83 Bible Verses About God's Power

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About God's Power
  1. 28 നിനക്ക് അറിഞ്ഞുകൂടേ?

    നീ കേട്ടിട്ടില്ലേ?

    യഹോവ നിത്യനായ ദൈവം ആകുന്നു,

    അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്.

    അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല;

    അവിടത്തെ വിവേകം അപ്രമേയംതന്നെ.

    29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,

    ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.

    30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,

    ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;

    31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ

    അവരുടെ ശക്തി പുതുക്കും.

    അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;

    അവർ ഓടും, ക്ഷീണിക്കുകയില്ല,

    അവർ നടക്കും, തളർന്നുപോകുകയുമില്ല.

  2. 15 ഈ കാരണത്താൽ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള സ്നേഹത്തെയുംകുറിച്ചു കേട്ടതുമുതൽ 16 ഞാനും എന്റെ പ്രാർഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങൾക്കുവേണ്ടി എപ്പോഴും സ്തോത്രംചെയ്തുകൊണ്ടിരിക്കുന്നു. 17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം, തേജോമയനായ പിതാവ്, അവിടത്തെ സുവ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകട്ടെ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു. 18 മാത്രവുമല്ല, നിങ്ങളുടെ ഹൃദയം പ്രകാശപൂരിതമായിത്തീർന്നിട്ട് അവിടന്ന് നിങ്ങളെ വിളിച്ചിരിക്കുന്ന പ്രത്യാശയും അവിടത്തെ വിശുദ്ധർക്കു ലഭിക്കാനിരിക്കുന്ന തേജോമയമായ അവകാശത്തിന്റെ സമൃദ്ധിയും 19 വിശ്വസിക്കുന്നവരായ നമുക്കുവേണ്ടിയുള്ള അവിടത്തെ അതുല്യമായ ശക്തിയും നിങ്ങൾ അറിയേണമെന്നും ഞാൻ പ്രാർഥിക്കുന്നു. 20-21 ഈ ശക്തിതന്നെയാണ്, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും മീതേ സ്വർഗത്തിൽ തന്റെ വലതുഭാഗത്ത്, ഈ യുഗത്തിൽമാത്രമല്ല, വരാനുള്ളതിലും വിളിക്കപ്പെട്ട എല്ലാ നാമത്തിനും അത്യന്തം മീതേ, ഇരുത്താൻ ദൈവം പ്രയോഗിച്ച അതിമഹത്തായ ശക്തി.

  3. 14 ഇതിനാൽ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലകുടുംബങ്ങൾക്കും പേരു ലഭിക്കാൻ കാരണമായ 15 പിതാവിന്റെ സന്നിധിയിൽ ഞാൻ മുട്ടുമടക്കുന്നു. 16 ഞാൻ പ്രാർഥിക്കുന്നത് ദൈവം അവിടത്തെ തേജസ്സേറിയ ധനത്തിന് അനുസൃതമായി അവിടത്തെ ആത്മാവിനാൽ നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെ ശക്തിപ്പെടുത്തണമെന്നും, 17 വിശ്വാസത്താൽ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ അധിവസിക്കാൻ വരം ലഭിക്കണമെന്നും, 18-19 സ്നേഹത്തിൽ വേരുകൾ ആഴ്ന്നിറങ്ങി അതിൽത്തന്നെ അടിസ്ഥാനം ഇട്ടവരായി എല്ലാ ജ്ഞാനത്തിനും അതീതമായ ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്തെന്നു സകലവിശുദ്ധരോടുമൊപ്പം ഗ്രഹിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കണമെന്നും, ദൈവത്തിന്റെ സർവസമ്പൂർണതയാലും നിറയപ്പെടണം എന്നും ആണ്.

    20 എന്നാൽ, നമ്മിൽ വ്യാപരിക്കുന്ന അവിടത്തെ ശക്തിയാൽ നാം യാചിക്കുന്നതിനും ചിന്തിക്കുന്നതിനും അത്യന്തം അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന ദൈവത്തിന് 21 സഭയിലും ക്രിസ്തുയേശുവിലും തലമുറകൾതോറും എന്നെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ.

  4. 16 സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; ഒന്നാമത് യെഹൂദനും പിന്നീട് യെഹൂദേതരനും, ഇങ്ങനെ, വിശ്വസിക്കുന്ന എല്ലാവർക്കും അത് രക്ഷനൽകുന്ന ദൈവശക്തിയാകുന്നു. 17 കാരണം, ദൈവം മനുഷ്യനെ നീതിമാനാക്കുന്ന വിധം സുവിശേഷത്തിൽ പ്രകടമായിരിക്കുന്നു; “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്” എന്ന തിരുവെഴുത്ത് അനുസരിച്ച് ആ നീതീകരണം ആദ്യവസാനം വിശ്വാസത്താലാണ്.

  5. 7 ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവ് ഭീരുത്വത്തിന്റേതല്ല; പിന്നെയോ, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയുമാണ്.

  6. 20 ജ്ഞാനി എവിടെ? പണ്ഡിതൻ എവിടെ? ഈ ലോകത്തിലെ തത്ത്വജ്ഞാനി എവിടെ? ലോകത്തിന്റെ ജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലേ? 21 ലോകം അതിന്റെ ജ്ഞാനത്തിൽ ദൈവത്തെ അറിഞ്ഞില്ല; അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനത്താൽ, വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്തംമുഖേന രക്ഷിക്കാൻ അവിടത്തേക്കു പ്രസാദം തോന്നി. 22 ഇത് അത്ഭുതചിഹ്നങ്ങൾ ആവശ്യപ്പെടുന്ന യെഹൂദർക്കും ജ്ഞാനം അന്വേഷിക്കുന്ന ഗ്രീക്കുകാർക്കും ഭോഷത്തമായി തോന്നുന്നു. 23 എന്നാൽ ഞങ്ങൾ പ്രസംഗിക്കുന്നത് ക്രൂശിതനായ ക്രിസ്തുവിനെയാണ്; അത് യെഹൂദർക്ക് ഇടർച്ചയും യെഹൂദേതരർക്കു ഭോഷത്തവും ആയി തോന്നുന്നു. 24 അങ്ങനെ, രക്ഷിക്കാനായി ദൈവം വിളിച്ച എല്ലാവർക്കും—യെഹൂദർക്കും യെഹൂദേതരർക്കും —ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും ആകുന്നു. 25 ദൈവത്തിന്റെ ഭോഷത്തം മനുഷ്യന്റെ ജ്ഞാനത്തെക്കാൾ വിവേകമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യന്റെ ബലത്തെക്കാൾ ശക്തവുമാണ്.

