34 Bible Verses About Storms

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Storms
  1. 36 ജനക്കൂട്ടത്തെ വിട്ട് അവർ ഇരുന്ന വള്ളത്തിൽത്തന്നെ അദ്ദേഹത്തെ അക്കരയ്ക്ക് കൊണ്ടുപോയി. മറ്റു വള്ളങ്ങളും ഒപ്പം ഉണ്ടായിരുന്നു. 37 അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി; അതു മുങ്ങാറായി. 38 യേശു അമരത്തു തലയിണവെച്ച് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അദ്ദേഹത്തെ ഉണർത്തിയിട്ട്, “ഗുരോ, ഞങ്ങൾ മുങ്ങിമരിക്കുന്നതിൽ അങ്ങേക്കു വിചാരം ഇല്ലേ?” എന്നു ചോദിച്ചു.

    39 അദ്ദേഹം എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, തിരകളോട്: “അടങ്ങുക, ശാന്തമാകുക” എന്നു കൽപ്പിച്ചു. അപ്പോൾ കാറ്റു നിലച്ചു! എല്ലാം പ്രശാന്തമായി!

    40 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലേ?” എന്നു ചോദിച്ചു.

    41 അവർ വളരെ ഭയവിഹ്വലരായി. “ഇദ്ദേഹം ആരാണ്? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പരസ്പരം പറഞ്ഞു.

  2. 23 ചിലർ മഹാസമുദ്രത്തിലെ വ്യാപാരികളായി;

    കടലിലൂടെയവർ കപ്പൽയാത്രചെയ്തു.

    24 അവർ യഹോവയുടെ പ്രവൃത്തികളെ നിരീക്ഷിച്ചു,

    ആഴിയിൽ അവിടത്തെ അത്ഭുതങ്ങളെത്തന്നെ.

    25 അവിടന്ന് ആജ്ഞാപിച്ചു; ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശി,

    തിരമാലകൾ ഉയർന്നുപൊങ്ങി.

    26 അവ ആകാശത്തോളം ഉയർന്ന് ആഴങ്ങളിലേക്ക് താഴ്ന്നമർന്നു;

    തങ്ങളുടെ ദുരിതങ്ങളിൽ അവരുടെ ധൈര്യം ചോർന്നൊലിച്ചു.

    27 അവർ മദോന്മത്തരെപ്പോലെ ചാഞ്ചാടി ആടിയുലഞ്ഞു;

    അവർ അവരുടെ അറിവിന്റെ അന്ത്യത്തിലെത്തി.

    28 അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,

    അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.

    29 അവിടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കി;

    സമുദ്രത്തിലെ തിരമാലകൾ അമർന്നു.

    30 അത് ശാന്തമായപ്പോൾ അവർ ആനന്ദിച്ചു,

    അവർ ആഗ്രഹിച്ച തുറമുഖത്തേക്ക് അവിടന്ന് അവരെ നയിച്ചു.

    31 അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും

    അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ.

  3. 5 നിങ്ങളുടെ ആർദ്രതയോടുകൂടിയ പെരുമാറ്റം സകലരും അറിയുമാറാകട്ടെ. കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്നു. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

    8 അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക. 9 എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും.

  4. 1 അമിത്ഥായുടെ പുത്രനായ യോനായോട് യഹോവ ഇപ്രകാരം അരുളിച്ചെയ്തു: 2 “നീ വേഗത്തിൽ മഹാനഗരമായ നിനവേയിൽ ചെന്ന്, ഞാൻ നിനക്കു നൽകുന്ന ന്യായവിധിയുടെ സന്ദേശം അവിടെ വിളംബരംചെയ്യുക; അവരുടെ ദുഷ്ടത ഞാൻ അറിയുന്നു.”

    3 എന്നാൽ യോനാ യഹോവയുടെ കൽപ്പന അനുസരിക്കാതെ തർശീശിലേക്കു പലായനം ചെയ്യുന്നതിനുവേണ്ടി യോപ്പയിലേക്കു ചെന്നു. അവിടെ തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു. അദ്ദേഹം യഹോവയുടെ സന്നിധിയിൽനിന്ന് തർശീശിലേക്കു പോകേണ്ടതിന് യാത്രക്കൂലി നൽകി, മറ്റുയാത്രക്കാരോടൊപ്പം അതിൽ കയറി.

    4 എന്നാൽ യഹോവ കടലിന്മേൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു; വലിയ കാറ്റിൽപ്പെട്ട് കപ്പൽ തകരുമെന്ന സ്ഥിതിയിലായി. 5 പ്രാണഭയത്തിലായ നാവികർ ഓരോരുത്തരും അവരവരുടെ ദേവന്മാരോടു സഹായത്തിനായി അലമുറയിട്ടു. കപ്പലിന്റെ ഭാരം കുറയ്ക്കാൻ അവർ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു.

    യോനായാകട്ടെ, കപ്പലിന്റെ അടിത്തട്ടിൽ ചെന്നു കിടന്നു; അദ്ദേഹം ഗാഢനിദ്രയിലാണ്ടു. 6 കപ്പിത്താൻ വന്ന് അദ്ദേഹത്തോട് ആക്രോശിച്ചു: “എന്ത്, നീ ഉറങ്ങുകയോ? എഴുന്നേറ്റ്, നിന്റെ ദേവനെ വിളിക്കുക; നാം നശിച്ചുപോകാതിരിക്കേണ്ടതിന് ആ ദേവൻ ഒരുപക്ഷേ, നമ്മെ രക്ഷിച്ചേക്കാം.”

  5. 4 ക്രൂരരുടെ നിശ്വാസം മതിലിന്നെതിരേ

    കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ,

    അങ്ങ് ദരിദ്രർക്ക് ഒരു സങ്കേതവും

    സഹായാർഥർക്ക് അവരുടെ ദുരിതത്തിൽ ഒരു സങ്കേതവും

    കൊടുങ്കാറ്റിൽ ഒരു ആശ്രയവും

    ഉഷ്ണത്തിൽ ഒരു തണലുമായിരിക്കും.

    5 വരണ്ട നിലത്തിലെ ഉഷ്ണമെന്നപോലെ

    അങ്ങ് വിദേശികളുടെ ആരവത്തെ ശമിപ്പിച്ചുകളയുന്നു;

    മേഘത്തിന്റെ തണൽകൊണ്ട് ചൂടിനു ശമനംവരുന്നപോലെ

    അനുകമ്പയില്ലാത്തവരുടെ പാട്ട് നിലച്ചുപോകുന്നു.

  6. 21 കൂടെയുള്ളവർ ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നപ്പോൾ, പൗലോസ് അവരുടെമുമ്പിൽ എഴുന്നേറ്റുനിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: “മാന്യരേ, ക്രേത്തയിൽനിന്ന് യാത്ര പുറപ്പെടരുതെന്നുള്ള എന്റെ ഉപദേശം നിങ്ങൾ സ്വീകരിക്കേണ്ടതായിരുന്നു; എങ്കിൽ ഈ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു. 22 എങ്കിലും ഇപ്പോൾ ധൈര്യത്തോടെയിരിക്കാൻ ഞാൻ നിങ്ങളോടു നിർബന്ധമായി പറയുന്നു. നിങ്ങളിലാർക്കും ജീവഹാനി സംഭവിക്കുകയില്ല, കപ്പൽമാത്രമേ നശിക്കുകയുള്ളൂ. 23 ഞാൻ സേവിക്കുന്ന എന്റെ ഉടയവനായ ദൈവത്തിന്റെ ഒരു ദൂതൻ കഴിഞ്ഞരാത്രിയിൽ എന്റെ അടുക്കൽ വന്നുനിന്ന് 24 എന്നോട്, ‘പൗലോസേ, ഭയപ്പെടേണ്ട, നീ കൈസറുടെമുമ്പിൽ വിസ്താരത്തിനു നിൽക്കേണ്ടവനാകുന്നു. നിന്നോടൊപ്പം യാത്രചെയ്യുന്നവരെ ദൈവം നിനക്കു നൽകിയിരിക്കുന്നു’ എന്നു പറഞ്ഞു. 25-26 ആകയാൽ മാന്യരേ, ധൈര്യപ്പെട്ടിരിക്കുക, നമ്മുടെ കപ്പൽ ഒരു ദ്വീപിന്റെ കരയ്ക്കടിച്ചു തകരുമെങ്കിലും ദൈവം എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”

