54 Bible Verses About Praying for Others

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Praying for Others
  1. 13 നിങ്ങളിൽ കഷ്ടത സഹിക്കുന്നയാൾ പ്രാർഥിക്കട്ടെ. ആനന്ദം അനുഭവിക്കുന്നയാൾ സ്തോത്രഗാനം ആലപിക്കട്ടെ. 14 നിങ്ങളിൽ ഒരാൾ രോഗിയാണെങ്കിൽ സഭാമുഖ്യന്മാരെ വിളിക്കുക. അവർ കർത്താവിന്റെ നാമത്തിൽ എണ്ണ പുരട്ടി അയാൾക്കുവേണ്ടി പ്രാർഥിക്കട്ടെ. 15 വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സൗഖ്യമാക്കും. കർത്താവ് അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപംചെയ്തിട്ടുണ്ടെങ്കിൽ കർത്താവ് ക്ഷമിക്കും. 16 ഇപ്രകാരം സൗഖ്യം ലഭിക്കേണ്ടതിന് പരസ്പരം പാപങ്ങൾ ഏറ്റുപറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി മറ്റുള്ളവർ പ്രാർഥിക്കണം. നീതിമാന്റെ പ്രാർഥന വളരെ ശക്തവും ഫലപ്രദവുമാണ്.

    17 ഏലിയാവും നമ്മെപ്പോലെതന്നെ ഒരു മനുഷ്യൻ ആയിരുന്നു. മഴ പെയ്യാതിരിക്കാൻ അദ്ദേഹം ശ്രദ്ധയോടെ പ്രാർഥിച്ചപ്പോൾ ദേശത്തു മൂന്നര വർഷത്തേക്കു മഴ പെയ്തില്ല. 18 അദ്ദേഹം വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നൽകുകയും ഭൂമി അതിന്റെ വിളവ് ഉൽപ്പാദിപ്പിക്കുകയും ചെയ്തു.

  2. 5 “പ്രാർഥിക്കുമ്പോൾ മനുഷ്യർ കാണാൻ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്ന കപടഭക്തരെപ്പോലെയാകരുത് നിങ്ങൾ. അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പായി പറയുന്നു. 6 എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പ്രവേശിച്ച്, വാതിലടച്ച്, നിങ്ങളുടെ പിതാവിനോട് രഹസ്യമായി അപേക്ഷിക്കുക. അപ്പോൾ രഹസ്യത്തിൽ നിങ്ങൾ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലംനൽകും. 7 നിങ്ങൾ പ്രാർഥിക്കുമ്പോൾ യെഹൂദേതരരെപ്പോലെ വൃഥാജൽപ്പനം ചെയ്യരുത്. അതിഭാഷണത്താൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് അവർ കരുതുന്നത്. 8 അവരെ അനുകരിക്കരുത്; കാരണം നിങ്ങളുടെ ആവശ്യം എന്തെന്ന് നിങ്ങളുടെ പിതാവിന് നിങ്ങൾ യാചിക്കുന്നതിനു മുമ്പുതന്നെ അറിയാം.

    9 “അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക:

    “ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,

    തിരുനാമം ആദരിക്കപ്പെടട്ടെ,

    10 അവിടത്തെ രാജ്യം വരുമാറാകട്ടെ,

    തിരുഹിതം നിറവേറപ്പെടട്ടെ,

    സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.

    11 അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ.

    12 ഞങ്ങളോട് അപരാധം ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ,

    ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ.

    13 ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ,

    ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.

    രാജ്യവും ശക്തിയും മഹത്ത്വവും

    എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’

    14 നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും. 15 എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല.

  3. 1 സകലമനുഷ്യർക്കുംവേണ്ടി അപേക്ഷകളും പ്രാർഥനകളും മധ്യസ്ഥതയും സ്തോത്രവും അർപ്പിക്കണമെന്ന് ആദ്യംതന്നെ ഞാൻ പ്രബോധിപ്പിക്കട്ടെ. 2 നാം പ്രശാന്തവും സമാധാനപൂർണവും ഭയഭക്തിയുള്ളതും അന്തസ്സുറ്റതുമായ ഒരു ജീവിതം നയിക്കാൻ സാധിക്കേണ്ടതിനു രാജാക്കന്മാർക്കുവേണ്ടിയും ഉന്നത അധികാരികൾക്കുവേണ്ടിയും പ്രാർഥിക്കുക. 3 ഇത് ഉത്തമവും നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെസന്നിധിയിൽ സ്വീകാര്യവുമാണ്. 4 സകലമനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തിച്ചേരണമെന്നും അവിടന്ന് ആഗ്രഹിക്കുന്നു. 5 ദൈവം ഏകനാണ്; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഏകൻ; മനുഷ്യനായ ക്രിസ്തുയേശുമാത്രം. 6 അവിടന്ന് എല്ലാവർക്കുംവേണ്ടി വീണ്ടെടുപ്പുവിലയായി സ്വയം അർപ്പിച്ചു; ഇതാണ് ഉചിതമായ സന്ദർഭത്തിൽ മനുഷ്യനു വെളിപ്പെടുത്തിയ സാക്ഷ്യം.

  4. 43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക; 45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ.

  5. 26 അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ നമുക്ക് ബലം നൽകാൻ പരിശുദ്ധാത്മാവു സഹായി ആകുന്നു; എന്താണ് പ്രാർഥിക്കേണ്ടത് എന്ന് നമുക്കറിഞ്ഞുകൂടാ! എന്നാൽ, അവാച്യമായ ഞരക്കങ്ങളാൽ പരിശുദ്ധാത്മാവുതന്നെ നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു. 27 ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം ആത്മാവിന്റെ ചിന്ത എന്തെന്ന് അറിയുന്നുണ്ട്. കാരണം, ദൈവഹിതാനുസരണമാണ് പരിശുദ്ധാത്മാവു ദൈവജനത്തിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നത്.

  6. 17 രക്ഷ ശിരോകവചമായി ധരിച്ചും ആത്മാവിന്റെ വാളായ ദൈവവചനം കൈകളിൽ എടുത്തുകൊണ്ടും നിലകൊള്ളുക.

