38 Bible Verses About Witchcraft

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Witchcraft
  1. 9 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ പ്രവേശിക്കുമ്പോൾ അവിടെയുള്ള ജനതകളുടെ മ്ലേച്ഛതകൾ അനുകരിക്കാൻ അങ്ങനെയുള്ളവ പഠിക്കരുത്. 10 നിങ്ങളുടെ ഇടയിൽ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവരോ ദേവപ്രശ്നംവെക്കുന്നവരോ ആഭിചാരകരോ മൂഹൂർത്തം നോക്കുന്നവരോ ക്ഷുദ്രക്കാരോ 11 മന്ത്രവാദിയോ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ പ്രേതസമ്പർക്കമുള്ളവരോ ഉണ്ടായിരിക്കരുത്. 12 ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവരോട് യഹോവയ്ക്ക് അറപ്പാണ്. ഇത്തരം മ്ലേച്ഛതമൂലം നിന്റെ ദൈവമായ യഹോവ ആ ജനതകളെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. 13 നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കണം.

    14 നീ നീക്കംചെയ്യാനിരിക്കുന്ന ജനതകൾ മുഹൂർത്തക്കാരുടെയും ദേവപ്രശ്നംവെക്കുന്നവരുടെയും വാക്കു ശ്രദ്ധിച്ചു. എന്നാൽ അങ്ങനെ ചെയ്യാൻ നിന്റെ ദൈവമായ യഹോവ നിന്നെ അനുവദിച്ചിട്ടില്ല.

  2. 16 ആകയാൽ ഞാൻ പറയുന്നു: യാതൊരുവിധത്തിലും പാപത്തിന്റെ ഇച്ഛകൾക്ക് വശംവദരാകാതെ ദൈവാത്മനിയന്ത്രണത്തിൽ ജീവിക്കുക. 17 പാപാസക്തി ദൈവാത്മാഭിലാഷത്തിനും ദൈവാത്മാഭിലാഷം പാപാസക്തിക്കും വിരുദ്ധമാണ്. ഇവ പരസ്പരം ശത്രുക്കളാണ്; അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയുന്നുമില്ല. 18 നിങ്ങൾ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിന് അധീനരല്ല.

    19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.

  3. 18 “ആഭിചാരകരെ ജീവിക്കാൻ അനുവദിക്കരുത്.

  4. 12 നിന്റെ ക്ഷുദ്രപ്രയോഗത്തെ ഞാൻ നശിപ്പിക്കും

    നീ ഇനിയൊരിക്കലും ലക്ഷണംനോക്കുകയില്ല.

  5. 22 എന്നാൽ ശമുവേൽ അതിനു മറുപടി പറഞ്ഞു:

    “യഹോവയുടെ കൽപ്പന കേട്ടനുസരിക്കുന്നതുപോലെയുള്ള പ്രസാദം

    യഹോവയ്ക്ക് ഹോമയാഗങ്ങളിലും ബലികളിലും ഉണ്ടാകുമോ?

    അനുസരിക്കുന്നത് ബലിയെക്കാൾ ശ്രേഷ്ഠം!

    കൽപ്പന ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം!

    23 മാത്സര്യം ദേവപ്രശ്നംവെക്കുന്നതുപോലെതന്നെ പാപമാണ്!

    ശാഠ്യം വിഗ്രഹാരാധനപോലെയുള്ള തിന്മയാണ്.

    നീ യഹോവയുടെ വചനം തള്ളിക്കളഞ്ഞതിനാൽ

    അവിടന്നു നിന്നെ രാജത്വത്തിൽനിന്നും തള്ളിക്കളഞ്ഞിരിക്കുന്നു.”

    24 അപ്പോൾ ശൗൽ ശമുവേലിനോടു പറഞ്ഞു: “ഞാൻ പാപംചെയ്തു! ഞാൻ യഹോവയുടെ കൽപ്പനകളും അങ്ങയുടെ നിർദേശങ്ങളും ലംഘിച്ചിരിക്കുന്നു. ഞാൻ ജനങ്ങളെ ഭയപ്പെടുകമൂലം അവരുടെ ഹിതത്തിനു വഴങ്ങിക്കൊടുത്തുപോയി.

  6. 6 അദ്ദേഹം തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിയിൽ ഹോമിച്ചു; ദേവപ്രശ്നംവെക്കുക, ആഭിചാരം, ശകുനംനോക്കുക ഇവയെല്ലാം ചെയ്തു; ലക്ഷണംപറയുന്നവർ, വെളിച്ചപ്പാടുകൾ, ഭൂതസേവക്കാർ എന്നിവരോട് ആലോചന ചോദിച്ചു; ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.

  7. 18 ഇതാ, ഞാനും യഹോവ എനിക്കു നൽകിയ മക്കളും. സീയോൻപർവതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഇസ്രായേലിനുള്ള ചിഹ്നങ്ങളും മുന്നറിയിപ്പുകളും ആയിരിക്കുന്നു.