    26 സഹോദരങ്ങളേ, നിങ്ങളെ വിളിച്ചപ്പോഴുള്ള നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുക. മാനുഷികമാനദണ്ഡമനുസരിച്ചു നിങ്ങളിൽ മിക്കവരും വിവേകശാലികളായിരുന്നില്ല; സമൂഹത്തിൽ സ്വാധീനമുള്ളവരോ കുലീനരോ ആയിരുന്നതുമില്ല. 27 എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ ഭോഷത്തമായവ തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ബലഹീനമായവ തെരഞ്ഞെടുത്തു. 28 മഹത്തായതെന്നു ലോകം പരിഗണിക്കുന്നതിനെ നിസ്സാരമാക്കാൻ ഈ ലോകത്തിലെ ഹീനവും നിന്ദിതവുമായ കാര്യങ്ങളെ, ഒന്നുമല്ലാത്തവയെത്തന്നെ, ദൈവം തെരഞ്ഞെടുത്തു; 29 അവിടത്തെ സന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ.

  7. 11 മഹത്ത്വവും ശക്തിയും തേജസ്സും കീർത്തിയും മഹിമയും

    യഹോവേ, അങ്ങേക്കുള്ളതാണ്.

    ഭൂമിയിലും സ്വർഗത്തിലുമുള്ളതെല്ലാം അങ്ങയുടേതാകുന്നു.

    യഹോവേ, രാജ്യം അങ്ങേക്കുള്ളത്.

    അങ്ങ് സകലത്തിന്റെയും തലവനായിരിക്കുന്നു.

    12 ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു;

    എല്ലാറ്റിനെയും ഭരിക്കുന്നതും അങ്ങുതന്നെ.

    എല്ലാവരെയും ഉദ്ധരിച്ച് ശക്തി പകരാനുള്ള

    ശക്തിയും അധികാരവും അങ്ങയുടെ കരങ്ങൾക്കുള്ളിലാണല്ലോ.

  8. 17 ക്രിസ്തു എന്നെ അയച്ചിരിക്കുന്നതു സ്നാനം നൽകുന്നതിനല്ല; പിന്നെയോ, സുവിശേഷം ഘോഷിക്കുന്നതിനാണ്. അത് എന്റെ ജ്ഞാനത്തിന്റെ വാഗ്‍വിലാസത്താൽ ക്രിസ്തുവിന്റെ ക്രൂശിന്റെ ശക്തി പ്രയോജനരഹിതമാകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ നിർവഹിക്കുന്നത്.

    18 ക്രൂശിന്റെ വചനം നാശത്തിലേക്കു പോകുന്നവർക്ക് ഭോഷത്തമായി തോന്നാം, എന്നാൽ, രക്ഷിക്കപ്പെടുന്ന നമുക്ക് അതു ദൈവത്തിന്റെ ശക്തി ആണ്.

  9. 2 ക്രൂശിതനായ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ മറ്റെല്ലാറ്റിനെക്കുറിച്ചും അജ്ഞനെപ്പോലെ നിങ്ങളുടെ ഇടയിൽ ആയിരിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. 3 ബലഹീനനായി, ഭയവിഹ്വലതയോടെയാണ് ഞാൻ നിങ്ങളുടെ അടുത്തെത്തിയത്. 4 എന്റെ ഉപദേശവും എന്റെ പ്രഭാഷണവും മാനുഷികജ്ഞാനത്താൽ ജനത്തെ വശീകരിക്കുന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ടായിരുന്നില്ല; പ്രത്യുത ദൈവാത്മാവിന്റെ ശക്തിയുടെ പ്രദർശനത്തോടെ ആയിരുന്നു. 5 നിങ്ങളുടെ വിശ്വാസം മാനുഷികജ്ഞാനത്തിന്മേലല്ല, ദൈവശക്തിയിൽ തന്നെ അധിഷ്ഠിതമായിരിക്കേണ്ടതിനാണ് ഇങ്ങനെ ചെയ്തത്.

  10. 18 അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. 19 യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു. 20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.

  11. 7 അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ. 8 അത് എന്നിൽനിന്ന് നീക്കിക്കളയണമേ എന്നു മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോട് അപേക്ഷിച്ചു. 9 എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും. 10 അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.

  12. 17 “അയ്യോ! കർത്താവായ യഹോവേ, അങ്ങ് അവിടത്തെ വലിയ ശക്തിയാലും നീട്ടിയ ഭുജത്താലും ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു! അങ്ങേക്ക് അസാധ്യമായ ഒന്നുംതന്നെയില്ല.

  13. 29 അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടാണ് നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്. 30 പുനരുത്ഥിത ജീവിതത്തിൽ മനുഷ്യർ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും.

  14. 10 അവസാനമായി ഓർമിപ്പിക്കട്ടെ, കർത്താവിലും അവിടത്തെ അപാരശക്തിയാലും ശക്തരാകുക.

  15. 7 അവിടന്ന് ഉത്തരദിക്കിനെ ശൂന്യതയിൽ വിരിക്കുകയും

    ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുകയും ചെയ്യുന്നു.

    8 അവിടന്നു വെള്ളത്തെ തന്റെ മേഘങ്ങളിൽ കെട്ടിവെക്കുന്നു;

    അതിന്റെ ഭാരത്താൽ മേഘം പൊട്ടിപ്പിളർന്നു പോകുന്നില്ല.

    9 പൂർണചന്ദ്രനെ അവിടന്നു മറച്ചുവെക്കുന്നു;

    അതിന്മേൽ തന്റെ മേഘത്തെ വിരിക്കുകയും ചെയ്യുന്നു.

    10 പ്രകാശത്തിന്റെയും ഇരുട്ടിന്റെയും അതിരായി

    ജലോപരിതലത്തിൽ അവിടന്നു ചക്രവാളം വരയ്ക്കുന്നു.

    11 ആകാശത്തിന്റെ തൂണുകൾ വിറയ്ക്കുന്നു;

    അവിടത്തെ ശാസനയിൽ അവ ഭ്രമിച്ചുപോകുന്നു.

    12 തന്റെ ശക്തിയാൽ അവിടന്നു സമുദ്രത്തെ മഥിച്ചു;

    തന്റെ വിവേകത്താൽ രഹബിനെ തകർത്തുകളഞ്ഞു.

    13 അവിടത്തെ ശ്വാസത്താൽ ആകാശം സുന്ദരരൂപിയായി മാറിയിരിക്കുന്നു;

    തെന്നിമറയുന്ന സർപ്പത്തെ അവിടത്തെ കരം കുത്തിത്തുളയ്ക്കുന്നു.

