50 Bible Verses About Health

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Health
  1. 22 സന്തുഷ്ടഹൃദയം നല്ലൊരു ഔഷധം,

    എന്നാൽ തകർന്ന മനസ്സ് അസ്ഥികളെ ഉരുക്കുന്നു.

    23 ദുഷ്ടർ രഹസ്യമായി കൈക്കൂലി വാങ്ങുന്നു

    നീതിയുടെ വഴികൾ അട്ടിമറിക്കാൻ അവർ അപ്രകാരംചെയ്യുന്നു.

  2. 5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക

    സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

    6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,

    അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

    7 സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;

    യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.

    8 ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും

    അസ്ഥികൾക്ക് പോഷണവും നൽകും.

  3. 12 “അടിയങ്ങളെ പത്തുദിവസം പരീക്ഷിച്ചു നോക്കിയാലും. ഞങ്ങൾക്കു കഴിക്കാൻ സസ്യഭോജനവും കുടിക്കാൻ പച്ചവെള്ളവും തന്നാലും. 13 പിന്നീടു രാജഭോജനം കഴിക്കുന്ന യുവാക്കളെയും ഞങ്ങളെയും കാഴ്ചയിൽ താരതമ്യപ്പെടുത്തുക. അപ്പോൾ കാണുന്നതനുസരിച്ച് അടിയങ്ങളോടു ചെയ്തുകൊണ്ടാലും.”

  4. 20 എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ സശ്രദ്ധം ശ്രവിക്കുക;

    എന്റെ മൊഴികൾക്കു ചെവിചായ്‌ക്കുക.

    21 അവ നിന്റെ കൺമുമ്പിൽനിന്നും മറയാൻ അനുവദിക്കരുത്,

    അവ നിന്റെ ഹൃദയത്തിൽത്തന്നെ സൂക്ഷിക്കുക;

    22 കാരണം, കണ്ടെത്തുന്നവർക്ക് അവ ജീവനും

    അവരുടെ ശരീരംമുഴുവൻ ആരോഗ്യവും നൽകുന്നു.

    23 എല്ലാറ്റിനുമുപരി നിന്റെ ഹൃദയത്തെ സംരക്ഷിക്കുക,

    കാരണം അതിൽനിന്നാണ് ജീവന്റെ ഉറവ ഉത്ഭവിക്കുന്നത്.

    24 വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക;

    ദുർഭാഷണത്തിൽനിന്നു നിന്റെ അധരങ്ങളെ അകറ്റിനിർത്തുക.

  5. 7 ലൗകികവും സാങ്കൽപ്പികവുമായ കഥകൾ ഒഴിവാക്കുക; ദൈവഭക്തനാകാൻ നിന്നെത്തന്നെ പരിശീലിപ്പിക്കുക. 8 കായികാഭ്യാസം കുറച്ചുമാത്രം പ്രയോജനമുള്ളതാണ്; എന്നാൽ അതിലും മഹത്തരമാണ് ആത്മികാഭ്യസനം. കാരണം, ഐഹികജീവിതത്തിലും വരാനുള്ള ജീവിതത്തിലും അതുമൂലം പ്രയോജനങ്ങൾ വരുമെന്നുള്ള വാഗ്ദാനമുണ്ടല്ലോ.

  6. 26 അവിടന്ന് അരുളിച്ചെയ്തു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവിടത്തെ ദൃഷ്ടിയിൽ യോഗ്യമായതു പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ, അവിടത്തെ കൽപ്പനകൾ ശ്രദ്ധിക്കുകയും സകല ഉത്തരവുകളും പാലിക്കുകയും ചെയ്യുമെങ്കിൽ, ഈജിപ്റ്റുകാരുടെമേൽ ഞാൻ വരുത്തിയ വ്യാധികളിൽ ഒന്നുപോലും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങളെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു.”

  7. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

    എന്റെ സർവാന്തരംഗവുമേ, അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.

    2 എൻ മനമേ, യഹോവയെ വാഴ്ത്തുക;

    അവിടത്തെ ഉപകാരങ്ങളൊന്നും മറക്കരുത്—

    3 അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു

    നിന്റെ സർവരോഗത്തിനും സൗഖ്യമേകുന്നു.

    4 അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന് വീണ്ടെടുക്കുകയും

    നിന്നെ സ്നേഹവും മനസ്സലിവുംകൊണ്ട് മകുടമണിയിക്കുകയും ചെയ്യുന്നു,

    5 നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന്

    അവിടന്ന് നിന്റെ ജീവിതം നന്മകൊണ്ട് സംതൃപ്തമാക്കുന്നു.

