55 Bible Verses About Drunkenness
Biblica® Open Malayalam Contemporary Version™ (OMCV)
-
15 അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നു സൂക്ഷിക്കുക—അവിവേകികളായിട്ടല്ല, വിവേകികളായിത്തന്നെ ജീവിക്കുക. 16 ഇത് വഷളത്തം വർധിതമായ കാലമാണ്; അതുകൊണ്ട്, ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുക. 17 അജ്ഞാനികളാകരുത്; പിന്നെയോ കർത്താവിന്റെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നവരാകുക. 18 മദ്യപിച്ചു മദോന്മത്തരാകരുത്; അതു വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി 19 സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ പരസ്പരം പ്രബോധിപ്പിക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് കീർത്തനങ്ങൾ ആലപിക്കുകയും 20 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക.
21 ക്രിസ്തുവിനോടുള്ള ഭയഭക്തിയിൽ പരസ്പരവിധേയത്വം പുലർത്തുക.
-
1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു;
അവമൂലം വഴിതെറ്റുന്നവർ ജ്ഞാനിയല്ല.
-
29 ആർക്കാണ് കഷ്ടം? ആർക്കാണ് സങ്കടം?
ആർക്കാണ് സംഘട്ടനം? ആർക്കാണ് ആവലാതി?
ആർക്കാണ് അനാവശ്യ മുറിവുകൾ? ആരുടെ കണ്ണുകളാണ് ചെമന്നുകലങ്ങിയിരിക്കുന്നത്?
30 മദ്യലഹരിയിൽ ദീർഘനേരം ആറാടുകയും
വിവിധതരം മദ്യം രുചിച്ചുനോക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടേതുതന്നെ.
31 വീഞ്ഞു ചെമന്നിരിക്കുമ്പോഴും
ചഷകങ്ങളിൽ നുരഞ്ഞുപൊന്തുമ്പോഴും
അത് ഒരാൾ ആസ്വദിച്ചു കുടിക്കുമ്പോഴും നിങ്ങളതിൽ മിഴിയുറപ്പിക്കരുത്.
32 ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും
അണലിപോലെ വിഷമേൽപ്പിക്കുകയും ചെയ്യും.
33 നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും,
നിങ്ങളുടെ മനസ്സ് മതിമയക്കുന്ന കാര്യങ്ങൾ സങ്കൽപ്പിക്കും.
-
19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.
22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല.
-
11 മദ്യത്തിന്റെ പിറകെ ഓടാനായി
അതിരാവിലെ എഴുന്നേൽക്കുകയും
വീഞ്ഞു തങ്ങളെ മത്തു പിടിപ്പിക്കുംവരെ,
രാത്രിയിൽ ഉറങ്ങാതെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം!
12 അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും
തപ്പും കുഴലും വീഞ്ഞും ഉണ്ട്,
എങ്കിലും യഹോവയുടെ പ്രവൃത്തികൾ അവർ ശ്രദ്ധിക്കുന്നില്ല;
അവിടത്തെ കൈവേലയെപ്പറ്റി യാതൊരു ബഹുമാനവുമില്ല.
-
4 ലെമുവേലേ, ഇതു രാജാക്കന്മാർക്കു ചേർന്നതല്ല,
സുരാപാനം രാജാക്കന്മാർക്കനുചിതം,
മദ്യപാനം ഭരണാധിപർക്കു ഭൂഷണമല്ല,
5 അവർ മദ്യപിച്ചിട്ട് നിയമം വിസ്മരിക്കുകയും
പീഡിതരുടെ അവകാശങ്ങൾ അപഹരിക്കാതിരിക്കുകയുംചെയ്യട്ടെ.
6 നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യവും
തീവ്രയാതന അനുഭവിക്കുന്നവർക്കു വീഞ്ഞും പകരൂ!
7 അവർ പാനംചെയ്യട്ടെ, ദാരിദ്ര്യം മറന്നുപോകട്ടെ;
തങ്ങളുടെ അരിഷ്ടത ഓർക്കാതെയുമിരിക്കട്ടെ.
8 സ്വയം ശബ്ദമുയർത്താൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുക,
അനാഥരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിത്തന്നെ.
9 ശബ്ദമുയർത്തുക, നീതിയുക്തമായ തീർപ്പുകൾ പുറപ്പെടുവിക്കുക;
ദരിദ്രരുടെയും അഗതികളുടെയും അവകാശങ്ങൾക്കായി നിലകൊള്ളുക.
-
19 എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക,
നിന്റെ ഹൃദയം നേരായ പാതയിൽ ഉറപ്പിച്ചുനിർത്തുക:
20 അമിതമായി മദ്യം കുടിക്കുന്നവരുടെയോ
മാംസഭക്ഷണത്തിൽ അമിതാസക്തി കാട്ടുന്നവരുടെയോ സംഘത്തിൽ ചേരരുത്,
21 കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും;
മദോന്മത്തത അവരെ കീറത്തുണിയുടുപ്പിക്കും.
-
7 എന്നാൽ ഇവരും വീഞ്ഞുനിമിത്തം ആടി നടക്കുകയും
മദ്യംനിമിത്തം വേച്ചുപോകുകയും ചെയ്യുന്നു:
പുരോഹിതന്മാരും പ്രവാചകന്മാരും മദ്യം കുടിച്ച് ചാഞ്ചാടുന്നു,
അവർ വീഞ്ഞിനാൽ മത്തരും
മദോന്മത്തതയിൽ വേച്ചു നടക്കുന്നവരുമത്രേ.
ദർശനങ്ങൾ ദർശിക്കുമ്പോൾ അവർക്ക് തെറ്റ് പറ്റുന്നു,
വിധി പ്രസ്താവിക്കുമ്പോൾത്തന്നെ അവർ പാളിപ്പോകുന്നു.
8 മേശകളെല്ലാം ഛർദികൊണ്ടു നിറഞ്ഞിരിക്കുന്നു,
വൃത്തിയുള്ള ഒരു സ്ഥലംപോലും അവശേഷിച്ചിട്ടില്ല.
-
34 “സൂക്ഷിക്കുക! സുഖലോലുപതയിലും മദ്യാസക്തിയിലും മതിമറന്നും, ജീവിതോത്കണ്ഠയിൽ ആമഗ്നരായും മന്ദമനസ്ക്കരായിത്തീർന്നിട്ട് ആ നാൾ ഒരു കെണി എന്നപോലെ തികച്ചും അപ്രതീക്ഷിതമായി നിങ്ങൾക്കു വരാതിരിക്കട്ടെ.
