45 Bible Verses About Tithing
Biblica® Open Malayalam Contemporary Version™ (OMCV)
-
6 അൽപ്പം വിതയ്ക്കുന്നവൻ അൽപ്പം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും എന്ന് ഓർക്കുക. 7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. വൈമനസ്യത്തോടെയോ നിർബന്ധത്താലോ ആകരുത്. കാരണം, ആനന്ദത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.
9 “അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു;
അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു,”
എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. 10 വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിത്തിന്റെ ശേഖരം വർധിപ്പിക്കുകയും നീതിയുടെ വിളവെടുപ്പു സമൃദ്ധമാക്കുകയും ചെയ്യും. 11 നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും.
-
5 “ഞാൻ നിന്നെ വിസ്തരിക്കുന്നതിനായി അടുത്തുവരും. ആഭിചാരകർ, വ്യഭിചാരികൾ, കള്ളശപഥംചെയ്യുന്നവർ. വേലക്കാരെ കൂലിയിൽ വഞ്ചിക്കുന്നവർ, വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർ, എന്നെ ഭയപ്പെടാതെ പ്രവാസികളുടെ ന്യായം മറിച്ചുകളയുന്നവർ എന്നിവർക്കെല്ലാം എതിരേ ഞാൻ ഉടൻതന്നെ സാക്ഷ്യംപറയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
6 “യഹോവയായ ഞാൻ മാറ്റമില്ലാത്തവൻ. അതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപോകാതിരിക്കുന്നു. 7 നിങ്ങളുടെ പൂർവികരുടെ കാലംമുതൽ എന്റെ ഉത്തരവുകളിൽനിന്ന് നിങ്ങൾ വ്യതിചലിച്ചു; അവയെ പ്രമാണിച്ചതുമില്ല. എന്റെ അടുക്കലേക്ക് മടങ്ങിവരുക, അപ്പോൾ ഞാൻ നിങ്ങളുടെ അടുക്കലേക്കു മടങ്ങിവരും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“ ‘എന്നാൽ ഞങ്ങൾ എങ്ങനെയാണ് മടങ്ങിവരേണ്ടത്?’ എന്നു നിങ്ങൾ ചോദിക്കുന്നു.
8 “മനുഷ്യൻ ദൈവത്തെ കൊള്ളയടിക്കുമോ? എന്നാൽ നിങ്ങൾ എന്നെ കൊള്ളചെയ്യുന്നു.
“എന്നാൽ നിങ്ങൾ ചോദിക്കുന്നു: എങ്ങനെയാണു ഞങ്ങൾ അങ്ങയെ കൊള്ളചെയ്യുന്നത്?
“ദശാംശങ്ങളിലും വഴിപാടുകളിലുംതന്നെ. 9 നിങ്ങൾ മുഴുവൻ ജനതയും എന്നെ കൊള്ളയിടുന്നതുകൊണ്ട് ശാപഗ്രസ്തരാണ്. 10 എന്റെ ആലയത്തിൽ ആഹാരം ഉണ്ടായിരിക്കേണ്ടതിനു നിങ്ങൾ ദശാംശം മുഴുവൻ കലവറയിലേക്കു കൊണ്ടുവരിക. ഞാൻ നിങ്ങൾക്കായി സ്വർഗകവാടങ്ങൾ തുറന്നു സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹങ്ങൾ വർഷിക്കുകയില്ലയോ? എന്നെ ഇതിനാൽ പരീക്ഷിക്കുക,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 11 “നിങ്ങളുടെ വിളകളെ നശിപ്പിക്കാതവണ്ണം ഞാൻ കീടങ്ങളെ തടയും. നിങ്ങളുടെ മുന്തിരിത്തോപ്പുകളിൽനിന്ന് ഫലം ലഭിക്കാതെ പോകുകയുമില്ല,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 12 “നിങ്ങൾ മനോഹരമായ ഒരു ദേശം ആയിത്തീർന്നിരിക്കുകയാൽ സകലജനതകളും നിങ്ങളെ അനുഗൃഹീതർ എന്നു വിളിക്കും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
-
30 “ ‘നിലത്തിലെ ധാന്യത്തിലായാലും വൃക്ഷങ്ങളിലെ ഫലങ്ങളിലായാലും ദേശത്തിലെ എല്ലാറ്റിന്റെയും ദശാംശം യഹോവയ്ക്കുള്ളതാണ്; അതു യഹോവയ്ക്കു വിശുദ്ധമാണ്. 31 ഒരാൾ, അയാളുടെ ദശാംശത്തിൽ എന്തെങ്കിലും വീണ്ടെടുക്കുന്നെങ്കിൽ അതിന്റെ വിലയുടെ അഞ്ചിലൊന്നും കൂട്ടണം. 32 ആടുമാടുകളുടെ മുഴുവൻ ദശാംശം—ഇടയന്റെ കോൽക്കീഴിലൂടെ കടന്നുപോകുന്ന ഓരോ പത്താമത്തെ മൃഗവും—യഹോവയ്ക്കു വിശുദ്ധമാണ്. 33 അവ നല്ലതോ ചീത്തയോ എന്ന് അന്വേഷിക്കേണ്ടതില്ല; അവയെ വെച്ചുമാറരുത്. അങ്ങനെചെയ്താൽ ആ മൃഗവും അതിനുപകരം വെച്ചതും വിശുദ്ധമാകും; അവയെ വീണ്ടെടുക്കാൻ പാടില്ല.’ ”
34 യഹോവ സീനായിമലയിൽവെച്ച് ഇസ്രായേൽമക്കൾക്കുവേണ്ടി മോശയ്ക്കു നൽകിയ കൽപ്പനകൾ ഇവയാണ്.
-
14 “ഇസ്രായേലിൽ യഹോവയ്ക്ക് അർപ്പിച്ചിരിക്കുന്ന സകലതും നിന്റേതാണ്. 15 മനുഷ്യനിലും മൃഗങ്ങളിലും യഹോവയ്ക്ക് അർപ്പിതമായ കടിഞ്ഞൂലായ ആണൊക്കെയും നിനക്കുള്ളതാണ്. എന്നാൽ മനുഷ്യന്റെ ആദ്യജാതന്മാരൊക്കെയും അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലായ ആണിനെ ഒക്കെയും നീ വീണ്ടെടുക്കണം. 16 അവയ്ക്ക് ഒരുമാസം പ്രായമുള്ളപ്പോൾ, അവയുടെ വീണ്ടെടുപ്പുവിലയായ ഇരുപതു ഗേരയ്ക്കു സമമായ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരമുള്ള അഞ്ചുശേക്കേൽ വെള്ളികൊണ്ട് അവയെ വീണ്ടെടുക്കണം.
17 “എന്നാൽ പശുവിന്റെയോ ആടിന്റെയോ കോലാടിന്റെയോ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു. അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിക്കുകയും മേദസ്സ് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി ദഹിപ്പിക്കുകയും വേണം. 18 വിശിഷ്ടയാഗാർപ്പണത്തിന്റെ നെഞ്ചും വലതുതുടയും നിന്റേതായിരിക്കുന്നതുപോലെതന്നെ അവയുടെ മാംസവും നിനക്കായിരിക്കണം. 19 ഇസ്രായേല്യർ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധയാഗങ്ങളിൽനിന്നു മാറ്റിവെക്കുന്നതൊക്കെയും ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും നിങ്ങളുടെ ശാശ്വതാവകാശമായിത്തരുന്നു. ഇതു നിനക്കും നിന്റെ സന്തതിക്കും യഹോവയുടെമുമ്പാകെ ശാശ്വതമായ ലവണയുടമ്പടി ആയിരിക്കും.”
