂശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. 31 ഇസ്രായേലിനു മാനസാന്തരവും പാപക്ഷമയും നൽകേണ്ടതിന് ദൈവം അദ്ദേഹത്തെ പ്രഭുവും രക്ഷകനുമായി തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു.

  26. 4 ഈ ശബ്ദമായി യോഹന്നാൻസ്നാപകൻ വന്നു! അദ്ദേഹം മരുഭൂമിയിൽവെച്ച് ജനത്തോട്, അവർ അവരുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു. 5 യെഹൂദ്യഗ്രാമങ്ങളിൽ എല്ലായിടത്തുനിന്നും ജെറുശലേമിൽനിന്നുമെല്ലാം ജനം യോഹന്നാന്റെ അടുക്കൽ എത്തി. തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞവരെ അദ്ദേഹം യോർദാൻനദിയിൽ സ്നാനപ്പെടുത്തി.

  27. 6 “അതിനാൽ നീ ഇസ്രായേൽഗൃഹത്തോടു പറയുക: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അനുതപിക്കുക! നിങ്ങളുടെ വിഗ്രഹങ്ങളിൽനിന്നു പിന്തിരിയുക! നിങ്ങളുടെ എല്ലാ മ്ലേച്ഛതകളും ഉപേക്ഷിക്കുക!

  28. 6 യഹോവയെ കണ്ടെത്താവുന്ന സമയത്ത് അവിടത്തെ അന്വേഷിക്കുക;

    അവിടന്നു സമീപസ്ഥനായിരിക്കുമ്പോൾ അവിടത്തെ വിളിച്ചപേക്ഷിക്കുക.

    7 ദുഷ്ടർ തങ്ങളുടെ വഴിയെയും

    നീതികെട്ടവർ തങ്ങളുടെ നിരൂപണങ്ങളെയും ഉപേക്ഷിക്കട്ടെ.

    അവർ യഹോവയിലേക്കു മടങ്ങിവരട്ടെ. അവിടന്ന് അവരോട് കരുണകാണിക്കും,

    നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവിടന്നു സമൃദ്ധമായി ക്ഷമിക്കും.

  29. 28 “ഇനി പറയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു? ഒരു മനുഷ്യനു രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ഒന്നാമന്റെ അടുക്കൽ ചെന്ന് അദ്ദേഹം, ‘മകനേ, ഇന്ന് നീ എന്റെ മുന്തിരിത്തോപ്പിൽ പോയി വേലചെയ്യുക’ എന്നു പറഞ്ഞു.

    29 “ ‘ഞാൻ പോകില്ല,’ അവൻ മറുപടി നൽകി. എങ്കിലും പിന്നീടു തന്റെ തീരുമാനം മാറ്റി പോകുകയും ചെയ്തു.

    30 “അദ്ദേഹം മറ്റേ മകനോടും അതേകാര്യംതന്നെ ആവശ്യപ്പെട്ടു. ‘ഞാൻ പോകാം അപ്പാ’ എന്ന് അവൻ പറഞ്ഞെങ്കിലും പോയില്ല.

    31 “ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്?”

    “ഒന്നാമൻ,” അവർ ഉത്തരം പറഞ്ഞു.

    യേശു അവരോടു പറഞ്ഞത്, “നികുതിപിരിവുകാരും ഗണികകളും നിങ്ങൾക്കുമുമ്പേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു. 32 കാരണം, നീതിയുടെ വഴി കാണിച്ചുതരാൻ യോഹന്നാൻ നിങ്ങളുടെ അടുക്കൽ വന്നെങ്കിലും നിങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചില്ല. എന്നാൽ, നികുതിപിരിവുകാരും ഗണികകളും അദ്ദേഹത്തിൽ വിശ്വസിച്ചു. ഇതു കണ്ടിട്ടും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തിൽ വിശ്വസിച്ചില്ല.

  30. 22 നീ ഈ ദുഷ്ടതയെപ്പറ്റി അനുതപിച്ച് കർത്താവിനോടു പ്രാർഥിക്കുക. ഒരുപക്ഷേ അവിടന്നു നിന്റെ ഹൃദയത്തിലെ ദുഷ്ടവിചാരം ക്ഷമിച്ചുതരും.

  31. 19 “ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കയും ശിക്ഷിക്കുകയുംചെയ്യുന്നു. അതുകൊണ്ട് ആത്മാർഥതയോടെ പശ്ചാത്തപിക്കുക.

  32. 9 മനുഷ്യർ അത്യുഷ്ണത്താൽ പൊള്ളലേറ്റിട്ടും ഈ ബാധകളെ നിയന്ത്രിക്കാൻ അധികാരമുള്ള ദൈവത്തിന്റെ നാമം ദുഷിച്ചതല്ലാതെ, മാനസാന്തരപ്പെട്ടു മഹത്ത്വപ്പെടുത്താൻ മനസ്സുകാട്ടിയില്ല.

    10 അഞ്ചാമത്തെദൂതൻ തന്റെ കുംഭം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അവന്റെ രാജ്യം അന്ധകാരാവൃതമായി. മനുഷ്യർ അതിവേദനയാൽ തങ്ങളുടെ നാവു കടിച്ചു. 11 വ്രണങ്ങൾനിമിത്തം കഠിനവേദന അനുഭവിച്ചിട്ടും സ്വർഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ, തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല.

  33. 3 ആകയാൽ സൂക്ഷിക്കുക.

    “നിന്റെ സഹോദരങ്ങൾ പാപംചെയ്താൽ അവരെ ശാസിക്കുക; അനുതപിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കുക. 4 അവർ നിന്നോട് ഒരു ദിവസത്തിൽ ഏഴുതവണ പാപംചെയ്യുകയും ഏഴു തവണയും മടങ്ങിവന്ന് ‘ഞാൻ അനുതപിക്കുന്നു’ എന്നു നിന്നോടു പറയുകയും ചെയ്താൽ അപ്പോഴെല്ലാം അവരോട് ക്ഷമിക്കുക.”

