71 Bible Verses About Alcohol
Biblica® Open Malayalam Contemporary Version™ (OMCV)
-
1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു;
അവമൂലം വഴിതെറ്റുന്നവർ ജ്ഞാനിയല്ല.
-
15 അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നു സൂക്ഷിക്കുക—അവിവേകികളായിട്ടല്ല, വിവേകികളായിത്തന്നെ ജീവിക്കുക. 16 ഇത് വഷളത്തം വർധിതമായ കാലമാണ്; അതുകൊണ്ട്, ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുക. 17 അജ്ഞാനികളാകരുത്; പിന്നെയോ കർത്താവിന്റെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നവരാകുക. 18 മദ്യപിച്ചു മദോന്മത്തരാകരുത്; അതു വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി 19 സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ പരസ്പരം പ്രബോധിപ്പിക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് കീർത്തനങ്ങൾ ആലപിക്കുകയും 20 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക.
-
4 ലെമുവേലേ, ഇതു രാജാക്കന്മാർക്കു ചേർന്നതല്ല,
സുരാപാനം രാജാക്കന്മാർക്കനുചിതം,
മദ്യപാനം ഭരണാധിപർക്കു ഭൂഷണമല്ല,
5 അവർ മദ്യപിച്ചിട്ട് നിയമം വിസ്മരിക്കുകയും
പീഡിതരുടെ അവകാശങ്ങൾ അപഹരിക്കാതിരിക്കുകയുംചെയ്യട്ടെ.
6 നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യവും
തീവ്രയാതന അനുഭവിക്കുന്നവർക്കു വീഞ്ഞും പകരൂ!
7 അവർ പാനംചെയ്യട്ടെ, ദാരിദ്ര്യം മറന്നുപോകട്ടെ;
തങ്ങളുടെ അരിഷ്ടത ഓർക്കാതെയുമിരിക്കട്ടെ.
8 സ്വയം ശബ്ദമുയർത്താൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുക,
അനാഥരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിത്തന്നെ.
9 ശബ്ദമുയർത്തുക, നീതിയുക്തമായ തീർപ്പുകൾ പുറപ്പെടുവിക്കുക;
ദരിദ്രരുടെയും അഗതികളുടെയും അവകാശങ്ങൾക്കായി നിലകൊള്ളുക.
-
29 ആർക്കാണ് കഷ്ടം? ആർക്കാണ് സങ്കടം?
ആർക്കാണ് സംഘട്ടനം? ആർക്കാണ് ആവലാതി?
ആർക്കാണ് അനാവശ്യ മുറിവുകൾ? ആരുടെ കണ്ണുകളാണ് ചെമന്നുകലങ്ങിയിരിക്കുന്നത്?
30 മദ്യലഹരിയിൽ ദീർഘനേരം ആറാടുകയും
വിവിധതരം മദ്യം രുചിച്ചുനോക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടേതുതന്നെ.
31 വീഞ്ഞു ചെമന്നിരിക്കുമ്പോഴും
ചഷകങ്ങളിൽ നുരഞ്ഞുപൊന്തുമ്പോഴും
അത് ഒരാൾ ആസ്വദിച്ചു കുടിക്കുമ്പോഴും നിങ്ങളതിൽ മിഴിയുറപ്പിക്കരുത്.
32 ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും
അണലിപോലെ വിഷമേൽപ്പിക്കുകയും ചെയ്യും.
33 നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും,
നിങ്ങളുടെ മനസ്സ് മതിമയക്കുന്ന കാര്യങ്ങൾ സങ്കൽപ്പിക്കും.
34 നിങ്ങൾ നടുക്കടലിൽ കിടന്നുറങ്ങുന്നവരെപ്പോലെയും
കപ്പൽപ്പായ്മരത്തിൻമുകളിൽ തൂങ്ങിനിൽക്കുന്നവരെപ്പോലെയും ആകും.
35 “അവരെന്നെ ഇടിച്ചു; പക്ഷേ, എനിക്കു വേദനിച്ചില്ല!
അവരെന്നെ അടിച്ചു; പക്ഷേ, ഞാൻ അറിഞ്ഞതേയില്ല!
ഇനി ഞാൻ എപ്പോഴാണ് ഉണരുക
അപ്പോൾ എനിക്ക് ഒരു പ്രാവശ്യംകൂടി കുടിക്കാമല്ലോ,” എന്നിങ്ങനെ നീ പറയും.
-
17 പാപാസക്തി ദൈവാത്മാഭിലാഷത്തിനും ദൈവാത്മാഭിലാഷം പാപാസക്തിക്കും വിരുദ്ധമാണ്. ഇവ പരസ്പരം ശത്രുക്കളാണ്; അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയുന്നുമില്ല. 18 നിങ്ങൾ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിന് അധീനരല്ല.
19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.
-
29 നിങ്ങളുടെ മനസ്സാക്ഷിയല്ല, അയാളുടേതാണു ഞാൻ ഉദ്ദേശിക്കുന്നത്. മറ്റൊരാളിന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് എന്റെ സ്വാതന്ത്ര്യം എന്തിന് ഹനിക്കപ്പെടണം? 30 കൃതജ്ഞതയോടെയാണ് ഞാൻ ആ ഭക്ഷണം കഴിക്കുന്നെങ്കിൽ, ഞാൻ ദൈവത്തിനു സ്തോത്രംചെയ്ത വസ്തു നിമിത്തം എന്നെ കുറ്റപ്പെടുത്തുന്നതെന്തിന്?
31 നിങ്ങൾ ഭക്ഷിച്ചാലും പാനംചെയ്താലും മറ്റെന്തു ചെയ്താലും, അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുക;
-
19 എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക,
നിന്റെ ഹൃദയം നേരായ പാതയിൽ ഉറപ്പിച്ചുനിർത്തുക:
20 അമിതമായി മദ്യം കുടിക്കുന്നവരുടെയോ
മാംസഭക്ഷണത്തിൽ അമിതാസക്തി കാട്ടുന്നവരുടെയോ സംഘത്തിൽ ചേരരുത്,
21 കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും;
മദോന്മത്തത അവരെ കീറത്തുണിയുടുപ്പിക്കും.
-
23 നിന്റെ ഉദരസബന്ധമായ അസ്വസ്ഥതയും കൂടെക്കൂടെയുള്ള അസുഖങ്ങളും നിമിത്തം വെള്ളംമാത്രം കുടിക്കാതെ അൽപ്പം വീഞ്ഞും സേവിക്കുക.
