65 Bible Verses About Adultery

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Adultery
  1. 27 “ ‘വ്യഭിചാരം ചെയ്യരുത്’ എന്നു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു. 29 നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. 30 നിന്റെ വലതുകൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി ദൂരെ എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവൻ നരകത്തിൽ പോകുന്നതിനെക്കാൾ, ഒരു അവയവം നഷ്ടമാകുന്നതാണു നിനക്കു നല്ലത്.

    31 “ ‘ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഒരു വിവാഹമോചനപത്രം കൊടുത്തിരിക്കണം’ എന്നു പറഞ്ഞിട്ടുണ്ടല്ലോ. 32 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത്, പാതിവ്രത്യലംഘനം നിമിത്തമല്ലാതെ ആരെങ്കിലും സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നെങ്കിൽ അയാൾ തന്റെ ഭാര്യയെ വ്യഭിചാരിണിയാക്കുകയാണ്; ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹംകഴിക്കുന്നവനും വ്യഭിചാരം ചെയ്യുകയാണ്.

  2. 14 വ്യഭിചാരം ചെയ്യരുത്.

    15 മോഷ്ടിക്കരുത്.

    16 അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.

    17 അയൽവാസിയുടെ ഭവനത്തെ മോഹിക്കരുത്. അയൽവാസിയുടെ ഭാര്യ, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.”

    18 ഇടിയും മിന്നലും കാണുകയും കാഹളം കേൾക്കുകയും പർവതം പുകയുന്നതു കാണുകയും ചെയ്തപ്പോൾ ജനമെല്ലാം ഭയന്നുവിറച്ചു; അവർ ദൂരെ മാറിനിന്നു. 19 അവർ മോശയോട്, “അങ്ങുതന്നെ ഞങ്ങളോടു സംസാരിക്കുക, ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നപേക്ഷിച്ചു.

  3. 23 കാരണം ഈ കൽപ്പന ഒരു ദീപവും

    ഈ ഉപദേശം ഒരു പ്രകാശവും ആകുന്നു,

    ശിക്ഷണത്തിനുള്ള ശാസനകൾ

    ജീവന്റെ മാർഗംതന്നെ,

    24 അവ നിന്നെ വ്യഭിചാരിണിയിൽനിന്നും

    ലൈംഗികധാർമികതയില്ലാത്തവളുടെ മധുരഭാഷണത്തിൽനിന്നും സൂക്ഷിക്കും.

    25 അവളുടെ മേനിയഴകിനാൽ നിന്റെ ഹൃദയം ആസക്തമാകരുത്

    അവളുടെ മോഹിപ്പിക്കുന്ന കണ്ണുകളിൽ നീ കുരുങ്ങിപ്പോകുകയും അരുത്.

    26 എന്തുകൊണ്ടെന്നാൽ, ഒരു വേശ്യനിമിത്തം നീ അപ്പനുറുക്കുകൾ ഇരക്കേണ്ടിവരും,

    എന്നാൽ അന്യപുരുഷന്റെ ഭാര്യ നിന്റെ ജീവനെ മൊത്തമായിത്തന്നെ ഇരയാക്കുന്നു.

    27 ഒരു പുരുഷന് തന്റെ വസ്ത്രം കത്തിയെരിയാത്തവിധം

    തന്റെ മടിത്തട്ടിലേക്ക് തീ കോരിയിടാൻ കഴിയുമോ?

    28 ഒരു മനുഷ്യന് തന്റെ പാദങ്ങൾക്കു പൊള്ളൽ ഏൽപ്പിക്കാതെ

    എരിയുന്ന കനലിന്മേൽ നടക്കാൻ കഴിയുമോ?

    29 അന്യപുരുഷന്റെ ഭാര്യയുമായി കിടക്ക പങ്കിടുന്നവന്റെ ഗതിയും ഇതുതന്നെയായിരിക്കും;

    അവളെ സ്പർശിക്കുന്ന ഒരുവനും ശിക്ഷിക്കപ്പെടാതെ പോകുന്നില്ല.

    30 പട്ടിണിമൂലം, വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ

    ആരുംതന്നെ നിന്ദിക്കുകയില്ല.

    31 പിടിക്കപ്പെടുകയാണെങ്കിൽ അയാൾ ഏഴിരട്ടി മടക്കിക്കൊടുക്കണം,

    മോഷണമുതലിന്റെ മതിപ്പുമൂല്യം തന്റെ ഭവനത്തിലുള്ളതെല്ലാംകൂടി മതിക്കപ്പെടുകയാണെങ്കിലും, കൊടുത്തേമതിയാകൂ.

    32 എന്നാൽ വ്യഭിചാരംചെയ്യുന്ന പുരുഷനോ, തന്റെ സ്വബോധം നശിച്ചവൻതന്നെ;

    അതു ചെയ്യുന്നവൻ ആരായാലും സ്വയം നശിപ്പിക്കുന്നു.

    33 മർദനവും മാനഹാനിയുമാണ് അയാളുടെ ഭാഗധേയം,

    അയാളുടെ നിന്ദ ഒരിക്കലും തുടച്ചുമാറ്റപ്പെടുകയില്ല.

    34 അസൂയ ഒരു ഭർത്താവിന്റെ കോപത്തെ ഉദ്ദീപിപ്പിക്കുന്നു,

    പ്രതികാരദിവസത്തിൽ അവൻ യാതൊരുവിധ കനിവും കാണിക്കുകയില്ല.

    35 ഈ കാര്യത്തിൽ അവൻ യാതൊരുവിധ നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല;

    അത് എത്ര ഭീമമായത് ആയിരുന്നാലും അവൻ ആ കോഴ സ്വീകരിക്കുകയില്ല.

  4. 9 അധർമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ദുർനടപ്പുകാർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാരും സ്ത്രീകളും, 10 മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപർ, അപവാദം പരത്തുന്നവർ, അന്യരുടെ പണം അപഹരിക്കുന്നവർ ഇങ്ങനെയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 11 നിങ്ങളിൽ ചിലർ ഇങ്ങനെയുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കഴുകപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നീതീകരിക്കപ്പെട്ടവരും ആയിത്തീർന്നു.

  5. 4 വിവാഹം എല്ലാവർക്കും ആദരണീയവും വിവാഹശയ്യ നിർമലവും ആയിരിക്കട്ടെ. വ്യഭിചാരികളെയും അസാന്മാർഗികളെയും ദൈവം കുറ്റംവിധിക്കും.

  6. 6 യോശിയാരാജാവിന്റെ ഭരണകാലത്ത് യഹോവ എന്നോട് അരുളിച്ചെയ്തത്, “ഇസ്രായേലിന്റെ അവിശ്വസ്തത നീ കണ്ടുവോ? അവൾ ഓരോ ഉയർന്ന മലയിലും കയറിപ്പോയി. ഓരോ ഇലതൂർന്ന മരത്തിൻകീഴിലും വേശ്യാവൃത്തി നടത്തിയിരിക്കുന്നു. 7 ഇതെല്ലാം ചെയ്തതിനുശേഷവും അവൾ എന്റെ അടുക്കലേക്കു മടങ്ങിവരും എന്നു ഞാൻ കരുതി, എന്നാൽ അവൾ മടങ്ങിവന്നില്ല. അവളുടെ അവിശ്വസ്തയായ സഹോദരി, യെഹൂദ അതുകണ്ടു. 8 അവിശ്വസ്തയായ ഇസ്രായേൽ ചെയ്ത എല്ലാ വ്യഭിചാരത്തിന്റെയും ഫലമായി ഞാൻ അവളെ ഉപേക്ഷിച്ച് അവൾക്ക് ഒരു ഉപേക്ഷണപത്രം കൊടുത്തു. ഇതു കണ്ടിട്ടും അവിശ്വസ്തയായ അവളുടെ സഹോദരി യെഹൂദാ ഭയപ്പെട്ടില്ല; അവളും പുറപ്പെട്ടു വ്യഭിചാരംചെയ്തു. 9 ഇസ്രായേലിന്റെ അസാന്മാർഗികത അവൾക്കു വെറും നിസ്സാരകാര്യമായി തോന്നിയതുകൊണ്ട്, അവളും ദേശത്തെ മലിനമാക്കി കല്ലിനോടും മരത്തോടും വ്യഭിചാരംചെയ്തു. 10 ഇതെല്ലാമായിട്ടും അവിശ്വസ്തയായ യെഹൂദാ എന്ന അവളുടെ സഹോദരി കാപട്യത്തോടെയല്ലാതെ പൂർണഹൃദയത്തോടെ എങ്കലേക്കു തിരിഞ്ഞില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.

