52 Bible Verses About Revival

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Revival
  1. 2 അവിടന്ന് അങ്ങയുടെ ജനത്തിന്റെ അകൃത്യം ക്ഷമിക്കുകയും

    അവരുടെ പാപങ്ങൾ മറയ്ക്കുകയും ചെയ്തിരിക്കുന്നു. സേലാ.

    3 അങ്ങയുടെ ക്രോധമെല്ലാം അങ്ങ് പിൻവലിക്കുകയും

    ഉഗ്രകോപത്തിൽനിന്ന് പിന്തിരിയുകയും ചെയ്തുവല്ലോ.

    4 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ,

    ഞങ്ങളോടുള്ള അങ്ങയുടെ അതൃപ്തി നീക്കിക്കളയണമേ.

    5 അങ്ങ് ഞങ്ങളോട് എപ്പോഴും കോപിക്കുമോ?

    അങ്ങയുടെ കോപം തലമുറകളിലേക്ക് നീണ്ടുനിൽക്കുമോ?

    6 അവിടത്തെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന്

    അവിടന്ന് ഞങ്ങളെ പുനരുജ്ജീവിപ്പിക്കുകയില്ലേ?

    7 യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം ഞങ്ങളിൽ ചൊരിയണമേ,

    അവിടത്തെ രക്ഷ ഞങ്ങൾക്ക് അനുവദിച്ചുനൽകണമേ.

  2. 17 അങ്ങയുടെ കരം അവിടത്തെ വലതുഭാഗത്തെ പുരുഷന്റെമേൽ വെക്കണമേ,

    അങ്ങേക്കുവേണ്ടി അങ്ങ് ശക്തിപ്പെടുത്തിയ മനുഷ്യപുത്രന്റെമേൽത്തന്നെ.

    18 അപ്പോൾ ഞങ്ങൾ അങ്ങയെവിട്ട് പിന്തിരിയുകയില്ല;

    ഞങ്ങളെ പുനരുജ്ജീവിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ തിരുനാമം വിളിച്ചപേക്ഷിക്കും.

    19 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ;

    ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി,

    തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.

    സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.

  3. 15 ഉന്നതനും ശ്രേഷ്ഠനും അനശ്വരനും

    പരിശുദ്ധൻ എന്ന നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ഉന്നതവും വിശുദ്ധവുമായ സ്ഥാനത്തു ഞാൻ വസിക്കുന്നു,

    എന്നാൽ വിനയമുള്ളവരുടെ ആത്മാവിനു നവചൈതന്യം പകരുന്നതിനും

    ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കുന്നതിനുമായി

    അനുതാപവും വിനയവുമുള്ളവരോടുംകൂടെ ഞാൻ വസിക്കും.

  4. 2 യഹോവേ, ഞാൻ അങ്ങയുടെ കീർത്തിയെക്കുറിച്ചു കേട്ടിരിക്കുന്നു;

    അങ്ങയുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ ആദരപൂർണനായി നിൽക്കുന്നു.

    യഹോവേ, ഞങ്ങളുടെ നാളിൽ അവ ആവർത്തിക്കണമേ,

    ഞങ്ങളുടെകാലത്ത് അവ പ്രസിദ്ധമാക്കണമേ;

    കോപത്തിലും കരുണ ഓർക്കണമേ.

  5. 7 ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ, അപ്പോൾ ഞാൻ നിർമലനാകും;

    എന്നെ കഴുകണമേ, അപ്പോൾ ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകും.

    8 ആനന്ദവും ആഹ്ലാദവും എന്നെ കേൾപ്പിക്കണമേ;

    അവിടന്ന് തകർത്ത അസ്ഥികൾ ഉല്ലസിക്കട്ടെ.

    9 എന്റെ പാപങ്ങളിൽനിന്നും തിരുമുഖം മറയ്ക്കണമേ

    എന്റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയണമേ.

    10 ദൈവമേ, നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ,

    അചഞ്ചലമായ ഒരാത്മാവിനെ എന്നിൽ പുതുക്കണമേ.

    11 അവിടത്തെ സന്നിധാനത്തിൽനിന്ന് എന്നെ പുറന്തള്ളുകയോ

    അവിടത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയുകയോ അരുതേ.

    12 അവിടത്തെ രക്ഷയുടെ സന്തോഷത്തിലേക്ക് എന്നെ മടക്കിവരുത്തണമേ,

    അനുസരിക്കാൻ ഒരുക്കമുള്ള ഒരു ആത്മാവിനെ അനുവദിച്ചുനൽകി എന്നെ താങ്ങിനിർത്തണമേ.

    13 അപ്പോൾ ഞാൻ അതിക്രമികൾക്ക് അവിടത്തെ വഴികൾ അഭ്യസിപ്പിച്ചുകൊടുക്കും,

    അങ്ങനെ പാപികൾ തിരുസന്നിധിയിലേക്ക് മടങ്ങിവരികയും ചെയ്യും.

  6. 1 “വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം.

    യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു;

    എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും.

    അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു;

    അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും.

    2 രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും;

    മൂന്നാംദിവസം അവിടന്ന് നമ്മെ പുനരുദ്ധരിക്കും,

    നാം അവിടത്തെ സാന്നിധ്യത്തിൽ ജീവിക്കേണ്ടതിനുതന്നെ.

    3 നാം യഹോവയെ അംഗീകരിക്കുക;

    അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക.

    സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ

    ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും.

    അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും

    വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.”

    4 “എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം?

    യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്?

    നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയും

    അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു.

    5 അതുകൊണ്ട്, എന്റെ പ്രവാചകന്മാരെക്കൊണ്ടു ഞാൻ നിന്നെ വെട്ടി,

    എന്റെ വായുടെ വചനത്താൽ ഞാൻ നിന്നെ വധിച്ചു.

    എന്റെ ന്യായവിധികൾ മിന്നൽപോലെ നിന്റെമേൽ പാഞ്ഞു.

