70 Bible Verses About Non Believers

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Non Believers
  1. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്. 18 അവനിൽ വിശ്വസിക്കുന്ന ആർക്കും ശിക്ഷാവിധി ഇല്ല; എന്നാൽ വിശ്വസിക്കാത്തവർക്കോ, ദൈവത്തിന്റെ നിസ്തുലപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട്, ശിക്ഷാവിധി വന്നുകഴിഞ്ഞു. 19 പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തി കാരണം അവർ പ്രകാശത്തിനു പകരം അന്ധകാരത്തെ സ്നേഹിച്ചു എന്നതാണ് ശിക്ഷാവിധിക്ക് അടിസ്ഥാനം. 20 തിന്മചെയ്യുന്ന ഏതൊരാളും പ്രകാശത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തികൾ പരസ്യമാകും എന്ന ഭയംനിമിത്തം പ്രകാശത്തിലേക്കു വരുന്നതുമില്ല.

  2. 18 അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. 19 യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു. 20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.

    21 അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി. 22 ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി. 23 അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു.

    24 അതുകൊണ്ട്, അവരുടെ ഹൃദയത്തിലെ ദുർമോഹങ്ങളാൽ നിയന്ത്രിക്കപ്പെട്ട് അപമാനകരമായ ശാരീരികവൃത്തികളിൽ പരസ്പരം വ്യാപൃതരാകാൻ ദൈവം അവരെ അശുദ്ധിയിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു. 25 അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.

    26 ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ വികാരങ്ങളിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു; അവരുടെ സ്ത്രീകൾപോലും സ്വാഭാവിക ലൈംഗികവേഴ്ചയ്ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു. 27 അതുപോലെതന്നെ, സ്ത്രീകളുമായുള്ള സ്വാഭാവിക ലൈംഗികവേഴ്ച ഉപേക്ഷിച്ച് പുരുഷന്മാർ വിഷയാസക്തി മൂത്ത് പരസ്പരം ഹീനകൃത്യങ്ങളിൽ മുഴുകി; അവരുടെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് അർഹമായ പ്രതിഫലം അവരുടെ ശരീരത്തിൽ പ്രാപിക്കുകയും ചെയ്തു.

    28 ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു. 29 അവർ എല്ലാവിധ അനീതിയും ദോഷവും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അവരുടെ ജീവിതം അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, ദുഷ്ടത എന്നിവ നിറഞ്ഞതാണ്. വൃഥാഭാഷികളും 30 പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും 31 അവിവേകികളും വിശ്വാസവഞ്ചകരും മനുഷ്യത്വമില്ലാത്തവരും ദയ ഇല്ലാത്തവരും ആണ്. 32 ഇങ്ങനെയുള്ളവർ മരണയോഗ്യരാണ് എന്ന ദൈവകൽപ്പന അറിഞ്ഞിട്ടും അവർ ഇക്കാര്യങ്ങൾതന്നെ തുടർന്നു പ്രവർത്തിക്കുന്നു; അതുമാത്രമോ, അങ്ങനെചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.

  3. 14 അവിശ്വാസികളുമായുള്ള പങ്കാളിത്തം ചേർച്ചയില്ലാത്തതാണ്, അത് അരുത്. നീതിക്കും ദുഷ്ടതയ്ക്കുംതമ്മിൽ എന്താണു യോജിപ്പ്? പ്രകാശത്തിനും ഇരുളിനുംതമ്മിൽ എന്തു കൂട്ടായ്മ? 15 ക്രിസ്തുവിനും ബെലിയാലിനുംതമ്മിൽ ഐക്യമോ? വിശ്വാസിക്ക് അവിശ്വാസിയുമായി പൊതുവായിട്ട് എന്താണുള്ളത്? 16 ദൈവത്തിന്റെ ആലയവും വിഗ്രഹങ്ങളുംതമ്മിൽ എന്തു ബന്ധം? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ:

    “ഞാൻ അവരിൽ വസിക്കുകയും

    അവരുടെ ഇടയിൽ നടക്കുകയും ചെയ്യും;

    ഞാൻ അവരുടെ ദൈവവും

    അവർ എന്റെ ജനവും ആയിരിക്കും”

    എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു. ആകയാൽ,

    17 “അവരിൽനിന്ന് പുറത്തുവരികയും

    വേർപിരിയുകയുംചെയ്യുക,

    എന്നു കർത്താവ് അരുളിച്ചെയ്യുന്നു.

    അശുദ്ധമായതൊന്നും സ്പർശിക്കരുത്;

    എന്നാൽ ഞാൻ നിങ്ങളെ സ്വീകരിക്കും.”

    18 “ഞാൻ നിങ്ങൾക്കു പിതാവും

    നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും,

    എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.”

  4. 9 ആഴ്ചയുടെ ഒന്നാംദിവസം രാവിലെ യേശു ഉയിർത്തെഴുന്നേറ്റശേഷം താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയ മഗ്ദലക്കാരി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി. 10 അവൾ പോയി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നവരോട് ഇക്കാര്യം പറഞ്ഞു. ആ സമയത്ത് അവർ വിലപിച്ചും കരഞ്ഞും കൊണ്ടിരിക്കുകയായിരുന്നു. 11 യേശു ജീവിച്ചിരിക്കുന്നെന്നും അവൾ അദ്ദേഹത്തെ കണ്ടുവെന്നും കേട്ടിട്ട് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

    12 പിന്നീട് അവരിൽ രണ്ടുപേർ നാട്ടിൻപുറത്തേക്ക് നടന്നുപോകുമ്പോൾ യേശു മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി. 13 അവർ മടങ്ങിവന്നു ശേഷമുള്ളവരെ വിവരം അറിയിച്ചു. എന്നാൽ, അവരെയും ശിഷ്യന്മാർ വിശ്വസിച്ചില്ല.

    14 പിന്നീട് ശിഷ്യന്മാർ പതിനൊന്നുപേരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷനായി. താൻ ഉയിർത്തെഴുന്നേറ്റതിനുശേഷം തന്നെ കണ്ടവരുടെ വാക്കു വിശ്വസിക്കാതിരുന്നതുകൊണ്ട് അദ്ദേഹം അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു.

  5. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 “ദൈവം ഇല്ല,” എന്നു

    മൂഢർ തങ്ങളുടെ ഹൃദയത്തിൽ പറയുന്നു.

    അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ പ്രവൃത്തികൾ നിന്ദ്യമായവ;

    നന്മചെയ്യുന്നവർ ആരുമില്ല.

    2 ദൈവത്തെ അന്വേഷിക്കുന്ന

    വിവേകിയുണ്ടോ എന്നറിയാൻ

    യഹോവ സ്വർഗത്തിൽനിന്നു

    മാനവവംശത്തെ നോക്കുന്നു.

  6. 37 യെഹൂദരുടെ സാന്നിധ്യത്തിൽ യേശു ഇത്രയേറെ അത്ഭുതചിഹ്നങ്ങൾ ചെയ്തിട്ടും അവർ അദ്ദേഹത്തിൽ വിശ്വസിച്ചില്ല;

    38 “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു?

    കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?”

    എന്ന് യെശയ്യാപ്രവാചകൻ പ്രവചിച്ചത് നിവൃത്തിയായി.

    39 അവർക്ക് വിശ്വസിക്കാൻ കഴിയാതിരുന്നതിനെക്കുറിച്ച് യെശയ്യാവ് മറ്റൊരിടത്ത് ഇപ്രകാരം പറയുന്നു:

    40 “കണ്ണുകൊണ്ടു കാണുകയോ

    ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ

    എന്നിലേക്കുതിരിഞ്ഞ് സൗഖ്യംപ്രാപിക്കാൻ ഇടവരികയോ ചെയ്യാത്തവിധം

    അവിടന്ന് അവരുടെ കണ്ണുകൾ അന്ധമാക്കുകയും

    ഹൃദയം കഠിനമാക്കുകയും ചെയ്തിരിക്കുന്നു.”