-
11 ഈ കാലഘട്ടത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞുവേണം നാം ഇതു ചെയ്യേണ്ടത്: നാം ആദ്യമായി കർത്താവിൽ വിശ്വാസമർപ്പിച്ച സമയത്തെക്കാൾ നമ്മുടെ രക്ഷ ഇപ്പോൾ ഏറ്റവും അടുത്തിരിക്കുന്നതുകൊണ്ട് ആലസ്യംവിട്ടുണരേണ്ട സമയമാണിത്. 12 രാത്രി കഴിയാറായി; രക്ഷയുടെ പകൽ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട്, നാം അന്ധകാരത്തിന്റെ പ്രവൃത്തികൾ ഉപേക്ഷിക്കുകയും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കുകയുംചെയ്യുക. 13 പകൽസമയത്തെന്നപോലെ നമ്മുടെ ജീവിതരീതി മാന്യമായിരിക്കട്ടെ. കാമോന്മാദത്തിലും മദ്യോന്മത്തതയിലുമല്ല, ഭോഗാസക്തിയിലും കുത്തഴിഞ്ഞ ജീവിതത്തിലുമല്ല, ലഹളയിലും അസൂയയിലുമല്ല, 14 മറിച്ച്, കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചവരായി നിങ്ങൾ ജീവിക്കുക. ശാരീരികാഭിലാഷങ്ങളിൽ ചിന്താമഗ്നരാകരുത്.
-
20 കർഷകനായ നോഹ ഒരു മുന്തിരിത്തോപ്പു നട്ടുപിടിപ്പിക്കാൻ തുടങ്ങി. 21 നോഹ അതിൽനിന്നുള്ള വീഞ്ഞുകുടിച്ച് ലഹരിക്കടിമപ്പെട്ടു തന്റെ കൂടാരത്തിനുള്ളിൽ, വിവസ്ത്രനായിക്കിടന്നു. 22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടിട്ട് പുറത്തുചെന്ന് രണ്ടു സഹോദരന്മാരെയും അറിയിച്ചു.
-
23 നിന്റെ ഉദരസബന്ധമായ അസ്വസ്ഥതയും കൂടെക്കൂടെയുള്ള അസുഖങ്ങളും നിമിത്തം വെള്ളംമാത്രം കുടിക്കാതെ അൽപ്പം വീഞ്ഞും സേവിക്കുക.
24 ചിലരുടെ പാപങ്ങൾ ന്യായവിധിക്കുമുമ്പുതന്നെ വെളിപ്പെട്ടുവരുന്നു; എന്നാൽ, മറ്റുചിലരുടെ പാപങ്ങൾ അവരെ പിൻതുടർന്നുവരുന്നതേയുള്ളു. 25 സൽപ്രവൃത്തികളും അതുപോലെതന്നെ വെളിപ്പെട്ടുവരും; രഹസ്യത്തിൽ ചെയ്തവയും വെളിപ്പെടാതിരിക്കുകയില്ല.
-
8 പിന്നീടു യഹോവ അഹരോനോടു പറഞ്ഞു: 9 “നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്, സമാഗമകൂടാരത്തിനകത്തു പോകുമ്പോൾ ഒരിക്കലും നീയും നിന്റെ പുത്രന്മാരും വീഞ്ഞോ മദ്യമോ കുടിക്കരുത്. ഇതു വരാനുള്ള തലമുറകൾക്ക് എന്നും നിലനിൽക്കുന്ന നിയമം ആകുന്നു. 10 ഇങ്ങനെ നിങ്ങൾക്കു വിശുദ്ധവും സാധാരണവുംതമ്മിലും ശുദ്ധവും അശുദ്ധവുംതമ്മിലും വേർതിരിച്ചറിയാം. 11 യഹോവ മോശമുഖാന്തരം ഇസ്രായേൽമക്കൾക്കു കൊടുത്ത എല്ലാ ഉത്തരവുകളും നീ അവരെ പഠിപ്പിക്കണം.”
-
1 ക്രിസ്തു ശരീരത്തിൽ കഷ്ടം സഹിച്ചതിനാൽ നിങ്ങളും അതുപോലെതന്നെ കഷ്ടം സഹിക്കാൻ സന്നദ്ധരായിരിക്കുക. കാരണം, ശാരീരിക കഷ്ടതകൾ പാപത്തിന് തടയിടുന്നു. 2 തത്ഫലമായി ശാരീരിക കഷ്ടത അനുഭവിക്കുന്ന വ്യക്തി, പാപകരമായ മാനുഷികമോഹങ്ങൾ പൂർത്തീകരിക്കാനല്ല, മറിച്ച്, ശിഷ്ടായുസ്സ് ദൈവഹിതം അന്വേഷിക്കുന്നയാളായി ജീവിക്കും. 3 കഴിഞ്ഞകാലങ്ങളിൽ, യെഹൂദേതരർ ഇഷ്ടപ്പെട്ടതും അവർ അനുവർത്തിച്ചുവന്നതുമായ, കുത്തഴിഞ്ഞ ജീവിതരീതി, ദുർമോഹം, മദ്യപാനം, മദിരോത്സവം, കൂത്താട്ടം, നിഷിദ്ധമായ വിഗ്രഹാരാധന തുടങ്ങിയവയിൽ നിങ്ങൾ ജീവിച്ചിരുന്നു. 4 അവരുടെ അപരിഷ്കൃതവും നാശകരവുമായ ചര്യകളിൽ നിങ്ങൾ അവരോടൊപ്പം പങ്കു ചേരാത്തതിൽ അവർ അത്ഭുതപ്പെടുകയും നിങ്ങളെ ദുഷിക്കുകയുംചെയ്യുന്നു. 5 എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിക്കാൻ തയ്യാറായിരിക്കുന്ന ദൈവത്തിനുമുമ്പാകെ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. 6 അതുകൊണ്ടാണ് ഇപ്പോൾ മൃതാവസ്ഥയിലിരിക്കുന്നവരോടും സുവിശേഷം പ്രസംഗിച്ചത്. അവർ സകലമനുഷ്യരെയുംപോലെ മരണത്തിന് വിധിക്കപ്പെടുന്നവരെങ്കിലും ആത്മാവിൽ ദൈവത്തെപ്പോലെ ജീവിക്കുന്നു.