-
14 കന്നുകാലികൾക്കായി അവിടന്ന് പുല്ല് മുളപ്പിക്കുന്നു
മനുഷ്യർക്ക് ആഹാരം ലഭിക്കേണ്ടതിനു ഭൂമിയിൽനിന്ന്
സസ്യസമ്പത്തും അവിടന്ന് വളരുമാറാക്കുന്നു:
15 മനുഷ്യഹൃദയത്തിന് ആനന്ദമേകുന്ന വീഞ്ഞ്,
അവരുടെ മുഖത്തെ മിനുക്കുന്നതിനുള്ള എണ്ണ,
മനുഷ്യഹൃദയത്തിനു ശക്തിപകരുന്ന ആഹാരം എന്നിവതന്നെ.
-
20 ഭക്ഷണം ദൈവത്തിന്റെ പ്രവൃത്തിയെ ശിഥിലമാക്കാൻ കാരണമാകരുത്. എല്ലാം ശുദ്ധമാണ്, എന്നാൽ ഒരു വസ്തു ഭക്ഷിക്കുന്നതിലൂടെ സഹവിശ്വാസി പാപത്തിലേക്കു നയിക്കപ്പെടുന്നു എങ്കിൽ ആ ഭക്ഷണം അശുദ്ധമാണ്. 21 മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹവിശ്വാസിയെ പാപത്തിലേക്കു നയിക്കുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതാണ് നല്ലത്.
-
1 ക്രിസ്തു ശരീരത്തിൽ കഷ്ടം സഹിച്ചതിനാൽ നിങ്ങളും അതുപോലെതന്നെ കഷ്ടം സഹിക്കാൻ സന്നദ്ധരായിരിക്കുക. കാരണം, ശാരീരിക കഷ്ടതകൾ പാപത്തിന് തടയിടുന്നു. 2 തത്ഫലമായി ശാരീരിക കഷ്ടത അനുഭവിക്കുന്ന വ്യക്തി, പാപകരമായ മാനുഷികമോഹങ്ങൾ പൂർത്തീകരിക്കാനല്ല, മറിച്ച്, ശിഷ്ടായുസ്സ് ദൈവഹിതം അന്വേഷിക്കുന്നയാളായി ജീവിക്കും. 3 കഴിഞ്ഞകാലങ്ങളിൽ, യെഹൂദേതരർ ഇഷ്ടപ്പെട്ടതും അവർ അനുവർത്തിച്ചുവന്നതുമായ, കുത്തഴിഞ്ഞ ജീവിതരീതി, ദുർമോഹം, മദ്യപാനം, മദിരോത്സവം, കൂത്താട്ടം, നിഷിദ്ധമായ വിഗ്രഹാരാധന തുടങ്ങിയവയിൽ നിങ്ങൾ ജീവിച്ചിരുന്നു. 4 അവരുടെ അപരിഷ്കൃതവും നാശകരവുമായ ചര്യകളിൽ നിങ്ങൾ അവരോടൊപ്പം പങ്കു ചേരാത്തതിൽ അവർ അത്ഭുതപ്പെടുകയും നിങ്ങളെ ദുഷിക്കുകയുംചെയ്യുന്നു. 5 എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിക്കാൻ തയ്യാറായിരിക്കുന്ന ദൈവത്തിനുമുമ്പാകെ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും.
-
1 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: 2 “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ വിശേഷാലുള്ള ഒരു വ്രതം—ഒരു നാസീറായി യഹോവയ്ക്കു സ്വയം വേർതിരിക്കുന്നതിനുള്ള ഒരു വ്രതം—അനുഷ്ഠിക്കാൻ ഇച്ഛിക്കുന്നെങ്കിൽ 3 വീഞ്ഞോ മദ്യമോ കുടിക്കരുത്; വീഞ്ഞിൽനിന്നോ മദ്യത്തിൽനിന്നോ ഉണ്ടാക്കിയ വിന്നാഗിരിയും ഉപയോഗിക്കരുത്. മുന്തിരിച്ചാർ കുടിക്കുകയോ പഴുത്തമുന്തിരിങ്ങയോ ഉണക്കമുന്തിരിങ്ങയോ തിന്നുകയോ അരുത്. 4 നാസീർവ്രതം അനുഷ്ഠിക്കുന്ന കാലം മുഴുവനും മുന്തിരിയിൽനിന്നുള്ള യാതൊന്നും, കുരുവോ തൊലിയോപോലും, അവർ ഭക്ഷിച്ചുകൂടാ.
-
22 വീഞ്ഞു കുടിക്കുന്നതിൽ വീരന്മാരായവർക്കും
വീര്യമുള്ള മദ്യം കലർത്തുന്നതിൽ ശൂരന്മാരുമായവർക്കും അയ്യോ കഷ്ടം!
23 അവർ കൈക്കൂലി വാങ്ങി ദുഷ്ടരെ കുറ്റവിമുക്തരാക്കുകയും
നിഷ്കളങ്കർക്ക് തങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുന്നു.
-
9 അധർമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ദുർനടപ്പുകാർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാരും സ്ത്രീകളും, 10 മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപർ, അപവാദം പരത്തുന്നവർ, അന്യരുടെ പണം അപഹരിക്കുന്നവർ ഇങ്ങനെയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 11 നിങ്ങളിൽ ചിലർ ഇങ്ങനെയുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കഴുകപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നീതീകരിക്കപ്പെട്ടവരും ആയിത്തീർന്നു.
-
8 ശുശ്രൂഷകരും അതുപോലെതന്നെ ആദരണീയർ ആയിരിക്കണം. അവർ സത്യസന്ധത ഇല്ലാത്തവരോ മദ്യാസക്തരോ അത്യാഗ്രഹികളോ ആകരുത്.
-
1 എന്നാൽ, നിർമലോപദേശത്തിന് യോഗ്യമായതുമാത്രം നീ പഠിപ്പിക്കുക. 2 നിന്നെക്കാൾ പ്രായമുള്ള പുരുഷന്മാർ സമചിത്തരും ബഹുമാന്യരും ബുദ്ധിപൂർവം പ്രവർത്തിക്കുന്നവരും അചഞ്ചലമായ വിശ്വാസവും സ്നേഹവും സഹിഷ്ണുതയും ഉള്ളവരും ആയിരിക്കാൻ നീ ഉപദേശിക്കുക.
3 അങ്ങനെതന്നെ, നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളും ജീവിതത്തിൽ നല്ല പെരുമാറ്റമുള്ളവരും പരദൂഷണം പറയാത്തവരും മദ്യപിക്കാത്തവരും നല്ലതു പഠിപ്പിക്കുന്നവരുമായിരിക്കാൻ ഉപദേശിക്കുക.
