44 Bible Verses About Idols
Biblica® Open Malayalam Contemporary Version™ (OMCV)
-
1 ദൈവം ഈ വചനങ്ങൾ എല്ലാം അരുളിച്ചെയ്തു:
2 “അടിമനാടായ ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.
3 “ഞാൻ അല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്.
4 നിങ്ങൾക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതേ ആകാശത്തിലോ താഴേ ഭൂമിയിലോ കീഴേ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. 5 അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും. 6 എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും.
-
21 അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി. 22 ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി. 23 അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു.
24 അതുകൊണ്ട്, അവരുടെ ഹൃദയത്തിലെ ദുർമോഹങ്ങളാൽ നിയന്ത്രിക്കപ്പെട്ട് അപമാനകരമായ ശാരീരികവൃത്തികളിൽ പരസ്പരം വ്യാപൃതരാകാൻ ദൈവം അവരെ അശുദ്ധിയിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു. 25 അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
26 ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ വികാരങ്ങളിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു; അവരുടെ സ്ത്രീകൾപോലും സ്വാഭാവിക ലൈംഗികവേഴ്ചയ്ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു. 27 അതുപോലെതന്നെ, സ്ത്രീകളുമായുള്ള സ്വാഭാവിക ലൈംഗികവേഴ്ച ഉപേക്ഷിച്ച് പുരുഷന്മാർ വിഷയാസക്തി മൂത്ത് പരസ്പരം ഹീനകൃത്യങ്ങളിൽ മുഴുകി; അവരുടെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് അർഹമായ പ്രതിഫലം അവരുടെ ശരീരത്തിൽ പ്രാപിക്കുകയും ചെയ്തു.
-
5 ദുർവൃത്തർ, അശുദ്ധർ, ദുരാഗ്രഹികൾ—ഇങ്ങനെയുള്ളവർ വിഗ്രഹാരാധകർ—ഇവർക്ക് ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ യാതൊരു ഓഹരിയുമില്ല എന്നു നിങ്ങൾക്കറിയാമല്ലോ.
-
1 മോശ, പർവതത്തിൽനിന്നിറങ്ങിവരാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ അവർ അഹരോനു ചുറ്റും വന്നുകൂടി, “വരിക, ഞങ്ങളുടെമുമ്പിൽ നടക്കേണ്ടതിനു ഞങ്ങൾക്കു ദേവതകളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ ഈജിപ്റ്റിൽനിന്നുകൊണ്ടുവന്ന മോശ എന്ന പുരുഷന് എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ല” എന്നു പറഞ്ഞു.
2 അഹരോൻ അവരോട്, “നിങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും ധരിച്ചിട്ടുള്ള സ്വർണക്കുണുക്കുകൾ എടുത്ത് എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. 3 അങ്ങനെ സകലജനവും തങ്ങളുടെ സ്വർണക്കുണുക്കുകൾ എടുത്ത് അവ അഹരോന്റെ അടുക്കൽ കൊണ്ടുവന്നു. 4 അവരുടെ കൈയിൽനിന്ന് അവൻ അതു വാങ്ങി കൊത്തുളികൊണ്ട് ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി. അപ്പോൾ അവർ, “ഇസ്രായേലേ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദേവൻ ഇതാ!” എന്നു പറഞ്ഞു.
5 ഇതു കണ്ടപ്പോൾ അഹരോൻ കാളക്കിടാവിന്റെമുമ്പിൽ ഒരു യാഗപീഠം പണിതു. “നാളെ യഹോവയ്ക്ക് ഒരു ഉത്സവം ഉണ്ട്,” എന്നു വിളിച്ചുപറഞ്ഞു. 6 അടുത്തദിവസം ജനം രാവിലെ എഴുന്നേറ്റു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അതിനുശേഷം ജനം ഭക്ഷിക്കാനും കുടിക്കാനും ഇരുന്നു; വിളയാടാൻ എഴുന്നേറ്റു.
-
2 ഭൂമിയിലുള്ളവയിലല്ല, ഉയരത്തിലുള്ളവയിൽത്തന്നെ മനസ്സ് കേന്ദ്രീകരിക്കുക. 3 നിങ്ങൾ മരിച്ചിട്ട് നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. 4 നിങ്ങളുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ അവിടത്തോടൊപ്പം നിങ്ങളും തേജസ്സിൽ പ്രത്യക്ഷരാകും.
5 അതിനാൽ അസാന്മാർഗികത, അശുദ്ധി, വിഷയാസക്തി, ദുഷിച്ച അഭിലാഷങ്ങൾ, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിങ്ങനെയുള്ള നിങ്ങളുടെ ജഡികവികാരങ്ങളെ നിർജീവമാക്കുക. 6 ഇവ ദൈവകോപം ജ്വലിപ്പിക്കുന്നവയാണ്. 7 നിങ്ങൾ ഒരുകാലത്ത് ഇവയെല്ലാമനുസരിച്ചു ജീവിച്ചവരായിരുന്നു.
