48 Bible Verses About God's Holiness

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About God's Holiness
  1. 13 ആകയാൽ നിങ്ങൾ അചഞ്ചലചിത്തരായി, പൂർണസുബോധത്തോടെ, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ ഉറപ്പിക്കുക. 14 നിങ്ങൾ അജ്ഞതയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ദുഷ്ടമോഹങ്ങൾക്ക് അനുരൂപമാകാതെ നിങ്ങൾ അനുസരണയുള്ള മക്കളായിത്തീരുക. 15 നിങ്ങളെ തെരഞ്ഞെടുത്ത ദൈവം വിശുദ്ധനാകുകയാൽ, നിങ്ങളും സകലപ്രവൃത്തികളിലും വിശുദ്ധിയുള്ളവരാകുക. 16 “ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

    17 ഓരോരുത്തരുടെയും പ്രവൃത്തികൾക്ക് അനുസൃതമായി, പക്ഷഭേദംകൂടാതെ ന്യായംവിധിക്കുന്ന ദൈവത്തെ നിങ്ങൾ പിതാവെന്ന് വിളിക്കുന്നു. അതിനാൽ ഭൂമിയിലെ നിങ്ങളുടെ പ്രവാസജീവിതം ഭയഭക്തിയോടെ ആയിരിക്കട്ടെ. 18 നിങ്ങളുടെ പൂർവികരിൽനിന്നു സ്വായത്തമാക്കിയ അർഥശൂന്യമായ പാരമ്പര്യത്തിൽനിന്നു നിങ്ങളുടെ വിമോചനം സാധിച്ചത് സ്വർണം, വെള്ളി മുതലായ നശ്വരമായ വസ്തുക്കൾകൊണ്ടല്ല, 19 പിന്നെയോ, നിർമലവും കളങ്കരഹിതവുമായ ക്രിസ്തു എന്ന കുഞ്ഞാടിന്റെ അമൂല്യരക്തത്താൽ ആണ്. 20 ലോകാരംഭത്തിനു മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തെരഞ്ഞെടുത്തിരുന്നു. എങ്കിലും ഈ അന്തിമദിനങ്ങളിലാണ് ദൈവം ക്രിസ്തുവിനെ നിങ്ങൾക്കുവേണ്ടി പ്രത്യക്ഷനാക്കിയത്. 21 ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും തേജസ്കരിക്കുകയുംചെയ്ത ദൈവത്തിൽ, ക്രിസ്തു മുഖാന്തരം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നു.

    22 നിങ്ങൾ സത്യം അനുസരിച്ചതിലൂടെ നിങ്ങൾക്ക് വിശുദ്ധീകരണം ലഭിച്ചു; അത് നിഷ്കപടമായ സഹോദരസ്നേഹത്തിനുവേണ്ടിയാണ്, അതുകൊണ്ട് നിങ്ങൾ ഹൃദയശുദ്ധിയോടെ പരസ്പരം ഗാഢമായി സ്നേഹിക്കുക. 23 നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ.

    24 “എല്ലാ മാനവരും തൃണസമാനരും,

    അവരുടെ സർവമഹിമയും വയലിലെ പൂപോലെയും!

    പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു;

    25 കർത്താവിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.”

    ആ തിരുവചനംതന്നെയാണ് ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷം.

  2. 1 ഉസ്സീയാരാജാവ് മരിച്ച വർഷത്തിൽ ഉത്തുംഗവും ഉന്നതവുമായ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു; അവിടത്തെ അങ്കിയുടെ തൊങ്ങലുകൾ ആലയത്തെ നിറച്ചിരുന്നു. 2 സാറാഫുകൾ അവിടത്തെ മുകളിലായി നിന്നിരുന്നു; ഓരോ സാറാഫിനും ആറു ചിറകുവീതം ഉണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. 3 അവർ പരസ്പരം ഇപ്രകാരം വിളിച്ചുപറയുന്നുണ്ടായിരുന്നു:

    “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ;

    ഭൂമി മുഴുവൻ അവിടത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു.”