  7. 3 വ്യഭിചാരിണിയുടെ അധരങ്ങൾ തേൻ പൊഴിക്കുന്നു,

    അവളുടെ ഭാഷണം എണ്ണയെക്കാൾ മൃദുവാകുന്നു;

    4 എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്‌പുള്ളവളും

    ഇരുവായ്ത്തലയുള്ള വാളുപോലെ മൂർച്ചയുള്ളവളും ആയിത്തീരുന്നു.

    5 അവളുടെ കാലടികൾ പാതാളത്തിലേക്ക് ഇറങ്ങിപ്പോകുന്നു;

    അവളുടെ ചുവടുകൾ നേരേ പാതാളത്തിലേക്കു നയിക്കുന്നു.

    6 ജീവന്റെ വഴി അവൾ ചിന്തിക്കുന്നതേയില്ല;

    അവളുടെ പാത ലക്ഷ്യമില്ലാതെ അലയുന്നത്, അവൾ അത് അറിയുന്നതുമില്ല.

    7 അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എന്നെ ശ്രദ്ധിക്കുക;

    എന്റെ മൊഴികളിൽനിന്ന് ഒരിക്കലും വ്യതിചലിക്കരുത്.

    8 നീ അവളിൽനിന്നും അകന്നിരിക്കുക,

    അവളുടെ വീട്ടുവാതിലിനോടു നീ സമീപിക്കരുത്,

    9 നിന്റെ ഊർജസ്വലത മറ്റുള്ളവർക്കായി നഷ്ടപ്പെടുത്താതിരിക്കുക

    നിന്റെ കുലീനത ക്രൂരരായവർക്ക് അടിയറവുവെക്കരുത്,

    10 അന്യർ നിന്റെ സമ്പത്തുകൊണ്ട് ആഘോഷിക്കുകയും

    നിന്റെ കഠിനാധ്വാനം അന്യഭവനത്തെ സമ്പന്നമാക്കുകയും ചെയ്യാതിരിക്കട്ടെ.

    11 നിന്റെ ജീവിതാന്ത്യത്തിൽ നീ ഞരങ്ങും,

    നിന്റെ മാംസവും ശരീരവും ക്ഷയിക്കുമ്പോൾത്തന്നെ.

    12 അപ്പോൾ നീ പറയും, “ശിക്ഷണത്തെ ഞാൻ എത്രമാത്രം വെറുത്തു!

    എന്റെ ഹൃദയം ശാസനയെ എങ്ങനെയെല്ലാം തിരസ്കരിച്ചു!

    13 ഞാൻ എന്റെ ഗുരുക്കന്മാരെ അനുസരിച്ചില്ല

    എന്റെ പ്രബോധകരെ ശ്രദ്ധിച്ചതുമില്ല.

    14 ദൈവജനത്തിന്റെ സഭാമധ്യേ

    ഞാൻ സമ്പൂർണ നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു.”

    15 നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക,

    നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക.

    16 നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ,

    നിന്റെ അരുവികൾ ചത്വരങ്ങളിലേക്ക് ഒഴുക്കണമോ?

    17 അതു നിന്റേതുമാത്രമായിരിക്കട്ടെ,

    ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല.

    18 നിന്റെ ജലധാര അനുഗൃഹീതമാകട്ടെ,

    നിന്റെ യൗവനത്തിലെ ധർമപത്നിയുമൊത്ത് ആനന്ദിക്കുക.

    19 അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം—

    അവളുടെ മാറിടം എപ്പോഴും നിന്നെ തൃപ്തനാക്കട്ടെ,

    അവളുടെ പ്രേമത്താൽ നീ എപ്പോഴും ലഹരിപിടിച്ചവനായിരിക്കട്ടെ.

    20 എന്റെ കുഞ്ഞേ, അന്യപുരുഷന്റെ ഭാര്യയെക്കണ്ടു നീ ഉന്മത്തനായിത്തീരുന്നത് എന്തിന്?

    ലൈംഗികധാർമികതയില്ലാത്തവളുടെ മാറിടം പുണരുന്നതും എന്തിന്?

    21 ഒരു മനുഷ്യന്റെ പ്രവൃത്തികളെല്ലാം യഹോവയുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്,

    അവരുടെ വഴികളെല്ലാം അവിടന്നു പരിശോധിക്കുന്നു.

    22 ദുഷ്ടരുടെ അപരാധങ്ങളെല്ലാം അവരെ കെണിയിൽപ്പെടുത്തുന്നു;

    അവരുടെ പാപച്ചരടുകൾതന്നെ അവരെ ബന്ധനസ്ഥരാക്കുന്നു.

    23 സ്വയനിയന്ത്രണമില്ലായ്കയാൽ അവർ മൃതിയടയുന്നു,

    മഹാഭോഷത്തത്താൽ അവർ വഴിപിഴച്ചുപോകുന്നു.

  8. 10 “ ‘മറ്റൊരാളിന്റെ ഭാര്യയുമായി—തന്റെ അയൽക്കാരന്റെ ഭാര്യയുമായിത്തന്നെ—ഒരാൾ വ്യഭിചാരം ചെയ്താൽ, വ്യഭിചാരിയെയും വ്യഭിചാരിണിയെയും വധിക്കണം.

    11 “ ‘ഒരാൾ തന്റെ പിതാവിന്റെ ഭാര്യയുടെകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അയാൾ തന്റെ പിതാവിനെ അപമാനിക്കുന്നു; അവർ ഇരുവരും മരണശിക്ഷ അനുഭവിക്കണം. അവരുടെ രക്തം അവരുടെ തലമേലിരിക്കും.

    12 “ ‘ഒരാൾ തന്റെ മരുമകളുടെകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവരെ രണ്ടുപേരെയും കൊല്ലണം. അവരുടെ പ്രവൃത്തി നികൃഷ്ടം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.

  9. 8 യേശു ഉത്തരം പറഞ്ഞത്: “നിങ്ങൾക്കു നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാനുള്ള അനുമതി മോശ നൽകിയതു നിങ്ങളുടെ പിടിവാശി നിമിത്തമാണ്. എന്നാൽ ആരംഭത്തിൽ അപ്രകാരമായിരുന്നില്ല. 9 പാതിവ്രത്യലംഘനം നിമിത്തമല്ലാതെ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

  10. 20 “എന്നാൽ, നിന്നെക്കുറിച്ച് ഒരു കുറ്റം എനിക്കു പറയാനുണ്ട്. ദുർനടപ്പിൽ ഏർപ്പെടാനും വിഗ്രഹാർപ്പിതം ഭക്ഷിക്കാനും എന്റെ ദാസന്മാരെ ഉപദേശിച്ചു വഴിതെറ്റിക്കുന്ന സ്വയംപ്രഖ്യാപിത പ്രവാചികയായ ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു. 21 അവൾക്കു തന്റെ അസാന്മാർഗികതയിൽനിന്ന് അനുതപിക്കാൻ ഞാൻ സമയം നൽകിയെങ്കിലും അതിൽനിന്ന് മാനസാന്തരപ്പെടാൻ അവൾക്കു മനസ്സില്ല. 22 നോക്കുക, ഞാൻ അവളെ കഷ്ടതയുടെ കിടക്കയിലാക്കും; അവളുമായി വ്യഭിചരിക്കുന്നവർ അവൾ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച് അനുതപിക്കാതെ ഇരുന്നാൽ ഞാൻ അവരെയും വലിയ യാതനയിലാക്കും. 23 അവളുടെ മക്കളെയും ഞാൻ വധിച്ചുകളയും. ഞാൻ ഹൃദയങ്ങളെയും മനസ്സുകളെയും പരിശോധിക്കുന്നവനെന്നും ഓരോരുത്തർക്കും തങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി പകരം നൽകുന്നവനെന്നും സകലസഭകളും അറിയും.

    24 “എന്നാൽ അവളുടെ ഉപദേശം സ്വീകരിക്കാതെയും സാത്താന്റെ നിഗൂഢരഹസ്യങ്ങൾ എന്ന് അവർ പറയുന്നവ അഭ്യസിക്കാതെയും ഇരിക്കുന്നവരായ തുയഥൈരയിലെ ശേഷമുള്ളവരോടു ഞാൻ കൽപ്പിക്കുന്നത്: 25 ‘ഞാൻ വരുന്നതുവരെയും നിങ്ങൾക്കുള്ളതു മുറുകെപ്പിടിക്കുക; ഇതല്ലാതെ മറ്റൊരു ഭാരവും ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല.’