    41 യേശുവിന്റെ മഹത്ത്വം കണ്ട് അവിടത്തെപ്പറ്റി വർണിച്ചുകൊണ്ടാണ് യെശയ്യാവ് ഇങ്ങനെ പ്രസ്താവിച്ചത്.

    42 അതേസമയം, ഉദ്യോഗസ്ഥഗണത്തിൽ ഉൾപ്പെട്ട പലരും അദ്ദേഹത്തിൽ വിശ്വസിച്ചെങ്കിലും യെഹൂദപ്പള്ളിയിൽനിന്ന് പരീശന്മാർ തങ്ങൾക്കു ഭ്രഷ്ട് കൽപ്പിക്കും എന്നു ഭയന്ന് അവർ പരസ്യമായി തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞില്ല. 43 കാരണം, അവർ ദൈവത്തിൽനിന്നുള്ള ആദരവിനെക്കാൾ മനുഷ്യരിൽനിന്നുള്ള ആദരവ് ഇഷ്ടപ്പെട്ടു.

  7. 12 സഹോദരങ്ങളേ, സൂക്ഷിക്കുക, ജീവനുള്ള ദൈവത്തെ പരിത്യജിക്കാൻ കാരണമായിത്തീരുന്ന വിശ്വാസമില്ലാത്ത ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകരുത്. 13 പാപത്താൽ വഞ്ചിതരായി നിങ്ങളിൽ ആരും ഹൃദയകാഠിന്യമുള്ളവർ ആകാതിരിക്കാൻ, “ഇന്ന്” എന്നു പറയാൻ കഴിയുന്നതുവരെ, അനുദിനം പരസ്പരം പ്രബോധിപ്പിക്കുക. 14 നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം ആദ്യന്തം സുസ്ഥിരതയോടെ പിൻതുടർന്നാൽമാത്രമേ നിങ്ങളും ക്രിസ്തുവിന്റെ മിത്രങ്ങളായി തുടരുകയുള്ളു.

  8. 31 യെഹൂദനേതാക്കന്മാർ വീണ്ടും അദ്ദേഹത്തെ എറിയാൻ കല്ലെടുത്തു. 32 എന്നാൽ, യേശു അവരോടു ചോദിച്ചു: “പിതാവിൽനിന്നുള്ള അനേകം നല്ല പ്രവൃത്തികൾ ഞാൻ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു നിമിത്തമാണു നിങ്ങൾ എന്നെ കല്ലെറിയുന്നത്?”

    33 യെഹൂദനേതാക്കന്മാർ മറുപടി പറഞ്ഞു: “സൽപ്രവൃത്തികളൊന്നും നിമിത്തമല്ല, പിന്നെയോ വെറും മനുഷ്യനായ നീ ദൈവമാണെന്നവകാശപ്പെട്ടു ദൈവദൂഷണം പറയുന്നതുകൊണ്ടാണു ഞങ്ങൾ നിന്നെ കല്ലെറിയുന്നത്.”

    34 യേശു ഉത്തരം പറഞ്ഞു: “ ‘നിങ്ങൾ “ദേവന്മാർ” എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടില്ലേ? 35 ദൈവത്തിൽനിന്ന് വചനം ലഭിച്ചവർ ‘ദേവന്മാർ,’ എന്നു വിളിക്കപ്പെട്ടെങ്കിൽ—തിരുവെഴുത്ത് നിരർഥകമാകരുതല്ലോ— 36 പിതാവ് സ്വന്തമായി വേർതിരിച്ചു ലോകത്തിലേക്ക് അയച്ചവനെപ്പറ്റി എന്താണു പറയേണ്ടത്? ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു നിങ്ങൾ എന്റെമേൽ എന്തിനു ദൈവദൂഷണം ആരോപിക്കുന്നു? 37 ഞാൻ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ എന്നിൽ വിശ്വസിക്കേണ്ടതില്ലായിരുന്നു. 38 എന്നാൽ, ഞാൻ അവ പ്രവർത്തിക്കുന്നെങ്കിൽ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽപോലും, എന്റെ പ്രവൃത്തികൾ വിശ്വസിക്കുക; അങ്ങനെ പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു എന്നു നിങ്ങൾക്കറിയാനും ഗ്രഹിക്കാനും കഴിയും.”

  9. 37 എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചിരിക്കുന്നു. നിങ്ങൾ ഒരിക്കലും അവിടത്തെ ശബ്ദം കേൾക്കുകയോ രൂപം കാണുകയോ ചെയ്തിട്ടില്ല; 38 അവിടത്തെ വചനം നിങ്ങളിൽ നിവസിക്കുന്നതുമില്ല; പിതാവ് അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. 39 നിങ്ങൾ തിരുവെഴുത്തുകൾ ശ്രദ്ധയോടെ പഠിക്കുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ വിചാരിക്കുന്നു; അവയാണ് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കുന്നത്. 40 എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരാൻ നിങ്ങൾക്കു മനസ്സില്ല.

  10. 3 ഞങ്ങൾ പ്രസംഗിക്കുന്ന സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ അത് നശിച്ചുകൊണ്ടിരിക്കുന്നവർക്കു മാത്രമാണ്. 4 അവിശ്വാസികളായ അവരുടെ മനസ്സ് ഈ ലോകത്തിന്റെ ദൈവമായ പിശാച് അന്ധമാക്കിയിരിക്കുന്നു; അത് ദൈവപ്രതിരൂപമായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം അവരുടെമേൽ പ്രകാശിക്കാതിരിക്കേണ്ടതിനാണ്.

  11. 8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”

  12. 32 എന്നിട്ടുമവർ പാപത്തിൽത്തന്നെ തുടർന്നു;

    അവിടത്തെ അത്ഭുതങ്ങൾ കണ്ടിട്ടും അവർ വിശ്വസിച്ചില്ല.

    33 അതിനാൽ അവരുടെ ആയുസ്സ് വ്യർഥമായി അവസാനിക്കുന്നതിനും

    അവരുടെ സംവത്സരങ്ങൾ ഭീതിയിലാണ്ടുപോകുന്നതിനും അവിടന്ന് സംഗതിയാക്കി.

  13. 2 എന്നാൽ, വിശ്വസിക്കാതിരുന്ന യെഹൂദർ പൗലോസിനോടും ബർന്നബാസിനോടും യെഹൂദേതരരുടെ മനസ്സുകളിൽ കഠിനവിദ്വേഷമുണ്ടാക്കി. അവർക്കെതിരേ യെഹൂദേതരരെ ഇളക്കിവിട്ടു.

  14. 24 യേശു വന്നപ്പോൾ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളും ദിദിമൊസ് എന്നും പേരുള്ളവനുമായ തോമസ് ശിഷ്യന്മാരുടെ കൂടെ ഉണ്ടായിരുന്നില്ല. 25 മറ്റേ ശിഷ്യന്മാർ അയാളോട്, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു.

    അപ്പോൾ തോമസ്, “അദ്ദേഹത്തിന്റെ കൈകളിലെ ആണിപ്പാടുകൾ കാണുകയും അവയിൽ എന്റെ വിരൽകൊണ്ട് സ്പർശിക്കുകയും പാർശ്വത്തിൽ കൈവെക്കുകയും ചെയ്തിട്ടല്ലാതെ ഞാൻ വിശ്വസിക്കുകയില്ല!” എന്നു പറഞ്ഞു.

    26 എട്ടു ദിവസത്തിനുശേഷം, ശിഷ്യന്മാർ വീട്ടിൽ കൂടിയിരിക്കുമ്പോൾ തോമസും അവരോടുകൂടെ ഉണ്ടായിരുന്നു. വാതിലുകൾ അടച്ചിരിക്കുമ്പോൾ യേശു വന്ന് അവരുടെമധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു, “നിങ്ങൾക്കു സമാധാനം.” 27 പിന്നെ അവിടന്ന് തോമസിനോടു പറഞ്ഞു, “നിന്റെ വിരൽ നീട്ടി ഇവിടെ എന്റെ കൈകളെ സ്പർശിക്കുക, നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വെക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.”