    14 ഇവയെല്ലാം അവിടത്തെ പ്രവൃത്തികളുടെ നേരിയ ഒരംശംമാത്രം

    നാം അവിടത്തെപ്പറ്റി എത്ര മന്ദമായ ഒരു ശബ്ദംമാത്രമല്ലോ കേൾക്കുന്നത്!

    അവിടത്തെ ശക്തിയുടെ ഗർജനം ഗ്രഹിക്കാൻ ആർക്കു കഴിയും?”

  16. 14 ദൈവം തന്റെ ശക്തിയാൽ കർത്താവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. അവിടന്നു നമ്മെയും ഉയിർപ്പിക്കും.

  17. 24 ഞാൻ വീണ്ടും പറയട്ടെ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.”

    25 ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ആശ്ചര്യപ്പെട്ടു, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.

    26 യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് സകലതും സാധ്യമാണ്” എന്നു പറഞ്ഞു.

  18. 7 എന്നാൽ, സർവോന്നതമായ ഈ ശക്തി ഞങ്ങളുടേതല്ല, ദൈവത്തിന്റേതുതന്നെ എന്നുവരേണ്ടതിന് മൺപാത്രങ്ങളായിരിക്കുന്ന ഞങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.

  19. 3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം! ദൈവത്തിന്റെ മഹാകരുണയാൽ, മരിച്ചവരിൽനിന്ന് യേശുക്രിസ്തു പുനരുത്ഥാനംചെയ്തതിലൂടെ ജീവനുള്ള പ്രത്യാശയിലേക്കു നമുക്കു പുതുജനനം നൽകിയിരിക്കുന്നു. 4 ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഓഹരി നാം സ്വന്തമാക്കേണ്ടതിനാണ്. 5 അങ്ങനെ, അന്ത്യകാലത്തു വെളിപ്പെടാൻ സജ്ജമാക്കിയിരിക്കുന്ന രക്ഷയ്ക്കായി, വിശ്വാസത്താൽ നാം ദൈവശക്തിയിൽ സംരക്ഷിക്കപ്പെടുന്നു.

  20. 24 വീഴാതെ നിങ്ങളെ സൂക്ഷിച്ചു തന്റെ തേജസ്സുള്ള സന്നിധിയിൽ മഹാ ആനന്ദത്തോടെ കളങ്കമറ്റവരായി നിർത്താൻ കഴിവുള്ള ദൈവത്തിന്, 25 നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമ്മുടെ രക്ഷകനായ ഏകദൈവത്തിനുതന്നെ, സർവകാലങ്ങൾക്ക് മുമ്പും ഇപ്പോഴും എന്നേക്കും തേജസ്സും മഹിമയും ബലവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ.

  21. 16 ദൈവസന്നിധിയിൽ സിംഹാസനസ്ഥരായിരുന്ന ഇരുപത്തിനാലു മുഖ്യന്മാരും കമിഴ്ന്നുവീണു ദൈവത്തെ ആരാധിച്ചുകൊണ്ട് പറഞ്ഞത്:

    17 “ഭൂത, വർത്തമാന കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ

    സർവശക്തിയുള്ള ദൈവമായ കർത്താവേ,

    അങ്ങു മഹാശക്തി ധരിച്ചു വാഴുകയാൽ

    ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു.

  22. 34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.

    35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. 36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം. 37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.

  23. 18 “നിന്റെ സന്തതി ഇങ്ങനെ ആയിത്തീരും” എന്നു ദൈവം അരുളിച്ചെയ്തിരുന്നതുകൊണ്ട് ആശിക്കാൻ സാധ്യതയില്ലാതിരുന്നിട്ടും അനേകം ജനതകൾക്കു പിതാവായിത്തീരുമെന്ന് ആശയോടുകൂടെ അബ്രാഹാം വിശ്വസിച്ചു. 19 ഏകദേശം നൂറുവയസ്സുണ്ടായിരുന്നതുകൊണ്ട് തന്റെ ശരീരം മൃതപ്രായമായിരുന്നു എന്നും സാറയുടെ ഗർഭപാത്രം നിർജീവമായിരുന്നു എന്നും വ്യക്തമായി അറിഞ്ഞിട്ടും അബ്രാഹാമിന്റെ വിശ്വാസം ദുർബലമായില്ല. 20 ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് അവിശ്വാസത്താൽ ചഞ്ചലിക്കാതെ അദ്ദേഹം ദൈവത്തെ മഹത്ത്വപ്പെടുത്തി വിശ്വാസത്തിൽ ശക്തിപ്പെട്ടു. 21 ആ ദൈവം വാഗ്ദാനംചെയ്തതു നിവർത്തിക്കാൻ ശക്തനാണെന്നുള്ള പൂർണബോധ്യമുള്ളവനായിത്തീർന്നു.

  24. 11 ദൈവം ഒരു കാര്യം അരുളിച്ചെയ്തു,

    രണ്ടുതവണ അടിയനത് ശ്രവിച്ചിരിക്കുന്നു:

    “ദൈവമേ, ശക്തി അങ്ങേക്കുള്ളതാകുന്നു,

  25. 4 യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക

    യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ.

  26. 12 എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;

    തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു

    തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.

    13 അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;

    അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു.

    അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു,

    തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.

  27. 13 യഹോവ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പിൽ ചെന്നുനിന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക. 14 അല്ലെങ്കിൽ ഇത്തവണ ഞാൻ എന്റെ സകലബാധകളും പൂർണശക്തിയോടെ നിന്റെയും ഉദ്യോഗസ്ഥരുടെയും ജനത്തിന്റെയും നേർക്ക് അയയ്ക്കും. സർവഭൂമിയിലും എനിക്കു തുല്യനായി ആരുമില്ല എന്നു നീ അങ്ങനെ അറിയും.

  28. 11 ബന്ധിതരുടെ ഞരക്കം തിരുമുമ്പിൽ വരുമാറാകട്ടെ;

    മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ അവിടത്തെ കൈകളുടെ ശക്തിയാൽ സ്വതന്ത്രരാക്കണമേ.

  29. 13 അവിടത്തെ കരം ശക്തിയുള്ളതാകുന്നു;

    അവിടത്തെ ഭുജം ബലമേറിയത്, അവിടത്തെ വലതുകരം ഉന്നതമായിരിക്കുന്നു.

