49 Bible Verses About Eating Meat

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Eating Meat
  1. 1 ദൈവം നോഹയെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും അനുഗ്രഹിച്ച്, അവരോട് അരുളിച്ചെയ്തു: “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി എണ്ണത്തിൽ വർധിച്ച് ഭൂമിയിൽ നിറയുക. 2 ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ സകലപക്ഷികൾക്കും സകലഭൂചരജന്തുക്കൾക്കും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെക്കുറിച്ചുള്ള പേടിയും നടുക്കവും ഉണ്ടാകും. ഞാൻ അവയെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. 3 ജീവനോടെ ചരിക്കുന്ന സകലതും നിങ്ങൾക്ക് ആഹാരമായിരിക്കും. ഞാൻ നിങ്ങൾക്കു പച്ചസസ്യങ്ങൾ നൽകിയതുപോലെ ഇപ്പോൾ സകലതും നിങ്ങൾക്കു തരുന്നു.

    4 “എന്നാൽ, ജീവരക്തത്തോടുകൂടി ഒന്നിന്റെയും മാംസം നിങ്ങൾ ഭക്ഷിക്കരുത്. 5 നിങ്ങളുടെ ജീവരക്തത്തിനു ഞാൻ കണക്കുചോദിക്കും; ഓരോ മൃഗത്തോടും ഞാൻ കണക്ക് ആവശ്യപ്പെടും; ഓരോ മനുഷ്യനോടും അവന്റെ സുഹൃത്തിന്റെ ജീവരക്തത്തിനു കണക്കുചോദിക്കും.

    6 “മനുഷ്യന്റെ രക്തം ആരെങ്കിലും ചൊരിഞ്ഞാൽ

    അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും.

    ദൈവം തന്റെ സ്വരൂപത്തിലാണല്ലോ

    മനുഷ്യനെ നിർമിച്ചത്.

  2. 24 “ഭൂമിയിൽ അതതുതരം ജീവജന്തുക്കൾ ഉണ്ടാകട്ടെ: കന്നുകാലികൾ, ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ എന്നിവ അതതിന്റെ വർഗമനുസരിച്ച് ഉണ്ടാകട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെതന്നെ സംഭവിച്ചു. 25 ഇപ്രകാരം ദൈവം അതതുതരം വന്യമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും ഭൂമിയിൽ ഇഴയുന്ന അതതുതരം ഇഴജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.

    26 അതിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കും അധിപതികളാകട്ടെ.”

    27 ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു;

    അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു;

    പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.

    28 ദൈവം അവരെ അനുഗ്രഹിച്ചു; “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അധീനമാക്കുക; സമുദ്രത്തിലെ മത്സ്യങ്ങളുടെമേലും ആകാശത്തിലെ പക്ഷികളുടെമേലും ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെമേലും അധിപതികളാകുക” എന്ന് അവരോടു കൽപ്പിച്ചു.

    29 “ഭൂമിയിലെങ്ങും വിത്തുള്ള സകലസസ്യങ്ങളും വിത്തോടുകൂടിയ ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഞാൻ നിങ്ങൾക്കു നൽകുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കും. 30 ഭൂമിയിലെ സകലജീവികൾക്കും ആകാശത്തിലെ എല്ലാ പക്ഷികൾക്കും കരയിൽ സഞ്ചരിക്കുന്ന സകലജന്തുക്കൾക്കും—ജീവശ്വാസമുള്ള എല്ലാറ്റിനും—ഞാൻ പച്ചസസ്യങ്ങളെല്ലാം ആഹാരമായി നൽകുന്നു” എന്നു ദൈവം അരുളിച്ചെയ്തു; അപ്രകാരം സംഭവിച്ചു.

    31 അവിടന്നു നിർമിച്ചതൊക്കെയും ദൈവം നിരീക്ഷിച്ചു; അവയെല്ലാം വളരെ നല്ലതെന്ന് അവിടന്നു കണ്ടു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ആറാംദിവസം.

  3. 14 കർത്താവായ യേശുവിൽ എനിക്കു ലഭിച്ച അധികാരത്താൽ ഒരു കാര്യം ഞാൻ അറിഞ്ഞും അതേക്കുറിച്ചു ദൃഢനിശ്ചയമുള്ളവനായുമിരിക്കുന്നു: ഒരു ഭക്ഷണവും സ്വതവേ അശുദ്ധമല്ല; എന്നാൽ, ഏതെങ്കിലും ഒരു ഭക്ഷണപദാർഥം അശുദ്ധമാണെന്ന് ഒരാൾ വിചാരിക്കുന്നു എങ്കിൽ അത് അയാൾക്ക് അശുദ്ധംതന്നെയാണ്. 15 നിന്റെ ഭക്ഷണംമൂലം സഹോദരങ്ങൾക്കു വ്യസനം ഉണ്ടാക്കുന്നു എങ്കിൽ നിങ്ങൾ സ്നേഹത്തിൽ ജീവിക്കുന്നില്ല. ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ ആ ആൾക്കു നിന്റെ ഭക്ഷണം നാശകരമാകരുത്. 16 ഇങ്ങനെചയ്താൽ നീ നന്മയെന്നു പരിഗണിക്കുന്നവ മറ്റുള്ളവരുടെ ദൃഷ്ടിയിൽ തിന്മയായിത്തീരുകയില്ല. 17 ദൈവരാജ്യം അനുഭവിക്കാൻ കഴിയുന്നത് ഭക്ഷണപാനീയങ്ങളിലൂടെയല്ല; മറിച്ച്, നീതിയിലൂടെയും സമാധാനത്തിലൂടെയും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തിലൂടെയുമാണ്. 18 മേൽപ്പറഞ്ഞപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നയാൾ ദൈവപ്രസാദവും മനുഷ്യസ്വീകാര്യതയും ഉള്ളയാൾ ആയിരിക്കും.

    19 അതുകൊണ്ട് സമാധാനത്തിനും പരസ്പര ആത്മികാഭിവൃദ്ധിക്കും ഉതകുന്ന കാര്യങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം. 20 ഭക്ഷണം ദൈവത്തിന്റെ പ്രവൃത്തിയെ ശിഥിലമാക്കാൻ കാരണമാകരുത്. എല്ലാം ശുദ്ധമാണ്, എന്നാൽ ഒരു വസ്തു ഭക്ഷിക്കുന്നതിലൂടെ സഹവിശ്വാസി പാപത്തിലേക്കു നയിക്കപ്പെടുന്നു എങ്കിൽ ആ ഭക്ഷണം അശുദ്ധമാണ്. 21 മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹവിശ്വാസിയെ പാപത്തിലേക്കു നയിക്കുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതാണ് നല്ലത്.

    22 ഈ വിഷയത്തെക്കുറിച്ചുള്ള നിന്റെ വിശ്വാസം നീയും ദൈവവുമായുള്ള ഒരു കാര്യമായി ചിന്തിക്കുക. ഒരാൾ ശരിയെന്ന് അംഗീകരിച്ചു പ്രവർത്തിക്കുന്നത് അയാൾക്കു കുറ്റബോധം ഉണ്ടാക്കുന്നില്ല എങ്കിൽ ആ വ്യക്തി അനുഗ്രഹിക്കപ്പെട്ടവൻ. 23 എന്നാൽ, സന്ദേഹത്തോടെ ഭക്ഷിക്കുന്നയാൾ അത് ഉത്തമവിശ്വാസത്തോടുകൂടിയല്ല ചെയ്യുന്നത് എന്നതുകൊണ്ട് കുറ്റക്കാരനാണ്. ശരിയാണെന്ന ഉത്തമവിശ്വാസത്തിൽനിന്ന് ഉത്ഭവിക്കാത്തതെല്ലാം പാപമാണ്.

  4. 1 എന്നാൽ അന്ത്യകാലത്ത് വഴിതെറ്റിക്കുന്ന ആത്മാക്കളെയും പൈശാചിക ഉപദേശങ്ങളെയും പിൻതുടർന്ന് ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിക്കുമെന്നു ദൈവാത്മാവ് വ്യക്തമായി പറയുന്നു. 2 ഇത്തരം ഉപദേശങ്ങൾ അസത്യവാദികളുടെ കാപട്യത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. അവരുടെ മനസ്സാക്ഷി പൊള്ളിക്കപ്പെട്ടതുപോലെ വികാരശൂന്യമായിരിക്കുന്നു. 3 അവർ വിവാഹം നിരോധിക്കുകയും ചില സവിശേഷ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയുംചെയ്യുന്നു. ഇവ, സത്യം മനസ്സിലാക്കിയ വിശ്വാസികൾ സ്തോത്രത്തോടെ ആസ്വദിക്കാനായി ദൈവം സൃഷ്ടിച്ചവയാണ്. 4 ദൈവം സൃഷ്ടിച്ചവയെല്ലാം ഉത്തമമാണ്; സ്തോത്രംചെയ്തുകൊണ്ട് സ്വീകരിക്കുകയാണെങ്കിൽ ഒന്നും വർജിക്കേണ്ടതില്ല. 5 കാരണം അത് ദൈവവചനത്താലും പ്രാർഥനയാലും വിശുദ്ധീകരിക്കപ്പെടുന്നല്ലോ.

  5. 1 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 2 “ഇസ്രായേല്യരോടു പറയുക: കരയിൽ ജീവിക്കുന്ന എല്ലാ മൃഗങ്ങളിലും നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണ്: 3 കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം.

    4 “ ‘ഒന്നുകിൽ അയവിറക്കുന്നവയോ അല്ലെങ്കിൽ കുളമ്പു പിളർന്നവയോ ആയിരിക്കാം ചില മൃഗങ്ങൾ. അവ നിങ്ങൾ ഭക്ഷിക്കരുത്. ഒട്ടകം അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്. 5 കുഴിമുയൽ അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അത് നിങ്ങൾക്ക് അശുദ്ധമാണ്. 6 മുയൽ അയവിറക്കുന്നെങ്കിലും, കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്. 7 പന്നിയുടെ കുളമ്പു പിരിഞ്ഞ് പൂർണമായി പിളർന്നതാണ്; എന്നാൽ അത് അയവിറക്കുന്നില്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്. 8 നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്; അവ നിങ്ങൾക്ക് അശുദ്ധമാണ്.

    9 “ ‘കടൽവെള്ളത്തിലും പുഴയിലും ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം. 10 എന്നാൽ കടലുകളിലും പുഴകളിലും കൂട്ടമായി ചരിക്കുന്നവയിലും വെള്ളത്തിൽ ജീവിക്കുന്ന മറ്റു ജീവികളിലും, ചിറകും ചെതുമ്പലും ഇല്ലാത്തവ നിങ്ങൾക്കു നിഷിദ്ധമായിരിക്കണം. 11 അവ നിങ്ങൾക്ക് അറപ്പായിരിക്കണം. അവയുടെ മാംസം ഭക്ഷിക്കരുത്, അവയുടെ പിണം നിങ്ങൾക്കു നിഷിദ്ധമായിരിക്കണം. 12 വെള്ളത്തിൽ ജീവിക്കുന്ന, ചിറകും ചെതുമ്പലുമില്ലാത്ത എന്തും നിങ്ങൾക്കു നിഷിദ്ധമാണ്.