    28 തോമസ് അദ്ദേഹത്തോട്, “എന്റെ കർത്താവും എന്റെ ദൈവവും” എന്നു പറഞ്ഞു.

    29 അപ്പോൾ യേശു, “നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു, കാണാതെ വിശ്വസിച്ചവർ അനുഗൃഹീതർ” എന്നു പറഞ്ഞു.

    30 ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത മറ്റനേകം അത്ഭുതചിഹ്നങ്ങളും തന്റെ ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ യേശു പ്രവർത്തിച്ചു. 31 എന്നാൽ, യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ച് അവിടത്തെ നാമത്തിൽ ജീവൻ ലഭിക്കേണ്ടതിനുമായി ഇവ എഴുതപ്പെട്ടിരിക്കുന്നു.

  15. 36 പുത്രനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവരോ ജീവനെ കാണുകയില്ലെന്നുമാത്രമല്ല; ദൈവക്രോധം അവരുടെമേൽ നിലനിൽക്കുകയും ചെയ്യുന്നു.”

  16. 18 അവർ അവിടത്തെ സ്വസ്ഥതയിൽ ഒരുനാളും പ്രവേശിക്കുകയില്ലെന്നു ദൈവം ശപഥംചെയ്തത്, അനുസരണയില്ലാത്ത ഇവരോടല്ലാതെ മറ്റാരോടാണ്? 19 ഇങ്ങനെ അവരുടെ അവിശ്വാസംനിമിത്തം അവർക്കു സ്വസ്ഥതയിൽ പ്രവേശിക്കാൻ സാധിച്ചില്ല എന്നു നാം കാണുന്നു.

  17. 24 നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ പറഞ്ഞുവല്ലോ; ഞാൻ ഉന്നതങ്ങളിൽനിന്ന് വന്ന ‘ഞാൻ ആകുന്നു’ എന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.”

  18. 8 അവിടന്നു വരുമ്പോൾ പാപം, നീതി, ന്യായവിധി എന്നിവയെ സംബന്ധിച്ച് മാനവരാശിക്ക് ബോധ്യം വരുത്തും. 9 പാപത്തെക്കുറിച്ചു ബോധ്യം വരുത്തും, കാരണം, മാനവർ എന്നിൽ വിശ്വാസം അർപ്പിക്കുന്നില്ല. 10 നിങ്ങൾക്ക് ലഭ്യമാകുന്ന ദൈവനീതിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം പിതാവിന്റെ സന്നിധിയിലേക്കു ഞാൻ പോകുന്നു. നിങ്ങൾക്ക് ഇനിയും എന്നെ കാണാൻ കഴിയുകയുമില്ല. 11 ന്യായവിധിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം, ഈ ലോകത്തിന്റെ അധിപതി ന്യായംവിധിക്കപ്പെട്ടിരിക്കുന്നു.

  19. 19 അതിനുശേഷം ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” എന്നു രഹസ്യമായി ചോദിച്ചു.

    20 “അത് നിങ്ങളിലെ വിശ്വാസത്തിന്റെ അപര്യാപ്തതമൂലമാണ്. നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് മാറിപ്പോകുക’ എന്നു പറഞ്ഞാൽ അതു മാറിപ്പോകും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്ക് അസാധ്യമായത് ഒന്നുംതന്നെ ഉണ്ടാകുകയില്ല.

  20. 42 അതിനു മറുപടിയായി കർത്താവ് പറഞ്ഞത്: “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ കാര്യസ്ഥനായി യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്? 43 യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ. 44 അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. 45 എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്നവനാണ് ആ ഭൃത്യനെങ്കിൽ, അയാൾ ഇതര ദാസീദാസന്മാരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും. 46 ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് അവിശ്വാസികൾക്കൊപ്പം ഇടം നൽകും.

  21. 44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കളാണ്. അവന്റെ ഇഷ്ടം നിറവേറ്റാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അവൻ ആരംഭംമുതലേ കൊലപാതകിയായിരുന്നു. അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്തു നിൽക്കുന്നില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കുന്നു. അവൻ വ്യാജം പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. 45 ഞാൻ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. 46 എന്നിൽ പാപമുണ്ടെന്നു തെളിയിക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? ഞാൻ സത്യമാണു പറയുന്നതെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്?

  22. 9 വിനാശപുത്രന്റെ വരവ് സാത്താന്റെ പ്രവർത്തനരീതിക്കു സമാനമായിട്ട്, എല്ലാത്തരം ശക്തി പ്രകടനങ്ങളോടും വ്യാജമായ ചിഹ്നങ്ങളോടും അത്ഭുതപ്രവൃത്തികളോടും കൂടിയുമായിരിക്കും. 10 തങ്ങളെ രക്ഷിക്കുന്ന സത്യത്തെ സ്നേഹിച്ചു സ്വീകരിക്കാതെ നാശത്തിലേക്കു പോകുന്നവരുടെമേൽ എല്ലാ തരത്തിലുമുള്ള ദുഷ്ടതനിറഞ്ഞ വഞ്ചനയും അയാൾ പ്രയോഗിക്കും. 11 ഈ വ്യാജം വിശ്വസിക്കേണ്ടതിനുവേണ്ടി ദൈവം അവർക്ക് ശക്തമായ ഒരു മതിവിഭ്രമം നൽകും. 12 അങ്ങനെ, സത്യത്തിൽ വിശ്വസിക്കാതെ ദുഷ്ടതയിൽ അഭിരമിച്ചതിനാൽ അവർ ശിക്ഷിക്കപ്പെടും.

  23. 21 യഹോവ ഇതു കേട്ടപ്പോൾ രോഷാകുലനായി;

    അവിടത്തെ കോപാഗ്നി യാക്കോബിനെതിരേയും

    അവിടത്തെ ക്രോധം ഇസ്രായേലിന്റെനേരേയും കത്തിജ്വലിച്ചു,

    22 അവർ ദൈവത്തിൽ വിശ്വസിക്കുകയോ

    അവിടത്തെ കരുതലിൽ ആശ്രയിക്കുകയോ ചെയ്യാതിരുന്നതിനാൽത്തന്നെ.

  24. 24 ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ” എന്നു നിലവിളിച്ചു പറഞ്ഞു.

  25. 1 യേശു അവിടെനിന്നു യാത്രതിരിച്ച് സ്വന്തം പട്ടണത്തിൽ ശിഷ്യന്മാരുമായി മടങ്ങിയെത്തി. 2 അടുത്ത ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽവെച്ച് ഉപദേശിച്ചുതുടങ്ങി. പലരും അതുകേട്ട് ആശ്ചര്യപ്പെട്ടു.

    “ഈ മനുഷ്യന് ഇവയെല്ലാം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാൾക്കു ലഭിച്ചിരിക്കുന്നത്? എന്തെല്ലാം അത്ഭുതങ്ങളാണ് ഇയാൾ ചെയ്യുന്നത്? 3 ഇത് ആ മരപ്പണിക്കാരനല്ലേ? ഇയാൾ മറിയയുടെ മകനല്ലേ? യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമല്ലേ ഇയാൾ? ഇയാളുടെ സഹോദരിമാരും ഇവിടെ നമ്മോടുകൂടെ ഇല്ലേ?” എന്നു ചോദിച്ചു. യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല.

    4 യേശു അവരോട്, “ഒരു പ്രവാചകൻ ബഹുമാനിക്കപ്പെടാത്തത് അയാളുടെ സ്വദേശത്തും ബന്ധുക്കൾക്കിടയിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു. 5 ഏതാനും ചില രോഗികളുടെമേൽ കൈവെച്ച് അവരെ സൗഖ്യമാക്കിയതല്ലാതെ, അവിടെ അത്ഭുതപ്രവൃത്തികളൊന്നും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 6 അവരുടെ അവിശ്വാസത്തെക്കുറിച്ച് അദ്ദേഹം ആശ്ചര്യപ്പെട്ടു.