    19 വെളിച്ചപ്പാടുകളോടും തന്ത്രമന്ത്രങ്ങൾ ചെയ്യുന്ന ഭൂതസേവക്കാരോടും ആലോചന ചോദിക്കുക, എന്ന് അവർ നിങ്ങളോടു പറയുന്നെങ്കിൽ ജനം തങ്ങളുടെ ദൈവത്തോടല്ലേ ആലോചന ചോദിക്കേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോട് ആരായുന്നത് എന്തിന്? 20 ദൈവത്തിന്റെ നിർദേശത്തിനും പ്രവാചകസാക്ഷ്യത്തിനും ആരായുക. ഈ വചനപ്രകാരം ഒരാൾ സംസാരിക്കുന്നില്ലെങ്കിൽ അത് അവർക്ക് ഉഷസ്സിന്റെ വെളിച്ചം ഇല്ലായ്കയാലാണ്. 21 അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ കോപിച്ച് തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിച്ച് മുഖം ആകാശത്തിലേക്കു തിരിക്കും, 22 അവർ ഭൂമിയിലേക്കു നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും ഭയാനകമായ മൂകതയുംമാത്രമേ കാണുകയുള്ളൂ; ഒടുവിൽ അവർ ഘോരാന്ധകാരത്തിലേക്കു തള്ളപ്പെടും.

  8. 10 നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു,

    ‘ആരും എന്നെ കാണുന്നില്ല,’ എന്നു നീ പറഞ്ഞു.

    നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ വഴിതെറ്റിച്ചു.

    ‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല’

    എന്നു നീ ഹൃദയത്തിൽ പറഞ്ഞപ്പോൾത്തന്നെ.

    11 അതിനാൽ അനർഥം നിന്റെമേൽ പതിക്കും,

    മന്ത്രവാദംകൊണ്ട് അതു നീക്കാൻ നിനക്കു കഴിയുകയില്ല.

    നിനക്കു പരിഹരിക്കാനാകാത്ത

    ആപത്തു നിന്റെമേൽ വരും;

    നിനക്കു ചിന്തിക്കാൻപോലും കഴിയാത്ത വിനാശം

    നിന്റെമേൽ പെട്ടെന്നുതന്നെ വീഴും.

    12 “ഇപ്പോൾ, നീ ബാല്യംമുതൽ ചെയ്തുവന്ന

    നിന്റെ ആഭിചാരങ്ങളും

    ക്ഷുദ്രപ്രയോഗങ്ങളുടെ ബാഹുല്യവും തുടരുക.

    ഒരുപക്ഷേ നിനക്കു ഫലം ലഭിച്ചേക്കാം,

    ഒരുപക്ഷേ നീ ഭീതി ജനിപ്പിച്ചേക്കാം.

    13 ആലോചനയുടെ ബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു!

    ഇപ്പോൾ ജ്യോതിഷികൾ മുമ്പോട്ടുവരട്ടെ,

    നക്ഷത്രം നോക്കുന്നവരും അമാവാസി കണ്ടു പ്രവചിക്കുന്നവരും,

    നിനക്കു സംഭവിക്കാൻ പോകുന്നവയിൽനിന്ന് നിന്നെ വിടുവിക്കട്ടെ.

    14 ഇതാ, അവർ വൈക്കോൽക്കുറ്റിപോലെ ആകും;

    തീ അവരെ ദഹിപ്പിച്ചുകളയും.

    അഗ്നിജ്വാലയുടെ ശക്തിയിൽനിന്നു

    തങ്ങളെത്തന്നെ രക്ഷിക്കാൻ അവർക്കു കഴിവില്ല.

    അതു കുളിർമാറ്റുന്നതിനുള്ള കനലോ

    കായുവാൻ തക്ക തീയോ അല്ല.

    15 ബാല്യംമുതൽ നിന്നോടു ചേർന്ന് അധ്വാനിച്ചിരുന്നവരും

    നിന്നോടു ചേർന്നു കച്ചവടംചെയ്തവരും

    അതിലപ്പുറമാകുകയില്ല.

    അവർ ഓരോരുത്തരും അവരവരുടെ ദിശയിലേക്കു ചിതറിപ്പോകും;

    നിന്നെ രക്ഷിക്കാൻ ആരും അവശേഷിക്കുകയില്ല.

  9. 21 “എന്റെ രഥം പൂട്ടുക,” എന്നു യോരാം ആജ്ഞാപിച്ചു. അതു പൂട്ടിക്കഴിഞ്ഞപ്പോൾ ഇസ്രായേൽരാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും അവരവരുടെ രഥങ്ങളിൽക്കയറി യേഹുവിനെ എതിരേൽക്കുന്നതിനായി ഓടിച്ചുപോയി. യെസ്രീല്യനായ നാബോത്തിന്റെ വകയായിരുന്ന നിലത്തിനരികെയുള്ള സ്ഥലത്തുവെച്ച് അവർ അദ്ദേഹത്തെ കണ്ടുമുട്ടി. 22 യേഹുവിനെ കണ്ടപ്പോൾ യോരാം ചോദിച്ചു: “യേഹുവേ, നീ സമാധാനവുമായാണോ വരുന്നത്?”

