44 Bible Verses About God's Wrath
Biblica® Open Malayalam Contemporary Version™ (OMCV)
-
18 അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. 19 യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു. 20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.
21 അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി. 22 ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി. 23 അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു.
-
35 പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലതും അവന്റെ കൈയിൽ ഏൽപ്പിച്ചുമിരിക്കുന്നു. 36 പുത്രനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവരോ ജീവനെ കാണുകയില്ലെന്നുമാത്രമല്ല; ദൈവക്രോധം അവരുടെമേൽ നിലനിൽക്കുകയും ചെയ്യുന്നു.”
-
1 ഏദോമിൽനിന്ന് രക്തപങ്കിലമായ വസ്ത്രംധരിച്ചുകൊണ്ട്,
അതേ, ഏദോമിലെ ബൊസ്രായിൽനിന്ന് വരുന്ന ഈ വ്യക്തി ആർ?
തേജസ്സിന്റെ വസ്ത്രംധരിച്ചുകൊണ്ട്
തന്റെ ശക്തിയുടെ പ്രഭാവത്തിൽ വേഗത്തിൽ മുന്നേറുന്ന ഇദ്ദേഹം ആർ?
“വിമോചനം പ്രഘോഷിക്കുന്നവനും
രക്ഷിക്കാൻ ശക്തനുമായ ഞാൻതന്നെ.”
2 നിന്റെ വസ്ത്രം മുന്തിരിച്ചക്കു ചവിട്ടുന്നവരുടേതുപോലെ
ചെമന്നിരിക്കാൻ കാരണമെന്ത്?
3 “ഞാൻ ഏകനായി മുന്തിരിച്ചക്കു ചവിട്ടിമെതിച്ചു;
രാഷ്ട്രങ്ങളിൽനിന്ന് ആരുംതന്നെ എന്നോടൊപ്പം ഉണ്ടായിരുന്നില്ല.
എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി,
എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു;
അവരുടെ രക്തം എന്റെ ഉടുപ്പിന്മേൽ തെറിച്ചു,
എന്റെ വസ്ത്രമെല്ലാം ഞാൻ മലിനമാക്കി.
4 കാരണം പ്രതികാരദിവസം എന്റെ ഹൃദയത്തിലുണ്ട്;
ഞാൻ വീണ്ടെടുക്കുന്ന വർഷം വന്നിരിക്കുന്നു.
5 ഞാൻ നോക്കി, സഹായിക്കാൻ ആരുമുണ്ടായില്ല,
സഹായിക്കാൻ ആരുമില്ലാത്തതോർത്ത് ഞാൻ വിസ്മയിച്ചു;
അതിനാൽ എന്റെ കരംതന്നെ എനിക്കു രക്ഷ വരുത്തി,
എന്റെ ക്രോധം എന്നെ തുണച്ചു.
6 എന്റെ കോപത്തിൽ ഞാൻ രാഷ്ട്രങ്ങളെ ചവിട്ടിമെതിച്ചു;
എന്റെ ക്രോധത്തിൽ അവരെ മത്തരാക്കി,
അവരുടെ രക്തം ഞാൻ നിലത്ത് ഒഴുക്കിക്കളഞ്ഞു.”
-
4 ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനാണെന്ന് തിരിച്ചറിയാതെ നീ അവിടത്തെ സമൃദ്ധമായ ദയയും സഹിഷ്ണുതയും ദീർഘക്ഷമയും നിസ്സാരമായി കരുതുകയാണോ?
5 എന്നാൽ, ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന ക്രോധദിവസത്തേക്കു, നിന്റെ ശാഠ്യവും അനുതാപമില്ലാത്ത ഹൃദയവും നിമിത്തം നിനക്കുതന്നെ ദൈവക്രോധം ശേഖരിച്ചുവെക്കുകയാണ്. 6 ദൈവം “ഓരോ വ്യക്തിക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരംചെയ്യും.” 7 നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും. 8 എന്നാൽ, സത്യം അനുസരിക്കാതെ സ്വാർഥചിന്തയോടുകൂടി ദുഷ്ടതയെ അനുസരിക്കുന്നവരുടെമേൽ കോപവും ക്രോധവും വർഷിക്കും. 9 തിന്മചെയ്യുന്ന ഏതു മനുഷ്യജീവിക്കും ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും പീഡയും സങ്കടവും ഉണ്ടാകും. 10 എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും; 11 കാരണം, ദൈവം പക്ഷഭേദം ഇല്ലാത്തവനാണ്.
-
17 നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും 18 നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക. 19 സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു. 20 എന്നാൽ,
“നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക;
ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക.
ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.”
21 നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണു വേണ്ടത്.
-
21 എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. 22 യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. 23 യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. 24 എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു. 25 ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല. 26 അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.