    13 “ ‘പറവകളിൽ നിങ്ങൾക്ക് നിഷിദ്ധമായിരിക്കുന്നവ ഇവയാണ്: അവ അശുദ്ധമാകുകയാൽ നിങ്ങൾ അവ ഭക്ഷിക്കരുത്: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത് 14 ഗൃദ്ധ്രം, ഏതിനത്തിലുംപെട്ട പരുന്ത്, 15 എല്ലാ ഇനത്തിലുംപെട്ട കാക്ക, 16 ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ, 17 നത്ത്, നീർക്കാക്ക, കൂമൻ, 18 മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ, 19 പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.

    20 “ ‘ചിറകുള്ള പ്രാണികളിൽ നാലുകാലിൽ നടക്കുകയും പറക്കുകയും ചെയ്യുന്നവയെല്ലാം നിങ്ങൾക്കു നിഷിദ്ധമാണ്. 21 നാലുകാലിൽ നടക്കുന്നെങ്കിലും നിലത്തു ചാടിനടക്കേണ്ടതിനു കാലുകളിൽ സന്ധിബന്ധമുള്ളതും ചിറകുള്ളതുമായ പ്രാണികളെ നിങ്ങൾക്കു ഭക്ഷിക്കാം. 22 ഇവയിൽ ഏതിനം വെട്ടുക്കിളിയും വിട്ടിലും ചീവീടും തുള്ളനും നിങ്ങൾക്കു തിന്നാം. 23 എന്നാൽ, ചിറകും നാലു കാലുമുള്ള മറ്റെല്ലാ ജീവികളും നിങ്ങൾക്കു നിഷിദ്ധമാണ്.

  6. 1 ഇനി വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച്: “നാം എല്ലാവരും ജ്ഞാനമുള്ളവരാണെന്നാണ്” നമ്മുടെ അറിവ്. ഈ ജ്ഞാനം ഒരാളെ നിഗളിയാക്കിത്തീർക്കുന്നു; സ്നേഹമോ ആത്മികാഭിവൃദ്ധി വരുത്തുന്നു. 2 എനിക്കു ജ്ഞാനമുണ്ട് എന്നു വിചാരിക്കുന്നവർ വേണ്ടവണ്ണമുള്ള ജ്ഞാനം ഇനിയും നേടിയിട്ടില്ല. 3 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവരെ ദൈവം അറിഞ്ഞിരിക്കുന്നു.

    4 വിഗ്രഹങ്ങൾക്കർപ്പിക്കപ്പെട്ട ഭക്ഷണത്തെപ്പറ്റി പറഞ്ഞാൽ, “ലോകത്തിലുള്ള ഒരു വിഗ്രഹവും ദൈവമല്ല” എന്നും “ഏകദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല” എന്നും നാം അറിയുന്നു. 5 ആകാശത്തിലും ഭൂമിയിലും “ദേവന്മാർ” എന്നു പറയപ്പെടുന്ന പലരുണ്ട്; “ദൈവങ്ങളും കർത്താക്കളും” ധാരാളമുണ്ടല്ലോ. 6 എന്നാൽ എല്ലാറ്റിന്റെയും പ്രഭവസ്ഥാനമായ പിതാവായ ഏകദൈവംമാത്രമേ നമുക്കുള്ളൂ. അവിടത്തേക്കുവേണ്ടിയാണ് നാം ജീവിക്കുന്നത്; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട്. ആ കർത്താവിലൂടെയാണ് സകലതും ഉണ്ടായത്; ആ കർത്താവിലൂടെയാണ് നാം ജീവിക്കുന്നതും.

    7 എന്നാൽ ഈ ജ്ഞാനം എല്ലാവർക്കും ഇല്ല. ചിലർക്കു വിഗ്രഹങ്ങളോടുള്ള പരിചയംനിമിത്തം അവയ്ക്കു നേദിച്ച ഭക്ഷണം കഴിക്കുമ്പോൾ, “ഇത് വിഗ്രഹാർപ്പിതം ആണല്ലോ” എന്ന ചിന്ത ഇപ്പോഴും ഉണ്ടാകുന്നു. അവരുടെ മനസ്സാക്ഷി ദുർബലമായതുകൊണ്ട് മലിനപ്പെടുകയുംചെയ്യുന്നു. 8 ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ ദോഷമോ തിന്നാൽ കൂടുതൽ പ്രയോജനമോ ഉണ്ടാകുന്നുമില്ല.

    9 എന്നാൽ, നിങ്ങൾക്കുള്ള ഈ സ്വാതന്ത്ര്യം ഒരുവിധത്തിലും ബലഹീനർക്കു വിലങ്ങുതടിയാകാതെ സൂക്ഷിക്കുക. 10 ജ്ഞാനമുള്ള നീ ക്ഷേത്രത്തിൽ ഇരുന്നു ഭക്ഷിക്കുന്നതു കാണുമ്പോൾ, ബലഹീനമനസ്സാക്ഷിയുള്ളവരും വിഗ്രഹാർപ്പിതം ഭക്ഷിക്കാൻ ധൈര്യപ്പെടുകയില്ലേ? 11 ക്രിസ്തു ഏത് ബലഹീന സഹോദരനോ സഹോദരിക്കോ വേണ്ടി മരിച്ചുവോ അയാൾ ഇങ്ങനെ നിന്റെ ജ്ഞാനത്താൽ, നശിച്ചുപോകാനിടയാകുന്നു. 12 ഈ വിധത്തിൽ, സഹോദരങ്ങൾക്കെതിരായി പാപംചെയ്ത് അവരുടെ ബലഹീനമനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോൾ, നിങ്ങൾ ക്രിസ്തുവിനു വിരോധമായി പാപംചെയ്യുന്നു. 13 അതുകൊണ്ട് എന്റെ ഭക്ഷണംനിമിത്തം സഹോദരൻ പാപത്തിൽ വീഴുന്നെങ്കിൽ ഞാൻ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല; അവന്റെ വീഴ്ചയ്ക്കു ഞാൻ കാരണക്കാരനാകരുതല്ലോ.

  7. 1 തർക്കവിഷയങ്ങളെക്കുറിച്ചു ശണ്ഠയിടാതെ വിശ്വാസത്തിൽ ബലഹീനരായവരെ അംഗീകരിക്കുക. 2 എല്ലാം ഭക്ഷിക്കാമെന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനരായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു. 3 എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്. 4 മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും.

  8. 14 യേശു ജനക്കൂട്ടത്തെ വീണ്ടും തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “എല്ലാവരും എന്റെ വാക്ക് ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക. 15 പുറമേനിന്നു മനുഷ്യന്റെ അകത്തേക്കു ചെല്ലുന്ന യാതൊന്നിനും ആ വ്യക്തിയെ ‘അശുദ്ധമാക്കാൻ’ കഴിയുകയില്ല. 16 പിന്നെയോ, മനുഷ്യഹൃദയത്തിൽനിന്നു പുറത്തു വരുന്നതാണ് ആ മനുഷ്യനെ അശുദ്ധമാക്കുന്നത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”

    17 ജനക്കൂട്ടത്തെ വിട്ട് അദ്ദേഹം ഭവനത്തിൽ എത്തിയപ്പോൾ ശിഷ്യന്മാർ ഈ സാദൃശ്യകഥയെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു. 18 “നിങ്ങൾ ഇത്ര ബുദ്ധിഹീനരോ?” അദ്ദേഹം ചോദിച്ചു. “പുറമേനിന്ന് ഉള്ളിലേക്കുചെല്ലുന്ന യാതൊരു ഭക്ഷണത്തിനും ഒരു മനുഷ്യനെ അശുദ്ധമാക്കാൻ കഴിയുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലയോ? 19 കാരണം, അത് അയാളുടെ ഹൃദയത്തിലേക്കല്ല, വയറ്റിലേക്കും പിന്നെ ശരീരത്തിനു പുറത്തേക്കുമാണ് പോകുന്നത്.” എല്ലാ ഭക്ഷണവും ശുദ്ധമെന്ന് ഈ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കി.

    20 അദ്ദേഹം തുടർന്നു: “മനുഷ്യന്റെ ഹൃദയത്തിൽനിന്ന് പുറപ്പെടുന്നവയാണ് അയാളെ അശുദ്ധമാക്കുന്നത്. 21 വഷളവിചാരങ്ങൾ, വ്യഭിചാരം, മോഷണം, കൊലപാതകം, പരസംഗം, 22 അത്യാഗ്രഹം, ദുഷ്‌പ്രവൃത്തികൾ, വഞ്ചന, ലൈംഗികാധർമം, ഈർഷ്യ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ ഉള്ളിൽനിന്ന്, മനുഷ്യന്റെ ഹൃദയത്തിൽനിന്നു വരുന്നു. 23 ഈ തിന്മകളെല്ലാം ഉള്ളിൽനിന്നു വന്ന് മനുഷ്യനെ അശുദ്ധമാക്കുന്നു.”

  9. 28 താഴെപ്പറയുന്ന കാര്യങ്ങൾ ഒഴികെ മറ്റൊന്നും അടിച്ചേൽപ്പിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു: 29 വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവ നിങ്ങൾ വർജിക്കണം; ഈ കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതു നല്ലത്.

    നിങ്ങൾക്കു ശുഭാശംസകൾ!

  10. 23 “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ഗുണകരമല്ല. “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ആത്മികാഭിവൃദ്ധി വരുത്തുന്നില്ല. 24 ഒരാളും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്.

    25 ചന്തയിൽ വിൽപ്പനയ്ക്കുവെച്ചിരിക്കുന്ന ഏത് മാംസവും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാവുന്നതാണ്. 26 കാരണം “ഭൂമിയും അതിലുള്ള സകലതും കർത്താവിനുള്ളത്.”

    27 ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും നിങ്ങൾ പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെമുമ്പിൽ വിളമ്പിവെക്കുന്നതെന്തും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാം. 28 എന്നാൽ “ഇത് നൈവേദ്യമാണ്,” എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ, അത് പറഞ്ഞ ആളിനെയും മനസ്സാക്ഷിയെയും കരുതി അതു കഴിക്കരുത്. 29 നിങ്ങളുടെ മനസ്സാക്ഷിയല്ല, അയാളുടേതാണു ഞാൻ ഉദ്ദേശിക്കുന്നത്. മറ്റൊരാളിന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് എന്റെ സ്വാതന്ത്ര്യം എന്തിന് ഹനിക്കപ്പെടണം? 30 കൃതജ്ഞതയോടെയാണ് ഞാൻ ആ ഭക്ഷണം കഴിക്കുന്നെങ്കിൽ, ഞാൻ ദൈവത്തിനു സ്തോത്രംചെയ്ത വസ്തു നിമിത്തം എന്നെ കുറ്റപ്പെടുത്തുന്നതെന്തിന്?

