97 Bible Verses About Deceit

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Deceit
  1. 23 ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ

    മൺപാത്രങ്ങളുടെ പുറത്തു വെള്ളി പൂശിയിരിക്കുന്നതുപോലെയാണ്.

    24 ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു,

    എന്നാൽ അവരുടെ ഹൃദയത്തിൽ വക്രത നിറച്ചുവെച്ചിരിക്കുന്നു.

    25 അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്,

    ഏഴു ഹീനകൃത്യങ്ങൾകൊണ്ട് അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു.

    26 അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും,

    അവരുടെ നീചകൃത്യങ്ങൾ പൊതുസഭയിൽ വെളിപ്പെട്ടുവരും.

    27 ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും;

    താൻ ഉരുട്ടിവിടുന്ന കല്ല് തന്റെ നേർക്കുതന്നെ തിരിഞ്ഞുരുണ്ടുവന്നു പതിക്കും.

    28 വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു,

    മുഖസ്തുതി പറയുന്ന നാവ് നാശം വിതയ്ക്കുന്നു.

  2. 4 “നിങ്ങളുടെ സ്നേഹിതരെ സൂക്ഷിച്ചുകൊള്ളുക;

    സഹോദരങ്ങളിൽ ആരെയും നിങ്ങൾ വിശ്വസിക്കരുത്.

    കാരണം അവർ ഓരോരുത്തരും വഞ്ചകരും

    ഓരോ സ്നേഹിതരും അപവാദം പരത്തുന്നവരുംതന്നെ.

    5 ഓരോരുത്തനും തന്റെ അയൽവാസിയെ വഞ്ചിക്കും,

    ആരും സത്യം പറയുകയുമില്ല.

    വ്യാജം പറയാൻ അവർ തങ്ങളുടെ നാവുകളെ ശീലിപ്പിച്ചിരിക്കുന്നു;

    പാപംചെയ്തുകൊണ്ട് അവർ തങ്ങളെത്തന്നെ ക്ഷീണിപ്പിക്കുന്നു.

    6 നിന്റെ വാസം വഞ്ചനയുടെ മധ്യത്തിലാണ്,

    അവരുടെ വഞ്ചനയിൽ അവർ എന്നെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു,”

    എന്ന് യഹോവയുടെ അരുളപ്പാട്.

    7 അതിനാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “ഇതാ, ഞാൻ അവരെ സ്ഫുടംചെയ്തു പരിശോധിക്കും,

    എന്റെ ജനത്തിന്റെ പാപംനിമിത്തം

    മറ്റെന്തു ചെയ്യാൻ എനിക്കു കഴിയും?

    8 അവരുടെ നാവ് മാരകമായ ഒരു അമ്പാണ്;

    അതു വഞ്ചന സംസാരിക്കുന്നു.

    അവർ തങ്ങളുടെ അയൽവാസിയോട് വാകൊണ്ട് സൗഹൃദത്തോടെ സംസാരിക്കുന്നു,

    എന്നാൽ ഹൃദയത്തിൽ അവർക്കായി കെണിയൊരുക്കുന്നു.

    9 ഈ കാര്യംനിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ?”

    യഹോവ അരുളിച്ചെയ്യുന്നു.

    “ഇതുപോലെയുള്ള ഒരു ജനതയോട്

    ഞാൻ പകരം ചെയ്യാതിരിക്കുമോ?”

  3. 9 ഹൃദയം എല്ലാറ്റിനെക്കാളും കാപട്യമുള്ളതും

    സൗഖ്യമാക്കാൻ കഴിയാത്തതുമാണ്.

    ആർക്കാണ് അതിനെ ഗ്രഹിക്കാൻ കഴിയുക?

  4. 4 അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ;

    തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല.

    5 അവിടത്തെ സന്നിധിയിൽ

    ധിക്കാരികൾ നിൽക്കുകയില്ല.

    അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു;

    6 വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു.

    രക്തദാഹികളെയും വഞ്ചകരെയും

    യഹോവയ്ക്ക് അറപ്പാകുന്നു.

  5. 42 യേശു അവരോടു പറഞ്ഞത്: “ദൈവം നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു, ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു. ഞാൻ സ്വയമേവ വന്നതല്ല; അവിടന്ന് എന്നെ അയച്ചതാണ്. 43 എന്റെ വാക്കുകൾ നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്? ഞാൻ പറയുന്നതു ഗ്രഹിക്കാൻ നിങ്ങൾക്കു കഴിവില്ലാത്തതുകൊണ്ടാണ്. 44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കളാണ്. അവന്റെ ഇഷ്ടം നിറവേറ്റാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അവൻ ആരംഭംമുതലേ കൊലപാതകിയായിരുന്നു. അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്തു നിൽക്കുന്നില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കുന്നു. അവൻ വ്യാജം പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. 45 ഞാൻ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. 46 എന്നിൽ പാപമുണ്ടെന്നു തെളിയിക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? ഞാൻ സത്യമാണു പറയുന്നതെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? 47 ദൈവത്തിൽനിന്നുള്ളവർ ദൈവത്തിന്റെ വാക്കു കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ അല്ലാത്തതുകൊണ്ടാണ് അവിടത്തെ വാക്കു കേൾക്കാത്തത്.”

  6. 5 അതിനാൽ അസാന്മാർഗികത, അശുദ്ധി, വിഷയാസക്തി, ദുഷിച്ച അഭിലാഷങ്ങൾ, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിങ്ങനെയുള്ള നിങ്ങളുടെ ജഡികവികാരങ്ങളെ നിർജീവമാക്കുക. 6 ഇവ ദൈവകോപം ജ്വലിപ്പിക്കുന്നവയാണ്. 7 നിങ്ങൾ ഒരുകാലത്ത് ഇവയെല്ലാമനുസരിച്ചു ജീവിച്ചവരായിരുന്നു. 8 എന്നാൽ കോപം, ക്രോധം, വിദ്വേഷം, ദൂഷണം, നിങ്ങളുടെ വായിൽനിന്ന് പുറപ്പെടുന്ന അശ്ലീലഭാഷണം ഇവയൊക്കെയും ഇപ്പോൾ ഉപേക്ഷിക്കുക. 9 പരസ്പരം വ്യാജം പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞിട്ട്, 10 തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്.

  7. 1 യഹോവയായ ദൈവം സൃഷ്ടിച്ച സകലവന്യജീവികളിലുംവെച്ച് പാമ്പ് സൂത്രശാലിയായിരുന്നു. “തോട്ടത്തിലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത് എന്നു ദൈവം വാസ്തവമായി കൽപ്പിച്ചിട്ടുണ്ടോ?” എന്നു പാമ്പു സ്ത്രീയോടു ചോദിച്ചു.

    2 “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു ഭക്ഷിക്കാം. 3 എന്നാൽ ‘തോട്ടത്തിന്റെ മധ്യത്തിലുള്ള വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത്, അതു തൊടുകപോലുമരുത്; അങ്ങനെചെയ്താൽ നിങ്ങൾ മരിക്കും’ എന്നു ദൈവം കൽപ്പിച്ചിട്ടുണ്ട്,” സ്ത്രീ ഉത്തരം പറഞ്ഞു.

    4 “നിങ്ങൾ മരിക്കുകയില്ല, നിശ്ചയം! 5 അതു കഴിക്കുന്ന നാളിൽ നിങ്ങളുടെ കണ്ണുകൾ തുറന്ന് നിങ്ങൾ നന്മതിന്മകൾ അറിയുന്നവരായി, ദൈവത്തെപ്പോലെയാകും, എന്നു ദൈവം അറിയുന്നു,” പാമ്പ് സ്ത്രീയോട് പറഞ്ഞു.

  8. 10 ദുഷ്ടഗൃഹമേ, നിങ്ങളുടെ അവിഹിതനിക്ഷേപങ്ങളെ ഞാൻ മറക്കുമോ?

    അഭിശപ്തമായ നിങ്ങളുടെ കള്ള അളവുകളെ ഞാൻ മറന്നുകളയുമോ?