    4 അവർ ആർക്കുന്ന ശബ്ദത്താൽ ആലയത്തിന്റെ കട്ടിളക്കാലുകളും വാതിൽപ്പടികളും കുലുങ്ങി; ആലയം പുകകൊണ്ടു നിറഞ്ഞു.

  3. 11 യഹോവേ, ദേവന്മാരിൽ

    അവിടത്തേക്കു സദൃശനായി ആരുള്ളൂ?

    വിശുദ്ധിയിൽ രാജപ്രൗഢിയുള്ളവൻ!

    തേജസ്സിൽ ഭയങ്കരൻ!

    അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ!

    അങ്ങേക്കു തുല്യനായി ആരുള്ളൂ?

    12 “അവിടന്നു വലങ്കൈ നീട്ടുകയും

    ഭൂമി അവരെ വിഴുങ്ങുകയും ചെയ്തു.

    13 അവിടന്നു വീണ്ടെടുത്ത ജനത്തെ

    ആർദ്രസ്നേഹത്തോടെ അങ്ങു നയിക്കും.

    അവിടത്തെ വിശുദ്ധനിവാസത്തിലേക്ക്

    അവരെ സ്വന്തം ശക്തിയാൽ അവിടന്നു വഴിനടത്തും.

  4. 1 ഈ സംഭവത്തിനുശേഷം ഹന്നാ ഇപ്രകാരം പ്രാർഥിച്ചു:

    “എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;

    എന്റെ കൊമ്പ് യഹോവയിൽ ഉയർന്നിരിക്കുന്നു.

    എന്റെ അധരങ്ങൾ എന്റെ ശത്രുക്കൾക്കെതിരേ പ്രശംസിക്കുന്നു,

    കാരണം ഞാൻ അങ്ങയുടെ രക്ഷയിൽ ആഹ്ലാദിക്കുന്നു.

    2 “യഹോവയെപ്പോലെ പരിശുദ്ധൻ ആരുമില്ല;

    അങ്ങയെപ്പോലെ വേറാരുമില്ല!

    നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയില്ല.

  5. 44 ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകുകയാൽ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധരായിരിക്കുക. നിലത്തു സഞ്ചരിക്കുന്ന ഒരു ജീവിയാലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. 45 നിങ്ങളുടെ ദൈവമായിരിക്കാൻ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവ ഞാനാകുന്നു; ആകയാൽ, ഞാൻ വിശുദ്ധനാകുകയാൽ, നിങ്ങളും വിശുദ്ധരായിരിക്കുക.

    46 “ ‘മൃഗങ്ങളെയും പറവകളെയും ജലത്തിൽ ചരിക്കുന്ന ജീവികളെയും നിലത്തു ചരിക്കുന്ന ജീവികളെയും സംബന്ധിച്ച പ്രമാണം ഇവയാകുന്നു. 47 നിങ്ങൾക്ക് ശുദ്ധവും അശുദ്ധവുംതമ്മിലും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയുമായ ജീവികൾതമ്മിലും തരംതിരിവുണ്ടായിരിക്കണം.’ ”

  6. 2 “ഇസ്രായേലിന്റെ സർവസഭയോടും സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങളുടെ ദൈവമായ, യഹോവയായ ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക.

  7. 3 അവർ ദൈവദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതം ആലപിച്ചു:

    “മഹത്തും വിസ്മയകരവുമാകുന്ന

    സർവശക്തിയുള്ള ദൈവമായ കർത്താവേ,

    ജനതകളുടെ രാജാവേ,

    അങ്ങയുടെ പ്രവൃത്തികൾ നീതിയും സത്യസന്ധവുംതന്നെ.

    4 ആര് അങ്ങയെ ഭയപ്പെടാതെയും

    അങ്ങയുടെ നാമം മഹത്ത്വപ്പെടുത്താതെയും ഇരിക്കും, കർത്താവേ?