27 അങ്ങനെയെങ്കിൽ പ്രശംസയ്ക്ക് സ്ഥാനം എവിടെ? അത് നീങ്ങിപ്പോയിരിക്കുന്നു. ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ? അനുഷ്ഠാനങ്ങൾ ആവശ്യമുള്ള ന്യായപ്രമാണത്താലോ? അല്ല, വിശ്വാസം ആവശ്യമുള്ള പ്രമാണത്താൽത്തന്നെയാണ്. 28 അങ്ങനെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾവഴിയല്ലാതെ വിശ്വാസത്താൽത്തന്നെ മനുഷ്യൻ നീതീകരിക്കപ്പെടുന്നു എന്നു നാം കാണുന്നു. 29 ദൈവം യെഹൂദരുടെമാത്രമോ? അവിടന്ന് യെഹൂദരല്ലാത്തവരുടെയും ദൈവം അല്ലയോ? അതേ, അവിടന്ന് അവരുടെയും ദൈവമാണ്. 30 ദൈവം ഒരുവനേയുള്ളൂ; അതുകൊണ്ട്, പരിച്ഛേദനം സ്വീകരിച്ചവനെ വിശ്വാസത്താൽ നീതീകരിക്കുന്നു; അതേ വിശ്വാസത്താൽ പരിച്ഛേദനം ഇല്ലാത്തവരെയും നീതീകരിക്കുന്നു. 31 അപ്പോൾ, നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ പ്രയോജനരഹിതമാക്കുകയാണോ? ഒരിക്കലുമില്ല, നാം ന്യായപ്രമാണത്തെ സ്ഥിരീകരിക്കുകയാണു ചെയ്യുന്നത്.
-
8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.
9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്!
-
2 യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു;
അവിടന്നു പ്രതികാരംചെയ്യുന്നവനും കോപം നിറഞ്ഞവനുമാകുന്നു.
യഹോവ തന്റെ ശത്രുക്കളോട് പകരംവീട്ടുകയും
തന്റെ വൈരികൾക്കായി ക്രോധം സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നു.
3 യഹോവ ദീർഘക്ഷമയുള്ളവനും മഹാശക്തനുമാകുന്നു;
അവിടന്ന് കുറ്റംചെയ്യുന്നവനെ ശിക്ഷിക്കാതെ വിടുകയില്ല.
അവിടത്തെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലുമുണ്ട്,
മേഘങ്ങൾ അവിടത്തെ പാദങ്ങളിലെ പൊടിയുമാകുന്നു.
4 അവിടന്ന് സമുദ്രത്തെ ശാസിച്ച് ഉണക്കിക്കളയുന്നു;
നദികളെയെല്ലാം വറ്റിക്കുന്നു.
ബാശാനും കർമേലും ഉണങ്ങുന്നു,
ലെബാനോനിലെ പുഷ്പങ്ങൾ വാടിപ്പോകുന്നു.
5 പർവതങ്ങൾ അവിടത്തെ മുമ്പിൽ കുലുങ്ങുന്നു;
കുന്നുകൾ ഉരുകിപ്പോകുന്നു.
അവിടത്തെ സാന്നിധ്യത്തിൽ ഭൂമി വിറകൊള്ളുന്നു,
ഭൂലോകവും അതിലെ സകലനിവാസികളും അങ്ങനെതന്നെ.
6 അവിടത്തെ ക്രോധത്തിനുമുമ്പിൽ ആർക്കു നിൽക്കാൻ കഴിയും?
അവിടത്തെ ഉഗ്രകോപം ആർക്കു താങ്ങാൻ കഴിയും?
അവിടത്തെ ക്രോധം അഗ്നിപോലെ ചൊരിയുന്നു;
പാറകൾ അവിടത്തെ മുമ്പിൽ തകർന്നുപോകുന്നു.
-
5 ജെറുശലേമിൽനിന്നും യെഹൂദ്യപ്രവിശ്യയിൽ എല്ലായിടത്തുനിന്നും യോർദാൻനദിയുടെ പരിസരപ്രദേശങ്ങളിൽനിന്നുമെല്ലാം ജനം യോഹന്നാന്റെ അടുക്കൽ എത്തി. 6 തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞവരെ അദ്ദേഹം യോർദാൻനദിയിൽ സ്നാനപ്പെടുത്തി.
7 എന്നാൽ, പരീശന്മാരും സദൂക്യരുമായ അനേകർ അദ്ദേഹം സ്നാനം കഴിപ്പിക്കുന്ന ഇടത്തേക്കു വരുന്നതുകണ്ടിട്ട് അവരോട്, “അണലിക്കുഞ്ഞുങ്ങളേ! വരാൻപോകുന്ന ക്രോധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്?” എന്നു വിളിച്ചുപറഞ്ഞു. 8 “മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക. 9 ‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും. 10 ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.
11 “ഞാൻ നിങ്ങൾക്കു നൽകുന്ന ജലസ്നാനം നിങ്ങൾ മാനസാന്തരപ്പെട്ടു എന്നതിന്റെ പ്രതീകമാണ്. എന്നാൽ, എന്നെക്കാൾ ശക്തനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും. 12 വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച്, ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.”