    6 യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്;

    ഹോമയാഗങ്ങളെക്കാൾ, ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.

  7. 42 അവർ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും കർത്തൃമേശാചരണത്തിലും പ്രാർഥനയിലും അർപ്പണബോധത്തോടെ തുടർന്നുവന്നു. 43 അപ്പൊസ്തലന്മാർമുഖേന സംഭവിച്ചുകൊണ്ടിരുന്ന അനവധി അത്ഭുതങ്ങളും ചിഹ്നങ്ങളുംനിമിത്തം എല്ലാവരുടെയും മനസ്സിൽ ഭക്ത്യാദരങ്ങൾ നിറഞ്ഞു. 44 വിശ്വാസികൾ എല്ലാവരും ഏകഹൃദയത്തോടെ ഒരിടത്തു കൂടിവരികയും വസ്തുവകകൾ എല്ലാം എല്ലാവരുടേതും എന്നപോലെ കരുതുകയും ചെയ്തു. 45 തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു. 46 അവർ നാൾതോറും നിരന്തരമായി ദൈവാലയാങ്കണത്തിൽ ഏകഹൃദയത്തോടെ കൂടിവരികയും വീടുകൾതോറും അപ്പംനുറുക്കുകയും ആനന്ദത്തോടെയും ആത്മാർഥതയോടെയും ഭക്ഷണം കഴിക്കുകയും 47 ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവർ സകലരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഓരോ ദിവസവും രക്ഷിക്കപ്പെടുന്നവരെ കർത്താവ് ആ കൂട്ടത്തോട് ചേർത്തുകൊണ്ടിരുന്നു.

  8. 6 ദൈവം നമുക്ക് കൃപ അധികം നൽകുന്നു; അതുകൊണ്ടാണ്,

    “ദൈവം അഹങ്കാരികളെ എതിർക്കുന്നു,

    എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു”

    എന്നു തിരുവെഴുത്തു പറയുന്നത്.

    7 അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും. 8 ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക. 9 വിലാപത്തോടെ ദുഃഖിച്ചു കണ്ണുനീരൊഴുക്കുക; നിങ്ങളുടെ ആഹ്ലാദം ദുഃഖമായും ആനന്ദം വിഷാദമായും തീരട്ടെ. 10 കർത്തൃസന്നിധിയിൽ വിനയാന്വിതരായിരിക്കുക, അപ്പോൾ കർത്താവ് നിങ്ങളെ ഉയർത്തും.

  9. 7 യഹോവയുടെ ന്യായപ്രമാണം സമ്പൂർണമാണ്,

    അതു പ്രാണനു നവജീവൻ നൽകുന്നു.

    യഹോവയുടെ നിയമവ്യവസ്ഥകൾ വിശ്വാസയോഗ്യമാണ്,

    അതു ബുദ്ധിഹീനരെ ജ്ഞാനികളാക്കുന്നു.

  10. 19 ഇപ്പോൾ നിങ്ങളുടെ പാപങ്ങൾ മായിക്കപ്പെടേണ്ടതിന് അവ ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയുക; 20 അങ്ങനെ കർത്താവിന്റെ സന്നിധിയിൽനിന്ന് ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ക്രിസ്തു എന്ന യേശുവിനെ അവിടന്ന് അയയ്ക്കുകയും ചെയ്യും. 21 ആരംഭംമുതൽതന്നെ തന്റെ വിശുദ്ധപ്രവാചകന്മാരുടെ അധരങ്ങളിലൂടെ ദൈവം വാഗ്ദാനംചെയ്തിട്ടുള്ളതെല്ലാം അവിടന്ന് പുനഃസ്ഥാപിക്കുന്ന കാലംവരെ യേശു സ്വർഗത്തിൽത്തന്നെ തുടരേണ്ടതാകുന്നു.

  11. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

  12. 107 ഞാൻ വളരെയധികം സഹനമനുഭവിച്ചിരിക്കുന്നു;

    യഹോവേ, അവിടത്തെ വചനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ.

  13. 1 ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയിലേക്കു മടങ്ങിവരിക.

    നിന്റെ പാപങ്ങളായിരുന്നു നിന്റെ വീഴ്ചയ്ക്കു കാരണമായത്!

    2 അനുതാപവാക്യങ്ങളുമായി

    യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകുക.

    യഹോവയോടു പറയുക:

    “ഞങ്ങളുടെ സകലപാപങ്ങളും ക്ഷമിക്കണമേ,

    ഞങ്ങളുടെ അധരഫലം അർപ്പിക്കേണ്ടതിന്

    ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ.

  14. 7 എന്നാൽ, ഞാൻ നിങ്ങളോടു സത്യം പറയട്ടെ: നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണു ഞാൻ പോകുന്നത്. ഞാൻ പോകാതിരുന്നാൽ ആശ്വാസദായകൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ, അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്കയയ്ക്കും. 8 അവിടന്നു വരുമ്പോൾ പാപം, നീതി, ന്യായവിധി എന്നിവയെ സംബന്ധിച്ച് മാനവരാശിക്ക് ബോധ്യം വരുത്തും. 9 പാപത്തെക്കുറിച്ചു ബോധ്യം വരുത്തും, കാരണം, മാനവർ എന്നിൽ വിശ്വാസം അർപ്പിക്കുന്നില്ല. 10 നിങ്ങൾക്ക് ലഭ്യമാകുന്ന ദൈവനീതിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം പിതാവിന്റെ സന്നിധിയിലേക്കു ഞാൻ പോകുന്നു. നിങ്ങൾക്ക് ഇനിയും എന്നെ കാണാൻ കഴിയുകയുമില്ല. 11 ന്യായവിധിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം, ഈ ലോകത്തിന്റെ അധിപതി ന്യായംവിധിക്കപ്പെട്ടിരിക്കുന്നു.