-
15 യഹോവ ഹോരേബിൽ അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോടു സംസാരിച്ച ദിവസം യാതൊരു വിധത്തിലുമുള്ള രൂപവും നിങ്ങൾ കണ്ടില്ലല്ലോ. അതുകൊണ്ട് നിങ്ങൾ വളരെയധികം ജാഗ്രതയുള്ളവരായിരിക്കുക. 16 നിങ്ങൾ പുരുഷൻ, സ്ത്രീ, ഭൂമിയിലുള്ള മൃഗം, 17 ആകാശത്തു പറക്കുന്ന പക്ഷി, ഭൂമിയിലെ ഒരു ഇഴജന്തു, 18 ഭൂമിക്കുകീഴേ വെള്ളത്തിലുള്ള മത്സ്യം, ഇങ്ങനെയുള്ള യാതൊന്നിന്റെയും പ്രതിരൂപമായ വിഗ്രഹം ഉണ്ടാക്കി നിങ്ങളെത്തന്നെ മലിനമാക്കരുത്. 19 ആകാശത്തിലേക്കു നോക്കി സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നീ ആകാശസൈന്യനിരയെ നിങ്ങൾ കുമ്പിട്ടു നമസ്കരിക്കാൻ വശീകരിക്കപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവ അവ ആകാശത്തിനുകീഴേയുള്ള സകലജനതകൾക്കും പകുത്തു നൽകിയിരിക്കുന്നു.
-
6 ചിലർ സഞ്ചിയിൽനിന്നു സ്വർണം കുടഞ്ഞിടുന്നു,
തുലാസിൽ വെള്ളി തൂക്കിനോക്കുന്നു;
അതിനെ ഒരു ദേവതയാക്കുന്നതിന് ഒരു സ്വർണപ്പണിക്കാരനെ അവർ കൂലിക്കു നിർത്തുന്നു,
അവർ സാഷ്ടാംഗം വീണ് അതു നമസ്കരിക്കുകയുംചെയ്യുന്നു.
7 അവർ അതിനെ തോളിലെടുത്തുവെച്ച് ചുമന്നുനടക്കുന്നു;
അവർ അതിനെ അതിന്റെ സ്ഥാനത്തു നിർത്തുന്നു, അത് അവിടെത്തന്നെ നിൽക്കുന്നു.
ആ സ്ഥാനത്തുനിന്ന് അതിനു വ്യതിചലിക്കാൻ കഴിയുകയുമില്ല.
ആരെങ്കിലും അതിനോടു നിലവിളിച്ചാൽപോലും, അത് ഉത്തരം പറയുന്നില്ല.
അവരുടെ കഷ്ടതയിൽനിന്ന് രക്ഷിക്കാൻ അതിനു കഴിവുമില്ല.
8 “ഇത് ഓർത്തുകൊള്ളുക, ധൈര്യസമേതം നിലകൊള്ളുക,
നിഷേധികളേ, ഇതു ഹൃദയത്തിൽ സൂക്ഷിക്കുക.
9 കഴിഞ്ഞകാലസംഭവങ്ങൾ ഓർക്കുക, പൗരാണിക കാര്യങ്ങൾതന്നെ;
ഞാൻ ആകുന്നു ദൈവം, വേറൊരു ദൈവവുമില്ല;
ഞാൻ ആകുന്നു ദൈവം; എന്നെപ്പോലെ ഒരുവനുമില്ല.
10 ആരംഭത്തിൽത്തന്നെ ഞാൻ അവസാനം പ്രഖ്യാപിക്കുന്നു,
പൂർവകാലത്തുതന്നെ ഭാവിയിൽ സംഭവിക്കാനുള്ളതും.
അവിടന്ന് അരുളുന്നു, ‘എന്റെ ആലോചന നിലനിൽക്കും,
എനിക്കു ഹിതമായതൊക്കെയും ഞാൻ നിറവേറ്റും.’
-
4 എന്നാൽ അവരുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്;
മനുഷ്യകരങ്ങളാൽ നിർമിതവുമാണ്.
5 അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല;
കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല.
6 അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല;
മൂക്കുണ്ട് എങ്കിലും മണക്കുന്നില്ല.
7 അവയ്ക്കു കൈയുണ്ട്, എങ്കിലും സ്പർശിക്കുന്നില്ല;
കാലുണ്ട്, എങ്കിലും നടക്കുന്നില്ല;
തൊണ്ടകൊണ്ട് സംസാരിക്കുന്നതിനും അവയ്ക്കു കഴിവില്ല.
8 അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു,
അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ.
-
17 യെഹൂദാപട്ടണങ്ങളിലും ജെറുശലേമിന്റെ തെരുവുകളിലും അവർ ചെയ്യുന്നത് നീ കാണുന്നില്ലേ? 18 എന്റെ ക്രോധം ജ്വലിപ്പിക്കാൻവേണ്ടി അന്യദേവന്മാർക്ക് പാനീയബലികൾ അർപ്പിക്കുന്നതിനും ആകാശരാജ്ഞിക്കു സമർപ്പിക്കാൻ അടകൾ ചുടുന്നതിനും, മക്കൾ വിറകു ശേഖരിക്കുകയും പിതാക്കന്മാർ തീ കത്തിക്കുകയും സ്ത്രീകൾ മാവു കുഴയ്ക്കുകയും ചെയ്യുന്നു. 19 എന്നാൽ അവർ എന്നെയാണോ പ്രകോപിപ്പിക്കുന്നത്? അവർ തങ്ങളെത്തന്നെ മുറിപ്പെടുത്തി സ്വന്തം ലജ്ജവരിക്കുകയല്ലേ ചെയ്യുന്നത്, എന്ന് യഹോവയുടെ അരുളപ്പാട്.