-
3 നിങ്ങളുടെ മധ്യേ ലൈംഗിക അധാർമികത, ഒരുതരത്തിലുമുള്ള അശുദ്ധി, ദുരാഗ്രഹം ഇവയുടെ പേരുപോലും കേൾക്കാൻ ഇടയാകരുത്; കാരണം ഇവ ദൈവത്തിന്റെ വിശുദ്ധജനത്തിന് ഭൂഷണമല്ല. 4 അശ്ലീലം, നിരർഥക സംഭാഷണം, അശ്ലീലഫലിതം ഇങ്ങനെ അയോഗ്യമായവയൊന്നും പാടുള്ളതല്ല; പകരം സ്തോത്രശബ്ദമാണ് ഉയരേണ്ടത്. 5 ദുർവൃത്തർ, അശുദ്ധർ, ദുരാഗ്രഹികൾ—ഇങ്ങനെയുള്ളവർ വിഗ്രഹാരാധകർ—ഇവർക്ക് ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ യാതൊരു ഓഹരിയുമില്ല എന്നു നിങ്ങൾക്കറിയാമല്ലോ. 6 അർഥശൂന്യമായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കരുത്. ഇവയാലാണ് അനുസരണമില്ലാത്തവർ ദൈവക്രോധത്തിനു പാത്രമായിത്തീരുന്നത്. 7 അതുകൊണ്ട് നിങ്ങൾ അവരുടെ സഹകാരികളാകരുത്.
-
12 കുഞ്ഞാട് ആറാംമുദ്ര തുറന്നപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ കറുകറാകറുത്ത ആട്ടിൻരോമംകൊണ്ടു നിർമിച്ച വസ്ത്രംപോലെ കറുത്തതായിത്തീർന്നു. ചന്ദ്രൻ പൂർണമായും രക്തവർണമായിത്തീർന്നു. 13 കൊടുങ്കാറ്റിനാൽ ഉലയുന്ന അത്തിവൃക്ഷത്തിൽനിന്ന്, ഇളംകായ്കൾ ഉതിർന്നുവീഴുംപോലെ ആകാശത്തിൽനിന്ന് ഉൽക്കകൾ ഭൂമിയിൽ നിപതിച്ചു. 14 ആകാശം പുസ്തകച്ചുരുൾപോലെ ചുരുട്ടിമാറ്റപ്പെട്ടു; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി.
15 അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും പ്രഭുക്കന്മാരും സൈന്യാധിപന്മാരും സമ്പന്നരും ശക്തരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും മലകളിലെ പാറകൾക്കിടയിലും പോയി ഒളിച്ചു. 16 അവർ മലകളോടും പാറകളോടും: “ഞങ്ങളുടെമേൽ വീണ് സിംഹാസനസ്ഥന്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്റെ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്ക്കുക; 17 അവരുടെ ക്രോധത്തിന്റെ മഹാദിവസം വന്നിരിക്കുന്നു. അതിനെതിരേ നിൽക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു.
-
6 യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു. 7 ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.”
-
11 ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു,
അവിടന്ന് ദുഷ്ടരോട് അനുദിനം രോഷംകൊള്ളുന്നു.
12 മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ,
ദൈവം തന്റെ വാളിനു മൂർച്ചകൂട്ടും;
അവിടന്ന് തന്റെ വില്ലുകുലച്ച് ഒരുക്കിവെക്കും.
13 അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു;
അവിടന്ന് തന്റെ തീയമ്പുകൾ സജ്ജമാക്കുന്നു.
-
26-27 സത്യം വ്യക്തമായി ഗ്രഹിച്ചതിനുശേഷം, നാം മനഃപൂർവം പാപംചെയ്താൽ ന്യായവിധിയുടെ ഭയാനകമായ സാധ്യതകളും ശത്രുക്കളെ ദഹിപ്പിക്കാനുള്ള ക്രോധാഗ്നിയുമല്ലാതെ, പാപനിവാരണത്തിനുവേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല. 28 മോശയുടെ ന്യായപ്രമാണം നിരാകരിക്കുന്നയാൾ യാതൊരു കരുണയും ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയാൽ മരണശിക്ഷ ഏൽക്കുന്നു. 29 അങ്ങനെയെങ്കിൽ ദൈവപുത്രനെ ചവിട്ടിക്കളയുകയും പാപിയായ തന്നെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ അശുദ്ധമെന്നു കരുതുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയുംചെയ്തയാൾ എത്ര കഠിനതരമായ ശിക്ഷയ്ക്കു പാത്രമാകും എന്നുള്ളത് ഒന്ന് ചിന്തിച്ചുനോക്കുക. 30 “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നും “കർത്താവ് തന്റെ ജനത്തെ ന്യായംവിധിക്കും” എന്നും അരുളിച്ചെയ്ത ദൈവത്തെ നാം അറിയുന്നല്ലോ. 31 ജീവനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നത് ഭയാനകം!
