78 Bible Verses About Helping the Poor and Needy

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Helping the Poor and Needy
  1. 31 ദരിദ്രരെ പീഡിപ്പിക്കുന്നവർ അവരുടെ സ്രഷ്ടാവിനെ അവഹേളിക്കുന്നു,

    അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നവർ അവിടത്തെ ബഹുമാനിക്കുന്നു.

  2. 17 ദരിദ്രരോടു ദയകാണിക്കുന്നവർ യഹോവയ്ക്കു വായ്പകൊടുക്കുന്നു,

    അവരുടെ പ്രവൃത്തികൾക്ക് അവിടന്ന് പ്രതിഫലംനൽകും.

  3. 34 “പിന്നെ രാജാവു തന്റെ വലതുഭാഗത്തുള്ളവരോട് ഇപ്രകാരം അരുളിച്ചെയ്യും, ‘എന്റെ പിതാവിന്റെ അനുഗ്രഹത്തിന് യോഗ്യരായവരേ, വരിക; ലോകസൃഷ്ടിക്കുമുമ്പേ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമാക്കുക. 35 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു; ഞാൻ ഒരു അപരിചിതനായിരുന്നു, എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു; 36 ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു; ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.’

    37 “അപ്പോൾ നീതിനിഷ്ഠർ അവിടത്തോട്: ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശപ്പുള്ളവനായി കണ്ടിട്ട് ഞങ്ങൾ അങ്ങേക്ക് ആഹാരം തന്നത്? ദാഹിക്കുന്നവനായി കണ്ടിട്ട് കുടിക്കാൻ തന്നത്? 38 ഒരു അപരിചിതനായിക്കണ്ടിട്ട് ഞങ്ങൾ അങ്ങയെ സ്വീകരിക്കുകയോ നഗ്നനായിരിക്കെ വസ്ത്രം ധരിപ്പിക്കുകയോ ചെയ്തത് എപ്പോഴാണ്? 39 രോഗിയായോ തടവുകാരനായോ കണ്ടിട്ട് എപ്പോഴാണ് ഞങ്ങൾ അങ്ങയെ സന്ദർശിച്ചത്?’ എന്നു ചോദിക്കും.

    40 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കുവേണ്ടി നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടി ചെയ്തതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’

    41 “തുടർന്ന് രാജാവ് തന്റെ ഇടതുഭാഗത്തുള്ളവരോടു കൽപ്പിക്കും: ‘കടന്നുപോകുക ശാപഗ്രസ്തരേ, പിശാചിനും അയാളുടെ കിങ്കരന്മാർക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുക. 42 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നില്ല; എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നില്ല; 43 ഞാൻ ഒരു അപരിചിതനായിരുന്നു, നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചില്ല; ഞാൻ രോഗഗ്രസ്തനായിരുന്നു, കാരാഗൃഹത്തിലുമായിരുന്നു; നിങ്ങൾ എന്നെ പരിചരിച്ചില്ല.’

    44 “അപ്പോൾ അവരും അവിടത്തോട്, ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശക്കുന്നവനോ ദാഹിക്കുന്നവനോ സഞ്ചാരിയോ നഗ്നനോ രോഗിയോ തടവുകാരനോ ആയി കണ്ടിട്ട് ഞങ്ങൾ അങ്ങയെ സഹായിക്കാതിരുന്നത്?’ എന്നു ചോദിക്കും.

    45 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കെങ്കിലുംവേണ്ടി നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കുവേണ്ടി ചെയ്യാതിരുന്നതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’

    46 “പിന്നെ അവർ നിത്യശിക്ഷയിലേക്കും നീതിനിഷ്ഠർ നിത്യജീവനിലേക്കും പോകും.”

  4. 12 പിന്നെ യേശു തന്റെ ആതിഥേയനോടു പറഞ്ഞത്: “നീ ഒരു ഉച്ചഭക്ഷണമോ അത്താഴമോ വിരുന്നായി നൽകുമ്പോൾ നിന്റെ സ്നേഹിതരെയോ സഹോദരങ്ങളെയോ ബന്ധുക്കളെയോ ധനികരായ അയൽക്കാരെയോ ക്ഷണിക്കരുത്; ക്ഷണിച്ചാൽ അവർ തിരിച്ചു നിന്നെയും ക്ഷണിക്കും, അതായിരിക്കും നിനക്കു ലഭിക്കുന്ന ഏകപ്രതിഫലം. 13 എന്നാൽ, നീ ഒരു വിരുന്നു നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, അന്ധർ എന്നിങ്ങനെയുള്ളവരെ ക്ഷണിക്കുക; 14 അങ്ങനെയെങ്കിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ കടം വീട്ടാൻ അവർക്കു കഴിവില്ലെങ്കിലും നീതിനിഷ്ഠരുടെ പുനരുത്ഥാനത്തിൽ ദൈവത്തിൽനിന്ന് നിനക്ക് പ്രതിഫലം ലഭിക്കും.”

  5. 9 “ ‘നിങ്ങൾ നിങ്ങളുടെ വയലിലെ വിള കൊയ്യുമ്പോൾ നിങ്ങളുടെ വയലിന്റെ അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. 10 നിങ്ങളുടെ മുന്തിരിത്തോപ്പിൽ വീണ്ടും പോകുകയോ വീണുപോയ മുന്തിരി പെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും പ്രവാസിക്കുമായി വിട്ടേക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

  6. 9 ഉദാരമനസ്കരായവർ അനുഗൃഹീതർ,

    കാരണം അവർ തങ്ങളുടെ ഭക്ഷണം ദരിദ്രരുമായി പങ്കിടുന്നു.

  7. 16 ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്. 17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?

    18 കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്. 19 ഇങ്ങനെ നാം സത്യത്തിൽനിന്നുള്ളവരെന്ന് അറിയുകയും തിരുസന്നിധിയിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ സാധിക്കുകയും ചെയ്യും.

  8. 9 സഭയിലെ അംഗീകൃത നേതൃത്വനിരയിലുള്ള യാക്കോബും പത്രോസും യോഹന്നാനും, എനിക്കു നൽകപ്പെട്ട കൃപയെക്കുറിച്ച് ബോധ്യം വന്നതിനാൽ, ബർന്നബാസിനും എനിക്കും കൂട്ടായ്മയുടെ വലതുകരം തന്നു. ഞങ്ങൾ യെഹൂദേതരരുടെ മധ്യത്തിലേക്കും അവർ യെഹൂദരുടെ മധ്യത്തിലേക്കും പോകാൻ തീരുമാനമെടുത്തു. 10 ദരിദ്രരെ ഓർത്തുകൊള്ളണം എന്നുമാത്രമാണ് അവർ ഞങ്ങളോട് ആവശ്യപ്പെട്ടത്. ഇതു ചെയ്യാൻ ഞാൻ ഉത്സുകനും ആയിരുന്നു.

  9. 13 ദരിദ്രരുടെ നിലവിളിക്കുനേരേ ചെവിയടച്ചുകളയുന്നവരുടെ

    രോദനത്തിനും ഉത്തരം ലഭിക്കുകയില്ല.

  10. 27 ദരിദ്രർക്കു ദാനം നൽകുന്നവർക്കു യാതൊരുവിധ ദൗർലഭ്യവും ഉണ്ടാകുന്നില്ല,

    എന്നാൽ അവർക്കുനേരേ കണ്ണടയ്ക്കുന്നവർക്ക് ശാപവർഷം അനവധിയായി ഉണ്ടാകും.