20 യഹോവ അഹരോനോട് അരുളിച്ചെയ്തു: “നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും അവരുടെ ഇടയിൽ യാതൊരു ഓഹരിയും ഉണ്ടായിരിക്കുകയില്ല. ഇസ്രായേൽമക്കളുടെ ഇടയിൽ ഞാൻ ആകുന്നു നിന്റെ അവകാശവും നിന്റെ ഓഹരിയും.
21 “സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുമ്പോൾ ചെയ്യുന്ന വേലയ്ക്കു പകരമായി ഞാൻ ലേവ്യർക്ക് ഇസ്രായേലിലെ ദശാംശം മുഴുവനും അവകാശമായി നൽകുന്നു. 22 ഇനിമുതൽ പുരോഹിതന്മാരും ലേവ്യരുമൊഴികെ ഇസ്രായേൽമക്കളിൽ ആരുംതന്നെ സമാഗമകൂടാരത്തിന്റെ അടുക്കൽ ചെല്ലരുത്. മറിച്ചായാൽ അവരെ കുറ്റക്കാരായി വിധിക്കുകയും മരണശിക്ഷയേൽക്കുകയും വേണം. 23 സമാഗമകൂടാരത്തിൽ വേല ചെയ്യേണ്ടതും അതിനെതിരേ ചെയ്യുന്ന നിയമലംഘനത്തിന് അകൃത്യം വഹിക്കേണ്ടതും ലേവ്യരാണ്. ഇതു വരാനുള്ള തലമുറകൾക്ക് ഒരു ശാശ്വതനിയമമായിരിക്കും. അവർക്ക് ഇസ്രായേൽമക്കളുടെ ഇടയിൽ ഒരവകാശവും ഉണ്ടായിരിക്കുകയില്ല. 24 എന്നാൽ ഇസ്രായേൽമക്കൾ യഹോവയ്ക്കു യാഗമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി നൽകുന്നു. അതുകൊണ്ടാണ് ‘അവർക്ക് ഇസ്രായേല്യരുടെ ഇടയിൽ ഒരവകാശവും ഉണ്ടായിരിക്കുകയില്ല,’ എന്നു ഞാൻ കൽപ്പിച്ചത്.”
25 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: 26 “ലേവ്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദശാംശം ഇസ്രായേൽമക്കളിൽനിന്നു ലഭിക്കുമ്പോൾ, ആ ദശാംശത്തിന്റെ പത്തിലൊന്ന് യഹോവയ്ക്കു യാഗമായി അർപ്പിക്കുക. 27 നിങ്ങളുടെ യാഗം മെതിക്കളത്തിൽനിന്നുള്ള ധാന്യംപോലെയും മുന്തിരിച്ചക്കിൽനിന്നുള്ള മുന്തിരിച്ചാർപോലെയും നിങ്ങൾക്കു കണക്കാക്കും. 28 നിങ്ങൾക്ക് ഇസ്രായേല്യരിൽനിന്നു ലഭിക്കുന്ന ദശാംശത്തിൽനിന്നെല്ലാം ഇപ്രകാരം നിങ്ങളും യഹോവയ്ക്ക് ഒരു യാഗം അർപ്പിക്കണം. ഈ ദശാംശങ്ങളിൽനിന്നുള്ള യഹോവയുടെ പങ്ക് നിങ്ങൾ പുരോഹിതനായ അഹരോനു കൊടുക്കണം. 29 നിങ്ങൾക്കു നൽകപ്പെട്ട സകലത്തിൽനിന്നും ഉത്തമവും വിശുദ്ധവുമായ ഭാഗം വേണം യഹോവയ്ക്കുള്ള പങ്കായി അർപ്പിക്കേണ്ടത്.’
-
1 ശാലേംരാജാവും പരമോന്നതനായ ദൈവത്തിന്റെ പുരോഹിതനുമാണ് ഈ മൽക്കീസേദെക്ക്. രാജാക്കന്മാരെ കീഴടക്കി മടങ്ങിവരുന്ന അബ്രാഹാമിനെ അദ്ദേഹം സ്വീകരിച്ച് അനുഗ്രഹിച്ചു. 2 അപ്പോൾ അബ്രാഹാം തനിക്കുള്ള എല്ലാറ്റിന്റെയും ദശാംശം അദ്ദേഹത്തിന് കാഴ്ചയർപ്പിച്ചു. അദ്ദേഹത്തിന്റെ, മൽക്കീസേദെക്ക് എന്ന പേരിന് ആദ്യം “നീതിയുടെ രാജാവ്” എന്നർഥം; പിന്നീട് “ശാലേം രാജാവ്” അതായത്, “സമാധാനത്തിന്റെ രാജാവ്” എന്നും അർഥം. 3 അദ്ദേഹം, പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്തവനായി, ദൈവപുത്രനു സമനായ നിത്യപുരോഹിതനായിരിക്കുന്നു.
4 അദ്ദേഹം എത്ര മഹാൻ എന്നു കാണുക! ഇസ്രായേലിന്റെ പൂർവപിതാവായ അബ്രാഹാംപോലും യുദ്ധത്തിൽ സ്വായത്തമാക്കിയ സമ്പത്തിന്റെ ദശാംശം അദ്ദേഹത്തിന് കൊടുത്തു! 5 ലേവിയുടെ പിൻഗാമികളിൽ പുരോഹിതന്മാരാകുന്നവർ ജനങ്ങളിൽനിന്ന്, അതായത്, സ്വസഹോദരങ്ങളിൽനിന്നുതന്നെ, അവരും അബ്രാഹാമിന്റെ വംശജർ ആയിരുന്നിട്ടുപോലും, ദശാംശം വാങ്ങാൻ ന്യായപ്രമാണത്തിൽ കൽപ്പനയുണ്ട്. 6 എന്നാൽ, മൽക്കീസേദെക്ക് ഇവരുടെ വംശത്തിലൊന്നും ഉൾപ്പെടാത്തവനായിരുന്നിട്ടും അബ്രാഹാമിൽനിന്ന് ദശാംശം സ്വീകരിക്കുകയും ദൈവികവാഗ്ദാനങ്ങൾ പ്രാപിച്ചിരുന്ന അബ്രാഹാമിനെ അനുഗ്രഹിക്കുകയും ചെയ്തു. 7 ഉയർന്നയാളാണ് താണയാളെ അനുഗ്രഹിക്കുക എന്നതിൽ തർക്കമില്ലല്ലോ. 8 ഇപ്പോൾ ലേവ്യാപുരോഹിതർ ദശാംശം വാങ്ങുന്നു, അവർ മരണവിധേയരായ മനുഷ്യർ; അവിടെയോ സദാ ജീവിക്കുന്നെന്ന് സാക്ഷ്യംപ്രാപിച്ചയാൾതന്നെ ദശാംശം വാങ്ങി. 9 ദശാംശം സ്വീകരിക്കുന്നവനായ ലേവിതന്നെ അബ്രാഹാമിലൂടെ ദശാംശം നൽകി എന്നു വേണമെങ്കിൽ പറയാം. 10 കാരണം, മൽക്കീസേദെക്ക് അബ്രാഹാമിനെ എതിരേറ്റപ്പോൾ ലേവി തന്റെ പൂർവികനായ അബ്രാഹാമിന്റെ ശരീരത്തിൽ ഉണ്ടായിരുന്നല്ലോ.
