35 Bible Verses About Reconciliation

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Reconciliation
  1. 17 ഒരാൾ ക്രിസ്തുവിന്റെ വകയായാൽ അയാൾ പുതിയ സൃഷ്ടിയാണത്രേ. പഴയതു നീങ്ങിപ്പോയി, ഇതാ അത് പുതിയതായിരിക്കുന്നു. 18 ഇതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ. അവിടന്ന് ഞങ്ങളെ ക്രിസ്തു മുഖാന്തരം തന്നോട് അനുരഞ്ജിപ്പിച്ചു; അനുരഞ്ജനത്തിന്റെ ശുശ്രൂഷ ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്നു. 19 ദൈവം മനുഷ്യരുടെ പാപങ്ങളെ അവർക്കെതിരായി കണക്കാക്കിയില്ല എന്നുമാത്രമല്ല, ക്രിസ്തു മുഖാന്തരം ലോകത്തെ തന്നോടുതന്നെ അനുരഞ്ജിപ്പിച്ചിട്ട് ആ അനുരഞ്ജനസന്ദേശം ഞങ്ങളെ ഏൽപ്പിച്ചുമിരിക്കുന്നു. 20 അതുകൊണ്ട് ഞങ്ങൾ ക്രിസ്തുവിന്റെ സ്ഥാനപതികളായി, “ദൈവത്തോട് അനുരഞ്ജനപ്പെടുക” എന്നു ദൈവംതന്നെയാണ് ഞങ്ങളിലൂടെ ക്രിസ്തുവിനുവേണ്ടി നിങ്ങളോട് അപേക്ഷിക്കുന്നത്. 21 തന്നിൽക്കൂടി നാം ദൈവസന്നിധിയിൽ കുറ്റവിമുക്തരാകേണ്ടതിന്, പാപം അറിഞ്ഞിട്ടില്ലാത്ത ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപശുദ്ധീകരണയാഗമാക്കി.

  2. 6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. 7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.

    9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്! 10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം! 11 ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു.

  3. 8 കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു; അതു വിശ്വാസത്തിലൂടെയാണ്. നിങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ല ആ രക്ഷ; ദൈവത്തിന്റെ ദാനമാണ്. 9 ഈ രക്ഷ എന്നത് നാം ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലമായിട്ടല്ല ലഭിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് ആത്മപ്രശംസ ചെയ്യാൻ വകയുണ്ടാകുമായിരുന്നു. 10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.

    11 ആകയാൽ, ജന്മനാ നിങ്ങൾ “യെഹൂദേതരർ” ആയിരുന്നെന്ന് ഓർക്കുക. അന്ന്, കൈകൊണ്ടുള്ള പരിച്ഛേദനം ശരീരത്തിൽ സ്വീകരിച്ചിരുന്ന യെഹൂദന്മാർ നിങ്ങളെ “പരിച്ഛേദനം ഇല്ലാത്ത അശുദ്ധർ” എന്നു വിളിച്ചിരുന്നു. 12 ആ കാലത്തു നിങ്ങൾ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേൽ പൗരത്വത്തിന് അന്യരും വാഗ്ദാനസമേതമുള്ള ദൈവികഉടമ്പടികളിൽ ഓഹരിയില്ലാത്തവരും ഈ ലോകത്തിൽ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രത്യാശാരഹിതരും ആയിരുന്നു. 13 നിങ്ങൾ ഒരിക്കൽ ദൂരത്തായിരുന്നു; എന്നാൽ ഇപ്പോഴാകട്ടെ, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിരിക്കുകയാൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപത്തു കൊണ്ടുവരപ്പെട്ടിരിക്കുന്നു.