    യേഹു മറുപടി പറഞ്ഞു: “നിന്റെ അമ്മയായ ഈസബേലിന്റെ വിഗ്രഹാരാധനയും ക്ഷുദ്രപ്രയോഗവും പെരുകിയിരിക്കുന്നകാലത്തോളം എങ്ങനെ സമാധാനമുണ്ടാകും?”

  10. 9 ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യൻ കുറെക്കാലമായി മന്ത്രവാദം നടത്തി, താൻ ഒരു മഹാൻ എന്നു നടിച്ച് ശമര്യാപട്ടണത്തിലെ ആളുകളെയെല്ലാം ഭ്രമിപ്പിച്ചിരുന്നു. 10 “ഇയാൾ ദൈവത്തിന്റെ ശക്തിയാണ്; ഇയാളിൽ ശക്തീദേവിയാണ് ആവസിക്കുന്നത്,” എന്നു പറഞ്ഞുകൊണ്ട് വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസംകൂടാതെ എല്ലാവരും ഇയാളിൽ ആകൃഷ്ടരായിരുന്നു. 11 ശിമോൻ തന്റെ മന്ത്രവിദ്യകൊണ്ട് ഏറെക്കാലമായി അവരെ ഭ്രമിപ്പിച്ചതിനാലാണ് ജനം അയാളെ ശ്രദ്ധിച്ചത്. 12 ദൈവരാജ്യത്തിന്റെ സുവിശേഷവും യേശുക്രിസ്തുവിന്റെ നാമവും ഫിലിപ്പൊസ് പ്രസംഗിച്ചതു കേട്ടപ്പോൾ അവർ യേശുവിൽ വിശ്വസിച്ചു. സ്ത്രീകളും പുരുഷന്മാരും സ്നാനമേറ്റു. 13 ശിമോനും വിശ്വസിച്ചു സ്നാനമേറ്റു. അവിടെ നടന്ന ചിഹ്നങ്ങളും വീര്യപ്രവൃത്തികളും കണ്ടു വിസ്മയിച്ച അയാൾ ഫിലിപ്പൊസ് പോയ സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ അനുഗമിച്ചു.

  11. 31 “ ‘വെളിച്ചപ്പാടുകളെയോ ഭൂതസേവക്കാരെയോ അന്വേഷിക്കരുത്. കാരണം അവരാൽ നിങ്ങൾ അശുദ്ധരായിത്തീരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

  12. 26 യഹോവയായ ഞാൻ വിശുദ്ധനായതുകൊണ്ടു നിങ്ങൾ എനിക്കു വിശുദ്ധരായിരിക്കണം. എനിക്കു സ്വന്തമായിരിക്കേണ്ടതിനു നിങ്ങളെ ഞാൻ ഇതര ജനതകളിൽനിന്ന് വേർതിരിച്ചിരിക്കുന്നു.

    27 “ ‘നിങ്ങളുടെ ഇടയിൽ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ ആയ സ്ത്രീപുരുഷന്മാർ ഉണ്ടെങ്കിൽ അവർ മരണശിക്ഷ അനുഭവിക്കണം. നിങ്ങൾ അവരെ കല്ലെറിയണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.’ ”

  13. 9 ‘നിങ്ങൾ ബാബേൽരാജാവിനെ സേവിക്കുകയില്ല,’ എന്നു നിങ്ങളോടു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരുടെയും ദേവപ്രശ്നംവെക്കുന്നവരുടെയും സ്വപ്നവ്യാഖ്യാനികളുടെയും വെളിച്ചപ്പാടുകളുടെയും മന്ത്രവാദികളുടെയും വാക്കുകൾ നിങ്ങൾ കേൾക്കരുത്. 10 നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു നീക്കിക്കളയുന്നതിന് അവർ നിങ്ങളോടു വ്യാജം പ്രവചിക്കുന്നു; ഞാൻ നിങ്ങളെ നാടുകടത്തുകയും നിങ്ങൾ നശിച്ചുപോകുകയും ചെയ്യും.

  14. 4 ഇതെല്ലാം സംഭവിച്ചത് ഒരു വേശ്യയുടെ അമിതാവേശംകൊണ്ടുതന്നെ;

    അവൾ വശീകരണവും ക്ഷുദ്രനൈപുണ്യവുമുള്ളവൾ!

    വ്യഭിചാരത്താൽ രാജ്യങ്ങളെയും

    ദുർമന്ത്രവാദത്താൽ ജനതകളെയും കീഴ്പ്പെടുത്തിയവൾതന്നെ.

    5 “ഞാൻ നിനക്ക് എതിരാണ്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

    “ഞാൻ നിന്റെ വസ്ത്രം മുഖത്തോളം ഉയർത്തും.

    ഞാൻ രാഷ്ട്രങ്ങളെ നിന്റെ നഗ്നതയും

    രാജ്യങ്ങളെ നിന്റെ ഗുഹ്യഭാഗവും കാണിക്കും.