  15. 9 ഒരുകാലത്ത് ഞാൻ ന്യായപ്രമാണം ഇല്ലാതെ ജീവിച്ചിരുന്നു; എന്നാൽ ന്യായപ്രമാണത്തിലെ കൽപ്പന വന്നപ്പോൾ പാപം എന്നിൽ സജീവമാകുകയും ഞാൻ മരിക്കുകയും ചെയ്തു.

  16. 4 എന്നാൽ, നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യരോടുള്ള സ്നേഹവും പ്രത്യക്ഷമായപ്പോൾ, 5 നാം ചെയ്ത നീതികർമങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു. 6 നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിഞ്ഞത്. 7 യേശുവിന്റെ കൃപയാൽ നാം നീതീകരിക്കപ്പെടാനും പ്രത്യാശയായ നിത്യജീവന്റെ അവകാശികൾ ആകാനും ആണ് ഇങ്ങനെ ചെയ്തത്.

  17. 3 യഹോവയുടെ ന്യായപ്രമാണം അനുശാസിക്കുന്നതുപോലെ, പ്രഭാതത്തിലെയും വൈകുന്നേരത്തെയും ഹോമയാഗങ്ങൾക്കും ശബ്ബത്തുകളിലും അമാവാസികളിലും മറ്റു നിശ്ചിതപെരുന്നാളുകളിലും നടത്തുന്ന ഹോമയാഗങ്ങൾക്കുംവേണ്ടി അദ്ദേഹം തന്റെ സ്വന്തം വകയിൽനിന്ന് വിഹിതം നൽകി. 4 പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ശ്രദ്ധാലുക്കളായിരിക്കേണ്ടതിന് അവർക്ക് അവകാശപ്പെട്ട വിഹിതം കൊടുക്കാൻ രാജാവ് ജെറുശലേംനിവാസികൾക്ക് കൽപ്പനകൊടുത്തു. 5 ഈ കൽപ്പന പ്രസിദ്ധമായ ഉടനെതന്നെ ഇസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, ഒലിവെണ്ണ, തേൻ, വയലിലെ ഇതര വിഭവങ്ങൾ എന്നിവയുടെയെല്ലാം ആദ്യഫലം ഉദാരമനസ്സോടെ കൊണ്ടുവന്നു. എല്ലാറ്റിന്റെയും ദശാംശവും അവർ ധാരാളമായി കൊണ്ടുവന്നു. 6 യെഹൂദ്യയുടെ പട്ടണങ്ങളിൽ താമസിച്ചിരുന്ന ഇസ്രായേൽജനതയുടെയും യെഹൂദ്യരുടെയും കാര്യത്തിലാകട്ടെ, അവരും തങ്ങളുടെ കാളകൾ, ആടുകൾ എന്നിവയുടെ ദശാംശവും അവരുടെ ദൈവമായ യഹോവയ്ക്കു സമർപ്പിച്ചിരുന്ന സകലവിശുദ്ധവസ്തുക്കളുടെയും ദശാംശവും കൊണ്ടുവന്ന് കൂമ്പാരമായിക്കൂട്ടി. 7 അവർ മൂന്നാംമാസത്തിൽ ഇപ്രകാരം ചെയ്തുതുടങ്ങി; ഏഴാംമാസത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. 8 ഹിസ്കിയാവും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും വന്ന് ഈ കൂമ്പാരങ്ങൾ കണ്ടപ്പോൾ അവർ യഹോവയെ പുകഴ്ത്തുകയും അവിടത്തെ ജനമായ ഇസ്രായേലിനെ ആശീർവദിക്കുകയും ചെയ്തു.

  18. ד ദാലെത്ത്

    25 ഞാൻ പൊടിയിൽ വീണമർന്നിരിക്കുന്നു;

    അവിടത്തെ വചനത്താൽ എന്നെ ഉത്തേജിപ്പിക്കണമേ.

  19. 1 “ദാഹാർത്തരായ എല്ലാവരുമേ, വരിക,

    വെള്ളത്തിങ്കലേക്കു വരിക;

    നിങ്ങളിൽ പണമില്ലാത്തവരേ,

    വന്ന് വാങ്ങി ഭക്ഷിക്കുക!

    നിങ്ങൾ വന്ന് പണം കൊടുക്കാതെയും വില കൂടാതെയും

    വീഞ്ഞും പാലും വാങ്ങുക.

    2 ആഹാരമല്ലാത്തതിനുവേണ്ടി നിങ്ങൾ പണം ചെലവഴിക്കുകയും

    തൃപ്തിനൽകാത്തവയ്ക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതെന്തിന്?

    നിങ്ങൾ എന്റെ വാക്കു ശ്രദ്ധയോടെ കേട്ട് നല്ല ആഹാരം ഭക്ഷിക്കുക,

    നിങ്ങൾ വിഭവസമൃദ്ധമായ ഭക്ഷണത്താൽ ആനന്ദിക്കും.

    3 നിങ്ങൾ ചെവിചായ്ച്ചുകൊണ്ട് എന്റെ അടുക്കലേക്കു വരിക;

    നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനു, ശ്രദ്ധിക്കുക.

    ദാവീദിന് ഞാൻ നൽകിയ വിശ്വസ്തവാഗ്ദാനങ്ങളുമായി

    ഞാൻ നിങ്ങളുമായി ഒരു ശാശ്വത ഉടമ്പടി ചെയ്യും.

  20. 11 കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും. 13 നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. 14 നിങ്ങൾ എന്നെ കണ്ടെത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; നിങ്ങളെ എല്ലാ രാഷ്ട്രങ്ങളിൽനിന്നും ഞാൻ നിങ്ങളെ നാടുകടത്തിക്കളഞ്ഞ സകലസ്ഥലങ്ങളിൽനിന്നും ശേഖരിച്ച്, എവിടെനിന്നു ഞാൻ നിങ്ങളെ ബന്ദികളാക്കി കൊണ്ടുപോയോ, ആ സ്ഥലത്തേക്ക് തിരികെവരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.

  21. 37 ഇതു കേട്ട ജനം ഹൃദയത്തിൽ മുറിവേറ്റവരായി പത്രോസിനോടും മറ്റ് അപ്പൊസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു.

