36 Bible Verses About Restoration

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Restoration
  1. 19 ഇപ്പോൾ നിങ്ങളുടെ പാപങ്ങൾ മായിക്കപ്പെടേണ്ടതിന് അവ ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയുക; 20 അങ്ങനെ കർത്താവിന്റെ സന്നിധിയിൽനിന്ന് ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ക്രിസ്തു എന്ന യേശുവിനെ അവിടന്ന് അയയ്ക്കുകയും ചെയ്യും. 21 ആരംഭംമുതൽതന്നെ തന്റെ വിശുദ്ധപ്രവാചകന്മാരുടെ അധരങ്ങളിലൂടെ ദൈവം വാഗ്ദാനംചെയ്തിട്ടുള്ളതെല്ലാം അവിടന്ന് പുനഃസ്ഥാപിക്കുന്ന കാലംവരെ യേശു സ്വർഗത്തിൽത്തന്നെ തുടരേണ്ടതാകുന്നു.

  2. 18 അപ്പോൾ യഹോവ തന്റെ ദേശത്തെക്കുറിച്ചു തീക്ഷ്ണത കാണിക്കും

    തന്റെ ജനത്തോടു ദയകാണിക്കും.

    19 യഹോവ അവരോട് ഇപ്രകാരം മറുപടി പറയും:

    “ഞാൻ നിങ്ങൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും

    മതിയാവോളം തരും;

    ഇനിയൊരിക്കലും ഞാൻ നിങ്ങളെ

    ജനതകൾക്കിടയിൽ ഒരു പരിഹാസവിഷയമാക്കുകയില്ല.

    20 “ഞാൻ വടക്കേ സൈന്യത്തെ നിങ്ങളിൽനിന്ന്,

    വരണ്ടതും തരിശുമായ ദേശത്തേക്ക് ഓടിച്ചുകളയും;

    അവരുടെ മുൻനിര കിഴക്ക് ഉപ്പുകടലിൽ മുങ്ങിത്താഴും

    പിൻനിര പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകും.

    അതിന്റെ നാറ്റം ഉയരും;

    ദുർഗന്ധം വമിച്ചുകൊണ്ടിരിക്കും.”

    അവൻ വമ്പുകാട്ടിയിരിക്കുന്നു, നിശ്ചയം!

    21 ദേശമേ, ഭയപ്പെടേണ്ട,

    സന്തോഷിച്ച് ഉല്ലസിക്കുക.

    നിശ്ചയമായും യഹോവ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കുന്നു!

    22 വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ട,

    തരിശുനിലത്തെ മേച്ചിൽപ്പുറങ്ങൾ പച്ചയായിത്തീരുന്നു.

    വൃക്ഷങ്ങൾ ഫലം കായ്ക്കുന്നു;

    അത്തിയും മുന്തിരിയും ആദായം തരുന്നു.

    23 സന്തോഷിക്കുക, സീയോനിലെ ജനമേ,

    നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുക.

    അവിടന്ന് വിശ്വസ്തനാകുകയാൽ

    നിങ്ങൾക്കു മുന്മഴ തരുന്നു;

    അവിടന്ന് ശിശിരത്തിലും വസന്തത്തിലും

    സമൃദ്ധമായ മഴ തരുന്നു.

    24 മെതിക്കളങ്ങൾ ധാന്യങ്ങൾകൊണ്ടു നിറയും;

    ചക്കുകളിൽ പുതുവീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും.

    25 “വെട്ടുക്കിളികൾ തിന്നുപോയ വർഷങ്ങൾക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു പകരംനൽകും—

    ചെറുതും വലുതുമായ വെട്ടുക്കിളികളും

    തുള്ളനും പച്ചപ്പുഴുവും ഉൾപ്പെടെ

    എന്റെ ഒരു മഹാസൈന്യത്തെ ഞാൻ അയച്ചല്ലോ.

    26 നിങ്ങൾക്കു നിറയുവോളം, സമൃദ്ധമായി ഭക്ഷിക്കാൻ ഉണ്ടാകും,

    അപ്പോൾ നിങ്ങൾക്കുവേണ്ടി അന്നു തങ്ങൾ പ്രവർത്തിച്ച

    നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം നിങ്ങൾ സ്തുതിക്കും.

    ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല.

