37 Bible Verses About God's Beautiful Creation

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About God's Beautiful Creation
  1. 1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; വെള്ളം നിറഞ്ഞ ഭൂതലത്തിന്മേൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനുമീതേ വ്യാപരിച്ചുകൊണ്ടിരുന്നു.

    3 “പ്രകാശം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; പ്രകാശം ഉണ്ടായി. 4 പ്രകാശം നല്ലത് എന്നു ദൈവം കണ്ടു; അവിടന്നു പ്രകാശവും അന്ധകാരവുംതമ്മിൽ വേർതിരിച്ചു; 5 ദൈവം പ്രകാശത്തെ “പകൽ” എന്നും അന്ധകാരത്തെ “രാത്രി” എന്നും വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ഒന്നാംദിവസം.

    6 “വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; “വെള്ളവും വെള്ളവുംതമ്മിൽ വേർപിരിയട്ടെ” എന്നും കൽപ്പിച്ചു. 7 അങ്ങനെ ദൈവം ഒരു വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയുള്ള വെള്ളവും മുകളിലുള്ള വെള്ളവുംതമ്മിൽ വേർതിരിയട്ടെ എന്നു കൽപ്പിച്ചു; അത് അങ്ങനെതന്നെ സംഭവിച്ചു. 8 വിതാനത്തെ ദൈവം “ആകാശം” എന്നു വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—രണ്ടാംദിവസം.

    9 “ആകാശത്തിനുതാഴെയുള്ള വെള്ളം ഒരു സ്ഥലത്തു കൂടിച്ചേർന്ന് ഉണങ്ങിയ നിലം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു. 10 ഉണങ്ങിയ നിലത്തിനു ദൈവം “കര” എന്നും വെള്ളത്തിന്റെ ശേഖരത്തിനു “സമുദ്രം” എന്നും പേരുവിളിച്ചു; നല്ലത് എന്നു ദൈവം കണ്ടു.

    11 “ഭൂമിയിൽ സസ്യജാലങ്ങൾ മുളയ്ക്കട്ടെ: ഭൂമിയിൽനിന്ന് വിത്തുള്ള സസ്യങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു. 12 ഭൂമി അതതുതരം വിത്തുള്ള സസ്യജാലങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിച്ചു. നല്ലത് എന്നു ദൈവം കണ്ടു. 13 സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—മൂന്നാംദിവസം.

    14 “പകലും രാത്രിയുംതമ്മിൽ വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ; ഋതുക്കൾ, ദിവസങ്ങൾ, സംവത്സരങ്ങൾ എന്നിവയെ തിരിച്ചറിയാനുള്ള ചിഹ്നങ്ങളായി ആ പ്രകാശങ്ങൾ മാറട്ടെ; 15 ഭൂമിയെ പ്രകാശിപ്പിക്കാൻ ആകാശവിതാനത്തിൽ അവ പ്രകാശസ്രോതസ്സുകളായിരിക്കട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെ സംഭവിച്ചു. 16 പകലിന്റെ അധിപതിയായി വലുപ്പം കൂടിയ പ്രകാശവും രാത്രിയുടെ അധിപതിയായി വലുപ്പം കുറഞ്ഞ പ്രകാശവും—ഇങ്ങനെ രണ്ടു വലിയ പ്രകാശത്തെ ദൈവം ഉണ്ടാക്കി. അവിടന്നു നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. 17-18 ദൈവം ആകാശവിതാനത്തിൽ ഈ പ്രകാശങ്ങളെ സ്ഥാപിച്ചത് ഭൂമിയെ പ്രകാശിപ്പിക്കാനും പകലിന്റെയും രാത്രിയുടെയും അധിപതികളായിരിക്കാനും പ്രകാശവും ഇരുളുംതമ്മിൽ വേർതിരിക്കാനുമായിരുന്നു. നല്ലത് എന്നു ദൈവം കണ്ടു. 19 സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—നാലാംദിവസം.

    20 “ജലത്തിൽ ജീവജന്തുക്കൾ പെരുകട്ടെ എന്നും ഭൂമിക്കുമീതേ ആകാശവിതാനത്തിൽ പക്ഷികൾ പറക്കട്ടെ,” എന്നും ദൈവം അരുളിച്ചെയ്തു. 21 അങ്ങനെ ദൈവം വലിയ സമുദ്രജീവികളെയും വെള്ളത്തിൽ കൂട്ടമായി ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന അതതുതരം ജന്തുക്കളെയും സൃഷ്ടിച്ചു, കൂടാതെ അതതുതരം പക്ഷികളെയും സൃഷ്ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു. 22 ദൈവം അവയെ അനുഗ്രഹിച്ചുകൊണ്ട്, “നിങ്ങൾ വർധിച്ചു പെരുകി സമുദ്രജലത്തിൽ നിറയട്ടെ; ഭൂമിയിൽ പക്ഷികളും വർധിച്ചുവരട്ടെ,” എന്നും കൽപ്പിച്ചു. 23 സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—അഞ്ചാംദിവസം.

    24 “ഭൂമിയിൽ അതതുതരം ജീവജന്തുക്കൾ ഉണ്ടാകട്ടെ: കന്നുകാലികൾ, ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ എന്നിവ അതതിന്റെ വർഗമനുസരിച്ച് ഉണ്ടാകട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെതന്നെ സംഭവിച്ചു. 25 ഇപ്രകാരം ദൈവം അതതുതരം വന്യമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും ഭൂമിയിൽ ഇഴയുന്ന അതതുതരം ഇഴജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.

    26 അതിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കും അധിപതികളാകട്ടെ.”

    27 ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു;

    അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു;

    പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.

