38 Bible Verses About Sorcery
Biblica® Open Malayalam Contemporary Version™ (OMCV)
-
9 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ പ്രവേശിക്കുമ്പോൾ അവിടെയുള്ള ജനതകളുടെ മ്ലേച്ഛതകൾ അനുകരിക്കാൻ അങ്ങനെയുള്ളവ പഠിക്കരുത്. 10 നിങ്ങളുടെ ഇടയിൽ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവരോ ദേവപ്രശ്നംവെക്കുന്നവരോ ആഭിചാരകരോ മൂഹൂർത്തം നോക്കുന്നവരോ ക്ഷുദ്രക്കാരോ 11 മന്ത്രവാദിയോ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ പ്രേതസമ്പർക്കമുള്ളവരോ ഉണ്ടായിരിക്കരുത്. 12 ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവരോട് യഹോവയ്ക്ക് അറപ്പാണ്. ഇത്തരം മ്ലേച്ഛതമൂലം നിന്റെ ദൈവമായ യഹോവ ആ ജനതകളെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. 13 നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കണം.
14 നീ നീക്കംചെയ്യാനിരിക്കുന്ന ജനതകൾ മുഹൂർത്തക്കാരുടെയും ദേവപ്രശ്നംവെക്കുന്നവരുടെയും വാക്കു ശ്രദ്ധിച്ചു. എന്നാൽ അങ്ങനെ ചെയ്യാൻ നിന്റെ ദൈവമായ യഹോവ നിന്നെ അനുവദിച്ചിട്ടില്ല.
-
19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.
-
9 ഒരൊറ്റ നിമിഷംകൊണ്ട്, ഒരേദിവസംതന്നെ
ഇവ രണ്ടും നീ നേരിടും.
നിനക്ക് അസംഖ്യം ക്ഷുദ്രപ്രയോഗങ്ങളും
ശക്തിയേറിയ എല്ലാ ആഭിചാരങ്ങളും ഉണ്ടായിരുന്നിട്ടും
പുത്രനഷ്ടവും വൈധവ്യവും
അതിന്റെ പൂർണതയിൽ നിനക്കു നേരിടേണ്ടിവരും.
10 നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു,
‘ആരും എന്നെ കാണുന്നില്ല,’ എന്നു നീ പറഞ്ഞു.
നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ വഴിതെറ്റിച്ചു.
‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല’
എന്നു നീ ഹൃദയത്തിൽ പറഞ്ഞപ്പോൾത്തന്നെ.
11 അതിനാൽ അനർഥം നിന്റെമേൽ പതിക്കും,
മന്ത്രവാദംകൊണ്ട് അതു നീക്കാൻ നിനക്കു കഴിയുകയില്ല.
നിനക്കു പരിഹരിക്കാനാകാത്ത
ആപത്തു നിന്റെമേൽ വരും;
നിനക്കു ചിന്തിക്കാൻപോലും കഴിയാത്ത വിനാശം
നിന്റെമേൽ പെട്ടെന്നുതന്നെ വീഴും.
12 “ഇപ്പോൾ, നീ ബാല്യംമുതൽ ചെയ്തുവന്ന
നിന്റെ ആഭിചാരങ്ങളും
ക്ഷുദ്രപ്രയോഗങ്ങളുടെ ബാഹുല്യവും തുടരുക.
ഒരുപക്ഷേ നിനക്കു ഫലം ലഭിച്ചേക്കാം,
ഒരുപക്ഷേ നീ ഭീതി ജനിപ്പിച്ചേക്കാം.
13 ആലോചനയുടെ ബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു!
ഇപ്പോൾ ജ്യോതിഷികൾ മുമ്പോട്ടുവരട്ടെ,
നക്ഷത്രം നോക്കുന്നവരും അമാവാസി കണ്ടു പ്രവചിക്കുന്നവരും,
നിനക്കു സംഭവിക്കാൻ പോകുന്നവയിൽനിന്ന് നിന്നെ വിടുവിക്കട്ടെ.
14 ഇതാ, അവർ വൈക്കോൽക്കുറ്റിപോലെ ആകും;
തീ അവരെ ദഹിപ്പിച്ചുകളയും.
അഗ്നിജ്വാലയുടെ ശക്തിയിൽനിന്നു
തങ്ങളെത്തന്നെ രക്ഷിക്കാൻ അവർക്കു കഴിവില്ല.
അതു കുളിർമാറ്റുന്നതിനുള്ള കനലോ
കായുവാൻ തക്ക തീയോ അല്ല.
15 ബാല്യംമുതൽ നിന്നോടു ചേർന്ന് അധ്വാനിച്ചിരുന്നവരും
നിന്നോടു ചേർന്നു കച്ചവടംചെയ്തവരും
അതിലപ്പുറമാകുകയില്ല.
അവർ ഓരോരുത്തരും അവരവരുടെ ദിശയിലേക്കു ചിതറിപ്പോകും;
നിന്നെ രക്ഷിക്കാൻ ആരും അവശേഷിക്കുകയില്ല.