    31 നിങ്ങൾ ഭക്ഷിച്ചാലും പാനംചെയ്താലും മറ്റെന്തു ചെയ്താലും, അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുക; 32 യെഹൂദർക്കും ഗ്രീക്കുകാർക്കും ദൈവസഭയ്ക്കും പാപംചെയ്യാൻ കാരണമുണ്ടാക്കരുത്. 33 ഞാനും എല്ലാവരെയും എല്ലാവിധത്തിലും പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ. ഞാൻ എന്റെ നന്മയല്ല, അനേകർ രക്ഷിക്കപ്പെടാൻ സാധ്യമാകേണ്ടതിന് അവരുടെ നന്മയാണ് അന്വേഷിക്കുന്നത്.

  11. 16 അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, അമാവാസി, ശബ്ബത്ത് എന്നിവയുടെ ആചരണം സംബന്ധിച്ചോ ആരും നിങ്ങളെ വിധിക്കാൻ ഇടയാകരുത്. 17 ഇവ വരാനിരുന്നവയുടെ പ്രതിരൂപംമാത്രമാണ്; എന്നാൽ യാഥാർഥ്യം ക്രിസ്തുവാണ്. 18 സ്വന്തദർശനങ്ങളിൽ ആശ്രയിച്ച്, ജഡത്തിൽ ദുരഭിമാനംപൂണ്ട്, ശിരസ്സായവനിൽ മുറുകെ പിടിക്കാതെ കപടവിനയത്തിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിക്കുന്ന ഒരാളും നിങ്ങളെ പ്രതിഫലം നേടുന്നതിൽനിന്ന് അയോഗ്യരാക്കരുത്. 19 ശിരസ്സായ ക്രിസ്തുവിൽനിന്നാണല്ലോ ശരീരംമുഴുവനും സന്ധിബന്ധങ്ങളാലും നാഡീഞരമ്പുകളാലും ഏകീഭവിച്ചും പോഷണം സ്വീകരിച്ചും ദൈവത്തിൽനിന്നുള്ള വളർച്ച പ്രാപിക്കുന്നത്.

    20 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഈ ലോകത്തിന്റെ പ്രാഥമികപ്രമാണങ്ങൾക്കു മരിച്ചുവെങ്കിൽ, എന്തുകൊണ്ട് ലൗകികരെപ്പോലെ ജീവിച്ചുകൊണ്ട്, 21 “തൊടരുത്! രുചിക്കരുത്! പിടിക്കരുത്!” എന്നിങ്ങനെയുള്ള ചട്ടങ്ങൾക്ക് ഇപ്പോഴും കീഴ്പ്പെടുന്നു. 22 ഇവയെല്ലാം മാനുഷികകൽപ്പനകളെയും ഉപദേശങ്ങളെയും ആശ്രയിച്ചുള്ളവയും ഉപയോഗത്താൽ നശിച്ചുപോകുന്നവയുമാണ്. 23 സ്വനിർമിതങ്ങളായ ആചാരങ്ങളും കപടവിനയം, ശരീരപീഡനം എന്നിവയും പ്രത്യക്ഷത്തിൽ മഹാജ്ഞാനമായി തോന്നിയേക്കാം. എന്നാൽ, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്നതിന് ഇവയൊന്നും പര്യാപ്തമല്ല.

  12. 36 അവർ ഇങ്ങനെ സംസാരിക്കുമ്പോൾ യേശു അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്ന് അവരോടു പറഞ്ഞു.

    37 അവർ ഭയപ്പെട്ടു നടുങ്ങി; തങ്ങൾ ഒരു ഭൂതത്തെയാണു കാണുന്നതെന്ന് അവർ കരുതി. 38 അപ്പോൾ യേശു അവരോടു പറഞ്ഞു, “നിങ്ങൾ ഭയന്നുവിറയ്ക്കുന്നതെന്തിന്? നിങ്ങളുടെ മനസ്സിൽ സംശയങ്ങൾ ഉയരുന്നതെന്തിന്? 39 എന്റെ കൈകളും കാലുകളും ശ്രദ്ധിച്ചുനോക്കുക. ഇത് ഞാൻതന്നെ! എന്നെ സ്പർശിച്ചു നോക്കുക. എനിക്കുള്ളതായി നിങ്ങൾ കാണുന്നതുപോലെ ഭൂതത്തിനു മാംസവും അസ്ഥികളും ഇല്ലല്ലോ.”

    40 ഇതു പറഞ്ഞിട്ട് യേശു തന്റെ കൈകളും കാലുകളും അവർക്കു കാണിച്ചുകൊടുത്തു. 41 ആനന്ദാധിക്യം നിമിത്തം തങ്ങൾ കാണുന്നത് യാഥാർഥ്യമാണോ എന്നു വിശ്വസിക്കാനാകാതെ സ്തബ്ധരായി നിൽക്കുന്ന അവരോട് അദ്ദേഹം, “ഇവിടെ നിങ്ങളുടെപക്കൽ ഭക്ഷിക്കാൻ എന്തെങ്കിലും ഉണ്ടോ?” എന്നു ചോദിച്ചു. 42 അവർ അദ്ദേഹത്തിന് ഒരു കഷണം വറുത്ത മീൻ കൊടുത്തു. 43 അദ്ദേഹം അതെടുത്ത് അവരുടെമുമ്പിൽവെച്ചുതന്നെ ഭക്ഷിച്ചു.

  13. 10 “ ‘ഇസ്രായേല്യരോ അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ രക്തം കുടിച്ചാൽ ആ മനുഷ്യനു വിരോധമായി ഞാൻ എന്റെ മുഖംതിരിക്കുകയും അവരെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളകയും ചെയ്യും. 11 കാരണം, ശരീരത്തിന്റെ ജീവൻ രക്തത്തിലാണ്. യാഗപീഠത്തിൽ നിങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്താൻ ഞാൻ അതു നിങ്ങൾക്കു നൽകിയിരിക്കുന്നു; രക്തമാണ് ഒരാളുടെ ജീവനുവേണ്ടി പാപപരിഹാരം വരുത്തുന്നത്. 12 അതുകൊണ്ട് ഞാൻ ഇസ്രായേല്യരോടു പറയുന്നു, “നിങ്ങളിലാരും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയും രക്തം കുടിക്കരുത്.”

    13 “ ‘ഇസ്രായേല്യരോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ ഭക്ഷിക്കാവുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിച്ചാൽ രക്തം ഊറ്റിക്കളഞ്ഞ് മണ്ണിട്ടു മൂടണം. 14 കാരണം, സർവജീവജാലങ്ങളുടെയും ജീവൻ അതിന്റെ ജീവാധാരമായ രക്തംതന്നെ. അതുകൊണ്ടാണ് ഞാൻ ഇസ്രായേൽമക്കളോട്: “നിങ്ങൾ യാതൊരു ജീവിയുടെയും രക്തം കുടിക്കരുത്, എന്തെന്നാൽ സർവജീവികളുടെയും ജീവൻ അതിന്റെ രക്തത്തിലാണ്, അത് ഭക്ഷിക്കുന്നവനെ ഛേദിച്ചുകളയണം” എന്നു കൽപ്പിച്ചത്.

    15 “ ‘ചത്തതിനെയോ വന്യമൃഗങ്ങൾ കടിച്ചുകീറിയതിനെയോ ഭക്ഷിക്കുന്ന സ്വദേശിയോ പ്രവാസിയോ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ ആചാരപരമായി അശുദ്ധരായിരിക്കും; പിന്നെ അയാൾ ശുദ്ധിയുള്ളവനാകും.

  14. 19 “ആകയാൽ, ദൈവത്തിലേക്കു തിരിയുന്ന യെഹൂദേതരരെ നാം ബുദ്ധിമുട്ടിക്കരുത് എന്നതാണ് എന്റെ തീരുമാനം. 20 വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, ശ്വാസംമുട്ടിച്ചു കൊന്നവ, രക്തം എന്നിവ ഭക്ഷിക്കുന്നതിൽനിന്നും ലൈംഗികാധർമത്തിൽനിന്നും അകന്നിരിക്കണമെന്നു നാം അവർക്ക് എഴുതി അയയ്ക്കണം.

  15. 3 എൽക്കാനാ വർഷംതോറും സൈന്യങ്ങളുടെ യഹോവയെ ആരാധിക്കുന്നതിനും അവിടത്തേക്ക് യാഗം അർപ്പിക്കുന്നതിനുമായി തന്റെ നഗരത്തിൽനിന്നു ശീലോവിലേക്കു പോകുമായിരുന്നു. അവിടെ ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും യഹോവയുടെ പുരോഹിതന്മാരായി ഉണ്ടായിരുന്നു. 4 എൽക്കാനായ്ക്കു യാഗം കഴിക്കാനുള്ള ദിവസം വരുമ്പോഴൊക്കെ അദ്ദേഹം, പെനിന്നായ്ക്കും അവളുടെ പുത്രന്മാർക്കും പുത്രിമാർക്കും യാഗം അർപ്പിച്ചതിനുശേഷമുള്ള മാംസത്തിന്റെ ഓഹരി കൊടുത്തിരുന്നു. 5 എന്നാൽ ഹന്നായ്ക്ക്—അദ്ദേഹം അവളെ സ്നേഹിച്ചിരുന്നതുകൊണ്ട്—ഇരട്ടി ഓഹരി നൽകിയിരുന്നു. യഹോവ അവളുടെ ഗർഭം അടച്ചിരുന്നു. 6 യഹോവ ഹന്നായുടെ ഗർഭം അടച്ചുകളഞ്ഞതിനാൽ അവളോട് പോരെടുത്തിരുന്ന പെനിന്ന, അവളെ പ്രകോപിപ്പിക്കുകയും ശുണ്ഠിപിടിപ്പിക്കുകയും ചെയ്തുവന്നു. 7 ഇങ്ങനെ എല്ലാവർഷവും സംഭവിച്ചിരുന്നു. ഹന്നാ യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോഴെല്ലാം പെനിന്നാ അവളെ പ്രകോപിപ്പിച്ചിരുന്നു. അതിനാൽ അവൾ കരയുകയും പട്ടിണികിടക്കുകയും ചെയ്തിരുന്നു. 8 എൽക്കാനാ അവളോട്: “ഹന്നേ, നീയെന്തിനു കരയുന്നു? എന്തിനു പട്ടിണികിടക്കുന്നു? നീ ദുഃഖിക്കുന്നതെന്തിന്? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നല്ലവനല്ലയോ?” എന്നു പറയുമായിരുന്നു.

