61 Bible Verses About Peace and Love

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Peace and Love
  1. 4 കർത്താവിൽ എപ്പോഴും ആനന്ദിക്കുക; ആനന്ദിക്കുക എന്നു ഞാൻ വീണ്ടും പറയുന്നു. 5 നിങ്ങളുടെ ആർദ്രതയോടുകൂടിയ പെരുമാറ്റം സകലരും അറിയുമാറാകട്ടെ. കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്നു. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

    8 അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക. 9 എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും.

  2. 6 അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും,

    പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും,

    പശുക്കിടാവും സിംഹക്കുട്ടിയും യാഗമൃഗവും ഒരുമിച്ചുകഴിയും;

    ഒരു ചെറിയ കുട്ടി അവയെ നയിക്കും.

    7 പശുവും കരടിയും ഒരുമിച്ചു മേയും,

    അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും,

    സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും.

    8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും,

    മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈയിടും.

    9 എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും

    ഉപദ്രവമോ നാശമോ ആരും ചെയ്യുകയില്ല,

    സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ

    ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.

    10 ആ കാലത്തു യിശ്ശായിയുടെ വേര് ജനതകൾക്ക് ഒരു കൊടിയായി ഉയർന്നുനിൽക്കും; രാഷ്ട്രങ്ങൾ യിശ്ശായിയുടെ വേരായവനെ അന്വേഷിച്ചു വരും, അവിടത്തെ വിശ്രമസങ്കേതം മഹത്ത്വകരമായിരിക്കും. 11 ആ കാലത്ത് കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിട്ടുള്ളവരെ അശ്ശൂരിൽനിന്നും ഉത്തര ഈജിപ്റ്റിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ബാബേലിൽനിന്നും ഹമാത്തിൽനിന്നും മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപുകളിൽനിന്നും രണ്ടാംപ്രാവശ്യവും മടക്കിക്കൊണ്ടുവരുന്നതിനു കൈനീട്ടും.

  3. 28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

  4. 11 എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. 12 ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.

  5. 27 സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. ഞാൻ നിങ്ങൾക്കു തരുന്നത് എന്റെ സമാധാനമാണ്, അത് ലോകം തരുന്നതുപോലെ അല്ല. നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; നിങ്ങൾ ഭയന്നുപോകുകയുമരുത്.

  6. 12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.

    15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക.

  7. 1 ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്. 2 ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും. 3 അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; 4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. 5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.

  8. 17 ദൈവരാജ്യം അനുഭവിക്കാൻ കഴിയുന്നത് ഭക്ഷണപാനീയങ്ങളിലൂടെയല്ല; മറിച്ച്, നീതിയിലൂടെയും സമാധാനത്തിലൂടെയും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തിലൂടെയുമാണ്. 18 മേൽപ്പറഞ്ഞപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നയാൾ ദൈവപ്രസാദവും മനുഷ്യസ്വീകാര്യതയും ഉള്ളയാൾ ആയിരിക്കും.

    19 അതുകൊണ്ട് സമാധാനത്തിനും പരസ്പര ആത്മികാഭിവൃദ്ധിക്കും ഉതകുന്ന കാര്യങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം.

  9. 1 ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ 2 നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക. 3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക. 4 നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.

    5 ക്രിസ്തുയേശുവിന്റെ സ്വഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.

  10. 16 കാരണം, അസൂയയും സ്വാർഥമോഹവും ഉള്ളിടത്തു ക്രമരാഹിത്യവും എല്ലാ ദുഷ്‌പ്രവൃത്തികളും ഉണ്ട്.

    17 എന്നാൽ സ്വർഗീയജ്ഞാനം, ഏറ്റവും പ്രഥമമായി നിർമലമായിരിക്കും; കൂടാതെ സമാധാനമുള്ളതും സൗമ്യവും വിധേയത്വമുള്ളതും കാരുണ്യമുള്ളതും സത്ഫലങ്ങൾ നിറഞ്ഞതും പക്ഷഭേദരഹിതവും നിഷ്കപടവുമായിരിക്കും. 18 സമാധാനമുണ്ടാക്കുന്നവർ ശാന്തിയിൽ വിതച്ചു നീതിയുടെ ഫലം കൊയ്യും.