  11. 10 “അവർ ഭക്ഷിക്കും, പക്ഷേ, മതിവരികയില്ല;

    അവർ വ്യഭിചരിക്കും, പക്ഷേ, യാതൊന്നും നേടുകയില്ല,

    കാരണം അവർ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞല്ലോ;

    11 ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും

    പഴയ വീഞ്ഞിനും പുതിയ വീഞ്ഞിനും

    അവർ സ്വയം ഏൽപ്പിച്ചുകൊടുത്തു.

    12 എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു,

    ദേവപ്രശ്നംവെക്കുന്നവരുടെ ദണ്ഡിൽനിന്ന് അവർക്കു മറുപടി ലഭിക്കുന്നു.

    വ്യഭിചാരത്തിന്റെ ആത്മാവ് അവരെ വഴിതെറ്റിക്കുന്നു;

    അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.

    13 അവർ പർവതശിഖരങ്ങളിൽ ബലികഴിക്കുന്നു,

    കുന്നുകളിൽ നല്ല തണൽ നൽകുന്ന

    കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ

    അവർ ധൂപംകാട്ടുന്നു.

    തന്നിമിത്തം നിങ്ങളുടെ പുത്രിമാർ വ്യഭിചാരത്തിലേക്കും

    പുത്രഭാര്യമാർ പരപുരുഷസംഗത്തിലേക്കും തിരിയുന്നു.

    14 “വ്യഭിചാരത്തിലേക്കു തിരിയുന്ന

    നിങ്ങളുടെ പുത്രിമാരെയും

    പരപുരുഷസംഗത്തിലേക്കു തിരിയുന്ന

    നിങ്ങളുടെ പുത്രഭാര്യമാരെയും ഞാൻ ശിക്ഷിക്കുകയില്ല.

    കാരണം നിങ്ങളുടെ പുരുഷന്മാർതന്നെ വേശ്യാസ്ത്രീകളോടുകൂടെ പാർക്കുകയും

    ക്ഷേത്രവേശ്യകളോടുകൂടെ ബലികഴിക്കുകയുംചെയ്യുന്നു.

    ഇങ്ങനെ പരിജ്ഞാനമില്ലാത്ത ജനം നശിപ്പിക്കപ്പെടും!

  12. 11 അദ്ദേഹം പറഞ്ഞു: “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ ആ ഭാര്യയ്ക്ക് എതിരായി വ്യഭിചാരം ചെയ്യുന്നു. 12 ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹംചെയ്യുന്നവളും വ്യഭിചാരം ചെയ്യുകയാണ്.”

  13. 3 വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ വേദജ്ഞരും പരീശന്മാരും കൊണ്ടുവന്നു. അവർ അവളെ ജനമധ്യത്തിൽ നിർത്തിയിട്ട് 4 യേശുവിനോട് ഇങ്ങനെ പറഞ്ഞു: “ഗുരോ, ഈ സ്ത്രീ വ്യഭിചാരം ചെയ്തുകൊണ്ടിരിക്കുമ്പോൾ പിടിക്കപ്പെട്ടിരിക്കുന്നു. 5 ഇങ്ങനെയുള്ള സ്ത്രീകളെ കല്ലെറിയണമെന്നു മോശ ന്യായപ്രമാണത്തിൽ ഞങ്ങളോടു കൽപ്പിച്ചിരിക്കുന്നു. അങ്ങ് എന്തുപറയുന്നു?” 6 അദ്ദേഹത്തെ കുറ്റം ചുമത്തേണ്ടതിന് എന്തെങ്കിലും തക്ക കാരണം കിട്ടുന്നതിന് അവർ പ്രയോഗിച്ച ഒരു കെണിയായിരുന്നു ഈ ചോദ്യം.

    എന്നാൽ യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. 7 ചോദ്യം തുടർന്നപ്പോൾ യേശു നിവർന്ന് അവരോട്, “നിങ്ങളിൽ പാപം ഇല്ലാത്തവൻ ഇവളെ ആദ്യം കല്ലെറിയട്ടെ” എന്നു പറഞ്ഞു. 8 അദ്ദേഹം വീണ്ടും കുനിഞ്ഞു മണ്ണിലെഴുതിക്കൊണ്ടിരുന്നു.

    9 അവർ അതു കേട്ടിട്ട്, കുറ്റബോധത്താൽ ഏറ്റവും മുതിർന്നവർമുതൽ ഇളയവർവരെ ഓരോരുത്തരായി സ്ഥലംവിട്ടുപോയി. ഒടുവിൽ യേശുവും ജനമധ്യത്തിൽനിന്നിരുന്ന സ്ത്രീയും ശേഷിച്ചു. 10 യേശു നിവർന്ന് അവളോട്, “സ്ത്രീയേ, അവർ എവിടെ? ആരും നിനക്കു ശിക്ഷ വിധിച്ചില്ലേ?” എന്നു ചോദിച്ചു.

    11 “ഇല്ല പ്രഭോ,” അവൾ മറുപടി പറഞ്ഞു.

    അതിന് യേശു, “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോകുക, ഇനി പാപംചെയ്യരുത്.” എന്നു പറഞ്ഞു.

  14. 6 അവരെപ്പോലെ നാമും ദുഷിച്ചകാര്യങ്ങളിൽ ആമഗ്നരാകാതിരിക്കേണ്ടതിന് അവർക്കു സംഭവിച്ച കാര്യങ്ങൾ നമുക്കൊരു മുന്നറിയിപ്പായിത്തീർന്നിരിക്കുന്നു. 7 അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധകരാകരുത്. “ജനം ഭക്ഷിക്കാനും കുടിക്കാനും ഇരുന്നു, വിളയാടാൻ എഴുന്നേറ്റു” എന്നെഴുതിയിരിക്കുന്നല്ലോ. 8 നാം അവരിൽ ചിലരെപ്പോലെ അസാന്മാർഗികളാകരുത്; വ്യഭിചാരംനിമിത്തം അവരിൽ 23,000 പേർ ഒരൊറ്റ ദിവസംകൊണ്ടു മരിച്ചുപോയി. 9 അവരിൽ മറ്റുചിലർ ചെയ്തതുപോലെ നാം ക്രിസ്തുവിനെ പരീക്ഷിക്കരുത്; അവർ സർപ്പദംശനമേറ്റ് മരിച്ചല്ലോ. 10 അവരിൽ വേറെചിലർ ചെയ്തതുപോലെ നാം മുറുമുറുക്കുന്നവരും ആകരുത്; അവരെ സംഹാരദൂതൻ കൊന്നുകളഞ്ഞല്ലോ.

    11 ഈ കാര്യങ്ങൾ അവർക്ക് ഉദാഹരണങ്ങളായി സംഭവിച്ചു; യുഗസമാപ്തിയോടടുത്തു ജീവിക്കുന്ന നമുക്കു മുന്നറിയിപ്പായി എഴുതപ്പെട്ടിരിക്കുന്നു. 12 അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ. 13 മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.

    14 അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, വിഗ്രഹാരാധന വിട്ട് പലായനംചെയ്യുക,

  15. 14 ദൈവം തന്റെ ശക്തിയാൽ കർത്താവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. അവിടന്നു നമ്മെയും ഉയിർപ്പിക്കും. 15 നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങളാകുന്നു എന്നറിയുന്നില്ലേ? അങ്ങനെയെങ്കിൽ, ആരെങ്കിലും ക്രിസ്തുവിന്റെ അവയവങ്ങൾ എടുത്തു വേശ്യയുടെ അവയവങ്ങളാക്കാമോ? ഒരുനാളും അരുത്. 16 വേശ്യയുമായി സംയോജിക്കുന്നവൻ അവളുമായി ഏകശരീരം ആകുന്നെന്ന് അറിയുന്നില്ലേ? “അവരിരുവരും ഒരു ശരീരമായിത്തീരും” എന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. 17 എന്നാൽ കർത്താവിനോട് എകീഭവിക്കുന്നവൻ ആത്മാവിൽ കർത്താവിനോട് ഒന്നായിത്തീരുന്നു.