  15. 17 എഫേസോസിൽ വസിച്ചിരുന്ന യെഹൂദരും ഗ്രീക്കുകാരും ഇത് അറിഞ്ഞു. അവരെല്ലാവരും ഭയപ്പെട്ടു. കർത്താവായ യേശുവിന്റെ നാമം അത്യന്തം മഹത്ത്വപ്പെട്ടു. 18 വിശ്വസിച്ചവരിൽ പലരും വന്ന് തങ്ങളുടെ ദുഷ്‌പ്രവൃത്തികൾ പരസ്യമായി ഏറ്റുപറഞ്ഞു. 19 ക്ഷുദ്രപ്രയോഗം നടത്തിവന്നവർ തങ്ങളുടെ പുസ്തകച്ചുരുളുകൾ കൊണ്ടുവന്ന് എല്ലാവരും കാൺകെ അഗ്നിക്കിരയാക്കി. ആ ചുരുളുകളുടെ വില കണക്കാക്കിയപ്പോൾ അതിന്റെ ആകെ തുക അൻപതിനായിരം ദ്രഹ്മയായിരുന്നു. 20 ഇങ്ങനെ കർത്താവിന്റെ വചനം എല്ലായിടത്തും പ്രചരിക്കുകയും ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.

  16. 6 അദ്ദേഹം യഹോവയോട് ആലോചന ചോദിച്ചു; എന്നാൽ യഹോവ സ്വപ്നത്താലോ ഊറീംകൊണ്ടോ പ്രവാചകന്മാരിലൂടെയോ മറുപടി നൽകിയില്ല. 7 “ഞാൻ ചെന്ന് അഭിപ്രായം ആരായേണ്ടതിന് ഒരു വെളിച്ചപ്പാടത്തിയെ കണ്ടുപിടിക്കുക,” എന്നു ശൗൽ തന്റെ ഭൃത്യന്മാരോട് ആജ്ഞാപിച്ചു.

    “എൻ-ദോരിൽ അങ്ങനെ ഒരുവളുണ്ട്,” അവർ പറഞ്ഞു.

    8 അതിനാൽ ശൗൽ വേഷംമാറി, വേറെ വസ്ത്രംധരിച്ച്, രണ്ടുപേരെയുംകൂട്ടി, യാത്രയായി. അവർ രാത്രിയിൽത്തന്നെ ആ സ്ത്രീയുടെ അടുത്തെത്തി. അദ്ദേഹം അവളോടു പറഞ്ഞു: “ഒരു പ്രേതാത്മാവിന്റെ സഹായത്തോടെ നീ എനിക്കുവേണ്ടി മരിച്ചുപോയ ഒരാളോടു സംസാരിക്കണം; ഞാൻ പറയുന്ന ആളുടെ ആത്മാവിനെ എനിക്കുവേണ്ടി വരുത്തിത്തരണം.”

    9 എന്നാൽ ആ സ്ത്രീ അയാളോട്: “ശൗൽ ചെയ്തതെന്താണെന്ന് തീർച്ചയായും അങ്ങേക്ക് അറിയാമല്ലോ! അദ്ദേഹം വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞുവല്ലോ! എനിക്കു മരണം വരുത്താൻ എന്റെ ജീവനുവേണ്ടി അങ്ങ് കെണി വെക്കുന്നതെന്തിന്?” എന്നു ചോദിച്ചു.

    10 “ജീവനുള്ള യഹോവയാണെ, ഇതിന്റെപേരിൽ നീ ശിക്ഷിക്കപ്പെടുകയില്ല,” എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു ശപഥംചെയ്തു.

    11 “അങ്ങേക്കുവേണ്ടി ഞാൻ ആരെയാണു വരുത്തിത്തരേണ്ടത്?” എന്നു സ്ത്രീ ചോദിച്ചു.

    “ശമുവേലിനെ വരുത്തിത്തരണം,” എന്ന് ശൗൽ മറുപടി പറഞ്ഞു.

    12 ആ സ്ത്രീ ശമുവേലിനെക്കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ശൗലിനോടു ചോദിച്ചു: “അങ്ങെന്നെ ചതിച്ചതെന്തിന്? അങ്ങു ശൗലാകുന്നുവല്ലോ!” എന്നു പറഞ്ഞു.

    13 രാജാവ് അവളോട്: “ഭയപ്പെടേണ്ട, പറയുക. നീ എന്താണു കാണുന്നത്?” എന്നു ചോദിച്ചു.

    “ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു,” എന്ന് സ്ത്രീ ശൗലിനോടു മറുപടി പറഞ്ഞു.

    14 “അവൻ ഏതുപോലെയിരിക്കുന്നു,” എന്ന് അദ്ദേഹം ചോദിച്ചു.

    “ഒരു വൃദ്ധൻ, നിലയങ്കിധരിച്ച് കയറിവരുന്നു,” എന്നു സ്ത്രീ പറഞ്ഞു.

    അതു ശമുവേലാണെന്ന് അപ്പോൾ ശൗലിനു മനസ്സിലായി. അയാൾ സാഷ്ടാംഗം വീണു നമസ്കരിച്ചു.

  17. 8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”

  18. 11 ഫറവോൻ ജ്ഞാനികളെയും ആഭിചാരകന്മാരെയും വരുത്തി, ഈജിപ്റ്റിലെ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവിദ്യയാൽ അതേ പ്രവൃത്തി ചെയ്തു. 12 ഓരോരുത്തനും അവനവന്റെ വടി നിലത്തിടുകയും അതു പാമ്പായിത്തീരുകയും ചെയ്തു. എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.