  30. 1 ദൈവം പൂർവകാലത്ത് പ്രവാചകന്മാരിലൂടെ പല അംശങ്ങളായും പലവിധങ്ങളിലും നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചു. 2 എന്നാൽ, ഈ അന്തിമനാളുകളിൽ സ്വപുത്രനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു. ദൈവം അവിടത്തെ പുത്രനെ സകലത്തിനും അവകാശിയാക്കി നിയമിച്ചു. അവിടന്ന് ലോകസൃഷ്ടി ചെയ്തതും പുത്രനിലൂടെയാണ്. 3 ദൈവപുത്രൻ ദൈവമഹത്ത്വത്തിന്റെ തേജസ്സും ദൈവസത്തയുടെ യഥാർഥ പ്രതിബിംബവും ആണ്. സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ അവിടന്ന് നിലനിർത്തുന്നു. മനുഷ്യന്റെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവിടന്ന് പരമോന്നതങ്ങളിൽ മഹിമയുടെ വലതുഭാഗത്ത് ഉപവിഷ്ടനായി. 4 ദൈവദൂതന്മാരെക്കാൾ പരമോന്നതനായിരിക്കുകയാൽ, അവരുടെ നാമത്തെക്കാൾ ഔന്നത്യമേറിയ നാമത്തിന് അവകാശിയുമായി അവിടന്ന് തീർന്നിരിക്കുന്നു.

  31. 13 അപ്പോൾ യഹോവ അബ്രാഹാമിനോട്, “വൃദ്ധയായ എനിക്കു കുട്ടിയുണ്ടാകുമോ എന്നു പറഞ്ഞു സാറാ ചിരിച്ചതെന്ത്? 14 യഹോവയ്ക്ക് അസാധ്യമായ കാര്യം ഉണ്ടോ? അടുത്തവർഷം നിശ്ചിതസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും, അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.

  32. 6 യഹോവേ, അവിടത്തെ വലങ്കൈ

    അത്യന്തം ശ്രേഷ്ഠവും ബലവും ഉള്ളത്!

    യഹോവേ, അവിടത്തെ വലങ്കൈ

    ശത്രുവിനെ ചിതറിച്ചിരിക്കുന്നു.

  33. 3 അവിടത്തെ ദിവ്യശക്തി, ഭക്തിപൂർവമായ ജീവിതത്തിന് ആവശ്യമായതെല്ലാം നമുക്കു നൽകിയിരിക്കുന്നു. അവ നമുക്കു ലഭിച്ചത് തേജസ്സിനാലും ശ്രേഷ്ഠതയാലും നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെയാണ്.

  34. 7 അവിടന്ന് തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു,

    അവിടത്തെ കണ്ണുകൾ രാഷ്ട്രങ്ങളെ വീക്ഷിക്കുന്നു—

    മത്സരിക്കുന്നവർ അവിടത്തേക്കെതിരേ തങ്ങളെത്തന്നെ ഉയർത്താതിരിക്കട്ടെ. സേലാ.

  35. 35 ദൈവമേ, അങ്ങയുടെ വിശുദ്ധമന്ദിരത്തിൽ അങ്ങ് വിസ്മയാവഹനാണ്;

    ഇസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് അധികാരവും ശക്തിയും നൽകുന്നു.

    ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ!

    സംഗീതസംവിധായകന്. “സാരസരാഗത്തിൽ.”

  36. 10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;

    ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.

    ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;

    എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.

  37. 14 നെബൂഖദ്നേസർ അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവതകളെ സേവിക്കുകയോ ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നതു സത്യംതന്നെയോ? 15 ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ വീണ് ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കാൻ സന്നദ്ധരെങ്കിൽ, നല്ലതുതന്നെ. നമസ്കരിക്കുന്നില്ലെങ്കിൽ നിങ്ങളെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയുന്നതാണ്. അവിടെനിന്നു നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിവുള്ള ദേവൻ ആരാണ്?”

    16 ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “അല്ലയോ നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഞങ്ങൾ അങ്ങയോട് ഉത്തരം പറയേണ്ട ആവശ്യമില്ല. 17 ഞങ്ങളെ തീച്ചൂളയിലേക്ക് എറിയുന്നെങ്കിൽ, ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു തീച്ചൂളയിൽനിന്നു ഞങ്ങളെ വിടുവിക്കാൻ കഴിയും. രാജാവേ, ആ ദൈവം ഞങ്ങളെ അങ്ങയുടെ കൈയിൽനിന്ന് വിടുവിക്കും. 18 ഇല്ലെങ്കിലും ഞങ്ങൾ അങ്ങയുടെ ദേവതകളെ സേവിക്കുകയോ അങ്ങു സ്ഥാപിച്ച സ്വർണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുകയില്ല, എന്നു തിരുമേനി അറിഞ്ഞാലും.”

  38. 19 എന്നാൽ കർത്താവിനു ഹിതമായാൽ ഞാൻ എത്രയുംവേഗം നിങ്ങളുടെ അടുക്കൽവരും. അപ്പോൾ, ഈ ഗർവിഷ്ഠന്മാരുടെ വാക്കുകൾമാത്രമല്ല, അവർക്ക് എത്ര ശക്തിയുണ്ടെന്നും ഞാൻ നേരിട്ടു കണ്ട് മനസ്സിലാക്കും! 20 ദൈവരാജ്യം കേവലം വാക്കുകളിലല്ല, ശക്തിയിലാണ് അധിഷ്ഠിതമായിരിക്കുന്നത്.

  39. 8 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.

  40. 6 അവിടന്ന് ബലം അരയ്ക്കുകെട്ടിക്കൊണ്ട്

    അവിടത്തെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിച്ചു.

  41. 19 അപ്പോൾ, “നമ്മെ കുറ്റപ്പെടുത്താൻ ദൈവത്തിനെങ്ങനെ കഴിയും? കാരണം, ദൈവത്തിന്റെ തിരുഹിതത്തോട് എതിർക്കാൻ ആർക്കാണു സാധിക്കുക?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. 20 അല്ലയോ മനുഷ്യാ, “ദൈവത്തോട് എതിർവാദം പറയാൻ നീ ആരാണ്?” സ്രഷ്ടാവിനോട്, “ ‘നീ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് എന്തിനാണ്?’ എന്നു സൃഷ്ടിക്കു ചോദിക്കാൻ കഴിയുമോ?” 21 ഒരേ കളിമണ്ണുപയോഗിച്ച് ചില പാത്രങ്ങൾ ശ്രേഷ്ഠമായ ഉപയോഗത്തിനും മറ്റുചിലതു സാധാരണ ഉപയോഗത്തിനുംവേണ്ടി ഉണ്ടാക്കാൻ കുശവന് അധികാരമില്ലേ?