-
11 പിന്നീട്, സ്വർഗം തുറക്കപ്പെട്ടിരിക്കുന്നതു ഞാൻ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്നയാൾ വിശ്വസ്തൻ എന്നും സത്യവാൻ എന്നും വിളിക്കപ്പെടുന്നു. അദ്ദേഹം ന്യായംവിധിക്കുന്നതും അടരാടുന്നതും നീതിയോടെയായിരിക്കും. 12 അദ്ദേഹത്തിന്റെ കണ്ണുകൾ അഗ്നിജ്വാലയ്ക്കു സമാനമായിരുന്നു. ശിരസ്സിൽ അനേകം കിരീടങ്ങളും ധരിച്ചിരുന്നു; മറ്റാർക്കും അറിയാൻ കഴിയാത്ത എഴുതപ്പെട്ട ഒരു നാമം അദ്ദേഹത്തിനുണ്ട്. 13 രക്തത്തിൽ മുക്കിയെടുത്ത ഒരു വസ്ത്രം അദ്ദേഹം ധരിച്ചിരിക്കുന്നു; ദൈവവചനം എന്നാകുന്നു അദ്ദേഹത്തിന്റെ നാമധേയം. 14 ശുദ്ധവും ശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം ധരിച്ച സ്വർഗീയസൈന്യങ്ങൾ വെള്ളക്കുതിരകളിന്മേൽ അദ്ദേഹത്തെ അനുഗമിച്ചു. 15 ജനതകളെ വെട്ടിവീഴ്ത്താൻവേണ്ടി മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്നു പുറപ്പെടുന്നു. “ഇരുമ്പു ചെങ്കോൽകൊണ്ട് അദ്ദേഹം അവരെ ഭരിക്കും.” സർവശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധം എന്ന മുന്തിരിച്ചക്ക് അദ്ദേഹം ചവിട്ടിമെതിക്കുന്നു.
16 രാജാധിരാജാവ്, കർത്താധികർത്താവ്,
എന്ന നാമം അദ്ദേഹത്തിന്റെ വസ്ത്രത്തിന്മേലും തുടയിന്മേലും ആലേഖനംചെയ്തിരിക്കുന്നു.
-
9 കാരണം നിങ്ങൾ ഞങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നും, വിഗ്രഹങ്ങളെ വിട്ട് ജീവനുള്ള സത്യദൈവത്തെ സേവിക്കാൻ ദൈവത്തിലേക്കു നിങ്ങൾ ഏതുവിധം തിരിഞ്ഞു എന്നും അവർതന്നെ വിവരിക്കുന്നു. 10 തന്നെയുമല്ല ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച തന്റെ പുത്രനും വരാനുള്ള ക്രോധത്തിൽനിന്ന് നമ്മെ വിമുക്തരാക്കുന്ന വ്യക്തിയുമായ യേശു സ്വർഗത്തിൽനിന്നു വരുന്നതിനായി നിങ്ങൾ കാത്തിരിക്കുന്നതും അവർ ഞങ്ങളോടു പ്രസ്താവിക്കുന്നു.
-
2 കള്ളൻ രാത്രിയിൽ വരുന്നതുപോലെയാണ് കർത്താവിന്റെ ദിവസം വരുന്നതെന്ന് നിങ്ങൾക്കു സുവ്യക്തമായി അറിയാം. 3 “സമാധാനമെന്നും, സുരക്ഷിതമെന്നും” അവർ പറയുമ്പോൾ തന്നെ, ഗർഭിണിക്കു പ്രസവവേദന ഉണ്ടാകുന്നപോലെ അവർക്കു പെട്ടെന്നു നാശം വന്നുചേരും; അതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുകയുമില്ല.
4 എന്നാൽ സഹോദരങ്ങളേ, ആ ദിവസം കള്ളന്റെ വരവ് എന്നപോലെ നിങ്ങളെ അമ്പരപ്പിക്കേണ്ടതിന് നിങ്ങൾ അന്ധകാരത്തിലുള്ളവരല്ല; 5 നിങ്ങളെല്ലാവരും പ്രകാശത്തിന്റെ മക്കൾ; അതേ പകലിന്റെ മക്കൾ ആകുന്നു. നാം രാത്രിയുടെയും അന്ധകാരത്തിന്റെയും സ്വന്തമല്ല. 6 അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറങ്ങാതെ, നമുക്കു ജാഗ്രതയും സമചിത്തതയും ഉള്ളവരായിരിക്കാം. 7 ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. 8 എന്നാൽ നാം പകലിനുള്ളവർ ആയതിനാൽ, വിശ്വാസം, സ്നേഹം എന്നിവ കവചമായും, രക്ഷയുടെ പ്രത്യാശ ശിരോരക്ഷണമായും ധരിച്ചു നമുക്കു സുബോധമുള്ളവർ ആയിരിക്കാം. 9 ദൈവം നമ്മെ ക്രോധത്തിന് ഇരയാക്കാനല്ല; നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയ്ക്കായാണ് നിയമിച്ചിരിക്കുന്നത്. 10 നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും അവിടത്തോടുകൂടെ ജീവിക്കേണ്ടതിനാണ് യേശു നമുക്കുവേണ്ടി മരിച്ചത്.
-
19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി; 20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത, 21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.
22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത, 23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല.
-
5 അതിനാൽ അസാന്മാർഗികത, അശുദ്ധി, വിഷയാസക്തി, ദുഷിച്ച അഭിലാഷങ്ങൾ, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിങ്ങനെയുള്ള നിങ്ങളുടെ ജഡികവികാരങ്ങളെ നിർജീവമാക്കുക. 6 ഇവ ദൈവകോപം ജ്വലിപ്പിക്കുന്നവയാണ്.
-
14 യഹോവയുടെ മഹാദിവസം സമീപമായിരിക്കുന്നു—
സമീപമായി, അതിവേഗം വരുന്നു.
യഹോവയുടെ ദിവസത്തിൽ നിലവിളി ഭയങ്കരമായിരിക്കും;
യുദ്ധവീരന്റെ അട്ടഹാസവും അവിടെയുണ്ട്.