    14-15 ക്രിസ്തുതന്നെ നമ്മുടെ സമാധാനം; അവിടന്ന് ക്രൂശിൽ സ്വന്തം ശരീരം അർപ്പിച്ചുകൊണ്ട് ആജ്ഞകളും അനുഷ്ഠാനങ്ങളും ആകുന്ന ന്യായപ്രമാണം റദ്ദാക്കി യെഹൂദരെയും യെഹൂദേതരരെയും അകറ്റിനിർത്തിയിരുന്ന ശത്രുതയുടെ വന്മതിലിനെ തകർത്ത് അവരെ ഒന്നാക്കിമാറ്റി; ഇങ്ങനെ ക്രിസ്തുവിൽ ഒരു പുതിയ ജനതയാക്കി അവരെ സൃഷ്ടിച്ച് സമാധാനം വരുത്തി. 16 ക്രൂശിലെ മരണത്താൽ ഇരുകൂട്ടരെയും ഒരു ശരീരമാക്കി ദൈവത്തോട് അനുരഞ്ജിപ്പിച്ച് അവരുടെ ശത്രുത ഇല്ലായ്മചെയ്തു. 17 അവിടന്ന് വന്നു ദൂരസ്ഥരായ നിങ്ങളോടും സമീപസ്ഥരായ ഞങ്ങളോടും സമാധാനം പ്രഘോഷിച്ചു. 18 ക്രിസ്തു മുഖാന്തരം നമുക്ക് ഇരുകൂട്ടർക്കും ഒരേ ആത്മാവിൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.

    19 അതിനാൽ, നിങ്ങൾ ഇനിമേൽ അപരിചിതരും വിദേശികളുമല്ല; വിശുദ്ധരോടൊത്ത് സഹപൗരത്വം പങ്കിടുന്നവരും ദൈവത്തിന്റെ കുടുംബവുമാണ്.

  4. 15 ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും

    സകലസൃഷ്ടിക്കും അധീശനും ആകുന്നു.

    16 സ്വർഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യമായതും അദൃശ്യമായതും

    സിംഹാസനങ്ങളും കർത്തൃത്വങ്ങളും വാഴ്ചകളും അധികാരങ്ങളും

    എല്ലാം ക്രിസ്തുവിനാൽ സൃഷ്ടിക്കപ്പെട്ടു;

    സകലതും ക്രിസ്തുമുഖേനയും ക്രിസ്തുവിനായിട്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

    17 അവിടന്ന് എല്ലാറ്റിനും മുമ്പേ ഉള്ളവൻ;

    സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്.

    18 അവിടന്ന് സഭയെന്ന ശരീരത്തിന്റെ ശിരസ്സ് ആകുന്നു.

    അവിടന്ന് സകലത്തിലും ഒന്നാമനാകേണ്ടതിന് ആരംഭവും

    മരിച്ചവരിൽനിന്ന് എഴുന്നേറ്റവരിൽ

    ഏറ്റവും പ്രമുഖനും ആകുന്നു.

    19 ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും

    20 അവിടന്ന് ക്രൂശിൽ ചൊരിഞ്ഞ രക്തം മുഖാന്തരം സമാധാനം ഉണ്ടാക്കി,

    ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ ആയ സകലത്തെയും

    തന്നോടു ക്രിസ്തുമൂലം അനുരഞ്ജിപ്പിക്കാനും ദൈവത്തിനു തിരുഹിതം തോന്നി.

    21 ഒരുകാലത്ത് നിങ്ങൾ നിങ്ങളുടെ തിന്മപ്രവൃത്തികളാൽ ദൈവത്തിന് അന്യരും മനസ്സുകൊണ്ട് അവിടത്തെ ശത്രുക്കളുമായിത്തീർന്നിരുന്നു. 22 ആ നിങ്ങളെ വിശുദ്ധരും നിഷ്കളങ്കരും അനിന്ദ്യരുമായി തിരുസന്നിധിയിൽ നിർത്തേണ്ടതിന് അവിടന്ന് തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ ഇപ്പോൾ അനുരഞ്ജിപ്പിച്ചിരിക്കുന്നു. 23 നിങ്ങൾ ഈ സത്യത്തിൽ വിശ്വാസമർപ്പിച്ച് സ്ഥിരതയോടെ ഇതിൽ തുടരേണ്ടതാണ്. സുവിശേഷം കേട്ടപ്പോൾ നിങ്ങൾക്കു ലഭിച്ച പ്രത്യാശയിൽനിന്ന് ഒഴുകിപ്പോകാതിരിക്കുക. ആകാശത്തിന്റെ കീഴിലുള്ള സകലസൃഷ്ടികളോടും പ്രസംഗിക്കപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനായി പൗലോസ് എന്ന എന്നെ ദൈവം നിയോഗിച്ചിരിക്കുന്നു.

