57 Bible Verses About Tragedy
Biblica® Open Malayalam Contemporary Version™ (OMCV)
-
4 മരണനിഴലിൻ താഴ്വരയിൽക്കൂടി
ഞാൻ സഞ്ചരിച്ചെന്നാലും,
ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല,
എന്നോടൊപ്പം അവിടന്നുണ്ടല്ലോ;
അവിടത്തെ വടിയും കോലും
എന്നെ ആശ്വസിപ്പിക്കുന്നു.
-
33 “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”
-
1 എന്റെ മകനേ, നീ ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെടുക. 2 അനേകം സാക്ഷികളുടെ സാന്നിധ്യത്തിൽ നീ എന്നിൽനിന്ന് കേട്ടതെല്ലാം, മറ്റുള്ളവരെ അഭ്യസിപ്പിക്കാൻ യോഗ്യത നേടിയ വിശ്വസ്തരായ ആളുകളെ ഭരമേൽപ്പിക്കുക. 3 ക്രിസ്തുയേശുവിന്റെ ഒരു നല്ല സൈനികനെപ്പോലെ നീയും എന്നോടൊപ്പം കഷ്ടതയിൽ പങ്കുചേരുക. 4 സൈനികസേവനം അനുഷ്ഠിക്കുന്ന ഒരാളും സൈനികേതര കാര്യങ്ങളിൽ ഇടപെടുന്നില്ല; കാരണം, അയാളുടെ ലക്ഷ്യം സൈന്യത്തിൽ തന്നെ ചേർത്തയാളിനെ തൃപ്തിപ്പെടുത്തുക എന്നതാണ്. 5 കായികമത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾ നിയമപ്രകാരം മത്സരിക്കുന്നില്ലെങ്കിൽ അയാൾക്കു വിജയകിരീടം ലഭിക്കുകയില്ല. 6 കഠിനാധ്വാനം ചെയ്യുന്ന കർഷകനാണ് ആദ്യം വിളവിന്റെ പങ്ക് എടുക്കേണ്ടത്. 7 ഞാൻ പറയുന്നത് ചിന്തിക്കുക; കർത്താവ് സകലകാര്യത്തിലും നിനക്കു വിവേകം നൽകും.
8 ഞാൻ എന്റെ സുവിശേഷപ്രഘോഷണത്തിൽ വ്യക്തമാക്കുന്നതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർക്കുക. 9 ഈ സുവിശേഷത്തിനുവേണ്ടിയാണ് ഒരു കുറ്റവാളിയെപ്പോലെ ബന്ധനം സഹിച്ചും ഞാൻ കഷ്ടത അനുഭവിക്കുന്നത്. എന്നാൽ, ദൈവവചനത്തിനു ബന്ധനമില്ല.
-
28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു. 29 ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്. 30 അവിടന്ന് മുൻനിയമിച്ചവരെ വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ തേജസ്കരിക്കുകയും ചെയ്തു.
31 ഇതിനെക്കുറിച്ചു നമുക്ക് എന്തു പറയാൻകഴിയും? ഇത്രമാത്രം! ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആര്? 32 സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ?
-
8 യന്നേസും യംബ്രേസും മോശയോട് എതിർത്തു. അതുപോലെ ഇവരും സത്യത്തോട് എതിർക്കുന്നു. ഇവർ ദൂഷിതമനസ്ക്കരും വിശ്വാസം സംബന്ധിച്ച് പരാജിതരുമാണ്. 9 ഈ വിധത്തിൽ ഇവർ അധികം മുന്നോട്ടു പോകുകയില്ല; കാരണം, മുൻപറഞ്ഞ ഇരുവരുടെയും കാര്യത്തിലെന്നപോലെ ഇവരുടെയും മൗഢ്യം എല്ലാവർക്കും വ്യക്തമാകും.
10 ഞാൻ അഭ്യസിപ്പിച്ച ഉപദേശം, എന്റെ ജീവിതരീതി, ലക്ഷ്യബോധം, വിശ്വാസം, സമചിത്തത, സ്നേഹം, സഹിഷ്ണുത എന്നിവയും 11 ഞാൻ സഹിച്ച പീഡകളും അന്ത്യോക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്കുണ്ടായ കഷ്ടതകളും സശ്രദ്ധം നീ മനസ്സിലാക്കിയല്ലോ. ഞാൻ എല്ലാവിധത്തിലുമുള്ള പീഡകൾ സഹിച്ചു; അവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷപ്പെടുത്തി. 12 ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പീഡകൾ ഉണ്ടാകും, 13 എന്നാൽ, ദുഷ്ടമനുഷ്യരും ആൾമാറാട്ടക്കാരും മറ്റുള്ളവരെ വഞ്ചിച്ചും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടും തിന്മയിലേക്ക് കൂപ്പുകുത്തും.
-
3 കരുണാസമ്പന്നനായ പിതാവും സർവ ആശ്വാസങ്ങളുടെയും ദാതാവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം വാഴ്ത്തപ്പെട്ടവൻ! 4 ഞങ്ങൾക്കുണ്ടാകുന്ന സകലകഷ്ടതകളിലും അവിടന്നു ഞങ്ങളെ ആശ്വസിപ്പിക്കുന്നു. അതുകൊണ്ട് ഞങ്ങളും ഏതുതരം കഷ്ടതയിൽ ആയിരിക്കുന്നവരെയും ദൈവത്തിൽനിന്നു ലഭിച്ചിരിക്കുന്ന ആശ്വാസത്താൽ, ആശ്വസിപ്പിക്കാൻ പ്രാപ്തരായിരിക്കുന്നു. 5 അങ്ങനെ, ക്രിസ്തു നിമിത്തമുള്ള കഷ്ടതകൾ ഞങ്ങളിൽ വർധിച്ചുവരുന്നതുപോലെ ക്രിസ്തുവിൽനിന്നു ലഭിക്കുന്ന ആശ്വാസവും ഞങ്ങളിൽ വർധിച്ചുവരുന്നു. 6 ഞങ്ങൾ ഇപ്പോൾ കഷ്ടം സഹിക്കുന്നെങ്കിൽ അത് നിങ്ങൾക്ക് ആശ്വാസം ലഭിക്കേണ്ടതിനും നിങ്ങൾ രക്ഷപ്രാപിക്കേണ്ടതിനുംവേണ്ടിയാണ്. ഞങ്ങൾക്ക് ആശ്വാസം ലഭിക്കുന്നെങ്കിൽ അതുനിമിത്തം നിങ്ങൾക്കും ആശ്വാസം ലഭിക്കുകതന്നെ ചെയ്യും. അങ്ങനെ, ഞങ്ങൾ സഹിക്കുന്ന അതേ കഷ്ടതകൾ സഹിക്കാനുള്ള സഹനശക്തി നിങ്ങൾക്കും ഉണ്ടാകും. 7 ഞങ്ങൾ അനുഭവിച്ച കഷ്ടതകളിൽ നിങ്ങൾ പങ്കാളികളായതുപോലെ ഞങ്ങൾ അനുഭവിച്ച ആശ്വാസത്തിലും നിങ്ങൾ പങ്കാളികളാകും. ഈ അറിവ് നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രത്യാശ ഉറപ്പാക്കുന്നു.