    പരിശുദ്ധൻ അങ്ങുമാത്രം.

    അങ്ങയുടെ നീതിപ്രവൃത്തികൾ പ്രത്യക്ഷമായിരിക്കുകയാൽ

    ജനതകളെല്ലാം വന്ന്

    തിരുസന്നിധിയിൽ വീണ് അങ്ങയെ വണങ്ങും.”

  8. 1 ഇതിനുശേഷം സ്വർഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു. കാഹളനാദംപോലെ ആദ്യം സംസാരിച്ചുകേട്ട ശബ്ദം എന്നോട്, “ഇവിടെ കയറിവരിക, ഇനി സംഭവിക്കാനുള്ളവ ഞാൻ നിനക്കു കാണിച്ചുതരാം” എന്നു പറഞ്ഞു. 2 ഉടനെ ഞാൻ ആത്മാവിലായി. ഇതാ, സ്വർഗത്തിൽ ഒരു സിംഹാസനം; അതിൽ ഒരാൾ ഇരിക്കുന്നു. 3 സിംഹാസനസ്ഥൻ സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിനു ചുറ്റും മരതകതുല്യമായ ഒരു മഴവില്ല്. 4 സിംഹാസനത്തിനു ചുറ്റും വേറെയും ഇരുപത്തിനാലു സിംഹാസനം; തേജോമയവസ്ത്രം ധരിച്ച ഇരുപത്തിനാലു മുഖ്യന്മാർ അവയിൽ ഇരിക്കുന്നു; അവരുടെ തലയിൽ തങ്കക്കിരീടങ്ങൾ. 5 സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കവും പുറപ്പെട്ടുവരുന്നു. സിംഹാസനത്തിനുമുമ്പിൽ ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴുദീപങ്ങൾ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. 6 സിംഹാസനത്തിനുമുമ്പിൽ പളുങ്കുപോലെ സുതാര്യമായ കണ്ണാടിക്കടൽ.

    കേന്ദ്രസ്ഥാനത്തുള്ള സിംഹാസനത്തിന്റെ ചുറ്റും നാലു ജീവികൾ; അവ മുന്നിലും പിന്നിലും കണ്ണുകളാൽ പൊതിയപ്പെട്ടിരുന്നു. 7 ഒന്നാമത്തെ ജീവി സിംഹത്തിനു സദൃശം, രണ്ടാമത്തെ ജീവി കാളയെപ്പോലെ, മൂന്നാമത്തെ ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്, നാലാമത്തെ ജീവി പറക്കുന്ന കഴുകനോടു സദൃശം. 8 നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ,

    “ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ,

    ‘സർവശക്തിയുള്ള ദൈവമായ കർത്താവ്,

    പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ ”

    എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു.

  9. 15 ഉന്നതനും ശ്രേഷ്ഠനും അനശ്വരനും

    പരിശുദ്ധൻ എന്ന നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ഉന്നതവും വിശുദ്ധവുമായ സ്ഥാനത്തു ഞാൻ വസിക്കുന്നു,

    എന്നാൽ വിനയമുള്ളവരുടെ ആത്മാവിനു നവചൈതന്യം പകരുന്നതിനും

    ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കുന്നതിനുമായി

    അനുതാപവും വിനയവുമുള്ളവരോടുംകൂടെ ഞാൻ വസിക്കും.

  10. 5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ

    അവിടത്തെ പാദപീഠത്തിൽ ആരാധിച്ചിടുവിൻ;

    അവിടന്ന് പരിശുദ്ധനാകുന്നു.

  11. 9 എന്നാൽ, അന്ധകാരത്തിൽനിന്ന് നിങ്ങളെ അത്ഭുതജ്യോതിയിലേക്കു വിളിച്ച്, തെരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം അവകാശവുമാക്കിത്തീർത്തത് അവിടത്തെ മാഹാത്മ്യത്തെ വർണിക്കുന്നതിനുവേണ്ടിയാണ്.

