32 Bible Verses About Winter
Biblica® Open Malayalam Contemporary Version™ (OMCV)
-
5 ദൈവത്തിന്റെ നാദം അത്ഭുതകരമായി ഇടിമുഴക്കും സൃഷ്ടിക്കുന്നു;
നമുക്കു ഗ്രഹിക്കാനാകാത്ത വൻകാര്യങ്ങൾ അവിടന്നു പ്രവർത്തിക്കുന്നു.
6 മഞ്ഞിനോട്, ‘ഭൂമിയിൽ പതിക്കുക’ എന്നും
മഴയോട്, ‘അതിശക്തമായ പേമാരി പൊഴിക്കുക’ എന്നും അവിടന്നു കൽപ്പിക്കുന്നു.
7 സകലമനുഷ്യരും അവിടത്തെ പ്രവൃത്തി ഗ്രഹിക്കേണ്ടതിന്,
അവിടന്ന് ഓരോ മനുഷ്യന്റെയും പ്രവൃത്തികൾ നിർത്തിവെപ്പിക്കുന്നു.
8 മൃഗങ്ങളെല്ലാം അവയുടെ ഒളിവിടങ്ങളിലേക്കു മടങ്ങുന്നു;
ഓരോന്നും അതിന്റെ ഗുഹയിൽ കിടക്കുന്നു.
9 കൊടുങ്കാറ്റ് അതിന്റെ പള്ളിയറയിൽനിന്നു വരുന്നു;
വടക്കൻകാറ്റിൽനിന്നു ശൈത്യവും.
10 ദൈവത്തിന്റെ നിശ്വാസത്താൽ മഞ്ഞുകട്ട ഉളവാകുന്നു;
ആഴിയുടെ പരപ്പ് ദ്രവിച്ചുറഞ്ഞു കട്ടിയാകുന്നു.
11 ഈർപ്പത്താൽ അവിടന്നു മേഘത്തെ സാന്ദ്രമാക്കുന്നു;
അവയിലൂടെ അവിടന്നു മിന്നൽപ്പിണർ ചിതറിക്കുന്നു.
12 ഭൂമുഖത്തെങ്ങും
അവിടന്നു കൽപ്പിക്കുന്നതൊക്കെയും നിറവേറ്റുന്നതിന്
അവിടത്തെ നിർദേശപ്രകാരം അവ ചുറ്റിസഞ്ചരിക്കുന്നു.
13 അവിടന്നു മേഘങ്ങളെ അയച്ച് മനുഷ്യരെ ശിക്ഷിക്കുന്നു,
അല്ലായെങ്കിൽ ഭൂമിയെ നനയ്ക്കുകയും അവിടത്തെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
-
16 “നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുക.
നിങ്ങളുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുക;
ദോഷം പ്രവർത്തിക്കുന്നതു നിർത്തുക.
17 നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക.
പീഡിതരെ സ്വതന്ത്രരാക്കുക.
അനാഥരുടെ കാര്യം ഏറ്റെടുക്കുക;
വിധവയ്ക്കുവേണ്ടി വ്യവഹരിക്കുക.
18 “ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നിങ്ങളുടെ പാപം കടുംചെമപ്പായിരുന്നാലും,
അവ ഹിമംപോലെ ശുഭ്രമാകും;
അവ രക്താംബരംപോലെ ചെമപ്പായിരുന്നാലും
വെളുത്ത കമ്പിളിരോമംപോലെ ആയിത്തീരും.
-
12 ജെറുശലേമേ, യഹോവയെ പുകഴ്ത്തുക;
സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്കുക.
13 അവിടന്ന് നിന്റെ കവാടങ്ങളുടെ ഓടാമ്പലുകളെ ബലപ്പെടുത്തുകയും
നിന്നിലുള്ള നിന്റെ ജനത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
14 അവിടന്ന് നിന്റെ അതിർത്തികൾക്കുള്ളിൽ സമാധാനം സ്ഥാപിക്കുകയും
മേൽത്തരമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുകയുംചെയ്യുന്നു.
15 അവിടന്ന് തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു;
അവിടത്തെ ഉത്തരവുകൾ അതിവേഗം പായുന്നു.