  11. 16 പരസ്പരം സമഭാവനയോടെ ജീവിക്കുക, വലിയവനെന്നു ഭാവിക്കാതെ എളിയവരോടു സഹകരിക്കാൻ സന്മനസ്സുണ്ടാകണം. ജ്ഞാനികളെന്ന് സ്വയം അഹങ്കരിക്കരുത്.

    17 നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും 18 നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക. 19 സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു. 20 എന്നാൽ,

    “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക;

    ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക.

    ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.”

    21 നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണു വേണ്ടത്.

  12. 3 സ്ഥിരമാനസൻ അങ്ങയിൽ

    ആശ്രയിച്ചിരിക്കുകയാൽ

    അങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും.

    4 യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക

    യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ.

  13. 33 “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”

  14. 8 സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക. 9 തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.

    10 “ജീവനെ സ്നേഹിക്കുകയും

    ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നവർ

    അവരുടെ നാവിനെ തിന്മയിൽനിന്നും

    അവരുടെ അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിക്കുക.

    11 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;

    സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.

    12 കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു

    അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു,

    എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.”

  15. 165 അവിടത്തെ ന്യായപ്രമാണം സ്നേഹിക്കുന്നവർക്ക് വലിയ സമാധാനമാണുള്ളത്,

    അവർ ഒരു കാരണവശാലും വഴിതെറ്റിപ്പോകുകയില്ല.

    166 യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു,

    ഞാൻ അവിടത്തെ കൽപ്പനകൾ പിൻതുടരുന്നു.

    167 അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ അനുസരിക്കുന്നതിനാൽ,

    ഞാൻ അവയെ അത്യധികമായി സ്നേഹിക്കുന്നു.

    168 ഞാൻ അവിടത്തെ പ്രമാണങ്ങളും നിയമവ്യവസ്ഥകളും പാലിക്കുന്നു,

    കാരണം എന്റെ എല്ലാ വഴികളും അവിടത്തേക്ക് അറിവുള്ളതാണ്.

  16. 22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല. 24 എന്നാൽ, ക്രിസ്തുയേശുവിനുള്ളവർ മനുഷ്യസഹജമായ പ്രവൃത്തികളെ അതിന്റെ എല്ലാവിധ ഭോഗവിലാസങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നു.

  17. 13 നിങ്ങൾ ഒരിക്കൽ ദൂരത്തായിരുന്നു; എന്നാൽ ഇപ്പോഴാകട്ടെ, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിരിക്കുകയാൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപത്തു കൊണ്ടുവരപ്പെട്ടിരിക്കുന്നു.

    14-15 ക്രിസ്തുതന്നെ നമ്മുടെ സമാധാനം; അവിടന്ന് ക്രൂശിൽ സ്വന്തം ശരീരം അർപ്പിച്ചുകൊണ്ട് ആജ്ഞകളും അനുഷ്ഠാനങ്ങളും ആകുന്ന ന്യായപ്രമാണം റദ്ദാക്കി യെഹൂദരെയും യെഹൂദേതരരെയും അകറ്റിനിർത്തിയിരുന്ന ശത്രുതയുടെ വന്മതിലിനെ തകർത്ത് അവരെ ഒന്നാക്കിമാറ്റി; ഇങ്ങനെ ക്രിസ്തുവിൽ ഒരു പുതിയ ജനതയാക്കി അവരെ സൃഷ്ടിച്ച് സമാധാനം വരുത്തി. 16 ക്രൂശിലെ മരണത്താൽ ഇരുകൂട്ടരെയും ഒരു ശരീരമാക്കി ദൈവത്തോട് അനുരഞ്ജിപ്പിച്ച് അവരുടെ ശത്രുത ഇല്ലായ്മചെയ്തു. 17 അവിടന്ന് വന്നു ദൂരസ്ഥരായ നിങ്ങളോടും സമീപസ്ഥരായ ഞങ്ങളോടും സമാധാനം പ്രഘോഷിച്ചു. 18 ക്രിസ്തു മുഖാന്തരം നമുക്ക് ഇരുകൂട്ടർക്കും ഒരേ ആത്മാവിൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.