-
10 അങ്ങനെ മോശയും അഹരോനും ഫറവോന്റെ അടുക്കൽ എത്തി, യഹോവ കൽപ്പിച്ചതുപോലെ പ്രവർത്തിച്ചു. അഹരോൻ തന്റെ വടി ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ നിലത്തിട്ടു, അതൊരു പാമ്പായിത്തീർന്നു. 11 ഫറവോൻ ജ്ഞാനികളെയും ആഭിചാരകന്മാരെയും വരുത്തി, ഈജിപ്റ്റിലെ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവിദ്യയാൽ അതേ പ്രവൃത്തി ചെയ്തു. 12 ഓരോരുത്തനും അവനവന്റെ വടി നിലത്തിടുകയും അതു പാമ്പായിത്തീരുകയും ചെയ്തു. എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
-
9 ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യൻ കുറെക്കാലമായി മന്ത്രവാദം നടത്തി, താൻ ഒരു മഹാൻ എന്നു നടിച്ച് ശമര്യാപട്ടണത്തിലെ ആളുകളെയെല്ലാം ഭ്രമിപ്പിച്ചിരുന്നു. 10 “ഇയാൾ ദൈവത്തിന്റെ ശക്തിയാണ്; ഇയാളിൽ ശക്തീദേവിയാണ് ആവസിക്കുന്നത്,” എന്നു പറഞ്ഞുകൊണ്ട് വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസംകൂടാതെ എല്ലാവരും ഇയാളിൽ ആകൃഷ്ടരായിരുന്നു. 11 ശിമോൻ തന്റെ മന്ത്രവിദ്യകൊണ്ട് ഏറെക്കാലമായി അവരെ ഭ്രമിപ്പിച്ചതിനാലാണ് ജനം അയാളെ ശ്രദ്ധിച്ചത്. 12 ദൈവരാജ്യത്തിന്റെ സുവിശേഷവും യേശുക്രിസ്തുവിന്റെ നാമവും ഫിലിപ്പൊസ് പ്രസംഗിച്ചതു കേട്ടപ്പോൾ അവർ യേശുവിൽ വിശ്വസിച്ചു. സ്ത്രീകളും പുരുഷന്മാരും സ്നാനമേറ്റു. 13 ശിമോനും വിശ്വസിച്ചു സ്നാനമേറ്റു. അവിടെ നടന്ന ചിഹ്നങ്ങളും വീര്യപ്രവൃത്തികളും കണ്ടു വിസ്മയിച്ച അയാൾ ഫിലിപ്പൊസ് പോയ സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ അനുഗമിച്ചു.
14 ശമര്യയിലുള്ളവർ ദൈവവചനം സ്വീകരിച്ചെന്നു കേട്ടപ്പോൾ ജെറുശലേമിലുണ്ടായിരുന്ന അപ്പൊസ്തലന്മാർ പത്രോസിനെയും യോഹന്നാനെയും ശമര്യാക്കാരുടെ അടുത്തേക്കയച്ചു. 15 അവർ വന്ന് ശമര്യയിലുള്ള വിശ്വാസികൾ പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടതിന് അവർക്കായി പ്രാർഥിച്ചു. 16 പരിശുദ്ധാത്മാവ് അന്നുവരെയും അവരിൽ ആരുടെയുംമേൽ വന്നിട്ടില്ലായിരുന്നു; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേറ്റിരുന്നതേയുള്ളൂ. 17 പത്രോസും യോഹന്നാനും അവരുടെമേൽ കൈകൾ വെച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചു.
18 അപ്പൊസ്തലന്മാരുടെ കൈവെപ്പിനാൽ പരിശുദ്ധാത്മാവിനെ ലഭിച്ചതു കണ്ട ശിമോൻ അവർക്കു പണം വാഗ്ദാനംചെയ്തുകൊണ്ട്, 19 “ഞാനും ആരുടെയെങ്കിലുംമേൽ കൈവെച്ചാൽ അവർക്കും പരിശുദ്ധാത്മാവിനെ ലഭിക്കേണ്ടതിന് ഈ ശക്തി എനിക്കും നൽകണമേ” എന്നപേക്ഷിച്ചു.
20 “ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ ചിന്തിച്ചതുകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിക്കട്ടെ. 21 നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരില്ലാത്തത് ആയതുകൊണ്ട് ഈ ശുശ്രൂഷയിൽ നിനക്കു പങ്കും ഓഹരിയും ഇല്ല. 22 നീ ഈ ദുഷ്ടതയെപ്പറ്റി അനുതപിച്ച് കർത്താവിനോടു പ്രാർഥിക്കുക. ഒരുപക്ഷേ അവിടന്നു നിന്റെ ഹൃദയത്തിലെ ദുഷ്ടവിചാരം ക്ഷമിച്ചുതരും. 23 നീ അസൂയ നിറഞ്ഞവനും പാപത്താൽ ബന്ധിക്കപ്പെട്ടവനുമാണെന്ന് ഞാൻ മനസ്സിലാക്കുന്നു” എന്ന് പത്രോസ് മറുപടി പറഞ്ഞു.
24 അപ്പോൾ ശിമോൻ, “അങ്ങു പറഞ്ഞതൊന്നും എനിക്കു ഭവിക്കാതിരിക്കാൻ എനിക്കുവേണ്ടി കർത്താവിനോടു പ്രാർഥിക്കണമേ” എന്നപേക്ഷിച്ചു.
-
11 ദൈവം പൗലോസിലൂടെ അസാധാരണങ്ങളായ അത്ഭുതപ്രവൃത്തികൾ ചെയ്തു. 12 അദ്ദേഹത്തിന്റെ സ്പർശനമേറ്റ തൂവാലയും മേൽവസ്ത്രവും കൊണ്ടുവന്നു രോഗികളുടെമേൽ ഇടുമ്പോൾ അവരുടെ രോഗങ്ങൾ സൗഖ്യമാകുകയും ദുരാത്മാക്കൾ വിട്ടുപോകുകയും ചെയ്തു.