20 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, എന്റെ കോപവും ക്രോധവും ഈ സ്ഥലത്തിന്മേലും ചൊരിയും—മനുഷ്യന്റെമേലും മൃഗത്തിന്റെമേലും വയലിലെ വൃക്ഷങ്ങളുടെമേലും നിലത്തിലെ വിളവിന്മേലും—അത് ജ്വലിച്ചുകൊണ്ടിരിക്കും; കെട്ടുപോകുകയില്ല.
-
18 “ഒരു മനുഷ്യൻ കൊത്തുപണിചെയ്തുണ്ടാക്കിയ വിഗ്രഹത്തിനും
വ്യാജം പഠിപ്പിക്കുന്ന രൂപത്തിനും എന്തുവില?
അതിനെ ഉണ്ടാക്കുന്നവർ സ്വന്തം കൈപ്പണിയിൽ ആശ്രയിക്കുകയും
സംസാരിക്കാൻ കഴിയാത്ത വിഗ്രഹങ്ങളെ ഉണ്ടാക്കുകയും ചെയ്യുമല്ലോ.
19 മരത്തോട്, ‘ജീവിക്കുക’ എന്നും
ജീവനില്ലാത്ത ശിലയോട്, ‘ഉണരുക’ എന്നും പറയുന്നവനു ഹാ കഷ്ടം!
മാർഗദർശനം നൽകാൻ അതിനു കഴിയുമോ?
സ്വർണവും വെള്ളിയുംകൊണ്ട് അതിനെ പൊതിഞ്ഞിരിക്കുന്നു;
അതിനുള്ളിൽ ശ്വാസമില്ല.”
-
18 ഇസ്രായേൽജനതയെക്കുറിച്ചു ചിന്തിച്ചുനോക്കുക: യാഗാർപ്പണംചെയ്ത ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നവർ ആ യാഗപീഠത്തിന്റെ പങ്കാളികൾ ആകുകയല്ലേ? 19-20 എന്നാൽ യെഹൂദേതരരുടെ ബലികൾ ദൈവത്തിനല്ല ഭൂതങ്ങൾക്ക് അർപ്പിക്കപ്പെട്ടവയാണ്. നിങ്ങൾ ഭൂതങ്ങളുടെ പങ്കാളികളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിഗ്രഹത്തിന് അർപ്പിച്ച ബലിക്കോ വിഗ്രഹത്തിനോ എന്തെങ്കിലും മഹത്ത്വമുണ്ടെന്നാണോ ഞാൻ അർഥമാക്കുന്നത്? ഒരിക്കലുമല്ല. 21 നിങ്ങൾക്കു കർത്താവിന്റെ പാനപാത്രത്തിൽനിന്നും ഒപ്പം ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ സാധ്യമല്ല. കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും നിങ്ങൾക്കു പങ്കുണ്ടായിരിക്കാനും പാടില്ല. 22 നാം കർത്താവിനു രോഷം ജ്വലിപ്പിക്കാൻ ശ്രമിക്കുന്നോ? നാം അവിടത്തെക്കാൾ ശക്തരോ?
-
22 എന്നാൽ ശമുവേൽ അതിനു മറുപടി പറഞ്ഞു:
“യഹോവയുടെ കൽപ്പന കേട്ടനുസരിക്കുന്നതുപോലെയുള്ള പ്രസാദം
യഹോവയ്ക്ക് ഹോമയാഗങ്ങളിലും ബലികളിലും ഉണ്ടാകുമോ?
അനുസരിക്കുന്നത് ബലിയെക്കാൾ ശ്രേഷ്ഠം!
കൽപ്പന ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം!
23 മാത്സര്യം ദേവപ്രശ്നംവെക്കുന്നതുപോലെതന്നെ പാപമാണ്!
ശാഠ്യം വിഗ്രഹാരാധനപോലെയുള്ള തിന്മയാണ്.
നീ യഹോവയുടെ വചനം തള്ളിക്കളഞ്ഞതിനാൽ
അവിടന്നു നിന്നെ രാജത്വത്തിൽനിന്നും തള്ളിക്കളഞ്ഞിരിക്കുന്നു.”