  34. 8 നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല. 9 നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ. 10 നാം പാപംചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നു എങ്കിൽ നാം ദൈവത്തെ അസത്യവാദി ആക്കുന്നു, അവിടത്തെ വചനം നമ്മിൽ നിവസിക്കുന്നുമില്ല.

  35. 21 അവൾക്കു തന്റെ അസാന്മാർഗികതയിൽനിന്ന് അനുതപിക്കാൻ ഞാൻ സമയം നൽകിയെങ്കിലും അതിൽനിന്ന് മാനസാന്തരപ്പെടാൻ അവൾക്കു മനസ്സില്ല. 22 നോക്കുക, ഞാൻ അവളെ കഷ്ടതയുടെ കിടക്കയിലാക്കും; അവളുമായി വ്യഭിചരിക്കുന്നവർ അവൾ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച് അനുതപിക്കാതെ ഇരുന്നാൽ ഞാൻ അവരെയും വലിയ യാതനയിലാക്കും. 23 അവളുടെ മക്കളെയും ഞാൻ വധിച്ചുകളയും. ഞാൻ ഹൃദയങ്ങളെയും മനസ്സുകളെയും പരിശോധിക്കുന്നവനെന്നും ഓരോരുത്തർക്കും തങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി പകരം നൽകുന്നവനെന്നും സകലസഭകളും അറിയും.

  36. 13 തങ്ങളുടെ പാപങ്ങൾ മറച്ചുവെക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല,

    എന്നാൽ അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവർക്ക് കരുണ ലഭിക്കും.

  37. 20 തുടർന്ന്, യേശു തന്റെ അത്ഭുതങ്ങളിൽ അധികവും പ്രവർത്തിച്ച പട്ടണങ്ങൾ മാനസാന്തരപ്പെടാതിരുന്നതുകൊണ്ട് അവയെ ശാസിക്കാൻ തുടങ്ങി: 21 “ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു. 22 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധിദിവസത്തിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും. 23 കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. നിന്നിൽ നടന്ന അത്ഭുതങ്ങൾ സൊദോമിൽ ആയിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു. 24 ന്യായവിധിദിവസത്തിൽ സൊദോം നിവാസികൾക്കുണ്ടായ അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

  38. 1 അതിരാവിലെ എല്ലാ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ചേർന്ന് യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കേണം എന്നു പദ്ധതിയിട്ട്, 2 അദ്ദേഹത്തെ ബന്ധിച്ച് അവിടെനിന്ന് കൊണ്ടുപോയി റോമൻ ഭരണാധികാരിയായ പീലാത്തോസിന് കൈമാറി.

    3 യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു എന്ന് അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അറിഞ്ഞപ്പോൾ അതിദുഃഖിതനായിത്തീർന്നു. അയാൾ ആ മുപ്പത് വെള്ളിനാണയങ്ങൾ പുരോഹിതമുഖ്യന്മാർക്കും സമുദായനേതാക്കന്മാർക്കും തിരികെ നൽകിക്കൊണ്ട്, 4 “ഞാൻ പാപംചെയ്തിരിക്കുന്നു; നിഷ്കളങ്കരക്തത്തെ ഞാൻ ഒറ്റിക്കൊടുത്തല്ലോ” എന്നു പറഞ്ഞു.

    “അതിന് ഞങ്ങൾക്ക് എന്തുവേണം? അത് നിന്റെ കാര്യം,” എന്ന് അവർ മറുപടി പറഞ്ഞു.

    5 യൂദാ ആ നാണയങ്ങൾ ദൈവാലയത്തിലേക്കു വലിച്ചെറിഞ്ഞശേഷം പോയി കെട്ടിത്തൂങ്ങി ആത്മഹത്യചെയ്തു.

  39. 11 ഇതുകണ്ട പരീശന്മാർ യേശുവിന്റെ ശിഷ്യന്മാരോട്, “നിങ്ങളുടെ ഗുരു നികുതിപിരിവുകാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.

    12 ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. 13 ‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’ എന്നതിന്റെ അർഥം എന്തെന്നു നിങ്ങൾ പോയി പഠിക്കുക. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണു വിളിക്കാൻ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.

  40. 5 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങൾ എപ്പോഴും തിന്മനിറഞ്ഞതെന്നും യഹോവ കണ്ടു. 6 ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ട് യഹോവ ദുഃഖിച്ചു; അവിടത്തെ ഹൃദയം അത്യന്തം വേദനിച്ചു. 7 “ഞാൻ സൃഷ്ടിച്ച മനുഷ്യവംശത്തെ—മനുഷ്യരെയും മൃഗങ്ങളെയും നിലത്ത് ഇഴയുന്ന ജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും—ഭൂമുഖത്തുനിന്നു തുടച്ചുനീക്കും; അവയെ ഉണ്ടാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്തു.

  41. 18 “ഞാൻ എഫ്രയീമിന്റെ വിലാപം കേട്ടിരിക്കുന്നു, നിശ്ചയം:

    ‘മെരുക്കമില്ലാത്ത കാളക്കിടാവിനെയെന്നപോലെ എന്നെ നീ ശിക്ഷിച്ചു

    ഞാൻ ശിക്ഷയനുഭവിച്ചിരിക്കുന്നു;

    ഞാൻ പുനഃസ്ഥാപിക്കപ്പെടേണ്ടതിന് എന്നെ തിരികെ വരുത്തണമേ,

    കാരണം അങ്ങ് എന്റെ ദൈവമായ യഹോവയല്ലോ.

    19 തെറ്റിപ്പോയശേഷം

    ഞാൻ അനുതപിച്ചു;

    ഞാൻ കാര്യങ്ങൾ ഗ്രഹിച്ചപ്പോൾ

    എന്റെ മാറത്തടിച്ചു.

    ഞാൻ ലജ്ജിച്ചും അപമാനം സഹിച്ചുമിരിക്കുന്നു,

    കാരണം ഞാൻ എന്റെ യൗവനത്തിലെ നിന്ദ സഹിച്ചല്ലോ.’