13 ഭൂതോച്ചാടനം നടത്തിക്കൊണ്ട് ചുറ്റിസഞ്ചരിച്ചിരുന്ന ചില യെഹൂദർ, ദുരാത്മാവു ബാധിച്ച ചിലരെ യേശുവിന്റെ നാമം ഉപയോഗിച്ചു സൗഖ്യമാക്കാൻ ശ്രമിച്ചു. “പൗലോസ് പ്രസംഗിക്കുന്ന കർത്താവായ യേശുവിന്റെ നാമത്തിൽ ഞാൻ നിന്നോടു പുറത്തുപോകാൻ കൽപ്പിക്കുന്നു,” എന്നാണവർ പറഞ്ഞുവന്നത്. 14 ഒരു പുരോഹിതമുഖ്യനായ സ്കേവാ എന്ന യെഹൂദന്റെ ഏഴു പുത്രന്മാരായിരുന്നു ഇങ്ങനെ ചെയ്തത്. 15 ദുരാത്മാവ് അവരോട്, “യേശുവിനെ എനിക്കറിയാം, പൗലോസിനെയും എനിക്കറിയാം, എന്നാൽ നിങ്ങളാര്?” എന്നു ചോദിച്ചിട്ട്, 16 ദുരാത്മാവുണ്ടായിരുന്ന മനുഷ്യൻ അവരുടെമേൽ ചാടിവീണ് അവരെ കീഴടക്കി. അവർ നഗ്നരും മുറിവേറ്റവരുമായി വീട്ടിൽനിന്ന് പുറത്തേക്ക് ഓടിപ്പോകേണ്ടിവന്നു.
17 എഫേസോസിൽ വസിച്ചിരുന്ന യെഹൂദരും ഗ്രീക്കുകാരും ഇത് അറിഞ്ഞു. അവരെല്ലാവരും ഭയപ്പെട്ടു. കർത്താവായ യേശുവിന്റെ നാമം അത്യന്തം മഹത്ത്വപ്പെട്ടു. 18 വിശ്വസിച്ചവരിൽ പലരും വന്ന് തങ്ങളുടെ ദുഷ്പ്രവൃത്തികൾ പരസ്യമായി ഏറ്റുപറഞ്ഞു. 19 ക്ഷുദ്രപ്രയോഗം നടത്തിവന്നവർ തങ്ങളുടെ പുസ്തകച്ചുരുളുകൾ കൊണ്ടുവന്ന് എല്ലാവരും കാൺകെ അഗ്നിക്കിരയാക്കി. ആ ചുരുളുകളുടെ വില കണക്കാക്കിയപ്പോൾ അതിന്റെ ആകെ തുക അൻപതിനായിരം ദ്രഹ്മയായിരുന്നു. 20 ഇങ്ങനെ കർത്താവിന്റെ വചനം എല്ലായിടത്തും പ്രചരിക്കുകയും ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.
-
8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”
-
6 അവർ ദ്വീപിൽ എല്ലായിടത്തും സഞ്ചരിച്ച് ഒടുവിൽ പാഫോസ് നഗരത്തിലെത്തി. അവിടെ ബർയേശു എന്നു പേരുള്ള വ്യാജപ്രവാചകനായ ഒരു യെഹൂദമന്ത്രവാദിയെ കണ്ടുമുട്ടി. 7 അയാൾ സെർഗിയോസ് പൗലോസ് എന്ന ഭരണാധികാരിയുടെ സുഹൃത്തായിരുന്നു. ബുദ്ധിമാനായിരുന്ന ഭരണാധികാരി ദൈവവചനം കേൾക്കാൻ ആഗ്രഹിച്ച് ബർന്നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി. 8 എന്നാൽ “എലീമാസ്,” എന്ന ആ മന്ത്രവാദി (ഗ്രീക്കുകാർക്കിടയിൽ അയാൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) അവരെ എതിർക്കുകയും ഭരണാധികാരിയെ വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. 9 അപ്പോൾ പൗലോസ് എന്നുകൂടെ പേരുള്ള ശൗൽ പരിശുദ്ധാത്മാവു നിറഞ്ഞവനായി എലീമാസിനെ ഉറ്റുനോക്കി ഇങ്ങനെ പറഞ്ഞു, 10 “പിശാചിന്റെ മകനേ, എല്ലാ നന്മയുടെയും ശത്രുവേ, സകലവിധ വഞ്ചനയും കൗശലവും നിന്നിൽ നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ നേർപാതകൾ വികലമാക്കുന്നതു നീ നിർത്തുകയില്ലേ? 11 ഇപ്പോഴിതാ, കർത്താവിന്റെ കരം നിനക്കു വിരോധമായിരിക്കുന്നു. കുറെക്കാലത്തേക്കു നീ അന്ധനായി, സൂര്യന്റെ പ്രകാശംപോലും കാണാൻ കഴിയാത്തവനായിരിക്കും.”
ഉടൻതന്നെ ഇരുട്ടും ഒരു മൂടലും അയാളുടെ കണ്ണുകളെ ആവരണംചെയ്തു. ആരെങ്കിലും തന്നെ കൈപിടിച്ചു നടത്താൻ അപേക്ഷിച്ചുകൊണ്ട് അയാൾ തപ്പിത്തടഞ്ഞു. 12 ഈ സംഭവിച്ചതുകണ്ട് വിസ്മയഭരിതനായി ഭരണാധികാരി കർത്താവിന്റെ ഉപദേശത്തിൽ വിശ്വസിച്ചു.