  5. 21 “ ‘കൊലപാതകം ചെയ്യരുതെന്ന്’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, ‘കൊലയാളി അതിന്റെ ശിക്ഷ അനുഭവിച്ചേ തീരൂ.’ 22 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരങ്ങളോട് കോപിക്കുന്നയാൾ ശിക്ഷ അനുഭവിക്കേണ്ടിവരും. സഹോദരങ്ങളെ ‘മടയാ’ എന്നു വിളിക്കുന്നയാൾ ന്യായാധിപസമിതിയോട് ഉത്തരം പറയേണ്ടിവരും; ‘ഗുണം വരാത്തവൻ’ എന്നു വിളിച്ചാൽ നരകാഗ്നിക്ക് വിധേയരാകും.

    23 “അതുകൊണ്ട്, നീ യാഗപീഠത്തിൽ, യാഗാർപ്പണത്തിനായി വരുമ്പോൾ നിന്റെ സഹോദരനോ സഹോദരിക്കോ നിനക്ക് വിരോധമായി എന്തെങ്കിലും ഉണ്ടെന്ന് ഓർമ വന്നാൽ 24 നിന്റെ അർപ്പണവസ്തു യാഗപീഠത്തിനുമുമ്പിൽ വെച്ചിട്ട് ആദ്യം ചെന്ന് അവരോടു രമ്യതപ്പെടുക; പിന്നീടു വന്നു നിന്റെ യാഗം അർപ്പിക്കുക.

    25 “നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ വേഗത്തിൽ രമ്യതയിലായിക്കൊള്ളുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന് വിട്ടുകൊടുക്കുകയും ന്യായാധിപൻ നിയമപാലകന് കൈമാറുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും. 26 അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.

  6. 15 “അതുകൊണ്ട് നിന്റെ സഹോദരങ്ങൾ നിനക്കെതിരേ പാപംചെയ്താൽ നിങ്ങൾ ഇരുവരുംമാത്രം ഉള്ളപ്പോൾ നീ ചെന്ന് ആ ആളിനെ തെറ്റ് ബോധ്യപ്പെടുത്തുക. അയാൾ നിന്റെ വാക്കുകേട്ടാൽ നീ അയാളെ നേടി; 16 കേൾക്കുന്നില്ലെങ്കിലോ, നിന്റെകൂടെ ഒന്നോ രണ്ടോപേരെ കൂട്ടിക്കൊണ്ടുപോകുക. ‘രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും നിജസ്ഥിതി ഉറപ്പാകുമല്ലോ.’ 17 അവരെയും കേൾക്കുന്നില്ലെങ്കിൽ, വിവരം സഭയെ അറിയിക്കുക. അയാൾ സഭയെയും തിരസ്കരിച്ചാൽ; ആ മനുഷ്യനോടുള്ള നിന്റെ പെരുമാറ്റം, യെഹൂദേതരനോടോ നികുതിപിരിക്കുന്ന വ്യക്തിയോടോ എന്നപോലെ ആയിരിക്കട്ടെ.

    18 “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും” എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.

    19 “നിങ്ങളിൽ രണ്ടുപേർ ഭൂമിയിൽവെച്ച് ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏകാഭിപ്രായത്തോടെ അപേക്ഷിച്ചാൽ, എന്റെ സ്വർഗസ്ഥപിതാവ് അത് നിങ്ങൾക്ക് ഉറപ്പായും നൽകും. 20 രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒത്തുചേരുന്നിടത്തെല്ലാം, അവരുടെമധ്യത്തിൽ ഞാൻ ഉണ്ട്.”

    21 അപ്പോൾ പത്രോസ് യേശുവിന്റെ അടുക്കൽവന്ന്, “കർത്താവേ, എന്റെ ഒരു സഹോദരനോ സഹോദരിയോ എന്നോട് പാപംചെയ്താൽ ഞാൻ എത്രതവണ അവരോട് ക്ഷമിക്കണം, ഏഴുതവണ മതിയോ?” എന്നു ചോദിച്ചു.

    22 അതിന് യേശു, “ഏഴുപ്രാവശ്യം എന്നല്ല, ഏഴ് എഴുപതുപ്രാവശ്യം” എന്ന് ഉത്തരം പറഞ്ഞു.