-
41 പിന്നീട് യേശു വഴിപാടുകൾ അർപ്പിക്കുന്ന സ്ഥലത്തിനെതിരേ ഇരുന്നുകൊണ്ട്, ജനക്കൂട്ടം ദൈവാലയഭണ്ഡാരത്തിൽ കാണിക്ക ഇടുന്നതു ശ്രദ്ധിച്ചു. ധനികർ പലരും വൻതുകകൾ ഇട്ടു. 42 എന്നാൽ ദരിദ്രയായ ഒരു വിധവ വന്നു വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ ഇട്ടു. അതിന് ഒരു പൈസയുടെ വിലമാത്രമേ ഉണ്ടായിരുന്നുള്ളൂ.
43 യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “ഭണ്ഡാരത്തിൽ മറ്റെല്ലാവരും ഇട്ടതിലും അധികം ദരിദ്രയായ ഈ വിധവ ഇട്ടിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. 44 മറ്റെല്ലാവരും തങ്ങളുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചത്; ഇവളോ, സ്വന്തം ദാരിദ്ര്യത്തിൽനിന്ന്, തന്റെ ഉപജീവനത്തിനുള്ള വക മുഴുവൻ അർപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
-
22 എല്ലാവർഷവും നിന്റെ വയലിൽനിന്നു ലഭിക്കുന്നതിന്റെ ദശാംശം വേർതിരിച്ചുവെക്കണം.
-
16 അപഹരിക്കപ്പെട്ട സകലസമ്പത്തും അദ്ദേഹം തിരികെ പിടിക്കുകയും തന്റെ സഹോദരപുത്രനായ ലോത്തിനെയും അദ്ദേഹത്തിന്റെ സമ്പാദ്യവും സ്ത്രീകളെയും മറ്റ് ആളുകളെയും മടക്കിക്കൊണ്ടുവരികയും ചെയ്തു.
17 കെദൊർലായോമരിനെയും അദ്ദേഹത്തോടു സഖ്യം പുലർത്തിയിരുന്ന രാജാക്കന്മാരെയും തോൽപ്പിച്ചിട്ട് അബ്രാം തിരിച്ചെത്തിയപ്പോൾ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരയിൽ അദ്ദേഹത്തെ എതിരേൽക്കാൻ ചെന്നു.
18 ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞും കൊണ്ടുചെന്നു; അദ്ദേഹം പരമോന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. 19 അബ്രാമിനെ അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
“ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ,
പരമോന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
20 നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏൽപ്പിച്ചുതന്ന
പരമോന്നതനായ ദൈവം വാഴ്ത്തപ്പെടട്ടെ.”
പിന്നെ അബ്രാം എല്ലാറ്റിന്റെയും ദശാംശം അദ്ദേഹത്തിന് കാഴ്ചയർപ്പിച്ചു.
-
23 “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! പുതിന, അയമോദകം, ജീരകം എന്നിവയിൽനിന്നു ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു. എന്നാൽ, ന്യായപ്രമാണത്തിലെ പ്രാധാന്യമേറിയ കാര്യങ്ങളായ നീതി, കരുണ, വിശ്വസ്തത എന്നിങ്ങനെയുള്ളവയോ, നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്. 24 അന്ധന്മാരായ വഴികാട്ടികളേ, കീടത്തെ അരിച്ചുകളയുന്ന നിങ്ങൾ ഒട്ടകത്തെ വിഴുങ്ങുന്നു!
-
32-33 “നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായി കാഴ്ചയപ്പത്തിനും നിരന്തര ഭോജനയാഗങ്ങൾക്കും ഹോമയാഗങ്ങൾക്കും; ശബ്ബത്തുക്കളിലെ യാഗങ്ങൾക്കും അമാവാസികൾക്കും നിർദിഷ്ട ഉത്സവങ്ങൾക്കും വിശുദ്ധ അർപ്പണങ്ങൾക്കും ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കുന്ന പാപശുദ്ധീകരണയാഗങ്ങൾക്കും നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ ചുമതലകൾക്കുംവേണ്ടി പ്രതിവർഷം ശേക്കേലിൽ മൂന്നിലൊന്നു നൽകണം എന്ന കൽപ്പന പാലിക്കുന്നതിനുള്ള ചുമതല ഞങ്ങൾ സ്വയം ഏൽക്കുന്നു.
34 “ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ കത്തിക്കാനുള്ള വിറക്, വർഷത്തിൽ നിശ്ചിതസമയത്ത് കൊണ്ടുവരുന്നതിനുള്ള കുടുംബങ്ങളെ നിയമിക്കാൻ ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും ചേർന്നു നറുക്കിടുന്നു.
35 “യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ വിളവിന്റെയും ഫലവൃക്ഷത്തിന്റെയും ആദ്യഫലം എല്ലാവർഷവും കൊണ്ടുവരാനുള്ള ചുമതലയും ഞങ്ങൾ ഏൽക്കുന്നു.
36 “ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ, ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും കന്നുകാലിക്കൂട്ടങ്ങളിലും ആട്ടിൻപറ്റങ്ങളിലുംനിന്നുള്ള കടിഞ്ഞൂലുകളെ നമ്മുടെ ദൈവത്തിന്റെ ആലയത്തിലേക്കും അവിടെ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുത്തേക്കും ഞങ്ങൾ കൊണ്ടുവരും.
37 “തന്നെയുമല്ല, നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിലേക്ക് ഞങ്ങളുടെ ആദ്യഫലമായ പൊടിമാവ്, മറ്റു ഭോജനയാഗങ്ങൾ, എല്ലാ വൃക്ഷത്തിന്റെയും ഫലങ്ങൾ, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവ പുരോഹിതന്മാരുടെ പക്കൽ എത്തിക്കുന്നതാണ്. ഞങ്ങളുടെ എല്ലാ വിളവിന്റെയും ദശാംശം ഞങ്ങൾ ലേവ്യരെ ഏൽപ്പിക്കും; കാരണം കൃഷിയുള്ള പട്ടണങ്ങളിൽനിന്നു ദശാംശം ശേഖരിക്കുന്നതു ലേവ്യരാണല്ലോ. 38 ദശാംശം വാങ്ങുന്ന സമയത്ത്, അഹരോന്യനായ ഒരു പുരോഹിതൻ ലേവ്യരോടൊപ്പം ഉണ്ടായിരിക്കണം; ദശാംശത്തിന്റെ പത്തിലൊന്നു ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിലേക്കു കൊണ്ടുവരണം. 39 ലേവ്യർ ഉൾപ്പെടെയുള്ള ഇസ്രായേല്യർ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയിൽനിന്നുള്ള സംഭാവന വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ശുശ്രൂഷകരായ പുരോഹിതർ, വാതിൽക്കാവൽക്കാർ, സംഗീതജ്ഞർ എന്നിവരുടെ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന അറകളിലേക്കു കൊണ്ടുവരണം.
“ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തെ ഞങ്ങൾ അവഗണിക്കുകയില്ല.”
-
20 ഇതിനുശേഷം യാക്കോബ് ഒരു നേർച്ച നേർന്നു: “ദൈവം എന്നോടുകൂടെയിരിക്കുകയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാത്തുകൊള്ളുകയും ഭക്ഷിക്കാൻ ആഹാരവും ധരിക്കാൻ വസ്ത്രവും നൽകുകയും 21 എന്റെ പിതാവിന്റെ ഭവനത്തിൽ സുരക്ഷിതമായി എന്നെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എന്റെ ദൈവമായിരിക്കും; 22 ഞാൻ തൂണായി നാട്ടിയ കല്ല് ദൈവത്തിന്റെ ഭവനമായിത്തീരും; അവിടന്ന് എനിക്കു നൽകുന്ന എല്ലാറ്റിന്റെയും പത്തിലൊന്ന് ഞാൻ അവിടത്തേക്കു നൽകും” എന്നു പറഞ്ഞു.
-
9 നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക
നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ;
10 അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും
നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും.