  7. 5 അന്നു യഹോവ സീയോൻപർവതത്തിലെ സകലവാസസ്ഥലങ്ങളിന്മീതേയും അവിടെ കൂടിവരുന്ന എല്ലാവരുടെയുംമീതേയും പകൽസമയത്ത് പുകയുടെ ഒരു മേഘവും രാത്രിയിൽ അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; എല്ലാറ്റിന്റെയുംമീതേ തേജസ്സ് ഒരു വിതാനമായിരിക്കും. 6 പകൽസമയത്തെ ചൂടിൽനിന്ന് ഒരു തണലും അഭയവും കൊടുങ്കാറ്റിൽനിന്നും മഴയിൽനിന്നുമുള്ള ഒരു മറവിടവും സങ്കേതവും ആയിരിക്കും അത്.

  8. 24 “അതുകൊണ്ട്, എന്റെ ഈ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി പാറമേൽ വീടുപണിത ബുദ്ധിയുള്ള ഒരു മനുഷ്യനു തുല്യം. 25 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും പാറമേൽ അടിത്തറ ഉറപ്പിച്ചിരുന്നതിനാൽ അത് നിലംപതിച്ചില്ല. 26 എന്നാൽ, എന്റെ ഈ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി മണലിൽ വീടുപണിത ബുദ്ധിശൂന്യനായ മനുഷ്യനോട് സദൃശൻ. 27 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; അതിഭയങ്കരമായിരുന്നു ആ വീടിന്റെ പതനം.”

    28 യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചപ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു. 29 കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് അദ്ദേഹം അവരെ ഉപദേശിച്ചത്.

  9. 2 യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു;

    അവിടന്നു പ്രതികാരംചെയ്യുന്നവനും കോപം നിറഞ്ഞവനുമാകുന്നു.

    യഹോവ തന്റെ ശത്രുക്കളോട് പകരംവീട്ടുകയും

    തന്റെ വൈരികൾക്കായി ക്രോധം സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നു.

    3 യഹോവ ദീർഘക്ഷമയുള്ളവനും മഹാശക്തനുമാകുന്നു;

    അവിടന്ന് കുറ്റംചെയ്യുന്നവനെ ശിക്ഷിക്കാതെ വിടുകയില്ല.

    അവിടത്തെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലുമുണ്ട്,

    മേഘങ്ങൾ അവിടത്തെ പാദങ്ങളിലെ പൊടിയുമാകുന്നു.

    4 അവിടന്ന് സമുദ്രത്തെ ശാസിച്ച് ഉണക്കിക്കളയുന്നു;

    നദികളെയെല്ലാം വറ്റിക്കുന്നു.

    ബാശാനും കർമേലും ഉണങ്ങുന്നു,

    ലെബാനോനിലെ പുഷ്പങ്ങൾ വാടിപ്പോകുന്നു.

    5 പർവതങ്ങൾ അവിടത്തെ മുമ്പിൽ കുലുങ്ങുന്നു;

    കുന്നുകൾ ഉരുകിപ്പോകുന്നു.

    അവിടത്തെ സാന്നിധ്യത്തിൽ ഭൂമി വിറകൊള്ളുന്നു,

    ഭൂലോകവും അതിലെ സകലനിവാസികളും അങ്ങനെതന്നെ.

    6 അവിടത്തെ ക്രോധത്തിനുമുമ്പിൽ ആർക്കു നിൽക്കാൻ കഴിയും?

    അവിടത്തെ ഉഗ്രകോപം ആർക്കു താങ്ങാൻ കഴിയും?

    അവിടത്തെ ക്രോധം അഗ്നിപോലെ ചൊരിയുന്നു;

    പാറകൾ അവിടത്തെ മുമ്പിൽ തകർന്നുപോകുന്നു.

  10. 11 “നീ പുറത്തുവന്നു പർവതത്തിൽ എന്റെ സന്നിധിയിൽ നിൽക്കുക” എന്ന് യഹോവ ഏലിയാവിനോടു കൽപ്പിച്ചു.

    അപ്പോൾ, ഇതാ, യഹോവ കടന്നുപോകുന്നു; ഒരു വലിയ കൊടുങ്കാറ്റു പർവതങ്ങളെ പിളർന്നു പാറകളെ ചിതറിച്ചുകളഞ്ഞു. എന്നാൽ, കൊടുങ്കാറ്റിൽ യഹോവ ഉണ്ടായിരുന്നില്ല. അതിനുശേഷം ഒരു ഭൂകമ്പമുണ്ടായി. പക്ഷേ, ഭൂകമ്പത്തിലും യഹോവ ഉണ്ടായിരുന്നില്ല. 12 ഭൂകമ്പത്തിനുശേഷം ഒരു അഗ്നിയുണ്ടായി. അഗ്നിയിലും യഹോവ ഇല്ലായിരുന്നു. അഗ്നിയുടെ പ്രത്യക്ഷതയ്ക്കുശേഷം ശാന്തമായ ഒരു മൃദുസ്വരം കേട്ടു. 13 അപ്പോൾ, ഏലിയാവ് തന്റെ മേലങ്കിയെടുത്തു മുഖം മറച്ചു; വെളിയിൽ ഗുഹാകവാടത്തിൽ വന്നുനിന്നു.

    അപ്പോൾ, “ഏലിയാവേ, നീ ഇവിടെ എന്തുചെയ്യുന്നു” എന്നു ചോദിക്കുന്ന ഒരു ശബ്ദം അദ്ദേഹം കേട്ടു.

  11. 22 യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരയ്ക്കു പോകാൻ അവരെ നിർബന്ധിച്ചു. 23 ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഏകനായി ഒരു മലയിലേക്ക് കയറിപ്പോയി. അദ്ദേഹം ആ രാത്രിയിൽ അവിടെ തനിച്ചായിരുന്നു. 24 അപ്പോൾ വള്ളം കരയിൽനിന്ന് വളരെദൂരം പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ വള്ളം തിരകളാൽ ആടിയുലയുകയുമായിരുന്നു.

    25 രാത്രി മൂന്നുമണിക്കുശേഷം യേശു തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി. 26 അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാർ ഭയവിഹ്വലരായി, “അയ്യോ, ഭൂതം!” എന്നു പറഞ്ഞ് ഭയന്ന് അവർ അലമുറയിട്ടു.

    27 ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.”

    28 അപ്പോൾ പത്രോസ്, “കർത്താവേ, അത് അങ്ങ് ആകുന്നെങ്കിൽ, ഞാൻ വെള്ളത്തിനുമീതേ നടന്ന് അങ്ങയുടെ അടുത്തെത്താൻ കൽപ്പിക്കണമേ” എന്നപേക്ഷിച്ചു.

    29 “വരിക,” അദ്ദേഹം പറഞ്ഞു.

    അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനുമീതേകൂടി യേശുവിന്റെ അടുത്തേക്കു നടന്നു. 30 എന്നാൽ, അയാൾ കൊടുങ്കാറ്റു കണ്ട് ഭയപ്പെട്ട് മുങ്ങാൻ തുടങ്ങി. “കർത്താവേ, രക്ഷിക്കണമേ,” അയാൾ നിലവിളിച്ചു.

    31 യേശു ഉടൻതന്നെ കൈനീട്ടി പത്രോസിനെ പിടിച്ചു; “അൽപ്പവിശ്വാസീ, നീ എന്തിന് സംശയിച്ചു?” എന്നു ചോദിച്ചു.

    32 പിന്നെ, അവർ വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു.

  12. 17 നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു;

    അവിടന്ന് അവരെ സകലവിധ കഷ്ടതകളിൽനിന്നും വിടുവിക്കുന്നു.

    18 ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ

    മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.

    19 നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും

    എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു;

    20 അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു,

    അവയിൽ ഒന്നുപോലും ഉടയ്ക്കപ്പെടുകയില്ല.

  13. 10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;

    ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.

    ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;

    എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.

  14. 6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. 7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.

  15. 23 മോശ തന്റെ വടി ആകാശത്തേക്കു നീട്ടിയപ്പോൾ യഹോവ ഇടിയും കന്മഴയും അയച്ചു, ഇടിമിന്നൽ ഭൂമിയിലേക്കു പാഞ്ഞിറങ്ങി. അങ്ങനെ യഹോവ ഈജിപ്റ്റുദേശത്തിന്മേൽ കന്മഴ പെയ്യിച്ചു; 24 കൽത്തുണ്ടുകൾ വീഴുകയും മിന്നൽ അങ്ങോട്ടും ഇങ്ങോട്ടും പായുകയും ചെയ്തു. ഈജിപ്റ്റ് ഒരു ദേശമായിത്തീർന്നതിനുശേഷം ഇപ്രകാരം തീവ്രമായ ഒരു കന്മഴ ഉണ്ടായിട്ടില്ല. 25 ഈജിപ്റ്റിലുടനീളം, വയലുകളിലുള്ള സകലതിനെയും—മനുഷ്യരെയും മൃഗങ്ങളെയും കന്മഴ തകർത്തു; വയലിലെ സസ്യങ്ങളെയെല്ലാം അതു നശിപ്പിച്ചു. മരങ്ങളെ തകർത്തുകളഞ്ഞു. 26 ഇസ്രായേല്യർ താമസിച്ചിരുന്ന ഗോശെനിൽമാത്രം കന്മഴ പെയ്തില്ല.

  16. 1 അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ

    സർവശക്തന്റെ തണലിൽ വിശ്രമിക്കും.

    2 ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും

    ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും.

    3 അവിടന്നു നിശ്ചയമായും നിന്നെ

    വേട്ടക്കാരുടെ കെണിയിൽനിന്നും

    മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും.

    4 തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും,

    അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും;

    അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.

    5 രാത്രിയുടെ ഭീകരതയോ

    പകലിൽ ചീറിപ്പായുന്ന അസ്ത്രമോ

  17. 2 ഇതാ, കർത്താവിനു ശക്തനും ബലവാനുമായ ഒരുവനുണ്ട്.

    കന്മഴപോലെയും വിനാശകാരിയായ കൊടുങ്കാറ്റുപോലെയും

    കൂലംകുത്തി ജലമൊഴുക്കുന്ന മഴപോലെയും പ്രളയം ഉണ്ടാക്കുന്ന പെരുമഴ പോലെയും,

    അതിശക്തിയോടെ അവൻ അതിനെ നിലത്തു തള്ളിയിടും.

  18. 1 വസന്തകാലത്ത് മഴയ്ക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക;

    യഹോവയാണല്ലോ മിന്നൽപ്പിണർ അയയ്ക്കുന്നത്.

    അവിടന്ന് സകലജനത്തിനും മഴ വർഷിപ്പിക്കുന്നു

    എല്ലാവർക്കും വയലിലെ സസ്യങ്ങളും നൽകുന്നു.

  19. 33 “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”

  20. 9 ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.”

  21. 8 യഹോവ യോശുവയോട്, “അവരെ ഭയപ്പെടരുത്, ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഒരുത്തനും നിന്നോടു ചെറുത്തുനിൽക്കാൻ സാധിക്കുകയില്ല” എന്ന് അരുളിച്ചെയ്തു.

    9 ഗിൽഗാലിൽനിന്ന് ഒരു രാത്രിമുഴുവനും നടന്നുചെന്ന് യോശുവ അപ്രതീക്ഷിതമായി അവരെ ആക്രമിച്ചു. 10 യഹോവ ഇസ്രായേലിനുമുമ്പിൽ അവരെ പരിഭ്രാന്തരാക്കി. ഗിബെയോനിൽവെച്ച് ഇസ്രായേൽ അവരെ പൂർണമായി തോൽപ്പിച്ചു. ഇസ്രായേൽ ബേത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ പിൻതുടർന്ന്, അസേക്കവരെയും മക്കേദാവരെയും അവരെ വെട്ടിവീഴ്ത്തി. 11 ഇസ്രായേലിന്റെ മുമ്പിൽനിന്ന് ബേത്-ഹോരോനിൽനിന്നുള്ള ഇറക്കത്തിൽക്കൂടി അസേക്കയിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ, യഹോവ അവരുടെമേൽ കന്മഴ പെയ്യിച്ചു. ഇസ്രായേല്യരുടെ വാളാൽ മരിച്ചവരെക്കാൾ കൂടുതലായിരുന്നു കന്മഴയാൽ മരിച്ചവർ.

  22. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.

    2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,

    പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,

    3 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു.

    തിരുനാമംനിമിത്തം

    എന്നെ നീതിപാതകളിൽ നടത്തുന്നു.

    4 മരണനിഴലിൻ താഴ്വരയിൽക്കൂടി

    ഞാൻ സഞ്ചരിച്ചെന്നാലും,

    ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല,

    എന്നോടൊപ്പം അവിടന്നുണ്ടല്ലോ;

    അവിടത്തെ വടിയും കോലും

    എന്നെ ആശ്വസിപ്പിക്കുന്നു.

  23. 8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ആരുണ്ട്?

    യഹോവേ, അവിടന്ന് ബലവാൻ ആകുന്നു. അങ്ങയുടെ വിശ്വസ്തത അങ്ങയെ വലയംചെയ്തിരിക്കുന്നു.

    9 ഇളകിമറിയുന്ന സമുദ്രത്തെ അവിടന്ന് അടക്കിവാഴുന്നു;

    അതിന്റെ തിരമാലകൾ ഉയരുമ്പോൾ അങ്ങ് അവയെ ശമിപ്പിക്കുന്നു.

  24. 26 അതുകൊണ്ടു ഞാൻ നിങ്ങളുടെ ദുരന്തങ്ങളിൽ പുഞ്ചിരിക്കും;

    അത്യാഹിതങ്ങൾ നിങ്ങളെ തകിടംമറിക്കുമ്പോൾ ഞാൻ പരിഹസിക്കും—

    27 അത്യാഹിതങ്ങൾ ഒരു കൊടുങ്കാറ്റുപോലെ നിങ്ങൾക്കുമേൽ ആഞ്ഞടിക്കുമ്പോൾ,

    ദുരന്തങ്ങൾ ചുഴലിക്കാറ്റുപോലെ നിങ്ങളെ തൂത്തെറിയുമ്പോൾ,

    ദുരിതവും വ്യഥയും നിങ്ങളെ കീഴടക്കുമ്പോൾത്തന്നെ.

  25. 47 അന്നുരാത്രിയിൽ വള്ളം തടാകത്തിന്റെ നടുവിലും അദ്ദേഹം തനിച്ചു കരയിലും ആയിരുന്നു, 48 കാറ്റു പ്രതികൂലമായിരുന്നതിനാൽ ശിഷ്യന്മാർ വള്ളം തുഴഞ്ഞു ക്ലേശിക്കുന്നത് യേശു കണ്ടു. രാത്രി ഏകദേശം മൂന്നുമണിക്ക് അദ്ദേഹം തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി; അവരെ കടന്നു മുന്നോട്ടുപോകുന്നതായി ഭാവിച്ചു. 49 അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് അത് ഒരു ഭൂതമായിരിക്കുമെന്ന് അവർ വിചാരിച്ചു. 50 അദ്ദേഹത്തെ കണ്ട് അവരെല്ലാവരും ഭയവിഹ്വലരായി അലമുറയിട്ടു.

    ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.” 51 പിന്നെ അദ്ദേഹം അവരോടൊപ്പം വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. അവർ അത്ഭുതപരതന്ത്രരായി. 52 അവർക്ക് കാര്യങ്ങൾ പെട്ടെന്നു മനസ്സിലാക്കാൻ കഴിയാതിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഭവത്തിന്റെ പ്രാധാന്യം അവർ ഗ്രഹിച്ചിരുന്നില്ല.

  26. 17 ഇത് ഗോതമ്പുകൊയ്ത്തിന്റെ കാലമല്ലേ? ഞാൻ യഹോവയോട് അപേക്ഷിക്കും; അവിടന്ന് ഇടിയും മഴയും അയയ്ക്കും. അങ്ങനെ നിങ്ങൾ ഒരു രാജാവിനെ ചോദിച്ചത് യഹോവയുടെ ദൃഷ്ടിയിൽ എത്രമാത്രം നിന്ദ്യമായ കാര്യമായിരുന്നു എന്നു നിങ്ങൾക്കു ബോധ്യമാകും.”

    18 അതിനുശേഷം ശമുവേൽ യഹോവയോട് അപേക്ഷിച്ചു. അന്നുതന്നെ യഹോവ ഇടിയും മഴയും അയച്ചു. അതിനാൽ ജനമെല്ലാം യഹോവയുടെയും ശമുവേലിന്റെയുംമുമ്പാകെ ഏറ്റവും ഭയത്തോടുകൂടെ നിന്നു.

  27. 6 ഇടിമുഴക്കം, ഭൂകമ്പം, വലിയശബ്ദം,

    കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ദഹിപ്പിക്കുന്ന അഗ്നിജ്വാല എന്നിവയോടുകൂടെ

    സൈന്യങ്ങളുടെ യഹോവ എഴുന്നള്ളും.

  28. 31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ

    അവരുടെ ശക്തി പുതുക്കും.

    അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;

    അവർ ഓടും, ക്ഷീണിക്കുകയില്ല,

    അവർ നടക്കും, തളർന്നുപോകുകയുമില്ല.

  29. 7 യഹോവ നല്ലവനും

    അനർഥദിവസത്തിൽ അഭയസ്ഥാനവും ആകുന്നു.

    തന്നിൽ ആശ്രയിക്കുന്നവരെ അവിടന്ന് അറിയുന്നു,

  30. 28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

  31. 28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.

  32. 9 എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും. 10 അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.

  33. 7 ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവ് ഭീരുത്വത്തിന്റേതല്ല; പിന്നെയോ, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയുമാണ്.

  34. 5 നിങ്ങളിൽ ഒരാൾക്കു ജ്ഞാനം കുറവാകുന്നു എങ്കിൽ അയാൾ ദൈവത്തോടു യാചിക്കണം. ആരെയും ശകാരിക്കാതെ, എല്ലാവർക്കും എല്ലാം നൽകുന്ന ഔദാര്യനിധിയായ ദൈവം അയാൾക്ക് ജ്ഞാനം നൽകും. 6 എന്നാൽ, അയാൾ ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നയാൾ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്ക്ക് തുല്യം. 7 ഇങ്ങനെയുള്ള വ്യക്തി കർത്താവിൽനിന്ന് എന്തെങ്കിലും ലഭിക്കും എന്നു പ്രതീക്ഷിക്കരുത്; 8 ഇരുമനസ്സുള്ള വ്യക്തി തന്റെ എല്ലാ വഴികളിലും ഉറപ്പില്ലാത്തയാൾ ആകുന്നു.