-
9 അധർമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ദുർനടപ്പുകാർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാരും സ്ത്രീകളും, 10 മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപർ, അപവാദം പരത്തുന്നവർ, അന്യരുടെ പണം അപഹരിക്കുന്നവർ ഇങ്ങനെയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 11 നിങ്ങളിൽ ചിലർ ഇങ്ങനെയുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കഴുകപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നീതീകരിക്കപ്പെട്ടവരും ആയിത്തീർന്നു.
-
14 കന്നുകാലികൾക്കായി അവിടന്ന് പുല്ല് മുളപ്പിക്കുന്നു
മനുഷ്യർക്ക് ആഹാരം ലഭിക്കേണ്ടതിനു ഭൂമിയിൽനിന്ന്
സസ്യസമ്പത്തും അവിടന്ന് വളരുമാറാക്കുന്നു:
15 മനുഷ്യഹൃദയത്തിന് ആനന്ദമേകുന്ന വീഞ്ഞ്,
അവരുടെ മുഖത്തെ മിനുക്കുന്നതിനുള്ള എണ്ണ,
മനുഷ്യഹൃദയത്തിനു ശക്തിപകരുന്ന ആഹാരം എന്നിവതന്നെ.
-
17 സുഖലോലുപത ഇഷ്ടപ്പെടുന്നവർ ദരിദ്രരായിത്തീരും;
വീഞ്ഞും സുഗന്ധതൈലവും ഇഷ്ടപ്പെടുന്നവർ ഒരിക്കലും സമ്പന്നരാകുകയില്ല.
-
1 എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടത്തിന് ഹാ കഷ്ടം!
വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യത്തിന്,
ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണമായ നഗരത്തിന്,
മദോന്മത്തരായി വീണുകിടക്കുന്നവരുടെ അഹന്തയായ നഗരത്തിനുംതന്നെ.
2 ഇതാ, കർത്താവിനു ശക്തനും ബലവാനുമായ ഒരുവനുണ്ട്.
കന്മഴപോലെയും വിനാശകാരിയായ കൊടുങ്കാറ്റുപോലെയും
കൂലംകുത്തി ജലമൊഴുക്കുന്ന മഴപോലെയും പ്രളയം ഉണ്ടാക്കുന്ന പെരുമഴ പോലെയും,
അതിശക്തിയോടെ അവൻ അതിനെ നിലത്തു തള്ളിയിടും.
3 എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടം
കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും.
-
15 “അയൽവാസിയുടെ നഗ്നത കാണേണ്ടതിന്
അവരെ മദ്യം കുടിപ്പിക്കയും അവർക്കു മത്തുപിടിക്കുവോളം
വീണ്ടും പകർന്നുകൊടുക്കയും ചെയ്യുന്നവർക്കു ഹാ കഷ്ടം!
16 തേജസ്സിനു പകരം ലജ്ജ നിന്നെ മൂടും.
ഇതാ, നിന്റെ ഊഴം വന്നിരിക്കുന്നു, കുടിച്ചുമത്തനായി നിന്റെ നഗ്നത അനാവൃതമാക്കുക!
യഹോവയുടെ വലങ്കൈയിൽനിന്നുള്ള പാനപാത്രം നിന്റെ നേർക്കു വരുന്നു,
ലജ്ജ നിന്റെ തേജസ്സിനെ മൂടും.
17 നീ ലെബാനോൻ വനത്തോടു ചെയ്ത അതിക്രമം നിനക്കുമീതേ കവിഞ്ഞൊഴുകും,
നീ നടത്തിയ വന്യമൃഗസംഹാരം നിന്നെ ഭയപ്പെടുത്തും.
നീ മനുഷ്യരക്തം ചൊരിഞ്ഞ്,
ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള ഏവരെയും നശിപ്പിച്ചതുകൊണ്ടുതന്നെ.
-
22 വീഞ്ഞു കുടിക്കുന്നതിൽ വീരന്മാരായവർക്കും
വീര്യമുള്ള മദ്യം കലർത്തുന്നതിൽ ശൂരന്മാരുമായവർക്കും അയ്യോ കഷ്ടം!
23 അവർ കൈക്കൂലി വാങ്ങി ദുഷ്ടരെ കുറ്റവിമുക്തരാക്കുകയും
നിഷ്കളങ്കർക്ക് തങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുന്നു.
-
11 ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും
പഴയ വീഞ്ഞിനും പുതിയ വീഞ്ഞിനും
അവർ സ്വയം ഏൽപ്പിച്ചുകൊടുത്തു.
12 എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു,
ദേവപ്രശ്നംവെക്കുന്നവരുടെ ദണ്ഡിൽനിന്ന് അവർക്കു മറുപടി ലഭിക്കുന്നു.
വ്യഭിചാരത്തിന്റെ ആത്മാവ് അവരെ വഴിതെറ്റിക്കുന്നു;
അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
-
11 സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് ഒരുവിധത്തിലും ഇടകലരരുത്. അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്.
-
1 സഹോദരങ്ങളേ, സമയങ്ങളെയും കാലങ്ങളെയുംകുറിച്ചു നിങ്ങൾക്ക് എഴുതേണ്ട ആവശ്യമില്ല. 2 കള്ളൻ രാത്രിയിൽ വരുന്നതുപോലെയാണ് കർത്താവിന്റെ ദിവസം വരുന്നതെന്ന് നിങ്ങൾക്കു സുവ്യക്തമായി അറിയാം. 3 “സമാധാനമെന്നും, സുരക്ഷിതമെന്നും” അവർ പറയുമ്പോൾ തന്നെ, ഗർഭിണിക്കു പ്രസവവേദന ഉണ്ടാകുന്നപോലെ അവർക്കു പെട്ടെന്നു നാശം വന്നുചേരും; അതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുകയുമില്ല.
