108 Bible Verses About Protection

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Protection
  1. 1 അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ

    സർവശക്തന്റെ തണലിൽ വിശ്രമിക്കും.

    2 ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും

    ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും.

    3 അവിടന്നു നിശ്ചയമായും നിന്നെ

    വേട്ടക്കാരുടെ കെണിയിൽനിന്നും

    മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും.

    4 തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും,

    അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും;

    അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.

    5 രാത്രിയുടെ ഭീകരതയോ

    പകലിൽ ചീറിപ്പായുന്ന അസ്ത്രമോ

    6 ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ

    നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല.

    7 നിന്റെ വശത്ത് ആയിരംപേരും

    നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും.

    എങ്കിലും അതു നിന്നോട് അടുക്കുകയില്ല.

    8 നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും

    ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും.

    9 യഹോവയെ നിന്റെ സങ്കേതവും

    അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ,

    10 ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല,

    ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല.

    11 കാരണം അവിടന്ന് തന്റെ ദൂതന്മാരോട്

    നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും;

    12 അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ

    നിന്നെ അവരുടെ കരങ്ങളിലേന്തും.

  2. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.

    2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,

    പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,

    3 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു.

    തിരുനാമംനിമിത്തം

    എന്നെ നീതിപാതകളിൽ നടത്തുന്നു.

    4 മരണനിഴലിൻ താഴ്വരയിൽക്കൂടി

    ഞാൻ സഞ്ചരിച്ചെന്നാലും,

    ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല,

    എന്നോടൊപ്പം അവിടന്നുണ്ടല്ലോ;

    അവിടത്തെ വടിയും കോലും

    എന്നെ ആശ്വസിപ്പിക്കുന്നു.

  3. ആരോഹണഗീതം.

    1 പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു—

    എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?

    2 ആകാശവും ഭൂമിയും സൃഷ്ടിച്ച

    യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.

    3 നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല—

    നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല;

    4 ഇസ്രായേലിന്റെ കാവൽക്കാരൻ

    ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം.

    5 യഹോവ നിന്നെ സംരക്ഷിക്കുന്നു!

    നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;

    6 പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല,

    രാത്രി, ചന്ദ്രനും.

    7 യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും—

    അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;

    8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും,

    ഇന്നും എന്നെന്നേക്കും.

  4. 10 അവസാനമായി ഓർമിപ്പിക്കട്ടെ, കർത്താവിലും അവിടത്തെ അപാരശക്തിയാലും ശക്തരാകുക. 11 പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക. 12 നാം യുദ്ധംചെയ്യുന്നത് മനുഷ്യർക്കെതിരേയല്ല, മറിച്ച് ഈ ഇരുളടഞ്ഞ ലോകത്തിന്റെ അധികാരികളോടും അധികാരങ്ങളോടും ആകാശത്തിലെ ദുഷ്ടാത്മാക്കളോടുമാണ്. 13 അതുകൊണ്ട് പിശാചിന്റെ ആക്രമണമുണ്ടാകുന്ന ദുർദിവസത്തിൽ അവനെ എതിർക്കാനും യുദ്ധം സമാപിച്ചതിനുശേഷം ഉറച്ചുനിൽക്കാനും സാധിക്കേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക: 14 സത്യമെന്ന അരപ്പട്ട കെട്ടിയും നീതി കവചമായി ധരിച്ചും 15 സമാധാനസുവിശേഷത്തിനുള്ള ഒരുക്കം പാദരക്ഷകളായും 16 സർവോപരി പിശാചിന്റെ എല്ലാ അഗ്ന്യസ്ത്രങ്ങളെയും കെടുത്തിക്കളയാൻ പര്യാപ്തമായ വിശ്വാസം എന്ന പരിച കൈകളിൽ ഏന്തിക്കൊണ്ടും 17 രക്ഷ ശിരോകവചമായി ധരിച്ചും ആത്മാവിന്റെ വാളായ ദൈവവചനം കൈകളിൽ എടുത്തുകൊണ്ടും നിലകൊള്ളുക.

  5. 3 എന്നാൽ കർത്താവ് വിശ്വസ്തനാണ്; അവിടന്ന് നിങ്ങളെ ശാക്തീകരിക്കുകയും പിശാചിൽനിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. 4 ഞങ്ങൾ കൽപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടെന്നും അങ്ങനെതന്നെ തുടർന്നും ആചരിക്കുമെന്നും കർത്താവിൽ ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്. 5 കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹനശക്തിയിലേക്കും നയിക്കട്ടെ.

  6. അലാമോത്ത് രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ഗീതം.

    1 ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു,

    കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു.

    2 അതുകൊണ്ട് ഭൂമി വഴുതിമാറിയാലും

    പർവതങ്ങൾ ആഴിയുടെ ആഴത്തിൽ അമർന്നാലും

  7. 3 എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച,

    അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും അങ്ങാണ്.

    4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു,

    അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. സേലാ.

    5 ഞാൻ കിടന്നുറങ്ങുന്നു;

    യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.

  8. 10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;

    ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.

    ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;

    എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.

    11 “നിന്നോടു കോപിക്കുന്നവർ എല്ലാവരും

    ലജ്ജിതരും അപമാനിതരും ആകും, നിശ്ചയം;

    നിന്നോട് എതിർക്കുന്നവർ

    ഒന്നുമില്ലാതെയായി നശിച്ചുപോകും.

    12 നിന്റെ ശത്രുക്കളെ നീ അന്വേഷിക്കും,

    എന്നാൽ നിങ്ങൾ അവരെ കണ്ടെത്തുകയില്ല.

    നിന്നോടു യുദ്ധംചെയ്യുന്നവർ

    നാമമാത്രരാകും.

  9. 11 എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ;

    അവരെന്നും ആനന്ദഗാനമാലപിക്കട്ടെ.

    തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കുന്നതിനായി,

    അവിടത്തെ സംരക്ഷണം അവർക്കുമീതേ വിരിക്കട്ടെ.

  10. 7 അവിടന്ന് എന്റെ ഒളിയിടം ആകുന്നു;

    ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു;

    രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ.

  11. 10 യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്;

    നീതിനിഷ്ഠർ അവിടേക്കോടിച്ചെന്ന് സുരക്ഷിതരാകുന്നു.

    11 ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്;

    അത് ആർക്കും കയറാൻപറ്റാത്ത മതിലെന്ന് അവർ സങ്കൽപ്പിക്കുന്നു.