15 ആ ദിവസം ക്രോധത്തിന്റെ ദിവസം—
കഷ്ടത്തിന്റെയും സങ്കടത്തിന്റെയും ദിവസം,
ശൂന്യതയുടെയും നാശത്തിന്റെയും ദിവസം,
അന്ധകാരത്തിന്റെയും മ്ലാനതയുടെയും ദിവസം,
മേഘങ്ങളുടെയും ഇരുട്ടിന്റെയും ദിവസം—
16 കോട്ടയുള്ള നഗരങ്ങൾക്കും
ചത്വരങ്ങളിലെ ഗോപുരങ്ങൾക്കും എതിരേ
കാഹളത്തിന്റെയും യുദ്ധാരവത്തിന്റെയും ദിവസം.
17 “ഞാൻ ജനത്തിന്റെമേൽ ദുരിതംവരുത്തും;
അവർ അന്ധരെപ്പോലെ തപ്പിത്തടഞ്ഞുനടക്കും.
അവർ യഹോവയ്ക്കു വിരോധമായി പാപംചെയ്തിരിക്കുകയാൽ
അവരുടെ രക്തം പൊടിപോലെയും
അവരുടെ മാംസം ചാണകംപോലെയും ചൊരിയപ്പെടും.
18 യഹോവയുടെ ക്രോധദിവസത്തിൽ
അവരുടെ വെള്ളിയോ സ്വർണമോ
അവരെ രക്ഷിക്കാൻ പര്യാപ്തമാകുകയില്ല.”
അവിടത്തെ തീക്ഷ്ണാഗ്നിയിൽ
സർവലോകവും ദഹിച്ചുപോകും.
സകലഭൂവാസികളുടെയുംമേൽ അവിടന്ന്
ശീഘ്രസംഹാരം വരുത്തും.
-
6 മറ്റൊരു ദൂതൻ ആകാശമധ്യത്തിൽ പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിലുള്ള സകലരാജ്യങ്ങളോടും ഗോത്രങ്ങളോടും ഭാഷകളോടും ജനവിഭാഗങ്ങളോടും അറിയിക്കാനുള്ള നിത്യസുവിശേഷം അവന്റെ കൈവശമുണ്ടായിരുന്നു. 7 “ദൈവത്തെ ഭയപ്പെട്ട് അവിടത്തേക്കു മഹത്ത്വംകൊടുക്കുക; അവിടത്തെ ന്യായവിധിയുടെ സമയം വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും എല്ലാ നീരുറവകളും സൃഷ്ടിച്ചവനെ ആരാധിക്കുക!” എന്നിങ്ങനെ ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
8 തുടർന്നു രണ്ടാമത്തെ ദൂതൻ വിളിച്ചുപറഞ്ഞത്: “ ‘നിലംപതിച്ചിരിക്കുന്നു!’ തന്റെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യം സകലരാജ്യങ്ങളെയും കുടിപ്പിച്ച ‘മഹാനഗരമായ ബാബേൽ ഇതാ നിലംപതിച്ചിരിക്കുന്നു!’”
9 അതിന്റെശേഷം മൂന്നാമത്തെ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “ആരെങ്കിലും മൃഗത്തെയും അവന്റെ പ്രതിമയെയും ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അവന്റെ അടയാളം സ്വീകരിക്കുകയോ ചെയ്താൽ 10 ദൈവകോപത്തിന്റെ ചഷകത്തിൽ പൂർണവീര്യത്തോടെ പകർന്നുവെച്ചിരിക്കുന്ന ദൈവക്രോധമെന്ന മദ്യം അയാൾ കുടിക്കേണ്ടിവരും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ തീയിലും ഗന്ധകത്തിലും അവർ ദണ്ഡനം അനുഭവിക്കും. 11 അവരുടെ ദണ്ഡനത്തിന്റെ പുക യുഗാനുയുഗം ഉയർന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുകയോ അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുകയോ ചെയ്യുന്നവർക്ക് രാപകൽ സ്വസ്ഥത അന്യമായിരിക്കും.” 12 ദൈവകൽപ്പനകൾ അനുസരിക്കുകയും യേശുവിലുള്ള വിശ്വാസം സൂക്ഷിക്കുകയുംചെയ്യുന്ന ദൈവജനത്തിന് സഹിഷ്ണുത ഇവിടെ അത്യാവശ്യമായിരിക്കുന്നു.
-
9 “ഞാൻ ഈ ജനത്തെ നോക്കി, അവർ ദുശ്ശാഠ്യമുള്ള ജനം എന്നുകണ്ടു,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. 10 “അതുകൊണ്ട്, എന്റെ കോപം അവർക്കുനേരേ ജ്വലിച്ചു; ഞാൻ അവരെ ദഹിപ്പിച്ചു കളയേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജനതയാക്കും.”