    18 ലൈംഗികാധർമംവിട്ട് ഓടിക്കോളൂ. ഒരാൾ ചെയ്യുന്ന മറ്റ് ഏതു പാപവും തന്റെ ശരീരത്തിനു പുറത്താകുന്നു; എന്നാൽ ലൈംഗികമായ പാപംചെയ്യുന്നവൻ സ്വന്തം ദേഹത്തിനെതിരേ പാപംചെയ്യുന്നു. 19 ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതുമായ പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു നിങ്ങളുടെ ശരീരം എന്ന് അറിയുന്നില്ലേ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല; 20 വിലയ്ക്കു വാങ്ങപ്പെട്ടവരാണ് നിങ്ങൾ. അതുകൊണ്ട് നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുക.

  16. 22 ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഭാര്യയോടുകൂടെ കിടക്കപങ്കിടുന്നതായി കണ്ടാൽ അവളോടുകൂടെ കിടക്കപങ്കിട്ട പുരുഷനും അവളും മരിക്കണം. ഇങ്ങനെ ഇസ്രായേലിൽനിന്ന് നിങ്ങൾ തിന്മ നീക്കിക്കളയണം.

    23 വിവാഹനിശ്ചയം കഴിഞ്ഞ ഒരു കന്യകയെ ഒരുവൻ നഗരത്തിൽവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടുകയും അവൻ അവളോടൊപ്പം കിടക്കപങ്കിടുകയും ചെയ്താൽ നിങ്ങൾ അവരെ രണ്ടുപേരെയും നഗരവാതിൽക്കൽ കൊണ്ടുവന്ന് കല്ലെറിഞ്ഞുകൊല്ലണം. 24 പെൺകുട്ടി, നഗരത്തിൽ ആയിരുന്നിട്ടുകൂടി സഹായത്തിനു നിലവിളിക്കാതിരിക്കുകയും പുരുഷൻ മറ്റൊരാളുടെ ഭാര്യയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.

    25 എന്നാൽ, വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെ ഒരുവൻ നഗരത്തിനു പുറത്തുവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടുകയും അവളെ ബലാൽക്കാരംചെയ്യുകയും ചെയ്താൽ ആ പുരുഷൻമാത്രം മരണശിക്ഷ അനുഭവിക്കണം.

  17. 1 ഇനി നിങ്ങൾ എഴുതിയ കാര്യങ്ങളെക്കുറിച്ച്: “സ്ത്രീയെ അറിയാ തിരിക്കുന്നത് പുരുഷനു നല്ലത്.” 2 എന്നാൽ അസാന്മാർഗികത ഒഴിവാക്കാൻ ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തം ഭർത്താവും ഉണ്ടായിരിക്കട്ടെ. 3 ഭർത്താവ് ഭാര്യയോടുള്ള ദാമ്പത്യധർമം നിറവേറ്റണം, അതുപോലെ ഭാര്യ ഭർത്താവിനോടും. 4 ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല, ഭർത്താവിനാണ് അധികാരം. അതുപോലെ ഭർത്താവിന്റെ ശരീരത്തിന്മേൽ അയാൾക്കല്ല ഭാര്യയ്കാണ് അധികാരം. 5 ഭാര്യാഭർത്താക്കന്മാർ പരസ്പരം സമ്മതിച്ചുകൊണ്ട് നിശ്ചിതസമയത്തേക്ക് പ്രാർഥനയിൽ മുഴുകുന്നതിനായി പിരിഞ്ഞിരിക്കുന്നതല്ലാതെ പരസ്പരം അവകാശങ്ങൾ നിഷേധിക്കരുത്. ആത്മനിയന്ത്രണത്തിന്റെ അഭാവംനിമിത്തം സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കാതിരിക്കാൻ, വീണ്ടും ഒരുമിച്ചുചേരുക.

  18. 4 അപഥസഞ്ചാരികളേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? അതിനാൽ, ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. 5 “നമ്മിൽ വസിക്കാനായി, ദൈവം അയച്ച ആത്മാവ് തന്നോടുള്ള പ്രതിബദ്ധത മറ്റാരുമായും പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല” എന്നു തിരുവെഴുത്തു പറയുന്നത് നിരർഥകമോ? 6 ദൈവം നമുക്ക് കൃപ അധികം നൽകുന്നു; അതുകൊണ്ടാണ്,

    “ദൈവം അഹങ്കാരികളെ എതിർക്കുന്നു,

    എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു”

    എന്നു തിരുവെഴുത്തു പറയുന്നത്.

    7 അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും.

  19. 9 “എന്റെ ഹൃദയം ഒരു സ്ത്രീയാൽ വശീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ,

    ഞാൻ എന്റെ അയൽവാസിയുടെ വാതിൽക്കൽ പതിയിരുന്നിട്ടുണ്ടെങ്കിൽ,

    10 എന്റെ ഭാര്യ മറ്റൊരു പുരുഷനുവേണ്ടി മാവു പൊടിക്കട്ടെ;

    മറ്റുള്ളവർ അവളോടൊത്തു കിടക്കപങ്കിടട്ടെ.

    11 കാരണം അതു മ്ലേച്ഛതനിറഞ്ഞ ഒരു പാതകവും

    ശിക്ഷായോഗ്യമായ ഒരു പാപവും ആണല്ലോ.

    12 അതു നരകപര്യന്തം ദഹിപ്പിക്കുന്ന അഗ്നിയാണ്;

    എന്റെ എല്ലാ സമ്പാദ്യവും അത് ഉന്മൂലനംചെയ്യും.

  20. 9 നീ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് അവിടത്തെ കൽപ്പനകളെ തിരസ്കരിച്ചതെന്തിന്? ഹിത്യനായ ഊരിയാവിനെ നീ വാളാൽ വീഴ്ത്തിയിട്ട് അയാളുടെ ഭാര്യയെ സ്വന്തമാക്കി. അമ്മോന്യരുടെ വാൾകൊണ്ട് നീ അവനെ കൊന്നു. 10 അതിനാൽ വാൾ നിന്റെ ഭവനത്തെ ഒരിക്കലും വിട്ടൊഴിയുകയില്ല, കാരണം, നീ എന്നെ നിന്ദിച്ച് ഹിത്യനായ ഊരിയാവിന്റെ ഭാര്യയെ സ്വന്തമാക്കി.’

    11 “ഇതാ, യഹോവ അരുളിച്ചെയ്യുന്നു: ‘നിന്റെ സ്വന്തം ഗൃഹത്തിൽനിന്നുതന്നെ ഞാൻ നിനക്കു നാശം വരുത്താൻപോകുന്നു. നിന്റെ കണ്മുമ്പിൽവെച്ചുതന്നെ ഞാൻ നിന്റെ ഭാര്യമാരെ എടുത്ത് നിന്റെ സ്നേഹിതനു കൊടുക്കും. പകൽവെളിച്ചത്തിൽ അവൻ നിന്റെ ഭാര്യമാരോടുകൂടെ കിടക്കപങ്കിടും. 12 നീ അതു രഹസ്യത്തിൽ ചെയ്തു; എന്നാൽ ഞാനത് ഇസ്രായേലെല്ലാം കാൺകെ പകൽവെളിച്ചത്തിൽ ചെയ്യും.’ ”

    13 അപ്പോൾ ദാവീദ് നാഥാനോട്, “ഞാൻ യഹോവയ്ക്കെതിരേ പാപം ചെയ്തുപോയി” എന്നു പറഞ്ഞു.

    നാഥാൻ പറഞ്ഞു: “യഹോവ നിന്റെ പാപം നീക്കിക്കളഞ്ഞിരിക്കുന്നു. നീ മരിക്കുകയില്ല. 14 എന്നാൽ, നിന്റെ ഈ പ്രവൃത്തിമൂലം യഹോവയെ അപമാനിച്ചു. അതിനാൽ നിനക്കു ജനിച്ച ആ മകൻ മരിക്കും, നിശ്ചയം.”

  21. 17 “വായിലേക്കു ചെല്ലുന്നതെന്തും വയറ്റിൽ എത്തിയതിനുശേഷം ശരീരത്തിൽനിന്ന് പുറത്തുപോകുന്നെന്ന് അറിയാമല്ലോ. 18 എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്. 19 വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു; 20 ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.”