  7. 29 കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്. 30 നിങ്ങൾക്കു ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഉറപ്പായി നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ; ആ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്. 31 എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക. 32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.

  8. 10 വിവാഹിതർക്ക് ഞാനല്ല, കർത്താവുതന്നെ കൊടുക്കുന്ന കൽപ്പന ഇതാണ്: ഭാര്യ ഭർത്താവിൽനിന്ന് വേർപിരിയരുത്. 11 അഥവാ, വേർപിരിയുന്നെങ്കിൽ അവൾ വിവാഹംകൂടാതെ ജീവിക്കണം. അത് അസാധ്യമെങ്കിൽ ഭർത്താവുമായി രമ്യപ്പെട്ടുകൊള്ളണം, ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.

  9. 15 അവരെ തിരസ്കരിച്ചതു ലോകം ദൈവത്തോട് അനുരഞ്ജനപ്പെടുന്നതിനു കാരണമായെങ്കിൽ, അവരെ അംഗീകരിക്കുന്നത് മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനല്ലാതെ മറ്റെന്തിനു കാരണമാകും?

  10. 17 നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും 18 നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക. 19 സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു. 20 എന്നാൽ,

    “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക;

    ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക.

    ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.”

    21 നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണു വേണ്ടത്.

  11. 1 കർത്താവ് നിമിത്തം കാരാഗൃഹത്തിൽ കഴിയുന്ന ഞാൻ നിങ്ങൾക്കു നൽകുന്ന പ്രചോദനം, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുക എന്നതാണ്. 2 സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക. 3 സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക. 4 ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്,

  12. 10 തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്. 11 ഇതിൽ ഗ്രീക്കുകാരനെന്നോ യെഹൂദനെന്നോ പരിച്ഛേദനം ഏറ്റവനെന്നോ ഏൽക്കാത്തവനെന്നോ അപരിഷ്കൃതനെന്നോ സിഥിയനെന്നോ ദാസൻ എന്നോ സ്വതന്ത്രൻ എന്നോ വ്യത്യാസം ഇല്ല. എല്ലാം ക്രിസ്തുവത്രേ നാം എല്ലാവരിലും വസിക്കുന്നതും ക്രിസ്തുവത്രേ.

    12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.

    15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക.

  13. 14 സകലമനുഷ്യരോടും സമാധാനം ആചരിച്ച് വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക; വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല. 15 ആരും ദൈവകൃപയിൽ കുറവുള്ളവരാകാതിരിക്കാനും കയ്‌പുള്ള വല്ല വേരും മുളച്ചു വളർന്ന് കലക്കമുണ്ടായി അനേകർ മലിനരാകാതിരിക്കാനും സൂക്ഷിക്കുക.

  14. 17 അങ്ങനെ എല്ലാവിധത്തിലും തന്റെ സഹോദരങ്ങളോട് സദൃശനായി ദൈവത്തിനുമുമ്പാകെ കരുണയും വിശ്വസ്തതയുമുള്ള ഒരു മഹാപുരോഹിതനായി അവിടന്ന് തീരേണ്ടത് അനിവാര്യമായിരുന്നു. ഇത് യേശു ജനത്തിന്റെ പാപങ്ങളുടെ നിവാരണയാഗമായിത്തീരേണ്ടതിനാണ്.

  15. 1 രക്ഷിക്കാൻ കഴിയാത്തവിധം യഹോവയുടെ കരം കുറുകിപ്പോയിട്ടില്ല, നിശ്ചയം,

    കേൾക്കാൻ കഴിയാത്തവിധം അവിടത്തെ ചെവി മന്ദമായിട്ടുമില്ല.

    2 എന്നാൽ നിങ്ങളുടെ അനീതികളാണ്

    നിങ്ങളെയും നിങ്ങളുടെ ദൈവത്തെയുംതമ്മിൽ അകറ്റിയിട്ടുള്ളത്;

    നിങ്ങളുടെ പാപങ്ങളാണ് അവിടന്നു കേൾക്കാത്തവിധം

    അവിടത്തെ മുഖം നിങ്ങൾക്കു മറച്ചുകളഞ്ഞത്.