-
22 അരയോപാഗസ് എന്ന സ്ഥാനത്ത് എഴുന്നേറ്റുനിന്നുകൊണ്ട് പൗലോസ് ഇങ്ങനെ പ്രസംഗിച്ചു: “അഥേനയിലെ ജനങ്ങളേ, നിങ്ങൾ എല്ലാവിധത്തിലും വളരെ മതനിഷ്ഠയുള്ളവരാണ് എന്നു ഞാൻ മനസ്സിലാക്കുന്നു. 23 ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ ആരാധ്യവസ്തുക്കൾ നിരീക്ഷിച്ചുവരുമ്പോൾ,
അജ്ഞാത ദേവന്,
എന്നെഴുതിയിരിക്കുന്ന ഒരു ബലിപീഠം എന്റെ ശ്രദ്ധയിൽപ്പെട്ടു. നിങ്ങൾ അജ്ഞതയിൽ ആരാധിക്കുന്നതിനെക്കുറിച്ചാണ് ഞാൻ നിങ്ങളുടെമുമ്പിൽ അവതരിപ്പിക്കാൻ പോകുന്നത്:
24 “പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് ദൈവമാണ്. അവിടന്ന് ആകാശത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. മനുഷ്യകരങ്ങളാൽ നിർമിതമായ ആലയങ്ങളിൽ വസിക്കുന്നയാളല്ല സർവേശ്വരൻ. 25 അവിടന്ന് എല്ലാവർക്കും ജീവന്റെയും ശ്വാസത്തിന്റെയുംമാത്രമല്ല സർവനന്മകളുടെയും ദാതാവാകുകയാൽ, അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുള്ളവൻ എന്നതുപോലെ മനുഷ്യകരങ്ങളാൽ പരിചരിക്കേണ്ടതില്ല. 26 ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു. 27 മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല. 28 ‘ദൈവത്തിൽത്തന്നെയാണ് നാം ജീവിക്കുന്നതും ചലിക്കുന്നതും സ്ഥിതിചെയ്യുന്നതും.’ നിങ്ങളുടെതന്നെ ചില കവിവര്യന്മാർ, ‘നാം അവിടത്തെ സന്താനങ്ങളാണ്’ എന്നു പറഞ്ഞിട്ടുണ്ടല്ലോ!
29 “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കുകയാൽ, സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ ശില്പചാതുരിയോടെ മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു രൂപത്തോടു സദൃശനാണ് ദൈവം എന്നു നാം ചിന്തിക്കാൻ പാടില്ല. 30 കഴിഞ്ഞകാലങ്ങളിൽ ദൈവം അങ്ങനെയുള്ള അജ്ഞതയെ അവഗണിച്ചിരുന്നു; എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള എല്ലാവരും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയണമെന്ന് അവിടന്ന് ആജ്ഞാപിക്കുന്നു.
-
19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.
-
20 ഈ ബാധകളാൽ കൊല്ലപ്പെടാതെ അവശേഷിച്ച മനുഷ്യർ എന്നിട്ടും തങ്ങളുടെ ദുഷ്പ്രവൃത്തികളിൽനിന്ന് മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിഞ്ഞില്ല. അവർ സ്വർണം, വെള്ളി, വെങ്കലം, കല്ല്, തടി എന്നിവകൊണ്ടു നിർമിച്ചതും കാണാനും കേൾക്കാനും നടക്കാനും കഴിവില്ലാത്തതുമായ വിഗ്രഹങ്ങളെയും ഭൂതങ്ങളെയും ഭജിക്കുന്നത് അവസാനിപ്പിച്ചില്ല. 21 തങ്ങൾചെയ്ത കൊലപാതകം, മന്ത്രവാദം, അസാന്മാർഗികത, മോഷണം എന്നിവയെപ്പറ്റി അവർ അനുതപിച്ചതുമില്ല.
-
20 “നിങ്ങൾ കൂടിവരിക;
രാഷ്ട്രങ്ങളിൽനിന്നു പലായനംചെയ്തു വരുന്നവരേ, സമ്മേളിക്കുക.
രക്ഷിക്കാൻ കഴിവില്ലാത്ത ദേവതകളോട് പ്രാർഥിച്ചുകൊണ്ട്
മരത്തിൽത്തീർത്ത വിഗ്രഹങ്ങളെ ചുമന്നുകൊണ്ട് നടക്കുന്നവർ വെറും അജ്ഞരാണ്.
-
25 ഏലിയാവു ബാലിന്റെ പ്രവാചകന്മാരോടു പറഞ്ഞു: “നിങ്ങൾ അനേകംപേരുണ്ടല്ലോ, അതുകൊണ്ട് കാളകളിൽ ഒന്നിനെ നിങ്ങൾതന്നെ ആദ്യം തെരഞ്ഞെടുത്ത് തയ്യാറാക്കുക! എന്നിട്ട്, നിങ്ങളുടെ ദേവന്റെ നാമം വിളിച്ചു പ്രാർഥിക്കുക! എന്നാൽ, അതിനു തീകൊളുത്തരുത്.” 26 അങ്ങനെ, ബാലിന്റെ പ്രവാചകർ തങ്ങൾക്കു ലഭിച്ച കാളയെ ഒരുക്കി.
“ബാലേ, ഞങ്ങൾക്ക് ഉത്തരമരുളണമേ!” എന്ന് അവർ പ്രഭാതംമുതൽ മധ്യാഹ്നംവരെ ബാലിന്റെ നാമം വിളിച്ചു പ്രാർഥിച്ചു. എന്നാൽ, യാതൊരു പ്രതികരണവും ഉണ്ടായില്ല; ആരുടെയും ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. അവർ, തങ്ങൾ നിർമിച്ച ബലിപീഠത്തിനുചുറ്റും തുള്ളിച്ചാടിക്കൊണ്ടിരുന്നു.