    38 പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്കു മടങ്ങുകയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുകയുംചെയ്യുക; അപ്പോൾ നിങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടും, പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കു ലഭിക്കും. 39 നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവർക്കുംവേണ്ടി ഉള്ളതാണ് ഈ വാഗ്ദാനം—നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംമാത്രമല്ല, വിദൂരസ്ഥരായ എല്ലാവർക്കുംകൂടിയാണ്.”

    40 ഇതുമാത്രമല്ല, മറ്റനേകം വാക്കുകളിലൂടെ പത്രോസ് അവർക്കു സാക്ഷ്യം നൽകുകയും “വക്രതയുള്ള ഈ തലമുറയിൽനിന്നു രക്ഷിക്കപ്പെടുക,” എന്നു പ്രബോധിപ്പിക്കുകയും ചെയ്തു. 41 അദ്ദേഹത്തിന്റെ സന്ദേശം അംഗീകരിച്ചവർ സ്നാനം സ്വീകരിച്ചു. അന്നു മൂവായിരത്തോളംപേർ അവരോടു ചേർന്നു.

  22. 1 നിങ്ങൾ സ്വന്തം നിയമലംഘനങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നു: 2 അവയിൽ നിങ്ങൾ മുമ്പ് ഈ ലോകത്തിന്റെ വഴികൾ പിൻതുടർന്ന്, ആകാശത്തിലെ അന്ധകാരശക്തിയുടെ പ്രഭുവിനെ, അനുസരണക്കേടിന്റെ പുത്രന്മാരിൽ ഇപ്പോൾ പ്രവർത്തനനിരതമായിരിക്കുന്ന ആത്മാവിനെത്തന്നെ, അനുസരിച്ച് ജീവിച്ചുവന്നു. 3 ഇപ്രകാരം നാം എല്ലാവരും ഒരിക്കൽ നമ്മുടെ ജഡികാഭിലാഷങ്ങളിൽ അഭിരമിച്ച് അതിന്റെ ആഗ്രഹങ്ങൾക്കും ചിന്തകൾക്കും അധീനരായി ജീവിച്ചു. മറ്റുള്ളവരെപ്പോലെതന്നെ നാമും പ്രകൃതിയാൽ ക്രോധപാത്രങ്ങൾ ആയിരുന്നു. 4 എന്നിട്ടും കരുണയിൽ അതിസമ്പന്നനായ ദൈവം, നമ്മോടുള്ള അവിടത്തെ അതിരില്ലാത്ത സ്നേഹംനിമിത്തം, നാം നിയമലംഘനങ്ങളിൽ മൃതരായിരുന്നപ്പോൾത്തന്നെ 5 ക്രിസ്തുവിനോടുകൂടെ നമ്മെ ജീവനുള്ളവരാക്കി; ദൈവകൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്.

  23. 1 “സർദിസിലെ സഭയുടെ ദൂതന് എഴുതുക:

    “ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രവുമുള്ള ഞാൻ അരുളിച്ചെയ്യുന്നു:

    “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; ജീവിക്കുന്നവൻ എന്ന പേര് നിനക്കുണ്ടെങ്കിലും നീ മരിച്ചവനാണ്. 2 ഉണരുക! മരണാസന്നനായ നിന്നിൽ അവശേഷിച്ചകാര്യങ്ങൾ ശാക്തീകരിക്കുക. നിന്റെ പ്രവൃത്തികൾ എന്റെ ദൈവത്തിന്റെ മുമ്പിൽ പൂർണതയുള്ളതായി ഞാൻ കണ്ടില്ല. 3 അതുകൊണ്ട്, നീ സ്വീകരിച്ചതും കേട്ടതും ഓർക്കുക: അതു മുറുകെപ്പിടിക്കുക; മാനസാന്തരപ്പെടുക. നീ ജാഗരൂകനായിരുന്നില്ലെങ്കിൽ ഞാൻ കള്ളൻ വരുന്നതുപോലെ വരും, എന്നാൽ ഞാൻ ഏതു സമയത്തു നിന്റെ അടുക്കൽ വരുമെന്നു നീ ഒരിക്കലും അറിയുകയുമില്ല.

    4 “എങ്കിലും തങ്ങളുടെ വസ്ത്രങ്ങൾ കളങ്കപ്പെടുത്തിയിട്ടില്ലാത്ത ഏതാനുംപേർ സർദിസിൽ നിനക്കുണ്ട്. അവർ യോഗ്യതനേടിയവരാകുകയാൽ തേജോമയവസ്ത്രം ധരിച്ച് എന്നോടുകൂടെ നടക്കും. 5 വിജയിക്കുന്നവർ അവരെപ്പോലെതന്നെ തേജോമയവസ്ത്രം ധരിക്കും. ഞാൻ ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേര് മായിച്ചുകളയുകയില്ല. മറിച്ച്, അവർ എന്റെ സ്വന്തമെന്ന് പിതാവിന്റെയും അവിടത്തെ ദൂതന്മാരുടെയും സന്നിധിയിൽ ഞാൻ അംഗീകരിക്കും. 6 ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.

  24. 11 അവർ വയലിൽ ഒരു ഈജിപ്റ്റുകാരനെ കണ്ടെത്തി. അവർ അയാളെ ദാവീദിന്റെ മുമ്പാകെ കൊണ്ടുവന്നു. അവർ അയാൾക്ക് കുടിക്കാൻ വെള്ളവും ഭക്ഷിക്കാൻ ഭക്ഷണവും, 12 ഒരു കഷണം അത്തിപ്പഴക്കട്ടയും രണ്ട് ഉണക്കമുന്തിരിയടയും കൊടുത്തു. അതു തിന്നപ്പോൾ അയാൾക്ക് ജീവൻ വീണ്ടുകിട്ടി; മൂന്നുരാവും മൂന്നുപകലും അയാൾ യാതൊന്നും തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്തിരുന്നില്ല.

