87 Bible Verses About Miracles

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Miracles
  1. 18 യേശു ഇങ്ങനെ സംവദിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യെഹൂദപ്പള്ളിമുഖ്യൻ അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “എന്റെ മകൾ ഇപ്പോൾ മരിച്ചുപോയി. അങ്ങ് വന്ന് അവളുടെമേൽ കൈവെക്കണമേ; എന്നാൽ അവൾ ജീവിക്കും” എന്നു പറഞ്ഞു. 19 യേശു എഴുന്നേറ്റ് അയാളോടൊപ്പം പോയി; ശിഷ്യന്മാരും അനുഗമിച്ചു.

    20 അപ്പോൾത്തന്നെ, പന്ത്രണ്ടുവർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ യേശുവിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു. 21 “അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിലെങ്കിലും തൊട്ടാൽ എനിക്കു സൗഖ്യം ലഭിക്കും,” എന്ന് അവൾ ഉള്ളിൽ പറഞ്ഞിരുന്നു.

    22 യേശു തിരിഞ്ഞ് അവളെ നോക്കി, “മോളേ, ധൈര്യമായിരിക്കൂ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷംമുതൽ അവൾ സൗഖ്യമുള്ളവളായിത്തീർന്നു.

    23 യേശു പള്ളിമുഖ്യന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ ഓടക്കുഴൽ വായിക്കുന്നവരെയും കരഞ്ഞ് ബഹളം കൂട്ടുന്ന ജനസമൂഹത്തെയും കണ്ട്, 24 “ഇവിടെനിന്ന് മാറിനിൽക്കൂ, കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു. അവരോ അദ്ദേഹത്തെ പരിഹസിച്ചു. 25 ജനക്കൂട്ടത്തെ പുറത്താക്കിയശേഷം യേശു അകത്തുചെന്ന് കുട്ടിയെ കൈക്കുപിടിച്ച് ഉയർത്തി. അവൾ എഴുന്നേറ്റു. 26 ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിച്ചു.

    27 യേശു അവിടെനിന്നു പോകുമ്പോൾ, “ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചുകൊണ്ട് രണ്ട് അന്ധന്മാർ അദ്ദേഹത്തെ അനുഗമിച്ചു.

    28 യേശു ഭവനത്തിൽ എത്തിയപ്പോൾ ആ അന്ധന്മാർ അദ്ദേഹത്തെ സമീപിച്ചു. യേശു അവരോട്, “എനിക്കിതു ചെയ്യാൻ കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നോ?” എന്നു ചോദിച്ചു.

    “തീർച്ചയായും, കർത്താവേ,” അവർ ഉത്തരം പറഞ്ഞു.

    29 അപ്പോൾ യേശു അവരുടെ കണ്ണുകളിൽ തൊട്ടുകൊണ്ട്, “നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. 30 ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു. യേശു അവരോട്, “നോക്കൂ, ഇതാരും അറിയരുത്” എന്ന കർശനനിർദേശവും നൽകി. 31 എന്നാൽ അവർ പോയി അദ്ദേഹത്തെക്കുറിച്ചുള്ള ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിപ്പിച്ചു.

    32 അവർ പോകുമ്പോൾ ചിലർ ഊമയായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. 33 യേശു ഭൂതത്തെ പുറത്താക്കിക്കഴിഞ്ഞപ്പോൾ, ഊമൻ സംസാരിച്ചു. ജനസഞ്ചയം ആശ്ചര്യപ്പെട്ടു, “ഇങ്ങനെയൊന്ന് ഇസ്രായേലിൽ സംഭവിച്ചിട്ടേയില്ല” എന്നു പറഞ്ഞു.

  2. 5 ഫിലിപ്പൊസ് ശമര്യയിലെ ഒരു പട്ടണത്തിൽച്ചെന്ന് അവിടെ ക്രിസ്തുവിനെപ്പറ്റി പ്രസംഗിച്ചു. 6 ഫിലിപ്പൊസിന്റെ പ്രഭാഷണം ജനം ഏകാഗ്രചിത്തരായി ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ സന്ദേശത്തെത്തുടർന്ന് ചെയ്ത ചിഹ്നങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും ചെയ്തു. 7 ദുരാത്മാക്കൾ ബാധിച്ചിരുന്ന അനേകരിൽനിന്ന് അവ ഉച്ചത്തിൽ അലറിക്കൊണ്ടു പുറത്തുപോയി. പല പക്ഷാഘാതരോഗികൾക്കും മുടന്തർക്കും സൗഖ്യം ലഭിച്ചു. 8 അങ്ങനെ ആ പട്ടണത്തിൽ മഹാ ആനന്ദമുണ്ടായി.

  3. 33 അവിടെ എട്ടു വർഷമായി പക്ഷാഘാതംപിടിച്ചു കിടന്നിരുന്ന ഐനെയാസ് എന്നൊരാളെ അദ്ദേഹം കണ്ടു. 34 പത്രോസ് അയാളോട്, “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു. എഴുന്നേൽക്കുക; നിന്റെ കിടക്ക ഇനി നീ തന്നെ വിരിക്കുക” എന്നു പറഞ്ഞു. ഉടൻതന്നെ ഐനെയാസ് എഴുന്നേറ്റു. 35 ലുദ്ദയിലും ശാരോനിലും താമസിച്ചിരുന്ന എല്ലാവരും അയാളെ കണ്ട് കർത്താവിലേക്കു തിരിഞ്ഞു.

    36 യോപ്പയിൽ തബീഥാ എന്നു പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. ഈ പേര് ഗ്രീക്കിൽ ഡോർക്കസ് എന്നാണ്. അർഥം പേടമാൻ. അവൾ വളരെ നന്മ ചെയ്യുന്നവളും ദരിദ്രരെ സഹായിക്കുന്നവളും ആയിരുന്നു. 37 ആയിടയ്ക്ക് അവൾ രോഗബാധിതയായി മരിച്ചു; സ്നേഹിതമാർ മൃതദേഹം കുളിപ്പിച്ചു മുകൾനിലയിലെ മുറിയിൽ കിടത്തി. 38 ലുദ്ദ യോപ്പയ്ക്കു സമീപമായിരുന്നു. പത്രോസ് ലുദ്ദയിലുണ്ടെന്നു കേട്ട ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുത്തേക്ക് രണ്ടുപേരെ അയച്ചു. “എത്രയും പെട്ടെന്ന് യോപ്പവരെ വരണം!” അവർ പത്രോസിനോട് അപേക്ഷിച്ചു.

    39 പത്രോസ് എഴുന്നേറ്റ് അവരോടുകൂടെ പോയി. അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ അവർ മുകൾനിലയിലെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. തബീഥാ തങ്ങളോടുകൂടെ ഉണ്ടായിരുന്നപ്പോൾ തയ്ച്ച കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും പത്രോസിനെ കാണിച്ചുകൊണ്ട് വിധവകൾ അദ്ദേഹത്തിന്റെ ചുറ്റും നിന്നു വിലപിച്ചു.

    40 പത്രോസ് അവരെയെല്ലാം മുറിക്കു പുറത്താക്കിയശേഷം മുട്ടിന്മേൽനിന്നു പ്രാർഥിച്ചശേഷം മരിച്ചവളുടെനേരേ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്കുക” എന്നു പറഞ്ഞു. ഉടനെ അവൾ കണ്ണുതുറന്നു; പത്രോസിനെ കണ്ടിട്ട് എഴുന്നേറ്റിരുന്നു. 41 അദ്ദേഹം അവളെ കൈക്കുപിടിച്ച് എഴുന്നേൽപ്പിച്ചു. അതിനുശേഷം വിശ്വാസികളെ വിശേഷാൽ വിധവകളെ വിളിച്ച് അവളെ ജീവനുള്ളവളായി ഏൽപ്പിച്ചു. 42 യോപ്പയിലെല്ലായിടത്തും ഇതു പ്രസിദ്ധമായി; വളരെപ്പേർ കർത്താവിൽ വിശ്വസിച്ചു.

  4. 11 ദൈവം പൗലോസിലൂടെ അസാധാരണങ്ങളായ അത്ഭുതപ്രവൃത്തികൾ ചെയ്തു. 12 അദ്ദേഹത്തിന്റെ സ്പർശനമേറ്റ തൂവാലയും മേൽവസ്ത്രവും കൊണ്ടുവന്നു രോഗികളുടെമേൽ ഇടുമ്പോൾ അവരുടെ രോഗങ്ങൾ സൗഖ്യമാകുകയും ദുരാത്മാക്കൾ വിട്ടുപോകുകയും ചെയ്തു.

    13 ഭൂതോച്ചാടനം നടത്തിക്കൊണ്ട് ചുറ്റിസഞ്ചരിച്ചിരുന്ന ചില യെഹൂദർ, ദുരാത്മാവു ബാധിച്ച ചിലരെ യേശുവിന്റെ നാമം ഉപയോഗിച്ചു സൗഖ്യമാക്കാൻ ശ്രമിച്ചു. “പൗലോസ് പ്രസംഗിക്കുന്ന കർത്താവായ യേശുവിന്റെ നാമത്തിൽ ഞാൻ നിന്നോടു പുറത്തുപോകാൻ കൽപ്പിക്കുന്നു,” എന്നാണവർ പറഞ്ഞുവന്നത്. 14 ഒരു പുരോഹിതമുഖ്യനായ സ്കേവാ എന്ന യെഹൂദന്റെ ഏഴു പുത്രന്മാരായിരുന്നു ഇങ്ങനെ ചെയ്തത്. 15 ദുരാത്മാവ് അവരോട്, “യേശുവിനെ എനിക്കറിയാം, പൗലോസിനെയും എനിക്കറിയാം, എന്നാൽ നിങ്ങളാര്?” എന്നു ചോദിച്ചിട്ട്, 16 ദുരാത്മാവുണ്ടായിരുന്ന മനുഷ്യൻ അവരുടെമേൽ ചാടിവീണ് അവരെ കീഴടക്കി. അവർ നഗ്നരും മുറിവേറ്റവരുമായി വീട്ടിൽനിന്ന് പുറത്തേക്ക് ഓടിപ്പോകേണ്ടിവന്നു.

    17 എഫേസോസിൽ വസിച്ചിരുന്ന യെഹൂദരും ഗ്രീക്കുകാരും ഇത് അറിഞ്ഞു. അവരെല്ലാവരും ഭയപ്പെട്ടു. കർത്താവായ യേശുവിന്റെ നാമം അത്യന്തം മഹത്ത്വപ്പെട്ടു. 18 വിശ്വസിച്ചവരിൽ പലരും വന്ന് തങ്ങളുടെ ദുഷ്‌പ്രവൃത്തികൾ പരസ്യമായി ഏറ്റുപറഞ്ഞു.

  5. 1 അതിന് മോശ, “അവർ എന്നെ വിശ്വസിക്കുകയോ എന്റെ വാക്കു കേൾക്കുകയോ ചെയ്യാതെ ‘യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല’ എന്നു പറയും” എന്ന് ഉത്തരം പറഞ്ഞു.

    2 അപ്പോൾ യഹോവ അവനോട്, “നിന്റെ കൈയിലിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.

    “ഒരു വടി,” അവൻ ഉത്തരം പറഞ്ഞു.

    3 “അതു നിലത്തിടുക,” എന്ന് യഹോവ കൽപ്പിച്ചു.

    മോശ അതു നിലത്തിട്ടു. അതൊരു പാമ്പായിത്തീർന്നു. അവൻ അതിന്റെ അടുത്തുനിന്ന് ഓടിമാറി. 4 പിന്നെ യഹോവ അവനോട്, “നീ കൈനീട്ടി അതിനെ വാലിൽ പിടിച്ച് എടുക്കുക” എന്നു കൽപ്പിച്ചു. അപ്പോൾ മോശ കൈനീട്ടി പാമ്പിനെ പിടിച്ചു; അത് അവന്റെ കൈയിൽ വീണ്ടും വടിയായിത്തീർന്നു. 5 “ഇത്, അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—നിനക്കു പ്രത്യക്ഷനായിരിക്കുന്നു എന്ന് അവർ വിശ്വസിക്കേണ്ടതിനുതന്നെ,” എന്നു ദൈവം അരുളിച്ചെയ്തു.

    6 ഇതിനുശേഷം യഹോവ, “നിന്റെ കൈ മാറിടത്തിൽ വെക്കുക” എന്നു കൽപ്പിച്ചു. മോശ കൈ മാറിടത്തിൽ വെച്ചു; അവൻ അതു പുറത്തെടുത്തപ്പോൾ അതു ഹിമംപോലെ വെളുത്തു കുഷ്ഠം ബാധിച്ചിരുന്നു.

    7 “നീ അതു വീണ്ടും മാറിടത്തിൽ വെക്കുക,” എന്ന് അവിടന്നു കൽപ്പിച്ചു. മോശ വീണ്ടും തന്റെ കൈ മാറിടത്തിൽ വെച്ചു. അത് അവൻ പുറത്തെടുത്തപ്പോൾ, തന്റെ മറ്റു ശരീരഭാഗങ്ങളെന്നപോലെ പൂർവസ്ഥിതിയിലായി.

  6. 32 എലീശാ ആ ഭവനത്തിൽ എത്തിയപ്പോൾ തന്റെ കിടക്കയിൽ ബാലൻ മരിച്ചുകിടക്കുകയായിരുന്നു. 33 അദ്ദേഹം മുറിയിൽക്കടന്ന് വാതിലടച്ചു. താനും ബാലനുംമാത്രം മുറിക്കുള്ളിലായിരുന്നു. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. 34 പിന്നെ അദ്ദേഹം കിടക്കയിൽക്കയറി ബാലന്റെമേൽ കിടന്നു—മുഖത്തോടു മുഖവും കണ്ണോടു കണ്ണും കൈയോടു കൈയും ചേർത്ത് അദ്ദേഹം ബാലന്റെമേൽ കമിഴ്ന്നുകിടന്നപ്പോൾ ബാലന്റെ ദേഹത്തിനു ചൂടുപിടിച്ചു. 35 എലീശാ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അദ്ദേഹം വീണ്ടും ബാലന്റെമേൽ കമിഴ്ന്നുകിടന്നു. ബാലൻ ഏഴുപ്രാവശ്യം തുമ്മി കണ്ണുതുറന്നു.

    36 എലീശാ ഗേഹസിയെ വിളിച്ച്, “ശൂനേംകാരിയെ വിളിക്കുക” എന്നു കൽപ്പിച്ചു. അയാൾ അപ്രകാരംചെയ്തു. അവൾ വന്നപ്പോൾ അദ്ദേഹം: “നിന്റെ മകനെ ഏറ്റുവാങ്ങിക്കൊൾക” എന്നു പറഞ്ഞു. 37 അവൾ അകത്തുവന്ന് അദ്ദേഹത്തിന്റെ പാദത്തിൽ വീണ് സാഷ്ടാംഗം നമസ്കരിച്ചു. പിന്നെ അവൾ തന്റെ മകനെയും എടുത്തുകൊണ്ടുപോയി.

    38 എലീശാ ഗിൽഗാലിലേക്കു മടങ്ങി. അക്കാലത്ത് അവിടെ ഒരു ക്ഷാമമുണ്ടായി. പ്രവാചകശിഷ്യന്മാർ അദ്ദേഹത്തിന്റെമുമ്പിൽ ഇരിക്കുമ്പോൾ അദ്ദേഹം തന്റെ ഭൃത്യനോട്: “വലിയ കലം അടുപ്പത്തുവെച്ച് പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക” എന്നു പറഞ്ഞു.

    39 ഭൃത്യന്മാരിലൊരാൾ ചീര പറിക്കാൻ വയലിലേക്കുപോയി. അയാൾ ഒരു കാട്ടുവള്ളി കണ്ടു; അതിന്റെ കായ്കൾ മടി നിറയെ പറിച്ചുകൊണ്ടുവന്നു. അയാൾ മടങ്ങിവന്ന് ആ കായ്കൾ അരിഞ്ഞ് കലത്തിലെ പായസത്തിലിട്ടു. അതെന്താണെന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു. 40 അവർ അത് ആളുകൾക്കു വിളമ്പി. അവർ പായസം കുടിച്ചുതുടങ്ങിയപ്പോൾ “ദൈവപുരുഷാ, കലത്തിൽ മരണം!” എന്നു പറഞ്ഞ് നിലവിളിച്ചു. അതു കുടിക്കാൻ അവർക്കു കഴിഞ്ഞില്ല.

    41 “കുറച്ച് മാവ് കൊണ്ടുവരിക,” എന്ന് എലീശാ പറഞ്ഞു. അദ്ദേഹം അതു കലത്തിലിട്ടു. “ഇനി ഇത് ആളുകൾക്കു വിളമ്പിക്കൊടുക്കുക,” എന്നു പറഞ്ഞു. പിന്നെ ഹാനികരമായ യാതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.

    42 ബാൽ-ശാലീശയിൽനിന്ന് ഒരു മനുഷ്യൻ എലീശയുടെ അടുക്കൽവന്നു. അയാൾ തന്റെ ആദ്യവിളവായ ധാന്യംകൊണ്ട് ഇരുപതു യവത്തപ്പവും കുറച്ചു മലരും ദൈവപുരുഷനു കാഴ്ചയായി കൊണ്ടുവന്നിരുന്നു. “ഇതു ജനങ്ങൾക്കു തിന്മാൻ കൊടുക്കുക!” എന്ന് എലീശാ കൽപ്പിച്ചു.

    43 “ഞാനിതെങ്ങനെ നൂറുപേർക്കു വിളമ്പും?” എന്ന് അദ്ദേഹത്തിന്റെ ഭൃത്യൻ ചോദിച്ചു.

    എലീശാ പിന്നെയും: “ഇതു ജനങ്ങൾക്കു തിന്മാൻ കൊടുക്കുക; ‘അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്യും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. 44 അതിനുശേഷം അയാൾ അത് അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ അരുളപ്പാടുപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്തു.

  7. 23 അതിനുശേഷം യേശു വള്ളത്തിൽ കയറി; അദ്ദേഹത്തോടൊപ്പം ശിഷ്യന്മാരും യാത്രതുടർന്നു. 24 പെട്ടെന്ന്, ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു, വള്ളം മുങ്ങിപ്പോകുംവിധം തിരമാലകൾ ഉയർന്നുപൊങ്ങി. യേശുവോ ഉറങ്ങുകയായിരുന്നു. 25 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “കർത്താവേ, രക്ഷിക്കണമേ! ഞങ്ങൾ മുങ്ങിപ്പോകുന്നു!” എന്നു പറഞ്ഞു.