    28 ദൈവം അവരെ അനുഗ്രഹിച്ചു; “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അധീനമാക്കുക; സമുദ്രത്തിലെ മത്സ്യങ്ങളുടെമേലും ആകാശത്തിലെ പക്ഷികളുടെമേലും ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെമേലും അധിപതികളാകുക” എന്ന് അവരോടു കൽപ്പിച്ചു.

    29 “ഭൂമിയിലെങ്ങും വിത്തുള്ള സകലസസ്യങ്ങളും വിത്തോടുകൂടിയ ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഞാൻ നിങ്ങൾക്കു നൽകുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കും. 30 ഭൂമിയിലെ സകലജീവികൾക്കും ആകാശത്തിലെ എല്ലാ പക്ഷികൾക്കും കരയിൽ സഞ്ചരിക്കുന്ന സകലജന്തുക്കൾക്കും—ജീവശ്വാസമുള്ള എല്ലാറ്റിനും—ഞാൻ പച്ചസസ്യങ്ങളെല്ലാം ആഹാരമായി നൽകുന്നു” എന്നു ദൈവം അരുളിച്ചെയ്തു; അപ്രകാരം സംഭവിച്ചു.

    31 അവിടന്നു നിർമിച്ചതൊക്കെയും ദൈവം നിരീക്ഷിച്ചു; അവയെല്ലാം വളരെ നല്ലതെന്ന് അവിടന്നു കണ്ടു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ആറാംദിവസം.

  2. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ഞങ്ങളുടെ കർത്താവായ യഹോവേ,

    അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!

    അങ്ങയുടെ മഹത്ത്വം അവിടന്ന്

    ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു.

    2 ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ

    അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു

    വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ.

    3 അവിടത്തെ വിരലുകളുടെ പണിയായ

    ആകാശം,

    അങ്ങു സ്ഥാപിച്ച

    ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,

    4 അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,

    അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?

    5 അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി;

    തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.

    6 അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി;

    സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—

    7 ആടുകൾ, കന്നുകാലികൾ,

    കാട്ടിലെ സകലമൃഗങ്ങൾ,

    8 ആകാശത്തിലെ പറവകൾ,

    സമുദ്രത്തിലെ മത്സ്യങ്ങൾ,

    സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ.

    9 ഞങ്ങളുടെ കർത്താവായ യഹോവേ,

    അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!

    സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.”

  3. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നു;

    ആകാശവിതാനം അവിടത്തെ കരവിരുത് വിളംബരംചെയ്യുന്നു.

    2 പകൽ പകലിനോട് നിരന്തരം സംസാരിക്കുന്നു;

    രാത്രി രാത്രിക്ക് വിജ്ഞാനം പകരുന്നു.

    3 അവിടെ സംഭാഷണമില്ല, വാക്കുകളില്ല;

    ശബ്ദാരവം കേൾക്കാനുമില്ല.

    4 എന്നിട്ടും അവയുടെ സ്വരമാധുര്യം ഭൂതലമെങ്ങും പരക്കുന്നു,

    അവയുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിവരെയും ചെന്നെത്തുന്നു.

    ആകാശത്തിൽ ദൈവം സൂര്യനൊരു കൂടാരം അടിച്ചിരിക്കുന്നു.

    5 അതു മണിയറയിൽനിന്നു പുറത്തേക്കുവരുന്ന മണവാളനെപ്പോലെയും

    തന്റെ ഓട്ടം ഓടിത്തികയ്ക്കുന്നതിൽ ആനന്ദിക്കുന്ന വീരശൂരനെപ്പോലെയുമാണ്.

    6 ആകാശത്തിന്റെ ഒരു കോണിലത് ഉദയംചെയ്യുന്നു

    മറ്റേക്കോണിലേക്ക് അത് അതിന്റെ പ്രയാണം തുടരുന്നു;

    അതിന്റെ ഉഷ്ണത്തിൽനിന്നോടിയൊളിക്കാൻ ഒന്നിനും കഴിയുന്നില്ല.

  4. 18 അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. 19 യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു. 20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.

    21 അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി. 22 ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി. 23 അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു.

  5. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്,

    ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും;

    2 കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും

    ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.

  6. 1 എൻ മനമേ, യഹോവയെ വാഴ്ത്തുക.

    എന്റെ ദൈവമായ യഹോവേ, അവിടന്ന് മഹോന്നതനാണ്;

    അവിടന്ന് പ്രതാപവും മഹത്ത്വവും അണിഞ്ഞിരിക്കുന്നു.

    2 ഒരു ഉടയാടപോലെ അവിടന്ന് പ്രകാശത്തെ ചുറ്റിയിരിക്കുന്നു;

    ഒരു കൂടാരം എന്നപോലെ അവിടന്ന് ആകാശത്തെ വിരിക്കുകയും

    3 മാളികയുടെ തുലാങ്ങളെ വെള്ളത്തിനുമീതേ നിരത്തുകയും ചെയ്തിരിക്കുന്നു.

    അവിടന്ന് മേഘങ്ങളെ തന്റെ തേരാക്കി,

    കാറ്റിൻചിറകിലേറി സഞ്ചരിക്കുന്നു.

    4 അവിടന്ന് കാറ്റുകളെ തന്റെ ദൂതന്മാരും

    അഗ്നിജ്വാലകളെ തന്റെ സേവകരും ആക്കുന്നു.

    5 അവിടന്ന് ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു;

    അതുകൊണ്ട് അത് ഒരിക്കലും ഇളകുകയില്ല.

    6 അവിടന്ന് വസ്ത്രംകൊണ്ടെന്നപോലെ അതിനെ ആഴികൊണ്ട് ആവരണംചെയ്തു;

    വെള്ളം പർവതങ്ങൾക്കുമീതേപോലും നിലകൊണ്ടു.