    അതിനുശേഷം യേശു ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിച്ച് ഉപദേശിച്ചുകൊണ്ടിരുന്നു.

  26. 9 എന്നാൽ, ചിലർ വിശ്വസിക്കാതെ കഠിനഹൃദയരായി ഈ മാർഗത്തെ സമൂഹമധ്യേ നിന്ദിച്ചു. അതുകൊണ്ട് പൗലോസ് അവരെ വിട്ടിട്ട് ശിഷ്യന്മാരെ കൂട്ടിക്കൊണ്ടു തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി ചർച്ചകൾ നടത്തി.

  27. 13 ലോകത്തിന്റെ അവകാശിയാകും എന്നുള്ള വാഗ്ദാനം അബ്രാഹാമിനോ അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കോ സിദ്ധിച്ചത് ന്യായപ്രമാണത്തിലൂടെയല്ല, വിശ്വാസത്താൽ ലഭിച്ച നീതിയിലൂടെയാണല്ലോ. 14 ന്യായപ്രമാണം അനുസരിക്കുന്നവരാണ് ദൈവത്തിന്റെ വാഗ്ദാനത്തിന് അവകാശികൾ എങ്കിൽ ദൈവത്തിലുള്ള വിശ്വാസം അനാവശ്യമായിത്തീരുന്നു; വാഗ്ദാനം അസാധുവായിത്തീരുന്നു. 15 ന്യായപ്രമാണലംഘനം ദൈവക്രോധത്തിനു കാരണമായിത്തീരും. ന്യായപ്രമാണം ഇല്ലെങ്കിൽ അതിന്റെ ലംഘനവും സാധ്യമല്ല്ലല്ലോ.

    16 അതുകൊണ്ട്, വാഗ്ദാനത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. അതു ദൈവം അവിടത്തെ കൃപയുടെ ദാനമായി, അബ്രാഹാമിന്റെ സന്തതിപരമ്പരയിൽപ്പെട്ട വിശ്വസിക്കുന്നവർക്കെല്ലാം—ന്യായപ്രമാണം അനുസരിക്കുന്നവർക്കുമാത്രമല്ല—ഉറപ്പായി നൽകി. കാരണം, വിശ്വസിക്കുന്നവരായ നാം എല്ലാവരുടെയും പിതാവാണ് അബ്രാഹാം. 17 “ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നല്ലോ. മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ ആസ്തിക്യത്തിലേക്കു വിളിച്ചുവരുത്തുകയും ചെയ്യുന്നവനായ ദൈവത്തിൽ അബ്രാഹാം വിശ്വസിച്ചു, ആ ദൈവത്തിന്റെ ദൃഷ്ടിയിൽ അദ്ദേഹം നമ്മുടെ പിതാവാണ്.

    18 “നിന്റെ സന്തതി ഇങ്ങനെ ആയിത്തീരും” എന്നു ദൈവം അരുളിച്ചെയ്തിരുന്നതുകൊണ്ട് ആശിക്കാൻ സാധ്യതയില്ലാതിരുന്നിട്ടും അനേകം ജനതകൾക്കു പിതാവായിത്തീരുമെന്ന് ആശയോടുകൂടെ അബ്രാഹാം വിശ്വസിച്ചു. 19 ഏകദേശം നൂറുവയസ്സുണ്ടായിരുന്നതുകൊണ്ട് തന്റെ ശരീരം മൃതപ്രായമായിരുന്നു എന്നും സാറയുടെ ഗർഭപാത്രം നിർജീവമായിരുന്നു എന്നും വ്യക്തമായി അറിഞ്ഞിട്ടും അബ്രാഹാമിന്റെ വിശ്വാസം ദുർബലമായില്ല. 20 ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് അവിശ്വാസത്താൽ ചഞ്ചലിക്കാതെ അദ്ദേഹം ദൈവത്തെ മഹത്ത്വപ്പെടുത്തി വിശ്വാസത്തിൽ ശക്തിപ്പെട്ടു. 21 ആ ദൈവം വാഗ്ദാനംചെയ്തതു നിവർത്തിക്കാൻ ശക്തനാണെന്നുള്ള പൂർണബോധ്യമുള്ളവനായിത്തീർന്നു. 22 അബ്രാഹാമിന്റെ ഈ വിധത്തിലുള്ള വിശ്വാസം അദ്ദേഹത്തിനു “നീതിയായി ദൈവം കണക്കാക്കി.” 23 “നീതിയായി കണക്കാക്കി” എന്ന് എഴുതിയിരിക്കുന്നത് അദ്ദേഹത്തിനുമാത്രമല്ല; 24 നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നവരായ നമുക്കും ബാധകമാണ്. 25 അവിടന്ന് നമ്മുടെ ലംഘനങ്ങൾനിമിത്തം മരണത്തിനായി ഏൽപ്പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നല്ലോ.

  28. 14 ദൈവാത്മാവ് ഇല്ലാത്തയാൾ ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ സ്വീകരിക്കുന്നില്ല, അവ അയാൾക്കു ഭോഷത്തമായി തോന്നുന്നു; ആത്മികമായി വിവേചിക്കേണ്ടതാകുകയാൽ അവയെ ഗ്രഹിക്കാൻ അയാൾക്കു സാധ്യവുമല്ല.

  29. 10 വിവാഹിതർക്ക് ഞാനല്ല, കർത്താവുതന്നെ കൊടുക്കുന്ന കൽപ്പന ഇതാണ്: ഭാര്യ ഭർത്താവിൽനിന്ന് വേർപിരിയരുത്. 11 അഥവാ, വേർപിരിയുന്നെങ്കിൽ അവൾ വിവാഹംകൂടാതെ ജീവിക്കണം. അത് അസാധ്യമെങ്കിൽ ഭർത്താവുമായി രമ്യപ്പെട്ടുകൊള്ളണം, ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.

    12 ശേഷമുള്ളവരോട് കർത്താവല്ല, ഞാൻതന്നെ നിർദേശിക്കുന്നത്: ഒരു സഹോദരന്റെ ഭാര്യ ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അവൾക്ക് അയാളോടുചേർന്നു ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അയാൾ അവളെ ഉപേക്ഷിക്കാൻ പാടില്ല. 13 അതുപോലെതന്നെ ഒരു സ്ത്രീയുടെ ഭർത്താവ് ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അയാൾക്ക് അവളോടുചേർന്ന് ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അവളും അയാളെ ഉപേക്ഷിക്കാൻ പാടില്ല. 14 കാരണം, അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ തന്റെ ഭർത്താവുമുഖേനയും വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ അശുദ്ധരെന്നുവരും. എന്നാൽ ഇപ്പോഴോ അവർ വിശുദ്ധർ ആണ്.

    15 അവിശ്വാസിയായ ആൾ വേർപിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ. ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസിയോ വിശ്വാസിനിയോ അവരവരുടെ പങ്കാളിയുമായി ബദ്ധരായിരിക്കുന്നില്ല. സമാധാനത്തിൽ ജീവിക്കാനാണല്ലോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. 16 വിവാഹിതയായ സ്ത്രീയേ, നീ ഭർത്താവിനെ രക്ഷയിലേക്കു നയിക്കില്ല എന്നു എങ്ങനെ അറിയാം? വിവാഹിതനായ പുരുഷാ, നീ ഭാര്യയെ രക്ഷയിലേക്കു നയിക്കില്ല എന്ന് എങ്ങനെ അറിയാം?

  30. 17 ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്. 18 അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു. 19 അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു.