    20 എഫ്രയീം എന്റെ പ്രിയപുത്രനല്ലേ,

    ഞാൻ ആനന്ദം കണ്ടെത്തുന്ന എന്റെ കുഞ്ഞല്ലേ.

    അവനെതിരായി സംസാരിച്ചാലും

    ഞാനവനെ ഇപ്പോഴും ഓർക്കുന്നു.

    അതുകൊണ്ട് എന്റെ ഹൃദയം അവനുവേണ്ടി വാഞ്ഛിക്കുന്നു;

    ഞാൻ തീർച്ചയായും അവനോടു കരുണകാണിക്കും,”

    എന്ന് യഹോവയുടെ അരുളപ്പാട്.

  42. 21 “എന്നാൽ ദുഷ്ടർ തങ്ങളുടെ എല്ലാ പാപങ്ങളും വിട്ടുതിരിഞ്ഞ് എന്റെ ഉത്തരവുകൾ പ്രമാണിക്കയും നീതിയും ന്യായവും അനുസരിച്ചു ജീവിക്കുകയും ചെയ്താൽ അവർ തീർച്ചയായും ജീവിക്കും; അങ്ങനെയുള്ളവർ മരിക്കുകയില്ല. 22 അവർ ചെയ്തുപോയ അകൃത്യങ്ങളൊന്നും അവർക്കെതിരേ ഓർക്കപ്പെടുകയില്ല. തങ്ങൾചെയ്ത നീതിപ്രവൃത്തികൾ നിമിത്തം അവർ ജീവിക്കും. 23 ദുഷ്ടരുടെ മരണം എന്നെ സന്തുഷ്ടനാക്കുന്നുണ്ടോ? അവർ തന്റെ വഴികൾ വിട്ടുതിരിഞ്ഞു ജീവിക്കണമെന്നല്ലേ ഞാൻ ആഗ്രഹിക്കുന്നത്? എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

  43. 9 തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: 10 “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. 11 പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്‌പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. 12 ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’

    13 “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.

    14 “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”

  44. 6 ദൈവം നമുക്ക് കൃപ അധികം നൽകുന്നു; അതുകൊണ്ടാണ്,

    “ദൈവം അഹങ്കാരികളെ എതിർക്കുന്നു,

    എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു”

    എന്നു തിരുവെഴുത്തു പറയുന്നത്.

    7 അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും. 8 ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക. 9 വിലാപത്തോടെ ദുഃഖിച്ചു കണ്ണുനീരൊഴുക്കുക; നിങ്ങളുടെ ആഹ്ലാദം ദുഃഖമായും ആനന്ദം വിഷാദമായും തീരട്ടെ. 10 കർത്തൃസന്നിധിയിൽ വിനയാന്വിതരായിരിക്കുക, അപ്പോൾ കർത്താവ് നിങ്ങളെ ഉയർത്തും.

  45. 16 അനുതപിക്കുക; അല്ലാത്തപക്ഷം ഞാൻ വേഗം നിങ്ങളുടെ അടുക്കൽവന്ന് എന്റെ വായിലെ വാൾകൊണ്ട് അവരോടു പോരാടും.

  46. 2 ഉണരുക! മരണാസന്നനായ നിന്നിൽ അവശേഷിച്ചകാര്യങ്ങൾ ശാക്തീകരിക്കുക. നിന്റെ പ്രവൃത്തികൾ എന്റെ ദൈവത്തിന്റെ മുമ്പിൽ പൂർണതയുള്ളതായി ഞാൻ കണ്ടില്ല. 3 അതുകൊണ്ട്, നീ സ്വീകരിച്ചതും കേട്ടതും ഓർക്കുക: അതു മുറുകെപ്പിടിക്കുക; മാനസാന്തരപ്പെടുക. നീ ജാഗരൂകനായിരുന്നില്ലെങ്കിൽ ഞാൻ കള്ളൻ വരുന്നതുപോലെ വരും, എന്നാൽ ഞാൻ ഏതു സമയത്തു നിന്റെ അടുക്കൽ വരുമെന്നു നീ ഒരിക്കലും അറിയുകയുമില്ല.

    4 “എങ്കിലും തങ്ങളുടെ വസ്ത്രങ്ങൾ കളങ്കപ്പെടുത്തിയിട്ടില്ലാത്ത ഏതാനുംപേർ സർദിസിൽ നിനക്കുണ്ട്. അവർ യോഗ്യതനേടിയവരാകുകയാൽ തേജോമയവസ്ത്രം ധരിച്ച് എന്നോടുകൂടെ നടക്കും.

  47. 20 ഈ ബാധകളാൽ കൊല്ലപ്പെടാതെ അവശേഷിച്ച മനുഷ്യർ എന്നിട്ടും തങ്ങളുടെ ദുഷ്‌പ്രവൃത്തികളിൽനിന്ന് മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിഞ്ഞില്ല. അവർ സ്വർണം, വെള്ളി, വെങ്കലം, കല്ല്, തടി എന്നിവകൊണ്ടു നിർമിച്ചതും കാണാനും കേൾക്കാനും നടക്കാനും കഴിവില്ലാത്തതുമായ വിഗ്രഹങ്ങളെയും ഭൂതങ്ങളെയും ഭജിക്കുന്നത് അവസാനിപ്പിച്ചില്ല. 21 തങ്ങൾചെയ്ത കൊലപാതകം, മന്ത്രവാദം, അസാന്മാർഗികത, മോഷണം എന്നിവയെപ്പറ്റി അവർ അനുതപിച്ചതുമില്ല.