    6 പീഡിതരായ എല്ലാവർക്കുംവേണ്ടി

    യഹോവ നീതിയും ന്യായവും ഉറപ്പാക്കുന്നു.

  8. 25 നിന്റെ ദൈവമായ യഹോവയെ ആരാധിക്കണം; നിന്റെ ആഹാരത്തിന്മേലും വെള്ളത്തിന്മേലും അവിടത്തെ അനുഗ്രഹം ഉണ്ടായിരിക്കും. ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് രോഗം നീക്കിക്കളയും. 26 ഗർഭം അലസുന്നവളോ വന്ധ്യയോ നിന്റെ ദേശത്ത് ഉണ്ടായിരിക്കുകയില്ല. ഞാൻ നിനക്കു പൂർണായുഷ്കാലം തരും.

  9. 6 “ ‘ഇതാ, ഞാൻ അവർക്ക് ആരോഗ്യവും സൗഖ്യവും വരുത്തും; ഞാൻ എന്റെ ജനത്തെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി ആസ്വദിക്കാൻ ഞാൻ അവരെ അനുവദിക്കുകയും ചെയ്യും.

  10. 17 എന്നാൽ ഞാൻ നിന്നെ രോഗത്തിൽനിന്ന് വിടുവിക്കും,

    നിന്റെ മുറിവുകൾ ഞാൻ സൗഖ്യമാക്കും,’

    എന്ന് യഹോവയുടെ അരുളപ്പാട്.

    ‘ആരും കരുതാനില്ലാതെ ഭ്രഷ്ടയെന്നു വിളിക്കപ്പെട്ട

    സീയോൻ നീ ആകുകയാൽത്തന്നെ.’

  11. 8 ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കാൻ ഓർക്കുക. 9 ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക; 10 എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല; 11 എന്തുകൊണ്ടെന്നാൽ, ആറുദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ചിട്ട് ഏഴാംദിവസം വിശ്രമിച്ചു. ആകയാൽ യഹോവ ശബ്ബത്ത് ദിവസത്തെ അനുഗ്രഹിച്ച് അതിനെ വിശുദ്ധീകരിച്ചു.

  12. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

  13. 23 വിവേകിയുടെ ഹൃദയം അവരുടെ അധരങ്ങൾ ജ്ഞാനമുള്ളവയാക്കുന്നു,

    അവരുടെ അധരങ്ങൾ സ്വാധീനംചെലുത്തും.

    24 ഹൃദ്യമായ വാക്ക് തേനടയാണ്,

    അത് ആത്മാവിനു മാധുര്യവും അസ്ഥികൾക്ക് ആരോഗ്യവും നൽകുന്നു.

  14. 29 “ഭൂമിയിലെങ്ങും വിത്തുള്ള സകലസസ്യങ്ങളും വിത്തോടുകൂടിയ ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഞാൻ നിങ്ങൾക്കു നൽകുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കും.

  15. 5 എന്നാൽ ഞാൻ അവിടത്തെ അചഞ്ചലസ്നേഹത്തിൽ ആശ്രയിക്കുന്നു;

    എന്റെ ഹൃദയം അവിടത്തെ രക്ഷയിൽ ആനന്ദിക്കുന്നു.

    6 അവിടന്ന് എനിക്കു നന്മ ചെയ്തിരിക്കുകയാൽ,

    ഞാൻ യഹോവയ്ക്കു സ്തുതിപാടും.

    സംഗീതസംവിധായകന്.

  16. 2 എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു,

    അങ്ങ് എന്നെ സൗഖ്യമാക്കി.

    3 യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു;

    കുഴിയിൽ ഇറങ്ങാതവണ്ണം അവിടന്നെന്റെ ജീവൻ കാത്തുപാലിച്ചിരിക്കുന്നു.

  17. 9 അപ്പോൾ നീ വിളിക്കും, യഹോവ ഉത്തരമരുളും;

    നീ സഹായത്തിനായി നിലവിളിക്കും; ഇതാ ഞാൻ, എന്ന് അവിടന്നു മറുപടി പറയും.

    “മർദനത്തിന്റെ നുകവും ആരോപണത്തിന്റെ വിരലും

    ഏഷണിപറയുന്നതും നിങ്ങൾ ഉപേക്ഷിച്ചാൽ,

    10 വിശക്കുന്നവർക്കായി നിന്നെത്തന്നെ വ്യയംചെയ്യുകയും

    മർദിതരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുകയും ചെയ്യുമെങ്കിൽ,

    നിങ്ങളുടെ വെളിച്ചം ഇരുട്ടിൽ ഉദിക്കുകയും

    നിങ്ങളുടെ രാത്രി മധ്യാഹ്നംപോലെ ആകുകയും ചെയ്യും.