    22 ദൈവം തന്റെ കോപം പ്രദർശിപ്പിക്കാനും ശക്തി വെളിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ, നാശത്തിനുമാത്രമായി ഒരുക്കപ്പെട്ടിരുന്ന കോപപാത്രങ്ങളായവരെ ദീർഘക്ഷമയോടെ സഹിച്ചു; 23 ഇങ്ങനെ തേജസ്സു പ്രാപിക്കാനായി ദൈവം മുൻകൂട്ടി ഒരുക്കിയ കരുണാപാത്രങ്ങളാണു നാം. അവിടത്തെ മഹത്ത്വസമ്പന്നത വെളിപ്പെടുത്താൻവേണ്ടി ദൈവം നമ്മിൽ ഇപ്രകാരം പ്രവർത്തിച്ചു എന്നതിൽ നമുക്ക് എന്താണ് പറയാൻ കഴിയുക? 24 യെഹൂദരിൽനിന്നുമാത്രമല്ല, യെഹൂദേതരരിൽനിന്നും വിളിക്കപ്പെട്ടവരായ നാം എല്ലാവരും ആ കരുണാപാത്രങ്ങളാണ്.

  42. 4 അവിടത്തെ ജ്ഞാനം അപ്രമേയവും അവിടത്തെ ശക്തി അതുല്യവുമാണ്.

    അവിടത്തോട് പ്രതിയോഗിയായിട്ട് ഹാനി ഭവിക്കാതെ പിൻവാങ്ങുന്നവർ ആരാണ്?

  43. 6 അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇങ്ങനെ ഉത്തരം പറഞ്ഞു:

    7 “ഇപ്പോൾ നീ ഒരു പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക;

    ഞാൻ നിന്നോടു ചോദിക്കും

    നീ എനിക്ക് ഉത്തരം നൽകണം.

    8 “നീ എന്റെ ന്യായവിധിയെ റദ്ദാക്കുമോ?

    നീ നിന്നെത്തന്നെ നീതീകരിക്കേണ്ടതിന് എന്നെ കുറ്റം വിധിക്കുമോ?

    9 അഥവാ, ദൈവത്തിന്റേതുപോലെയുള്ള ഒരു ഭുജം നിനക്കുണ്ടോ?

    അവിടത്തേതുപോലെ നിന്റെ ശബ്ദം ഇടിനാദം മുഴക്കുമോ?

    10 മഹിമയും പ്രതാപവുംകൊണ്ടു നീ നിന്നെത്തന്നെ അലങ്കരിക്കുക,

    ബഹുമാനവും ഗാംഭീര്യവും നീ ധരിച്ചുകൊൾക.

    11 നിന്റെ ക്രോധത്തിന്റെ ഘോരതയുടെ കെട്ടുകൾ അഴിയപ്പെടട്ടെ,

    അഹങ്കാരികളായ എല്ലാവരുടെയുംമേൽ നീ നിന്റെ ദൃഷ്ടിവെച്ച് അവരെ താഴ്ത്തിയാലും.

    12 നിഗളികളായ ഓരോരുത്തരുടെമേലും നീ ദൃഷ്ടിവെച്ച് അവരെ നിസ്സാരരാക്കിയാലും.

    ദുഷ്ടന്മാർ നിൽക്കുന്നിടത്തുതന്നെവെച്ച് അവരെ ചവിട്ടിമെതിച്ചാലും.

    13 അവരെ ഒന്നടങ്കം പൊടിയിലാഴ്ത്തിയാലും;

    ശവക്കുഴികളിൽ അവരുടെ മുഖം മറവുചെയ്താലും.

    14 അപ്പോൾ നിന്റെ വലതുകരത്തിനു നിന്നെ രക്ഷിക്കാൻ കഴിയുമെന്നു

    ഞാൻതന്നെ സമ്മതിച്ചുതരാം.

  44. 13 യഹോവേ, അവിടത്തെ ശക്തിയിൽ അങ്ങ് ഉന്നതനായിരിക്കട്ടെ;

    ഞങ്ങൾ പാടും; അങ്ങയുടെ ശക്തിപ്രഭാവത്തെ സ്തുതിക്കും.

    സംഗീതസംവിധായകന്. “ഉഷസ്സിൻ മാൻപേട,” എന്ന രാഗത്തിൽ.

  45. 17 നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെയുണ്ട്,

    അവിടന്ന് രക്ഷിക്കാൻ ശക്തൻ.

    അവിടന്ന് നിന്നിൽ അധികം സന്തോഷിക്കും;

    യഹോവ തന്റെ സ്നേഹത്തിൽ ഇനിയൊരിക്കലും നിന്നെ ശാസിക്കുകയില്ല,

    എന്നാൽ സംഗീതത്തോടെ അവിടന്ന് നിന്നിൽ ആനന്ദിക്കും.”

  46. 13 ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ,

    ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.

    രാജ്യവും ശക്തിയും മഹത്ത്വവും

    എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’

  47. 1 യേശു ഒരു വള്ളത്തിൽ കയറി അക്കരെ സ്വന്തം പട്ടണത്തിൽ എത്തി. 2 ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയോടെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു പക്ഷാഘാതരോഗിയോട്, “മകനേ, ധൈര്യപ്പെടുക; നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

    3 ഇതു കേട്ട ചില വേദജ്ഞർ, “നോക്കൂ! ഇദ്ദേഹം പറയുന്നത് ദൈവനിന്ദയാണ്” എന്ന് ഉള്ളിൽ മുറുമുറുത്തു.

    4 യേശു അവരുടെ മനോവ്യാപാരം അറിഞ്ഞിട്ട്, “നിങ്ങളുടെ ഹൃദയത്തിൽ ദുഷ്ടത ചിന്തിക്കുന്നതെന്ത്? 5 ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു!’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക!’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?” എന്ന് വേദജ്ഞരോട് ചോദിച്ചു. 6 “എന്നാൽ മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു. 7 ആ മനുഷ്യൻ എഴുന്നേറ്റു തന്റെ ഭവനത്തിലേക്കു പോയി. 8 ജനസമൂഹം ഇതുകണ്ട് ഭയപ്പെട്ടു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നൽകിയ ദൈവത്തെ പുകഴ്ത്തി.

  48. 20 എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവത്തിന്റെ ശക്തിയാലാണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം.

  49. 8 നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ,

    “ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ,

    ‘സർവശക്തിയുള്ള ദൈവമായ കർത്താവ്,

    പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ ”

    എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു. 9 സിംഹാസനസ്ഥനായി അനന്തകാലം ജീവിക്കുന്ന കർത്താവിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോഴെല്ലാം 10 ഇരുപത്തിനാലു മുഖ്യന്മാരും സിംഹാസനസ്ഥന്റെ മുമ്പിൽ വീണ്, അനന്തകാലം ജീവിക്കുന്നവനെ നമസ്കരിച്ചുകൊണ്ട്:

    11 “ഞങ്ങളുടെ കർത്താവും ദൈവവുമായുള്ളവനെ,

    അങ്ങ് സകലത്തെയും സൃഷ്ടിച്ചു.