  22. 1 യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ കാലത്തും ഇസ്രായേൽരാജാവായിരുന്ന യോവാശിന്റെ മകൻ യൊരോബെയാമിന്റെ കാലത്തും ബേരിയുടെ മകൻ ഹോശേയയ്ക്കു ലഭിച്ച യഹോവയുടെ അരുളപ്പാട്:

    2 യഹോവ ഹോശേയയിൽക്കൂടി സംസാരിച്ചുതുടങ്ങി, അപ്പോൾ യഹോവ അദ്ദേഹത്തോട് ഇപ്രകാരം കൽപ്പിച്ചു: “വ്യഭിചാരിണിയായ ഒരു ഭാര്യയെപ്പോലെ ഈ ദേശം യഹോവയോട് അവിശ്വസ്തതപുലർത്തി കുറ്റക്കാരായിത്തീർന്നിരിക്കുന്നതിനാൽ, നീ പോയി വ്യഭിചാരിണിയായ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവളിൽ മക്കളെ ജനിപ്പിക്കുകയും ചെയ്യുക.” 3 അങ്ങനെ അദ്ദേഹം പോയി ദിബ്ലയീമിന്റെ മകൾ ഗോമെരിനെ വിവാഹംകഴിച്ചു; അവൾ ഗർഭംധരിച്ച് അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു.

  23. 18 “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹംചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.

  24. 2 ഉദാഹരണമായി, വിവാഹിതയായ സ്ത്രീ ജീവനോടിരിക്കുന്ന ഭർത്താവിനോട് നിയമത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചാൽ, അയാളോട് ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ വിമുക്തയായിത്തീരുന്നു. 3 ഭർത്താവ് ജീവിച്ചിരിക്കെ ഒരു സ്ത്രീ മറ്റൊരാളെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. എന്നാൽ ഭർത്താവു മരിച്ചാലോ ഭർത്താവിനോട് അവളെ ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ സ്വതന്ത്രയായിത്തീരുന്നു. പിന്നീട് മറ്റൊരു പുരുഷനെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണിയാകുകയില്ല.

  25. 19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.

  26. 3-4 നിങ്ങൾ വിശുദ്ധീകരിക്കപ്പെടുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. നിങ്ങൾ ദൈവത്തെ അറിയാത്ത യെഹൂദേതരരെപ്പോലെ കാമാസക്തിയിൽപ്പെടാതെ, അസാന്മാർഗികത വിട്ടൊഴിഞ്ഞ്, 5 വിശുദ്ധവും മാന്യവുമായി നിങ്ങളിൽ ഓരോരുത്തരും അവരവരുടെ ശരീരം കാത്തുസൂക്ഷിക്കാൻ പഠിക്കണം. 6 ഈ കാര്യത്തിൽ ആരും സ്വസഹോദരങ്ങളെ ചതിക്കാനും ചൂഷണം ചെയ്യാനും പാടില്ല. ഇത്തരം പാപങ്ങൾ ചെയ്യുന്നവരെ കർത്താവ് ശിക്ഷിക്കാതിരിക്കുകയില്ല എന്ന് ഞങ്ങൾ മുൻകൂട്ടിത്തന്നെ നിങ്ങളോടു പറയുകയും താക്കീത് നൽകുകയും ചെയ്തിട്ടുള്ളതാണല്ലോ. 7 ദൈവം നമ്മെ മലിനത നിറഞ്ഞ ജീവിതത്തിനല്ല മറിച്ച് വിശുദ്ധജീവിതം നയിക്കാനാണ് വിളിച്ചിരിക്കുന്നത്.

  27. 18 വ്യഭിചാരം ചെയ്യരുത്.

  28. 37 അവർ വ്യഭിചാരംചെയ്തു; അവരുടെ കൈകളിൽ രക്തമുണ്ട്. അങ്ങനെ അവർ തങ്ങളുടെ വിഗ്രഹങ്ങളോടു വ്യഭിചാരംചെയ്തു; അവർ എനിക്കു പ്രസവിച്ച തങ്ങളുടെ മക്കളെത്തന്നെയും അവയ്ക്കു ഭോജനബലിയായി അർപ്പിച്ചു.

  29. 18 ഒരിക്കൽ ഒരു നേതാവ് യേശുവിനോട്, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ അവകാശമാകും?” എന്നു ചോദിച്ചു.

    19 അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല. 20 ‘വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ.” എന്ന് അയാളോടു പറഞ്ഞു.

  30. 7 “ഞാൻ നിന്നോട് എങ്ങനെ ക്ഷമിക്കും?

    നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ച്

    ദേവതകൾ അല്ലാത്ത ദേവതകളെക്കൊണ്ടു ശപഥംചെയ്യുന്നു.

    ഞാൻ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി,

    എന്നിട്ടും അവർ വ്യഭിചാരം ചെയ്യുകയും

    വേശ്യാഗൃഹങ്ങളിൽ കൂട്ടമായി പോകുകയും ചെയ്യുന്നു.

    8 അവൻ തടിച്ചുകൊഴുത്ത വിത്തുകുതിരകളെപ്പോലെ

    ഓരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിനക്കുന്നു.

  31. 2 “നിങ്ങളുടെ അമ്മയുമായി വാദിക്കുക, അവളുമായി വാദിക്കുക;

    കാരണം അവൾ എന്റെ ഭാര്യയല്ല,

    ഞാൻ അവളുടെ ഭർത്താവുമല്ല;

    അവൾ തന്റെ മുഖത്തുനിന്നു വ്യഭിചാരിണിയുടെ നോട്ടവും

    തന്റെ സ്തനങ്ങൾക്കിടയിൽനിന്ന് അവിശ്വസ്തതയും മാറ്റട്ടെ.

    3 അതല്ലെങ്കിൽ ഞാൻ അവളെ വിവസ്ത്രയാക്കും

    അവൾ ജനിച്ച ദിവസത്തെപ്പോലെ അവളെ നഗ്നയാക്കും;

    ഞാൻ അവളെ മരുഭൂമിപോലെയും

    വരണ്ട നിലംപോലെയും ആക്കും

    അങ്ങനെ ദാഹംകൊണ്ടു ഞാൻ അവളെ വധിക്കും.

    4 ഞാൻ അവളുടെ മക്കളോടു സ്നേഹം കാണിക്കുകയില്ല,

    അവർ വ്യഭിചാരത്തിൽ പിറന്ന മക്കളല്ലോ.

    5 അവരുടെ അമ്മ അവിശ്വസ്തയായിരുന്നു

    അവൾ അപമാനത്തിൽ അവരെ ഗർഭംധരിച്ചു.

    അവൾ ഇപ്രകാരം പറഞ്ഞു: ‘ഞാൻ എന്റെ കാമുകന്മാരുടെ പിന്നാലെ പോകും;

    അവരാണ് എനിക്ക് അപ്പവും വെള്ളവും തരുന്നത്,

    കമ്പിളിയും ചണവസ്ത്രവും ഒലിവെണ്ണയും പാനീയവും എനിക്കു തരുന്നതും അവർതന്നെ.’

    6 അതുകൊണ്ടു ഞാൻ അവളുടെ വഴികൾ മുൾവേലികൾകൊണ്ട് അടച്ചുകളയും;

    അവൾക്കു വഴി കണ്ടുപിടിക്കാൻ കഴിയാതവണ്ണം ഞാൻ മതിൽകെട്ടി അടയ്ക്കും.

    7 അവൾ തന്റെ കാമുകന്മാരുടെ പിന്നാലെ ഓടും, എന്നാൽ അവരോടൊപ്പം എത്തുകയില്ല;

    അവൾ അവരെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല.

    അപ്പോൾ അവൾ പറയും:

    ‘ഞാൻ എന്റെ ആദ്യഭർത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും,

    എന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കാൾ അതായിരുന്നു കൂടുതൽ നല്ലത്.’

  32. 20 അദ്ദേഹം തുടർന്നു: “മനുഷ്യന്റെ ഹൃദയത്തിൽനിന്ന് പുറപ്പെടുന്നവയാണ് അയാളെ അശുദ്ധമാക്കുന്നത്. 21 വഷളവിചാരങ്ങൾ, വ്യഭിചാരം, മോഷണം, കൊലപാതകം, പരസംഗം, 22 അത്യാഗ്രഹം, ദുഷ്‌പ്രവൃത്തികൾ, വഞ്ചന, ലൈംഗികാധർമം, ഈർഷ്യ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ ഉള്ളിൽനിന്ന്, മനുഷ്യന്റെ ഹൃദയത്തിൽനിന്നു വരുന്നു. 23 ഈ തിന്മകളെല്ലാം ഉള്ളിൽനിന്നു വന്ന് മനുഷ്യനെ അശുദ്ധമാക്കുന്നു.”

  33. 38 അപ്പോൾ പരീശന്മാരിലും വേദജ്ഞരിലും ചിലർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് ഒരു അത്ഭുതചിഹ്നം പ്രവർത്തിച്ചുകാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.