    19 അതിനാൽ, നിങ്ങൾ ഇനിമേൽ അപരിചിതരും വിദേശികളുമല്ല; വിശുദ്ധരോടൊത്ത് സഹപൗരത്വം പങ്കിടുന്നവരും ദൈവത്തിന്റെ കുടുംബവുമാണ്.

  18. 9 സമാധാനസ്ഥാപകർ അനുഗൃഹീതർ;

    അവർ ദൈവത്തിന്റെ പുത്രരെന്നു വിളിക്കപ്പെടും.

  19. 6 ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. 7 കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. 8 പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല.

    9 എന്നാൽ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നതുകൊണ്ട് പാപപ്രവണതയാലല്ല, നിങ്ങൾ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കാത്ത വ്യക്തി ക്രിസ്തുവിന്റെ വകയല്ല.

  20. 6 എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു,

    നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു,

    ആധിപത്യം അവന്റെ തോളിലായിരിക്കും.

    അവൻ ഇപ്രകാരം വിളിക്കപ്പെടും:

    അത്ഭുതമന്ത്രി, ശക്തനായ ദൈവം,

    നിത്യപിതാവ്, സമാധാനപ്രഭു.

    7 അവിടത്തെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും

    അവസാനം ഉണ്ടാകുകയില്ല.

    ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി

    അതിനെ നീതിയോടും ന്യായത്തോടുംകൂടി

    സ്ഥാപിച്ച് സുസ്ഥിരമാക്കി

    ദാവീദിന്റെ രാജ്യത്തിന്മേൽ

    ഇന്നുമുതൽ എന്നേക്കും വാഴും.

    സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത

    ഇതു നിറവേറ്റും.

  21. 14 സകലമനുഷ്യരോടും സമാധാനം ആചരിച്ച് വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക; വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല. 15 ആരും ദൈവകൃപയിൽ കുറവുള്ളവരാകാതിരിക്കാനും കയ്‌പുള്ള വല്ല വേരും മുളച്ചു വളർന്ന് കലക്കമുണ്ടായി അനേകർ മലിനരാകാതിരിക്കാനും സൂക്ഷിക്കുക.

  22. 11 എന്റെ അന്തിമ നിർദേശം: സഹോദരങ്ങളേ, നിങ്ങൾ ആനന്ദിക്കുക. ആത്മികന്യൂനതകൾ പരിഹരിക്കുക, പരസ്പരം ധൈര്യംപകരുക. ഐകമത്യം ലക്ഷ്യമാക്കി സമാധാനത്തോടെ ജീവിക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

  23. 12 ജീവനെ സ്നേഹിക്കുകയും

    സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ

    13 നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും

    നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക.

    14 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;

    സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.

  24. 1 യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ,

    പിതാവായ ദൈവത്താൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിനായി സംരക്ഷിക്കപ്പെട്ടുമിരിക്കുന്ന വിളിക്കപ്പെട്ടവർക്ക്, എഴുതുന്നത്:

    2 നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.

    3 പ്രിയരേ, നാം പങ്കാളികളായിരിക്കുന്ന രക്ഷയെപ്പറ്റി നിങ്ങൾക്ക് എഴുതാൻ ഞാൻ അത്യന്തം ഉത്സാഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ദൈവം വിശുദ്ധർക്ക് ഒരിക്കലായി ഏൽപ്പിച്ചിട്ടുള്ള വിശ്വാസത്തിനുവേണ്ടി അടരാടാൻ പ്രബോധിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് എഴുതാൻ ഞാൻ നിർബന്ധിതനായി.