    26 “വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി.

    27 ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.

    28 യേശു തടാകത്തിനക്കരെ ഗെരസേന്യരുടെ ദേശത്ത് എത്തിയപ്പോൾ, ഭൂതം ബാധിച്ച രണ്ടുപേർ ശവപ്പറമ്പിൽനിന്ന് അദ്ദേഹത്തിന് അഭിമുഖമായി വന്നു. ആർക്കുംതന്നെ ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യമല്ലാത്തവിധം അവർ അക്രമകാരികൾ ആയിരുന്നു. 29 അവർ അത്യുച്ചത്തിൽ ആക്രോശിച്ചുകൊണ്ട്, “ദൈവപുത്രാ, അങ്ങ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? ന്യായവിധിദിവസത്തിനുമുമ്പേ ഞങ്ങളെ ദണ്ഡിപ്പിക്കാനാണോ അങ്ങ് ഇവിടെ വന്നത്?” എന്നു ചോദിച്ചു.

    30 അവരിൽനിന്ന് കുറെ അകലെയായി വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. 31 ദുരാത്മാക്കൾ യേശുവിനോട്, “അങ്ങ് ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണമേ” എന്നു യാചിച്ചു.

    32 “പുറത്തുപോകൂ!” യേശു അവരോട് ആജ്ഞാപിച്ചു. ഭൂതങ്ങൾ പുറത്തുവന്ന് പന്നികളിൽ പ്രവേശിച്ചു. ആ പന്നിക്കൂട്ടമെല്ലാം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് വെള്ളത്തിൽ മുങ്ങിച്ചത്തു. 33 പന്നികളെ മേയിക്കുന്നവർ പട്ടണത്തിലേക്ക് ഓടിച്ചെന്ന്, ഭൂതബാധിതർക്കു സംഭവിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം പട്ടണനിവാസികളെ അറിയിച്ചു.

  8. 22 “ഇസ്രായേൽജനമേ, ഈ വാക്കുകൾ കേട്ടാലും: നസറെത്തുകാരനായ യേശു, ദൈവം അദ്ദേഹത്തിലൂടെ നിങ്ങളുടെ മധ്യത്തിൽ ചെയ്ത വീര്യപ്രവൃത്തികളും അത്ഭുതങ്ങളും ചിഹ്നങ്ങളുംമുഖേന ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ വ്യക്തി ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ. 23 ദൈവം തന്റെ നിശ്ചിതപദ്ധതിയാലും പൂർവജ്ഞാനത്താലും അദ്ദേഹത്തെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നു. എന്നാൽ യെഹൂദേതരരുടെ സഹായത്തോടെ നിങ്ങൾ അദ്ദേഹത്തെ ക്രൂശിന്മേൽ തറച്ചുകൊന്നു. 24 എന്നാൽ, മരണത്തിന്റെ അതിതീവ്രവേദനയിൽ അടക്കിവെക്കാതെ അതിന്റെ ബന്ധനങ്ങളഴിച്ച് ദൈവം അദ്ദേഹത്തെ ഉയിർപ്പിച്ചു; മരണത്തിന് അദ്ദേഹത്തെ ബന്ധിതനാക്കിവെക്കുന്നത് അസാധ്യമായിരുന്നു.

  9. 1 യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാർക്ക് ഈ നിർദേശങ്ങൾ നൽകിത്തീർത്തതിനുശേഷം, ഗലീലയിൽത്തന്നെയുള്ള പട്ടണങ്ങളിൽ ഉപദേശിക്കുന്നതിനും പ്രസംഗിക്കുന്നതിനുമായി അവിടെനിന്നു യാത്രയായി.

    2-3 കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്ന യോഹന്നാൻസ്നാപകൻ ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടപ്പോൾ “വരാനുള്ള മശിഹാ അങ്ങുതന്നെയോ? അതോ, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?” എന്നു ചോദിക്കാൻ തന്റെ ശിഷ്യന്മാരെ ക്രിസ്തുവിന്റെ അടുക്കൽ അയച്ചു.

    4 യേശു അവരോട്, “നിങ്ങൾ കേൾക്കുകയും കാണുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക: 5 അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു. 6 എന്നിലുള്ള വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ നിലനിൽക്കുന്നവർ അനുഗൃഹീതർ!” എന്നു പറഞ്ഞു.

  10. 8 യഹോവ മോശയോടും അഹരോനോടും, 9 “ ‘നിങ്ങൾ ഒരു അത്ഭുതം കാണിക്കുക’ എന്നു ഫറവോൻ നിങ്ങളോടു പറയുമ്പോൾ, ‘നിന്റെ വടിയെടുത്ത് ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥന്മാരുടെയും മുമ്പാകെ നിലത്തിടുക’ എന്ന് അഹരോനോടു പറയണം, അതൊരു പാമ്പായിത്തീരും” എന്ന് അരുളിച്ചെയ്തു.

    10 അങ്ങനെ മോശയും അഹരോനും ഫറവോന്റെ അടുക്കൽ എത്തി, യഹോവ കൽപ്പിച്ചതുപോലെ പ്രവർത്തിച്ചു. അഹരോൻ തന്റെ വടി ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ നിലത്തിട്ടു, അതൊരു പാമ്പായിത്തീർന്നു. 11 ഫറവോൻ ജ്ഞാനികളെയും ആഭിചാരകന്മാരെയും വരുത്തി, ഈജിപ്റ്റിലെ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവിദ്യയാൽ അതേ പ്രവൃത്തി ചെയ്തു. 12 ഓരോരുത്തനും അവനവന്റെ വടി നിലത്തിടുകയും അതു പാമ്പായിത്തീരുകയും ചെയ്തു. എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. 13 എങ്കിലും അയാൾ അവരുടെ വാക്കു കേട്ടില്ല. യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനമായി.

  11. 30 ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത മറ്റനേകം അത്ഭുതചിഹ്നങ്ങളും തന്റെ ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ യേശു പ്രവർത്തിച്ചു. 31 എന്നാൽ, യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ച് അവിടത്തെ നാമത്തിൽ ജീവൻ ലഭിക്കേണ്ടതിനുമായി ഇവ എഴുതപ്പെട്ടിരിക്കുന്നു.

  12. 3 എങ്കിലും പൗലോസും ബർന്നബാസും കർത്താവിനുവേണ്ടി സധൈര്യം പ്രസംഗിച്ചുകൊണ്ടു വളരെനാൾ അവിടെ ചെലവഴിച്ചു. ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാൻ കർത്താവ് അവർക്ക് ശക്തിനൽകിക്കൊണ്ട് തന്റെ കൃപയുടെ സന്ദേശത്തിന്റെ ആധികാരികത തെളിയിച്ചു.

  13. 3 പൗലോസ് ഒരുകെട്ട് ചുള്ളിക്കമ്പുകൾ ശേഖരിച്ചു തീയിലേക്കിടുമ്പോൾ ഒരണലി ചൂടുകൊണ്ടു പുറത്തുചാടി അദ്ദേഹത്തിന്റെ കൈയിൽ ചുറ്റി. 4 ഇങ്ങനെ പൗലോസിന്റെ കൈയിൽ പാമ്പു തൂങ്ങിക്കിടക്കുന്നതു കണ്ടിട്ട് ദ്വീപുനിവാസികൾ, “ഈ മനുഷ്യൻ തീർച്ചയായും ഒരു കൊലപാതകിയാണ്; കടലിൽനിന്ന് രക്ഷപ്പെട്ടിട്ടും നീതിദേവി ഇയാളെ ജീവിക്കാൻ അനുവദിക്കുന്നില്ലല്ലോ!” എന്നു തമ്മിൽ പറഞ്ഞു. 5 എന്നാൽ, പൗലോസ് ആ പാമ്പിനെ തീയിലേക്കു കുടഞ്ഞുകളഞ്ഞു; ദോഷമൊന്നും സംഭവിച്ചില്ല. 6 അദ്ദേഹം നീരുവെച്ചു വീങ്ങുകയോ ഉടൻതന്നെ മരിച്ചുവീഴുകയോ ചെയ്യുമെന്നു ജനങ്ങൾ പ്രതീക്ഷിച്ചു; എന്നാൽ, ഏറെനേരം കാത്തിരുന്നിട്ടും അനർഥമൊന്നും സംഭവിക്കുന്നില്ല എന്നുകണ്ടപ്പോൾ അവർ മനസ്സുമാറ്റി, അദ്ദേഹം ഒരു ദേവൻതന്നെ എന്നു പറഞ്ഞു.

    7 ദ്വീപുപ്രമാണിയായിരുന്ന പുബ്ലിയൊസിന് അവിടെയടുത്ത് കുറെ സ്ഥലം ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു മൂന്നുദിവസം ആദരവോടെ സൽക്കരിച്ചു. 8 അയാളുടെ പിതാവ് പനിയും അതിസാരവും പിടിപെട്ടു കിടക്കുകയായിരുന്നു. പൗലോസ് അദ്ദേഹത്തെ കാണാൻ അകത്തേക്കു ചെന്നു; പ്രാർഥിച്ച് അദ്ദേഹത്തിന്റെമേൽ കൈവെച്ചു സൗഖ്യമാക്കി. 9 ഈ സംഭവത്തെത്തുടർന്നു ദ്വീപിലെ മറ്റു രോഗികളും വന്നു സൗഖ്യംപ്രാപിച്ചു.

  14. 8 ഒരാൾക്ക് ദൈവാത്മാവിലൂടെ ജ്ഞാനത്തിന്റെ വചനം നൽകപ്പെട്ടിരിക്കുന്നു; മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും. 9 ഇനി വേറൊരാൾക്ക് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരാൾക്ക് ആ ആത്മാവിനാൽത്തന്നെ രോഗസൗഖ്യത്തിനുള്ള കൃപാദാനങ്ങൾ, 10 ഒരാൾക്ക് അത്ഭുതശക്തികൾ, മറ്റൊരാൾക്കു പ്രവചനം, വേറൊരാൾക്ക് ആത്മാക്കളെ വിവേചിക്കാനുള്ളദാനങ്ങൾ, ഇനിയൊരാൾക്കു ബഹുവിധഭാഷകൾ സംസാരിക്കാനുള്ളദാനം, ഇനി ഒരുവനു ഭാഷകളുടെ വ്യാഖ്യാനം. 11 ഇവയെല്ലാംതന്നെ ഒരേ ആത്മാവിന്റെ പ്രവർത്തനമാണ്. അവിടത്തെ ഹിതാനുസാരം ഓരോരുത്തർക്കും അവ വിതരണംചെയ്യുന്നു.

  15. 24 കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്നു വലിയ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും! 25 നോക്കൂ, ഞാൻ ഇത് മുൻകൂട്ടിത്തന്നെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.

  16. 18 യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട്, “ഇതെല്ലാം ചെയ്യാൻ താങ്കൾക്ക് അധികാരം ഉണ്ടെന്നതിന് ഒരു അത്ഭുതചിഹ്നം കാണിക്കുക.” എന്ന് ആവശ്യപ്പെട്ടു.

    19 “ഈ മന്ദിരം പൊളിക്കുക; മൂന്നുദിവസത്തിനകം ഞാൻ ഇതു പണിതുയർത്തും,” എന്ന് യേശു അവരോടു പറഞ്ഞു.

    20 യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട് ചോദിച്ചു, “ഈ മന്ദിരം പണിയുന്നതിനു നാൽപ്പത്താറു വർഷം വേണ്ടിവന്നു; താങ്കൾ അതു കേവലം മൂന്നുദിവസംകൊണ്ടു പണിയുമെന്നോ?” 21 എന്നാൽ, യേശു സ്വന്തം ശരീരം എന്ന മന്ദിരത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. 22 യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, അവിടന്നു പറഞ്ഞിരുന്ന ഈ കാര്യം ശിഷ്യന്മാർ ഓർത്തു. അങ്ങനെ അവർ തിരുവെഴുത്തും യേശുവിന്റെ വചനവും വിശ്വസിച്ചു.

  17. 46 താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ അദ്ദേഹം വീണ്ടും വന്നു. കഫാർനഹൂമിലെ ഒരു രാജഭൃത്യന്റെ മകൻ രോഗിയായി കിടപ്പിലായിരുന്നു. 47 യേശു യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ട് ആ മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, അദ്ദേഹം വന്ന് തന്റെ മരിക്കാറായിക്കിടക്കുന്ന മകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിച്ചു.

    48 യേശു അപ്പോൾ, “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ല.” എന്നു പറഞ്ഞു.

    49 രാജസേവകൻ അദ്ദേഹത്തോട്, “പ്രഭോ, എന്റെ കുഞ്ഞു മരിക്കുന്നതിനുമുമ്പു വരണമേ” എന്നു പറഞ്ഞു.

    50 യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ മകൻ ജീവിക്കും” എന്ന് ഉത്തരം പറഞ്ഞു.

    ആ മനുഷ്യൻ യേശുവിന്റെ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി. 51 അയാൾ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയുമായി ദാസന്മാർ അയാളെ എതിരേറ്റു. 52 മകനു സൗഖ്യം ലഭിച്ചത് എപ്പോഴെന്നു ചോദിച്ചതിന്, “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനി അവനെ വിട്ടുമാറി” എന്ന് അവർ പറഞ്ഞു.

    53 “നിന്റെ മകൻ ജീവിക്കും,” എന്ന് യേശു പറഞ്ഞ സമയം അതുതന്നെ ആയിരുന്നെന്ന് ആ പിതാവ് ഓർമിച്ചു. അങ്ങനെ അയാളും ഭവനത്തിലുള്ളവരെല്ലാവരും വിശ്വസിച്ചു.

  18. 11 ഭൂമിയിൽനിന്ന് മറ്റൊരു മൃഗം വരുന്നതു ഞാൻ കണ്ടു. കുഞ്ഞാടിനുള്ളതുപോലെ അതിനു രണ്ട് കൊമ്പുണ്ടായിരുന്നു. മഹാവ്യാളിയെപ്പോലെ അത് സംസാരിച്ചു; 12 അത് ഒന്നാംമൃഗത്തിനുവേണ്ടി തന്റെ എല്ലാ അധികാരവും പ്രയോഗിക്കുകയും, മാരകമായ മുറിവുണങ്ങിപ്പോയ ആ ഒന്നാംമൃഗത്തെ ആരാധിക്കാനായി സർവഭൂവാസികളെയും നിർബന്ധിക്കുകയും ചെയ്തു. 13 മനുഷ്യരെല്ലാവരുടെയും കാഴ്ചയിൽ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറക്കുക എന്നിങ്ങനെയുള്ള മഹാത്ഭുതങ്ങൾ അതു പ്രവർത്തിച്ചു. 14 മൃഗത്തിന്റെ മുമ്പിൽ ചെയ്യാൻ തനിക്ക് അനുവാദം ലഭിച്ചിരുന്ന അത്ഭുതചിഹ്നങ്ങൾകൊണ്ട് അത് ഭൂവാസികളെ വഴിതെറ്റിക്കുകയും വാളാൽ മാരകമായ മുറിവേറ്റിട്ടും ജീവനോടിരുന്ന മൃഗത്തിന്റെ പ്രതിമ നിർമിക്കാൻ അവരോടു കൽപ്പിക്കുകയും ചെയ്തു.

  19. 8 ലുസ്ത്രയിൽ ജന്മനാ മുടന്തനും ഒരിക്കലും നടന്നിട്ടില്ലാത്തവനുമായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. 9 അയാൾ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ടു. പൗലോസ് അയാളെ സൂക്ഷിച്ചുനോക്കി. സൗഖ്യംപ്രാപിക്കാനുള്ള വിശ്വാസമുണ്ടെന്നു മനസ്സിലാക്കിയിട്ട്, 10 “എഴുന്നേറ്റു നിന്റെ കാലുറപ്പിച്ചു നിൽക്കുക” എന്ന് ഉച്ചസ്വരത്തിൽ പറഞ്ഞു. അപ്പോൾത്തന്നെ ആ മനുഷ്യൻ ചാടിയെഴുന്നേറ്റു നടന്നുതുടങ്ങി.

  20. 29 ഇപ്പോൾ കർത്താവേ, അവരുടെ ഭീഷണികൾ ശ്രദ്ധിക്കണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസ്താവിക്കാൻ അവിടത്തെ ദാസരെ ബലപ്പെടുത്തണമേ. 30 അവിടത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ സൗഖ്യം വരുത്താനും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടന്ന് കൈ നീട്ടണമേ.”

    31 ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ ഒരുമിച്ചുകൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ധൈര്യസമേതം ദൈവവചനം പ്രസ്താവിക്കാൻ തുടങ്ങി.

  21. 17 ഈ പെൺകുട്ടി പൗലോസിനെയും ഞങ്ങളെല്ലാവരെയും പിൻതുടരുകയും “ഈ മനുഷ്യർ പരമോന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്, രക്ഷപ്രാപിക്കാനുള്ള വഴി ഇവർ നിങ്ങൾക്കു പറഞ്ഞുതരുന്നു,” എന്നിങ്ങനെ വിളിച്ചുപറയുകയും ചെയ്തു. 18 അവൾ ഇക്കാര്യം കുറെനാൾ തുടർന്നു. ഒടുവിൽ, ശല്യം സഹിക്കവയ്യാതെ പൗലോസ് അവളുടെനേർക്കു തിരിഞ്ഞ്, അവളിൽ ആവസിച്ചിരുന്ന ആത്മാവിനോട്, “ഇവളിൽനിന്ന് പുറത്തുപോകാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ ആത്മാവ് അവളെ വിട്ടുപോയി.

  22. 22 ഇതിനുശേഷം മോശ ഇസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ടുകൊണ്ടുപോയി. അവർ ശൂർ മരുഭൂമിയിൽ എത്തി. വെള്ളം കണ്ടെത്താതെ അവർ മൂന്നുദിവസം മരുഭൂമിയിൽ സഞ്ചരിച്ചു. 23 അവർ മാറായിൽ എത്തി, മാറായിലെ വെള്ളം കയ്‌പുള്ളതായിരുന്നതിനാൽ അവർക്ക് അതു കുടിക്കാൻ കഴിഞ്ഞില്ല. (അതുകൊണ്ടാണ് ആ സ്ഥലത്തിനു മാറാ എന്നു പറയുന്നത്.) 24 “ഞങ്ങൾ ഇനി എന്തു കുടിക്കും?” എന്നു പറഞ്ഞുകൊണ്ട് ജനം മോശയ്ക്കു വിരോധമായി പിറുപിറുത്തു.