    39 യേശു അതിനുത്തരം പറഞ്ഞത്: “ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു! എന്നാൽ യോനാ പ്രവാചകന്റെ അനുഭവം എന്ന ചിഹ്നമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല.

  34. 18 “ആ കൽപ്പനകൾ ഏതെല്ലാം?” അയാൾ ചോദിച്ചു.

    “ ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്,

  35. 22 ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു

    അറവുശാലയിലേക്ക് ആനയിക്കപ്പെടുന്ന കാളയെപ്പോലെ,

    കുരുക്കിലേക്കു പായുന്ന മാനിനെപ്പോലെ,

    23 അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ,

    കെണിയിലേക്കു പക്ഷി പറന്നടുക്കുന്നതുപോലെ,

    സ്വന്തം ജീവനാണ് അപഹരിക്കപ്പെടുന്നത് എന്ന അറിവ് അവനു ലവലേശവുമില്ല.

    24 അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എൻമൊഴി കേൾക്കുക;

    എന്റെ ഭാഷണത്തിന് ശ്രദ്ധ നൽകുക.

    25 നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത്

    അവളുടെ മാർഗത്തിലേക്കു വഴിതെറ്റിപ്പോകുകയുമരുത്.

    26 അവൾ നശിപ്പിച്ച ഇരകൾ ധാരാളമാണ്;

    അവൾമൂലം വധിക്കപ്പെട്ട ജനക്കൂട്ടം അസംഖ്യമാണ്.

    27 അവളുടെ ഭവനം പാതാളത്തിലേക്കുള്ള രാജവീഥിയാണ്,

    അത് മൃത്യുവിന്റെ അറകളിലേക്കു നയിക്കുന്നു.

  36. 13 “ശമര്യയിലെ പ്രവാചകന്മാരിൽ

    ഞാൻ അറപ്പുളവാക്കുന്നവ കണ്ടെത്തിയിരിക്കുന്നു:

    അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ച്

    എന്റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചിരിക്കുന്നു.

    14 ജെറുശലേമിലെ പ്രവാചകന്മാരിലാകട്ടെ,

    ഭയാനകമായ ഒരു കാര്യം ഞാൻ കണ്ടെത്തിയിരിക്കുന്നു:

    അവർ വ്യഭിചാരം ചെയ്യുകയും വ്യാജത്തിൽ ജീവിക്കുകയും ചെയ്യുന്നു.

    ആരും ദുഷ്ടത വിട്ട് പിന്മാറാതിരിക്കുമാറ്

    അവർ ദുഷ്കർമികളുടെ കരത്തെ ബലപ്പെടുത്തുന്നു.

    അവരെല്ലാവരും എനിക്കു സൊദോംപോലെയും

    അവിടത്തെ നിവാസികൾ ഗൊമോറാപോലെയും ആയിരിക്കുന്നു.”

  37. 19 ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ” എന്ന് അയാളോടു പറഞ്ഞു.

  38. 10 വിവാഹിതർക്ക് ഞാനല്ല, കർത്താവുതന്നെ കൊടുക്കുന്ന കൽപ്പന ഇതാണ്: ഭാര്യ ഭർത്താവിൽനിന്ന് വേർപിരിയരുത്. 11 അഥവാ, വേർപിരിയുന്നെങ്കിൽ അവൾ വിവാഹംകൂടാതെ ജീവിക്കണം. അത് അസാധ്യമെങ്കിൽ ഭർത്താവുമായി രമ്യപ്പെട്ടുകൊള്ളണം, ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.

  39. 10 ഒരാൾ ന്യായപ്രമാണകൽപ്പനകൾ, ഒന്നൊഴികെ സകലതും അനുസരിച്ചാലും അയാൾ സമ്പൂർണന്യായപ്രമാണവും ലംഘിച്ചതിനു സമമാണ്. 11 “വ്യഭിചാരം ചെയ്യരുത്” എന്നു കൽപ്പിച്ച അതേ ദൈവംതന്നെയാണ് “കൊലപാതകം ചെയ്യരുത്” എന്നും കൽപ്പിച്ചിരിക്കുന്നത്. വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊലപാതകം ചെയ്യുന്നെങ്കിൽ നീ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു.

  40. 13 അവർക്ക് ഭവിക്കുന്ന നാശം അവർ ചെയ്തുകൂട്ടിയ ദുഷ്കർമങ്ങളുടെ പ്രതിഫലമാണ്. പട്ടാപ്പകൽ ആഭാസലീലകളിൽ അഭിരമിക്കുന്നത് അഭിമാനകരമായി അവർ കരുതുന്നു. നിങ്ങളുടെ സ്നേഹസൽക്കാരങ്ങളിൽ പങ്കെടുത്ത് ആനന്ദപൂർവം ആർത്തുല്ലസിക്കുന്ന അവർ കളങ്കവും അപമാനവുമാണ്. 14 വ്യഭിചാരം നിറഞ്ഞ കണ്ണുകളുള്ളവരും പാപംചെയ്തു മതിവരാത്തവരും ചഞ്ചലമാനസരെ വശീകരിക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട മക്കളാണിവർ! 15 നേർപാത ഉപേക്ഷിച്ച് വഴിതെറ്റിപ്പോയ ഇവർ അനീതിയുടെ വേതനം മോഹിച്ച ബെയോരിന്റെ മകൻ ബിലെയാമിന്റെ മാർഗം പിൻതുടരുന്നു.

  41. 20 “ ‘നിന്റെ അയൽവാസിയുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവളാൽ നിനക്ക് അശുദ്ധി വരുത്തരുത്.

  42. 14 വ്യഭിചാരിണിയുടെ വായ് അപകടംനിറഞ്ഞ കെണിയാണ്;

    യഹോവയുടെ കോപത്തിനിരയായവർ അതിൽ വീഴുന്നു.

  43. 22 ‘ബാബേൽരാജാവ് തീയിലിട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവിനെപ്പോലെയും ആഹാബിനെപ്പോലെയും നിന്നെ യഹോവ ആക്കട്ടെ,’ എന്ന് ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെപ്പറ്റി പറയാനിടയാകും. 23 അവർ ഇസ്രായേലിൽ നീചകൃത്യം പ്രവർത്തിക്കുകയും തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരുമായി വ്യഭിചാരം ചെയ്യുകയും എന്റെ നാമത്തിൽ ഞാൻ അവരോടു കൽപ്പിച്ചിട്ടില്ലാത്ത വ്യാജം പ്രവചിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ അത് അറിയുന്നു; അതിനു സാക്ഷിയും ആകുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.

  44. 32 “ ‘വ്യഭിചാരിണിയേ! സ്വന്തം ഭർത്താവിനെക്കാളും പരപുരുഷന്മാരോടാണല്ലോ നിനക്കു പ്രിയം!

  45. 1 ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ;

    ഈ ദേശത്തു വസിക്കുന്ന നിങ്ങൾക്കുനേരേ

    യഹോവയ്ക്ക് ഒരു വ്യവഹാരം ഉണ്ട്:

    “ഈ ദേശത്തു വിശ്വസ്തതയോ സ്നേഹമോ

    ദൈവപരിജ്ഞാനമോ ഇല്ല;

    2 ശാപവും വ്യാജവും കൊലപാതകവും

    മോഷണവും വ്യഭിചാരവുംമാത്രമേയുള്ളൂ.

    അവർ സകല അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു;

    രക്തച്ചൊരിച്ചിലിനു പിന്നാലെ രക്തച്ചൊരിച്ചിൽതന്നെ.

  46. 13 നിങ്ങൾ മറ്റൊന്നുകൂടെ ചെയ്യുന്നു: നിങ്ങൾ യഹോവയുടെ യാഗപീഠത്തെ കണ്ണുനീർപ്രളയത്തിൽ മുക്കുന്നു. കാരണം അവിടന്നു നിങ്ങളുടെ വഴിപാടു കടാക്ഷിക്കുകയോ നിങ്ങളുടെ കരങ്ങളിൽനിന്ന് പ്രസാദമുള്ളതു സ്വീകരിക്കുകയോ ചെയ്യുന്നില്ല. 14 “അത് എന്തുകൊണ്ട്,” എന്നു നിങ്ങൾ ചോദിക്കുന്നു. നീയും നിന്റെ യൗവനത്തിലെ ഭാര്യയുംതമ്മിലുള്ള ഉടമ്പടിക്ക് യഹോവ സാക്ഷിയായിരുന്നു എന്നതുകൊണ്ടുതന്നെ. അവൾ നിന്റെ ജീവിതപങ്കാളിയും വിവാഹഉടമ്പടിയിലൂടെ നിന്റെ ഭാര്യയുമായിരുന്നിട്ടും നീ അവളോട് അവിശ്വസ്തത കാണിച്ചു.