  16. 9 അവർ യാത്രചെയ്ത് പിറ്റേന്ന് ഉച്ചസമയത്തോടെ യോപ്പാനഗരത്തിനടുത്തെത്തി. അതേസമയംതന്നെ പത്രോസ് പ്രാർഥിക്കാനായി വീടിന്റെ മുകൾനിലയിൽ കയറിയിരിക്കുകയായിരുന്നു. 10 വിശന്നതിനാൽ എന്തെങ്കിലും ഭക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടിൽ ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ആത്മവിവശനായി. 11 സ്വർഗം തുറന്നിരിക്കുന്നതും നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു. 12 അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജന്തുക്കളും ആകാശത്തിലെ പക്ഷികളും ഉണ്ടായിരുന്നു. 13 ഒരു അശരീരി അദ്ദേഹത്തോടു പറഞ്ഞത്, “പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക.”

    14 “എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ,” പത്രോസ് മറുപടി പറഞ്ഞു.

    15 “ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു കരുതരുത്” ആ അശരീരി രണ്ടാമതും ഉണ്ടായി.

    16 മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടൻതന്നെ ആ പാത്രം സ്വർഗത്തിലേക്കു തിരികെ എടുക്കപ്പെട്ടു.

  17. 20 അമിതമായി മദ്യം കുടിക്കുന്നവരുടെയോ

    മാംസഭക്ഷണത്തിൽ അമിതാസക്തി കാട്ടുന്നവരുടെയോ സംഘത്തിൽ ചേരരുത്,

    21 കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും;

    മദോന്മത്തത അവരെ കീറത്തുണിയുടുപ്പിക്കും.

  18. 6 അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും,

    പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും,

    പശുക്കിടാവും സിംഹക്കുട്ടിയും യാഗമൃഗവും ഒരുമിച്ചുകഴിയും;

    ഒരു ചെറിയ കുട്ടി അവയെ നയിക്കും.

    7 പശുവും കരടിയും ഒരുമിച്ചു മേയും,

    അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും,

    സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും.

    8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും,

    മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈയിടും.

    9 എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും

    ഉപദ്രവമോ നാശമോ ആരും ചെയ്യുകയില്ല,

    സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ

    ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.

  19. 3 അറപ്പായതൊന്നും നിങ്ങൾ ഭക്ഷിക്കരുത്. 4 നിങ്ങൾക്കു ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, 5 കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ. 6 കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം. 7 എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും ഒട്ടകം, മുയൽ, കുഴിമുയൽ എന്നിവയെ നിങ്ങൾ ഭക്ഷിക്കരുത്. അയവിറക്കുന്നു എങ്കിലും അവയുടെ കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നവയല്ല. അവ നിങ്ങൾക്ക് ആചാരപരമായി അശുദ്ധമാകുന്നു. 8 പന്നിയും അശുദ്ധമാകുന്നു; അതിന്റെ കുളമ്പു പിളർന്നതെങ്കിലും അത് അയവിറക്കുന്നില്ല. നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്.

    9 വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം. 10 എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്ത ഒന്നിനെയും നിങ്ങൾ ഭക്ഷിക്കരുത്. അവ നിങ്ങൾക്ക് അശുദ്ധമാകുന്നു.

    11 ശുദ്ധിയുള്ള ഏതു പക്ഷിയെയും നിങ്ങൾക്കു ഭക്ഷിക്കാം. 12 എന്നാൽ നിങ്ങൾക്കു ഭക്ഷിക്കാൻ പാടില്ലാത്തവ ഇവയാകുന്നു: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്, 13 ഗൃദ്ധ്രം, പരുന്ത്, എല്ലാ ഇനത്തിലുംപെട്ട ഇരപിടിയൻപക്ഷി, 14 എല്ലാ ഇനത്തിലുംപെട്ട കാക്ക, 15 ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ, 16 നത്ത്, നീർക്കാക്ക, കൂമൻ, 17 മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ, 18 പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.

    19 ചിറകുള്ള പ്രാണികളെല്ലാം നിങ്ങൾക്ക് അശുദ്ധമാണ്. അവ ഭക്ഷിക്കരുത്. 20 ചിറകുള്ള ജീവികളിൽ ആചാരപരമായി ശുദ്ധിയുള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.

    21 ചത്ത ഒന്നിനെയും ഭക്ഷിക്കരുത്. നിന്റെ നഗരങ്ങളിലുള്ള പ്രവാസിക്ക് അതു ഭക്ഷിക്കാൻ നൽകാം. അല്ലെങ്കിൽ മറ്റൊരു പ്രവാസിക്ക് വിൽക്കാം. കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധജനം ആകുന്നു.

    ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.

  20. 8 എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അദ്ദേഹം കുടിച്ചിരുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധനാക്കുകയില്ല എന്ന് ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു. അതുകൊണ്ട്, തനിക്ക് ഇപ്രകാരം അശുദ്ധി സംഭവിക്കാൻ ഇടവരുത്തരുതേ എന്ന് അദ്ദേഹം ഉദ്യോഗസ്ഥമേധാവിയോട് അപേക്ഷിച്ചു— 9 ഉദ്യോഗസ്ഥമേധാവിയുടെ ദൃഷ്ടിയിൽ ദാനീയേലിന് കൃപയും കരുണയും ലഭിക്കാൻ ദൈവം ഇടവരുത്തി— 10 എന്നാൽ ഉദ്യോഗസ്ഥമേധാവി ദാനീയേലിനോട്, “നിങ്ങളുടെ ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചു വ്യവസ്ഥ ചെയ്തിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു. നിങ്ങളുടെ സമപ്രായക്കാരായ യുവാക്കന്മാരുടെ മുഖത്തെ അപേക്ഷിച്ചു നിങ്ങളുടെ മുഖം മെലിഞ്ഞതായി അദ്ദേഹം കാണുന്നതെന്തിന്? അങ്ങനെയായാൽ രാജസന്നിധിയിൽ എന്റെ തല അപകടത്തിലാകും” എന്നു പറഞ്ഞു.

    11 എന്നാൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്ക് ഉദ്യോഗസ്ഥമേധാവി നിയമിച്ചിരുന്ന സേവകനോട് ദാനീയേൽ സംസാരിച്ചു. 12 “അടിയങ്ങളെ പത്തുദിവസം പരീക്ഷിച്ചു നോക്കിയാലും. ഞങ്ങൾക്കു കഴിക്കാൻ സസ്യഭോജനവും കുടിക്കാൻ പച്ചവെള്ളവും തന്നാലും. 13 പിന്നീടു രാജഭോജനം കഴിക്കുന്ന യുവാക്കളെയും ഞങ്ങളെയും കാഴ്ചയിൽ താരതമ്യപ്പെടുത്തുക. അപ്പോൾ കാണുന്നതനുസരിച്ച് അടിയങ്ങളോടു ചെയ്തുകൊണ്ടാലും.” 14 അങ്ങനെ ഈ കാര്യത്തിൽ അവരുടെ അപേക്ഷകേട്ട് അദ്ദേഹം പത്തുദിവസം അവരെ പരീക്ഷിച്ചുനോക്കി.

    15 പത്തുദിവസം കഴിഞ്ഞശേഷം അവർ കാഴ്ചയിൽ ആരോഗ്യമുള്ളവരായി അദ്ദേഹം കണ്ടു. രാജഭോജനം കഴിച്ചിരുന്ന മറ്റ് യുവാക്കളെക്കാൾ പുഷ്ടിയുള്ളവരായി അവർ കാണപ്പെട്ടു. 16 അതുകൊണ്ട് ആ സേവകൻ തുടർന്നും അവരുടെ രാജഭോജനവും അവർ കുടിക്കേണ്ടിയിരുന്ന വീഞ്ഞും നീക്കി അവർക്കു സസ്യഭോജനം നൽകി.

    17 ഈ നാലു യുവാക്കൾക്ക് ദൈവം എല്ലാ സാഹിത്യ, വിജ്ഞാനശാഖകളിലും അറിവും നൈപുണ്യവും കൊടുത്തു. എല്ലാ ദർശനങ്ങളും സ്വപ്നങ്ങളും വിവേചിക്കാനുള്ള കഴിവും ദാനീയേലിന് ഉണ്ടായിരുന്നു.

    18 അവരെ രാജസന്നിധിയിൽ കൊണ്ടുചെല്ലാൻ രാജാവു നിശ്ചയിച്ചിരുന്ന കാലാവധി ആയപ്പോൾ, ഉദ്യോഗസ്ഥമേധാവി അവരെ നെബൂഖദ്നേസരിന്റെ മുമ്പിൽ ഹാജരാക്കി. 19 രാജാവ് അവരോടു സംസാരിച്ചു; അവരിൽ ഒരാൾപോലും ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യരായി കാണപ്പെട്ടില്ല; അതുകൊണ്ട് അവർ രാജസേവനത്തിൽ പ്രവേശിച്ചു. 20 രാജാവ് അവരോടു ചോദിച്ച എല്ലാ ജ്ഞാനവിജ്ഞാനങ്ങളിലും അവർ തന്റെ രാജ്യത്തെങ്ങുമുള്ള ആഭിചാരകരിലും മാന്ത്രികരിലും പതിന്മടങ്ങു മെച്ചമുള്ളവരെന്ന് അദ്ദേഹത്തിനു ബോധ്യമായി.

    21 കോരെശ് രാജാവിന്റെ ഭരണത്തിന്റെ ഒന്നാംവർഷംവരെ ദാനീയേൽ അവിടെ സേവനത്തിൽ തുടർന്നു.

  21. 42 ഉരസ്സുകൊണ്ടോ നാലുകാലുകൊണ്ടോ കൂടുതൽ കാലുകൾകൊണ്ടോ നിലത്തു ചരിക്കുന്ന ഒരു പ്രാണിയെയും നിങ്ങൾ തിന്നരുത്; അവ നിങ്ങൾക്കു നിഷിദ്ധം. 43 ഇങ്ങനെയുള്ള ഏതെങ്കിലും ഇഴജാതിമൂലം നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. അവ മുഖാന്തിരമോ അവയാലോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. 44 ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകുകയാൽ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധരായിരിക്കുക. നിലത്തു സഞ്ചരിക്കുന്ന ഒരു ജീവിയാലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. 45 നിങ്ങളുടെ ദൈവമായിരിക്കാൻ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവ ഞാനാകുന്നു; ആകയാൽ, ഞാൻ വിശുദ്ധനാകുകയാൽ, നിങ്ങളും വിശുദ്ധരായിരിക്കുക.