4 എന്നാൽ സഹോദരങ്ങളേ, ആ ദിവസം കള്ളന്റെ വരവ് എന്നപോലെ നിങ്ങളെ അമ്പരപ്പിക്കേണ്ടതിന് നിങ്ങൾ അന്ധകാരത്തിലുള്ളവരല്ല; 5 നിങ്ങളെല്ലാവരും പ്രകാശത്തിന്റെ മക്കൾ; അതേ പകലിന്റെ മക്കൾ ആകുന്നു. നാം രാത്രിയുടെയും അന്ധകാരത്തിന്റെയും സ്വന്തമല്ല. 6 അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറങ്ങാതെ, നമുക്കു ജാഗ്രതയും സമചിത്തതയും ഉള്ളവരായിരിക്കാം. 7 ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. 8 എന്നാൽ നാം പകലിനുള്ളവർ ആയതിനാൽ, വിശ്വാസം, സ്നേഹം എന്നിവ കവചമായും, രക്ഷയുടെ പ്രത്യാശ ശിരോരക്ഷണമായും ധരിച്ചു നമുക്കു സുബോധമുള്ളവർ ആയിരിക്കാം. 9 ദൈവം നമ്മെ ക്രോധത്തിന് ഇരയാക്കാനല്ല; നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയ്ക്കായാണ് നിയമിച്ചിരിക്കുന്നത്. 10 നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും അവിടത്തോടുകൂടെ ജീവിക്കേണ്ടതിനാണ് യേശു നമുക്കുവേണ്ടി മരിച്ചത്. 11 ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ പരസ്പരം പ്രോത്സാഹിപ്പിക്കുകയും പണിത് ഉയർത്തുകയുംചെയ്യുക.
-
36 അബീഗയിൽ നാബാലിന്റെ അടുത്ത് എത്തിയപ്പോൾ അയാൾ സ്വഭവനത്തിൽ രാജകീയമായ ഒരു വിരുന്നു നടത്തുകയായിരുന്നു. അയാൾ ഏറ്റവും ഉല്ലാസഭരിതനും മദ്യപിച്ചു മദോന്മത്തനും ആയിത്തീർന്നു. അതിനാൽ പിറ്റേദിവസം പ്രഭാതംവരെ അവൾ അയാളോടു യാതൊന്നും പറഞ്ഞില്ല. 37 പ്രഭാതത്തിൽ നാബാൽ അയാളുടെ മദ്യലഹരി ഒഴിഞ്ഞ സമയത്ത് സകലകാര്യങ്ങളും ഭാര്യ അയാളോടു പറഞ്ഞു. ഇതു കേട്ടപ്പോൾ അയാളുടെ ഹൃദയം നിർജീവമായി; അയാൾ മരവിച്ചിരുന്നുപോയി.
-
13 ദാവീദിന്റെ ക്ഷണം അനുസരിച്ച് ഊരിയാവ് അദ്ദേഹത്തോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തു. ദാവീദ് അയാളെ വീഞ്ഞുകുടിപ്പിച്ചു മത്തനാക്കി. എന്നിട്ട് ഊരിയാവ് സന്ധ്യാസമയത്ത് പുറത്തുകടന്ന് യജമാനന്റെ സേവകഗണത്തോടൊപ്പം തന്റെ പായിൽ കിടന്നുറങ്ങി; അദ്ദേഹം തന്റെ വീട്ടിൽ പോയില്ല.
-
9 ഏലയുടെ ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ രഥസൈന്യങ്ങളിൽ പകുതിക്ക് അധിപനുമായ സിമ്രി അയാൾക്കെതിരേ ഗൂഢാലോചന നടത്തി. ഏലാ ആ സമയത്ത് മദ്യപിച്ചു മദോന്മത്തനായി തിർസ്സയിൽ കൊട്ടാരത്തിന്റെ ഭരണാധിപനുമായ അർസ്സയുടെ വീട്ടിൽ ഇരിക്കുകയായിരുന്നു. 10 സിമ്രി അകത്തുകടന്ന് അദ്ദേഹത്തെ വെട്ടിക്കൊന്നു. യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാംവർഷത്തിലാണ് ഇതു സംഭവിച്ചത്. അതിനെത്തുടർന്ന്, സിമ്രി അടുത്ത രാജാവായി സ്ഥാനമേറ്റു.
-
1 ബേൽശസ്സർ രാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വിരുന്നു നടത്തി, അവരോടൊപ്പം അദ്ദേഹം വീഞ്ഞുകുടിച്ചു. 2 ബേൽശസ്സർ വീഞ്ഞു രുചിച്ചുനോക്കിയശേഷം തന്റെ പിതാവായ നെബൂഖദ്നേസർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണംകൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങൾ കൊണ്ടുവരാൻ ആജ്ഞാപിച്ചു. രാജാവും പ്രഭുക്കന്മാരും രാജപത്നിമാരും വെപ്പാട്ടികളും ആ പാത്രങ്ങളിൽനിന്ന് കുടിക്കേണ്ടതിനാണ് ഈ കൽപ്പന പുറപ്പെടുവിച്ചത്. 3 അങ്ങനെ അവർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണപ്പാത്രങ്ങൾ കൊണ്ടുവന്നു. രാജാവും പ്രഭുക്കന്മാരും രാജാവിന്റെ പത്നിമാരും വെപ്പാട്ടികളും അവയിൽനിന്നു കുടിച്ചു. 4 അവർ വീഞ്ഞുകുടിച്ചശേഷം സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവതകളെ സ്തുതിച്ചു.
5 പെട്ടെന്ന് ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ടു. വിളക്കുതണ്ടിനുനേരേയുള്ള രാജകൊട്ടാരത്തിന്റെ വെൺഭിത്തിമേൽ എഴുതാനാരംഭിച്ചു. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവു കണ്ടു. 6 രാജാവിന്റെ മുഖം വിളറി ഭയപരവശനായി; അദ്ദേഹത്തിന്റെ അരയുടെ ഏപ്പ് അഴിഞ്ഞു; കാൽമുട്ടുകൾ കൂട്ടിയിടിച്ചു.
-
2 അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം. 3 മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തനായിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്;
-
1 എന്നാൽ, നിർമലോപദേശത്തിന് യോഗ്യമായതുമാത്രം നീ പഠിപ്പിക്കുക. 2 നിന്നെക്കാൾ പ്രായമുള്ള പുരുഷന്മാർ സമചിത്തരും ബഹുമാന്യരും ബുദ്ധിപൂർവം പ്രവർത്തിക്കുന്നവരും അചഞ്ചലമായ വിശ്വാസവും സ്നേഹവും സഹിഷ്ണുതയും ഉള്ളവരും ആയിരിക്കാൻ നീ ഉപദേശിക്കുക.
3 അങ്ങനെതന്നെ, നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളും ജീവിതത്തിൽ നല്ല പെരുമാറ്റമുള്ളവരും പരദൂഷണം പറയാത്തവരും മദ്യപിക്കാത്തവരും നല്ലതു പഠിപ്പിക്കുന്നവരുമായിരിക്കാൻ ഉപദേശിക്കുക. 4 ദൈവവചനം അപകീർത്തിപ്പെടാതെ ഇരിക്കേണ്ടതിന് സ്വന്തം ഭർത്താക്കന്മാരെയും മക്കളെയും സ്നേഹിക്കുന്നവരും 5 ആത്മനിയന്ത്രണമുള്ളവരും നിർമലരും വീട്ടുകാര്യങ്ങൾ നന്നായി നോക്കുന്നവരും ദയാശീലരും തങ്ങളുടെ ഭർത്താക്കന്മാർക്കു വിധേയപ്പെടുന്നവരും ആയിരിക്കാൻ യുവതികളെ പ്രോത്സാഹിപ്പിക്കുക.
-
12 അവൾ യഹോവയുടെ സന്നിധിയിൽ തുടർന്നു പ്രാർഥിച്ചുകൊണ്ടിരുന്നു. ഏലി അവളുടെ അധരങ്ങളുടെ ചലനം സൂക്ഷിച്ചുനോക്കി. 13 ഹന്നാ ഹൃദയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നതിനാൽ അവളുടെ ചുണ്ടുകൾ ചലിച്ചുകൊണ്ടിരുന്നെങ്കിലും ശബ്ദം പുറത്തു വന്നിരുന്നില്ല. അതിനാൽ ലഹരിപിടിച്ച ഒരു സ്ത്രീയാണവൾ എന്ന് ഏലിക്കു തോന്നി. 14 അതുകൊണ്ട് അദ്ദേഹം അവളോട്: “നീ എത്രനാൾ ഇങ്ങനെ ലഹരിയിൽ കഴിയും? നിന്റെ വീഞ്ഞ് ഉപേക്ഷിക്കുക” എന്നു പറഞ്ഞു.
15 “അങ്ങനെയല്ല യജമാനനേ,” ഹന്നാ ഉത്തരം പറഞ്ഞു, “വളരെയേറെ മനോവ്യഥ അനുഭവിക്കുന്ന ഒരു സ്ത്രീയാണു ഞാൻ. വീഞ്ഞോ ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല; യഹോവയുടെമുമ്പാകെ എന്റെ ഹൃദയം പകരുകമാത്രമാണ് ഞാൻ ചെയ്തത്. 16 അങ്ങയുടെ ഈ ദാസിയെ ഒരു നീചസ്ത്രീയായി കാണരുതേ! എന്റെ അതിവേദനയും തീവ്രദുഃഖവുംമൂലം ഞാൻ പ്രാർഥിക്കുകയായിരുന്നു.”
-
13 എന്നാൽ മറ്റുചിലർ, “പുതുവീഞ്ഞിനാൽ ഇവർ ഉന്മത്തരായിരിക്കുന്നു” എന്നു പറഞ്ഞ് പരിഹസിച്ചു.
14 അപ്പോൾ പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി ജനത്തെ അഭിസംബോധനചെയ്ത് ഇങ്ങനെ വിശദീകരിച്ചു: “യെഹൂദാജനമേ, ജെറുശലേംനിവാസികൾ എല്ലാവരുമേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ഞാൻ വിശദീകരിക്കാം. 15 നിങ്ങൾ ചിന്തിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; കാരണം, ഇപ്പോൾ രാവിലെ ഒൻപതുമണിമാത്രമല്ലേ ആയിട്ടുള്ളൂ?
-
20 ഭക്ഷണം ദൈവത്തിന്റെ പ്രവൃത്തിയെ ശിഥിലമാക്കാൻ കാരണമാകരുത്. എല്ലാം ശുദ്ധമാണ്, എന്നാൽ ഒരു വസ്തു ഭക്ഷിക്കുന്നതിലൂടെ സഹവിശ്വാസി പാപത്തിലേക്കു നയിക്കപ്പെടുന്നു എങ്കിൽ ആ ഭക്ഷണം അശുദ്ധമാണ്. 21 മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹവിശ്വാസിയെ പാപത്തിലേക്കു നയിക്കുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതാണ് നല്ലത്.
22 ഈ വിഷയത്തെക്കുറിച്ചുള്ള നിന്റെ വിശ്വാസം നീയും ദൈവവുമായുള്ള ഒരു കാര്യമായി ചിന്തിക്കുക. ഒരാൾ ശരിയെന്ന് അംഗീകരിച്ചു പ്രവർത്തിക്കുന്നത് അയാൾക്കു കുറ്റബോധം ഉണ്ടാക്കുന്നില്ല എങ്കിൽ ആ വ്യക്തി അനുഗ്രഹിക്കപ്പെട്ടവൻ. 23 എന്നാൽ, സന്ദേഹത്തോടെ ഭക്ഷിക്കുന്നയാൾ അത് ഉത്തമവിശ്വാസത്തോടുകൂടിയല്ല ചെയ്യുന്നത് എന്നതുകൊണ്ട് കുറ്റക്കാരനാണ്. ശരിയാണെന്ന ഉത്തമവിശ്വാസത്തിൽനിന്ന് ഉത്ഭവിക്കാത്തതെല്ലാം പാപമാണ്.
-
31 നിങ്ങൾ ഭക്ഷിച്ചാലും പാനംചെയ്താലും മറ്റെന്തു ചെയ്താലും, അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുക; 32 യെഹൂദർക്കും ഗ്രീക്കുകാർക്കും ദൈവസഭയ്ക്കും പാപംചെയ്യാൻ കാരണമുണ്ടാക്കരുത്. 33 ഞാനും എല്ലാവരെയും എല്ലാവിധത്തിലും പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ. ഞാൻ എന്റെ നന്മയല്ല, അനേകർ രക്ഷിക്കപ്പെടാൻ സാധ്യമാകേണ്ടതിന് അവരുടെ നന്മയാണ് അന്വേഷിക്കുന്നത്.
-
20 നിങ്ങൾ സമ്മേളിക്കുമ്പോൾ കർത്താവിന്റെ അത്താഴത്തിലല്ല നിങ്ങൾ പങ്കുകാരാകുന്നത്; 21 കാരണം ഓരോരുത്തരും മറ്റാർക്കുംവേണ്ടി കാത്തുനിൽക്കാതെ ഭക്ഷണം കഴിക്കുന്നു. ഒരാൾ വിശന്നിരിക്കുമ്പോൾ മറ്റൊരാൾ കുടിച്ചു മദിച്ചിരിക്കുന്നു. 22 തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകൾ ഇല്ലേ? നിങ്ങൾ ദൈവസഭയോട് അനാദരവ് കാട്ടുകയും ദരിദ്രരെ നിന്ദിക്കുകയുംചെയ്യുന്നോ? എന്താണു നിങ്ങളോടു ഞാൻ പറയേണ്ടത്? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തണോ? സാധ്യമല്ല.
-
1 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: 2 “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ വിശേഷാലുള്ള ഒരു വ്രതം—ഒരു നാസീറായി യഹോവയ്ക്കു സ്വയം വേർതിരിക്കുന്നതിനുള്ള ഒരു വ്രതം—അനുഷ്ഠിക്കാൻ ഇച്ഛിക്കുന്നെങ്കിൽ 3 വീഞ്ഞോ മദ്യമോ കുടിക്കരുത്; വീഞ്ഞിൽനിന്നോ മദ്യത്തിൽനിന്നോ ഉണ്ടാക്കിയ വിന്നാഗിരിയും ഉപയോഗിക്കരുത്. മുന്തിരിച്ചാർ കുടിക്കുകയോ പഴുത്തമുന്തിരിങ്ങയോ ഉണക്കമുന്തിരിങ്ങയോ തിന്നുകയോ അരുത്.
-
48 എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്ന ദുഷ്ടനാണ് ആ ഭൃത്യനെങ്കിൽ, 49 അയാൾ തന്റെ സഹഭൃത്യരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും. 50 ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. 51 അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് കപടഭക്തർക്കൊപ്പം ഇടം നൽകും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
-
18 ശാഠ്യക്കാരനും മത്സരിയും മാതാപിതാക്കളുടെ വാക്ക് അനുസരിക്കാത്തവനും അവർ ശാസിച്ചിട്ടും വഴങ്ങാത്തവനുമായ മകൻ ഒരുവന് ഉണ്ടെങ്കിൽ 19 അവന്റെ മാതാപിതാക്കൾ അവനെ പിടിച്ച് നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തു കൊണ്ടുവരണം. 20 അവർ ഗോത്രത്തലവന്മാരോട് ഇങ്ങനെ പറയണം: “ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയുമാണ്. ഇവൻ ഞങ്ങളെ അനുസരിക്കുന്നില്ല. ഇവൻ അമിതഭക്ഷണപ്രിയനും മദ്യപനുമാണ്.” 21 അപ്പോൾ നഗരനിവാസികളെല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലണം. നിങ്ങളുടെ ഇടയിലുള്ള തിന്മ ഇങ്ങനെ നീക്കിക്കളയണം. ഇസ്രായേൽമുഴുവൻ ഇതു കേട്ട് ഭയപ്പെടണം.
-
4 ആകയാൽ വീഞ്ഞും മദ്യവും കുടിക്കാതിരിക്കാൻ സൂക്ഷിക്കുക. അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്. 5 നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭംമുതൽ ദൈവത്തിന് നാസീർവ്രതസ്ഥനായിരിക്കും; അവൻ ഇസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്ന് മോചിപ്പിക്കാൻ തുടങ്ങും.”
6 അപ്പോൾ ആ സ്ത്രീ പോയി തന്റെ ഭർത്താവിനോട് പറഞ്ഞു: “ഒരു ദൈവപുരുഷൻ എന്റെ സമീപത്ത് വന്നു; അദ്ദേഹം ഒരു ദൈവദൂതനെപ്പോലെ കാണപ്പെട്ടു; ഭയാവഹമായ ഒരു കാഴ്ചയായിരുന്നു അത്. അദ്ദേഹം എവിടെനിന്നു വരുന്നു എന്നു ഞാൻ അദ്ദേഹത്തോട് ചോദിച്ചില്ല; അദ്ദേഹം എന്നോട് പേര് പറഞ്ഞതുമില്ല. 7 എന്നാൽ അദ്ദേഹം എന്നോട്, ‘നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിനു നാസീർവ്രതസ്ഥനായിരിക്കും’ എന്നു പറഞ്ഞു.”
-
19 ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതുമായ പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു നിങ്ങളുടെ ശരീരം എന്ന് അറിയുന്നില്ലേ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല; 20 വിലയ്ക്കു വാങ്ങപ്പെട്ടവരാണ് നിങ്ങൾ. അതുകൊണ്ട് നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുക.
-
8 ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ ദോഷമോ തിന്നാൽ കൂടുതൽ പ്രയോജനമോ ഉണ്ടാകുന്നുമില്ല.
9 എന്നാൽ, നിങ്ങൾക്കുള്ള ഈ സ്വാതന്ത്ര്യം ഒരുവിധത്തിലും ബലഹീനർക്കു വിലങ്ങുതടിയാകാതെ സൂക്ഷിക്കുക. 10 ജ്ഞാനമുള്ള നീ ക്ഷേത്രത്തിൽ ഇരുന്നു ഭക്ഷിക്കുന്നതു കാണുമ്പോൾ, ബലഹീനമനസ്സാക്ഷിയുള്ളവരും വിഗ്രഹാർപ്പിതം ഭക്ഷിക്കാൻ ധൈര്യപ്പെടുകയില്ലേ? 11 ക്രിസ്തു ഏത് ബലഹീന സഹോദരനോ സഹോദരിക്കോ വേണ്ടി മരിച്ചുവോ അയാൾ ഇങ്ങനെ നിന്റെ ജ്ഞാനത്താൽ, നശിച്ചുപോകാനിടയാകുന്നു. 12 ഈ വിധത്തിൽ, സഹോദരങ്ങൾക്കെതിരായി പാപംചെയ്ത് അവരുടെ ബലഹീനമനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോൾ, നിങ്ങൾ ക്രിസ്തുവിനു വിരോധമായി പാപംചെയ്യുന്നു. 13 അതുകൊണ്ട് എന്റെ ഭക്ഷണംനിമിത്തം സഹോദരൻ പാപത്തിൽ വീഴുന്നെങ്കിൽ ഞാൻ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല; അവന്റെ വീഴ്ചയ്ക്കു ഞാൻ കാരണക്കാരനാകരുതല്ലോ.
-
14 യഹോവ അവരിൽ
മൗഢ്യത്തിന്റെ ആത്മാവിനെ ചൊരിഞ്ഞിരിക്കുന്നു;
മദ്യപർ തങ്ങളുടെ ഛർദിയിൽ എന്നതുപോലെ,
ഈജിപ്റ്റ് തന്റെ എല്ലാ പ്രവൃത്തികളിലും കാലിടറിനടക്കുന്നു.
-
27 “നീ അവരോട് ഇപ്രകാരം പറയണം: ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കുടിക്കുക, മദോന്മത്തരായി ഛർദിക്കുക; ഞാൻ നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കുന്ന വാൾനിമിത്തം പിന്നീട് എഴുന്നേൽക്കാതിരിക്കുംവിധം വീഴുക.’ 28 എന്നാൽ അവർ നിന്റെ കൈയിൽനിന്നു പാനപാത്രം വാങ്ങിക്കുടിക്കാൻ വിസമ്മതിക്കുന്നെങ്കിൽ നീ അവരോട് ഇപ്രകാരം പറയണം, ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഇതു കുടിച്ചേ മതിയാവൂ!
-
31 നിന്റെ സഹോദരിയുടെ വഴിയിൽ നീ നടന്നതുമൂലം അവളുടെ പാനപാത്രം ഞാൻ നിന്റെ കൈയിൽ തരും.
32 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിന്റെ സഹോദരിയുടെ പാത്രത്തിൽനിന്ന് നീ കുടിക്കും,
ആഴവും വിസ്താരവുമുള്ള പാനപാത്രത്തിൽനിന്നുതന്നെ;
നീ പരിഹാസത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും,
കാരണം അതിൽ വളരെ കൊള്ളുമല്ലോ.
33 നീ ലഹരിയും ദുഃഖവും നിറഞ്ഞവളായിത്തീരും,
വിനാശത്തിന്റെയും ഏകാന്തതയുടെയും പാത്രം,
നിന്റെ സഹോദരി ശമര്യയുടെ പാനപാത്രംതന്നെ.
34 നീ അതു കുടിച്ചു വറ്റിക്കും;
അതിന്റെ ഉടഞ്ഞ കഷണങ്ങളെ നീ നക്കും;
അങ്ങനെ നീ നിന്റെ സ്തനങ്ങൾ ചീന്തിക്കളയും.
ഞാൻ അതു പ്രസ്താവിച്ചിരിക്കുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
-
16-17 “ഈ തലമുറയെ ഞാൻ എന്തിനോടു താരതമ്യംചെയ്യും?
“ ‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി,
നിങ്ങളോ നൃത്തംചെയ്തില്ല;
ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു,
നിങ്ങളോ വിലപിച്ചില്ല,’
എന്ന് ചന്തസ്ഥലങ്ങളിലിരുന്ന് മറ്റുള്ളവരോടു വിളിച്ചുപറഞ്ഞ് പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ. 18 ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിച്ചുകൊണ്ട് യോഹന്നാൻസ്നാപകൻ വന്നപ്പോൾ ‘അയാൾ ഭൂതബാധിതനാണ്,’ എന്ന് അവർ പറയുന്നു. 19 മനുഷ്യപുത്രനാകട്ടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്ന് അവർ പറയുന്നു. ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു.”
-
9 കലവറക്കാരൻ, വീഞ്ഞായിത്തീർന്ന വെള്ളം രുചിച്ചുനോക്കി. അത് എവിടെനിന്നെന്ന് വേലക്കാർക്ക് അറിയാമായിരുന്നെങ്കിലും കലവറക്കാരന് അറിയില്ലായിരുന്നു. അയാൾ മണവാളനെ അരികിൽ വിളിച്ചുപറഞ്ഞു, 10 “എല്ലാവരും അതിഥികൾക്ക് ആദ്യം ഏറ്റവും നല്ലതരം വീഞ്ഞും, പിന്നീട്, അതിഥികൾ ആവശ്യത്തിലേറെ കുടിച്ചുകഴിഞ്ഞശേഷം, സാധാരണതരത്തിലുള്ള വീഞ്ഞും വിളമ്പുന്നു; എന്നാൽ, താങ്കൾ ഏറ്റവും നല്ലത് ഇതുവരെയും സൂക്ഷിച്ചുവെച്ചിരുന്നല്ലോ!”
11 യേശു ഗലീലയിലെ കാനായിൽവെച്ച് അത്ഭുതചിഹ്നങ്ങളുടെ ആരംഭമായി ഇതു ചെയ്ത് തന്റെ മഹത്ത്വം വെളിപ്പെടുത്തി; അങ്ങനെ ശിഷ്യന്മാർ അദ്ദേഹത്തിൽ വിശ്വസിച്ചു.
-
7 അധ്യക്ഷൻ ദൈവത്തിന്റെ കാര്യസ്ഥനാണ്. അതുകൊണ്ട് അദ്ദേഹം കുറ്റാരോപിതനായിരിക്കരുത്. ശാഠ്യബുദ്ധിക്കാരനും മുൻകോപിയും മദ്യാസക്തി ഉള്ളവനും അക്രമവാസനയുള്ളവനും അത്യാഗ്രഹിയും ആകരുത്. 8 എന്നാൽ, അതിഥിയെ സൽക്കരിക്കുന്നവനും നല്ലതിഷ്ടപ്പെടുന്നവനും സ്വയം നിയന്ത്രിക്കുന്നവനും നീതിമാനും ഭക്തനും ജിതേന്ദ്രിയനും ആയിരിക്കണം അധ്യക്ഷൻ. 9 നിർമലോപദേശംകൊണ്ട് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അതിനെ എതിർക്കുന്നവരെ ഖണ്ഡിക്കാനും കഴിയേണ്ടതിന് തനിക്കു ലഭിച്ച വിശ്വാസയോഗ്യമായസന്ദേശം മുറുകെപ്പിടിക്കുന്നവനും ആയിരിക്കണം.
-
8 ജാഗ്രതയുള്ളവർ ആയിരിക്കുക! സമചിത്തത പാലിക്കുക! നിങ്ങളുടെ വൈരിയായ പിശാച് ഗർജിക്കുന്ന സിംഹത്തെപ്പോലെ ആരെ കടിച്ചുകീറി തിന്നേണ്ടൂ എന്നു പരതിക്കൊണ്ട് പതുങ്ങി നടക്കുന്നു.
-
1 ഏഴു കുംഭങ്ങൾ കൈവശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ എന്നോടു സംസാരിച്ചത്: “വരിക, ഭൂമിയിലെ രാജാക്കന്മാരുമായി വ്യഭിചാരത്തിലേർപ്പെട്ട് തന്റെ വേശ്യാവൃത്തിയുടെ വീഞ്ഞുകൊണ്ട് ഭൂവാസികളെ ലഹരിപിടിപ്പിച്ചവളും, 2 പെരുവെള്ളത്തിന്മേൽ ഇരിക്കുന്നവളുമായ മഹാവേശ്യയുടെ ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം.”
-
9 സ്തബ്ധരാകുക, അത്ഭുതംകൂറുക,
അന്ധത പിടിച്ച് കുരുടരാകുക;
അവർ മത്തരായിരിക്കുന്നു, വീഞ്ഞുകൊണ്ടല്ലതാനും,
അവർ ചാഞ്ചാടി നടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.
10 യഹോവ നിങ്ങളുടെമേൽ ഗാഢനിദ്ര അയച്ചിരിക്കുന്നു:
നിങ്ങളുടെ പ്രവാചകന്മാരാകുന്ന കണ്ണുകളെ അവിടന്ന് അടച്ചുകളഞ്ഞു;
ദർശകന്മാരാകുന്ന ശിരസ്സുകളെ അവിടന്നു മൂടിക്കളഞ്ഞു.
-
6 എന്റെ കോപത്തിൽ ഞാൻ രാഷ്ട്രങ്ങളെ ചവിട്ടിമെതിച്ചു;
എന്റെ ക്രോധത്തിൽ അവരെ മത്തരാക്കി,
അവരുടെ രക്തം ഞാൻ നിലത്ത് ഒഴുക്കിക്കളഞ്ഞു.”
-
42 എന്റെ അമ്പുകളെ ഞാൻ രക്തം കുടിപ്പിച്ച് ലഹരിപിടിപ്പിക്കും,
എന്റെ വാൾ മാംസം വെട്ടിവിഴുങ്ങും;
കൊല്ലപ്പെട്ടവരുടെയും അടിമകളുടെയും രക്തം,
ശത്രുനായകന്മാരുടെ ശിരസ്സുകൾതന്നെ.”
-
17 യഹോവയുടെ കരത്തിൽനിന്നുള്ള
ക്രോധത്തിന്റെ പാനപാത്രം കുടിച്ച,
ജെറുശലേമേ, ഉണരുക, ഉണരുക,
എഴുന്നേൽക്കുക,
നീ പരിഭ്രമത്തിന്റെ പാനപാത്രം
മട്ടുവരെയും കുടിച്ചു വറ്റിച്ചിരിക്കുന്നു.
-
21 അതിനാൽ പീഡിതരേ,
വീഞ്ഞുകൊണ്ടല്ലാതെ ലഹരി പിടിച്ചവളേ, ഇതു കേൾക്കുക.
22 നിന്റെ നാഥനായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,
തന്റെ ജനത്തിനുവേണ്ടി വ്യവഹരിക്കുന്ന, നിന്റെ ദൈവംതന്നെ:
“ഇതാ, പരിഭ്രമത്തിന്റെ പാനപാത്രം
ഞാൻ നിന്റെ കൈയിൽനിന്ന് എടുത്തുമാറ്റുന്നു,
ആ പാത്രത്തിൽനിന്ന്, എന്റെ ക്രോധത്തിന്റെ കോപ്പയിൽനിന്ന്
ഇനിമേൽ നീ കുടിക്കുകയില്ല;
23 അതു ഞാൻ നിന്നെ പീഡിപ്പിക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും,
‘സാഷ്ടാംഗം വീഴുക, ഞങ്ങൾ നിന്നെ ചവിട്ടിമെതിക്കട്ടെ’
എന്നു നിന്നോടു പറഞ്ഞവരുടെതന്നെ കൈയിൽ.
നീ നിന്റെ ശരീരത്തെ നിലംപോലെയും
മനുഷ്യൻ ചവിട്ടിനടക്കുന്ന തെരുവീഥിപോലെയും ആക്കിയിരുന്നല്ലോ.”
-
7 ബാബേൽ യഹോവയുടെ കൈയിൽ
സകലഭൂമിയെയും ലഹരി പിടിപ്പിക്കുന്ന സ്വർണപാനപാത്രമായിരുന്നു.
രാഷ്ട്രങ്ങൾ അവളുടെ വീഞ്ഞുകുടിച്ചു;
അതുകൊണ്ട് അവരെല്ലാം ഭ്രാന്തരായിത്തീർന്നിരിക്കുന്നു.
8 പെട്ടെന്നുതന്നെ ബാബേൽ വീഴുകയും തകർക്കപ്പെടുകയും ചെയ്യുന്നു.
അവളെക്കുറിച്ചു വിലപിക്കുക!
അവളുടെ വേദനയ്ക്കു തൈലം കൊണ്ടുവരിക;
ഒരുപക്ഷേ അവൾക്കു സൗഖ്യം ലഭിക്കും.
9 “ ‘ഞങ്ങൾ ബാബേലിനു ചികിത്സചെയ്തു,
എങ്കിലും അവൾക്കു സൗഖ്യം ലഭിച്ചില്ല;
നമുക്ക് അവളെ ഉപേക്ഷിച്ച് നമ്മുടെ ദേശത്തേക്കുതന്നെ പോകാം,
കാരണം അവളുടെ ശിക്ഷാവിധി ആകാശംവരെ എത്തിയിരിക്കുന്നു,
സ്വർഗത്തോളംതന്നെ അത് ഉയർന്നുമിരിക്കുന്നു.’
-
10 മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. എന്നാൽ, ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവൻ ലഭിക്കാൻ; സമൃദ്ധമായ ജീവൻ ലഭിക്കാനാണ്.
Shows Read in context, Share and Copy.