  25. 7 യഹോവയുടെ ദൂതൻ രണ്ടാംപ്രാവശ്യവും പ്രത്യക്ഷനായി അദ്ദേഹത്തെ തട്ടിയുണർത്തി: “എഴുന്നേറ്റു ഭക്ഷിക്കുക; അല്ലെങ്കിൽ, ദീർഘദൂരയാത്ര നിനക്ക് അസഹനീയമായിരിക്കും” എന്നു പറഞ്ഞു. 8 അതിനാൽ, അദ്ദേഹം എഴുന്നേറ്റ് വീണ്ടും ഭക്ഷണം കഴിച്ചു. ആ ഭക്ഷണത്തിന്റെ ശക്തിയാൽ അദ്ദേഹം ദൈവത്തിന്റെ പർവതമായ ഹോരേബിലെത്തുന്നതുവരെ നാൽപ്പതുപകലും നാൽപ്പതുരാത്രിയും സഞ്ചരിച്ചു.

  26. 1 രാജാവാകുമ്പോൾ ഹിസ്കിയാവിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സെഖര്യാവിന്റെ മകളായ അബീയാ ആയിരുന്നു. 2 തന്റെ പൂർവപിതാവായ ദാവീദ് ചെയ്തതുപോലെ, അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.

    3 തന്റെ ഭരണത്തിന്റെ ഒന്നാമാണ്ടിൽ ഒന്നാംമാസത്തിൽത്തന്നെ അദ്ദേഹം യഹോവയുടെ ആലയത്തിന്റെ കവാടങ്ങൾ തുറന്നു; അവയുടെ കേടുപാടുകൾ നീക്കി. 4 അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും ദൈവാലയത്തിന്റെ കിഴക്കേ അങ്കണത്തിൽ വിളിച്ചുകൂട്ടി. 5 എന്നിട്ട് അവരോടു പറഞ്ഞു: “ലേവ്യരേ, എന്റെ വാക്കു കേൾക്കുക! നിങ്ങളെത്തന്നെയും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും വിശുദ്ധീകരിപ്പിൻ! വിശുദ്ധസ്ഥലത്തുനിന്നു സകലമാലിന്യങ്ങളും നീക്കിക്കളയുക!

  27. 15 യഹോവയുടെ ആലയത്തിൽനിന്ന് അദ്ദേഹം അന്യദേവന്മാരെയും വിഗ്രഹത്തെയും നീക്കംചെയ്തു. ദൈവാലയം നിർമിച്ചിരുന്ന മലയിലും ജെറുശലേംനഗരത്തിലും താൻ നിർമിച്ചിരുന്ന ബലിപീഠങ്ങളെല്ലാം തകർത്തു. അവയെല്ലാം അദ്ദേഹം നഗരത്തിനു പുറത്തേക്ക് എറിഞ്ഞുകളഞ്ഞു. 16 തുടർന്ന് അദ്ദേഹം യഹോവയുടെ യാഗപീഠം പുനരുദ്ധരിച്ച് അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു. ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ അദ്ദേഹം യെഹൂദയോട് ആജ്ഞാപിച്ചു.

  28. രണ്ടാംപുസ്തകം

    കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം.

    1 നീർച്ചാലുകൾക്കായി കൊതിക്കുന്ന പേടമാനിനെപ്പോലെ,

    എന്റെ ദൈവമേ, എന്റെ പ്രാണൻ അങ്ങേക്കായി കൊതിക്കുന്നു.

    2 ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായിത്തന്നെ ദാഹിക്കുന്നു.

    എപ്പോഴാണെനിക്കു തിരുസന്നിധിയിലെത്തി ദൈവത്തെ ദർശിക്കാനാകുന്നത്?

  29. 14 കെട്ടിയുറപ്പിക്കപ്പെട്ട കോട്ടകൾ ഉപേക്ഷിക്കപ്പെടും,

    ജനനിബിഡമായ നഗരം വിജനമാക്കപ്പെടും;

    രാജധാനിയും കാവൽഗോപുരവും എന്നേക്കുമായി തരിശുനിലമായി മാറും,

    കാട്ടുകഴുതകളുടെ വിലാസരംഗവും ആടുകളുടെ മേച്ചിൽസ്ഥലവുമായി മാറും.

    15 ഉയരത്തിൽനിന്ന് നമ്മുടെമേൽ ആത്മാവിനെ പകരുകയും

    മരുഭൂമി ഫലപുഷ്ടിയുള്ള വയലായും

    വയൽ വനമായും മാറുകയും ചെയ്യുന്നതുവരെത്തന്നെ.

    16 അപ്പോൾ മരുഭൂമിയിൽ ദൈവത്തിന്റെ ന്യായം വസിക്കും,

    ഫലപുഷ്ടിയുള്ള ഉദ്യാനത്തിൽ നീതി കുടിപാർക്കും.

    17 നീതിയുടെ ഫലം സമാധാനവും

    അതിന്റെ പരിണതഫലം ശാശ്വതമായ ശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.

  30. 28 നിനക്ക് അറിഞ്ഞുകൂടേ?

    നീ കേട്ടിട്ടില്ലേ?

    യഹോവ നിത്യനായ ദൈവം ആകുന്നു,

    അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്.

    അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല;

    അവിടത്തെ വിവേകം അപ്രമേയംതന്നെ.

    29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,

    ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.

    30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,

    ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;

    31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ

    അവരുടെ ശക്തി പുതുക്കും.

    അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;

    അവർ ഓടും, ക്ഷീണിക്കുകയില്ല,

    അവർ നടക്കും, തളർന്നുപോകുകയുമില്ല.

  31. 12 “ഇപ്പോഴെങ്കിലും, പൂർണഹൃദയത്തോടും

    ഉപവാസത്തോടും കണ്ണുനീരോടും കരച്ചിലോടുംകൂടെ

    എന്റെ അടുക്കലേക്കു മടങ്ങിവരിക,” എന്ന് യഹോവ കൽപ്പിക്കുന്നു.