  19. 26 “ ‘രക്തത്തോടുകൂടി മാംസം ഭക്ഷിക്കരുത്.

    “ ‘ദേവപ്രശ്നംവെക്കുകയോ ശകുനംനോക്കുകയോ അരുത്.

  20. 6 “ ‘വെളിച്ചപ്പാടുകളിലേക്കും ഭൂതസേവക്കാരിലേക്കും തിരിഞ്ഞ് അവരെ അനുഗമിക്കുന്നതിലൂടെ പരസംഗം ചെയ്യുന്നവർക്കെതിരേ ഞാൻ മുഖംതിരിക്കുകയും സ്വജനത്തിൽനിന്ന് അവരെ ഛേദിച്ചുകളയുകയും ചെയ്യും.

  21. 9 ഒരൊറ്റ നിമിഷംകൊണ്ട്, ഒരേദിവസംതന്നെ

    ഇവ രണ്ടും നീ നേരിടും.

    നിനക്ക് അസംഖ്യം ക്ഷുദ്രപ്രയോഗങ്ങളും

    ശക്തിയേറിയ എല്ലാ ആഭിചാരങ്ങളും ഉണ്ടായിരുന്നിട്ടും

    പുത്രനഷ്ടവും വൈധവ്യവും

    അതിന്റെ പൂർണതയിൽ നിനക്കു നേരിടേണ്ടിവരും.

  22. 16 ഒരിക്കൽ ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഒരു അടിമപ്പെൺകുട്ടിയെ കണ്ടു. അവളെ ഒരു ദുരാത്മാവ് ബാധിച്ചിരുന്നു; അതിന്റെ സഹായത്താൽ ഭാവി പ്രവചിച്ചുകൊണ്ട് അവൾ അവളുടെ യജമാനന്മാർക്കു ധാരാളം പണം സമ്പാദിച്ചുകൊടുക്കുന്നുണ്ടായിരുന്നു. 17 ഈ പെൺകുട്ടി പൗലോസിനെയും ഞങ്ങളെല്ലാവരെയും പിൻതുടരുകയും “ഈ മനുഷ്യർ പരമോന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്, രക്ഷപ്രാപിക്കാനുള്ള വഴി ഇവർ നിങ്ങൾക്കു പറഞ്ഞുതരുന്നു,” എന്നിങ്ങനെ വിളിച്ചുപറയുകയും ചെയ്തു. 18 അവൾ ഇക്കാര്യം കുറെനാൾ തുടർന്നു. ഒടുവിൽ, ശല്യം സഹിക്കവയ്യാതെ പൗലോസ് അവളുടെനേർക്കു തിരിഞ്ഞ്, അവളിൽ ആവസിച്ചിരുന്ന ആത്മാവിനോട്, “ഇവളിൽനിന്ന് പുറത്തുപോകാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ ആത്മാവ് അവളെ വിട്ടുപോയി.

    19 തങ്ങളുടെ ധനാഗമമാർഗം നഷ്ടമായി എന്നു മനസ്സിലാക്കിയ ആ അടിമപ്പെൺകുട്ടിയുടെ യജമാനന്മാർ പൗലോസിനെയും ശീലാസിനെയും പിടികൂടി; അധികാരികളുടെമുമ്പിൽ നിർത്തേണ്ടതിനു ചന്തസ്ഥലത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി.

  23. 13 ശൗൽ യഹോവയോട് അവിശ്വസ്തത കാണിച്ചു, യഹോവയുടെ വചനങ്ങൾ പ്രമാണിച്ചില്ല; അതിനും ഉപരിയായി വെളിച്ചപ്പാടത്തിയോട് ഉപദേശം തേടുകയും ചെയ്തു. അതിനാൽ ശൗലിന് ഈ വിധമുള്ള അന്ത്യം നേരിട്ടു. 14 തന്നോടു മാർഗനിർദേശം ആരാഞ്ഞില്ല എന്നതുകൊണ്ട് യഹോവ അവനെ മരണത്തിനേൽപ്പിച്ചു; രാജ്യം യിശ്ശായിയുടെ പുത്രനായ ദാവീദിനു നൽകുകയും ചെയ്തു.

  24. 2 അപ്പോൾ രാജാവു സ്വപ്നം തന്നെ അറിയിക്കാൻ ആഭിചാരകരെയും മന്ത്രവാദികളെയും ക്ഷുദ്രക്കാരെയും ജ്യോതിഷികളെയും വിളിക്കാൻ കൽപ്പനകൊടുത്തു. അങ്ങനെ അവർ വന്ന് രാജസന്നിധിയിൽ നിന്നു.

  25. 14 “നഗരകവാടങ്ങളിലൂടെ പ്രവേശിക്കാനും ജീവവൃക്ഷഫലം ആസ്വദിക്കാനുള്ള അധികാരം ലഭിക്കാനും യോഗ്യത നേടേണ്ടതിന് ശുദ്ധീകരിക്കപ്പെട്ട വസ്ത്രങ്ങൾ ഉള്ളവർ അനുഗൃഹീതർ. 15 എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ.