27 മധ്യാഹ്നമായപ്പോൾ ഏലിയാവ് അവരെ പരിഹസിച്ചു: “നിങ്ങൾ കൂടുതൽ ഉച്ചത്തിൽ വിളിക്കുക, അവനൊരു ദേവനല്ലേ? ഒരുപക്ഷേ, അവൻ പകൽക്കിനാവു കാണുകയായിരിക്കാം; അല്ലെങ്കിൽ വിസർജനത്തിനു പോയിരിക്കാം; അല്ലെങ്കിൽ യാത്രയിലായിരിക്കാം. ഒരുപക്ഷേ, ഉറങ്ങുകയാണെന്നും വരാം; എങ്കിൽ, അവനെ ഉണർത്തണം.” 28 അവർ അത്യുച്ചത്തിൽ ആർത്തുവിളിച്ചു. തങ്ങളുടെ ആചാരപ്രകാരം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു രക്തമൊഴുക്കി. 29 മധ്യാഹ്നം കഴിഞ്ഞു: സായാഹ്നബലിയുടെ സമയംവരെയും അവർ ഉന്മാദാവസ്ഥയിൽ ജല്പനം തുടർന്നുകൊണ്ടിരുന്നു. എന്നാൽ, യാതൊരു പ്രതികരണവും ഉണ്ടായില്ല; ആരും ഉത്തരം നൽകിയില്ല; അവരുടെ വാക്കുകൾ കേൾക്കാൻ ആരും ഉണ്ടായതുമില്ല.
-
11 പൗലോസ് ചെയ്തതുകണ്ട ജനക്കൂട്ടം, “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ ഇടയിൽ ഇറങ്ങിവന്നിരിക്കുന്നു!” എന്നു ലുക്കവോന്യ ഭാഷയിൽ വിളിച്ചുപറഞ്ഞു. 12 ബർന്നബാസിനെ അവർ സീയൂസ് എന്നും പൗലോസ് മുഖ്യപ്രസംഗകൻ ആയിരുന്നതിനാൽ അദ്ദേഹത്തെ ഹെർമെസ് എന്നും വിളിച്ചു. 13 നഗരത്തിനു തൊട്ടുവെളിയിലുള്ള സീയൂസ് ക്ഷേത്രത്തിലെ പുരോഹിതനും ജനങ്ങളും അവർക്കു യാഗം അർപ്പിക്കാൻ നിശ്ചയിച്ച് യാഗത്തിനായി കാളകൾ, പൂമാലകൾ എന്നിവ നഗരകവാടത്തിൽ കൊണ്ടുവന്നു.
14 അപ്പൊസ്തലന്മാരായ ബർന്നബാസും പൗലോസും ഇതേപ്പറ്റി കേട്ടപ്പോൾ തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: 15 “സ്നേഹിതരേ, നിങ്ങളെന്താണു ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ വെറും മനുഷ്യരാണ്. നിങ്ങൾ ഈ നിരർഥകാര്യങ്ങൾ ഉപേക്ഷിച്ച് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു തിരിയണമെന്നുള്ള സുവിശേഷം അറിയിക്കാനാണ് ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത്.
-
1 ഈ സംഭവത്തിനുശേഷം ദൈവം യാക്കോബിനോട്: “നീ ബേഥേലിലേക്കുപോയി അവിടെ സ്ഥിരതാമസം തുടങ്ങുകയും നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽനിന്ന് നീ ഓടിപ്പോയപ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയുകയും വേണം” എന്ന് അരുളിച്ചെയ്തു.
2 അതിൻപ്രകാരം യാക്കോബ് തന്റെ കുടുംബത്തിലുള്ളവരോടും കൂടെയുള്ള മറ്റെല്ലാവരോടുമായി, “നിങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഉപേക്ഷിച്ച് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും പുതിയ വസ്ത്രം ധരിക്കുകയുംചെയ്യുക. 3 നമുക്ക് ബേഥേലിലേക്കു പോകാം; എന്റെ കഷ്ടദിവസത്തിൽ എനിക്ക് ഉത്തരമരുളുകയും ഞാൻ പോയ സ്ഥലങ്ങളിലെല്ലാം എന്നോടുകൂടെയിരിക്കുകയും ചെയ്ത ദൈവത്തിനു ഞാൻ അവിടെ ഒരു യാഗപീഠം പണിയും” എന്നു പറഞ്ഞു. 4 അപ്പോൾ അവർ തങ്ങൾക്കുണ്ടായിരുന്ന സകല അന്യദേവന്മാരെയും കർണാഭരണങ്ങളെയും യാക്കോബിനെ ഏൽപ്പിച്ചു; യാക്കോബ് അവ ശേഖേമിലെ കരുവേലകത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു.
-
14 “ആകയാൽ യഹോവയെ ഭയപ്പെട്ടു പരിപൂർണ വിശ്വസ്തതയോടെ അവിടത്തെ സേവിപ്പിൻ. ഈജിപ്റ്റിലും യൂഫ്രട്ടീസ് നദിക്കക്കരെയുംവെച്ചു നിങ്ങളുടെ പിതാക്കന്മാർ ഭജിച്ചുവന്ന ദേവന്മാരെ വലിച്ചെറിയുകയും യഹോവയെ സേവിക്കുകയും ചെയ്യുക. 15 എന്നാൽ യഹോവയെ സേവിക്കുന്നത് നിങ്ങൾക്ക് അഭിലഷണീയമല്ലെന്നു തോന്നുന്നെങ്കിൽ, ഇന്നുതന്നെ നിങ്ങൾ ആരെ സേവിക്കുമെന്ന്—നിങ്ങളുടെ പിതാക്കന്മാർ യൂഫ്രട്ടീസ് നദിക്കക്കരെ സേവിച്ച ദേവന്മാരെയോ അഥവാ, നിങ്ങൾ താമസിക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെയോ—ഇന്നുതന്നെ തെരഞ്ഞെടുത്തുകൊൾക. എന്നാൽ ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”
-
4 “ ‘വിഗ്രഹങ്ങളിലേക്കു തിരിയുകയോ നിങ്ങൾക്കായി ദേവന്മാരെ വാർത്തുണ്ടാക്കുകയോ ചെയ്യരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
-
34 യഹോവ അവരോടു കൽപ്പിച്ചതുപോലെ
അവർ ജനതകളെ നശിപ്പിച്ചില്ല,
35 എന്നാൽ അവർ ആ ജനതകളുമായി ഇടകലർന്ന്
അവരുടെ ആചാരാനുഷ്ഠാനങ്ങൾ അനുശീലിച്ചു.