    12 അഹന്ത നാശത്തിന്റെ മുന്നോടിയാണ്,

    എന്നാൽ എളിമ ബഹുമതിക്കു മുമ്പേപോകുന്നു.

  12. 17 നിന്നെ എതിർക്കാനായി നിർമിച്ചിരിക്കുന്ന ഒരു ആയുധവും സഫലമാകുകയില്ല,

    നിനക്കെതിരേ കുറ്റമാരോപിക്കുന്ന എല്ലാ വാദമുഖങ്ങളെയും നീ ഖണ്ഡിക്കും.

    ഇത് യഹോവയുടെ ദാസന്മാരുടെ അവകാശവും

    എന്റെ പക്കൽനിന്ന് അവർക്കു ലഭിക്കുന്ന കുറ്റവിമുക്തിയുമാണ്,”

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

  13. 28 ഞാൻ എന്റെ ആടുകൾക്കു നിത്യജീവൻ നൽകുന്നു, അവ ഒരിക്കലും നശിച്ചുപോകുകയില്ല; എന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. 29 അവയെ എനിക്കു തന്നിരിക്കുന്ന എന്റെ പിതാവ് പരമോന്നതനാണ്; എന്റെ പിതാവിന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. 30 ഞാനും പിതാവും ഒന്നാകുന്നു.”

  14. 16 ന്യായാധിപന്റെ മുമ്പാകെ എന്നെ ആദ്യമായി ഹാജരാക്കിയപ്പോൾ ആരും എന്റെ സഹായത്തിനായി മുമ്പോട്ട് വന്നില്ല, എല്ലാവരും എന്നെ കൈയൊഴിഞ്ഞു. ഇത് അവരുടെമേൽ കുറ്റമായി ആരോപിക്കപ്പെടാതെയിരിക്കട്ടെ. 17 എന്നാൽ, കർത്താവ് എന്നോടൊപ്പംനിന്ന് എന്നെ ശക്തിപ്പെടുത്തി. അങ്ങനെ എന്നിലൂടെ വചനപ്രഘോഷം നിർവഹിക്കാനും യെഹൂദേതരർ സകലരും അതു കേൾക്കാനും കാരണമായി. അതോടെ, ഞാൻ സിംഹത്തിന്റെ വായിൽനിന്ന് മോചിതനായി. 18 കർത്താവ് എന്നെ തിന്മയുടെ എല്ലാവിധ ഉപദ്രവങ്ങളിൽനിന്നും മോചിപ്പിച്ച് സുരക്ഷിതനായി അവിടത്തെ സ്വർഗീയരാജ്യത്തിൽ എത്തിക്കും. അവിടത്തേക്ക് എന്നെന്നേക്കും മഹത്ത്വം. ആമേൻ.

  15. 13 മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.

  16. 6 ബലവും ധൈര്യവും ഉള്ളവരായിരിക്കുക. അവർനിമിത്തം നിങ്ങൾ ഭയപ്പെടുകയോ പേടിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു നിങ്ങളോടുകൂടെ പോകുന്നത്. അവിടന്നു നിങ്ങളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല.”

  17. 7 യഹോവയെ ഭയപ്പെടുന്നവരുടെചുറ്റും, അവിടത്തെ ദൂതന്മാർ പാളയമിറങ്ങിയിരിക്കുന്നു,

    അങ്ങനെ അവിടന്ന് അവരെ വിടുവിക്കുന്നു.

    8 യഹോവ നല്ലവനെന്ന് രുചിച്ചറിയുക;

    അങ്ങയിൽ അഭയംതേടുന്ന മനുഷ്യർ അനുഗൃഹീതർ.

    9 യഹോവയുടെ വിശുദ്ധജനമേ, അവിടത്തെ ഭയപ്പെടുക

    അവിടത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവുണ്ടാകുന്നില്ല.

  18. 23 സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ നിങ്ങളുടെ ആത്മാവും പ്രാണനും ശരീരവും തികച്ചും അനിന്ദ്യമായി ഇരിക്കാനായി സംരക്ഷിക്കപ്പെടട്ടെ. 24 നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്തനാണ്; അവിടന്ന് അത് സാധിപ്പിക്കും.

  19. 13 അതിന് മോശ ജനത്തോട് ഇങ്ങനെ ഉത്തരം പറഞ്ഞു, “ഭയപ്പെടരുത്, സ്ഥിരതയോടെ നിൽക്കുക. യഹോവ ഇന്നു നിങ്ങൾക്കു നൽകുന്ന വിടുതൽ കണ്ടുകൊള്ളുക. നിങ്ങൾ ഇന്നു കാണുന്ന ഈജിപ്റ്റുകാരെ ഇനിയൊരിക്കലും കാണുകയില്ല. 14 യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ ശാന്തരായിരിക്കുക.”

  20. 1 ഇപ്പോഴോ യാക്കോബേ, നിന്റെ സ്രഷ്ടാവും

    ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തിയവനുമായ

    യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ഭയപ്പെടേണ്ട, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു;

    ഞാൻ നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്റേതാണ്.

    2 നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ,

    ഞാൻ നിന്നോടൊപ്പമുണ്ടാകും;

    നദികളിൽക്കൂടി കടക്കുമ്പോൾ,

    അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല.

    തീയിൽക്കൂടി നീ നടന്നാൽ,

    നിനക്കു പൊള്ളൽ ഏൽക്കുകയില്ല;

    തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.

    3 കാരണം ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു,

    നിന്റെ രക്ഷകനായ ഇസ്രായേലിന്റെ പരിശുദ്ധൻതന്നെ.

    ഞാൻ ഈജിപ്റ്റിനെ നിന്റെ വീണ്ടെടുപ്പുവിലയായും

    കൂശിനെയും സേബയെയും നിനക്കു പകരമായും നൽകിയിരിക്കുന്നു.

  21. 6 യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല.

    വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?

    7 യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്.

    ഞാൻ വിജയംനേടി എന്റെ ശത്രുക്കളെ കാണും.

    8 മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ

    യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.

    9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ

    യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.

  22. 7 അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ അത്ഭുതം എനിക്ക് വെളിപ്പെടുത്തണമേ,

    അങ്ങയിൽ അഭയംതേടുന്നവരെ

    അവിടത്തെ വലങ്കൈയാൽ ശത്രുക്കളിൽനിന്ന് രക്ഷിക്കണമേ.