    46 “ ‘മൃഗങ്ങളെയും പറവകളെയും ജലത്തിൽ ചരിക്കുന്ന ജീവികളെയും നിലത്തു ചരിക്കുന്ന ജീവികളെയും സംബന്ധിച്ച പ്രമാണം ഇവയാകുന്നു. 47 നിങ്ങൾക്ക് ശുദ്ധവും അശുദ്ധവുംതമ്മിലും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയുമായ ജീവികൾതമ്മിലും തരംതിരിവുണ്ടായിരിക്കണം.’ ”

  22. 2 നന്നല്ലാത്ത മാർഗത്തിൽക്കൂടി

    സ്വന്തം സങ്കൽപ്പമനുസരിച്ചു ജീവിക്കുന്ന,

    ദുർവാശിയുള്ള ജനത്തിന്റെനേരേ

    ഞാൻ ദിവസംമുഴുവനും കൈനീട്ടി—

    3 അവർ പൂന്തോട്ടങ്ങളിൽ ബലിയർപ്പിച്ചും

    ബലിപീഠങ്ങളിലെ ഇഷ്ടികകളിന്മേൽ ധൂപംകാട്ടിയും

    എന്റെ മുഖത്തുനോക്കി

    അവർ എന്നെ നിരന്തരം പ്രകോപിപ്പിക്കുന്നു.

    4 അവർ രാത്രിമുഴുവനും കല്ലറകൾക്കിടയിൽ

    രഹസ്യമായി ഉറങ്ങാതിരിക്കുന്നു,

    പന്നിയിറച്ചി തിന്നുകയും

    നിഷിദ്ധമാംസത്തിന്റെ ചാറിനാൽ പാത്രങ്ങൾ നിറയ്ക്കുകയുംചെയ്യുന്നു;

    5 ‘മാറിനിൽക്കുക, എന്നോട് അടുക്കരുത്,

    ഞാൻ നിന്നെക്കാൾ അതിവിശുദ്ധൻ!’ എന്ന് അവർ പറയുന്നു.

    ഇങ്ങനെയുള്ളവർ എന്റെ മൂക്കിലെ പുകയും

    ദിവസം മുഴുവൻ കത്തുന്ന തീയും ആകുന്നു.

    6 “ഇതാ, അത് എന്റെമുമ്പിൽ എഴുതപ്പെട്ടിരിക്കുന്നു:

    ഞാൻ പകരം വീട്ടാതെ അടങ്ങിയിരിക്കുകയില്ല;

    അവരുടെ മാറിടത്തിലേക്കുതന്നെ ഞാൻ പകരംവീട്ടും—

  23. 1 ഇതിനുശേഷം, യഹോവ കേൾക്കെ ജനം തങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചു പിറുപിറുത്തു, അതു കേട്ടപ്പോൾ അവിടത്തെ കോപം ജ്വലിച്ചു. അപ്പോൾ യഹോവയിൽനിന്നുള്ള അഗ്നി അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അതിർത്തിയിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു. 2 ഉടനെതന്നെ ജനം മോശയോടു നിലവിളിച്ചു; അദ്ദേഹം യഹോവയോടു പ്രാർഥിച്ചു, അഗ്നി കെട്ടടങ്ങി. 3 യഹോവയിൽനിന്നുള്ള അഗ്നി അവരുടെ ഇടയിൽ കത്തിയതിനാൽ ആ സ്ഥലത്തിനു തബേരാ എന്നു പേരായി.

    4 അവരുടെ ഇടയിലുള്ള സമ്മിശ്രപുരുഷാരം മറ്റു ഭക്ഷണത്തിനായി കൊതിച്ചു; ഇസ്രായേൽമക്കളും തിരിഞ്ഞ് അവരോടൊപ്പം മുറവിളികൂട്ടി: “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആർ തരും? 5 ഈജിപ്റ്റിൽവെച്ചു വിലകൊടുക്കാതെ തിന്നിട്ടുള്ള മത്സ്യവും, വെള്ളരി, മത്തങ്ങ, ഉള്ളി, ചെമന്നുള്ളി, വെളുത്തുള്ളി എന്നിവയും ഞങ്ങൾ ഓർക്കുന്നു. 6 എന്നാൽ ഇപ്പോഴാകട്ടെ, ഞങ്ങളുടെ ഭക്ഷണത്തോടുള്ള താത്പര്യംതന്നെ ഇല്ലാതായിരിക്കുന്നു; ഞങ്ങളുടെമുമ്പിൽ ഈ മന്നയല്ലാതെ മറ്റൊന്നും കാണുന്നതുമില്ല!”

    7 മന്നാ വെളുത്ത്, കൊത്തമല്ലിയരിപോലെയുള്ളതും കാഴ്ചയ്ക്ക് ഗുല്ഗുലു സമാനവും ആയിരുന്നു. 8 ജനം ചുറ്റിനടന്ന് അതു ശേഖരിച്ച് തിരികല്ലിൽ പൊടിച്ചോ ഉരലിൽ ഇടിച്ചോ എടുക്കും. അവർ അതു കലത്തിൽ പാകംചെയ്തെടുക്കുകയോ അപ്പമുണ്ടാക്കുകയോ ചെയ്തുവന്നു. അതിന്റെ രുചി ഒലിവെണ്ണചേർത്തുണ്ടാക്കിയ ധാന്യപ്പലഹാരംപോലെയായിരുന്നു. 9 രാത്രി പാളയത്തിൽ മഞ്ഞിനോടൊപ്പം മന്നയും പൊഴിയും.

    10 കുടുംബങ്ങളോരോന്നും സ്വന്തം കൂടാരവാതിൽക്കലിരുന്നു നിലവിളിക്കുന്നതു മോശ കേട്ടു. യഹോവ അത്യന്തം കോപിച്ചു; മോശയ്ക്കും അനിഷ്ടമുണ്ടായി. 11 അദ്ദേഹം യഹോവയോടു ചോദിച്ചു: “അങ്ങയുടെ ദാസന്റെമേൽ അങ്ങ് ഈ ക്ലേശം വരുത്തിയതെന്തിന്? എന്നോടു കൃപ കാണിക്കാതെ ഈ ജനത്തിന്റെയെല്ലാം ഭാരം എന്റെമേൽ വെച്ചതെന്തിന്? 12 ഞാനാണോ ഈ ജനത്തെയെല്ലാം ഗർഭംധരിച്ചത്? ഞാനാണോ അവരെ പ്രസവിച്ചത്? അവരുടെ പൂർവികരോട് അങ്ങ് ശപഥംചെയ്തു വാഗ്ദാനം നൽകിയ ദേശത്തേക്ക് ഒരു ധാത്രി ശിശുവിനെ വഹിക്കുന്നതുപോലെ അവരെ എന്റെ കൈകളിൽ വഹിച്ചുകൊണ്ടുപോകാൻ അങ്ങ് എന്നോട് കൽപ്പിക്കുന്നതെന്തിന്? 13 ഈ ജനത്തിനെല്ലാം ഞാൻ എവിടെനിന്നു മാംസം കൊണ്ടുവരും? ‘ഞങ്ങൾക്കു തിന്നാൻ മാംസം തരിക’ എന്ന് അവർ എന്നോടു നിലവിളിച്ചുകൊണ്ടിരിക്കുന്നു. 14 ഈ ജനത്തെയെല്ലാം തനിയേ പോറ്റാൻ എനിക്കു കഴിവില്ല; ഇത് എനിക്ക് അതിഭാരം ആകുന്നു. 15 ഇപ്രകാരമാണ് അങ്ങ് എന്നോടു പ്രവർത്തിക്കുന്നതെങ്കിൽ, എന്നെ കൊന്നുകളയണമേ. എന്നോടു കനിവുതോന്നി എന്റെ അരിഷ്ടത ഞാൻ കാണാൻ അനുവദിക്കരുതേ.”

    16 യഹോവ മോശയോടു പറഞ്ഞു: “ജനത്തിന്റെ ഇടയിൽ പ്രഭുക്കന്മാരും മേൽവിചാരകരുമായി അംഗീകരിക്കപ്പെട്ട ഇസ്രായേലിലെ ഗോത്രത്തലവന്മാരിൽ എഴുപതുപേരെ എന്റെ അടുക്കൽ കൊണ്ടുവരിക. അവർ വന്ന് സമാഗമകൂടാരത്തിങ്കൽ നിന്നോടൊപ്പം നിൽക്കട്ടെ. 17 അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോടു സംസാരിക്കും; നിന്റെമേലുള്ള ആത്മാവിൽ അൽപ്പം എടുത്ത് അവരുടെമേൽ പകരും. ജനത്തിന്റെ ഭാരം വഹിക്കാൻ അവർ നിന്നെ സഹായിക്കും, അങ്ങനെ നീ തനിയേ അതു വഹിക്കേണ്ടിവരികയില്ല.

    18 “ജനത്തോടു പറയുക: ‘നാളേയ്ക്കായി നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക, നാളെ നിങ്ങൾ മാംസം ഭക്ഷിക്കും. “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആർ തരും? ഈജിപ്റ്റിൽ ഞങ്ങൾക്ക് എത്ര നന്നായിരുന്നു!” എന്നു നിങ്ങൾ കരയുന്നത് യഹോവ കേട്ടു. ഇപ്പോൾ യഹോവ നിങ്ങൾക്കു മാംസം തരും. നിങ്ങൾ അതു തിന്നും. 19 കേവലം ഒരു ദിവസമോ രണ്ടു ദിവസമോ അഞ്ചോ പത്തോ ഇരുപതോ ദിവസമോ അല്ല; 20 ഒരുമാസം മുഴുവൻ—അതു നിങ്ങളുടെ മൂക്കിലൂടെ പുറത്തുവന്ന് നിങ്ങൾക്ക് അറപ്പുണ്ടാകുന്നതുവരെ—നിങ്ങൾ തിന്നും. കാരണം നിങ്ങളുടെ മധ്യത്തിലുള്ള യഹോവയെ നിങ്ങൾ ത്യജിച്ച് “ഞങ്ങൾ ഈജിപ്റ്റിൽനിന്നും പോന്നതെന്തിന്” എന്നു പറഞ്ഞ് അവിടത്തെ മുമ്പാകെ നിലവിളിച്ചല്ലോ.’ ”

    21 എന്നാൽ മോശ പറഞ്ഞു: “ഇവിടെ ആറുലക്ഷം യോദ്ധാക്കളുടെ മധ്യേ ഞാൻ നിൽക്കുന്നു, എന്നിട്ടും ‘ഞാൻ അവർക്ക് മാംസം കൊടുക്കും; അവർ ഒരുമാസം അതു ഭക്ഷിക്കും’ എന്ന് അങ്ങു പറയുന്നു. 22 ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറത്താലും അവർക്ക് തൃപ്തിയാകുമോ? സമുദ്രത്തിലെ മത്സ്യം മുഴുവനും പിടിച്ചാലും അവർക്കു തികയുമോ?”

    23 യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ കൈ കുറുകിപ്പോയോ? ഞാൻ അരുളിച്ചെയ്യുന്നത് നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും.”