36 അവരുടെ വിഗ്രഹങ്ങളെ അവർ ഭജിച്ചുവന്നു,
അത് അവർക്കൊരു കെണിയായി ഭവിച്ചു.
37 അവർ തങ്ങളുടെ പുത്രീപുത്രന്മാരെ
ഭൂതങ്ങൾക്ക് ബലിയർപ്പിച്ചു.
38 അവർ നിഷ്കളങ്കരക്തം ചൊരിഞ്ഞു,
കനാന്യരുടെ വിഗ്രഹങ്ങൾക്ക് ബലിദാനംചെയ്ത,
അവരുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ;
അങ്ങനെ അവരുടെ രക്തംമൂലം ദേശം മലിനമായിത്തീർന്നു.
39 തങ്ങളുടെ തിന്മപ്രവൃത്തികളാൽ അവർ തങ്ങളെത്തന്നെ മലിനമാക്കി;
വിഗ്രഹങ്ങളോടുള്ള അവരുടെ ആസക്തി യഹോവയുടെ ദൃഷ്ടിയിൽ വേശ്യാവൃത്തിയായിരുന്നു.
-
1 “ ‘നിങ്ങൾക്കായി വിഗ്രഹങ്ങൾ ഉണ്ടാക്കുകയോ ഒരു ബിംബമോ ആചാരസ്തൂപമോ സ്ഥാപിക്കുകയോ ചെയ്യരുത്. അതിന്റെ മുമ്പിൽ വണങ്ങാനായി നിങ്ങളുടെ ദേശത്തു കൊത്തിയ കല്ലു നാട്ടുകയും ചെയ്യരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
-
17 ശേഷിച്ചഭാഗംകൊണ്ട് അയാൾ ഒരു ദേവതയെ നിർമിക്കുന്നു, അയാളുടെ വിഗ്രഹത്തെത്തന്നെ;
അയാൾ അതിന്റെ മുമ്പിൽ വീണ് അതിനെ നമസ്കരിക്കുന്നു.
അതിനോട് പ്രാർഥിച്ച്, “എന്നെ രക്ഷിക്കണമേ;
നീ എന്റെ ദേവതയല്ലോ!” എന്ന് അയാൾ പറയുന്നു.
-
24 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.
-
4 വിഗ്രഹങ്ങൾക്കർപ്പിക്കപ്പെട്ട ഭക്ഷണത്തെപ്പറ്റി പറഞ്ഞാൽ, “ലോകത്തിലുള്ള ഒരു വിഗ്രഹവും ദൈവമല്ല” എന്നും “ഏകദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല” എന്നും നാം അറിയുന്നു. 5 ആകാശത്തിലും ഭൂമിയിലും “ദേവന്മാർ” എന്നു പറയപ്പെടുന്ന പലരുണ്ട്; “ദൈവങ്ങളും കർത്താക്കളും” ധാരാളമുണ്ടല്ലോ. 6 എന്നാൽ എല്ലാറ്റിന്റെയും പ്രഭവസ്ഥാനമായ പിതാവായ ഏകദൈവംമാത്രമേ നമുക്കുള്ളൂ. അവിടത്തേക്കുവേണ്ടിയാണ് നാം ജീവിക്കുന്നത്; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട്. ആ കർത്താവിലൂടെയാണ് സകലതും ഉണ്ടായത്; ആ കർത്താവിലൂടെയാണ് നാം ജീവിക്കുന്നതും.
-
15 ജനതകളുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്,
മനുഷ്യകരങ്ങളാൽ നിർമിതവുമാണ്.
16 അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല,
കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല.
17 അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല,
അവയുടെ വായിൽ ശ്വാസവുമില്ല.
18 അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു,
അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ.
-
13 “ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതെല്ലാം ജാഗ്രതയോടെ ചെയ്യണം. അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അവ നിന്റെ അധരങ്ങളിൽനിന്നു കേൾക്കാൻ ഇടയാകുകയുമരുത്.