  11. 35 “ ‘നിങ്ങളുടെ ദേശവാസികളിലൊരാൾ ദരിദ്രനായിരിക്കുകയും നിങ്ങളുടെയിടയിൽ സ്വയം ഉപജീവനത്തിനു കഴിവില്ലാതിരിക്കുകയും ചെയ്താൽ ആ മനുഷ്യനു നിങ്ങളുടെ ഇടയിൽ തുടർന്നു ജീവിക്കത്തക്കവിധം, ഒരു അന്യനെയോ പ്രവാസിയെയോ സഹായിക്കുന്നതുപോലെ അയാളെ സഹായിക്കണം. 36 നിങ്ങളുടെ ദേശവാസി നിങ്ങളുടെ ഇടയിൽ തുടർന്നു ജീവിക്കാൻ കഴിയേണ്ടതിന് അയാളിൽനിന്ന് യാതൊരുവിധ പലിശയോ ലാഭമോ വാങ്ങരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. 37 നിങ്ങൾ അവനു പണം പലിശയ്ക്കു കൊടുക്കുകയോ ലാഭത്തിന് ആഹാരം വിൽക്കുകയോ ചെയ്യരുത്. 38 ഈ കനാൻദേശം നിങ്ങൾക്കു തരികയും നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

    39 “ ‘നിങ്ങളുടെ ദേശവാസികളിലൊരാൾ നിങ്ങളുടെ ഇടയിൽ ദരിദ്രനായിത്തീരുകയും സ്വയം നിങ്ങൾക്കു വിൽക്കുകയുംചെയ്താൽ ഒരു അടിമയെപ്പോലെ ആ മനുഷ്യനെക്കൊണ്ടു പണിയെടുപ്പിക്കരുത്. 40 ഒരു കൂലിക്കാരനെപ്പോലെയോ താൽക്കാലികമായി വന്നു നിങ്ങൾക്കിടയിൽ താമസിക്കുന്നവനെപ്പോലെയോ അയാളോടു പെരുമാറണം; അയാൾ അൻപതാംവാർഷികോത്സവംവരെ നിങ്ങൾക്കു പണിയെടുക്കണം. 41 പിന്നെ അയാളെയും കുഞ്ഞുങ്ങളെയും സ്വതന്ത്രരായി വിടണം, അയാൾക്കു തന്റെ ഗോത്രത്തിലേക്കും തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കും മടങ്ങിപ്പോകാം. 42 ഇസ്രായേല്യരെല്ലാം എന്റെ സേവകരാണ്; അവരെ ഞാൻ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്നു; അതുകൊണ്ട് അവരെ അടിമകളായി വിൽക്കരുത്.

  12. 21 ഒരാൾ തന്റെ അയൽവാസിയെ നിന്ദിക്കുന്നത് പാപമാണ്,

    ആവശ്യക്കാരോട് ദയാവായ്പു കാട്ടുന്നവർ അനുഗൃഹീതർ.

  13. 8 സ്വയം ശബ്ദമുയർത്താൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുക,

    അനാഥരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിത്തന്നെ.

    9 ശബ്ദമുയർത്തുക, നീതിയുക്തമായ തീർപ്പുകൾ പുറപ്പെടുവിക്കുക;

    ദരിദ്രരുടെയും അഗതികളുടെയും അവകാശങ്ങൾക്കായി നിലകൊള്ളുക.

  14. 7 തന്നിൽനിന്ന് സ്നാനം സ്വീകരിക്കാൻ വന്ന ജനസഞ്ചയത്തോട് യോഹന്നാൻ വിളിച്ചുപറഞ്ഞു, “അണലിക്കുഞ്ഞുങ്ങളേ! വരാൻപോകുന്ന ക്രോധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്? 8 മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക. ‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. കാരണം ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും. 9 ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.”

    10 അപ്പോൾ ജനമെല്ലാം ഏകസ്വരത്തിൽ, “ഞങ്ങൾ എന്താണു ചെയ്യേണ്ടത്?” എന്നു ചോദിച്ചു.

    11 അതിനു യോഹന്നാൻ, “രണ്ട് ഉടുപ്പുള്ളയാൾ ഉടുപ്പൊന്നും ഇല്ലാത്തയാൾക്ക് ഒരുടുപ്പ് കൊടുക്കട്ടെ; ഭക്ഷണമുള്ള വ്യക്തിയും അങ്ങനെതന്നെ ചെയ്യട്ടെ” എന്ന് ഉത്തരം പറഞ്ഞു.

  15. 32 “ചെറിയ ആട്ടിൻപറ്റമേ, ഭീതിവേണ്ട, നിങ്ങൾക്ക് അവിടത്തെ രാജ്യഭാരം നൽകാൻ നിങ്ങളുടെ പിതാവിന് പ്രസാദമായിരിക്കുന്നു. 33 നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല. 34 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.

  16. 16 അപ്പോൾ ഒരാൾ യേശുവിനെ സമീപിച്ച്, “ഗുരോ, എന്ത് സൽക്കർമം ചെയ്താലാണ് നിത്യജീവൻ അവകാശമാക്കാൻ എനിക്കു കഴിയുന്നത്?” എന്നു ചോദിച്ചു.

    17 യേശു അതിന്, “നല്ല കർമം എന്തെന്ന് എന്നോടു ചോദിക്കുന്നതെന്ത്? നല്ലവൻ ഒരുവൻമാത്രമേ ഉള്ളൂ. നിത്യജീവനിൽ പ്രവേശിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ കൽപ്പനകൾ അനുസരിക്കുക” എന്ന് ഉത്തരം പറഞ്ഞു.

    18 “ആ കൽപ്പനകൾ ഏതെല്ലാം?” അയാൾ ചോദിച്ചു.

    “ ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, 19 നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ അയൽവാസിയെയും സ്നേഹിക്കുക’ എന്നിത്യാദിയാണ്,” എന്ന് യേശു ഉത്തരം പറഞ്ഞു.

    20 ആ യുവാവ്, “ഞാൻ ഇവയെല്ലാം പാലിക്കുന്നുണ്ട്” എന്നു മറുപടി പറഞ്ഞു. “ഇതിലധികമായി ഞാൻ എന്താണ് ചെയ്യേണ്ടത്?” അയാൾ ആരാഞ്ഞു.

    21 യേശു അയാളോട്, “സദ്ഗുണങ്ങളാൽ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുള്ള സ്വത്ത് സർവവും വിറ്റ് ആ പണം ദരിദ്രർക്ക് കൊടുക്കുക, എങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു.

    22 വളരെ വസ്തുവകകൾ ഉണ്ടായിരുന്ന ആ യുവാവ് ഈ വാക്കുകേട്ട് ദുഃഖിതനായി അവിടെനിന്ന് പോയി.

    23 അപ്പോൾ യേശു തന്റെ ശിഷ്യന്മാരോട്, “ധനികർ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. 24 ഞാൻ വീണ്ടും പറയട്ടെ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.”

    25 ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ആശ്ചര്യപ്പെട്ടു, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.

    26 യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് സകലതും സാധ്യമാണ്” എന്നു പറഞ്ഞു.

    27 അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചല്ലോ; ഞങ്ങൾക്ക് എന്താണു ലഭിക്കുക?” എന്ന് യേശുവിനോട് ചോദിച്ചു.

    28 യേശു അവരോടു പറഞ്ഞത്, “പുതിയ യുഗത്തിൽ, മനുഷ്യപുത്രൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ, പന്ത്രണ്ട് സിംഹാസനങ്ങളിൽ ഇരുന്ന്, ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. 29 എന്നെപ്രതി വീടുകൾ, സഹോദരന്മാർ, സഹോദരിമാർ, പിതാവ്, മാതാവ്, ഭാര്യ, മക്കൾ, പുരയിടങ്ങൾ എന്നിവ ത്യജിച്ച ഓരോ വ്യക്തിക്കും അവ നൂറുമടങ്ങു തിരികെ ലഭിക്കും. എന്നുമാത്രമല്ല, അവർ നിത്യജീവന് അവകാശികളാകുകയും ചെയ്യും. 30 എന്നാൽ ഇന്ന് അഗ്രഗാമികളായിരിക്കുന്ന പലരും അന്ന് ഏറ്റവും പിന്നിലുള്ളവരും ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളുമായിത്തീരും.