    24 അങ്ങനെ മോശ പുറത്തുചെന്ന് യഹോവ പറഞ്ഞത് ജനത്തോട് അറിയിച്ചു. എഴുപതു തലവന്മാരെ അദ്ദേഹം വിളിച്ചുകൂട്ടി കൂടാരത്തിനുചുറ്റും നിർത്തി. 25 അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങിവന്ന് മോശയോടു സംസാരിച്ചു. അദ്ദേഹത്തിന്റെമേലുണ്ടായിരുന്ന ആത്മാവിൽനിന്ന് കുറെ എടുത്ത് തലവന്മാരായ ആ എഴുപതു പുരുഷന്മാരുടെമേൽ പകർന്നു. ആത്മാവ് അവരുടെമേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു, പക്ഷേ, പിന്നീട് അവർ അങ്ങനെ ചെയ്തില്ല.

    26 എന്നാൽ എൽദാദ്, മേദാദ് എന്ന രണ്ടുപേർ പാളയത്തിൽത്തന്നെ താമസിച്ചു. അവർ ഗോത്രത്തലവന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെട്ടവരായിരുന്നെങ്കിലും കൂടാരത്തിലേക്കിറങ്ങിച്ചെന്നില്ല. എങ്കിലും ആത്മാവ് അവരുടെമേലും ആവസിച്ചു. അവർ പാളയത്തിൽവെച്ചു പ്രവചിച്ചു. 27 ഒരു യുവാവ് ഓടിച്ചെന്ന് മോശയോടു പറഞ്ഞു: “എൽദാദും മേദാദും പാളയത്തിൽ പ്രവചിക്കുന്നു.”

    28 യൗവനംമുതൽ മോശയുടെ സഹായിയായിരുന്ന നൂന്റെ മകനായ യോശുവ അപ്പോൾ പറഞ്ഞു: “എന്റെ യജമാനനായ മോശയേ, അവരെ തടയണമേ!”

    29 എന്നാൽ മോശ മറുപടി പറഞ്ഞു: “എന്നെയോർത്ത് നീ അസൂയപ്പെടുന്നോ? യഹോവയുടെ സർവജനവും പ്രവാചകന്മാരാകണമെന്നും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരണമെന്നുമാണു ഞാൻ ആഗ്രഹിക്കുന്നത്!” 30 ഇതിനുശേഷം മോശയും ഇസ്രായേലിലെ ഗോത്രത്തലവന്മാരും പാളയത്തിലേക്കു മടങ്ങി.

    31 അപ്പോൾ യഹോവയിൽനിന്ന് ഒരു കാറ്റു പുറപ്പെട്ടു; കാറ്റുമൂലം കാടപ്പക്ഷികൾ സമുദ്രത്തിൽനിന്നുവന്നു. അത് അവയെ പാളയത്തിനുചുറ്റും എല്ലായിടത്തും നിലത്തുനിന്ന് ഏകദേശം രണ്ടുമുഴം പൊക്കത്തിൽ എല്ലാ ദിശയിലേക്കും ഒരു ദിവസത്തെ വഴി ദൂരംവരെ വീഴിച്ചു. 32 ആ പകലും രാത്രിമുഴുവനും പിറ്റേന്നാൾ മുഴുവനും ജനം ഇറങ്ങിച്ചെന്ന് കാടപ്പക്ഷി ശേഖരിച്ചു. പത്തു ഹോമറിൽ കുറവ് ആരും ശേഖരിച്ചില്ല. പിന്നീട് അവയെ അവർ പാളയത്തിനു ചുറ്റിലെല്ലാം നിരത്തി. 33 എന്നാൽ മാംസം അവരുടെ പല്ലുകൾക്കിടയിൽ ഇരിക്കുമ്പോൾ, അതു ചവച്ചിറക്കുന്നതിനു മുമ്പുതന്നെ, യഹോവയുടെ കോപം ജനത്തിനുനേരേ ജ്വലിച്ചു. അതുകൊണ്ട് അവിടന്ന് അവരെ ഒരു കഠിനബാധകൊണ്ടു സംഹരിച്ചു. 34 മറ്റു ഭക്ഷണങ്ങൾക്കായി മുറവിളി കൂട്ടിയ ജനത്തെ അവിടെ അടക്കിയതിനാൽ ആ സ്ഥലത്തിന് കിബ്രോത്ത്-ഹത്താവ എന്നു പേരായി.

    35 കിബ്രോത്ത്-ഹത്താവയിൽനിന്ന് ജനം ഹസേരോത്തിലേക്കു യാത്രചെയ്ത് അവിടെ കുറച്ചുനാൾ താമസിച്ചു.

  24. 20 നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദാനംചെയ്തതുപോലെ അവിടന്ന് നിന്റെ അതിർത്തി വിപുലമാക്കുമ്പോൾ നീ മാംസം ഭക്ഷിക്കാൻ ആഗ്രഹിച്ച്, “എനിക്കു മാംസം ഭക്ഷിക്കണം” എന്നു പറഞ്ഞാൽ നിന്റെ ഇഷ്ടപ്രകാരം നിനക്കു മാംസം വേണ്ടുംപോലെ ഭക്ഷിക്കാം. 21 നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുന്നതിനു തെരഞ്ഞെടുക്കുന്ന സ്ഥലം വിദൂരത്താകുന്നു എങ്കിൽ നിങ്ങളുടെ ദൈവമായ യഹോവ നൽകിയിട്ടുള്ള നിങ്ങളുടെ ആടുകളിൽനിന്നോ കന്നുകാലികളിൽനിന്നോ ഒരു മൃഗത്തെ കൊന്ന് ഞാൻ നിങ്ങളോടു കൽപ്പിച്ചപ്രകാരം നിങ്ങളുടെ നഗരങ്ങളിൽവെച്ച് നിന്റെ ഇഷ്ടംപോലെ ഭക്ഷിക്കാം. 22 കലമാനിന്റെയോ പുള്ളിമാനിന്റെയോ മാംസംപോലെ നിനക്ക് അവ ഭക്ഷിക്കാം. ആചാരപരമായി അശുദ്ധരായവർക്കും വിശുദ്ധരായവർക്കും അതു ഭക്ഷിക്കാം. 23 എന്നാൽ രക്തം കുടിക്കാതിരിക്കാൻ സൂക്ഷിക്കണം, കാരണം രക്തം ജീവൻ ആകുന്നു. മാംസത്തോടുകൂടെ ജീവൻ ഭക്ഷിക്കരുത്. 24 രക്തം കുടിക്കരുത്; അത് വെള്ളംപോലെ ഭൂമിയിൽ ഒഴുക്കിക്കളയണം. 25 യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായിരിക്കുന്നതിനും നീയും നിനക്കുശേഷം നിന്റെ മക്കളും അഭിവൃദ്ധിപ്പെടേണ്ടതിനും രക്തം കുടിക്കരുത്.

  25. 1 ഭരണാധികാരിക്കൊത്ത് ഭക്ഷണം കഴിക്കുമ്പോൾ,

    നിങ്ങളുടെമുമ്പിൽ എന്താണ് ഉള്ളതെന്ന് സസൂക്ഷ്മം നിരീക്ഷിക്കുക,

    2 നിങ്ങൾ അമിതഭക്ഷണം കഴിക്കുന്നവരാണെങ്കിൽ

    നിങ്ങളുടെ തൊണ്ടയിൽ ഒരു കത്തിവെക്കുക.

    3 അവരുടെ ആസ്വാദ്യകരമായ ഭക്ഷണത്തോട് അതിമോഹം അരുത്,

    കാരണം ആ ഭക്ഷണം വഞ്ചനാപരമാണ്.

  26. 10 പിന്നെ യേശു ജനക്കൂട്ടത്തെ തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക. 11 മനുഷ്യന്റെ വായിലേക്കു ചെല്ലുന്നതല്ല, പിന്നെയോ വായിൽനിന്ന് പുറപ്പെടുന്നതാണ് ആ വ്യക്തിയെ ‘അശുദ്ധമാക്കുന്നത്.’ ”

    12 അപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ സമീപിച്ച്, “ഈ വചനം പരീശന്മാരെ പ്രകോപിതരാക്കിയിരിക്കുന്നു എന്ന് അങ്ങ് അറിയുന്നോ?” എന്നു ചോദിച്ചു.

    13 യേശു അതിനുത്തരം പറഞ്ഞത്: “എന്റെ സ്വർഗസ്ഥപിതാവു നട്ടിട്ടില്ലാത്ത എല്ലാ തൈയും വേരോടെ പിഴുതുനീക്കപ്പെടും. 14 അവരെ ഗൗനിക്കേണ്ടതില്ല; അവർ അന്ധരായ വഴികാട്ടികൾ ആകുന്നു. ഒരന്ധൻ മറ്റൊരന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.”

    15 “ആ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരണമേ,” പത്രോസ് അപേക്ഷിച്ചു.

    16 “നിങ്ങൾ ഇപ്പോഴും ഇത്ര ബുദ്ധിഹീനരോ?” യേശു അവരോടു ചോദിച്ചു. 17 “വായിലേക്കു ചെല്ലുന്നതെന്തും വയറ്റിൽ എത്തിയതിനുശേഷം ശരീരത്തിൽനിന്ന് പുറത്തുപോകുന്നെന്ന് അറിയാമല്ലോ. 18 എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്. 19 വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു; 20 ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.”

  27. 17 “ ‘നിങ്ങൾ മേദസ്സും രക്തവും ഭക്ഷിക്കരുത്; ഇത്, നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങൾക്കു തലമുറതലമുറയായി എന്നെന്നേക്കുമുള്ള നിയമം ആയിരിക്കണം.’ ”

  28. 22 യഹോവ മോശയോട് അരുളിച്ചെയ്തു: 23 “ഇസ്രായേല്യരോടു പറയുക: ‘കന്നുകാലിയുടെയോ ചെമ്മരിയാടിന്റെയോ കോലാടിന്റെയോ മേദസ്സ് അൽപ്പംപോലും ഭക്ഷിക്കരുത്. 24 ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ആയ മൃഗത്തിന്റെ മേദസ്സു മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം, എന്നാൽ അതു ഭക്ഷിക്കരുത്. 25 യഹോവയ്ക്കു ദഹനയാഗം അർപ്പിക്കാനുള്ള മൃഗത്തിന്റെ മേദസ്സു ഭക്ഷിക്കുന്നയാൾ അവരുടെ ജനത്തിൽനിന്ന് ഛേദിക്കപ്പെടണം. 26 നിങ്ങൾ എവിടെ ജീവിച്ചാലും ഒരു പക്ഷിയുടെയോ മൃഗത്തിന്റെയോ രക്തം കുടിക്കരുത്. 27 ആരെങ്കിലും രക്തം കുടിച്ചാൽ ആ മനുഷ്യൻ തന്റെ ജനത്തിൽനിന്ന് ഛേദിക്കപ്പെടണം.’ ”