-
8 പിന്നീടു യഹോവ അഹരോനോടു പറഞ്ഞു: 9 “നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്, സമാഗമകൂടാരത്തിനകത്തു പോകുമ്പോൾ ഒരിക്കലും നീയും നിന്റെ പുത്രന്മാരും വീഞ്ഞോ മദ്യമോ കുടിക്കരുത്. ഇതു വരാനുള്ള തലമുറകൾക്ക് എന്നും നിലനിൽക്കുന്ന നിയമം ആകുന്നു. 10 ഇങ്ങനെ നിങ്ങൾക്കു വിശുദ്ധവും സാധാരണവുംതമ്മിലും ശുദ്ധവും അശുദ്ധവുംതമ്മിലും വേർതിരിച്ചറിയാം. 11 യഹോവ മോശമുഖാന്തരം ഇസ്രായേൽമക്കൾക്കു കൊടുത്ത എല്ലാ ഉത്തരവുകളും നീ അവരെ പഠിപ്പിക്കണം.”
-
7 എന്നാൽ ഇവരും വീഞ്ഞുനിമിത്തം ആടി നടക്കുകയും
മദ്യംനിമിത്തം വേച്ചുപോകുകയും ചെയ്യുന്നു:
പുരോഹിതന്മാരും പ്രവാചകന്മാരും മദ്യം കുടിച്ച് ചാഞ്ചാടുന്നു,
അവർ വീഞ്ഞിനാൽ മത്തരും
മദോന്മത്തതയിൽ വേച്ചു നടക്കുന്നവരുമത്രേ.
ദർശനങ്ങൾ ദർശിക്കുമ്പോൾ അവർക്ക് തെറ്റ് പറ്റുന്നു,
വിധി പ്രസ്താവിക്കുമ്പോൾത്തന്നെ അവർ പാളിപ്പോകുന്നു.
8 മേശകളെല്ലാം ഛർദികൊണ്ടു നിറഞ്ഞിരിക്കുന്നു,
വൃത്തിയുള്ള ഒരു സ്ഥലംപോലും അവശേഷിച്ചിട്ടില്ല.
-
19 ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതുമായ പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു നിങ്ങളുടെ ശരീരം എന്ന് അറിയുന്നില്ലേ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല; 20 വിലയ്ക്കു വാങ്ങപ്പെട്ടവരാണ് നിങ്ങൾ. അതുകൊണ്ട് നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുക.
-
11 മദ്യത്തിന്റെ പിറകെ ഓടാനായി
അതിരാവിലെ എഴുന്നേൽക്കുകയും
വീഞ്ഞു തങ്ങളെ മത്തു പിടിപ്പിക്കുംവരെ,
രാത്രിയിൽ ഉറങ്ങാതെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം!
12 അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും
തപ്പും കുഴലും വീഞ്ഞും ഉണ്ട്,
എങ്കിലും യഹോവയുടെ പ്രവൃത്തികൾ അവർ ശ്രദ്ധിക്കുന്നില്ല;
അവിടത്തെ കൈവേലയെപ്പറ്റി യാതൊരു ബഹുമാനവുമില്ല.
-
13 പകൽസമയത്തെന്നപോലെ നമ്മുടെ ജീവിതരീതി മാന്യമായിരിക്കട്ടെ. കാമോന്മാദത്തിലും മദ്യോന്മത്തതയിലുമല്ല, ഭോഗാസക്തിയിലും കുത്തഴിഞ്ഞ ജീവിതത്തിലുമല്ല, ലഹളയിലും അസൂയയിലുമല്ല,
-
2 അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം. 3 മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തനായിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്;
-
7 പോകുക, നിന്റെ ഭക്ഷണം ആഹ്ലാദത്തോടെ ആസ്വദിക്കുക. നിന്റെ വീഞ്ഞ് ആനന്ദത്തോടെ പാനംചെയ്യുക, കാരണം നിന്റെ പ്രവൃത്തി ദൈവത്തിന് പ്രസാദകരമായിരിക്കുന്നു.
-
15 കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.
-
33 അപ്പം തിന്നാത്തവനും വീഞ്ഞു കുടിക്കാത്തവനുമായിവന്ന യോഹന്നാൻസ്നാപകനെക്കുറിച്ച്, ‘അയാൾ ഭൂതബാധിതനാണ്’ എന്നു നിങ്ങൾ പറയുന്നു. 34 മനുഷ്യപുത്രനാകട്ടെ, തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്നു നിങ്ങൾ പറയുന്നു. 35 ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു” എന്നു പറയുന്നു.
-
20 കർഷകനായ നോഹ ഒരു മുന്തിരിത്തോപ്പു നട്ടുപിടിപ്പിക്കാൻ തുടങ്ങി. 21 നോഹ അതിൽനിന്നുള്ള വീഞ്ഞുകുടിച്ച് ലഹരിക്കടിമപ്പെട്ടു തന്റെ കൂടാരത്തിനുള്ളിൽ, വിവസ്ത്രനായിക്കിടന്നു. 22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടിട്ട് പുറത്തുചെന്ന് രണ്ടു സഹോദരന്മാരെയും അറിയിച്ചു. 23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്ത് തങ്ങളുടെ തോളിൽ ഇട്ടുകൊണ്ട് പിറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. അവർ മുഖം തിരിച്ചു പിടിച്ചിരുന്നതിനാൽ പിതാവിന്റെ നഗ്നത കണ്ടില്ല.
-
17 ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ ആ തുകൽക്കുടങ്ങൾ പൊട്ടി വീഞ്ഞ് ഒഴുകിപ്പോകുകയും തുകൽക്കുടങ്ങൾ നശിക്കുകയും ചെയ്യും. അവർ പുതിയ വീഞ്ഞു പുതിയ തുകൽക്കുടങ്ങളിൽത്തന്നെ പകർന്നുവെക്കുന്നു. അപ്പോൾ രണ്ടും ഭദ്രമായിരിക്കും.”
-
6 അവിടെ യെഹൂദർ, ആചാരപരമായ ശുദ്ധീകരണത്തിനു വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്നതും നൂറ് ലിറ്ററോളം വെള്ളം കൊള്ളുന്നതുമായ ആറ് കൽഭരണികൾ ഉണ്ടായിരുന്നു.
7 “ഈ ഭരണികളിൽ വെള്ളം നിറയ്ക്കുക” യേശു വേലക്കാരോടു കൽപ്പിച്ചു; അവർ ഭരണികളുടെ വക്കുവരെ വെള്ളം നിറച്ചു.
8 തുടർന്ന് “ഇനി ഇതിൽനിന്ന് കുറച്ചു പകർന്ന് കലവറക്കാരന് കൊടുക്കുക,” എന്ന് അദ്ദേഹം കൽപ്പിച്ചു.