  25. 8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും,

    എന്നെ സുരക്ഷിതമായി അധിവസിപ്പിക്കുന്നത്

    യഹോവേ, അവിടന്നുതന്നെയാണല്ലോ.

    സംഗീതസംവിധായകന്. വേണുനാദത്തോടെ.

  26. 16 സമാധാനദായകനായ കർത്താവുതന്നെ നിങ്ങൾക്ക് എപ്പോഴും എല്ലാവിധത്തിലും സമാധാനം നൽകട്ടെ. നിങ്ങളോട് എല്ലാവരോടുംകൂടെ കർത്താവ് ഉണ്ടാകുമാറാകട്ടെ.

  27. 13 പ്രത്യാശയുടെ ഉറവിടമായ ദൈവത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതിനാൽ അവിടന്ന് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളെ ആനന്ദത്തിലും സമാധാനത്തിലും സമൃദ്ധിയുള്ളവരാക്കി നിങ്ങളിൽ പ്രത്യാശ വഴിഞ്ഞൊഴുകുമാറാക്കട്ടെ.

  28. 1 കർത്താവ് നിമിത്തം കാരാഗൃഹത്തിൽ കഴിയുന്ന ഞാൻ നിങ്ങൾക്കു നൽകുന്ന പ്രചോദനം, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുക എന്നതാണ്. 2 സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക. 3 സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക. 4 ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്, 5 ഒരേകർത്താവും ഒരേവിശ്വാസവും ഒരേസ്നാനവും 6 എല്ലാവർക്കും മീതേയും എല്ലാവരിലൂടെയും എല്ലാവരുടെയുള്ളിലും വസിക്കുന്ന ദൈവവും പിതാവും ഏകൻതന്നെ.

  29. 11 യഹോവ തന്റെ ജനത്തിനു ശക്തിനൽകുന്നു;

    യഹോവ തന്റെ ജനത്തിനു സമാധാനമരുളി അനുഗ്രഹിക്കുന്നു.

  30. 33 ദൈവം അലങ്കോലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്.

    വിശുദ്ധരുടെ സകലസഭകളിലും എന്നപോലെ,

  31. 50 “ഉപ്പു നല്ലതുതന്നെ; എന്നാൽ അത് ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം വീണ്ടെടുക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും? നിങ്ങൾ സ്വാദുള്ളവരായും പരസ്പരം സമാധാനത്തോടെ ജീവിക്കുന്നവരായുമിരിക്കുക.”

  32. 20 സമാധാനത്തിന്റെ ഉറവിടമായ ദൈവം വളരെവേഗം സാത്താനെ നിങ്ങളുടെ കാൽക്കീഴിൽ തകർക്കും.

    കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

  33. 3 “ ‘എന്റെ ഉത്തരവുകൾ നിങ്ങൾ പാലിക്കയും എന്റെ കൽപ്പനകൾ സസൂക്ഷ്മം അനുസരിക്കയും ചെയ്യുമെങ്കിൽ, 4 തക്കസമയത്തു ഞാൻ മഴ അയയ്ക്കും; ഭൂമി അതിന്റെ വിളവും വൃക്ഷം അവയുടെ ഫലവും തരും. 5 നിങ്ങളുടെ കറ്റമെതിക്കുന്ന കാലം മുന്തിരിപ്പഴം ശേഖരിക്കുന്ന കാലംവരെയും മുന്തിരിപ്പഴം ശേഖരിക്കുന്നത് വിതയ്ക്കുന്ന കാലംവരെയും തുടരും. നിങ്ങൾക്കു വേണ്ടുംപോലെ ഭക്ഷിച്ചു സുരക്ഷിതരായി നിങ്ങളുടെ ദേശത്തുപാർക്കും.

    6 “ ‘ഞാൻ ദേശത്തു സമാധാനം തരും. നിങ്ങൾ കിടന്നുറങ്ങും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും. വാൾ നിങ്ങളുടെ ദേശത്തുകൂടെ കടക്കുകയില്ല.