16 അവിടന്ന് കമ്പിളിരോമംപോലെ ഹിമംപൊഴിക്കുകയും
ചാരംവിതറുംപോലെ മഞ്ഞ് ചിതറിക്കുകയും ചെയ്യുന്നു.
17 അവിടന്ന് ആലിപ്പഴം ചരലെന്നപോലെ ചുഴറ്റിയെറിയുന്നു.
ആ മരംകോച്ചുന്ന മഞ്ഞുകാറ്റിനെ അതിജീവിക്കാൻ ആർക്കാണു കഴിയുക?
18 അവിടന്ന് തന്റെ വചനം അയച്ച് അവയെ ഉരുക്കുന്നു;
അവിടന്നു ഇളംകാറ്റിനെ ഉണർത്തിവിടുന്നു, ജലപ്രവാഹം ആരംഭിക്കുന്നു.
19 അവിടത്തെ വചനം യാക്കോബിനും
അവിടത്തെ വിധികളും ഉത്തരവുകളും ഇസ്രായേലിനും വെളിപ്പെടുത്തിയിരിക്കുന്നു.
20 മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടന്ന് ഇതുപോലെ പ്രവർത്തിച്ചിട്ടില്ല;
അവിടത്തെ വിധികൾ അവർക്ക് അജ്ഞാതമാണ്.
യഹോവയെ വാഴ്ത്തുക.
-
10 ആകാശത്തുനിന്നു
പൊഴിയുന്ന മഴയും മഞ്ഞും
ഭൂമി നനച്ച് അതിൽ വിത്തുകൾ മുളച്ച് വളർന്ന്,
വിതയ്ക്കുന്നയാൾക്കു വിത്തും
ഭക്ഷിക്കുന്നവർക്ക് ആഹാരവും നൽകാതെ
മടങ്ങിപ്പോകാതിരിക്കുന്നതുപോലെയാണ്,
11 എന്റെ വായിൽനിന്ന് പുറപ്പെടുന്ന എന്റെ വചനവും:
എന്റെ ഹിതം നിറവേറ്റി
ഏതിനുവേണ്ടി ഞാൻ അതിനെ അയച്ചുവോ ആ കാര്യം സാധിക്കാതെ
അത് എന്റെ അടുക്കലേക്കു വൃഥാ മടങ്ങിവരികയില്ല.
12 നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും,
സമാധാനത്തോടെ നിങ്ങളെ പറഞ്ഞയയ്ക്കും;
പർവതങ്ങളും മലകളും
നിങ്ങളുടെമുമ്പിൽ പൊട്ടിയാർക്കും,
വയലിലെ സകലവൃക്ഷങ്ങളും
കരഘോഷം മുഴക്കും.
-
6 അന്തരാത്മാവിലെ സത്യമാണല്ലോ അവിടന്ന് അഭിലഷിക്കുന്നത്;
ഹൃദയാന്തർഭാഗത്തിലും എന്നെ ജ്ഞാനം അഭ്യസിപ്പിച്ചു.
7 ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ, അപ്പോൾ ഞാൻ നിർമലനാകും;
എന്നെ കഴുകണമേ, അപ്പോൾ ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകും.
-
20 പിന്നീട് നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അദ്ദേഹം അതിന്മേൽ ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പക്ഷികളിലും ചിലതിനെ ഹോമയാഗങ്ങളായി അർപ്പിച്ചു. 21 അതിന്റെ ഹൃദ്യമായ സൗരഭ്യം ആസ്വദിച്ചുകൊണ്ട് യഹോവ ഹൃദയത്തിൽ അരുളിച്ചെയ്തു: “മനുഷ്യന്റെ ഹൃദയനിരൂപണങ്ങളെല്ലാം ബാല്യംമുതൽ ദോഷപൂർണമെങ്കിലും ഞാൻ ഇനിയൊരിക്കലും മനുഷ്യവംശം നിമിത്തം ഭൂമിയെ ശപിക്കുകയില്ല. ഇപ്പോൾ ചെയ്തതുപോലെ ഞാൻ ഇനിയൊരിക്കലും സകലജീവികളെയും നശിപ്പിക്കുകയില്ല.
22 “ഭൂമിയുള്ള കാലംവരെ
വിതയും കൊയ്ത്തും
ശീതവും ഉഷ്ണവും
വേനലും വർഷവും
പകലും രാത്രിയും
ഒരിക്കലും നിലയ്ക്കുകയില്ല.”