അവർ അങ്ങനെ ചെയ്തു. 9 കലവറക്കാരൻ, വീഞ്ഞായിത്തീർന്ന വെള്ളം രുചിച്ചുനോക്കി. അത് എവിടെനിന്നെന്ന് വേലക്കാർക്ക് അറിയാമായിരുന്നെങ്കിലും കലവറക്കാരന് അറിയില്ലായിരുന്നു. അയാൾ മണവാളനെ അരികിൽ വിളിച്ചുപറഞ്ഞു, 10 “എല്ലാവരും അതിഥികൾക്ക് ആദ്യം ഏറ്റവും നല്ലതരം വീഞ്ഞും, പിന്നീട്, അതിഥികൾ ആവശ്യത്തിലേറെ കുടിച്ചുകഴിഞ്ഞശേഷം, സാധാരണതരത്തിലുള്ള വീഞ്ഞും വിളമ്പുന്നു; എന്നാൽ, താങ്കൾ ഏറ്റവും നല്ലത് ഇതുവരെയും സൂക്ഷിച്ചുവെച്ചിരുന്നല്ലോ!”
11 യേശു ഗലീലയിലെ കാനായിൽവെച്ച് അത്ഭുതചിഹ്നങ്ങളുടെ ആരംഭമായി ഇതു ചെയ്ത് തന്റെ മഹത്ത്വം വെളിപ്പെടുത്തി; അങ്ങനെ ശിഷ്യന്മാർ അദ്ദേഹത്തിൽ വിശ്വസിച്ചു.
-
8 ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ ദോഷമോ തിന്നാൽ കൂടുതൽ പ്രയോജനമോ ഉണ്ടാകുന്നുമില്ല.
9 എന്നാൽ, നിങ്ങൾക്കുള്ള ഈ സ്വാതന്ത്ര്യം ഒരുവിധത്തിലും ബലഹീനർക്കു വിലങ്ങുതടിയാകാതെ സൂക്ഷിക്കുക. 10 ജ്ഞാനമുള്ള നീ ക്ഷേത്രത്തിൽ ഇരുന്നു ഭക്ഷിക്കുന്നതു കാണുമ്പോൾ, ബലഹീനമനസ്സാക്ഷിയുള്ളവരും വിഗ്രഹാർപ്പിതം ഭക്ഷിക്കാൻ ധൈര്യപ്പെടുകയില്ലേ? 11 ക്രിസ്തു ഏത് ബലഹീന സഹോദരനോ സഹോദരിക്കോ വേണ്ടി മരിച്ചുവോ അയാൾ ഇങ്ങനെ നിന്റെ ജ്ഞാനത്താൽ, നശിച്ചുപോകാനിടയാകുന്നു. 12 ഈ വിധത്തിൽ, സഹോദരങ്ങൾക്കെതിരായി പാപംചെയ്ത് അവരുടെ ബലഹീനമനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോൾ, നിങ്ങൾ ക്രിസ്തുവിനു വിരോധമായി പാപംചെയ്യുന്നു. 13 അതുകൊണ്ട് എന്റെ ഭക്ഷണംനിമിത്തം സഹോദരൻ പാപത്തിൽ വീഴുന്നെങ്കിൽ ഞാൻ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല; അവന്റെ വീഴ്ചയ്ക്കു ഞാൻ കാരണക്കാരനാകരുതല്ലോ.
-
17 സുഖലോലുപത ഇഷ്ടപ്പെടുന്നവർ ദരിദ്രരായിത്തീരും;
വീഞ്ഞും സുഗന്ധതൈലവും ഇഷ്ടപ്പെടുന്നവർ ഒരിക്കലും സമ്പന്നരാകുകയില്ല.
-
13 യഹോവ അരുളിച്ചെയ്യുന്നു:
“ഉഴുന്നവർ കൊയ്ത്തുകാരുടെ മുന്നിലെത്തുകയും
മുന്തിരിച്ചക്കു ചവിട്ടുന്നവർ മുന്തിരിക്കൃഷി ചെയ്യുന്നവരുടെ മുന്നിലെത്തുകയും ചെയ്യും.
പർവതങ്ങളിൽനിന്ന് പുതുവീഞ്ഞു വർഷിക്കുകയും
എല്ലാ കുന്നുകളിൽനിന്നും അതു പ്രവഹിക്കുകയും ചെയ്യുന്ന ദിവസങ്ങൾ വരുന്നു!
14 പ്രവാസത്തിലേക്കുപോയ എന്റെ ജനമായ ഇസ്രായേലിനെ ഞാൻ മടക്കിക്കൊണ്ടുവരും.
“നശിപ്പിക്കപ്പെട്ട പട്ടണങ്ങളെ അവർ വീണ്ടും പണിത് അവിടെ പാർക്കും.
അവർ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കി, അവയിലെ വീഞ്ഞു കുടിക്കും;
അവർ തോട്ടങ്ങൾ നട്ടുണ്ടാക്കുകയും അതിലെ പഴം തിന്നുകയും ചെയ്യും.
15 ഞാൻ ഇസ്രായേലിനെ അവരുടെ സ്വന്തം ദേശത്തു നടും,
ഞാൻ അവർക്കു കൊടുത്ത ദേശത്തുനിന്ന്
ഇനിയൊരിക്കലും അവർ പറിച്ചുകളയപ്പെടുകയില്ല,”
എന്നു നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
-
18 ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിച്ചുകൊണ്ട് യോഹന്നാൻസ്നാപകൻ വന്നപ്പോൾ ‘അയാൾ ഭൂതബാധിതനാണ്,’ എന്ന് അവർ പറയുന്നു. 19 മനുഷ്യപുത്രനാകട്ടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്ന് അവർ പറയുന്നു. ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു.”
-
34 “സൂക്ഷിക്കുക! സുഖലോലുപതയിലും മദ്യാസക്തിയിലും മതിമറന്നും, ജീവിതോത്കണ്ഠയിൽ ആമഗ്നരായും മന്ദമനസ്ക്കരായിത്തീർന്നിട്ട് ആ നാൾ ഒരു കെണി എന്നപോലെ തികച്ചും അപ്രതീക്ഷിതമായി നിങ്ങൾക്കു വരാതിരിക്കട്ടെ.
-
26 ആ വെള്ളിക്കാശു കൊടുത്ത് ആട്, മാട്, വീഞ്ഞ്, മദ്യം ഇങ്ങനെ നിനക്കിഷ്ടമുള്ളതു വാങ്ങുക. നീയും നിന്റെ കുടുംബവും അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു ഭക്ഷിച്ച് ആനന്ദിക്കണം.
-
11 ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും
പഴയ വീഞ്ഞിനും പുതിയ വീഞ്ഞിനും
അവർ സ്വയം ഏൽപ്പിച്ചുകൊടുത്തു.
12 എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു,
ദേവപ്രശ്നംവെക്കുന്നവരുടെ ദണ്ഡിൽനിന്ന് അവർക്കു മറുപടി ലഭിക്കുന്നു.
