41 Bible Verses About Bad Friends
Biblica® Open Malayalam Contemporary Version™ (OMCV)
-
33 വഴിതെറ്റിക്കപ്പെടരുത്. “ഹീനമായ സൗഹൃദം സദ്ഗുണങ്ങളെ ദുഷിപ്പിക്കുന്നു.”
-
12 ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നതാണ് എന്റെ കൽപ്പന. 13 സ്നേഹിതർക്കുവേണ്ടി സ്വജീവനെ അർപ്പിക്കുന്നതിലും വലിയ സ്നേഹം ആർക്കും ഇല്ല. 14 ഞാൻ കൽപ്പിക്കുന്നത് അനുസരിച്ചാൽ നിങ്ങൾ എന്റെ സ്നേഹിതരാണ്. 15 ഇനിമേലാൽ ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുന്നില്ല. യജമാനന്റെ എല്ലാ പ്രവൃത്തികളും ദാസൻ അറിയുന്നില്ലല്ലോ. ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു, കാരണം ഞാൻ എന്റെ പിതാവിൽനിന്ന് കേട്ടതെല്ലാംതന്നെ നിങ്ങളെ അറിയിച്ചിരിക്കുന്നു. 16 നിങ്ങൾ എന്നെ തെരഞ്ഞെടുത്തതല്ല, ഞാനാണ് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ പോയി ഫലം കായ്ക്കുന്നതിന്, നിലനിൽക്കുന്ന ഫലം കായ്ക്കേണ്ടതിനു തന്നെ, ഞാൻ നിങ്ങളെ നിയമിച്ചുമിരിക്കുന്നു. നിങ്ങൾ എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും.
-
17 ഒരു സുഹൃത്തിന്റെ സ്നേഹം എല്ലാക്കാലത്തേക്കും ഉള്ളത്,
ആപത്തുകാലത്തു സഹായിയായി നിൽക്കുന്നതിനുവേണ്ടിയാണ് ഒരു കൂടപ്പിറപ്പ് ജനിക്കുന്നത്.
-
24 ക്ഷിപ്രകോപിയായ ഒരാളോട് സഖിത്വം അരുത്,
പെട്ടെന്നു പ്രകോപിതരാകുന്നവരോട് അടുത്ത സൗഹൃദം സ്ഥാപിക്കുകയുമരുത്.
25 അല്ലെങ്കിൽ നിങ്ങൾ അവരുടെ രീതികൾ അനുശീലിക്കുകയും
നിങ്ങളെത്തന്നെ കെണിയിൽ വീഴ്ത്തുകയും ചെയ്യും.
26 മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുകയോ
അന്യർക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്യരുത്;
27 അത് അടച്ചുതീർക്കാൻ കഴിയാതെവന്നിട്ട്,
നിങ്ങളുടെ കിടക്കപോലും നിങ്ങൾക്കടിയിൽനിന്നു വലിച്ചുമാറ്റപ്പെടും.
-
19 അഭിലാഷങ്ങളുടെ പൂർത്തീകരണം ആത്മാവിനു മാധുര്യമേകുന്നു,
എന്നാൽ ഭോഷർക്ക് ദുഷ്ടതയിൽനിന്നു പിന്മാറുന്നതു വെറുപ്പാകുന്നു.
20 ജ്ഞാനിയോടൊപ്പം നടക്കുന്നയാൾ ജ്ഞാനിയായിമാറും,
ഭോഷരോടൊത്തു നടക്കുന്നയാളോ, കഷ്ടത നേരിടും!
21 അനർഥം പാപിയെ പിൻതുടരുന്നു,
എന്നാൽ നീതിനിഷ്ഠർക്ക് അഭിവൃദ്ധി കൈവരുന്നു.
-
5 മറച്ചുവെക്കുന്ന സ്നേഹത്തെക്കാളും
തുറന്ന ശാസനയാണ് നല്ലത്.
6 സുഹൃത്തിൽനിന്നുള്ള മുറിവുകൾ വിശ്വസനീയം,
എന്നാൽ എതിരാളിയോ, ചുംബനം വർഷിക്കുന്നു.
-
24 അവിശ്വസ്തരായ സുഹൃത്തുക്കളുള്ളവർ പെട്ടെന്നു നശിച്ചുപോകും,
എന്നാൽ സഹോദരങ്ങളെക്കാൾ ചേർന്നുനിൽക്കുന്ന സുഹൃത്തുക്കളുമുണ്ട്.
-
26 നീതിനിഷ്ഠർ തങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നു,
എന്നാൽ ദുഷ്കർമികളുടെ മാർഗം അവരെ വഴിതെറ്റിക്കുന്നു.
-
28 വക്രഹൃദയമുള്ളവർ കലഹം ഇളക്കിവിടുന്നു,
പരദൂഷണം ആത്മസുഹൃത്തുക്കളെത്തമ്മിൽ അകറ്റുന്നു.
29 ഒരു അക്രമി അയൽവാസിയെ വശീകരിച്ച്
അരുതാത്ത വഴികളിലേക്ക് ആനയിക്കുന്നു.
-
9 സുഹൃത്തിന്റെ ഹൃദ്യമായ ഉപദേശം
സുഗന്ധതൈലവും ധൂപവർഗവുംപോലെ
ഹൃദയത്തിനു പ്രസാദകരമാകുന്നു.
10 നിങ്ങളുടെ സുഹൃത്തിനെയോ കുടുംബസുഹൃത്തിനെയോ ഉപേക്ഷിക്കരുത്,
ദുരന്തങ്ങൾ നിങ്ങളെ വേട്ടയാടുമ്പോൾ ബന്ധുഭവനങ്ങളിൽ പോകുകയുമരുത്—
അകലെയുള്ള ബന്ധുവിനെക്കാൾ ഭേദം സമീപത്തുള്ള അയൽക്കാരാണ്.
-
17 ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നതുപോലെ
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനു മൂർച്ചകൂട്ടുന്നു.
-
9 ഒരാളെക്കാൾ ഇരുവർ നല്ലത്,
കാരണം, അവർക്ക് അവരുടെ അധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും:
10 അവരിലൊരാൾ വീണുപോയാൽ,
ഒരാൾക്ക് മറ്റേയാളെ സഹായിക്കാൻ കഴിയും.
ഒരാൾ വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്ത
മനുഷ്യന്റെ അവസ്ഥ കഷ്ടംതന്നെ.
11 അതുപോലെ, രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്ക് കുളിർ മാറും.
എന്നാൽ ഏകാകിയുടെ കുളിർമാറുന്നത് എങ്ങനെ?
12 ഒരാൾ ആക്രമിക്കപ്പെട്ടാൽ
ഇരുവർക്കും ഒരുമിച്ചു പ്രതിരോധിക്കാം.
മുപ്പിരിച്ചരട് വേഗത്തിൽ പൊട്ടുകയില്ല.
-
9 അകൃത്യം ക്ഷമിക്കുന്നവർ സ്നേഹം വർധിപ്പിക്കുന്നു,
എന്നാൽ അതു നിരന്തരം ഓർമപ്പെടുത്തുന്നവർ സ്നേഹിതരെ അകറ്റുന്നു.
-
4 അപഥസഞ്ചാരികളേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? അതിനാൽ, ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
-
12 എന്നെ അധിക്ഷേപിക്കുന്നത് ഒരു ശത്രുവാണെങ്കിൽ
അതു ഞാൻ സഹിക്കുമായിരുന്നു;
ഒരു വൈരി എനിക്കെതിരേ ഉയർന്നുവരുന്നെങ്കിൽ
എനിക്കോടിമറയാൻ കഴിയുമായിരുന്നു.
13 എന്നാൽ എന്റെ സഹചാരിയും എന്റെ ഉറ്റ സുഹൃത്തും
എന്നോടു സമനായ മനുഷ്യനുമായ നീയാണല്ലോ അതു ചെയ്തത്,
14 ഒരിക്കൽ ദൈവാലയത്തിൽവെച്ച്
നിന്നോടൊപ്പം ഹൃദ്യസമ്പർക്കം ആസ്വദിച്ചിരുന്നു,
അവിടെ ജനസമൂഹത്തോടൊപ്പം
നാം ഒരുമിച്ച് നടന്നുപോയപ്പോൾത്തന്നെ.
-
6 പരിഹാസി ജ്ഞാനം അന്വേഷിക്കുന്നു, കണ്ടെത്തുന്നില്ല,
എന്നാൽ വിവേകിക്ക് പരിജ്ഞാനം അനായാസം കൈവരുന്നു.
7 ഭോഷരിൽനിന്നും അകലം പാലിക്കുക;
നീ അവരുടെ അധരങ്ങളിൽ പരിജ്ഞാനം കണ്ടെത്തുകയില്ല.
-
5 എന്റെ ശത്രുക്കൾ എന്നെപ്പറ്റി ദോഷകരമായ വാർത്ത പ്രചരിപ്പിക്കുന്നു,
“അവൻ എപ്പോൾ മരിക്കും, എപ്പോൾ അവന്റെ നാമം മൺമറയും?” എന്ന് അവർ ചോദിക്കുന്നു.
6 അവരിലൊരാൾ എന്നെ സന്ദർശിക്കാൻ വരുമ്പോൾ,
ഹൃദയത്തിൽ അപവാദം സംഗ്രഹിക്കുമ്പോൾത്തന്നെ സ്നേഹിതനെപ്പോലെ സംസാരിക്കുന്നു;
പിന്നീട് അവർ പുറത്തുചെന്ന് നാടുനീളെ അപവാദം പരത്തുന്നു.
7 എന്റെ എല്ലാ ശത്രുക്കളും എനിക്കെതിരേ പരസ്പരം മന്ത്രിക്കുന്നു;
എനിക്ക് അത്യന്തം ഹാനികരമായതു വന്നുഭവിക്കണമെന്നവർ വിഭാവനചെയ്യുന്നു.
8 അവർ പറയുന്നു, “ഒരു മാരകവ്യാധി അവനെ പിടികൂടിയിരിക്കുന്നു;
ഇനിയവൻ ഈ കിടക്കവിട്ട് എഴുന്നേൽക്കുകയില്ല.”
9 എന്റെ ആത്മസഖി,
ഞാൻ വിശ്വാസം അർപ്പിച്ച എന്റെ സുഹൃത്ത്,
എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ
എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു.
-
20 എന്റെ സ്നേഹിതർ തങ്ങളുടെ സുഹൃത്തുക്കളെ ആക്രമിക്കുന്നു;
അവർ തങ്ങളുടെ ഉടമ്പടി ലംഘിക്കുന്നു.
21 അവരുടെ ഭാഷണം വെണ്ണപോലെ മാർദവമുള്ളത്,
എന്നിരുന്നാലും അവരുടെ ഹൃദയത്തിൽ യുദ്ധമാണുള്ളത്;
അവരുടെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളത്,
എന്നിട്ടും അവർ ഊരിയ വാളുകൾതന്നെ.
-
16 ന്യായാധിപന്റെ മുമ്പാകെ എന്നെ ആദ്യമായി ഹാജരാക്കിയപ്പോൾ ആരും എന്റെ സഹായത്തിനായി മുമ്പോട്ട് വന്നില്ല, എല്ലാവരും എന്നെ കൈയൊഴിഞ്ഞു. ഇത് അവരുടെമേൽ കുറ്റമായി ആരോപിക്കപ്പെടാതെയിരിക്കട്ടെ.
-
5 അയൽവാസിയെ വിശ്വസിക്കരുത്;
ആത്മസുഹൃത്തിൽ അമിതവിശ്വാസം അർപ്പിക്കുകയുമരുത്.
നിന്റെ ആശ്ലേഷത്തിൽ കിടക്കപങ്കിടുന്നവളോടുപോലും
നിന്റെ വാക്കുകൾ സൂക്ഷിച്ചുകൊള്ളുക.
6 മകൻ അപ്പനെ അപമാനിക്കുന്നു,
മകൾ അമ്മയോട് എതിർത്തുനിൽക്കുന്നു,
മരുമകൾ അമ്മായിയമ്മയെ എതിർക്കുന്നു—
ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും.
-
16 എന്നാൽ, സത്യം സംസാരിക്കുന്നതു നിമിത്തം ഞാൻ ഇന്ന് നിങ്ങളുടെ ശത്രുവായിത്തീർന്നോ?
17 യെഹൂദാമതാനുസാരികൾ സദുദ്ദേശ്യത്തോടുകൂടിയല്ല നിങ്ങളോട് അമിതതാത്പര്യം കാട്ടുന്നത്; നിങ്ങളെ എന്നിൽനിന്ന് അകറ്റി അവരുടെ ഉപദേശത്തിലേക്കു നിങ്ങളെ ആകർഷിക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം. 18 സദുദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിലുള്ള വ്യഗ്രത നല്ലതുതന്നെ, അതു ഞാൻ നിങ്ങളോടുകൂടെ ഉള്ളപ്പോൾമാത്രമല്ല, എപ്പോഴും അങ്ങനെയാകണമെന്നുമാത്രം. 19 എന്റെ കുഞ്ഞുങ്ങളേ! നിങ്ങൾ ക്രിസ്തുവിന്റെ യഥാർഥ അനുയായികൾ ആകുന്നതുവരെ, പ്രസവവേദനയനുഭവിക്കുന്ന ഒരു അമ്മയെപ്പോലെ അതികഠിനമായി ഞാൻ പിന്നെയും ക്ലേശം സഹിക്കുന്നു. 20 ഞാൻ ഇപ്പോൾ നിങ്ങളുടെ അരികെ ആയിരുന്നെങ്കിൽ എന്നു ഞാൻ എത്ര ആശിച്ചുപോകുന്നു! അങ്ങനെയെങ്കിൽ ഒരുപക്ഷേ നിങ്ങളോടുള്ള സംഭാഷണത്തിന്റെ സ്വരം മാറിയേനെ. കാരണം, നിങ്ങളെ ഓർത്ത് ഞാൻ വളരെ അസ്വസ്ഥനാണ്.
-
10 എന്തുകൊണ്ടെന്നാൽ, ദേമാസ് ഈ ലോകജീവിതസൗകര്യങ്ങളെ സ്നേഹിച്ച് എന്നെ ഉപേക്ഷിച്ച് തെസ്സലോനിക്യയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യയ്ക്കും തീത്തോസ് ദൽമാത്യയ്ക്കും പൊയ്ക്കഴിഞ്ഞു.
-
16 ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്. 17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?
18 കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്.
-
6-7 നിങ്ങളുടെ ദേശത്തിന്റെ ഒരു അതിർമുതൽ മറ്റേ അതിരുവരെ അടുത്തോ അകലെയോ ഉള്ളതും, നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തതുമായ ചുറ്റുപാടുള്ള “ജനതകളുടെ ദേവന്മാരെ നാം ചെന്ന് ആരാധിക്ക,” എന്നു നിന്റെ സ്വന്തം സഹോദരനോ മകനോ മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ ഉറ്റസുഹൃത്തോ രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിച്ചാൽ 8 നീ അതിനു വഴങ്ങുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്യരുത്. അങ്ങനെയുള്ളവരോടു നിങ്ങൾക്കു കരുണ തോന്നരുത്. അവരെ വെറുതേവിടുകയോ സംരക്ഷിക്കുകയോ ചെയ്യരുത്. 9 അങ്ങനെയുള്ളവരെ നിശ്ചയമായും നീ കൊന്നുകളയണം. അയാളെ കൊല്ലുന്നതിന് ആദ്യം നിന്റെ കരം ഉയരണം, പിന്നെ ജനമെല്ലാം കരം ഉയർത്തണം. 10 അടിമനാടായ ഈജിപ്റ്റിൽനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയിൽനിന്ന് നിന്നെ വ്യതിചലിപ്പിക്കാൻ അവർ ശ്രമിച്ചതുകൊണ്ട് അവരെ കല്ലെറിഞ്ഞുകൊല്ലണം. 11 അങ്ങനെ എല്ലാ ഇസ്രായേലും ഇതു കേട്ട് ഭയപ്പെടേണ്ടതിനും നിങ്ങൾക്കിടയിൽ ഇനിയാരും ഈ തിന്മ പ്രവർത്തിക്കാതിരിക്കേണ്ടതിനുമാണ് ഇത്.
-
11 തേമാന്യനായ എലീഫാസ്, ശൂഹ്യനായ ബിൽദാദ്, നാമാത്യനായ സോഫർ എന്നിങ്ങനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ അദ്ദേഹത്തിന്റെ ദുരവസ്ഥയെപ്പറ്റി കേട്ടിട്ട് ഓരോരുത്തനും അവരവരുടെ സ്ഥലത്തുനിന്നും പുറപ്പെട്ട് അദ്ദേഹത്തോടു സഹതപിക്കാനും അദ്ദേഹത്തെ സമാശ്വസിപ്പിക്കാനുമായി പരസ്പരം പറഞ്ഞൊത്ത് അദ്ദേഹത്തിന്റെ അടുക്കൽവന്നു. 12 ഇയ്യോബിനെ ദൂരെനിന്നു കണ്ട അവർക്ക് അദ്ദേഹത്തെ തിരിച്ചറിയുന്നതിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ അവർ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ഓരോരുത്തനും താന്താങ്ങളുടെ പുറങ്കുപ്പായം വലിച്ചുകീറുകയും തങ്ങളുടെ ശിരസ്സിന്മേൽ പൂഴി വാരിവിതറുകയും ചെയ്തു. 13 അതിനുശേഷം അവർ ഏഴു രാപകൽ അദ്ദേഹത്തോടുകൂടെ നിലത്തിരുന്നു. അദ്ദേഹത്തിന്റെ കഷ്ടതയുടെ പരിതാപകരമായ അവസ്ഥ കണ്ടിട്ട് അവർ ആരും ഒരു വാക്കുപോലും സംസാരിച്ചില്ല.
-
29 നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. 30 നിന്റെ വലതുകൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി ദൂരെ എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവൻ നരകത്തിൽ പോകുന്നതിനെക്കാൾ, ഒരു അവയവം നഷ്ടമാകുന്നതാണു നിനക്കു നല്ലത്.
-
14 “സ്നേഹിതരോട് ദയ കാട്ടാതിരിക്കുന്ന ആൾ
സർവശക്തനോടുള്ള ഭയമാണ് ഉപേക്ഷിച്ചുകളയുന്നത്.
15-16 എന്റെ സഹോദരന്മാർ ഇടയ്ക്കിടെ ഒഴുകുന്ന അരുവിപോലെയാണ്, അവർ ആശ്രയിക്കാൻ കൊള്ളാവുന്നവരല്ല.
ഉരുകുന്ന ഹിമത്താൽ കലങ്ങുമ്പോൾ
അലിയുന്ന മഞ്ഞിനാൽ കവിയുമ്പോൾ
കരകവിഞ്ഞൊഴുകുന്ന നീരൊഴുക്കുപോലെയാണ് അവർ;
17 എന്നാൽ വേനൽക്കാലത്ത് ഒഴുക്കു നിലച്ച്,
ഉഷ്ണത്തിൽ അവയുടെ ചാലുകളിൽനിന്ന് അവ അദൃശ്യമായിപ്പോകുന്നു.
-
19 എന്റെ ആത്മസ്നേഹിതരെല്ലാംതന്നെ എന്നെ വെറുക്കുന്നു;
ഞാൻ സ്നേഹിച്ചവർ എനിക്കെതിരേ തിരിഞ്ഞിരിക്കുന്നു.
-
ജ്ഞാനം സമ്പാദിക്കുന്നതിനുള്ള ആഹ്വാനം
8 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ ശിക്ഷണം ശ്രദ്ധിക്കുകയും
നിന്റെ മാതാവിന്റെ ഉപദേശം അവഗണിക്കുകയും അരുത്.
9 അവ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടവും
നിന്റെ കഴുത്തിൽ ഒരു അലങ്കാരഹാരവും ആയിരിക്കും.
10 എന്റെ കുഞ്ഞേ, പാപികൾ നിന്നെ വശീകരിച്ചാൽ,
അവർക്കു വിധേയപ്പെട്ടുപോകരുത്.
11 അവർ ഇപ്രകാരം പറഞ്ഞേക്കാം: “ഞങ്ങളോടൊപ്പം വരൂ;
നമുക്കു രക്തത്തിനായി പതിയിരിക്കാം,
ഒരു വിനോദത്തിനായി, നിരുപദ്രവകാരിക്കെതിരേ കരുക്കൾനീക്കാം;
12 പാതാളമെന്നപോലെ നമുക്കവരെ ജീവനോടെ വിഴുങ്ങാം,
ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെ നമുക്കവരെ മുഴുവനായി വിഴുങ്ങിക്കളയാം;
13 വിവിധതരം അമൂല്യവസ്തുക്കൾ നമുക്കു പിടിച്ചെടുക്കാം
നമ്മുടെ വീടുകൾ കൊള്ളമുതൽകൊണ്ടു നിറയ്ക്കാം;
14 ഞങ്ങളോടൊപ്പം പങ്കുചേരൂ;
നമുക്കെല്ലാവർക്കും ഒരു പണസഞ്ചിയിൽനിന്നു പങ്കുപറ്റാം”—
-
1 അയ്യോ! എന്റെ ജനത്തിന്റെ നിഹതന്മാർനിമിത്തം
രാവും പകലും കരയേണ്ടതിന്,
എന്റെ തല ഒരു നീരുറവയും
എന്റെ കണ്ണുകൾ കണ്ണുനീരിന്റെ ജലധാരയും ആയിരുന്നെങ്കിൽ!
2 അയ്യോ! ഞാൻ എന്റെ ജനത്തെ വിട്ടകന്ന്
അവരുടെ അടുക്കൽനിന്ന് അകലെ പോകുന്നതിന്,
എനിക്ക് മരുഭൂമിയിൽ
വഴിയാത്രക്കാരുടെ ഒരു സത്രം ഉണ്ടായിരുന്നെങ്കിൽ!
അവരെല്ലാം വ്യഭിചാരികളും
വഞ്ചകരായ ഒരു സമൂഹവും ആണല്ലോ.
3 “അവർ തങ്ങളുടെ നാവുകൾ
വ്യാജം പറയുന്നതിനു വില്ലുപോലെ കുലയ്ക്കുന്നു;
സത്യം നിമിത്തമല്ല
അവർ ഭൂമിയിൽ വിജയിക്കുന്നത്.
അവർ ഒരു പാപത്തിൽനിന്നു മറ്റൊന്നിലേക്കു മുന്നേറുന്നു;
അവർ എന്നെ അറിയുന്നില്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
4 “നിങ്ങളുടെ സ്നേഹിതരെ സൂക്ഷിച്ചുകൊള്ളുക;
സഹോദരങ്ങളിൽ ആരെയും നിങ്ങൾ വിശ്വസിക്കരുത്.
കാരണം അവർ ഓരോരുത്തരും വഞ്ചകരും
ഓരോ സ്നേഹിതരും അപവാദം പരത്തുന്നവരുംതന്നെ.
5 ഓരോരുത്തനും തന്റെ അയൽവാസിയെ വഞ്ചിക്കും,
ആരും സത്യം പറയുകയുമില്ല.
വ്യാജം പറയാൻ അവർ തങ്ങളുടെ നാവുകളെ ശീലിപ്പിച്ചിരിക്കുന്നു;
പാപംചെയ്തുകൊണ്ട് അവർ തങ്ങളെത്തന്നെ ക്ഷീണിപ്പിക്കുന്നു.
-
14 അന്നുതന്നെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്ത് പുരോഹിതമുഖ്യന്മാരെ സമീപിച്ച്, 15 “യേശുവിനെ തിരിച്ചറിയാൻ സഹായിച്ചാൽ നിങ്ങൾ എനിക്ക് എന്തുതരും?” എന്നു ചോദിച്ചു. അവർ അവന് മുപ്പത് വെള്ളിനാണയങ്ങൾ എണ്ണിക്കൊടുത്തു. 16 യൂദാ, ആ നിമിഷംമുതൽ യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.
-
11 സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് ഒരുവിധത്തിലും ഇടകലരരുത്. അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്.
12 സഭയ്ക്കു പുറത്തുള്ളവരെ വിധിക്കാൻ എനിക്കെന്തു കാര്യം? അകത്തുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്?
-
29 കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്. 30 നിങ്ങൾക്കു ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഉറപ്പായി നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ; ആ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്. 31 എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക. 32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.
-
ഒന്നാംപുസ്തകം
1 ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും
പാപികളുടെ പാതയിൽ നിൽക്കാതെയും
പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും
ജീവിക്കുന്നവർ അനുഗൃഹീതർ.
2 അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു;
അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു.
3 നീർച്ചാലുകൾക്കരികെ നട്ടതും
അതിന്റെ സമയത്തു ഫലം നൽകുന്നതും
ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണവർ—
അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു.
4 ദുഷ്ടർ അങ്ങനെയല്ല!
അവർ കാറ്റത്തു പാറിപ്പോകുന്ന
പതിരുപോലെയാണ്.
-
11 എന്റെ വ്രണംനിമിത്തം എന്റെ സ്നേഹിതരും ചങ്ങാതികളും എന്നെ തിരസ്കരിച്ചിരിക്കുന്നു;
എന്റെ അയൽവാസികൾ എന്നിൽനിന്ന് അകലം പാലിക്കുന്നു.
-
6 നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക;
വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക.”
-
4 സമ്പത്ത് ധാരാളം സുഹൃത്തുക്കളെ കൊണ്ടുവരുന്നു,
എന്നാൽ ദാരിദ്ര്യം ഉറ്റസുഹൃത്തുക്കളെപ്പോലും അകറ്റുന്നു.
-
16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.
-
13 മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.
-
7 നിങ്ങളെത്തന്നെ വഞ്ചിക്കരുത്. ദൈവത്തെ കബളിപ്പിക്കുക അസാധ്യം. ഒരു മനുഷ്യൻ കൊയ്യുന്നത് അയാൾ വിതയ്ക്കുന്നതുതന്നെയായിരിക്കും.
-
6 അർഥശൂന്യമായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കരുത്. ഇവയാലാണ് അനുസരണമില്ലാത്തവർ ദൈവക്രോധത്തിനു പാത്രമായിത്തീരുന്നത്.
Shows Read in context, Share and Copy.