    7 എന്നാൽ അവിടത്തെ ശാസനയാൽ വെള്ളം പിൻവാങ്ങി,

    അവിടത്തെ ഇടിമുഴക്കത്തിന്റെ ശബ്ദംകേട്ട് അത് പലായനംചെയ്തു;

    8 പർവതങ്ങൾ ഉയർന്നു,

    താഴ്വരകൾ താണു,

    അവിടന്ന് അവയ്ക്കായി നിശ്ചയിച്ച സ്ഥാനത്തുതന്നെ.

    9 അങ്ങ് ആഴികൾക്ക് ലംഘിക്കരുതാത്ത ഒരു അതിർത്തി നിശ്ചയിച്ചു;

    അവ ഇനിയൊരിക്കലും ഭൂമിയെ മൂടുകയില്ല.

    10 മലയിടുക്കുകളിൽനിന്ന് അവിടന്ന് നീർച്ചാലുകൾ പുറപ്പെടുവിക്കുന്നു;

    അവ പർവതങ്ങൾക്കിടയിലൂടെ പാഞ്ഞൊഴുകുന്നു.

    11 അവയിൽനിന്ന് വയലിലെ സകലമൃഗജാലങ്ങളും കുടിക്കുന്നു;

    കാട്ടുകഴുതകളും അവയുടെ ദാഹം ശമിപ്പിക്കുന്നു.

    12 ആകാശത്തിലെ പറവകൾ അവയുടെ തീരങ്ങളിൽ കൂടൊരുക്കുന്നു;

    ചില്ലകൾക്കിടയിലിരുന്ന് അവ പാടുന്നു.

    13 അവിടന്ന് മാളികമുറികളിൽനിന്ന് പർവതങ്ങളെ നനയ്ക്കുന്നു;

    ഭൂമി അവിടത്തെ പ്രവൃത്തികളുടെ ഫലത്താൽ സംതൃപ്തിനേടുന്നു.

    14 കന്നുകാലികൾക്കായി അവിടന്ന് പുല്ല് മുളപ്പിക്കുന്നു

    മനുഷ്യർക്ക് ആഹാരം ലഭിക്കേണ്ടതിനു ഭൂമിയിൽനിന്ന്

    സസ്യസമ്പത്തും അവിടന്ന് വളരുമാറാക്കുന്നു:

    15 മനുഷ്യഹൃദയത്തിന് ആനന്ദമേകുന്ന വീഞ്ഞ്,

    അവരുടെ മുഖത്തെ മിനുക്കുന്നതിനുള്ള എണ്ണ,

    മനുഷ്യഹൃദയത്തിനു ശക്തിപകരുന്ന ആഹാരം എന്നിവതന്നെ.

    16 യഹോവയുടെ വൃക്ഷങ്ങൾ നന്നായി നനയ്ക്കപ്പെടുന്നു,

    അവിടന്ന് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾതന്നെ.

    17 അവിടെ പക്ഷികൾ കൂടൊരുക്കുന്നു;

    കൊക്കുകൾ സരളവൃക്ഷങ്ങളിൽ പാർപ്പിടമൊരുക്കുന്നു.

    18 ഉയർന്ന പർവതങ്ങൾ കാട്ടാടുകൾക്കുള്ളതാണ്;

    കിഴുക്കാംതൂക്കായ പാറ കുഴിമുയലുകൾക്ക് സങ്കേതമാകുന്നു.

    19 ഋതുക്കളുടെ മാറ്റങ്ങൾ നിർണയിക്കുന്നതിനായി അവിടന്ന് ചന്ദ്രനെ നിർമിച്ചു,

    എപ്പോഴാണ് അസ്തമിക്കുന്നതെന്ന് സൂര്യനും നിശ്ചയമുണ്ട്.

    20 അവിടന്ന് അന്ധകാരം കൊണ്ടുവരുന്നു, അപ്പോൾ രാത്രിയാകുന്നു,

    അങ്ങനെ കാട്ടിലെ സകലമൃഗങ്ങളും ഇരതേടി അലയുന്നു.

    21 സിംഹങ്ങൾ ഇരയ്ക്കായി ഗർജിക്കുന്നു,

    ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു.

    22 സൂര്യൻ ഉദിക്കുമ്പോൾ അവ പിൻവാങ്ങുന്നു;

    അവ മടങ്ങിപ്പോയി തങ്ങളുടെ ഗുഹകളിൽ വിശ്രമിക്കുന്നു.

    23 അപ്പോൾ മനുഷ്യർ തങ്ങളുടെ വേലയ്ക്കായി പുറപ്പെടുന്നു,

    വൈകുന്നേരംവരെ അവർ തങ്ങളുടെ വേല തുടരുന്നു.

    24 യഹോവേ, വൈവിധ്യമാർന്ന ജീവികളെയാണല്ലോ അവിടന്ന് ഉണ്ടാക്കിയിരിക്കുന്നത്!

    അവയെയെല്ലാം അങ്ങ് ജ്ഞാനത്തോടെ നിർമിച്ചു;

    ഭൂമി അവിടത്തെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.

    25 അതാ, അനന്തവിശാലമായ സമുദ്രം,

    ചെറുതും വലുതുമായ ജീവജാലങ്ങൾ നിറഞ്ഞിരിക്കുന്നു—

    അസംഖ്യം ജീവജാലങ്ങൾ അവിടെ വിഹരിക്കുന്നു.

    26 അതിൽക്കൂടി കപ്പലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു,

    അതിൽ തിമിർത്താടുന്നതിനായി അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്.

    27 തക്കസമയത്ത് ആഹാരം ലഭിക്കുന്നതിനായി

    എല്ലാ ജീവികളും അങ്ങയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു.