-
4 പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ശ്രദ്ധാലുക്കളായിരിക്കേണ്ടതിന് അവർക്ക് അവകാശപ്പെട്ട വിഹിതം കൊടുക്കാൻ രാജാവ് ജെറുശലേംനിവാസികൾക്ക് കൽപ്പനകൊടുത്തു. 5 ഈ കൽപ്പന പ്രസിദ്ധമായ ഉടനെതന്നെ ഇസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, ഒലിവെണ്ണ, തേൻ, വയലിലെ ഇതര വിഭവങ്ങൾ എന്നിവയുടെയെല്ലാം ആദ്യഫലം ഉദാരമനസ്സോടെ കൊണ്ടുവന്നു. എല്ലാറ്റിന്റെയും ദശാംശവും അവർ ധാരാളമായി കൊണ്ടുവന്നു. 6 യെഹൂദ്യയുടെ പട്ടണങ്ങളിൽ താമസിച്ചിരുന്ന ഇസ്രായേൽജനതയുടെയും യെഹൂദ്യരുടെയും കാര്യത്തിലാകട്ടെ, അവരും തങ്ങളുടെ കാളകൾ, ആടുകൾ എന്നിവയുടെ ദശാംശവും അവരുടെ ദൈവമായ യഹോവയ്ക്കു സമർപ്പിച്ചിരുന്ന സകലവിശുദ്ധവസ്തുക്കളുടെയും ദശാംശവും കൊണ്ടുവന്ന് കൂമ്പാരമായിക്കൂട്ടി. 7 അവർ മൂന്നാംമാസത്തിൽ ഇപ്രകാരം ചെയ്തുതുടങ്ങി; ഏഴാംമാസത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. 8 ഹിസ്കിയാവും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും വന്ന് ഈ കൂമ്പാരങ്ങൾ കണ്ടപ്പോൾ അവർ യഹോവയെ പുകഴ്ത്തുകയും അവിടത്തെ ജനമായ ഇസ്രായേലിനെ ആശീർവദിക്കുകയും ചെയ്തു.
9 ഹിസ്കിയാവ് പുരോഹിതന്മാരോടും ലേവ്യരോടും ഈ കൂമ്പാരങ്ങളെക്കുറിച്ച് അന്വേഷിച്ചു. 10 സാദോക്കിന്റെ കുടുംബത്തിലുള്ളവനും പുരോഹിതമുഖ്യനുമായ അസര്യാവ് മറുപടി പറഞ്ഞു: “ജനം തങ്ങളുടെ സംഭാവനകൾ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നുതുടങ്ങിയതുമുതൽ ഞങ്ങൾക്കു മതിയാകുംവരെ ഭക്ഷിക്കാനും വേണ്ടുവോളം മിച്ചംവെക്കാനുമുണ്ട്. യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നതിനാൽ ഇത്രവലിയ ഒരു ശേഖരം ഇവിടെ അവശേഷിച്ചിരിക്കുന്നു.”
11 യഹോവയുടെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളൊരുക്കാൻ ഹിസ്കിയാവു കൽപ്പനകൊടുത്തു; അതു നിർവഹിക്കപ്പെട്ടു. 12 സംഭാവനകളും ദശാംശങ്ങളും സമർപ്പിതവസ്തുക്കളും അവർ വിശ്വസ്തതയോടെ അകത്തേക്കെടുത്തു. ലേവ്യനായ കോനന്യാവ് ഈ വസ്തുക്കളുടെ ചുമതലക്കാരനായിരുന്നു; അദ്ദേഹത്തിന്റെ സഹോദരൻ ശിമെയി രണ്ടാംസ്ഥാനക്കാരനും.
-
42 “പരീശന്മാരായ നിങ്ങൾക്കു ഹാ കഷ്ടം; പുതിന, ബ്രഹ്മി തുടങ്ങി എല്ലാവിധ ഉദ്യാനസസ്യങ്ങളിൽനിന്നും ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു; എന്നാൽ നീതിയും ദൈവസ്നേഹവും നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്.
-
5 മറ്റ് അപ്പൊസ്തലന്മാരെയും കർത്താവിന്റെ സഹോദരന്മാരെയും എന്തിന് കേഫാവിനെയുംപോലെ വിശ്വാസിനിയായ ഒരു ഭാര്യയുമൊത്ത് സഞ്ചരിക്കാൻ ഞങ്ങൾക്കും അവകാശമില്ലേ? 6 തൊഴിൽ ചെയ്യാതെ ഉപജീവനം കഴിയാൻ എനിക്കും ബർന്നബാസിനുംമാത്രം അവകാശമില്ലെന്നോ?
7 ആരാണ് സ്വന്തം ചെലവിൽ സൈനികസേവനം ചെയ്യുന്നത്? മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചിട്ട് അതിലെ മുന്തിരിപ്പഴം തിന്നാത്തവർ ആരുണ്ട്? ആട്ടിൻപറ്റത്തെ പാലിച്ചിട്ട് അതിന്റെ പാൽ കുടിക്കാത്തവരും ആരുണ്ട്? 8 കേവലം മാനുഷികമായ വീക്ഷണത്തിലൂടെയോ ഞാൻ ഇതു പറയുന്നത്? ന്യായപ്രമാണത്തിലും ഇതേകാര്യം പ്രസ്താവിച്ചിട്ടില്ലേ? 9 “ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്” എന്നു മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നല്ലോ. കാളകളെക്കുറിച്ചുമാത്രമാണോ ദൈവത്തിനു കരുതലുള്ളത്? 10 വാസ്തവത്തിൽ നമ്മെ ഉദ്ദേശിച്ചല്ലേ അവിടന്ന് ഇത് അരുളിച്ചെയ്തിരിക്കുന്നത്? അതേ, നമുക്കുവേണ്ടിത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. കാരണം, ഉഴുന്നവൻ ഉഴുകയും മെതിക്കുന്നവൻ മെതിക്കുകയും ചെയ്യുമ്പോൾ അവരുടെ അധ്വാനഫലമായി, വിളവിന്റെ ഓഹരി അവർക്കും ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തല്ലല്ലോ. 11 ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആത്മികമായ വിത്തു വിതച്ചിട്ട്, നിങ്ങളിൽനിന്ന് ഭൗതികമായ ഒരു വിളവെടുപ്പു നടത്തിയാൽ അത് അധികമായിപ്പോകുമോ? 12 നിങ്ങളിൽനിന്ന് ഭൗതികസഹായം ലഭിക്കാൻ മറ്റുള്ളവർക്ക് അവകാശം ഉണ്ടെങ്കിൽ ഞങ്ങൾക്ക് അത് എത്രയോ അധികം!
എങ്കിലും ഞങ്ങൾ ഈ അവകാശം ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ പ്രസരണത്തിനു തടസ്സം വരാതിരിക്കാനായി ഞങ്ങൾ എല്ലാം സഹിക്കുന്നു.
13 ദൈവാലയത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കു ദൈവാലയത്തിൽനിന്നുതന്നെ ഭക്ഷണം ലഭിക്കുന്നെന്നും യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്കു വഴിപാടിന്റെ വിഹിതംകിട്ടുന്നെന്നും നിങ്ങൾക്കറിയാമല്ലോ? 14 അതുപോലെതന്നെ, സുവിശേഷം പ്രസംഗിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണമെന്നു കർത്താവ് കൽപ്പിച്ചിരിക്കുന്നു.
-
9 തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: 10 “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. 11 പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. 12 ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’
13 “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.
14 “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”
-
19 “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്; 20 പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക. 21 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
22 “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും. 23 കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും!
24 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.