    11 യഹോവ നിന്നെ നിരന്തരം വഴിനടത്തും;

    വരൾച്ചയുള്ള ദേശത്ത് അവിടന്നു നിന്റെ പ്രാണനു തൃപ്തിവരുത്തുകയും

    നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും.

    നീ മതിയായി വെള്ളംകിട്ടിയ തോട്ടംപോലെയും

    വെള്ളം നിന്നുപോകാത്ത നീരുറവുപോലെയും ആകും.

  18. 34 ഇപ്പോൾ നിങ്ങൾ ദയവായി അൽപ്പമെന്തെങ്കിലും ആഹാരം കഴിക്കണമെന്നാണ് എന്റെ അപേക്ഷ. നിങ്ങളുടെ ജീവരക്ഷയ്ക്ക് അത് അത്യാവശ്യമാണ്. നിങ്ങളിൽ ആരുടെയും ഒരു തലമുടിപോലും നഷ്ടമാകുകയില്ല,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.

  19. 16 നിങ്ങൾ ദൈവത്തിന്റെ ആലയമെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ? 17 ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നത് ആരായാലും അയാളെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ ആലയം വിശുദ്ധം; നിങ്ങൾ തന്നെയാണ് ആ ദൈവാലയം.

  20. 24 മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും ഒരാൾക്കുമാത്രമേ സമ്മാനം ലഭിക്കുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ? നിങ്ങളും സമ്മാനം നേടണമെന്ന ലക്ഷ്യത്തോടെ ഓടുക. 25 കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും കർശന നിയന്ത്രണത്തിലൂടെ പരിശീലനം നേടുന്നു. വാടിപ്പോകുന്ന ഒരു കിരീടത്തിനുവേണ്ടിയാണ് അവർ അതു ചെയ്യുന്നത്; നാമോ വാടിപ്പോകാത്ത കിരീടത്തിനുവേണ്ടിയും. 26 അതുകൊണ്ടാണ് എന്റെ ഓട്ടം ലക്ഷ്യമില്ലാത്ത ആളിന്റെ ഓട്ടംപോലെ അല്ലാത്തത്. മുന്നിൽ എതിരാളിയില്ലാതെ മല്ലയുദ്ധംചെയ്യുന്ന ഒരാളെപ്പോലെയല്ല ഞാൻ യുദ്ധംചെയ്യുന്നത്. 27 മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഏതെങ്കിലുംരീതിയിൽ ഞാൻ അയോഗ്യനായിപ്പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ കഷ്ടതയിലൂടെ കടത്തിവിട്ട് നിയന്ത്രണവിധേയമാക്കുന്നു.

  21. 1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു;

    അവമൂലം വഴിതെറ്റുന്നവർ ജ്ഞാനിയല്ല.

  22. 14 യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്നാൽ എനിക്കു സൗഖ്യം ലഭിക്കും;

    എന്നെ രക്ഷിക്കണമേ, എന്നാൽ ഞാൻ രക്ഷപ്പെടും,

    കാരണം അങ്ങാണ് എന്റെ പുകഴ്ച്ചയായിരിക്കുന്നത്.

  23. 1 സഭാമുഖ്യനായ ഞാൻ,

    സത്യമായി സ്നേഹിക്കുന്ന പ്രിയ ഗായൊസിന്, എഴുതുന്നത്:

    2 പ്രിയനേ, നീ ആത്മാവിൽ ബലവാനായി ഇരിക്കുന്നതുപോലെതന്നെ എല്ലാ കാര്യങ്ങളിലും ആരോഗ്യവും അഭിവൃദ്ധിയും ഉള്ളവനായിരിക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു.

  24. 3 ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും

    അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.

  25. 24 നാം പാപത്തിനു മരിക്കുകയും നീതിക്കുവേണ്ടി ജീവിക്കുകയുംചെയ്യേണ്ടതിന്, “ക്രിസ്തു നമ്മുടെ പാപം സ്വശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിന്മേൽ കയറി; അവിടത്തെ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു;

  26. 4 അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”

  27. 8 എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അദ്ദേഹം കുടിച്ചിരുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധനാക്കുകയില്ല എന്ന് ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു. അതുകൊണ്ട്, തനിക്ക് ഇപ്രകാരം അശുദ്ധി സംഭവിക്കാൻ ഇടവരുത്തരുതേ എന്ന് അദ്ദേഹം ഉദ്യോഗസ്ഥമേധാവിയോട് അപേക്ഷിച്ചു—

  28. 31 യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. 32 ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണ് മാനസാന്തരത്തിലേക്കു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.