    28 അങ്ങ് അവയ്ക്ക് ആഹാരം നൽകുന്നു,

    അവയത് ശേഖരിക്കുന്നു;

    അങ്ങ് തൃക്കൈ തുറക്കുമ്പോൾ

    അവ നന്മകൊണ്ട് തൃപ്തരാകുന്നു.

    29 അവിടന്ന് തിരുമുഖം മറയ്ക്കുന്നു,

    അവ പരിഭ്രാന്തരാകുന്നു;

    അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ

    അവ ജീവനറ്റ് മണ്ണിലേക്കു മടങ്ങുന്നു.

    30 അങ്ങ് അങ്ങയുടെ ആത്മാവിനെ അയയ്ക്കുമ്പോൾ

    അവ സൃഷ്ടിക്കപ്പെടുന്നു,

    അങ്ങനെ അങ്ങ് ഭൂമിയുടെ പ്രതലം നവീകരിക്കുന്നു.

    31 യഹോവയുടെ മഹത്ത്വം ശാശ്വതമായി നിലനിൽക്കട്ടെ;

    യഹോവ അവിടത്തെ പ്രവൃത്തികളിൽ ആനന്ദിക്കട്ടെ—

    32 അവിടന്ന് ഭൂമിയെ വീക്ഷിക്കുന്നു, അതു പ്രകമ്പനംകൊള്ളുന്നു,

    അവിടന്ന് പർവതങ്ങളെ സ്പർശിക്കുന്നു, അവ പുകയുന്നു.

    33 ഞാൻ എന്റെ ജീവിതം മുഴുവനും യഹോവയ്ക്കു പാടും;

    എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.

    34 ഞാൻ യഹോവയിൽ ആനന്ദിക്കുമ്പോൾ

    എന്റെ ധ്യാനം അവിടത്തേക്ക് പ്രസാദകരമായിത്തീരട്ടെ.

    35 എന്നാൽ പാപികൾ പാരിടത്തിൽനിന്ന് തുടച്ചുനീക്കപ്പെടുകയും

    ദുഷ്ടർ ഇല്ലാതെയുമായിത്തീരട്ടെ.

    എൻ മനമേ, യഹോവയെ വാഴ്ത്തുക.

    യഹോവയെ വാഴ്ത്തുക.

  7. 24 “പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് ദൈവമാണ്. അവിടന്ന് ആകാശത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. മനുഷ്യകരങ്ങളാൽ നിർമിതമായ ആലയങ്ങളിൽ വസിക്കുന്നയാളല്ല സർവേശ്വരൻ. 25 അവിടന്ന് എല്ലാവർക്കും ജീവന്റെയും ശ്വാസത്തിന്റെയുംമാത്രമല്ല സർവനന്മകളുടെയും ദാതാവാകുകയാൽ, അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുള്ളവൻ എന്നതുപോലെ മനുഷ്യകരങ്ങളാൽ പരിചരിക്കേണ്ടതില്ല. 26 ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു. 27 മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല. 28 ‘ദൈവത്തിൽത്തന്നെയാണ് നാം ജീവിക്കുന്നതും ചലിക്കുന്നതും സ്ഥിതിചെയ്യുന്നതും.’ നിങ്ങളുടെതന്നെ ചില കവിവര്യന്മാർ, ‘നാം അവിടത്തെ സന്താനങ്ങളാണ്’ എന്നു പറഞ്ഞിട്ടുണ്ടല്ലോ!

    29 “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കുകയാൽ, സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ ശില്പചാതുരിയോടെ മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു രൂപത്തോടു സദൃശനാണ് ദൈവം എന്നു നാം ചിന്തിക്കാൻ പാടില്ല.

  8. 7 “എന്നാൽ മൃഗങ്ങളോടു ചോദിക്കുക, അവ നിന്നെ പഠിപ്പിക്കും

    അല്ലെങ്കിൽ ആകാശത്തിലെ പക്ഷികളോടു ചോദിക്കുക, അവ നിന്നോടു സംസാരിക്കും;

    8 നീ ഭൂമിയോടു സംസാരിക്കുക, അതു നിനക്ക് ആലോചന പറഞ്ഞുതരും

    അതുമല്ലെങ്കിൽ സമുദ്രത്തിലെ മത്സ്യങ്ങൾ നിനക്ക് അറിവു തരട്ടെ.

    9 യഹോവയുടെ കൈ ഇതു ചെയ്തുവെന്ന്

    ഇവയിൽ ഏതിനാണ് അറിവില്ലാത്തത്?

    10 എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിൽക്കുന്നത് അവിടത്തെ കരങ്ങളിൽ ആണല്ലോ,

    സകലമനുഷ്യരുടെയും ശ്വാസം നിയന്ത്രിക്കുന്നതും അവിടന്നാണ്.

  9. 1 ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടൊപ്പം ആയിരുന്നു; വചനം ദൈവം ആയിരുന്നു. 2 അവിടന്ന് ആരംഭത്തിൽ ദൈവത്തോടൊപ്പം സ്ഥിതിചെയ്യുന്നുണ്ടായിരുന്നു. 3 അവിടന്നാണ് സർവത്തിന്റെയും അസ്തിത്വകാരണം; സൃഷ്ടിക്കപ്പെട്ടവയിൽ, അവിടത്തെക്കൂടാതെ യാതൊന്നും സൃഷ്ടിക്കപ്പെട്ടില്ല.