  17. 1 തേജോമയനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച എന്റെ സഹോദരങ്ങളേ, നിങ്ങൾ പക്ഷഭേദപരമായി പെരുമാറരുത്. 2 നിങ്ങളുടെ സഭയിൽ സ്വർണമോതിരമണിഞ്ഞും പകിട്ടേറിയ വസ്ത്രംധരിച്ചും ഒരാളും മുഷിഞ്ഞവേഷംമാത്രം ധരിച്ച ഒരു ദരിദ്രനും വരുന്നു എന്നിരിക്കട്ടെ. 3 വിശിഷ്ടവസ്ത്രം ധരിച്ചയാൾക്കു നിങ്ങൾ പ്രത്യേകപരിഗണന നൽകിക്കൊണ്ട്, “ഈ ആദരണീയമായ ഇരിപ്പിടത്തിൽ ഇരുന്നാലും” എന്നു പറയുകയും ദരിദ്രനോട്, “നീ അവിടെ മാറിനിൽക്കൂ” എന്നോ “എന്റെ കാൽക്കൽ ഇരിക്കൂ” എന്നോ പറയുകയും ചെയ്യുന്നെങ്കിൽ, 4 നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾ പക്ഷപാതപരമായി പ്രവർത്തിക്കുകയും ദുഷ്ടലാക്കോടെ വിവേചനം കാണിക്കുകയുമല്ലേ ചെയ്യുന്നത്?

    5 എന്റെ പ്രിയസഹോദരങ്ങളേ, ശ്രദ്ധിക്കുക: ദൈവം ഈ ലോകത്തിലെ ദരിദ്രരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിട്ടുള്ള രാജ്യത്തിന്റെ അവകാശികളുമായി തെരഞ്ഞെടുത്തില്ലയോ? 6 നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. ധനികരല്ലേ നിങ്ങളെ ചൂഷണംചെയ്യുകയും കോടതികളിലേക്കു വലിച്ചിഴയ്ക്കുകയുംചെയ്യുന്നത്? 7 നിങ്ങളെ വിളിച്ച കർത്താവിന്റെ മഹനീയനാമത്തെ ദുഷിക്കുന്നതും അവരല്ലേ?

    8 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം” എന്ന തിരുവെഴുത്ത് അനുശാസിക്കുന്ന, രാജകീയ നിയമം പാലിക്കുന്നെങ്കിൽ നിങ്ങൾ ഉത്തമമായതു പ്രവർത്തിക്കുന്നു. 9 പക്ഷഭേദം കാണിക്കുന്നെങ്കിലോ പാപംചെയ്യുന്നു; അങ്ങനെ ന്യായപ്രമാണമനുസരിച്ച് നിങ്ങൾ കുറ്റവാളികളായി വിധിക്കപ്പെടുന്നു.

  18. 1 “നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല.

    2 “അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 3 നിങ്ങളുടെ വലങ്കൈ ചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും. 4 നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലംനൽകും.

  19. 26 ഒരാൾ സ്വയം ഭക്തിയുള്ളയാൾ എന്നു വിചാരിക്കുകയും സ്വന്തം നാവിനെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാതെ തന്നെത്തന്നെ വഞ്ചിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളുടെ ഭക്തി നിരർഥകമാണ്. 27 അനാഥരെയും വിധവകളെയും അവരുടെ കഷ്ടതകളിൽ സഹായിക്കുന്നതും അതേസമയം ലോകത്തിന്റെ മാലിന്യം പുരളാതെ സ്വയം സൂക്ഷിക്കുന്നതുമാണ്, പിതാവായ ദൈവത്തിന്റെ ദൃഷ്ടിയിൽ വിശുദ്ധവും നിർമലവുമായ ഭക്തി.

  20. 7 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ഏതെങ്കിലും നഗരത്തിൽ നിങ്ങളുടെ ഇടയിൽ ഒരു ദരിദ്രൻ ഉണ്ടെങ്കിൽ ആ ദരിദ്രസഹോദരനുനേരേ നിന്റെ ഹൃദയം കഠിനമാക്കുകയോ നീ ലുബ്ധനായിരിക്കുകയോ ചെയ്യരുത്. 8 പിന്നെയോ, അവന്റെ ആവശ്യം എന്തായാലും നീ കൈതുറന്ന് അവർക്കു വായ്പ നൽകണം. 9 “കടങ്ങൾക്ക് ഇളവുനൽകുന്ന വർഷമായ ഏഴാംവർഷം അടുത്തിരിക്കുന്നു,” എന്ന കപടവിചാരം നിന്റെ ഹൃദയത്തിലുണ്ടായിട്ട് ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളോടു ദയ കാണിക്കാതെയും അവർക്ക് ഒന്നും നൽകാതെയുമിരിക്കരുത്. അവർ നിനക്കു വിരോധമായി യഹോവയോട് അപേക്ഷിക്കും; അതിൽ നീ കുറ്റക്കാരനായിത്തീരും. 10 നീ അവർക്ക് ഔദാര്യമായി നൽകണം, ഹൃദയത്തിൽ വെറുപ്പോടെ കൊടുക്കരുത്. ഇതുനിമിത്തം നിന്റെ എല്ലാ പ്രവൃത്തികളിലും പ്രയത്നങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും. 11 ദരിദ്രർ ദേശത്ത് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ട് നിന്റെ ദേശത്ത് ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരുമായ സഹയിസ്രായേല്യരെ കൈതുറന്നു സഹായിക്കണമെന്ന് ഞാൻ നിന്നോടു കൽപ്പിക്കുന്നു.

    12 നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ സ്ത്രീയോ തന്നെത്താൻ നിനക്കു വിൽക്കുകയും ആറുവർഷം നിന്നെ സേവിക്കുകയും ചെയ്താൽ ഏഴാംവർഷം അവരെ നീ സ്വതന്ത്രരായി വിട്ടയയ്ക്കണം. 13 അവരെ സ്വതന്ത്രരാക്കുമ്പോൾ വെറുംകൈയോടെ അയയ്ക്കരുത്. 14 നീ നിന്റെ ആട്ടിൻപറ്റത്തിൽനിന്നും മെതിനിലത്തുനിന്നും മുന്തിരിച്ചക്കിൽനിന്നും ഉദാരമായി അവർക്കു ദാനംചെയ്യണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന് ഒത്തവിധം നീ അവർക്കു നൽകണം. 15 ഈജിപ്റ്റിൽ നിങ്ങൾ അടിമകളായിരുന്നു എന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇന്നു ഞാൻ ഈ വിധം നിങ്ങൾക്കു കൽപ്പന നൽകുന്നത്.

  21. 4 നിങ്ങളുടെ ഉപവാസം അവസാനിക്കുന്നത്, കലഹവും വാഗ്വാദവും

    ക്രൂരമുഷ്ടികൊണ്ടുള്ള ഇടിയുംകൊണ്ടാണ്.

    ഇങ്ങനെയുള്ളതാണ് നിങ്ങളുടെ ഉപവാസമെങ്കിൽ

    നിങ്ങളുടെ പ്രാർഥന സ്വർഗത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുകയേ വേണ്ട.

    5 ഇത്തരമൊരു ഉപവാസമാണോ ഞാൻ തെരഞ്ഞെടുത്തത്?

    ജനം അനുതാപത്തിന്റെ ചടങ്ങുകൾമാത്രം നടത്തുന്ന ദിവസമോ ഉപവാസം?

    ഒരു ഞാങ്ങണച്ചെടിപോലെ തല കുനിച്ച്

    ചാക്കുശീലയും ചാരവും വിതറി കിടക്കുകമാത്രമോ?

    ഇതിനെയോ നിങ്ങൾ ഉപവാസമെന്നും

    യഹോവയ്ക്കു സ്വീകാര്യമായ ദിവസമെന്നും പറയുന്നത്?

    6 “അല്ല, ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്—

    അനീതിയുടെ ചങ്ങലകൾ അഴിച്ചുകളയുക,

    നുകത്തിന്റെ ബന്ധനപാശങ്ങൾ അഴിക്കുക,

    പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക,

    എല്ലാ നുകവും തകർത്തുകളയുക,

    7 വിശക്കുന്നവനു നിന്റെ അപ്പം ഭാഗിച്ചുകൊടുക്കുക,

    അലഞ്ഞുതിരിയുന്ന ദരിദ്രരെ നിന്റെ വീട്ടിൽ കൈക്കൊള്ളുക—

    നഗ്നരെ കണ്ടാൽ അവരെ വസ്ത്രം ധരിപ്പിക്കുക,

    നിന്റെ മാംസരക്തങ്ങളായവരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക, ഇതല്ലേ ഞാൻ പ്രിയപ്പെടുന്ന ഉപവാസം?