    അവിടത്തെ ഇഷ്ടത്താൽ അവ ഉത്ഭവിക്കുകയും

    സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാൽ,

    അവിടന്നു മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യൻ,”

    എന്നു പറഞ്ഞു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനുമുമ്പിൽ സമർപ്പിക്കും.

  50. 8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ആരുണ്ട്?

    യഹോവേ, അവിടന്ന് ബലവാൻ ആകുന്നു. അങ്ങയുടെ വിശ്വസ്തത അങ്ങയെ വലയംചെയ്തിരിക്കുന്നു.

  51. 27 “ഇതാ, ഞാൻ സകലമനുഷ്യരുടെയും ദൈവമായ യഹോവ ആകുന്നു. എനിക്ക് അസാധ്യമായി വല്ലതും ഉണ്ടോ?

  52. 28 നിങ്ങളുടെ ആത്മാവിനെ ഹനിക്കാൻ കഴിയാതെ ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടരുത്; മറിച്ച്, ജീവനെയും ശരീരത്തെയും നരകത്തിലിട്ട് നശിപ്പിക്കാൻ കഴിയുന്ന ദൈവത്തെ ഭയപ്പെടുക.

  53. 11 യഹോവേ, ദേവന്മാരിൽ

    അവിടത്തേക്കു സദൃശനായി ആരുള്ളൂ?

    വിശുദ്ധിയിൽ രാജപ്രൗഢിയുള്ളവൻ!

    തേജസ്സിൽ ഭയങ്കരൻ!

    അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ!

    അങ്ങേക്കു തുല്യനായി ആരുള്ളൂ?

    12 “അവിടന്നു വലങ്കൈ നീട്ടുകയും

    ഭൂമി അവരെ വിഴുങ്ങുകയും ചെയ്തു.

    13 അവിടന്നു വീണ്ടെടുത്ത ജനത്തെ

    ആർദ്രസ്നേഹത്തോടെ അങ്ങു നയിക്കും.

    അവിടത്തെ വിശുദ്ധനിവാസത്തിലേക്ക്

    അവരെ സ്വന്തം ശക്തിയാൽ അവിടന്നു വഴിനടത്തും.

    14 ജനതകൾ കേട്ടു വിറയ്ക്കും,

    ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിക്കും.

    15 ഏദോമിലെ പ്രമുഖന്മാർ ഭയന്നുവിറയ്ക്കും,

    മോവാബിലെ നേതാക്കന്മാർ വിറകൊള്ളും,

    കനാനിലെ ജനങ്ങൾ ഉരുകിപ്പോകും;

    16 ഭീതിയും സംഭ്രമവും അവർക്കുണ്ടാകും.

    യഹോവേ, അവിടത്തെ ജനം കടന്നുപോകുന്നതുവരെ

    അവിടന്നു വിലകൊടുത്തു വാങ്ങിയ ജനം കടന്നുപോകുന്നതുവരെ,

    അവിടത്തെ ഭുജബലംനിമിത്തം

    അവർ കല്ലുപോലെ നിശ്ചലരാകും.

  54. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നു;

    ആകാശവിതാനം അവിടത്തെ കരവിരുത് വിളംബരംചെയ്യുന്നു.

    2 പകൽ പകലിനോട് നിരന്തരം സംസാരിക്കുന്നു;

    രാത്രി രാത്രിക്ക് വിജ്ഞാനം പകരുന്നു.

    3 അവിടെ സംഭാഷണമില്ല, വാക്കുകളില്ല;

    ശബ്ദാരവം കേൾക്കാനുമില്ല.

    4 എന്നിട്ടും അവയുടെ സ്വരമാധുര്യം ഭൂതലമെങ്ങും പരക്കുന്നു,

    അവയുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിവരെയും ചെന്നെത്തുന്നു.

    ആകാശത്തിൽ ദൈവം സൂര്യനൊരു കൂടാരം അടിച്ചിരിക്കുന്നു.

    5 അതു മണിയറയിൽനിന്നു പുറത്തേക്കുവരുന്ന മണവാളനെപ്പോലെയും

    തന്റെ ഓട്ടം ഓടിത്തികയ്ക്കുന്നതിൽ ആനന്ദിക്കുന്ന വീരശൂരനെപ്പോലെയുമാണ്.

    6 ആകാശത്തിന്റെ ഒരു കോണിലത് ഉദയംചെയ്യുന്നു

    മറ്റേക്കോണിലേക്ക് അത് അതിന്റെ പ്രയാണം തുടരുന്നു;

    അതിന്റെ ഉഷ്ണത്തിൽനിന്നോടിയൊളിക്കാൻ ഒന്നിനും കഴിയുന്നില്ല.

  55. 4 അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു

    അവ ഓരോന്നിനെയും പേരുവിളിക്കുന്നു.

    5 നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു;

    അവിടത്തെ വിവേകത്തിന് പരിമിതികളില്ല.

  56. 36 ജനമെല്ലാം ആശ്ചര്യപ്പെട്ടു പരസ്പരം ചർച്ചചെയ്യാൻ തുടങ്ങി, “അധികാരവും ശക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഈ വാക്കുകൾ എന്ത്? അദ്ദേഹം ദുരാത്മാക്കളോടു കൽപ്പിക്കുന്നു; അവ പുറത്തുവരുന്നു!”

  57. 5 ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  58. 13 അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും,

    “സിംഹാസനസ്ഥനും കുഞ്ഞാടിനും

    സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും,

    എന്നും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ!”

    എന്നു പറയുന്നതു ഞാൻ കേട്ടു.

  59. 6 അപ്പോൾ വലിയ ജനാരവംപോലെയും വൻ ജലപ്രവാഹത്തിന്റെ ഇരമ്പൽപോലെയും അതിശക്തമായ ഇടിമുഴക്കംപോലെയുമുള്ള ഒരു ശബ്ദം ഞാൻ കേട്ടത്:

    “ഹല്ലേലുയ്യാ!

    സർവശക്തിയുള്ള ദൈവമായ നമ്മുടെ കർത്താവ് വാണരുളുന്നു.

  60. 30 ആ ദിവസം യഹോവ ഇസ്രായേലിനെ ഈജിപ്റ്റുകാരുടെ കൈകളിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നത് ഇസ്രായേല്യർ കണ്ടു. 31 മഹാശക്തിയുള്ള യഹോവയുടെ കരം ഈജിപ്റ്റുകാർക്കെതിരായി പ്രവർത്തിക്കുന്നത് ഇസ്രായേൽമക്കൾ കണ്ടപ്പോൾ, ജനം യഹോവയെ ഭയപ്പെട്ട് യഹോവയിലും അവിടത്തെ ദാസനായ മോശയിലും വിശ്വസിച്ചു.