    18 ഏതുസമയവും എല്ലാ അവസരങ്ങളിലും ആത്മാവിൽ പ്രാർഥിച്ചുകൊണ്ട് ജാഗ്രതയോടെ നിരന്തരം സകലവിശുദ്ധർക്കുംവേണ്ടി അപേക്ഷ കഴിച്ചുകൊണ്ടിരിക്കുക. 19-20 ഞാൻ ചങ്ങലകളണിഞ്ഞ്, സ്ഥാനപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ രഹസ്യം വ്യക്തമാക്കാൻ വായ് തുറക്കുമ്പോൾ എനിക്ക് യോഗ്യമായ വചനം ദൈവം നൽകുന്നതിനും അതു ഞാൻ പൂർണധൈര്യത്തോടെ സംസാരിക്കുന്നതിനും എനിക്കുവേണ്ടിയും പ്രാർഥിക്കുക.

  7. 14 ദൈവത്തിനു പ്രസാദകരമായ എന്ത് നാം അപേക്ഷിച്ചാലും നമ്മുടെ അപേക്ഷ അവിടന്നു കേൾക്കുന്നു, എന്നതാണു ദൈവസന്നിധിയിൽ നമുക്കുള്ള ആത്മവിശ്വാസം. 15 നാം അപേക്ഷിക്കുന്നതെന്തും അവിടന്നു കേൾക്കുന്നെന്ന് ഉറപ്പുള്ളതിനാൽ, അപേക്ഷിച്ചവയെല്ലാം നമുക്കു ലഭിച്ചു എന്നു തീർച്ചപ്പെടുത്താം.

    16 സഹോദരങ്ങളിൽ ഒരാൾ മരണകാരണമല്ലാത്ത പാപംചെയ്യുന്നതു കണ്ടാൽ നിങ്ങൾ അയാൾക്കുവേണ്ടി അപേക്ഷിക്കുക; മരണകാരണം അല്ലാത്ത പാപംചെയ്യുന്ന വ്യക്തിക്ക് ദൈവം ജീവൻ നൽകും. മരണകാരണമായ പാപവും ഉണ്ട്. നിങ്ങൾ അതിനുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല. 17 എല്ലാ അനീതിയും പാപംതന്നെ. എന്നാൽ, മരണത്തിലേക്കു നയിക്കാത്ത പാപവും ഉണ്ട്.

  8. 9 അക്കാരണത്താൽത്തന്നെ, ഞങ്ങൾ അതുകേട്ട ദിവസംമുതൽ നിങ്ങൾക്കുവേണ്ടി ആരംഭിച്ച പ്രാർഥനകൾ മുടക്കിയിട്ടില്ല. നിങ്ങൾ എല്ലാ വിവേകത്തോടും ആത്മികജ്ഞാനത്തോടുംകൂടി ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറഞ്ഞവരാകണമെന്നും 10 എല്ലാ കാര്യത്തിലും കർത്താവിനെ പ്രസാദിപ്പിച്ചുകൊണ്ട് അവിടത്തേക്കു യോഗ്യമായവിധം ജീവിച്ചും സകലസൽപ്രവൃത്തികളിലും ഫലം കായ്ച്ചും ദൈവികപരിജ്ഞാനത്തിൽ വളരണമെന്നും 11 സകലസഹിഷ്ണുതയും ദീർഘക്ഷമയും കാണിക്കാൻവേണ്ടി അവിടത്തെ മഹത്ത്വകരമായ ആധിപത്യത്തിനൊത്തവണ്ണം എല്ലാ ശക്തിയും പ്രാപിച്ചു ബലപ്പെടണമെന്നും 12 വിശുദ്ധർക്കു പ്രകാശത്തിലുള്ള അവകാശത്തിന്റെ ഓഹരിക്കു നിങ്ങളെ യോഗ്യരാക്കുകയും 13 അന്ധകാരത്തിന്റെ അധികാരത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കി അവിടത്തെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിൽ പ്രവേശിപ്പിക്കുകയുംചെയ്ത പിതാവിന് ആനന്ദത്തോടെ സ്തോത്രംചെയ്യുന്നവരാകണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു. 14 ആ പുത്രനിൽ നമുക്കു പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു.

  9. 3 നിങ്ങളെ ഓർക്കുമ്പോഴെല്ലാം ഞാൻ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. 4-5 എന്റെ സുവിശേഷഘോഷണദൗത്യത്തിലെ ആദ്യദിവസംമുതൽ ഇന്നുവരെ നിങ്ങളുടെ പങ്കാളിത്തം അനുസ്മരിച്ച് നിങ്ങൾ എല്ലാവർക്കുംവേണ്ടിയുള്ള സകലപ്രാർഥനകളിലും ഞാൻ എപ്പോഴും ആനന്ദത്തോടെ അപേക്ഷിക്കുന്നു. 6 നിങ്ങളിൽ ദൈവം ആരംഭിച്ച നല്ല പ്രവൃത്തി ക്രിസ്തുയേശുവിന്റെ പുനരാഗമനദിനംവരെ തുടർന്ന് അതിന്റെ പരിപൂർണതയിൽ എത്തിക്കുമെന്ന് എനിക്ക് ദൃഢനിശ്ചയമുണ്ട്.

    7 എന്റെ കാരാഗൃഹവാസത്തിലും സുവിശേഷത്തിന് അനുകൂലമായി വാദിച്ച് അതുറപ്പിക്കുന്ന എന്റെ ശുശ്രൂഷയിലും നിങ്ങളെല്ലാവരും എന്നോടൊപ്പം ദൈവകൃപയിൽ പങ്കുവഹിച്ചു. അതുകൊണ്ട് നിങ്ങളെല്ലാവരും എനിക്ക് വളരെ പ്രിയരാണ്. ഇങ്ങനെ നിങ്ങളെ എല്ലാവരെപ്പറ്റിയും ചിന്തിക്കുന്നത് യുക്തമാണല്ലോ. 8 ക്രിസ്തുയേശുവിന് നിങ്ങളോടുള്ള അതേ വാത്സല്യത്തോടെ നിങ്ങളെയെല്ലാം കാണാൻ ഞാൻ എത്ര ആഗ്രഹിക്കുന്നു എന്നതിനു ദൈവംതന്നെ സാക്ഷി.