    8 അപ്പോൾ നിന്റെ പ്രകാശം പ്രഭാതംപോലെ പൊട്ടിവിരിയും,

    നിന്റെ പുനഃസ്ഥാപനം വളരെവേഗം വന്നുചേരും;

    അങ്ങനെ നിന്റെ നീതി നിനക്കു മുമ്പിൽ നടക്കുകയും

    യഹോവയുടെ മഹത്ത്വം നിനക്കു പിന്നിൽ കാവലായിരിക്കുകയും ചെയ്യും.

    9 അപ്പോൾ നീ വിളിക്കും, യഹോവ ഉത്തരമരുളും;

    നീ സഹായത്തിനായി നിലവിളിക്കും; ഇതാ ഞാൻ, എന്ന് അവിടന്നു മറുപടി പറയും.

    “മർദനത്തിന്റെ നുകവും ആരോപണത്തിന്റെ വിരലും

    ഏഷണിപറയുന്നതും നിങ്ങൾ ഉപേക്ഷിച്ചാൽ,

    10 വിശക്കുന്നവർക്കായി നിന്നെത്തന്നെ വ്യയംചെയ്യുകയും

    മർദിതരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുകയും ചെയ്യുമെങ്കിൽ,

    നിങ്ങളുടെ വെളിച്ചം ഇരുട്ടിൽ ഉദിക്കുകയും

    നിങ്ങളുടെ രാത്രി മധ്യാഹ്നംപോലെ ആകുകയും ചെയ്യും.

    11 യഹോവ നിന്നെ നിരന്തരം വഴിനടത്തും;

    വരൾച്ചയുള്ള ദേശത്ത് അവിടന്നു നിന്റെ പ്രാണനു തൃപ്തിവരുത്തുകയും

    നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും.

    നീ മതിയായി വെള്ളംകിട്ടിയ തോട്ടംപോലെയും

    വെള്ളം നിന്നുപോകാത്ത നീരുറവുപോലെയും ആകും.

  22. 42 നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്ന വ്യക്തിക്ക് അതു നൽകുക; വായ്പവാങ്ങാൻ ഇച്ഛിക്കുന്ന വ്യക്തിയിൽനിന്ന് ഒഴിഞ്ഞുമാറരുത്.

  23. 35 ഇങ്ങനെയുള്ള കഠിനാധ്വാനംകൊണ്ടു നാം അശരണരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നിരിക്കുന്നു. ‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിലാണ് അനുഗ്രഹം,’ എന്നുള്ള കർത്താവായ യേശുവിന്റെ വാക്കുകൾ ഓർക്കുക.”

  24. 9 നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും നിങ്ങൾക്കുവേണ്ടി ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നല്ലോ. അവിടത്തെ ദാരിദ്ര്യത്തിലൂടെ നിങ്ങൾ സമ്പന്നരായിത്തീരേണ്ടതിനാണ് അവിടന്ന് അപ്രകാരം പ്രവർത്തിച്ചത്.

  25. 14 എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്ന് അവകാശപ്പെടുകയും അതിനനുസൃതമായ പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? ആ വിശ്വാസം അയാളെ രക്ഷിക്കുമോ? 15 ഒരു സഹോദരനോ സഹോദരിക്കോ വസ്ത്രം ധരിക്കാനില്ലാതെയും പ്രതിദിന ആഹാരത്തിനുള്ള മാർഗം ഇല്ലാതെയും ഇരുന്നാൽ 16 നിങ്ങളിൽ ഒരാൾചെന്ന് അയാളോട്: “വീട്ടിൽപോയി തീകായുകയും മൃഷ്ടാന്നഭോജനം കഴിക്കുകയുംചെയ്ത് സ്വസ്ഥമായിരിക്കൂ” എന്നു പറയുന്നതല്ലാതെ, അയാളുടെ സംരക്ഷണത്തിനു വേണ്ടതൊന്നും ചെയ്യുന്നില്ലെങ്കിൽ എന്തു പ്രയോജനം? 17 ഇപ്രകാരമാണ് പ്രവൃത്തിയില്ലാത്ത വിശ്വാസം സ്വയം നിർജീവമായിരിക്കുന്നത്.

  26. 7 നീതിനിഷ്ഠർ ദരിദ്രർക്ക് നീതി ലഭ്യമാക്കുന്നതിൽ ബദ്ധശ്രദ്ധരാണ്,

    എന്നാൽ ദുഷ്ടർക്ക് അത്തരം ചിന്തയൊന്നുമില്ല.

  27. 1 ഓരോ ഏഴാംവർഷത്തിന്റെയും അവസാനം നീ കടങ്ങൾക്ക് ഇളവുനൽകണം. 2 അതു നടപ്പിലാക്കേണ്ടത് ഇപ്രകാരമാണ്: വായ്പ നൽകിയ ഓരോ വ്യക്തിയും തന്റെ സഹയിസ്രായേല്യന് നൽകിയ വായ്പ ഇളവുചെയ്യണം. യഹോവയുടെ വിമോചനം പ്രഖ്യാപിച്ചതുകൊണ്ട് സ്വന്തം ജനത്തിലുള്ളവർക്ക് വായ്പ നൽകിയവർ അത് അവരോട് ആവശ്യപ്പെടരുത്. 3 പ്രവാസിയോട് നിനക്കത് ആവശ്യപ്പെടാം. എന്നാൽ നിന്റെ സഹയിസ്രായേല്യർ തരാനുള്ളത് ഇളവുചെയ്യണം. 4-5 നിന്റെ ദൈവമായ യഹോവയുടെ വചനം നീ ശ്രദ്ധിച്ചു കേൾക്കുകയും ഇന്നു ഞാൻ നിങ്ങൾക്കു നൽകുന്ന കൽപ്പനകളെല്ലാം അനുസരിച്ചു ജീവിക്കുകയും ചെയ്താൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്ത് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും, അങ്ങനെ നിങ്ങളുടെ ഇടയിൽ ദരിദ്രർ ഉണ്ടാകുകയില്ല.

  28. 28 ഓരോ മൂന്നാംവർഷത്തിന്റെയും അവസാനം ആ വർഷത്തെ വിളവിന്റെ ദശാംശമെല്ലാം നിന്റെ നഗരങ്ങളിൽ ശേഖരിക്കണം. 29 നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ പ്രവൃത്തികളെയെല്ലാം അനുഗ്രഹിക്കേണ്ടതിന് നിന്റെ നഗരങ്ങളിലുള്ള ലേവ്യരും—അവർക്ക് അവരുടേതായ ഓഹരിയും അവകാശവും ഇല്ലല്ലോ—പ്രവാസികളും അനാഥനും വിധവയും വന്നു ഭക്ഷിച്ചു തൃപ്തരാകണം.

  29. 3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്. 4 നാം ഓരോരുത്തർക്കും ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്; എന്നാൽ എല്ലാ അവയവങ്ങൾക്കും പ്രവർത്തനം ഒന്നുതന്നെ അല്ല. 5 അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും. 6 ഇപ്രകാരം ദൈവകൃപയ്ക്കനുസൃതമായി നമുക്കു ലഭിച്ചിരിക്കുന്ന കൃപാദാനങ്ങളും വിവിധങ്ങളാണ്: പ്രവചിക്കാനുള്ള ദാനമെങ്കിൽ അതു വിശ്വാസത്തിന് ആനുപാതികമായിരിക്കട്ടെ. 7 ശുശ്രൂഷിക്കുന്നതിനുള്ള ദാനമെങ്കിൽ ശുശ്രൂഷിക്കുകയും ഉപദേശിക്കുന്നതിനുള്ള ദാനമെങ്കിൽ ഉപദേശിക്കുകയുംചെയ്യട്ടെ. 8 മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അയാൾ ആശ്വസിപ്പിക്കട്ടെ; ദാനം ചെയ്യുന്നതിനാണ് അതെങ്കിൽ അത് ഉദാരതയോടെ ചെയ്യട്ടെ; നയിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അത് ഗൗരവത്തോടെ നിർവഹിക്കട്ടെ; കരുണ കാണിക്കുന്നതിനുള്ള ദാനമാണെങ്കിൽ അത് ആനന്ദത്തോടെ ചെയ്യട്ടെ.