  3. 12 അവിടത്തെ രക്ഷയുടെ സന്തോഷത്തിലേക്ക് എന്നെ മടക്കിവരുത്തണമേ,

    അനുസരിക്കാൻ ഒരുക്കമുള്ള ഒരു ആത്മാവിനെ അനുവദിച്ചുനൽകി എന്നെ താങ്ങിനിർത്തണമേ.

    13 അപ്പോൾ ഞാൻ അതിക്രമികൾക്ക് അവിടത്തെ വഴികൾ അഭ്യസിപ്പിച്ചുകൊടുക്കും,

    അങ്ങനെ പാപികൾ തിരുസന്നിധിയിലേക്ക് മടങ്ങിവരികയും ചെയ്യും.

  4. 1 സഹോദരങ്ങളേ, ആരെങ്കിലും പാപത്തിൽ പിടിക്കപ്പെടുകയാണെങ്കിൽ, ആത്മികരായ നിങ്ങളാണ് ആ വ്യക്തിയെ സൗമ്യമായി പുനരുദ്ധരിക്കേണ്ടത്. നിങ്ങളും പാപത്തിന്റെ പ്രലോഭനത്തിൽ അകപ്പെട്ടുപോകാതിരിക്കാൻ സൂക്ഷിക്കുക.

  5. 1 പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല. 2 മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു. 3 അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും. 4 അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”

    5 സിംഹാസനസ്ഥൻ എന്നോടു പറഞ്ഞത്: “ഇതാ, ഞാൻ സകലത്തെയും പുതിയതാക്കുന്നു.” അവിടന്ന് എന്നോടു തുടർന്ന് കൽപ്പിച്ചത്, “ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവുമാകുകയാൽ ഇവ എഴുതുക.”

  6. 17 എന്നാൽ ഞാൻ നിന്നെ രോഗത്തിൽനിന്ന് വിടുവിക്കും,

    നിന്റെ മുറിവുകൾ ഞാൻ സൗഖ്യമാക്കും,’

    എന്ന് യഹോവയുടെ അരുളപ്പാട്.

    ‘ആരും കരുതാനില്ലാതെ ഭ്രഷ്ടയെന്നു വിളിക്കപ്പെട്ട

    സീയോൻ നീ ആകുകയാൽത്തന്നെ.’

  7. 10 ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർഥിച്ചതിനുശേഷം, യഹോവ അദ്ദേഹത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിച്ച്, മുമ്പുണ്ടായിരുന്ന എല്ലാറ്റിന്റെയും ഇരട്ടി ഓഹരി നൽകി.

  8. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.

    2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,

    പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,

    3 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു.

    തിരുനാമംനിമിത്തം

    എന്നെ നീതിപാതകളിൽ നടത്തുന്നു.

    4 മരണനിഴലിൻ താഴ്വരയിൽക്കൂടി

    ഞാൻ സഞ്ചരിച്ചെന്നാലും,

    ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല,

    എന്നോടൊപ്പം അവിടന്നുണ്ടല്ലോ;

    അവിടത്തെ വടിയും കോലും

    എന്നെ ആശ്വസിപ്പിക്കുന്നു.

    5 എന്റെ ശത്രുക്കളുടെമുമ്പിൽ,

    അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു.

    എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു;

    എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

    6 എന്റെ ആയുഷ്കാലമെല്ലാം

    നന്മയും കരുണയും എന്നെ പിൻതുടരും, നിശ്ചയം,

    ഞാൻ യഹോവയുടെ ആലയത്തിൽ

    നിത്യം വസിക്കും.

  9. 13 യഹോവ അരുളിച്ചെയ്യുന്നു:

    “ഉഴുന്നവർ കൊയ്ത്തുകാരുടെ മുന്നിലെത്തുകയും

    മുന്തിരിച്ചക്കു ചവിട്ടുന്നവർ മുന്തിരിക്കൃഷി ചെയ്യുന്നവരുടെ മുന്നിലെത്തുകയും ചെയ്യും.

    പർവതങ്ങളിൽനിന്ന് പുതുവീഞ്ഞു വർഷിക്കുകയും

    എല്ലാ കുന്നുകളിൽനിന്നും അതു പ്രവഹിക്കുകയും ചെയ്യുന്ന ദിവസങ്ങൾ വരുന്നു!