വ്യഭിചാരത്തിന്റെ ആത്മാവ് അവരെ വഴിതെറ്റിക്കുന്നു;
അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
13 അവർ പർവതശിഖരങ്ങളിൽ ബലികഴിക്കുന്നു,
കുന്നുകളിൽ നല്ല തണൽ നൽകുന്ന
കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ
അവർ ധൂപംകാട്ടുന്നു.
തന്നിമിത്തം നിങ്ങളുടെ പുത്രിമാർ വ്യഭിചാരത്തിലേക്കും
പുത്രഭാര്യമാർ പരപുരുഷസംഗത്തിലേക്കും തിരിയുന്നു.
-
48 എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്ന ദുഷ്ടനാണ് ആ ഭൃത്യനെങ്കിൽ, 49 അയാൾ തന്റെ സഹഭൃത്യരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും. 50 ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. 51 അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് കപടഭക്തർക്കൊപ്പം ഇടം നൽകും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
-
12 “എനിക്കെല്ലാം അനുവദനീയമാണ്,” ചിലർ പറഞ്ഞേക്കാം. എന്നാൽ എല്ലാം പ്രയോജനമുള്ളവയല്ല. “എനിക്കെല്ലാം അനുവദനീയമാണ്”—എന്നാൽ ഞാൻ ഒന്നിനും അധീനനാകുകയില്ല.
-
4 എന്നാൽ സഹോദരങ്ങളേ, ആ ദിവസം കള്ളന്റെ വരവ് എന്നപോലെ നിങ്ങളെ അമ്പരപ്പിക്കേണ്ടതിന് നിങ്ങൾ അന്ധകാരത്തിലുള്ളവരല്ല; 5 നിങ്ങളെല്ലാവരും പ്രകാശത്തിന്റെ മക്കൾ; അതേ പകലിന്റെ മക്കൾ ആകുന്നു. നാം രാത്രിയുടെയും അന്ധകാരത്തിന്റെയും സ്വന്തമല്ല. 6 അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറങ്ങാതെ, നമുക്കു ജാഗ്രതയും സമചിത്തതയും ഉള്ളവരായിരിക്കാം. 7 ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. 8 എന്നാൽ നാം പകലിനുള്ളവർ ആയതിനാൽ, വിശ്വാസം, സ്നേഹം എന്നിവ കവചമായും, രക്ഷയുടെ പ്രത്യാശ ശിരോരക്ഷണമായും ധരിച്ചു നമുക്കു സുബോധമുള്ളവർ ആയിരിക്കാം.
-
9 നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക
നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ;
10 അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും
നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും.
-
13 എന്നാൽ മറ്റുചിലർ, “പുതുവീഞ്ഞിനാൽ ഇവർ ഉന്മത്തരായിരിക്കുന്നു” എന്നു പറഞ്ഞ് പരിഹസിച്ചു.
-
1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.
3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്.
-
11 സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് ഒരുവിധത്തിലും ഇടകലരരുത്. അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്.
-
7 അധ്യക്ഷൻ ദൈവത്തിന്റെ കാര്യസ്ഥനാണ്. അതുകൊണ്ട് അദ്ദേഹം കുറ്റാരോപിതനായിരിക്കരുത്. ശാഠ്യബുദ്ധിക്കാരനും മുൻകോപിയും മദ്യാസക്തി ഉള്ളവനും അക്രമവാസനയുള്ളവനും അത്യാഗ്രഹിയും ആകരുത്. 8 എന്നാൽ, അതിഥിയെ സൽക്കരിക്കുന്നവനും നല്ലതിഷ്ടപ്പെടുന്നവനും സ്വയം നിയന്ത്രിക്കുന്നവനും നീതിമാനും ഭക്തനും ജിതേന്ദ്രിയനും ആയിരിക്കണം അധ്യക്ഷൻ.
-
5 മരുഭൂമിയിൽക്കൂടി ഞാൻ നിങ്ങളെ നാൽപ്പതുവർഷം നടത്തിയപ്പോൾ നിങ്ങളുടെ വസ്ത്രം കീറിപ്പോയില്ല, കാലിലെ ചെരിപ്പ് തേഞ്ഞുപോയില്ല. 6 നിങ്ങൾ അപ്പം ഭക്ഷിച്ചില്ല, വീഞ്ഞോ മറ്റു മദ്യമോ കുടിച്ചതുമില്ല. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇതു ചെയ്തത്.
-
6 സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ
സകലജനതകൾക്കുംവേണ്ടി മൃഷ്ടാന്നഭോജനങ്ങളും
നല്ല പഴക്കമേറിയ വീഞ്ഞുമുള്ള ഒരു വിരുന്നൊരുക്കും—
ഉത്തമമായ മാംസവും വിശിഷ്ടമായ വീഞ്ഞുംകൊണ്ടുതന്നെ.
7 ഈ പർവതത്തിൽവെച്ച് അവിടന്ന്
സകലജനതകളുടെയുംമേലുള്ള ആവരണം,
എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും;
8 അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും.
യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നും
കണ്ണുനീർ തുടച്ചുകളയും;
തന്റെ ജനത്തിന്റെ നിന്ദ അവിടന്ന്
സകലഭൂമിയിൽനിന്നും നീക്കിക്കളയും.
യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.
9 ആ ദിവസത്തിൽ അവർ പറയും,
“ഇതാ, നമ്മുടെ ദൈവം!
അവിടത്തേക്കായി നാം കാത്തിരുന്നു.
നാം കാത്തിരുന്ന യഹോവ ഇതാകുന്നു;
നമുക്ക് അവിടത്തെ രക്ഷയിൽ ആനന്ദിക്കുകയും ആഹ്ലാദിക്കുകയുംചെയ്യാം.”
-
1 “ദാഹാർത്തരായ എല്ലാവരുമേ, വരിക,
വെള്ളത്തിങ്കലേക്കു വരിക;
നിങ്ങളിൽ പണമില്ലാത്തവരേ,
വന്ന് വാങ്ങി ഭക്ഷിക്കുക!
നിങ്ങൾ വന്ന് പണം കൊടുക്കാതെയും വില കൂടാതെയും
വീഞ്ഞും പാലും വാങ്ങുക.
-
14 ‘രേഖാബിന്റെ പുത്രനായ യോനാദാബ് തന്റെ മക്കളോടു വീഞ്ഞു കുടിക്കരുത്, എന്നു കൽപ്പിച്ചത് പാലിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവർ ഇന്നുവരെയും തങ്ങളുടെ പൂർവപിതാവിന്റെ കൽപ്പന അനുസരിച്ചു വീഞ്ഞു കുടിക്കാതെയിരിക്കുന്നു. എന്നാൽ ഞാൻ നിങ്ങളോട് വീണ്ടും വീണ്ടും സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല.