    9 ആഴത്തിലുള്ള അറിവിലും തികഞ്ഞ വിവേകത്തിലും നിങ്ങളുടെ സ്നേഹം അധികമധികം വർധിച്ചുവന്ന് 10 നിങ്ങൾ ഏറ്റവും അമൂല്യമായതുതന്നെ തെരഞ്ഞെടുത്തുകൊണ്ട് ക്രിസ്തുവിന്റെ പുനരാഗമനംവരെ നിർമലരും കളങ്കരഹിതരും ആയി ജീവിക്കാൻ ഇടയാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. 11 തന്നെയുമല്ല, യേശുക്രിസ്തുവിലൂടെമാത്രം ലഭ്യമാകുന്ന നീതിയുടെ ഫലങ്ങൾ ദൈവത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായി നിങ്ങളിൽ നിറയട്ടെ എന്നും ഞാൻ പ്രാർഥിക്കുന്നു.

  10. 2 ജാഗ്രതയോടും നന്ദിയോടുംകൂടെ പ്രാർഥനയിൽ തുടരുക. 3 ഞാൻ തടവിലാകാൻ കാരണമായ ക്രിസ്തുവിനെക്കുറിച്ചുള്ള രഹസ്യം ഇനിയും അറിയിക്കാൻ ദൈവം ഞങ്ങൾക്കു വചനപ്രഘോഷണത്തിനുവേണ്ടി ഒരു വാതിൽ തുറന്നുതരണം. 4 എനിക്ക് അതു വേണ്ടുംപോലെ വ്യക്തമായി ഘോഷിക്കാൻ കഴിയുകയുംവേണം. ഇതിനായി ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക.

  11. 16 എപ്പോഴും ആനന്ദിക്കുക; 17 നിരന്തരം പ്രാർഥിക്കുക; 18 എല്ലാ സാഹചര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക; ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം ഇതാകുന്നു.

  12. 13 പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരും. 14 എന്റെ നാമത്തിൽ നിങ്ങൾ എന്നോട് അപേക്ഷിക്കുന്നതെന്തും ഞാൻ ചെയ്തുതരും.

    15 “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കൽപ്പനകൾ അനുസരിക്കും. 16 ഞാൻ പിതാവിനോട് അപേക്ഷിക്കുകയും നിങ്ങളോടുകൂടെ എന്നേക്കും ഇരിക്കേണ്ടതിന് അവിടന്ന് നിങ്ങൾക്കു സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ നൽകുകയും ചെയ്യും. 17 ലൗകികർക്ക് ഈ ആത്മാവിനെ, സത്യത്തിന്റെ ആത്മാവിനെത്തന്നെ, സ്വീകരിക്കാൻ കഴിയുകയില്ല. ലോകം ഈ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാൽ നിങ്ങൾ സത്യത്തിന്റെ ആത്മാവിനെ അറിയുന്നു. കാരണം അവിടന്നു നിങ്ങളോടുകൂടെ ഇരിക്കുന്നു; നിങ്ങളിൽ വസിക്കുകയും ചെയ്യും.

  13. 6 കർത്താവ് തുടർന്ന് ശിഷ്യന്മാരോട്, “നീതിനിഷ്ഠനല്ലാത്ത ആ ന്യായാധിപൻ പറയുന്നതു ശ്രദ്ധിക്കുക. 7 അയാൾപോലും അവസാനം നീതിയുക്തമായി വിധി നടപ്പാക്കിയെങ്കിൽ, ദൈവത്തോട് രാവും പകലും നിലവിളിക്കുന്ന അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു ദൈവം ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ? അവിടന്ന് അവരുടെ കാര്യം നീട്ടിക്കൊണ്ടുപോകുമോ? 8 ഞാൻ നിങ്ങളോടു പറയട്ടെ, ‘ദൈവം വേഗത്തിൽ അവർക്കു നീതി നടത്തിക്കൊടുക്കും. എങ്കിലും മനുഷ്യപുത്രന്റെ (എന്റെ) പുനരാഗമനത്തിൽ ഭൂമിയിൽ വിശ്വസിക്കുന്നവരെ കണ്ടെത്താനാകുമോ?’ ” എന്നു പറഞ്ഞു.

    9 തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: 10 “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. 11 പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്‌പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. 12 ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’

    13 “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.

    14 “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”

  14. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

  15. 2 ആഗ്രഹിക്കുന്നവ ലഭിക്കാതെ വരുമ്പോൾ നിങ്ങൾ കൊലപാതകംവരെ ചെയ്യുന്നു; ഒട്ടേറെ മോഹിച്ചിട്ടും കിട്ടാതെ വരുമ്പോൾ കലഹിക്കുന്നു, സംഘട്ടനം നടത്തുന്നു. നിങ്ങൾക്കു ലഭിക്കാതെ പോകുന്നതിന്റെ കാരണമോ; ദൈവത്തോട് അപേക്ഷിക്കുന്നില്ല എന്നതാണ്. 3 നിങ്ങൾ യാചിക്കുന്നെങ്കിലും ലഭിക്കുന്നില്ല; കാരണം, സുഖഭോഗങ്ങൾക്കുവേണ്ടി ചെലവിടണം എന്ന ദുരുദ്ദേശ്യത്തോടെയാണ് നിങ്ങൾ യാചിക്കുന്നത്.

  16. 24 അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു ലഭിച്ചു എന്നു വിശ്വസിക്കുക, എന്നാൽ അതു നിങ്ങൾക്കു ലഭിക്കും. 25 നിങ്ങൾ പ്രാർഥിക്കാൻ നിൽക്കുമ്പോൾ, ആർക്കെങ്കിലും വിരോധമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവരോട് ക്ഷമിക്കുക.

  17. 27 “എന്നാൽ, എന്റെ ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയട്ടെ: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക, 28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.

  18. 7 അപ്പോൾ യഹോവ മോശയോട് ഇപ്രകാരം കൽപ്പിച്ചു: “നീ ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന ജനം തങ്ങളെത്തന്നെ വഷളാക്കിയിരിക്കുന്നു. 8 ഞാൻ അവരോടു കൽപ്പിച്ചതിൽനിന്ന് അവർ അതിവേഗം വ്യതിചലിച്ചിരിക്കുന്നു; അവർ കാളക്കിടാവിന്റെ രൂപത്തിൽ ഒരു വിഗ്രഹത്തെ വാർത്തുണ്ടാക്കിയിരിക്കുന്നു: അവർ അതിനെ വണങ്ങി, അതിനു യാഗം കഴിച്ച്, ‘ഇസ്രായേലേ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദേവൻ ഇതാ,’ എന്നു പറഞ്ഞു.”