-
7 നിന്റെ ദൈവമായ യഹോവയെ മരുഭൂമിയിൽവെച്ച് നീ എങ്ങനെ പ്രകോപിപ്പിച്ചുവെന്നത് ഒരിക്കലും മറക്കാതെ ഓർക്കുക. ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ട നാൾമുതൽ ഇവിടെ എത്തുന്നതുവരെ നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു. 8 ഹോരേബിൽവെച്ച് നിങ്ങൾ യഹോവയെ പ്രകോപിപ്പിച്ചു, അതുകൊണ്ട് നിങ്ങളെ നശിപ്പിക്കാൻ വിചാരിക്കത്തക്കവിധം യഹോവ കോപിച്ചു.
-
30 കഴിഞ്ഞകാലങ്ങളിൽ ദൈവം അങ്ങനെയുള്ള അജ്ഞതയെ അവഗണിച്ചിരുന്നു; എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള എല്ലാവരും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയണമെന്ന് അവിടന്ന് ആജ്ഞാപിക്കുന്നു. 31 അവിടന്ന് നിയോഗിച്ചിട്ടുള്ള ഒരു മനുഷ്യനാൽത്തന്നെ ലോകത്തെ ന്യായംവിധിക്കാൻ ഒരു ദിവസം ദൈവം നിശ്ചയിച്ചിരിക്കുന്നു. ദൈവം നിയോഗിച്ച ആ മനുഷ്യനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ, ഇതിനുള്ള വ്യക്തമായ നിദർശനം നമുക്കു നൽകിയിരിക്കുന്നു.”
-
23 പാപം ശമ്പളമായി നൽകുന്നത് മൃത്യുവാണ്; എന്നാൽ, ദൈവം ദാനമായി നൽകുന്നതോ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള നിത്യജീവനാകുന്നു.
-
5 നിങ്ങൾ ഏതൊരു ദൈവരാജ്യത്തിനുവേണ്ടി കഷ്ടം അനുഭവിക്കുന്നോ ആ രാജ്യം നിങ്ങൾക്ക് അവകാശമായിത്തീരും. ദൈവത്തിന്റെ നീതിയുക്തമായ ന്യായവിധിക്ക് ഇതു വ്യക്തമായ തെളിവാണ്. 6-7 ദൈവം നീതിമാനാണ്: നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് അവിടന്ന് പീഡനം നൽകുകയും പീഡിതരായ നിങ്ങൾക്കും ഞങ്ങൾക്കും ആശ്വാസം പകരം നൽകുകയും ചെയ്യും. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗത്തിൽനിന്ന്, കത്തിജ്വലിക്കുന്ന അഗ്നിയിൽ പ്രത്യക്ഷനാകുമ്പോഴാണ് ഇതു സംഭവിക്കാനിരിക്കുന്നത്. 8 ദൈവത്തെ അറിയാത്തവരോടും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവരോടും അവിടന്ന് പ്രതികാരംചെയ്യും. 9-10 ഇക്കൂട്ടർ കർത്താവിന്റെ സന്നിധിയിൽനിന്നും അവിടത്തെ മഹത്ത്വകരമായ തേജസ്സിൽനിന്നും മാറ്റപ്പെട്ട് നിത്യനാശം എന്ന ശിക്ഷ അനുഭവിക്കും. കർത്താവ് പ്രത്യക്ഷനാകുന്ന ആ നാളിൽ തന്റെ വിശുദ്ധരിൽ അവിടന്ന് മഹത്ത്വപ്പെടുകയും അവർക്ക് തന്നെ അവിടന്ന് ഒരു അത്ഭുതവിഷയമായി മാറുകയും ചെയ്യും. ഞങ്ങൾ നിങ്ങളോട് അറിയിച്ച സാക്ഷ്യത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതുമൂലം നിങ്ങളും വിശുദ്ധരുടെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു.
-
28 ആകയാൽ നമുക്ക് അചഞ്ചലമായ ഒരു രാജ്യം ലഭിക്കുന്നതുകൊണ്ട്, നാം കൃതജ്ഞതയുള്ളവരായി ദൈവത്തിനു സ്വീകാര്യമാകുമാറ് ഭയഭക്തിയോടുകൂടി അവിടത്തെ ആരാധിക്കാം; 29 “നമ്മുടെ ദൈവം ഭസ്മീകരിക്കുന്ന അഗ്നിയല്ലോ.”
-
17 വേറൊരു ദൂതനും സ്വർഗത്തിലെ ദൈവാലയത്തിൽനിന്ന് വന്നു. അവന്റെ കൈയിൽ മൂർച്ചയുള്ള ഒരു അരിവാൾ ഉണ്ടായിരുന്നു. 18 അഗ്നിയുടെമേൽ അധികാരമുള്ള മറ്റൊരു ദൂതൻ യാഗപീഠത്തിൽനിന്ന് വന്ന് മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്, “ഭൂമിയിൽ മുന്തിരിങ്ങ പാകമായിരിക്കുകയാൽ നിന്റെ മൂർച്ചയുള്ള അരിവാൾ എറിഞ്ഞ് മുന്തിരിവള്ളിയിൽനിന്ന് മുന്തിരിക്കുലകൾ മുറിച്ചെടുക്കുക” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. 19 ദൂതൻ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞ് മുന്തിരിവിളവ് ശേഖരിച്ചു ദൈവക്രോധത്തിന്റെ വലിയ ചക്കിലേക്ക് എറിഞ്ഞു. 20 നഗരത്തിനു പുറത്തുവെച്ച് മുന്തിരിക്കുല ചക്കിൽ ചവിട്ടിമെതിച്ചു. ചക്കിൽനിന്ന് രക്തം പുറപ്പെട്ട് ഒരു കുതിരയുടെ കടിഞ്ഞാണുള്ള ഉയരംവരെ പൊങ്ങി, 300 കിലോമീറ്റർ ദൂരംവരെ ഒഴുകി.