  10. 4-5 ആകാശത്തിന്റെയും ഭൂമിയുടെയും ഉൽപ്പത്തിവിവരം ഇപ്രകാരമാണ്:

    യഹോവയായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച അവസരത്തിൽ വയലിലെ ചെടികളും സസ്യങ്ങളും അന്നുവരെ ഭൂമിയിൽ മുളച്ചിരുന്നില്ല; യഹോവയായ ദൈവം ഭൂമിയിൽ മഴ അയച്ചിരുന്നില്ല, മണ്ണിൽ അധ്വാനിക്കാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. 6 ഭൂമിയിൽനിന്ന് ഉറവ പൊങ്ങിയായിരുന്നു ഭൂതലം മുഴുവൻ നനഞ്ഞിരുന്നത്. 7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ മെനഞ്ഞു, അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു.

    8 യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം നട്ടുണ്ടാക്കി, അവിടന്ന് മെനഞ്ഞെടുത്ത മനുഷ്യനെ അതിൽ ആക്കി. 9 മനോഹരവും ഭക്ഷ്യയോഗ്യവുമായ എല്ലാത്തരം വൃക്ഷങ്ങളും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു. തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും ഉണ്ടായിരുന്നു.

  11. 12 ഞാനാണ് ഭൂമിയെ നിർമിച്ചത്,

    അതിൽ മനുഷ്യനെ സൃഷ്ടിച്ചതും ഞാൻതന്നെ.

    എന്റെ കൈകളാൽ ഞാൻ ആകാശത്തെ വിരിച്ചു;

    അതിലെ സകലസൈന്യത്തെയും ഞാൻ അണിനിരത്തി.

  12. 11 “ഞങ്ങളുടെ കർത്താവും ദൈവവുമായുള്ളവനെ,

    അങ്ങ് സകലത്തെയും സൃഷ്ടിച്ചു.

    അവിടത്തെ ഇഷ്ടത്താൽ അവ ഉത്ഭവിക്കുകയും

    സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാൽ,

    അവിടന്നു മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യൻ,”

    എന്നു പറഞ്ഞു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനുമുമ്പിൽ സമർപ്പിക്കും.

  13. 5 യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;

    അവിടത്തെ അചഞ്ചലസ്നേഹത്താൽ ഭൂമണ്ഡലം നിറഞ്ഞിരിക്കുന്നു.

    6 യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു,

    തിരുവായിലെ ശ്വാസത്താൽ താരഗണങ്ങളും.

    7 അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു;

    ആഴിയെ കലവറകളിൽ സംഭരിക്കുന്നു.

    8 സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ;

    ഭൂസീമവാസികളെല്ലാം തിരുമുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളട്ടെ.

    9 കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി;

    അവിടന്ന് കൽപ്പിച്ചു, അവ സ്ഥാപിതമായി.

  14. 3 കാരണം യഹോവ മഹാദൈവം ആകുന്നു,

    എല്ലാ ദേവന്മാരിലും ഉന്നതനായ മഹാരാജാവുതന്നെ.

    4 ഭൂമിയുടെ അഗാധതകൾ അവിടത്തെ കരങ്ങളിലാണ്,

    പർവതശിഖരങ്ങളും അവിടത്തേക്കുള്ളത്.

    5 സമുദ്രം അവിടത്തേക്കുള്ളത്, അവിടന്ന് അതിനെ നിർമിച്ചു,

    കരയെയും അവിടത്തെ കൈകൾ മെനഞ്ഞിരിക്കുന്നു.

  15. 13 അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്;

    എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.

    14 സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;

    അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്,

    അതെനിക്കു നന്നായി അറിയാം.

    15 ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും

    ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ,

    എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.

    16 എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു;

    എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ,

    അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.

  16. 19 ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. 20-21 സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്.

    22 സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു.

  17. 10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.

  18. ആസാഫിന്റെ ഒരു സങ്കീർത്തനം.

    1 ശക്തനായ ദൈവം, യഹോവ, അരുളിച്ചെയ്യുന്നു,

    അവിടന്ന് ഭൂമിയെ വിളിക്കുന്നു

    സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള സകലരെയും.

    2 ദൈവം പ്രകാശിക്കുന്നു,

    സൗന്ദര്യത്തിന്റെ സമ്പൂർണതയായ സീയോനിൽനിന്നുതന്നെ.

    3 നമ്മുടെ ദൈവം വരുന്നു

    അവിടന്നു മൗനമായിരിക്കുകയില്ല;

    ദഹിപ്പിക്കുന്ന അഗ്നി തിരുമുമ്പിലുണ്ട്

    അവിടത്തെ ചുറ്റും കൊടുങ്കാറ്റ് ആഞ്ഞുവീശുന്നു.

    4 അവിടന്ന് തന്റെ ജനത്തിന്റെ ന്യായവിധിക്കു സാക്ഷികളായി

    മീതേയുള്ള ആകാശത്തെയും താഴെയുള്ള ഭൂമിയെയും വിളിക്കുന്നു:

    5 “ഈ സമർപ്പിക്കപ്പെട്ട ജനത്തെ എന്റെ അടുക്കൽ കൂട്ടിവരുത്തുക,

    യാഗാർപ്പണത്താൽ എന്നോട് ഉടമ്പടിചെയ്തവരെത്തന്നെ.”

    6 അപ്പോൾ ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കട്ടെ,

    കാരണം ദൈവംതന്നെ ന്യായാധിപതി ആയിരിക്കും. സേലാ.

  19. 1 യഹോവയെ വാഴ്ത്തുക.

    സ്വർഗത്തിൽനിന്ന് യഹോവയെ വാഴ്ത്തുക;

    ഉന്നതങ്ങളിൽ അവിടത്തെ വാഴ്ത്തുക.

    2 യഹോവയുടെ സകലദൂതഗണങ്ങളേ, അവിടത്തെ വാഴ്ത്തുക;

    അവിടത്തെ സർവ സ്വർഗീയസൈന്യവുമേ, അവിടത്തെ വാഴ്ത്തുക.