    13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,

    ഹൃദയത്തെത്തന്നെ കീറുവിൻ;

    നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക,

    അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ;

    എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു,

    അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു.

  32. 15 പ്രഭാതഭക്ഷണത്തിനുശേഷം യേശു ശിമോൻ പത്രോസിനോട്, “യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാൾ അധികം നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു.

    “ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അങ്ങ് അറിയുന്നല്ലോ?” പത്രോസ് പറഞ്ഞു.

    “എന്റെ കുഞ്ഞാടുകളെ മേയിക്കുക,” യേശു പറഞ്ഞു.

    16 യേശു വീണ്ടും, “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു.

    അതിന് അയാൾ, “ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അവിടന്ന് അറിയുന്നല്ലോ?” എന്ന് ഉത്തരം പറഞ്ഞു.

    “എന്റെ ആടുകളെ പരിപാലിക്കുക,” യേശു പറഞ്ഞു.

    17 മൂന്നാംതവണയും യേശു, “യോഹന്നാന്റെ മകനായ ശിമോനെ, നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്നു ചോദിച്ചു.

    “നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്ന് യേശു മൂന്നാമതും ചോദിക്കയാൽ പത്രോസ് ദുഃഖിതനായി ഇങ്ങനെ മറുപടി പറഞ്ഞു: “കർത്താവേ, അവിടന്ന് എല്ലാം അറിയുന്നു; എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്നും അങ്ങ് അറിയുന്നു.”

    അപ്പോൾ യേശു പത്രോസിനോട്, “എന്റെ ആടുകളെ മേയിക്കുക” എന്നു പറഞ്ഞശേഷം ഇങ്ങനെ തുടർന്നു, 18 “സത്യം സത്യമായി ഞാൻ നിന്നോട് പറയട്ടെ: നീ യുവാവായിരുന്നപ്പോൾ സ്വയം വസ്ത്രംധരിച്ച് ഒരുങ്ങി ഇഷ്ടമുള്ളേടത്തേക്കു നടന്നു. വൃദ്ധനാകുമ്പോൾ നീ കൈ നീട്ടുകയും മറ്റാരെങ്കിലും നിന്നെ വസ്ത്രം ധരിപ്പിച്ചു നിനക്കു പോകാൻ ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും.” 19 ഏതു വിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്ത്വപ്പെടുത്തും എന്നു സൂചിപ്പിച്ചായിരുന്നു യേശു ഇതു പറഞ്ഞത്. പിന്നെ യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.

  33. 8 എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളിൽ ആവസിക്കുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചവരായി ജെറുശലേമിലും യെഹൂദ്യ പ്രവിശ്യയിലെല്ലായിടത്തും ശമര്യാപ്രവിശ്യയിലും ഭൂസീമകളോളവും എന്റെ സാക്ഷികളാകും.”

  34. 17 ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്. 18 അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു. 19 അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു.

    20-21 യേശുവിലുള്ള സത്യമനുസരിച്ചു നിങ്ങൾക്ക് ഉപദേശം ലഭിക്കുകയും ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും ചെയ്തതിനെത്തുടർന്ന് നിങ്ങൾ പരിശീലിച്ച ജീവിതശൈലി ഇങ്ങനെയുള്ളതല്ലല്ലോ. 22 നിങ്ങളുടെ മുൻകാല ജീവിതരീതി വഞ്ചനാപരമായ ആഗ്രഹങ്ങളാൽ മലിനനായിത്തീർന്ന പഴയ മനുഷ്യനെപ്പോലെ ആയിരുന്നു. അത് ഉരിഞ്ഞുകളഞ്ഞിട്ട് 23 നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനാൽ മനോഭാവങ്ങൾ നവീകരിക്കപ്പെട്ട്, 24 യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനെ ധരിക്കുക.

  35. 9 പരസ്പരം വ്യാജം പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞിട്ട്, 10 തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്. 11 ഇതിൽ ഗ്രീക്കുകാരനെന്നോ യെഹൂദനെന്നോ പരിച്ഛേദനം ഏറ്റവനെന്നോ ഏൽക്കാത്തവനെന്നോ അപരിഷ്കൃതനെന്നോ സിഥിയനെന്നോ ദാസൻ എന്നോ സ്വതന്ത്രൻ എന്നോ വ്യത്യാസം ഇല്ല. എല്ലാം ക്രിസ്തുവത്രേ നാം എല്ലാവരിലും വസിക്കുന്നതും ക്രിസ്തുവത്രേ.

    12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.

  36. 16 എപ്പോഴും ആനന്ദിക്കുക; 17 നിരന്തരം പ്രാർഥിക്കുക; 18 എല്ലാ സാഹചര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക; ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം ഇതാകുന്നു.

    19 ആത്മാവിന്റെ അഗ്നി കെടുത്തിക്കളയരുത്; 20 പ്രവചനം നിസ്സാരവൽക്കരിക്കരുത്. 21 സകലതും സശ്രദ്ധം പരിശോധിച്ചതിനുശേഷം നല്ലതുമാത്രം അംഗീകരിക്കുക.

  37. 27 എന്നാൽ യോസേഫ് തങ്ങളോടു പറഞ്ഞതെല്ലാം അവർ അദ്ദേഹത്തെ അറിയിക്കയും തന്നെ കൂട്ടിക്കൊണ്ടുപോകുന്നതിനു യോസേഫ് അയച്ചിരിക്കുന്ന വാഹനങ്ങൾ കാണുകയും ചെയ്തപ്പോൾ അവരുടെ പിതാവായ യാക്കോബിന് വീണ്ടും ചൈതന്യംവന്നു.