-
1 മനശ്ശെ രാജാവായപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിയഞ്ചു വർഷം വാണു. 2 ഇസ്രായേലിന്റെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛ ആചാരങ്ങളെ പിൻതുടർന്ന് അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അറപ്പുളവാക്കുന്ന കാര്യങ്ങൾ പ്രവർത്തിച്ചു. 3 തന്റെ പിതാവായ ഹിസ്കിയാവ് ഇടിച്ചുകളഞ്ഞ ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമിച്ചു; ബാലിനുള്ള ബലിപീഠങ്ങളും അശേരാപ്രതിഷ്ഠകളും നിർമിച്ചു. അദ്ദേഹം എല്ലാ ആകാശസൈന്യങ്ങളെയും വണങ്ങുകയും ആരാധിക്കുകയും ചെയ്തു. 4 “എന്റെ നാമം ജെറുശലേമിൽ എന്നെന്നും നിലനിൽക്കും,” എന്ന് ഏതൊരാലയത്തെക്കുറിച്ച് യഹോവ കൽപ്പിച്ചിരുന്നോ, ആ ആലയത്തിൽത്തന്നെ അദ്ദേഹം ബലിപീഠങ്ങൾ നിർമിച്ചു. 5 യഹോവയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അദ്ദേഹം സകല ആകാശസൈന്യങ്ങൾക്കുമുള്ള ബലിപീഠങ്ങൾ നിർമിച്ചു. 6 അദ്ദേഹം തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിയിൽ ഹോമിച്ചു; ദേവപ്രശ്നംവെക്കുക, ആഭിചാരം, ശകുനംനോക്കുക ഇവയെല്ലാം ചെയ്തു; ലക്ഷണംപറയുന്നവർ, വെളിച്ചപ്പാടുകൾ, ഭൂതസേവക്കാർ എന്നിവരോട് ആലോചന ചോദിച്ചു; ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.
7 താൻ കൊത്തിച്ച വിഗ്രഹം കൊണ്ടുവന്ന് അദ്ദേഹം ദൈവത്തിന്റെ ആലയത്തിൽ പ്രതിഷ്ഠിച്ചു. ഈ ആലയത്തെപ്പറ്റി ദൈവം ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും ഈ വിധം കൽപ്പിച്ചിരുന്നല്ലോ: “ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ഈ ജെറുശലേമിലും ഈ ആലയത്തിലും ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിക്കും
-
23 ഒരു ദീപവും
ഇനി നിന്നിൽ ജ്വലിക്കുകയില്ല.
വധൂവരന്മാരുടെ ഉല്ലാസഘോഷം
ഇനി നിന്നിൽ കേൾക്കുകയില്ല.
നിന്റെ വ്യാപാരികൾ ഭൂമിയിലെ പ്രധാനികളായിരുന്നു.
ആഭിചാരത്താൽ നീ സകലജനതയെയും വഞ്ചിച്ചിരുന്നു.
-
18 “ആഭിചാരകരെ ജീവിക്കാൻ അനുവദിക്കരുത്.
-
19 വെളിച്ചപ്പാടുകളോടും തന്ത്രമന്ത്രങ്ങൾ ചെയ്യുന്ന ഭൂതസേവക്കാരോടും ആലോചന ചോദിക്കുക, എന്ന് അവർ നിങ്ങളോടു പറയുന്നെങ്കിൽ ജനം തങ്ങളുടെ ദൈവത്തോടല്ലേ ആലോചന ചോദിക്കേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോട് ആരായുന്നത് എന്തിന്? 20 ദൈവത്തിന്റെ നിർദേശത്തിനും പ്രവാചകസാക്ഷ്യത്തിനും ആരായുക. ഈ വചനപ്രകാരം ഒരാൾ സംസാരിക്കുന്നില്ലെങ്കിൽ അത് അവർക്ക് ഉഷസ്സിന്റെ വെളിച്ചം ഇല്ലായ്കയാലാണ്. 21 അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ കോപിച്ച് തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിച്ച് മുഖം ആകാശത്തിലേക്കു തിരിക്കും, 22 അവർ ഭൂമിയിലേക്കു നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും ഭയാനകമായ മൂകതയുംമാത്രമേ കാണുകയുള്ളൂ; ഒടുവിൽ അവർ ഘോരാന്ധകാരത്തിലേക്കു തള്ളപ്പെടും.
-
16 ഇതിനുശേഷം യഹോവ മോശയോടു പറഞ്ഞു: “നീ അഹരോനോടു പറയുക, ‘നിന്റെ വടിയെടുത്ത് നിലത്തെ പൂഴിയിൽ അടിക്കുക.’ അപ്പോൾ അതു പേനായിത്തീർന്ന് ഈജിപ്റ്റു മുഴുവൻ വ്യാപിക്കും.” 17 അവർ അപ്രകാരംചെയ്തു. അഹരോൻ കൈനീട്ടി തന്റെ വടികൊണ്ട് നിലത്തെ പൂഴിയിൽ അടിച്ചു. അതു മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേൻ ആയിത്തീർന്നു; ഈജിപ്റ്റിലെല്ലായിടവും നിലത്തെ പൂഴിമുഴുവനും പേൻ ആയിത്തീർന്നു. 18 മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാൽ പേൻ ഉണ്ടാക്കാൻ ശ്രമിച്ചു; എന്നാൽ, അവർക്കതിനു കഴിഞ്ഞില്ല.
മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേൻ നിറഞ്ഞുനിന്നു. 19 അപ്പോൾ മന്ത്രവാദികൾ ഫറവോനോടു പറഞ്ഞത്, “ഇതു ദൈവത്തിന്റെ കൈവിരൽ പ്രവർത്തിക്കുന്നതാകുന്നു.” എന്നാൽ, യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
-
31 “ ‘വെളിച്ചപ്പാടുകളെയോ ഭൂതസേവക്കാരെയോ അന്വേഷിക്കരുത്. കാരണം അവരാൽ നിങ്ങൾ അശുദ്ധരായിത്തീരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
-
6 “ ‘വെളിച്ചപ്പാടുകളിലേക്കും ഭൂതസേവക്കാരിലേക്കും തിരിഞ്ഞ് അവരെ അനുഗമിക്കുന്നതിലൂടെ പരസംഗം ചെയ്യുന്നവർക്കെതിരേ ഞാൻ മുഖംതിരിക്കുകയും സ്വജനത്തിൽനിന്ന് അവരെ ഛേദിച്ചുകളയുകയും ചെയ്യും.