    3 സൂര്യചന്ദ്രന്മാരേ, അവിടത്തെ വാഴ്ത്തുക;

    പ്രകാശമുള്ള എല്ലാ നക്ഷത്രങ്ങളുമേ, അവിടത്തെ വാഴ്ത്തുക.

    4 സ്വർഗാധിസ്വർഗങ്ങളേ,

    ആകാശത്തിനുമീതേയുള്ള ജലസഞ്ചയമേ, അവിടത്തെ വാഴ്ത്തുക.

    5 അവ യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,

    കാരണം അവിടന്ന് കൽപ്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു;

    6 അവിടന്ന് അവ എന്നെന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു—

    മാഞ്ഞുപോകാത്ത ഒരു ഉത്തരവ് അവിടന്ന് പുറപ്പെടുവിച്ചിരിക്കുന്നു.

    7 സമുദ്രത്തിലെ ഭീകരജീവികളേ, ആഴിയുടെ അഗാധസ്ഥലങ്ങളേ,

    ഭൂമിയിൽനിന്ന് യഹോവയെ വാഴ്ത്തുക,

    8 തീയും കന്മഴയും മഞ്ഞും മേഘങ്ങളും

    അവിടത്തെ ആജ്ഞ അനുസരിക്കുന്ന കൊടുങ്കാറ്റും

    9 പർവതങ്ങളും സകലകുന്നുകളും

    ഫലവൃക്ഷങ്ങളും എല്ലാ ദേവദാരുക്കളും

    10 കാട്ടുമൃഗങ്ങളും കന്നുകാലികളും

    ഇഴജന്തുക്കളും പറവകളും

    11 ഭൂമിയിലെ രാജാക്കന്മാരും എല്ലാ രാഷ്ട്രങ്ങളും

    ഭൂമിയിലെ എല്ലാ പ്രഭുക്കന്മാരും എല്ലാ ഭരണകർത്താക്കളും

    12 യുവാക്കളും യുവതികളും

    വൃദ്ധരും കുട്ടികളും.

    13 ഇവയെല്ലാം യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,

    അവിടത്തെ നാമംമാത്രം ശ്രേഷ്ഠമായിരിക്കുന്നു;

    അവിടത്തെ പ്രതാപം ഭൂമിക്കും ആകാശത്തിനുംമേൽ ഉന്നതമായിരിക്കുന്നു.

    14 തന്റെ ഹൃദയത്തോട് അടുത്തിരിക്കുന്ന ജനമായ,

    തന്റെ വിശ്വസ്തസേവകരായിരിക്കുന്ന ഇസ്രായേലിന്റെ പുകഴ്ചയ്ക്കായി,

    അവിടന്ന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു.

    യഹോവയെ വാഴ്ത്തുക.

  20. 11 അവിടന്ന് ഓരോന്നും അതതുകാലത്തു മനോഹരമായി ചെയ്തിരിക്കുന്നു; മനുഷ്യഹൃദയങ്ങളിൽ അവിടന്ന് നിത്യതയും വെച്ചിരിക്കുന്നു. എന്നാൽ ദൈവം ആരംഭംമുതൽ അവസാനംവരെ എന്തു ചെയ്തിരിക്കുന്നു എന്നതിന്റെ വ്യാപ്തി ഗ്രഹിക്കാൻ അവർക്കാർക്കും കഴിയുന്നതുമല്ല.

  21. 5 എന്റെ വലിയ ശക്തിയാലും നീട്ടിയ ഭുജത്താലും ഞാൻ ഭൂമുഖത്തുള്ള മനുഷ്യനെയും മൃഗങ്ങളെയും സൃഷ്ടിച്ചു. എനിക്ക് ഇഷ്ടമുള്ളവന് ഞാൻ അതു കൊടുക്കും.

  22. 28 “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. 29 എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 30 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതുകയില്ലേ! 31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം.

  23. 29 ഒരു രൂപയ്ക്ക് രണ്ട് കുരുവിയെ വിൽക്കുന്നില്ലയോ? നിങ്ങളുടെ പിതാവ് അറിയാതെ അവയിൽ ഒന്നുപോലും നിലത്തു വീഴുകയില്ല. 30 നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. 31 ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.

  24. 7 അവിടന്ന് ഉത്തരദിക്കിനെ ശൂന്യതയിൽ വിരിക്കുകയും

    ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുകയും ചെയ്യുന്നു.

    8 അവിടന്നു വെള്ളത്തെ തന്റെ മേഘങ്ങളിൽ കെട്ടിവെക്കുന്നു;

    അതിന്റെ ഭാരത്താൽ മേഘം പൊട്ടിപ്പിളർന്നു പോകുന്നില്ല.

    9 പൂർണചന്ദ്രനെ അവിടന്നു മറച്ചുവെക്കുന്നു;

    അതിന്മേൽ തന്റെ മേഘത്തെ വിരിക്കുകയും ചെയ്യുന്നു.

    10 പ്രകാശത്തിന്റെയും ഇരുട്ടിന്റെയും അതിരായി

    ജലോപരിതലത്തിൽ അവിടന്നു ചക്രവാളം വരയ്ക്കുന്നു.

    11 ആകാശത്തിന്റെ തൂണുകൾ വിറയ്ക്കുന്നു;

    അവിടത്തെ ശാസനയിൽ അവ ഭ്രമിച്ചുപോകുന്നു.

    12 തന്റെ ശക്തിയാൽ അവിടന്നു സമുദ്രത്തെ മഥിച്ചു;

    തന്റെ വിവേകത്താൽ രഹബിനെ തകർത്തുകളഞ്ഞു.