    9 “ഞാൻ ഈ ജനത്തെ നോക്കി, അവർ ദുശ്ശാഠ്യമുള്ള ജനം എന്നുകണ്ടു,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. 10 “അതുകൊണ്ട്, എന്റെ കോപം അവർക്കുനേരേ ജ്വലിച്ചു; ഞാൻ അവരെ ദഹിപ്പിച്ചു കളയേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജനതയാക്കും.”

    11 എന്നാൽ മോശ തന്റെ ദൈവമായ യഹോവയോടു കരുണയ്ക്കായി യാചിച്ചുകൊണ്ടു പറഞ്ഞത്: “യഹോവേ, അങ്ങു മഹാശക്തികൊണ്ടും കരബലംകൊണ്ടും ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന അങ്ങയുടെ ജനത്തിനു വിരോധമായി അവിടത്തെ കോപം ജ്വലിക്കുന്നത് എന്ത്? 12 ‘മലകളിൽവെച്ച് അവരെ കൊന്നുകളയാനും ഭൂമുഖത്തുനിന്ന് അവരെ തുടച്ചുമാറ്റാനുംവേണ്ടി ദുഷ്ടലാക്കോടെ അവിടന്ന് അവരെ കൊണ്ടുപോയി,’ എന്ന് ഈജിപ്റ്റുകാരെക്കൊണ്ടു പറയിക്കുന്നതെന്തിന്? അങ്ങയുടെ ഉഗ്രകോപത്തിൽനിന്നും പിന്തിരിഞ്ഞ് ഈ ജനത്തിനു വരാൻപോകുന്ന മഹാനാശത്തെക്കുറിച്ച് അനുതപിക്കണമേ! 13 അവിടത്തെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും ഇസ്രായേലിനെയും ഓർക്കണമേ. ‘ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കുകയും ഞാൻ വാഗ്ദാനംചെയ്ത എല്ലാ ദേശവും നിങ്ങളുടെ സന്തതിക്കു കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമാക്കുകയും ചെയ്യുമെന്ന് അങ്ങ് അങ്ങയെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തല്ലോ.’ ” 14 അപ്പോൾ യഹോവ അനുതപിച്ചു: താൻ ജനത്തിന്റെമേൽ വരുത്തുമെന്നു പറഞ്ഞ മഹാനാശം വരുത്തിയതുമില്ല.

  19. 10 ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർഥിച്ചതിനുശേഷം, യഹോവ അദ്ദേഹത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിച്ച്, മുമ്പുണ്ടായിരുന്ന എല്ലാറ്റിന്റെയും ഇരട്ടി ഓഹരി നൽകി.

  20. 7 “അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും. 8 അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.

    9 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ലു കൊടുക്കുക? 10 അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്? 11 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും!

  21. 34 അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ” എന്നു പ്രാർഥിച്ചു. അതിനുശേഷം സൈനികർ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു.

  22. 23 പുരോഹിതന്മാർ അനവധി ഉണ്ടായിട്ടുണ്ട്; എന്നാൽ പൗരോഹിത്യത്തിൽ എന്നേക്കും തുടരാൻ മരണം അവരെ അനുവദിച്ചില്ല; 24 എന്നാൽ, യേശു എന്നെന്നും ജീവിക്കുന്നവനായതുകൊണ്ട്, അവിടത്തെ പൗരോഹിത്യവും ശാശ്വതമാണ്. 25 തന്മൂലം, യേശു മുഖാന്തരം ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം ചെയ്യാൻ, അവിടന്ന് സദാ ജീവിക്കുന്നു. അതിനാൽ അവരെ സമ്പൂർണമായി രക്ഷിക്കാൻ അവിടന്ന് പ്രാപ്തനാകുന്നു.

  23. 15 “അതുകൊണ്ട് നിന്റെ സഹോദരങ്ങൾ നിനക്കെതിരേ പാപംചെയ്താൽ നിങ്ങൾ ഇരുവരുംമാത്രം ഉള്ളപ്പോൾ നീ ചെന്ന് ആ ആളിനെ തെറ്റ് ബോധ്യപ്പെടുത്തുക. അയാൾ നിന്റെ വാക്കുകേട്ടാൽ നീ അയാളെ നേടി; 16 കേൾക്കുന്നില്ലെങ്കിലോ, നിന്റെകൂടെ ഒന്നോ രണ്ടോപേരെ കൂട്ടിക്കൊണ്ടുപോകുക. ‘രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും നിജസ്ഥിതി ഉറപ്പാകുമല്ലോ.’ 17 അവരെയും കേൾക്കുന്നില്ലെങ്കിൽ, വിവരം സഭയെ അറിയിക്കുക. അയാൾ സഭയെയും തിരസ്കരിച്ചാൽ; ആ മനുഷ്യനോടുള്ള നിന്റെ പെരുമാറ്റം, യെഹൂദേതരനോടോ നികുതിപിരിക്കുന്ന വ്യക്തിയോടോ എന്നപോലെ ആയിരിക്കട്ടെ.

    18 “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും” എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.

    19 “നിങ്ങളിൽ രണ്ടുപേർ ഭൂമിയിൽവെച്ച് ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏകാഭിപ്രായത്തോടെ അപേക്ഷിച്ചാൽ, എന്റെ സ്വർഗസ്ഥപിതാവ് അത് നിങ്ങൾക്ക് ഉറപ്പായും നൽകും. 20 രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒത്തുചേരുന്നിടത്തെല്ലാം, അവരുടെമധ്യത്തിൽ ഞാൻ ഉണ്ട്.”

  24. 25 സഹോദരങ്ങളേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക.

  25. 14 സ്വർഗാരോഹണം ചെയ്ത ദൈവപുത്രനായ യേശു നമ്മുടെ അതിശ്രേഷ്ഠ മഹാപുരോഹിതനായി ഉള്ളതുകൊണ്ട് നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കാം. 15 നമ്മുടെ ദൗർബല്യങ്ങളിൽ സഹതപിക്കാൻ കഴിയാത്ത ഒരാളല്ല നമുക്കു മഹാപുരോഹിതനായി ഉള്ളത്; മറിച്ച്, അവിടന്ന് നമ്മെപ്പോലെ സകലത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്നു. 16 അതുകൊണ്ടു കരുണയും കൃപയും യഥാസമയം സഹായവും ലഭിക്കാനായി നമുക്കു ധൈര്യപൂർവം കൃപയുടെ സിംഹാസനത്തിന് അടുത്തുചെല്ലാം.