  31. 9 മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നല്ലോ; അതിലും ശ്രേഷ്ഠതരമാണ് ദൈവത്തിന്റെ സാക്ഷ്യം. കാരണം സ്വപുത്രനെക്കുറിച്ച് ദൈവംതന്നെ നൽകിയ സാക്ഷ്യമാണ് അത്. 10 ദൈവപുത്രനിൽ വിശ്വസിക്കുന്നവരെല്ലാം ഈ സാക്ഷ്യം അംഗീകരിക്കുന്നു. ദൈവത്തിൽ വിശ്വസിക്കാത്തവർ അവിടത്തെ അസത്യവാദിയാക്കുന്നു. കാരണം, ദൈവം സ്വപുത്രനെക്കുറിച്ചു നൽകിയ സാക്ഷ്യം അവർ വിശ്വസിച്ചിട്ടില്ല. 11 ആ സാക്ഷ്യം ഇതാണ്: ദൈവം നമുക്കു നിത്യജീവൻ നൽകിയിരിക്കുന്നു; ആ ജീവൻ അവിടത്തെ പുത്രനിലാണ്. 12 ദൈവപുത്രൻ ഉള്ളവർക്കെല്ലാം നിത്യജീവനുണ്ട്; ദൈവപുത്രൻ ഇല്ലാത്തവർക്കു ജീവനില്ല.

  32. 6 വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം; ദൈവത്തിന്റെ അടുക്കൽ വരാൻ ആഗ്രഹിക്കുന്നയാൾ ദൈവം ഉണ്ടെന്നും തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർക്ക് അവിടന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കേണ്ടതാണ്.

  33. 1 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക. 2 വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും. 3 വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം; 4 പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം. 5 ഇങ്ങനെയാണ് ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, വിശുദ്ധവനിതകൾ പൂർവകാലങ്ങളിൽ സ്വന്തം ഭർത്താക്കന്മാർക്കു വിധേയപ്പെട്ട് സ്വയം അലങ്കരിച്ചിരുന്നത്. 6 സാറ അബ്രാഹാമിനെ “യജമാനാ” എന്നു വിളിച്ച് അനുസരിച്ചതുപോലെ യോഗ്യമായത്, അൽപ്പംപോലും പേടിയില്ലാതെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങളും സാറയുടെ പുത്രിമാർ.

  34. 48 എന്നെ തിരസ്കരിക്കുകയും എന്റെ വാക്കുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒരു വിധികർത്താവുണ്ട്; ഞാൻ സംസാരിച്ച എന്റെ വചനംതന്നെ അന്തിമന്യായവിധിനാളിൽ അയാളെ വിധിക്കും.

  35. 17 ഒലിവുവൃക്ഷത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റിയിട്ട്, ആ സ്ഥാനത്ത് കാട്ടൊലിവിന്റെ ശാഖയായ നിന്നെ മറ്റു ശാഖകളുടെ ഇടയിൽ ഒട്ടിച്ചുചേർത്തതുമൂലം ഒലിവിന്റെ വേരിൽനിന്നുള്ള പോഷകരസത്തിനു നീ പങ്കാളിയായിത്തീർന്നു. അതോർത്ത് 18 മറ്റു ശാഖകളെക്കാൾ നിനക്കു ശ്രേഷ്ഠതയുണ്ടെന്നു നീ ചിന്തിക്കരുത്. അങ്ങനെ അഭിമാനം തോന്നുന്നെങ്കിൽ നീ വേരിനെയല്ല, വേരു നിന്നെയാണു വഹിക്കുന്നതെന്ന് ഓർക്കുക. 19 “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ശാഖകൾ വെട്ടിമാറ്റി” എന്നായിരിക്കും നീ പറയുന്നത്. 20 ശരിതന്നെ, എന്നാൽ അവരുടെ അവിശ്വാസംനിമിത്തമാണ് അവരെ വെട്ടിമാറ്റിയത്. നീ ചേർന്നു നിൽക്കുന്നതോ നിന്റെ വിശ്വാസത്താലുമാണ്. അഹങ്കരിക്കരുത്, ഭയപ്പെടുക. 21 സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല എങ്കിൽ നിന്നോടും ദാക്ഷിണ്യം കാണിക്കുകയില്ല.

  36. 9 അസാന്മാർഗിക ജീവിതം നയിക്കുന്നവരോടു സംസർഗം പാടില്ല എന്നു ഞാൻ എന്റെ കത്തിൽ എഴുതിയിരുന്നല്ലോ. 10 സഭയ്ക്കു പുറത്തുള്ള അസാന്മാർഗികൾ, അത്യാഗ്രഹികൾ, വഞ്ചകർ, വിഗ്രഹാരാധകർ എന്നിവരെയല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ആയാൽ നിങ്ങൾ ഈ ലോകംതന്നെ വിട്ടുപോകേണ്ടിവരും. 11 സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് ഒരുവിധത്തിലും ഇടകലരരുത്. അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്.

    12 സഭയ്ക്കു പുറത്തുള്ളവരെ വിധിക്കാൻ എനിക്കെന്തു കാര്യം? അകത്തുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്? 13 പുറത്തുള്ളവരെ വിധിക്കുന്നത് ദൈവമാണ്. “ആ ദുഷിച്ചവനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക.”

  37. 15 ശുദ്ധിയുള്ളവർക്ക് എല്ലാം ശുദ്ധമാണ്. എന്നാൽ, അശുദ്ധർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല. അവരുടെ മനസ്സും മനസ്സാക്ഷിയും അശുദ്ധമാണ്.

  38. 1 പ്രിയരേ, ഞാൻ നിങ്ങൾക്കെഴുതുന്ന രണ്ടാംലേഖനമാണ് ഇത്. നിങ്ങളുടെ നിഷ്കപടമായ ഹൃദയത്തെ ഉദ്ദീപിപ്പിക്കുന്ന സ്മരണികയായിട്ടാണ് ഈ രണ്ട് ലേഖനങ്ങളും ഞാൻ എഴുതിയത്. 2 വിശുദ്ധപ്രവാചകന്മാരിലൂടെ മുമ്പ് അറിയിച്ച തിരുവചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാരിലൂടെ നമ്മുടെ കർത്താവായ രക്ഷിതാവ് നൽകിയ കൽപ്പനയും നിങ്ങൾ അനുസ്മരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

    3 പരമപ്രധാനമായി നിങ്ങൾ ഇക്കാര്യം മനസ്സിലാക്കിയിരിക്കുക: അന്ത്യകാലത്ത് പരിഹാസകർ സ്വന്തം ദുർമോഹങ്ങൾക്ക് അനുസൃതമായി പരിഹാസം വർഷിച്ചുകൊണ്ടു വരും. 4 “കർത്താവ് വാഗ്ദാനംചെയ്ത ആ ‘ആഗമനം’ എവിടെ? പിതാക്കന്മാരുടെ കാലശേഷവും എല്ലാ കാര്യങ്ങളും ലോകസൃഷ്ടിയുടെ ആരംഭത്തിൽ ആയിരുന്നതുപോലെതന്നെ ഇപ്പോഴും തുടരുന്നല്ലോ” എന്ന് അവർ പറയും. 5 എന്നാൽ പ്രാരംഭത്തിൽ, ദൈവമുഖത്തുനിന്ന് പുറപ്പെട്ട വാക്കുകളാൽത്തന്നെ ആകാശം സൃഷ്ടിക്കപ്പെട്ടു എന്നതും വെള്ളത്തിൽനിന്നും വെള്ളത്താലും ഭൂമിയുടെ സൃഷ്ടി നടന്നു എന്നതും, 6 അതേ വെള്ളത്താൽത്തന്നെ അന്നത്തെ ലോകം പ്രളയജലത്തിൽ മുങ്ങി നശിച്ചെന്നതും അവർ മനഃപൂർവം വിസ്മരിക്കുന്നു. 7 ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ തിരുവചനത്താൽത്തന്നെ സംരക്ഷിക്കപ്പെട്ടും ന്യായവിധിയുടെയും അഭക്തരുടെ നാശത്തിന്റെയും ദിവസത്തിൽ അഗ്നിക്കിരയാകാൻ സൂക്ഷിക്കപ്പെട്ടുമിരിക്കുന്നു.