    13 അവിടത്തെ ശ്വാസത്താൽ ആകാശം സുന്ദരരൂപിയായി മാറിയിരിക്കുന്നു;

    തെന്നിമറയുന്ന സർപ്പത്തെ അവിടത്തെ കരം കുത്തിത്തുളയ്ക്കുന്നു.

    14 ഇവയെല്ലാം അവിടത്തെ പ്രവൃത്തികളുടെ നേരിയ ഒരംശംമാത്രം

    നാം അവിടത്തെപ്പറ്റി എത്ര മന്ദമായ ഒരു ശബ്ദംമാത്രമല്ലോ കേൾക്കുന്നത്!

    അവിടത്തെ ശക്തിയുടെ ഗർജനം ഗ്രഹിക്കാൻ ആർക്കു കഴിയും?”

  25. 11 ഈർപ്പത്താൽ അവിടന്നു മേഘത്തെ സാന്ദ്രമാക്കുന്നു;

    അവയിലൂടെ അവിടന്നു മിന്നൽപ്പിണർ ചിതറിക്കുന്നു.

    12 ഭൂമുഖത്തെങ്ങും

    അവിടന്നു കൽപ്പിക്കുന്നതൊക്കെയും നിറവേറ്റുന്നതിന്

    അവിടത്തെ നിർദേശപ്രകാരം അവ ചുറ്റിസഞ്ചരിക്കുന്നു.

    13 അവിടന്നു മേഘങ്ങളെ അയച്ച് മനുഷ്യരെ ശിക്ഷിക്കുന്നു,

    അല്ലായെങ്കിൽ ഭൂമിയെ നനയ്ക്കുകയും അവിടത്തെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

    14 “ഇയ്യോബേ, ഇതു ശ്രദ്ധിക്കുക;

    ഒന്നു നിൽക്കുക, ദൈവത്തിന്റെ അത്ഭുതങ്ങളെപ്പറ്റി ചിന്തിക്കുക.

    15 ദൈവം മേഘജാലങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നും

    തന്റെ മിന്നൽപ്പിണരിനെ എങ്ങനെ പ്രകാശിപ്പിക്കുന്നു എന്നും താങ്കൾക്കറിയാമോ?

    16 മേഘപാളികൾ സന്തുലിതാവസ്ഥയിൽ തങ്ങിനിൽക്കുന്നത് എങ്ങനെ എന്നും

    ജ്ഞാനപൂർണനായവന്റെ അത്ഭുതങ്ങളെപ്പറ്റിയും നീ അറിയുന്നുണ്ടോ?

  26. 11 ആകാശം അങ്ങയുടേത്, ഭൂമിയും അവിടത്തേതുതന്നെ;

    ഭൂതലവും അതിലുള്ള സകലതും അങ്ങു സ്ഥാപിച്ചിരിക്കുന്നു.

  27. 15 യഹോവയായ ദൈവം ഏദെൻതോട്ടത്തിൽ അധ്വാനിക്കുന്നതിനും അതിനെ സംരക്ഷിക്കുന്നതിനുമായി മനുഷ്യനെ അവിടെ തോട്ടത്തിൽ ആക്കി.

  28. 11 ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ;

    സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ.

    12 വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ;

    സകലവനവൃക്ഷങ്ങളും ആനന്ദഗാനം ആലപിക്കട്ടെ.

    13 യഹോവ എഴുന്നള്ളുന്നു; സകലസൃഷ്ടിയും തിരുമുമ്പിൽ ആനന്ദിക്കട്ടെ.

    അവിടന്ന് ഭൂമിയെ ന്യായംവിധിക്കുന്നതിനായി വരുന്നു,

    അവിടന്ന് ലോകത്തെ നീതിയിലും

    ജനതകളെ തന്റെ വിശ്വസ്തതയിലും ന്യായംവിധിക്കും.

  29. 13 അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;

    അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു.

    അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു,

    തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.

  30. 8 കാർത്തിക, മകയിരം എന്നീ നക്ഷത്രങ്ങളെ സൃഷ്ടിക്കുകയും

    അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും

    പകലിനെ ഇരുണ്ട രാത്രിയാക്കിത്തീർക്കുകയും

    സമുദ്രത്തിന്റെ ജലത്തെ വിളിച്ചുകൂട്ടുകയും

    അതിനെ ഭൂമുഖത്തിന്മേൽ വർഷിക്കുകയും ചെയ്യുന്നവനെ അന്വേഷിക്കുക—

    യഹോവ എന്നാകുന്നു അവിടത്തെ നാമം!

    9 അവിടന്നു സുരക്ഷിതകേന്ദ്രങ്ങളിൽ നാശം മിന്നിക്കുന്നു,

    കോട്ടകൾ കെട്ടിയുറപ്പിച്ച നഗരത്തെ അവിടന്നു നശിപ്പിക്കുന്നു.

  31. 27 “ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  32. 6 അങ്ങ്, അങ്ങുമാത്രമാണ് യഹോവ; സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സർവസൈന്യത്തെയും ഭൂമിയെയും അതിലെ സകലത്തെയും സമുദ്രത്തെയും അതിലുള്ള സകലത്തെയും അങ്ങ് ഉണ്ടാക്കി. അവയ്ക്കെല്ലാം അങ്ങ് ജീവൻ നൽകി, സ്വർഗീയസൈന്യങ്ങൾ അങ്ങയെ ആരാധിക്കുന്നു.

  33. 1 ഇതാ, യഹോവ ഭൂമിയെ ശൂന്യവും

    ജനവാസമില്ലാത്തതുമാക്കും;

    അതിനെ കീഴ്‌മേൽ മറിക്കുകയും

    അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും.