    8 എന്നെ അവിടത്തെ കൺമണിപോലെ കാത്തുസൂക്ഷിക്കണമേ;

    അവിടത്തെ ചിറകിൻനിഴലിൽ എന്നെ മറയ്ക്കണമേ,

    9 എന്നെ വധിക്കാൻ വലയംചെയ്തിരിക്കുന്ന ശത്രുക്കളിൽനിന്നും,

    എന്നെ ഉപദ്രവിക്കുന്ന ദുഷ്ടരിൽനിന്നുംതന്നെ.

    10 അവർ തങ്ങളുടെ കഠിനഹൃദയം കൊട്ടിയടച്ചിരിക്കുന്നു,

    അവരുടെ അധരം അഹങ്കാരത്തോടെ സംസാരിക്കുന്നു.

  23. 17 നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു;

    അവിടന്ന് അവരെ സകലവിധ കഷ്ടതകളിൽനിന്നും വിടുവിക്കുന്നു.

    18 ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ

    മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.

    19 നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും

    എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു;

    20 അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു,

    അവയിൽ ഒന്നുപോലും ഉടയ്ക്കപ്പെടുകയില്ല.

  24. 7 കഷ്ടതകളുടെ നടുവിലാണ് എന്റെ ജീവിതമെങ്കിലും

    അവിടന്ന് എന്റെ ജീവൻ സംരക്ഷിക്കുന്നു.

    എന്റെ ശത്രുക്കളുടെ ക്രോധത്തിനുനേരേ അവിടന്ന് തിരുക്കരം നീട്ടുന്നു;

    അവിടത്തെ വലതുകരം എന്നെ രക്ഷിക്കുന്നു.

  25. 3 എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു,

    എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും

    എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്, എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനുംതന്നെ—

    അവിടന്ന് എന്നെ ക്രൂരതയിൽനിന്നു രക്ഷിക്കുന്നു.

    4 “സ്തുത്യർഹനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു,

    എന്റെ ശത്രുക്കളിൽനിന്നു ഞാൻ രക്ഷനേടിയിരിക്കുന്നു.

  26. ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹം ശൗലിന്റെ മുമ്പിൽനിന്നു ഗുഹയിലേക്ക് ഓടിപ്പോയകാലത്തു രചിച്ചത്.

    1 എന്നോടു കരുണയുണ്ടാകണമേ, എന്റെ ദൈവമേ, എന്നോടു കരുണയുണ്ടാകണമേ,

    കാരണം അങ്ങയിൽ ഞാൻ അഭയംപ്രാപിച്ചിരിക്കുന്നു.

    ഈ ആപത്തുകൾ നീങ്ങിപ്പോകുന്നതുവരെ

    അവിടത്തെ ചിറകിൻകീഴിൽ ഞാൻ ശരണപ്പെടുന്നു.

  27. 114 അവിടന്ന് എന്റെ സങ്കേതവും പരിചയും ആകുന്നു;

    ഞാൻ എന്റെ പ്രത്യാശ അങ്ങയുടെ തിരുവചനത്തിൽ അർപ്പിച്ചിരിക്കുന്നു.

  28. 1 എന്റെ സഹോദരങ്ങളേ! എന്തായാലും, കർത്താവിൽ ആനന്ദിക്കുക. ഞാൻ എഴുതിയതുതന്നെ വീണ്ടും നിങ്ങൾക്ക് എഴുതുന്നതിൽ എനിക്കൊരു മുഷിവുമില്ല; അത് നിങ്ങളുടെ സുരക്ഷിതത്വത്തിന് നല്ലതുമാണ്. 2 നായ്ക്കളെപ്പോലെ പെരുമാറുന്നവരെയും തിന്മ പ്രവർത്തിക്കുന്നവരെയും പരിച്ഛേദനവാദികളെയും സൂക്ഷിക്കുക. 3 മാനുഷികപ്രയത്നത്തിൽ ആശ്രയിക്കാതെ, ക്രിസ്തുയേശുവിൽ അഭിമാനിക്കുകയും ദൈവത്തെ അവിടത്തെ ആത്മാവിന്റെ സഹായത്താൽ സേവിക്കുകയുംചെയ്യുന്ന നാം അല്ലയോ യഥാർഥത്തിൽ പരിച്ഛേദനമേറ്റവർ.

  29. 14 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും;

    എന്റെ നാമത്തിൽ ആശ്രയിക്കുന്നവരെ ഞാൻ സംരക്ഷിക്കും.

    15 അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും;

    കഷ്ടതയിൽ ഞാൻ അവരോടൊപ്പമുണ്ടാകും,

    ഞാൻ അവരെ വിടുവിച്ച് ബഹുമാനിക്കും.

    16 ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും

    എന്റെ രക്ഷ ഞാൻ അവർക്കു കാണിച്ചുകൊടുക്കും.”

  30. യഹോവയുടെ ദാസനായ ദാവീദ് രചിച്ചത്. യഹോവ അദ്ദേഹത്തെ തന്റെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈകളിൽനിന്നു രക്ഷിച്ച അവസരത്തിൽ അദ്ദേഹം യഹോവയ്ക്ക് ഈ ഗാനം ആലപിച്ചു:

    1 എന്റെ ബലമായ യഹോവേ, അങ്ങയെ ഞാൻ സ്നേഹിക്കുന്നു.

    2 യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു;

    എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു,

    എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്.

  31. 16 എന്നാൽ ഞാൻ അവിടത്തെ ബലത്തെപ്പറ്റി ഗാനമാലപിക്കും,

    പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റി പാടും;

    കാരണം അവിടന്നാണെന്റെ അഭയസ്ഥാനം,

    കഷ്ടകാലത്ത് എന്റെ സങ്കേതവും അവിടന്ന് ആകുന്നു.

  32. 4 നിങ്ങളുടെ വാർധക്യകാലംവരെയും ജരാനരകൾ ബാധിക്കുംവരെയും

    ഞാൻ മാറ്റമില്ലാത്തവൻ, ഞാനാണ് നിന്നെ സംരക്ഷിക്കുന്നവൻ.

    ഞാൻ നിന്നെ സൃഷ്ടിച്ചു, ഞാൻ നിന്നെ ചുമക്കും;

    ഞാൻ നിന്നെ സംരക്ഷിക്കും, ഞാൻ നിന്നെ മോചിപ്പിക്കും.

  33. 31 ഇതിനെക്കുറിച്ചു നമുക്ക് എന്തു പറയാൻകഴിയും? ഇത്രമാത്രം! ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആര്? 32 സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ? 33 ദൈവം തെരഞ്ഞെടുത്ത നമുക്കെതിരേ ആര് കുറ്റമാരോപിക്കും? ദൈവമാണ് നീതീകരിക്കുന്നവൻ; പിന്നെയാരാണ് ശിക്ഷവിധിക്കുന്നത്?