    25 അപ്പോൾ മോശ യഹോവയോടു നിലവിളിച്ചു. യഹോവ അദ്ദേഹത്തിന് ഒരു വൃക്ഷശിഖരം കാണിച്ചുകൊടുത്തു. മോശ അതു വെള്ളത്തിൽ ഇട്ടു; വെള്ളം മധുരമുള്ളതായി.

    അവിടെവെച്ച് യഹോവ അവർക്കായി ഒരു കൽപ്പനയും നിയമവും ഉണ്ടാക്കി; അവിടെ യഹോവ അവരെ പരീക്ഷിച്ചു. 26 അവിടന്ന് അരുളിച്ചെയ്തു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവിടത്തെ ദൃഷ്ടിയിൽ യോഗ്യമായതു പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ, അവിടത്തെ കൽപ്പനകൾ ശ്രദ്ധിക്കുകയും സകല ഉത്തരവുകളും പാലിക്കുകയും ചെയ്യുമെങ്കിൽ, ഈജിപ്റ്റുകാരുടെമേൽ ഞാൻ വരുത്തിയ വ്യാധികളിൽ ഒന്നുപോലും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങളെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു.”

    27 പിന്നെ അവർ ഏലീമിൽ എത്തി. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമടിച്ചു.

  23. 23 അപ്പോൾത്തന്നെ ആ പള്ളിയിൽ ഉണ്ടായിരുന്ന ദുരാത്മാവു ബാധിച്ച ഒരു മനുഷ്യൻ ഉച്ചത്തിൽ, 24 “നസറായനായ യേശുവേ, അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? ഞങ്ങളെ നശിപ്പിക്കാനോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം. അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്നു പറഞ്ഞു.

    25 “ശബ്ദിക്കരുത്! അവനിൽനിന്ന് പുറത്തുവരിക!” യേശു ശാസിച്ചു. 26 ഉടനെ ദുരാത്മാവ് ആ മനുഷ്യനെ നിലത്ത് ഭയങ്കരമായി വീഴ്ത്തി ഇഴച്ചു; അലറി നിലവിളിച്ചുകൊണ്ട് അവനെ വിട്ടുപോയി.

    27 ഇതെല്ലാം കണ്ട ജനം വിസ്മയത്തോടെ, “എന്തൊരു അധികാരമുള്ള പുതിയ ഉപദേശം! അദ്ദേഹം ദുരാത്മാക്കളോടുപോലും കൽപ്പിക്കുകയും അവ അദ്ദേഹത്തെ അനുസരിക്കുകയും ചെയ്യുന്നല്ലോ!” എന്നിങ്ങനെ പരസ്പരം ചർച്ചചെയ്യാൻ തുടങ്ങി. 28 അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത ഗലീല പ്രവിശ്യയിൽ എല്ലായിടത്തും അതിവേഗം വ്യാപിച്ചു.

    29 അവർ യെഹൂദപ്പള്ളിയിൽനിന്നിറങ്ങിയ ഉടനെതന്നെ യാക്കോബിനോടും യോഹന്നാനോടുംകൂടെ, ശിമോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലേക്കു പോയി. 30 ശിമോന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരുന്നു. ഈ കാര്യം ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു. 31 യേശു അടുത്തുചെന്ന് അവളുടെ കൈക്കുപിടിച്ച് എഴുന്നേൽക്കാൻ സഹായിച്ചു. അവളുടെ പനി സൗഖ്യമായി. അവൾ യേശുവിനെയും ശിഷ്യന്മാരെയും ശുശ്രൂഷിച്ചുതുടങ്ങി.

    32 അന്നു വൈകുന്നേരം, സൂര്യൻ അസ്തമിച്ചതിനുശേഷം, ജനങ്ങൾ രോഗികളും ഭൂതബാധിതരുമായ എല്ലാവരെയും യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. 33 നഗരവാസികൾ എല്ലാവരും വാതിൽക്കൽ വന്നുകൂടി. 34 പലവിധ രോഗങ്ങൾ ബാധിച്ചിരുന്ന അനേകംപേരെ യേശു സൗഖ്യമാക്കി; അനവധി ഭൂതങ്ങളെയും പുറത്താക്കി. യേശു ആരെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് അവയെ സംസാരിക്കാൻ അദ്ദേഹം അനുവദിച്ചതുമില്ല.

  24. 1 അതുകൊണ്ട്, നാം കേട്ടിരിക്കുന്ന കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധചെലുത്തേണ്ടതാണ്. അല്ലാത്തപക്ഷം നാം അവയിൽനിന്ന് ക്രമേണ വഴുതിപ്പോകും. 2 ദൂതന്മാരിലൂടെ അറിയിക്കപ്പെട്ടസന്ദേശം സുസ്ഥിരമാണ്. അത് ലംഘിക്കുകയും അനുസരണക്കേടു കാണിക്കുകയും ചെയ്യുമ്പോഴെല്ലാം ദൈവം യോഗ്യമായ ശിക്ഷ നൽകിയിട്ടുമുണ്ട്. 3-4 പ്രാരംഭത്തിൽ കർത്താവുതന്നെ നമുക്കു രക്ഷ പ്രഖ്യാപിച്ചുതന്നു. കേട്ടവർ അത് നമുക്ക് ഉറപ്പിച്ചുതന്നു. ദൈവംതന്നെ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും വിവിധ വീര്യ പ്രവൃത്തികളിലൂടെയും അതു സ്ഥിരീകരിച്ചു. മാത്രമല്ല, തിരുഹിതപ്രകാരം പരിശുദ്ധാത്മാവിനെ നൽകിയും അവിടന്ന് രക്ഷ സാക്ഷിച്ചുറപ്പിച്ചുതന്നു. ഇത്രയും മഹത്തായ ഈ രക്ഷ അവഗണിച്ചാൽ ശിക്ഷയിൽനിന്ന് നമുക്ക് എങ്ങനെ ഒഴിഞ്ഞുമാറാൻ കഴിയും?

  25. 20 “അത് നിങ്ങളിലെ വിശ്വാസത്തിന്റെ അപര്യാപ്തതമൂലമാണ്. നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് മാറിപ്പോകുക’ എന്നു പറഞ്ഞാൽ അതു മാറിപ്പോകും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്ക് അസാധ്യമായത് ഒന്നുംതന്നെ ഉണ്ടാകുകയില്ല.

  26. 1 മൂന്നാംദിവസം ഗലീലയിലെ കാനാ എന്നു പേരുള്ള ഗ്രാമത്തിൽ ഒരു വിവാഹം നടന്നു. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. 2 യേശുവിനെയും ശിഷ്യന്മാരെയും ആ വിവാഹത്തിനു ക്ഷണിച്ചിരുന്നു. 3 വീഞ്ഞു തികയാതെവന്നപ്പോൾ യേശുവിന്റെ അമ്മ, “അവർക്കു വീഞ്ഞു തീർന്നുപോയി” എന്ന് യേശുവിനോടു പറഞ്ഞു.

    4 അതിന് യേശു, “സ്ത്രീയേ, നമുക്ക് ഇതിലെന്തു കാര്യം? എന്റെ സമയം ഇതുവരെയും വന്നിട്ടില്ല” എന്ന് പറഞ്ഞു.

    5 യേശുവിന്റെ അമ്മ വേലക്കാരോട്, “അദ്ദേഹം നിങ്ങളോട് എന്തു കൽപ്പിച്ചാലും അതു ചെയ്യുക” എന്നു പറഞ്ഞു.

    6 അവിടെ യെഹൂദർ, ആചാരപരമായ ശുദ്ധീകരണത്തിനു വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്നതും നൂറ് ലിറ്ററോളം വെള്ളം കൊള്ളുന്നതുമായ ആറ് കൽഭരണികൾ ഉണ്ടായിരുന്നു.

    7 “ഈ ഭരണികളിൽ വെള്ളം നിറയ്ക്കുക” യേശു വേലക്കാരോടു കൽപ്പിച്ചു; അവർ ഭരണികളുടെ വക്കുവരെ വെള്ളം നിറച്ചു.

    8 തുടർന്ന് “ഇനി ഇതിൽനിന്ന് കുറച്ചു പകർന്ന് കലവറക്കാരന് കൊടുക്കുക,” എന്ന് അദ്ദേഹം കൽപ്പിച്ചു.

    അവർ അങ്ങനെ ചെയ്തു. 9 കലവറക്കാരൻ, വീഞ്ഞായിത്തീർന്ന വെള്ളം രുചിച്ചുനോക്കി. അത് എവിടെനിന്നെന്ന് വേലക്കാർക്ക് അറിയാമായിരുന്നെങ്കിലും കലവറക്കാരന് അറിയില്ലായിരുന്നു. അയാൾ മണവാളനെ അരികിൽ വിളിച്ചുപറഞ്ഞു, 10 “എല്ലാവരും അതിഥികൾക്ക് ആദ്യം ഏറ്റവും നല്ലതരം വീഞ്ഞും, പിന്നീട്, അതിഥികൾ ആവശ്യത്തിലേറെ കുടിച്ചുകഴിഞ്ഞശേഷം, സാധാരണതരത്തിലുള്ള വീഞ്ഞും വിളമ്പുന്നു; എന്നാൽ, താങ്കൾ ഏറ്റവും നല്ലത് ഇതുവരെയും സൂക്ഷിച്ചുവെച്ചിരുന്നല്ലോ!”

    11 യേശു ഗലീലയിലെ കാനായിൽവെച്ച് അത്ഭുതചിഹ്നങ്ങളുടെ ആരംഭമായി ഇതു ചെയ്ത് തന്റെ മഹത്ത്വം വെളിപ്പെടുത്തി; അങ്ങനെ ശിഷ്യന്മാർ അദ്ദേഹത്തിൽ വിശ്വസിച്ചു.

  27. 20 അത്ഭുതചിഹ്നങ്ങൾ കാട്ടി മനുഷ്യനെ ഭ്രമിപ്പിച്ച് മൃഗത്തിന്റെ മുദ്ര സ്വീകരിക്കാനും അതിന്റെ പ്രതിമയെ നമസ്കരിക്കാനും ഇടയാക്കിയ വ്യാജപ്രവാചകനെയും ആ മൃഗത്തെയും ബന്ധനസ്ഥരാക്കി എരിയുന്ന ഗന്ധകപ്പൊയ്കയിൽ ജീവനോടെ എറിഞ്ഞുകളഞ്ഞു.

  28. 5 അതിനുത്തരമായി, “നീ ജനത്തിനുമുമ്പായി നടക്കുക. ഇസ്രായേലിലെ ഏതാനും ഗോത്രത്തലവന്മാരെയും കൂടെ കൊണ്ടുപോകണം. നീ നൈൽനദിയെ അടിച്ച വടി കൈയിൽ എടുത്തുകൊള്ളണം. 6 അവിടെ ഹോരേബിലെ പാറമേൽ ഞാൻ നിന്റെ മുമ്പിൽ നിൽക്കും. നീ പാറയെ അടിക്കണം, അതിൽനിന്നു, ജനത്തിനു കുടിക്കാൻ വെള്ളം പുറപ്പെടും” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. മോശ ഇസ്രായേല്യ ഗോത്രത്തലവന്മാർ കാൺകെ അങ്ങനെ ചെയ്തു. 7 ഇസ്രായേല്യർ കലഹിക്കുകയും “യഹോവ ഞങ്ങളുടെ മധ്യേയുണ്ടോ ഇല്ലയോ?” എന്നു പറഞ്ഞുകൊണ്ട് യഹോവയെ പരീക്ഷിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹം ആ സ്ഥലത്തിന് മസ്സാ എന്നും മെരീബാ എന്നും പേരിട്ടു.

  29. 23 ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ പുരുഷന്മാരോ, ബന്ധിതരായി എരിയുന്ന തീച്ചൂളയുടെ നടുവിൽ വീണു.

    24 അപ്പോൾ നെബൂഖദ്നേസർ രാജാവ് പരിഭ്രമിച്ചു; അദ്ദേഹം പെട്ടെന്നു ചാടിയെഴുന്നേറ്റ് തന്റെ ഉപദേശകന്മാരോട്, “മൂന്നു പുരുഷന്മാരെയല്ലേ നാം ബന്ധിച്ച്, തീച്ചൂളയുടെ നടുവിലേക്ക് എറിഞ്ഞത്?” എന്നു ചോദിച്ചു.

    “അതേ, രാജാവേ,” എന്ന് അവർ മറുപടി നൽകി.

    25 “നോക്കുക, നാലു പുരുഷന്മാർ ഒരു കേടുംകൂടാതെ കെട്ടഴിഞ്ഞവരായി തീച്ചൂളയുടെ മധ്യത്തിൽ നടക്കുന്നതായി ഞാൻ കാണുന്നു; നാലാമത്തവന്റെ രൂപം ഒരു ദേവപുത്രന്റേതിനു തുല്യമായിരിക്കുന്നു,” എന്നു നെബൂഖദ്നേസർ പറഞ്ഞു.

    26 അപ്പോൾ നെബൂഖദ്നേസർ തീച്ചൂളയുടെ വാതിൽക്കൽ ചെന്ന് അത്യുച്ചത്തിൽ, “പരമോന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, പുറത്തുവരിക! ഇങ്ങോട്ടു വരിക!” എന്നു കൽപ്പിച്ചു.

    ശദ്രക്കും മേശക്കും അബേദ്നെഗോവും തീയുടെ നടുവിൽനിന്ന് പുറത്തുവന്നു. 27 അപ്പോൾ രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും രാജാവിന്റെ ഉപദേശകരും അവരുടെ ചുറ്റും ഒരുമിച്ചുകൂടി. ഈ പുരുഷന്മാരുടെ ശരീരത്തിന്മേൽ തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും അവരുടെ വസ്ത്രങ്ങൾ കേടുവരാതെയും തീയുടെ മണംപോലും അവരുടെ ശരീരത്തിനുണ്ടാകാതെയും ഇരുന്നതായി കണ്ടു.

    28 അപ്പോൾ നെബൂഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെടട്ടെ. രാജകൽപ്പന ലംഘിച്ച് തങ്ങളുടെ ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും സേവിക്കാതിരിക്കാൻവേണ്ടി സ്വന്തം ജീവൻ ഏൽപ്പിച്ചുകൊടുത്തവരും ആണല്ലോ. തന്നിൽ ശരണപ്പെട്ടവരായ തന്റെ ദാസന്മാരെ അവിടന്നു സ്വന്തം ദൂതനെ അയച്ച് വിടുവിച്ചല്ലോ. 29 അതിനാൽ ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തെ ദുഷിച്ച് എന്തെങ്കിലും സംസാരിക്കുന്ന ഏതുരാഷ്ട്രത്തിലുള്ള ഏതുജനതയായാലും ഭാഷക്കാരായാലും അവരെ കഷണംകഷണമായി ചീന്തിക്കളയുകയും അവരുടെ ഭവനങ്ങളെ കൽക്കൂമ്പാരമാക്കുകയും ചെയ്യുമെന്ന് ഞാൻ കൽപ്പന നൽകുന്നു. ഈ വിധത്തിൽ രക്ഷിക്കാൻ കഴിയുന്ന മറ്റൊരു ദേവനുമില്ല.”

  30. 14 അവർ മറ്റു ശിഷ്യന്മാരുടെ അടുത്തെത്തിയപ്പോൾ വലിയൊരു ജനസമൂഹം അവർക്കുചുറ്റും നിൽക്കുന്നതും വേദജ്ഞർ അവരോടു തർക്കിക്കുന്നതും കണ്ടു. 15 യേശുവിനെ കണ്ട ഉടനെ ജനങ്ങളെല്ലാം അദ്ഭുതാദരങ്ങളോടെ ഓടിച്ചെന്ന് അദ്ദേഹത്തെ അഭിവാദനംചെയ്തു.

    16 “എന്തിനെക്കുറിച്ചാണ് നിങ്ങൾ അവരോടു തർക്കിച്ചുകൊണ്ടിരിക്കുന്നത്?” യേശു ചോദിച്ചു.

    17 ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ: “ഗുരോ, ഒരു ദുരാത്മാവ് ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട എന്റെ മകനെ ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവന്നിരുന്നു. 18 അത് അവനിൽ ആവേശിക്കുമ്പോഴെല്ലാം അവനെ നിലത്തുവീഴ്ത്തും; അവന്റെ വായിൽനിന്ന് നുരയും പതയും വരികയും പല്ലുകടിക്കുകയും ശരീരം മരവിക്കുകയും ചെയ്യും. അതിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോട് അപേക്ഷിച്ചു; എന്നാൽ അവർക്കതു കഴിഞ്ഞില്ല” എന്നു പറഞ്ഞു.

    19 അപ്പോൾ യേശു, “അവിശ്വാസമുള്ള തലമുറയേ, ഞാൻ എത്രകാലം നിങ്ങളോടുകൂടെ വസിക്കും? എത്രകാലം നിങ്ങളെ വഹിക്കും? ബാലനെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു.

    20 അവർ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആ ആത്മാവ് ബാലനെ തള്ളിയിട്ടു. അവൻ നിലത്തു വീണുരുളുകയും വായിലൂടെ നുരയും പതയും വരികയും ചെയ്തു.

    21 യേശു ബാലന്റെ പിതാവിനോട്, “ഇവൻ ഇങ്ങനെ ആയിട്ട് എത്രനാളായി?” എന്നു ചോദിച്ചു.

    “കുട്ടിക്കാലംമുതൽതന്നെ. 22 ആ ദുരാത്മാവ് അവനെ കൊല്ലേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്കു കഴിയുമെങ്കിൽ ദയതോന്നി ഞങ്ങളെ സഹായിക്കണമേ,” എന്ന് അയാൾ മറുപടി പറഞ്ഞു.

    23 “ ‘അങ്ങേക്കു കഴിയുമെങ്കിൽ എന്നോ?’ വിശ്വസിക്കുന്നവനു സകലതും സാധ്യം,” യേശു പറഞ്ഞു.