  26. 20 ഈ ബാധകളാൽ കൊല്ലപ്പെടാതെ അവശേഷിച്ച മനുഷ്യർ എന്നിട്ടും തങ്ങളുടെ ദുഷ്‌പ്രവൃത്തികളിൽനിന്ന് മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിഞ്ഞില്ല. അവർ സ്വർണം, വെള്ളി, വെങ്കലം, കല്ല്, തടി എന്നിവകൊണ്ടു നിർമിച്ചതും കാണാനും കേൾക്കാനും നടക്കാനും കഴിവില്ലാത്തതുമായ വിഗ്രഹങ്ങളെയും ഭൂതങ്ങളെയും ഭജിക്കുന്നത് അവസാനിപ്പിച്ചില്ല. 21 തങ്ങൾചെയ്ത കൊലപാതകം, മന്ത്രവാദം, അസാന്മാർഗികത, മോഷണം എന്നിവയെപ്പറ്റി അവർ അനുതപിച്ചതുമില്ല.

  27. 23 ഒരു ദീപവും

    ഇനി നിന്നിൽ ജ്വലിക്കുകയില്ല.

    വധൂവരന്മാരുടെ ഉല്ലാസഘോഷം

    ഇനി നിന്നിൽ കേൾക്കുകയില്ല.

    നിന്റെ വ്യാപാരികൾ ഭൂമിയിലെ പ്രധാനികളായിരുന്നു.

    ആഭിചാരത്താൽ നീ സകലജനതയെയും വഞ്ചിച്ചിരുന്നു.

  28. 3 ശമുവേൽ മരിച്ചുപോയിരുന്നു. ഇസ്രായേലെല്ലാം അദ്ദേഹത്തെ ഓർത്തു വിലപിക്കുകയും അദ്ദേഹത്തെ രാമായിൽ—സ്വന്തം പട്ടണത്തിൽത്തന്നെ—സംസ്കരിക്കുകയും ചെയ്തിരുന്നു. ശൗൽ വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും നാട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

  29. 17 അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ബലിയർപ്പിച്ചു; അവർ ദേവപ്രശ്നംവെക്കുകയും ശകുനംനോക്കുകയും ചെയ്തു; യഹോവയുടെ കൺമുമ്പിൽ തിന്മ പ്രവർത്തിക്കുന്നതിനായി അവർ തങ്ങളെത്തന്നെ വിറ്റുകളഞ്ഞു. അങ്ങനെ അവർ യഹോവയുടെ ക്രോധം ജ്വലിപ്പിച്ചു.

  30. 1 ഈജിപ്റ്റിനെതിരേയുള്ള പ്രവചനം:

    ഇതാ, യഹോവ അതിവേഗമുള്ള ഒരു മേഘത്തെ വാഹനമാക്കി

    ഈജിപ്റ്റിലേക്കു വരുന്നു.

    ഈജിപ്റ്റിലെ വിഗ്രഹങ്ങൾ അവിടത്തെ സന്നിധിയിൽ വിറയ്ക്കുന്നു,

    ഈജിപ്റ്റുകാരുടെ ഹൃദയം അവരുടെ ഉള്ളിൽ ഉരുകിപ്പോകുന്നു.

    2 “ഞാൻ ഈജിപ്റ്റുകാരെ ഈജിപ്റ്റുകാർക്കെതിരേ ഇളക്കിവിടും—

    സഹോദരങ്ങൾ സഹോദരങ്ങൾക്കെതിരായും

    അയൽവാസികൾ അയൽവാസികൾക്കെതിരായും

    പട്ടണം പട്ടണത്തിനെതിരായും

    രാജ്യം രാജ്യത്തിനെതിരായും പോരാടും.

    3 അന്ന് ഈജിപ്റ്റുകാരുടെ ചൈതന്യം ക്ഷയിച്ചുപോകും,

    അവരുടെ പദ്ധതികൾ ഞാൻ കുഴപ്പത്തിലാക്കും;

    തന്മൂലം അവർ വിഗ്രഹങ്ങളെയും പ്രേതാത്മാക്കളെയും

    വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ആശ്രയിക്കും.

    4 ഞാൻ ഈജിപ്റ്റുനിവാസികളെ

    ക്രൂരനായ ഒരു യജമാനന്റെ അധീനതയിൽ ഏൽപ്പിക്കും,

    ഒരു ശക്തനായ രാജാവ് അവരുടെമേൽ വാഴും,”

    എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

  31. 20 യഹോവ കൽപ്പിച്ചതുപോലെതന്നെ മോശയും അഹരോനും ചെയ്തു. ഫറവോന്റെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ അഹരോൻ തന്റെ വടി ഉയർത്തി നൈൽനദിയിലെ വെള്ളത്തിൽ അടിച്ചു. വെള്ളം മുഴുവൻ രക്തമായിത്തീർന്നു. 21 നൈലിലെ മീൻ എല്ലാം ചത്തു, ഈജിപ്റ്റുകാർക്ക് ആ നദിയിലെ വെള്ളം കുടിക്കാൻ വയ്യാത്തവണ്ണം അതിൽനിന്ന് നാറ്റം വമിച്ചു. ഈജിപ്റ്റിൽ എല്ലായിടത്തും രക്തം കാണപ്പെട്ടു.