  12. 1 നോക്കൂ, പിതാവു നമുക്ക് എത്രയോ അതിരില്ലാത്ത സ്നേഹം പകർന്നാണ് നമ്മെ ദൈവമക്കളെന്നു വിളിച്ചത്! നാം വാസ്തവത്തിൽ അങ്ങനെതന്നെ ആണ്! ലോകം അവിടത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് അത് നമ്മെയും അറിയുന്നില്ല. 2 പ്രിയരേ, ഇപ്പോൾ നാം ദൈവത്തിന്റെമക്കൾ ആകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാൽ, ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും. അവിടന്ന് ആയിരിക്കുന്നതുപോലെ നാം അവിടത്തെ കാണും. 3 തന്നിൽ ഈ പ്രത്യാശയുള്ളവരെല്ലാം അവിടന്നു വിശുദ്ധനായിരിക്കുന്നതുപോലെ, സ്വയം വിശുദ്ധീകരിക്കുന്നു.

    4 പാപംചെയ്യുന്ന ഏതൊരുവനും ദൈവികപ്രമാണം ലംഘിക്കുന്നു; പാപം പ്രമാണരാഹിത്യംതന്നെ. 5 പാപങ്ങളെ നീക്കംചെയ്യാൻ അവിടന്നു പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു. തന്നിലാകട്ടെ പാപം ഒന്നുമില്ല. 6 തന്നിൽ വസിക്കുന്നവരാരും പാപത്തിൽ തുടരുകയില്ല. പാപത്തിൽ തുടരുന്നവരാരും അവിടത്തെ അറിയുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല.

    7 കുഞ്ഞുമക്കളേ, ആരും നിങ്ങളെ വഞ്ചിക്കരുത്. ക്രിസ്തു നീതിമാൻ ആയിരിക്കുന്നതുപോലെ നീതി പ്രവർത്തിക്കുന്നവരെല്ലാം നീതിനിഷ്ഠർ ആകുന്നു. 8 പാപംചെയ്തുകൊണ്ടിരിക്കുന്നവർ പിശാചിൽനിന്നുള്ളവരാകുന്നു. പിശാച് ആരംഭംമുതലേ പാപംചെയ്യുന്നവനാണ്. പിശാചിന്റെ പ്രവർത്തനങ്ങളെ ഉന്മൂലനംചെയ്യാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്. 9 ദൈവത്തിൽനിന്നു ജനിച്ചവരാരും പാപം ശീലമാക്കുന്നില്ല; ദൈവത്തിന്റെ വിത്ത് അവരിൽ വസിക്കുന്നല്ലോ. അവർ ദൈവത്തിൽനിന്നു ജനിച്ചിരിക്കുകയാൽ പാപത്തിൽ തുടരുക അവർക്ക് അസാധ്യമാണ്. 10 ദൈവത്തിന്റെ മക്കളെയും പിശാചിന്റെ മക്കളെയും ഇങ്ങനെ തിരിച്ചറിയാം; നീതി പ്രവർത്തിക്കാത്തവർ ആരും ദൈവത്തിൽനിന്ന് ഉള്ളവരല്ല. സഹോദരങ്ങളെ സ്നേഹിക്കാത്തവരും അങ്ങനെതന്നെ.

  13. 43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക; 45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ. 46 നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ! 47 സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്? 48 അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.

  14. 25 “അങ്ങനെയെങ്കിൽ നിങ്ങൾ ആരോട് എന്നെ ഉപമിക്കും?

    ആരോടു ഞാൻ തുല്യനാകും?” എന്നു പരിശുദ്ധൻ ചോദിക്കുന്നു.

  15. 5 “ഇവിടേക്ക് അടുത്തുവരരുത്. നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,” എന്നു ദൈവം കൽപ്പിച്ചു.