    24 ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ” എന്നു നിലവിളിച്ചു പറഞ്ഞു.

    25 ജനങ്ങൾ കൂട്ടമായി അവിടേക്ക് ഓടിക്കൂടുന്നതു കണ്ടിട്ട് യേശു ദുരാത്മാവിനെ ശാസിച്ചുകൊണ്ട്, “ബധിരനും മൂകനുമായ ആത്മാവേ, അവനിൽനിന്ന് പുറത്തുപോകൂ, ഇനിയൊരിക്കലും അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു.

    26 ആത്മാവ് നിലവിളിച്ച് അവനെ നിലത്തു പിന്നെയും തള്ളിയിട്ട് ഉരുട്ടിയശേഷം അവനെ വിട്ടുപോയി. ബാലൻ ഒരു മൃതശരീരംപോലെ ആയിത്തീർന്നതുകൊണ്ട് “അവൻ മരിച്ചുപോയി” എന്നു പലരും പറഞ്ഞു. 27 യേശു അവനെ കൈക്കുപിടിച്ച് ഉയർത്തി, അവൻ എഴുന്നേറ്റുനിന്നു.

    28 യേശു വീട്ടിൽ എത്തിയപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തോട്, “ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” എന്നു രഹസ്യമായി ചോദിച്ചു.

    29 അതിന് യേശു, “പ്രാർഥനയാൽ മാത്രമല്ലാതെ ഈവക ഒഴിഞ്ഞുപോകുകയില്ല” എന്ന് ഉത്തരം പറഞ്ഞു.

  31. 1 ഒരു ദിവസം പത്രോസും യോഹന്നാനും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുള്ള പ്രാർഥനയുടെ സമയത്ത് ദൈവാലയത്തിലേക്കു പോകുകയായിരുന്നു. 2 ജന്മനാ മുടന്തനായിരുന്ന ഒരാളെ ദൈവാലയത്തിന്റെ സുന്ദരം എന്നു പേരുള്ള ഗോപുരവാതിലിനടുത്തേക്ക് ചിലർ എടുത്തുകൊണ്ടുവന്നു. ദൈവാലയത്തിൽ വരുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി അയാളെ ദിനംപ്രതി അവിടെ ഇരുത്തുക പതിവായിരുന്നു. 3 പത്രോസും യോഹന്നാനും ദൈവാലയത്തിലേക്കു പ്രവേശിക്കാൻ പോകുന്നതുകണ്ട് അയാൾ അവരോടു ഭിക്ഷ യാചിച്ചു. 4 പത്രോസ് യോഹന്നാനോടുകൂടെ നിന്ന് അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെനേരേ നോക്കൂ” എന്നു പറഞ്ഞു. 5 അവരുടെ പക്കൽനിന്ന് എന്തെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയോടെ അയാൾ അവരെ നോക്കി.

    6 അപ്പോൾ പത്രോസ്, “വെള്ളിയോ സ്വർണമോ എനിക്കില്ല; എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക” എന്നു പറഞ്ഞു. 7 അയാളെ വലതുകൈയിൽ പിടിച്ചെഴുന്നേൽപ്പിച്ചു, അപ്പോൾത്തന്നെ അയാളുടെ പാദങ്ങൾക്കും കണങ്കാലുകൾക്കും ബലം ലഭിച്ചു. 8 അയാൾ ചാടിയെഴുന്നേറ്റു നിന്നു; നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചുംകൊണ്ട് അവരോടൊപ്പം ദൈവാലയാങ്കണത്തിൽ പ്രവേശിച്ചു. 9 അയാൾ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു. 10 ദൈവാലയത്തിന്റെ സുന്ദരം എന്ന ഗോപുരകവാടത്തിൽ ഇരുന്ന യാചകനാണ് അയാൾ എന്ന് അവർ മനസ്സിലാക്കി. അയാൾക്കു സംഭവിച്ചതുകണ്ട് അവർ അത്ഭുതവും സംഭ്രമവും നിറഞ്ഞവരായി.

  32. 8 എന്നാൽ “എലീമാസ്,” എന്ന ആ മന്ത്രവാദി (ഗ്രീക്കുകാർക്കിടയിൽ അയാൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) അവരെ എതിർക്കുകയും ഭരണാധികാരിയെ വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. 9 അപ്പോൾ പൗലോസ് എന്നുകൂടെ പേരുള്ള ശൗൽ പരിശുദ്ധാത്മാവു നിറഞ്ഞവനായി എലീമാസിനെ ഉറ്റുനോക്കി ഇങ്ങനെ പറഞ്ഞു, 10 “പിശാചിന്റെ മകനേ, എല്ലാ നന്മയുടെയും ശത്രുവേ, സകലവിധ വഞ്ചനയും കൗശലവും നിന്നിൽ നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ നേർപാതകൾ വികലമാക്കുന്നതു നീ നിർത്തുകയില്ലേ? 11 ഇപ്പോഴിതാ, കർത്താവിന്റെ കരം നിനക്കു വിരോധമായിരിക്കുന്നു. കുറെക്കാലത്തേക്കു നീ അന്ധനായി, സൂര്യന്റെ പ്രകാശംപോലും കാണാൻ കഴിയാത്തവനായിരിക്കും.”

    ഉടൻതന്നെ ഇരുട്ടും ഒരു മൂടലും അയാളുടെ കണ്ണുകളെ ആവരണംചെയ്തു. ആരെങ്കിലും തന്നെ കൈപിടിച്ചു നടത്താൻ അപേക്ഷിച്ചുകൊണ്ട് അയാൾ തപ്പിത്തടഞ്ഞു. 12 ഈ സംഭവിച്ചതുകണ്ട് വിസ്മയഭരിതനായി ഭരണാധികാരി കർത്താവിന്റെ ഉപദേശത്തിൽ വിശ്വസിച്ചു.

  33. 6 അപ്പോൾ യഹോവ അവരുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവ ജനത്തെ കടിച്ചു, ഇസ്രായേൽമക്കളിൽ അനേകംപേർ മരിച്ചു. 7 ജനം മോശയുടെ അടുക്കൽവന്ന്, “ഞങ്ങൾ യഹോവയ്ക്കും താങ്കൾക്കും എതിരായി സംസാരിച്ചതിനാൽ ഞങ്ങൾ പാപംചെയ്തു. യഹോവ സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് അകറ്റേണ്ടതിനായി പ്രാർഥിക്കണമേ” എന്ന് അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ മോശ ജനത്തിനുവേണ്ടി പ്രാർഥിച്ചു.

    8 യഹോവ മോശയോട്, “ഒരു വിഷസർപ്പത്തെ ഉണ്ടാക്കി ഒരു കൊടിമരത്തിൽ ഉയർത്തുക. സർപ്പദംശനമേറ്റ ഏതൊരാളും അതിൽ നോക്കിയാൽ ജീവിക്കും” എന്ന് അരുളിച്ചെയ്തു. 9 അങ്ങനെ മോശ വെങ്കലംകൊണ്ട് ഒരു സർപ്പം ഉണ്ടാക്കി അതിനെ ഒരു കൊടിമരത്തിൽ ഉയർത്തിനിർത്തി. ഇതിനുശേഷം സർപ്പദംശനമേറ്റവർ വെങ്കലസർപ്പത്തെ നോക്കി; അവരെ മരണം കീഴടക്കിയില്ല.

  34. 3 അന്നുതന്നെ, ആ ദൈവപുരുഷൻ ഒരു ചിഹ്നവും നൽകി: “യഹോവ കൽപ്പിച്ചിരിക്കുന്ന ചിഹ്നം ഇതാണ്: ഈ യാഗപീഠം പൊട്ടിപ്പിളരുകയും ഇതിന്മേലുള്ള കൊഴുപ്പുനിറഞ്ഞ ചാരം തൂകിപ്പോകുകയും ചെയ്യും.”

    4 ബേഥേലിലെ യാഗപീഠത്തിനെതിരേ ദൈവപുരുഷൻ വിളിച്ചുപറഞ്ഞ വാക്കുകൾ യൊരോബെയാം കേട്ടപ്പോൾ അദ്ദേഹം യാഗപീഠത്തിൽനിന്ന് കൈചൂണ്ടിക്കൊണ്ട്: “അവനെ പിടിക്കുക!” എന്നു കൽപ്പിച്ചു. എന്നാൽ, ദൈവപുരുഷന്റെനേരേ രാജാവു നീട്ടിയകരം, മടക്കാൻ കഴിയാത്തവിധം മരവിച്ചു പോയി. 5 അപ്പോൾത്തന്നെ, യഹോവയുടെ വചനത്താൽ ദൈവപുരുഷൻ കൊടുത്ത അടയാളപ്രകാരം യാഗപീഠം പൊട്ടിപ്പിളർന്നു വേർപെടുകയും അതിന്മേലുള്ള കൊഴുപ്പുനിറഞ്ഞ ചാരം തൂകിപ്പോകുകയും ചെയ്തു.

    6 അപ്പോൾ, രാജാവ് ദൈവപുരുഷനോട്: “എന്റെ കൈ വീണ്ടും മടങ്ങാൻവേണ്ടി താങ്കളുടെ ദൈവമായ യഹോവയോടു മധ്യസ്ഥതചെയ്ത് എനിക്കുവേണ്ടി പ്രാർഥിക്കണേ!” എന്നപേക്ഷിച്ചു. ആ ദൈവപുരുഷൻ രാജാവിനുവേണ്ടി ദൈവത്തോടു മധ്യസ്ഥതവഹിച്ചു പ്രാർഥിച്ചു; രാജാവിന്റെ കൈ പൂർവസ്ഥിതിയിലായിത്തീർന്നു.

    7 രാജാവ് ദൈവപുരുഷനോട്: “എന്നോടുകൂടെ അരമനയിൽ വന്ന് എന്തെങ്കിലും ഭക്ഷിച്ചാലും! ഞാൻ അങ്ങേക്കൊരു സമ്മാനവും നൽകുന്നുണ്ട്” എന്നു പറഞ്ഞു.

  35. 14 യേശു പത്രോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ പത്രോസിന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരിക്കുന്നതു കണ്ടു. 15 യേശു അവളുടെ കൈയിൽ സ്പർശിച്ചു; അവളുടെ പനി സൗഖ്യമായി. അവൾ എഴുന്നേറ്റ് അദ്ദേഹത്തെ ശുശ്രൂഷിച്ചുതുടങ്ങി.

    16 സന്ധ്യയായപ്പോൾ, അനേകം ഭൂതബാധിതരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു കൽപ്പനയാൽ ഭൂതങ്ങളെ പുറത്താക്കുകയും രോഗബാധിതരായ എല്ലാവരെയും സൗഖ്യമാക്കുകയും ചെയ്തു.

    17 “ഞങ്ങളുടെ ബലഹീനതകൾ അവിടന്ന് വഹിച്ചു;

    ഞങ്ങളുടെ അസ്വാസ്ഥ്യങ്ങളെ അവിടന്ന് മാറ്റിത്തന്നു,”

    എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നതു നിറവേറാൻ ഇതു സംഭവിച്ചു.

  36. 16 ഇസ്രായേൽമക്കൾക്കു സമുദ്രത്തിന്റെ ഉണങ്ങിയ നിലത്തുകൂടി പോകാൻ സാധിക്കത്തക്കവണ്ണം നിന്റെ വടി ഉയർത്തി കടലിന്മേൽ കൈനീട്ടി വെള്ളത്തെ വിഭജിക്കുക. 17-18 ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കുകയും അവർ അവരുടെ പിന്നാലെ ചെല്ലുകയും ചെയ്യും. ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും രഥങ്ങളിലൂടെയും കുതിരപ്പടയിലൂടെയും ഞാൻ മഹത്ത്വം നേടുമ്പോൾ, ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.”

    19 ഇസ്രായേലിന്റെ സൈന്യത്തിനുമുമ്പിൽ സഞ്ചരിച്ചിരുന്ന ദൈവദൂതൻ അപ്പോൾ പിൻവാങ്ങി അവരുടെ പിന്നിൽ നടന്നു. മേഘസ്തംഭവും അവരുടെമുമ്പിൽനിന്ന് പിന്നിലേക്കു നീങ്ങി. 20 അത് ഈജിപ്റ്റിന്റെ സൈന്യത്തിനും ഇസ്രായേലിന്റെ സൈന്യത്തിനും ഇടയിൽവന്നു നിലകൊണ്ടു. രാത്രിമുഴുവൻ ഇസ്രായേല്യരുടെ സൈന്യവും ഈജിപ്റ്റുകാരുടെ സൈന്യവുംതമ്മിൽ അടുക്കാത്തവണ്ണം അത് അവരുടെ മധ്യേനിന്നു. ഈജിപ്റ്റുകാർക്ക് അതു മേഘവും അന്ധകാരവും ഇസ്രായേല്യർക്കു പ്രകാശവും ആയിരുന്നു.

    21 പിന്നെ മോശ കടലിന്മേൽ കൈനീട്ടി; യഹോവ അന്നു രാത്രിമുഴുവൻ ശക്തമായ ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു. കടൽ പിൻവാങ്ങി ഉണങ്ങിയ നിലം ആയിത്തീർന്നു; വെള്ളം വേർപിരിഞ്ഞു. 22 ഇസ്രായേല്യർ സമുദ്രത്തിൽ ഉണങ്ങിയ നിലത്തുകൂടി നടന്നു; വെള്ളം അവരുടെ വലത്തും ഇടത്തും മതിലായി നിന്നു.

    23 ഈജിപ്റ്റുകാർ അവരെ പിൻതുടർന്നു; ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരപ്പടയുമെല്ലാം അവരെ പിൻതുടർന്നു കടലിന്റെ നടുവിലേക്കു ചെന്നു. 24 പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് താഴേക്കു നോക്കി ഈജിപ്റ്റുസൈന്യത്തിനു വിഭ്രമം വരുത്തി. 25 അവിടന്ന് അവരുടെ രഥചക്രങ്ങൾ ഇടറിപ്പോകാൻ ഇടയാക്കിയതുകൊണ്ട് അവയ്ക്കു മുന്നോട്ടുപോകാൻ പ്രയാസമായി. “നമുക്ക് ഇസ്രായേല്യരെ വിട്ട് ഓടിപ്പോകാം, യഹോവ അവർക്കുവേണ്ടി ഈജിപ്റ്റിനെതിരേ യുദ്ധംചെയ്യുന്നു,” എന്ന് അവർ പറഞ്ഞു.

    26 അപ്പോൾ യഹോവ മോശയോട്, “വെള്ളം തിരിച്ചൊഴുകി ഈജിപ്റ്റുകാരെയും അവരുടെ തേരുകളും കുതിരപ്പടയും മൂടിക്കളയേണ്ടതിനു നീ കടലിന്മേൽ കൈനീട്ടുക” എന്നു കൽപ്പിച്ചു. 27 മോശ കടലിനുമീതേ കൈനീട്ടി. നേരം പുലർന്നപ്പോൾ സമുദ്രം പൂർവസ്ഥിതിയിലായി. ഈജിപ്റ്റുകാർ അതിനെതിരേ ഓടി. യഹോവ അവരെ കടലിലേക്കു തള്ളിയിട്ടു. 28 വെള്ളം തിരിച്ചൊഴുകി രഥങ്ങളെയും കുതിരപ്പടയെയും, ഇസ്രായേല്യരെ പിൻതുടർന്നു സമുദ്രത്തിലെത്തിയ ഫറവോന്റെ മുഴുവൻ സൈന്യത്തെയും മുക്കിക്കളഞ്ഞു. അവരിൽ ഒരുവനും ജീവനോടെ ശേഷിച്ചില്ല.

    29 എന്നാൽ ഇസ്രായേൽമക്കൾ സമുദ്രത്തിൽ, ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതിലായി നിലകൊണ്ടു. 30 ആ ദിവസം യഹോവ ഇസ്രായേലിനെ ഈജിപ്റ്റുകാരുടെ കൈകളിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നത് ഇസ്രായേല്യർ കണ്ടു. 31 മഹാശക്തിയുള്ള യഹോവയുടെ കരം ഈജിപ്റ്റുകാർക്കെതിരായി പ്രവർത്തിക്കുന്നത് ഇസ്രായേൽമക്കൾ കണ്ടപ്പോൾ, ജനം യഹോവയെ ഭയപ്പെട്ട് യഹോവയിലും അവിടത്തെ ദാസനായ മോശയിലും വിശ്വസിച്ചു.

  37. 6 അതിനുശേഷം, ഏലിയാവ് എലീശായോട്: “ഇവിടെ താമസിക്കുക; യഹോവ എന്നെ യോർദാനിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.

    “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല,” എന്ന് എലീശാ മറുപടി പറഞ്ഞു. അങ്ങനെ, അവരിരുവരും വീണ്ടും യാത്രയായി.

    7 ഏലിയാവും എലീശയും യോർദാന്നരികെ ചെന്നുനിന്ന സ്ഥലത്തിനഭിമുഖമായി അൽപ്പം ദൂരത്തിൽ പ്രവാചകഗണത്തിൽപ്പെട്ട അൻപതുപേർ നിന്നിരുന്നു. 8 ഏലിയാവ് തന്റെ മേലങ്കിയെടുത്തു നദിയിലെ വെള്ളത്തിന്മേൽ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി; അവരിരുവരും ഉണങ്ങിയ നിലത്തുകൂടി മറുകര കടന്നു.

    9 അവർ മറുകരയിലെത്തിയശേഷം ഏലിയാവ് എലീശയോട്: “നിന്റെ അടുക്കൽനിന്ന് എടുത്തുകൊള്ളപ്പെടുന്നതിനുമുമ്പ് നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യണം? ചോദിച്ചുകൊൾക” എന്നു പറഞ്ഞു.

    “അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് എനിക്ക് അവകാശമായി നൽകിയാലും” എന്ന് എലീശ മറുപടി നൽകി.

    10 “വളരെ ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്; എങ്കിലും ഞാൻ നിന്നിൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുമെങ്കിൽ നിനക്കതു ലഭിക്കും; അല്ലാത്തപക്ഷം ലഭിക്കുകയില്ല,” ഏലിയാവ് പറഞ്ഞു.