    14 പ്രവാസത്തിലേക്കുപോയ എന്റെ ജനമായ ഇസ്രായേലിനെ ഞാൻ മടക്കിക്കൊണ്ടുവരും.

    “നശിപ്പിക്കപ്പെട്ട പട്ടണങ്ങളെ അവർ വീണ്ടും പണിത് അവിടെ പാർക്കും.

    അവർ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കി, അവയിലെ വീഞ്ഞു കുടിക്കും;

    അവർ തോട്ടങ്ങൾ നട്ടുണ്ടാക്കുകയും അതിലെ പഴം തിന്നുകയും ചെയ്യും.

    15 ഞാൻ ഇസ്രായേലിനെ അവരുടെ സ്വന്തം ദേശത്തു നടും,

    ഞാൻ അവർക്കു കൊടുത്ത ദേശത്തുനിന്ന്

    ഇനിയൊരിക്കലും അവർ പറിച്ചുകളയപ്പെടുകയില്ല,”

    എന്നു നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

  10. 20 ഒട്ടനവധി കഠിനയാതനകളിലൂടെ

    അവിടന്ന് എന്നെ നടത്തിയെങ്കിലും

    അവിടന്ന് എന്റെ ജീവൻ പുനരുദ്ധരിക്കും;

    ഭൂമിയുടെ അഗാധതലങ്ങളിൽനിന്നും

    അവിടന്നെന്നെ ഉയർത്തിക്കൊണ്ടുവരും.

    21 അവിടന്ന് എന്റെ ബഹുമതി വർധിപ്പിച്ച്

    ഒരിക്കൽക്കൂടി എന്നെ ആശ്വസിപ്പിക്കും.

  11. 10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിൽ എഴുപതുവർഷം തികഞ്ഞശേഷം ഞാൻ നിങ്ങളെ സന്ദർശിക്കും നിങ്ങളെ ഈ സ്ഥലത്തേക്കു തിരിച്ചുവരുത്തും എന്നുള്ള എന്റെ വാഗ്ദത്തം നിറവേറ്റും. 11 കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. 13 നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. 14 നിങ്ങൾ എന്നെ കണ്ടെത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; നിങ്ങളെ എല്ലാ രാഷ്ട്രങ്ങളിൽനിന്നും ഞാൻ നിങ്ങളെ നാടുകടത്തിക്കളഞ്ഞ സകലസ്ഥലങ്ങളിൽനിന്നും ശേഖരിച്ച്, എവിടെനിന്നു ഞാൻ നിങ്ങളെ ബന്ദികളാക്കി കൊണ്ടുപോയോ, ആ സ്ഥലത്തേക്ക് തിരികെവരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.

  12. 12 പ്രത്യാശയുള്ള ബന്ധിതരേ, നിങ്ങളുടെ കോട്ടയിലേക്കു മടങ്ങിപ്പോകുവിൻ;

    നിങ്ങൾക്ക് ഇരട്ടിയായി മടക്കിത്തരുമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു.

  13. 22 അവർ ബേത്ത്സയിദയിൽ എത്തി. അന്ധനായ ഒരാളെ ചിലർ കൊണ്ടുവന്ന് അയാളെ തൊടണമെന്ന് യേശുവിനോട് അപേക്ഷിച്ചു. 23 യേശു അന്ധന്റെ കൈക്കുപിടിച്ചു, ഗ്രാമത്തിനു പുറത്തുകൊണ്ടുപോയി. അദ്ദേഹം അയാളുടെ കണ്ണുകളിൽ തുപ്പി, തന്റെ കൈകൾ അയാളുടെമേൽ വെച്ചുകൊണ്ട് അയാളോട്, “നീ എന്തെങ്കിലും കാണുന്നുണ്ടോ?” എന്നു ചോദിച്ചു.

    24 അയാൾ ചുറ്റും നോക്കിയിട്ട്, “ഞാൻ മനുഷ്യരെ കാണുന്നുണ്ട്. പക്ഷേ, വ്യക്തമായിട്ടല്ല, അവർ നടക്കുന്ന മരങ്ങളെപ്പോലെയാണ് കാണപ്പെടുന്നത്” എന്നു പറഞ്ഞു.