  48. 2 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് യഹോവയുടെ ആലയത്തിൽ നമസ്കരിക്കാൻ വരുന്ന സകല യെഹൂദാനഗരങ്ങളിൽനിന്നുള്ള ജനങ്ങളോടും സംസാരിക്കുക. ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലവചനങ്ങളും പ്രസ്താവിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്. 3 ഒരുപക്ഷേ അതുകേട്ട് അവർ ഓരോരുത്തരും തങ്ങളുടെ ദുർമാർഗം വിട്ടുതിരിഞ്ഞേക്കാം. അവരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾനിമിത്തം ഞാൻ അവർക്കു വരുത്താൻ ഉദ്ദേശിക്കുന്ന അനർഥത്തെക്കുറിച്ച് ഞാൻ അപ്പോൾ അനുതപിക്കും. 4 നീ അവരോട് ഇപ്രകാരം പറയണം: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങൾ എന്റെ വാക്കുകേട്ട് ഞാൻ നിങ്ങളുടെമുമ്പിൽ വെച്ചിട്ടുള്ള ന്യായപ്രമാണം അനുസരിച്ചു ജീവിക്കാതിരിക്കുകയും 5 ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കുകൾ ഇനിയും കേൾക്കാതിരിക്കുകയുംചെയ്താൽ, 6 ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യവും ഈ പട്ടണത്തെ ഭൂമിയിലെ സകലരാഷ്ട്രങ്ങളുടെയും ഇടയിൽ ശാപയോഗ്യവും ആക്കിത്തീർക്കും.’ ”

  49. 10 ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.

    11 “ഞാൻ നിങ്ങൾക്കു നൽകുന്ന ജലസ്നാനം നിങ്ങൾ മാനസാന്തരപ്പെട്ടു എന്നതിന്റെ പ്രതീകമാണ്. എന്നാൽ, എന്നെക്കാൾ ശക്തനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും. 12 വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച്, ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.”

  50. 12 ശിഷ്യന്മാർ പോയി ജനങ്ങൾ അവരുടെ പാപങ്ങൾ ഉപേക്ഷിച്ചു ദൈവത്തിലേക്കു തിരിയണമെന്നു പ്രസംഗിച്ചു;

  51. 7 “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽജനത്തിന് ഒരു കാവൽക്കാരനായി നിയമിച്ചിരിക്കുന്നു; അതിനാൽ ഞാൻ അരുളിച്ചെയ്യുന്ന വചനം കേട്ട് അവർക്ക് എന്റെ നാമത്തിൽ മുന്നറിയിപ്പു നൽകുക. 8 ദുഷ്ടരോട്: ‘ദുഷ്ടരേ, നിങ്ങൾ നിശ്ചയമായും മരിക്കും,’ എന്നു ഞാൻ കൽപ്പിക്കുമ്പോൾ അവരുടെ ദുഷ്ടജീവിതരീതിയിൽനിന്ന് അവരെ പിന്തിരിപ്പിക്കാനായി നീ അവരെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടർ തങ്ങളുടെ പാപംനിമിത്തം മരിക്കും; അവരുടെ രക്തത്തിന് ഉത്തരവാദി നീ ആയിരിക്കും. 9 എന്നാൽ, നീ ദുഷ്ടരോട് അവരുടെ ദുഷ്ടവഴികൾ വിട്ടുതിരിയാൻ താക്കീതു നൽകുകയും അവർ അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവർ തങ്ങളുടെ പാപത്തിൽ മരിക്കും, നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കും.

    10 “മനുഷ്യപുത്രാ, ഇസ്രായേൽജനത്തോടു നീ ഇപ്രകാരം പറയണം: ‘ “ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവനിമിത്തം ഞങ്ങൾ ക്ഷയിച്ചുപോകുന്നു. ഞങ്ങൾക്ക് എങ്ങനെ ജീവിക്കാൻ കഴിയും?” എന്നു നിങ്ങൾ പറയുന്നുവല്ലോ. 11 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ദുഷ്ടരുടെ മരണം ഞാൻ ഇഷ്ടപ്പെടുന്നില്ല; അവർ തങ്ങളുടെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. തിരിയുക, നിങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുക. ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു? എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു,’ എന്ന് അവരോടു പറയുക.

    12 “അതുകൊണ്ട് മനുഷ്യപുത്രാ, നിന്റെ സ്വന്തം ദേശക്കാരോട് ഇപ്രകാരം പറയുക: ‘നീതിനിഷ്ഠർ അനുസരിക്കാതെ തെറ്റുചെയ്യുമ്പോൾ അവരുടെ മുൻകാല നീതിപ്രവൃത്തികൾ അവരെ രക്ഷിക്കുകയില്ല. ദുഷ്ടർ തങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുമ്പോൾ അവരുടെ മുൻകാല ദുഷ്ടതകൾ അവരെ വീഴ്ത്തിക്കളയുകയില്ല. നീതിനിഷ്ഠർ പാപംചെയ്യുന്നെങ്കിൽ അവരുടെ മുമ്പിലത്തെ നീതിനിമിത്തം അവർ ജീവിക്കാൻ ഇടയാകുകയില്ല.’

  52. 15 ആരും ദൈവകൃപയിൽ കുറവുള്ളവരാകാതിരിക്കാനും കയ്‌പുള്ള വല്ല വേരും മുളച്ചു വളർന്ന് കലക്കമുണ്ടായി അനേകർ മലിനരാകാതിരിക്കാനും സൂക്ഷിക്കുക. 16 ആരും വിഷയാസക്തരോ, ഒരു ഊണിനു സ്വന്തം ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആകാതെ സൂക്ഷിക്കുക. 17 പിന്നീട് സ്വപിതാവിന്റെ അനുഗ്രഹം അവകാശമാക്കാൻ ആഗ്രഹിച്ചിട്ടും അയാൾ പുറന്തള്ളപ്പെട്ടു. കണ്ണുനീരോടെ അപേക്ഷിച്ചെങ്കിലും തനിക്കു കൈവിട്ടുപോയത് തിരികെ നേടാൻ അവസരം ലഭിച്ചില്ല എന്നും നിങ്ങൾക്കറിയാമല്ലോ.

  53. 13 അപ്പോൾ ദാവീദ് നാഥാനോട്, “ഞാൻ യഹോവയ്ക്കെതിരേ പാപം ചെയ്തുപോയി” എന്നു പറഞ്ഞു.