  39. 12 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അന്വേഷിക്കും എന്നൊരു ഉടമ്പടിയിൽ അവർ ഏർപ്പെട്ടു. 13 ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ—ചെറിയവരോ വലിയവരോ സ്ത്രീയോ പുരുഷനോ ആകട്ടെ ആരായാലും—വധശിക്ഷ അനുഭവിക്കണം എന്നും ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തു.

  40. ദാവീദിന്റെ ധ്യാനസങ്കീർത്തനം.

    1 “ദൈവം ഇല്ല,” എന്നു മൂഢർ

    തങ്ങളുടെ ഹൃദയത്തിൽ പറയുന്നു.

    അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ വഴികൾ നിന്ദ്യമായവ;

    നന്മചെയ്യുന്നവർ ആരുമില്ല.

  41. 17 അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കും? എത്രനാൾ ഞാൻ നിങ്ങളെ സഹിക്കും? ബാലനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു.

  42. 11 പരീശന്മാർ വന്ന് യേശുവിനോടു തർക്കിച്ചുതുടങ്ങി. യേശു ദൈവപുത്രൻ ആണെന്നതിന് തെളിവായി അവർ സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. 12 അദ്ദേഹം ആത്മാവിൽ ഞരങ്ങിക്കൊണ്ട്: “ഈ തലമുറ എന്തുകൊണ്ടാണ് ചിഹ്നം ആവശ്യപ്പെടുന്നത്? ഞാൻ നിങ്ങളോടു സത്യം പറയുന്നു: ഈ തലമുറയ്ക്ക് ഒരു അത്ഭുതചിഹ്നവും നൽകപ്പെടുകയില്ല” എന്നു പറഞ്ഞു.

  43. 12 വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.

  44. 25 അദ്ദേഹം അവരോട്, “ഹാ! നിങ്ങൾ എത്ര ബുദ്ധിശൂന്യർ! പ്രവാചകന്മാർ പ്രസ്താവിച്ചിട്ടുള്ളതെല്ലാം വിശ്വസിക്കാൻ കഴിയാത്ത മന്ദബുദ്ധികളേ!

  45. 6 ദൈവം “ഓരോ വ്യക്തിക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരംചെയ്യും.” 7 നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും. 8 എന്നാൽ, സത്യം അനുസരിക്കാതെ സ്വാർഥചിന്തയോടുകൂടി ദുഷ്ടതയെ അനുസരിക്കുന്നവരുടെമേൽ കോപവും ക്രോധവും വർഷിക്കും. 9 തിന്മചെയ്യുന്ന ഏതു മനുഷ്യജീവിക്കും ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും പീഡയും സങ്കടവും ഉണ്ടാകും. 10 എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും; 11 കാരണം, ദൈവം പക്ഷഭേദം ഇല്ലാത്തവനാണ്.

  46. 1 എന്നാൽ അന്ത്യകാലത്ത് വഴിതെറ്റിക്കുന്ന ആത്മാക്കളെയും പൈശാചിക ഉപദേശങ്ങളെയും പിൻതുടർന്ന് ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിക്കുമെന്നു ദൈവാത്മാവ് വ്യക്തമായി പറയുന്നു. 2 ഇത്തരം ഉപദേശങ്ങൾ അസത്യവാദികളുടെ കാപട്യത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. അവരുടെ മനസ്സാക്ഷി പൊള്ളിക്കപ്പെട്ടതുപോലെ വികാരശൂന്യമായിരിക്കുന്നു. 3 അവർ വിവാഹം നിരോധിക്കുകയും ചില സവിശേഷ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയുംചെയ്യുന്നു. ഇവ, സത്യം മനസ്സിലാക്കിയ വിശ്വാസികൾ സ്തോത്രത്തോടെ ആസ്വദിക്കാനായി ദൈവം സൃഷ്ടിച്ചവയാണ്. 4 ദൈവം സൃഷ്ടിച്ചവയെല്ലാം ഉത്തമമാണ്; സ്തോത്രംചെയ്തുകൊണ്ട് സ്വീകരിക്കുകയാണെങ്കിൽ ഒന്നും വർജിക്കേണ്ടതില്ല. 5 കാരണം അത് ദൈവവചനത്താലും പ്രാർഥനയാലും വിശുദ്ധീകരിക്കപ്പെടുന്നല്ലോ.

  47. 5 നിങ്ങൾ എല്ലാം അറിഞ്ഞവരെങ്കിലും നിങ്ങളെ ഞാൻ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നത്, കർത്താവ് തന്റെ ജനത്തെ ഒരിക്കലായി ഈജിപ്റ്റിൽനിന്ന് വിടുവിച്ചതിനുശേഷവും വിശ്വാസത്തിൽ നിലനിൽക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു.

  48. 11 യഹോവ മോശയോട് അരുളിച്ചെയ്തു: “ഈ ജനം എത്രനാൾ എന്നെ നിന്ദിക്കും? ഞാൻ അവരുടെ ഇടയിൽ പ്രവർത്തിച്ച സകല അത്ഭുതചിഹ്നങ്ങളും കണ്ടിട്ടും അവർ എത്രനാൾ എന്നിൽ വിശ്വസിക്കാതിരിക്കും?

  49. 14 എന്നാൽ അവർ ചെവിക്കൊണ്ടില്ല. തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ അവരും ദുശ്ശാഠ്യക്കാരായിരുന്നു. 15 യഹോവ അവരുടെ പിതാക്കന്മാർക്ക് നൽകിയ ഉത്തരവുകൾ നിരസിക്കുകയും ഉടമ്പടി ലംഘിക്കുകയും അവിടന്ന് അവർക്കു കൊടുത്ത മുന്നറിയിപ്പുകളും അവഗണിക്കുകയും ചെയ്തു. അവർ വിലകെട്ട മിഥ്യാമൂർത്തികളെ അനുഗമിച്ച് സ്വയം വിലകെട്ടവരായിത്തീർന്നു. “ചുറ്റുമുള്ള രാഷ്ട്രങ്ങൾ ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്,” എന്ന് യഹോവ കൽപ്പിച്ചിരുന്നെങ്കിലും അവർ ചുറ്റുമുള്ള രാഷ്ട്രങ്ങളെ അനുകരിച്ചു; യഹോവ വിലക്കിയിരുന്ന കാര്യങ്ങൾ അവർ ചെയ്തു.

  50. 16 “എന്നാൽ ഞങ്ങളുടെ പിതാക്കന്മാരായ അവർ അഹങ്കരിച്ചു; ദുശ്ശാഠ്യത്തോടെ, അങ്ങയുടെ കൽപ്പനകൾ അവർ ശ്രദ്ധിക്കാതിരുന്നു. 17 അവ അനുസരിക്കാൻ അവർ കൂട്ടാക്കിയില്ല; അവരുടെയിടയിൽ അങ്ങ് ചെയ്ത അത്ഭുതങ്ങൾ അവർ ഓർത്തതുമില്ല. അവർ ദുശ്ശാഠ്യമുള്ളവരായി, ഈജിപ്റ്റിലെ അടിമത്തത്തിലേക്ക് തങ്ങളെ തിരികെക്കൊണ്ടുപോകാൻ അവരുടെ മാത്സര്യത്തിൽ ഒരു നേതാവിനെ നിയമിച്ചു. എന്നാൽ അങ്ങ് കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള, ക്ഷമിക്കുന്നവനായ ദൈവം ആകുന്നു; അങ്ങ് അവരെ ഉപേക്ഷിച്ചില്ല.