-
20 യെഹോയാദായുടെ മകനായ ബെനായാവ് കബ്സെയേൽക്കാരനും ശൂരപരാക്രമിയും ആയ ഒരു യോദ്ധാവായിരുന്നു. അദ്ദേഹം ഉജ്ജ്വല വീരകൃത്യങ്ങൾ ചെയ്തിട്ടുണ്ട്: അദ്ദേഹം മോവാബ്യരിലെ ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കളെ അടിച്ചുവീഴ്ത്തി. മഞ്ഞുകാലത്ത് ഒരു ദിവസം അദ്ദേഹം ഒരു ഗുഹയിൽ ഇറങ്ങിച്ചെന്ന് ഒരു സിംഹത്തെ കൊന്നു.
-
9 “ഞാൻ നോക്കിക്കൊണ്ടിരിക്കെ,
“സിംഹാസനങ്ങൾ ഒരുക്കപ്പെട്ടു;
പുരാതനനായവൻ ഉപവിഷ്ടനായി.
അവിടത്തെ വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും
തലമുടി നിർമലമായ ആട്ടിൻരോമംപോലെയും ആയിരുന്നു.
അവിടത്തെ സിംഹാസനം അഗ്നിജ്വാലയും
അതിന്റെ ചക്രങ്ങൾ എരിയുന്ന തീയും ആയിരുന്നു.
-
11 തക്കസമയത്തു നൽകുന്ന ഒരു വാക്ക്
വെള്ളിത്താലത്തിലെ കനകമയമായ ആപ്പിൾപോലെയാണ്.
12 ശ്രദ്ധിക്കുന്ന കാതിനു ജ്ഞാനിയുടെ ശാസന
സ്വർണക്കമ്മലുകൾപോലെയും തങ്കത്തിൻ ആഭരണം പോലെയുമാണ്.
13 വിശ്വസ്ത സന്ദേശവാഹകർ തങ്ങളെ നിയോഗിക്കുന്നവർക്ക്
കൊയ്ത്തുകാലത്തെ മഞ്ഞിന്റെ കുളിർമപോലെയാണ്;
അവർ തങ്ങളുടെ യജമാനന്റെ ഹൃദയം ഉന്മേഷഭരിതമാക്കുന്നു.
-
20 അവൾ തന്റെ കൈകൾ ദരിദ്രർക്കായി തുറക്കുന്നു
സഹായം അർഹിക്കുന്നവർക്കുവേണ്ടി തന്റെ കൈകൾ നീട്ടുന്നു.
21 ഹിമകാലം വരുമ്പോൾ, തന്റെ കുടുംബാംഗങ്ങളെയോർത്തവൾ ഭയക്കുന്നില്ല;
കാരണം അവരെല്ലാം രക്താംബരം ധരിച്ചിരിക്കുന്നു.
-
22 “ഹിമത്തിന്റെ ഭണ്ഡാരപ്പുരകളിൽ നീ കടന്നിട്ടുണ്ടോ?
അഥവാ, കന്മഴയുടെ സംഭരണശാലകൾ നീ കണ്ടിട്ടുണ്ടോ?
23 ദുരന്തകാലത്തേക്കും യുദ്ധവും സൈനികനീക്കവുമുള്ള സമയത്തേക്കും
ഞാൻ അവയെ കരുതിവെച്ചിരിക്കുന്നു.
24 വെളിച്ചം വിഭജിക്കപ്പെടുന്ന വഴി ഏതാണ്?
കിഴക്കൻകാറ്റു ഭൂമിയിൽ വ്യാപിക്കുന്നതും ഏതു വഴിയിലൂടെയാണ്?
25-27 നിർജനദേശത്തും ആൾപ്പാർപ്പില്ലാത്ത
മരുഭൂമിയിലും മഴ പെയ്യിക്കാനും
തരിശും ശൂന്യവുമായ സ്ഥലത്തിന്റെ ദാഹം തീർക്കാനും
പുല്ലിൽ പുതുമുകുളങ്ങൾ മുളപ്പിക്കുന്നതിനും
ആരാണ് പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന്
ഒരു മാർഗവും വെട്ടിക്കൊടുത്തത്?
-
16 പകൽ അങ്ങയുടേതാകുന്നു, രാത്രിയും അങ്ങേക്കുള്ളതുതന്നെ;
അവിടന്ന് സൂര്യചന്ദ്രന്മാരെ സ്ഥാപിച്ചു.
17 ഭൂമിയുടെ എല്ലാ അതിർത്തികളും നിർണയിച്ചത് അവിടന്നാണ്;
ഉഷ്ണകാലവും ശൈത്യകാലവും അവിടന്ന് ഉണ്ടാക്കി.
-
11 നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു
മഴക്കാലവും മാറിപ്പോയിരിക്കുന്നു.
12 മണ്ണിൽ മലരുകൾ വിരിയുന്നു;
ഗാനാലാപനകാലവും വന്നുചേർന്നിരിക്കുന്നു,
പ്രാവുകളുടെ കുറുകലും
നമ്മുടെ നാട്ടിൽ കേൾക്കുന്നു.
-
22 അത് ഒൻപതാംമാസമായിരുന്നു, രാജാവ് തന്റെ ഹേമന്തഗൃഹത്തിൽ തീ കത്തിക്കൊണ്ടിരിക്കുന്ന നെരിപ്പോട്ടിനു മുന്നിൽ ഇരിക്കുകയായിരുന്നു.
-
16 ന്യായാധിപന്റെ മുമ്പാകെ എന്നെ ആദ്യമായി ഹാജരാക്കിയപ്പോൾ ആരും എന്റെ സഹായത്തിനായി മുമ്പോട്ട് വന്നില്ല, എല്ലാവരും എന്നെ കൈയൊഴിഞ്ഞു. ഇത് അവരുടെമേൽ കുറ്റമായി ആരോപിക്കപ്പെടാതെയിരിക്കട്ടെ. 17 എന്നാൽ, കർത്താവ് എന്നോടൊപ്പംനിന്ന് എന്നെ ശക്തിപ്പെടുത്തി. അങ്ങനെ എന്നിലൂടെ വചനപ്രഘോഷം നിർവഹിക്കാനും യെഹൂദേതരർ സകലരും അതു കേൾക്കാനും കാരണമായി. അതോടെ, ഞാൻ സിംഹത്തിന്റെ വായിൽനിന്ന് മോചിതനായി. 18 കർത്താവ് എന്നെ തിന്മയുടെ എല്ലാവിധ ഉപദ്രവങ്ങളിൽനിന്നും മോചിപ്പിച്ച് സുരക്ഷിതനായി അവിടത്തെ സ്വർഗീയരാജ്യത്തിൽ എത്തിക്കും. അവിടത്തേക്ക് എന്നെന്നേക്കും മഹത്ത്വം. ആമേൻ.
19 പ്രിസ്കിലയ്ക്കും അക്വിലായ്ക്കും ഒനേസിഫൊരൊസിന്റെ കുടുംബത്തിനും അഭിവാദനങ്ങൾ.
20 എരസ്തൊസ് കൊരിന്തിൽ താമസിച്ചു. ത്രൊഫിമൊസിനെ ഞാൻ മിലേത്തോസിൽ രോഗിയായി വിട്ടിട്ട് പോന്നു. 21 ശീതകാലത്തിനുമുമ്പേ ഇവിടെ എത്താൻ നീ പരമാവധി ശ്രമിക്കണം.
യൂബൂലൊസും പൂദെസും ലീനോസും ക്ലൗദിയയും സഹോദരങ്ങൾ സകലരും നിനക്ക് അഭിവാദനങ്ങൾ അർപ്പിക്കുന്നു.
22 കർത്താവ് നിന്റെ ആത്മാവോടുകൂടെ ഉണ്ടാകുമാറാകട്ടെ. അവിടത്തെ കൃപ നിങ്ങൾ എല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.
-
1 ശബ്ബത്തിനുശേഷം, ആഴ്ചയുടെ ആദ്യദിവസം ആരംഭത്തിൽ മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറ കാണാൻ പോയി.
2 അപ്പോൾ, കർത്താവിന്റെ ഒരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതിനാൽ അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടായി. ദൈവദൂതൻ വന്ന് ആ വലിയ കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരുന്നു. 3 ആ ദൂതൻ മിന്നൽപ്പിണരിനു സദൃശനും, വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും ആയിരുന്നു. 4 കാവൽക്കാർ ദൂതനെക്കണ്ട് ഭയന്നുവിറച്ച് മരിച്ചവരെപ്പോലെയായി.
5 ദൂതൻ സ്ത്രീകളോട്, “നിങ്ങൾ പരിഭ്രമിക്കേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം. 6 യേശു ഇവിടെ ഇല്ല! അവിടന്ന് പറഞ്ഞിരുന്നതുപോലെതന്നെ, അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! യേശുവിന്റെ മൃതദേഹം വെച്ചിരുന്ന സ്ഥലം വന്നു കാണുക.
-
14 ലെബാനോനിലെ ഹിമം അതിന്റെ
പാതയിടുക്കിൽനിന്ന് മാഞ്ഞുപോകുമോ?
ദൂരെനിന്ന് ഒഴുകിവരുന്ന അതിന്റെ
തണുത്ത വെള്ളം വറ്റിപ്പോകുമോ?
-
7 സമുദ്രത്തിലെ ഭീകരജീവികളേ, ആഴിയുടെ അഗാധസ്ഥലങ്ങളേ,
ഭൂമിയിൽനിന്ന് യഹോവയെ വാഴ്ത്തുക,
8 തീയും കന്മഴയും മഞ്ഞും മേഘങ്ങളും
അവിടത്തെ ആജ്ഞ അനുസരിക്കുന്ന കൊടുങ്കാറ്റും
-
15 ഞാൻ വേനൽക്കാല വസതികളെയും
ശൈത്യകാല വസതികളെയും പൊളിച്ചുകളയും;
ദന്താലംകൃത മന്ദിരങ്ങളെയും ഞാൻ നശിപ്പിക്കും
ഞാൻ കൊട്ടാരങ്ങളെയും പൊളിച്ചുകളയും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
-
12 ആ തുറമുഖം ശീതകാലം ചെലവഴിക്കാൻ യോജിച്ചതല്ലായിരുന്നതുകൊണ്ട് വല്ലവിധത്തിലും ഫൊയ്നീക്യയിലെത്തി, ശീതകാലം അവിടെകഴിക്കാമെന്ന പ്രതീക്ഷയിൽ യാത്ര തുടരണമെന്നു ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടു. തെക്കുപടിഞ്ഞാറോട്ടും വടക്കുപടിഞ്ഞാറോട്ടും കടലിലേക്കു ദർശനമുള്ള ക്രേത്ത ദ്വീപിലെ തുറമുഖമാണു ഫൊയ്നീക.
-
15-16 എന്റെ സഹോദരന്മാർ ഇടയ്ക്കിടെ ഒഴുകുന്ന അരുവിപോലെയാണ്, അവർ ആശ്രയിക്കാൻ കൊള്ളാവുന്നവരല്ല.
ഉരുകുന്ന ഹിമത്താൽ കലങ്ങുമ്പോൾ
അലിയുന്ന മഞ്ഞിനാൽ കവിയുമ്പോൾ
കരകവിഞ്ഞൊഴുകുന്ന നീരൊഴുക്കുപോലെയാണ് അവർ;
-
20 നിങ്ങളുടെ പലായനം ശീതകാലത്തോ ശബ്ബത്തിലോ ആകരുതേ എന്നു പ്രാർഥിക്കുക. 21 കാരണം, ലോകാരംഭംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ വലിയ പീഡ ആ നാളുകളിൽ ഉണ്ടാകും.
-
2 ഇതിനുശേഷം ആറുദിവസം കഴിഞ്ഞ് യേശു പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെമാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി. അവിടെവെച്ച് അദ്ദേഹം അവരുടെമുമ്പിൽ രൂപാന്തരപ്പെട്ടു. 3 അദ്ദേഹത്തിന്റെ വസ്ത്രം ഭൂമിയിൽ ആർക്കും വെളുപ്പിക്കാൻ കഴിയുന്നതിലും അധികം വെണ്മയുള്ളതായി തിളങ്ങി. 4 ഏലിയാവും മോശയും അവർക്കു പ്രത്യക്ഷരായി, യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു.
-
22 യെഹോയാദായുടെ മകനായ ബെനായാവ് കബ്സെയേൽക്കാരനും ശൂരപരാക്രമിയും ആയ ഒരു യോദ്ധാവായിരുന്നു. അദ്ദേഹം ഉജ്ജ്വല വീരകൃത്യങ്ങൾ ചെയ്തിട്ടുണ്ട്: അദ്ദേഹം മോവാബ്യരിലെ ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കളെ അടിച്ചുവീഴ്ത്തി. മഞ്ഞുകാലത്ത് ഒരു ദിവസം അദ്ദേഹം ഒരു ഗുഹയിൽ ഇറങ്ങിച്ചെന്ന് ഒരു സിംഹത്തെ കൊന്നു.
-
1 വേനൽക്കാലത്തു മഞ്ഞും വിളവെടുപ്പിനു മഴയുംപോലെ,
ഭോഷർക്കു ബഹുമതിയും അനുയോജ്യമല്ല.
-
8 ആ ദിവസത്തിൽ ജെറുശലേമിൽനിന്നുള്ള ജീവജലം പ്രവഹിക്കും; പകുതി കിഴക്ക് ഉപ്പുകടലിലേക്കും പകുതി പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും ഒഴുകും. അതു വേനൽക്കാലത്തും ശീതകാലത്തും ഉണ്ടാകും.
-
4 അലസർ കാലോചിതമായി നിലം ഉഴുതുമറിക്കുന്നില്ല;
തന്മൂലം കൊയ്ത്തുകാലത്ത് വിളവെടുപ്പിനായി പരതും; ഒന്നുംതന്നെ ലഭിക്കുകയില്ല.
-
6 മലയിലെ ഇരപിടിയൻപക്ഷികൾക്കും വന്യമൃഗങ്ങൾക്കുംവേണ്ടി
അവ ഉപേക്ഷിക്കപ്പെടും;
കഴുകന്മാർ അവകൊണ്ട് വേനൽക്കാലംമുഴുവനും,
വന്യമൃഗങ്ങൾ ശീതകാലംമുഴുവനും ഉപജീവിക്കും.
-
12 ഞാൻ അർത്തേമാസിനെയോ തിഹിക്കൊസിനെയോ നിന്റെ അടുത്തേക്കയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്ന് എന്നെ കാണാൻ പരമാവധി പരിശ്രമിക്കുക. ശീതകാലത്ത് അവിടെ താമസിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു,
-
18 നിങ്ങളുടെ പലായനം ശീതകാലത്ത് ആകരുതേ എന്നു പ്രാർഥിക്കുക.
-
9 എന്റെ അടുത്ത് കഴിയുന്നത്ര വേഗം എത്താൻ ഉത്സാഹിക്കുക. 10 എന്തുകൊണ്ടെന്നാൽ, ദേമാസ് ഈ ലോകജീവിതസൗകര്യങ്ങളെ സ്നേഹിച്ച് എന്നെ ഉപേക്ഷിച്ച് തെസ്സലോനിക്യയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യയ്ക്കും തീത്തോസ് ദൽമാത്യയ്ക്കും പൊയ്ക്കഴിഞ്ഞു. 11 ലൂക്കോസുമാത്രമാണ് എന്നോടുകൂടെയുള്ളത്. മർക്കോസിനെ നീ കൂട്ടിക്കൊണ്ടുവരിക; അയാൾ എന്റെ ശുശ്രൂഷയിൽ എനിക്കു പ്രയോജനമുള്ളവനാണ്. 12 തിഹിക്കൊസിനെ ഞാൻ എഫേസോസിലേക്ക് അയച്ചിരിക്കുകയാണ്. 13 നീ വരുമ്പോൾ, ത്രോവാസിൽ കാർപ്പൊസിന്റെ അടുക്കൽ ഞാൻ വെച്ചിട്ടുപോന്ന പുറംകുപ്പായവും പുസ്തകങ്ങളും വിശേഷാൽ ചർമലിഖിതങ്ങളും കൊണ്ടുവരണം.
-
11 മൂന്നുമാസത്തിനുശേഷം, ആ ദ്വീപിൽ ശീതകാലം കഴിയുന്നതുവരെ നങ്കൂരമടിച്ചു കിടന്നിരുന്ന അശ്വനിചിഹ്നമുള്ള ഒരു അലെക്സന്ത്രിയൻ കപ്പലിൽ ഞങ്ങൾ കയറി യാത്രപുറപ്പെട്ടു.
Shows Read in context, Share and Copy.