  29. 12 നിങ്ങൾ ഈ നിയമങ്ങൾ കേട്ട് അവ സസൂക്ഷ്മം പാലിച്ചാൽ, നിങ്ങളുടെ പിതാക്കന്മാരോട് നിങ്ങളുടെ ദൈവമായ യഹോവ ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കും. 13 അവിടന്ന് നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വർധിപ്പിക്കുകയും ചെയ്യും. അവിടന്നു നിങ്ങൾക്കു നൽകുമെന്നു നിന്റെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്തു നിങ്ങളുടെ ഉദരഫലത്തെയും കൃഷിഫലത്തെയും—ധാന്യം, വീഞ്ഞ്, ഒലിവെണ്ണ—നിന്റെ കാളക്കിടാങ്ങളെയും ആട്ടിൻപറ്റത്തെയും അനുഗ്രഹിക്കും. 14 നിങ്ങൾ എല്ലാ ജനതകളെക്കാളും അനുഗ്രഹിക്കപ്പെടും. നിങ്ങളിൽ വന്ധ്യനോ വന്ധ്യയോ ഉണ്ടാകുകയില്ല, നിങ്ങളുടെ ആടുമാടുകളിലും കിടാങ്ങൾ ഇല്ലാതിരിക്കുകയില്ല. 15 യഹോവ സകലവ്യാധിയും നിങ്ങളിൽനിന്ന് അകറ്റും. ഈജിപ്റ്റിൽ നിങ്ങൾ കണ്ട മഹാവ്യാധികളിലൊന്നും അവിടന്നു നിങ്ങൾക്കു വരുത്താതെ, അവ നിങ്ങളെ പകയ്ക്കുന്നവർക്കു കൊടുക്കും.

  30. 17 ചിലർ തങ്ങളുടെ ധിക്കാരംനിമിത്തം ഭോഷരായിത്തീർന്നു

    അവരുടെ അകൃത്യങ്ങളാൽ ദുരിതമനുഭവിച്ചു.

    18 എല്ലാത്തരം ഭക്ഷണത്തോടും അവർക്ക് വിരക്തിതോന്നി,

    മരണകവാടത്തോട് അവർ സമീപിച്ചിരുന്നു.

    19 അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,

    അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.

    20 അവിടന്ന് തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി;

    ശവക്കുഴികളിൽനിന്ന് അവിടന്ന് അവരെ മോചിപ്പിച്ചു.

    21 അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും

    അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ.

  31. 16 കർത്താവേ, ഇവയാൽ മനുഷ്യർ ജീവിക്കുന്നു;

    എന്റെ ആത്മാവും ഇവയിൽ ജീവൻ കണ്ടെത്തുന്നു.

    അങ്ങ് എന്റെ ആരോഗ്യം തിരികെത്തന്നു;

    ഇനി ഞാൻ ജീവിക്കട്ടെ.

    17 തീർച്ചയായും ഞാൻ ഇത്രവലിയ വേദന അനുഭവിച്ചത്

    എന്റെ നന്മയ്ക്കായിത്തന്നെ ആയിരുന്നു.

    അവിടത്തെ സ്നേഹം വിനാശഗർത്തത്തിൽനിന്ന്

    എന്റെ സംരക്ഷിച്ചിരിക്കുന്നു;

    അങ്ങ് എന്റെ സർവപാപങ്ങളും

    അവിടത്തെ പിറകിൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു.

  32. 31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ

    അവരുടെ ശക്തി പുതുക്കും.

    അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;

    അവർ ഓടും, ക്ഷീണിക്കുകയില്ല,

    അവർ നടക്കും, തളർന്നുപോകുകയുമില്ല.

  33. 15 നാം സമാധാനത്തിനായി കാത്തിരുന്നു

    എന്നാൽ ഒരു നന്മയും ഉണ്ടായില്ല,

    രോഗശാന്തിക്കായി കാത്തിരുന്നു

    എന്നാൽ ഇതാ, ഭീതിമാത്രം.

  34. 28 അപ്പോൾ യേശു, “സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്! നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ” എന്നു കൽപ്പിച്ചു. ആ നിമിഷംതന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിച്ചു.