-
1 ദൈവജനത്തിനു വേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി: ഗലാത്യസഭകളോടു ഞാൻ നിർദേശിച്ചതുപോലെതന്നെ നിങ്ങളും ചെയ്യുക. 2 ഓരോ ആഴ്ചയുടെയും ഒന്നാംദിവസം നിങ്ങളിൽ ഓരോരുത്തരും അവരവരുടെ വരുമാനം അനുസരിച്ചുള്ള ഒരു തുക മാറ്റിവെക്കണം. അങ്ങനെചെയ്താൽ, ഞാൻ വന്നതിനുശേഷം ധനശേഖരണം നടത്തേണ്ടിവരികയില്ലല്ലോ. 3 നിങ്ങളുടെ സംഭാവന ജെറുശലേമിലേക്കു കൊണ്ടുപോകാൻ ഞാൻ വന്നശേഷം നിങ്ങൾക്കു സമ്മതരായവരെ ശുപാർശക്കത്തുകളുമായി അയയ്ക്കാം. 4 ഞാനും പോകുന്നതു നല്ലതെന്നു തോന്നിയാൽ അവർക്ക് എന്നോടുകൂടെ പോരാം.
-
38 കൊടുക്കുക; എന്നാൽ നിങ്ങൾക്കു ലഭിക്കും; അളവുപാത്രത്തിൽ അമർത്തിക്കുലുക്കി പുറത്തേക്കു കവിയുന്ന അളവിൽ നിങ്ങളുടെ മടിയിൽ പ്രതിഫലം ലഭിക്കും. നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.”
-
6 “പുത്രൻ പിതാവിനെയും ദാസൻ യജമാനനെയും ബഹുമാനിക്കുന്നു. ഞാൻ പിതാവെങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനനെങ്കിൽ എന്നോടുള്ള ഭക്തി എവിടെ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു.
“എന്റെ നാമത്തോട് ആദരവുപുലർത്താത്ത പുരോഹിതന്മാരേ, നിങ്ങൾ എന്നോടു ചോദിക്കുന്നു, ‘എങ്ങനെയാണ് ഞങ്ങൾ അങ്ങയുടെ നാമം മലിനമാക്കിയത്?’
7 “നിങ്ങൾ എന്റെ യാഗപീഠത്തിൽ മലിനഭോജനം അർപ്പിക്കുന്നു.
“എന്നാൽ നിങ്ങൾ ചോദിക്കുന്നു: ‘ഏതിനാൽ ഞങ്ങൾ അങ്ങയെ മലിനമാക്കി?’
“യഹോവയുടെ മേശ ആദരവ് അർഹിക്കാത്തത് എന്നു നിങ്ങൾ പറയുന്നതിനാൽത്തന്നെ. 8 നിങ്ങൾ കണ്ണുപൊട്ടിയ മൃഗങ്ങളെ യാഗത്തിനു കൊണ്ടുവരുമ്പോൾ, അതു നിന്ദ്യമല്ലേ? മുടന്തും ദീനവുമുള്ളതിനെ കാഴ്ചവെച്ചാൽ, അതും നിന്ദ്യമല്ലേ? ഇവ നീ ദേശാധിപതികൾക്കു കാഴ്ചവെച്ചാൽ അവർ നിന്നോടു പ്രസാദിക്കുമോ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു.
9 “ആകയാൽ ദൈവം നമ്മോടു കരുണ കാണിക്കത്തക്കവിധം അവിടത്തെ പ്രസാദിപ്പിച്ചുകൊൾവിൻ. ഇത്തരം യാഗം അർപ്പിച്ചാൽ അവിടന്ന് നിന്നോടു പ്രീതി കാണിക്കുമോ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു.
10 “നിങ്ങൾ എന്റെ യാഗപീഠത്തിൽ വ്യർഥമായി തീ കത്തിക്കാതിരിക്കാൻ നിങ്ങളിലൊരുവൻ വാതിൽ അടച്ചിരുന്നെങ്കിൽ! നിങ്ങളിൽ എനിക്കു പ്രസാദമില്ല. നിങ്ങളുടെ കരങ്ങളിൽനിന്ന് ഞാൻ ഒരു വഴിപാടും സ്വീകരിക്കുകയുമില്ല,” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 11 “സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജനതകളുടെയിടയിൽ ഉന്നതമായിരിക്കും. എല്ലായിടത്തും എന്റെ നാമത്തിനു ധൂപവും നിർമലമായ വഴിപാടും അർപ്പിക്കപ്പെടുന്നു. കാരണം എന്റെ നാമം ജനതകളുടെയിടയിൽ ഉന്നതമാണ്,” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
12 “ ‘കർത്താവിന്റെ മേശയെക്കുറിച്ച്, അത് നിന്ദ്യം,’ എന്നും ‘അതിലെ ഭോജ്യത്തെ മലിനം,’ എന്നും നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ എന്റെ നാമം അശുദ്ധമാക്കുന്നു. 13 ‘എന്തൊരു മടുപ്പ്,’ എന്നു പറഞ്ഞ് അതിനെതിരേ ചീറിയടുക്കുകയും ചെയ്യുന്നു. എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“മുറിവേറ്റവയും മുടന്തുള്ളവയും രോഗം ബാധിച്ചവയുമായ മൃഗങ്ങളെ നിങ്ങൾ കൊണ്ടുവന്ന് യാഗമർപ്പിക്കുമ്പോൾ നിങ്ങളുടെ കരങ്ങളിൽനിന്ന് ഞാൻ അതു സ്വീകരിക്കണമോ,” എന്ന് യഹോവ ചോദിക്കുന്നു. 14 “തന്റെ ആട്ടിൻപറ്റത്തിൽ ഊനമില്ലാത്ത ഒരു ആൺ ഉണ്ടായിരിക്കുകയും അതിനെ കർത്താവിനു നേർന്നിട്ട്, ഊനമുള്ള തള്ളയെ കർത്താവിനു യാഗം കഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ, ജനതകളുടെ ഇടയിൽ എന്റെ നാമം ഭയപ്പെടേണ്ടതാണ്,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
-
6 അപ്പോൾ കുടുംബത്തലവന്മാരും ഇസ്രായേലിലെ ഗോത്രാധിപന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജസേവനത്തിനു ചുമതലപ്പെട്ട അധികാരികളും താത്പര്യപൂർവം ദാനങ്ങൾ ചെയ്തു. 7 ദൈവത്തിന്റെ ആലയത്തിന്റെ പണികൾക്കായി അയ്യായിരം താലന്തു സ്വർണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്തു വെങ്കലവും ഒരുലക്ഷം താലന്ത് ഇരുമ്പും അവർ കൊടുത്തു. 8 വിലയേറിയ രത്നക്കല്ലുകളുണ്ടായിരുന്നവർ, യഹോവയുടെ ആലയത്തിന്റെ ഭണ്ഡാരത്തിൽ ചേർക്കാൻ അവ ഗെർശോന്യനായ യെഹീയേലിന്റെ കൈവശം ഏൽപ്പിച്ചുകൊടുത്തു. 9 നേതാക്കന്മാർ ഈ വിധം സ്വമനസ്സാലെ ദാനം ചെയ്തപ്പോൾ ജനം സന്തോഷിച്ചു. കാരണം അവർ യഹോവയ്ക്കു ദാനംചെയ്തത് പൂർണഹൃദയത്തോടെ ആയിരുന്നു. ദാവീദുരാജാവും ഇതിൽ ഏറ്റവും സന്തോഷിച്ചു.
10 അതിനുശേഷം ദാവീദ് സർവസഭയുടെയുംമുമ്പിൽ ഇപ്രകാരം യഹോവയെ സ്തുതിച്ചു:
“ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ യഹോവേ,
അങ്ങ് എന്നെന്നേക്കും
വാഴ്ത്തപ്പെട്ടവൻ!
11 മഹത്ത്വവും ശക്തിയും തേജസ്സും കീർത്തിയും മഹിമയും
യഹോവേ, അങ്ങേക്കുള്ളതാണ്.
ഭൂമിയിലും സ്വർഗത്തിലുമുള്ളതെല്ലാം അങ്ങയുടേതാകുന്നു.
യഹോവേ, രാജ്യം അങ്ങേക്കുള്ളത്.
അങ്ങ് സകലത്തിന്റെയും തലവനായിരിക്കുന്നു.
12 ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു;
എല്ലാറ്റിനെയും ഭരിക്കുന്നതും അങ്ങുതന്നെ.
എല്ലാവരെയും ഉദ്ധരിച്ച് ശക്തി പകരാനുള്ള
ശക്തിയും അധികാരവും അങ്ങയുടെ കരങ്ങൾക്കുള്ളിലാണല്ലോ.
13 ഇപ്പോൾ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങേക്കു നന്ദികരേറ്റുന്നു;
അങ്ങയുടെ മഹത്ത്വകരമായ നാമം ഞങ്ങൾ പുകഴ്ത്തുകയും ചെയ്യുന്നു.
-
10 യഹോവേ, അവിടന്ന് എനിക്കു നൽകിയ നിലത്തെ ആദ്യഫലം ഞാൻ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു.” അതിനുശേഷം അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സമർപ്പിക്കുകയും നിന്റെ ദൈവമായ യഹോവയുടെമുമ്പാകെ നമസ്കരിക്കുകയും വേണം. 11 നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിനും നൽകിയ എല്ലാ നന്മയിലും നീയും ലേവ്യരും നിങ്ങളുടെയിടയിലുള്ള പ്രവാസികളും ആനന്ദിക്കണം.
12 ദശാംശത്തിന്റെ വർഷമായ മൂന്നാംവർഷത്തിൽ നിന്റെ ഉത്പന്നങ്ങളുടെ എല്ലാം ദശാംശം എടുത്ത് ലേവ്യർക്കും പ്രവാസികൾക്കും അനാഥർക്കും വിധവയ്ക്കും നൽകുകയും, അങ്ങനെ അവർ നിന്റെ നഗരങ്ങളിൽവെച്ച് തൃപ്തിയാകുംവണ്ണം ഭക്ഷിക്കുകയും വേണം.
-
4 “ബേഥേലിലേക്കു പോകുക, പാപം ചെയ്യുക;
ഗിൽഗാലിലേക്കു പോകുക, പാപം വർധിപ്പിക്കുക.
പ്രഭാതംതോറും നിങ്ങളുടെ യാഗങ്ങളും
മൂന്നാംദിവസംതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരിക.
5 പുളിച്ച മാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അർപ്പിക്കുക
സ്വമേധാദാനങ്ങളെക്കുറിച്ചു പ്രസിദ്ധം ചെയ്യുക;
ഇസ്രായേലേ, അവയെക്കുറിച്ച് അഹങ്കരിക്കുക,
ഇതല്ലയോ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നത്?”
എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
-
24 ഒരു മനുഷ്യൻ ഉദാരമായി നൽകുന്നു, എന്നിട്ടും അതിൽ അധികമായി നേടുന്നു;
മറ്റൊരുകൂട്ടം അനധികൃതമായി പിടിച്ചുവെക്കുന്നു, എന്നിട്ടും ദാരിദ്ര്യംമാത്രം ശേഷിക്കുന്നു.
25 ഉദാരമനസ്കരായവർ അഭിവൃദ്ധിപ്പെടും;
അന്യരെ ആശ്വസിപ്പിക്കുന്നവർക്ക് ആശ്വാസം ലഭിക്കും.
-
16 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലും ആഴ്ചകളുടെ പെരുന്നാളിലും കൂടാരപ്പെരുന്നാളിലും ഇപ്രകാരം വർഷത്തിൽ മൂന്നുപ്രാവശ്യം പുരുഷന്മാരെല്ലാം നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് യഹോവയുടെ സന്നിധിയിൽ വരണം. ഒരു മനുഷ്യനും യഹോവയുടെ സന്നിധിയിൽ വെറുംകൈയോടെ വരരുത്. 17 നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ അനുഗ്രഹത്തിനു തക്കവണ്ണം നിങ്ങളിൽ ഓരോരുത്തനും ദാനം കൊണ്ടുവരണം.
-
6 എന്നാൽ, സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടംതന്നെയാണ്. 7 ഈ ലോകത്തിലേക്കു വന്നപ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു പോകുമ്പോൾ നമുക്ക് ഒന്നും കൊണ്ടുപോകാനും കഴിയുന്നതല്ല. 8 ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തരാകാം. 9 ധനികരാകാൻ ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും കുടുങ്ങി, മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന ബുദ്ധിഹീനവും ഉപദ്രവകരവുമായ അനവധി മോഹങ്ങളിൽ വീണുപോകുന്നു. 10 ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങളുടെയും ഉറവിടമാണ്. ധനമോഹത്താൽ ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച്, പലവിധ വേദനകൾക്ക് തങ്ങളെത്തന്നെ അധീനരാക്കുകയുംചെയ്തിരിക്കുന്നു.
11 എന്നാൽ ദൈവപുരുഷാ, നീയോ ഇവയിൽനിന്നെല്ലാം ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, സൗമ്യത എന്നിവയെ അനുഗമിക്കുക.
-
1 “നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല.
2 “അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 3 നിങ്ങളുടെ വലങ്കൈ ചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും. 4 നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലംനൽകും.
-
35 ഇങ്ങനെയുള്ള കഠിനാധ്വാനംകൊണ്ടു നാം അശരണരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നിരിക്കുന്നു. ‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിലാണ് അനുഗ്രഹം,’ എന്നുള്ള കർത്താവായ യേശുവിന്റെ വാക്കുകൾ ഓർക്കുക.”
-
1 സഹോദരങ്ങളേ, മക്കദോന്യയിലെ സഭകൾക്കു ദൈവം നൽകിയ കൃപയെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 2 കഷ്ടതകളാകുന്ന തീവ്രപരീക്ഷണങ്ങളുടെ മധ്യത്തിലായിരുന്നിട്ടും, അവരുടെ ആനന്ദസമൃദ്ധിയും കഠിനദാരിദ്ര്യവും ഒത്തുചേർന്ന് അവരുടെ ഉദാരത ഒരു വലിയ സമ്പത്തായി കവിഞ്ഞൊഴുകി. 3 തങ്ങളുടെ കഴിവനുസരിച്ചും അതിനപ്പുറവും അവർ ദാനംചെയ്ത് എന്നതിനു ഞാൻ സാക്ഷി. 4 വിശ്വാസികൾക്കുവേണ്ടിയുള്ള ഈ ധനശേഖരശുശ്രൂഷയിൽ പങ്കു വഹിക്കുക എന്ന പദവിക്കായി അവർ ഒരു ബാഹ്യസമ്മർദവുംകൂടാതെതന്നെ ഞങ്ങളോട് വളരെ അപേക്ഷിച്ചു. 5 ഇവയെല്ലാം ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു, അവർ ആദ്യം ദൈവഹിതപ്രകാരം കർത്താവിനു തങ്ങളെത്തന്നെ സമർപ്പിച്ചതുപോലെ ഞങ്ങൾക്കായും അപ്രകാരംചെയ്തു.
-
6 തിരുവചനം പഠിക്കുന്നവരെല്ലാം പഠിപ്പിക്കുന്നയാൾക്ക് സർവനന്മയും പങ്കിടണം.
7 നിങ്ങളെത്തന്നെ വഞ്ചിക്കരുത്. ദൈവത്തെ കബളിപ്പിക്കുക അസാധ്യം. ഒരു മനുഷ്യൻ കൊയ്യുന്നത് അയാൾ വിതയ്ക്കുന്നതുതന്നെയായിരിക്കും. 8 പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും. 9 നന്മ ചെയ്യുന്നതിൽ നാം ക്ഷീണിതരാകരുത്. നാം മടുത്തുപോകാതിരുന്നാൽ സമയം വരുമ്പോൾ വലിയ വിളവ് കൊയ്തെടുക്കും. 10 അതുകൊണ്ട്, അവസരം ലഭിക്കുമ്പോഴെല്ലാം എല്ലാ മനുഷ്യർക്കും നമ്മൾ നന്മ ചെയ്യുന്നവരാകണം; പ്രത്യേകിച്ച് വിശ്വാസകുടുംബങ്ങളിലെ അംഗങ്ങളോട്.
-
10 ലേവ്യർക്കു കൊടുക്കാനുള്ള വിഹിതം അവർക്കു നൽകപ്പെട്ടില്ലെന്നും ശുശ്രൂഷയ്ക്കു നിയുക്തരായ ലേവ്യരും സംഗീതജ്ഞരും തങ്ങളുടെ വയലുകളിലേക്കു മടങ്ങിപ്പോയി എന്നും ഞാൻ അറിഞ്ഞു.
-
15 നിങ്ങളുടെ ധാന്യവിളവിന്റെയും മുന്തിരിപ്പഴവിളവിന്റെയും ദശാംശം അയാൾ വാങ്ങിച്ച് തന്റെ ഉദ്യോഗസ്ഥന്മാർക്കും സേവകർക്കും നൽകും.
-
2 അങ്ങനെ മോശ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ ജ്ഞാനം നൽകിയിരുന്ന എല്ലാ വിദഗ്ദ്ധരെയും ജോലിചെയ്യാൻ മനസ്സിൽ പ്രേരണ ലഭിച്ച എല്ലാവരെയും വിളിച്ചുകൂട്ടി. 3 വിശുദ്ധമന്ദിരത്തിന്റെ പണിക്കുവേണ്ടി ഇസ്രായേൽമക്കൾ കൊടുത്തിരുന്ന വഴിപാടുകൾ എല്ലാം അവർ മോശയുടെ പക്കൽനിന്നു വാങ്ങി. എന്നാൽ ജനം പിന്നെയും പ്രഭാതംതോറും സ്വമേധാദാനങ്ങളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. 4 അപ്പോൾ, വിശുദ്ധമന്ദിരത്തിലെ സകലജോലികളും ചെയ്തുപോന്ന വിദഗ്ദ്ധന്മാർ ജോലി നിർത്തി മോശയുടെ അടുക്കൽവന്നു. 5 “യഹോവ ചെയ്യാൻ കൽപ്പിച്ചിട്ടുള്ള പ്രവൃത്തികൾക്കു വേണ്ടതിലധികമായി ജനങ്ങൾ കൊണ്ടുവരുന്നു,” എന്നു പറഞ്ഞു.
6 അപ്പോൾ മോശ ഒരു കൽപ്പന നൽകി, “പുരുഷന്മാരോ സ്ത്രീകളോ വിശുദ്ധമന്ദിരത്തിലേക്കു വഴിപാടായി ഇനി ഒന്നും കൊണ്ടുവരേണ്ടതില്ല” എന്നു പാളയത്തിലെങ്ങും അറിയിച്ചു. അങ്ങനെ, ജനം വഴിപാടുകൾ കൊണ്ടുവരുന്നതു നിർത്തി. 7 അവർക്കു ലഭിച്ച സാധനങ്ങൾ, എല്ലാ പണികളും ചെയ്യാൻ ആവശ്യമായതിലും അധികം ആയിരുന്നു.
-
17 ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക. 18 അവരോട് നന്മ ചെയ്യാനും സുകൃതങ്ങളിൽ സമ്പന്നരാകാനും തങ്ങൾക്കുള്ളത് ഔദാര്യത്തോടെ പങ്കുവെക്കാൻ സന്നദ്ധത കാണിക്കാനും ഉദ്ബോധിപ്പിക്കുക. 19 ഇപ്രകാരം, ഭാവികാലത്തിൽ യഥാർഥജീവനാകുന്ന ജീവൻ മുറുകെപ്പിടിക്കുന്നതിനുവേണ്ടി തങ്ങളുടെ നിക്ഷേപങ്ങൾകൊണ്ട് ഭദ്രമായ ഒരു അടിസ്ഥാനം പണിയട്ടെ.
-
10 നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനനുസൃതമായി നിന്റെ സ്വമേധാദാനത്തോടെ നിന്റെ ദൈവമായ യഹോവയ്ക്ക് നീ ആഴ്ചകളുടെ പെരുന്നാൾ ആഘോഷിക്കണം.
-
1 ലേവ്യരായ പുരോഹിതന്മാർക്കും വിശേഷാൽ ലേവി ഗോത്രത്തിനു മുഴുവനും ഇസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടായിരിക്കരുത്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങൾകൊണ്ട് അവർ ജീവിക്കണം, കാരണം അതാണ് അവരുടെ ഓഹരി. 2 അവരുടെ സഹോദരങ്ങളുടെ ഇടയിൽ അവർക്കൊരു അവകാശവും ഉണ്ടാകാൻ പാടില്ല. യഹോവ അവരോടു വാഗ്ദാനംചെയ്തതുപോലെ അവിടന്നുതന്നെയാണ് അവരുടെ ഓഹരി.
3 ജനത്തിൽനിന്ന് ആരെങ്കിലും കാളയെയോ ആടിനെയോ യാഗം അർപ്പിക്കുമ്പോൾ, പുരോഹിതന്മാർക്കുള്ള ഓഹരി ഇവയാണ്: കൈക്കുറകും കവിൾത്തടം രണ്ടും ആന്തരികാവയവങ്ങളും നൽകണം. 4 ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവർക്കു നൽകണം. 5 യഹോവയുടെ നാമത്തിൽ എപ്പോഴും നിന്നു ശുശ്രൂഷിക്കേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സകലഗോത്രത്തിൽനിന്നും അവരെയും പുത്രന്മാരെയും തെരഞ്ഞെടുത്തിരിക്കുന്നു.
-
15 മാത്രമല്ല, ഫിലിപ്പിയരേ, ഞാൻ മക്കദോന്യയിൽനിന്ന് യാത്രതിരിച്ച് നിങ്ങൾക്കിടയിൽ സുവിശേഷം പ്രസംഗിച്ച ആദ്യനാളുകളിൽ, നിങ്ങളൊഴികെ മറ്റൊരു സഭയും സാമ്പത്തികകാര്യങ്ങളിൽ എന്നോടു പങ്കാളിത്തം കാണിച്ചില്ല എന്നു നിങ്ങൾക്കറിയാമല്ലോ. 16 ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾ നിങ്ങൾ എന്റെ ആവശ്യങ്ങൾക്കായി ഒന്നുരണ്ടുതവണ സഹായം അയച്ചുതന്നു. 17 സാമ്പത്തികസഹായം ലഭിക്കാൻ ഞാൻ കാത്തിരിക്കുന്നു എന്നല്ല; പിന്നെയോ, നിങ്ങളുടെ കണക്കിൽ പ്രതിഫലം വർധിക്കാൻ ആഗ്രഹിക്കുകയാണ്. 18 എനിക്ക് ആവശ്യമായതും അതിലധികവും ഇപ്പോഴുണ്ട്. എപ്പഫ്രൊദിത്തൊസിന്റെ കൈവശം നിങ്ങൾ കൊടുത്തയച്ച സമ്മാനങ്ങൾ സ്വീകരിച്ച് ഞാൻ ഇപ്പോൾ സംതൃപ്തനായിരിക്കുന്നു. അവ ദൈവത്തിനു പ്രസാദകരവും സൗരഭ്യമുള്ളതുമായ വഴിപാടും യാഗവുമായിത്തീർന്നിരിക്കുന്നു. 19 എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടത്തെ മഹിമാധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ സമ്പൂർണമായി തീർത്തുതരും.
20 നമ്മുടെ ദൈവമായ പിതാവിന്ന് എന്നെന്നേക്കും മഹത്ത്വം. ആമേൻ.
-
15 അതുകൊണ്ടു നമുക്ക് ദൈവത്തിനു സ്തോത്രയാഗം, അതായത്, തിരുനാമം ഘോഷിക്കുന്ന അധരങ്ങളുടെ ഫലം, യേശുവിലൂടെ നിരന്തരമായി അർപ്പിക്കാം. 16 നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്; ഈ വിധ യാഗങ്ങളിലാണു ദൈവം സംപ്രീതനാകുന്നത്.
-
6 ഇതുകൊണ്ടുതന്നെയാണ് നിങ്ങൾ നികുതി കൊടുക്കുന്നതും. അധികാരികൾ ഭരണകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധിക്കുന്ന ദൈവസേവകരാണ്. 7 ഓരോരുത്തർക്കും നിങ്ങൾ കടപ്പെട്ടിരിക്കുന്നതു കൊടുക്കുക: കരം കൊടുക്കേണ്ടവർക്ക് കരം, നികുതി കൊടുക്കേണ്ടവർക്ക് നികുതി; ഭയപ്പെടേണ്ടവരെ ഭയപ്പെടുക, ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുക.
-
16 ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്. 17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?
18 കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്. 19 ഇങ്ങനെ നാം സത്യത്തിൽനിന്നുള്ളവരെന്ന് അറിയുകയും തിരുസന്നിധിയിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ സാധിക്കുകയും ചെയ്യും.
-
31 “മനുഷ്യപുത്രൻ തന്റെ സകലദൂതന്മാരുമായി അവിടത്തെ മഹത്ത്വത്തിൽ വരുമ്പോൾ അവിടത്തെ രാജകീയ സിംഹാസനത്തിൽ ഉപവിഷ്ടനായി 32 സകലജനതയെയും തിരുസന്നിധിയിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, അവിടന്ന് ജനത്തെ വിഭജിക്കും. 33 ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ തന്റെ ഇടതുഭാഗത്തും നിർത്തും.
34 “പിന്നെ രാജാവു തന്റെ വലതുഭാഗത്തുള്ളവരോട് ഇപ്രകാരം അരുളിച്ചെയ്യും, ‘എന്റെ പിതാവിന്റെ അനുഗ്രഹത്തിന് യോഗ്യരായവരേ, വരിക; ലോകസൃഷ്ടിക്കുമുമ്പേ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമാക്കുക. 35 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു; ഞാൻ ഒരു അപരിചിതനായിരുന്നു, എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു; 36 ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു; ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.’
37 “അപ്പോൾ നീതിനിഷ്ഠർ അവിടത്തോട്: ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശപ്പുള്ളവനായി കണ്ടിട്ട് ഞങ്ങൾ അങ്ങേക്ക് ആഹാരം തന്നത്? ദാഹിക്കുന്നവനായി കണ്ടിട്ട് കുടിക്കാൻ തന്നത്? 38 ഒരു അപരിചിതനായിക്കണ്ടിട്ട് ഞങ്ങൾ അങ്ങയെ സ്വീകരിക്കുകയോ നഗ്നനായിരിക്കെ വസ്ത്രം ധരിപ്പിക്കുകയോ ചെയ്തത് എപ്പോഴാണ്? 39 രോഗിയായോ തടവുകാരനായോ കണ്ടിട്ട് എപ്പോഴാണ് ഞങ്ങൾ അങ്ങയെ സന്ദർശിച്ചത്?’ എന്നു ചോദിക്കും.
40 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കുവേണ്ടി നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടി ചെയ്തതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’
41 “തുടർന്ന് രാജാവ് തന്റെ ഇടതുഭാഗത്തുള്ളവരോടു കൽപ്പിക്കും: ‘കടന്നുപോകുക ശാപഗ്രസ്തരേ, പിശാചിനും അയാളുടെ കിങ്കരന്മാർക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുക. 42 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നില്ല; എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നില്ല; 43 ഞാൻ ഒരു അപരിചിതനായിരുന്നു, നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചില്ല; ഞാൻ രോഗഗ്രസ്തനായിരുന്നു, കാരാഗൃഹത്തിലുമായിരുന്നു; നിങ്ങൾ എന്നെ പരിചരിച്ചില്ല.’
44 “അപ്പോൾ അവരും അവിടത്തോട്, ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശക്കുന്നവനോ ദാഹിക്കുന്നവനോ സഞ്ചാരിയോ നഗ്നനോ രോഗിയോ തടവുകാരനോ ആയി കണ്ടിട്ട് ഞങ്ങൾ അങ്ങയെ സഹായിക്കാതിരുന്നത്?’ എന്നു ചോദിക്കും.
45 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കെങ്കിലുംവേണ്ടി നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കുവേണ്ടി ചെയ്യാതിരുന്നതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’
46 “പിന്നെ അവർ നിത്യശിക്ഷയിലേക്കും നീതിനിഷ്ഠർ നിത്യജീവനിലേക്കും പോകും.”
-
33 നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല. 34 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
-
42 അവർ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും കർത്തൃമേശാചരണത്തിലും പ്രാർഥനയിലും അർപ്പണബോധത്തോടെ തുടർന്നുവന്നു. 43 അപ്പൊസ്തലന്മാർമുഖേന സംഭവിച്ചുകൊണ്ടിരുന്ന അനവധി അത്ഭുതങ്ങളും ചിഹ്നങ്ങളുംനിമിത്തം എല്ലാവരുടെയും മനസ്സിൽ ഭക്ത്യാദരങ്ങൾ നിറഞ്ഞു. 44 വിശ്വാസികൾ എല്ലാവരും ഏകഹൃദയത്തോടെ ഒരിടത്തു കൂടിവരികയും വസ്തുവകകൾ എല്ലാം എല്ലാവരുടേതും എന്നപോലെ കരുതുകയും ചെയ്തു. 45 തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു.
-
32 വിശ്വാസികളെല്ലാവരും ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; അവരിലാരും തങ്ങളുടെ വസ്തുവകയൊന്നും സ്വന്തമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവകയായി അവർ കണക്കാക്കി. 33 അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിച്ചുപോന്നു. അവർ എല്ലാവരിലും ദൈത്തിന്റെ കൃപ അതിശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. 34 അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന് 35 അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു; പിന്നെ ഓരോരുത്തരുടെയും ആവശ്യാനുസരണം അത് ഭാഗിച്ചുകൊടുത്തു.
-
10 ദൈവത്തിന് അനീതി ലവലേശമില്ല, ദൈവനാമത്തോടു നിങ്ങൾ പ്രകടിപ്പിച്ച സ്നേഹവും നിങ്ങൾ വിശുദ്ധർക്കുവേണ്ടി മുമ്പേ ചെയ്തതും ഇപ്പോൾ ചെയ്യുന്നതുമായ സേവനങ്ങളും അവിടന്ന് വിസ്മരിക്കില്ല.
Shows Read in context, Share and Copy.