8 സഹോദരങ്ങളേ, ഏഷ്യാപ്രവിശ്യയിൽ വെച്ച് ഞങ്ങൾക്കുണ്ടായ ഉപദ്രവത്തെക്കുറിച്ചു നിങ്ങൾ അറിയാതിരിക്കരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ജീവനോടിരിക്കുമോ എന്നുപോലും സംശയിക്കുംവിധം സഹനശക്തിക്ക് അപ്പുറമായ കഷ്ടതകൾ ഞങ്ങൾ നേരിട്ടു. 9 അങ്ങനെ ഞങ്ങൾ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെ ആശയറ്റവരായിത്തീർന്നു. എന്നിട്ടും ഞങ്ങൾ സ്വയം രക്ഷപ്പെടാനുള്ള മാർഗം ഉപേക്ഷിച്ച്, മരിച്ചവരെ ജീവിപ്പിക്കാൻ ശക്തനായ ദൈവത്തിൽ പ്രതീക്ഷവെച്ചു. 10 ഇത്രവലിയ മരണഭയത്തിൽനിന്ന് ഞങ്ങളെ വിടുവിച്ച ദൈവം പിന്നെയും വിടുവിക്കും. ഞങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന ദൈവം ഇനിയും ഞങ്ങളെ രക്ഷിക്കും.
-
1 ദൈവാലയത്തിൽ യാഗം അർപ്പിച്ചുകൊണ്ടിരുന്ന ചില ഗലീലക്കാരെ പീലാത്തോസ് കൊലചെയ്യിച്ച വാർത്ത ഈ സന്ദർഭത്തിൽ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ യേശുവിനെ അറിയിച്ചു. 2 അതുകേട്ട യേശു ഇങ്ങനെ പ്രതിവചിച്ചു: “ഈ ഗലീലക്കാർക്ക് ഇതു സംഭവിച്ചതുകൊണ്ട് ഗലീലയിലെ മറ്റെല്ലാവരെക്കാളും അവർ പാപികളാണെന്നു നിങ്ങൾ ചിന്തിക്കുന്നോ? 3 നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 4 ശീലോഹാമിലെ ഗോപുരം തകർന്നുവീണപ്പോൾ അതിനടിയിൽപ്പെട്ടു മരിച്ച ആ പതിനെട്ടുപേർ ജെറുശലേമിൽ താമസിച്ചിരുന്ന മറ്റെല്ലാവരെക്കാളും വലിയ കുറ്റവാളികളെന്നു നിങ്ങൾ കരുതുന്നോ? 5 നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
6 പിന്നെ യേശു ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ മുന്തിരിത്തോപ്പിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു. അയാൾ അതിൽ ഫലം അന്വേഷിച്ചുവന്നു; എന്നാൽ ഒന്നും കാണാൻ കഴിഞ്ഞില്ല. 7 അയാൾ തോട്ടം സൂക്ഷിപ്പുകാരനോട്, ‘ഇപ്പോൾ, മൂന്നുവർഷമായിട്ട് ഞാൻ ഈ അത്തിവൃക്ഷത്തിൽ ഫലം അന്വേഷിച്ചുവരുന്നു; ഇതേവരെ ഒന്നും കാണാൻ കഴിഞ്ഞില്ല. അതു വെട്ടിക്കളയുക! അതിനായി എന്തിന് സ്ഥലം പാഴാക്കുന്നു?’ എന്നു പറഞ്ഞു.
8 “അതിന് അയാൾ, ‘യജമാനനേ, ഒരു വർഷത്തേക്കുകൂടി അങ്ങു ക്ഷമിച്ചാലും; ഞാൻ അതിനുചുറ്റും കിളച്ചു വളമിടാം. 9 അടുത്തവർഷം അതു കായ്ക്കുന്നെങ്കിലോ! ഇല്ലെങ്കിൽ വെട്ടിക്കളഞ്ഞുകൊള്ളാം’ എന്ന് ഉത്തരം പറഞ്ഞു.”
-
1 അതുകൊണ്ടു സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമ്മുടെ ചുറ്റിലുമുള്ളതിനാൽ നമ്മുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന സർവതും, വിശേഷാൽ നമ്മെ ക്ഷണനേരംകൊണ്ട് കുടുക്കിലാക്കുന്ന പാപങ്ങൾ, അതിജീവിച്ച് സ്ഥിരോത്സാഹത്തോടെ നമ്മുടെമുമ്പിലുള്ള ഓട്ടം ഓടാം. 2 വിശ്വാസത്തിന്റെ ആരംഭകനും അതിന് പരിപൂർണത വരുത്തുന്നയാളുമായ യേശുവിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ടാണ് നാം ഇതു ചെയ്യേണ്ടത്. തന്റെ മുമ്പിലെ ആനന്ദമോർത്ത്, അവിടന്ന് അപമാനം അവഗണിച്ച് ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുകയും ചെയ്തു. 3 നിങ്ങൾ ജീവിതത്തിൽ പരിക്ഷീണിതരും മനസ്സു തളർന്നവരും ആകാതിരിക്കാൻ അവിടന്ന് പാപികളിൽനിന്നു സഹിച്ച ഇതുപോലെയുള്ള എല്ലാ വ്യഥകളും ചിന്തിക്കുക.
4 പാപത്തോടുള്ള പോരാട്ടത്തിൽ രക്തം ചൊരിയുന്നതുവരെ നിങ്ങൾ ചെറുത്തുനിന്നിട്ടില്ല.
5 “എന്റെ കുഞ്ഞേ, കർത്താവിന്റെ ശിക്ഷണം നിസ്സാരമായി കരുതരുത്,
അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്.
6 കർത്താവ് താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു,
താൻ പുത്രനായി സ്വീകരിച്ച സകലരെയും ശിക്ഷിച്ചു നന്നാക്കുന്നു,”
എന്നിങ്ങനെ, ഒരു പിതാവ് പുത്രനോട് എന്നപോലെ നിങ്ങളോടു സംവദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞോ?
7 ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്? 8 എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്.
-
2-3 എന്റെ സഹോദരങ്ങളേ, നിങ്ങൾ നാനാവിധത്തിൽ പരിശോധിക്കപ്പെടുമ്പോൾ, വിശ്വാസത്തിന്റെ പരിശോധന നിങ്ങളുടെ സഹനശക്തി വർധിപ്പിക്കുന്നു എന്നറിഞ്ഞ് ഈ പരിശോധനകളെല്ലാം ആനന്ദദായകമെന്നു പരിഗണിക്കുക. 4 എന്നാൽ, നിങ്ങളിലുള്ള സഹനശക്തി നിങ്ങളെ ഒരു കാര്യത്തിന്റെയും അഭാവമില്ലാതെ പരിപക്വതയുള്ളവരും പരിപൂർണരും ആക്കുമാറാകട്ടെ. 5 നിങ്ങളിൽ ഒരാൾക്കു ജ്ഞാനം കുറവാകുന്നു എങ്കിൽ അയാൾ ദൈവത്തോടു യാചിക്കണം. ആരെയും ശകാരിക്കാതെ, എല്ലാവർക്കും എല്ലാം നൽകുന്ന ഔദാര്യനിധിയായ ദൈവം അയാൾക്ക് ജ്ഞാനം നൽകും.
-
17 നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു;
അവിടന്ന് അവരെ സകലവിധ കഷ്ടതകളിൽനിന്നും വിടുവിക്കുന്നു.
18 ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ
മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.
19 നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും
എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു;
-
16 ദൈവാത്മാവുതന്നെ നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞ് നാം ദൈവത്തിന്റെ മക്കളാണെന്ന് ഉറപ്പു നൽകുന്നു. 17 ഇപ്രകാരം ദൈവത്തിന്റെമക്കൾ ആയിരിക്കുന്നതുകൊണ്ട് നാം ദൈവിക അനുഗ്രഹങ്ങളുടെ അവകാശികളാണ്; ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളായിരിക്കുന്ന നാം ക്രിസ്തുവിന്റെ തേജസ്സിന്റെയും പങ്കാളികൾ ആകും.
18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു. 19 ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. 20-21 സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്.
22 സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു. 23 അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്.
-
35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?
36 “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു:
അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,”
എന്ന് എഴുതിയിരിക്കുന്നല്ലോ. 37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.
-
6 യഹോവ സാത്താനോട്: “അങ്ങനെയെങ്കിൽ ഇതാ, അവനെ നിന്റെ ഇഷ്ടത്തിനു വിട്ടുതരുന്നു; അവന്റെ ജീവനെമാത്രം തൊടരുത്” എന്നു പറഞ്ഞു.
7 അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടുപോയി. അവൻ ഇയ്യോബിനെ ഉള്ളംകാൽമുതൽ ഉച്ചിവരെ കഠിനമായ പരുക്കളാൽ ബാധിച്ചു. 8 അദ്ദേഹം ചാരത്തിലിരുന്ന് ഒരു ഓട്ടുകഷണംകൊണ്ടു തന്നത്താൻ ചുരണ്ടിക്കൊണ്ടിരുന്നു.
9 അവന്റെ ഭാര്യ അവനോട്: “നീ ഇപ്പോഴും ദൈവത്തോടു വിശ്വസ്തനായി കഴിയുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക!” എന്നു പറഞ്ഞു.
10 അതിന് ഇയ്യോബ്, “ഒരു ബുദ്ധികെട്ട സ്ത്രീ സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു. നാം ദൈവത്തിൽനിന്ന് നന്മമാത്രമാണോ സ്വീകരിക്കേണ്ടത്; തിന്മയും സ്വീകരിക്കേണ്ടതല്ലേ?” എന്നു പറഞ്ഞു.
ഈ കാര്യങ്ങളിലൊന്നും ഇയ്യോബ് തന്റെ അധരങ്ങൾകൊണ്ടു പാപം ചെയ്തില്ല.
-
അലാമോത്ത് രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ഗീതം.
1 ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു,
കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
2 അതുകൊണ്ട് ഭൂമി വഴുതിമാറിയാലും
പർവതങ്ങൾ ആഴിയുടെ ആഴത്തിൽ അമർന്നാലും
3 അതിലെ വെള്ളം ആർത്തിരമ്പി നുരച്ചുപൊങ്ങിയാലും
അതിന്റെ പ്രകമ്പനത്താൽ പർവതങ്ങൾ വിറകൊണ്ടാലും ഞങ്ങൾ ഭയപ്പെടുകയില്ല. സേലാ.
-
1 പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല. 2 മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു. 3 അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും. 4 അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”
-
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം! ദൈവത്തിന്റെ മഹാകരുണയാൽ, മരിച്ചവരിൽനിന്ന് യേശുക്രിസ്തു പുനരുത്ഥാനംചെയ്തതിലൂടെ ജീവനുള്ള പ്രത്യാശയിലേക്കു നമുക്കു പുതുജനനം നൽകിയിരിക്കുന്നു. 4 ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഓഹരി നാം സ്വന്തമാക്കേണ്ടതിനാണ്. 5 അങ്ങനെ, അന്ത്യകാലത്തു വെളിപ്പെടാൻ സജ്ജമാക്കിയിരിക്കുന്ന രക്ഷയ്ക്കായി, വിശ്വാസത്താൽ നാം ദൈവശക്തിയിൽ സംരക്ഷിക്കപ്പെടുന്നു. 6 ഇപ്പോൾ ചുരുങ്ങിയ സമയത്തേക്ക് വിവിധ കഷ്ടതകൾമൂലം വ്യാകുലപ്പെടേണ്ടിവന്നാലും നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന രക്ഷയിൽ അത്യന്തം ആനന്ദിക്കുക. 7 ഈ സഹനം നിങ്ങളുടെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കലാണ്. അഗ്നിയിൽ സ്ഫുടം ചെയ്യപ്പെടുന്ന, നശ്വരമായ തങ്കത്തെക്കാൾ അമൂല്യമാണ് നിങ്ങളുടെ വിശ്വാസത്തിന്റെ പരിശുദ്ധി. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അത് സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും കാരണമാകും. 8 നിങ്ങൾ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കിലും അവിടത്തെ സ്നേഹിക്കുന്നു, നിങ്ങൾ ഇപ്പോൾ അവിടത്തെ കാണുന്നില്ലെങ്കിലും വിശ്വസിക്കുന്നു, അങ്ങനെ നിങ്ങൾ തേജോമയവും അവർണനീയവുമായ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു. 9 കാരണം നിങ്ങളുടെ വിശ്വാസത്തിന്റെ അന്തിമഫലമായ പ്രാണരക്ഷ കരസ്ഥമാക്കുകയാണല്ലോ.
-
7 അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ. 8 അത് എന്നിൽനിന്ന് നീക്കിക്കളയണമേ എന്നു മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോട് അപേക്ഷിച്ചു. 9 എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും. 10 അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.
-
26 അതുകൊണ്ടു ഞാൻ നിങ്ങളുടെ ദുരന്തങ്ങളിൽ പുഞ്ചിരിക്കും;
അത്യാഹിതങ്ങൾ നിങ്ങളെ തകിടംമറിക്കുമ്പോൾ ഞാൻ പരിഹസിക്കും—
27 അത്യാഹിതങ്ങൾ ഒരു കൊടുങ്കാറ്റുപോലെ നിങ്ങൾക്കുമേൽ ആഞ്ഞടിക്കുമ്പോൾ,
ദുരന്തങ്ങൾ ചുഴലിക്കാറ്റുപോലെ നിങ്ങളെ തൂത്തെറിയുമ്പോൾ,
ദുരിതവും വ്യഥയും നിങ്ങളെ കീഴടക്കുമ്പോൾത്തന്നെ.
-
3 അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; 4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. 5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. 7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.
-
5 നീയോ സകലത്തിലും ആത്മസംയമനം പാലിക്കുക, കഷ്ടത സഹിക്കുക, ഒരു സുവിശേഷകന്റെ പ്രവൃത്തിചെയ്യുക, നിന്റെ ശുശ്രൂഷ പരിപൂർണമായി നിർവഹിക്കുക.
6 ഞാൻ ഇപ്പോൾത്തന്നെ പാനീയയാഗമായി അർപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; എന്റെ അന്തിമയാത്രയ്ക്കുള്ള സമയവും ആസന്നമായിരിക്കുന്നു.
-
5 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങൾ എപ്പോഴും തിന്മനിറഞ്ഞതെന്നും യഹോവ കണ്ടു. 6 ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ട് യഹോവ ദുഃഖിച്ചു; അവിടത്തെ ഹൃദയം അത്യന്തം വേദനിച്ചു. 7 “ഞാൻ സൃഷ്ടിച്ച മനുഷ്യവംശത്തെ—മനുഷ്യരെയും മൃഗങ്ങളെയും നിലത്ത് ഇഴയുന്ന ജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും—ഭൂമുഖത്തുനിന്നു തുടച്ചുനീക്കും; അവയെ ഉണ്ടാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്തു.
-
19 ഒരാൾ അന്യായമായി കഷ്ടത അനുഭവിക്കുമ്പോൾ ദൈവാവബോധം നിമിത്തം സഹിക്കുകയാണെങ്കിൽ അതു പ്രശംസനീയമാണ്. 20 തെറ്റു ചെയ്തതിന് ശിക്ഷ അനുഭവിച്ചിട്ട്, പിന്നീട് “ഞാൻ അതു ക്ഷമയോടുകൂടി സഹിച്ചു” എന്നു പറയുന്നതിൽ എന്തു നേട്ടമാണുള്ളത്? നന്മ ചെയ്തിട്ടു ശിക്ഷ അനുഭവിക്കേണ്ടിവരികയും അതു ക്ഷമയോടെ സഹിക്കുകയുംചെയ്യുന്നത് ദൈവത്തിനു പ്രസാദകരമാണ്. 21 ഇങ്ങനെ കഷ്ടത സഹിക്കുന്നതിനുവേണ്ടിയാണ് ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തു നിങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ചത് നിങ്ങൾ അവിടത്തെ മാതൃക പിൻതുടരേണ്ടതിനുവേണ്ടിയായിരുന്നു.
22 “അവിടന്ന് ഒരു പാപവും ചെയ്തിട്ടില്ല,
അവിടത്തെ നാവിൽ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല.”
23 അധിക്ഷേപിക്കപ്പെട്ടുവെങ്കിലും അവിടന്ന് അതിനു പകരംചോദിച്ചില്ല, പീഡിപ്പിക്കപ്പെട്ടപ്പോൾ ആരെയും ഭീഷണിപ്പെടുത്തിയതുമില്ല; പിന്നെയോ, ന്യായമായി വിധി നടപ്പാക്കുന്ന ദൈവത്തിൽ സ്വയം ഭരമേൽപ്പിക്കുകയാണു ചെയ്തത്. 24 നാം പാപത്തിനു മരിക്കുകയും നീതിക്കുവേണ്ടി ജീവിക്കുകയുംചെയ്യേണ്ടതിന്, “ക്രിസ്തു നമ്മുടെ പാപം സ്വശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിന്മേൽ കയറി; അവിടത്തെ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു;
-
8 ഞങ്ങൾ സകലവിധത്തിലും കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും പാടേ തകർന്നുപോകുന്നില്ല. ആകാംക്ഷാഭരിതരെങ്കിലും നിരാശപ്പെടുന്നില്ല. 9 പീഡിതരെങ്കിലും പരിത്യക്തരല്ല; അടിയേറ്റുവീഴുന്നവരെങ്കിലും നശിച്ചുപോകുന്നില്ല. 10 യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരങ്ങളിൽ പ്രകടമാകാൻ ഞങ്ങൾ എപ്പോഴും യേശുവിന്റെ മരണം ഞങ്ങളുടെ ശരീരങ്ങളിൽ വഹിക്കുന്നു. 11 അതായത്, ഞങ്ങൾ ജീവനോടിരിക്കുമ്പോൾത്തന്നെ യേശുവിന്റെ ജീവൻ ഞങ്ങളുടെ മർത്യശരീരങ്ങളിൽ പ്രകടമാകേണ്ടതിന്, ഞങ്ങൾ യേശുനിമിത്തം ദാസന്മാർ എന്നതിനാൽ മരണത്തിന് എപ്പോഴും ഏൽപ്പിക്കപ്പെടുന്നു. 12 അങ്ങനെ ഞങ്ങൾ നിരന്തരം അഭിമുഖീകരിക്കുന്നത് മരണം; എന്നാൽ അതുമൂലം നിങ്ങൾ നേടുന്നത് നിത്യജീവൻ.
-
1 ധനികരേ, നിങ്ങൾക്കു വരാനിരിക്കുന്ന വിപത്തുകൾനിമിത്തം അലമുറയിട്ടുകരയുക. 2 നിങ്ങളുടെ സമ്പത്ത് ജീർണിച്ചും വസ്ത്രങ്ങൾ പുഴുവരിച്ചും പോയിരിക്കുന്നു. 3 നിങ്ങളുടെ സ്വർണവും വെള്ളിയും ക്ലാവു പിടിച്ചിരിക്കുന്നു. ആ ക്ലാവ്, നിങ്ങൾക്കു വിരോധമായി സാക്ഷ്യം പറയുകയും തീപോലെ നിങ്ങളുടെ ശരീരത്തെ കാർന്നുതിന്നുകയും ചെയ്യും. ഈ അന്ത്യനാളുകളിൽപോലും നിങ്ങൾ സമ്പത്ത് സമാഹരിക്കുന്നു. 4 ഇതാ, നിങ്ങളുടെ നിലങ്ങൾ കൊയ്തവരുടെ കൂലി നിങ്ങൾ പിടിച്ചുവെച്ചതു നിങ്ങൾക്കെതിരേ നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സർവശക്തനായ കർത്താവിന്റെ കാതുകളിൽ എത്തിയിരിക്കുന്നു. 5 നിങ്ങൾ ഭൂമിയിൽ സുഖലോലുപരായി ആഡംബരജീവിതം നയിച്ചു. കശാപ്പുദിവസത്തിനായി എന്നപോലെ നിങ്ങൾ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു. 6 നിങ്ങളോട് എതിർക്കാതിരിക്കുന്ന നിരപരാധിയെ നിങ്ങൾ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു.
7 സഹോദരങ്ങളേ, കർത്താവിന്റെ പുനരാഗമനംവരെ ദീർഘക്ഷമയോടെ ഇരിക്കുക. ഭൂമി നൽകുന്ന മെച്ചമായ വിളവിനായി മുൻമഴയും പിൻമഴയും പ്രതീക്ഷിച്ചുകൊണ്ട് എത്ര ക്ഷമയോടെയാണ് ഒരു കർഷകൻ കാത്തിരിക്കുന്നത്! 8 നിങ്ങളും ക്ഷമയോടെ കാത്തിരിക്കുക; കർത്താവിന്റെ വരവു സമീപിച്ചിരിക്കുകയാൽ നിങ്ങൾ സ്ഥിരചിത്തരാകുക. 9 സഹോദരങ്ങളേ, നിങ്ങൾ വിധിക്കപ്പെടാതെ ഇരിക്കേണ്ടതിന്, ആരും പരസ്പരം ദുരാരോപണം ഉന്നയിക്കരുത്. ഇതാ, ന്യായാധിപൻ വാതിൽക്കൽ ആയിരിക്കുന്നു!
10 സഹോദരങ്ങളേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകരെ സഹനത്തിനും ദീർഘക്ഷമയ്ക്കും മാതൃകയായി സ്വീകരിക്കുക. 11 കഷ്ടത സഹിഷ്ണുതയോടെ അഭിമുഖീകരിച്ചവരെ നാം അനുഗൃഹീതരായി പരിഗണിക്കുന്നു. ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു നിങ്ങൾ കേൾക്കുകയും കർത്താവു വരുത്തിയ ശുഭാന്ത്യം കാണുകയുംചെയ്തിരിക്കുന്നു. കർത്താവ് ദയാപൂർണനും കരുണാമയനും ആകുന്നു.
-
17 ഏഴാമത്തെ ദൂതൻ തന്റെ കുംഭം വായുമണ്ഡലത്തിൽ ഒഴിച്ചു. “പൂർത്തിയായി” എന്നു പറയുന്ന ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തിൽനിന്ന് പുറപ്പെട്ടു. 18 അപ്പോൾ മിന്നലും ഇരമ്പലും ഇടിമുഴക്കവും ഉണ്ടായി. ഭൂമിയിൽ മനുഷ്യൻ ഉണ്ടായതുമുതൽ അതുവരെ സംഭവിച്ചിട്ടില്ലാത്തവിധം ഭീമവും ശക്തവുമായ ഒരു ഭൂകമ്പം ഉണ്ടായി. 19 മഹാനഗരം മൂന്നു ഭാഗങ്ങളായി പിളർന്നു. ജനതകളുടെ നഗരങ്ങൾ നിലംപൊത്തി. ദൈവം അവിടത്തെ “മഹാക്രോധം,” മദ്യം നിറഞ്ഞ ചഷകംപോലെ മഹതിയാംബാബേലിനെ കുടിപ്പിക്കാൻ ബാബേലിനെ ഓർത്തു. 20 എല്ലാ ദ്വീപുകളും പലായനംചെയ്തു; പർവതങ്ങൾ അപ്രത്യക്ഷമായി. 21 ഏകദേശം നാൽപ്പത്തിയഞ്ച് കിലോഗ്രാം ഭാരമുള്ള വലിയ കല്ലുകൾ ആകാശത്തുനിന്നു മനുഷ്യരുടെമേൽ മഴയായി പതിച്ചു. കന്മഴയുടെ ബാധ അത്യന്തം ദുസ്സഹമായിരുന്നതിനാൽ മനുഷ്യർ ദൈവത്തെ നിന്ദിച്ചു.
-
22 നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക
അവിടന്നു നിന്നെ പുലർത്തും;
നീതിനിഷ്ഠർ നിപതിക്കാൻ
അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല.
23 എന്നാൽ ദൈവമേ, അവിടന്ന് ദുഷ്ടരെ
നാശത്തിന്റെ കുഴിയിലേക്കു തള്ളിയിടും;
രക്തദാഹികളും വഞ്ചകരും
അവരുടെ ആയുസ്സിന്റെ പകുതിപോലും കാണുകയില്ല.
എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
സംഗീതസംവിധായകന്. “ദൂരസ്ഥന്മാരുടെ ഇടയിൽ, മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ.”
-
12 പ്രിയരേ, നിങ്ങളുടെ മാറ്റുരയ്ക്കുന്ന അഗ്നിപരീക്ഷകൾ നേരിടുമ്പോൾ അസാധാരണമായത് എന്തോ സംഭവിച്ചു എന്നതുപോലെ അത്ഭുതപ്പെടരുത്; 13 ക്രിസ്തുവിന്റെ കഷ്ടതകളിൽ നിങ്ങൾ പങ്കാളികളാകുന്നതിൽ ആനന്ദിക്കുകയാണ് വേണ്ടത്. അങ്ങനെ അവിടത്തെ മഹത്ത്വം വെളിപ്പെടുമ്പോൾ നിങ്ങൾക്ക് അത്യധികം ആനന്ദിക്കാൻ സാധിക്കും. 14 നിങ്ങൾ ക്രിസ്തുവിന്റെ നാമംമൂലം അവഹേളിക്കപ്പെടുന്നെങ്കിൽ, അനുഗ്രഹിക്കപ്പെട്ടവരാണ്. കാരണം, മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ അധിവസിക്കുന്നു. 15 നിങ്ങൾ കൊലപാതകിയോ മോഷ്ടാവോ ദുഷ്കർമിയോ അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നയാളോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്. 16 ക്രിസ്ത്യാനിയായിട്ട് പീഡനം സഹിക്കുന്നതിൽ ലജ്ജിക്കേണ്ടതില്ല; മറിച്ച്, ക്രിസ്തുവിന്റെ നാമം വഹിച്ചുകൊണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുകയാണു വേണ്ടത്.
-
16 ദൈവം സ്ത്രീയോട് അരുളിച്ചെയ്തത്:
“ഞാൻ നിന്റെ ഗർഭകാലം വേദനയുള്ളതാക്കും;
അതിവേദനയോടെ നീ മക്കളെ പ്രസവിക്കും.
നിന്റെ അഭിലാഷം നിന്റെ ഭർത്താവിനോടാകും,
അവൻ നിന്നെ ഭരിക്കും.”
17 യഹോവ ആദാമിനോട് അരുളിച്ചെയ്തത്: “നീ നിന്റെ ഭാര്യയുടെ വാക്കു കേൾക്കുകയും ‘തിന്നരുത്’ എന്നു ഞാൻ കൽപ്പിച്ച വൃക്ഷത്തിന്റെ ഫലം തിന്നുകയും ചെയ്തതുകൊണ്ട്,
“നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു;
നിന്റെ ആയുഷ്കാലം മുഴുവൻ
കഷ്ടതയോടെ അതിൽനിന്ന് ഉപജീവനംകഴിക്കും.
18 ഭൂമി നിനക്കായി മുള്ളും ഞെരിഞ്ഞിലും മുളപ്പിക്കും,
നീ വയലിലെ സസ്യങ്ങൾ ഭക്ഷിക്കും.
19 മണ്ണിൽനിന്ന് നിന്നെ എടുത്തു;
മണ്ണിലേക്കു മടങ്ങുംവരെ
നിന്റെ നെറ്റിയിലെ വിയർപ്പുകൊണ്ട്
നീ ആഹാരം കഴിക്കും;
നീ പൊടിയാകുന്നു,
പൊടിയിലേക്കു നീ തിരികെച്ചേരും.”
-
1 ദരിദ്രരോടു സുവിശേഷം അറിയിക്കാൻ
യഹോവയായ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ
അവിടത്തെ ആത്മാവ് എന്റെമേലുണ്ട്.
ഹൃദയം തകർന്നവരുടെ മുറിവു കെട്ടുന്നതിനും
തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും
ബന്ധിതരെ മോചിപ്പിക്കുന്നതിനും അവിടന്ന് എന്നെ അയച്ചിരിക്കുന്നു.
2 യഹോവയുടെ പ്രസാദവർഷവും
നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസംഗിക്കാനും
വിലപിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും
3 സീയോനിലെ ദുഃഖിതർക്കു—
വെണ്ണീറിനു പകരം
തലപ്പാവ് അലങ്കാരമായും
വിലാപത്തിനു പകരം
ആനന്ദതൈലവും
വിഷാദഹൃദയത്തിനു പകരം
സ്തുതിയെന്ന മേലങ്കിയും നൽകുവാനും,
അവിടന്ന് എന്നെ അയച്ചിരിക്കുന്നു.
അവിടത്തെ മഹത്ത്വം വെളിപ്പെടുത്തേണ്ടതിന്
യഹോവ നട്ടുവളർത്തിയ
നീതിയുടെ ഓക്കുമരങ്ങളാണ് അവർ എന്നു വിളിക്കപ്പെടും.
-
3 ഇതിനുശേഷം യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എപ്പോഴാണ് ഇതു സംഭവിക്കുക? അങ്ങയുടെ പുനരാഗമനത്തിന്റെയും യുഗാവസാനത്തിന്റെയും ലക്ഷണം എന്തായിരിക്കും?” എന്നു ചോദിച്ചു.
4 അതിന് യേശു ഉത്തരം പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. 5 ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും. 6 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം. 7 ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ക്ഷാമവും ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും. 8 ഇവയെല്ലാം പ്രസവവേദനയുടെ ആരംഭംമാത്രം.
9 “മനുഷ്യർ നിങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്റെ അനുയായികളായതിനാൽ സർവജനതകളും നിങ്ങളെ വെറുക്കും. 10 അപ്പോൾ അനേകർ എന്നിലുള്ള വിശ്വാസം പരിത്യജിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയും ചെയ്യും. 11 പല വ്യാജപ്രവാചകരും വന്ന് അനേകരെ വഞ്ചിക്കും. 12 വർധിതമായ ദുഷ്ടതനിമിത്തം അനേകരുടെയും സ്നേഹം കുറഞ്ഞുപോകും; 13 എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും. 14 ദൈവരാജ്യത്തിന്റെ സുവിശേഷം സർവജനതകളും കേൾക്കുന്നതുവരെ ലോകത്തിലെല്ലാം പ്രസംഗിക്കപ്പെടും; യുഗാവസാനം അപ്പോഴായിരിക്കും.
-
21 പൗലോസും ബർന്നബാസും ആ പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച് വലിയൊരുകൂട്ടം ആളുകളെ ശിഷ്യരാക്കി. അതിനുശേഷം അവരുടെ മടക്കയാത്രയിൽ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്നിവിടങ്ങൾ സന്ദർശിച്ച് 22 ശിഷ്യന്മാരെ ശക്തിപ്പെടുത്തി. വിശ്വാസത്തിൽ അചഞ്ചലരായിരിക്കുക. കാരണം “ഒട്ടേറെ കഷ്ടതകൾ സഹിച്ചുവേണം നമുക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ,” എന്ന് അവരെ പ്രബോധിപ്പിച്ചു.
-
11 എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. 12 ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.
-
14 സ്വർഗാരോഹണം ചെയ്ത ദൈവപുത്രനായ യേശു നമ്മുടെ അതിശ്രേഷ്ഠ മഹാപുരോഹിതനായി ഉള്ളതുകൊണ്ട് നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കാം. 15 നമ്മുടെ ദൗർബല്യങ്ങളിൽ സഹതപിക്കാൻ കഴിയാത്ത ഒരാളല്ല നമുക്കു മഹാപുരോഹിതനായി ഉള്ളത്; മറിച്ച്, അവിടന്ന് നമ്മെപ്പോലെ സകലത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്നു. 16 അതുകൊണ്ടു കരുണയും കൃപയും യഥാസമയം സഹായവും ലഭിക്കാനായി നമുക്കു ധൈര്യപൂർവം കൃപയുടെ സിംഹാസനത്തിന് അടുത്തുചെല്ലാം.
-
ആരോഹണഗീതം.
1 പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു—
എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?
2 ആകാശവും ഭൂമിയും സൃഷ്ടിച്ച
യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.
-
13 ജ്ഞാനികൾ യാത്രയായതിനുശേഷം, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി യോസേഫിനോട്, “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്ക് ഓടി രക്ഷപ്പെടുക. ഹെരോദാവ് ശിശുവിനെ കൊല്ലാൻ അന്വേഷിക്കുന്നതിനാൽ, ഞാൻ നിന്നോടു കൽപ്പിക്കുന്നതുവരെ അവിടെ താമസിക്കുക” എന്നു പറഞ്ഞു.
14 യോസേഫ് ഉറക്കമുണർന്ന് രാത്രിയിൽത്തന്നെ ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്കു യാത്രയായി; 15 ഹെരോദാവ് നാടുനീങ്ങുന്നതുവരെ അവർ അവിടെ താമസിച്ചു. “ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി” എന്ന് കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് ഇങ്ങനെ നിവൃത്തിയായി.
16 ജ്ഞാനികൾ തന്നെ പരിഹസിച്ചെന്ന് ഹെരോദാവ് മനസ്സിലാക്കിയപ്പോൾ അദ്ദേഹം രോഷാകുലനായി, ജ്ഞാനികളിൽനിന്ന് മനസ്സിലാക്കിയ സമയത്തിന് അനുസൃതമായി, ബേത്ലഹേമിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടുവയസ്സും അതിൽ താഴെയും പ്രായമുള്ള എല്ലാ ആൺകുട്ടികളെയും കൊല്ലാൻ ആജ്ഞ നൽകി.
17-18 “രാമായിൽ ഒരു ശബ്ദം കേൾക്കുന്നു,
രോദനവും അത്യുച്ചവിലാപവുംതന്നെ.
റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു.
അവരിലാരും അവശേഷിക്കുന്നില്ല;
സാന്ത്വനം അവൾ നിരസിക്കുന്നു,”
എന്നിങ്ങനെ യിരെമ്യാപ്രവാചകനിലൂടെ ഉണ്ടായ അരുളപ്പാട് നിവൃത്തിയായി.
-
16 അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ (ശരീരം) ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ (ആത്മാവ്) അനുദിനം നവീകരിക്കപ്പെടുന്നു. 17 ലഘുവും ക്ഷണികവുമായ ഞങ്ങളുടെ കഷ്ടതകൾ, അത്യന്തം ഘനമേറിയ നിത്യതേജസ്സ് ഞങ്ങൾക്കു നേടിത്തരുന്നു. 18 അതുകൊണ്ട്, ദൃശ്യമായതിനെ അല്ല, അദൃശ്യമായതിനെ ഞങ്ങൾ കാത്തുകൊണ്ടിരിക്കുന്നു. ദൃശ്യമായത് താൽക്കാലികം, അദൃശ്യമായതോ നിത്യം.
-
10 അവസാനമായി ഓർമിപ്പിക്കട്ടെ, കർത്താവിലും അവിടത്തെ അപാരശക്തിയാലും ശക്തരാകുക. 11 പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക. 12 നാം യുദ്ധംചെയ്യുന്നത് മനുഷ്യർക്കെതിരേയല്ല, മറിച്ച് ഈ ഇരുളടഞ്ഞ ലോകത്തിന്റെ അധികാരികളോടും അധികാരങ്ങളോടും ആകാശത്തിലെ ദുഷ്ടാത്മാക്കളോടുമാണ്. 13 അതുകൊണ്ട് പിശാചിന്റെ ആക്രമണമുണ്ടാകുന്ന ദുർദിവസത്തിൽ അവനെ എതിർക്കാനും യുദ്ധം സമാപിച്ചതിനുശേഷം ഉറച്ചുനിൽക്കാനും സാധിക്കേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക: 14 സത്യമെന്ന അരപ്പട്ട കെട്ടിയും നീതി കവചമായി ധരിച്ചും 15 സമാധാനസുവിശേഷത്തിനുള്ള ഒരുക്കം പാദരക്ഷകളായും 16 സർവോപരി പിശാചിന്റെ എല്ലാ അഗ്ന്യസ്ത്രങ്ങളെയും കെടുത്തിക്കളയാൻ പര്യാപ്തമായ വിശ്വാസം എന്ന പരിച കൈകളിൽ ഏന്തിക്കൊണ്ടും 17 രക്ഷ ശിരോകവചമായി ധരിച്ചും ആത്മാവിന്റെ വാളായ ദൈവവചനം കൈകളിൽ എടുത്തുകൊണ്ടും നിലകൊള്ളുക.
18 ഏതുസമയവും എല്ലാ അവസരങ്ങളിലും ആത്മാവിൽ പ്രാർഥിച്ചുകൊണ്ട് ജാഗ്രതയോടെ നിരന്തരം സകലവിശുദ്ധർക്കുംവേണ്ടി അപേക്ഷ കഴിച്ചുകൊണ്ടിരിക്കുക.
-
9 അവിടത്തെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കർത്താവ് കാലവിളംബം വരുത്തുന്നില്ല; അവിടന്ന് നിങ്ങളോട് ദീർഘക്ഷമ കാണിക്കുകയാണ്. ഒരു വ്യക്തിപോലും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്ക് വരണമെന്നാണ് അവിടത്തെ ആഗ്രഹം.
-
11 എന്നാൽ, ഭൂമി ദൈവത്തിന്റെ ദൃഷ്ടിയിൽ അഴിമതിയുള്ളതും അക്രമം നിറഞ്ഞതുമായിരുന്നു. 12 ഭൂമിയിൽ അഴിമതി എത്രമാത്രം പെരുകിയിരിക്കുന്നെന്നും ഭൂമിയിലെ സകലമനുഷ്യരും അധാർമികത തങ്ങളുടെ ജീവിതശൈലിയാക്കി മാറ്റിയിരിക്കുന്നെന്നും ദൈവം കണ്ടു. 13 അതുകൊണ്ട് ദൈവം നോഹയോട് അരുളിച്ചെയ്തു, “ഞാൻ സകലമനുഷ്യരെയും നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു; അവർനിമിത്തം ഭൂമിയിൽ അക്രമം നിറഞ്ഞിരിക്കുന്നു! ഞാൻ അവരെയും ഭൂമിയെയും നശിപ്പിക്കും! നിശ്ചയം.
-
17 നാൽപ്പതു ദിവസത്തേക്കു ഭൂമിയിൽ പ്രളയം തുടർന്നു; വെള്ളം പെരുകിയപ്പോൾ പെട്ടകം ഭൂമിയിൽനിന്ന് ഉയർന്നു. 18 വെള്ളം ഭൂമിയിൽ അത്യധികം പെരുകി, പെട്ടകം വെള്ളത്തിനുമീതേ ഒഴുകിനീങ്ങി. 19 ആകാശത്തിനു കീഴിലുള്ള ഉയർന്ന പർവതങ്ങളെയൊക്കെയും മൂടുംവിധം ഭൂമിയിൽ വെള്ളം പൊങ്ങി. 20 പർവതങ്ങൾക്കുമേൽ പതിനഞ്ചുമുഴത്തിലധികം ജലനിരപ്പുയർന്നു. 21 പക്ഷികൾ, കന്നുകാലികൾ, വന്യജീവികൾ, ഇഴജന്തുക്കൾ, മനുഷ്യവർഗം മുഴുവനും, ഇങ്ങനെ സകലഭൂചരജീവികളും നശിച്ചു. 22 മൂക്കിൽ ജീവശ്വാസമുള്ളവയായി, കരയിൽ അവശേഷിച്ചിരുന്നവയെല്ലാം ചത്തൊടുങ്ങി. 23 ഭൂമുഖത്തു ജീവനോടെ ഉണ്ടായിരുന്നവയെല്ലാം നിർമാർജനം ചെയ്യപ്പെട്ടു; മനുഷ്യരെയും മൃഗങ്ങളെയും നിലത്തിഴയുന്ന ജീവികളെയും ആകാശത്തിലെ പക്ഷികളെയും—ഇങ്ങനെ സകലതിനെയും പ്രളയം തുടച്ചുനീക്കി. നോഹയും അദ്ദേഹത്തോടുകൂടെ പെട്ടകത്തിലുണ്ടായിരുന്നവരുംമാത്രം അവശേഷിച്ചു.
24 പ്രളയം ഭൂമിയിൽ നൂറ്റി അൻപതു ദിവസത്തേക്കു തുടർന്നു.
-
20 നിങ്ങൾ എനിക്കു ദോഷം ചെയ്യാൻ ശ്രമിച്ചു; ദൈവമോ, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, അതിനെ ബഹുജനത്തിന്റെ ജീവരക്ഷയ്ക്കായി ഗുണകരമാക്കിത്തീർത്തു.
-
10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;
ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.
ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;
എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.
-
31 കർത്താവ് ആരെയും
ശാശ്വതമായി പരിത്യജിക്കുകയില്ല.
32 അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും,
കാരണം അവിടത്തെ അചഞ്ചലസ്നേഹം അതിശ്രേഷ്ഠമാണ്.
33 മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം
കഷ്ടതയോ ദുഃഖമോ വരുത്തുന്നില്ല.
-
9 സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക. 10 സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക. 11 ഉത്സാഹത്തിൽ കുറവുവരാതെ ആത്മതീക്ഷ്ണതയുള്ളവരായി കർത്താവിനെ സേവിക്കുക. 12 പ്രത്യാശയിൽ ആനന്ദിക്കുക; ക്ഷമയോടെ കഷ്ടത സഹിക്കുക; നിരന്തരം പ്രാർഥിക്കുക.
-
6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.
-
6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. 7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.
-
6 ബലവും ധൈര്യവും ഉള്ളവരായിരിക്കുക. അവർനിമിത്തം നിങ്ങൾ ഭയപ്പെടുകയോ പേടിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു നിങ്ങളോടുകൂടെ പോകുന്നത്. അവിടന്നു നിങ്ങളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല.”
-
6 നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക,
താഴേ ഭൂമിയെ നോക്കുക.
ആകാശം പുകപോലെ അപ്രത്യക്ഷമാകും,
ഭൂമി വസ്ത്രംപോലെ പഴകിപ്പോകും,
അതിൽ വസിക്കുന്നവർ ഈച്ചകൾപോലെ മരണമടയും,
എന്നാൽ എന്റെ രക്ഷ ശാശ്വതമായി നിലനിൽക്കും,
എന്റെ നീതി നീങ്ങിപ്പോകുകയുമില്ല.
-
17 അത്തിവൃക്ഷം തളിർക്കുകയില്ല,
മുന്തിരിവള്ളിയിൽ ഫലമുണ്ടാകുകയില്ല,
ഒലിവുമരം ഫലം കായ്ക്കുകയില്ല,
നിലങ്ങൾ ധാന്യം നൽകുകയുമില്ല,
തൊഴുത്തിൽ ആടുകൾ ഉണ്ടാകുകയില്ല,
ഗോശാലയിൽ കന്നുകാലികൾ ഇല്ലാതിരിക്കും,
18 ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും,
എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ ആഹ്ലാദിക്കും.
19 കർത്താവായ യഹോവ എന്റെ ബലമാകുന്നു;
അവിടന്ന് എന്റെ പാദങ്ങളെ മാനിന്റെ കാലുകളെപ്പോലെയാക്കുന്നു,
അവിടന്ന് എന്നെ ഉന്നതികളിൽ നടക്കുമാറാക്കുന്നു.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.
-
16 “ഇതാ, ചെന്നായ്ക്കളുടെ മധ്യത്തിലേക്ക് ആടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു; ആകയാൽ പാമ്പുകളെപ്പോലെ ബുദ്ധിചാതുര്യമുള്ളവരും പ്രാവുകളെപ്പോലെ നിർമലരും ആയിരിക്കുക. 17 ജാഗ്രതയോടിരിക്കുക, മനുഷ്യർ നിങ്ങളെ ന്യായാധിപസമിതികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും. 18 എന്റെ അനുയായികളായതിനാൽ, നിങ്ങളെ അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ കൊണ്ടുപോകും. ഇങ്ങനെ അവർക്കും യെഹൂദേതരർക്കും മുമ്പിൽ നിങ്ങൾ എന്റെ സാക്ഷ്യംവഹിക്കും. 19 അവർ നിങ്ങളെ അധികാരികൾക്ക് ഏൽപ്പിക്കുമ്പോൾ എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല, നിങ്ങൾക്ക് പറയാനുള്ളത് തക്കസമയത്തുതന്നെ നിങ്ങളുടെ നാവിൽ തന്നിരിക്കും. 20 അപ്പോൾ നിങ്ങളല്ല സംസാരിക്കുന്നത്, നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുക.
21 “സഹോദരൻ സ്വന്തം സഹോദരനെയും പിതാവു സ്വന്തം മക്കളെയും മരണത്തിന് ഒറ്റിക്കൊടുക്കും. മക്കൾ മാതാപിതാക്കളെ എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും. 22 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും. എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും. 23 ഒരിടത്തെ നിവാസികൾ നിങ്ങളെ ഉപദ്രവിക്കുമ്പോൾ മറ്റൊരിടത്തേക്ക് പലായനംചെയ്യുക. ഇസ്രായേൽ പട്ടണങ്ങളിലൂടെയുള്ള നിങ്ങളുടെ സഞ്ചാരം മനുഷ്യപുത്രന്റെ പുനരാഗമനത്തിലും പൂർത്തിയാക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
24 “ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; ദാസൻ യജമാനനെക്കാൾ ശ്രേഷ്ഠനുമല്ല. 25 ശിഷ്യർക്ക് അവരുടെ ഗുരുവിനെപ്പോലെയാകുന്നതു മതി; ദാസർക്ക് യജമാനനെപ്പോലെ ആകുന്നതും മതി. അവർ ഗൃഹനാഥനെ ബേൽസെബൂൽ എന്നു വിളിച്ചെങ്കിൽ, കുടുംബാംഗങ്ങളെ എത്രയധികം!
-
28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”
-
12 ഞാൻ നിങ്ങളോടു പറയട്ടെ, സൊദോം നിവാസികൾക്കുണ്ടായ അനുഭവം ആ പട്ടണനിവാസികൾക്ക് അന്നാളിൽ ഉണ്ടാകുന്ന അനുഭവത്തെക്കാൾ ഏറെ സഹനീയമായിരിക്കും.
13 “ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു. 14 എന്നാൽ ന്യായവിധിയിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും. 15 കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും.
-
27 സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. ഞാൻ നിങ്ങൾക്കു തരുന്നത് എന്റെ സമാധാനമാണ്, അത് ലോകം തരുന്നതുപോലെ അല്ല. നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; നിങ്ങൾ ഭയന്നുപോകുകയുമരുത്.
-
17 നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും 18 നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക. 19 സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
-
2 പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ കൽപ്പനകൾ പാലിക്കുക.
-
1 അതിനുശേഷം, ഒരു ദൂതൻ അഗാധഗർത്തത്തിന്റെ താക്കോലും വലിയൊരു ചങ്ങലയും കൈയിൽ പിടിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. 2 അയാൾ പിശാചും സാത്താനുമായ പുരാതന സർപ്പം എന്ന മഹാവ്യാളിയെ പിടിച്ചടക്കി ആയിരം വർഷത്തേക്കു ബന്ധിച്ചു. 3 ഇനിമേൽ ജനതകളെ വഞ്ചിക്കാതിരിക്കാൻ അവനെ അഗാധഗർത്തത്തിലേക്ക് എറിഞ്ഞു. ആയിരം വർഷം പൂർത്തിയാകുന്നതുവരെ അത് അടച്ചുപൂട്ടി മീതേ മുദ്രവെച്ചു. ഇതിനുശേഷം അൽപ്പസമയത്തേക്ക് അവനെ സ്വതന്ത്രനാക്കേണ്ടതാണ്.
4 തുടർന്ന് ഞാൻ സിംഹാസനങ്ങൾ കണ്ടു. സിംഹാസനസ്ഥരായവർക്കു ന്യായംവിധിക്കാനുള്ള അധികാരം നൽകപ്പെട്ടു. യേശുവിനെക്കുറിച്ചുള്ള സാക്ഷ്യവും ദൈവവചനവും നിമിത്തം ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതെയും നെറ്റിമേലോ കൈകളിന്മേലോ അതിന്റെ മുദ്ര സ്വീകരിക്കാതെയും ഇരുന്നവരാണ്. അവർ ജീവിച്ചെഴുന്നേറ്റ് ക്രിസ്തുവിനോടുകൂടെ ആയിരം വർഷം ഭരിച്ചു. 5 മൃതരിൽ അവശേഷിച്ചവർ ആയിരം വർഷം പൂർത്തിയാകുന്നതുവരെ ജീവിച്ചെഴുന്നേറ്റില്ല. ഇത് ഒന്നാംപുനരുത്ഥാനം. 6 ഒന്നാംപുനരുത്ഥാനത്തിൽ പങ്കുള്ളവർ അനുഗൃഹീതരും വിശുദ്ധരുമാകുന്നു. ഇവരുടെമേൽ രണ്ടാംമരണത്തിന് അധികാരം ഇല്ല. ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം അവർ ഭരിക്കും.
-
8 യഹോവതന്നെ നിനക്കുമുമ്പായി പുറപ്പെടും, അവിടന്ന് നിന്നോടുകൂടെ ഇരിക്കും. അവിടന്ന് നിന്നെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല. ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്.”
Shows Read in context, Share and Copy.