-
8 മുമ്പേ, നിങ്ങൾ ദൈവത്തെക്കുറിച്ച് അറിവില്ലാത്തവർ ആയിരുന്നതിനാൽ; ദൈവങ്ങൾ അല്ലാത്ത എന്തിനൊക്കെയോ അടിമപ്പെട്ട് അവയെ സേവിച്ചുവരികയായിരുന്നു. 9 എന്നാൽ, ഇപ്പോഴോ ദൈവത്തെ അറിഞ്ഞ നിങ്ങൾ—ദൈവം നിങ്ങളെയും അറിഞ്ഞിരിക്കെ—നിഷ്പ്രയോജനവും മൂല്യഹീനവുമായ ചില പ്രാഥമികശക്തികളിലേക്ക് പിന്നെയും തിരിയുന്നതെങ്ങനെ? അവയ്ക്ക് വീണ്ടും അടിമപ്പെടാനാണോ നിങ്ങളുടെ ആഗ്രഹം?
-
20 “യഹോവയ്ക്കല്ലാതെ മറ്റ് ഏതെങ്കിലും ദേവനു യാഗം കഴിക്കുന്നവരെ നിശ്ശേഷം നശിപ്പിക്കണം.
-
15 “ശില്പിയുടെ കരകൗശലമായി യഹോവയ്ക്ക് വെറുപ്പുള്ള പ്രതിമ കൊത്തിയുണ്ടാക്കുകയോ വിഗ്രഹം വാർത്തുണ്ടാക്കുകയോ ചെയ്ത് അവയെ രഹസ്യമായി പ്രതിഷ്ഠിക്കുന്നവർ ശപിക്കപ്പെട്ടവർ.”
ജനമെല്ലാം “ആമേൻ” എന്നു പറയണം.
-
2 യഹോവ നിനക്കു നൽകുന്ന നഗരങ്ങളിലൊന്നിൽ താമസിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ തിന്മചെയ്ത് അവിടത്തെ ഉടമ്പടി ലംഘിക്കുകയും 3 ഞാൻ നൽകിയ കൽപ്പനയ്ക്കു വിരോധമായി അന്യദേവന്മാരെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ കുമ്പിട്ടാരാധിക്കാൻ പോയി എന്നു കണ്ടുപിടിക്കുകയും 4-5 വിവരം നിന്നെ അറിയിച്ച് നീ അതു കേൾക്കുകയും ചെയ്താൽ നീ അതിനെപ്പറ്റി കൃത്യമായി അന്വേഷിക്കണം. ഇങ്ങനെ ഒരു അറപ്പായ കാര്യം ഇസ്രായേലിൽ പ്രവർത്തിച്ചിരിക്കുന്നത് സത്യവും തെളിയിക്കപ്പെടുകയും ചെയ്തെങ്കിൽ ആ മ്ലേച്ഛത പ്രവർത്തിച്ച പുരുഷനെയോ സ്ത്രീയെയോ നഗരവാതിൽക്കൽ കൊണ്ടുവരികയും കല്ലെറിഞ്ഞു കൊല്ലുകയും വേണം. 6 രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിയിന്മേൽമാത്രമേ ഒരു വ്യക്തിയെ വധിക്കാൻ പാടുള്ളൂ. ഒരു സാക്ഷിയുടെ മൊഴിമേൽ ആരെയും വധിക്കാൻ പാടില്ല. 7 ആ വ്യക്തിയെ വധിക്കാൻ ആദ്യം അവന്റെമേൽ വെക്കേണ്ടത് സാക്ഷിയുടെ കരമാണ്; പിന്നീട് എല്ലാവരുടെയും കരങ്ങളും. അങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
-
9 അധർമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ദുർനടപ്പുകാർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാരും സ്ത്രീകളും, 10 മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപർ, അപവാദം പരത്തുന്നവർ, അന്യരുടെ പണം അപഹരിക്കുന്നവർ ഇങ്ങനെയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
-
18 സ്വന്തദർശനങ്ങളിൽ ആശ്രയിച്ച്, ജഡത്തിൽ ദുരഭിമാനംപൂണ്ട്, ശിരസ്സായവനിൽ മുറുകെ പിടിക്കാതെ കപടവിനയത്തിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിക്കുന്ന ഒരാളും നിങ്ങളെ പ്രതിഫലം നേടുന്നതിൽനിന്ന് അയോഗ്യരാക്കരുത്. 19 ശിരസ്സായ ക്രിസ്തുവിൽനിന്നാണല്ലോ ശരീരംമുഴുവനും സന്ധിബന്ധങ്ങളാലും നാഡീഞരമ്പുകളാലും ഏകീഭവിച്ചും പോഷണം സ്വീകരിച്ചും ദൈവത്തിൽനിന്നുള്ള വളർച്ച പ്രാപിക്കുന്നത്.
-
8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”
-
7 അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധകരാകരുത്. “ജനം ഭക്ഷിക്കാനും കുടിക്കാനും ഇരുന്നു, വിളയാടാൻ എഴുന്നേറ്റു” എന്നെഴുതിയിരിക്കുന്നല്ലോ. 8 നാം അവരിൽ ചിലരെപ്പോലെ അസാന്മാർഗികളാകരുത്; വ്യഭിചാരംനിമിത്തം അവരിൽ 23,000 പേർ ഒരൊറ്റ ദിവസംകൊണ്ടു മരിച്ചുപോയി.
-
14 നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിക്കുക; നിങ്ങളുടെ കഷ്ടകാലത്ത് അവർ നിങ്ങളെ രക്ഷിക്കട്ടെ!”