  34. 6 അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം,

    “കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല.

    വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”

  35. 7 അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും. 8 ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക.

  36. ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹത്തെ വധിക്കേണ്ടതിന് ശൗൽ അയച്ച ചാരന്മാർ വീട് നിരീക്ഷിച്ചിരുന്നകാലത്തു ചമച്ചത്.

    1 ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ;

    എന്നെ ആക്രമിക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കണമേ.

  37. 7 യഹോവ നല്ലവനും

    അനർഥദിവസത്തിൽ അഭയസ്ഥാനവും ആകുന്നു.

    തന്നിൽ ആശ്രയിക്കുന്നവരെ അവിടന്ന് അറിയുന്നു,

  38. 15 അവിടന്ന് അവരെ ലോകത്തിൽനിന്ന് എടുക്കണം എന്നല്ല, പിന്നെയോ പിശാചിൽനിന്ന് സംരക്ഷിച്ചുകൊള്ളണം എന്നാണ് എന്റെ പ്രാർഥന.

  39. ദാവീദിന്റെ ഒരു സ്വർണഗീതം.

    1 എന്റെ ദൈവമേ, എന്നെ കാത്തുസംരക്ഷിക്കണമേ,

    അങ്ങയിലാണല്ലോ ഞാൻ അഭയം തേടിയിരിക്കുന്നത്.

    2 ഞാൻ യഹോവയോട്, “അങ്ങാണെന്റെ കർത്താവ്;

    അവിടന്നൊഴികെ എനിക്കൊരു നന്മയുമില്ല” എന്നു പറഞ്ഞു.

  40. 30 ദൈവത്തിന്റെ മാർഗം പൂർണതയുള്ളത്:

    യഹോവയുടെ വചനം കുറ്റമറ്റത്;

    തന്നിൽ അഭയം തേടുന്നവരെയെല്ലാം അവിടന്ന് സംരക്ഷിക്കുന്നു.

    31 യഹോവയല്ലാതെ ദൈവം ആരുള്ളൂ?

    നമ്മുടെ ദൈവമല്ലാതെ ആ ശില ആരാണ്?

    32 ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു

    എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്നതു ദൈവമാണ്.

  41. 22 യഹോവ തന്റെ സേവകരെ മോചിപ്പിക്കുന്നു;

    അങ്ങയിൽ അഭയംതേടുന്ന ആർക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല.

  42. 7 അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ. 8 അത് എന്നിൽനിന്ന് നീക്കിക്കളയണമേ എന്നു മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോട് അപേക്ഷിച്ചു. 9 എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും. 10 അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.

  43. 5 നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക.

    “ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല,

    ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,”

    എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ.

  44. 5 തുടർന്ന് പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്ക് കൊണ്ടുവന്ന്, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്, 6 “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ, താഴേക്കു ചാടുക.

    “ ‘ദൈവം തന്റെ ദൂതന്മാരോട് അങ്ങയെ സംരക്ഷിക്കാൻ കൽപ്പിക്കും,

    അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ

    അങ്ങയെ അവരുടെ കരങ്ങളിലേന്തും,’

    എന്ന് എഴുതിയിരിക്കുന്നല്ലോ,” എന്നു പറഞ്ഞു.

    7 യേശു അവനോട്, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിരിക്കുന്നു.”

  45. 42 അയാൾ ദാവീദിനെ ആകമാനം ഒന്നുനോക്കി; അവൻ ബാലനെന്നും ചെമപ്പുനിറമുള്ളവനും അതിസുന്ദരനും എന്നു കണ്ടിട്ട് അവനെ നിന്ദിച്ചു. 43 അയാൾ ദാവീദിനോടു ചോദിച്ചു: “നീ എന്റെനേരേ വടിയുമായി വരാൻ ഞാൻ ഒരു നായാണോ?” ആ ഫെലിസ്ത്യൻ തന്റെ ദേവന്മാരുടെ നാമത്തിൽ ദാവീദിനെ ശപിച്ചു. 44 എന്നിട്ട് അയാൾ, “ഇങ്ങുവരൂ! ഞാൻ നിന്റെ മാംസം ആകാശത്തിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കും തീറ്റയാക്കും!” എന്നു പറഞ്ഞു.

    45 ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും വേലും കുന്തവുമായി എന്റെനേരേ വരുന്നു; എന്നാൽ ഞാൻ, നീ നിന്ദിച്ച ഇസ്രായേൽ നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിനക്കെതിരേ വരുന്നു. 46 ഇന്ന് യഹോവ നിന്നെ എന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ നിന്നെ വീഴ്ത്തി നിന്റെ തല ഛേദിച്ചുകളയും. ഇന്നു ഞാൻ ഫെലിസ്ത്യസൈന്യത്തിന്റെ ശവങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂതലത്തിലെ മൃഗങ്ങൾക്കും ഇരയാക്കും. ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു സകലലോകവും ഇന്നറിയും. 47 വാൾകൊണ്ടും കുന്തംകൊണ്ടുമല്ല യഹോവ രക്ഷിക്കുന്നത് എന്ന് ഇവിടെ വന്നുകൂടിയിരിക്കുന്നവരെല്ലാം അറിയും. യുദ്ധം യഹോവയ്ക്കുള്ളത്; അവിടന്ന് നിങ്ങളെയെല്ലാം ഞങ്ങളുടെ കൈകളിൽ ഏൽപ്പിക്കും.”

    48 ആ ഫെലിസ്ത്യൻ ദാവീദിനെ ആക്രമിക്കുന്നതിനായി കുറെക്കൂടി അടുത്തു; ദാവീദും അവനെ എതിരിടാൻ തിടുക്കത്തിൽ പോർമുഖത്തേക്ക് ഓടിയടുത്തു. 49 തന്റെ സഞ്ചിയിൽ കൈയിട്ട് ഒരു കല്ലെടുത്ത് കവിണയിൽവെച്ച് ചുഴറ്റിയെറിഞ്ഞു. കല്ല് ഫെലിസ്ത്യന്റെ തിരുനെറ്റിയിൽ തറച്ചുകയറി. അയാൾ നിലത്ത് കമിഴ്ന്നുവീണു.

  46. 9 യഹോവയുടെ കണ്ണ്, തന്നിൽ ഏകാഗ്രചിത്തരായവരെ ശക്തിയോടെ പിന്താങ്ങുന്നതിനുവേണ്ടി ഭൂതലത്തിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു. ഇപ്പോൾമുതൽ നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.”

  47. 5 “പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം,

    ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    “അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.”