-
21 ഒരു പുരോഹിതനും വീഞ്ഞുകുടിച്ച് അകത്തെ അങ്കണത്തിൽ പ്രവേശിക്കരുത്. 22 അവർ വിധവകളെയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെയോ വിവാഹംകഴിക്കരുത്. ഇസ്രായേൽ വംശത്തിലെ കന്യകളെയോ ഒരു പുരോഹിതന്റെ വിധവകളെയോമാത്രമേ അവർ വിവാഹംചെയ്യാവൂ. 23 അവർ വിശുദ്ധമായതും സാമാന്യമായതും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിനു പഠിപ്പിച്ചുകൊടുക്കണം; ആചാരപരമായി മലിനമായവയും നിർമലമായവയുംതമ്മിൽ വിവേചിച്ചറിയാൻ അവരെ സഹായിക്കണം.
-
15 “അയൽവാസിയുടെ നഗ്നത കാണേണ്ടതിന്
അവരെ മദ്യം കുടിപ്പിക്കയും അവർക്കു മത്തുപിടിക്കുവോളം
വീണ്ടും പകർന്നുകൊടുക്കയും ചെയ്യുന്നവർക്കു ഹാ കഷ്ടം!
16 തേജസ്സിനു പകരം ലജ്ജ നിന്നെ മൂടും.
ഇതാ, നിന്റെ ഊഴം വന്നിരിക്കുന്നു, കുടിച്ചുമത്തനായി നിന്റെ നഗ്നത അനാവൃതമാക്കുക!
യഹോവയുടെ വലങ്കൈയിൽനിന്നുള്ള പാനപാത്രം നിന്റെ നേർക്കു വരുന്നു,
ലജ്ജ നിന്റെ തേജസ്സിനെ മൂടും.
17 നീ ലെബാനോൻ വനത്തോടു ചെയ്ത അതിക്രമം നിനക്കുമീതേ കവിഞ്ഞൊഴുകും,
നീ നടത്തിയ വന്യമൃഗസംഹാരം നിന്നെ ഭയപ്പെടുത്തും.
നീ മനുഷ്യരക്തം ചൊരിഞ്ഞ്,
ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള ഏവരെയും നശിപ്പിച്ചതുകൊണ്ടുതന്നെ.
-
27 പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു നൽകിക്കൊണ്ടു പറഞ്ഞത്: “എല്ലാവരും ഇതിൽനിന്നു പാനംചെയ്യുക, 28 ഇത് എന്റെ രക്തം ആകുന്നു, അനേകരുടെ പാപമോചനത്തിനുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം. 29 എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്ത് ഞാൻ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ, മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് പാനം ചെയ്യുകയില്ല.”
-
8 ജാഗ്രതയുള്ളവർ ആയിരിക്കുക! സമചിത്തത പാലിക്കുക! നിങ്ങളുടെ വൈരിയായ പിശാച് ഗർജിക്കുന്ന സിംഹത്തെപ്പോലെ ആരെ കടിച്ചുകീറി തിന്നേണ്ടൂ എന്നു പരതിക്കൊണ്ട് പതുങ്ങി നടക്കുന്നു.
-
9 അതിന്റെശേഷം മൂന്നാമത്തെ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “ആരെങ്കിലും മൃഗത്തെയും അവന്റെ പ്രതിമയെയും ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അവന്റെ അടയാളം സ്വീകരിക്കുകയോ ചെയ്താൽ 10 ദൈവകോപത്തിന്റെ ചഷകത്തിൽ പൂർണവീര്യത്തോടെ പകർന്നുവെച്ചിരിക്കുന്ന ദൈവക്രോധമെന്ന മദ്യം അയാൾ കുടിക്കേണ്ടിവരും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ തീയിലും ഗന്ധകത്തിലും അവർ ദണ്ഡനം അനുഭവിക്കും. 11 അവരുടെ ദണ്ഡനത്തിന്റെ പുക യുഗാനുയുഗം ഉയർന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുകയോ അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുകയോ ചെയ്യുന്നവർക്ക് രാപകൽ സ്വസ്ഥത അന്യമായിരിക്കും.”
-
28 ദൈവം നിനക്ക് ആകാശത്തിന്റെ മഞ്ഞും
ഭൂമിയുടെ പുഷ്ടിയും ധാന്യത്തിന്റെയും
പുതുവീഞ്ഞിന്റെയും സമൃദ്ധിയും നൽകട്ടെ.
-
18 ശാഠ്യക്കാരനും മത്സരിയും മാതാപിതാക്കളുടെ വാക്ക് അനുസരിക്കാത്തവനും അവർ ശാസിച്ചിട്ടും വഴങ്ങാത്തവനുമായ മകൻ ഒരുവന് ഉണ്ടെങ്കിൽ 19 അവന്റെ മാതാപിതാക്കൾ അവനെ പിടിച്ച് നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തു കൊണ്ടുവരണം. 20 അവർ ഗോത്രത്തലവന്മാരോട് ഇങ്ങനെ പറയണം: “ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയുമാണ്. ഇവൻ ഞങ്ങളെ അനുസരിക്കുന്നില്ല. ഇവൻ അമിതഭക്ഷണപ്രിയനും മദ്യപനുമാണ്.” 21 അപ്പോൾ നഗരനിവാസികളെല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലണം. നിങ്ങളുടെ ഇടയിലുള്ള തിന്മ ഇങ്ങനെ നീക്കിക്കളയണം. ഇസ്രായേൽമുഴുവൻ ഇതു കേട്ട് ഭയപ്പെടണം.
-
8 യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയാറാംവർഷം ബയെശയുടെ മകനായ ഏലാ ഇസ്രായേലിൽ രാജാവായി ഭരണം ആരംഭിച്ചു. അദ്ദേഹം തിർസ്സയിൽ രണ്ടുവർഷം ഭരിച്ചു.
9 ഏലയുടെ ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ രഥസൈന്യങ്ങളിൽ പകുതിക്ക് അധിപനുമായ സിമ്രി അയാൾക്കെതിരേ ഗൂഢാലോചന നടത്തി. ഏലാ ആ സമയത്ത് മദ്യപിച്ചു മദോന്മത്തനായി തിർസ്സയിൽ കൊട്ടാരത്തിന്റെ ഭരണാധിപനുമായ അർസ്സയുടെ വീട്ടിൽ ഇരിക്കുകയായിരുന്നു. 10 സിമ്രി അകത്തുകടന്ന് അദ്ദേഹത്തെ വെട്ടിക്കൊന്നു. യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാംവർഷത്തിലാണ് ഇതു സംഭവിച്ചത്. അതിനെത്തുടർന്ന്, സിമ്രി അടുത്ത രാജാവായി സ്ഥാനമേറ്റു.