    25 യേശു വീണ്ടും അയാളുടെ കണ്ണുകളിൽ കൈകൾ വെച്ചു. അപ്പോൾ അയാളുടെ കണ്ണുകൾ തുറന്നു. അയാൾക്കു കാഴ്ച തിരിച്ചു കിട്ടി. അയാൾ സകലതും വ്യക്തമായി കണ്ടു.

  14. 1 “വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം.

    യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു;

    എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും.

    അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു;

    അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും.

  15. 14 മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്; 15 അവനിൽ വിശ്വസിക്കുന്ന ഏതു വ്യക്തിയും നിത്യജീവൻ പ്രാപിക്കേണ്ടതിനു വേണ്ടിയാണിത്” എന്നു പറഞ്ഞു.

    16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  16. 5 യേശു ആ സ്ഥലത്തെത്തിയപ്പോൾ മുകളിലേക്കുനോക്കിക്കൊണ്ട്, “സക്കായീ, പെട്ടെന്ന് ഇറങ്ങിവാ, ഞാൻ ഇന്നു നിന്റെ വീട്ടിൽ താമസിക്കേണ്ടതാകുന്നു” എന്ന് അയാളോടു പറഞ്ഞു. 6 അയാൾ വേഗത്തിൽ ഇറങ്ങിവന്ന് അദ്ദേഹത്തെ ആനന്ദത്തോടെ സ്വീകരിച്ചു.

    7 ജനങ്ങൾ എല്ലാവരും ഇതുകണ്ട്, “ഒരു പാപിയെന്ന് കുപ്രസിദ്ധനായവന്റെ ആതിഥ്യം സ്വീകരിക്കാൻ അദ്ദേഹം പോയിരിക്കുന്നു” എന്നു പിറുപിറുത്തു.

    8 എന്നാൽ സക്കായി എഴുന്നേറ്റുനിന്നുകൊണ്ട് കർത്താവിനോട്, “കർത്താവേ, ഇതാ, ഇപ്പോൾത്തന്നെ എന്റെ സമ്പാദ്യത്തിന്റെ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കും. ഞാൻ ആരിൽനിന്നെങ്കിലും എന്തെങ്കിലും അപഹരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ നാലിരട്ടി തിരിച്ചുകൊടുക്കുകയും ചെയ്യാം” എന്നു പറഞ്ഞു.

    9 അപ്പോൾ യേശു, “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ ഭവനത്തിന് രക്ഷ വന്നിരിക്കുന്നു;

  17. 10 മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. എന്നാൽ, ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവൻ ലഭിക്കാൻ; സമൃദ്ധമായ ജീവൻ ലഭിക്കാനാണ്.

  18. 6 അപ്പൊസ്തലന്മാർ യേശുവിന്റെ ചുറ്റുംകൂടി, “കർത്താവേ, അവിടന്ന് ഇപ്പോഴാണോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുനൽകുന്നത്?” എന്നു ചോദിച്ചു.

    7 അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “പിതാവിന്റെ സ്വന്തം അധികാരപരിധിയിലുള്ള കാലഘട്ടങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങൾ അറിയേണ്ടതില്ല.

  19. 17 ഒരാൾ ക്രിസ്തുവിന്റെ വകയായാൽ അയാൾ പുതിയ സൃഷ്ടിയാണത്രേ. പഴയതു നീങ്ങിപ്പോയി, ഇതാ അത് പുതിയതായിരിക്കുന്നു.

  20. 4 ദൈവത്തിൽനിന്നു ജനിച്ച ഏതൊരാളും ലോകത്തെ അതിജീവിച്ചിരിക്കുന്നു; ഈ വിജയം നമുക്കു ലഭിച്ചത് നമ്മുടെ വിശ്വാസത്താലാണ്.

  21. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.