    11 അവർ സംസാരിച്ചുകൊണ്ടു നടന്നുപോകുമ്പോൾ, പെട്ടെന്ന്, ഒരു അഗ്നിരഥവും അവയെ തെളിക്കുന്ന അഗ്നിയശ്വങ്ങളും പ്രത്യക്ഷപ്പെട്ട് അവരെത്തമ്മിൽ വേർപെടുത്തി; ഏലിയാവ് ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. 12 എലീശ അതുകണ്ട്: “എന്റെ പിതാവേ! എന്റെ പിതാവേ; ഇസ്രായേലിന്റെ തേരും തേരാളികളുമേ” എന്നു നിലവിളിച്ചു. എലീശാ പിന്നെ ഏലിയാവിനെ കണ്ടില്ല. എലീശാ തന്റെ വസ്ത്രം ദുഃഖസൂചകമായി രണ്ടു കഷണമായി കീറിക്കളഞ്ഞു.

    13 പിന്നെ, ഏലിയാവിൽനിന്നു വീണ മേലങ്കിയുമായി എലീശാ മടങ്ങിവന്ന് യോർദാൻനദിയുടെ കരയിൽ നിന്നു. 14 അദ്ദേഹം ഏലിയാവിൽനിന്നു വീണ ആ മേലങ്കിയെടുത്തു വെള്ളത്തിന്മേൽ അടിച്ചു. “ഏലിയാവിന്റെ ദൈവമായ യഹോവ എവിടെ?” എന്നു ചോദിച്ചു. അപ്പോൾ, വെള്ളം രണ്ടുവശത്തേക്കും വേർപിരിഞ്ഞു; അദ്ദേഹം മറുകര കടക്കുകയും ചെയ്തു.

  38. 1 യേശു മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനസമൂഹം അദ്ദേഹത്തെ അനുഗമിച്ചു. 2 ഒരു കുഷ്ഠരോഗി അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നു പറഞ്ഞു.

    3 യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠം അവനെ വിട്ടുമാറി. 4 തുടർന്ന് യേശു അവനോട്, “നോക്കൂ, ഇത് ആരോടും പറയരുത്; എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുക” എന്നു പറഞ്ഞു.

  39. 13 ശിമോനും വിശ്വസിച്ചു സ്നാനമേറ്റു. അവിടെ നടന്ന ചിഹ്നങ്ങളും വീര്യപ്രവൃത്തികളും കണ്ടു വിസ്മയിച്ച അയാൾ ഫിലിപ്പൊസ് പോയ സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ അനുഗമിച്ചു.

  40. 10 “താങ്കൾ പോയി യോർദാനിൽ ഏഴുപ്രാവശ്യം മുങ്ങുക; അപ്പോൾ താങ്കളുടെ ശരീരം പഴയതുപോലെയായി, താങ്കൾ ശുദ്ധനായിത്തീരും,” എന്നു പറയാൻ എലീശാ ഒരു സന്ദേശവാഹകനെ അയച്ചു.

    11 പക്ഷേ, നയമാൻ കോപാകുലനായി അവിടെനിന്നു യാത്രയായി. “അദ്ദേഹം ഇറങ്ങിവന്ന് എന്റെ അടുക്കൽ നിൽക്കുമെന്നും, തന്റെ ദൈവമായ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുമെന്നും, കുഷ്ഠം ബാധിച്ച ശരീരഭാഗങ്ങൾക്കുമീതേ കൈവീശി എന്റെ കുഷ്ഠരോഗം സൗഖ്യമാക്കുമെന്നും ഞാൻ വിചാരിച്ചിരുന്നു. 12 ദമസ്കോസിലെ നദികളായ അബാനയും പർപ്പരും ഇസ്രായേലിലുള്ള ഏതു വെള്ളത്തെക്കാളും മെച്ചമായതല്ലേ? എനിക്ക് അവയിൽ കുളിച്ചു ശുദ്ധനായിക്കൂടേ?” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ക്രോധത്തോടെ അദ്ദേഹം സ്ഥലംവിട്ടു.

    13 നയമാന്റെ ഭൃത്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് അദ്ദേഹത്തോട്: “പിതാവേ, പ്രവാചകൻ വലിയൊരുകാര്യം ചെയ്യാൻ അങ്ങയോടു പറഞ്ഞിരുന്നെങ്കിൽ അങ്ങ് അതു ചെയ്യുമായിരുന്നില്ലേ? കുളിച്ചു ശുദ്ധനാകുക എന്ന് അദ്ദേഹം പറയുമ്പോൾ എത്രയധികം സന്തോഷപൂർവം അതു ചെയ്യേണ്ടതാണ്” എന്നു ചോദിച്ചു. 14 അതിനാൽ ദൈവപുരുഷൻ പറഞ്ഞതുപോലെ അദ്ദേഹം യോർദാനിൽ പോയി ഏഴുപ്രാവശ്യം മുങ്ങി. അദ്ദേഹത്തിന്റെ ശരീരം പൂർവസ്ഥിതിയിലായി; ഒരു ചെറുബാലന്റെ ശരീരംപോലെ അത് ഓജസ്സുള്ളതായി; രോഗവിമുക്തമായിത്തീർന്നു.

  41. 20 അവർ യേശുവിന്റെ അടുക്കൽവന്ന്, “ ‘വരാനുള്ള മശിഹാ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?’ എന്നു ചോദിക്കാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ അങ്ങയുടെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.

    21 ആ സമയത്തുതന്നെ യേശു, രോഗങ്ങളും പീഡകളും ദുരാത്മാക്കളും ബാധിച്ച അനേകരെ സൗഖ്യമാക്കുകയും അന്ധരായ അനേകർക്കു കാഴ്ച നൽകുകയും ചെയ്തു. 22 പിന്നെ യേശു ആ സന്ദേശവാഹകരോട്, “നിങ്ങൾ കാണുകയും കേൾക്കുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക: അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.

  42. 47 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ ഒരു ജനക്കൂട്ടം അവിടെ വന്നുചേർന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ആയിരുന്നു അവർക്കു വഴികാട്ടിയായി നടന്നിരുന്നത്. അയാൾ യേശുവിനെ ചുംബിക്കേണ്ടതിന് അദ്ദേഹത്തിന്റെ അടുത്തേക്കുചെന്നു. 48 എന്നാൽ യേശു അയാളോട്, “യൂദായേ, നീ ചുംബനം കൊണ്ടാണോ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്നു ചോദിച്ചു.

    49 എന്താണു സംഭവിക്കാൻ പോകുന്നതെന്നു യേശുവിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ഗ്രഹിച്ചിട്ട്, “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടണമോ?” എന്നു ചോദിച്ചു. 50 അവരിൽ ഒരാൾ മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു.

    51 “അരുത്, അത് പാടില്ല,” യേശു പറഞ്ഞു. പിന്നെ അദ്ദേഹം അവന്റെ കാതിൽ തൊട്ട് അവനെ സൗഖ്യമാക്കി.

  43. 1 യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. 2 ശിഷ്യന്മാർ ചോദിച്ചു: “റബ്ബീ, ആർ പാപംചെയ്തിട്ടാണ് ഇവൻ അന്ധനായി ജനിച്ചത്? ഇവനോ ഇവന്റെ മാതാപിതാക്കളോ?”

    3 മറുപടിയായി യേശു പറഞ്ഞു. “ഇവനോ ഇവന്റെ മാതാപിതാക്കളോ പാപംചെയ്തിട്ടല്ല; ഇവനിലൂടെ ദൈവത്തിന്റെ പ്രവൃത്തി പ്രത്യക്ഷമാകാനാണ്. 4 പകൽ ആയിരിക്കുന്നിടത്തോളം എന്നെ അയച്ചവന്റെ പ്രവർത്തനങ്ങൾ നാം തുടരേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കാൻ കഴിയാത്ത രാത്രി വരുന്നു. 5 ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശം ആകുന്നു.”

    6 ഇങ്ങനെ പറഞ്ഞശേഷം യേശു നിലത്തു തുപ്പി, ഉമിനീരുകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണുകളിൽ പുരട്ടി. 7 “നീ ചെന്നു ശീലോഹാം കുളത്തിൽ കഴുകുക,” എന്ന് അവനോടു പറഞ്ഞു. (ശീലോഹാം എന്ന വാക്കിന് അയയ്ക്കപ്പെട്ടവൻ എന്നർഥം.) അങ്ങനെ ആ മനുഷ്യൻ പോയി, കണ്ണു കഴുകി, കാഴ്ചയുള്ളവനായി മടങ്ങിയെത്തി.

  44. 23 യേശു യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും ജനങ്ങളുടെ എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തുകൊണ്ട് ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു. 24 അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത സിറിയ പ്രവിശ്യയിൽ എല്ലായിടത്തും പ്രചരിച്ചു. ജനം രോഗബാധിതരായ എല്ലാവരെയും അദ്ദേഹത്തിന്റെ സന്നിധിയിൽ കൊണ്ടുവന്നു; വിവിധ രോഗമുള്ളവർ, അതിവേദന അനുഭവിക്കുന്നവർ, ഭൂതബാധിതർ, അപസ്മാരരോഗികൾ, പക്ഷാഘാതമുള്ളവർ എന്നിവരെയെല്ലാം അദ്ദേഹം സൗഖ്യമാക്കുകയും ചെയ്തു. 25 ഗലീല, ദെക്കപ്പൊലി, ജെറുശലേം, യെഹൂദ്യാ, യോർദാന്റെ അക്കരെയുള്ള പ്രദേശം എന്നിവിടങ്ങളിൽനിന്ന് വലിയൊരു ജനക്കൂട്ടം യേശുവിനെ അനുഗമിച്ചു.

  45. 38 അപ്പോൾ പരീശന്മാരിലും വേദജ്ഞരിലും ചിലർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് ഒരു അത്ഭുതചിഹ്നം പ്രവർത്തിച്ചുകാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.

    39 യേശു അതിനുത്തരം പറഞ്ഞത്: “ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു! എന്നാൽ യോനാ പ്രവാചകന്റെ അനുഭവം എന്ന ചിഹ്നമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല. 40 യോനാ മൂന്നുപകലും മൂന്നുരാവും ഒരു മഹാമത്സ്യത്തിന്റെ വയറ്റിലായിരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നുപകലും മൂന്നുരാവും ഭൗമാന്തർഭാഗത്ത് ആയിരിക്കും. 41 ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ. 42 ന്യായവിധിദിവസത്തിൽ ശേബാ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ.

  46. 29 യേശു അവിടംവിട്ട് ഗലീലാതടാകതീരത്തുകൂടി സഞ്ചരിച്ച് ഒരു മലമുകളിൽ കയറി, അവിടെ ഇരുന്നു. 30 ഒരു വലിയ ജനക്കൂട്ടം; മുടന്തർ, അന്ധർ, വികലാംഗർ, ഊമകൾ എന്നിങ്ങനെ പലതരം രോഗികളെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കാൽക്കൽ കിടത്തി. യേശു അവർക്കെല്ലാം സൗഖ്യം നൽകി. 31 ഊമകൾ സംസാരിക്കുന്നതും വികലാംഗർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ചയുള്ളവരായിത്തീരുന്നതും കണ്ട് ജനം ആശ്ചര്യപ്പെട്ടു. അവർ ഇസ്രായേലിന്റെ ദൈവത്തെ പുകഴ്ത്തി.

  47. 16 സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യന്മാർ തടാകത്തിന്റെ തീരത്തേക്കിറങ്ങി. 17 അവർ ഒരു വള്ളത്തിൽ കയറി തടാകത്തിനക്കരെയുള്ള കഫാർനഹൂമിലേക്കു യാത്രതിരിച്ചു; അപ്പോൾ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. യേശു അവരുടെയടുക്കൽ എത്തിയിരുന്നതുമില്ല. 18 പെട്ടെന്ന് കൊടുങ്കാറ്റടിച്ചു തടാകം വളരെ ക്ഷോഭിച്ചു. 19 അവർ ഇരുപത്തഞ്ചോ മുപ്പതോ സ്റ്റേഡിയ തുഴഞ്ഞുകഴിഞ്ഞപ്പോൾ യേശു വെള്ളത്തിനുമീതേ നടന്ന് വള്ളത്തിനടുത്തേക്കു വരുന്നത് കണ്ടു; അവർ വളരെ ഭയപ്പെട്ടു. 20 യേശു അവരോടു പറഞ്ഞു, “ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.” 21 അപ്പോൾ അദ്ദേഹത്തെ വള്ളത്തിൽ കയറ്റാൻ അവർ സന്നദ്ധരായി; വള്ളം പെട്ടെന്ന് അവർക്ക് എത്തേണ്ട തീരത്ത് എത്തിച്ചേർന്നു.

  48. 32 ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച ദിവസംമുതൽ നിങ്ങളുടെ പൂർവകാലത്തും ആകാശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ എവിടെയെങ്കിലും ഇപ്രകാരം ഒരു വലിയ കാര്യം സംഭവിച്ചിട്ടുണ്ടോ? ഇപ്രകാരം എന്തെങ്കിലും എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നു നിങ്ങൾ അന്വേഷിക്കുക. 33 അഗ്നിയുടെ നടുവിൽനിന്ന് സംസാരിക്കുന്ന ദൈവത്തിന്റെ വചനം, നിങ്ങൾ കേട്ടതുപോലെ കേട്ടശേഷം, ജീവനോടിരിക്കുന്ന ഏതെങ്കിലും ഒരു ജനതയുണ്ടോ? 34 അല്ലെങ്കിൽ, നിങ്ങളുടെ ദൈവമായ യഹോവ ഈജിപ്റ്റിൽവെച്ചു നിങ്ങളുടെ കണ്ണുകൾക്ക് മുമ്പാകെ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ പരീക്ഷകൾ, ചിഹ്നങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, മഹാപ്രവൃത്തികൾ എന്നിവകൊണ്ട് ദൈവം ഏതെങ്കിലും ജനതയെ മറ്റൊരു ജനതയുടെ മധ്യത്തിൽനിന്ന് തനിക്കായി വേർതിരിച്ചെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ?

    35 എന്നാൽ നിങ്ങൾക്കോ, ഇതെല്ലാം കാണാൻ കഴിഞ്ഞു. യഹോവ ആകുന്നു ദൈവം എന്നും അവിടന്നല്ലാതെ മറ്റൊരു ദൈവവുമില്ല എന്നും നിങ്ങൾ അറിയേണ്ടതിനായിരുന്നു അതെല്ലാം. 36 നിങ്ങളെ ശിക്ഷണത്തിൽ നടത്തേണ്ടതിനു സ്വർഗത്തിൽനിന്ന് അവിടന്ന് തന്റെ വചനം നിങ്ങളെ കേൾപ്പിച്ചു. ഭൂമിയിൽ അവിടന്ന് തന്റെ മഹാഗ്നി കാണിച്ചു. നിങ്ങൾ അവിടത്തെ വചനം തീയുടെ നടുവിൽനിന്ന് ശ്രവിച്ചു.

  49. 19 ആ നഗരത്തിലെ ആളുകൾ എലീശയോട്: “നോക്കൂ, അങ്ങു കാണുന്നതുപോലെ ഈ നഗരത്തിന്റെ സ്ഥാനം മനോഹരംതന്നെ; എന്നാൽ, ഇതിലെ വെള്ളം മലിനവും ആ പ്രദേശം കൃഷിക്ക് ഉപയുക്തമല്ലാത്തതുമാണ്” എന്നു പറഞ്ഞു.

    20 “ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതിൽ ഉപ്പ് ഇടുക,” എന്ന് അദ്ദേഹം കൽപ്പിച്ചു. അവർ അപ്രകാരംതന്നെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.

    21 അദ്ദേഹം, നീരുറവിന്റെ അടുത്തുചെന്ന് അതിൽ ഉപ്പ് വിതറിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “ ‘ഇതാ, ഈ ജലം ഞാൻ ശുദ്ധമാക്കിയിരിക്കുന്നു; ഇനിമേൽ ഇതു മരണത്തിനോ മണ്ണിന്റെ ഫലശൂന്യതയ്ക്കോ കാരണമാകുകയില്ല,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” 22 എലീശാ പറഞ്ഞ വചനംപോലെ ആ ജലം ഇന്നും ശുദ്ധമായിത്തന്നെയിരിക്കുന്നു.

  50. 5 അവരിൽ ഒരുവൻ മരം വെട്ടിക്കൊണ്ടിരിക്കെ, കോടാലി ഊരി വെള്ളത്തിൽ വീണു. “അയ്യോ! യജമാനനേ, ഞാനതു വായ്പ വാങ്ങിയതായിരുന്നു!” എന്ന് അയാൾ നിലവിളിച്ചു.

    6 “അത് എവിടെയാണു വീണത്?” ദൈവപുരുഷൻ ചോദിച്ചു. അയാൾ അദ്ദേഹത്തെ ആ സ്ഥലം കാണിച്ചുകൊടുത്തപ്പോൾ എലീശാ ഒരു കമ്പുവെട്ടി അവിടേക്കെറിഞ്ഞു; കോടാലി പൊന്തിവന്നു. 7 “അതെടുത്തുകൊള്ളൂ,” എന്ന് അദ്ദേഹം ആജ്ഞാപിച്ചു. ആ മനുഷ്യൻ കൈനീട്ടി അതെടുത്തു.

  51. 18 ശത്രുക്കൾ എലീശയുടെ അടുത്തേക്കുവന്നപ്പോൾ, “യഹോവേ, ഈ സൈന്യത്തെ അന്ധരാക്കണമേ” എന്ന് എലീശാ പ്രാർഥിച്ചു. എലീശാ പ്രാർഥിച്ചതുപോലെ യഹോവ അവരെയെല്ലാം അന്ധരാക്കി.

    19 എലീശാ അവരോട്: “വഴി ഇതല്ല, നഗരവും ഇതല്ല, എന്റെകൂടെ വരിക. നിങ്ങൾ തെരയുന്ന മനുഷ്യന്റെ അടുത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്നു പറഞ്ഞു. അദ്ദേഹം അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി.

    20 അവർ നഗരത്തിലെത്തിയപ്പോൾ “യഹോവേ, ഇവർ കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കണേ!” എന്ന് എലീശാ പ്രാർഥിച്ചു. അപ്പോൾ യഹോവ അവരുടെ കണ്ണുതുറന്നു. തങ്ങൾ ശമര്യയുടെ നടുവിലാണെന്ന് അവർ കണ്ടു.