  26. 18 ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക; ഞങ്ങളുടെ മനസ്സാക്ഷി കുറ്റമറ്റതാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എല്ലാവിധത്തിലും മാന്യമായി ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 19 ഞാൻ നിങ്ങളുടെ അടുക്കൽ ഉടനെതന്നെ മടങ്ങിവരുന്നതിനായി നിങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രാർഥിക്കണമെന്നപേക്ഷിക്കുന്നു.

    20 നിത്യമായ ഉടമ്പടിയുടെ രക്തത്താൽ, ആടുകളുടെ ശ്രേഷ്ഠഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം, 21 നിങ്ങളെ അവിടത്തെ ഇഷ്ടം ചെയ്യുന്നതിനായി സകലനന്മകളാലും സമ്പൂർണരാക്കുകയും അവിടത്തേക്കു പ്രസാദമുള്ളത് യേശുക്രിസ്തുവിലൂടെ നമ്മിൽ നിറവേറ്റുകയുംചെയ്യട്ടെ! അവിടത്തേക്ക് എന്നും എന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ.

  27. 2 യേശു അവരോടു പറഞ്ഞത്, “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക:

    “ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,

    തിരുനാമം ആദരിക്കപ്പെടട്ടെ,

    അവിടത്തെ രാജ്യം വരുമാറാകട്ടെ,

    തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.

    3 അനുദിനാഹാരം ഞങ്ങൾക്ക് എന്നും നൽകണമേ.

    4 ഞങ്ങളോടു പാപംചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ,

    ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ.

    ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ.

    ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.’ ”

    5 തുടർന്ന് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് ഒരു സ്നേഹിതൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ അർധരാത്രിയിൽ സ്നേഹിതന്റെ അടുക്കൽ ചെന്ന് ‘സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരണമേ, 6 എന്റെ ഒരു സുഹൃത്ത് വഴിയാത്രയിൽ എന്റെ അടുക്കൽ വന്നിരിക്കുന്നു; അവനു വിളമ്പിക്കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ല’ എന്നു പറഞ്ഞു. 7 അപ്പോൾ അയാൾ കിടപ്പറയിൽനിന്നുതന്നെ, ‘എന്നെ ബുദ്ധിമുട്ടിക്കരുത്; വാതിൽ അടച്ചുപോയി. കുഞ്ഞുങ്ങളും എന്നോടൊപ്പം കിടക്കുന്നു. എഴുന്നേറ്റ് എന്തെങ്കിലും എടുത്തുതരാൻ എനിക്കിപ്പോൾ സാധ്യമല്ല’ എന്നു പറഞ്ഞു. 8 എന്നാൽ, ഞാൻ നിങ്ങളോടു പറയട്ടെ, അയാൾ എഴുന്നേറ്റ് സുഹൃത്തിന് ആവശ്യമുള്ളേടത്തോളം അപ്പം കൊടുക്കുന്നത് സൗഹൃദം നിമിത്തമായിരിക്കുകയില്ല, മറിച്ച് അയാൾ ലജ്ജയില്ലാതെ നിർബന്ധിച്ചതുകൊണ്ടായിരിക്കും.

    9 “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും. 10 അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.

  28. 7 നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, നിങ്ങൾ ഇച്ഛിക്കുന്നതെന്തും അപേക്ഷിക്കുക, അത് നിങ്ങൾക്കു ലഭിക്കും.

  29. 15 ഈ കാരണത്താൽ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള സ്നേഹത്തെയുംകുറിച്ചു കേട്ടതുമുതൽ 16 ഞാനും എന്റെ പ്രാർഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങൾക്കുവേണ്ടി എപ്പോഴും സ്തോത്രംചെയ്തുകൊണ്ടിരിക്കുന്നു. 17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം, തേജോമയനായ പിതാവ്, അവിടത്തെ സുവ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകട്ടെ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു. 18 മാത്രവുമല്ല, നിങ്ങളുടെ ഹൃദയം പ്രകാശപൂരിതമായിത്തീർന്നിട്ട് അവിടന്ന് നിങ്ങളെ വിളിച്ചിരിക്കുന്ന പ്രത്യാശയും അവിടത്തെ വിശുദ്ധർക്കു ലഭിക്കാനിരിക്കുന്ന തേജോമയമായ അവകാശത്തിന്റെ സമൃദ്ധിയും 19 വിശ്വസിക്കുന്നവരായ നമുക്കുവേണ്ടിയുള്ള അവിടത്തെ അതുല്യമായ ശക്തിയും നിങ്ങൾ അറിയേണമെന്നും ഞാൻ പ്രാർഥിക്കുന്നു. 20-21 ഈ ശക്തിതന്നെയാണ്, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും മീതേ സ്വർഗത്തിൽ തന്റെ വലതുഭാഗത്ത്, ഈ യുഗത്തിൽമാത്രമല്ല, വരാനുള്ളതിലും വിളിക്കപ്പെട്ട എല്ലാ നാമത്തിനും അത്യന്തം മീതേ, ഇരുത്താൻ ദൈവം പ്രയോഗിച്ച അതിമഹത്തായ ശക്തി. 22 അവിടന്നു സകലതും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കി ക്രിസ്തുവിനെ എല്ലാറ്റിന്റെയും ശിരസ്സായിരിക്കാൻ സഭയ്ക്കുവേണ്ടി നിയോഗിച്ചിരിക്കുന്നു. 23 സകലത്തെയും സർവവിധത്തിലും സമ്പൂർണമാക്കുന്ന അവിടത്തെ സമ്പൂർണതയാകുന്നു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ.

  30. 5 അതിനുശേഷം ശമുവേൽ, “എല്ലാ ഇസ്രായേലിനെയും മിസ്പായിൽ കൂട്ടിവരുത്തുക; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോടു മധ്യസ്ഥത ചെയ്യാം” എന്നു പറഞ്ഞു. 6 മിസ്പായിൽ ഒരുമിച്ചുകൂടിയപ്പോൾ അവർ വെള്ളം കോരി യഹോവയുടെ സന്നിധിയിൽ അർപ്പണംചെയ്തു. ആ ദിവസം മുഴുവൻ അവർ ഉപവസിച്ചു. അവിടെവെച്ച് അവർ അനുതപിച്ചു. “യഹോവേ, ഞങ്ങൾ അങ്ങേക്കെതിരായി പാപംചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ ശമുവേൽ മിസ്പായിൽവെച്ച് ഇസ്രായേൽമക്കൾക്കു ന്യായപാലനംചെയ്തു.