    22 ഈജിപ്റ്റുകാരായ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവാദത്താൽ അതേകാര്യം ചെയ്തു. ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു; യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു ശ്രദ്ധിച്ചില്ല. 23 പിന്നെയോ, അയാൾ തിരിഞ്ഞു തന്റെ കൊട്ടാരത്തിലേക്കു കയറിപ്പോയി, ഇതൊന്നും അവൻ ഗൗനിച്ചതേയില്ല. 24 ഈജിപ്റ്റുകാർക്കു നൈലിലെ വെള്ളം കുടിക്കാൻ കഴിയാതിരുന്നതുകൊണ്ട് അവരെല്ലാവരും കുടിവെള്ളത്തിനുവേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി.

  32. 17 “ഇപ്പോൾ മനുഷ്യപുത്രാ, സ്വന്തം ഭാവനയ്ക്കനുസരിച്ചു പ്രവചിക്കുന്ന അങ്ങയുടെ ജനത്തിന്റെ പുത്രിമാരുടെ നേരേ മുഖം തിരിക്കുക. അവർക്കെതിരേ പ്രവചിച്ച് 18 പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജനത്തെ കെണിയിൽപ്പെടുത്തുന്നതിന് എല്ലാ കൈത്തണ്ടകളിലും കെട്ടുന്നതിനുള്ള മാന്ത്രികച്ചരടു നെയ്യുകയും പല അളവുകളിലുള്ള ശിരോവസ്ത്രം നിർമിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിന്റെ ജീവൻ കെണിയിൽ അകപ്പെടുത്തുകയും നിങ്ങളുടെ സ്വന്തം ജനത്തെ സംരക്ഷിക്കുകയും ചെയ്യുമെന്നോ? 19 എന്റെ ജനത്തിന്റെ മധ്യത്തിൽ ഒരുപിടി യവത്തിനും ഏതാനും അപ്പക്കഷണങ്ങൾക്കുംവേണ്ടി നിങ്ങൾ എന്നെ അശുദ്ധമാക്കിയിരിക്കുന്നു. വ്യാജം ശ്രദ്ധിക്കുന്നവരായ എന്റെ ജനത്തോടു നിങ്ങൾ വ്യാജം പറഞ്ഞുകൊണ്ട്, വധിക്കപ്പെടാൻ പാടില്ലാത്തവരെ വധിക്കുകയും ജീവിച്ചിരിക്കാൻ പാടില്ലാത്തവരെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്തു.

    20 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പക്ഷികളെയെന്നപോലെ ആളുകളെ കെണിയിൽപ്പെടുത്തുന്ന നിങ്ങളുടെ മാന്ത്രികച്ചരടുകളോടു ഞാൻ എതിർത്തുനിൽക്കുന്നു. നിങ്ങളുടെ കൈകളിൽനിന്ന് ഞാൻ അവയെ ചീന്തിക്കളയും; പക്ഷികളെയെന്നപോലെ നിങ്ങൾ വേട്ടയാടിയ ജീവിതങ്ങളെ ഞാൻ വിടുവിക്കും. 21 നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ ചീന്തിക്കളഞ്ഞ് എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. മേലാൽ വേട്ടയാടപ്പെടേണ്ടതിന് അവർ നിങ്ങൾക്ക് അധീനരായിരിക്കുകയില്ല; അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. 22 നീതിനിഷ്ഠർക്കു ഞാൻ ദുഃഖം വരുത്താതിരിക്കെ, നിങ്ങൾ വ്യാജംപറഞ്ഞ് അവരെ ദുഃഖിപ്പിക്കും. ദുഷ്ടർ തങ്ങളുടെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവരുടെ ജീവൻ നിങ്ങൾ സംരക്ഷിക്കുന്നതുകൊണ്ട്, 23 നിങ്ങൾ മേലാൽ വ്യാജദർശനങ്ങൾ കാണുകയോ ദേവപ്രശ്നംവെക്കുകയോ ചെയ്യുകയില്ല; എന്റെ ജനത്തെ ഞാൻ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ”