    11 കള്ളത്തുലാസും കള്ളപ്പടിയും ഉള്ള മനുഷ്യനെ

    ഞാൻ കുറ്റവിമുക്തനാക്കുമോ?

    12 പട്ടണത്തിലെ ധനികർ അക്രമികൾ

    അതിലെ ജനം വ്യാജംപറയുന്നവർ

    അവരുടെ നാവുകൾ വഞ്ചന സംസാരിക്കുന്നു.

    13 അതുകൊണ്ട് ഞാൻ നിന്നെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു,

    നിന്റെ പാപങ്ങൾനിമിത്തം ഞാൻ നിന്നെ ശൂന്യമാക്കും.

  9. 22 നിങ്ങളുടെ മുൻകാല ജീവിതരീതി വഞ്ചനാപരമായ ആഗ്രഹങ്ങളാൽ മലിനനായിത്തീർന്ന പഴയ മനുഷ്യനെപ്പോലെ ആയിരുന്നു. അത് ഉരിഞ്ഞുകളഞ്ഞിട്ട് 23 നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനാൽ മനോഭാവങ്ങൾ നവീകരിക്കപ്പെട്ട്, 24 യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനെ ധരിക്കുക.

    25 അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ.

  10. 12 സഹോദരങ്ങളേ, സൂക്ഷിക്കുക, ജീവനുള്ള ദൈവത്തെ പരിത്യജിക്കാൻ കാരണമായിത്തീരുന്ന വിശ്വാസമില്ലാത്ത ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകരുത്. 13 പാപത്താൽ വഞ്ചിതരായി നിങ്ങളിൽ ആരും ഹൃദയകാഠിന്യമുള്ളവർ ആകാതിരിക്കാൻ, “ഇന്ന്” എന്നു പറയാൻ കഴിയുന്നതുവരെ, അനുദിനം പരസ്പരം പ്രബോധിപ്പിക്കുക.

  11. 20 അദ്ദേഹം തുടർന്നു: “മനുഷ്യന്റെ ഹൃദയത്തിൽനിന്ന് പുറപ്പെടുന്നവയാണ് അയാളെ അശുദ്ധമാക്കുന്നത്. 21 വഷളവിചാരങ്ങൾ, വ്യഭിചാരം, മോഷണം, കൊലപാതകം, പരസംഗം, 22 അത്യാഗ്രഹം, ദുഷ്‌പ്രവൃത്തികൾ, വഞ്ചന, ലൈംഗികാധർമം, ഈർഷ്യ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ ഉള്ളിൽനിന്ന്, മനുഷ്യന്റെ ഹൃദയത്തിൽനിന്നു വരുന്നു. 23 ഈ തിന്മകളെല്ലാം ഉള്ളിൽനിന്നു വന്ന് മനുഷ്യനെ അശുദ്ധമാക്കുന്നു.”

  12. 13 നിന്റെ സഞ്ചിയിൽ തൂക്കം കൂടിയതും കുറഞ്ഞതുമായ രണ്ടു വ്യത്യസ്ത തൂക്കുകട്ടികൾ ഉണ്ടായിരിക്കരുത്. 14 നിന്റെ വീട്ടിൽ ചെറുതും വലുതുമായ രണ്ടുതരം അളവുപാത്രം ഉണ്ടായിരിക്കരുത്. 15 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ദീർഘായുസ്സുണ്ടാകാൻ നിനക്കു കൃത്യവും ന്യായവുമായ തൂക്കവും അളവും ഉണ്ടായിരിക്കണം. 16 ഈ കാര്യങ്ങളിൽ അവിശ്വസ്തതയോടെ വ്യവഹാരം ചെയ്യുന്നവരെ നിന്റെ ദൈവമായ യഹോവ വെറുക്കുന്നു.

  13. 10 “ജീവനെ സ്നേഹിക്കുകയും

    ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നവർ

    അവരുടെ നാവിനെ തിന്മയിൽനിന്നും

    അവരുടെ അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിക്കുക.

    11 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;

    സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.

    12 കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു

    അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു,

    എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.”

  14. 5 ഞങ്ങൾ തിരുമൊഴി ശ്രവിച്ച് നിങ്ങളോട് അറിയിക്കുന്ന സന്ദേശം ഇതാണ്: ദൈവം പ്രകാശം ആകുന്നു; ദൈവത്തിൽ അന്ധകാരം അൽപ്പംപോലും ഇല്ല. 6 നമുക്ക് അവിടത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും അന്ധകാരത്തിൽ ജീവിക്കുകയുംചെയ്യുന്നെങ്കിൽ നാം വ്യാജംപറയുകയാണ്; സത്യം അനുസരിച്ചു ജീവിക്കുന്നതുമില്ല. 7 അവിടന്നു പ്രകാശത്തിൽ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തിൽ ജീവിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മയുണ്ട്; അവിടത്തെ പുത്രനായ യേശുവിന്റെ രക്തം സകലപാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.

  15. 11 “ ‘മോഷ്ടിക്കരുത്.

    “ ‘കള്ളം പറയരുത്.

    “ ‘പരസ്പരം വഞ്ചിക്കരുത്.

    12 “ ‘എന്റെ നാമത്തിൽ കള്ളസത്യം ചെയ്തു നിങ്ങളുടെ ദൈവത്തിന്റെ നാമം നിന്ദിക്കരുത്. ഞാൻ യഹോവ ആകുന്നു.

  16. 16 യഹോവ വെറുക്കുന്ന ആറു വസ്തുതകളുണ്ട്,

    ഏഴെണ്ണം അവിടത്തേക്ക് അറപ്പാകുന്നു:

    17 അഹന്തനിറഞ്ഞ കണ്ണ്,

    വ്യാജംപറയുന്ന നാവ്,

    നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ,

    18 ദുരുപായം മെനയുന്ന ഹൃദയം,

    അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ,

    19 നുണമാത്രം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി,

    സഹോദരങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന മനുഷ്യനുംതന്നെ.

  17. 22 കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു,

    എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്.

  18. 13 അവർ വ്യാജയപ്പൊസ്തലന്മാർ, വഞ്ചകരായ വേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷംകെട്ടുന്നവർതന്നെ. 14 ഇതിൽ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു; സാത്താൻതന്നെയും പ്രകാശദൂതന്റെ വേഷം ധരിക്കുന്നല്ലോ! 15 ആകയാൽ അവന്റെ വേലക്കാർ നീതിശുശ്രൂഷകന്മാരുടെ വേഷം ധരിക്കുന്നതിലും ആശ്ചര്യപ്പെടാനില്ല. അവരുടെ പ്രവൃത്തികൾക്കു തക്ക ന്യായവിധി അവസാനം അവർക്കു ലഭിക്കും.

  19. 16 അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.

  20. 3 എന്റെ കണ്ണിനുമുന്നിൽ

    ഒരു നീചകാര്യവും ഞാൻ വെക്കുകയില്ല.

    വിശ്വാസഘാതകരുടെ പ്രവൃത്തികൾ ഞാൻ വെറുക്കുന്നു;

    എനിക്ക് അവരുമായി യാതൊരു പങ്കുമില്ല.

    4 വക്രഹൃദയം എന്നിൽനിന്ന് ഏറെ അകലെയാണ്;

    തിന്മപ്രവൃത്തികളുമായി എനിക്കു യാതൊരു ബന്ധവുമില്ല.

    5 തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെ

    ഞാൻ നശിപ്പിക്കും;

    അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും ഉള്ളവരെ

    ഞാൻ സഹിക്കുകയില്ല.

    6 ദേശത്തിലെ വിശ്വസ്തർ എന്നോടൊപ്പം വസിക്കേണ്ടതിന്

    എന്റെ ദൃഷ്ടി അവരുടെമേൽ വെച്ചിരിക്കും;

    നിഷ്കളങ്കരായി ജീവിക്കുന്നവർ

    എനിക്കു ശുശ്രൂഷചെയ്യും.