-
4 അതിനുശേഷം വിളംബരംചെയ്യുന്നവർ ഇപ്രകാരം ഉച്ചത്തിൽ വിളിച്ചറിയിച്ചു: “രാഷ്ട്രങ്ങളേ, ജനങ്ങളേ, സകലഭാഷക്കാരുമേ, നിങ്ങൾക്ക് ഈ കൽപ്പന നൽകപ്പെടുന്നു: 5 കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവാദ്യങ്ങളുടെയും നാദം കേൾക്കുമ്പോൾ നിങ്ങൾ വീണ് നെബൂഖദ്നേസർ രാജാവു നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കണം. 6 ആരെങ്കിലും വീണ് നമസ്കരിക്കാതിരുന്നാൽ അവരെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിലേക്ക് എറിഞ്ഞുകളയുന്നതാണ്.”
7 അങ്ങനെ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ തുടങ്ങിയ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകലരാഷ്ട്രങ്ങളിൽനിന്നും വന്നുചേർന്ന എല്ലാ ജനതകളും ഭാഷക്കാരും വീണ് നെബൂഖദ്നേസർ രാജാവ് നിർത്തിയ സ്വർണപ്രതിമയെ നമസ്കരിച്ചു.
-
16 പൗലോസ് അവരെ പ്രതീക്ഷിച്ച് അഥേനയിൽ കഴിയുമ്പോൾ, നഗരം വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് വളരെ അസ്വസ്ഥനായി.
-
32 അവരുമായോ അവരുടെ ദേവതമാരുമായോ ഒരു ഉടമ്പടിയും ഉണ്ടാക്കരുത്. 33 അവരുടെ ദേവതമാരെ ആരാധിക്കുന്നതു നിനക്കു നിശ്ചയമായും കെണി ആകുമെന്നുള്ളതുകൊണ്ട് അവരെ നിന്റെ ദേശത്തു വസിക്കാൻ അനുവദിക്കരുത്; അനുവദിച്ചാൽ അവർ നിങ്ങളെക്കൊണ്ട് എനിക്കു വിരോധമായി പാപം ചെയ്യിക്കും.”
-
19 മോശ പാളയത്തിനു സമീപമെത്തിയപ്പോൾ കാളക്കിടാവിനെയും നൃത്തക്കാരെയും കണ്ടു, അദ്ദേഹത്തിന്റെ കോപം ജ്വലിച്ചു: അദ്ദേഹം പലക രണ്ടും കൈയിൽനിന്ന് എറിഞ്ഞുകളഞ്ഞു. അദ്ദേഹം പർവതത്തിന്റെ അടിവാരത്തിൽവെച്ച് അവ പൊട്ടിച്ചുകളഞ്ഞു.
-
37 അവിടന്ന് ഇപ്രകാരം പറയും: “അവരുടെ ദേവന്മാർ,
അവർ അഭയം കണ്ടെത്തിയ പാറ,
38 അവരുടെ ബലിമേദസ്സു ഭുജിച്ച ദേവന്മാർ,
അവരുടെ പാനീയയാഗത്തിന്റെ വീഞ്ഞുകുടിച്ചവർ, എവിടെ?
അവർ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ!
അവർ നിങ്ങൾക്ക് അഭയം നൽകട്ടെ!
-
8 വാതിലുകൾക്കും കട്ടിളകൾക്കും പിന്നിലായി
നീ അന്യദേവതകളുടെ ചിഹ്നങ്ങൾ പതിച്ചിരിക്കുന്നു.
എന്നെ ഉപേക്ഷിച്ച്, നീ നിന്റെ കിടക്ക അനാവരണംചെയ്തു,
അതിന്മേൽ കയറി അതു വിശാലമായി തുറന്നിട്ടു;
നീ ആരുടെ കിടക്കയാണോ ഇഷ്ടപ്പെട്ടത് അവരുമായി ഒരു സന്ധിചെയ്ത്,
അവരുടെ നഗ്നശരീരങ്ങളെ ആസക്തിയോടുകൂടെ നോക്കി.
9 നീ ഒലിവെണ്ണയുമായി മോലെക്കിന്റെ അടുക്കൽച്ചെന്നു,
നിന്റെ പരിമളവർഗങ്ങൾ വർധിപ്പിച്ചു.
നിന്റെ പ്രതിനിധികളെ നീ ദൂരസ്ഥലങ്ങളിലേക്കയച്ചു;
നീ പാതാളംവരെ ഇറങ്ങിച്ചെല്ലുകയും ചെയ്തു!
-
24 വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങൾ ഉണ്ടാക്കിയിരുന്ന ദെമേത്രിയൊസ് എന്ന വെള്ളിപ്പണിക്കാരൻ ശില്പികൾക്കു ധാരാളം തൊഴിൽ ലഭ്യമാക്കിയിരുന്നു. 25 അയാൾ അവരെയും അതേതൊഴിൽ ചെയ്തിരുന്ന മറ്റു പണിക്കാരെയും വിളിച്ചുകൂട്ടിയിട്ട് ഇങ്ങനെ പറഞ്ഞു, “സുഹൃത്തുക്കളേ, ഈ തൊഴിലിൽനിന്ന് നമുക്കു നല്ല ആദായം ലഭിക്കുന്നെന്ന് നിങ്ങൾക്കറിയാമല്ലോ!
Shows Read in context, Share and Copy.