  33. 6 അവർ ദ്വീപിൽ എല്ലായിടത്തും സഞ്ചരിച്ച് ഒടുവിൽ പാഫോസ് നഗരത്തിലെത്തി. അവിടെ ബർയേശു എന്നു പേരുള്ള വ്യാജപ്രവാചകനായ ഒരു യെഹൂദമന്ത്രവാദിയെ കണ്ടുമുട്ടി. 7 അയാൾ സെർഗിയോസ് പൗലോസ് എന്ന ഭരണാധികാരിയുടെ സുഹൃത്തായിരുന്നു. ബുദ്ധിമാനായിരുന്ന ഭരണാധികാരി ദൈവവചനം കേൾക്കാൻ ആഗ്രഹിച്ച് ബർന്നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി. 8 എന്നാൽ “എലീമാസ്,” എന്ന ആ മന്ത്രവാദി (ഗ്രീക്കുകാർക്കിടയിൽ അയാൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) അവരെ എതിർക്കുകയും ഭരണാധികാരിയെ വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. 9 അപ്പോൾ പൗലോസ് എന്നുകൂടെ പേരുള്ള ശൗൽ പരിശുദ്ധാത്മാവു നിറഞ്ഞവനായി എലീമാസിനെ ഉറ്റുനോക്കി ഇങ്ങനെ പറഞ്ഞു, 10 “പിശാചിന്റെ മകനേ, എല്ലാ നന്മയുടെയും ശത്രുവേ, സകലവിധ വഞ്ചനയും കൗശലവും നിന്നിൽ നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ നേർപാതകൾ വികലമാക്കുന്നതു നീ നിർത്തുകയില്ലേ? 11 ഇപ്പോഴിതാ, കർത്താവിന്റെ കരം നിനക്കു വിരോധമായിരിക്കുന്നു. കുറെക്കാലത്തേക്കു നീ അന്ധനായി, സൂര്യന്റെ പ്രകാശംപോലും കാണാൻ കഴിയാത്തവനായിരിക്കും.”

    ഉടൻതന്നെ ഇരുട്ടും ഒരു മൂടലും അയാളുടെ കണ്ണുകളെ ആവരണംചെയ്തു. ആരെങ്കിലും തന്നെ കൈപിടിച്ചു നടത്താൻ അപേക്ഷിച്ചുകൊണ്ട് അയാൾ തപ്പിത്തടഞ്ഞു. 12 ഈ സംഭവിച്ചതുകണ്ട് വിസ്മയഭരിതനായി ഭരണാധികാരി കർത്താവിന്റെ ഉപദേശത്തിൽ വിശ്വസിച്ചു.

  34. 5 “ ‘ഈജിപ്റ്റുദേശത്ത് തവളകൾ കയറാൻ നിന്റെ കൈ വടിയോടുകൂടി തോടുകളുടെയും പുഴകളുടെയും കുളങ്ങളുടെയും മീതേ നീട്ടുക,’ എന്ന് അഹരോനോടു പറയണമെന്ന് യഹോവ മോശയോടു കൽപ്പിച്ചു.”

    6 അങ്ങനെ അഹരോൻ ഈജിപ്റ്റിലെ വെള്ളത്തിനുമീതേ തന്റെ കൈ നീട്ടുകയും തവളകൾ കയറിവന്നു ദേശത്തെ മൂടുകയും ചെയ്തു. 7 മന്ത്രവാദികൾ തങ്ങളുടെ മാന്ത്രികവിദ്യയാൽ അതേകാര്യം ചെയ്തു; അവരും ഈജിപ്റ്റുദേശത്തു തവളകളെ വരുത്തി.

  35. 6 അദ്ദേഹം സ്വന്തം മകനെ അഗ്നിയിൽ ഹോമിച്ചു, ദേവപ്രശ്നംവെക്കുക, ശകുനംനോക്കുക, വെളിച്ചപ്പാടുകളോടും ഭൂതസേവക്കാരോടും ആലോചന ചോദിക്കുക ഇവയെല്ലാം ചെയ്തു. ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.

  36. 9 വ്യാജദർശനങ്ങൾ കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം അറിയിക്കുകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ ഭുജം എതിരായിരിക്കും. എന്റെ ജനത്തിന്റെ ആലോചനാസഭയിൽ അവർക്കു സ്ഥാനം ഉണ്ടായിരിക്കുകയോ ഇസ്രായേൽഗൃഹത്തിന്റെ പേരുവിവരപ്പട്ടികയിൽ അവരുടെ പേര് എഴുതപ്പെടുകയോ അവർ ഇസ്രായേൽദേശത്തു കടക്കുകയോ ചെയ്യുകയില്ല. അങ്ങനെ, ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും.

  37. 2 വിഗ്രഹങ്ങൾ വഞ്ചന സംസാരിക്കുന്നു,

    ദേവപ്രശ്നംവെക്കുന്നവർ വ്യാജം ദർശിക്കുന്നു;

    അവർ വ്യാജസ്വപ്നങ്ങൾ പറയുന്നു,

    അവർ വൃഥാ ആശ്വസിപ്പിക്കുന്നു.

    അതിനാൽ ജനം ആടുകളെപ്പോലെ അലയുന്നു.

    ഇടയൻ ഇല്ലാത്തതിനാൽ അവർ പീഡിപ്പിക്കപ്പെടുന്നു.

  38. 5 “ഞാൻ നിന്നെ വിസ്തരിക്കുന്നതിനായി അടുത്തുവരും. ആഭിചാരകർ, വ്യഭിചാരികൾ, കള്ളശപഥംചെയ്യുന്നവർ. വേലക്കാരെ കൂലിയിൽ വഞ്ചിക്കുന്നവർ, വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർ, എന്നെ ഭയപ്പെടാതെ പ്രവാസികളുടെ ന്യായം മറിച്ചുകളയുന്നവർ എന്നിവർക്കെല്ലാം എതിരേ ഞാൻ ഉടൻതന്നെ സാക്ഷ്യംപറയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.