-
1 എന്റെ കുഞ്ഞേ, എന്റെ ഉപദേശം നീ വിസ്മരിക്കരുത്,
എന്റെ കൽപ്പനകൾ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുക,
2 അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും
അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും.
3 ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ;
അവ നിന്റെ കഴുത്തിൽ അണിയുക,
നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.
4 അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ
പ്രീതിയും സൽപ്പേരും സമ്പാദിക്കും.
5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക
സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;
6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,
അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.
-
9 ‘നിങ്ങൾ ബാബേൽരാജാവിനെ സേവിക്കുകയില്ല,’ എന്നു നിങ്ങളോടു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരുടെയും ദേവപ്രശ്നംവെക്കുന്നവരുടെയും സ്വപ്നവ്യാഖ്യാനികളുടെയും വെളിച്ചപ്പാടുകളുടെയും മന്ത്രവാദികളുടെയും വാക്കുകൾ നിങ്ങൾ കേൾക്കരുത്. 10 നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു നീക്കിക്കളയുന്നതിന് അവർ നിങ്ങളോടു വ്യാജം പ്രവചിക്കുന്നു; ഞാൻ നിങ്ങളെ നാടുകടത്തുകയും നിങ്ങൾ നശിച്ചുപോകുകയും ചെയ്യും.
-
26 യഹോവയായ ഞാൻ വിശുദ്ധനായതുകൊണ്ടു നിങ്ങൾ എനിക്കു വിശുദ്ധരായിരിക്കണം. എനിക്കു സ്വന്തമായിരിക്കേണ്ടതിനു നിങ്ങളെ ഞാൻ ഇതര ജനതകളിൽനിന്ന് വേർതിരിച്ചിരിക്കുന്നു.
27 “ ‘നിങ്ങളുടെ ഇടയിൽ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ ആയ സ്ത്രീപുരുഷന്മാർ ഉണ്ടെങ്കിൽ അവർ മരണശിക്ഷ അനുഭവിക്കണം. നിങ്ങൾ അവരെ കല്ലെറിയണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.’ ”
-
13 ശൗൽ യഹോവയോട് അവിശ്വസ്തത കാണിച്ചു, യഹോവയുടെ വചനങ്ങൾ പ്രമാണിച്ചില്ല; അതിനും ഉപരിയായി വെളിച്ചപ്പാടത്തിയോട് ഉപദേശം തേടുകയും ചെയ്തു. അതിനാൽ ശൗലിന് ഈ വിധമുള്ള അന്ത്യം നേരിട്ടു. 14 തന്നോടു മാർഗനിർദേശം ആരാഞ്ഞില്ല എന്നതുകൊണ്ട് യഹോവ അവനെ മരണത്തിനേൽപ്പിച്ചു; രാജ്യം യിശ്ശായിയുടെ പുത്രനായ ദാവീദിനു നൽകുകയും ചെയ്തു.
-
10 “ആ ദിവസത്തിൽ,” യഹോവ അരുളിച്ചെയ്യുന്നു:
“ഞാൻ നിന്റെ കുതിരകളെ നിന്നിൽനിന്നു നശിപ്പിക്കുകയും
നിന്റെ രഥങ്ങളെ തകർത്തുകളയുകയും ചെയ്യും.
11 ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങൾ നശിപ്പിക്കും
നിന്റെ സകലസുരക്ഷിതകേന്ദ്രങ്ങളും തകർത്തുകളയും.
12 നിന്റെ ക്ഷുദ്രപ്രയോഗത്തെ ഞാൻ നശിപ്പിക്കും
നീ ഇനിയൊരിക്കലും ലക്ഷണംനോക്കുകയില്ല.
-
16 ഒരിക്കൽ ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഒരു അടിമപ്പെൺകുട്ടിയെ കണ്ടു. അവളെ ഒരു ദുരാത്മാവ് ബാധിച്ചിരുന്നു; അതിന്റെ സഹായത്താൽ ഭാവി പ്രവചിച്ചുകൊണ്ട് അവൾ അവളുടെ യജമാനന്മാർക്കു ധാരാളം പണം സമ്പാദിച്ചുകൊടുക്കുന്നുണ്ടായിരുന്നു. 17 ഈ പെൺകുട്ടി പൗലോസിനെയും ഞങ്ങളെല്ലാവരെയും പിൻതുടരുകയും “ഈ മനുഷ്യർ പരമോന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്, രക്ഷപ്രാപിക്കാനുള്ള വഴി ഇവർ നിങ്ങൾക്കു പറഞ്ഞുതരുന്നു,” എന്നിങ്ങനെ വിളിച്ചുപറയുകയും ചെയ്തു. 18 അവൾ ഇക്കാര്യം കുറെനാൾ തുടർന്നു. ഒടുവിൽ, ശല്യം സഹിക്കവയ്യാതെ പൗലോസ് അവളുടെനേർക്കു തിരിഞ്ഞ്, അവളിൽ ആവസിച്ചിരുന്ന ആത്മാവിനോട്, “ഇവളിൽനിന്ന് പുറത്തുപോകാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ ആത്മാവ് അവളെ വിട്ടുപോയി.