    നാഥാൻ പറഞ്ഞു: “യഹോവ നിന്റെ പാപം നീക്കിക്കളഞ്ഞിരിക്കുന്നു. നീ മരിക്കുകയില്ല. 14 എന്നാൽ, നിന്റെ ഈ പ്രവൃത്തിമൂലം യഹോവയെ അപമാനിച്ചു. അതിനാൽ നിനക്കു ജനിച്ച ആ മകൻ മരിക്കും, നിശ്ചയം.”

  54. 16 “നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുക.

    നിങ്ങളുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുക;

    ദോഷം പ്രവർത്തിക്കുന്നതു നിർത്തുക.

    17 നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക.

    പീഡിതരെ സ്വതന്ത്രരാക്കുക.

    അനാഥരുടെ കാര്യം ഏറ്റെടുക്കുക;

    വിധവയ്ക്കുവേണ്ടി വ്യവഹരിക്കുക.

    18 “ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,”

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    “നിങ്ങളുടെ പാപം കടുംചെമപ്പായിരുന്നാലും,

    അവ ഹിമംപോലെ ശുഭ്രമാകും;

    അവ രക്താംബരംപോലെ ചെമപ്പായിരുന്നാലും

    വെളുത്ത കമ്പിളിരോമംപോലെ ആയിത്തീരും.

    19 നിങ്ങൾക്ക് അനുസരിക്കാനുള്ള മനസ്സുണ്ടെങ്കിൽ

    ദേശത്തിലെ നല്ല വിഭവങ്ങൾ നിങ്ങൾ അനുഭവിക്കും.

    20 എന്നാൽ നിങ്ങൾ എതിർക്കുകയും മത്സരിക്കുകയും ചെയ്താൽ,

    നിങ്ങൾ വാളിന് ഇരയായിത്തീരും.”

    യഹോവതന്നെയാണല്ലോ അരുളിച്ചെയ്തിരിക്കുന്നത്.

  55. 6 രാജകൽപ്പനയനുസരിച്ച് സന്ദേശവാഹകർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും കത്തുകളുമായി ഇസ്രായേലിലും യെഹൂദ്യയിലും എല്ലായിടത്തും പോയി. കത്തുകളിൽ ഈ വിധം എഴുതിയിരുന്നു:

    “ഇസ്രായേൽജനമേ! അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവയിലേക്കു മടങ്ങിവരിക! അങ്ങനെയായാൽ, അശ്ശൂർരാജാക്കന്മാരുടെ കൈയിൽപ്പെടാതെ രക്ഷപ്പെട്ടിരിക്കുന്ന ശേഷിപ്പായ നമ്മിലേക്ക് അവിടന്നു തിരിയും. 7 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കെതിരേ അവിശ്വസ്തരായിത്തീർന്ന നിങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയുംപോലെ നിങ്ങൾ ആകരുത്. അതുമൂലം യഹോവ അവരെ ഒരു ഭീതി വിഷയമാക്കിത്തീർത്തു; അതു നിങ്ങൾ കാണുന്നല്ലോ! 8 നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യമുള്ളവരാകരുത്; യഹോവയുടെമുമ്പാകെ നിങ്ങളെത്തന്നെ സമർപ്പിക്കുക! അവിടന്ന് എന്നെന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന തന്റെ വിശുദ്ധമന്ദിരത്തിലേക്കു വരിക! നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപത്തിന്റെ ഭയങ്കരത്വം നിങ്ങളെ വിട്ടുമാറേണ്ടതിന്, അവിടത്തെ സേവിക്കുക! 9 നിങ്ങൾ യഹോവയിലേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളുടെ സഹോദരന്മാരും മക്കളും അവരെ തടവുകാരാക്കിയവരിൽനിന്നു കരുണ കണ്ടെത്തുകയും ഈ ദേശത്തേക്കു മടങ്ങിവരികയും ചെയ്യും. നിങ്ങളുടെ ദൈവമായ യഹോവ കൃപാലുവും കാരുണ്യവാനുമാണല്ലോ. നിങ്ങൾ യഹോവയുടെ അടുത്തേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളിൽനിന്ന് അവിടന്ന് മുഖംതിരിച്ചുകളയുകയില്ല.”

  56. 18 വിശ്വസിച്ചവരിൽ പലരും വന്ന് തങ്ങളുടെ ദുഷ്‌പ്രവൃത്തികൾ പരസ്യമായി ഏറ്റുപറഞ്ഞു. 19 ക്ഷുദ്രപ്രയോഗം നടത്തിവന്നവർ തങ്ങളുടെ പുസ്തകച്ചുരുളുകൾ കൊണ്ടുവന്ന് എല്ലാവരും കാൺകെ അഗ്നിക്കിരയാക്കി. ആ ചുരുളുകളുടെ വില കണക്കാക്കിയപ്പോൾ അതിന്റെ ആകെ തുക അൻപതിനായിരം ദ്രഹ്മയായിരുന്നു.

  57. 1-2 ആകയാൽ നമുക്ക് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങളാകുന്ന അടിസ്ഥാനം പിന്നെയും ഇടാതെ പക്വതയിലേക്കു മുന്നേറാം. നിർജീവപ്രവൃത്തികളിൽനിന്നുള്ള മാനസാന്തരം, ദൈവത്തിലുള്ള വിശ്വാസം, സ്നാനങ്ങളെപ്പറ്റിയുള്ള ഉപദേശം, കരപൂരണങ്ങൾ, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിവയാണ് അടിസ്ഥാന ഉപദേശങ്ങൾ. 3 ദൈവഹിതമായാൽ നമുക്ക് തീർച്ചയായും പക്വതയിലേക്കു മുന്നേറാം.

    4 ഒരിക്കൽ സത്യം വ്യക്തമായി ഗ്രഹിച്ചിട്ടും സ്വർഗീയദാനം രുചിച്ചറിഞ്ഞശേഷവും പരിശുദ്ധാത്മാവിന്റെ സഖിത്വം ഉണ്ടായിരുന്നിട്ടും 5 ദൈവവചനത്തിന്റെ നന്മയും വരുംകാലത്തിന്റെ പ്രതാപവും അനുഭവിച്ചറിഞ്ഞതിനുശേഷവും 6 വിശ്വാസത്യാഗം ചെയ്താൽ അവരെ വീണ്ടും മാനസാന്തരത്തിലേക്കു നയിക്കുക അസാധ്യമാണ്. അവർ തങ്ങളുടെ പ്രവൃത്തികളിലൂടെ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുകയും അവിടത്തെ പരസ്യമായി പരിഹാസ്യനാക്കുകയുംചെയ്തല്ലോ.