    9 സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക. 10 സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക. 11 ഉത്സാഹത്തിൽ കുറവുവരാതെ ആത്മതീക്ഷ്ണതയുള്ളവരായി കർത്താവിനെ സേവിക്കുക. 12 പ്രത്യാശയിൽ ആനന്ദിക്കുക; ക്ഷമയോടെ കഷ്ടത സഹിക്കുക; നിരന്തരം പ്രാർഥിക്കുക. 13 സഹവിശ്വാസികളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും അതിഥിസൽക്കാര പ്രിയരായിരിക്കുകയുംചെയ്യുക.

  30. 21 “വിദേശിയോടു മോശമായി പെരുമാറുകയോ അവരെ പീഡിപ്പിക്കുകയോ അരുത്; ഈജിപ്റ്റിൽ നിങ്ങളും പ്രവാസികൾ ആയിരുന്നല്ലോ.

    22 “വിധവയെയോ അനാഥരെയോ പീഡിപ്പിക്കരുത്. 23 നീ പീഡിപ്പിച്ചിട്ട് അവർ എന്നോടു നിലവിളിച്ചാൽ ഞാൻ നിശ്ചയമായും അവരുടെ നിലവിളി കേൾക്കും; 24 എന്റെ ക്രോധം ജ്വലിച്ചിട്ട് ഞാൻ നിന്നെ വാളാൽ കൊന്നുകളയും; നിങ്ങളുടെ ഭാര്യമാർ വിധവകളും നിങ്ങളുടെ കുഞ്ഞുങ്ങൾ അനാഥരും ആയിത്തീരും.

    25 “നിങ്ങളുടെ ഇടയിലുള്ള എന്റെ ജനത്തിൽ ദരിദ്രനായ ഒരു മനുഷ്യനു പണം വായ്പ കൊടുക്കുന്നെങ്കിൽ പണവ്യാപാരിയെപ്പോലെ പെരുമാറരുത്; ആ വ്യക്തിയിൽനിന്ന് പലിശ ഈടാക്കരുത്. 26 അയൽവാസിയുടെ പുറങ്കുപ്പായം പണയമായി വാങ്ങിയാൽ, സന്ധ്യയാകുമ്പോൾ അത് അയാൾക്കു തിരിച്ചുകൊടുക്കണം. 27 ആ പുറങ്കുപ്പായംമാത്രമാണ് ആ മനുഷ്യന്റെ ശരീരത്തിനുള്ള ഏക ആവരണം. അയാൾക്കു പുതച്ചുകൊണ്ട് ഉറങ്ങാൻ മറ്റെന്താണുള്ളത്? ആ അയൽവാസി എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ അനുകമ്പയുള്ളവനല്ലോ.

  31. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ;

    അനർഥകാലത്ത് യഹോവ അവരെ വിടുവിക്കും

    2 യഹോവ അവരെ സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യും—

    അവർ ദേശത്ത് അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിലാകും—

    അവരുടെ ശത്രുക്കളുടെ ഇംഗിതത്തിനവരെ ഏൽപ്പിച്ചുകൊടുക്കുകയില്ല.

    3 അവരുടെ രോഗക്കിടക്കയിൽ യഹോവ അവരെ പരിചരിക്കും

    അവരുടെ രോഗത്തിൽനിന്ന് അവിടന്ന് അവർക്കു സൗഖ്യംനൽകും.

  32. 12 യഹോവ പീഡിതർക്ക് ന്യായവും

    അഗതികൾക്ക് നീതിയും പരിപാലിക്കുമെന്ന് ഞാൻ അറിയുന്നു.

  33. 38 കൊടുക്കുക; എന്നാൽ നിങ്ങൾക്കു ലഭിക്കും; അളവുപാത്രത്തിൽ അമർത്തിക്കുലുക്കി പുറത്തേക്കു കവിയുന്ന അളവിൽ നിങ്ങളുടെ മടിയിൽ പ്രതിഫലം ലഭിക്കും. നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.”

  34. 6 അൽപ്പം വിതയ്ക്കുന്നവൻ അൽപ്പം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും എന്ന് ഓർക്കുക. 7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. വൈമനസ്യത്തോടെയോ നിർബന്ധത്താലോ ആകരുത്. കാരണം, ആനന്ദത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.

    9 “അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു;

    അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു,”

    എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. 10 വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിത്തിന്റെ ശേഖരം വർധിപ്പിക്കുകയും നീതിയുടെ വിളവെടുപ്പു സമൃദ്ധമാക്കുകയും ചെയ്യും. 11 നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും.

  35. 22 ദരിദ്രർ നിസ്സഹായരായതിനാൽ അവരെ ചൂഷണംചെയ്യരുത്

    നിർധനരെ കോടതികയറ്റി തകർത്തുകളയരുത്,

    23 കാരണം അവരുടെ വ്യവഹാരം യഹോവ ഏറ്റെടുക്കുകയും

    അവരെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയുംതന്നെചെയ്യും.

  36. 48 ജീവനുള്ള ഞാൻ ശപഥംചെയ്തു പറയുന്നു: നീയും നിന്റെ പുത്രിമാരും ചെയ്തതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

    49 “ ‘നിന്റെ സഹോദരിയായ സൊദോമിന്റെ കുറ്റം ഇതായിരുന്നു: അവളും പുത്രിമാരും നിഗളികളായിരുന്നു, ഭക്ഷിച്ചുതിമിർത്ത് അനവധാനതയോടെ ആയിരുന്നു അവർ ജീവിച്ചത്; ദരിദ്രരെയും അനാഥരെയും അവർ സഹായിച്ചതുമില്ല. 50 അവർ അഹങ്കരിച്ച് എന്റെമുമ്പാകെ മ്ലേച്ഛതകൾ പ്രവർത്തിച്ചു; അതുകണ്ടിട്ട് ഞാൻ അവരെ ഇല്ലാതാക്കിക്കളഞ്ഞു.

  37. 16 യേശു, അദ്ദേഹം വളർന്ന സ്വന്തം പട്ടണമായ നസറെത്തിലേക്കു യാത്രയായി. അദ്ദേഹം ശബ്ബത്തുദിവസത്തിൽ പതിവനുസരിച്ച് പള്ളിയിൽ ചെന്ന് വായിക്കാൻ എഴുന്നേറ്റുനിന്നു. 17 യെശയ്യാപ്രവാചകന്റെ പുസ്തകച്ചുരുൾ അദ്ദേഹത്തിനു നൽകി. ചുരുൾ നിവർത്തി ഇങ്ങനെ എഴുതപ്പെട്ട ഭാഗം അദ്ദേഹം എടുത്തു.

    18 “ദരിദ്രരോടു സുവിശേഷം അറിയിക്കാൻ

    കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ

    അവിടത്തെ ആത്മാവ് എന്റെമേലുണ്ട്.

    തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും

    അന്ധർക്കു കാഴ്ചയും

    മർദിതർക്കു മോചനവും നൽകാനും,

    19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിക്കാനും,

    എന്നെ അയച്ചിരിക്കുന്നു.”

    20 പിന്നെ യേശു പുസ്തകച്ചുരുൾ ചുരുട്ടി ശുശ്രൂഷകനു തിരികെ കൊടുത്തിട്ട് ഇരുന്നു. പള്ളിയിലുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിച്ചുനോക്കി. 21 അദ്ദേഹം അവരോട്, “നിങ്ങൾ കേട്ട ഈ തിരുവെഴുത്ത് ഇന്ന് നിവൃത്തിയായിരിക്കുകയാണ്” എന്നു പറഞ്ഞു.

  38. 20 ശിഷ്യരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

    “ദരിദ്രരായ നിങ്ങൾ അനുഗൃഹീതർ;

    നിങ്ങളുടേതല്ലോ ദൈവരാജ്യം.

    21 ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ;

    നിങ്ങൾ സംതൃപ്തരാകും.

    ഇപ്പോൾ വിലപിക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ;

    നിങ്ങൾ ആഹ്ലാദിക്കും.