-
25 മോശയുടെ ന്യായപ്രമാണങ്ങളെല്ലാം അനുസരിച്ച് പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടുംകൂടി യഹോവയിലേക്കു തിരിഞ്ഞ യോശിയാവിനെപ്പോലുള്ള ഒരു രാജാവ് അദ്ദേഹത്തിനുമുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.
26 എങ്കിലും യഹോവയുടെ ക്രോധത്തെ ജ്വലിപ്പിക്കുമാറ് മനശ്ശെ ചെയ്ത പ്രവൃത്തികൾമൂലം യെഹൂദയ്ക്കെതിരായി യഹോവയുടെ ഉഗ്രകോപം ജ്വലിച്ചിരുന്നു. അതിന്റെ തീക്ഷ്ണതവിട്ട് യഹോവ പിൻവാങ്ങിയില്ല. 27 അതിനാൽ യഹോവ അരുളിച്ചെയ്തു: “ഇസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ ഞാൻ യെഹൂദ്യയെയും എന്റെ സന്നിധിയിൽനിന്നു നീക്കിക്കളയും. ഞാൻ തെരഞ്ഞെടുത്ത പട്ടണമായ ജെറുശലേമിനെയും, ‘എന്റെ നാമം അവിടെ സ്ഥാപിതമായിരിക്കും’ എന്നു ഞാൻ കൽപ്പിച്ച ഈ ദൈവാലയത്തെയും ഞാൻ തള്ളിക്കളയും.”
-
8 യഹോവ കരുണാമയനും ആർദ്രഹൃദയനും
ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
-
6 അവിടന്ന് തിരുനിവാസത്തെ ഒരു പൂന്തോട്ടംപോലെ നീക്കിക്കളഞ്ഞു;
അവിടന്ന് തന്റെ ഉത്സവസ്ഥലം നശിപ്പിക്കുകയും ചെയ്തു.
യഹോവ സീയോനെ അവളുടെ നിർദിഷ്ട
ഉത്സവങ്ങളും ശബ്ബത്തുകളും മറക്കുമാറാക്കി.
അവിടത്തെ ഉഗ്രകോപത്തിൽ അവിടന്ന്
രാജാവിനെയും പുരോഹിതനെയും നിരാകരിച്ചുകളഞ്ഞു.
7 കർത്താവ് അവിടത്തെ യാഗപീഠത്തെ നിരസിച്ചു
അവിടത്തെ വിശുദ്ധനിവാസത്തെ ഉപേക്ഷിച്ചുമിരിക്കുന്നു.
അവളുടെ കൊട്ടാരമതിലുകളെ അവിടന്ന്
ശത്രുവിന് കൈമാറിയിരിക്കുന്നു;
നിർദിഷ്ട ഉത്സവനാളിൽ എന്നപോലെ
അവർ യഹോവയുടെ മന്ദിരത്തിൽ അട്ടഹാസമുയർത്തി.
-
13 “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. നാശത്തിലേക്കു നയിക്കുന്ന വാതിൽ വീതിയുള്ളതും വഴി വിസ്തൃതവുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്. 14 എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ എത്രയോ ഇടുങ്ങിയതും പാത ദുഷ്കരവുമാണ്; അതു കണ്ടെത്തുന്നവരോ വിരളം.
-
22 ദൈവം തന്റെ കോപം പ്രദർശിപ്പിക്കാനും ശക്തി വെളിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ, നാശത്തിനുമാത്രമായി ഒരുക്കപ്പെട്ടിരുന്ന കോപപാത്രങ്ങളായവരെ ദീർഘക്ഷമയോടെ സഹിച്ചു; 23 ഇങ്ങനെ തേജസ്സു പ്രാപിക്കാനായി ദൈവം മുൻകൂട്ടി ഒരുക്കിയ കരുണാപാത്രങ്ങളാണു നാം. അവിടത്തെ മഹത്ത്വസമ്പന്നത വെളിപ്പെടുത്താൻവേണ്ടി ദൈവം നമ്മിൽ ഇപ്രകാരം പ്രവർത്തിച്ചു എന്നതിൽ നമുക്ക് എന്താണ് പറയാൻ കഴിയുക? 24 യെഹൂദരിൽനിന്നുമാത്രമല്ല, യെഹൂദേതരരിൽനിന്നും വിളിക്കപ്പെട്ടവരായ നാം എല്ലാവരും ആ കരുണാപാത്രങ്ങളാണ്.
-
9 അവിടത്തെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കർത്താവ് കാലവിളംബം വരുത്തുന്നില്ല; അവിടന്ന് നിങ്ങളോട് ദീർഘക്ഷമ കാണിക്കുകയാണ്. ഒരു വ്യക്തിപോലും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്ക് വരണമെന്നാണ് അവിടത്തെ ആഗ്രഹം.