  48. 35 അവിടത്തെ രക്ഷ എനിക്കു പരിചയായി നൽകി,

    അവിടത്തെ വലതുകരം എന്നെ താങ്ങിനിർത്തുന്നു;

    അവിടത്തെ സഹായം എന്നെ വലിയവനാക്കിയിരിക്കുന്നു.

    36 അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു,

    അതിനാൽ എന്റെ കണങ്കാലുകൾ വഴുതുന്നതുമില്ല.

  49. 7 അവിടന്ന് എന്റെ സഹായകനായതിനാൽ,

    അങ്ങയുടെ ചിറകിൻനിഴലിൽ ഞാൻ ആനന്ദഗാനമാലപിക്കും.

    8 ഞാൻ അങ്ങയോട് പറ്റിച്ചേരുന്നു;

    അങ്ങയുടെ വലങ്കൈ എന്നെ താങ്ങിനിർത്തുന്നു.

    9 എന്നെ വധിക്കാൻ പരിശ്രമിക്കുന്നവർ നശിച്ചുപോകും;

    അവർ ഭൂമിയുടെ അഗാധഗർത്തങ്ങളിലേക്ക് നിപതിക്കും.

  50. 4 യഹോവേ, ദുഷ്ടരുടെ കൈകളിൽനിന്ന് എന്നെ സൂക്ഷിക്കണമേ;

    എന്റെ കാലുകൾ കുരുക്കിൽപ്പെടുത്താൻ പദ്ധതിയിടുന്ന

    അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ.

  51. 3 “പരിചയും കവചവും ഒരുക്കിക്കൊണ്ടു

    യുദ്ധത്തിന് അണിനിരക്കുക!

    4 ആൺകുതിരകളെ യുദ്ധസജ്ജമാക്കുക,

    അതിന്മേൽ ആരൂഢരാകുക!

    ശിരോകവചമണിഞ്ഞ്

    അണിനിരക്കുക!

    കുന്തങ്ങൾ മിനുക്കി

    കവചം ധരിക്കുക!

  52. 28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.

  53. 4 കർത്താവിൽ എപ്പോഴും ആനന്ദിക്കുക; ആനന്ദിക്കുക എന്നു ഞാൻ വീണ്ടും പറയുന്നു. 5 നിങ്ങളുടെ ആർദ്രതയോടുകൂടിയ പെരുമാറ്റം സകലരും അറിയുമാറാകട്ടെ. കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്നു. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

  54. 4 കുഞ്ഞുമക്കളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവരാണ്; നിങ്ങൾ വ്യാജപ്രവാചകന്മാരെ പരാജയപ്പെടുത്തിയിരിക്കുന്നു; കാരണം, നിങ്ങളിൽ വസിക്കുന്ന ദൈവം ലോകത്തിലുള്ളവനെക്കാൾ ശക്തനാണ്.

  55. 10 സഹിഷ്ണുതയെ സംബന്ധിച്ച എന്റെ വചനം നീ അനുസരിച്ചതിനാൽ സകലഭൂവാസികളെയും പരിശോധിക്കുന്ന പരീക്ഷാസമയത്തിൽനിന്ന് ഞാൻ നിന്നെ സംരക്ഷിക്കും.

  56. 1 നിങ്ങൾ ശത്രുക്കൾക്കെതിരേ യുദ്ധംചെയ്യാൻ പുറപ്പെടുമ്പോൾ കുതിരകൾ, രഥങ്ങൾ എന്നിങ്ങനെ നിങ്ങൾക്കുള്ളതിനെക്കാൾ വലിയ സൈന്യത്തെ കണ്ടു ഭയപ്പെടരുത്. കാരണം, ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിച്ചുകൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്. 2 നിങ്ങൾ യുദ്ധത്തിനു പുറപ്പെടുമ്പോൾ പുരോഹിതൻ മുമ്പോട്ടുവന്ന് സൈന്യത്തോട് ഇപ്രകാരം സംസാരിക്കണം: 3 “ഇസ്രായേലേ, കേൾക്കുക, ഇന്നു നിങ്ങൾ ശത്രുവിനോടു യുദ്ധത്തിനു പോകുന്നു. ഹൃദയം തളരുകയോ ഭയപ്പെടുകയോ ചെയ്യരുത്. ഭ്രമിക്കരുത്, അവരുടെമുമ്പിൽ ചഞ്ചലപ്പെടുകയുമരുത്. 4 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ശത്രുവിനെതിരേ യുദ്ധംചെയ്ത് നിങ്ങൾക്കു വിജയം നൽകാൻ നിങ്ങളോടൊപ്പം അണിനിരന്നിരിക്കുന്നു.”

  57. 5 നിന്റെ ജീവിതകാലത്ത് ഒരിക്കലും ഒരുത്തനും നിന്റെനേരേ നിൽക്കുകയില്ല; ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയുമിരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല.

  58. 9 ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.”

  59. 8 ഞാൻ യഹോവയെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു;

    അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.

  60. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ;

    അനർഥകാലത്ത് യഹോവ അവരെ വിടുവിക്കും

    2 യഹോവ അവരെ സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യും—

    അവർ ദേശത്ത് അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിലാകും—

    അവരുടെ ശത്രുക്കളുടെ ഇംഗിതത്തിനവരെ ഏൽപ്പിച്ചുകൊടുക്കുകയില്ല.

  61. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ദൈവമേ, എന്റെ കരച്ചിൽ കേൾക്കണമേ;

    എന്റെ പ്രാർഥന ശ്രവിക്കണമേ.

    2 ഭൂസീമകളിൽനിന്ന് ഞാൻ അങ്ങയോട് വിളിച്ചപേക്ഷിക്കുന്നു,

    എന്റെ ഹൃദയം തകർന്നിരിക്കുമ്പോഴല്ലോ ഞാൻ വിളിച്ചപേക്ഷിക്കുന്നത്;

    എന്നെക്കാൾ ഉന്നതമായ പാറയിലേക്ക് എന്നെ നയിച്ചാലും.

    3 കാരണം, അവിടന്ന് എന്റെ സങ്കേതമായിരിക്കുന്നു,

    എന്റെ ശത്രുക്കൾക്ക് അപ്രാപ്യമായ ശക്തിഗോപുരവുംതന്നെ.

    4 ഞാൻ അവിടത്തെ കൂടാരത്തിൽ എന്നേക്കും അധിവസിക്കാൻ അഭിലഷിക്കുന്നു

    അവിടത്തെ ചിറകുകളുടെ പരിരക്ഷയിൽ ഞാൻ അഭയംതേടുന്നു. സേലാ.