  39. 17 ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക. 18 അവരോട് നന്മ ചെയ്യാനും സുകൃതങ്ങളിൽ സമ്പന്നരാകാനും തങ്ങൾക്കുള്ളത് ഔദാര്യത്തോടെ പങ്കുവെക്കാൻ സന്നദ്ധത കാണിക്കാനും ഉദ്ബോധിപ്പിക്കുക. 19 ഇപ്രകാരം, ഭാവികാലത്തിൽ യഥാർഥജീവനാകുന്ന ജീവൻ മുറുകെപ്പിടിക്കുന്നതിനുവേണ്ടി തങ്ങളുടെ നിക്ഷേപങ്ങൾകൊണ്ട് ഭദ്രമായ ഒരു അടിസ്ഥാനം പണിയട്ടെ.

  40. 10 നീ അയൽവാസിക്ക് എന്തെങ്കിലും വായ്പ കൊടുക്കുമ്പോൾ അയാൾ നിനക്കു നൽകാമെന്നു സമ്മതിച്ച പണയം വാങ്ങാൻ നീ ആ മനുഷ്യന്റെ വീടിനുള്ളിൽ പോകരുത്. 11 നീ പുറത്തു നിൽക്കുക, വായ്പ വാങ്ങുന്നവ്യക്തി പണയം നിന്റെ അടുക്കൽ പുറത്തുകൊണ്ടുവരണം. 12 അയൽവാസി ദരിദ്രനെങ്കിൽ അയാളുടെ പണയവസ്തുവായ കുപ്പായംകൊണ്ട് നീ ഉറങ്ങരുത്. 13 അയാൾക്കു തന്റെ പുറങ്കുപ്പായം പുതച്ച് ഉറങ്ങേണ്ടതിനു സൂര്യൻ അസ്തമിക്കുമ്പോൾ അയാളുടെ കുപ്പായം നീ തിരികെ നൽകണം. അപ്പോൾ അവർ നിന്നോടു നന്ദിയുള്ളവരായിരിക്കും. നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ അത് ഒരു നീതിപ്രവൃത്തിയായിരിക്കും.

    14 ഇസ്രായേല്യരായ നിന്റെ സഹോദരന്മാരുടെ കൂട്ടത്തിലോ നിന്റെ നഗരത്തിൽ പാർക്കുന്ന പ്രവാസികളുടെ കൂട്ടത്തിലോ ഉള്ള ദരിദ്രരും ബുദ്ധിമുട്ടുള്ളവരുമായ കൂലിക്കാരെ പീഡിപ്പിക്കരുത്. 15 അവർ ദരിദ്രരും കൂലി ആശ്രയിച്ചു കഴിയുന്നവരുമാകുകയാൽ അവരുടെ കൂലി ഓരോ ദിവസവും സൂര്യൻ അസ്തമിക്കുന്നതിനുമുമ്പു നൽകണം. അല്ലെങ്കിൽ അവർ യഹോവയോടു നിനക്കു വിരോധമായി നിലവിളിക്കും, അതിൽ നീ കുറ്റക്കാരനായിത്തീരും.

  41. 19 നിന്റെ വയൽ കൊയ്യുമ്പോൾ ഒരു കറ്റ വയലിൽ മറന്നുപോയാൽ അതെടുക്കാൻ തിരികെപ്പോകരുത്. നിന്റെ കൈകളുടെ എല്ലാ പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, അതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമായി ഉപേക്ഷിക്കണം. 20 നീ ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ രണ്ടാംതവണയും കൊമ്പുകൾ തപ്പിപ്പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. 21 നിന്റെ മുന്തിരിത്തോപ്പിൽനിന്ന് മുന്തിരിപ്പഴം ശേഖരിക്കുമ്പോൾ രണ്ടാമതും പോയി തീർത്തു പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. 22 നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്ന് ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.

  42. 8 അവിടന്ന് ദരിദ്രരെ പൊടിയിൽനിന്ന് ഉയർത്തുന്നു

    എളിയവരെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്യുന്നു;

    അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു

    മഹിമയുടെ സിംഹാസനത്തിന് അവരെ അവകാശികളാക്കുന്നു.

    “ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയുടേതാണ്;

    അവയുടെമേൽ അവിടന്ന് ഭൂതലത്തെ ഉറപ്പിച്ചിരിക്കുന്നു.

  43. 10 “യഹോവേ, അങ്ങയെപ്പോലെ ആരുള്ളൂ?

    എന്ന് എന്റെ എല്ലാ അസ്ഥികളും പ്രസ്താവിക്കും.

    അവിടന്നു സാധുക്കളെ അവരുടെ ശക്തിക്ക് അതീതരായവരിൽനിന്ന് മോചിപ്പിക്കുന്നു;

    കൊള്ളചെയ്യുന്നവരുടെ കൈയിൽനിന്ന് എളിയവരെയും ദരിദ്രരെയും.”

  44. 12 കാരണം തന്നോടു നിലവിളിക്കുന്ന ദരിദ്രരെയും

    ആശ്രയമറ്റ പീഡിതരെയും അദ്ദേഹം മോചിപ്പിക്കും.

    13 ബലഹീനരോടും ദരിദ്രരോടും അദ്ദേഹം കരുണകാണിക്കും

    അദ്ദേഹം ദരിദ്രരെ മരണത്തിൽനിന്നു രക്ഷിക്കുകയും ചെയ്യും.

    14 പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അദ്ദേഹം അവരെ മോചിപ്പിക്കും,

    അവരുടെ രക്തം അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടതായിരിക്കും.

    15 രാജാവ് നീണാൾ വാഴട്ടെ!

    ശേബയിലെ സ്വർണം അദ്ദേഹത്തിന് കാഴ്ചയായി അർപ്പിക്കപ്പെടട്ടെ.

    ജനം അദ്ദേഹത്തിനുവേണ്ടി നിരന്തരം പ്രാർഥിക്കുകയും

    ദിവസം മുഴുവൻ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.

  45. 3 അനാഥർക്കും ദുർബലർക്കുമായി നിലകൊള്ളുക;

    ദരിദ്രർക്കും പീഡിതർക്കും ന്യായപാലനം ചെയ്യുക.

    4 അഗതികളെയും ദുർബലരെയും മോചിപ്പിക്കുക;

    അവരെ ദുഷ്ടരുടെ കൈകളിൽനിന്ന് വിടുവിക്കുക.

  46. 24 ഒരു മനുഷ്യൻ ഉദാരമായി നൽകുന്നു, എന്നിട്ടും അതിൽ അധികമായി നേടുന്നു;

    മറ്റൊരുകൂട്ടം അനധികൃതമായി പിടിച്ചുവെക്കുന്നു, എന്നിട്ടും ദാരിദ്ര്യംമാത്രം ശേഷിക്കുന്നു.

    25 ഉദാരമനസ്കരായവർ അഭിവൃദ്ധിപ്പെടും;

    അന്യരെ ആശ്വസിപ്പിക്കുന്നവർക്ക് ആശ്വാസം ലഭിക്കും.

    26 ധാന്യം പൂഴ്ത്തിവെക്കുന്നവരെ ജനം ശപിക്കും,

    എന്നാൽ അതു വിൽക്കുന്നവരുടെ ശിരസ്സിൽ അനുഗ്രഹം വർഷിക്കും.

    27 ശ്രദ്ധയോടെ നന്മ അന്വേഷിക്കുന്നവർക്ക് അംഗീകാരം ലഭിക്കും,

    തിന്മ തേടുന്നവർ അതുതന്നെ കണ്ടെത്തും.

  47. 17 നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക.

    പീഡിതരെ സ്വതന്ത്രരാക്കുക.

    അനാഥരുടെ കാര്യം ഏറ്റെടുക്കുക;

    വിധവയ്ക്കുവേണ്ടി വ്യവഹരിക്കുക.

  48. 1 ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു ഒരു മലയിൽ കയറി അവിടെ ഇരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു. 2 അദ്ദേഹം അവരെ തിരുമൊഴികളാൽ ഉപദേശിച്ചു.

    അദ്ദേഹം പറഞ്ഞു:

    3 “ആത്മാവിൽ ദരിദ്രരായവർ അനുഗൃഹീതർ;

    അവർക്കുള്ളതല്ലോ സ്വർഗരാജ്യം.

  49. 2 പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ കൽപ്പനകൾ പാലിക്കുക.

  50. 25 അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ. 26 “കോപിച്ചു, എന്നാലും പാപംചെയ്യരുത്;” നിങ്ങൾ കോപിച്ചിരിക്കെത്തന്നെ സൂര്യൻ അസ്തമിക്കാൻ ഇടനൽകരുത്; 27 പിശാചിന് അവസരം കൊടുക്കരുത്. 28 മോഷ്ടിക്കുന്നവൻ ഇനിമേൽ മോഷ്ടിക്കരുത്; ബുദ്ധിമുട്ടിലായിരിക്കുന്നവർക്കുകൂടെ പങ്കുവെക്കാൻ അവസരം ലഭിക്കേണ്ടതിന് സ്വന്തം കൈകൾകൊണ്ട് പ്രയോജനപ്രദമായി അധ്വാനിക്കുകയാണു വേണ്ടത്.

    29 കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്. 30 നിങ്ങൾക്കു ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഉറപ്പായി നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ; ആ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്. 31 എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക. 32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.

  51. 10 “ആറുവർഷം നിന്റെ വയലിൽ വിതച്ച് വിളവു ശേഖരിച്ചുകൊൾക. 11 എന്നാൽ ഏഴാംവർഷം നിലം ഉഴാതെ തരിശായിടുക. നിന്റെ ജനത്തിലെ ദരിദ്രർ അതിൽനിന്ന് ആഹാരത്തിനുള്ളതു ശേഖരിക്കട്ടെ. അവർ ഉപേക്ഷിക്കുന്നതു കാട്ടുജന്തുക്കൾ തിന്നട്ടെ. മുന്തിരിത്തോപ്പിന്റെയും ഒലിവുതോട്ടത്തിന്റെയും കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യണം.

  52. 5 ദരിദ്രരെ പരിഹസിക്കുന്നവർ അവരുടെ സ്രഷ്ടാവിനോട് അനാദരവുകാട്ടുന്നു;

    അന്യരുടെ ദുരന്തത്തിൽ ആനന്ദിക്കുന്നവർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.

  53. 20 അവൾ തന്റെ കൈകൾ ദരിദ്രർക്കായി തുറക്കുന്നു

    സഹായം അർഹിക്കുന്നവർക്കുവേണ്ടി തന്റെ കൈകൾ നീട്ടുന്നു.

  54. 16 അദ്ദേഹം ദരിദ്രർക്കും അഗതികൾക്കും ന്യായം പാലിച്ചുകൊടുത്തു,

    അതിനാൽ സകലതും നന്മയ്ക്കായിത്തീർന്നു.

    എന്നെ അറിയുക എന്നതിന്റെ അർഥം അതല്ലേ?”

    എന്ന് യഹോവയുടെ അരുളപ്പാട്.

  55. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.

  56. 16 നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്; ഈ വിധ യാഗങ്ങളിലാണു ദൈവം സംപ്രീതനാകുന്നത്.

  57. 15 “ ‘ന്യായം അട്ടിമറിക്കരുത്; ദരിദ്രരോടു പക്ഷഭേദമോ വലിയവരോട് ആഭിമുഖ്യമോ കാണിക്കാതെ നിങ്ങളുടെ അയൽവാസിയെ നീതിപൂർവം വിധിക്കണം.

  58. 17 ദുഷ്ടർ പാതാളത്തിലേക്കു തിരിയുന്നു,

    ദൈവത്തെ മറക്കുന്ന രാഷ്ട്രങ്ങളുടെ അന്ത്യവും അങ്ങനെതന്നെ.

    18 എന്നാൽ ദരിദ്രർ എക്കാലവും വിസ്മരിക്കപ്പെടുകയില്ല;

    പീഡിതരുടെ പ്രത്യാശ എന്നേക്കും നശിച്ചുപോകുകയില്ല.

  59. 5 “പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം,

    ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    “അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.”

  60. 5 യാക്കോബിന്റെ ദൈവം തന്റെ സഹായവും

    അവരുടെ ദൈവമായ യഹോവയിൽ പ്രത്യാശയും അർപ്പിച്ചിരിക്കുന്നവർ അനുഗൃഹീതർ.

    6 ആകാശവും ഭൂമിയും

    സമുദ്രവും അവയിലുള്ള സർവത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്—

    അവിടന്ന് എന്നെന്നും വിശ്വസ്തനായിരിക്കുന്നു.

    7 പീഡിതർക്ക് അവിടന്ന് നീതി നിർവഹിച്ചുകൊടുക്കുകയും

    വിശന്നിരിക്കുന്നവർക്ക് ആഹാരം നൽകുകയുംചെയ്യുന്നു.

    യഹോവ തടവുകാരെ മോചിപ്പിക്കുന്നു,

    8 യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു,

    യഹോവ കുനിഞ്ഞിരിക്കുന്നവരെ ഉയർത്തുന്നു,

    യഹോവ നീതിനിഷ്ഠരെ സ്നേഹിക്കുന്നു.

    9 യഹോവ പ്രവാസികളെ സംരക്ഷിക്കുകയും

    അനാഥരെയും വിധവമാരെയും പരിപാലിക്കുകയുംചെയ്യുന്നു,

    എന്നാൽ അവിടന്ന് ദുഷ്ടരുടെ പദ്ധതികൾ വിഫലമാക്കുന്നു.

  61. 27 നന്മചെയ്യാൻ നിനക്ക് അധികാരമുള്ളപ്പോൾ,

    അർഹതപ്പെട്ടവർക്ക് അതു ലഭ്യമാക്കാൻ വിമുഖതകാട്ടരുത്.

    28 നിനക്ക് ഇപ്പോൾ സഹായിക്കാൻ സാധിക്കുമെങ്കിൽ,

    “പിന്നെവരിക, നാളെനോക്കാം,”

    എന്നു നിന്റെ അയൽവാസിയോട് പറയരുത്.

  62. 2 സമ്പന്നർക്കും ദരിദ്രർക്കും പൊതുവായി ഇതൊന്നുമാത്രം:

    അവർ ഇരുവരെയും യഹോവ സൃഷ്ടിച്ചു.

  63. 4 ക്രൂരരുടെ നിശ്വാസം മതിലിന്നെതിരേ

    കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ,

    അങ്ങ് ദരിദ്രർക്ക് ഒരു സങ്കേതവും

    സഹായാർഥർക്ക് അവരുടെ ദുരിതത്തിൽ ഒരു സങ്കേതവും

    കൊടുങ്കാറ്റിൽ ഒരു ആശ്രയവും

    ഉഷ്ണത്തിൽ ഒരു തണലുമായിരിക്കും.

  64. 17 “ദരിദ്രരും നിരാലംബരും വെള്ളം തെരയുന്നു,

    ഒട്ടും ലഭിക്കായ്കയാൽ

    അവരുടെ നാവു ദാഹത്താൽ വരണ്ടുപോകുന്നു.

    അപ്പോൾ യഹോവയായ ഞാൻതന്നെ അവർക്ക് ഉത്തരം നൽകും;

    ഇസ്രായേലിന്റെ ദൈവമായ ഞാൻ അവരെ ഉപേക്ഷിക്കുകയില്ല.

  65. 8 യഹോവയുടെ വചനം വീണ്ടും സെഖര്യാവിനുണ്ടായി: 9 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായംവിധിക്കുക പരസ്പരം കരുണയും മനസ്സലിവും കാണിക്കുക. 10 വിധവയെയും അനാഥരെയും പ്രവാസികളെയും ദരിദ്രരെയും പീഡിപ്പിക്കരുത്. നിങ്ങളുടെ മനസ്സിൽ പരസ്പരം ദോഷം ചിന്തിക്കരുത്.’

  66. 1 ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ 2 നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക. 3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക. 4 നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.

    5 ക്രിസ്തുയേശുവിന്റെ സ്വഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.

    6 പ്രകൃത്യാതന്നെ ദൈവമായിരിക്കെ,

    ദൈവത്തോടുള്ള സമത്വം എപ്പോഴും മുറുകെപിടിച്ചുകൊണ്ടിരിക്കണം എന്നു ചിന്തിക്കാതെ,

    7 ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി,

    ദാസവേഷം ധരിച്ച്,

    മനുഷ്യപ്രകൃതിയിൽ കാണപ്പെട്ടു.