  38. 1 പിന്നെ രാജാവ് യെഹൂദ്യയിലും ജെറുശലേമിലുമുള്ള സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി. 2 യെഹൂദാജനതയെയും ജെറുശലേംനിവാസികളെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും വലുപ്പച്ചെറുപ്പംകൂടാതെ ആബാലവൃദ്ധം ജനങ്ങളെയും കൂട്ടിക്കൊണ്ട് അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു ചെന്നു. യഹോവയുടെ ആലയത്തിൽനിന്നു കണ്ടുകിട്ടിയ ഉടമ്പടിയുടെ ഗ്രന്ഥത്തിലെ വചനങ്ങളെല്ലാം അവർ കേൾക്കെ രാജാവു വായിച്ചു. 3 താൻ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ യഹോവയെ അനുഗമിക്കുമെന്നും അവിടത്തെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പ്രമാണിക്കുമെന്നും അങ്ങനെ ഈ നിയമഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഉടമ്പടി നിറവേറ്റുമെന്നും രാജാവ് അധികാരസ്തംഭത്തിനരികെ നിന്ന് യഹോവയുടെ സന്നിധിയിൽ ഉടമ്പടി പുതുക്കി. അപ്പോൾ സകലജനവും ഉടമ്പടി പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

    4 ബാലിനും അശേരയ്ക്കും എല്ലാ ആകാശസൈന്യങ്ങൾക്കുംവേണ്ടിയുള്ള സകലസാധനങ്ങളും യഹോവയുടെ ആലയത്തിൽനിന്നു മാറ്റിക്കളയാൻ മഹാപുരോഹിതനായ ഹിൽക്കിയാവിനും അടുത്ത സ്ഥാനക്കാരായ പുരോഹിതന്മാർക്കും വാതിൽ കാവൽക്കാർക്കും രാജാവു കൽപ്പനകൊടുത്തു. അദ്ദേഹം അവ ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിലെ വയലിലിട്ടു ചുട്ട് ചാരം ബേഥേലിലേക്കു കൊണ്ടുപോയി.

  39. ദാവീദിന്റെ ഒരു സങ്കീർത്തനം. ദാവീദ് ബേത്ത്-ശേബയുമായി സംഗമിച്ച് പാപംചെയ്തതിനെത്തുടർന്ന് നാഥാൻ പ്രവാചകൻ അദ്ദേഹത്തെ സന്ദർശിച്ചതിനുശേഷം രചിച്ചത്.

    1 ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ,

    അടിയനോടു കരുണയുണ്ടാകണമേ;

    അങ്ങയുടെ മഹാകാരുണ്യംനിമിത്തം

    എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.

    2 എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ്

    എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ.

    3 എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു,

    എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.

    4 അവിടത്തേക്കെതിരായി, അവിടത്തോടുമാത്രം ഞാൻ പാപംചെയ്തിരിക്കുന്നു

    അവിടത്തെ ദൃഷ്ടിയിൽ ഞാൻ തിന്മ പ്രവർത്തിച്ചിരിക്കുന്നു;

    ആകയാൽ അവിടത്തെ ന്യായത്തീർപ്പുകൾ നീതിയുക്തവും

    അവിടത്തെ വിധിന്യായം ന്യായയുക്തവുമാകുന്നു.

  40. 34 അവിടത്തെ ന്യായപ്രമാണം കാത്തുപാലിക്കുന്നതിനും

    അവ പൂർണഹൃദയത്തോടെ അനുസരിക്കുന്നതിനും എനിക്കു വിവേകം നൽകണമേ.

    35 അവിടത്തെ കൽപ്പനാമാർഗത്തിലൂടെ എന്നെ നയിക്കണമേ,

    കാരണം ഞാൻ അതിൽ ആനന്ദിക്കുന്നു.

    36 അന്യായമായ ആദായത്തിലേക്കല്ല,

    അവിടത്തെ നിയമവ്യവസ്ഥകളിലേക്കുതന്നെ എന്റെ ഹൃദയത്തെ തിരിക്കണമേ.

    37 വ്യർഥകാര്യങ്ങളിൽനിന്നും എന്റെ കണ്ണുകളെ തിരിക്കണമേ;

    തിരുവചനത്തിന് അനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.

  41. 40 ഇതാ, ഞാൻ അവിടത്തെ പ്രമാണങ്ങൾക്കായി വാഞ്ഛിക്കുന്നു!

    അവിടത്തെ നീതിനിമിത്തം എന്റെ ജീവൻ സംരക്ഷിക്കണമേ.

  42. 149 യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശബ്ദം കേൾക്കണമേ;

    അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.

  43. 5 അപ്പോൾ ഞാൻ, “എനിക്ക് അയ്യോ കഷ്ടം! ഞാൻ നശിച്ചു! ഞാൻ അശുദ്ധ അധരങ്ങളുള്ള ഒരു മനുഷ്യൻ; അശുദ്ധമായ അധരങ്ങളുള്ള ജനത്തിന്റെ നടുവിൽ പാർക്കുകയും ചെയ്യുന്നു; എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടല്ലോ” എന്നു കരഞ്ഞു.

    6 അപ്പോൾ സാറാഫുകളിൽ ഒരാൾ കൈയിൽ ജ്വലിക്കുന്ന ഒരു തീക്കനലുമായി എന്റെ അടുക്കൽ പറന്നെത്തി. അത് അദ്ദേഹം കൊടിൽകൊണ്ട് യാഗപീഠത്തിൽനിന്ന് എടുത്തതായിരുന്നു. 7 ആ കനൽകൊണ്ട് എന്റെ അധരം സ്പർശിച്ചുകൊണ്ട് ആ ദൂതൻ പറഞ്ഞു: “നോക്കൂ, ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചതിനാൽ, നിന്റെ അകൃത്യം നീക്കപ്പെട്ടിരിക്കുന്നു, നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.”

  44. 7 ഞാൻ യഹോവ എന്ന്, എന്നെ അറിയാൻ തക്ക ഒരു ഹൃദയം ഞാൻ അവർക്കു നൽകും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവുമായിരിക്കും. അവർ പൂർണഹൃദയത്തോടെ എങ്കലേക്കു മടങ്ങിവരും.