  16. 8 ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു;

    ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.

  17. ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

    1 നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ,

    യഹോവ ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു.

  18. 21 ഇസ്രായേൽജനം പോയ ദേശങ്ങളിലെല്ലാം അവർ അശുദ്ധമാക്കിത്തീർത്ത എന്റെ വിശുദ്ധനാമത്തെപ്പറ്റി എനിക്കു ഹൃദയഭാരം ഉണ്ടായി.

    22 “അതിനാൽ ഇസ്രായേൽഗൃഹത്തോടു നീ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനമേ, നിങ്ങൾക്കുവേണ്ടിയല്ല, നിങ്ങൾ പോയ ജനതകൾക്കിടയിലെല്ലാം അശുദ്ധമാക്കിത്തീർത്ത എന്റെ പരിശുദ്ധനാമത്തിനുവേണ്ടിയാണ് ഞാൻ ഈ കാര്യങ്ങൾചെയ്യാൻ പോകുന്നത്. 23 നിങ്ങൾ ജനതകൾക്കിടയിൽ അശുദ്ധമാക്കിയ, അവരുടെ മധ്യേ അശുദ്ധമായിത്തീർന്ന എന്റെ മഹത്തായ നാമത്തിന്റെ പരിശുദ്ധി ഞാൻ അവരെ കാണിക്കും. അങ്ങനെ നിങ്ങളിലൂടെ എന്റെ വിശുദ്ധി ഞാൻ അവരുടെ ദൃഷ്ടിയിൽ തെളിയിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് ആ ജനതകൾ മനസ്സിലാക്കും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

  19. 49 സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു;

    പരിശുദ്ധമല്ലോ അവിടത്തെ നാമം.

  20. 29 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക;

    തിരുമുൽക്കാഴ്ചയുമായി അവിടത്തെ സന്നിധിയിലേക്കു വരിക.

    യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.

  21. 3 ഇസ്രായേലിന്റെ സ്തുതികളിൽ സിംഹാസനസ്ഥനായിരിക്കുന്ന

    അവിടന്ന് പരിശുദ്ധനാണല്ലോ!

  22. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

    എന്റെ സർവാന്തരംഗവുമേ, അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.

  23. 26 പവിത്രൻ, നിഷ്കളങ്കൻ, നിർമലൻ, പാപികളിൽനിന്നു വേർപെട്ടവൻ, സ്വർഗത്തെക്കാളും ഔന്നത്യമാർജിച്ചവൻ—ഇങ്ങനെയുള്ള മഹാപുരോഹിതനെയാണ് നമുക്കാവശ്യം. 27 അവിടന്നു മറ്റു മഹാപുരോഹിതന്മാരിൽനിന്ന് വ്യത്യസ്തനാണ്. ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും ദിവസംതോറും യാഗം കഴിക്കേണ്ട ആവശ്യം അവിടത്തേക്കില്ല. സ്വയം യാഗമായിത്തീർന്നുകൊണ്ട്, അവിടന്ന് ജനങ്ങളുടെ പാപപരിഹാരം എന്നേക്കുമായി നിർവഹിച്ചല്ലോ. 28 ന്യായപ്രമാണം എല്ലാവിധ ബലഹീനതയുമുള്ള മനുഷ്യരെയാണ് മഹാപുരോഹിതന്മാരാക്കുന്നത്; എന്നാൽ ന്യായപ്രമാണത്തിനുശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ, ദൈവപുത്രനെത്തന്നെ പൂർണത നിറഞ്ഞ നിത്യമഹാപുരോഹിതനായി നിയമിച്ചു.

  24. 26 യഹോവയായ ഞാൻ വിശുദ്ധനായതുകൊണ്ടു നിങ്ങൾ എനിക്കു വിശുദ്ധരായിരിക്കണം. എനിക്കു സ്വന്തമായിരിക്കേണ്ടതിനു നിങ്ങളെ ഞാൻ ഇതര ജനതകളിൽനിന്ന് വേർതിരിച്ചിരിക്കുന്നു.