    7 ഇസ്രായേല്യരെല്ലാം മിസ്പായിൽ ഒരുമിച്ചുകൂടിയിരിക്കുന്നു എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ ഫെലിസ്ത്യഭരണാധിപന്മാർ അവരെ ആക്രമിക്കുന്നതിനായി വന്നെത്തി. ഇസ്രായേല്യർ ഇതു കേട്ട് ഫെലിസ്ത്യർനിമിത്തം ഭയന്നുവിറച്ചു. 8 അവർ ശമുവേൽ പ്രവാചകനോടു പറഞ്ഞു: “ഞങ്ങൾക്കുവേണ്ടി അങ്ങ് ഞങ്ങളുടെ ദൈവമായ യഹോവയോടു നിലവിളിക്കുന്നതു നിർത്തരുതേ! അവിടന്ന് ഞങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കട്ടെ!” 9 അപ്പോൾ ശമുവേൽ മുലകുടിമാറാത്ത ഒരു ആട്ടിൻകുട്ടിയെ എടുത്ത് അതിനെ യഹോവയ്ക്കു സർവാംഗഹോമയാഗമായി അർപ്പിച്ചു. ഇസ്രായേലിനുവേണ്ടി അദ്ദേഹം യഹോവയോടു നിലവിളിച്ചു. യഹോവ ആ നിലവിളിക്ക് ഉത്തരമരുളുകയും ചെയ്തു.

  31. 21 ദൈവമുമ്പാകെ ഞങ്ങളെത്തന്നെ വിനയപ്പെടുത്തേണ്ടതിനും, സകലസമ്പാദ്യങ്ങളുമായുള്ള ഈ യാത്രയിൽ ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും സുരക്ഷിതത്വത്തിനുവേണ്ടി യാചിക്കേണ്ടതിനും അഹവാനദിക്കരികെ ഞാൻ ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. 22 “തന്നെ അന്വേഷിക്കുന്ന ഏതൊരാളുടെയുംമേൽ ദൈവത്തിന്റെ കരുണയുള്ള കൈ ഉണ്ട്; തന്നെ ഉപേക്ഷിക്കുന്നവരുടെ നേരേ അവിടത്തെ മഹാകോപം ഉയരും,” എന്നു രാജാവിനോടു ഞങ്ങൾ പറഞ്ഞിരിക്കുന്നതിനാൽ, വഴിയിൽ ശത്രുക്കളിൽനിന്നും ഞങ്ങളെ സഹായിക്കേണ്ടതിന് രാജാവിനോട് പടയാളികളെയും കുതിരകളെയും ചോദിക്കാൻ ഞാൻ ലജ്ജിച്ചു. 23 അതിനാൽ ഞങ്ങൾ ഉപവസിച്ച് ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ ദൈവത്തോട് അപേക്ഷിച്ചു; അവിടന്ന് ഞങ്ങളുടെ പ്രാർഥന കേട്ടു.

  32. 38 അപ്പോൾ യേശു, “എന്റെ പ്രാണനിൽ ദുഃഖം നിറഞ്ഞുകവിഞ്ഞിട്ട് ഞാൻ മരണാസന്നനായിരിക്കുന്നു. നിങ്ങൾ എന്നോടൊപ്പം ഇവിടെ ഉണർന്നിരിക്കുക” എന്ന് അവരോടു പറഞ്ഞു.

    39 പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് മുട്ടുകുത്തി മുഖം നിലംവരെ കുനിച്ച്, “എന്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.

  33. 15 അവിടന്ന് അവരെ ലോകത്തിൽനിന്ന് എടുക്കണം എന്നല്ല, പിന്നെയോ പിശാചിൽനിന്ന് സംരക്ഷിച്ചുകൊള്ളണം എന്നാണ് എന്റെ പ്രാർഥന. 16 ഞാൻ ഈ ലോകത്തിൽനിന്നുള്ളവൻ അല്ലാത്തതുപോലെതന്നെ അവരും ഈ ലോകത്തിൽനിന്നുള്ളവരല്ല. 17 സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ; അവിടത്തെ വചനം സത്യംതന്നെ. 18 അവിടന്ന് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. 19 അവരും വാസ്തവമായി വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.

    20 “അവർക്കുവേണ്ടിമാത്രമല്ല, അവർ അറിയിക്കുന്ന വചനത്താൽ എന്നിൽ വിശ്വാസമർപ്പിക്കാനിരിക്കുന്ന എല്ലാവർക്കുവേണ്ടിയുംകൂടിയാണ് ഞാൻ പ്രാർഥിക്കുന്നത്. 21 പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ഒന്നായിത്തീർന്നിട്ട്, അങ്ങാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ലോകം വിശ്വസിക്കാനിടയാകേണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത്. 22 അവർ നമ്മെപ്പോലെ ഒന്നായിരിക്കേണ്ടതിന് അവിടന്ന് തന്ന മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. 23 ഞാൻ അവരിലും അങ്ങ് എന്നിലും ആകുന്നു. അവരെ പൂർണ ഐക്യത്തിലേക്കു നയിക്കണമേ. അപ്പോൾ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നും, എന്നെ സ്നേഹിച്ചതുപോലെ അങ്ങ് അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയും.

  34. 34 ക്രിസ്തുയേശു മരിച്ച്, ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് നമുക്കുവേണ്ടി മധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നു.

  35. 14 ഹിസ്കിയാവ് സന്ദേശവാഹകരുടെ കൈയിൽനിന്ന് എഴുത്തുവാങ്ങി വായിച്ചു. പിന്നെ അദ്ദേഹം യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽവെച്ച് അതു നിവർത്തി. 15 അതിനുശേഷം ഹിസ്കിയാവ് യഹോവയോടു പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ! കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായുള്ളോവേ! ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും മേലേ അവിടന്നുമാത്രം ദൈവമാകുന്നു. അവിടന്നു ഭൂമിയെയും ആകാശത്തെയും സൃഷ്ടിച്ചു. 16 യഹോവേ, ചെവിചായ്ച്ചു കേൾക്കണേ! യഹോവേ, തൃക്കൺ തുറന്നു കാണണമേ! ജീവനുള്ള ദൈവത്തെ അധിക്ഷേപിച്ച് സൻഹേരീബ് പറഞ്ഞയച്ച വാക്കുകൾ ശ്രദ്ധിക്കണേ!