    7 വഞ്ചന പ്രവർത്തിക്കുന്നവരാരും

    എന്റെ ഭവനത്തിൽ വസിക്കുകയില്ല;

    വ്യാജം പറയുന്നവരാരും

    എന്റെ സന്നിധിയിൽ ഉറച്ചുനിൽക്കുകയില്ല.

    8 ദേശത്തിലെ സകലദുഷ്ടരെയും

    ഓരോ പ്രഭാതത്തിലും ഞാൻ കണ്ടെത്തി നശിപ്പിക്കും;

    അധർമികളായ എല്ലാവരെയും ഞാൻ

    യഹോവയുടെ നഗരത്തിൽനിന്ന് ഛേദിച്ചുകളയും.

  21. 1 അതുകൊണ്ട് സകലവിദ്വേഷവും സകലവഞ്ചനയും കപടഭാവവും അസൂയയും എല്ലാവിധ അപവാദപ്രചാരണങ്ങളും ഉപേക്ഷിക്കുക. 2-3 കർത്താവ് നല്ലവനെന്ന് നിങ്ങൾ രുചിച്ചറിഞ്ഞിട്ടുണ്ടല്ലോ. ആകയാൽ, ശുദ്ധമായ ആത്മികപാൽ കുടിക്കാൻ നവജാതശിശുക്കളെപ്പോലെ അതിയായി ആഗ്രഹിക്കുക. അങ്ങനെ നിങ്ങൾക്ക് രക്ഷയിൽ വളരാൻ സാധിക്കും.

  22. 9 കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല,

    വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ നശിച്ചുപോകും.

  23. 8 തത്ത്വജ്ഞാനവും അർഥശൂന്യവും വഞ്ചന നിറഞ്ഞതുമായ മാനുഷികപാരമ്പര്യങ്ങളുംകൊണ്ട് ആരും നിങ്ങളെ അടിമപ്പെടുത്താതിരിക്കാൻ സൂക്ഷിക്കുക. അവ ക്രിസ്തുവിനല്ല അനുരൂപമായിരിക്കുന്നത്, മറിച്ച് ലോകത്തിന്റെ ആദ്യപാഠങ്ങൾക്കാണ്.

  24. 8 അപ്പോൾ ആ വിനാശപുത്രൻ പ്രത്യക്ഷപ്പെടും; അയാളെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ നിഷ്കാസനംചെയ്ത് അവിടത്തെ പ്രത്യക്ഷതയുടെ തേജസ്സിൽ ഉന്മൂലനംചെയ്യും. 9 വിനാശപുത്രന്റെ വരവ് സാത്താന്റെ പ്രവർത്തനരീതിക്കു സമാനമായിട്ട്, എല്ലാത്തരം ശക്തി പ്രകടനങ്ങളോടും വ്യാജമായ ചിഹ്നങ്ങളോടും അത്ഭുതപ്രവൃത്തികളോടും കൂടിയുമായിരിക്കും. 10 തങ്ങളെ രക്ഷിക്കുന്ന സത്യത്തെ സ്നേഹിച്ചു സ്വീകരിക്കാതെ നാശത്തിലേക്കു പോകുന്നവരുടെമേൽ എല്ലാ തരത്തിലുമുള്ള ദുഷ്ടതനിറഞ്ഞ വഞ്ചനയും അയാൾ പ്രയോഗിക്കും. 11 ഈ വ്യാജം വിശ്വസിക്കേണ്ടതിനുവേണ്ടി ദൈവം അവർക്ക് ശക്തമായ ഒരു മതിവിഭ്രമം നൽകും. 12 അങ്ങനെ, സത്യത്തിൽ വിശ്വസിക്കാതെ ദുഷ്ടതയിൽ അഭിരമിച്ചതിനാൽ അവർ ശിക്ഷിക്കപ്പെടും.

  25. 2 “എനിക്കു നീതി നിഷേധിച്ച്

    എന്റെ ജീവിതം ദുഃഖപൂർണമാക്കിയ സർവശക്തനായ ജീവനുള്ള ദൈവത്താണ,

    3 എന്നിൽ ജീവനുള്ള കാലത്തോളം,

    എന്റെ നാസികയിൽ ദൈവത്തിന്റെ ശ്വാസം നിലനിൽക്കുന്നതുവരെയും,

    4 എന്റെ അധരങ്ങൾ നീതികേടു സംസാരിക്കുകയില്ല;

    എന്റെ നാവു വഞ്ചന ഉച്ചരിക്കയുമില്ല.

    5 നിങ്ങളുടെ ഭാഗം ശരിയെന്നു ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല;

    മരിക്കുന്നതുവരെ എന്റെ പരമാർഥത ഞാൻ ത്യജിക്കുകയില്ല.

  26. 22 “അവിടന്ന് ഒരു പാപവും ചെയ്തിട്ടില്ല,

    അവിടത്തെ നാവിൽ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല.”

  27. 8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”

  28. 7 അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു;

    അവരുടെ നാവിൻകീഴിൽ ഉപദ്രവവും ദുഷ്ടതയും കുടിപാർക്കുന്നു.

  29. 5 നീതിനിഷ്ഠരുടെ പദ്ധതികൾ ന്യായയുക്തം,

    എന്നാൽ ദുഷ്ടരുടെ ആലോചന വഞ്ചനാപരം.

  30. 12 ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പീഡകൾ ഉണ്ടാകും, 13 എന്നാൽ, ദുഷ്ടമനുഷ്യരും ആൾമാറാട്ടക്കാരും മറ്റുള്ളവരെ വഞ്ചിച്ചും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടും തിന്മയിലേക്ക് കൂപ്പുകുത്തും. 14 എന്നാൽ, നീ പഠിച്ചകാര്യങ്ങളിൽ വിശ്വസ്തനായി തുടരുക; അവ സത്യമാണെന്ന് നിനക്കറിയാം. കാരണം നിന്നെ ഉപദേശിച്ചവർ വിശ്വാസയോഗ്യരാണ്. 15 ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിലൂടെ രക്ഷനേടുന്നതിന് ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതലേ അറിഞ്ഞിരിക്കുന്നല്ലോ.

  31. 14 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “പ്രവാചകന്മാർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു. ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കൽപ്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല. അവർ നിങ്ങളോടു വ്യാജദർശനവും ദേവപ്രശ്നവും പൊള്ളവാക്കുകളും സ്വന്തഹൃദയത്തിൽനിന്നുള്ള വഞ്ചനയുമാണ് പ്രവചിക്കുന്നത്. 15 ഞാൻ അയയ്ക്കാതിരുന്നിട്ടും അവർ പറയുന്നു, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകുകയില്ല.’ എന്റെ നാമത്തിൽ പ്രവചിക്കുന്ന ആ പ്രവാചകന്മാരെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘വാൾകൊണ്ടും ക്ഷാമംകൊണ്ടും അവർ മുടിഞ്ഞുപോകും.’

  32. 28 ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു. 29 അവർ എല്ലാവിധ അനീതിയും ദോഷവും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അവരുടെ ജീവിതം അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, ദുഷ്ടത എന്നിവ നിറഞ്ഞതാണ്. വൃഥാഭാഷികളും 30 പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും 31 അവിവേകികളും വിശ്വാസവഞ്ചകരും മനുഷ്യത്വമില്ലാത്തവരും ദയ ഇല്ലാത്തവരും ആണ്. 32 ഇങ്ങനെയുള്ളവർ മരണയോഗ്യരാണ് എന്ന ദൈവകൽപ്പന അറിഞ്ഞിട്ടും അവർ ഇക്കാര്യങ്ങൾതന്നെ തുടർന്നു പ്രവർത്തിക്കുന്നു; അതുമാത്രമോ, അങ്ങനെചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.

  33. 2 വഞ്ചന വിതയ്ക്കുന്നവരേ,

    നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു;

    അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്.

    3 നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു

    സത്യം സംസാരിക്കുന്നതിനെക്കാൾ നിനക്കിഷ്ടം വ്യാജമാണ്. സേലാ.

    4 വഞ്ചനനിറഞ്ഞ നാവേ,

    നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്!