  34. 7 ഒരാളുടെ വഴി യഹോവയ്ക്കു പ്രസാദകരമാകുമ്പോൾ,

    അവിടന്ന് അയാളുടെ ശത്രുക്കളെപ്പോലും അയാൾക്ക് അനുകൂലമാക്കുന്നു.

  35. 10 പർവതങ്ങൾ ഇളകിപ്പോകും,

    കുന്നുകൾ മാറിപ്പോകും,

    എങ്കിലും എന്റെ അചഞ്ചലസ്നേഹം നിന്നെവിട്ടു നീങ്ങുകയോ

    എന്റെ സമാധാന ഉടമ്പടി ലംഘിക്കപ്പെടുകയോ ഇല്ല,”

    എന്നു നിന്നോടു കരുണാമയനായ യഹോവ അരുളിച്ചെയ്യുന്നു.

  36. 34 “ഭൂമിയിൽ സമാധാനം വരുത്തുക എന്ന ഉദ്ദേശ്യമാണ് എന്റെ വരവിനെന്ന് നിങ്ങൾ കരുതരുത്, സമാധാനമല്ല, വാൾ വരുത്താനാണ് ഞാൻ വന്നിരിക്കുന്നത്. 35 ഞാൻ വന്നത് ഭിന്നിപ്പിക്കാനാണ്:

    “ ‘ഒരുവനെ തന്റെ പിതാവിനെതിരേയും

    മകളെ തന്റെ അമ്മയ്ക്കെതിരേയും

    മരുമകളെ തന്റെ അമ്മായിയമ്മയ്ക്കെതിരേയും,

    36 ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും.’

  37. 35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?

    36 “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു:

    അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,”

    എന്ന് എഴുതിയിരിക്കുന്നല്ലോ. 37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.

  38. 4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.

    8 സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും.

  39. 19 ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും

    20 അവിടന്ന് ക്രൂശിൽ ചൊരിഞ്ഞ രക്തം മുഖാന്തരം സമാധാനം ഉണ്ടാക്കി,

    ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ ആയ സകലത്തെയും

    തന്നോടു ക്രിസ്തുമൂലം അനുരഞ്ജിപ്പിക്കാനും ദൈവത്തിനു തിരുഹിതം തോന്നി.

  40. 33 സമാധാനത്തിന്റെ ഉറവിടമായ ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

  41. 15 അവിശ്വാസിയായ ആൾ വേർപിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ. ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസിയോ വിശ്വാസിനിയോ അവരവരുടെ പങ്കാളിയുമായി ബദ്ധരായിരിക്കുന്നില്ല. സമാധാനത്തിൽ ജീവിക്കാനാണല്ലോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.

  42. 12 സഹോദരങ്ങളേ, നിങ്ങളുടെ മധ്യത്തിൽ കഠിനാധ്വാനംചെയ്ത്, നിങ്ങളെ കർത്താവിൽ ഭരിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുന്നവരെ ആദരിക്കണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. 13 അവരുടെ പ്രവർത്തനം ഓർത്ത് അവരെ ഏറ്റവും സ്നേഹത്തോടെ അളവില്ലാതെ ആദരിക്കുക. പരസ്പരം സമാധാനത്തോടെ ജീവിക്കുക. 14 സഹോദരങ്ങളേ, നിങ്ങൾക്കുള്ള ഞങ്ങളുടെ പ്രോത്സാഹനമോ: അലസരെ ശാസിക്കുക, ആത്മവിശ്വാസം നഷ്ടപ്പെട്ടവരെ ഉത്തേജിപ്പിക്കുക, ബലഹീനരെ സഹായിക്കുക, എല്ലാവരോടും ക്ഷമാപൂർവം പെരുമാറുക. 15 നിങ്ങളിലാരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് പരസ്പരവും, മറ്റുള്ളവർക്കും എപ്പോഴും നന്മമാത്രം ചെയ്യുക.