-
12 “ഇതാ, ഞാൻ ഉടനെ വരുന്നു! എന്റെപക്കൽ, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി നൽകാനുള്ള പ്രതിഫലം ഉണ്ട്. 13 ഞാൻ ആൽഫയും ഒമേഗയും—ആദ്യനും അന്ത്യനും—ആരംഭവും അവസാനവും—ആകുന്നു.
14 “നഗരകവാടങ്ങളിലൂടെ പ്രവേശിക്കാനും ജീവവൃക്ഷഫലം ആസ്വദിക്കാനുള്ള അധികാരം ലഭിക്കാനും യോഗ്യത നേടേണ്ടതിന് ശുദ്ധീകരിക്കപ്പെട്ട വസ്ത്രങ്ങൾ ഉള്ളവർ അനുഗൃഹീതർ. 15 എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ.
-
22 എന്നാൽ ശമുവേൽ അതിനു മറുപടി പറഞ്ഞു:
“യഹോവയുടെ കൽപ്പന കേട്ടനുസരിക്കുന്നതുപോലെയുള്ള പ്രസാദം
യഹോവയ്ക്ക് ഹോമയാഗങ്ങളിലും ബലികളിലും ഉണ്ടാകുമോ?
അനുസരിക്കുന്നത് ബലിയെക്കാൾ ശ്രേഷ്ഠം!
കൽപ്പന ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം!
23 മാത്സര്യം ദേവപ്രശ്നംവെക്കുന്നതുപോലെതന്നെ പാപമാണ്!
ശാഠ്യം വിഗ്രഹാരാധനപോലെയുള്ള തിന്മയാണ്.
നീ യഹോവയുടെ വചനം തള്ളിക്കളഞ്ഞതിനാൽ
അവിടന്നു നിന്നെ രാജത്വത്തിൽനിന്നും തള്ളിക്കളഞ്ഞിരിക്കുന്നു.”
-
23 യാക്കോബിനെതിരേ ആഭിചാരം ഫലിക്കുകയില്ല,
ഇസ്രായേലിനെതിരായി ലക്ഷണവിദ്യയുമില്ല.
യാക്കോബിനെയും ഇസ്രായേലിനെയുംപറ്റി,
ഇപ്പോൾ ‘ദൈവം ചെയ്തതെന്തെന്നു കാണുക!’ എന്നു പറയപ്പെടും.
24 ആ ജനം സിംഹിയെപ്പോലെ ഉണരുന്നു;
അവർ സിംഹത്തെപ്പോലെ എഴുന്നേൽക്കുന്നു.
അവർ തന്റെ ഇരയെ വിഴുങ്ങുകയും
ആ കൊലയാളികളുടെ രക്തം കുടിക്കുകയുംചെയ്യുന്നതുവരെ വിശ്രമിക്കുകയില്ല.”
25 അപ്പോൾ ബാലാക്ക് ബിലെയാമിനോട്: “അവരെ ശപിക്കുകയും വേണ്ട, അനുഗ്രഹിക്കുകയും വേണ്ട!” എന്നു പറഞ്ഞു.
26 ബിലെയാം മറുപടിയായി, “യഹോവ എന്തു കൽപ്പിച്ചാലും ഞാൻ അതു ചെയ്യും എന്നു ഞാൻ താങ്കളോടു പറഞ്ഞില്ലേ?” എന്നു പറഞ്ഞു.
27 ഇതിനുശേഷം ബാലാക്ക് ബിലെയാമിനോട്, “വരിക, ഞാൻ താങ്കളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാം. ഒരുപക്ഷേ അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കേണ്ടതിനു നിന്നെ അനുവദിക്കാൻ ദൈവത്തിനു പ്രസാദമായേക്കും” എന്നു പറഞ്ഞു.
-
6 അദ്ദേഹം സ്വന്തം മകനെ അഗ്നിയിൽ ഹോമിച്ചു, ദേവപ്രശ്നംവെക്കുക, ശകുനംനോക്കുക, വെളിച്ചപ്പാടുകളോടും ഭൂതസേവക്കാരോടും ആലോചന ചോദിക്കുക ഇവയെല്ലാം ചെയ്തു. ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.
-
2 വിഗ്രഹങ്ങൾ വഞ്ചന സംസാരിക്കുന്നു,
ദേവപ്രശ്നംവെക്കുന്നവർ വ്യാജം ദർശിക്കുന്നു;
അവർ വ്യാജസ്വപ്നങ്ങൾ പറയുന്നു,
അവർ വൃഥാ ആശ്വസിപ്പിക്കുന്നു.
അതിനാൽ ജനം ആടുകളെപ്പോലെ അലയുന്നു.
ഇടയൻ ഇല്ലാത്തതിനാൽ അവർ പീഡിപ്പിക്കപ്പെടുന്നു.
-
17 “ഇപ്പോൾ മനുഷ്യപുത്രാ, സ്വന്തം ഭാവനയ്ക്കനുസരിച്ചു പ്രവചിക്കുന്ന അങ്ങയുടെ ജനത്തിന്റെ പുത്രിമാരുടെ നേരേ മുഖം തിരിക്കുക. അവർക്കെതിരേ പ്രവചിച്ച് 18 പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജനത്തെ കെണിയിൽപ്പെടുത്തുന്നതിന് എല്ലാ കൈത്തണ്ടകളിലും കെട്ടുന്നതിനുള്ള മാന്ത്രികച്ചരടു നെയ്യുകയും പല അളവുകളിലുള്ള ശിരോവസ്ത്രം നിർമിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിന്റെ ജീവൻ കെണിയിൽ അകപ്പെടുത്തുകയും നിങ്ങളുടെ സ്വന്തം ജനത്തെ സംരക്ഷിക്കുകയും ചെയ്യുമെന്നോ? 19 എന്റെ ജനത്തിന്റെ മധ്യത്തിൽ ഒരുപിടി യവത്തിനും ഏതാനും അപ്പക്കഷണങ്ങൾക്കുംവേണ്ടി നിങ്ങൾ എന്നെ അശുദ്ധമാക്കിയിരിക്കുന്നു. വ്യാജം ശ്രദ്ധിക്കുന്നവരായ എന്റെ ജനത്തോടു നിങ്ങൾ വ്യാജം പറഞ്ഞുകൊണ്ട്, വധിക്കപ്പെടാൻ പാടില്ലാത്തവരെ വധിക്കുകയും ജീവിച്ചിരിക്കാൻ പാടില്ലാത്തവരെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്തു.