-
9 അവർ പാട്ടോടെ വീഞ്ഞു കുടിക്കുന്നില്ല;
മദ്യം കുടിക്കുന്നവർക്ക് അതു കയ്പായിത്തീരുന്നു.
-
1 ബേൽശസ്സർ രാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വിരുന്നു നടത്തി, അവരോടൊപ്പം അദ്ദേഹം വീഞ്ഞുകുടിച്ചു. 2 ബേൽശസ്സർ വീഞ്ഞു രുചിച്ചുനോക്കിയശേഷം തന്റെ പിതാവായ നെബൂഖദ്നേസർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണംകൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങൾ കൊണ്ടുവരാൻ ആജ്ഞാപിച്ചു. രാജാവും പ്രഭുക്കന്മാരും രാജപത്നിമാരും വെപ്പാട്ടികളും ആ പാത്രങ്ങളിൽനിന്ന് കുടിക്കേണ്ടതിനാണ് ഈ കൽപ്പന പുറപ്പെടുവിച്ചത്. 3 അങ്ങനെ അവർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണപ്പാത്രങ്ങൾ കൊണ്ടുവന്നു. രാജാവും പ്രഭുക്കന്മാരും രാജാവിന്റെ പത്നിമാരും വെപ്പാട്ടികളും അവയിൽനിന്നു കുടിച്ചു. 4 അവർ വീഞ്ഞുകുടിച്ചശേഷം സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവതകളെ സ്തുതിച്ചു.
-
3 ആ മൂന്നാഴ്ച കഴിയുവോളം ഞാൻ സ്വാദുഭോജനം കഴിക്കുകയോ മാംസം, വീഞ്ഞ് എന്നിവ രുചിക്കുകയോ എണ്ണതേക്കുകയോ ചെയ്തില്ല.
-
19 ഞാൻ ആർക്കും അധീനൻ അല്ലെങ്കിലും പരമാവധിപേരെ ക്രിസ്തുവിലേക്കു നേടേണ്ടതിന് ഞാൻ എല്ലാവർക്കും എന്നെത്തന്നെ അധീനനാക്കിയിരിക്കുന്നു. 20 യെഹൂദരെ നേടാൻ, യെഹൂദർക്കു ഞാൻ യെഹൂദനെപ്പോലെയായി. ഞാൻ ന്യായപ്രമാണത്തിന് അധീനൻ അല്ലെങ്കിൽപോലും ന്യായപ്രമാണത്തിന് അധിനരായവരെ നേടാൻ ഞാനും അവരിൽ ഒരാളെപ്പോലെയായി. 21 ന്യായപ്രമാണമില്ലാത്തവരെ നേടാൻ ഞാൻ അവർക്കു ന്യായപ്രമാണം ഇല്ലാത്തവനെപ്പോലെയായി. ഞാൻ ക്രിസ്തുവിന്റെ പ്രമാണത്തിനു വിധേയനായിരിക്കുന്നതുകൊണ്ട് വാസ്തവത്തിൽ ദൈവത്തിന്റെ ന്യായപ്രമാണത്തിൽനിന്ന് സ്വതന്ത്രനല്ലതാനും. 22 അശക്തരെ നേടാൻ ഞാൻ അവർക്കുവേണ്ടി അശക്തനായി. ഏതുവിധത്തിലും ചിലരെ രക്ഷയിലേക്ക് നയിക്കാനായി ഞാൻ എല്ലാവർക്കുംവേണ്ടി എല്ലാം ആയിത്തീർന്നു. 23 സുവിശേഷത്തിന്റെ അനുഗ്രഹങ്ങളിൽ പങ്കാളിയാകാൻ സുവിശേഷത്തിനുവേണ്ടി ഞാൻ ഇതെല്ലാം ചെയ്യുന്നു.
-
20 പുരോഹിതൻ അവയെ യഹോവയുടെമുമ്പിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം; ഉയർത്തി അർപ്പിച്ച നെഞ്ചോടും വിശിഷ്ടയാഗാർപ്പണമായ തുടയും പുരോഹിതനു വിശുദ്ധമായിരിക്കണം. അതിനുശേഷം നാസീർവ്രതസ്ഥർക്കു വീഞ്ഞു കുടിക്കാം.
-
13 “മുന്തിരിവള്ളി പറഞ്ഞു, ‘ദേവന്മാരെയും മനുഷ്യരെയും ആനന്ദിപ്പിക്കുന്ന എന്റെ വീഞ്ഞുപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടാൻ പോകുമോ?’
-
1 ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾ തുടർന്നു. യഹോവ അവരെ നാൽപ്പതുവർഷം ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു.
2 സോരാഥയിൽ ദാൻഗോത്രക്കാരനായ മനോഹ എന്ന പേരുള്ള ഒരു പുരുഷനുണ്ടായിരുന്നു. അയാളുടെ ഭാര്യ വന്ധ്യ ആയിരുന്നതുകൊണ്ട് അവർക്കു മക്കൾ ഉണ്ടായിരുന്നില്ല. 3 യഹോവയുടെ ദൂതൻ അവൾക്കു പ്രത്യക്ഷനായി, അവളോട് ഇപ്രകാരം പറഞ്ഞു: “നീ വന്ധ്യയല്ലോ, നിനക്കു കുഞ്ഞുങ്ങളില്ല; എന്നാൽ നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കാൻ പോകുന്നു. 4 ആകയാൽ വീഞ്ഞും മദ്യവും കുടിക്കാതിരിക്കാൻ സൂക്ഷിക്കുക. അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്. 5 നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭംമുതൽ ദൈവത്തിന് നാസീർവ്രതസ്ഥനായിരിക്കും; അവൻ ഇസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്ന് മോചിപ്പിക്കാൻ തുടങ്ങും.”
6 അപ്പോൾ ആ സ്ത്രീ പോയി തന്റെ ഭർത്താവിനോട് പറഞ്ഞു: “ഒരു ദൈവപുരുഷൻ എന്റെ സമീപത്ത് വന്നു; അദ്ദേഹം ഒരു ദൈവദൂതനെപ്പോലെ കാണപ്പെട്ടു; ഭയാവഹമായ ഒരു കാഴ്ചയായിരുന്നു അത്. അദ്ദേഹം എവിടെനിന്നു വരുന്നു എന്നു ഞാൻ അദ്ദേഹത്തോട് ചോദിച്ചില്ല; അദ്ദേഹം എന്നോട് പേര് പറഞ്ഞതുമില്ല. 7 എന്നാൽ അദ്ദേഹം എന്നോട്, ‘നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിനു നാസീർവ്രതസ്ഥനായിരിക്കും’ എന്നു പറഞ്ഞു.”