  22. 1 യഹോവ മോശയോട് അരുളിച്ചെയ്തു: 2-3 “ഒരാൾ തന്റെ പക്കൽ സൂക്ഷിക്കാനേൽപ്പിച്ചതോ പണയം നൽകിയതോ മോഷ്ടിച്ചതോ ആയ സാധനം സംബന്ധിച്ചോ കളഞ്ഞുകിട്ടിയതിനെക്കുറിച്ചോ തന്റെ അയൽവാസിയെ വഞ്ചിക്കുകയോ അവരോട് കള്ളം പറയുകയോ വ്യാജമായി ആണയിടുകയോ, ഇങ്ങനെ ഏതെങ്കിലും പ്രവൃത്തിയാൽ പാപംചെയ്ത് യഹോവയോട് അവിശ്വസ്തരായിത്തീർന്നാൽ— 4 ഇത്തരം ഏതെങ്കിലും പാപംചെയ്തിട്ട് അവർക്ക് കുറ്റബോധമുണ്ടാകുമ്പോൾ അയാൾ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏൽപ്പിച്ചിരുന്നതോ കളഞ്ഞുകിട്ടിയതോ 5 താൻ വ്യാജമായി ആണയിട്ട് സ്വന്തമാക്കിയതോ ആയ സാധനവും അതിന്റെ വിലയുടെ അഞ്ചിലൊന്നും നഷ്ടപരിഹാരംകൂടി ചേർത്ത് അയാൾ തിരികെക്കൊടുക്കണം. തന്റെ അകൃത്യയാഗം അർപ്പിക്കുന്ന ദിവസംതന്നെ അയാൾ അത് ഉടമസ്ഥനു കൊടുത്തിരിക്കണം.

  23. 7 ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ!

    യഹോവ തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ,

    യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ.

  24. 17 “ദരിദ്രരും നിരാലംബരും വെള്ളം തെരയുന്നു,

    ഒട്ടും ലഭിക്കായ്കയാൽ

    അവരുടെ നാവു ദാഹത്താൽ വരണ്ടുപോകുന്നു.

    അപ്പോൾ യഹോവയായ ഞാൻതന്നെ അവർക്ക് ഉത്തരം നൽകും;

    ഇസ്രായേലിന്റെ ദൈവമായ ഞാൻ അവരെ ഉപേക്ഷിക്കുകയില്ല.

    18 ഞാൻ തരിശുമലകളിൽ നദികളെയും

    താഴ്വരകൾക്കു നടുവിൽ അരുവികളെയും തുറക്കും.

    ഞാൻ മരുഭൂമിയെ ജലാശയമാക്കും,

    വരണ്ടദേശത്തെ നീരുറവയായി മാറ്റും.

    19 ഞാൻ മരുഭൂമിയിൽ

    ദേവദാരു, ഖദിരമരം, കൊഴുന്ത്, ഒലിവ് എന്നീ വൃക്ഷങ്ങൾ നടും.

    ഞാൻ തരിശുഭൂമിയിൽ സരളമരവും

    പൈനും പുന്നയും വെച്ചുപിടിപ്പിക്കും.

    20 യഹോവയുടെ കൈ ഇതു പ്രവർത്തിച്ചു എന്നും

    ഇസ്രായേലിന്റെ പരിശുദ്ധൻ ഇതിനെ നിർമിച്ചു എന്നും

    മനുഷ്യർ കാണുകയും അറിയുകയുംചെയ്യുന്നതിനും,

    ചിന്തിക്കുന്നതിനും വിവേകം പ്രാപിക്കുന്നതിനുംതന്നെ.

  25. 18 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ ‘ഞാൻ യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം

    അവന്റെ നിവാസങ്ങളോടു കരുണകാണിക്കും;

    ആ നഗരം അതിന്റെ അവശിഷ്ടങ്ങളിന്മേൽ പുതുക്കിപ്പണിയും,

    അതിന്റെ അരമന അതിന് ഉചിതമായ സ്ഥാനത്തു സ്ഥാപിതമാകും.

    19 അവരിൽനിന്നു സ്തോത്രഗാനങ്ങളും

    ആനന്ദഘോഷവും പുറപ്പെടും,

    ഞാൻ അവരെ വർധിപ്പിക്കും;

    അവർ കുറഞ്ഞുപോകുകയില്ല;

    ഞാൻ അവരെ ആദരിക്കും;

    അവർ നിന്ദിക്കപ്പെടുകയുമില്ല.

    20 അവരുടെ മക്കൾ പൂർവകാലത്തെപ്പോലെയാകും

    അവരെ ഒരു രാഷ്ട്രമായി എന്റെമുമ്പാകെ പുനഃസ്ഥാപിക്കും;

    അവരെ പീഡിപ്പിച്ച എല്ലാവരെയും ഞാൻ ശിക്ഷിക്കും.