  62. 2 അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും;

    അവിടന്നാണ് എന്റെ കോട്ട, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകുകയില്ല.

  63. 25 പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ

    ദുഷ്ടരുടെ നാശമോ കണ്ട് നീ സംഭീതനാകരുത്,

    26 കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം

    അവിടന്ന് നിന്റെ പാദം കെണിയിലകപ്പെടാതെ കാത്തുകൊള്ളും.

  64. 5 ജ്ഞാനം നേടുക, വിവേകം ആർജിക്കുക;

    എന്റെ വാക്കുകൾ വിസ്മരിക്കുകയോ അവയിൽനിന്നു വ്യതിചലിക്കുകയോ അരുത്.

    6 ജ്ഞാനത്തെ ഉപേക്ഷിക്കരുത്, അവൾ നിന്നെ സംരക്ഷിക്കും;

    അവളെ സ്നേഹിക്കുക, അവൾ നിനക്കു കാവൽനിൽക്കും.

    7 ജ്ഞാനം പരമപ്രധാനമാണ്; ആകയാൽ നീ ജ്ഞാനം കൈവരിക്കുക.

    നിനക്കുള്ളതെല്ലാം ചെലവഴിച്ചിട്ടായാലും അറിവ് സമ്പാദിക്കുക.

    8 അവളെ താലോലിക്കുക, അവൾ നിന്നെ ഉയർത്തും;

    അവളെ ആലിംഗനംചെയ്യുക, അവൾ നിന്നെ ആദരിക്കും.

    9 അവൾ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടം അണിയിക്കുകയും

    ശോഭയുള്ള കിരീടം നിനക്ക് ഉപഹാരമായി നൽകുകയും ചെയ്യും.”

  65. 23 യഹോവാഭക്തി ജീവനിലേക്കു നയിക്കുന്നു;

    അപ്പോൾ അവർ വിപത്തൊഴിഞ്ഞ് സംതൃപ്തരായി വിശ്രമിക്കും.

  66. 5 “ദൈവത്തിന്റെ സകലവചനവും കുറ്റമറ്റത്;

    തന്നിൽ അഭയം തേടുന്നവർക്ക് അവിടന്ന് ഒരു പരിച.

  67. 17 നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക.

    പീഡിതരെ സ്വതന്ത്രരാക്കുക.

    അനാഥരുടെ കാര്യം ഏറ്റെടുക്കുക;

    വിധവയ്ക്കുവേണ്ടി വ്യവഹരിക്കുക.

  68. 17 നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെയുണ്ട്,

    അവിടന്ന് രക്ഷിക്കാൻ ശക്തൻ.

    അവിടന്ന് നിന്നിൽ അധികം സന്തോഷിക്കും;

    യഹോവ തന്റെ സ്നേഹത്തിൽ ഇനിയൊരിക്കലും നിന്നെ ശാസിക്കുകയില്ല,

    എന്നാൽ സംഗീതത്തോടെ അവിടന്ന് നിന്നിൽ ആനന്ദിക്കും.”

  69. 19 ഇതാ, പാമ്പുകളെയും തേളുകളെയും ചവിട്ടിമെതിക്കാനും ശത്രുവിന്റെ എല്ലാ ശക്തിയും കീഴടക്കാനും ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു, ഇവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.

  70. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  71. 24 വീഴാതെ നിങ്ങളെ സൂക്ഷിച്ചു തന്റെ തേജസ്സുള്ള സന്നിധിയിൽ മഹാ ആനന്ദത്തോടെ കളങ്കമറ്റവരായി നിർത്താൻ കഴിവുള്ള ദൈവത്തിന്, 25 നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമ്മുടെ രക്ഷകനായ ഏകദൈവത്തിനുതന്നെ, സർവകാലങ്ങൾക്ക് മുമ്പും ഇപ്പോഴും എന്നേക്കും തേജസ്സും മഹിമയും ബലവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ.

  72. ശലോമോന്റെ ആരോഹണഗീതം.

    1 യഹോവ വീട് പണിയുന്നില്ലെങ്കിൽ,

    നിർമാതാക്കളുടെ അധ്വാനം വ്യർഥം.

    യഹോവ പട്ടണം കാക്കുന്നില്ലെങ്കിൽ,

    കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥംതന്നെ.

  73. 15 ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നെ കാത്തുകൊള്ളും; ഞാൻ നിന്നെ ഈ ദേശത്തേക്കു മടക്കിവരുത്തും. ഞാൻ നിന്നെ കൈവിടാതെ നിന്നോടുചെയ്ത വാഗ്ദത്തം നിറവേറ്റും.”

  74. 37 അവിടന്ന് ഇപ്രകാരം പറയും: “അവരുടെ ദേവന്മാർ,

    അവർ അഭയം കണ്ടെത്തിയ പാറ,

    38 അവരുടെ ബലിമേദസ്സു ഭുജിച്ച ദേവന്മാർ,

    അവരുടെ പാനീയയാഗത്തിന്റെ വീഞ്ഞുകുടിച്ചവർ, എവിടെ?

    അവർ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ!

    അവർ നിങ്ങൾക്ക് അഭയം നൽകട്ടെ!

    39 “ഇതാ ഞാൻ, ഞാൻതന്നെയാകുന്നു ദൈവം എന്ന് ഇപ്പോൾ കണ്ടുകൊൾക!

    ഞാനല്ലാതെ മറ്റൊരു ദൈവമില്ല.

    ഞാൻ കൊല്ലുന്നു, ഞാൻ ജീവിപ്പിക്കുന്നു,

    ഞാൻ മുറിപ്പെടുത്തുന്നു, ഞാൻ സൗഖ്യമാക്കുന്നു,

    എന്റെ കരത്തിൽനിന്നു വിടുവിക്കാൻ ആർക്കും കഴിയുകയില്ല.

  75. 38 അപ്പോൾ ശൗൽ തന്റെ സ്വന്തം പടച്ചട്ട ദാവീദിനെ അണിയിച്ചു. അദ്ദേഹത്തെ കവചം ധരിപ്പിച്ച് വെങ്കലംകൊണ്ടുള്ള ശിരോകവചവും വെച്ചുകൊടുത്തു.

  76. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 കഷ്ടകാലത്തിൽ, യഹോവ നിങ്ങൾക്ക് ഉത്തരമരുളുമാറാകട്ടെ;

    യാക്കോബിൻ ദൈവത്തിന്റെ നാമം നിങ്ങളെ സംരക്ഷിക്കട്ടെ.