    5 ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം:

    അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും;

    ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും. സേലാ.

  34. 3 എന്നാൽ, പിശാച് ഹവ്വായെ തന്ത്രപൂർവം കബളിപ്പിച്ചതുപോലെ നിങ്ങളുടെയും ഹൃദയത്തെ ക്രിസ്തുവിനോടുള്ള പാതിവ്രത്യത്തിൽനിന്നും നിർമലതയിൽനിന്നും തെറ്റിച്ചുകളയുമോ എന്നു ഞാൻ ഭയപ്പെടുന്നു.

  35. 20 അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.

  36. 35 അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു;

    അവരുടെ ഉദരം വഞ്ചന രൂപപ്പെടുത്തുന്നു.”

  37. 3 യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക?

    അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?

    4 വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ,

    വിഗ്രഹത്തിൽ ആശ്രയിക്കാതെയും

    വ്യാജശപഥം ചെയ്യാതെയുമിരിക്കുന്നവർതന്നെ.

    5 അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും

    അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.

  38. 12 ജീവനെ സ്നേഹിക്കുകയും

    സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ

    13 നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും

    നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക.

  39. 3 അവരുടെ വായിൽനിന്നുള്ള വാക്കുകൾ ദുഷ്ടതയും വഞ്ചനയും ഉള്ളതാകുന്നു;

    വിവേകത്തോടെ നന്മപ്രവർത്തിക്കുന്നതിൽനിന്നും അവർ പിൻവാങ്ങുന്നു.

  40. 7 നിങ്ങളുടെ മധ്യേ വ്യവഹാരം ഉണ്ടാകുന്നു എന്നതിനാൽത്തന്നെ നിങ്ങൾ പരാജയമടഞ്ഞിരിക്കുന്നു. നിങ്ങൾ അന്യായം സഹിക്കുന്നതല്ലേ ഇതിലും ഭേദം? ചതിക്കപ്പെടുന്നതല്ലേ കൂടുതൽ ഉത്തമം? 8 അല്ല, അതിനുപകരം നിങ്ങൾതന്നെ ചതിക്കുകയും ദ്രോഹിക്കുകയുംചെയ്യുന്നു! അതും നിങ്ങളുടെ സഹോദരങ്ങളെ! 9 അധർമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ദുർനടപ്പുകാർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാരും സ്ത്രീകളും, 10 മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപർ, അപവാദം പരത്തുന്നവർ, അന്യരുടെ പണം അപഹരിക്കുന്നവർ ഇങ്ങനെയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 11 നിങ്ങളിൽ ചിലർ ഇങ്ങനെയുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കഴുകപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നീതീകരിക്കപ്പെട്ടവരും ആയിത്തീർന്നു.

  41. 11-12 ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്ന ശുശ്രൂഷയ്ക്കായി വിശുദ്ധരെ സജ്ജരാക്കുന്നതിനുവേണ്ടി, അവിടന്നുതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു. 13 ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന്, ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാത്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും.

    14 തൽഫലമായി, നാം ഇനിമേൽ, മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല;

  42. 2 യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും

    വഞ്ചനയുരുവിടുന്ന നാവിൽനിന്നും

    എന്നെ രക്ഷിക്കണമേ.

  43. 1 കള്ളത്തുലാസ് യഹോവയ്ക്ക് വെറുപ്പാകുന്നു,

    കൃത്യതയുള്ള തൂക്കം അവിടത്തെ പ്രസാദം നേടിത്തരും.

  44. 17 സത്യസന്ധതയുള്ള സാക്ഷി സത്യം പ്രസ്താവിക്കുന്നു,

    എന്നാൽ കള്ളസാക്ഷി വ്യാജംപറയുന്നു.

  45. 23 അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്. 24 കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്നു വലിയ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും! 25 നോക്കൂ, ഞാൻ ഇത് മുൻകൂട്ടിത്തന്നെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.

    26 “അതുകൊണ്ട് ആരെങ്കിലും നിങ്ങളോട്, ‘ക്രിസ്തു അതാ അവിടെ വിജനസ്ഥലത്ത്’ എന്നു പറഞ്ഞാൽ നിങ്ങൾ അവിടേക്കു പോകരുത്; ‘അദ്ദേഹം ഇതാ ഇവിടെ മുറിക്കുള്ളിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്.

  46. 13 “അവരുടെ തൊണ്ട തുറന്ന ശവക്കുഴി;

    അവർ നാവുകൊണ്ട് വഞ്ചിക്കുന്നു;”

    “അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്.”

  47. 6 അർഥശൂന്യമായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കരുത്. ഇവയാലാണ് അനുസരണമില്ലാത്തവർ ദൈവക്രോധത്തിനു പാത്രമായിത്തീരുന്നത്. 7 അതുകൊണ്ട് നിങ്ങൾ അവരുടെ സഹകാരികളാകരുത്.

  48. 14 എന്നാൽ, ഓരോരുത്തരും പ്രലോഭിപ്പിക്കപ്പെടുന്നത് സ്വന്തം ദുർമോഹത്താൽ വലിച്ചിഴയ്ക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. 15 ഈ ദുർമോഹങ്ങൾ ഗർഭംധരിച്ചു പാപത്തെ ജനിപ്പിക്കുന്നു; പാപം പൂർണവളർച്ചയെത്തി മരണത്തെ ജനിപ്പിക്കുന്നു.

    16 എന്റെ പ്രിയസഹോദരങ്ങളേ, വഞ്ചിക്കപ്പെടരുത്. 17 ഉത്തമവും പൂർണവുമായ എല്ലാ നല്ല ദാനങ്ങളും ഉയരത്തിൽനിന്ന്, അതായത്, പ്രകാശങ്ങളുടെ പിതാവിങ്കൽനിന്നാണു വരുന്നത്. അവിടന്ന് മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾപോലെ മാറുകയില്ല.

  49. 1 എന്നാൽ വ്യാജപ്രവാചകരും ജനമധ്യത്തിൽ ഉണ്ടായിരുന്നു. അതുപോലെതന്നെ നിങ്ങളുടെ മധ്യത്തിലും വ്യാജഗുരുക്കൾ ഉണ്ടാകും. അവർ രഹസ്യമായി നാശകരമായ ദുരുപദേശങ്ങൾ അവതരിപ്പിക്കും; അവരെ വിലയ്ക്കു വാങ്ങിയ പരമനാഥനെ നിഷേധിക്കുകപോലും ചെയ്തുകൊണ്ട് അവർ തങ്ങളുടെമേൽ അതിവേഗം നാശം വരുത്തിവെക്കും. 2 അവരുടെ ഈ ദുഷ്‌പ്രവണതയെ പലരും പിൻതുടരും; അവർ സത്യമാർഗത്തിന് അപമാനം വരുത്തും. 3 അവർ അതിമോഹത്തോടെ സ്വയംമെനഞ്ഞെടുത്ത ഉപദേശങ്ങളാൽ നിങ്ങളെ ചൂഷണം ചെയ്യും. മുമ്പേതന്നെ നിശ്ചയിക്കപ്പെട്ട ശിക്ഷാവിധി അവരുടെമേൽ നിപതിക്കും, അതിന് കാലതാമസവും ഉണ്ടാകുകയില്ല.

  50. 10 ആ സമയത്ത് കനാൻദേശത്ത് ക്ഷാമം ഉണ്ടായി; ക്ഷാമം രൂക്ഷമായിരുന്നതുകൊണ്ട് കുറച്ചുകാലം താമസിക്കുന്നതിനായി അബ്രാം ഈജിപ്റ്റിലേക്കു പോയി. 11 ഈജിപ്റ്റിൽ പ്രവേശിക്കാറായപ്പോൾ അദ്ദേഹം ഭാര്യയായ സാറായിയോടു പറഞ്ഞു: “നീ എത്ര സുന്ദരിയെന്നു ഞാൻ അറിയുന്നു, 12 ഈജിപ്റ്റുകാർ നിന്നെ കാണുമ്പോൾ, ‘ഇവൾ അവന്റെ ഭാര്യയാകുന്നു’ എന്നു പറഞ്ഞ് എന്നെ കൊല്ലുകയും നിന്നെ സ്വന്തമാക്കുകയും ചെയ്യും. 13 അതുകൊണ്ട് നീ എന്റെ സഹോദരി എന്നു പറയണം, അപ്പോൾ നീ നിമിത്തം അവർ എന്നോടു നന്നായി പെരുമാറുകയും എന്റെ ജീവൻ നഷ്ടപ്പെടാതിരിക്കുകയും ചെയ്യും.”