  45. 33 “ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന

    ഉടമ്പടി ഇപ്രകാരമായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    “ഞാൻ എന്റെ ന്യായപ്രമാണം അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും,

    അവരുടെ ഹൃദയങ്ങളിൽത്തന്നെ അത് ആലേഖനംചെയ്യും.

    ഞാൻ അവർക്കു ദൈവവും

    അവർ എനിക്കു ജനവും ആയിരിക്കും.

    34 ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ

    പരസ്പരമോ, ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.

    കാരണം അവർ എല്ലാവരും എന്നെ അറിയും;

    ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും,”

    എന്ന് യഹോവയുടെ അരുളപ്പാട്.

    “ഞാൻ അവരുടെ ദുഷ്ചെയ്തികൾ ക്ഷമിക്കും,

    അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”

  46. 40 നമുക്ക് നമ്മുടെ വഴികളെ പരിശോധിച്ച് അവയെ പരീക്ഷിക്കാം,

    നമുക്ക് യഹോവയിലേക്കു മടങ്ങാം.

  47. 19-20 അവർ എന്റെ ഉത്തരവുകൾ പാലിച്ച്, എന്റെ നിയമങ്ങൾ അനുസരിച്ചു ജീവിക്കേണ്ടതിന് ഞാൻ അവർക്ക് ഏകാഗ്രമായ ഒരു ഹൃദയം നൽകും. ഞാൻ പുതിയൊരാത്മാവിനെ അവരുടെ ഉള്ളിലാക്കും; കല്ലായ ഹൃദയം അവരിൽനിന്നു നീക്കിക്കളഞ്ഞ് മാംസളമായൊരു ഹൃദയം ഞാൻ അവർക്കു നൽകും. അങ്ങനെ അവർ എന്റെ ജനമായിത്തീരുകയും ഞാൻ അവർക്കു ദൈവമായിരിക്കുകയും ചെയ്യും

  48. 20 അങ്ങനെ, അയാൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ അടുത്തേക്കു യാത്രയായി.

    “വളരെ ദൂരെവെച്ചുതന്നെ പിതാവ് അവനെ കണ്ടു, അവനോടു സഹതാപം തോന്നി; അദ്ദേഹം ഓടിച്ചെന്ന് അവനെ ആലിംഗനംചെയ്തു ചുംബിച്ചു.

    21 “ആ മകൻ അദ്ദേഹത്തോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല’ എന്നു പറഞ്ഞു.

    22 “എന്നാൽ ആ പിതാവ് തന്റെ ഭൃത്യന്മാരോട്, ‘വേഗം ഏറ്റവും നല്ല വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. ഇവന്റെ വിരലിൽ മോതിരം അണിയിക്കുക കാലിൽ ചെരിപ്പ് ഇടുവിക്കുക. 23 വിശേഷദിവസങ്ങൾക്കായി വളർത്തിക്കൊണ്ടുവന്ന കാളക്കിടാവിനെ കൊണ്ടുവന്ന് അറക്കുക; നമുക്ക് വിരുന്നു കഴിച്ച് ആഘോഷിക്കാം. 24 എന്റെ ഈ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; എനിക്കിവനെ തിരികെ കിട്ടിയിരിക്കുന്നു’ അങ്ങനെ അവരുടെ ആഘോഷം തുടങ്ങി.

  49. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  50. 18 മദ്യപിച്ചു മദോന്മത്തരാകരുത്; അതു വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി

  51. 4 “എങ്കിലും നിനക്കെതിരേ എനിക്ക് ഒരു പരാതിയുണ്ട്: നിന്റെ ആദ്യസ്നേഹം നീ ത്യജിച്ചു. 5 നീ എത്ര ഉയരത്തിൽനിന്നാണ് വീണിരിക്കുന്നത് എന്നു മനസ്സിലാക്കി പശ്ചാത്തപിച്ചുകൊണ്ട് നിന്റെ പഴയ പ്രവൃത്തികൾ പുനരാരംഭിക്കുക. നീ അനുതപിക്കാതിരുന്നാൽ ഞാൻ നിന്റെ അടുക്കൽ വരികയും നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.

  52. 15 “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; നീ ശീതവാനുമല്ല ഉഷ്ണവാനുമല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. 16 എന്നാൽ നീ ശീതവാനുമല്ല, ഉഷ്ണവാനുമല്ല, കേവലം മന്ദോഷ്ണവാനായിരിക്കുകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്ന് തുപ്പിക്കളയും. 17 ഞാൻ ധനികൻ, സമ്പത്തുള്ളവനായിത്തീർന്നിരിക്കുന്നു, എനിക്ക് ഒന്നിനും കുറവില്ല എന്നു നീ പറയുന്നുണ്ട്; എങ്കിലും നീ യഥാർഥത്തിൽ നിസ്സഹായനും പരമദയനീയനും ദരിദ്രനും അന്ധനും നഗ്നനുമായ നികൃഷ്ടനാണെന്ന് തിരിച്ചറിയുന്നില്ല. 18 നീ ധനികനാകേണ്ടതിന് അഗ്നിയിൽ സ്ഫുടംചെയ്ത തങ്കവും നിന്റെ ലജ്ജാകരമായ നഗ്നത മറയ്ക്കേണ്ടതിന് ധരിക്കാൻ ശുഭ്രവസ്ത്രങ്ങളും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ പൂശേണ്ട ലേപനവും എന്നോടു വിലയ്ക്കുവാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു.

    19 “ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കയും ശിക്ഷിക്കുകയുംചെയ്യുന്നു. അതുകൊണ്ട് ആത്മാർഥതയോടെ പശ്ചാത്തപിക്കുക. 20 ഇതാ, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അകത്തുചെന്ന് അവനോടുകൂടെയും അയാൾ എന്നോടുകൂടെയും അത്താഴം കഴിക്കും.

    21 “ഞാൻ വിജയിയായി എന്റെ പിതാവിനോടുകൂടെ അവിടത്തെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ, എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കാൻ വിജയിക്കുന്നവന് ഞാനും അധികാരം നൽകും. 22 ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.”