    21 ഇസ്രായേൽരാജാവ് അവരെ കണ്ടപ്പോൾ “എന്റെ പിതാവേ! ഞാൻ ഇവരെ വെട്ടിക്കളയട്ടെ? ഇവരെ വെട്ടിക്കളയട്ടെ?” എന്നു എലീശയോടു ചോദിച്ചു.

    22 “അവരെ കൊല്ലരുത്. നിന്റെ സ്വന്തവാളും വില്ലുംകൊണ്ട് കീഴ്പ്പെടുത്തിയ ആളുകളെ നീ കൊല്ലുമോ? അവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുത്തേക്കു മടങ്ങിപ്പോകുന്നതിന് അവർക്ക് അപ്പവും വെള്ളവും കൊടുക്കുക,” എന്ന് എലീശാ പറഞ്ഞു. 23 അങ്ങനെ അദ്ദേഹം അവർക്കുവേണ്ടി വലിയൊരു വിരുന്നൊരുക്കി. അവർ തിന്നുകുടിച്ചു തൃപ്തരായശേഷം അദ്ദേഹം അവരെ യാത്രയാക്കി. അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ മടങ്ങിപ്പോയി. അങ്ങനെ അരാമിൽനിന്നുള്ള സൈന്യസമൂഹം അതിൽപ്പിന്നെ ഇസ്രായേൽദേശത്തേക്കു വരാതായി.

  52. 20 എലീശാ മരിച്ച് അടക്കപ്പെട്ടു.

    മോവാബ്യരുടെ കവർച്ചപ്പട വർഷംതോറും വസന്തകാലത്ത് ദേശത്തു വരിക പതിവായിരുന്നു. 21 ഒരിക്കൽ ഏതാനും ഇസ്രായേല്യർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ പെട്ടെന്ന് അവർ ഒരു കവർച്ചക്കൂട്ടത്തെ കണ്ടു; അവർ ആ മനുഷ്യന്റെ ജഡം എലീശയുടെ ശവക്കുഴിയിൽ ഇട്ടു. ആ മൃതശരീരം എലീശയുടെ അസ്ഥികളെ സ്പർശിച്ചപ്പോൾത്തന്നെ ആ മനുഷ്യൻ പുനർജീവിച്ചു; അയാൾ സ്വന്തം കാലിൽ എഴുന്നേറ്റുനിന്നു.

  53. 36 ജനക്കൂട്ടത്തെ വിട്ട് അവർ ഇരുന്ന വള്ളത്തിൽത്തന്നെ അദ്ദേഹത്തെ അക്കരയ്ക്ക് കൊണ്ടുപോയി. മറ്റു വള്ളങ്ങളും ഒപ്പം ഉണ്ടായിരുന്നു. 37 അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി; അതു മുങ്ങാറായി. 38 യേശു അമരത്തു തലയിണവെച്ച് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അദ്ദേഹത്തെ ഉണർത്തിയിട്ട്, “ഗുരോ, ഞങ്ങൾ മുങ്ങിമരിക്കുന്നതിൽ അങ്ങേക്കു വിചാരം ഇല്ലേ?” എന്നു ചോദിച്ചു.

    39 അദ്ദേഹം എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, തിരകളോട്: “അടങ്ങുക, ശാന്തമാകുക” എന്നു കൽപ്പിച്ചു. അപ്പോൾ കാറ്റു നിലച്ചു! എല്ലാം പ്രശാന്തമായി!

    40 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലേ?” എന്നു ചോദിച്ചു.

    41 അവർ വളരെ ഭയവിഹ്വലരായി. “ഇദ്ദേഹം ആരാണ്? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പരസ്പരം പറഞ്ഞു.

  54. 2 അദ്ദേഹം രാത്രിയിൽ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു, “റബ്ബീ, അങ്ങു ദൈവത്തിന്റെ അടുക്കൽനിന്ന് വന്ന ഒരു ആചാര്യനാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ദൈവം കൂടെയില്ലെങ്കിൽ അങ്ങു ചെയ്യുന്ന ഈ ചിഹ്നങ്ങൾ ചെയ്യാൻ ആർക്കും സാധ്യമല്ല.”

  55. 15 പത്രോസ് കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ നിഴലെങ്കിലും പതിക്കേണ്ടതിന് രോഗികളെ വീഥികളിൽ കൊണ്ടുവന്ന് കിടക്കകളിലും പായകളിലും കിടത്തുന്നിടത്തോളം ജനങ്ങളുടെ വിശ്വാസം വർധിച്ചു. 16 ജെറുശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നുപോലും ജനങ്ങൾ അവരുടെ രോഗികളെയും ദുരാത്മാബാധിതരെയും കൂട്ടിക്കൊണ്ടുവന്നു. അവർക്കെല്ലാം സൗഖ്യം ലഭിച്ചു.

  56. 28 ഇതിനുശേഷം മോശ പറഞ്ഞത്, “ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ യഹോവ എന്നെ അയച്ചു എന്നും ഞാൻ സ്വയമായി ഒന്നും ചെയ്തിട്ടില്ല എന്നും നിങ്ങൾ അറിയുന്നത് ഇപ്രകാരമായിരിക്കും: 29 എല്ലാ മനുഷ്യർക്കും സംഭവിക്കുന്നതുപോലെ ഇവർക്കു സംഭവിക്കുകയും ഇവർ സ്വാഭാവികമരണം അനുഭവിക്കുകയും ചെയ്യുന്നെങ്കിൽ യഹോവ എന്നെ അയച്ചിട്ടില്ല. 30 എന്നാൽ യഹോവ ഒരു അപൂർവകാര്യം ചെയ്ത്, ഭൂമി വായ്‌പിളർന്ന് അവർക്കുള്ള സകലത്തോടുംകൂടെ അവരെ വിഴുങ്ങി, അവർ ജീവനോടെ പാതാളത്തിലേക്കു പോയാൽ, ഈ പുരുഷന്മാർ യഹോവയോടു ധിക്കാരമായി പെരുമാറി എന്നു നിങ്ങൾ അറിയും.”

    31 മോശ ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ അവരുടെകീഴേയുള്ള ഭൂമി പിളർന്നുമാറി. 32 ഭൂമി വായ്‌പിളർന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിന്റെ സകല അനുയായികളെയും അവരുടെ സർവ സമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. 33 അവർ തങ്ങൾക്കുണ്ടായിരുന്ന സകലത്തോടുംകൂടെ ജീവനോടെ പാതാളത്തിലേക്കു താണുപോയി; ഭൂമി അവർക്കുമീതേ അടഞ്ഞു. സഭാമധ്യേനിന്നും അവർ നശിച്ചുപോയി. 34 അവരുടെ നിലവിളികേട്ട്, “ഭൂമി ഞങ്ങളെയും വിഴുങ്ങരുതേ” എന്നു പറഞ്ഞ്, ചുറ്റുംനിന്ന ഇസ്രായേല്യർ മുഴുവനും ഓടിപ്പോയി.

    35 യഹോവയിൽനിന്ന് അഗ്നി പുറപ്പെട്ടു. ധൂപം കാട്ടിയ 250 പുരുഷന്മാരെയും ദഹിപ്പിച്ചു.

  57. 7 യഹോവ മോശയോട് അരുളിച്ചെയ്തു: 8 “വടി എടുക്കുക, എന്നിട്ട് നീയും നിന്റെ സഹോദരൻ അഹരോനുംകൂടി സഭയെ വിളിച്ചുകൂട്ടുക. അവരുടെ കണ്മുമ്പിൽവെച്ച് പാറയോടു കൽപ്പിക്കുക, അപ്പോൾ അതിൽനിന്ന് വെള്ളം പുറപ്പെടും. ജനത്തിന് പാറയിൽനിന്ന് നീ വെള്ളം പുറപ്പെടുവിക്കും; അങ്ങനെ അവരും അവരുടെ കന്നുകാലികളും കുടിക്കും.”

    9 അങ്ങനെ മോശ, യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ അവിടത്തെ സന്നിധിയിൽനിന്ന് വടി എടുത്തു. 10 തുടർന്ന് അദ്ദേഹവും അഹരോനുംകൂടി സഭയെ പാറയുടെമുമ്പിൽ വിളിച്ചുകൂട്ടി. മോശ അവരോടു പറഞ്ഞു: “മത്സരിക്കുന്നവരേ, ശ്രദ്ധിക്കുക, ഞങ്ങൾ ഈ പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം പുറപ്പെടുവിക്കട്ടെ?” 11 ഇതിനുശേഷം മോശ കൈ ഉയർത്തി തന്റെ വടികൊണ്ട് പാറയെ രണ്ടുതവണ അടിച്ചു. വെള്ളം പ്രവഹിച്ചു. ജനവും അവരുടെ കന്നുകാലികളും മതിയാകുവോളം കുടിച്ചു.

  58. 13 സർവഭൂമിക്കും നാഥനായ യഹോവയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാരുടെ പാദം യോർദാൻനദിയിൽ സ്പർശിക്കുന്നയുടൻതന്നെ യോർദാനിലെ വെള്ളത്തിന്റെ ഒഴുക്കുനിന്നിട്ട് ഒരുവശത്ത് ഒരു ചിറപോലെ നിൽക്കും.”

    14 അങ്ങനെ ജനം യോർദാനക്കരെ കടക്കാൻ പാളയത്തിൽനിന്ന് പുറപ്പെട്ടു. ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിനുമുമ്പായി നടന്നു. 15 കൊയ്ത്തുകാലമൊക്കെയും യോർദാനിൽ വെള്ളം കരകവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കും. എന്നിട്ടും പേടകം ചുമന്ന പുരോഹിതന്മാർ യോർദാനിൽ എത്തി അവരുടെ പാദം വെള്ളത്തിന്റെ വക്കത്തു സ്പർശിച്ചപ്പോൾത്തന്നെ, 16 മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു; സാരേഥാനു സമീപമുള്ള ആദാം പട്ടണത്തിന്നരികെവരെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി. അരാബയിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം മുഴുവനും വറ്റിപ്പോയി. ജനം യെരീഹോവിനുനേരേ അക്കരെ കടന്നു. 17 ജനമെല്ലാം കടന്നുപോകുന്നതുവരെ യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാർ യോർദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു; ഇസ്രായേല്യർ മുഴുവനും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.

  59. 13 ഏലിയാവ് അവളോട്: “പേടിക്കേണ്ടാ; വീട്ടിൽപോയി ഞാൻ പറഞ്ഞതുപോലെ ചെയ്യുക. ആദ്യം അതിൽനിന്നും ഒരു ചെറിയ അപ്പം എനിക്കുവേണ്ടി ഉണ്ടാക്കി കൊണ്ടുവരിക. പിന്നെ, നിനക്കും നിന്റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക. 14 ‘യഹോവ ഭൂതലത്തിൽ മഴ പെയ്യിക്കുന്ന ദിവസംവരെ ഭരണിയിലെ മാവു തീരുകയില്ല; കുപ്പിയിലെ എണ്ണ വറ്റിപ്പോകുകയുമില്ല,’ എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.

    15 ആ വിധവ പോയി ഏലിയാവു നിർദേശിച്ചതുപോലെ ചെയ്തു. അങ്ങനെ, ഏലിയാവും ആ വിധവയും അവളുടെ കുടുംബവും അനേകനാൾ ഭക്ഷണം കഴിച്ചുപോന്നു. 16 യഹോവ ഏലിയാവിലൂടെ അരുളിച്ചെയ്ത വചനപ്രകാരം വിധവയുടെ മാവുഭരണി ശൂന്യമായില്ല, എണ്ണക്കുപ്പി വറ്റിയതുമില്ല.

  60. 20 അങ്ങനെ, ആഹാബ് ഇസ്രായേലിലെല്ലാം കൽപ്പന പുറപ്പെടുവിച്ചു. സകലപ്രവാചകന്മാരെയും കർമേൽമലയിൽ സമ്മേളിപ്പിച്ചു. 21 ഏലിയാവു ജനാവലിയുടെമുമ്പാകെ ചെന്നു ചോദിച്ചു: “നിങ്ങൾ എത്രകാലം ഇങ്ങനെ രണ്ട് ഊന്നുവടിയിലുമായി മുടന്തിനീങ്ങും? യഹോവ ആകുന്നു ദൈവം എങ്കിൽ അവിടത്തെ സേവിക്കുക! അല്ല, ബാലാണു ദൈവമെങ്കിൽ അവനെ സേവിക്കുക” എന്നു പറഞ്ഞു.

    എന്നാൽ, ജനം മറുപടിയായി ഒരു വാക്കുപോലും പറഞ്ഞില്ല.

    22 അപ്പോൾ, ഏലിയാവു വീണ്ടും ജനത്തോടു പറഞ്ഞു: “യഹോവയുടെ പ്രവാചകന്മാരിൽ ഞാൻ; അതേ, ഞാൻ ഒരുവൻമാത്രം ശേഷിച്ചിരിക്കുന്നു; എന്നാൽ, ബാലിന്റെ പ്രവാചകന്മാർ നാനൂറ്റിയമ്പതു പേരുണ്ടല്ലോ! 23 ഞങ്ങൾക്കു രണ്ടു കാളകളെ തരിക; അവയിൽ ഒന്നിനെ അവർതന്നെ തെരഞ്ഞെടുത്ത് വെട്ടിനുറുക്കി വിറകിനുമീതേ വെക്കട്ടെ; പക്ഷേ, തീകൊളുത്തരുത്. മറ്റേ കാളയെ ഞാനും തയ്യാറാക്കി വിറകിനുമീതേ വെച്ചു തീകൊളുത്താതെയിരിക്കാം. 24 പിന്നെ, നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തിൽ പ്രാർഥിക്കുക; ഞാനോ യഹോവയുടെ നാമത്തിൽ പ്രാർഥിക്കാം. അഗ്നി അയച്ച് ഉത്തരംനൽകുന്ന ദൈവംതന്നെ യഥാർഥ ദൈവമെന്ന് നമുക്ക് തീരുമാനിക്കാം.”

    “അങ്ങു പറഞ്ഞതു നല്ല കാര്യം,” എന്നു സകലജനവും മറുപടി പറഞ്ഞു.

    25 ഏലിയാവു ബാലിന്റെ പ്രവാചകന്മാരോടു പറഞ്ഞു: “നിങ്ങൾ അനേകംപേരുണ്ടല്ലോ, അതുകൊണ്ട് കാളകളിൽ ഒന്നിനെ നിങ്ങൾതന്നെ ആദ്യം തെരഞ്ഞെടുത്ത് തയ്യാറാക്കുക! എന്നിട്ട്, നിങ്ങളുടെ ദേവന്റെ നാമം വിളിച്ചു പ്രാർഥിക്കുക! എന്നാൽ, അതിനു തീകൊളുത്തരുത്.” 26 അങ്ങനെ, ബാലിന്റെ പ്രവാചകർ തങ്ങൾക്കു ലഭിച്ച കാളയെ ഒരുക്കി.

    “ബാലേ, ഞങ്ങൾക്ക് ഉത്തരമരുളണമേ!” എന്ന് അവർ പ്രഭാതംമുതൽ മധ്യാഹ്നംവരെ ബാലിന്റെ നാമം വിളിച്ചു പ്രാർഥിച്ചു. എന്നാൽ, യാതൊരു പ്രതികരണവും ഉണ്ടായില്ല; ആരുടെയും ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. അവർ, തങ്ങൾ നിർമിച്ച ബലിപീഠത്തിനുചുറ്റും തുള്ളിച്ചാടിക്കൊണ്ടിരുന്നു.

    27 മധ്യാഹ്നമായപ്പോൾ ഏലിയാവ് അവരെ പരിഹസിച്ചു: “നിങ്ങൾ കൂടുതൽ ഉച്ചത്തിൽ വിളിക്കുക, അവനൊരു ദേവനല്ലേ? ഒരുപക്ഷേ, അവൻ പകൽക്കിനാവു കാണുകയായിരിക്കാം; അല്ലെങ്കിൽ വിസർജനത്തിനു പോയിരിക്കാം; അല്ലെങ്കിൽ യാത്രയിലായിരിക്കാം. ഒരുപക്ഷേ, ഉറങ്ങുകയാണെന്നും വരാം; എങ്കിൽ, അവനെ ഉണർത്തണം.” 28 അവർ അത്യുച്ചത്തിൽ ആർത്തുവിളിച്ചു. തങ്ങളുടെ ആചാരപ്രകാരം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു രക്തമൊഴുക്കി. 29 മധ്യാഹ്നം കഴിഞ്ഞു: സായാഹ്നബലിയുടെ സമയംവരെയും അവർ ഉന്മാദാവസ്ഥയിൽ ജല്പനം തുടർന്നുകൊണ്ടിരുന്നു. എന്നാൽ, യാതൊരു പ്രതികരണവും ഉണ്ടായില്ല; ആരും ഉത്തരം നൽകിയില്ല; അവരുടെ വാക്കുകൾ കേൾക്കാൻ ആരും ഉണ്ടായതുമില്ല.

    30 പിന്നെ, ഏലിയാവ്: “ഇവിടെ, എന്റെ അടുത്തുവരിക” എന്നു ജനത്തോടു പറഞ്ഞു. അവർ അദ്ദേഹത്തിന്റെ അടുക്കലേക്കു നീങ്ങി. ഇതിനിടയിൽ, തകർക്കപ്പെട്ടുകിടന്നിരുന്ന യഹോവയുടെ യാഗപീഠം അദ്ദേഹം പുനർനിർമിച്ചു. 31 “നിന്റെ നാമം ഇസ്രായേൽ എന്നായിരിക്കും” എന്ന് യഹോവയുടെ വാഗ്ദാനം ലഭിച്ച യാക്കോബിന്റെ പിൻഗാമികളായ പുത്രന്മാരിൽനിന്ന് ഉത്ഭവിച്ച ഓരോ ഗോത്രത്തിനും ഓരോ കല്ല് എന്ന പ്രകാരം ഏലിയാവ് പന്ത്രണ്ടു കല്ലെടുത്തു. 32 ആ കല്ലുകൾകൊണ്ട് അദ്ദേഹം യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം നിർമിച്ചു. അതിനുചുറ്റും രണ്ടുസേയാ വിത്ത് ഉൾക്കൊള്ളുന്ന വിസ്തൃതിയിൽ ഒരു കിടങ്ങും നിർമിച്ചു. 33 അദ്ദേഹം യാഗപീഠത്തിൽ വിറകു നിരത്തി; കാളയെ കഷണങ്ങളാക്കി വിറകിനുമീതേ വെച്ചു. പിന്നെ, അദ്ദേഹം അവരോട്: “നാലു വലിയ തൊട്ടി നിറയെ വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കുക” എന്നു പറഞ്ഞു.