  51. 20 അവർ സമാധാനപരമായി സംസാരിക്കുന്നില്ല,

    ദേശത്തു ശാന്തമായി ജീവിക്കുന്നവർക്കെതിരേ

    അവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു.

  52. 1 എന്റെ ദൈവമേ, എനിക്കു ന്യായംപാലിച്ചുതരണമേ,

    ഭക്തിഹീനരായ ഒരു ജനതയ്ക്കെതിരേ

    എനിക്കുവേണ്ടി അവിടന്നു വാദിക്കണമേ.

    വഞ്ചകരും ദുഷ്ടരുമായവരിൽനിന്ന്

    എന്നെ മോചിപ്പിക്കണമേ.

  53. 28 മതിയായ കാരണമില്ലാതെ നിന്റെ അയൽവാസിക്കെതിരേ മൊഴിനൽകരുത്—

    നിന്റെ അധരങ്ങൾകൊണ്ട് അവരെ വഞ്ചിക്കരുത്.

  54. 6 യഹോവ തങ്ങളെ അയച്ചിട്ടില്ലാതിരിക്കെ, “യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുന്നവരുടെ ദർശനങ്ങൾ വ്യാജവും ദേവപ്രശ്നം കബളിപ്പിക്കുന്നതും ആകുന്നു. എന്നിട്ടും തങ്ങളുടെ വചനം നിറവേറുമെന്ന് അവർ പ്രത്യാശിക്കുന്നു. 7 ഞാൻ നിങ്ങളോടു സംസാരിക്കാതിരിക്കെ, “യഹോവ അരുളിച്ചെയ്യുന്നു” എന്നു നിങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ ഒരു വ്യാജദർശനം കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം പറയുകയുമല്ലേ ചെയ്തത്?

    8 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വ്യാജസംസാരവും കബളിപ്പിക്കുന്ന ദർശനവുംമൂലം ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. 9 വ്യാജദർശനങ്ങൾ കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം അറിയിക്കുകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ ഭുജം എതിരായിരിക്കും. എന്റെ ജനത്തിന്റെ ആലോചനാസഭയിൽ അവർക്കു സ്ഥാനം ഉണ്ടായിരിക്കുകയോ ഇസ്രായേൽഗൃഹത്തിന്റെ പേരുവിവരപ്പട്ടികയിൽ അവരുടെ പേര് എഴുതപ്പെടുകയോ അവർ ഇസ്രായേൽദേശത്തു കടക്കുകയോ ചെയ്യുകയില്ല. അങ്ങനെ, ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും.

  55. 2 ഞങ്ങൾ ലജ്ജാകരമായ രഹസ്യപ്രവൃത്തികളും വഞ്ചനയും പ്രയോഗിക്കുന്നില്ല. ദൈവവചനം വികലമായി വ്യാഖ്യാനിക്കുന്നതുമില്ല. മറിച്ച്, അതിലെ സത്യം വ്യക്തമാക്കിക്കൊണ്ട് എല്ലാ മനുഷ്യരുടെയും മനസ്സാക്ഷിക്കുമുമ്പാകെ സ്വീകാര്യമാകേണ്ടതിന് ഞങ്ങൾ ഞങ്ങളെത്തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു.

  56. 11 സ്ത്രീ പഠിക്കേണ്ടത് ശാന്തതയോടും സമ്പൂർണ വിധേയത്വത്തോടുംകൂടിയാണ്. 12 ഞാൻ സ്ത്രീയെ, ശാന്തമായിരിക്കാൻ അല്ലാതെ ഉപദേശിക്കുന്നതിനോ പുരുഷന്റെമേൽ അധികാരം പ്രയോഗിക്കുന്നതിനോ അനുവദിക്കുന്നില്ല; 13 ആദാമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്; പിന്നെ ഹവ്വാ. 14 ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്ത്രീയാണ് വഞ്ചിതയായി, അപരാധിനിയായിത്തീർന്നത്.

  57. 10 നാം പാപംചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നു എങ്കിൽ നാം ദൈവത്തെ അസത്യവാദി ആക്കുന്നു, അവിടത്തെ വചനം നമ്മിൽ നിവസിക്കുന്നുമില്ല.

  58. 11 ഭൂമിയിൽനിന്ന് മറ്റൊരു മൃഗം വരുന്നതു ഞാൻ കണ്ടു. കുഞ്ഞാടിനുള്ളതുപോലെ അതിനു രണ്ട് കൊമ്പുണ്ടായിരുന്നു. മഹാവ്യാളിയെപ്പോലെ അത് സംസാരിച്ചു; 12 അത് ഒന്നാംമൃഗത്തിനുവേണ്ടി തന്റെ എല്ലാ അധികാരവും പ്രയോഗിക്കുകയും, മാരകമായ മുറിവുണങ്ങിപ്പോയ ആ ഒന്നാംമൃഗത്തെ ആരാധിക്കാനായി സർവഭൂവാസികളെയും നിർബന്ധിക്കുകയും ചെയ്തു. 13 മനുഷ്യരെല്ലാവരുടെയും കാഴ്ചയിൽ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറക്കുക എന്നിങ്ങനെയുള്ള മഹാത്ഭുതങ്ങൾ അതു പ്രവർത്തിച്ചു. 14 മൃഗത്തിന്റെ മുമ്പിൽ ചെയ്യാൻ തനിക്ക് അനുവാദം ലഭിച്ചിരുന്ന അത്ഭുതചിഹ്നങ്ങൾകൊണ്ട് അത് ഭൂവാസികളെ വഴിതെറ്റിക്കുകയും വാളാൽ മാരകമായ മുറിവേറ്റിട്ടും ജീവനോടിരുന്ന മൃഗത്തിന്റെ പ്രതിമ നിർമിക്കാൻ അവരോടു കൽപ്പിക്കുകയും ചെയ്തു. 15 മൃഗത്തിന്റെ പ്രതിമയ്ക് സംസാരശേഷിലഭിക്കുന്നതിന് അതിന് ആത്മാവിനെ നൽകാനും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെയെല്ലാം കൊല്ലിക്കാനും രണ്ടാംമൃഗത്തിന് അധികാരം ലഭിച്ചു.

  59. 27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടവരല്ലാതെ അശുദ്ധിയും മ്ലേച്ഛതയും വ്യാജവും പ്രവർത്തിക്കുന്ന ആർക്കും അതിൽ ഒരിക്കലും പ്രവേശനം ലഭിക്കുകയില്ല.

  60. 14 “നഗരകവാടങ്ങളിലൂടെ പ്രവേശിക്കാനും ജീവവൃക്ഷഫലം ആസ്വദിക്കാനുള്ള അധികാരം ലഭിക്കാനും യോഗ്യത നേടേണ്ടതിന് ശുദ്ധീകരിക്കപ്പെട്ട വസ്ത്രങ്ങൾ ഉള്ളവർ അനുഗൃഹീതർ. 15 എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ.