  77. 15 യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു

    അവിടത്തെ കാതുകൾ അവരുടെ നിലവിളി ശ്രദ്ധിക്കുന്നു;

  78. 3 എനിക്കു ഭയം നേരിടുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.

    4 ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു—

    ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും.

    വെറും മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?

  79. ആരോഹണഗീതം.

    1 യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്,

    അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു.

    2 പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ,

    യഹോവ ഇന്നും എന്നെന്നേക്കും

    തന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു.

  80. 19 തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹങ്ങൾ അവിടന്ന് സഫലമാക്കുന്നു;

    അവരുടെ കരച്ചിൽകേട്ട് അവരെ രക്ഷിക്കുന്നു.

  81. 33 എന്നാൽ എന്റെ വാക്കു കേൾക്കുന്നവർ സുരക്ഷിതരായി ജീവിക്കും

    അനർഥഭീതികൂടാതെ സ്വസ്ഥരായിരിക്കുകയും ചെയ്യും.”

  82. 21 നീതിനിഷ്ഠർക്കു യാതൊരുവിധ അനർഥവും സംഭവിക്കുകയില്ല,

    എന്നാൽ ദുഷ്ടർ അനർഥംകൊണ്ടു നിറയും.

  83. 26 യഹോവയെ ഭയപ്പെടുന്നവർക്ക് കെട്ടുറപ്പുള്ള കോട്ടയുണ്ട്,

    അവരുടെ സന്താനങ്ങൾക്ക് അതൊരു അഭയസ്ഥാനമായിരിക്കും.

  84. 12 ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു,

    എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു.

  85. 1 ആ കാലത്ത് യെഹൂദ്യയിൽ ഈ ഗാനം ആലപിക്കപ്പെടും:

    ഞങ്ങൾക്ക് ഉറപ്പുള്ളൊരു നഗരമുണ്ട്;

    ദൈവം രക്ഷ അതിന്റെ

    കോട്ടകളും പ്രതിരോധസന്നാഹങ്ങളും ആക്കുന്നു.

    2 വിശ്വാസം കാക്കുന്ന നീതിനിഷ്ഠരായ ജനത

    പ്രവേശിക്കേണ്ടതിന്

    അതിന്റെ കവാടങ്ങൾ തുറക്കുക.

    3 സ്ഥിരമാനസൻ അങ്ങയിൽ

    ആശ്രയിച്ചിരിക്കുകയാൽ

    അങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും.

    4 യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക

    യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ.

    5 മലകളിൽ പാർക്കുന്നവരെ അവിടന്ന് താഴ്ത്തുന്നു,

    ഉന്നത നഗരങ്ങളെ അവിടന്നു താഴെയിറക്കുന്നു;

    അവിടന്ന് അതിനെ നിലംപരിചാക്കി

    പൊടിയിൽ വീഴ്ത്തിക്കളയുന്നു.

    6 കാൽ അതിനെ ചവിട്ടിക്കളയും;

    പീഡിതരുടെ കാലുകൾ,

    അശരണരുടെയും കാലുകൾതന്നെ.

  86. 16 മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും. 17 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും. 18 എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല. 19 നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും.

  87. 33 “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”

  88. 11 ഇനി ഞാൻ ലോകത്തിൽ ഉണ്ടായിരിക്കുകയില്ല; അവരോ ലോകത്തിൽ ഉണ്ടായിരിക്കും. ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. അതിനാൽ പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്, തിരുനാമശക്തിയാൽ—അവിടന്ന് എനിക്കു തന്നിരിക്കുന്ന അതേ നാമത്തിന്റെ ശക്തിയാൽത്തന്നെ—അവരെ കാത്തുരക്ഷിക്കണമേ. 12 അവരോടുകൂടെ ആയിരുന്നപ്പോൾ അവിടന്ന് എനിക്കു നൽകിയ നാമത്താൽ ഞാൻ അവരെ സംരക്ഷിക്കുകയും ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. തിരുവെഴുത്തു നിറവേറേണ്ടതിന്, ആ വിനാശപുത്രനല്ലാതെ ആരും നഷ്ടപ്പെട്ടുപോയിട്ടില്ല.

  89. 19 സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു.

  90. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.

  91. 8 ബന്ധുജനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെയും, ആവശ്യങ്ങൾക്കായി കരുതാത്തവർ വിശ്വാസത്യാഗികളും അവിശ്വാസിയെക്കാൾ അധമരുമാണ്.

  92. 19 നാം ദൈവത്തിൽനിന്നു ജനിച്ചവർ ആണെന്നും ലോകം മുഴുവൻ പിശാചിന്റെ അധീനതയിൽ ആണെന്നും അറിയുന്നു.

  93. 32 യഹോവയല്ലാതെ ദൈവം ആരുള്ളൂ?

    നമ്മുടെ ദൈവമല്ലാതെ ആ ശില ആരാണ്?

  94. ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം.

    1 എന്റെ ദൈവമായ യഹോവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു;

    എന്നെ വേട്ടയാടുന്ന എല്ലാവരിൽനിന്നും എന്നെ രക്ഷിച്ച് മോചിപ്പിക്കണമേ,

  95. 9 ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും

    നീതിനിഷ്ഠരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമേ—

    നീതിമാനായ ദൈവമേ,

    അങ്ങ് ഹൃദയവും മനസ്സും പരിശോധിക്കുന്നല്ലോ.

  96. 9 യഹോവ പീഡിതർക്കൊരു അഭയസ്ഥാനം,

    ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട.

    10 അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു,

    യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ.

  97. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു—

    ഞാൻ ആരെ ഭയപ്പെടും?

    യഹോവ എന്റെ ജീവന്റെ അഭയസ്ഥാനം—

    ഞാൻ ആരെ പേടിക്കും?

  98. 19 അങ്ങയെ ഭയപ്പെടുന്നവർക്കുവേണ്ടി അങ്ങ് സംഭരിച്ചുവെച്ചിരിക്കുന്നതും

    അങ്ങയിൽ ശരണം പ്രാപിക്കുന്നവർക്കായി

    സകലമനുഷ്യരും കാണുംവിധം അവിടന്ന് പ്രദർശിപ്പിച്ചതുമായ

    അവിടത്തെ നന്മ എത്രയോ സമൃദ്ധം.

  99. 11 യഹോവേ, അവിടത്തെ കരുണ എന്നിൽനിന്നു പിൻവലിക്കരുതേ;

    അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും എപ്പോഴും എനിക്കു സംരക്ഷണം നൽകട്ടെ.