20 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പക്ഷികളെയെന്നപോലെ ആളുകളെ കെണിയിൽപ്പെടുത്തുന്ന നിങ്ങളുടെ മാന്ത്രികച്ചരടുകളോടു ഞാൻ എതിർത്തുനിൽക്കുന്നു. നിങ്ങളുടെ കൈകളിൽനിന്ന് ഞാൻ അവയെ ചീന്തിക്കളയും; പക്ഷികളെയെന്നപോലെ നിങ്ങൾ വേട്ടയാടിയ ജീവിതങ്ങളെ ഞാൻ വിടുവിക്കും. 21 നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ ചീന്തിക്കളഞ്ഞ് എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. മേലാൽ വേട്ടയാടപ്പെടേണ്ടതിന് അവർ നിങ്ങൾക്ക് അധീനരായിരിക്കുകയില്ല; അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. 22 നീതിനിഷ്ഠർക്കു ഞാൻ ദുഃഖം വരുത്താതിരിക്കെ, നിങ്ങൾ വ്യാജംപറഞ്ഞ് അവരെ ദുഃഖിപ്പിക്കും. ദുഷ്ടർ തങ്ങളുടെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവരുടെ ജീവൻ നിങ്ങൾ സംരക്ഷിക്കുന്നതുകൊണ്ട്, 23 നിങ്ങൾ മേലാൽ വ്യാജദർശനങ്ങൾ കാണുകയോ ദേവപ്രശ്നംവെക്കുകയോ ചെയ്യുകയില്ല; എന്റെ ജനത്തെ ഞാൻ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ”
-
20 ഈ ബാധകളാൽ കൊല്ലപ്പെടാതെ അവശേഷിച്ച മനുഷ്യർ എന്നിട്ടും തങ്ങളുടെ ദുഷ്പ്രവൃത്തികളിൽനിന്ന് മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിഞ്ഞില്ല. അവർ സ്വർണം, വെള്ളി, വെങ്കലം, കല്ല്, തടി എന്നിവകൊണ്ടു നിർമിച്ചതും കാണാനും കേൾക്കാനും നടക്കാനും കഴിവില്ലാത്തതുമായ വിഗ്രഹങ്ങളെയും ഭൂതങ്ങളെയും ഭജിക്കുന്നത് അവസാനിപ്പിച്ചില്ല. 21 തങ്ങൾചെയ്ത കൊലപാതകം, മന്ത്രവാദം, അസാന്മാർഗികത, മോഷണം എന്നിവയെപ്പറ്റി അവർ അനുതപിച്ചതുമില്ല.
-
20 യഹോവ കൽപ്പിച്ചതുപോലെതന്നെ മോശയും അഹരോനും ചെയ്തു. ഫറവോന്റെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ അഹരോൻ തന്റെ വടി ഉയർത്തി നൈൽനദിയിലെ വെള്ളത്തിൽ അടിച്ചു. വെള്ളം മുഴുവൻ രക്തമായിത്തീർന്നു. 21 നൈലിലെ മീൻ എല്ലാം ചത്തു, ഈജിപ്റ്റുകാർക്ക് ആ നദിയിലെ വെള്ളം കുടിക്കാൻ വയ്യാത്തവണ്ണം അതിൽനിന്ന് നാറ്റം വമിച്ചു. ഈജിപ്റ്റിൽ എല്ലായിടത്തും രക്തം കാണപ്പെട്ടു.
22 ഈജിപ്റ്റുകാരായ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവാദത്താൽ അതേകാര്യം ചെയ്തു. ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു; യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു ശ്രദ്ധിച്ചില്ല.
-
5 “ഞാൻ നിന്നെ വിസ്തരിക്കുന്നതിനായി അടുത്തുവരും. ആഭിചാരകർ, വ്യഭിചാരികൾ, കള്ളശപഥംചെയ്യുന്നവർ. വേലക്കാരെ കൂലിയിൽ വഞ്ചിക്കുന്നവർ, വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർ, എന്നെ ഭയപ്പെടാതെ പ്രവാസികളുടെ ന്യായം മറിച്ചുകളയുന്നവർ എന്നിവർക്കെല്ലാം എതിരേ ഞാൻ ഉടൻതന്നെ സാക്ഷ്യംപറയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
-
16 അവർ തങ്ങളുടെ ദൈവമായ യഹോവയുടെ സകലകൽപ്പനകളും ഉപേക്ഷിച്ചുകളഞ്ഞു. അവർ തങ്ങൾക്കുവേണ്ടി വാർത്ത രണ്ടു കാളക്കിടാങ്ങളെയും ഒരു അശേരാപ്രതിഷ്ഠയെയും ആകാശത്തിലെ സകലസൈന്യത്തെയും നമസ്കരിക്കുകയും ബാലിനെ ആരാധിക്കുകയും ചെയ്തു. 17 അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ബലിയർപ്പിച്ചു; അവർ ദേവപ്രശ്നംവെക്കുകയും ശകുനംനോക്കുകയും ചെയ്തു; യഹോവയുടെ കൺമുമ്പിൽ തിന്മ പ്രവർത്തിക്കുന്നതിനായി അവർ തങ്ങളെത്തന്നെ വിറ്റുകളഞ്ഞു. അങ്ങനെ അവർ യഹോവയുടെ ക്രോധം ജ്വലിപ്പിച്ചു.