  43. 23 സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ നിങ്ങളുടെ ആത്മാവും പ്രാണനും ശരീരവും തികച്ചും അനിന്ദ്യമായി ഇരിക്കാനായി സംരക്ഷിക്കപ്പെടട്ടെ. 24 നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്തനാണ്; അവിടന്ന് അത് സാധിപ്പിക്കും.

  44. 10 “ശാന്തരായിരുന്ന് ഞാൻ ആകുന്നു ദൈവം എന്ന് അറിഞ്ഞുകൊൾക;

    ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ഉന്നതനാകും

    ഞാൻ ഭൂമിയിൽ ഉന്നതനാകും.”

  45. 20 ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു,

    എന്നാൽ സമാധാനം പ്രചരിപ്പിക്കുന്നവർക്ക് ആനന്ദമുണ്ട്.

  46. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  47. 1 സകലമനുഷ്യർക്കുംവേണ്ടി അപേക്ഷകളും പ്രാർഥനകളും മധ്യസ്ഥതയും സ്തോത്രവും അർപ്പിക്കണമെന്ന് ആദ്യംതന്നെ ഞാൻ പ്രബോധിപ്പിക്കട്ടെ. 2 നാം പ്രശാന്തവും സമാധാനപൂർണവും ഭയഭക്തിയുള്ളതും അന്തസ്സുറ്റതുമായ ഒരു ജീവിതം നയിക്കാൻ സാധിക്കേണ്ടതിനു രാജാക്കന്മാർക്കുവേണ്ടിയും ഉന്നത അധികാരികൾക്കുവേണ്ടിയും പ്രാർഥിക്കുക.

  48. 8 സർവോപരി പരസ്പരം അഗാധമായി സ്നേഹിക്കുക; സ്നേഹം സംഖ്യാതീതമായ പാപങ്ങൾ മറയ്ക്കുന്നു.

  49. 10 വിശ്വസ്തതയും അചഞ്ചലസ്നേഹവുംതമ്മിൽ എതിരേറ്റിരിക്കുന്നു;

    നീതിയും സമാധാനവുംതമ്മിൽ ചുംബിക്കുന്നു.

  50. 1 എന്റെ കുഞ്ഞേ, എന്റെ ഉപദേശം നീ വിസ്മരിക്കരുത്,

    എന്റെ കൽപ്പനകൾ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുക,

    2 അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും

    അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും.

    3 ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ;

    അവ നിന്റെ കഴുത്തിൽ അണിയുക,

    നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.

    4 അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ

    പ്രീതിയും സൽപ്പേരും സമ്പാദിക്കും.

  51. 13 ജ്ഞാനം കണ്ടെത്തുകയും

    വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ,

    14 കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും

    കനകത്തെക്കാൾ ലാഭകരവുമാണ്.

    15 അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്;

    നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.

    16 അവൾ വലതുകരത്തിൽ ദീർഘായുസ്സും;

    ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു.

    17 അവളുടെ വഴികൾ ആനന്ദഹേതുവും

    അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു.

    18 അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം;

    അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.

  52. 18 ഞാൻ അവരുടെ വഴികൾ മനസ്സിലാക്കി, എന്നാലും ഞാൻ അവരെ സൗഖ്യമാക്കും;

    ഞാൻ അവരെ നയിക്കുകയും വിലപിക്കുന്നവരെ ആശ്വസിപ്പിക്കുകയും

    19 അവരുടെ അധരങ്ങളിൽ സ്തോത്രധ്വനികൾ നൽകുകയുംചെയ്യുന്നു.

    ദൂരസ്ഥർക്കും സമീപസ്ഥർക്കും സമാധാനം, അതേ, സമാധാനം!

    ഞാൻ അവർക്കു സൗഖ്യംനൽകും,”

    എന്നു യഹോവ അരുളിച്ചെയ്യുന്നു.

    20 എന്നാൽ ദുഷ്ടർ കലങ്ങിമറിയുന്ന കടൽപോലെയാണ്,

    അതിനു സ്വസ്ഥമായിരിക്കാൻ കഴിയുകയില്ല,

    അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു കൊണ്ടുവരികയും ചെയ്യുന്നു.