    2 അത് ഒരുപോലെ,

    ജനങ്ങൾക്കെന്നപോലെ പുരോഹിതനും

    ദാസന്മാർക്കെന്നപോലെ യജമാനനും

    ദാസിക്കെന്നപോലെ യജമാനത്തിക്കും

    വാങ്ങുന്നവർക്കെന്നപോലെ കൊടുക്കുന്നവർക്കും

    കടം കൊടുക്കുന്നവർക്കെന്നപോലെ കടം വാങ്ങുന്നവർക്കും

    പലിശ വാങ്ങുന്നവർക്കെന്നപോലെ പലിശ കൊടുക്കുന്നവർക്കും സംഭവിക്കും.

    3 ഭൂമി ഒന്നാകെ ശൂന്യമായും

    അതുമുഴുവനും കവർച്ചയായും പോകും.

    യഹോവയാണ് ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്.

    4 ഭൂമി ഉണങ്ങി വാടിപ്പോകുന്നു,

    ലോകം തളർന്നു വാടിപ്പോകുന്നു,

    ഭൂമിയിലെ കുലീനരും തളർന്നുപോകുന്നു.

    5 ഭൂമി അതിലെ നിവാസികൾമൂലം ദുഷിക്കപ്പെട്ടിരിക്കുന്നു;

    അവർ അവിടത്തെ നിയമങ്ങൾ അനുസരിക്കാതിരിക്കുകയും

    നിയമവ്യവസ്ഥകൾ ലംഘിക്കുകയും

    നിത്യ ഉടമ്പടി തകർക്കുകയും ചെയ്തിരിക്കുന്നു.

    6 തന്മൂലം ഭൂമിയെ ശാപം വിഴുങ്ങി;

    അതിലെ ജനം അവരുടെ കുറ്റം വഹിക്കേണ്ടിവരുന്നു.

    അതുനിമിത്തം ഭൂവാസികൾ ദഹിച്ചുപോകുന്നു,

    ചുരുക്കംപേർമാത്രം ശേഷിക്കുന്നു.

  34. 28 നിനക്ക് അറിഞ്ഞുകൂടേ?

    നീ കേട്ടിട്ടില്ലേ?

    യഹോവ നിത്യനായ ദൈവം ആകുന്നു,

    അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്.

    അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല;

    അവിടത്തെ വിവേകം അപ്രമേയംതന്നെ.

  35. 17 “ഇതാ, ഞാൻ പുതിയ ആകാശവും

    പുതിയ ഭൂമിയും സൃഷ്ടിക്കും.

    പഴയകാര്യങ്ങൾ ഇനി ഓർക്കുകയോ

    മനസ്സിൽ വരികയോ ചെയ്യുകയില്ല.

    18 പ്രത്യുത, ഞാൻ സൃഷ്ടിക്കുന്നതിൽ

    നിങ്ങൾ സന്തുഷ്ടരായി എന്നേക്കും ആനന്ദിക്കുക,

    ഞാൻ ജെറുശലേമിനെ ഒരു ആനന്ദമാകുവാനും

    അതിലെ ജനത്തെ ഒരു സന്തോഷമാകാനുമായിട്ടാണ് സൃഷ്ടിക്കുന്നത്.

  36. 6 യോനായുടെ സങ്കടത്തിൽ ആശ്വാസമായി, അവന്റെ തലയ്ക്ക് ഒരു തണലായിരിക്കേണ്ടതിന്, യഹോവയായ ദൈവം ഒരു ചെടി കൽപ്പിച്ചുണ്ടാക്കി. അത് അദ്ദേഹത്തിനുമീതേ വളർന്നുയർന്നു. ആ ചെടി കണ്ട് യോനാ അതീവ സന്തുഷ്ടനായി. 7 എന്നാൽ അടുത്ത പ്രഭാതത്തിൽ ദൈവം ഒരു പുഴുവിനെ നിയോഗിച്ചു. അത് ചെടിയുടെ തണ്ട് തുരന്നു; ചെടി വാടിപ്പോയി. 8 സൂര്യൻ ഉദിച്ചപ്പോൾ, ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കൻകാറ്റ് അയച്ചു; യോനായുടെ തലയിൽ വെയിലേറ്റു; അയാൾ ക്ഷീണിച്ചുതളർന്നപ്പോൾ മരിക്കാൻ ആഗ്രഹിച്ചുകൊണ്ട്: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്” എന്നു പറഞ്ഞു.

    9 ദൈവം യോനായോടു ചോദിച്ചു: “ആ ചെടിനിമിത്തം നീ കോപിക്കുന്നത് ശരിയോ?”

    അപ്പോൾ, “ശരിയാണ്, എനിക്ക് സ്വയം മരിച്ചുകളയാൻതക്ക കോപമുണ്ട്” അദ്ദേഹം മറുപടി പറഞ്ഞു.

    10 അപ്പോൾ യഹോവ ചോദിച്ചു: “നീ അധ്വാനിക്കുകയോ വളർത്തുകയോ ചെയ്യാതെ, ഒരു രാത്രികൊണ്ട് ഉണ്ടായിവരുകയും ഒരു രാത്രികൊണ്ട് നശിച്ചുപോകുകയും ചെയ്ത ആ ചെടിയെക്കുറിച്ച് പരിതപിക്കുന്നു. 11 അങ്ങനെയെങ്കിൽ, വലംകൈയും ഇടംകൈയും ഏതെന്നുപോലും തിരിച്ചറിവില്ലാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപ്പരം മനുഷ്യരും അനേകം മൃഗങ്ങളും ഉള്ള മഹാനഗരമായ നിനവേയോട് എനിക്ക് സഹതാപം തോന്നിക്കൂടേ?”

  37. 6 രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല.