61 Bible Verses About Water

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Water
  1. 37 ഉത്സവത്തിന്റെ പ്രധാനദിനമായ ഒടുവിലത്തെ ദിവസം യേശു നിന്നുകൊണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ദാഹിക്കുന്ന ഏതൊരാളും എന്റെ അടുക്കൽവന്നു കുടിക്കട്ടെ. 38 എന്നിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽനിന്ന്, തിരുവെഴുത്തിൽ പറയുന്നതുപോലെ, ജീവജലത്തിന്റെ നദികൾ ഒഴുകും.”

  2. 10 “ദൈവത്തിന്റെ ദാനം എന്തെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്ന് യേശു മറുപടി പറഞ്ഞു.

    11 ആ സ്ത്രീ പറഞ്ഞു, “യജമാനനേ, കോരിയെടുക്കാൻ അങ്ങയുടെ കൈവശം പാത്രം ഇല്ലല്ലോ, കിണറ് ആഴമുള്ളതുമാണ്. പിന്നെ ജീവനുള്ള വെള്ളം അങ്ങേക്ക് എവിടെനിന്നു ലഭിക്കും? 12 അങ്ങ് ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനാണോ? അദ്ദേഹമാണ് ഈ കിണറു ഞങ്ങൾക്കു തന്നത്. അദ്ദേഹവും പുത്രന്മാരും ആടുമാടുകളും എല്ലാം ഇതിൽനിന്നാണ് വെള്ളം കുടിച്ചിരുന്നത്.”

    13 “ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും; 14 എന്നാൽ, ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവർക്കു പിന്നീടൊരിക്കലും ദാഹിക്കുകയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവരിൽ നിത്യജീവനിലേക്കു നിറഞ്ഞുവരുന്ന നീരുറവയായിത്തീരും” എന്ന് യേശു മറുപടി പറഞ്ഞു.

    15 അപ്പോൾ സ്ത്രീ, “പ്രഭോ, എങ്കിൽ എനിക്കിനി ദാഹിക്കാതിരിക്കേണ്ടതിന്ന് ആ വെള്ളം തന്നാലും; വെള്ളം കോരാൻ ഞാൻ ഇവിടെ വരേണ്ട ആവശ്യവും ഇല്ലാതാകും” എന്നു പറഞ്ഞു.

  3. 17 ആത്മാവും മണവാട്ടിയും പറയുന്നു, “വരിക!” ശ്രോതാവും പറയട്ടെ “വരിക!” ദാഹിക്കുന്നവർ വരിക, ജീവജലം ആഗ്രഹിക്കുന്നവർ സൗജന്യമായി സ്വീകരിക്കട്ടെ.

  4. 1 അതിനുശേഷം, ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്ന് പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്ന പളുങ്കുസമാനം ശുഭ്രമായ ജീവജലനദി ദൂതൻ എനിക്കു കാണിച്ചുതന്നു. 2 നദിയുടെ ഇരുകരയിലും ജീവവൃക്ഷങ്ങൾ ഉണ്ട്; അത് ഓരോ മാസവും ഫലം കായ്ച്ച് പന്ത്രണ്ടുതരം ഫലംനൽകുന്നു. വൃക്ഷത്തിന്റെ ഇലകൾ ജനതകൾക്കു രോഗസൗഖ്യം വരുത്തുന്നതാണ്. 3 ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം നഗരമധ്യത്തിൽ ഉള്ളതിനാൽ ഇനിമേലാൽ ഒരു ശാപവും ഉണ്ടാകുകയില്ല. ദൈവത്തെയും കുഞ്ഞാടിനെയും അവിടത്തെ ശുശ്രൂഷകന്മാർ ആരാധിക്കും. 4 അവർ അവിടത്തെ മുഖം ദർശിക്കും. അവരുടെ നെറ്റിമേൽ തിരുനാമം രേഖപ്പെടുത്തിയിരിക്കും. 5 ഇനിമേൽ രാത്രി അവിടെ ഉണ്ടാകുകയില്ല. ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതിനാൽ ദീപപ്രഭയുടെയോ സൂര്യപ്രകാശത്തിന്റെയോ ആവശ്യം അവർക്കുണ്ടാകുകയില്ല. അവർ അനന്തകാലം രാജാക്കന്മാരായി ഭരിക്കും.

  5. 24 “ ‘ഞാൻ നിങ്ങളെ രാഷ്ട്രങ്ങളിൽനിന്ന് കൂട്ടി എല്ലാ രാജ്യങ്ങളിൽനിന്നും ശേഖരിച്ച് നിങ്ങളുടെ സ്വന്തം ദേശത്തേക്കു കൊണ്ടുവരും. 25 ഞാൻ നിങ്ങളുടെമേൽ നിർമലജലം തളിക്കും; നിങ്ങൾ നിർമലരായിത്തീരും. നിങ്ങളുടെ എല്ലാ അശുദ്ധികളെയും നിങ്ങളുടെ എല്ലാ വിഗ്രഹങ്ങളെയും നീക്കി ഞാൻ നിങ്ങളെ നിർമലീകരിക്കും. 26 ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും; പുതിയൊരാത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കും. നിങ്ങളുടെ കല്ലായുള്ള ഹൃദയം നീക്കിക്കളഞ്ഞ് മാംസളമായ ഒരു ഹൃദയം ഞാൻ നിങ്ങൾക്കു നൽകും. 27 ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ഉത്തരവുകളിൽ നടത്തും, എന്റെ നിയമങ്ങൾ പ്രമാണിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

  6. 1 യെഹൂദരുടെ ഭരണസമിതിയിൽ നിക്കോദേമൊസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു. 2 അദ്ദേഹം രാത്രിയിൽ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു, “റബ്ബീ, അങ്ങു ദൈവത്തിന്റെ അടുക്കൽനിന്ന് വന്ന ഒരു ആചാര്യനാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ദൈവം കൂടെയില്ലെങ്കിൽ അങ്ങു ചെയ്യുന്ന ഈ ചിഹ്നങ്ങൾ ചെയ്യാൻ ആർക്കും സാധ്യമല്ല.”

    3 “ഞാൻ താങ്കളോട് സത്യം സത്യമായി പറയട്ടെ: വീണ്ടും ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണാൻ ആർക്കും കഴിയുകയില്ല” യേശു പ്രതിവചിച്ചു.

    4 “പ്രായമായശേഷം ഒരു മനുഷ്യൻ ജനിക്കുന്നത് എങ്ങനെ? രണ്ടാമതും മാതാവിന്റെ ഉദരത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമല്ലല്ലോ!” നിക്കോദേമൊസ് ചോദിച്ചു.

    5 യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജനിച്ചില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ആർക്കും കഴിയുകയില്ല.

  7. 19 അതുകൊണ്ടു സഹോദരങ്ങളേ, നമുക്ക് യേശുവിന്റെ ശരീരമാകുന്ന തിരശ്ശീലയിലൂടെ, കർത്താവുതന്നെ തുറന്നുതന്ന ജീവനുള്ള നവീനമാർഗത്തിലൂടെ, 20 യേശുവിന്റെ രക്തത്താൽ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കാനുള്ള ധൈര്യവും 21 ദൈവഭവനത്തിനുമേൽ പരമാധികാരിയായ ഒരു മഹാപുരോഹിതനും ഉണ്ട്. 22 അതിനാൽ, നാം ദുഷിച്ചമനസ്സാക്ഷി നീങ്ങാനായി ഹൃദയങ്ങൾ നിർമലീകരിക്കപ്പെട്ടവരും ശരീരം ശുദ്ധജലത്താൽ കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണനിശ്ചയത്തോടും സത്യസന്ധതയുള്ള ഹൃദയത്തോടുംകൂടി ദൈവത്തോട് അടുത്തുചെല്ലുക. 23 നമുക്ക് അചഞ്ചലരായി നിന്നുകൊണ്ട് നമ്മുടെ പ്രത്യാശ ഏറ്റുപറയാം. വാഗ്ദാനംചെയ്ത ദൈവം വിശ്വാസയോഗ്യനല്ലോ!

  8. 13 പിന്നെ മുഖ്യന്മാരിൽ ഒരുവൻ എന്നോട്, “ശുഭ്രവസ്ത്രധാരികളായ ഇവർ ആര്; ഇവർ എവിടെനിന്നു വന്നു?” എന്നു ചോദിച്ചു.

    14 അതിനു ഞാൻ, “എന്റെ യജമാനനേ, അങ്ങേക്ക് അറിയാമല്ലോ” എന്നു മറുപടി പറഞ്ഞു.

    അദ്ദേഹം എന്നോടു പറഞ്ഞത്: “ഇവർ മഹാപീഡനത്തിൽനിന്നു വന്നവർ; ഇവർ തങ്ങളുടെ വസ്ത്രങ്ങൾ കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വെളുപ്പിച്ചിരിക്കുന്നു. 15 ആകയാൽ,

    “അവർ ദൈവാലയത്തിൽ ദൈവസിംഹാസനത്തിനു മുമ്പാകെ,

    രാപകൽ ദൈവത്തെ ആരാധിക്കുന്നു.

    സിംഹാസനസ്ഥൻ

    അവർക്കുമീതേ കൂടാരമായിരിക്കും.

    16 ‘അവർക്ക് ഇനി ഒരിക്കലും വിശക്കുകയോ

    ദാഹിക്കുകയോ ഇല്ല;

    വെയിലോ അത്യുഷ്ണമോ,’

    അവരെ ഒരിക്കലും ബാധിക്കുകയുമില്ല.

    17 കാരണം, സിംഹാസനത്തിന്റെ മധ്യേയുള്ള കുഞ്ഞാട്

    അവരെ മേയിച്ച്

    ‘ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കും.’

    ‘ദൈവംതന്നെ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുനീക്കും.’”

  9. 5 ഈ നശിച്ച സ്ഥലത്തേക്കു നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നതെന്തിന്? ഇവിടെ ധാന്യമോ അത്തിപ്പഴമോ മുന്തിരിയോ മാതളപ്പഴമോ ഇല്ല; കുടിക്കാൻ വെള്ളവുമില്ല.”

    6 മോശയും അഹരോനും സഭാമധ്യത്തിൽനിന്ന് സമാഗമകൂടാരത്തിന്റെ കവാടത്തിൽചെന്നു കമിഴ്ന്നുവീണു. അപ്പോൾ യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി. 7 യഹോവ മോശയോട് അരുളിച്ചെയ്തു: 8 “വടി എടുക്കുക, എന്നിട്ട് നീയും നിന്റെ സഹോദരൻ അഹരോനുംകൂടി സഭയെ വിളിച്ചുകൂട്ടുക. അവരുടെ കണ്മുമ്പിൽവെച്ച് പാറയോടു കൽപ്പിക്കുക, അപ്പോൾ അതിൽനിന്ന് വെള്ളം പുറപ്പെടും. ജനത്തിന് പാറയിൽനിന്ന് നീ വെള്ളം പുറപ്പെടുവിക്കും; അങ്ങനെ അവരും അവരുടെ കന്നുകാലികളും കുടിക്കും.”

    9 അങ്ങനെ മോശ, യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ അവിടത്തെ സന്നിധിയിൽനിന്ന് വടി എടുത്തു. 10 തുടർന്ന് അദ്ദേഹവും അഹരോനുംകൂടി സഭയെ പാറയുടെമുമ്പിൽ വിളിച്ചുകൂട്ടി. മോശ അവരോടു പറഞ്ഞു: “മത്സരിക്കുന്നവരേ, ശ്രദ്ധിക്കുക, ഞങ്ങൾ ഈ പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം പുറപ്പെടുവിക്കട്ടെ?” 11 ഇതിനുശേഷം മോശ കൈ ഉയർത്തി തന്റെ വടികൊണ്ട് പാറയെ രണ്ടുതവണ അടിച്ചു. വെള്ളം പ്രവഹിച്ചു. ജനവും അവരുടെ കന്നുകാലികളും മതിയാകുവോളം കുടിച്ചു.

  10. 15 അവിടന്ന് മരുഭൂമിയിൽവെച്ച് പാറകളെ പിളർത്തി

    ആഴിയിൽനിന്നെന്നപോലെ അവർക്ക് സമൃദ്ധമായി ജലം നൽകി;

    16 കടുന്തൂക്കായ പാറകളിൽനിന്ന് അവിടന്ന് അരുവികൾ പുറപ്പെടുവിച്ചു.

    ആ നീർച്ചാലുകളെ, താഴ്വരയിലേക്ക് നദികൾപോലെ ഒഴുക്കി.

    17 എന്നിട്ടും അവർ അവിടത്തേക്കെതിരേ പാപംചെയ്തുകൊണ്ടിരുന്നു,

    മരുഭൂമിയിൽവെച്ച് അത്യുന്നതനെതിരേ മത്സരിച്ചുകൊണ്ടിരുന്നു.

    18 തങ്ങൾ ആഗ്രഹിച്ച ഭക്ഷണത്തിനായി

    അവർ മനഃപൂർവം ദൈവത്തെ പരീക്ഷിച്ചു.

    19 അവർ ദൈവത്തിനു വിരോധമായി മുറവിളികൂട്ടിക്കൊണ്ട്

    ഇപ്രകാരം പറഞ്ഞു: “മരുഭൂമിയിൽ നമുക്ക്

    ഭക്ഷണമേശ ഒരുക്കുന്നതിന് ദൈവത്തിന് കഴിയുമോ?

    20 അവിടന്ന് പാറയെ അടിച്ചു,

    വെള്ളം പൊട്ടിപ്പുറപ്പെട്ടു

    അരുവികൾ കവിഞ്ഞൊഴുകി, സത്യം,

    എന്നാൽ ഞങ്ങൾക്കു ഭക്ഷണംകൂടി നൽകാൻ അവിടത്തേക്കു കഴിയുമോ?

    അവിടത്തെ ജനത്തിനു മാംസം നൽകുമോ?”

  11. 6 “അല്ല, ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്—

    അനീതിയുടെ ചങ്ങലകൾ അഴിച്ചുകളയുക,

    നുകത്തിന്റെ ബന്ധനപാശങ്ങൾ അഴിക്കുക,

    പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക,

    എല്ലാ നുകവും തകർത്തുകളയുക,

    7 വിശക്കുന്നവനു നിന്റെ അപ്പം ഭാഗിച്ചുകൊടുക്കുക,

    അലഞ്ഞുതിരിയുന്ന ദരിദ്രരെ നിന്റെ വീട്ടിൽ കൈക്കൊള്ളുക—

    നഗ്നരെ കണ്ടാൽ അവരെ വസ്ത്രം ധരിപ്പിക്കുക,

    നിന്റെ മാംസരക്തങ്ങളായവരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക, ഇതല്ലേ ഞാൻ പ്രിയപ്പെടുന്ന ഉപവാസം?

    8 അപ്പോൾ നിന്റെ പ്രകാശം പ്രഭാതംപോലെ പൊട്ടിവിരിയും,

    നിന്റെ പുനഃസ്ഥാപനം വളരെവേഗം വന്നുചേരും;

    അങ്ങനെ നിന്റെ നീതി നിനക്കു മുമ്പിൽ നടക്കുകയും

    യഹോവയുടെ മഹത്ത്വം നിനക്കു പിന്നിൽ കാവലായിരിക്കുകയും ചെയ്യും.

    9 അപ്പോൾ നീ വിളിക്കും, യഹോവ ഉത്തരമരുളും;

    നീ സഹായത്തിനായി നിലവിളിക്കും; ഇതാ ഞാൻ, എന്ന് അവിടന്നു മറുപടി പറയും.

    “മർദനത്തിന്റെ നുകവും ആരോപണത്തിന്റെ വിരലും

    ഏഷണിപറയുന്നതും നിങ്ങൾ ഉപേക്ഷിച്ചാൽ,

    10 വിശക്കുന്നവർക്കായി നിന്നെത്തന്നെ വ്യയംചെയ്യുകയും

    മർദിതരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുകയും ചെയ്യുമെങ്കിൽ,

    നിങ്ങളുടെ വെളിച്ചം ഇരുട്ടിൽ ഉദിക്കുകയും

    നിങ്ങളുടെ രാത്രി മധ്യാഹ്നംപോലെ ആകുകയും ചെയ്യും.

    11 യഹോവ നിന്നെ നിരന്തരം വഴിനടത്തും;

    വരൾച്ചയുള്ള ദേശത്ത് അവിടന്നു നിന്റെ പ്രാണനു തൃപ്തിവരുത്തുകയും

    നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും.

    നീ മതിയായി വെള്ളംകിട്ടിയ തോട്ടംപോലെയും

    വെള്ളം നിന്നുപോകാത്ത നീരുറവുപോലെയും ആകും.

  12. 6 അവിടന്ന് പിന്നെയും എന്നോട് അരുളിച്ചെയ്തത്: “പര്യവസാനിച്ചിരിക്കുന്നു! ഞാൻ ആൽഫയും ഒമേഗയും—ആരംഭവും അവസാനവും—ആകുന്നു. ദാഹമുള്ളയാൾക്ക് ഞാൻ ജീവജലത്തിന്റെ ഉറവിൽനിന്ന് സൗജന്യമായി കുടിക്കാൻ നൽകും. 7 വിജയിക്കുന്നവർ ഇവയ്ക്കെല്ലാം അവകാശിയാകും. ഞാൻ അവർക്ക് ദൈവവും അവർ എനിക്കു പുത്രരും ആയിരിക്കും. 8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”

  13. 1 ആ ദിവസത്തിൽ നിങ്ങൾ ഇപ്രകാരം പറയും:

    “യഹോവേ, ഞാൻ അങ്ങേക്കു സ്തോത്രംചെയ്യുന്നു.

    അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും,

    അങ്ങയുടെ കോപം നീങ്ങിപ്പോകുകയും

    എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരിക്കുന്നു.

    2 ഇതാ, ദൈവം എന്റെ രക്ഷയാകുന്നു;

    ഞാൻ വിശ്വസിക്കും, ഭയപ്പെടുകയില്ല.

    യഹോവ, യഹോവതന്നെ എന്റെ ബലവും എന്റെ സംഗീതവും ആകുന്നു;

    അവിടന്ന് എന്റെ രക്ഷയായും തീർന്നിരിക്കുന്നു.”

    3 അതിനാൽ നിങ്ങൾ രക്ഷയുടെ ഉറവുകളിൽനിന്ന്

    ആനന്ദത്തോടെ വെള്ളം കോരും.

  14. 1 “ദാഹാർത്തരായ എല്ലാവരുമേ, വരിക,

    വെള്ളത്തിങ്കലേക്കു വരിക;

    നിങ്ങളിൽ പണമില്ലാത്തവരേ,

    വന്ന് വാങ്ങി ഭക്ഷിക്കുക!

    നിങ്ങൾ വന്ന് പണം കൊടുക്കാതെയും വില കൂടാതെയും

    വീഞ്ഞും പാലും വാങ്ങുക.

    2 ആഹാരമല്ലാത്തതിനുവേണ്ടി നിങ്ങൾ പണം ചെലവഴിക്കുകയും

    തൃപ്തിനൽകാത്തവയ്ക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതെന്തിന്?

    നിങ്ങൾ എന്റെ വാക്കു ശ്രദ്ധയോടെ കേട്ട് നല്ല ആഹാരം ഭക്ഷിക്കുക,

    നിങ്ങൾ വിഭവസമൃദ്ധമായ ഭക്ഷണത്താൽ ആനന്ദിക്കും.

    3 നിങ്ങൾ ചെവിചായ്ച്ചുകൊണ്ട് എന്റെ അടുക്കലേക്കു വരിക;

    നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനു, ശ്രദ്ധിക്കുക.

    ദാവീദിന് ഞാൻ നൽകിയ വിശ്വസ്തവാഗ്ദാനങ്ങളുമായി

    ഞാൻ നിങ്ങളുമായി ഒരു ശാശ്വത ഉടമ്പടി ചെയ്യും.

  15. 25 ഭർത്താക്കന്മാരേ, ക്രിസ്തു സ്വന്തം ജീവൻ നൽകി സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം. 26 ക്രിസ്തു അവിടത്തെ സഭയെ വചനമാകുന്ന ജലത്താൽ കഴുകി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും 27 കറ, ചുളുക്കം, മാലിന്യം എന്നിവ അശേഷം ഇല്ലാതെ വിശുദ്ധയും നിഷ്കളങ്കയുമായി തേജസ്സോടെ തനിക്കായി നിർത്തേണ്ടതിനുമാണ് അപ്രകാരം ചെയ്തത്.

  16. 8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളും,

    രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിക്കും;

    ദേശം പുനരുദ്ധരിക്കുന്നതിനും

    ശൂന്യമായിക്കിടക്കുന്ന അവകാശങ്ങൾ വീണ്ടും ഭാഗംവെക്കുന്നതിനും

    ജനങ്ങൾക്ക് ഒരു ഉടമ്പടിയായി,

    ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും.

    9 തടവറയിലുള്ളവരോട്, ‘പുറത്തുവരിക’ എന്നും

    അന്ധകാരത്തിലിരിക്കുന്നവരോട്, ‘സ്വതന്ത്രരാകുക’ എന്നും പറയേണ്ടതിനുതന്നെ.

    “അവർ വഴികളിലെല്ലാം മേയും

    എല്ലാ മൊട്ടക്കുന്നുകളും അവർക്കു മേച്ചിൽസ്ഥലമാകും.

    10 അവർക്കു വിശക്കുകയില്ല, ദാഹിക്കുകയുമില്ല,

    അത്യുഷ്ണമോ വെയിലോ അവരെ ബാധിക്കുകയില്ല.

    അവരോടു കരുണയുള്ളവൻ അവരെ നയിക്കും,

    നീരുറവകൾക്കരികിലേക്ക് അവർ ആനയിക്കപ്പെടും.

  17. 13 “എന്റെ ജനം രണ്ടു പാപംചെയ്തിരിക്കുന്നു:

    അവർ ജീവജലത്തിന്റെ ഉറവയായ

    എന്നെ ഉപേക്ഷിച്ചിരിക്കുന്നു,

    അവർ സ്വന്തം ജലസംഭരണികൾ കുഴിച്ചിരിക്കുന്നു

    വെള്ളം ശേഖരിക്കാൻ കഴിയാത്ത പൊട്ടിയ ജലസംഭരണികൾതന്നെ.

  18. 6 “വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; “വെള്ളവും വെള്ളവുംതമ്മിൽ വേർപിരിയട്ടെ” എന്നും കൽപ്പിച്ചു. 7 അങ്ങനെ ദൈവം ഒരു വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയുള്ള വെള്ളവും മുകളിലുള്ള വെള്ളവുംതമ്മിൽ വേർതിരിയട്ടെ എന്നു കൽപ്പിച്ചു; അത് അങ്ങനെതന്നെ സംഭവിച്ചു.

  19. 2 നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ,

    ഞാൻ നിന്നോടൊപ്പമുണ്ടാകും;

    നദികളിൽക്കൂടി കടക്കുമ്പോൾ,

    അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല.

    തീയിൽക്കൂടി നീ നടന്നാൽ,

    നിനക്കു പൊള്ളൽ ഏൽക്കുകയില്ല;

    തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.

  20. 5 യേശുവിന്റെ അമ്മ വേലക്കാരോട്, “അദ്ദേഹം നിങ്ങളോട് എന്തു കൽപ്പിച്ചാലും അതു ചെയ്യുക” എന്നു പറഞ്ഞു.

    6 അവിടെ യെഹൂദർ, ആചാരപരമായ ശുദ്ധീകരണത്തിനു വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്നതും നൂറ് ലിറ്ററോളം വെള്ളം കൊള്ളുന്നതുമായ ആറ് കൽഭരണികൾ ഉണ്ടായിരുന്നു.

    7 “ഈ ഭരണികളിൽ വെള്ളം നിറയ്ക്കുക” യേശു വേലക്കാരോടു കൽപ്പിച്ചു; അവർ ഭരണികളുടെ വക്കുവരെ വെള്ളം നിറച്ചു.

    8 തുടർന്ന് “ഇനി ഇതിൽനിന്ന് കുറച്ചു പകർന്ന് കലവറക്കാരന് കൊടുക്കുക,” എന്ന് അദ്ദേഹം കൽപ്പിച്ചു.

    അവർ അങ്ങനെ ചെയ്തു. 9 കലവറക്കാരൻ, വീഞ്ഞായിത്തീർന്ന വെള്ളം രുചിച്ചുനോക്കി. അത് എവിടെനിന്നെന്ന് വേലക്കാർക്ക് അറിയാമായിരുന്നെങ്കിലും കലവറക്കാരന് അറിയില്ലായിരുന്നു. അയാൾ മണവാളനെ അരികിൽ വിളിച്ചുപറഞ്ഞു, 10 “എല്ലാവരും അതിഥികൾക്ക് ആദ്യം ഏറ്റവും നല്ലതരം വീഞ്ഞും, പിന്നീട്, അതിഥികൾ ആവശ്യത്തിലേറെ കുടിച്ചുകഴിഞ്ഞശേഷം, സാധാരണതരത്തിലുള്ള വീഞ്ഞും വിളമ്പുന്നു; എന്നാൽ, താങ്കൾ ഏറ്റവും നല്ലത് ഇതുവരെയും സൂക്ഷിച്ചുവെച്ചിരുന്നല്ലോ!”

    11 യേശു ഗലീലയിലെ കാനായിൽവെച്ച് അത്ഭുതചിഹ്നങ്ങളുടെ ആരംഭമായി ഇതു ചെയ്ത് തന്റെ മഹത്ത്വം വെളിപ്പെടുത്തി; അങ്ങനെ ശിഷ്യന്മാർ അദ്ദേഹത്തിൽ വിശ്വസിച്ചു.

  21. 17 “അവിടന്ന് ഉയരത്തിൽനിന്ന് കൈനീട്ടി എന്നെ പിടിച്ചു;

    പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.

    18 ശക്തരായ എന്റെ ശത്രുവിൽനിന്ന്, എന്റെ വൈരിയിൽനിന്ന് എന്നെ മോചിപ്പിച്ചു,

    അവർ എന്നെക്കാൾ പ്രബലരായിരുന്നു.

  22. 9 “ആകാശത്തിനുതാഴെയുള്ള വെള്ളം ഒരു സ്ഥലത്തു കൂടിച്ചേർന്ന് ഉണങ്ങിയ നിലം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു. 10 ഉണങ്ങിയ നിലത്തിനു ദൈവം “കര” എന്നും വെള്ളത്തിന്റെ ശേഖരത്തിനു “സമുദ്രം” എന്നും പേരുവിളിച്ചു; നല്ലത് എന്നു ദൈവം കണ്ടു.

  23. 25-27 നിർജനദേശത്തും ആൾപ്പാർപ്പില്ലാത്ത

    മരുഭൂമിയിലും മഴ പെയ്യിക്കാനും

    തരിശും ശൂന്യവുമായ സ്ഥലത്തിന്റെ ദാഹം തീർക്കാനും

    പുല്ലിൽ പുതുമുകുളങ്ങൾ മുളപ്പിക്കുന്നതിനും

    ആരാണ് പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന്

    ഒരു മാർഗവും വെട്ടിക്കൊടുത്തത്?

    28 മഴയ്ക്ക് ഒരു പിതാവുണ്ടോ?

    മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?

    29 ആരുടെ ഗർഭത്തിൽനിന്നാണ് ഹിമം പുറത്തുവന്നത്?

    ആകാശത്തിലെ മൂടൽമഞ്ഞിന് ജന്മമേകുന്നത് ആരാണ്?

    30 വെള്ളം ശിലപോലെ കട്ടിയാകുന്നതെപ്പോൾ,

    ആഴിയുടെ ഉപരിതലം ഉറഞ്ഞ് കട്ടിയായിത്തീരുന്നതും എപ്പോൾ?

  24. 13 ഇസ്രായേലിന്റെ പ്രത്യാശയായ യഹോവേ,

    അങ്ങയെ ഉപേക്ഷിച്ചുപോകുന്ന എല്ലാവരും ലജ്ജിതരാകും.

    അങ്ങയെ വിട്ടുപോകുന്നവരെല്ലാം മണ്ണിൽ എഴുതപ്പെടും

    കാരണം, ജീവജലത്തിന്റെ ഉറവയായ യഹോവയെ

    അവർ ഉപേക്ഷിച്ചുകളഞ്ഞല്ലോ.

  25. 1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; വെള്ളം നിറഞ്ഞ ഭൂതലത്തിന്മേൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനുമീതേ വ്യാപരിച്ചുകൊണ്ടിരുന്നു.

    3 “പ്രകാശം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; പ്രകാശം ഉണ്ടായി.

  26. 17 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: 18 “കഴുകേണ്ടതിന് ഒരു വെങ്കലത്തൊട്ടിയും അതിന് ഒരു വെങ്കലക്കാലും നിർമിക്കണം. സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യേ അതു വെച്ച്, അതിൽ വെള്ളം ഒഴിക്കണം. 19 അഹരോനും അവന്റെ പുത്രന്മാരും അതിൽ കൈകാലുകൾ കഴുകണം. 20 അവർ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിന് അവർ യാഗപീഠത്തിൽ ശുശ്രൂഷിക്കാൻ സമീപിക്കുമ്പോഴും തങ്ങൾ മരിക്കാതിരിക്കേണ്ടതിന് അവർ വെള്ളംകൊണ്ടു കഴുകണം. 21 അവർ മരിക്കാതിരിക്കേണ്ടതിന്, തങ്ങളുടെ കൈകാലുകൾ കഴുകണം. ഇത് അഹരോനും അവന്റെ സന്തതിക്കും തലമുറതലമുറയായി എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം.”

  27. 7 അതിനുശേഷം പുരോഹിതൻ തന്റെ വസ്ത്രം അലക്കി, വെള്ളത്തിൽ കുളിക്കണം. തുടർന്ന് അദ്ദേഹത്തിനു പാളയത്തിലേക്കുവരാം. എന്നാൽ സന്ധ്യവരെ അദ്ദേഹം ആചാരപരമായി അശുദ്ധനായിരിക്കും. 8 അതിനെ ദഹിപ്പിക്കുന്ന മനുഷ്യനും തന്റെ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. ആ മനുഷ്യനും സന്ധ്യവരെ അശുദ്ധനായിരിക്കും.

    9 “ശുദ്ധിയുള്ള ഒരാൾ പശുക്കിടാവിന്റെ ചാരം ശേഖരിച്ച് പാളയത്തിനു വെളിയിൽ വെടിപ്പുള്ള ഒരു സ്ഥലത്ത് ഇടണം. ശുദ്ധീകരണജലത്തിനായി ഉപയോഗിക്കാൻ ഇസ്രായേൽസഭ അതു സൂക്ഷിക്കണം; അത് ഒരു പാപശുദ്ധീകരണയാഗം.

  28. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.

    2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,

    പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,

  29. 15 നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക,

    നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക.

    16 നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ,

    നിന്റെ അരുവികൾ ചത്വരങ്ങളിലേക്ക് ഒഴുക്കണമോ?

    17 അതു നിന്റേതുമാത്രമായിരിക്കട്ടെ,

    ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല.

    18 നിന്റെ ജലധാര അനുഗൃഹീതമാകട്ടെ,

    നിന്റെ യൗവനത്തിലെ ധർമപത്നിയുമൊത്ത് ആനന്ദിക്കുക.

    19 അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം—

    അവളുടെ മാറിടം എപ്പോഴും നിന്നെ തൃപ്തനാക്കട്ടെ,

    അവളുടെ പ്രേമത്താൽ നീ എപ്പോഴും ലഹരിപിടിച്ചവനായിരിക്കട്ടെ.

    20 എന്റെ കുഞ്ഞേ, അന്യപുരുഷന്റെ ഭാര്യയെക്കണ്ടു നീ ഉന്മത്തനായിത്തീരുന്നത് എന്തിന്?

    ലൈംഗികധാർമികതയില്ലാത്തവളുടെ മാറിടം പുണരുന്നതും എന്തിന്?

  30. 4 ഒരു മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലപ്പരപ്പുപോലെയാകാം;

    എന്നാൽ ജ്ഞാനത്തിന്റെ ഉറവ കളകളാരവത്തോടെ ഒഴുകുന്ന അരുവിപോലെയും.

  31. 15 ദാവീദ് ദാഹാർത്തനായി, “ഹാ, ബേത്ലഹേം! നഗരവാതിൽക്കലെ കിണറ്റിൽനിന്ന് ആരെങ്കിലും എനിക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നിരുന്നെങ്കിൽ! ആ വെള്ളത്തിനായി എനിക്ക് കൊതിയാകുന്നു.” 16 അതുകേട്ട പരാക്രമശാലികളായ ആ മൂവരും ഫെലിസ്ത്യരുടെ അണികളെ മുറിച്ചുകടന്ന് ബേത്ലഹേം നഗരവാതിലിനടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരി ദാവീദിന്റെ അടുത്തേക്കു കൊണ്ടുവന്നു. എന്നാൽ അദ്ദേഹം അതു കുടിക്കാൻ വിസമ്മതിച്ചു; പകരം അദ്ദേഹം ആ ജലം യഹോവയുടെമുമ്പിൽ നിവേദ്യമായി നിലത്തൊഴിച്ചുകൊണ്ടു

  32. 18 “ആ ദിവസം പർവതങ്ങൾ പുതുവീഞ്ഞു വർഷിക്കും,

    കുന്നുകൾ പാൽ ഒഴുക്കും;

    യെഹൂദാതാഴ്വരകളിലെ അരുവികളിലെല്ലാം വെള്ളം ഒഴുകും.

    യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പ്രവഹിച്ച്

    ശിത്തീം താഴ്വരകളെ നനയ്ക്കും.

  33. 40 “നിങ്ങളെ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവരോ എന്നെ അയച്ച പിതാവിനെ സ്വീകരിക്കുന്നു. 41 ഒരു പ്രവാചകനെ, പ്രവാചകൻ എന്ന കാരണത്താൽ സ്വീകരിക്കുന്ന വ്യക്തിക്ക്, ഒരു പ്രവാചകന് ലഭിക്കുന്ന പ്രതിഫലം ലഭിക്കും; ഒരു നീതിനിഷ്ഠനെ നീതിനിഷ്ഠൻ എന്ന കാരണത്താൽ സ്വീകരിക്കുന്ന വ്യക്തിക്ക്, ഒരു നീതിനിഷ്ഠന് ലഭിക്കുന്ന പ്രതിഫലം ലഭിക്കും. 42 എന്റെ ശിഷ്യൻ എന്ന കാരണത്താൽ ഈ ചെറിയവരിൽ ഒരാൾക്ക് ഒരു പാത്രം തണുത്ത വെള്ളമെങ്കിലും കൊടുക്കുന്നയാൾക്ക് തന്റെ പ്രതിഫലം ഒരിക്കലും നഷ്ടമാകുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

  34. 5 അവരുടെ അമ്മ അവിശ്വസ്തയായിരുന്നു

    അവൾ അപമാനത്തിൽ അവരെ ഗർഭംധരിച്ചു.

    അവൾ ഇപ്രകാരം പറഞ്ഞു: ‘ഞാൻ എന്റെ കാമുകന്മാരുടെ പിന്നാലെ പോകും;

    അവരാണ് എനിക്ക് അപ്പവും വെള്ളവും തരുന്നത്,

    കമ്പിളിയും ചണവസ്ത്രവും ഒലിവെണ്ണയും പാനീയവും എനിക്കു തരുന്നതും അവർതന്നെ.’

  35. 25 രാത്രി മൂന്നുമണിക്കുശേഷം യേശു തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി. 26 അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാർ ഭയവിഹ്വലരായി, “അയ്യോ, ഭൂതം!” എന്നു പറഞ്ഞ് ഭയന്ന് അവർ അലമുറയിട്ടു.

    27 ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.”

    28 അപ്പോൾ പത്രോസ്, “കർത്താവേ, അത് അങ്ങ് ആകുന്നെങ്കിൽ, ഞാൻ വെള്ളത്തിനുമീതേ നടന്ന് അങ്ങയുടെ അടുത്തെത്താൻ കൽപ്പിക്കണമേ” എന്നപേക്ഷിച്ചു.

    29 “വരിക,” അദ്ദേഹം പറഞ്ഞു.

    അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനുമീതേകൂടി യേശുവിന്റെ അടുത്തേക്കു നടന്നു.

  36. 11 ഒരേ ഉറവിൽനിന്നുതന്നെ ശുദ്ധജലവും ലവണജലവും ഉദ്ഗമിക്കുമോ? 12 എന്റെ സഹോദരങ്ങളേ, അത്തിവൃക്ഷത്തിന് ഒലിവും മുന്തിരിവള്ളിക്ക് അത്തിപ്പഴവും കായ്ക്കാൻ കഴിയുമോ? ഉപ്പുറവയ്ക്ക് ഒരിക്കലും ശുദ്ധജലം പുറപ്പെടുവിക്കാൻ സാധ്യമല്ലല്ലോ.

  37. 1 തുടർന്ന് ആ ഏഴു ദൂതന്മാരോട്, “നിങ്ങൾ പോയി ദൈവക്രോധത്തിന്റെ ഏഴു കുംഭങ്ങളും ഭൂമിയിലേക്ക് ഒഴിക്കുക” എന്നു ദൈവാലയത്തിൽനിന്ന് അത്യുച്ചത്തിൽ അരുളിച്ചെയ്യുന്ന ഒരു ശബ്ദം ഞാൻ കേട്ടു.

    2 അപ്പോൾ ഒന്നാമത്തെ ദൂതൻ പുറപ്പെട്ടു തന്റെ കുംഭം ഭൂമിയിൽ ഒഴിച്ചു. മൃഗത്തിന്റെ മുദ്രയുള്ളവരുടെയും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുടെയുംമേൽ ബീഭത്സവും ചീഞ്ഞുനാറുന്നതുമായ വ്രണങ്ങളുണ്ടായി.

    3 രണ്ടാമത്തെ ദൂതൻ തന്റെ കുംഭം സമുദ്രത്തിൽ ഒഴിച്ചു; സമുദ്രത്തിലെ ജലം ശവശരീരത്തിലെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ സകലജീവജാലങ്ങളും ചത്തുപോയി.

    4 മൂന്നാമത്തെ ദൂതൻ തന്റെ കുംഭം നദികളിലും ജലസ്രോതസ്സുകളിലും ഒഴിച്ചു; അവ രക്തമായിത്തീർന്നു. ജലത്തിന്റെമേൽ അധികാരമുള്ള ദൂതൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു:

    5 “ഭൂത, വർത്തമാന ഭേദമില്ലാത്ത പരിശുദ്ധനേ,

    ഈ വിധം ന്യായംവിധിച്ചിരിക്കുകയാൽ അങ്ങ് നീതിമാൻതന്നെ!

    6 അങ്ങയുടെ വിശുദ്ധരുടെയും പ്രവാചകരുടെയും രക്തം ചൊരിഞ്ഞവർക്ക്,

    രക്തം കുടിക്കാൻ കൊടുത്തത് അവർ അർഹിക്കുന്ന ശിക്ഷയല്ലോ!”

  38. 19 യിസ്ഹാക്കിന്റെ ദാസന്മാരും ഈ താഴ്വരയിൽ ശുദ്ധജലമുള്ള ഒരു കിണർ കുഴിച്ചു. 20 എന്നാൽ, ഗെരാരിലെ കന്നുകാലികളുടെ ഇടയന്മാർ യിസ്ഹാക്കിന്റെ കന്നുകാലികളുടെ ഇടയന്മാരോട് “ഈ വെള്ളം ഞങ്ങൾക്കുള്ളതാണ്” എന്നു പറഞ്ഞ് വഴക്കിട്ടു. അവർ തന്നോടു ശണ്ഠകൂടിയതുകൊണ്ട് യിസ്ഹാക്ക് ആ കിണറിന് ഏശെക്ക് എന്നു പേരിട്ടു. 21 പിന്നെ അവർ മറ്റൊരു കിണർ കുഴിച്ചു; എന്നാൽ അതിനെ സംബന്ധിച്ചും അവർ വഴക്കുണ്ടാക്കി; അതുകൊണ്ട് അദ്ദേഹം അതിനു സിത്നാ എന്നു പേരിട്ടു. 22 അദ്ദേഹം അവിടെനിന്നും നീങ്ങി മറ്റൊരു കിണർ കുഴിപ്പിച്ചു; അതിന്റെപേരിൽ ആരും ശണ്ഠയുണ്ടാക്കിയില്ല. “യഹോവ ഇപ്പോൾ നമുക്ക് ആവശ്യമുള്ള സ്ഥലം തന്നിരിക്കുന്നു, നമ്മൾ ദേശത്ത് അഭിവൃദ്ധിപ്പെടും” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ആ കിണറിന് രെഹോബോത്ത് എന്നു പേരിട്ടു.

  39. 21 പിന്നെ മോശ കടലിന്മേൽ കൈനീട്ടി; യഹോവ അന്നു രാത്രിമുഴുവൻ ശക്തമായ ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു. കടൽ പിൻവാങ്ങി ഉണങ്ങിയ നിലം ആയിത്തീർന്നു; വെള്ളം വേർപിരിഞ്ഞു. 22 ഇസ്രായേല്യർ സമുദ്രത്തിൽ ഉണങ്ങിയ നിലത്തുകൂടി നടന്നു; വെള്ളം അവരുടെ വലത്തും ഇടത്തും മതിലായി നിന്നു.

  40. 7 നിങ്ങളുടെ ദൈവമായ യഹോവ മനോഹരമായ ഒരു ദേശത്തേക്കാണല്ലോ നിങ്ങളെ കൊണ്ടുപോകുന്നത്, അതു താഴ്വരയിൽനിന്നും കുന്നുകളിൽനിന്നും ഒഴുകുന്ന അരുവികളും ഉറവുകളും ജലാശയങ്ങളും ഉള്ള ദേശമാണ്; 8 ഗോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഒലിവെണ്ണയും തേനും ഉള്ള ദേശമാണ്; 9 സമൃദ്ധിയിൽ ഉപജീവനം കഴിക്കാവുന്നതും ഒന്നിനും കുറവില്ലാത്തതുമായ ദേശമാണ്. കല്ല് ഇരുമ്പായിരിക്കുന്നതും പർവതങ്ങളിൽനിന്ന് ചെമ്പ് കുഴിച്ചെടുക്കുന്നതുമായ ദേശമാണ്.

    10 നിങ്ങൾ ഭക്ഷിച്ചു തൃപ്തനായശേഷം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ മനോഹരദേശത്തിനുവേണ്ടി അവിടത്തേക്ക് സ്തോത്രംചെയ്യണം.

  41. 7 ക്ഷീണിതർക്കു നീ കുടിക്കാൻ വെള്ളം കൊടുത്തില്ല;

    വിശക്കുന്നവരുടെ ആഹാരം നീ നിഷേധിച്ചു.

  42. 10 ഏദെനിൽനിന്ന് ഒഴുകിയ ഒരു നദി തോട്ടം നനച്ചു. ആ നദി അവിടെനിന്ന് നാലു ശാഖയായി പിരിഞ്ഞൊഴുകി. 11 ഒന്നാമത്തേതിനു പീശോൻ എന്നു പേര്; അതു ഹവീലാദേശം മുഴുവൻ ചുറ്റുന്നു, അവിടെ തങ്കം ഉണ്ട്. 12 ആ ദേശത്തെ തങ്കം അതിവിശിഷ്ടമാണ്; ഗുല്ഗുലുവും ഗോമേദകരത്നവും അവിടെയുണ്ട്. 13 രണ്ടാമത്തെ നദിയുടെ പേര് ഗീഹോൻ; അതു കൂശ് ദേശംമുഴുവനും ചുറ്റിയൊഴുകുന്നു. 14 മൂന്നാമത്തെ നദിയുടെ പേര് ടൈഗ്രീസ്; അത് അശ്ശൂരിൽനിന്നു കിഴക്കോട്ട് ഒഴുകുന്നു. നാലാമത്തെ നദി യൂഫ്രട്ടീസ്.

  43. 11 നോഹയുടെ ആയുസ്സിന്റെ അറുനൂറാംവർഷം, രണ്ടാംമാസം, പതിനേഴാംതീയതിതന്നെ ആഴിയുടെ ഉറവുകൾ തുറക്കപ്പെട്ടു, ആകാശത്തിന്റെ കിളിവാതിലുകളും തുറക്കപ്പെട്ടു. 12 നാൽപ്പതുപകലും നാൽപ്പതുരാവും ഭൂമിയിൽ മഴ പെയ്തുകൊണ്ടേയിരുന്നു.

  44. 22 ഇതിനുശേഷം മോശ ഇസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ടുകൊണ്ടുപോയി. അവർ ശൂർ മരുഭൂമിയിൽ എത്തി. വെള്ളം കണ്ടെത്താതെ അവർ മൂന്നുദിവസം മരുഭൂമിയിൽ സഞ്ചരിച്ചു. 23 അവർ മാറായിൽ എത്തി, മാറായിലെ വെള്ളം കയ്‌പുള്ളതായിരുന്നതിനാൽ അവർക്ക് അതു കുടിക്കാൻ കഴിഞ്ഞില്ല. (അതുകൊണ്ടാണ് ആ സ്ഥലത്തിനു മാറാ എന്നു പറയുന്നത്.) 24 “ഞങ്ങൾ ഇനി എന്തു കുടിക്കും?” എന്നു പറഞ്ഞുകൊണ്ട് ജനം മോശയ്ക്കു വിരോധമായി പിറുപിറുത്തു.

    25 അപ്പോൾ മോശ യഹോവയോടു നിലവിളിച്ചു. യഹോവ അദ്ദേഹത്തിന് ഒരു വൃക്ഷശിഖരം കാണിച്ചുകൊടുത്തു. മോശ അതു വെള്ളത്തിൽ ഇട്ടു; വെള്ളം മധുരമുള്ളതായി.

    അവിടെവെച്ച് യഹോവ അവർക്കായി ഒരു കൽപ്പനയും നിയമവും ഉണ്ടാക്കി; അവിടെ യഹോവ അവരെ പരീക്ഷിച്ചു. 26 അവിടന്ന് അരുളിച്ചെയ്തു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവിടത്തെ ദൃഷ്ടിയിൽ യോഗ്യമായതു പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ, അവിടത്തെ കൽപ്പനകൾ ശ്രദ്ധിക്കുകയും സകല ഉത്തരവുകളും പാലിക്കുകയും ചെയ്യുമെങ്കിൽ, ഈജിപ്റ്റുകാരുടെമേൽ ഞാൻ വരുത്തിയ വ്യാധികളിൽ ഒന്നുപോലും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങളെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു.”

    27 പിന്നെ അവർ ഏലീമിൽ എത്തി. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമടിച്ചു.

  45. 19 ആ നഗരത്തിലെ ആളുകൾ എലീശയോട്: “നോക്കൂ, അങ്ങു കാണുന്നതുപോലെ ഈ നഗരത്തിന്റെ സ്ഥാനം മനോഹരംതന്നെ; എന്നാൽ, ഇതിലെ വെള്ളം മലിനവും ആ പ്രദേശം കൃഷിക്ക് ഉപയുക്തമല്ലാത്തതുമാണ്” എന്നു പറഞ്ഞു.

    20 “ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതിൽ ഉപ്പ് ഇടുക,” എന്ന് അദ്ദേഹം കൽപ്പിച്ചു. അവർ അപ്രകാരംതന്നെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.

    21 അദ്ദേഹം, നീരുറവിന്റെ അടുത്തുചെന്ന് അതിൽ ഉപ്പ് വിതറിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “ ‘ഇതാ, ഈ ജലം ഞാൻ ശുദ്ധമാക്കിയിരിക്കുന്നു; ഇനിമേൽ ഇതു മരണത്തിനോ മണ്ണിന്റെ ഫലശൂന്യതയ്ക്കോ കാരണമാകുകയില്ല,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” 22 എലീശാ പറഞ്ഞ വചനംപോലെ ആ ജലം ഇന്നും ശുദ്ധമായിത്തന്നെയിരിക്കുന്നു.

  46. രണ്ടാംപുസ്തകം

    കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം.

    1 നീർച്ചാലുകൾക്കായി കൊതിക്കുന്ന പേടമാനിനെപ്പോലെ,

    എന്റെ ദൈവമേ, എന്റെ പ്രാണൻ അങ്ങേക്കായി കൊതിക്കുന്നു.

    2 ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായിത്തന്നെ ദാഹിക്കുന്നു.

    എപ്പോഴാണെനിക്കു തിരുസന്നിധിയിലെത്തി ദൈവത്തെ ദർശിക്കാനാകുന്നത്?

    3 രാവും പകലും

    കണ്ണുനീർ എന്റെ ഭക്ഷണമായി മാറിയിരിക്കുന്നു,

    “നിന്റെ ദൈവം എവിടെ?”

    എന്ന് എന്റെ ശത്രുക്കൾ നിരന്തരം ചോദിക്കുകയും ചെയ്യുന്നു.

    4 ഞാൻ എന്റെ ആത്മാവിനെ തിരുസന്നിധിയിൽ പകരുമ്പോൾ,

    ഉത്സവമാചരിക്കുന്ന ജനസഞ്ചയത്തിന്റെ മുന്നിൽ ഞാൻ നടന്നതും

    ആഹ്ലാദത്തിമിർപ്പോടും സ്തോത്രഗീതങ്ങളോടുംകൂടെ

    ദൈവാലയത്തിലേക്കു ഞാൻ

    ഘോഷയാത്രയായി പോയതുമെല്ലാംതന്നെ!

    എന്റെ സ്‌മൃതിപഥത്തിൽ ഓടിയെത്തുന്നു.

    5 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?

    നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു?

    ദൈവത്തിൽ പ്രത്യാശയർപ്പിക്കുക,

    എന്റെ രക്ഷകനും എന്റെ ദൈവവുമേ,

    ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.

  47. 5 ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആലോചനകൾ അഗാധമായ ജലപ്പരപ്പാണ്,

    എന്നാൽ വിവേകമുള്ള മനുഷ്യർ അവ കോരിയെടുക്കുന്നു.

  48. 6 അവിടെ യാക്കോബിന്റെ കിണർ ഉണ്ടായിരുന്നു. യാത്രാക്ഷീണത്താൽ യേശു കിണറ്റിനരികെ ഇരുന്നു. അപ്പോൾ ഏകദേശം മധ്യാഹ്നമായിരുന്നു.

  49. 8 രണ്ടാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ വൻമലപോലെ വലുപ്പമുള്ള എന്തോ ഒന്ന് കത്തിക്കൊണ്ടു സമുദ്രത്തിലേക്കു പതിച്ചു. സമുദ്രത്തിന്റെ മൂന്നിലൊന്നു ഭാഗം രക്തമായിത്തീർന്നു. 9 സമുദ്രത്തിലെ ജീവജാലങ്ങളിൽ മൂന്നിലൊന്നു ചത്തൊടുങ്ങുകയും കപ്പലുകളിൽ മൂന്നിലൊന്നു തകർന്നുപോകുകയും ചെയ്തു.

    10 മൂന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ തീപ്പന്തംപോലെ കത്തിജ്വലിക്കുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്നു നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും നിപതിച്ചു. 11 —ആ നക്ഷത്രത്തിനു കയ്‌പ് എന്നു പേർവിളിക്കപ്പെടുന്നു—ജലാശയങ്ങളിൽ മൂന്നിലൊന്നു കയ്‌പുള്ളതായിത്തീരുകയും തൻനിമിത്തം നിരവധി ആളുകൾ മരിക്കുകയും ചെയ്തു.

  50. 20 “ജലത്തിൽ ജീവജന്തുക്കൾ പെരുകട്ടെ എന്നും ഭൂമിക്കുമീതേ ആകാശവിതാനത്തിൽ പക്ഷികൾ പറക്കട്ടെ,” എന്നും ദൈവം അരുളിച്ചെയ്തു. 21 അങ്ങനെ ദൈവം വലിയ സമുദ്രജീവികളെയും വെള്ളത്തിൽ കൂട്ടമായി ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന അതതുതരം ജന്തുക്കളെയും സൃഷ്ടിച്ചു, കൂടാതെ അതതുതരം പക്ഷികളെയും സൃഷ്ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു.

  51. 14 പിറ്റേദിവസം അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, കുറെ ഭക്ഷണവും ഒരു തുകൽക്കുടം നിറയെ വെള്ളവും എടുത്തു ഹാഗാറിനു കൊടുത്തു. അദ്ദേഹം അത് അവളുടെ തോളിൽ വെച്ചുകൊടുത്തിട്ട് അവളെയും കുട്ടിയെയും പറഞ്ഞയച്ചു. അവൾ യാത്രചെയ്ത് ബേർ-ശേബാ മരുഭൂമിയിലെത്തി അലഞ്ഞുനടന്നു.

    15 കുടത്തിലെ വെള്ളം തീർന്നപ്പോൾ അവൾ ബാലനെ ഒരു കുറ്റിച്ചെടിയുടെ ചുവട്ടിലാക്കി. 16 പിന്നെ അവൾ പോയി, ഏകദേശം ഒരു അമ്പിൻപാട് അകലെ ഇരുന്നു. “ബാലൻ മരിക്കുന്നത് എനിക്കു കാണാൻ വയ്യ” എന്നു പറഞ്ഞുകൊണ്ട് അവനെതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു.

    17 ദൈവം കുട്ടിയുടെ കരച്ചിൽ കേട്ടു; ദൈവദൂതൻ ആകാശത്തുനിന്ന് ഹാഗാറിനെ വിളിച്ച് അവളോട്, “ഹാഗാറേ, നിനക്കെന്തുപറ്റി? ഭയപ്പെടേണ്ട, ബാലൻ കിടക്കുന്നിടത്തുനിന്നുള്ള അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. 18 നീ ചെന്ന് ബാലനെ താങ്ങി എഴുന്നേൽപ്പിച്ചുകൊൾക; ഞാൻ അവനെ വലിയൊരു ജനതയാക്കും” എന്ന് അരുളിച്ചെയ്തു.

    19 പിന്നെ ദൈവം അവളുടെ കണ്ണ് തുറന്നു; അവളൊരു നീരുറവ കണ്ടു. അവൾ ചെന്നു കുടത്തിൽ വെള്ളം നിറച്ചുകൊണ്ടുവന്നു ബാലനു കുടിക്കാൻ കൊടുത്തു.

  52. 1 യഹോവ കൽപ്പിച്ചതനുസരിച്ച് ഇസ്രായേല്യസമൂഹം ഒന്നാകെ സീൻമരുഭൂമിയിൽനിന്ന് യാത്രതിരിച്ചു. അവർ യഹോവയുടെ കൽപ്പനപ്രകാരം പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചതിനുശേഷം രെഫീദീമിൽ എത്തി; താവളമടിച്ചു. എന്നാൽ അവിടെ ജനത്തിനു കുടിക്കാൻ വെള്ളം ഇല്ലായിരുന്നു. 2 “ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരൂ,” എന്നു പറഞ്ഞ് അവർ മോശയോടു കലഹിച്ചു.

    മോശ അവരോട്, “നിങ്ങൾ എന്തിനാണ് എന്നോടു കലഹിക്കുന്നത്? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.

    3 എന്നാൽ അവിടെവെച്ചു ജനത്തിനു ദാഹിക്കുകയും അവർ മോശയോടു പിറുപിറുക്കുകയും ചെയ്തു. “ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും കന്നുകാലികളും ദാഹിച്ചു മരിക്കേണ്ടതിന് നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നത് എന്തിന്?” അവർ ചോദിച്ചു.

    4 അപ്പോൾ മോശ യഹോവയോട്, “ഞാൻ ഈ ജനത്തിന് എന്താണു ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയാൻ പോകുന്നു” എന്നു നിലവിളിച്ചു.

    5 അതിനുത്തരമായി, “നീ ജനത്തിനുമുമ്പായി നടക്കുക. ഇസ്രായേലിലെ ഏതാനും ഗോത്രത്തലവന്മാരെയും കൂടെ കൊണ്ടുപോകണം. നീ നൈൽനദിയെ അടിച്ച വടി കൈയിൽ എടുത്തുകൊള്ളണം. 6 അവിടെ ഹോരേബിലെ പാറമേൽ ഞാൻ നിന്റെ മുമ്പിൽ നിൽക്കും. നീ പാറയെ അടിക്കണം, അതിൽനിന്നു, ജനത്തിനു കുടിക്കാൻ വെള്ളം പുറപ്പെടും” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. മോശ ഇസ്രായേല്യ ഗോത്രത്തലവന്മാർ കാൺകെ അങ്ങനെ ചെയ്തു. 7 ഇസ്രായേല്യർ കലഹിക്കുകയും “യഹോവ ഞങ്ങളുടെ മധ്യേയുണ്ടോ ഇല്ലയോ?” എന്നു പറഞ്ഞുകൊണ്ട് യഹോവയെ പരീക്ഷിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹം ആ സ്ഥലത്തിന് മസ്സാ എന്നും മെരീബാ എന്നും പേരിട്ടു.

  53. 14 അങ്ങനെ ജനം യോർദാനക്കരെ കടക്കാൻ പാളയത്തിൽനിന്ന് പുറപ്പെട്ടു. ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിനുമുമ്പായി നടന്നു. 15 കൊയ്ത്തുകാലമൊക്കെയും യോർദാനിൽ വെള്ളം കരകവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കും. എന്നിട്ടും പേടകം ചുമന്ന പുരോഹിതന്മാർ യോർദാനിൽ എത്തി അവരുടെ പാദം വെള്ളത്തിന്റെ വക്കത്തു സ്പർശിച്ചപ്പോൾത്തന്നെ, 16 മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു; സാരേഥാനു സമീപമുള്ള ആദാം പട്ടണത്തിന്നരികെവരെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി. അരാബയിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം മുഴുവനും വറ്റിപ്പോയി. ജനം യെരീഹോവിനുനേരേ അക്കരെ കടന്നു. 17 ജനമെല്ലാം കടന്നുപോകുന്നതുവരെ യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാർ യോർദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു; ഇസ്രായേല്യർ മുഴുവനും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.

  54. ഒന്നാംപുസ്തകം

    1 ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും

    പാപികളുടെ പാതയിൽ നിൽക്കാതെയും

    പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും

    ജീവിക്കുന്നവർ അനുഗൃഹീതർ.

    2 അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു;

    അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു.

    3 നീർച്ചാലുകൾക്കരികെ നട്ടതും

    അതിന്റെ സമയത്തു ഫലം നൽകുന്നതും

    ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണവർ—

    അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു.

  55. 9 അവിടന്ന് ഭൂമിയെ സന്ദർശിക്കുകയും അത് നനയ്ക്കുകയും ചെയ്യുന്നു;

    അവിടന്ന് അതിനെ അത്യന്തം ഫലപുഷ്ടമാക്കുന്നു.

    ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു;

    ഇങ്ങനെ അങ്ങ് ഭൂമിയെ ഒരുക്കി

    അവർക്കു ധാന്യംനൽകുന്നു.

    10 അങ്ങ് അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു;

    മഴയാൽ അങ്ങ് അതിനെ കുതിർക്കുകയും അതിന്റെ മുളയെ അനുഗ്രഹിക്കുകയും ചെയ്യുന്നു.

    11 അങ്ങ് സംവത്സരത്തെ നന്മകൊണ്ട് കിരീടമണിയിക്കുന്നു,

    അവിടത്തെ പാതകൾ പുഷ്ടിപൊഴിക്കുന്നു.

    12 മരുഭൂമിയിലെ പുൽമേടുകൾ സമൃദ്ധിപൊഴിക്കുന്നു

    കുന്നുകൾ ആനന്ദം അണിഞ്ഞിരിക്കുന്നു.

  56. 17 “അപഹരിക്കപ്പെട്ട ജലം മധുരതരം;

    ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!”

  57. 3 നാം യഹോവയെ അംഗീകരിക്കുക;

    അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക.

    സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ

    ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും.

    അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും

    വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.”

  58. 11 “ഞാൻ നിങ്ങൾക്കു നൽകുന്ന ജലസ്നാനം നിങ്ങൾ മാനസാന്തരപ്പെട്ടു എന്നതിന്റെ പ്രതീകമാണ്. എന്നാൽ, എന്നെക്കാൾ ശക്തനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും.

  59. 13 ഈ സമയത്ത് യോഹന്നാനാൽ സ്നാനം സ്വീകരിക്കുന്നതിന് യേശു ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയിലേക്ക് വന്നു. 14 എന്നാൽ, യോഹന്നാൻ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, “അങ്ങയിൽനിന്ന് സ്നാനം സ്വീകരിക്കുക എന്നതാണ് എന്റെ അഭിലാഷം, എന്നിട്ടും അങ്ങ് എന്റെ അടുത്തേക്കാണല്ലോ വരുന്നത്?”

    15 അതിന് യേശു, “ഇപ്പോൾ ഇതിന് സമ്മതിക്കുക; ഇങ്ങനെ സർവനീതിയും നാം പൂർത്തീകരിക്കുന്നത് ഉചിതമാണല്ലോ” എന്നു പ്രതിവചിച്ചു; അപ്പോൾ യോഹന്നാൻ സമ്മതിച്ചു.

    16 യേശു സ്നാനമേറ്റ് വെള്ളത്തിൽനിന്ന് കയറി; ആ നിമിഷത്തിൽത്തന്നെ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് ഒരു പ്രാവിനെപ്പോലെ തന്റെമേൽ പറന്നിറങ്ങുന്നത് അദ്ദേഹം കണ്ടു. 17 “ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.

  60. 41 ക്രിസ്തുവിന്റെ ശിഷ്യർ എന്ന പരിഗണനയിൽ ഒരു പാത്രം വെള്ളമെങ്കിലും നിങ്ങൾക്കു തരുന്നയാൾക്ക് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  61. 36 അവർ യാത്ര തുടർന്നുകൊണ്ടിരിക്കെ, വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “ഇതാ, ഇവിടെ വെള്ളമുണ്ട്; ഞാൻ സ്നാനമേൽക്കുന്നതിന് എന്തു തടസ്സം?” എന്ന് ഷണ്ഡൻ ഫിലിപ്പൊസിനോട് ചോദിച്ചു. 37 “താങ്കൾ പൂർണഹൃദയത്തോടെ വിശ്വസിക്കുന്നെങ്കിൽ സ്നാനമേൽക്കാം” എന്ന് ഫിലിപ്പൊസ് പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു ഷണ്ഡൻ പറഞ്ഞു. 38 അയാൾ രഥം നിർത്താൻ കൽപ്പിച്ചു. പിന്നെ ഫിലിപ്പൊസും ഷണ്ഡനും വെള്ളത്തിലിറങ്ങി. ഫിലിപ്പൊസ് ഷണ്ഡനെ സ്നാനം കഴിപ്പിച്ചു. 39 അവർ വെള്ളത്തിൽനിന്ന് കയറിയ ഉടനെ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തുകൊണ്ടുപോയി. ഷണ്ഡൻ അദ്ദേഹത്തെ പിന്നെ കണ്ടില്ല. അയാൾ ആനന്ദിച്ചുകൊണ്ട് തന്റെ യാത്രതുടർന്നു.