  61. 6 എന്റെ കഴിവു മുഴുവൻ ഉപയോഗിച്ചു ഞാൻ നിങ്ങളുടെ അപ്പനുവേണ്ടി ജോലിചെയ്തുവെന്നു നിങ്ങൾക്കറിയാമല്ലോ; 7 എന്നാൽ നിങ്ങളുടെ അപ്പൻ പത്തുപ്രാവശ്യം എന്റെ പ്രതിഫലം മാറ്റുകയും അങ്ങനെ എന്നെ കബളിപ്പിക്കുകയും ചെയ്തു. ഏതായിരുന്നാലും എനിക്കു ദോഷം ചെയ്യാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചില്ല. 8 ‘പുള്ളിയുള്ളവ നിന്റെ പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആട്ടിൻപറ്റങ്ങളെല്ലാം പുള്ളിയുള്ള കുട്ടികളെ പ്രസവിച്ചു; ‘വരയുള്ളതെല്ലാം നിന്റെ പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞപ്പോഴെല്ലാം ആട്ടിൻപറ്റങ്ങൾ വരയുള്ള കുട്ടികളെ പെറ്റു. 9 അങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻപറ്റത്തെ എടുത്ത് എനിക്കു തന്നിരിക്കുന്നു.

  62. 35 “ ‘നീളത്തിലും അളവിലും തൂക്കത്തിലും വഞ്ചന കാണിക്കരുത്. 36 കൃത്യമായ മുഴക്കോലും കൃത്യമായ തുലാസും കൃത്യമായ ഏഫായും കൃത്യമായ ഹീനും ഉപയോഗിക്കുക. നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവ ഞാൻ ആകുന്നു.

  63. 22 ഗേഹസി മറുപടി പറഞ്ഞു: “എല്ലാം ശുഭമായിരിക്കുന്നു. ഇതു പറയുന്നതിനായി എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു: ‘എഫ്രയീം മലനാട്ടിൽനിന്ന് രണ്ടു പ്രവാചകശിഷ്യന്മാർ ഇപ്പോൾ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവർക്കുവേണ്ടി ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും ദയവായി കൊടുത്താലും!’ ”

    23 “തീർച്ചയായും, രണ്ടുതാലന്തു സ്വീകരിച്ചാലും!” എന്നു നയമാൻ പറഞ്ഞു. അത്രയും സ്വീകരിക്കാനായി നയമാൻ ഗേഹസിയെ നിർബന്ധിച്ചു. അദ്ദേഹം രണ്ടുകൂട്ടം വസ്ത്രങ്ങൾ സഹിതം ആ രണ്ടുതാലന്തു വെള്ളി രണ്ടു സഞ്ചിയിലാക്കിക്കെട്ടി. തന്റെ രണ്ടു ഭൃത്യന്മാരുടെ കൈവശം ഏൽപ്പിച്ചു. അവർ അത് ഗേഹസിക്കു മുമ്പായി ചുമന്നുകൊണ്ടുപോയി. 24 മലയിൽ എത്തിയപ്പോൾ ഗേഹസി ആ സാധനങ്ങൾ അവരിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചശേഷം ഭൃത്യന്മാരെ തിരിച്ചയച്ചു; അവർ പോകുകയും ചെയ്തു.

    25 പിന്നെ ഗേഹസി അകത്തുചെന്ന് തന്റെ യജമാനന്റെ മുമ്പിൽനിന്നു. “ഗേഹസിയേ! നീ എവിടെപ്പോയിരുന്നു?” എലീശാ ചോദിച്ചു.

    “അടിയൻ എങ്ങും പോയിരുന്നില്ല,” ഗേഹസി മറുപടി പറഞ്ഞു.

    26 എലീശാ അയാളോട്: “ആ മനുഷ്യൻ തന്റെ രഥത്തിൽനിന്നിറങ്ങി നിന്നെ കണ്ടുമുട്ടുമ്പോൾ എന്റെ ആത്മാവ് നിന്നോടുകൂടെ ഉണ്ടായിരുന്നില്ലേ? പണം സമ്പാദിക്കുന്നതിനോ വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോപ്പ്, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ നേടുന്നതിനോ ഉള്ള സമയം ഇതാണോ? 27 അതിനാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിപരമ്പരയ്ക്കും വിട്ടൊഴിയാതെ എന്നേക്കും പിടിച്ചിരിക്കും” എന്നു പറഞ്ഞു. ഗേഹസി ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായിത്തീർന്നു. അയാൾ എലീശയുടെ സന്നിധി വിട്ടുപോയി.

  64. 2 യഹോവ, പാപം കണക്കാക്കാതെയും

    ആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ,

    അനുഗൃഹീതർ.

  65. 5 സത്യസന്ധതയുള്ള സാക്ഷി വ്യാജം പറയുകയില്ല,

    എന്നാൽ കള്ളസാക്ഷി നുണകൾ പറഞ്ഞുഫലിപ്പിക്കുന്നു.

  66. 25 സത്യസന്ധതയുള്ള സാക്ഷി ജീവിതങ്ങളെ രക്ഷിക്കുന്നു,

    എന്നാൽ കള്ളസാക്ഷിയോ വഞ്ചകരാകുന്നു.

  67. 9 അവൻ യാതൊരു അതിക്രമവും ചെയ്തില്ല,

    അവന്റെ വായിൽ യാതൊരു വഞ്ചനയും ഉണ്ടായിരുന്നില്ല.

    അവർ ദുഷ്ടന്മാരോടൊപ്പം അവനു ശവക്കുഴി നൽകി.

    തന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടൊപ്പം ആയിരുന്നു.

  68. 13 “അനീതികൊണ്ടു തന്റെ കൊട്ടാരവും

    അന്യായംകൊണ്ടു തന്റെ മാളികകളും പണിത്,

    തന്റെ ജനത്തെക്കൊണ്ടു കൂലികൂടാതെ വേലചെയ്യിച്ച്

    അവർക്കു പ്രതിഫലം നൽകാതിരിക്കുകയും, ചെയ്യുന്നവന് ഹാ കഷ്ടം.

  69. 12 എഫ്രയീം വ്യാജങ്ങളാലും

    ഇസ്രായേൽഗൃഹം വഞ്ചനയാലും എന്നെ ചുറ്റിയിരിക്കുന്നു.

    യെഹൂദയും ദൈവത്തോട് അനുസരണ കാണിക്കുന്നില്ല;

    വിശ്വസ്തനും പരിശുദ്ധനുമായവനുനേരേ മത്സരിച്ചിരിക്കുന്നു.

  70. 7 വ്യാപാരി കള്ളത്തുലാസ് ഉപയോഗിക്കുന്നു

    അവൻ വഞ്ചിക്കാൻ ഇഷ്ടപ്പെടുന്നു.

    8 എഫ്രയീം അഹങ്കരിക്കുന്നു:

    “ഞാൻ വളരെ ധനവാൻ; ഞാൻ സമ്പന്നനായിരിക്കുന്നു.

    എന്റെ സമ്പത്തുനിമിത്തം എന്നിൽ അവർ

    അകൃത്യമോ പാപമോ കണ്ടെത്തുകയില്ല.”

  71. 1 രക്തച്ചൊരിച്ചിലുകളുടെ പട്ടണത്തിന് അയ്യോ കഷ്ടം!

    കള്ളവും കവർച്ചയും

    അതിൽ നിറഞ്ഞിരിക്കുന്നു,

    പീഡിതർ അവിടെ ഇല്ലാതിരിക്കുകയില്ല!

  72. 18 ആരും സ്വയം വഞ്ചിതരാകരുത്. ഈ കാലഘട്ടത്തിന്റെ മാനദണ്ഡം അനുസരിച്ച്, നിങ്ങളിലാരെങ്കിലും ജ്ഞാനിയെന്ന് സ്വയം ചിന്തിക്കുന്നു എങ്കിൽ അയാൾ യഥാർഥജ്ഞാനിയാകേണ്ടതിന് സ്വയം “ഭോഷൻ” ആയിത്തീരട്ടെ. 19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ ദൃഷ്ടിയിൽ ഭോഷത്തമാണ്. “അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു” എന്നും

  73. 4 ഇതാ, നിങ്ങളുടെ നിലങ്ങൾ കൊയ്തവരുടെ കൂലി നിങ്ങൾ പിടിച്ചുവെച്ചതു നിങ്ങൾക്കെതിരേ നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സർവശക്തനായ കർത്താവിന്റെ കാതുകളിൽ എത്തിയിരിക്കുന്നു.