  25. 19 യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങൾക്കു യഹോവയെ സേവിക്കാൻ കഴിയുന്നതല്ല; അവിടന്ന് പരിശുദ്ധനായ ദൈവം ആകുന്നു; തീക്ഷ്ണതയുള്ള ദൈവവും ആകുന്നു. നിങ്ങളുടെ അതിക്രമവും പാപവും അവിടന്ന് ക്ഷമിക്കുകയില്ല. 20 നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പേ നിങ്ങൾക്കു നന്മ ചെയ്തതുപോലെ അവിടന്ന് ഇപ്പോൾ തിരിഞ്ഞു തിന്മ ചെയ്തു നിങ്ങളെ ഉന്മൂലനംചെയ്യും.”

  26. 3 യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക?

    അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?

    4 വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ,

    വിഗ്രഹത്തിൽ ആശ്രയിക്കാതെയും

    വ്യാജശപഥം ചെയ്യാതെയുമിരിക്കുന്നവർതന്നെ.

    5 അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും

    അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.

  27. 9 യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.

    സകലഭൂതലവുമേ, യഹോവയുടെമുമ്പിൽ നടുങ്ങുക.

  28. 35 എന്റെ വിശുദ്ധിയിൽ ഞാൻ ഒരിക്കലായി ശപഥംചെയ്തിരിക്കുന്നു;

    ദാവീദിനോടു ഞാൻ വ്യാജം സംസാരിക്കുകയില്ല.

  29. 8 അവിടെ ഒരു രാജവീഥി ഉണ്ടാകും;

    അത് പരിശുദ്ധിയുടെ പാത എന്നു വിളിക്കപ്പെടും;

    തെരഞ്ഞെടുക്കപ്പെട്ടവർക്കുമാത്രമാണ് ആ രാജവീഥി.

    അശുദ്ധർ അതിൽ യാത്രചെയ്യുകയില്ല;

    ദുഷ്ടരായ ഭോഷർ ആ വഴി വരുകയേയില്ല.

  30. 15 ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും

    ഇസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവുംതന്നെ.”

  31. 5 ഞങ്ങൾ തിരുമൊഴി ശ്രവിച്ച് നിങ്ങളോട് അറിയിക്കുന്ന സന്ദേശം ഇതാണ്: ദൈവം പ്രകാശം ആകുന്നു; ദൈവത്തിൽ അന്ധകാരം അൽപ്പംപോലും ഇല്ല.

  32. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവേ, അവിടത്തെ കൂടാരത്തിൽ ആർ പാർക്കും?

    അവിടത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും?

  33. 12 നീതിനിഷ്ഠരേ, യഹോവയിൽ ആനന്ദിക്കുകയും

    അവിടത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുകയും ചെയ്യുക.

  34. 1 യഹോവ വാഴുന്നു,

    രാഷ്ട്രങ്ങൾ വിറയ്ക്കട്ടെ;

    അവിടന്ന് കെരൂബുകളിൻമീതേ സിംഹാസനസ്ഥനായിരിക്കുന്നു

    ഭൂമി പ്രകമ്പനംകൊള്ളട്ടെ.

    2 യഹോവ സീയോനിൽ ഉന്നതനാകുന്നു;

    അവിടന്ന് സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു.

    3 അവർ അവിടത്തെ മഹത്ത്വവും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ—

    അവിടന്ന് പരിശുദ്ധനാകുന്നു.

  35. 19 ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതുമായ പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു നിങ്ങളുടെ ശരീരം എന്ന് അറിയുന്നില്ലേ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല; 20 വിലയ്ക്കു വാങ്ങപ്പെട്ടവരാണ് നിങ്ങൾ. അതുകൊണ്ട് നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുക.