    17 “യഹോവേ, അശ്ശൂർരാജാക്കന്മാർ ഈ രാഷ്ട്രങ്ങളെയും അവയുടെ ഭൂപ്രദേശങ്ങളെയും ശൂന്യമാക്കിക്കളഞ്ഞു എന്നതു നേരുതന്നെ. 18 അവരുടെ ദേവന്മാരെ അവർ തീയിലിട്ടു നശിപ്പിച്ചു. അവ ദേവന്മാരായിരുന്നില്ല; മനുഷ്യകരങ്ങൾ രൂപംകൊടുത്ത കല്ലും മരവുംമാത്രം ആയിരുന്നു. 19 ഞങ്ങളുടെ ദൈവമായ യഹോവേ, അവിടന്നുമാത്രം ദൈവമാകുന്നു എന്ന് ഭൂതലത്തിലെ സകലരാജ്യങ്ങളും അറിയാൻ തക്കവണ്ണം ഇപ്പോൾ അദ്ദേഹത്തിന്റെ കൈയിൽനിന്നു ഞങ്ങളെ വിടുവിക്കണേ!”

  36. 60 പിന്നെ അദ്ദേഹം മുട്ടുകുത്തി “കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ,” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞശേഷം അദ്ദേഹം മരിച്ചുവീണു.

  37. 3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക. 4 നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.

  38. 18 പിന്നെ ഞാൻ ആദ്യം ചെയ്തതുപോലെ നാൽപ്പതുരാവും നാൽപ്പതുപകലും യഹോവയുടെ സന്നിധിയിൽ സാഷ്ടാംഗം വീണുകിടന്നു. യഹോവയെ പ്രകോപിപ്പിക്കാൻ തക്കവിധം നിങ്ങൾ അവിടത്തെ ദൃഷ്ടിയിൽ തിന്മയായി ചെയ്ത സകലപാപങ്ങളും ഹേതുവായി ഞാൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല. 19 യഹോവ നിങ്ങളെ നശിപ്പിക്കുംവിധം നിങ്ങളുടെനേരേ യഹോവയ്ക്കുണ്ടായ കോപവും ക്രോധവും എന്നെ ഭയപ്പെടുത്തി. എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.

  39. 16 എന്നാൽ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു,

    യഹോവ എന്നെ രക്ഷിക്കുന്നു.

    17 വൈകുന്നേരത്തും രാവിലെയും ഉച്ചയ്ക്കും

    ഞാൻ ആകുലതയാൽ വിലപിക്കുകയും

    അവിടന്നെന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നു.

  40. 14 “അതിനാൽ നീ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്; അവർക്കുവേണ്ടി പ്രാർഥനയുടെ ഒരു നിലവിളി ഉയർത്തരുത്. തങ്ങളുടെ അനർഥം നിമിത്തം അവർ എന്നോടു നിലവിളിക്കുമ്പോൾ അവരുടെ നിലവിളി ഞാൻ കേൾക്കുകയില്ല.

  41. 2 പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ കൽപ്പനകൾ പാലിക്കുക.

  42. 25 യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തതുകൊണ്ടാണ് ഞാൻ യഹോവയുടെ സന്നിധിയിൽ നാൽപ്പതുരാവും നാൽപ്പതുപകലും സാഷ്ടാംഗം വീണുകിടന്നത്. 26 ഞാൻ യഹോവയോട് ഇപ്രകാരം അപേക്ഷിച്ചു: “സർവശക്തനായ യഹോവേ, അവിടത്തെ മഹാശക്തിയാൽ അങ്ങ് വീണ്ടെടുക്കുകയും ശക്തിയുള്ള ഭുജത്താൽ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവരികയും ചെയ്ത അങ്ങയുടെ ജനത്തെ, അവിടത്തെ സ്വന്തം അവകാശത്തെ, നശിപ്പിക്കരുതേ. 27 അങ്ങയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും ഓർക്കണമേ. ഈ ജനതയുടെ മത്സരവും ലംഘനവും പാപവും ഓർക്കരുതേ. 28 അല്ലെങ്കിൽ, അങ്ങു ഞങ്ങളെ ഏതു ദേശത്തുനിന്നാണോ വിടുവിച്ചുകൊണ്ടുവന്നത് ആ ദേശത്തെ ജനങ്ങൾ, ‘താൻ വാഗ്ദാനംചെയ്ത ദേശത്ത് അവരെ എത്തിക്കാൻ യഹോവയ്ക്ക് സാധിക്കാത്തതുകൊണ്ടും അവിടന്ന് അവരെ വെറുത്തതുകൊണ്ടും അവരെ മരുഭൂമിയിൽ കൊണ്ടുപോയി കൊന്നുകളഞ്ഞു’ എന്നു പറയും. 29 ഇവർ അങ്ങയുടെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും അങ്ങ് വിടുവിച്ചുകൊണ്ടുവന്ന അങ്ങയുടെ ജനവും അങ്ങയുടെ അവകാശവും ആണല്ലോ.”

  43. 5 സന്ധ്യായാഗസമയത്ത് ഞാൻ എന്റെ ആത്മതപനത്തിൽനിന്ന് എഴുന്നേറ്റ്, കീറിയ വസ്ത്രത്തോടും മേലങ്കിയോടുംകൂടെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയുടെ നേർക്കു കൈകൾ വിരിച്ച് 6 ഇങ്ങനെ പ്രാർഥിച്ചു:

    “എന്റെ ദൈവമേ, എന്റെ മുഖം എന്റെ ദൈവമായ അങ്ങയിലേക്കുയർത്താൻ എനിക്കു വളരെ ലജ്ജയും അപമാനവുമുണ്ട്. ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങളുടെ തലയ്ക്കുമീതേ വളർന്നിരിക്കുന്നു. ഞങ്ങളുടെ തെറ്റുകൾ ആകാശംവരെ ഉയർന്നിരിക്കുന്നു.

  44. 16 “അതുകൊണ്ട് നീ ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്, അവർക്കുവേണ്ടി നിലവിളിക്കുകയോ അപേക്ഷിക്കുകയോ ചെയ്യുകയുമരുത്. എന്നോട് അപേക്ഷിക്കരുത്; ഞാൻ നിന്റെ അപേക്ഷ കേൾക്കുകയില്ല.