  74. 13 അതിനു യഹോവയായ ദൈവം സ്ത്രീയോട്, “നീ ഈ ചെയ്തത് എന്ത്?” എന്നു ചോദിച്ചു.

    “പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുകയും ചെയ്തു,” സ്ത്രീ പറഞ്ഞു.

  75. 6 അതുകൊണ്ട് യിസ്ഹാക്ക് ഗെരാരിൽ താമസിച്ചു.

    7 ആ സ്ഥലത്തെ ആളുകൾ അദ്ദേഹത്തോട് തന്റെ ഭാര്യയെക്കുറിച്ചു ചോദിച്ചപ്പോൾ “അവൾ എന്റെ സഹോദരിയാകുന്നു” എന്ന് അദ്ദേഹം പറഞ്ഞു. “അവൾ എന്റെ ഭാര്യയാകുന്നു” എന്നു പറയാൻ അദ്ദേഹത്തിനു ഭയമായിരുന്നു. “റിബേക്ക സുന്ദരിയായതുകൊണ്ട് അവൾക്കുവേണ്ടി ഈ സ്ഥലത്തുള്ള പുരുഷന്മാർ എന്നെ കൊന്നുകളയും” എന്ന് അദ്ദേഹം ചിന്തിച്ചു.

  76. 18 അങ്ങനെ അവൻ അപ്പന്റെ അടുക്കൽച്ചെന്ന്, “അപ്പാ” എന്നു വിളിച്ചു.

    അദ്ദേഹം “മോനേ” എന്നു വിളികേട്ടിട്ട്, “അതാരാകുന്നു?” എന്നു ചോദിച്ചു.

    19 യാക്കോബ് തന്റെ അപ്പനോട്, “ഞാൻ അങ്ങയുടെ ആദ്യജാതനായ ഏശാവാണ്. എന്നോടു പറഞ്ഞതുപോലെ ഞാൻ ചെയ്തിരിക്കുന്നു. എഴുന്നേറ്റിരുന്ന് ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചിയിൽനിന്ന് ഭക്ഷിച്ച് എന്നെ അനുഗ്രഹിക്കുക.” എന്നു പറഞ്ഞു.

  77. 1 യഹോവ മോശയോട് അരുളിച്ചെയ്തു: 2-3 “ഒരാൾ തന്റെ പക്കൽ സൂക്ഷിക്കാനേൽപ്പിച്ചതോ പണയം നൽകിയതോ മോഷ്ടിച്ചതോ ആയ സാധനം സംബന്ധിച്ചോ കളഞ്ഞുകിട്ടിയതിനെക്കുറിച്ചോ തന്റെ അയൽവാസിയെ വഞ്ചിക്കുകയോ അവരോട് കള്ളം പറയുകയോ വ്യാജമായി ആണയിടുകയോ, ഇങ്ങനെ ഏതെങ്കിലും പ്രവൃത്തിയാൽ പാപംചെയ്ത് യഹോവയോട് അവിശ്വസ്തരായിത്തീർന്നാൽ— 4 ഇത്തരം ഏതെങ്കിലും പാപംചെയ്തിട്ട് അവർക്ക് കുറ്റബോധമുണ്ടാകുമ്പോൾ അയാൾ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏൽപ്പിച്ചിരുന്നതോ കളഞ്ഞുകിട്ടിയതോ 5 താൻ വ്യാജമായി ആണയിട്ട് സ്വന്തമാക്കിയതോ ആയ സാധനവും അതിന്റെ വിലയുടെ അഞ്ചിലൊന്നും നഷ്ടപരിഹാരംകൂടി ചേർത്ത് അയാൾ തിരികെക്കൊടുക്കണം. തന്റെ അകൃത്യയാഗം അർപ്പിക്കുന്ന ദിവസംതന്നെ അയാൾ അത് ഉടമസ്ഥനു കൊടുത്തിരിക്കണം.

  78. 19 വ്യാജം പറയാൻ ദൈവം മനുഷ്യനല്ല,

    തന്റെ മനം മാറ്റാൻ മനുഷ്യപുത്രനുമല്ല.

    അരുളിച്ചെയ്തിട്ട് അവിടന്നു പ്രവർത്തിക്കാതിരിക്കുമോ?

    വാക്കു പറഞ്ഞിട്ട് നിറവേറ്റാതിരിക്കുമോ?

  79. 12 എനിക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവർ എനിക്കെതിരേ കെണിവെക്കുന്നു,

    എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ നാശത്തെപ്പറ്റി ചർച്ചചെയ്യുന്നു;

    ദിവസംമുഴുവനും അവർ കുതന്ത്രങ്ങൾ മെനയുന്നു.

  80. 118 അവിടത്തെ ഉത്തരവുകൾ നിരാകരിച്ച്, അതിൽനിന്നും വ്യതിചലിക്കുന്നവരെ അങ്ങ് നിരസിക്കുന്നു,

    കാരണം അവരുടെ ദിവാസ്വപ്നങ്ങൾ വ്യർഥമത്രേ.

  81. 8 വിവേകിയുടെ ജ്ഞാനം അവരുടെ വഴികളിലേക്കുള്ള ആലോചന നൽകുന്നു,

    എന്നാൽ ഭോഷരുടെ മടയത്തരം അവരെ വഞ്ചിക്കുന്നു.

  82. 6 വ്യാജനാവുകൊണ്ട് കെട്ടിപ്പൊക്കിയ സൗഭാഗ്യങ്ങളെല്ലാം

    ക്ഷണികമായ നീരാവിയും മരണക്കെണിയുമാണ്.

  83. 18 എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്. 19 വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു;

  84. 20 ‘വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ.” എന്ന് അയാളോടു പറഞ്ഞു.

  85. 8 എന്നാൽ സക്കായി എഴുന്നേറ്റുനിന്നുകൊണ്ട് കർത്താവിനോട്, “കർത്താവേ, ഇതാ, ഇപ്പോൾത്തന്നെ എന്റെ സമ്പാദ്യത്തിന്റെ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കും. ഞാൻ ആരിൽനിന്നെങ്കിലും എന്തെങ്കിലും അപഹരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ നാലിരട്ടി തിരിച്ചുകൊടുക്കുകയും ചെയ്യാം” എന്നു പറഞ്ഞു.

  86. 12 അങ്ങനെ അവർ ജനങ്ങളെയും സമുദായനേതാക്കന്മാരെയും വേദജ്ഞരെയും ഇളക്കി. അവർ സ്തെഫാനൊസിനെ പിടികൂടി ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. 13 അവർ കള്ളസ്സാക്ഷികളെ കൊണ്ടുവന്ന് ഇപ്രകാരം പറയിച്ചു: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി സംസാരിക്കുന്നതിന് അവസാനമില്ല. 14 നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുമെന്നും മോശ നമുക്കു നൽകിയിരിക്കുന്ന ആചാരങ്ങൾ നീക്കിക്കളയുമെന്നും ഇയാൾ പറയുന്നതു ഞങ്ങൾ കേട്ടു.”

  87. 7 നിങ്ങളെത്തന്നെ വഞ്ചിക്കരുത്. ദൈവത്തെ കബളിപ്പിക്കുക അസാധ്യം. ഒരു മനുഷ്യൻ കൊയ്യുന്നത് അയാൾ വിതയ്ക്കുന്നതുതന്നെയായിരിക്കും. 8 പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും.

  88. 8 നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല.

  89. 7 യേശുക്രിസ്തു മനുഷ്യശരീരത്തിൽ വന്നു എന്ന് അംഗീകരിക്കാത്ത അനേകം വഞ്ചകന്മാർ ലോകത്തിൽ വ്യാപിച്ചിരിക്കുന്നതിനാലാണ് ഞാൻ ഇതു പറയുന്നത്. ഇപ്രകാരമുള്ളവൻ വഞ്ചകനും എതിർക്രിസ്തുവും ആകുന്നു.