  29. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

  30. 1 യഹോവ മോശയോടും അഹരോനോടും ഈജിപ്റ്റിൽവെച്ച് ഇങ്ങനെ അരുളിച്ചെയ്തു, 2 “ഈമാസം നിങ്ങളുടെ വർഷത്തിന്റെ ഒന്നാംമാസമായ ആരംഭമാസം ആയിരിക്കണം. 3 ഈമാസം പത്താംതീയതി ഓരോ പുരുഷനും തന്റെ കുടുംബത്തിനുവേണ്ടി, ഒരു കുടുംബത്തിന് ഒന്ന് എന്ന കണക്കിൽ, ഓരോ ആട്ടിൻകുട്ടിയെ എടുത്തുകൊള്ളണം എന്നു നിങ്ങൾ ഇസ്രായേല്യസമൂഹത്തോട് ഒന്നാകെ കൽപ്പിക്കണം. 4 ഒരാട്ടിൻകുട്ടി മുഴുവൻ ആവശ്യമില്ല എന്നു വരത്തക്കവണ്ണം ഏതെങ്കിലും കുടുംബം ചെറിയതെങ്കിൽ അവർ തങ്ങളുടെ ഏറ്റവും അടുത്തുള്ള അയൽവാസിയുമായി അവിടെയുള്ളവരുടെ എണ്ണമനുസരിച്ച് അതിനെ പങ്കുവെക്കണം. ഓരോ വ്യക്തിയും ഭക്ഷിക്കുന്നതിന്റെ അളവനുസരിച്ച് നിങ്ങൾക്ക് എത്ര ആട്ടിൻകുട്ടി ആവശ്യമുണ്ട് എന്നു നിശ്ചയിക്കണം. 5 നിങ്ങൾ തെരഞ്ഞെടുക്കുന്ന ആട്ടിൻകുട്ടി ഒരുവർഷം പ്രായമുള്ളതും ഊനമൊന്നും ഇല്ലാത്തതുമായ ആൺ ആയിരിക്കണം; ചെമ്മരിയാടോ കോലാടോ ആകാം. 6 മാസത്തിന്റെ പതിന്നാലാംതീയതിവരെ അവയെ സംരക്ഷിക്കുകയും അന്നു സന്ധ്യാസമയത്ത് ഇസ്രായേല്യസമൂഹത്തിലെ സകലരും അവയെ അറക്കുകയും വേണം. 7 പിന്നെ അവർ അവയുടെ രക്തത്തിൽ കുറെ എടുത്ത്, തങ്ങൾ ആട്ടിൻകുട്ടിയെ ഭക്ഷിക്കുന്ന വീടിന്റെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും പുരട്ടണം. 8 അവർ കയ്‌പുചീരയും പുളിപ്പില്ലാത്ത അപ്പവും കൂട്ടി തീയിൽ ചുട്ട മാംസം ആ രാത്രിയിൽത്തന്നെ ഭക്ഷിക്കണം. 9 തലയും കാലുകളും ആന്തരികഭാഗങ്ങളും എല്ലാംകൂടി തീയിൽ ചുട്ടതല്ലാതെ പച്ചയായിട്ടോ, വെള്ളത്തിൽ വേവിച്ചോ ഭക്ഷിക്കരുത്. 10 രാവിലത്തേക്ക് അതിൽ അൽപ്പംപോലും ശേഷിപ്പിക്കരുത്; എന്തെങ്കിലും മിച്ചംവരുന്നെങ്കിൽ അതു ചുട്ടുകളയണം. 11 നിങ്ങൾ അതു ഭക്ഷിക്കേണ്ടത് ഇപ്രകാരമാണ്: അര കെട്ടിയും കാലിൽ ചെരിപ്പിട്ടും കൈയിൽ വടിപിടിച്ചുംകൊണ്ട് തിടുക്കത്തിൽ അതു ഭക്ഷിക്കണം; അത് യഹോവയുടെ പെസഹ ആകുന്നു!

    12 “ആ രാത്രിയിൽത്തന്നെ ഞാൻ ഈജിപ്റ്റിൽക്കൂടി കടന്നുപോകുകയും മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാ കടിഞ്ഞൂലുകളെയും സംഹരിക്കുകയും ചെയ്യും; ഈജിപ്റ്റിലെ സകലദേവന്മാരുടെയുംമേൽ ഞാൻ ന്യായവിധി വരുത്തും. ഞാൻ യഹോവ ആകുന്നു. 13 നിങ്ങൾ വസിക്കുന്ന ഭവനത്തിൽ രക്തം നിങ്ങൾക്ക് ഒരു ചിഹ്നമായിരിക്കും; രക്തം കാണുമ്പോൾ ഞാൻ നിങ്ങളെ വിട്ടു കടന്നുപോകും. ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശകാരണമായിത്തീരുകയില്ല.

  31. 11 യഹോവ മോശയോട് അരുളിച്ചെയ്തു, 12 “ഞാൻ ഇസ്രായേല്യരുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു. നീ അവരോടു പറയുക, ‘നിങ്ങൾ സന്ധ്യാസമയത്ത് മാംസം ഭക്ഷിക്കുകയും പ്രഭാതത്തിൽ അപ്പം തിന്നു തൃപ്തരാകുകയും ചെയ്യും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.’ ”

    13 അന്നു സന്ധ്യയായപ്പോൾ കാടകൾ വന്നു പാളയത്തെ മൂടി. പ്രഭാതമായപ്പോൾ പാളയത്തിനുചുറ്റും മഞ്ഞിന്റെ ഒരു പാളി കാണപ്പെട്ടു.

  32. 26 “ ‘രക്തത്തോടുകൂടി മാംസം ഭക്ഷിക്കരുത്.

    “ ‘ദേവപ്രശ്നംവെക്കുകയോ ശകുനംനോക്കുകയോ അരുത്.

  33. 31 “നിങ്ങൾ എന്റെ വിശുദ്ധജനമായിരിക്കേണ്ടവരാണ്. അതുകൊണ്ട് വന്യമൃഗങ്ങൾ കടിച്ചുകീറിയ മൃഗങ്ങളുടെ മാംസം ഭക്ഷിക്കരുത്; അതു നായ്ക്കൾക്ക് ഇട്ടുകൊടുക്കണം.

  34. 15 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്ന അനുഗ്രഹത്തിനൊത്തവിധം ഏതു നഗരത്തിൽവെച്ചും നിന്റെ ഇഷ്ടപ്രകാരം മൃഗങ്ങളെ അറത്ത് ഭക്ഷിക്കാം. കലമാനിന്റെയോ പുള്ളിമാനിന്റെയോ മാംസംപോലെ ആചാരപരമായി അശുദ്ധരായിത്തീർന്നവർക്കും വിശുദ്ധരായിത്തീർന്നവർക്കും അതു ഭക്ഷിക്കാം.

  35. 2 ആ ദിവസങ്ങളിൽ ദാനീയേലെന്ന ഞാൻ മൂന്നാഴ്ചയായി ദുഃഖിച്ചുകൊണ്ടിരുന്നു. 3 ആ മൂന്നാഴ്ച കഴിയുവോളം ഞാൻ സ്വാദുഭോജനം കഴിക്കുകയോ മാംസം, വീഞ്ഞ് എന്നിവ രുചിക്കുകയോ എണ്ണതേക്കുകയോ ചെയ്തില്ല.

  36. 20 അങ്ങനെ, അയാൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ അടുത്തേക്കു യാത്രയായി.

    “വളരെ ദൂരെവെച്ചുതന്നെ പിതാവ് അവനെ കണ്ടു, അവനോടു സഹതാപം തോന്നി; അദ്ദേഹം ഓടിച്ചെന്ന് അവനെ ആലിംഗനംചെയ്തു ചുംബിച്ചു.

    21 “ആ മകൻ അദ്ദേഹത്തോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല’ എന്നു പറഞ്ഞു.

    22 “എന്നാൽ ആ പിതാവ് തന്റെ ഭൃത്യന്മാരോട്, ‘വേഗം ഏറ്റവും നല്ല വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. ഇവന്റെ വിരലിൽ മോതിരം അണിയിക്കുക കാലിൽ ചെരിപ്പ് ഇടുവിക്കുക. 23 വിശേഷദിവസങ്ങൾക്കായി വളർത്തിക്കൊണ്ടുവന്ന കാളക്കിടാവിനെ കൊണ്ടുവന്ന് അറക്കുക; നമുക്ക് വിരുന്നു കഴിച്ച് ആഘോഷിക്കാം. 24 എന്റെ ഈ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; എനിക്കിവനെ തിരികെ കിട്ടിയിരിക്കുന്നു’ അങ്ങനെ അവരുടെ ആഘോഷം തുടങ്ങി.

  37. 26 യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അത്ഭുതചിഹ്നങ്ങൾ കണ്ടിട്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ്. 27 നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടിത്തന്നെ പ്രവർത്തിക്കുക; അതു മനുഷ്യപുത്രൻ നിങ്ങൾക്കു നൽകും. അവന്റെമേൽ പിതാവായ ദൈവം അവിടത്തെ അംഗീകാരമുദ്ര പതിപ്പിച്ചിരിക്കുന്നു.”

    28 അപ്പോൾ അവർ അദ്ദേഹത്തോടു ചോദിച്ചു, “ദൈവത്തിനു ഹിതകരമായി ഞങ്ങൾ ചെയ്യേണ്ടുന്ന പ്രവൃത്തികൾ എന്തെല്ലാമാണ്?”

    29 “ദൈവം അയച്ചവനിൽ വിശ്വസിക്കുക; ഇതാണ് ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി,” യേശു ഉത്തരം പറഞ്ഞു.

    30 അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയിൽ വിശ്വസിക്കേണ്ടതിന് എന്ത് അത്ഭുതചിഹ്നമാണ് അങ്ങു ചെയ്യുന്നത്? 31 ഞങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ ഭക്ഷിച്ചു; ‘അവിടന്ന് അവർക്കു ഭക്ഷിക്കാൻ സ്വർഗത്തിൽനിന്ന് അപ്പം നൽകി,’ എന്നു രേഖപ്പെടുത്തിയിരിക്കുന്നല്ലോ.”

    32 യേശു അവരോടു പറഞ്ഞു, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: മോശയല്ല നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം നിങ്ങൾക്കു തരുന്നത് എന്റെ പിതാവാണ്. 33 ദൈവത്തിന്റ അപ്പമോ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ നൽകുന്നവൻ ആകുന്നു.”

    34 “കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരണമേ,” അവർ അദ്ദേഹത്തോടപേക്ഷിച്ചു.