  51. 54 സ്വന്തം പട്ടണത്തിലെത്തി; അവരുടെ പള്ളിയിൽവെച്ച് ജനത്തെ ഉപദേശിച്ചുതുടങ്ങി. “ഈ ജ്ഞാനവും അത്ഭുതശക്തികളും ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” അവർ ആശ്ചര്യപ്പെട്ടു. 55 “ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ? ഇയാളുടെ മാതാവിന്റെ പേര് മറിയ എന്നല്ലേ? യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നിവർ ഇയാളുടെ സഹോദരന്മാരല്ലേ? 56 ഇയാളുടെ സഹോദരിമാരും നമ്മോടൊപ്പം ഉണ്ടല്ലോ. പിന്നെ, ഇതെല്ലാം ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” എന്ന് അവർ ചോദിച്ചു. 57 യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല.

    എന്നാൽ യേശു അവരോട്: “ഒരു പ്രവാചകൻ ആദരണീയനല്ലാത്തത് സ്വന്തം പട്ടണത്തിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു.

    58 അവരുടെ വിശ്വാസരാഹിത്യം നിമിത്തം യേശു അവിടെ അധികം അത്ഭുതങ്ങൾ പ്രവർത്തിച്ചില്ല.

  52. 14 പിന്നീടൊരിക്കൽ യേശു ഊമയായ ഒരു മനുഷ്യനിൽനിന്ന് ഭൂതത്തെ പുറത്താക്കി. ഭൂതം അവനിൽനിന്ന് പുറത്തുവന്നപ്പോൾ അയാൾക്ക് സംസാരിക്കാൻ കഴിഞ്ഞു; ജനസഞ്ചയം ആശ്ചര്യഭരിതരായി. 15 എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് ഇദ്ദേഹം ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു. 16 മറ്റുചിലർ അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു.

  53. 39 യേശു പറഞ്ഞു: “ന്യായവിധിക്കായി ഞാൻ ഈ ലോകത്തിലേക്കു വന്നിരിക്കുന്നു; അന്ധർക്കു കാഴ്ച ലഭിക്കേണ്ടതിനും കാഴ്ചയുള്ളവർ അന്ധരായിത്തീരേണ്ടതിനുംതന്നെ.”

    40 സമീപത്തുനിന്നിരുന്ന ചില പരീശന്മാർ ഇതു കേട്ടിട്ട്, “എന്ത്, ഞങ്ങളും അന്ധരാണോ?” എന്നു ചോദിച്ചു.

    41 യേശു പറഞ്ഞു: “നിങ്ങൾ അന്ധരായിരുന്നെങ്കിൽ നിങ്ങൾക്ക് പാപം ഇല്ലാതിരിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ കാഴ്ചയുണ്ടെന്നു സ്വയം പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നിലനിൽക്കുന്നു.”

  54. 22 അരയോപാഗസ് എന്ന സ്ഥാനത്ത് എഴുന്നേറ്റുനിന്നുകൊണ്ട് പൗലോസ് ഇങ്ങനെ പ്രസംഗിച്ചു: “അഥേനയിലെ ജനങ്ങളേ, നിങ്ങൾ എല്ലാവിധത്തിലും വളരെ മതനിഷ്ഠയുള്ളവരാണ് എന്നു ഞാൻ മനസ്സിലാക്കുന്നു. 23 ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ ആരാധ്യവസ്തുക്കൾ നിരീക്ഷിച്ചുവരുമ്പോൾ,

    അജ്ഞാത ദേവന്,

    എന്നെഴുതിയിരിക്കുന്ന ഒരു ബലിപീഠം എന്റെ ശ്രദ്ധയിൽപ്പെട്ടു. നിങ്ങൾ അജ്ഞതയിൽ ആരാധിക്കുന്നതിനെക്കുറിച്ചാണ് ഞാൻ നിങ്ങളുടെമുമ്പിൽ അവതരിപ്പിക്കാൻ പോകുന്നത്:

    24 “പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് ദൈവമാണ്. അവിടന്ന് ആകാശത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. മനുഷ്യകരങ്ങളാൽ നിർമിതമായ ആലയങ്ങളിൽ വസിക്കുന്നയാളല്ല സർവേശ്വരൻ. 25 അവിടന്ന് എല്ലാവർക്കും ജീവന്റെയും ശ്വാസത്തിന്റെയുംമാത്രമല്ല സർവനന്മകളുടെയും ദാതാവാകുകയാൽ, അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുള്ളവൻ എന്നതുപോലെ മനുഷ്യകരങ്ങളാൽ പരിചരിക്കേണ്ടതില്ല. 26 ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു. 27 മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല.

  55. 27 ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും നിങ്ങൾ പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെമുമ്പിൽ വിളമ്പിവെക്കുന്നതെന്തും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാം. 28 എന്നാൽ “ഇത് നൈവേദ്യമാണ്,” എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ, അത് പറഞ്ഞ ആളിനെയും മനസ്സാക്ഷിയെയും കരുതി അതു കഴിക്കരുത്. 29 നിങ്ങളുടെ മനസ്സാക്ഷിയല്ല, അയാളുടേതാണു ഞാൻ ഉദ്ദേശിക്കുന്നത്. മറ്റൊരാളിന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് എന്റെ സ്വാതന്ത്ര്യം എന്തിന് ഹനിക്കപ്പെടണം?

  56. 21 “ ‘കർത്താവേ, കർത്താവേ’ എന്ന് എന്നെ വിളിക്കുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. എന്റെ സ്വർഗസ്ഥപിതാവിന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവിടെ പ്രവേശനം. 22 ന്യായവിധിദിവസത്തിൽ പലരും എന്നോട്, ‘കർത്താവേ, കർത്താവേ, അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിച്ചില്ലയോ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ ഉച്ചാടനംചെയ്തില്ലയോ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങളും ഞങ്ങൾ ചെയ്തില്ലയോ?’ എന്നു പറയും. 23 അപ്പോൾ ഞാൻ അവരോട്, ‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുക എന്ന് ആജ്ഞാപിക്കും!’

    24 “അതുകൊണ്ട്, എന്റെ ഈ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി പാറമേൽ വീടുപണിത ബുദ്ധിയുള്ള ഒരു മനുഷ്യനു തുല്യം. 25 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും പാറമേൽ അടിത്തറ ഉറപ്പിച്ചിരുന്നതിനാൽ അത് നിലംപതിച്ചില്ല.

  57. 8 അപ്പോൾ ഫിലിപ്പൊസ്, “കർത്താവേ, പിതാവിനെ ഞങ്ങൾക്ക് ഒന്നു കാണിച്ചുതന്നാലും, ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു.

    9 അതിനുത്തരമായി യേശു, “ഇത്രയേറെക്കാലം ഞാൻ നിങ്ങളോടുകൂടെ ആയിരുന്നിട്ടും ഫിലിപ്പൊസേ, നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ? എന്നെ കണ്ടയാൾ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ ‘പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണം’ എന്നു നീ പറയുന്നതെങ്ങനെ? 10 ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ എന്റെ സ്വന്തം അധികാരത്തിൽനിന്നുള്ളവയല്ല; എന്നിൽ വസിക്കുന്ന പിതാവ് അവിടത്തെ പ്രവൃത്തികൾ എന്നിലൂടെ നിറവേറ്റുകമാത്രമാണു ചെയ്യുന്നത്. 11 ‘പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു’ എന്നു ഞാൻ പറയുന്നതു വിശ്വസിക്കുക; അല്ലെങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾനിമിത്തം വിശ്വസിക്കുക.

  58. 10 “നീതിനിഷ്ഠർ ആരുമില്ല, ഒരാൾപോലും ഇല്ല.

    11 ഗ്രഹിക്കുന്നവർ ആരുമില്ല,

    ദൈവത്തെ അന്വേഷിക്കുന്നവരുമില്ല.

    12 എല്ലാവരും വഴിതെറ്റി

    ഒന്നടങ്കം കൊള്ളരുതാത്തവരായിത്തീർന്നിരിക്കുന്നു;

    നന്മചെയ്യുന്നവർ ആരുമില്ല,

    ഒരൊറ്റവ്യക്തിപോലുമില്ല.”