    29 യേശു അവിടംവിട്ട് ഗലീലാതടാകതീരത്തുകൂടി സഞ്ചരിച്ച് ഒരു മലമുകളിൽ കയറി, അവിടെ ഇരുന്നു. 30 ഒരു വലിയ ജനക്കൂട്ടം; മുടന്തർ, അന്ധർ, വികലാംഗർ, ഊമകൾ എന്നിങ്ങനെ പലതരം രോഗികളെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കാൽക്കൽ കിടത്തി. യേശു അവർക്കെല്ലാം സൗഖ്യം നൽകി. 31 ഊമകൾ സംസാരിക്കുന്നതും വികലാംഗർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ചയുള്ളവരായിത്തീരുന്നതും കണ്ട് ജനം ആശ്ചര്യപ്പെട്ടു. അവർ ഇസ്രായേലിന്റെ ദൈവത്തെ പുകഴ്ത്തി.

  35. 3 അവിടത്തെ ക്രോധത്താൽ എന്റെ ശരീരത്തിൽ ആരോഗ്യം അവശേഷിച്ചിട്ടില്ല;

    എന്റെ പാപംനിമിത്തം എന്റെ അസ്ഥികളുടെ ബലം നശിച്ചിരിക്കുന്നു.

  36. 18 വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു,

    എന്നാൽ ജ്ഞാനിയുടെ നാവു സൗഖ്യദായകമാകുന്നു.

  37. 20 അമിതമായി മദ്യം കുടിക്കുന്നവരുടെയോ

    മാംസഭക്ഷണത്തിൽ അമിതാസക്തി കാട്ടുന്നവരുടെയോ സംഘത്തിൽ ചേരരുത്,

    21 കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും;

    മദോന്മത്തത അവരെ കീറത്തുണിയുടുപ്പിക്കും.

  38. 29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,

    ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.

  39. 22 ഗിലെയാദിൽ ഔഷധലേപനം ഇല്ലേ?

    അവിടെ വൈദ്യനില്ലേ?

    എന്റെ ജനത്തിന്റെ മുറിവിന്

    സൗഖ്യം വരാത്തത് എന്തുകൊണ്ട്?

  40. 1 യേശു മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനസമൂഹം അദ്ദേഹത്തെ അനുഗമിച്ചു. 2 ഒരു കുഷ്ഠരോഗി അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നു പറഞ്ഞു.

    3 യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠം അവനെ വിട്ടുമാറി.

  41. 28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

  42. 6 ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. 7 കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല.

  43. 2 “യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു;

    അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു.

    അവിടന്ന് എന്റെ ദൈവം, ഞാൻ അവിടത്തെ സ്തുതിക്കും.

    അവിടന്ന് എന്റെ പിതാവിന്റെ ദൈവം, ഞാൻ അവിടത്തെ പുകഴ്ത്തും.

  44. 2 യഹോവേ, എന്നോടു കരുണയുണ്ടാകണമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു;

    യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്റെ അസ്ഥികൾ കഠിനവ്യഥയിൽ ആയിരിക്കുന്നു.

  45. 14 യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു;

    അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു.

  46. 17 ദുഷ്ടത പ്രവർത്തിക്കുന്ന സന്ദേശവാഹകർ കുഴപ്പത്തിൽ ചാടുന്നു,

    എന്നാൽ വിശ്വസ്തരായ സ്ഥാനപതി സൗഖ്യം കൊണ്ടുവരുന്നു.

  47. 8 അയാളുടെ പിതാവ് പനിയും അതിസാരവും പിടിപെട്ടു കിടക്കുകയായിരുന്നു. പൗലോസ് അദ്ദേഹത്തെ കാണാൻ അകത്തേക്കു ചെന്നു; പ്രാർഥിച്ച് അദ്ദേഹത്തിന്റെമേൽ കൈവെച്ചു സൗഖ്യമാക്കി. 9 ഈ സംഭവത്തെത്തുടർന്നു ദ്വീപിലെ മറ്റു രോഗികളും വന്നു സൗഖ്യംപ്രാപിച്ചു.

  48. 29 ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ല, സഭയെ ക്രിസ്തു പരിപോഷിപ്പിക്കുന്നതുപോലെ അതിനെ പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്.

  49. 19 എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടത്തെ മഹിമാധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ സമ്പൂർണമായി തീർത്തുതരും.

  50. 23 നിന്റെ ഉദരസബന്ധമായ അസ്വസ്ഥതയും കൂടെക്കൂടെയുള്ള അസുഖങ്ങളും നിമിത്തം വെള്ളംമാത്രം കുടിക്കാതെ അൽപ്പം വീഞ്ഞും സേവിക്കുക.