  16. 24 “അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പാപത്തിനു വിരാമംകുറിക്കുന്നതിനും അനീതിക്കു പ്രായശ്ചിത്തം ചെയ്യുന്നതിനും അനന്തമായ നീതി സ്ഥാപിക്കുന്നതിനും ദർശനവും പ്രവചനവും മുദ്രയിടുന്നതിനും അതിവിശുദ്ധസ്ഥലത്തെ അഭിഷേകം ചെയ്യുന്നതിനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ‘ഏഴുകൾ’ നിയമിച്ചിരിക്കുന്നു.

  17. 7 ദൈവത്തിന്റെ കൃപാസമൃദ്ധിക്ക് അനുസൃതമായി ക്രിസ്തുവിൽ നമുക്ക്, അവിടത്തെ രക്തത്താൽ പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു. 8 ദൈവം ആ കൃപ നമ്മിൽ സമൃദ്ധമായാണ് വർഷിച്ചത്. സകലവിവേകത്തോടും ജ്ഞാനത്തോടുംകൂടെ 9 ദൈവം ക്രിസ്തുവിൽ സ്ഥാപിതമാക്കിയ തിരുഹിതത്തിന്റെ രഹസ്യം അവിടത്തെ സദുദ്ദേശ്യമനുസരിച്ച് നമുക്കു വെളിപ്പെടുത്തി. 10 ആ രഹസ്യമോ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതും, കാലസമ്പൂർണതയിൽ ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്നതാണ്.

  18. 1 എന്റെ കുഞ്ഞുമക്കളേ, നിങ്ങൾ പാപംചെയ്യാതിരിക്കാനാണ് ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നത്. ആരെങ്കിലും പാപംചെയ്താൽ നമുക്ക് പിതാവിന്റെ അടുക്കൽ ഒരു വക്കീൽ ഉണ്ട്—നീതിമാനായ യേശുക്രിസ്തുതന്നെ. 2 അവിടന്ന് നമ്മുടെ പാപനിവാരണയാഗമാണ്. നമ്മുടേതുമാത്രമല്ല, സർവലോകത്തിന്റെയും പാപങ്ങൾക്കുവേണ്ടിത്തന്നെ.

  19. 3 ആകയാൽ സൂക്ഷിക്കുക.

    “നിന്റെ സഹോദരങ്ങൾ പാപംചെയ്താൽ അവരെ ശാസിക്കുക; അനുതപിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കുക. 4 അവർ നിന്നോട് ഒരു ദിവസത്തിൽ ഏഴുതവണ പാപംചെയ്യുകയും ഏഴു തവണയും മടങ്ങിവന്ന് ‘ഞാൻ അനുതപിക്കുന്നു’ എന്നു നിന്നോടു പറയുകയും ചെയ്താൽ അപ്പോഴെല്ലാം അവരോട് ക്ഷമിക്കുക.”

  20. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്. 18 അവനിൽ വിശ്വസിക്കുന്ന ആർക്കും ശിക്ഷാവിധി ഇല്ല; എന്നാൽ വിശ്വസിക്കാത്തവർക്കോ, ദൈവത്തിന്റെ നിസ്തുലപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട്, ശിക്ഷാവിധി വന്നുകഴിഞ്ഞു. 19 പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തി കാരണം അവർ പ്രകാശത്തിനു പകരം അന്ധകാരത്തെ സ്നേഹിച്ചു എന്നതാണ് ശിക്ഷാവിധിക്ക് അടിസ്ഥാനം. 20 തിന്മചെയ്യുന്ന ഏതൊരാളും പ്രകാശത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തികൾ പരസ്യമാകും എന്ന ഭയംനിമിത്തം പ്രകാശത്തിലേക്കു വരുന്നതുമില്ല.

  21. 21 എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. 22 യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. 23 യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. 24 എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു. 25 ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല. 26 അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.