    15 ഏകദൈവമല്ലേ നിന്നെ സൃഷ്ടിച്ചത്? ശരീരംകൊണ്ടും ആത്മാവുകൊണ്ടും നീ അവിടത്തെ വകയല്ലേ? ഈ ഏകദൈവം എന്താണ് നിന്നിൽ അന്വേഷിക്കുന്നത്? ദൈവഹിതപ്രകാരമുള്ള ഒരു സന്തതിയെത്തന്നെ. അതിനാൽ സൂക്ഷിച്ചുകൊള്ളുക; നിന്റെ യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കരുത്.

    16 ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ വിവാഹമോചനത്തെ വെറുക്കുന്നു, അതു ചെയ്യുന്നവൻ, മനുഷ്യൻ വസ്ത്രംകൊണ്ടെന്നപോലെ അതിക്രമംകൊണ്ടു തന്നെത്തന്നെ മൂടുന്നു” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

    അതുകൊണ്ട് ആത്മാവിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക: അവിശ്വസ്തത കാണിക്കുകയും അരുത്.

  47. 22 പിന്നെ യഹോവയായ ദൈവം, മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ ഉണ്ടാക്കി, അവളെ മനുഷ്യന്റെ അടുക്കലേക്ക് ആനയിച്ചു.

    23 അപ്പോൾ മനുഷ്യൻ ഇപ്രകാരം പറഞ്ഞു:

    “ഇത് എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും

    എന്റെ മാംസത്തിൽനിന്നുള്ള മാംസവും ആകുന്നു;

    നരനിൽനിന്ന് എടുത്തിരിക്കുകയാൽ

    ഇവൾക്കു ‘നാരി’ എന്നു പേരാകും.”

    24 ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും; അവർ ഒരു ശരീരമായിത്തീരും.

  48. 7 കുറെക്കാലത്തിനുശേഷം അവന്റെ യജമാനന്റെ ഭാര്യ യോസേഫിൽ ആസക്തയായി, “എന്നോടൊപ്പം കിടക്കയിലേക്കു വരിക” അവൾ പറഞ്ഞു.

    8 യോസേഫ് ആ ക്ഷണം നിരസിച്ചു. “എന്റെ യജമാനൻ എന്നെ കാര്യവിചാരകനാക്കിയതിനുശേഷം വീട്ടിലുള്ള ഒരു കാര്യത്തിലും ഇടപെടുന്നില്ല; തന്റെ ഉടമസ്ഥതയിലുള്ളതെല്ലാം അദ്ദേഹം എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. 9 ഈ ഭവനത്തിൽ എന്നെക്കാൾ വലിയവനായി ആരുമില്ല. നിങ്ങൾ എന്റെ യജമാനന്റെ ഭാര്യ ആയതിനാൽ നിങ്ങളെ ഒഴികെ, മറ്റൊന്നും എനിക്കു വിട്ടുതരാതെയിരുന്നിട്ടില്ല. അങ്ങനെയിരിക്കെ, ഇത്തരം ഒരു ദുഷ്കർമം ചെയ്യാനും ദൈവത്തോടു പാപം ചെയ്യാനും എനിക്കെങ്ങനെ കഴിയും?” എന്ന് യോസേഫ് ചോദിച്ചു. 10 അവൾ ദിവസംതോറും യോസേഫിനോടു സംസാരിച്ചെങ്കിലും അവളോടൊപ്പം കിടക്ക പങ്കിടാനോ അവളുടെ സമീപത്തു നിൽക്കാൻപോലുമോ അവൻ കൂട്ടാക്കിയില്ല.

    11 ഒരു ദിവസം യോസേഫ് തന്റെ ചുമതലയിൽപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് വീടിനുള്ളിലേക്കു പോയി; വീട്ടിലെ വേലക്കാർ ആരുംതന്നെ അകത്തുണ്ടായിരുന്നില്ല. 12 അവൾ അവന്റെ പുറങ്കുപ്പായത്തിൽ കടന്നു പിടിച്ചിട്ട്, “എന്നോടൊപ്പം കിടക്കയിലേക്കു വരിക” എന്നു പറഞ്ഞു. എന്നാൽ അവൻ ആ പുറങ്കുപ്പായം അവളുടെ കൈയിൽ വിട്ടിട്ട് വീടിനു പുറത്തേക്ക് ഓടിപ്പോയി.

  49. 1 അടുത്ത വസന്തകാലത്ത്, രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും കൂടെ രാജസേവകന്മാരെയും മുഴുവൻ ഇസ്രായേൽസൈന്യത്തെയും അയച്ചു. അവർ അമ്മോന്യരെ നശിപ്പിക്കുകയും രബ്ബാനഗരത്തെ ഉപരോധിക്കുകയും ചെയ്തു. എന്നാൽ ദാവീദ്, ജെറുശലേമിൽത്തന്നെ താമസിച്ചു.

    2 അന്ന് ഒരു സായാഹ്നത്തിൽ ദാവീദ് തന്റെ മെത്തയിൽനിന്ന് എഴുന്നേറ്റ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തിക്കൊണ്ടിരുന്നു. അദ്ദേഹം മട്ടുപ്പാവിൽ നിന്നുകൊണ്ട്, ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. ആ സ്ത്രീ അതീവസുന്ദരിയായിരുന്നു. 3 അവൾ ആരെന്ന് അന്വേഷിച്ചറിയുന്നതിന് ദാവീദ് ഒരാളെ അയച്ചു. അയാൾ തിരിച്ചുവന്ന്: “അത് ബേത്ത്-ശേബയാണ്, അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമാണ്” എന്നു പറഞ്ഞു. 4 അവളെ കൂട്ടിക്കൊണ്ടുവരാൻ ദാവീദ് ദൂതന്മാരെ അയച്ചു. അവൾ അദ്ദേഹത്തിന്റെ അടുത്തുവന്നു. അദ്ദേഹം അവളോടൊപ്പം കിടക്കപങ്കിട്ടു (അവൾ ഋതുസ്നാനം കഴിഞ്ഞ് ശുദ്ധിപ്രാപിച്ചിരുന്നു). പിന്നെ അവൾ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി. 5 അവൾ “ഞാൻ ഗർഭവതിയായിരിക്കുന്നു,” എന്ന് ദാവീദിനെ ആളയച്ച് വിവരം അറിയിച്ചു.

  50. 15 വ്യഭിചരിക്കുന്നവന്റെ കണ്ണ് അന്തിമയക്കത്തിനായി കാത്തിരിക്കുന്നു;

    ‘ഞാൻ ആരുടെയും കണ്ണിൽപ്പെടുകയില്ല,’ എന്നു പറഞ്ഞ്

    അവൻ തന്റെ മുഖം മറച്ചുനടക്കുന്നു.

    16 ഇരുട്ടിൽ മോഷ്ടാക്കൾ വീട് തുരന്നുകയറുന്നു,

    എന്നാൽ പകൽസമയത്ത് അവർ കതകടച്ചിരിക്കുന്നു;

    പ്രകാശമുള്ളപ്പോൾ അവർക്ക് ചെയ്യാൻ ഒന്നുംതന്നെയില്ല.

    17 അങ്ങനെയുള്ളവർക്കെല്ലാം പ്രഭാതം അർധരാത്രിയാണ്;

    അന്ധകാരത്തിന്റെ ബീഭൽസതകളുമായിട്ടാണ് അവർക്കു ചങ്ങാത്തം.

    18 “എന്നാൽ അവർ ജലോപരിതലത്തിലെ കുമിളകളാണ്;

    അവരുടെ ഭൂസ്വത്തുക്കൾ ശപിക്കപ്പെട്ടതാണ്,

    അതുകൊണ്ട് ആരും അവരുടെ മുന്തിരിത്തോപ്പുകളിലേക്ക് പ്രവേശിക്കുന്നില്ല.

  51. 1 ദരിദ്രരോടു സുവിശേഷം അറിയിക്കാൻ

    യഹോവയായ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ

    അവിടത്തെ ആത്മാവ് എന്റെമേലുണ്ട്.

    ഹൃദയം തകർന്നവരുടെ മുറിവു കെട്ടുന്നതിനും

    തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും

    ബന്ധിതരെ മോചിപ്പിക്കുന്നതിനും അവിടന്ന് എന്നെ അയച്ചിരിക്കുന്നു.