    12 അസംഖ്യമായ അനർഥങ്ങൾ എന്നെ വലയംചെയ്തിരിക്കുന്നു;

    പുറത്തേക്കുള്ള വഴി കാണാൻ കഴിയാത്തവിധം എന്റെ പാപങ്ങൾ എന്നെ വലയംചെയ്തു കീഴടക്കിയിരിക്കുന്നു.

    അവ എന്റെ തലയിലെ മുടിയിഴകളെക്കാൾ അധികം,

    എന്റെ മനോവീര്യം ചോർന്നുപോകുന്നു.

    13 യഹോവേ, എന്നെ രക്ഷിക്കാൻ പ്രസാദമുണ്ടാകണമേ,

    യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.

  100. 7 എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു;

    അവിടന്ന് എന്റെ ശക്തിയുള്ള പാറയും എന്റെ സങ്കേതവും ആകുന്നു.

    8 അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക,

    നിങ്ങളുടെ ഹൃദയം അവിടത്തെ മുമ്പിൽ പകരുക,

    കാരണം നമ്മുടെ സങ്കേതം ദൈവം ആകുന്നു. സേലാ.

  101. 12 കാരണം തന്നോടു നിലവിളിക്കുന്ന ദരിദ്രരെയും

    ആശ്രയമറ്റ പീഡിതരെയും അദ്ദേഹം മോചിപ്പിക്കും.

    13 ബലഹീനരോടും ദരിദ്രരോടും അദ്ദേഹം കരുണകാണിക്കും

    അദ്ദേഹം ദരിദ്രരെ മരണത്തിൽനിന്നു രക്ഷിക്കുകയും ചെയ്യും.

    14 പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അദ്ദേഹം അവരെ മോചിപ്പിക്കും,

    അവരുടെ രക്തം അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടതായിരിക്കും.

  102. 10 യഹോവയെ സ്നേഹിക്കുന്നവർ തിന്മ വെറുക്കട്ടെ,

    കാരണം അവിടന്ന് തന്റെ വിശ്വസ്തരുടെ പ്രാണനെ കാക്കുന്നു

    അവരെ ദുഷ്ടരുടെ കൈകളിൽനിന്നു മോചിപ്പിക്കുന്നു.

  103. ദാവീദിന്റെ ആരോഹണഗീതം.

    1 യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ—

    ഇസ്രായേല്യർ പറയട്ടെ—

    2 മനുഷ്യർ നമ്മെ ആക്രമിച്ചപ്പോൾ,

    യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ,

    3 അവരുടെ ക്രോധം നമുക്കെതിരേ കത്തിജ്വലിച്ചപ്പോൾ

    അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;

    4 പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു,

    വെള്ളപ്പാച്ചിൽ നമ്മെ തൂത്തെറിയുമായിരുന്നു,

    5 ആർത്തിരമ്പുന്ന ജലപ്രവാഹം

    നമ്മെ തുടച്ചുനീക്കുമായിരുന്നു.

  104. 7 പരമാർഥികൾക്ക് അവിടന്ന് വിജയം സംഗ്രഹിച്ചുവെക്കുന്നു,

    നിഷ്കളങ്കരായി ജീവിക്കുന്നവർക്ക് അവിടന്ന് ഒരു സംരക്ഷണവലയമാണ്,

    8 നീതിനിഷ്ഠരുടെ കാലഗതി അവിടന്നു കാത്തുസൂക്ഷിക്കുകയും

    തന്റെ വിശ്വസ്തരെ സംരക്ഷിക്കുകയും ചെയ്യുന്നു.

  105. 5 അതിനാൽ എന്റെ മുന്തിരിത്തോപ്പിനോടു ഞാൻ എന്തു ചെയ്യുമെന്ന്

    ഇപ്പോൾ ഞാൻ നിങ്ങളോടു പറയാം:

    ഞാൻ അതിന്റെ വേലി പൊളിച്ചുകളയും,

    അതു തിന്നുപോകും;

    ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും,

    അതു ചവിട്ടിമെതിക്കപ്പെടും.

    6 ഞാൻ അതിനെ വിജനദേശമാക്കും,

    അതിന്റെ തലപ്പുകൾ വെട്ടിയൊരുക്കുകയോ തടം കിളയ്ക്കുകയോ ചെയ്യുകയില്ല,

    മുള്ളും പറക്കാരയും അതിൽ മുളയ്ക്കും.

    അതിന്മേൽ മഴ ചൊരിയരുതെന്നു

    ഞാൻ മേഘങ്ങളോടു കൽപ്പിക്കും.”

    7 സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോപ്പ്

    ഇസ്രായേൽ രാഷ്ട്രം ആകുന്നു,

    യെഹൂദാജനമാണ് അവിടത്തേക്ക്

    ആനന്ദംനൽകുന്ന മുന്തിരിവള്ളി.

    അങ്ങനെ അവിടന്നു ന്യായത്തിനായി കാത്തിരുന്നു, എന്നാൽ ഉണ്ടായതു രക്തച്ചൊരിച്ചിൽ;

    നീതിക്കായി അവിടന്നു നോക്കിക്കൊണ്ടിരുന്നു, എന്നാൽ കേട്ടതോ, ദുരിതത്തിന്റെ നിലവിളി.

  106. 1 “ആ കാലത്ത് നിന്റെ ജനത്തിനു സംരക്ഷണം നൽകുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേൽക്കും. ഒരു ജാതി ഉണ്ടായതുമുതൽ അന്നുവരെ ഉണ്ടായിട്ടില്ലാത്ത ഒരു പീഡനകാലം ഉണ്ടാകും. ആ കാലത്തു നിന്റെ ജനം—പുസ്തകങ്ങളിൽ പേര് എഴുതപ്പെട്ടിട്ടുള്ള സകലരും—വിടുവിക്കപ്പെടും.

  107. 13 ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ,

    ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.

    രാജ്യവും ശക്തിയും മഹത്ത്വവും

    എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’

  108. 28 നിങ്ങളുടെ ആത്മാവിനെ ഹനിക്കാൻ കഴിയാതെ ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടരുത്; മറിച്ച്, ജീവനെയും ശരീരത്തെയും നരകത്തിലിട്ട് നശിപ്പിക്കാൻ കഴിയുന്ന ദൈവത്തെ ഭയപ്പെടുക. 29 ഒരു രൂപയ്ക്ക് രണ്ട് കുരുവിയെ വിൽക്കുന്നില്ലയോ? നിങ്ങളുടെ പിതാവ് അറിയാതെ അവയിൽ ഒന്നുപോലും നിലത്തു വീഴുകയില്ല. 30 നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. 31 ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.