  22. 4 എന്നാൽ, ഫെലിസ്ത്യപ്രഭുക്കന്മാർ അദ്ദേഹത്തിനുനേരേ കോപാകുലരായി. “ആ മനുഷ്യനെ തിരിച്ചയയ്ക്കുക. അങ്ങ് കൽപ്പിച്ചുകൊടുത്ത സ്ഥലത്തേക്ക് അയാൾ പൊയ്ക്കൊള്ളട്ടെ. യുദ്ധത്തിൽ അയാൾ നമ്മുടെകൂടെ വരരുത്. വന്നാൽ യുദ്ധരംഗത്തുവെച്ച് അയാൾ നമുക്കെതിരേ തിരിയും. നമ്മുടെ ആളുകളുടെ തലകൾ എടുത്ത് ആയിരിക്കുകയില്ലേ അയാൾ തന്റെ യജമാനന്റെ പ്രീതി പുനഃസ്ഥാപിക്കുന്നത്. അതിനെക്കാൾ നല്ല മാർഗം അയാൾക്കു വേറെ ഉണ്ടോ?

  23. 22 ന്യായപ്രമാണപ്രകാരം എല്ലാംതന്നെ, രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തച്ചൊരിച്ചിലില്ലാതെ പാപവിമോചനം സാധ്യമല്ല.

    23 ഈ യാഗങ്ങളാൽ സ്വർഗീയമായവയുടെ പ്രതിരൂപങ്ങൾ ശുദ്ധീകരിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. എന്നാൽ, സ്വർഗീയമായവയ്ക്ക് വേണ്ടത് ഇവയെക്കാൾ ശ്രേഷ്ഠതരമായ യാഗങ്ങളാണ്. 24 മനുഷ്യനിർമിതവും യാഥാർഥ്യത്തിന്റെ പ്രതിരൂപവുമായ വിശുദ്ധമന്ദിരത്തിലേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയിൽ മധ്യസ്ഥതചെയ്യാൻ ക്രിസ്തു സ്വർഗത്തിലേക്കുതന്നെയാണ് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്.

  24. 14 നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും. 15 എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല.

  25. 4 എന്നാൽ ഏശാവ് യാക്കോബിനെ വരവേൽക്കുന്നതിനായി ഓടിവന്ന് അദ്ദേഹത്തെ ആലിംഗനംചെയ്തു; കഴുത്തിൽ കെട്ടിപ്പിടിച്ച് അദ്ദേഹത്തെ ചുംബിച്ചു; ഇരുവരും കരഞ്ഞു.

  26. 20 “അവർക്കുവേണ്ടിമാത്രമല്ല, അവർ അറിയിക്കുന്ന വചനത്താൽ എന്നിൽ വിശ്വാസമർപ്പിക്കാനിരിക്കുന്ന എല്ലാവർക്കുവേണ്ടിയുംകൂടിയാണ് ഞാൻ പ്രാർഥിക്കുന്നത്. 21 പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ഒന്നായിത്തീർന്നിട്ട്, അങ്ങാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ലോകം വിശ്വസിക്കാനിടയാകേണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത്. 22 അവർ നമ്മെപ്പോലെ ഒന്നായിരിക്കേണ്ടതിന് അവിടന്ന് തന്ന മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. 23 ഞാൻ അവരിലും അങ്ങ് എന്നിലും ആകുന്നു. അവരെ പൂർണ ഐക്യത്തിലേക്കു നയിക്കണമേ. അപ്പോൾ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നും, എന്നെ സ്നേഹിച്ചതുപോലെ അങ്ങ് അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയും.

  27. 19 ഇപ്പോൾ നിങ്ങളുടെ പാപങ്ങൾ മായിക്കപ്പെടേണ്ടതിന് അവ ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയുക; 20 അങ്ങനെ കർത്താവിന്റെ സന്നിധിയിൽനിന്ന് ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ക്രിസ്തു എന്ന യേശുവിനെ അവിടന്ന് അയയ്ക്കുകയും ചെയ്യും. 21 ആരംഭംമുതൽതന്നെ തന്റെ വിശുദ്ധപ്രവാചകന്മാരുടെ അധരങ്ങളിലൂടെ ദൈവം വാഗ്ദാനംചെയ്തിട്ടുള്ളതെല്ലാം അവിടന്ന് പുനഃസ്ഥാപിക്കുന്ന കാലംവരെ യേശു സ്വർഗത്തിൽത്തന്നെ തുടരേണ്ടതാകുന്നു.

  28. 10 ഇതാണ് സാക്ഷാൽ സ്നേഹം: നാം ദൈവത്തെ സ്നേഹിച്ചതല്ല, അവിടന്നു നമ്മെ സ്നേഹിച്ച് അവിടത്തെ പുത്രനെ നമ്മുടെ പാപനിവാരണയാഗത്തിനായി അയച്ചു.