    2 യഹോവയുടെ പ്രസാദവർഷവും

    നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസംഗിക്കാനും

    വിലപിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും

    3 സീയോനിലെ ദുഃഖിതർക്കു—

    വെണ്ണീറിനു പകരം

    തലപ്പാവ് അലങ്കാരമായും

    വിലാപത്തിനു പകരം

    ആനന്ദതൈലവും

    വിഷാദഹൃദയത്തിനു പകരം

    സ്തുതിയെന്ന മേലങ്കിയും നൽകുവാനും,

    അവിടന്ന് എന്നെ അയച്ചിരിക്കുന്നു.

    അവിടത്തെ മഹത്ത്വം വെളിപ്പെടുത്തേണ്ടതിന്

    യഹോവ നട്ടുവളർത്തിയ

    നീതിയുടെ ഓക്കുമരങ്ങളാണ് അവർ എന്നു വിളിക്കപ്പെടും.

  52. 9 “ ‘നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും വ്യാജശപഥംചെയ്യുകയും ബാലിനു ധൂപംകാട്ടുകയും നിങ്ങൾ അറിയാത്ത അന്യദേവന്മാരെ സേവിക്കുകയും ചെയ്തശേഷം, 10 എന്റെ നാമം വഹിക്കുന്ന ഈ മന്ദിരത്തിൽ വന്ന് എന്റെ മുമ്പിൽനിന്നുകൊണ്ട്, “ഞങ്ങൾ സുരക്ഷിതരായിരിക്കുന്നു” എന്നു പറയുന്നത് ഈ മ്ലേച്ഛതകൾ ചെയ്യേണ്ടതിനു തന്നെയോ?

  53. 27 നിന്റെ വ്യഭിചാരം, ആസക്തിനിറഞ്ഞ ചിനപ്പ്,

    ലജ്ജാകരമായ വേശ്യാവൃത്തി

    എന്നീ മ്ലേച്ഛതകൾ,

    വയലേലകളിലും കുന്നിൻപുറങ്ങളിലും ഞാൻ കണ്ടിരിക്കുന്നു.

    ജെറുശലേമേ, നിനക്ക് അയ്യോ കഷ്ടം!

    എത്രകാലം നീ അശുദ്ധയായിരിക്കും?”

  54. 3 “ഏതെങ്കിലും കാരണത്താൽ ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ?” എന്നു ചില പരീശന്മാർ അടുത്തുചെന്ന് യേശുവിനെ പരീക്ഷിക്കുന്നതിനായി ചോദിച്ചു.

    4 അതിന് യേശു മറുപടി പറഞ്ഞത്: “സ്രഷ്ടാവ് ആരംഭത്തിൽ ‘പുരുഷനും സ്ത്രീയുമായിട്ടാണ് മനുഷ്യസൃഷ്ടി ചെയ്തത്.’ 5 അദ്ദേഹം തുടർന്നു, ‘ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും. അവരിരുവരും ഒരു ശരീരമായിത്തീരും’ എന്നു നിങ്ങൾ വായിച്ചിട്ടില്ലേ? 6 അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”

  55. 15 അവിശ്വാസിയായ ആൾ വേർപിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ. ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസിയോ വിശ്വാസിനിയോ അവരവരുടെ പങ്കാളിയുമായി ബദ്ധരായിരിക്കുന്നില്ല. സമാധാനത്തിൽ ജീവിക്കാനാണല്ലോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.

  56. 17 ഒരു ഇസ്രായേല്യനും—സ്ത്രീയോ പുരുഷനോ—ക്ഷേത്രഗണികയോ പുരുഷമൈഥുനക്കാരനോ ആകരുത്. 18 വേശ്യാവൃത്തിചെയ്യുന്ന സ്ത്രീയുടെയോ പുരുഷന്റെയോ കൂലി നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ നേർച്ചയായി കൊണ്ടുവരാൻ പാടില്ല. ഇവ രണ്ടും നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.

  57. 18 “എന്നെ അത്യധികം വിസ്മയിപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്,

    എനിക്കു മനസ്സിലാകാത്ത നാലുകാര്യങ്ങളുണ്ട്:

    19 ആകാശത്ത് കഴുകന്റെ വഴി,

    പാറയിൽക്കൂടെയുള്ള സർപ്പത്തിന്റെ വഴി,

    ആഴക്കടലിലൂടെയുള്ള കപ്പലിന്റെ സഞ്ചാരപഥം,

    ഒരു പുരുഷൻ ഒരു യുവതിയോട് അടുക്കുന്നവിധം എന്നിവതന്നെ.

    20 “ഒരു വ്യഭിചാരിണിയുടെ വഴി ഇപ്രകാരമാണ്:

    അവൾ തിന്നുകയും വായ് കഴുകുകയും ചെയ്തിട്ട്,

    ‘ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല’ എന്നു പറയുന്നു.

  58. 1 ഞാൻ ഇസ്രായേലിനെ സൗഖ്യമാക്കുമ്പോൾ,

    എഫ്രയീമിന്റെ പാപങ്ങൾ വെളിച്ചത്തുവരുകയും

    ശമര്യയുടെ കുറ്റകൃത്യങ്ങളും വെളിപ്പെട്ടുവരുകയുംചെയ്യുന്നു.

    അവർ വഞ്ചന പ്രവർത്തിക്കുന്നു;

    കള്ളന്മാർ വീടുകളിൽ കയറുന്നു,

    കൊള്ളക്കാർ പുറത്തു കവർച്ച നടത്തുന്നു.

    2 എന്നാൽ, അവരുടെ സകലദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന്

    അവർ തിരിച്ചറിയുന്നില്ല.

    അവരുടെ പാപങ്ങൾ അവരെ മൂടിയിരിക്കുന്നു;

    അവയെല്ലാം എപ്പോഴും എന്റെ മുമ്പിലുണ്ട്.

    3 “അവർ രാജാക്കന്മാരെ അവരുടെ ദുഷ്ടതകൊണ്ടും

    പ്രഭുക്കന്മാരെ അവരുടെ വ്യാജംകൊണ്ടും സന്തോഷിപ്പിക്കുന്നു.

    4 അവർ എല്ലാവരും വ്യഭിചാരികൾ,

    മാവു കുഴയ്ക്കുന്നതുമുതൽ അതു പുളിച്ചുപൊങ്ങുന്നതുവരെ

    അപ്പക്കാരൻ തീ കൂട്ടേണ്ട ആവശ്യമില്ലാത്ത

    അടുപ്പുപോലെ അവർ ജ്വലിക്കുന്നു.

  59. 5 “ഞാൻ നിന്നെ വിസ്തരിക്കുന്നതിനായി അടുത്തുവരും. ആഭിചാരകർ, വ്യഭിചാരികൾ, കള്ളശപഥംചെയ്യുന്നവർ. വേലക്കാരെ കൂലിയിൽ വഞ്ചിക്കുന്നവർ, വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർ, എന്നെ ഭയപ്പെടാതെ പ്രവാസികളുടെ ന്യായം മറിച്ചുകളയുന്നവർ എന്നിവർക്കെല്ലാം എതിരേ ഞാൻ ഉടൻതന്നെ സാക്ഷ്യംപറയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

  60. 22 വ്യഭിചാരം ചെയ്യരുത് എന്നു ജനങ്ങളോടു പറയുന്ന നീ വ്യഭിചാരംചെയ്യുന്നോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നോ?

  61. 9 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്” എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു.

  62. 16 വിവാഹിതയായ സ്ത്രീയേ, നീ ഭർത്താവിനെ രക്ഷയിലേക്കു നയിക്കില്ല എന്നു എങ്ങനെ അറിയാം? വിവാഹിതനായ പുരുഷാ, നീ ഭാര്യയെ രക്ഷയിലേക്കു നയിക്കില്ല എന്ന് എങ്ങനെ അറിയാം?

  63. 17 ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്. 18 അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു. 19 അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു.

    20-21 യേശുവിലുള്ള സത്യമനുസരിച്ചു നിങ്ങൾക്ക് ഉപദേശം ലഭിക്കുകയും ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും ചെയ്തതിനെത്തുടർന്ന് നിങ്ങൾ പരിശീലിച്ച ജീവിതശൈലി ഇങ്ങനെയുള്ളതല്ലല്ലോ.

  64. 15 ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. 16 കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. 17 ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.

  65. 8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”