  45. 11 അതിനുശേഷം യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ ജനത്തിന്റെ നന്മയ്ക്കായി പ്രാർഥിക്കരുത്.

  46. 21 അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം. 22 വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.”

  47. 14 അവർ യേശുവിന്റെ അമ്മ മറിയയോടും മറ്റുചില സ്ത്രീകളോടും യേശുവിന്റെ സഹോദരന്മാരോടുമൊപ്പം അവിടെ ഏകമനസ്സോടെ പ്രാർഥനയിൽ തുടർന്നുവന്നു.

  48. 9 അങ്ങനെ ഞങ്ങൾ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെ ആശയറ്റവരായിത്തീർന്നു. എന്നിട്ടും ഞങ്ങൾ സ്വയം രക്ഷപ്പെടാനുള്ള മാർഗം ഉപേക്ഷിച്ച്, മരിച്ചവരെ ജീവിപ്പിക്കാൻ ശക്തനായ ദൈവത്തിൽ പ്രതീക്ഷവെച്ചു. 10 ഇത്രവലിയ മരണഭയത്തിൽനിന്ന് ഞങ്ങളെ വിടുവിച്ച ദൈവം പിന്നെയും വിടുവിക്കും. ഞങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന ദൈവം ഇനിയും ഞങ്ങളെ രക്ഷിക്കും. 11 പ്രാർഥനയിലൂടെ നിങ്ങൾ ഞങ്ങൾക്കു സഹായികളായല്ലോ. ഇങ്ങനെ അനേകംപേരുടെ പ്രാർഥനയ്ക്ക് ഉത്തരമായി ദൈവം ഞങ്ങളെ കൃപയോടെ സഹായിച്ചിരിക്കുന്നു. അതുനിമിത്തം അവരെല്ലാം ഞങ്ങളെയോർത്ത് ദൈവത്തിന് സ്തോത്രംചെയ്യാൻ ഇടയാകും.

  49. 8 കോപമോ വിവാദമോകൂടാതെ പുരുഷന്മാർ എല്ലായിടത്തും വിശുദ്ധകരങ്ങൾ ഉയർത്തി പ്രാർഥിക്കണം എന്നതാണ് ഞാൻ താത്പര്യപ്പെടുന്നത്.

  50. 9 “കർത്താവേ, അങ്ങേക്ക് എന്നോടു കൃപയുണ്ടെങ്കിൽ, കർത്താവു ഞങ്ങളോടുകൂടെ പോരണമേ. ഇതു ദുശ്ശാഠ്യമുള്ള ജനമാകുന്നു, എങ്കിലും ഞങ്ങളുടെ അതിക്രമവും പാപവും ക്ഷമിച്ചു, ഞങ്ങളെ അവിടത്തെ അവകാശം ആക്കണമേ,” എന്നപേക്ഷിച്ചു.

  51. 19 ജനമെല്ലാം ശമുവേലിനോട് അപേക്ഷിച്ചു: “ഞങ്ങൾ ചെയ്ത മറ്റെല്ലാ പാപങ്ങളോടുംകൂടെ, ഒരു രാജാവിനെ ചോദിച്ചതുവഴി, ഒരു തിന്മകൂടി ഞങ്ങൾ കൂട്ടിയിരിക്കുന്നു. അങ്ങയുടെ ദാസന്മാരായ ഞങ്ങൾ മരിച്ചുപോകാതിരിക്കേണ്ടതിന് അങ്ങയുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചാലും!”

    20 ശമുവേൽ മറുപടി പറഞ്ഞു: “ഭയപ്പെടേണ്ട, നിങ്ങൾ ഈ തിന്മകളെല്ലാം ചെയ്തുവെങ്കിലും യഹോവയിൽനിന്ന് അകന്നുമാറിപ്പോകരുത്; പൂർണഹൃദയത്തോടുകൂടി നിങ്ങൾ യഹോവയെ സേവിക്കുക. 21 നിങ്ങൾ യഹോവയെ വിട്ട് പ്രയോജനരഹിതങ്ങളായ വിഗ്രഹങ്ങളുടെ പിന്നാലെ തിരിയരുത്. നിങ്ങൾക്കു യാതൊരു നന്മയും ചെയ്യാൻ അവർക്കു കഴിയുകയില്ല. നിങ്ങളെ വീണ്ടെടുക്കാനും അവയെക്കൊണ്ടാകില്ല. കാരണം, അവയെല്ലാം മിഥ്യാമൂർത്തികളാണ്. 22 യഹോവയ്ക്കു നിങ്ങളെ സ്വന്തജനമാക്കിത്തീർക്കാൻ മനസ്സായല്ലോ! അതിനാൽ അവിടന്ന് തന്റെ മഹത്തായ നാമത്തെപ്രതി സ്വന്തജനമായ നിങ്ങളെ തള്ളിക്കളയുകയില്ല. 23 എന്റെ കാര്യത്തിലാണെങ്കിൽ, നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാതിരിക്കുന്നത് ഞാൻ യഹോവയോടു ചെയ്യുന്ന മഹാപരാധമാണ്. ആ പാപംചെയ്യാൻ ദൈവം എനിക്കിടവരുത്താതിരിക്കട്ടെ. നന്മയും നീതിയുമായുള്ള പാത ഞാൻ നിങ്ങൾക്കുപദേശിച്ചുതരാം.

  52. 54 ശലോമോൻ ഈ പ്രാർഥനകളും യാചനകളും യഹോവയുടെമുമ്പാകെ സമർപ്പിച്ചുതീർന്നപ്പോൾ യാഗപീഠത്തിന്റെ മുമ്പിൽനിന്ന് അദ്ദേഹം എഴുന്നേറ്റു. അവിടെ, അദ്ദേഹം കൈകൾ ആകാശത്തിലേക്കുയർത്തി മുട്ടുകുത്തി നിൽക്കുകയായിരുന്നു.

  53. 9 ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എന്നെ ഏൽപ്പിച്ചിട്ടുള്ളവർ അങ്ങേക്കുള്ളവരാകുകയാൽ അവർക്കുവേണ്ടിയാണ് ഞാൻ ഇപ്പോൾ പ്രാർഥിക്കുന്നത്.

  54. 7 അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ. 8 അത് എന്നിൽനിന്ന് നീക്കിക്കളയണമേ എന്നു മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോട് അപേക്ഷിച്ചു. 9 എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും. 10 അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.