  58. 27 അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി. “ഇപ്പോൾ ഞാൻ പാപം ചെയ്തുപോയി,” അയാൾ അവരോടു പറഞ്ഞു. “യഹോവ നീതിയുള്ളവൻ, എനിക്കും എന്റെ ജനത്തിനും തെറ്റുപറ്റിയിരിക്കുന്നു. 28 യഹോവയോടു പ്രാർഥിപ്പിൻ; ഇടിയും കന്മഴയും ഞങ്ങൾക്കു സഹിക്കാവുന്നതിൽ അപ്പുറമായിരിക്കുന്നു! ഞാൻ നിങ്ങളെ വിട്ടയച്ചേക്കാം, നിങ്ങളെ ഇനി താമസിപ്പിക്കുകയില്ല.”

    29 അതിന് മോശ, “പട്ടണത്തിനു പുറത്തു കടന്നതിനുശേഷം ഞാൻ എന്റെ കൈകൾ നിവർത്തി യഹോവയോടു പ്രാർഥിക്കും. ഇടിമുഴക്കം നിലയ്ക്കും, കന്മഴ ഇനിമേൽ പെയ്യുകയില്ല; ഭൂമി യഹോവയുടേതാണെന്നു താങ്കൾ അറിയും. 30 എന്നാൽ താങ്കളും താങ്കളുടെ ഉദ്യോഗസ്ഥരും ഇപ്പോഴും യഹോവയായ ദൈവത്തെ ഭയപ്പെടുന്നില്ല എന്നു ഞാൻ മനസ്സിലാക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.

    31 ചണവും യവവും നശിച്ചു. യവം കതിരിടുകയും ചണം പൂക്കുകയും ചെയ്തിരുന്നു. 32 ഗോതമ്പും ചോളവും വിളയുന്നതിനു കാലതാമസം ഉണ്ടായിരുന്നതുകൊണ്ട് അവ നശിച്ചില്ല.

    33 ഇതിനെത്തുടന്ന് മോശ ഫറവോനെ വിട്ടു നഗരത്തിനു പുറത്തുകടന്നു. അദ്ദേഹം യഹോവയിലേക്കു കൈകൾ മലർത്തി; ഇടിമുഴക്കവും കന്മഴയും നിലച്ചു. പിന്നീടു ദേശത്തു മഴ പെയ്തില്ല. 34 മഴയും കന്മഴയും ഇടിയും നിന്നു എന്നുകണ്ടപ്പോൾ ഫറവോൻ വീണ്ടും പാപംചെയ്തു. അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ഹൃദയം കഠിനമാക്കി. 35 അങ്ങനെ, യഹോവ മോശമുഖേന അരുളിച്ചെയ്തിരുന്നതുപോലെതന്നെ ഫറവോന്റെ ഹൃദയം കഠിനമായി. അദ്ദേഹം ഇസ്രായേൽമക്കളെ പോകാൻ അനുവദിച്ചതുമില്ല.

  59. 14 അപ്പോൾ യഹോവ അനുതപിച്ചു: താൻ ജനത്തിന്റെമേൽ വരുത്തുമെന്നു പറഞ്ഞ മഹാനാശം വരുത്തിയതുമില്ല.

  60. 5 ഈ ജനം എന്നിൽനിന്നു പിന്തിരിഞ്ഞത് എന്തുകൊണ്ട്?

    ജെറുശലേം നിരന്തരം പിന്തിരിയുന്നതും എന്തുകൊണ്ട്?

    അവർ വഞ്ചന മുറുകെപ്പിടിക്കുന്നു;

    മടങ്ങിവരാൻ അവർ വിസമ്മതിക്കുകയുംചെയ്യുന്നു?

    6 ഞാൻ ശ്രദ്ധയോടെ കേട്ടു,

    എന്നാൽ അവർ ശരിയായതു സംസാരിച്ചില്ല.

    “ഞാൻ എന്താണ് ഈ ചെയ്തത്?” എന്നു പറഞ്ഞ്

    ആരും അവരുടെ ദുഷ്ടതയെക്കുറിച്ചു പശ്ചാത്തപിച്ചില്ല.

    കുതിര യുദ്ധരംഗത്തേക്കു കുതിക്കുന്നതുപോലെ

    ഓരോരുത്തനും തങ്ങളുടെ വഴിയിലേക്കു തിരിഞ്ഞു.

    7 ആകാശത്തിലെ പെരിഞ്ഞാറ

    തന്റെ സമയം അറിയുന്നു;

    കുറുപ്രാവും കൊക്കും മീവൽപ്പക്ഷിയും

    മടങ്ങിവരവിന്റെ സമയം അനുസരിക്കുന്നു.

    എന്നാൽ എന്റെ ജനം

    യഹോവയുടെ പ്രമാണങ്ങൾ അറിയുന്നില്ല.

  61. 1 “വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം.

    യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു;

    എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും.

    അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു;

    അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും.

    2 രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും;

    മൂന്നാംദിവസം അവിടന്ന് നമ്മെ പുനരുദ്ധരിക്കും,

    നാം അവിടത്തെ സാന്നിധ്യത്തിൽ ജീവിക്കേണ്ടതിനുതന്നെ.

    3 നാം യഹോവയെ അംഗീകരിക്കുക;

    അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക.

    സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ

    ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും.

    അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും

    വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.”

    4 “എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം?

    യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്?

    നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയും

    അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു.

  62. 3 “ആത്മാവിൽ ദരിദ്രരായവർ അനുഗൃഹീതർ;

    അവർക്കുള്ളതല്ലോ സ്വർഗരാജ്യം.