  61. 9 യഹോവയുടെ കണ്ണ്, തന്നിൽ ഏകാഗ്രചിത്തരായവരെ ശക്തിയോടെ പിന്താങ്ങുന്നതിനുവേണ്ടി ഭൂതലത്തിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു. ഇപ്പോൾമുതൽ നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.”

  62. 1 അപ്പോൾ ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:

    2 “അങ്ങേക്ക് എല്ലാം സാധ്യമെന്നും

    അങ്ങയുടെ ഉദ്ദേശ്യങ്ങളൊന്നും തടയിടാൻ പറ്റാത്തവയുമാണെന്നും എനിക്കറിയാം.

    3 ‘അജ്ഞതയാൽ എന്റെ ആലോചന ആച്ഛാദനംചെയ്യുന്ന ഇവൻ ആർ?’ അവിടന്നു ചോദിക്കുന്നു.

    എനിക്ക് അജ്ഞാതമായവയെക്കുറിച്ചു ഞാൻ സംസാരിച്ചു. നിശ്ചയം,

    അവ എനിക്കു ഗ്രഹിക്കാൻ കഴിയുന്നതിലും അധികം അത്ഭുതകരമായിരുന്നു.

    4 “ ‘ശ്രദ്ധിച്ചുകേൾക്കുക; ഞാൻ സംസാരിക്കും.

    ഞാൻ ചോദ്യങ്ങൾ ചോദിക്കും;

    നീ ഉത്തരം നൽകണം,’ എന്ന് അവിടന്ന് അരുളിച്ചെയ്തല്ലോ.

    5 അങ്ങയെക്കുറിച്ച് എന്റെ കാതുകളാൽ ഞാൻ കേൾക്കുകമാത്രമേ ചെയ്തിരുന്നുള്ളൂ;

    എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ ദർശിച്ചല്ലോ.

    6 അതിനാൽ ഞാൻ സ്വയം വെറുത്ത്

    പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു.”

  63. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു;

    എന്റെ രക്ഷ അങ്ങയിൽനിന്ന് വരുന്നു.

    2 അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും;

    അവിടന്നാണ് എന്റെ കോട്ട, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകുകയില്ല.

  64. 34 ആ കാലം തീർന്നപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ എന്റെ കണ്ണുകൾ സ്വർഗത്തിലേക്കുയർത്തി; എന്റെ ബുദ്ധി എനിക്കു തിരികെക്കിട്ടി. ഞാൻ പരമോന്നതനെ സ്തുതിക്കുകയും എന്നേക്കും ജീവിച്ചിരിക്കുന്നവനെ ആദരിച്ച് മഹത്ത്വപ്പെടുത്തുകയും ചെയ്തു.

    അവിടത്തെ ആധിപത്യം നിത്യമായ ആധിപത്യംതന്നെ;

    അവിടത്തെ രാജ്യം തലമുറകളോളം നിലനിൽക്കുന്നു.

    35 അവിടന്ന് സകലഭൂവാസികളെയും

    ശൂന്യം എന്ന് എണ്ണുന്നു.

    സ്വർഗീയസൈന്യങ്ങളുടെയും

    ഭൂവാസികളുടെയും മധ്യേ

    അവിടന്ന് തിരുഹിതം നിറവേറ്റുന്നു.

    അവിടത്തെ കൈകളെ തടയാനോ, “എന്തു പ്രവർത്തിക്കുന്നു?”

    എന്ന് അവിടത്തോടു ചോദിക്കാനോ ആർക്കും കഴിയുകയില്ല.

  65. 62 അതിന് യേശു, “ ‘ഞാൻ ആകുന്നു,’ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു.

  66. 46 എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്നു പറഞ്ഞു.

  67. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  68. 22 “ഇസ്രായേൽജനമേ, ഈ വാക്കുകൾ കേട്ടാലും: നസറെത്തുകാരനായ യേശു, ദൈവം അദ്ദേഹത്തിലൂടെ നിങ്ങളുടെ മധ്യത്തിൽ ചെയ്ത വീര്യപ്രവൃത്തികളും അത്ഭുതങ്ങളും ചിഹ്നങ്ങളുംമുഖേന ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ വ്യക്തി ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ. 23 ദൈവം തന്റെ നിശ്ചിതപദ്ധതിയാലും പൂർവജ്ഞാനത്താലും അദ്ദേഹത്തെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നു. എന്നാൽ യെഹൂദേതരരുടെ സഹായത്തോടെ നിങ്ങൾ അദ്ദേഹത്തെ ക്രൂശിന്മേൽ തറച്ചുകൊന്നു. 24 എന്നാൽ, മരണത്തിന്റെ അതിതീവ്രവേദനയിൽ അടക്കിവെക്കാതെ അതിന്റെ ബന്ധനങ്ങളഴിച്ച് ദൈവം അദ്ദേഹത്തെ ഉയിർപ്പിച്ചു; മരണത്തിന് അദ്ദേഹത്തെ ബന്ധിതനാക്കിവെക്കുന്നത് അസാധ്യമായിരുന്നു.

  69. 13 അതിന് മോശ ജനത്തോട് ഇങ്ങനെ ഉത്തരം പറഞ്ഞു, “ഭയപ്പെടരുത്, സ്ഥിരതയോടെ നിൽക്കുക. യഹോവ ഇന്നു നിങ്ങൾക്കു നൽകുന്ന വിടുതൽ കണ്ടുകൊള്ളുക. നിങ്ങൾ ഇന്നു കാണുന്ന ഈജിപ്റ്റുകാരെ ഇനിയൊരിക്കലും കാണുകയില്ല. 14 യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ ശാന്തരായിരിക്കുക.”

    15 ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തത്, “നീ എന്നോടു നിലവിളിക്കുന്നതെന്ത്? മുമ്പോട്ടുപോകാൻ ജനങ്ങളോടു പറയുക. 16 ഇസ്രായേൽമക്കൾക്കു സമുദ്രത്തിന്റെ ഉണങ്ങിയ നിലത്തുകൂടി പോകാൻ സാധിക്കത്തക്കവണ്ണം നിന്റെ വടി ഉയർത്തി കടലിന്മേൽ കൈനീട്ടി വെള്ളത്തെ വിഭജിക്കുക.

  70. 8 അവിടന്നുതന്നെയാണ് ആകാശത്തെ വിരിക്കുന്നതും

    സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നതും.