  90. 31 അതിനുശേഷം അവർ യോസേഫിന്റെ കുപ്പായം എടുത്തു, ഒരു കോലാടിനെ കൊന്ന് അതിന്റെ രക്തത്തിൽ മുക്കി. 32 ആ വിശേഷപ്പെട്ട അങ്കി തങ്ങളുടെ പിതാവിന്റെ അടുക്കൽ കൊണ്ടുചെന്ന്, “ഇതു ഞങ്ങൾ കണ്ടെത്തി; ഇത് അങ്ങയുടെ മകന്റെ അങ്കിതന്നെയോ എന്നു പരിശോധിച്ച് നോക്കിയാലും” എന്നു പറഞ്ഞു.

    33 അദ്ദേഹം അതു തിരിച്ചറിഞ്ഞു. “ഇത് എന്റെ മകന്റെ കുപ്പായംതന്നെ! ഏതോ ഹിംസ്രജന്തു അവനെ തിന്നുകളഞ്ഞു; യോസേഫിനെ അതു പിച്ചിച്ചീന്തിക്കളഞ്ഞുകാണും,” എന്നു പറഞ്ഞു.

    34 പിന്നെ യാക്കോബ് തന്റെ വസ്ത്രംകീറി, ചാക്കുശീല ഉടുത്ത് തന്റെ മകനെച്ചൊല്ലി അനേകദിവസം വിലപിച്ചു. 35 അദ്ദേഹത്തിന്റെ എല്ലാ പുത്രന്മാരും പുത്രിമാരും അടുത്തുവന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു; എങ്കിലും അദ്ദേഹം ആശ്വാസം കൈക്കൊള്ളാൻ വിസമ്മതിച്ചു. “കരഞ്ഞുകൊണ്ടുതന്നെ ഞാൻ പാതാളത്തിൽ എന്റെ മകന്റെ അടുക്കൽ ഇറങ്ങിച്ചെല്ലും,” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ യോസേഫിന്റെ പിതാവ് അവനെച്ചൊല്ലി കരഞ്ഞു.

  91. 20 എന്നാൽ, അവസാനം ഒരാത്മാവ് മുൻപോട്ടുവന്നു യഹോവയുടെമുമ്പിൽ നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘ഞാൻ അവനെ പ്രലോഭിപ്പിക്കും.’

    “ ‘എങ്ങനെ?’ എന്ന് യഹോവ ചോദിച്ചു.

    21 “ ‘ഞാൻ ചെന്ന് അയാളുടെ സകലപ്രവാചകന്മാരുടെയും അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവായി പ്രവർത്തിക്കും’ എന്ന് ആ ആത്മാവ് മറുപടി നൽകി.

    “അപ്പോൾ യഹോവ: ‘അവനെ വശീകരിക്കുന്നതിൽ നീ വിജയിക്കും; നീ പോയി അപ്രകാരം ചെയ്യുക!’ എന്നു കൽപ്പിച്ചു.

    22 “അങ്ങനെ, യഹോവ ഇപ്പോൾ നിന്റെ ഈ പ്രവാചകന്മാരുടെ അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവിനെ അയച്ചിരിക്കുന്നു. യഹോവ നിനക്കു നാശം നിർണയിച്ചിരിക്കുന്നു.”

  92. 18 ദുഷ്ടർ വഞ്ചനയോടെ കൂലിവാങ്ങുന്നു,

    എന്നാൽ നീതി വിതയ്ക്കുന്നവർ നിലനിൽക്കുന്ന പ്രതിഫലം വാങ്ങുന്നു.

  93. 19 സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു,

    എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്.

    20 ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു,

    എന്നാൽ സമാധാനം പ്രചരിപ്പിക്കുന്നവർക്ക് ആനന്ദമുണ്ട്.

  94. 27 പക്ഷികൾ കൂടുകളിൽ നിറഞ്ഞിരിക്കുന്നതുപോലെ,

    അവരുടെ വീടുകളിൽ വഞ്ചന നിറഞ്ഞിരിക്കുന്നു;

    അവർ ധനികരും ശക്തരും ആയിരിക്കുന്നു,

    28 അവർ തടിച്ചുകൊഴുത്തിരിക്കുന്നു.

    അവരുടെ ദുഷ്കർമങ്ങൾക്കു യാതൊരു പരിധിയുമില്ല;

    അവർ ന്യായം അന്വേഷിക്കുന്നില്ല.

    അവർ അനാഥർക്കുവേണ്ടി വ്യവഹരിക്കുന്നില്ല;

    അവർ ദരിദ്രരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതുമില്ല.

  95. 1 അനന്യാസ് എന്നു പേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീരയും ചേർന്ന് ഒരു സ്ഥലം വിറ്റു. 2 കിട്ടിയ വിലയിൽ കുറെ സ്വന്തം ആവശ്യത്തിനായി മാറ്റിവെച്ചിട്ട് ബാക്കിയുള്ളതു ഭാര്യയുടെ അറിവോടുകൂടെ കൊണ്ടുവന്ന് അയാൾ അപ്പൊസ്തലന്മാരുടെ പാദത്തിൽ സമർപ്പിച്ചു.

    3 അപ്പോൾ പത്രോസ്, “അനന്യാസേ, പരിശുദ്ധാത്മാവിനോടു കാപട്യം കാണിക്കാനും സ്ഥലത്തിന്റെ വിലയിൽ കുറെ മാറ്റിവെക്കാനും സാത്താൻ നിന്റെ ഹൃദയത്തെ നിയന്ത്രിക്കാൻ നീ അനുവദിച്ചതെന്തിന്? 4 ആ സ്ഥലം വിൽക്കുന്നതിനുമുമ്പ് നിന്റേതായിരുന്നില്ലേ? വിറ്റതിനുശേഷവും അതിന്റെ വില നിന്റെ കൈവശംതന്നെ ആയിരുന്നില്ലേ? പിന്നെ ഈ പ്രവൃത്തിചെയ്യാൻ നിനക്കു മനസ്സുവന്നതെങ്ങനെ? നീ മനുഷ്യരോടല്ല, ദൈവത്തോടാണ് കാപട്യം കാണിച്ചത്?” എന്നു പറഞ്ഞു.

  96. 9 ഭൂവാസികളെ മുഴുവൻ വഴിതെറ്റിക്കുന്നവനും പിശാച് എന്നും സാത്താൻ എന്നും പേരുള്ളവനുമായ പുരാതന സർപ്പമായ മഹാവ്യാളി താഴേക്കു ചുഴറ്റി എറിയപ്പെട്ടു. ഭൂമിയിലേക്കാണ് അവനെയും അവന്റെ കിങ്കരന്മാരെയും തള്ളിയിട്ടത്.

  97. 7 ആയിരം വർഷം പൂർത്തിയായിക്കഴിയുമ്പോൾ സാത്താനെ അവന്റെ തടവറയിൽനിന്ന് അഴിച്ചുവിടും. 8 അയാൾ പുറപ്പെട്ട് ഭൂമിയുടെ നാലു ദിക്കുകളിലുമുള്ള ജനതകളായ ഗോഗ്, മാഗോഗ് എന്നിവരെ വശീകരിച്ചു യുദ്ധത്തിനു കൂട്ടിച്ചേർക്കും. അവർ കടൽപ്പുറത്തെ മണൽപോലെ അസംഖ്യമാണ്. 9 അവർ ഭൂമിയിൽ എല്ലായിടവും സഞ്ചരിച്ച് ദൈവജനത്തിന്റെ പാളയത്തെയും ദൈവത്തിനു പ്രിയപ്പെട്ട നഗരത്തെയും വളയും. എന്നാൽ സ്വർഗത്തിൽനിന്ന് അഗ്നിവർഷമുണ്ടായി അവർ ഭസ്മീകരിക്കപ്പെടും. 10 അവരെ വശീകരിച്ച പിശാചിനെ, മൃഗവും വ്യാജപ്രവാചകനും കിടക്കുന്ന എരിയുന്ന ഗന്ധകപ്പൊയ്കയിലേക്ക് എറിഞ്ഞുകളയും; അവർ രാപകൽ എന്നെന്നേക്കും ദണ്ഡിപ്പിക്കപ്പെടും.