-
6 അങ്ങ് അവിടത്തെ ജനമായ
യാക്കോബിന്റെ പിൻഗാമികളെ ഉപേക്ഷിച്ചു.
അവരിൽ പൗരസ്ത്യദേശത്തിലെ അന്ധവിശ്വാസങ്ങൾ നിറഞ്ഞിരിക്കുന്നു;
അവർ ഫെലിസ്ത്യരെപ്പോലെ ദേവപ്രശ്നംവെക്കുകയും
യെഹൂദേതരരുടെ ആചാരങ്ങളെ ആലിംഗനംചെയ്യുകയും ചെയ്യുന്നു.
-
27 ദാനീയേൽ രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “രാജാവു ചോദിച്ച ഈ രഹസ്യം തിരുമനസ്സിനെ അറിയിക്കാൻ ജ്ഞാനികൾക്കോ മന്ത്രവാദികൾക്കോ ആഭിചാരകന്മാർക്കോ ദേവപ്രശ്നംവെക്കുന്നവർക്കോ കഴിയുകയില്ല. 28 എന്നാൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്. ഭാവിയിൽ സംഭവിക്കേണ്ടത് അവിടന്ന് നെബൂഖദ്നേസർ രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. പള്ളിമെത്തയിലായിരുന്നപ്പോൾ കണ്ട സ്വപ്നവും തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാണ്:
-
1 പ്രിയരേ, എല്ലാ ആത്മാക്കളെയും വിശ്വസിക്കരുത്. കാരണം, അനേകം വ്യാജപ്രവാചകർ ലോകത്തിൽ വ്യാപിച്ചിട്ടുണ്ട്. ആ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവ ആണോ എന്നു പരിശോധിക്കുക. 2 ദൈവാത്മാവിനെ നിങ്ങൾക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു സമ്പൂർണമനുഷ്യനായി അവതരിച്ചു എന്ന് അംഗീകരിക്കുന്ന ഏതൊരാത്മാവും ദൈവത്തിൽനിന്നുള്ളതാകുന്നു. 3 യേശുവിനെ അംഗീകരിക്കാത്ത ഒരാത്മാവും ദൈവത്തിൽനിന്ന് ഉള്ളതല്ല; വരുന്നെന്നു നിങ്ങൾ കേട്ടിട്ടുള്ള എതിർക്രിസ്തുവിന്റെ ആത്മാവാണത്. അത് ലോകത്തിൽ ഇപ്പോഴേ ഉണ്ട്.
-
9 വിനാശപുത്രന്റെ വരവ് സാത്താന്റെ പ്രവർത്തനരീതിക്കു സമാനമായിട്ട്, എല്ലാത്തരം ശക്തി പ്രകടനങ്ങളോടും വ്യാജമായ ചിഹ്നങ്ങളോടും അത്ഭുതപ്രവൃത്തികളോടും കൂടിയുമായിരിക്കും. 10 തങ്ങളെ രക്ഷിക്കുന്ന സത്യത്തെ സ്നേഹിച്ചു സ്വീകരിക്കാതെ നാശത്തിലേക്കു പോകുന്നവരുടെമേൽ എല്ലാ തരത്തിലുമുള്ള ദുഷ്ടതനിറഞ്ഞ വഞ്ചനയും അയാൾ പ്രയോഗിക്കും. 11 ഈ വ്യാജം വിശ്വസിക്കേണ്ടതിനുവേണ്ടി ദൈവം അവർക്ക് ശക്തമായ ഒരു മതിവിഭ്രമം നൽകും. 12 അങ്ങനെ, സത്യത്തിൽ വിശ്വസിക്കാതെ ദുഷ്ടതയിൽ അഭിരമിച്ചതിനാൽ അവർ ശിക്ഷിക്കപ്പെടും.
-
4 കുഞ്ഞുമക്കളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവരാണ്; നിങ്ങൾ വ്യാജപ്രവാചകന്മാരെ പരാജയപ്പെടുത്തിയിരിക്കുന്നു; കാരണം, നിങ്ങളിൽ വസിക്കുന്ന ദൈവം ലോകത്തിലുള്ളവനെക്കാൾ ശക്തനാണ്.
-
24 ഇതു കൂടാതെ യോശിയാവ് വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ഗൃഹദേവന്മാരെയും ബിംബങ്ങളെയും, യെഹൂദ്യയിലും ജെറുശലേമിലും കണ്ട സകലമ്ലേച്ഛതകളെയും അശ്ശേഷം നശിപ്പിച്ചു. യഹോവയുടെ ആലയത്തിൽനിന്ന് ഹിൽക്കിയാപുരോഹിതൻ കണ്ടെടുത്ത ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരുന്ന നിയമങ്ങൾ പ്രമാണിക്കുന്നതിനാണ് അദ്ദേഹം ഇതു ചെയ്തു.
-
7 ദർശകന്മാർ ലജ്ജിക്കും;
ദേവപ്രശ്നംവെക്കുന്നവർ നിന്ദിതരാകും.
ദൈവത്തിൽനിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനാൽ
അവർ വായ് പൊത്തും.”
Shows Read in context, Share and Copy.