    9 അവിടന്നു സപ്തർഷികൾ, മകയിരം, കാർത്തിക എന്നീ നക്ഷത്രങ്ങളെയും

    ദക്ഷിണദിക്കിലെ നക്ഷത്രവ്യൂഹത്തെയും നിർമിക്കുന്നു.

    10 അവിടന്ന് അപ്രമേയമായ വൻകാര്യങ്ങൾ പ്രവർത്തിക്കുന്നു;

    എണ്ണമറ്റ അത്ഭുതങ്ങളും അവിടത്തെ കരങ്ങൾ നിർവഹിക്കുന്നു.

  71. 22 “നോക്കൂ, ദൈവം ശക്തിയിൽ എത്ര ഉന്നതനാകുന്നു;

    അവിടത്തെപ്പോലെ ഒരു ഗുരു ആരാണ്?

  72. 3 അവിടത്തെ വിരലുകളുടെ പണിയായ

    ആകാശം,

    അങ്ങു സ്ഥാപിച്ച

    ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,

    4 അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,

    അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?

  73. അലാമോത്ത് രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ഗീതം.

    1 ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു,

    കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു.

  74. ദാവീദിന്റെ ഒരു സങ്കീർത്തനം; അദ്ദേഹം യെഹൂദാമരുഭൂമിയിൽ ആയിരുന്നകാലത്തു രചിച്ചത്.

    1 ദൈവമേ, അങ്ങാണ് എന്റെ ദൈവം,

    ആത്മാർഥതയോടെ ഞാൻ അങ്ങയെ അന്വേഷിക്കുന്നു;

    വെള്ളമില്ലാതെ

    ഉണങ്ങിവരണ്ട ദേശത്ത്,

    എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു,

    എന്റെ ശരീരംമുഴുവനും അങ്ങേക്കായി വാഞ്ഛിക്കുന്നു.

    2 വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ ദർശിച്ചിരിക്കുന്നു

    അവിടത്തെ ശക്തിയും അവിടത്തെ മഹത്ത്വവും ഞാൻ ഉറ്റുനോക്കുന്നു.

  75. 18 എന്റെ ദൈവമേ, എനിക്ക് വാർധക്യവും നരയും വന്നുചേരുമ്പോഴും

    അടുത്ത തലമുറയോട് അവിടത്തെ ശക്തിയെക്കുറിച്ചും

    എനിക്കു ശേഷമുള്ള എല്ലാവരോടും അങ്ങയുടെ വീര്യപ്രവൃത്തികളെ പ്രഖ്യാപിക്കുന്നതുവരെയും.

    എന്നെ ഉപേക്ഷിക്കരുതേ.

  76. 8 എന്നിട്ടും അങ്ങയുടെ നാമത്തെപ്രതി അങ്ങ് അവരെ രക്ഷിച്ചു,

    അവിടത്തെ മഹാശക്തി വെളിപ്പെടുത്തുന്നതിനായിത്തന്നെ.

  77. 11 എന്നാൽ യഹോവ ഒരു യുദ്ധവീരനെപ്പോലെ എന്നോടൊപ്പമുണ്ട്;

    അതിനാൽ എന്റെ പീഡകർ ഇടറിവീഴും, അവർ ജയിക്കുകയില്ല.

    അവർ പരാജിതരാകും; പരിപൂർണമായി അപമാനിതരാകും

    അവരുടെ അപമാനം അവിസ്മരണീയമായിരിക്കും.

  78. 3 യഹോവ ദീർഘക്ഷമയുള്ളവനും മഹാശക്തനുമാകുന്നു;

    അവിടന്ന് കുറ്റംചെയ്യുന്നവനെ ശിക്ഷിക്കാതെ വിടുകയില്ല.

    അവിടത്തെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലുമുണ്ട്,

    മേഘങ്ങൾ അവിടത്തെ പാദങ്ങളിലെ പൊടിയുമാകുന്നു.

  79. 26 “വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി.

    27 ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.

  80. 8 പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല.

    9 എന്നാൽ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നതുകൊണ്ട് പാപപ്രവണതയാലല്ല, നിങ്ങൾ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കാത്ത വ്യക്തി ക്രിസ്തുവിന്റെ വകയല്ല. 10 പാപംനിമിത്തം ശരീരം മരണവിധേയമാണെങ്കിലും നിങ്ങളിൽ ക്രിസ്തു നിവസിക്കുന്നതിനാൽ ലഭിച്ചിരിക്കുന്ന നീതിനിമിത്തം നിങ്ങളുടെ ആത്മാവ് ജീവനുള്ളതായിരിക്കുന്നു. 11 യേശുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു. ക്രിസ്തുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവം മരണാധീനമായ നിങ്ങളുടെ ശരീരങ്ങളെയും അതേ ആത്മാവിനാൽ ജീവിപ്പിക്കും.

  81. 6 ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു; വളർത്തിയതോ ദൈവമാണ്. 7 അതുകൊണ്ട്, നടുന്നവനൊ നനയ്ക്കുന്നവനൊ അല്ല മഹത്ത്വം, വളർച്ച നൽകുന്ന ദൈവത്തിന്നത്രേ.

  82. 11 ദൈവവിളിക്കു യോഗ്യമായ ജീവിതം നയിക്കാൻ നിങ്ങൾക്കു സാധ്യമാകേണ്ടതിനും നന്മപ്രവർത്തിക്കാനുള്ള നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും വിശ്വാസത്താൽ പ്രചോദിതമായിട്ടുള്ള നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ദൈവം അവിടത്തെ ശക്തിയാൽ പരിപൂർണമാക്കട്ടെ എന്നും നിങ്ങൾക്കുവേണ്ടി ഞാൻ നിരന്തരം പ്രാർഥിക്കുന്നു. 12 നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപനിമിത്തം നിങ്ങളുടെ ജീവിതങ്ങളിലൂടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം നിങ്ങളിലും നിങ്ങൾ കർത്താവിനോടൊപ്പവും മഹത്ത്വീകരിക്കപ്പെടും.

  83. 15 രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും വാഴ്ത്തപ്പെട്ട ഏകാധിപതിയുമായ ദൈവം ക്രിസ്തുവിനെ യഥാകാലം വെളിപ്പെടുത്തും. 16 അവിടന്നുമാത്രമാണ് മരണരഹിതൻ. ആർക്കും അടുത്തുകൂടാത്ത പ്രകാശത്തിൽ നിവസിക്കുന്ന അവിടത്തെ മാനവരാരും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. ബഹുമാനവും ആധിപത്യവും എന്നേക്കും അവിടത്തേക്ക് ഉണ്ടാകുമാറാകട്ടെ. ആമേൻ.