    34 “വീണ്ടും അങ്ങനെ ചെയ്യുക,” എന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു; അവർ വീണ്ടും അപ്രകാരംതന്നെ ചെയ്തു.

    “മൂന്നാമതും അങ്ങനെതന്നെ ചെയ്യുക,” എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവർ മൂന്നാമതും അപ്രകാരംചെയ്തു. 35 വെള്ളം യാഗപീഠത്തിനുചുറ്റും ഒഴുകി കിടങ്ങിൽ നിറഞ്ഞുനിന്നു.

    36 യാഗാർപ്പണത്തിനു സമയമായപ്പോൾ പ്രവാചകനായ ഏലിയാവ് യാഗപീഠത്തിനടുത്തേക്കു ചെന്ന്: “അബ്രാഹാം, യിസ്ഹാക്ക്, ഇസ്രായേൽ എന്നിവരുടെ ദൈവമായ യഹോവേ! ഇസ്രായേലിൽ അവിടന്നുമാത്രം ദൈവമെന്നും, അടിയൻ അവിടത്തെ ദാസനെന്നും, അവിടത്തെ കൽപ്പനയനുസരിച്ചാണ് അടിയൻ ഇതൊക്കെയും പ്രവർത്തിച്ചതെന്നും ഇന്നത്തെ ദിവസം വെളിപ്പെടുമാറാകട്ടെ! 37 യഹോവേ, അടിയന് ഉത്തരമരുളണമേ! യഹോവയായ അവിടന്നാണ് ദൈവമെന്നും അവിടന്ന് അവരുടെ ഹൃദയം വീണ്ടും അങ്ങയിലേക്കു തിരിക്കുന്നെന്നും ഈ ജനം അറിയേണ്ടതിന് എനിക്കുത്തരമരുളണമേ” എന്നു പ്രാർഥിച്ചു.

    38 അപ്പോൾ, യഹോവയുടെ അഗ്നി ആകാശത്തുനിന്നിറങ്ങി യാഗവസ്തുവും വിറകും യാഗപീഠത്തിന്റെ കല്ലുകളും മണ്ണും ദഹിപ്പിച്ചുകളഞ്ഞു. ചുറ്റുമുള്ള കിടങ്ങിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.

    39 സകലജനവും ഇതു കണ്ടപ്പോൾ സാഷ്ടാംഗം വീണ്: “യഹോവയാകുന്നു ദൈവം! യഹോവയാകുന്നു ദൈവം!” എന്നു വിളിച്ചുപറഞ്ഞു.

    40 അപ്പോൾ, ഏലിയാവ് ജനത്തോടു: “ബാലിന്റെ പ്രവാചകന്മാരെ പിടിക്കുക! അവരിൽ ഒരുത്തരും രക്ഷപ്പെടരുത്!” എന്ന് ആജ്ഞാപിച്ചു. ജനം അവരെ പിടികൂടി. ഏലിയാവ് അവരെ കീശോൻ അരുവിക്കരികെ കൊണ്ടുവന്ന് അവിടെവെച്ചു വധിച്ചുകളഞ്ഞു.

  61. 9 പിന്നെ, രാജാവു ഏലിയാവിനെ പിടിച്ചുകൊണ്ടുവരുന്നതിന് അൻപതു പടയാളികളെയും അവരുടെ അധിപനെയും അയച്ചു. ഒരു മലമുകളിൽ ഇരുന്നിരുന്ന ഏലിയാവിന്റെ അടുക്കൽ ആ സേനാധിപൻ വന്നു: “ദൈവപുരുഷാ, ‘ഇറങ്ങിവരൂ!’ രാജാവ് ആജ്ഞാപിക്കുന്നു” എന്നു പറഞ്ഞു.

    10 ഏലിയാവ് ആ സേനാധിപനോട്: “ഞാൻ ദൈവപുരുഷനെങ്കിൽ, ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളയട്ടെ!” എന്നു പറഞ്ഞു. ഉടൻതന്നെ, ആകാശത്തിൽനിന്നും അഗ്നിയിറങ്ങി സൈന്യാധിപനെയും അദ്ദേഹത്തിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളഞ്ഞു.

    11 രാജാവ് വീണ്ടും മറ്റൊരു സൈന്യാധിപനെയും അദ്ദേഹത്തോടൊപ്പം അൻപതു പടയാളികളെയും അയച്ചു. സൈന്യാധിപൻ ഏലിയാവിനോട്: “ദൈവപുരുഷാ, ഇതു രാജാവിന്റെ കൽപ്പനയാണ്; വേഗം ഇറങ്ങിവരൂ!” എന്നു പറഞ്ഞു.

    12 “ഞാൻ ഒരു ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളയട്ടെ!” എന്ന് ഏലിയാവ് അവരോടു പറഞ്ഞു. ഉടനെ, യഹോവയുടെ അഗ്നി ആകാശത്തുനിന്ന് ഇറങ്ങി സൈന്യാധിപനെയും അദ്ദേഹത്തിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളഞ്ഞു.

  62. 9 യെശയ്യാവു മറുപടികൊടുത്തു: “യഹോവ വാഗ്ദാനംചെയ്തത് അവിടന്നു നിറവേറ്റും. ഇതുതന്നെയാണ് യഹോവ അങ്ങേക്കു നൽകുന്ന ചിഹ്നം: പറയൂ, നിഴൽ പത്തുചുവടു മുമ്പോട്ടു പോകണമോ അഥവാ, പത്തുചുവടു പിമ്പോട്ടു പോകണമോ?”

    10 ഹിസ്കിയാവു പറഞ്ഞു: “നിഴൽ പത്തുചുവടു മുമ്പോട്ടു പോകുന്നത് പ്രയാസമില്ലാത്ത കാര്യം. അതുകൊണ്ട് നിഴൽ പത്തുചുവടു പിമ്പോട്ടു പോകട്ടെ.”

    11 പിന്നെ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു. യഹോവ ആഹാസിന്റെ സൂര്യഘടികാരത്തിൽ മുമ്പോട്ടുപോയിരുന്ന നിഴലിനെ പത്തുചുവട് പിന്നോട്ടു നയിച്ചു.

  63. 20 തുടർന്ന്, യേശു തന്റെ അത്ഭുതങ്ങളിൽ അധികവും പ്രവർത്തിച്ച പട്ടണങ്ങൾ മാനസാന്തരപ്പെടാതിരുന്നതുകൊണ്ട് അവയെ ശാസിക്കാൻ തുടങ്ങി: 21 “ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു. 22 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധിദിവസത്തിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും. 23 കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. നിന്നിൽ നടന്ന അത്ഭുതങ്ങൾ സൊദോമിൽ ആയിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു. 24 ന്യായവിധിദിവസത്തിൽ സൊദോം നിവാസികൾക്കുണ്ടായ അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

  64. 22 അവർ ബേത്ത്സയിദയിൽ എത്തി. അന്ധനായ ഒരാളെ ചിലർ കൊണ്ടുവന്ന് അയാളെ തൊടണമെന്ന് യേശുവിനോട് അപേക്ഷിച്ചു. 23 യേശു അന്ധന്റെ കൈക്കുപിടിച്ചു, ഗ്രാമത്തിനു പുറത്തുകൊണ്ടുപോയി. അദ്ദേഹം അയാളുടെ കണ്ണുകളിൽ തുപ്പി, തന്റെ കൈകൾ അയാളുടെമേൽ വെച്ചുകൊണ്ട് അയാളോട്, “നീ എന്തെങ്കിലും കാണുന്നുണ്ടോ?” എന്നു ചോദിച്ചു.

    24 അയാൾ ചുറ്റും നോക്കിയിട്ട്, “ഞാൻ മനുഷ്യരെ കാണുന്നുണ്ട്. പക്ഷേ, വ്യക്തമായിട്ടല്ല, അവർ നടക്കുന്ന മരങ്ങളെപ്പോലെയാണ് കാണപ്പെടുന്നത്” എന്നു പറഞ്ഞു.

    25 യേശു വീണ്ടും അയാളുടെ കണ്ണുകളിൽ കൈകൾ വെച്ചു. അപ്പോൾ അയാളുടെ കണ്ണുകൾ തുറന്നു. അയാൾക്കു കാഴ്ച തിരിച്ചു കിട്ടി. അയാൾ സകലതും വ്യക്തമായി കണ്ടു. 26 “ഗ്രാമത്തിനുള്ളിൽ പോകരുത്” എന്നു പറഞ്ഞ് യേശു അയാളെ നേരേ വീട്ടിലേക്കയച്ചു.

  65. 11 ഈ സംഭവത്തിനുശേഷം അധികം താമസിക്കാതെ യേശു നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ; ശിഷ്യന്മാരും വലിയൊരു ജനസഞ്ചയവും അദ്ദേഹത്തെ അനുഗമിച്ചു. 12 യേശു പട്ടണകവാടത്തോടടുത്തപ്പോൾ അതാ, മരിച്ചുപോയ ഒരാളെ പട്ടണത്തിനുപുറത്തേക്കു കൊണ്ടുവരുന്നു. അയാൾ തന്റെ അമ്മയുടെ ഏകപുത്രൻ; അവൾ വിധവയുമായിരുന്നു. പട്ടണത്തിൽനിന്ന് വലിയൊരു ജനക്കൂട്ടം അവളോടുകൂടെ ഉണ്ടായിരുന്നു. 13 അവളെ കണ്ടപ്പോൾ കർത്താവിന്റെ മനസ്സലിഞ്ഞു. അവിടന്ന് അവളോട്, “കരയേണ്ടാ” എന്നു പറഞ്ഞു.

    14 യേശു അടുത്തുചെന്ന് ശവമഞ്ചം തൊട്ടപ്പോൾ, അത് ചുമന്നുകൊണ്ട് പോകുകയായിരുന്നവർ അവിടെ നിന്നു. അദ്ദേഹം, “യുവാവേ, ഞാൻ നിന്നോടു കൽപ്പിക്കുകയാണ് ‘എഴുന്നേൽക്കുക’ ” എന്നു പറഞ്ഞു. 15 അപ്പോൾ മരിച്ചവൻ എഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി. യേശു അവനെ അവന്റെ അമ്മയ്ക്ക് തിരികെ നൽകി.

    16 ജനമെല്ലാം ഭയപരവശരായി; ദൈവത്തെ പുകഴ്ത്തി. “ഒരു വലിയ പ്രവാചകൻ നമ്മുടെ മധ്യേ വന്നിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു,” എന്ന് അവർ പറഞ്ഞു.

  66. 12 സൂര്യാസ്തമയം അടുത്തപ്പോൾ പന്ത്രണ്ട് അപ്പൊസ്തലന്മാർ അടുത്തുവന്ന് അദ്ദേഹത്തോട്, “നാം ഇവിടെ ഒരു വിജനസ്ഥലത്താണല്ലോ, അതുകൊണ്ട് ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും ചെന്നു ഭക്ഷണവും താമസസൗകര്യവും കണ്ടെത്താൻ ജനത്തെ പറഞ്ഞയ്ക്കണം” എന്നു പറഞ്ഞു.

    13 എന്നാൽ യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു.

    “ഈ ജനക്കൂട്ടത്തിനു വേണ്ടുന്ന ഭക്ഷണം മുഴുവൻ ഞങ്ങൾ പോയി വാങ്ങേണ്ടിവരും. അല്ലാത്തപക്ഷം ഞങ്ങളുടെപക്കൽ ആകെയുള്ളത് അഞ്ചപ്പവും രണ്ടുമീനുംമാത്രമാണ്” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു. 14 അവിടെ ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു.

    എന്നാൽ യേശു ശിഷ്യന്മാരോട്, “ജനത്തെ അൻപതുപേർവീതം നിരനിരയായി ഇരുത്തുക” എന്നു പറഞ്ഞു. 15 അവർ അങ്ങനെ ചെയ്തു, എല്ലാവരെയും ഇരുത്തി. 16 അതിനുശേഷം യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി അവ വാഴ്ത്തി നുറുക്കി; ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. 17 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.

  67. 1 ഒരു ശബ്ബത്തുനാളിൽ, പരീശന്മാരിൽ പ്രമുഖനായ ഒരാളുടെ വീട്ടിൽ യേശു ഭക്ഷണം കഴിക്കാൻ ചെന്നു. അവിടെ ഉണ്ടായിരുന്നവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. 2 ശരീരത്തിൽ അസാധാരണമാംവിധം നീർക്കെട്ടുള്ള ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നിരുന്നു. 3 യേശു പരീശന്മാരോടും നിയമജ്ഞരോടും, “ശബ്ബത്തുനാളിൽ രോഗസൗഖ്യം നൽകുന്നതു നിയമാനുസൃതമോ അല്ലയോ?” എന്നു ചോദിച്ചു. 4 എന്നാൽ, അവർ നിശ്ശബ്ദരായിരുന്നു. യേശു അയാളെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു.

    5 പിന്നെ അദ്ദേഹം അവരോടു ചോദിച്ചു, “നിങ്ങളിൽ ആരുടെയെങ്കിലും മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഉടനെതന്നെ അതിനെ അവിടെനിന്നു വലിച്ചുകയറ്റുകയില്ലേ?” 6 അവർക്കതിന് ഉത്തരമൊന്നും പറയാൻ കഴിഞ്ഞില്ല.

  68. 19 “ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ എല്ലാ ദിവസവും ഊതവർണത്തിലും പട്ടിലും മറ്റുമുള്ള വസ്ത്രങ്ങൾ ധരിച്ച് സുഖഭോഗങ്ങളിലും ആഡംബരത്തിലും ജീവിച്ചുപോന്നു. 20-21 ദേഹം ആസകലം വ്രണങ്ങൾ നിറഞ്ഞ ലാസർ എന്നു പേരുള്ള ഒരു ദരിദ്രനെ ആ ധനികന്റെ പടിപ്പുരയ്ക്കൽ കിടത്തുമായിരുന്നു. ധനികന്റെ മേശയിൽനിന്ന് വീഴുന്ന അവശിഷ്ടങ്ങൾകൊണ്ടു വിശപ്പടക്കാൻ അയാൾ വളരെ കൊതിച്ചിരുന്നു. നായ്ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുകയും ചെയ്യുമായിരുന്നു.

    22 “ആ ദരിദ്രൻ മരിച്ചപ്പോൾ ദൈവദൂതന്മാർ അയാളെ അബ്രാഹാമിന്റെ അടുത്തേക്കു കൊണ്ടുപോയി. ധനികനും മരിച്ചു; അടക്കപ്പെട്ടു. 23 പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ അയാൾ മുകളിലേക്കുനോക്കി, അങ്ങുദൂരെ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ അടുത്ത് ലാസറിനെയും കണ്ടു. 24 അയാൾ ഉറക്കെ വിളിച്ചു: ‘അബ്രാഹാംപിതാവേ, എന്നോടു കരുണതോന്നണമേ. ഞാൻ ഈ അഗ്നികുണ്ഡത്തിൽ അതിവേദന അനുഭവിക്കുന്നു. ലാസറിന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അയാളെ ഒന്നയയ്ക്കണമേ.’

    25 “എന്നാൽ അബ്രാഹാം പ്രതിവചിച്ചു: ‘കുഞ്ഞേ, നീ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു, ലാസറിന്റെ ജീവിതമോ, ദുരിതപൂർണമായിരുന്നു എന്ന് ഓർക്കുക. എന്നാൽ, ഇപ്പോൾ ലാസർ ഇവിടെ ആശ്വാസമനുഭവിക്കുന്നു, നീയോ കഠിനവേദന അനുഭവിക്കുന്നു. 26 തന്നെയുമല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ വലിയൊരു പിളർപ്പു വെച്ചിരിക്കുന്നു; ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധ്യമല്ല; അവിടെനിന്ന് ആർക്കും ഞങ്ങളുടെ അടുത്തേക്കു വരാനും സാധ്യമല്ല.’

    27 “അപ്പോൾ ധനികനായിരുന്ന മനുഷ്യൻ: ‘പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ അപ്പന്റെ വീട്ടിലേക്ക് അയയ്ക്കണമേ എന്നു ഞാൻ യാചിക്കുന്നു. 28 എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്, അവരും ഈ യാതനാസ്ഥലത്തു വരാതിരിക്കേണ്ടതിന് അയാൾ അവർക്കു മുന്നറിയിപ്പു നൽകട്ടെ.’

    29 “ ‘മോശയുടെയും പ്രവാചകന്മാരുടെയും ലിഖിതങ്ങൾ അവരുടെ പക്കലുണ്ടല്ലോ; നിന്റെ സഹോദരന്മാർ അവ അനുസരിക്കട്ടെ,’ അബ്രാഹാം പറഞ്ഞു.

    30 “ ‘അങ്ങനെയല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരാൾ അവരുടെ അടുക്കൽ ചെന്നാൽ അവർ അനുതപിക്കും,’ അയാൾ പറഞ്ഞു.

    31 “അബ്രാഹാം അയാളോടു പറഞ്ഞത്, ‘അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് അനുസരിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റുചെന്നാലും വിശ്വസിക്കില്ല.’ ”

  69. 47 അപ്പോൾ പുരോഹിതമുഖ്യന്മാരും പരീശന്മാരുംകൂടി ന്യായാധിപസമിതിയുടെ ഒരു യോഗം വിളിച്ചുകൂട്ടി.

    “ഇനി നാം എന്തുചെയ്യും?” അവർ ചോദിച്ചു. “ഈ മനുഷ്യൻ അനേകം അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കുന്നല്ലോ! 48 ഇങ്ങനെ തുടരാൻ അനുവദിച്ചാൽ ജനമെല്ലാം അയാളിൽ വിശ്വസിക്കും; അപ്പോൾ റോമാക്കാർ വന്നു നമ്മുടെ ദൈവാലയവും രാഷ്ട്രവും പൂർണമായി കൈവശപ്പെടുത്തും.”