  36. 6 അവർ തങ്ങളുടെ ദൈവത്തിന്റെ നാമം അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധരായിരിക്കണം. തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നവരായതുകൊണ്ട് അവർ വിശുദ്ധരായിരിക്കണം.

    7 “ ‘അവർ, വേശ്യാവൃത്തിയാൽ മലിനയായവളോ ഭർത്താവിൽനിന്ന് വേർപെട്ടവളോ ആയ സ്ത്രീയെ വിവാഹംകഴിക്കരുത്. കാരണം പുരോഹിതന്മാർ ദൈവത്തിനു വിശുദ്ധരാകുന്നു. 8 നിങ്ങൾ ഓരോരുത്തരും അവരെ വിശുദ്ധരായി പരിഗണിക്കണം, കാരണം പുരോഹിതന്മാർ നിങ്ങളുടെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവരാണ്. നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങൾ അവരെ വിശുദ്ധരായി കണക്കാക്കണം.

  37. 4 യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്;

    യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.

    അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു;

    അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു.

  38. 22 കിന്നരവാദ്യത്തോടെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും

    എന്റെ ദൈവമേ, അവിടന്ന് വിശ്വസ്തനാണല്ലോ;

    ഇസ്രായേലിന്റെ പരിശുദ്ധനേ,

    വീണ മീട്ടി ഞാൻ അങ്ങേക്ക് സ്തുതിപാടും.

  39. 32 എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുത്. ഇസ്രായേൽമക്കളുടെ മധ്യേ ഞാൻ വിശുദ്ധീകരിക്കപ്പെടണം. ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

  40. 10 അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക;

    യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.

  41. 10 അതെനിക്ക് എത്രയോ ആശ്വാസമാകുമായിരുന്നു—

    പരിശുദ്ധനായവന്റെ വചനം ഞാൻ നിരസിച്ചുകളഞ്ഞില്ല എന്നോർത്ത്

    വിട്ടുമാറാത്ത വേദനയിൽ ഞാൻ ആനന്ദിക്കുമായിരുന്നു.

  42. 21 നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു,

    കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു.

  43. 41 അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു;

    ഇസ്രായേലിന്റെ പരിശുദ്ധനെ വിഷമിപ്പിച്ചു.

  44. 16 എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കും,

    പരിശുദ്ധനായ ദൈവം തന്റെ നീതിപ്രവൃത്തികളാൽ പരിശുദ്ധൻതന്നെയെന്നു തെളിയിക്കപ്പെടും.

  45. 14 കൃമിയായ യാക്കോബേ,

    ഇസ്രായേൽജനമേ, ഭയപ്പെടേണ്ട,

    ഞാൻതന്നെ നിന്നെ സഹായിക്കും,”

    എന്നു നിന്റെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ അരുളിച്ചെയ്യുന്നു.

  46. 15 സ്വർഗത്തിൽനിന്നു നോക്കണമേ, കടാക്ഷിക്കണമേ,

    വിശുദ്ധിയും തേജസ്സുമുള്ള അങ്ങയുടെ ഉന്നത സിംഹാസനത്തിൽനിന്നുതന്നെ.

    അങ്ങയുടെ തീക്ഷ്ണതയും അങ്ങയുടെ ശക്തിയും എവിടെ?

    അവിടത്തെ മനസ്സലിവും സഹതാപവും ഞങ്ങളിൽനിന്നു തടഞ്ഞുവെക്കരുതേ.

  47. 20 എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്;

    സർവഭൂമിയും അവിടത്തെ സന്നിധിയിൽ മൗനമായിരിക്കട്ടെ.

  48. 13 സകലമനുഷ്യരുമേ, യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എഴുന്നള്ളിയിരിക്കുകയാൽ അവിടത്തെ മുമ്പിൽ നിശ്ശബ്ദരായിരിക്കുക.”