    35 അപ്പോൾ യേശു പറഞ്ഞത്: “ഞാൻ ആകുന്നു ജീവന്റെ അപ്പം. എന്റെ അടുക്കൽ വരുന്നവന് ഒരുനാളും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല. 36 എന്നാൽ, നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞല്ലോ. 37 പിതാവ് എനിക്കു തരുന്നവരെല്ലാം എന്റെ അടുക്കൽവരും; എന്റെ അടുക്കൽ വരുന്നവരെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല. 38 ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യാനാണ്. 39 എന്നെ അയച്ചവന്റെ ഇഷ്ടമോ, അവിടന്ന് എനിക്കു തന്നിട്ടുള്ളവരിൽ ആരും നഷ്ടമാകാതെ എല്ലാവരെയും ഞാൻ അന്ത്യനാളിൽ ഉയിർത്തെഴുന്നേൽപ്പിക്കണം എന്നാകുന്നു. 40 പുത്രനെ കണ്ട്, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ടാകണമെന്നാണ് എന്റെ പിതാവിന്റെ ഇഷ്ടം; അന്ത്യനാളിൽ ഞാൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കും.”

  38. 25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ?

  39. 4 ഉഷസ്സായപ്പോൾ, യേശു തടാകതീരത്ത് നിന്നു. അത് യേശുവാണെന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞില്ല.

    5 യേശു അവരോട്, “കുഞ്ഞുങ്ങളേ, മീനൊന്നുമില്ലേ?” എന്നു ചോദിച്ചു.

    “ഇല്ല,” എന്ന് അവർ മറുപടി പറഞ്ഞു.

    6 “വള്ളത്തിന്റെ വലതുഭാഗത്തു വല ഇറക്കുക, അപ്പോൾ നിങ്ങൾക്കു കിട്ടും,” എന്ന് യേശു പറഞ്ഞു. അവർ അങ്ങനെ ചെയ്തു. അപ്പോൾ അവർക്കു വല വലിച്ചുകയറ്റാൻപോലും കഴിയാത്തത്ര മീൻ ലഭിച്ചു.

    7 യേശു സ്നേഹിച്ച ശിഷ്യൻ പത്രോസിനോട്, “അതു കർത്താവാകുന്നു” എന്നു പറഞ്ഞു. “അതു കർത്താവാകുന്നു” എന്നു കേട്ട ഉടനെ ശിമോൻ പത്രോസ്, താൻ നഗ്നനായിരുന്നതിനാൽ പുറംവസ്ത്രം അരയിൽ ചുറ്റി വെള്ളത്തിൽ ചാടി. 8 മറ്റേ ശിഷ്യന്മാർ മീൻ നിറഞ്ഞ വല വലിച്ചുകൊണ്ട് വള്ളത്തിൽ പിന്നാലെ ചെന്നു. അവർ കരയിൽനിന്ന് ഏകദേശം തൊണ്ണൂറു മീറ്റർ ദൂരത്തിലായിരുന്നു. 9 കരയ്ക്ക് ഇറങ്ങിയപ്പോൾ അവിടെ തീക്കനലുകൾകൂട്ടി അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.

    10 യേശു അവരോട്, “ഇപ്പോൾ പിടിച്ച കുറെ മീൻ കൊണ്ടുവരിക.” എന്നു പറഞ്ഞു. 11 ശിമോൻ പത്രോസ് വള്ളത്തിൽ കയറി വല കരയ്ക്കു വലിച്ചുകയറ്റി. നൂറ്റിയമ്പത്തിമൂന്ന് വലിയ മീൻകൊണ്ട് ആ വല നിറഞ്ഞിരുന്നു. അത്രയേറെ മത്സ്യം ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല! 12 യേശു അവരോട്, “വന്നു പ്രഭാതഭക്ഷണം കഴിക്കുക.” എന്നു പറഞ്ഞു. ശിഷ്യന്മാരിൽ ആരും അദ്ദേഹത്തോട്, “അങ്ങ് ആരാണ്?” എന്നു ചോദിക്കാൻ ധൈര്യപ്പെട്ടില്ല; അതു കർത്താവാണെന്ന് അവർക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു. 13 യേശു വന്ന് അപ്പം എടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മീനും. 14 മരിച്ചവരിൽനിന്ന് പുനരുത്ഥാനംചെയ്തശേഷം ഇപ്പോൾ ഇത് മൂന്നാംപ്രാവശ്യമാണ് യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നത്.

  40. 25 യെഹൂദേതരരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവയിൽനിന്ന് അകന്നു ജീവിച്ചുകൊള്ളണമെന്നു നാം തീരുമാനമെടുത്തത് അവർക്ക് എഴുതിയിട്ടുണ്ടല്ലോ!”

  41. 6 അബ്രാഹാം വേഗത്തിൽ കൂടാരത്തിനുള്ളിൽ സാറായുടെ അടുത്തെത്തി. “നീ പെട്ടെന്ന് മൂന്നു സേയാ നേർത്ത മാവെടുത്തു കുഴച്ച് കുറച്ച് അപ്പം ചുടുക,” എന്നു പറഞ്ഞു.

    7 പിന്നെ അബ്രാഹാം ഓടിച്ചെന്ന് കാലിക്കൂട്ടത്തിൽനിന്ന് ഇളപ്പമായ നല്ലൊരു കാളക്കിടാവിനെ പിടിച്ച് ഒരു ദാസനെ ഏൽപ്പിച്ചു. അവൻ വേഗത്തിൽ അതിനെ പാകംചെയ്തു. 8 പിന്നെ അബ്രാഹാം കുറെ വെണ്ണയും പാലും പാകംചെയ്ത കാളയിറച്ചിയും കൊണ്ടുവന്ന് അവരുടെമുമ്പിൽ വെച്ചു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം അവർക്കു സമീപം ഒരു മരത്തണലിൽ അവരെ ശുശ്രൂഷിക്കാനായി നിന്നു.

    9 “നിന്റെ ഭാര്യയായ സാറാ എവിടെ?” അവർ ചോദിച്ചു.

    “കൂടാരത്തിലുണ്ട്” അദ്ദേഹം മറുപടി പറഞ്ഞു.

  42. 1 ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ രണ്ടാംമാസം പതിനഞ്ചാംദിവസം ഇസ്രായേല്യസമൂഹം ഒന്നാകെ ഏലീമിൽനിന്ന് പുറപ്പെട്ട്, ഏലീമിനും സീനായിക്കും ഇടയ്ക്കു സ്ഥിതിചെയ്യുന്ന സീൻമരുഭൂമിയിൽ എത്തി. 2 മരുഭൂമിയിൽവെച്ചു ജനസമൂഹം മോശയ്ക്കും അഹരോനും എതിരേ പിറുപിറുത്തു. 3 ഇസ്രായേൽമക്കൾ അവരോടു പറഞ്ഞു: “ഞങ്ങൾ ഈജിപ്റ്റിൽവെച്ച് യഹോവയുടെ കൈയാൽ മരിച്ചുപോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! അവിടെ ഞങ്ങൾ മാംസക്കലങ്ങൾക്കുചുറ്റും ഇരുന്ന് മതിയാകുംവരെ ഭക്ഷണം കഴിച്ചുവന്നു. എന്നാൽ നിങ്ങൾ, ഈ ജനസമൂഹത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുന്നതിന്, ഈ മരുഭൂമിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.”

  43. 29 “ ‘നിലത്തു സഞ്ചരിക്കുന്ന ജന്തുക്കളിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവയാണ്: പെരുച്ചാഴി, എലി, എല്ലാ ഇനത്തിലുംപെട്ട ഉടുമ്പ്, 30 അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരപ്പൻ 31 നിലത്തു സഞ്ചരിക്കുന്ന എല്ലാവകയിലും ഇവ നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ ജഡം സ്പർശിക്കുന്നവരും സന്ധ്യവരെ അശുദ്ധരായിരിക്കും.

  44. 27 നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ ഹോമയാഗങ്ങളും രക്തവും മാംസവും അർപ്പിക്കണം. യാഗരക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ ഒഴിക്കണം. അതിന്റെ മാംസം നിനക്കു ഭക്ഷിക്കാം.

  45. 33 “ജനം രക്തത്തോടുകൂടിയ മാംസംതിന്ന് യഹോവയ്ക്കെതിരേ പാപംചെയ്യുന്നു,” എന്ന് ശൗലിന് അറിവുകിട്ടി.

    അപ്പോൾ ശൗൽ: “നിങ്ങൾ വിശ്വാസഘാതകരായി തീർന്നിരിക്കുന്നു. ഒരു വലിയ കല്ല് വേഗം ഇവിടെ എന്റെയടുക്കൽ ഉരുട്ടിക്കൊണ്ടുവരിക” എന്നു പറഞ്ഞു. 34 അതിനുശേഷം അദ്ദേഹം: “ ‘നിങ്ങൾ ഓരോരുത്തനും അവരവരുടെ കാളകളെയും ആടുകളെയുംകൊണ്ട് എന്റെ അടുത്തുവരിക. അവയെ ഇവിടെവെച്ചുകൊന്ന് നിങ്ങൾ ഭക്ഷിക്കുക. രക്തത്തോടുകൂടി മാംസംതിന്ന് യഹോവയ്ക്കെതിരായി പാപംചെയ്യരുത്,’ എന്ന് ജനത്തിന്റെ അടുത്തുചെന്ന് അവരെ അറിയിക്കുക” എന്നു പറഞ്ഞു.

    അങ്ങനെ ഓരോരുത്തരും അവരവരുടെ കാളകളെ കൊണ്ടുവന്ന് അന്നുരാത്രി അറത്തു ഭക്ഷിച്ചു.

  46. 1 ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു;

    ചെത്തിമിനുക്കിയ ഏഴു സ്തംഭങ്ങൾ സ്ഥാപിച്ചു.

    2 അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി;

    അവളുടെ തീന്മേശയും ഒരുക്കിവെച്ചു.

    3 അവൾ തന്റെ തോഴിമാരെ നിയോഗിച്ചു,

    നഗരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ വിളംബരം ചെയ്യുന്നതിനുവേണ്ടി,

    4 “ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!”

    ബുദ്ധിഹീനരോട് അവൾ അറിയിക്കുന്നു,

    5 “വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക,

    ഞാൻ കലർത്തിവെച്ചിരിക്കുന്ന വീഞ്ഞ് പാനംചെയ്യുക.

    6 നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക;

    വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക.”

  47. 6 സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ

    സകലജനതകൾക്കുംവേണ്ടി മൃഷ്ടാന്നഭോജനങ്ങളും

    നല്ല പഴക്കമേറിയ വീഞ്ഞുമുള്ള ഒരു വിരുന്നൊരുക്കും—

    ഉത്തമമായ മാംസവും വിശിഷ്ടമായ വീഞ്ഞുംകൊണ്ടുതന്നെ.

  48. 21 “ ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഹോമയാഗങ്ങളോട് മറ്റു യാഗങ്ങൾ കലർത്തി, മാംസം തിന്നുക.

  49. 14 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, ഞാൻ ഒരിക്കലും എന്നെത്തന്നെ മലിനമാക്കിയിട്ടില്ല; ചെറുപ്പംമുതൽ ഇന്നുവരെയും തനിയേ ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ഞാൻ തിന്നിട്ടില്ല. അശുദ്ധമായ ഒരു മാംസവും എന്റെ വായിൽ ചെന്നിട്ടില്ല.”