  70. 12 ആറാമത്തെ ദൂതൻ തന്റെ കുംഭം “യൂഫ്രട്ടീസ്” എന്ന മഹാനദിയിൽ ഒഴിച്ചു. പൂർവദേശത്തുനിന്നു വരുന്ന രാജാക്കന്മാർക്കു വഴിയൊരുക്കേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി. 13 മഹാവ്യാളിയുടെയും മൃഗത്തിന്റെയും വ്യാജപ്രവാചകന്റെയും വായിൽനിന്ന് തവളയുടെ രൂപമുള്ള മൂന്ന് അശുദ്ധാത്മാക്കൾ പുറപ്പെട്ടുവരുന്നതു ഞാൻ കണ്ടു. 14 അവ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനായി, ഭൂതലമെങ്ങുമുള്ള രാജാക്കന്മാരെ കൂട്ടിച്ചേർക്കാൻ, അവരുടെ അടുത്തേക്ക് അത്ഭുതചിഹ്നങ്ങൾ കാണിച്ചുകൊണ്ട് പുറപ്പെടുന്ന ദുഷ്ടാത്മാക്കളാണ്.

    15 “ഇതാ, ആരും പ്രതീക്ഷിക്കാത്ത സമയത്ത് കള്ളൻ വരുന്നതുപോലെ ഞാൻ വരുന്നു. തങ്ങളുടെ വസ്ത്രങ്ങൾ സംരക്ഷിച്ചുകൊണ്ട് എന്റെ വരവിനായി ജാഗ്രതയോടെ കാത്തിരിക്കുന്നവർ അനുഗൃഹീതർ. അങ്ങനെയെങ്കിൽ അവർ വിവസ്ത്രരായി ലജ്ജിക്കേണ്ടിവരികയില്ല.”

    16 ദുഷ്ടാത്മാക്കൾ ഭരണാധികാരികളെയും അവരുടെ സൈന്യത്തെയും എബ്രായഭാഷയിൽ ഹർമഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചുകൂട്ടിവരുത്തി.

  71. 10 അപ്പോൾ അവരിലൊരാൾ, “അടുത്തവർഷം ഇതേസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യയായ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.

    സാറാ പിന്നിൽ കൂടാരവാതിൽക്കൽനിന്ന് ഇതു ശ്രദ്ധിക്കുകയായിരുന്നു. 11 അബ്രാഹാമും സാറായും വൃദ്ധരും വളരെ പ്രായമായവരും ആയിരുന്നു. സാറായ്ക്കു ഗർഭധാരണത്തിനുള്ള പ്രായവും കഴിഞ്ഞുപോയിരുന്നു. 12 “ഞാൻ വൃദ്ധയായി, എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു; ഇനി ഈ സൗഭാഗ്യം എനിക്കുണ്ടാകുമോ?” സാറാ ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു.

    13 അപ്പോൾ യഹോവ അബ്രാഹാമിനോട്, “വൃദ്ധയായ എനിക്കു കുട്ടിയുണ്ടാകുമോ എന്നു പറഞ്ഞു സാറാ ചിരിച്ചതെന്ത്? 14 യഹോവയ്ക്ക് അസാധ്യമായ കാര്യം ഉണ്ടോ? അടുത്തവർഷം നിശ്ചിതസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും, അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.

  72. 29 യേശുവും ശിഷ്യന്മാരും യെരീഹോപട്ടണത്തിൽനിന്ന് പോകുമ്പോൾ വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ പിൻതുടർന്നു. 30 വഴിയരികിൽ ഇരിക്കുകയായിരുന്ന രണ്ട് അന്ധന്മാർ യേശു അതുവഴി പോകുന്നു എന്നു കേട്ട്, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചു.

    31 മിണ്ടരുതെന്നു പറഞ്ഞ് ജനക്കൂട്ടം അവരെ ശാസിച്ചു. അവരോ അധികം ഉച്ചത്തിൽ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.

    32 ഇതു കേട്ടിട്ട് യേശു നിന്നു. അവരെ വിളിച്ച്, “ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.

    33 “കർത്താവേ, ഞങ്ങൾക്ക് കാഴ്ച തരണമേ,” അവർ അദ്ദേഹത്തോട് യാചിച്ചു.

    34 യേശുവിന് സഹതാപം തോന്നി, അവിടന്ന് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു; അവർ അദ്ദേഹത്തെ അനുഗമിച്ചു.

  73. 9 യൂത്തിക്കൊസ് എന്നു പേരുള്ള യുവാവ് ഒരു ജനൽപ്പടിയിൽ ഇരുന്ന് ഗാഢനിദ്രയിലേക്കു വഴുതിവീണുകൊണ്ടിരിക്കുകയായിരുന്നു. പൗലോസ് തന്റെ പ്രസംഗം ദീർഘിപ്പിച്ചപ്പോൾ, അയാൾ ഗാഢനിദ്രയിലായി. മൂന്നാംനിലയിൽനിന്ന് താഴെവീണു; ജനം താഴെവന്ന് അയാളെ എടുത്തുയർത്തിനോക്കുമ്പോൾ അയാൾ മരിച്ചിരുന്നു. 10 പൗലോസ് ഇറങ്ങിച്ചെന്ന് അയാളുടെമേൽ കിടന്ന് അയാളെ ആലിംഗനംചെയ്തു. “പരിഭ്രമിക്കേണ്ടാ, അയാൾക്കു ജീവനുണ്ട്!” എന്ന് അദ്ദേഹം പറഞ്ഞു. 11 പിന്നീട്, അദ്ദേഹം വീണ്ടും മുകളിലത്തെ മുറിയിലേക്കുപോയി, അപ്പം നുറുക്കി ഭക്ഷിച്ചു, പുലരിയോളം സംഭാഷണം തുടർന്നുകൊണ്ടേയിരുന്നു. പിന്നീട് അദ്ദേഹം യാത്രയായി. 12 ജനങ്ങൾ ആ യുവാവിനെ ജീവനുള്ളവനായി അവന്റെ വീട്ടിൽ കൊണ്ടുപോയി; അവർ അത്യന്തം ആശ്വസിച്ചു.

  74. 22 ഈജിപ്റ്റുകാരായ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവാദത്താൽ അതേകാര്യം ചെയ്തു. ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു; യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു ശ്രദ്ധിച്ചില്ല.

  75. 5 ഏലിയാവ് യഹോവയുടെ കൽപ്പനയനുസരിച്ചു പ്രവർത്തിച്ചു. അദ്ദേഹം പുറപ്പെട്ട് യോർദാനു കിഴക്കുള്ള കെരീത്ത് അരുവിക്കരികെ താമസിച്ചു. 6 കാക്കകൾ അദ്ദേഹത്തിന് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അപ്പവും ഇറച്ചിയും എത്തിച്ചുകൊടുത്തിരുന്നു. അരുവിയിൽനിന്ന് അദ്ദേഹം വെള്ളം കുടിച്ചു.

  76. 2 എലീശ അവളോട്: “നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യേണം? പറയൂ, നിന്റെ വീട്ടിൽ എന്തുണ്ട്?” എന്നു ചോദിച്ചു.

    “ഒരു കുപ്പി ഒലിവെണ്ണയല്ലാതെ അവിടത്തെ ദാസിയുടെ ഭവനത്തിൽ മറ്റു യാതൊന്നുമില്ല,” എന്ന് അവൾ മറുപടി പറഞ്ഞു.

    3 എലീശാ പറഞ്ഞു: “നിന്റെ അയൽക്കാരുടെ അടുക്കൽപോയി കഴിയുന്നത്രയും ഒഴിഞ്ഞ പാത്രങ്ങൾ കടംവാങ്ങുക; പാത്രങ്ങൾ കുറവായിപ്പോകരുത്. 4 പിന്നെ, നീയും മക്കളും അകത്തു പ്രവേശിച്ച് വാതിലടയ്ക്കുക; അതിനുശേഷം, ഓരോ പാത്രത്തിലേക്കും കുപ്പിയിലുള്ള ഒലിവെണ്ണ പകരുക; ഓരോന്നും നിറയുമ്പോൾ അവ ഒരു ഭാഗത്തേക്ക് മാറ്റിവെക്കുക.”

    5 അവൾ അദ്ദേഹത്തിന്റെ അടുത്തുനിന്നു പോയി, മക്കളെയുംകൂട്ടി അകത്തുകടന്നു വാതിലടച്ചു. കുട്ടികൾ പാത്രങ്ങൾ എടുത്തുകൊടുത്തുകൊണ്ടും അവൾ എണ്ണ പകർന്നുകൊണ്ടുമിരുന്നു. 6 പാത്രങ്ങളെല്ലാം നിറഞ്ഞപ്പോൾ “വേറെ ഒരെണ്ണംകൂടി കൊണ്ടുവരിക,” എന്ന് അവൾ തന്റെ മകനോടു പറഞ്ഞു.

    “ഇനിയും ഒരുപാത്രംപോലുമില്ല,” എന്ന് അവൻ മറുപടി പറഞ്ഞു. അപ്പോൾ എണ്ണയുടെ പ്രവാഹവും നിലച്ചു.

    7 അവൾ ചെന്ന് ദൈവപുരുഷനോടു വിവരം പറഞ്ഞു. “പോയി എണ്ണ വിറ്റ് നിന്റെ കടങ്ങൾവീട്ടുക. ശേഷിക്കുന്നതുകൊണ്ട് നിനക്കും മക്കൾക്കും ഉപജീവനം കഴിക്കാം,” എന്ന് അദ്ദേഹം പറഞ്ഞു.

  77. 14 അവിടന്ന് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന ദൈവമാണ്;

    അവിടന്ന് ജനതകളുടെ മധ്യേ അവിടത്തെ ശക്തി വെളിപ്പെടുത്തിയിരിക്കുന്നു.

  78. 58 അവരുടെ വിശ്വാസരാഹിത്യം നിമിത്തം യേശു അവിടെ അധികം അത്ഭുതങ്ങൾ പ്രവർത്തിച്ചില്ല.

  79. 40 ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽവന്ന് മുട്ടുകുത്തി, “അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു.

    41 യേശുവിന് അവനോടു സഹതാപം തോന്നി. കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്; നീ ശുദ്ധനാകുക” എന്നു പറഞ്ഞു. 42 ഉടൻതന്നെ കുഷ്ഠം അയാളെ വിട്ടുമാറി, അയാൾക്കു സൗഖ്യംവന്നു.

    43-44 യേശു, “നോക്കൂ, ഇത് ആരോടും പറയരുത്” എന്ന കർശന താക്കീത് അയാൾക്കു നൽകി, “നീ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു പറഞ്ഞു. 45 എന്നാൽ, അയാൾ പോയി എല്ലാവരോടും ഈ വാർത്ത തീക്ഷ്ണതയോടെ പ്രസിദ്ധമാക്കാൻ തുടങ്ങി. തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നു; അദ്ദേഹം പുറത്തു വിജനസ്ഥലങ്ങളിൽ താമസിച്ചു. എന്നിട്ടും ജനങ്ങൾ എല്ലായിടങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി.

  80. 34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.

    35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. 36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം. 37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.

  81. 28 ഒന്നാമത് അപ്പൊസ്തലന്മാരെയും രണ്ടാമതു പ്രവാചകരെയും മൂന്നാമത് ഉപദേഷ്ടാക്കന്മാരെയും പിന്നെ അത്ഭുതപ്രവൃത്തികൾ, രോഗങ്ങളുടെ സൗഖ്യം, സഹായംചെയ്യൽ, നേതൃനൈപുണ്യം, വിവിധഭാഷകൾ എന്നിങ്ങനെയുള്ള കൃപാദാനങ്ങളും ദൈവം സഭയ്ക്കു നൽകിയിരിക്കുന്നു. 29 എല്ലാവരും അപ്പൊസ്തലരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും ഉപദേഷ്ടാക്കളോ? എല്ലാവരും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവരോ? 30 എല്ലാവർക്കും രോഗസൗഖ്യത്തിനുള്ള കൃപാദാനമുണ്ടോ? എല്ലാവരും അജ്ഞാതഭാഷകൾ സംസാരിക്കുന്നവരോ? എല്ലാവരും വ്യാഖ്യാനിക്കുന്നവരോ? 31 ശ്രേഷ്ഠതരമായ കൃപാദാനങ്ങൾ ഹൃദയപൂർവം വാഞ്ഛിക്കുക.

    ഇനി ഏറ്റവും ശ്രേഷ്ഠമായ മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.

  82. 5 ദൈവം അവിടത്തെ ആത്മാവിനെ നിങ്ങൾക്കു നൽകുകയും നിങ്ങളുടെ മധ്യേ അത്ഭുതങ്ങൾ പ്രവർത്തിക്കുകയുംചെയ്തത് നിങ്ങൾ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ ചെയ്തതിനാലോ; അതോ കേട്ട സന്ദേശം നിങ്ങൾ വിശ്വസിച്ചതിനാലോ?

  83. 12 യഹോവ ഇസ്രായേൽമക്കൾക്ക് അമോര്യരുടെമേൽ വിജയംനൽകിയ ദിവസം, യോശുവ ഇസ്രായേൽമക്കൾ കേൾക്കെ യഹോവയോട് അപേക്ഷിച്ചു:

    “സൂര്യാ, നീ ഗിബെയോനു മുകളിലും,

    ചന്ദ്രാ, നീ അയ്യാലോൻതാഴ്വരയുടെ മുകളിലും നിശ്ചലമായി നിൽക്കുക.”

    13 ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുന്നതുവരെ,

    സൂര്യൻ നിശ്ചലമായി നിന്നു;

    ചന്ദ്രനും നിന്നു.

    യാശീരിന്റെ ഗ്രന്ഥത്തിൽ ഇതു രേഖപ്പെടുത്തിയിരിക്കുന്നു.

    സൂര്യൻ ആകാശമധ്യേ നിൽക്കുകയും ഒരു ദിവസംമുഴുവനും അസ്തമിക്കാതിരിക്കുകയും ചെയ്തു. 14 യഹോവ ഒരു മനുഷ്യന്റെ വാക്കുകേട്ട് അതുപോലെ പ്രവർത്തിച്ച ആ ദിവസംപോലെ വേറൊരു ദിവസം അതിനുമുമ്പും പിമ്പും ഉണ്ടായിട്ടില്ല. യഹോവതന്നെ ഇസ്രായേലിനുവേണ്ടി യുദ്ധംചെയ്യുകയായിരുന്നു!

  84. 16 “ആകയാൽ ഇപ്പോൾ ഇവിടെ നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ യഹോവ ചെയ്യാൻപോകുന്ന മഹാകാര്യം കണ്ടുകൊൾക. 17 ഇത് ഗോതമ്പുകൊയ്ത്തിന്റെ കാലമല്ലേ? ഞാൻ യഹോവയോട് അപേക്ഷിക്കും; അവിടന്ന് ഇടിയും മഴയും അയയ്ക്കും. അങ്ങനെ നിങ്ങൾ ഒരു രാജാവിനെ ചോദിച്ചത് യഹോവയുടെ ദൃഷ്ടിയിൽ എത്രമാത്രം നിന്ദ്യമായ കാര്യമായിരുന്നു എന്നു നിങ്ങൾക്കു ബോധ്യമാകും.”

    18 അതിനുശേഷം ശമുവേൽ യഹോവയോട് അപേക്ഷിച്ചു. അന്നുതന്നെ യഹോവ ഇടിയും മഴയും അയച്ചു. അതിനാൽ ജനമെല്ലാം യഹോവയുടെയും ശമുവേലിന്റെയുംമുമ്പാകെ ഏറ്റവും ഭയത്തോടുകൂടെ നിന്നു.

  85. 24 യേശുവും ശിഷ്യന്മാരും കഫാർനഹൂമിൽ എത്തിയപ്പോൾ ഓരോ വ്യക്തിയിൽനിന്ന് രണ്ട് ദ്രഹ്മ വീതം ദൈവാലയനികുതി ഈടാക്കുന്നവർ പത്രോസിന്റെ അടുക്കൽവന്ന്, “നിങ്ങളുടെ ഗുരു ദൈവാലയനികുതി കൊടുക്കുന്നില്ലേ?” എന്നു ചോദിച്ചു.

    25 “ഉവ്വ്, കൊടുക്കുന്നുണ്ടല്ലോ,” പത്രോസ് മറുപടി പറഞ്ഞു.

    പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ യേശുവാണ് സംഭാഷണം ആരംഭിച്ചത്. “ശിമോനേ, എന്താണ് നിന്റെ അഭിപ്രായം? ഭൂമിയിലെ രാജാക്കന്മാർ കരമോ നികുതിയോ പിരിക്കുന്നത് ആരിൽനിന്നാണ്—അവരുടെ സ്വന്തം മക്കളിൽനിന്നോ അതോ അന്യരിൽനിന്നോ?” അദ്ദേഹം ചോദിച്ചു.

    26 “അന്യരിൽനിന്ന്,” പത്രോസ് മറുപടി നൽകി.

    “അങ്ങനെയെങ്കിൽ മക്കൾ ഒഴിവുള്ളവരാണല്ലോ,” യേശു അദ്ദേഹത്തോട് പറഞ്ഞു. 27 “എന്തായാലും നാം അവരെ എതിർക്കേണ്ടതില്ല; നീ തടാകത്തിൽ ചെന്ന് ചൂണ്ടയിടുക. ആദ്യം ലഭിക്കുന്ന മത്സ്യത്തെ എടുത്ത് അതിന്റെ വായ് തുറക്കുമ്പോൾ നാലു ദ്രഹ്മയുടെ ഒരു നാണയം കാണും; അത് എടുത്ത് നാം ഇരുവരുടെയും നികുതി നൽകുക,” എന്നു പറഞ്ഞു.

  86. 29 യേശുവിനുചുറ്റും ജനക്കൂട്ടം തിങ്ങിക്കൂടിക്കൊണ്ടിരുന്നപ്പോൾ, അവിടന്ന് ഇപ്രകാരം അവരോട് പറയാൻ തുടങ്ങി: “ഈ ദുഷ്ടതയുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു. എന്നാൽ യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല.

  87. 17 അതിനുശേഷം യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബെഥാന്യയിലേക്കു പോയി; രാത്രിയിൽ അവിടെ താമസിച്ചു.

    18 പ്രഭാതത്തിൽ യേശു നഗരത്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വിശന്നു. 19 വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി.

    20 ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്നു ചോദിച്ചു.

    21 അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം. 22 വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.”