-
14 അതുകൊണ്ട് അദ്ദേഹം അവളോട്: “നീ എത്രനാൾ ഇങ്ങനെ ലഹരിയിൽ കഴിയും? നിന്റെ വീഞ്ഞ് ഉപേക്ഷിക്കുക” എന്നു പറഞ്ഞു.
15 “അങ്ങനെയല്ല യജമാനനേ,” ഹന്നാ ഉത്തരം പറഞ്ഞു, “വളരെയേറെ മനോവ്യഥ അനുഭവിക്കുന്ന ഒരു സ്ത്രീയാണു ഞാൻ. വീഞ്ഞോ ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല; യഹോവയുടെമുമ്പാകെ എന്റെ ഹൃദയം പകരുകമാത്രമാണ് ഞാൻ ചെയ്തത്.
-
13 ദാവീദിന്റെ ക്ഷണം അനുസരിച്ച് ഊരിയാവ് അദ്ദേഹത്തോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തു. ദാവീദ് അയാളെ വീഞ്ഞുകുടിപ്പിച്ചു മത്തനാക്കി. എന്നിട്ട് ഊരിയാവ് സന്ധ്യാസമയത്ത് പുറത്തുകടന്ന് യജമാനന്റെ സേവകഗണത്തോടൊപ്പം തന്റെ പായിൽ കിടന്നുറങ്ങി; അദ്ദേഹം തന്റെ വീട്ടിൽ പോയില്ല.
-
18 “ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നിങ്ങളുടെ പാപം കടുംചെമപ്പായിരുന്നാലും,
അവ ഹിമംപോലെ ശുഭ്രമാകും;
അവ രക്താംബരംപോലെ ചെമപ്പായിരുന്നാലും
വെളുത്ത കമ്പിളിരോമംപോലെ ആയിത്തീരും.
-
10 ഫലപൂർണമായ വയലിൽനിന്ന് ആനന്ദവും ഉല്ലാസവും നീങ്ങിപ്പോയിരിക്കുന്നു;
മുന്തിരിത്തോപ്പുകളിലും പാട്ടുകളോ ആർപ്പുവിളിയോ ഇല്ല.
മുന്തിരിച്ചക്കുകളിൽ ആരും മുന്തിരിങ്ങാ ചവിട്ടുന്നില്ല;
കാരണം ഞാൻ ആ ആർപ്പുവിളി അവസാനിപ്പിച്ചിരിക്കുന്നു.
-
12 കർത്താവ്, സൈന്യങ്ങളുടെ യഹോവ,
ആ ദിവസം നിങ്ങളെ കരയുന്നതിനും വിലപിക്കുന്നതിനും
ശിരോമുണ്ഡനംചെയ്ത് ചാക്കുശീലധരിക്കുന്നതിനും
ആഹ്വാനംചെയ്തു,
13 എന്നാൽ അതിനുപകരം നിങ്ങൾ ആഹ്ലാദിച്ചു തിമിർത്തു;
കന്നുകാലികളെ കശാപ്പുചെയ്ത് ആടിനെ അറത്ത്
മാംസം ഭക്ഷിച്ചു വീഞ്ഞു പാനംചെയ്തു.
“നമുക്കു തിന്നുകുടിക്കാം,
നാളെ നാം മരിക്കുമല്ലോ,” എന്നു നിങ്ങൾ പറയുന്നു!
-
1 എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടത്തിന് ഹാ കഷ്ടം!
വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യത്തിന്,
ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണമായ നഗരത്തിന്,
മദോന്മത്തരായി വീണുകിടക്കുന്നവരുടെ അഹന്തയായ നഗരത്തിനുംതന്നെ.
-
8 യഹോവ തന്റെ വലംകരത്തെയും ബലമുള്ള ഭുജത്തെയും ചൊല്ലി
ഇപ്രകാരം ശപഥംചെയ്തിരിക്കുന്നു:
“തീർച്ചയായും ഞാൻ നിന്റെ ധാന്യം
നിന്റെ ശത്രുവിനു ഭക്ഷണമായി കൊടുക്കുകയില്ല,
നിന്റെ അധ്വാനഫലമായ പുതുവീഞ്ഞ്
വിദേശികൾ ഇനിയൊരിക്കലും കുടിക്കുകയില്ല;
9 എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച്
യഹോവയെ സ്തുതിക്കും,
അതു ശേഖരിക്കുന്നവർ എന്റെ വിശുദ്ധമന്ദിരത്തിന്റെ
അങ്കണത്തിൽവെച്ച് അതു പാനംചെയ്യും.”
-
10 മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. എന്നാൽ, ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവൻ ലഭിക്കാൻ; സമൃദ്ധമായ ജീവൻ ലഭിക്കാനാണ്.
-
1 ഓരോ വ്യക്തിയും ഭരണാധികാരികൾക്കു വിധേയരാകുക. കാരണം, ദൈവത്താൽ നിയോഗിക്കപ്പെടാത്ത അധികാരി ഒരാൾപോലുമില്ല. ഇപ്പോഴുള്ള ഭരണാധികാരികളും ദൈവത്താൽ നിയമിക്കപ്പെട്ടവരാണ്. 2 അതുകൊണ്ട്, അധികാരത്തെ എതിർക്കുന്നവൻ ദൈവം ഏർപ്പെടുത്തിയ സംവിധാനത്തെയാണ് എതിർക്കുന്നത്. അങ്ങനെചെയ്യുന്നവർ സ്വയം ശിക്ഷായോഗ്യരായിത്തീരും. 3 ഭരണാധികാരികളെ ഭയപ്പെടേണ്ടത് നന്മ പ്രവർത്തിക്കുന്നവരല്ല; മറിച്ച്, തിന്മ പ്രവർത്തിക്കുന്നവരാണ്. അധികാരികളെ ഭയപ്പെടാതെ ജീവിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരികളിൽനിന്ന് നിനക്ക് അഭിനന്ദനം ലഭിക്കും. 4 നിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൈവസേവകനാണ് അദ്ദേഹം. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നു എങ്കിൽ ഭയപ്പെടുകതന്നെ വേണം. ശിക്ഷിക്കാൻ അയാൾക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നത് വെറുതേയല്ലല്ലോ! തിന്മ പ്രവർത്തിക്കുന്നവർക്കെതിരേ ജ്വലിക്കുന്ന ദൈവക്രോധം ശിക്ഷയിലൂടെ നടപ്പാക്കാൻ ദൈവം നിയോഗിച്ച ഭൃത്യനാണയാൾ. 5 ശിക്ഷ ലഭിക്കുമെന്ന ഭയംകൊണ്ടുമാത്രമല്ല, ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കേണ്ടതിനുംകൂടിയാണ് അധികാരികളോട് വിധേയത്വം പുലർത്തേണ്ടത്.
Shows Read in context, Share and Copy.