    4 വിലപിക്കുന്നവർ അനുഗൃഹീതർ;

    അവർക്ക് സാന്ത്വനം ലഭിക്കും.

    5 സൗമ്യശീലർ അനുഗൃഹീതർ;

    അവർക്ക് ഭൂമി പൈതൃകമായി ലഭിക്കും.

    6 നീതിക്ക് അതിയായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ;

    അവർ സംതൃപ്തരാകും.

  63. 24 അപ്പോൾ ശൗൽ ശമുവേലിനോടു പറഞ്ഞു: “ഞാൻ പാപംചെയ്തു! ഞാൻ യഹോവയുടെ കൽപ്പനകളും അങ്ങയുടെ നിർദേശങ്ങളും ലംഘിച്ചിരിക്കുന്നു. ഞാൻ ജനങ്ങളെ ഭയപ്പെടുകമൂലം അവരുടെ ഹിതത്തിനു വഴങ്ങിക്കൊടുത്തുപോയി. 25 എന്നാൽ ഇപ്പോൾ—എന്റെ പാപം ക്ഷമിക്കണമേ, യഹോവയെ ആരാധിക്കാൻ എന്റെകൂടെ മടങ്ങിവരണമേ—ഞാൻ അങ്ങയോടപേക്ഷിക്കുന്നു.”

    26 എന്നാൽ ശമുവേൽ അദ്ദേഹത്തോടു പറഞ്ഞു: “ഞാൻ നിന്റെകൂടെ വരികയില്ല. നീ യഹോവയുടെ കൽപ്പന തള്ളിക്കളഞ്ഞു. അതിനാൽ യഹോവ നിന്നെ ഇസ്രായേലിന്റെ രാജാവ് എന്ന നിലയിൽനിന്ന് തള്ളിയിരിക്കുന്നു.”

  64. 27 ഈ വാക്കുകൾ കേട്ടപ്പോൾ ആഹാബ് തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, ചാക്കുശീല ധരിച്ച് ഉപവസിച്ചു. അദ്ദേഹം ചാക്കുശീലയിൽത്തന്നെ കിടന്നുറങ്ങുകയും ദുഃഖാർത്തനായി സാവധാനം സഞ്ചരിക്കുകയും ചെയ്തു.

    28 അപ്പോൾ, തിശ്ബ്യനായ ഏലിയാവിന് വീണ്ടും യഹോവയുടെ അരുളപ്പാടുണ്ടായി. 29 “ആഹാബ് എന്റെമുമ്പിൽ സ്വയം വിനയപ്പെടുത്തിയത് എങ്ങനെയെന്നു നീ ശ്രദ്ധിച്ചോ? അവൻ സ്വയം താഴ്ത്തിയതിനാൽ ഞാൻ അവന്റെ ജീവിതകാലത്ത് ഈ വിപത്തുകളൊന്നും വരുത്തുകയില്ല; എന്നാൽ, അവന്റെ പുത്രന്റെകാലത്ത് ഞാൻ അവന്റെ ഗൃഹത്തിന്മേൽ ഈ അനർഥംവരുത്തും.”

  65. 36 “ഇസ്രായേൽ അവിടത്തേക്കെതിരേ പാപംചെയ്യുകയും—പാപം ചെയ്യാത്ത ഒരു മനുഷ്യനും ഇല്ലല്ലോ—അവിടന്ന് അവരോടു കോപിച്ച് അവരെ ശത്രുവിന്റെ കൈകളിൽ ഏൽപ്പിച്ചുകൊടുക്കുകയും ശത്രു അവരെ, അടുത്തോ അകലെയോ ഉള്ള രാജ്യത്തേക്ക് അടിമകളാക്കികൊണ്ടുപോകുകയും ചെയ്യുമ്പോൾ, 37 അവർ അടിമകളായിക്കഴിയുന്ന രാജ്യത്തുവെച്ച് മനമുരുകി അനുതപിച്ച്, ‘ഞങ്ങൾ പാപംചെയ്തു വഴിതെറ്റിപ്പോയി, ദുഷ്ടത പ്രവർത്തിച്ചുപോയി,’ എന്ന് ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും 38 തങ്ങളെ അടിമകളാക്കി കൊണ്ടുപോയവരുടെ രാജ്യത്തുവെച്ച് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സന്നിധിയിലേക്കു തിരിഞ്ഞ് അവിടന്ന് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തിലേക്കും അവിടന്നു തെരഞ്ഞെടുത്ത നഗരത്തിലേക്കും അടിയൻ തിരുനാമത്തിനുവേണ്ടി നിർമിച്ച ആലയത്തിലേക്കും തിരിഞ്ഞ് അവിടത്തോടു പ്രാർഥിക്കുകയും ചെയ്യുമ്പോൾ, 39 അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനകളും കേട്ട് അവരുടെ കാര്യം നടത്തിക്കൊടുക്കണേ. അവിടത്തേക്കെതിരേ പാപംചെയ്ത അവിടത്തെ ജനത്തോട് അങ്ങു ക്ഷമിക്കണമേ.

  66. 18 എന്റെ അകൃത്യങ്ങൾ ഞാൻ ഏറ്റുപറയുന്നു;

    എന്റെ പാപത്തെക്കുറിച്ചു ഞാൻ വ്യാകുലപ്പെടുന്നു.

  67. 12 നീ പോയി വടക്കു ദിക്കിലേക്കു നോക്കി ഈ വചനങ്ങൾ വിളിച്ചുപറയുക:

    “ ‘വിശ്വാസത്യാഗിയായ ഇസ്രായേലേ, മടങ്ങിവരിക,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു,

    ‘എന്റെ കോപം നിങ്ങളുടെമേൽ പതിക്കാൻ ഞാൻ അനുവദിക്കുകയില്ല,

    കാരണം ഞാൻ വിശ്വസ്തനാണ്, ഞാൻ എന്നേക്കും കോപം സംഗ്രഹിച്ചു വെക്കുകയില്ല,’

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    13 ‘നിന്റെ ദൈവമായ യഹോവയ്ക്കെതിരേ നീ മത്സരിച്ച്

    ഓരോ ഇലതൂർന്ന മരത്തിൻകീഴിലും

    അന്യദേവതകളെ പ്രസാദിപ്പിച്ചു.