    8 അവിടന്ന് അങ്ങനെ തന്നെത്താൻ താഴ്ത്തുകയും,

    മരണംവരെ;

    അതേ, ക്രൂശുമരണംവരെ,

    അനുസരണയുള്ളവനായിത്തീരുകയും ചെയ്തു.

    9 അതുകൊണ്ട് ദൈവം ക്രിസ്തുവിനെ പരമോന്നതസ്ഥാനത്തേക്ക് ഉയർത്തി,

    എല്ലാ നാമങ്ങൾക്കും മീതേ ഉത്തുംഗമായ നാമം അവിടത്തേക്കു നൽകി.

    10 തന്മൂലം സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ഉള്ള എല്ലാവരും

    യേശുവിന്റെ നാമത്തിങ്കൽ സാഷ്ടാംഗം പ്രണമിക്കുകയും

    11 എല്ലാവരുടെയും നാവ് യേശുക്രിസ്തു കർത്താവ് എന്നു സമ്മതിച്ച്

    പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യും.

  67. 17 ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും;

    കർത്താവ് എന്നെ ഓർക്കുന്നു.

    അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു;

    അവിടന്ന് ആകുന്നു എന്റെ ദൈവം, താമസിക്കരുതേ.

    സംഗീതസംവിധായകന്.

  68. 1 യേശു തലയുയർത്തിനോക്കി, ധനികർ ദൈവാലയഭണ്ഡാരത്തിൽ പണം അർപ്പിച്ചുകൊണ്ടിരിക്കുന്നതു ശ്രദ്ധിച്ചു. 2 അപ്പോൾ ദരിദ്രയായ ഒരു വിധവ അവിടെ വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ അർപ്പിക്കുന്നതും അദ്ദേഹം കണ്ടു. 3 “ഈ ദരിദ്രയായ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ അർപ്പിച്ചിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. 4 മറ്റെല്ലാവരും അവരുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചിരിക്കുന്നത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽനിന്ന്, അവളുടെ ഉപജീവനത്തിനുണ്ടായിരുന്നതു മുഴുവനും അർപ്പിച്ചിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.

  69. 32 വിശ്വാസികളെല്ലാവരും ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; അവരിലാരും തങ്ങളുടെ വസ്തുവകയൊന്നും സ്വന്തമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവകയായി അവർ കണക്കാക്കി. 33 അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിച്ചുപോന്നു. അവർ എല്ലാവരിലും ദൈത്തിന്റെ കൃപ അതിശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. 34 അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന് 35 അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു; പിന്നെ ഓരോരുത്തരുടെയും ആവശ്യാനുസരണം അത് ഭാഗിച്ചുകൊടുത്തു.

    36 സൈപ്രസുകാരനായ യോസേഫ് എന്നൊരു ലേവ്യൻ ഉണ്ടായിരുന്നു. അപ്പൊസ്തലന്മാർ അയാളെ ബർന്നബാസ് എന്നു വിളിച്ചിരുന്നു. ആ പേരിന് “പ്രബോധനപുത്രൻ” എന്നാണർഥം. 37 അയാൾ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.

  70. 36 യോപ്പയിൽ തബീഥാ എന്നു പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. ഈ പേര് ഗ്രീക്കിൽ ഡോർക്കസ് എന്നാണ്. അർഥം പേടമാൻ. അവൾ വളരെ നന്മ ചെയ്യുന്നവളും ദരിദ്രരെ സഹായിക്കുന്നവളും ആയിരുന്നു.

  71. 22 “ ‘നിങ്ങളുടെ നിലത്തിലെ വിള ശേഖരിക്കുമ്പോൾ, അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും വിടണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”

  72. 6 നിങ്ങൾ ദരിദ്രരുടെ പദ്ധതികൾ തകിടംമറിക്കുന്നു,

    എന്നാൽ യഹോവ അവർക്ക് അഭയസ്ഥാനം ആകുന്നു.

  73. 16 സ്വന്തം സമ്പത്തു വർധിപ്പിക്കുന്നതിന് ദരിദ്രരെ പീഡിപ്പിക്കുന്നവരും

    ധനികർക്കു ദാനംചെയ്യുന്നവരും ഒരുപോലെ ദരിദ്രരായിത്തീരും.

  74. 2-3 കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്ന യോഹന്നാൻസ്നാപകൻ ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടപ്പോൾ “വരാനുള്ള മശിഹാ അങ്ങുതന്നെയോ? അതോ, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?” എന്നു ചോദിക്കാൻ തന്റെ ശിഷ്യന്മാരെ ക്രിസ്തുവിന്റെ അടുക്കൽ അയച്ചു.

    4 യേശു അവരോട്, “നിങ്ങൾ കേൾക്കുകയും കാണുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക: 5 അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു. 6 എന്നിലുള്ള വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ നിലനിൽക്കുന്നവർ അനുഗൃഹീതർ!” എന്നു പറഞ്ഞു.

  75. 38 യേശു തുടർന്ന് ഉപദേശിക്കവേ, ഇങ്ങനെ പറഞ്ഞു: “വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. 39 പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു. 40 അവർ വിധവകളുടെ സമ്പത്ത് നിർലജ്ജം അപഹരിച്ചിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.”

    41 പിന്നീട് യേശു വഴിപാടുകൾ അർപ്പിക്കുന്ന സ്ഥലത്തിനെതിരേ ഇരുന്നുകൊണ്ട്, ജനക്കൂട്ടം ദൈവാലയഭണ്ഡാരത്തിൽ കാണിക്ക ഇടുന്നതു ശ്രദ്ധിച്ചു. ധനികർ പലരും വൻതുകകൾ ഇട്ടു. 42 എന്നാൽ ദരിദ്രയായ ഒരു വിധവ വന്നു വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ ഇട്ടു. അതിന് ഒരു പൈസയുടെ വിലമാത്രമേ ഉണ്ടായിരുന്നുള്ളൂ.

    43 യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “ഭണ്ഡാരത്തിൽ മറ്റെല്ലാവരും ഇട്ടതിലും അധികം ദരിദ്രയായ ഈ വിധവ ഇട്ടിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. 44 മറ്റെല്ലാവരും തങ്ങളുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചത്; ഇവളോ, സ്വന്തം ദാരിദ്ര്യത്തിൽനിന്ന്, തന്റെ ഉപജീവനത്തിനുള്ള വക മുഴുവൻ അർപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

  76. 42 അവർ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും കർത്തൃമേശാചരണത്തിലും പ്രാർഥനയിലും അർപ്പണബോധത്തോടെ തുടർന്നുവന്നു. 43 അപ്പൊസ്തലന്മാർമുഖേന സംഭവിച്ചുകൊണ്ടിരുന്ന അനവധി അത്ഭുതങ്ങളും ചിഹ്നങ്ങളുംനിമിത്തം എല്ലാവരുടെയും മനസ്സിൽ ഭക്ത്യാദരങ്ങൾ നിറഞ്ഞു. 44 വിശ്വാസികൾ എല്ലാവരും ഏകഹൃദയത്തോടെ ഒരിടത്തു കൂടിവരികയും വസ്തുവകകൾ എല്ലാം എല്ലാവരുടേതും എന്നപോലെ കരുതുകയും ചെയ്തു. 45 തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു. 46 അവർ നാൾതോറും നിരന്തരമായി ദൈവാലയാങ്കണത്തിൽ ഏകഹൃദയത്തോടെ കൂടിവരികയും വീടുകൾതോറും അപ്പംനുറുക്കുകയും ആനന്ദത്തോടെയും ആത്മാർഥതയോടെയും ഭക്ഷണം കഴിക്കുകയും 47 ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവർ സകലരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഓരോ ദിവസവും രക്ഷിക്കപ്പെടുന്നവരെ കർത്താവ് ആ കൂട്ടത്തോട് ചേർത്തുകൊണ്ടിരുന്നു.

  77. 20 എന്നാൽ,

    “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക;

    ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക.

    ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.”

    21 നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണു വേണ്ടത്.

  78. 8 ബന്ധുജനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെയും, ആവശ്യങ്ങൾക്കായി കരുതാത്തവർ വിശ്വാസത്യാഗികളും അവിശ്വാസിയെക്കാൾ അധമരുമാണ്.