  59. 3 അവർ തങ്ങളുടെ ഹൃദയാഭിലാഷങ്ങളിൽ പ്രശംസിക്കുന്നു;

    ആ ദുഷ്ടർ അത്യാഗ്രഹികളെ അനുഗ്രഹിക്കുകയും യഹോവയെ അധിക്ഷേപിക്കുകയുംചെയ്യുന്നു

    4 അവർ തങ്ങളുടെ അഹന്തയിൽ ദൈവത്തെ അന്വേഷിക്കുന്നില്ല;

    അവരുടെ ചിന്തകളിൽ ദൈവത്തിന് ഒരു സ്ഥാനവുമില്ല.

    5 എന്നിട്ടും അവരുടെ മാർഗങ്ങളിൽ എപ്പോഴും അഭിവൃദ്ധിയുണ്ടാകുന്നു;

    അങ്ങയുടെ ന്യായവിധികൾ അവരുടെ കാഴ്ചയ്ക്ക് എത്താത്തവിധം ഉയർന്നിരിക്കുന്നു;

    അവർ തങ്ങളുടെ ശത്രുക്കളെ അവജ്ഞയോടെ നോക്കുന്നു.

    6 അവർ തങ്ങളോടുതന്നെ പറയുന്നു, “ഒന്നിനുമെന്നെ ഇളക്കിമറിക്കാൻ കഴിയുകയില്ല.”

    അവർ ശപഥംചെയ്യുന്നു, “തലമുറകളോളം എനിക്കൊരനർഥവും വരികയില്ല.”

    7 അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു;

    അവരുടെ നാവിൻകീഴിൽ ഉപദ്രവവും ദുഷ്ടതയും കുടിപാർക്കുന്നു.

  60. 38 അപ്പോൾ പരീശന്മാരിലും വേദജ്ഞരിലും ചിലർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് ഒരു അത്ഭുതചിഹ്നം പ്രവർത്തിച്ചുകാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.

    39 യേശു അതിനുത്തരം പറഞ്ഞത്: “ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു! എന്നാൽ യോനാ പ്രവാചകന്റെ അനുഭവം എന്ന ചിഹ്നമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല.

  61. 9 ഏതു മനുഷ്യനെയും പ്രകാശപൂരിതമാക്കുന്ന യഥാർഥ പ്രകാശം ലോകത്തിലേക്കു വരികയായിരുന്നു. 10 അവിടന്നു ലോകത്തിൽ ഉണ്ടായിരുന്നു. ലോകം അസ്തിത്വത്തിൽ വന്നത് അവിടന്ന് മുഖാന്തിരമായിരുന്നു; എങ്കിലും ലോകം അവിടത്തെ തിരിച്ചറിഞ്ഞില്ല. 11 അവിടന്നു സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാൽ സ്വജനമോ അവിടത്തെ അംഗീകരിച്ചില്ല.

  62. 48 യേശു അപ്പോൾ, “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ല.” എന്നു പറഞ്ഞു.

  63. 30 അയാൾ ഉത്തരം പറഞ്ഞു: “ഇത് അത്ഭുതമായിരിക്കുന്നു! അദ്ദേഹം എന്റെ കണ്ണുകൾ തുറന്നിട്ടുപോലും, അദ്ദേഹം എവിടെനിന്നു വന്നു എന്നു നിങ്ങൾക്കറിയാൻ കഴിയുന്നില്ല! 31 പാപികളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്ന് നമുക്കറിയാം, എന്നാൽ അവിടത്തെ ഇഷ്ടം ചെയ്യുന്ന ഭക്തന്മാരുടെ അപേക്ഷ അവിടന്നു കേൾക്കുന്നു. 32 ജന്മനാ അന്ധനായിരുന്ന ഒരുവന്റെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഒരിക്കലും കേട്ടിട്ടില്ല. 33 ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ലായിരുന്നെങ്കിൽ ഇദ്ദേഹത്തിന് അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാൻ സാധിക്കുമായിരുന്നില്ല.”

  64. 6 അതിന് യേശു മറുപടി പറഞ്ഞു: “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

  65. 7 “എന്നാൽ മൃഗങ്ങളോടു ചോദിക്കുക, അവ നിന്നെ പഠിപ്പിക്കും

    അല്ലെങ്കിൽ ആകാശത്തിലെ പക്ഷികളോടു ചോദിക്കുക, അവ നിന്നോടു സംസാരിക്കും;

    8 നീ ഭൂമിയോടു സംസാരിക്കുക, അതു നിനക്ക് ആലോചന പറഞ്ഞുതരും

    അതുമല്ലെങ്കിൽ സമുദ്രത്തിലെ മത്സ്യങ്ങൾ നിനക്ക് അറിവു തരട്ടെ.

    9 യഹോവയുടെ കൈ ഇതു ചെയ്തുവെന്ന്

    ഇവയിൽ ഏതിനാണ് അറിവില്ലാത്തത്?

    10 എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിൽക്കുന്നത് അവിടത്തെ കരങ്ങളിൽ ആണല്ലോ,

    സകലമനുഷ്യരുടെയും ശ്വാസം നിയന്ത്രിക്കുന്നതും അവിടന്നാണ്.

  66. 11 അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; പുറത്തുള്ളവരോട് എല്ലാം സാദൃശ്യകഥകളിലൂടെ പറയുന്നു.

    12 “അവർ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല.

    അവർ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല;

    അല്ലായിരുന്നെങ്കിൽ അവർ മാനസാന്തരപ്പെടുകയും അവരുടെ പാപങ്ങൾ ദൈവം അവരോടു ക്ഷമിക്കുകയും ചെയ്യുമായിരുന്നു.”

  67. 8 തത്ത്വജ്ഞാനവും അർഥശൂന്യവും വഞ്ചന നിറഞ്ഞതുമായ മാനുഷികപാരമ്പര്യങ്ങളുംകൊണ്ട് ആരും നിങ്ങളെ അടിമപ്പെടുത്താതിരിക്കാൻ സൂക്ഷിക്കുക. അവ ക്രിസ്തുവിനല്ല അനുരൂപമായിരിക്കുന്നത്, മറിച്ച് ലോകത്തിന്റെ ആദ്യപാഠങ്ങൾക്കാണ്.

  68. 19 ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നു. നല്ലതുതന്നെ! അശുദ്ധാത്മാക്കളും അതു വിശ്വസിക്കുകയും ഭയവിഹ്വലരാകുകയുംചെയ്യുന്നു.

  69. 22 ആരാണ് അസത്യവാദി? യേശുവിനെ ക്രിസ്തുവായി അംഗീകരിക്കാത്തവൻതന്നെ. പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന ഈ വ്യക്തിതന്നെയാണ് എതിർക്രിസ്തു. 23 പുത്രനെ നിഷേധിക്കുന്ന ആർക്കും പിതാവില്ല; പുത്രനെ അംഗീകരിക്കുന്നവർക്കാണ് പിതാവുള്ളത്.

  70. 20 ഈ ബാധകളാൽ കൊല്ലപ്പെടാതെ അവശേഷിച്ച മനുഷ്യർ എന്നിട്ടും തങ്ങളുടെ ദുഷ്‌പ്രവൃത്തികളിൽനിന്ന് മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിഞ്ഞില്ല. അവർ സ്വർണം, വെള്ളി, വെങ്കലം, കല്ല്, തടി എന്നിവകൊണ്ടു നിർമിച്ചതും കാണാനും കേൾക്കാനും നടക്കാനും കഴിവില്ലാത്തതുമായ വിഗ്രഹങ്ങളെയും ഭൂതങ്ങളെയും ഭജിക്കുന്നത് അവസാനിപ്പിച്ചില്ല. 21 തങ്ങൾചെയ്ത കൊലപാതകം, മന്ത്രവാദം, അസാന്മാർഗികത, മോഷണം എന്നിവയെപ്പറ്റി അവർ അനുതപിച്ചതുമില്ല.