    21 “ദുഷ്ടർക്ക് ഒരു സമാധാനമില്ല എന്ന്,” എന്റെ ദൈവം അരുളിച്ചെയ്യുന്നു.

  53. 13 ആ ഭവനത്തിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിൽ നിവസിക്കും; അല്ലാത്തപക്ഷം സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങിവരും.

  54. 1 “നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; ദൈവത്തിൽ വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക. 2 എന്റെ പിതാവിന്റെ ഭവനത്തിൽ നിവാസയോഗ്യമായ സ്ഥലം വളരെയുണ്ട്. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്കുവേണ്ടി സ്ഥലമൊരുക്കാൻ പോകുന്നെന്നു പറയുമായിരുന്നോ? 3 ഞാൻ പോയി സ്ഥലമൊരുക്കിക്കഴിയുമ്പോൾ, നിങ്ങളും എന്നോടൊപ്പം ഞാൻ ആയിരിക്കുന്നേടത്ത് ആകേണ്ടതിന്, മടങ്ങിവന്നു നിങ്ങളെ എന്റെ അടുക്കൽ ചേർക്കും.

  55. 11 ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.

  56. 20 നിത്യമായ ഉടമ്പടിയുടെ രക്തത്താൽ, ആടുകളുടെ ശ്രേഷ്ഠഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം, 21 നിങ്ങളെ അവിടത്തെ ഇഷ്ടം ചെയ്യുന്നതിനായി സകലനന്മകളാലും സമ്പൂർണരാക്കുകയും അവിടത്തേക്കു പ്രസാദമുള്ളത് യേശുക്രിസ്തുവിലൂടെ നമ്മിൽ നിറവേറ്റുകയുംചെയ്യട്ടെ! അവിടത്തേക്ക് എന്നും എന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ.

  57. 12 നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും,

    സമാധാനത്തോടെ നിങ്ങളെ പറഞ്ഞയയ്ക്കും;

    പർവതങ്ങളും മലകളും

    നിങ്ങളുടെമുമ്പിൽ പൊട്ടിയാർക്കും,

    വയലിലെ സകലവൃക്ഷങ്ങളും

    കരഘോഷം മുഴക്കും.

  58. 39 അദ്ദേഹം എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, തിരകളോട്: “അടങ്ങുക, ശാന്തമാകുക” എന്നു കൽപ്പിച്ചു. അപ്പോൾ കാറ്റു നിലച്ചു! എല്ലാം പ്രശാന്തമായി!

  59. 36 അവർ ഇങ്ങനെ സംസാരിക്കുമ്പോൾ യേശു അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്ന് അവരോടു പറഞ്ഞു.

    37 അവർ ഭയപ്പെട്ടു നടുങ്ങി; തങ്ങൾ ഒരു ഭൂതത്തെയാണു കാണുന്നതെന്ന് അവർ കരുതി.

  60. 15 സമാധാനസുവിശേഷത്തിനുള്ള ഒരുക്കം പാദരക്ഷകളായും

  61. 16 ദൈവം നമ്മെ സ്നേഹിക്കുന്നെന്ന് ഞങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

    ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവർ ദൈവത്തിൽ വസിക്കുന്നു. ദൈവം അവരിലും വസിക്കുന്നു. 17 നാം ദൈവത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ സ്നേഹം പൂർണതയിലേക്കു വളരുന്നു. അങ്ങനെ ന്യായവിധിദിവസത്തിൽ ഭയരഹിതരായി, ദൈവത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ നമുക്ക് കഴിയും. കാരണം ഈ ലോകത്തിൽ നാം ജീവിക്കുന്നത് യേശുവിനെപ്പോലെ ആണല്ലോ. 18 സ്നേഹത്തിൽ ഭയമില്ല. സമ്പൂർണസ്നേഹം ഭയത്തെ ഇല്ലാതാക്കുന്നു. കാരണം, ഭയം ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭയപ്പെടുന്ന വ്യക്തി സ്നേഹത്തിൽ സമ്പൂർണനല്ല.