  29. 9 സമാധാനസ്ഥാപകർ അനുഗൃഹീതർ;

    അവർ ദൈവത്തിന്റെ പുത്രരെന്നു വിളിക്കപ്പെടും.

  30. 4 എന്നാൽ ദൈവം, സ്ത്രീയുടെ സന്തതിയായി ജനിച്ച് ന്യായപ്രമാണത്തിന്ന് കീഴിൽ ജീവിക്കാനായി, നിയോഗിക്കപ്പെട്ടിരുന്ന സമയത്തുതന്നെ അവിടത്തെ പുത്രനെ അയച്ചു. 5 ഇത് ന്യായപ്രമാണത്തിൻ കീഴിലുള്ളവരെയെല്ലാം വിലയ്ക്കു വാങ്ങുന്നതിനും നമുക്ക് പുത്രത്വം ലഭ്യമാക്കേണ്ടതിനും ആയിരുന്നു. 6 ദൈവം അവിടത്തെ പുത്രന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതോ, മക്കളായ നാം ദൈവത്തെ “അബ്ബാ, പിതാവേ” എന്നു വിളിക്കേണ്ടതിനാണ്. 7 നിങ്ങൾ ഇനിമേൽ ദാസരല്ല, മക്കളാണ്; മക്കൾ ആയതിലൂടെ ദൈവം നിങ്ങളെ അവിടത്തെ അവകാശികളും ആക്കിയിരിക്കുന്നു.

  31. 13 ഈജിപ്റ്റിൽ എനിക്കു നൽകിയിരിക്കുന്ന ബഹുമാനവും നിങ്ങൾ കണ്ടിരിക്കുന്ന സകലതും എന്റെ പിതാവിനെ അറിയിക്കണം; എന്റെ പിതാവിനെ എത്രയുംവേഗം ഇവിടെ കൊണ്ടുവരണം.”

    14 പിന്നെ അദ്ദേഹം അനുജനായ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീനും കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ആലിംഗനംചെയ്തു. 15 തന്റെ എല്ലാ സഹോദരന്മാരെയും ചുംബിച്ച് അവരെച്ചൊല്ലി അദ്ദേഹം കരഞ്ഞു. ഈ സംഭവത്തിനുശേഷം തന്റെ സഹോദരന്മാർ അദ്ദേഹവുമായി സല്ലപിച്ചു.

  32. 20 “അഹരോൻ അതിവിശുദ്ധസ്ഥലത്തിനും സമാഗമകൂടാരത്തിനും യാഗപീഠത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചുതീർന്നിട്ട് ജീവനുള്ള കോലാടിനെ മുന്നോട്ടു കൊണ്ടുവരണം. 21 അഹരോൻ രണ്ടു കൈയും ജീവനുള്ള കോലാടിന്റെ തലയിൽവെച്ച്, ഇസ്രായേലിന്റെ സകലദുഷ്ടതയും മത്സരവും അവരുടെ എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞു കോലാടിന്റെ തലയിൽ ചുമത്തണം. അദ്ദേഹം കോലാടിനെ ആ ചുമതലയ്ക്കായി നിയമിക്കപ്പെട്ട ഒരാളെ ഏൽപ്പിച്ച് മരുഭൂമിയിലേക്ക് അയയ്ക്കണം. 22 ആ കോലാട് അവരുടെ സകലപാപവും ഒരു വിജനസ്ഥലത്തേക്ക് ചുമന്നുകൊണ്ടുപോകും; അയാൾ അതിനെ മരുഭൂമിയിൽ വിട്ടയയ്ക്കണം.

  33. 25 നിങ്ങൾ പ്രാർഥിക്കാൻ നിൽക്കുമ്പോൾ, ആർക്കെങ്കിലും വിരോധമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവരോട് ക്ഷമിക്കുക.

  34. 36 പുത്രനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവരോ ജീവനെ കാണുകയില്ലെന്നുമാത്രമല്ല; ദൈവക്രോധം അവരുടെമേൽ നിലനിൽക്കുകയും ചെയ്യുന്നു.”

  35. 6 ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. 7 കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല.