83 Bible Verses About Pride
Biblica® Open Malayalam Contemporary Version™ (OMCV)
-
16 ജ്ഞാനം നേടുന്നത് കനകത്തെക്കാൾ എത്രയോ അഭികാമ്യം,
വിവേകം സമ്പാദിക്കുന്നത് വെള്ളിയെക്കാൾ എത്രശ്രേഷ്ഠം!
17 നീതിനിഷ്ഠരുടെ രാജവീഥി തിന്മ ഒഴിവാക്കുന്നു;
തങ്ങളുടെ മാർഗം സൂക്ഷിക്കുന്നവർ അവരുടെ ജീവൻ സംരക്ഷിക്കുന്നു.
18 അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്;
ധിക്കാരമനോഭാവവും നാശത്തിന്റെ മുന്നോടിതന്നെ.
19 പീഡിതരോടൊത്ത് എളിമയോടെ ജീവിക്കുന്നതാണ്,
അഹങ്കാരികളോടൊത്തു കൊള്ള പങ്കിടുന്നതിലും നല്ലത്.
20 ഉപദേശങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുന്നു,
യഹോവയിൽ ആശ്രയമർപ്പിക്കുന്നവർ അനുഗൃഹീതർ.
-
11 നിന്റെ പ്രതാപവും നിന്റെ വാദ്യഘോഷവും
പാതാളത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു;
പുഴുക്കളെ കിടക്കയായി നിന്റെ കീഴിൽ വിരിച്ചിരിക്കുന്നു;
കീടങ്ങൾ നിനക്കു പുതപ്പായിരിക്കുന്നു.
12 ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ!
നീ ആകാശത്തുനിന്നു വീണുപോയതെങ്ങനെ!
ഒരിക്കൽ രാഷ്ട്രങ്ങളെ താഴ്ത്തിക്കളഞ്ഞവനേ,
നീ വെട്ടേറ്റു ഭൂമിയിൽ വീണുപോയതെങ്ങനെ!
13 നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു,
“ഞാൻ സ്വർഗത്തിൽ കയറും.
ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുമേൽ
ഞാനെന്റെ സിംഹാസനം ഉയർത്തും;
സമാഗമപർവതത്തിന്മേൽ സിംഹാസനാരൂഢനാകും,
സാഫോൺ പർവതത്തിന്റെ ഔന്നത്യങ്ങളിൽ ഞാൻ ഇരുന്നരുളും.
14 മേഘോന്നതികൾക്കുമീതേ ഞാൻ കയറും;
എന്നെത്തന്നെ ഞാൻ പരമോന്നതനു തുല്യനാക്കും.”
15 എന്നാൽ നീ പാതാളത്തിലേക്ക്,
നാശകൂപത്തിന്റെ അഗാധതയിലേക്കുതന്നെ താഴ്ത്തപ്പെടും.
-
5 “നമ്മിൽ വസിക്കാനായി, ദൈവം അയച്ച ആത്മാവ് തന്നോടുള്ള പ്രതിബദ്ധത മറ്റാരുമായും പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല” എന്നു തിരുവെഴുത്തു പറയുന്നത് നിരർഥകമോ? 6 ദൈവം നമുക്ക് കൃപ അധികം നൽകുന്നു; അതുകൊണ്ടാണ്,
“ദൈവം അഹങ്കാരികളെ എതിർക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു”
എന്നു തിരുവെഴുത്തു പറയുന്നത്.
7 അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും. 8 ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക. 9 വിലാപത്തോടെ ദുഃഖിച്ചു കണ്ണുനീരൊഴുക്കുക; നിങ്ങളുടെ ആഹ്ലാദം ദുഃഖമായും ആനന്ദം വിഷാദമായും തീരട്ടെ. 10 കർത്തൃസന്നിധിയിൽ വിനയാന്വിതരായിരിക്കുക, അപ്പോൾ കർത്താവ് നിങ്ങളെ ഉയർത്തും.
-
1 ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്ക് സാക്ഷിയും ഇനി വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിന്റെ പങ്കാളിയും നിങ്ങളുടെ ഒരു കൂട്ടുമുഖ്യനുമായ ഞാൻ നിങ്ങളുടെ മധ്യത്തിൽ ശുശ്രൂഷചെയ്യുന്ന സഭാമുഖ്യന്മാരെ ഉദ്ബോധിപ്പിക്കുന്നത്: 2 നിങ്ങളുടെ പരിപാലനത്തിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയിക്കുക; നിങ്ങൾ അതു ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന തരത്തിൽ, പിറുപിറുക്കലോടെയല്ല, പൂർണമനസ്സോടെ; ലാഭേച്ഛയോടെയല്ല, നിസ്വാർഥതയോടെതന്നെ ചെയ്യുക. 3 നിങ്ങളുടെ പരിപാലനത്തിൻകീഴിലുള്ള ജനങ്ങളെ അടക്കിഭരിക്കുകയല്ല; പിന്നെയോ അവരുടെമുമ്പാകെ നല്ല മാതൃകകളായിരിക്കുകയാണ് വേണ്ടത്. 4 ഇങ്ങനെയായാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് ഒളിമങ്ങാത്ത മഹത്ത്വത്തിന്റെ കിരീടം ലഭിക്കും.
5 അതുപോലെതന്നെ യുവാക്കളേ, നിങ്ങൾ സഭാമുഖ്യന്മാർക്കു വിധേയരാകുക. നിങ്ങൾ എല്ലാവരും വിനയം ധരിച്ചുകൊണ്ട് പരസ്പരം ശുശ്രൂഷിക്കുക. കാരണം,
“ദൈവം അഹങ്കാരികളെ എതിർക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.”
6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. 7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.
-
2 ദുഷ്ടർ തങ്ങളുടെ അഹന്തയിൽ പീഡിതരെ വേട്ടയാടുന്നു,
അവർ വെച്ച കെണിയിൽ അവർതന്നെ വീണുപോകുന്നു.
3 അവർ തങ്ങളുടെ ഹൃദയാഭിലാഷങ്ങളിൽ പ്രശംസിക്കുന്നു;
ആ ദുഷ്ടർ അത്യാഗ്രഹികളെ അനുഗ്രഹിക്കുകയും യഹോവയെ അധിക്ഷേപിക്കുകയുംചെയ്യുന്നു
4 അവർ തങ്ങളുടെ അഹന്തയിൽ ദൈവത്തെ അന്വേഷിക്കുന്നില്ല;
അവരുടെ ചിന്തകളിൽ ദൈവത്തിന് ഒരു സ്ഥാനവുമില്ല.
-
12 “ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം വസിക്കുന്നു;
പരിജ്ഞാനവും വിവേചനശക്തിയും എന്റെ അധീനതയിലുണ്ട്.
13 അധർമത്തെ വെറുക്കുക എന്നതാണ് യഹോവാഭക്തി;
അഹന്തയും അഹങ്കാരവും
ദുഷ്കൃത്യങ്ങളും വൈകൃതഭാഷണവും ഞാൻ വെറുക്കുന്നു.
-
9 തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: 10 “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. 11 പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. 12 ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’
13 “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.
14 “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”
-
2 അഹന്ത വരുമ്പോൾ അപമാനം കൂടെവരുന്നു,
എന്നാൽ എളിമയോടൊപ്പം ജ്ഞാനം വരുന്നു.
-
10 യഹോവയുടെ ഭയാനക സാന്നിധ്യത്തിൽനിന്നും
അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും
പാറയിൽ പ്രവേശിച്ച് തറയിൽ ഒളിച്ചുകൊള്ളുക.
11 അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും;
മനുഷ്യന്റെ ഗർവം കുനിയും;
ആ ദിവസത്തിൽ യഹോവമാത്രം മഹത്ത്വീകരിക്കപ്പെടും.
12 സൈന്യങ്ങളുടെ യഹോവ
ഗർവവും ഉന്നതഭാവവും നിഗളവുമുള്ള
എല്ലാവർക്കുമായി ഒരു ദിവസം കരുതിവെച്ചിരിക്കുന്നു.
അവരെല്ലാവരും താഴ്ത്തപ്പെടും.
13 ലെബാനോനിലെ ഉയരവും മഹത്ത്വവുമുള്ള എല്ലാ ദേവദാരുക്കളുടെമേലും
ബാശാനിലെ എല്ലാ കരുവേലകങ്ങളുടെമേലും
14 ഉന്നതമായ എല്ലാ പർവതങ്ങളുടെമേലും
ഉയരമുള്ള എല്ലാ കുന്നുകളുടെമേലും
15 ഉന്നതമായ എല്ലാ ഗോപുരത്തിന്റെമേലും
ഉറപ്പുള്ള എല്ലാ മതിലിന്റെമേലും
16 തർശീശിലെ എല്ലാ കപ്പലുകളുടെമേലും
പ്രൗഢിയുള്ള എല്ലാ സമുദ്രയാനങ്ങളുടെമേലും ആ ദിവസം വരും.
17 മനുഷ്യന്റെ ഗർവം താഴ്ത്തപ്പെടും;
അവന്റെ അഹംഭാവമെല്ലാം വിനമ്രമാക്കപ്പെടും;
ആ ദിവസത്തിൽ യഹോവമാത്രം ഉന്നതനായിരിക്കും,
-
10 എവിടെ അഹന്തയുണ്ടോ അവിടെ കലഹമുണ്ട്,
എന്നാൽ ഉപദേശം സ്വീകരിക്കുന്നവരിൽ ജ്ഞാനമുണ്ട്.
-
3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക. 4 നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.
5 ക്രിസ്തുയേശുവിന്റെ സ്വഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
6 പ്രകൃത്യാതന്നെ ദൈവമായിരിക്കെ,
ദൈവത്തോടുള്ള സമത്വം എപ്പോഴും മുറുകെപിടിച്ചുകൊണ്ടിരിക്കണം എന്നു ചിന്തിക്കാതെ,
7 ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി,
ദാസവേഷം ധരിച്ച്,
മനുഷ്യപ്രകൃതിയിൽ കാണപ്പെട്ടു.
8 അവിടന്ന് അങ്ങനെ തന്നെത്താൻ താഴ്ത്തുകയും,
മരണംവരെ;
അതേ, ക്രൂശുമരണംവരെ,
അനുസരണയുള്ളവനായിത്തീരുകയും ചെയ്തു.
-
2 അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം. 3 മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തനായിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്; 4 സ്വകുടുംബത്തെ നന്നായി പരിപാലിക്കുകയും സന്താനങ്ങളെ സമ്പൂർണ മാന്യതയിലും അനുസരണത്തിലും വളർത്തുകയും ചെയ്യുന്നയാളുമായിരിക്കണം. 5 സ്വകുടുംബത്തെ പരിപാലിക്കാൻ അറിയാത്തയാൾ ദൈവസഭയെ എങ്ങനെ പരിപാലിക്കും? 6 അയാൾ സമീപകാലത്ത് വിശ്വാസം സ്വീകരിച്ചയാൾ ആയിരിക്കരുത്. അപ്രകാരമായാൽ അയാൾ മതിമറന്ന് പിശാചിനു സംഭവിച്ച ശിക്ഷാവിധിയിൽ അകപ്പെടും. 7 അദ്ദേഹം സഭയ്ക്കു പുറമേയുള്ളവരുടെ മധ്യേ നല്ല മതിപ്പുള്ള ആളായിരിക്കണം. അങ്ങനെയായാൽ അയാൾ അപമാനിതനാകുകയോ പിശാചിന്റെ കെണിയിൽപ്പെടുകയോ ഇല്ല.
-
1 ഓബദ്യാവിനുണ്ടായ ദർശനം.
യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു—
യഹോവയിൽനിന്ന് നാം ഒരു സന്ദേശം കേട്ടിരിക്കുന്നു:
“എഴുന്നേൽക്കുക, അവളുടെനേരേ യുദ്ധത്തിനായി നാം പുറപ്പെടുക,”
എന്ന് അറിയിക്കുന്നതിന്, ഒരു സ്ഥാനപതിയെ രാഷ്ട്രങ്ങളിലേക്ക് അയച്ചിരിക്കുന്നു.
2 “നോക്കുക, ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽ ചെറുതാക്കും;
നീ ഏറ്റവും നിന്ദിക്കപ്പെടും.
3 നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു,
പാറപ്പിളർപ്പുകളിൽ വസിക്കുകയും
ഉന്നതങ്ങളിൽ വീടുവെച്ചിരിക്കുകയും ചെയ്യുന്ന നീ,
‘എന്നെ ആർ നിലത്തു തള്ളിയിടും?’
എന്നു നീ നിന്നോടുതന്നെ പറയുന്നു.
4 നീ കഴുകനെപ്പോലെ ഉയർന്നു പറന്നാലും
നക്ഷത്രങ്ങളുടെ ഇടയിൽ നിന്റെ കൂടുണ്ടാക്കിയാലും
അവിടെനിന്നു ഞാൻ നിന്നെ ഇറക്കിക്കൊണ്ടുവരും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
-
23 അഹങ്കാരി അപമാനത്തിൽ അവസാനിക്കുന്നു,
എന്നാൽ നമ്രഹൃദയി ബഹുമതി ആർജിക്കുന്നു.
-
1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.
3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്.
-
20 അദ്ദേഹം തുടർന്നു: “മനുഷ്യന്റെ ഹൃദയത്തിൽനിന്ന് പുറപ്പെടുന്നവയാണ് അയാളെ അശുദ്ധമാക്കുന്നത്. 21 വഷളവിചാരങ്ങൾ, വ്യഭിചാരം, മോഷണം, കൊലപാതകം, പരസംഗം, 22 അത്യാഗ്രഹം, ദുഷ്പ്രവൃത്തികൾ, വഞ്ചന, ലൈംഗികാധർമം, ഈർഷ്യ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ ഉള്ളിൽനിന്ന്, മനുഷ്യന്റെ ഹൃദയത്തിൽനിന്നു വരുന്നു. 23 ഈ തിന്മകളെല്ലാം ഉള്ളിൽനിന്നു വന്ന് മനുഷ്യനെ അശുദ്ധമാക്കുന്നു.”
-
1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്. 2 എനിക്കു പ്രവചിക്കാനുള്ള കൃപാദാനം ലഭിച്ചാലും, സകലദിവ്യരഹസ്യങ്ങളും സകലജ്ഞാനവും ഗ്രഹിക്കാൻകഴിഞ്ഞാലും, മലകളെ നീക്കംചെയ്യാൻകഴിയുന്ന വിശ്വാസം ഉണ്ടായിരുന്നാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. 3 എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.
4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.
-
15 ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. 16 കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. 17 ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.
-
1 ഇനി വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച്: “നാം എല്ലാവരും ജ്ഞാനമുള്ളവരാണെന്നാണ്” നമ്മുടെ അറിവ്. ഈ ജ്ഞാനം ഒരാളെ നിഗളിയാക്കിത്തീർക്കുന്നു; സ്നേഹമോ ആത്മികാഭിവൃദ്ധി വരുത്തുന്നു. 2 എനിക്കു ജ്ഞാനമുണ്ട് എന്നു വിചാരിക്കുന്നവർ വേണ്ടവണ്ണമുള്ള ജ്ഞാനം ഇനിയും നേടിയിട്ടില്ല. 3 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവരെ ദൈവം അറിഞ്ഞിരിക്കുന്നു.
-
6 സഹോദരങ്ങളേ, ഇവയെല്ലാം എന്നെയും അപ്പൊല്ലോസിനെയും ഉദാഹരണമാക്കി ഞാൻ പറഞ്ഞത്, അതു നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ്; “എഴുതിയിരിക്കുന്നതിനപ്പുറം പോകരുത്” എന്നു പറയുന്നതിന്റെ സാരം നിങ്ങൾ ഞങ്ങളിൽനിന്ന് പഠിക്കേണ്ടതിനുതന്നെ. അപ്പോൾ നിങ്ങൾ ഒരാൾക്കെതിരേ വേറൊരാളിന്റെ അനുയായി ആയിരിക്കുന്നതെപ്പറ്റി അഹങ്കരിക്കുകയില്ല. 7 നിങ്ങളെ മറ്റുള്ളവരിൽനിന്ന് വിശിഷ്ടരാക്കുന്നത് ആര്? മറ്റൊരാൾ നൽകിയതല്ലാതെ നിങ്ങൾക്ക് എന്താണുള്ളത്? നൽകപ്പെട്ടവയെങ്കിൽ, അങ്ങനെ അല്ല എന്ന ഭാവത്തിൽ അഹങ്കരിക്കുന്നത് എന്തിന്?
8 ഇപ്പോൾത്തന്നെ നിങ്ങൾ എല്ലാം തികഞ്ഞവരായിരിക്കുന്നു! നിങ്ങൾ സമ്പന്നരായിക്കഴിഞ്ഞിരിക്കുന്നു! നിങ്ങൾ വാഴുന്നവരായി, അതും ഞങ്ങളുടെ സഹായംകൂടാതെ! നിങ്ങൾ യഥാർഥത്തിൽ രാജാക്കന്മാർ ആയിരുന്നെങ്കിൽ ഞങ്ങൾക്കും നിങ്ങളോടുകൂടെ വാഴാൻ കഴിയുമായിരുന്നല്ലോ!
-
5 അഹന്തഹൃദയമുള്ള എല്ലാവരെയും യഹോവ വെറുക്കുന്നു.
അവർ ശിക്ഷിക്കപ്പെടും; ഇതു നിശ്ചയം.
-
1 സഹോദരങ്ങളേ, ആരെങ്കിലും പാപത്തിൽ പിടിക്കപ്പെടുകയാണെങ്കിൽ, ആത്മികരായ നിങ്ങളാണ് ആ വ്യക്തിയെ സൗമ്യമായി പുനരുദ്ധരിക്കേണ്ടത്. നിങ്ങളും പാപത്തിന്റെ പ്രലോഭനത്തിൽ അകപ്പെട്ടുപോകാതിരിക്കാൻ സൂക്ഷിക്കുക. 2 പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ കൽപ്പനകൾ പാലിക്കുക. 3 ഒരു വ്യക്തി, ആരുമല്ലാതിരിക്കെ, താൻ ആരോ ആണെന്നു ചിന്തിക്കുന്നെങ്കിൽ, അയാൾ സ്വയം വഞ്ചിക്കുകയാണ്. 4 ഓരോരുത്തരും സ്വന്തം പ്രവൃത്തികളെ വിലയിരുത്തട്ടെ. അങ്ങനെയുള്ളവർക്ക് തങ്ങളെ മറ്റാരുമായും താരതമ്യംചെയ്യാതെ സ്വയം അഭിമാനിക്കാൻ കഴിയും.
-
10 യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്;
നീതിനിഷ്ഠർ അവിടേക്കോടിച്ചെന്ന് സുരക്ഷിതരാകുന്നു.
11 ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്;
അത് ആർക്കും കയറാൻപറ്റാത്ത മതിലെന്ന് അവർ സങ്കൽപ്പിക്കുന്നു.
12 അഹന്ത നാശത്തിന്റെ മുന്നോടിയാണ്,
എന്നാൽ എളിമ ബഹുമതിക്കു മുമ്പേപോകുന്നു.
-
16 പരസ്പരം സമഭാവനയോടെ ജീവിക്കുക, വലിയവനെന്നു ഭാവിക്കാതെ എളിയവരോടു സഹകരിക്കാൻ സന്മനസ്സുണ്ടാകണം. ജ്ഞാനികളെന്ന് സ്വയം അഹങ്കരിക്കരുത്.
-
3 ഇതിനു വ്യത്യസ്തമായ രീതിയിൽ ഉപദേശിക്കുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നിർമലവചനത്തോടും ദൈവഭക്തിക്കനുസൃതമായ ഉപദേശത്തോടും അനുകൂലിക്കാതിരിക്കുകയുംചെയ്യുന്നവർ 4 അഹന്ത നിറഞ്ഞവരും വിവേകരഹിതരുമാണ്. അവർ അസൂയ, ഭിന്നത, ദുർഭാഷണം, അഭ്യൂഹം, ദുർബുദ്ധി എന്നിവ നിറഞ്ഞ് സത്യത്യാഗികളായ മനുഷ്യർതമ്മിലുള്ള വാദകോലാഹലം ഉണ്ടാക്കും. 5 ഇങ്ങനെ, അനാരോഗ്യകരമായ വിവാദങ്ങളും ചില വാക്കുകളെക്കുറിച്ചുള്ള തർക്കവിഷയങ്ങളും നിരന്തരം സൃഷ്ടിക്കുന്ന പ്രവണതയുള്ളവരാണ് ഇവർ. ദൈവഭക്തി ഒരു ആദായമാർഗമായി അവർ കരുതുന്നു.
-
26 സഹോദരങ്ങളേ, നിങ്ങളെ വിളിച്ചപ്പോഴുള്ള നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുക. മാനുഷികമാനദണ്ഡമനുസരിച്ചു നിങ്ങളിൽ മിക്കവരും വിവേകശാലികളായിരുന്നില്ല; സമൂഹത്തിൽ സ്വാധീനമുള്ളവരോ കുലീനരോ ആയിരുന്നതുമില്ല. 27 എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ ഭോഷത്തമായവ തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ബലഹീനമായവ തെരഞ്ഞെടുത്തു. 28 മഹത്തായതെന്നു ലോകം പരിഗണിക്കുന്നതിനെ നിസ്സാരമാക്കാൻ ഈ ലോകത്തിലെ ഹീനവും നിന്ദിതവുമായ കാര്യങ്ങളെ, ഒന്നുമല്ലാത്തവയെത്തന്നെ, ദൈവം തെരഞ്ഞെടുത്തു; 29 അവിടത്തെ സന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ. 30 അവിടന്നുമുഖേനയാണ് നിങ്ങൾ ക്രിസ്തുയേശുവിലായിരിക്കുന്നത്. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും വിശുദ്ധിയും വീണ്ടെടുപ്പും ആയിത്തീർന്നു. 31 അതുകൊണ്ട്, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.”
-
4 അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും—
ദുഷ്ടരുടെ ഉഴുതുമറിക്കാത്ത നിലവും—പാപം ഉൽപ്പാദിപ്പിക്കുന്നു.
-
51 തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു;
അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു.
52 അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി,
നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
-
16 യഹോവ വെറുക്കുന്ന ആറു വസ്തുതകളുണ്ട്,
ഏഴെണ്ണം അവിടത്തേക്ക് അറപ്പാകുന്നു:
17 അഹന്തനിറഞ്ഞ കണ്ണ്,
വ്യാജംപറയുന്ന നാവ്,
നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ,
18 ദുരുപായം മെനയുന്ന ഹൃദയം,
അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ,
19 നുണമാത്രം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി,
സഹോദരങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന മനുഷ്യനുംതന്നെ.
-
1 എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടത്തിന് ഹാ കഷ്ടം!
വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യത്തിന്,
ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണമായ നഗരത്തിന്,
മദോന്മത്തരായി വീണുകിടക്കുന്നവരുടെ അഹന്തയായ നഗരത്തിനുംതന്നെ.
2 ഇതാ, കർത്താവിനു ശക്തനും ബലവാനുമായ ഒരുവനുണ്ട്.
കന്മഴപോലെയും വിനാശകാരിയായ കൊടുങ്കാറ്റുപോലെയും
കൂലംകുത്തി ജലമൊഴുക്കുന്ന മഴപോലെയും പ്രളയം ഉണ്ടാക്കുന്ന പെരുമഴ പോലെയും,
അതിശക്തിയോടെ അവൻ അതിനെ നിലത്തു തള്ളിയിടും.
3 എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടം
കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും.
-
1 അന്തിമകാലത്ത് ദുരന്തകലുഷിതമായ നാളുകൾ ഉണ്ടാകും എന്നു നീ അറിയുക. 2 മനുഷ്യർ സ്വാർഥരും ധനമോഹികളും വീമ്പിളക്കുന്നവരും അഹങ്കാരികളും ദൈവദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദികെട്ടവരും നാസ്തികരും 3 മനുഷ്യത്വമില്ലാത്തവരും കൊടുംക്രൂരരും അപഖ്യാതി പരത്തുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠുരരും സദ്ഗുണവൈരികളും ആയിത്തീരും. 4 അവർ വഞ്ചകരും വീണ്ടുവിചാരമില്ലാത്തവരും മതിമറന്ന് അഹങ്കരിക്കുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖത്തെ സ്നേഹിക്കുന്നവരും 5 ഭക്തിയുടെ ബാഹ്യരൂപം പുലർത്തി അതിന്റെ ശക്തിയെ നിഷേധിക്കുന്നവരും ആയിരിക്കും. ഇങ്ങനെയുള്ളവരിൽനിന്ന് അകന്നുനിൽക്കുക.
-
33 ഭൂമിയിൽ ഒന്നും അതിനു തുല്യമല്ല;
അതു ഭയമില്ലാത്ത ഒരു ജീവിതന്നെ.
34 ഗർവമുള്ള ഏതൊന്നിനെയും അതു പുച്ഛിച്ചുതള്ളുന്നു;
അഹന്തയുള്ള എല്ലാറ്റിനുംമീതേ അതു രാജാവുതന്നെ.”
-
34 പരിഹാസികളെ അവിടന്ന് അപഹസിക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.
-
24 അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യൻ—അയാൾക്കു “പരിഹാസി” എന്നു പേര്—
മഹാഗർവത്തോടെ പെരുമാറുന്നു.
-
12 സ്വന്തം വീക്ഷണത്തിൽ ജ്ഞാനിയെന്ന് അഭിമാനിക്കുന്ന ഒരാളെ നിങ്ങൾ കാണുന്നോ?
ഭോഷർക്ക് അയാളെക്കാൾ ആശയ്ക്കുവകയുണ്ട്.
-
5 ഈ അനുഭവങ്ങളെക്കുറിച്ച് ഞാൻ പ്രശംസിക്കും. എന്നാൽ, ഞാൻ ആത്മപ്രശംസ ചെയ്യുന്നത് എന്റെ ബലഹീനതകളെക്കുറിച്ചുമാത്രമാണ്. 6 പ്രശംസിക്കണമെന്ന് ആഗ്രഹിച്ചാലും ഞാൻ ഭോഷനാകുകയില്ല, കാരണം, ഞാൻ പറയുന്നത് സത്യമാണ്. എങ്കിലും, ഞാൻ പ്രവർത്തിക്കുന്നതിനും പ്രസംഗിക്കുന്നതിനും അപ്പുറമായി ആരും എന്നെക്കുറിച്ചു ചിന്തിക്കാതിരിക്കേണ്ടതിനു ഞാൻ അതിൽനിന്ന് പിൻവാങ്ങുകയാണ്. 7 അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ. 8 അത് എന്നിൽനിന്ന് നീക്കിക്കളയണമേ എന്നു മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോട് അപേക്ഷിച്ചു. 9 എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും. 10 അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.
-
2 “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു ഭക്ഷിക്കാം. 3 എന്നാൽ ‘തോട്ടത്തിന്റെ മധ്യത്തിലുള്ള വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത്, അതു തൊടുകപോലുമരുത്; അങ്ങനെചെയ്താൽ നിങ്ങൾ മരിക്കും’ എന്നു ദൈവം കൽപ്പിച്ചിട്ടുണ്ട്,” സ്ത്രീ ഉത്തരം പറഞ്ഞു.
4 “നിങ്ങൾ മരിക്കുകയില്ല, നിശ്ചയം! 5 അതു കഴിക്കുന്ന നാളിൽ നിങ്ങളുടെ കണ്ണുകൾ തുറന്ന് നിങ്ങൾ നന്മതിന്മകൾ അറിയുന്നവരായി, ദൈവത്തെപ്പോലെയാകും, എന്നു ദൈവം അറിയുന്നു,” പാമ്പ് സ്ത്രീയോട് പറഞ്ഞു.
6 ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ നല്ലതും കാഴ്ചയ്ക്കു മനോഹരവും ജ്ഞാനംനേടാൻ അഭികാമ്യവുമെന്നു കണ്ട് സ്ത്രീ അതു പറിച്ചു ഭക്ഷിച്ചു, തന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനും കൊടുത്തു, അദ്ദേഹവും ഭക്ഷിച്ചു. 7 ഉടൻതന്നെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരെന്ന് അവർ അറിഞ്ഞു; അതുകൊണ്ട് അവർ അത്തിയില കൂട്ടിത്തുന്നി ഉടയാടയുണ്ടാക്കി.
-
16 എന്നാൽ പ്രബലനായിക്കഴിഞ്ഞപ്പോൾ ഉസ്സീയാവിനുണ്ടായ നിഗളം അദ്ദേഹത്തിന്റെ പതനത്തിനു വഴിതെളിച്ചു. അദ്ദേഹം തന്റെ ദൈവമായ യഹോവയോട് അവിശ്വസ്തനായിത്തീർന്നു. സുഗന്ധധൂപപീഠത്തിന്മേൽ സ്വയം ധൂപവർഗം കത്തിക്കുന്നതിനായി അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു. 17 അസര്യാപുരോഹിതനും യഹോവയുടെ പുരോഹിതന്മാരിൽ ധൈര്യശാലികളായ എൺപതുപേരും അദ്ദേഹത്തെ പിൻതുടർന്ന് അകത്തുകടന്നു. 18 അവർ ഉസ്സീയാരാജാവിനെ തടഞ്ഞുകൊണ്ടു പറഞ്ഞു: “ഉസ്സീയാവേ, യഹോവയ്ക്കു ധൂപവർഗം കത്തിക്കുന്ന ശുശ്രൂഷ അങ്ങേക്കുള്ളതല്ല; അത് പുരോഹിതന്മാരും അഹരോന്റെ പിൻഗാമികളുമായ ശുദ്ധീകരിക്കപ്പെട്ടവർക്കു മാത്രമുള്ളതാണ്. അതിനാൽ അങ്ങ് വിശുദ്ധമന്ദിരം വിട്ടുപോകൂ; പാപംചെയ്തിരിക്കുന്നു. അതുകൊണ്ട് ദൈവമായ യഹോവയിൽനിന്ന് അങ്ങേക്കു ബഹുമതി ലഭിക്കുകയില്ല.”
19 ധൂപവർഗം കത്തിക്കുന്നതിനുള്ള ധൂപകലശം കൈയിൽ ഉണ്ടായിരുന്ന ഉസ്സീയാവു കുപിതനായി. യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെമുമ്പിൽ പുരോഹിതന്മാരുടെനേരേ ക്രോധാവേശം പൂണ്ടുനിൽക്കുമ്പോൾ, അവരുടെ കണ്മുമ്പിൽവെച്ചുതന്നെ അദ്ദേഹത്തിന്റെ നെറ്റിയിൽ കുഷ്ഠം പൊങ്ങി. 20 പുരോഹിതമുഖ്യനായ അസര്യാവും മറ്റെല്ലാ പുരോഹിതന്മാരും അദ്ദേഹത്തെ നോക്കിയപ്പോൾ, അദ്ദേഹത്തിന്റെ നെറ്റിയിൽ കുഷ്ഠമുള്ളതായിക്കണ്ടു. അവർ അദ്ദേഹത്തെ തിടുക്കത്തിൽ പുറത്താക്കി; യഹോവ തന്നെ ദണ്ഡിപ്പിച്ചിരിക്കുകയാൽ വളരെവേഗത്തിൽ പുറത്തുകടക്കാൻ അദ്ദേഹവും നിർബന്ധിതനായിരുന്നു.
21 മരണപര്യന്തം ഉസ്സീയാവു കുഷ്ഠരോഗിയായിരുന്നു. യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്താക്കപ്പെട്ട്, കുഷ്ഠരോഗിയായ അദ്ദേഹം ഒരു പ്രത്യേക ഭവനത്തിൽ താമസിച്ചു. അദ്ദേഹത്തിന്റെ മകനായ യോഥാം കൊട്ടാരത്തിന്റെ ചുമതലയേറ്റു; അദ്ദേഹമായിരുന്നു ദേശത്തു ഭരണംനടത്തിയിരുന്നത്.
-
16 പാറപ്പിളർപ്പുകളിൽ വസിച്ച്,
മലകളുടെ ഉയരങ്ങളിൽ പാർക്കുന്നവനേ,
നീ മറ്റുള്ളവരിൽ പ്രചോദിപ്പിക്കുന്ന ഭീതിയും
നിന്റെ ഹൃദയത്തിന്റെ അഹങ്കാരവും നിന്നെ ചതിച്ചിരിക്കുന്നു,
നീ കഴുകനെപ്പോലെ അത്രയും ഉയരത്തിൽത്തന്നെ കൂടുവെച്ചാലും,
അവിടെനിന്നു ഞാൻ നിന്നെ ഇറക്കിക്കൊണ്ടുവരും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
-
14 “ലവൊദിക്യയിലെ സഭയുടെ ദൂതന് എഴുതുക:
“വിശ്വസ്തസാക്ഷിയും സത്യവാനും ദൈവസൃഷ്ടിയുടെ ആരംഭവുമായ ‘ആമേൻ’ എന്ന ഞാൻ അരുളിച്ചെയ്യുന്നു:
15 “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; നീ ശീതവാനുമല്ല ഉഷ്ണവാനുമല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. 16 എന്നാൽ നീ ശീതവാനുമല്ല, ഉഷ്ണവാനുമല്ല, കേവലം മന്ദോഷ്ണവാനായിരിക്കുകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്ന് തുപ്പിക്കളയും. 17 ഞാൻ ധനികൻ, സമ്പത്തുള്ളവനായിത്തീർന്നിരിക്കുന്നു, എനിക്ക് ഒന്നിനും കുറവില്ല എന്നു നീ പറയുന്നുണ്ട്; എങ്കിലും നീ യഥാർഥത്തിൽ നിസ്സഹായനും പരമദയനീയനും ദരിദ്രനും അന്ധനും നഗ്നനുമായ നികൃഷ്ടനാണെന്ന് തിരിച്ചറിയുന്നില്ല. 18 നീ ധനികനാകേണ്ടതിന് അഗ്നിയിൽ സ്ഫുടംചെയ്ത തങ്കവും നിന്റെ ലജ്ജാകരമായ നഗ്നത മറയ്ക്കേണ്ടതിന് ധരിക്കാൻ ശുഭ്രവസ്ത്രങ്ങളും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ പൂശേണ്ട ലേപനവും എന്നോടു വിലയ്ക്കുവാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു.
19 “ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കയും ശിക്ഷിക്കുകയുംചെയ്യുന്നു. അതുകൊണ്ട് ആത്മാർഥതയോടെ പശ്ചാത്തപിക്കുക.
-
5 തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെ
ഞാൻ നശിപ്പിക്കും;
അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും ഉള്ളവരെ
ഞാൻ സഹിക്കുകയില്ല.
-
11 ഞാൻ ലോകത്തെ അതിന്റെ ദുഷ്ടതനിമിത്തവും
ദുഷ്ടരെ തങ്ങളുടെ പാപംനിമിത്തവും ശിക്ഷിക്കും.
നിഗളികളുടെ ഗർവത്തിനു ഞാൻ അറുതിവരുത്തും,
നിഷ്ഠുരരുടെ അഹങ്കാരത്തെ ഞാൻ താഴ്ത്തിക്കളയും.
-
6 മോവാബിന്റെ അഹങ്കാരത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടുണ്ട്—
അവളുടെ ഗർവം എത്ര വലിയത്!
അവളുടെ നിഗളം, അഹങ്കാരം, ധിക്കാരം എന്നിവയും ഞങ്ങൾ കേട്ടിരിക്കുന്നു;
എന്നാൽ അവളുടെ പ്രശംസ വ്യർഥമത്രേ.
-
28 ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു. 29 അവർ എല്ലാവിധ അനീതിയും ദോഷവും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അവരുടെ ജീവിതം അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, ദുഷ്ടത എന്നിവ നിറഞ്ഞതാണ്. വൃഥാഭാഷികളും 30 പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും 31 അവിവേകികളും വിശ്വാസവഞ്ചകരും മനുഷ്യത്വമില്ലാത്തവരും ദയ ഇല്ലാത്തവരും ആണ്. 32 ഇങ്ങനെയുള്ളവർ മരണയോഗ്യരാണ് എന്ന ദൈവകൽപ്പന അറിഞ്ഞിട്ടും അവർ ഇക്കാര്യങ്ങൾതന്നെ തുടർന്നു പ്രവർത്തിക്കുന്നു; അതുമാത്രമോ, അങ്ങനെചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.
-
11 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറക്കാതിരിക്കാനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകളും നിയമങ്ങളും ഉത്തരവുകളും അവഗണിക്കാതിരിക്കാനും ശ്രദ്ധിക്കുക. 12 അല്ലെങ്കിൽ നിങ്ങൾ ഭക്ഷിച്ചു തൃപ്തനായി നല്ല വീടുകൾ പണിത് അവയിൽ താമസിക്കുകയും 13 നിങ്ങളുടെ ആടുകളും കന്നുകാലികളും പെരുകുകയും വെള്ളിയും സ്വർണവും വർധിക്കുകയും നിങ്ങൾക്കുള്ള സകലതും സമൃദ്ധമായിട്ട് ഉണ്ടാകുകയും ചെയ്യുമ്പോൾ, 14 നിങ്ങളുടെ ഹൃദയം നിഗളിച്ച് അടിമഗൃഹമായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ നിങ്ങൾ മറക്കും.
-
9 അവളുടെ സർവപ്രതാപത്തിന്റെയും ഗർവത്തെ അശുദ്ധമാക്കാനും
ഭൂമിയിലെ സകലബഹുമാന്യരെയും നിന്ദിതരാക്കാനുംവേണ്ടി
സൈന്യങ്ങളുടെ യഹോവ അതു നിർണയിച്ചിരിക്കുന്നു.
-
5 അതിനാൽ അസാന്മാർഗികത, അശുദ്ധി, വിഷയാസക്തി, ദുഷിച്ച അഭിലാഷങ്ങൾ, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിങ്ങനെയുള്ള നിങ്ങളുടെ ജഡികവികാരങ്ങളെ നിർജീവമാക്കുക. 6 ഇവ ദൈവകോപം ജ്വലിപ്പിക്കുന്നവയാണ്. 7 നിങ്ങൾ ഒരുകാലത്ത് ഇവയെല്ലാമനുസരിച്ചു ജീവിച്ചവരായിരുന്നു. 8 എന്നാൽ കോപം, ക്രോധം, വിദ്വേഷം, ദൂഷണം, നിങ്ങളുടെ വായിൽനിന്ന് പുറപ്പെടുന്ന അശ്ലീലഭാഷണം ഇവയൊക്കെയും ഇപ്പോൾ ഉപേക്ഷിക്കുക. 9 പരസ്പരം വ്യാജം പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞിട്ട്, 10 തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്. 11 ഇതിൽ ഗ്രീക്കുകാരനെന്നോ യെഹൂദനെന്നോ പരിച്ഛേദനം ഏറ്റവനെന്നോ ഏൽക്കാത്തവനെന്നോ അപരിഷ്കൃതനെന്നോ സിഥിയനെന്നോ ദാസൻ എന്നോ സ്വതന്ത്രൻ എന്നോ വ്യത്യാസം ഇല്ല. എല്ലാം ക്രിസ്തുവത്രേ നാം എല്ലാവരിലും വസിക്കുന്നതും ക്രിസ്തുവത്രേ.
12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.
-
3 “അഹന്തയോടെ ഇനിയും നിങ്ങൾ സംസാരിക്കരുത്!
നിങ്ങളുടെ അധരം അഹങ്കാരം ഉരിയാടാതിരിക്കട്ടെ!
കാരണം യഹോവ സർവജ്ഞനായ ദൈവമാകുന്നു;
അവിടന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു.
-
4 “നോക്കൂ, ശത്രു അഹങ്കരിച്ചിരിക്കുന്നു;
അവന്റെ ആഗ്രഹങ്ങൾ നേരുള്ളവയല്ല,
എന്നാൽ നീതിമാനോ, വിശ്വാസത്താൽ ജീവിക്കും.
5 വീഞ്ഞ് അവനെ ചതിക്കുന്നു;
അവൻ ധിക്കാരി, അവനു സ്വസ്ഥത ലഭിക്കുന്നില്ല.
കാരണം അവൻ ശവക്കുഴിപോലെ അത്യാർത്തിയുള്ളവൻ
മരണത്തിന് ഒരിക്കലും തൃപ്തിവരാത്തതുപോലെതന്നെ,
അവൻ സകലരാജ്യങ്ങളെയും തന്നോടു ചേർക്കുകയും
സകലമനുഷ്യരെയും അടിമകളാക്കുകയും ചെയ്യുന്നു.
-
6 അതുകൊണ്ട് അഹങ്കാരംകൊണ്ടവർ ഹാരമണിയുന്നു;
അക്രമംകൊണ്ടവർ അങ്കി ധരിക്കുന്നു
-
25 അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു,
എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും.
-
9 ഹൃദയം എല്ലാറ്റിനെക്കാളും കാപട്യമുള്ളതും
സൗഖ്യമാക്കാൻ കഴിയാത്തതുമാണ്.
ആർക്കാണ് അതിനെ ഗ്രഹിക്കാൻ കഴിയുക?
-
28 ഇതെല്ലാം നെബൂഖദ്നേസർ രാജാവിനു സംഭവിച്ചു. 29 പന്ത്രണ്ടു മാസത്തിനുശേഷം, രാജാവ് ബാബേലിലെ അരമനയുടെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു. 30 “ഇത് എന്റെ ശക്തിയുടെ പ്രഭാവത്താൽ എന്റെ പ്രതാപമഹത്ത്വത്തിനായി ഞാൻതന്നെ നിർമിച്ച രാജകീയ നിവാസമായ ബാബേൽ അല്ലയോ?” എന്ന് രാജാവ് പറഞ്ഞു.
31 ഈ വാക്ക് രാജാവിന്റെ നാവിന്മേൽ ഇരിക്കെത്തന്നെ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി: “നെബൂഖദ്നേസർ രാജാവേ, നിന്നോടുള്ള കൽപ്പനയാണിത്: രാജത്വം നിന്നിൽനിന്ന് നീക്കപ്പെട്ടിരിക്കുന്നു. 32 നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും. നിന്റെ വാസം കാട്ടിലെ മൃഗങ്ങളോടൊപ്പമാകും. കാളയെപ്പോലെ നിന്നെ പുല്ലു തീറ്റും. പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളിന്മേലും ഭരണം നടത്തുന്നു എന്നും തനിക്കിഷ്ടമുള്ളവന് അതു നൽകുന്നു എന്നും നീ അറിയുന്നതുവരെ നിനക്ക് ഏഴുകാലം കഴിയും.”
33 ഉടൻതന്നെ ആ വചനം നെബൂഖദ്നേസറിൽ നിറവേറി. അദ്ദേഹത്തെ മനുഷ്യരിൽനിന്ന് നീക്കിക്കളഞ്ഞു. അദ്ദേഹം കാളയെപ്പോലെ പുല്ലുതിന്നു. അദ്ദേഹത്തിന്റെ രോമം കഴുകന്റെ തൂവൽപോലെയും അദ്ദേഹത്തിന്റെ നഖം പക്ഷികളുടെ നഖംപോലെയും വളരുന്നതുവരെ അദ്ദേഹത്തിന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
34 ആ കാലം തീർന്നപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ എന്റെ കണ്ണുകൾ സ്വർഗത്തിലേക്കുയർത്തി; എന്റെ ബുദ്ധി എനിക്കു തിരികെക്കിട്ടി. ഞാൻ പരമോന്നതനെ സ്തുതിക്കുകയും എന്നേക്കും ജീവിച്ചിരിക്കുന്നവനെ ആദരിച്ച് മഹത്ത്വപ്പെടുത്തുകയും ചെയ്തു.
അവിടത്തെ ആധിപത്യം നിത്യമായ ആധിപത്യംതന്നെ;
അവിടത്തെ രാജ്യം തലമുറകളോളം നിലനിൽക്കുന്നു.
-
11 നിങ്ങൾ എന്നോടു ചെയ്തിട്ടുള്ള സകല അതിക്രമങ്ങളും നിമിത്തം
ആ ദിവസത്തിൽ നിങ്ങൾ ലജ്ജിക്കേണ്ടിവരികയില്ല.
തങ്ങളുടെ അഹങ്കാരത്തിൽ സന്തോഷിക്കുന്നവരെ
ഞാൻ നിങ്ങളിൽനിന്നു നീക്കിക്കളയും.
എന്റെ വിശുദ്ധപർവതത്തിൽ
നിങ്ങൾ ഇനിയൊരിക്കലും ധാർഷ്ട്യക്കാരായിരിക്കുകയില്ല.
-
12 കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.
-
4 അഹന്തനിറഞ്ഞവരുടെ പരിഹാസവും
വിമതരുടെ വെറുപ്പും
ഞങ്ങൾ ആവോളം സഹിച്ചിരിക്കുന്നു.
-
6 യഹോവ മഹോന്നതൻ ആണെങ്കിലും അവിടന്ന് എളിയവരെ കടാക്ഷിക്കുന്നു;
എന്നാൽ അഹങ്കാരികളെ അവിടന്ന് ദൂരത്തുനിന്നുതന്നെ അറിയുന്നു.
-
49 “ ‘നിന്റെ സഹോദരിയായ സൊദോമിന്റെ കുറ്റം ഇതായിരുന്നു: അവളും പുത്രിമാരും നിഗളികളായിരുന്നു, ഭക്ഷിച്ചുതിമിർത്ത് അനവധാനതയോടെ ആയിരുന്നു അവർ ജീവിച്ചത്; ദരിദ്രരെയും അനാഥരെയും അവർ സഹായിച്ചതുമില്ല. 50 അവർ അഹങ്കരിച്ച് എന്റെമുമ്പാകെ മ്ലേച്ഛതകൾ പ്രവർത്തിച്ചു; അതുകണ്ടിട്ട് ഞാൻ അവരെ ഇല്ലാതാക്കിക്കളഞ്ഞു.
-
17 “എന്നാൽ അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.” 18 സ്വയം പ്രശംസിക്കുന്നവനല്ല, കർത്താവ് പ്രശംസിക്കുന്നവനാണു മാന്യൻ.
-
7 അവൾക്കു ദണ്ഡനവും ദുഃഖവും നൽകുക;
അവൾ സ്വയം പ്രശംസിക്കുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്തതിന്റെ അതേ അളവിൽത്തന്നെ.
‘ഞാൻ രാജ്ഞിപദത്തിലിരിക്കുന്നു.
ഞാനൊരു വിധവയല്ല;
ഞാൻ ഒരിക്കലും ദുഃഖിക്കുകയുമില്ല,’
എന്ന് അവൾ ഹൃദയത്തിൽ അഹങ്കരിച്ചല്ലോ.
8 അതുകൊണ്ട്, ഒരൊറ്റ ദിവസംകൊണ്ടുതന്നെ
മരണം, വിലാപം, ക്ഷാമം എന്നീ അത്യാപത്തുകൾ അവളുടെമേൽ വരും;
ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനാകുകയാൽ
അവളെ തീയിൽ ദഹിപ്പിച്ചുകളയും.
-
12 അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ;
അവരുടെ വായിലെ പാപങ്ങളാലും
അവരുടെ അധരങ്ങളിലെ വാക്കുകളാലുംതന്നെ.
അവർ ഉരുവിടുന്ന ശാപവാക്കുകൾനിമിത്തവും കാപട്യംനിറഞ്ഞ വാക്കുകൾനിമിത്തവും,
-
23 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ജ്ഞാനി തങ്ങളുടെ ജ്ഞാനത്തിൽ പ്രശംസിക്കുകയോ
ശക്തർ തങ്ങളുടെ ബലത്തിൽ പ്രശംസിക്കുകയോ
ധനികർ തങ്ങളുടെ ധനത്തിൽ പുകഴുകയോ അരുത്,
24 യഹോവയായ ഞാൻ ഭൂമിയിൽ ദയയും
ന്യായവും നീതിയും നടപ്പിൽവരുത്തുന്നു,
ഇവയിലത്രേ ഞാൻ പ്രസാദിക്കുന്നത് എന്ന്,
എന്നെക്കുറിച്ച് ഗ്രഹിക്കാനുള്ള ജ്ഞാനം അവർക്കുണ്ട്
എന്നതിൽ അഭിമാനിക്കുന്നവർ അഭിമാനിക്കട്ടെ,”
എന്ന് യഹോവയുടെ അരുളപ്പാട്.
-
12 അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ.
-
9 താണ പരിതഃസ്ഥിതിയിലുള്ള സഹോദരങ്ങൾ ദൈവം അവരെ ആദരിച്ചത് ഓർത്ത് അഭിമാനിക്കട്ടെ. 10 ധനികർ ഒരുനാൾ പുല്ലിന്റെ പൂവുപോലെ ഉതിർന്നു പോകാനിരിക്കുന്നവരാകയാൽ അവർ തങ്ങളുടെ എളിമയിലും അഭിമാനിക്കട്ടെ. 11 സൂര്യൻ അത്യുഷ്ണത്തോടെ ജ്വലിക്കുമ്പോൾ പുല്ലുണങ്ങി, പൂവുതിർന്ന് അതിന്റെ സൗന്ദര്യം നശിച്ചുപോകുന്നു. അതുപോലെതന്നെ ധനികനും തന്റെ പരിശ്രമങ്ങളിൽ നശിച്ചുപോകുന്നു.
-
2 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ താഴ്മയുള്ളവരാക്കുന്നതിനും അവിടത്തെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നു പരിശോധിച്ച് നിങ്ങളുടെ ഹൃദയത്തിലുള്ളത് അറിയാനും നിങ്ങളെ ഈ നാൽപ്പതുവർഷം മരുഭൂമിയിൽ നടത്തിയതെങ്ങനെയെല്ലാം എന്നു നിങ്ങൾ ഓർക്കണം. 3 അവിടന്ന് നിങ്ങൾക്ക് താഴ്ചവരുത്തി വിശപ്പുള്ളവരാക്കിയിട്ട്; മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല, യഹോവയുടെ തിരുവായിൽനിന്ന് പുറപ്പെടുന്ന സകലവചനങ്ങളാലും ജീവിക്കുന്നു എന്നു നിങ്ങളെ അറിയിക്കേണ്ടതിനു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന നിങ്ങൾക്കു ഭക്ഷണമായി നൽകി. 4 ഈ നാൽപ്പതുവർഷവും നിങ്ങൾ ധരിച്ച വസ്ത്രം ദ്രവിച്ചില്ല; നിങ്ങളുടെ കാലിനു വീക്കം ഉണ്ടായതുമില്ല.
-
13 ഹിസ്കിയാവ് ആ സ്ഥാനപതികളെ സ്വീകരിച്ചു; തന്റെ കലവറകളും വെള്ളിയും സ്വർണവും സുഗന്ധവർഗങ്ങളും വിശിഷ്ടതൈലവും ആയുധശേഖരവും തന്റെ ഭണ്ഡാരങ്ങളിലുണ്ടായിരുന്ന സകലവസ്തുക്കളും അദ്ദേഹം അവരെ കാണിച്ചു. തന്റെ കൊട്ടാരത്തിലോ രാജ്യത്തിലോ അവരെ കാണിക്കാത്തതായി യാതൊന്നും ഉണ്ടായിരുന്നില്ല.
-
23 യഹോവയുടെ സകലവിശ്വസ്തജനമേ, അവിടത്തെ സ്നേഹിക്കുക!
യഹോവയോട് വിശ്വസ്തരായിരിക്കുന്നവർക്ക് അവിടന്ന് സംരക്ഷണം നൽകുന്നു,
എന്നാൽ നിഗളികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകുന്നു.
-
ദാവീദിന്റെ ആരോഹണഗീതം.
1 യഹോവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല,
എന്റെ കണ്ണ് അഹന്ത പ്രകടിപ്പിക്കുന്നില്ല;
ഞാൻ മഹത്തായ കാര്യങ്ങളിൽ ഇടപെടുകയോ
അപ്രാപ്യമായ കാര്യങ്ങളിൽ വ്യാപൃതനാകുകയോ ചെയ്യുന്നില്ല.
-
9 അപ്പോൾ നിന്നെ കൊല്ലുന്നവരുടെമുമ്പിൽ
“ഞാൻ ദേവൻ ആകുന്നു,” എന്നു നീ പറയുമോ?
നിന്നെ സംഹരിക്കുന്നവരുടെ കൈക്കീഴിൽ
നീ ദേവനല്ല, ഒരു മനുഷ്യൻമാത്രമായിരിക്കും.
10 വിദേശീയരുടെ കൈകളാൽ
നീ പരിച്ഛേദനം ഏൽക്കാത്തവരെപ്പോലെ മരിക്കും.
ഞാൻ കൽപ്പിച്ചിരിക്കുന്നു, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”
-
1 “നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല.
2 “അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 3 നിങ്ങളുടെ വലങ്കൈ ചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും. 4 നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലംനൽകും.
-
14 ഞാനോ, കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ മറ്റൊന്നിലും പ്രശംസിക്കുകയില്ല; കാരണം, യേശുവിന്റെ ക്രൂശുമരണത്താൽ ലോകം എനിക്കു ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഞാൻ ലോകത്തിനും.
-
27 വിനയാന്വിതരെ അവിടന്ന് രക്ഷിക്കുന്നു
എന്നാൽ അഹന്തനിറഞ്ഞ കണ്ണുള്ളവരെ അങ്ങ് അപമാനിക്കുന്നു.
-
5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക
സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;
6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,
അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.
7 സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;
യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.
8 ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും
അസ്ഥികൾക്ക് പോഷണവും നൽകും.
-
1 “സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: ഇതാ ആ ദിവസം വരുന്നു; അത് ചൂളപോലെ കത്തും. അന്ന് അഹങ്കാരികളും എല്ലാ ദുഷ്ടരും വൈക്കോൽക്കുറ്റിപോലെയാകും. വരാനുള്ള ആ ദിവസം, വേരോ ശാഖകളോ ശേഷിപ്പിച്ചുകളയാതെ അവരെയെല്ലാം ദഹിപ്പിച്ചുകളയും.
-
3 “ആത്മാവിൽ ദരിദ്രരായവർ അനുഗൃഹീതർ;
അവർക്കുള്ളതല്ലോ സ്വർഗരാജ്യം.
-
5 “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ അതിന്റെ ശാഖകളും ആകുന്നു. ഒരാൾ എന്നിലും ഞാൻ അയാളിലും വസിക്കുന്നു എങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും; എന്നെക്കൂടാതെ നിങ്ങൾക്ക് യാതൊന്നും ചെയ്യാൻ കഴിയുകയില്ല.
-
11 നിന്റെ ക്രോധത്തിന്റെ ഘോരതയുടെ കെട്ടുകൾ അഴിയപ്പെടട്ടെ,
അഹങ്കാരികളായ എല്ലാവരുടെയുംമേൽ നീ നിന്റെ ദൃഷ്ടിവെച്ച് അവരെ താഴ്ത്തിയാലും.
12 നിഗളികളായ ഓരോരുത്തരുടെമേലും നീ ദൃഷ്ടിവെച്ച് അവരെ നിസ്സാരരാക്കിയാലും.
ദുഷ്ടന്മാർ നിൽക്കുന്നിടത്തുതന്നെവെച്ച് അവരെ ചവിട്ടിമെതിച്ചാലും.
-
25 ആചാരപരമായ ശുദ്ധീകരണത്തെപ്പറ്റി യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്ക് ഒരു യെഹൂദനുമായി തർക്കം ഉണ്ടായി. 26 അവർ യോഹന്നാന്റെ അരികിൽ വന്ന് അദ്ദേഹത്തോട് “റബ്ബീ, യോർദാന്റെ അക്കരെ അങ്ങയോടുകൂടെ ഉണ്ടായിരുന്ന ആ മനുഷ്യൻ—അങ്ങു സാക്ഷ്യപ്പെടുത്തിയ ആൾ—സ്നാനം കഴിപ്പിച്ചുകൊണ്ടിരിക്കുന്നു: എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നു.” എന്നു പറഞ്ഞു.
27 അതിനു മറുപടിയായി യോഹന്നാൻ: “സ്വർഗത്തിൽനിന്ന് നൽകാതെ യാതൊന്നും മനുഷ്യനു സ്വീകരിക്കാൻ കഴിയുകയില്ല. 28 ‘ഞാൻ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനു മുൻഗാമിയായി അയയ്ക്കപ്പെട്ടവൻമാത്രമാണെന്നും,’ ഞാൻ പറഞ്ഞിട്ടുള്ളതിനു നിങ്ങൾ സാക്ഷികളാണല്ലോ. 29 മണവാട്ടിയുള്ളവനാണ് മണവാളൻ. മണവാളന്റെ തോഴനോ, മണവാളന്റെ കൂടെ നിന്ന്, അവന്റെ സ്വരം കേട്ട് അത്യധികം ആഹ്ലാദിക്കുന്നു. ആ ആനന്ദമാണ് എനിക്കുള്ളത്; ഇപ്പോൾ അതു പൂർണമായിരിക്കുന്നു. 30 അവിടത്തെ പ്രാമുഖ്യം വർധിച്ചുകൊണ്ടേയിരിക്കണം; എന്റെ പ്രാമുഖ്യമോ കുറഞ്ഞുകൊണ്ടിരിക്കണം.
-
18 ആരും സ്വയം വഞ്ചിതരാകരുത്. ഈ കാലഘട്ടത്തിന്റെ മാനദണ്ഡം അനുസരിച്ച്, നിങ്ങളിലാരെങ്കിലും ജ്ഞാനിയെന്ന് സ്വയം ചിന്തിക്കുന്നു എങ്കിൽ അയാൾ യഥാർഥജ്ഞാനിയാകേണ്ടതിന് സ്വയം “ഭോഷൻ” ആയിത്തീരട്ടെ. 19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ ദൃഷ്ടിയിൽ ഭോഷത്തമാണ്. “അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു” എന്നും 20 “ജ്ഞാനികളുടെ ചിന്തകൾ വ്യർഥമെന്ന് കർത്താവ് അറിയുന്നു” എന്നും എഴുതിയിരിക്കുന്നല്ലോ. 21 അതുകൊണ്ട് ഇനിമേൽ മാനുഷികനേതാക്കന്മാരെക്കുറിച്ച് അഭിമാനംകൊള്ളാൻ പാടില്ല! സകലതും നിങ്ങൾക്കുള്ളതാണ്, 22 പൗലോസോ അപ്പൊല്ലോസോ കേഫാവോ ലോകമോ ജീവനോ മരണമോ ഇപ്പോഴുള്ളതോ വരാനുള്ളതോ—എല്ലാം നിങ്ങളുടേത്; 23 നിങ്ങളോ ക്രിസ്തുവിനുള്ളവർ, ക്രിസ്തു ദൈവത്തിനുള്ളവൻ.
-
8 കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു; അതു വിശ്വാസത്തിലൂടെയാണ്. നിങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ല ആ രക്ഷ; ദൈവത്തിന്റെ ദാനമാണ്. 9 ഈ രക്ഷ എന്നത് നാം ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലമായിട്ടല്ല ലഭിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് ആത്മപ്രശംസ ചെയ്യാൻ വകയുണ്ടാകുമായിരുന്നു. 10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.
-
1 കർത്താവ് നിമിത്തം കാരാഗൃഹത്തിൽ കഴിയുന്ന ഞാൻ നിങ്ങൾക്കു നൽകുന്ന പ്രചോദനം, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുക എന്നതാണ്. 2 സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക. 3 സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക. 4 ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്, 5 ഒരേകർത്താവും ഒരേവിശ്വാസവും ഒരേസ്നാനവും 6 എല്ലാവർക്കും മീതേയും എല്ലാവരിലൂടെയും എല്ലാവരുടെയുള്ളിലും വസിക്കുന്ന ദൈവവും പിതാവും ഏകൻതന്നെ.
-
3 ആരും ഒരുവിധത്തിലും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്. വിശ്വാസത്യാഗം സംഭവിക്കുകയും, തുടർന്ന് നിയമരാഹിത്യത്തിന്റെ മൂർത്തീമദ്ഭാവമായ വിനാശപുത്രൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിനുമുമ്പ് കർത്താവിന്റെ ദിവസം വരികയില്ല! 4 ദൈവം എന്നും ആരാധ്യം എന്നും വിളിക്കപ്പെടുന്ന എല്ലാറ്റിനെയും അയാൾ ഉപരോധിക്കുകയും അവക്കെല്ലാം മീതേ സ്വയം ഉയർത്തി താൻതന്നെയാണ് ദൈവം എന്നവകാശപ്പെട്ട് ദൈവാലയത്തിൽ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യും.
-
13 “ഇന്നോ നാളെയോ ഞങ്ങൾ ഏതെങ്കിലും പട്ടണത്തിൽ ചെന്ന് ഒരുവർഷം വ്യാപാരംചെയ്ത് ധനം സമ്പാദിക്കും” എന്നു പറയുന്നവരേ, കേൾക്കുക: 14 നാളെ എങ്ങനെയുള്ളതായിരിക്കും എന്ന് ആർക്കും അറിയില്ലല്ലോ. എന്താണ് നിങ്ങളുടെ ജീവിതം? ക്ഷണനേരത്തേക്കു ദൃശ്യമാകുന്നതും പിന്നെ അദൃശ്യമാകുന്നതുമായ മൂടൽമഞ്ഞുമാത്രമല്ലേ? 15 “കർത്തൃഹിതമെങ്കിൽമാത്രം ഞങ്ങൾ ജീവിച്ചിരുന്ന് ഇതൊക്കെ ചെയ്യും” എന്നല്ലേ നിങ്ങൾ പറയേണ്ടത്? 16 എന്നാൽ, നിങ്ങൾ സ്വയം പ്രശംസിക്കുകയും വീമ്പിളക്കുകയുംചെയ്യുന്നു. ഇത്തരം ആത്മപ്രശംസ എല്ലാം തിന്മയാണ്. 17 ഒരാൾ ചെയ്യേണ്ടുന്ന നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് അവർക്കു പാപമാണ്.
Shows Read in context, Share and Copy.