    21 അവരുടെ അധിപതി അവരിൽ ഒരുവനായിരിക്കും;

    അവരുടെ ഭരണാധികാരി അവരുടെ മധ്യേനിന്നുതന്നെ ഉത്ഭവിക്കും.

    ഞാൻ അവനെ സമീപത്ത് കൊണ്ടുവരും, അവൻ എന്റെ അടുത്തുവരും.

    എന്റെ സമീപസ്ഥനായിരുന്നുകൊണ്ട്

    എനിക്കായി സ്വയം സമർപ്പിക്കാൻ അവനല്ലാതെ ആരാണുള്ളത്?’

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    22 ‘അതുകൊണ്ട് നിങ്ങൾ എന്റെ ജനമായിരിക്കും

    ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും.’ ”

  26. 27 “ഇതാ, ഞാൻ സകലമനുഷ്യരുടെയും ദൈവമായ യഹോവ ആകുന്നു. എനിക്ക് അസാധ്യമായി വല്ലതും ഉണ്ടോ?

  27. 32 അവിടെ ചിലർ ബധിരനും മൂകനുമായ ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു; അയാളുടെമേൽ കൈവെച്ച് സൗഖ്യമാക്കണമെന്ന് അദ്ദേഹത്തോടു യാചിച്ചു.

    33 യേശു ആ മനുഷ്യനെ ജനക്കൂട്ടത്തിൽനിന്ന് മാറ്റിനിർത്തി തന്റെ വിരലുകൾ അയാളുടെ ചെവികളിൽ ഇട്ടു; തന്റെ തുപ്പൽ അയാളുടെ നാവിൽ തൊടുവിച്ചു. 34 അദ്ദേഹം സ്വർഗത്തിലേക്കു നോക്കി ഒരു ദീർഘനിശ്വാസത്തോടെ “തുറന്നുവരിക” എന്നർഥമുള്ള “എഫഥാ” എന്നു പറഞ്ഞു. 35 അപ്പോൾ അയാളുടെ ചെവികൾ തുറന്നു; നാവിന്റെ തടസ്സം നീങ്ങി. അവൻ വ്യക്തമായി സംസാരിച്ചുതുടങ്ങി.

  28. 43 രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. 44 അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു.

  29. 2 ശരീരത്തിൽ അസാധാരണമാംവിധം നീർക്കെട്ടുള്ള ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നിരുന്നു. 3 യേശു പരീശന്മാരോടും നിയമജ്ഞരോടും, “ശബ്ബത്തുനാളിൽ രോഗസൗഖ്യം നൽകുന്നതു നിയമാനുസൃതമോ അല്ലയോ?” എന്നു ചോദിച്ചു. 4 എന്നാൽ, അവർ നിശ്ശബ്ദരായിരുന്നു. യേശു അയാളെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു.

  30. 25 സഹോദരങ്ങളേ, ഈ രഹസ്യത്തെക്കുറിച്ച് നിങ്ങൾ അജ്ഞരാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു, അല്ലാത്തപക്ഷം നിങ്ങൾ ജ്ഞാനികളെന്ന് അഹങ്കരിക്കും. യെഹൂദേതരരിൽനിന്ന് ക്രിസ്തുവിൽ വിശ്വസിക്കാനുള്ളവരുടെ സംഖ്യ പൂർണമാകുന്നതുവരെ ഒരുവിഭാഗം ഇസ്രായേല്യർക്കു ഹൃദയകാഠിന്യം സംഭവിച്ചിരിക്കുന്നു. 26 ഇങ്ങനെ ഇസ്രായേൽ മുഴുവനും രക്ഷപ്രാപിക്കും.

    “വിടുവിക്കുന്നവൻ സീയോനിൽനിന്ന് വരും;

    അവിടന്ന് യാക്കോബിൽനിന്ന് അഭക്തി അകറ്റിക്കളയും.

    27 ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ

    ഇതായിരിക്കും അവരോടുള്ള എന്റെ ഉടമ്പടി,”

    എന്ന് എഴുതപ്പെട്ടിരിക്കുന്നല്ലോ.

  31. 16 ഇപ്രകാരം സൗഖ്യം ലഭിക്കേണ്ടതിന് പരസ്പരം പാപങ്ങൾ ഏറ്റുപറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി മറ്റുള്ളവർ പ്രാർഥിക്കണം. നീതിമാന്റെ പ്രാർഥന വളരെ ശക്തവും ഫലപ്രദവുമാണ്.