    എന്റെ ശബ്ദം നീ കേട്ടനുസരിച്ചില്ല

    എന്നുള്ള നിന്റെ കുറ്റം സമ്മതിക്കുകമാത്രം ചെയ്യുക,’ ”

    എന്ന് യഹോവയുടെ അരുളപ്പാട്.

    14 “അവിശ്വസ്തരായ മക്കളേ, മടങ്ങിവരിക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാനാണല്ലോ നിങ്ങളുടെ ഭർത്താവ്. ഞാൻ നിങ്ങളെ—ഒരു പട്ടണത്തിൽനിന്ന് ഒരുവനെയും ഒരു കുടുംബത്തിൽനിന്ന് രണ്ടുപേരെയും വീതം—തെരഞ്ഞെടുത്ത് നിങ്ങളെ സീയോനിലേക്കു കൊണ്ടുവരും.

  68. 41 ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ.

  69. 75 അപ്പോൾ, “കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത് പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.

  70. 16 അദ്ദേഹം പാപികളോടും നികുതിപിരിവുകാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ടിട്ടു പരീശന്മാരുടെ കൂട്ടത്തിലുള്ള വേദജ്ഞർ യേശുവിന്റെ ശിഷ്യന്മാരോട്, “അദ്ദേഹം നികുതിപിരിവുകാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.

    17 യേശു ഇതു കേട്ടിട്ട് അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.

  71. 25 “എന്നാൽ അബ്രാഹാം പ്രതിവചിച്ചു: ‘കുഞ്ഞേ, നീ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു, ലാസറിന്റെ ജീവിതമോ, ദുരിതപൂർണമായിരുന്നു എന്ന് ഓർക്കുക. എന്നാൽ, ഇപ്പോൾ ലാസർ ഇവിടെ ആശ്വാസമനുഭവിക്കുന്നു, നീയോ കഠിനവേദന അനുഭവിക്കുന്നു. 26 തന്നെയുമല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ വലിയൊരു പിളർപ്പു വെച്ചിരിക്കുന്നു; ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധ്യമല്ല; അവിടെനിന്ന് ആർക്കും ഞങ്ങളുടെ അടുത്തേക്കു വരാനും സാധ്യമല്ല.’

    27 “അപ്പോൾ ധനികനായിരുന്ന മനുഷ്യൻ: ‘പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ അപ്പന്റെ വീട്ടിലേക്ക് അയയ്ക്കണമേ എന്നു ഞാൻ യാചിക്കുന്നു. 28 എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്, അവരും ഈ യാതനാസ്ഥലത്തു വരാതിരിക്കേണ്ടതിന് അയാൾ അവർക്കു മുന്നറിയിപ്പു നൽകട്ടെ.’

    29 “ ‘മോശയുടെയും പ്രവാചകന്മാരുടെയും ലിഖിതങ്ങൾ അവരുടെ പക്കലുണ്ടല്ലോ; നിന്റെ സഹോദരന്മാർ അവ അനുസരിക്കട്ടെ,’ അബ്രാഹാം പറഞ്ഞു.

    30 “ ‘അങ്ങനെയല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരാൾ അവരുടെ അടുക്കൽ ചെന്നാൽ അവർ അനുതപിക്കും,’ അയാൾ പറഞ്ഞു.

    31 “അബ്രാഹാം അയാളോടു പറഞ്ഞത്, ‘അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് അനുസരിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റുചെന്നാലും വിശ്വസിക്കില്ല.’ ”

  72. 19 എന്റെ സഹോദരങ്ങളേ, നിങ്ങളിൽ ഒരാൾ സത്യംവിട്ടുഴലുകയും അയാളെ ആരെങ്കിലും തിരികെ കൊണ്ടുവരികയുംചെയ്യുന്നെങ്കിൽ 20 ഇതറിയുക: പാപിയെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്ന ആൾ അയാളെ മരണത്തിൽനിന്നു രക്ഷിക്കും; അയാളുടെ അസംഖ്യമായ പാപങ്ങൾ മറയ്ക്കപ്പെടുകയും ചെയ്യും.

  73. 26 അപ്പോൾ അവർ ദൈവത്തോടു പ്രാർഥിക്കുകയും അവിടന്ന് അവരെ സ്വീകരിക്കുകയും ചെയ്യും.

    അവർ ദൈവത്തിന്റെ മുഖം കാണുകയും ആനന്ദത്താൽ ആർപ്പിടുകയും ചെയ്യും;

    അവിടന്ന് അവരെ ആരോഗ്യപൂർണരായി പുനഃസ്ഥാപിക്കും.

    27 അപ്പോൾ അവർ മറ്റുള്ളവരുടെമുമ്പിൽ പാട്ടുപാടിക്കൊണ്ട് ഇപ്രകാരം പറയും:

    ‘ഞാൻ പാപംചെയ്തു നീതിയെ തകിടംമറിച്ചു,

    എന്നാൽ എനിക്ക് അർഹമായ ശിക്ഷ ലഭിച്ചില്ല.

    28 ദൈവം എന്നെ ശവക്കുഴിയിലേക്കു പോകുന്നതിൽനിന്ന് വിടുവിച്ചു;

    ജീവന്റെ പ്രകാശം ആസ്വദിക്കുന്നതിനു ഞാൻ ജീവിച്ചിരിക്കും.’

  74. 8 എന്നാൽ സക്കായി എഴുന്നേറ്റുനിന്നുകൊണ്ട് കർത്താവിനോട്, “കർത്താവേ, ഇതാ, ഇപ്പോൾത്തന്നെ എന്റെ സമ്പാദ്യത്തിന്റെ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കും. ഞാൻ ആരിൽനിന്നെങ്കിലും എന്തെങ്കിലും അപഹരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ നാലിരട്ടി തിരിച്ചുകൊടുക്കുകയും ചെയ്യാം” എന്നു പറഞ്ഞു.