  32. 10 ഞാനും എന്റെ സഹോദരന്മാരും ഭൃത്യന്മാരും അവർക്കു പണവും ധാന്യവും കൊടുക്കുന്നുണ്ട്. എന്നാൽ, പലിശ വാങ്ങുന്നത് അവസാനിപ്പിക്കുക. 11 ഉടൻതന്നെ അവരുടെ വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിനൽകുക. പണം, ധാന്യം, പുതിയ വീഞ്ഞ്, ഒലിവെണ്ണ എന്നിവയ്ക്ക് നൂറിൽ ഒന്നുവീതം അവരിൽനിന്നും വാങ്ങിയിരുന്ന പലിശയും മടക്കിക്കൊടുക്കുക.”

    12 “ഞങ്ങൾ അതു മടക്കിക്കൊടുക്കാം,” അവർ പറഞ്ഞു, “അവരിൽനിന്ന് ഇനി യാതൊന്നും ഞങ്ങൾ ആവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതുപോലെതന്നെ ഞങ്ങൾ ചെയ്യാം.”

    അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ച് അവർ വാഗ്ദാനംചെയ്തതുപോലെ പാലിക്കുമെന്നു പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയുംകൊണ്ടു ശപഥംചെയ്യിച്ചു.

  33. 31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ

    അവരുടെ ശക്തി പുതുക്കും.

    അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;

    അവർ ഓടും, ക്ഷീണിക്കുകയില്ല,

    അവർ നടക്കും, തളർന്നുപോകുകയുമില്ല.

  34. 14 യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്നാൽ എനിക്കു സൗഖ്യം ലഭിക്കും;

    എന്നെ രക്ഷിക്കണമേ, എന്നാൽ ഞാൻ രക്ഷപ്പെടും,

    കാരണം അങ്ങാണ് എന്റെ പുകഴ്ച്ചയായിരിക്കുന്നത്.

  35. 9 “അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക:

    “ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,

    തിരുനാമം ആദരിക്കപ്പെടട്ടെ,

    10 അവിടത്തെ രാജ്യം വരുമാറാകട്ടെ,

    തിരുഹിതം നിറവേറപ്പെടട്ടെ,

    സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.

    11 അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ.

    12 ഞങ്ങളോട് അപരാധം ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ,

    ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ.

    13 ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ,

    ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.

    രാജ്യവും ശക്തിയും മഹത്ത്വവും

    എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’

  36. 11 ഈ സംഭവത്തിനുശേഷം അധികം താമസിക്കാതെ യേശു നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ; ശിഷ്യന്മാരും വലിയൊരു ജനസഞ്ചയവും അദ്ദേഹത്തെ അനുഗമിച്ചു. 12 യേശു പട്ടണകവാടത്തോടടുത്തപ്പോൾ അതാ, മരിച്ചുപോയ ഒരാളെ പട്ടണത്തിനുപുറത്തേക്കു കൊണ്ടുവരുന്നു. അയാൾ തന്റെ അമ്മയുടെ ഏകപുത്രൻ; അവൾ വിധവയുമായിരുന്നു. പട്ടണത്തിൽനിന്ന് വലിയൊരു ജനക്കൂട്ടം അവളോടുകൂടെ ഉണ്ടായിരുന്നു. 13 അവളെ കണ്ടപ്പോൾ കർത്താവിന്റെ മനസ്സലിഞ്ഞു. അവിടന്ന് അവളോട്, “കരയേണ്ടാ” എന്നു പറഞ്ഞു.

    14 യേശു അടുത്തുചെന്ന് ശവമഞ്ചം തൊട്ടപ്പോൾ, അത് ചുമന്നുകൊണ്ട് പോകുകയായിരുന്നവർ അവിടെ നിന്നു. അദ്ദേഹം, “യുവാവേ, ഞാൻ നിന്നോടു കൽപ്പിക്കുകയാണ് ‘എഴുന്നേൽക്കുക’ ” എന്നു പറഞ്ഞു. 15 അപ്പോൾ മരിച്ചവൻ എഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി. യേശു അവനെ അവന്റെ അമ്മയ്ക്ക് തിരികെ നൽകി.