-
18 അപ്പോൾ മിന്നലും ഇരമ്പലും ഇടിമുഴക്കവും ഉണ്ടായി. ഭൂമിയിൽ മനുഷ്യൻ ഉണ്ടായതുമുതൽ അതുവരെ സംഭവിച്ചിട്ടില്ലാത്തവിധം ഭീമവും ശക്തവുമായ ഒരു ഭൂകമ്പം ഉണ്ടായി. 19 മഹാനഗരം മൂന്നു ഭാഗങ്ങളായി പിളർന്നു. ജനതകളുടെ നഗരങ്ങൾ നിലംപൊത്തി. ദൈവം അവിടത്തെ “മഹാക്രോധം,” മദ്യം നിറഞ്ഞ ചഷകംപോലെ മഹതിയാംബാബേലിനെ കുടിപ്പിക്കാൻ ബാബേലിനെ ഓർത്തു.
-
12 അവിടന്നു കോപാകുലനായി,
മാർഗമധ്യേ നിങ്ങൾ നശിച്ചുപോകാതിരിക്കാൻ പുത്രനെ ചുംബിക്കുക,
കാരണം അവിടത്തെ ക്രോധം ക്ഷണത്തിൽ ജ്വലിക്കും
അവിടത്തെ സന്നിധിയിൽ അഭയംപ്രാപിക്കുന്നവരെല്ലാം അനുഗൃഹീതർ.
-
4 അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ;
തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല.
5 അവിടത്തെ സന്നിധിയിൽ
ധിക്കാരികൾ നിൽക്കുകയില്ല.
അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു;
6 വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു.
രക്തദാഹികളെയും വഞ്ചകരെയും
യഹോവയ്ക്ക് അറപ്പാകുന്നു.
-
4 യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്;
യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.
അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു;
അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു.
5 യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു.
എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും,
അവിടത്തെ ഹൃദയം വെറുക്കുന്നു.
6 ദുഷ്ടരുടെമേൽ അവിടന്ന്
എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു;
ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി.
7 കാരണം യഹോവ നീതിമാൻ ആകുന്നു,
അവിടന്ന് നീതി ഇഷ്ടപ്പെടുന്നു;
പരമാർഥികൾ തിരുമുഖം ദർശിക്കും.
സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ.
-
6 വിലപിക്കുക, യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു;
സർവശക്തനിൽനിന്നുള്ള സംഹാരംപോലെ അതു വരും.
7 അതിനാൽ എല്ലാ കൈകളും തളരും,
ഏതു മനുഷ്യന്റെ ഹൃദയവും ഉരുകിപ്പോകും.
8 അവർ ഭയവിഹ്വലരാകും,
സങ്കടവും വേദനയും അവരെ പിടികൂടും;
പ്രസവവേദനയിൽ ആയിരിക്കുന്ന സ്ത്രീയെപ്പോലെ അവർ വേദനപ്പെടും.
ജ്വലിക്കുന്ന മുഖത്തോടെ അവർ
അന്ധാളിച്ച് പരസ്പരം തുറിച്ചുനോക്കും.
9 ഇതാ, യഹോവയുടെ ദിവസം വരുന്നു—
ക്രൂരതനിറഞ്ഞ, ക്രോധവും ഭയാനക കോപവും നിറഞ്ഞ ഒരു ദിവസം—
ദേശത്തെ ശൂന്യമാക്കുന്നതിനും
അതിലുള്ള പാപികളെ ഉന്മൂലനംചെയ്യുന്നതിനുംതന്നെ.
10 ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും
പ്രകാശം കൊടുക്കുകയില്ല.
സൂര്യൻ ഉദയത്തിൽത്തന്നെ ഇരുണ്ടുപോകും,
ചന്ദ്രൻ അതിന്റെ പ്രകാശം ചൊരിയുകയുമില്ല.
11 ഞാൻ ലോകത്തെ അതിന്റെ ദുഷ്ടതനിമിത്തവും
ദുഷ്ടരെ തങ്ങളുടെ പാപംനിമിത്തവും ശിക്ഷിക്കും.
നിഗളികളുടെ ഗർവത്തിനു ഞാൻ അറുതിവരുത്തും,
നിഷ്ഠുരരുടെ അഹങ്കാരത്തെ ഞാൻ താഴ്ത്തിക്കളയും.
-
11 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ദുഷ്ടരുടെ മരണം ഞാൻ ഇഷ്ടപ്പെടുന്നില്ല; അവർ തങ്ങളുടെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. തിരിയുക, നിങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുക. ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു? എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു,’ എന്ന് അവരോടു പറയുക.
-
13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,
ഹൃദയത്തെത്തന്നെ കീറുവിൻ;
നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക,
അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ;
എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു,
അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു.
14 അവിടന്ന് തിരിഞ്ഞു കരുണകാണിക്കും,
ഒരു അനുഗ്രഹം ശേഷിപ്പിക്കും, ആർക്കറിയാം?
നിങ്ങളുടെ ദൈവമായ യഹോവയ്ക്ക്
ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കാൻ കഴിയുമായിരിക്കും.
-
5 ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു.
-
10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം!
-
11 അതുനിമിത്തമാണ്, കർത്തൃസന്നിധിയിൽ ഞങ്ങൾക്കുള്ള ഗൗരവമേറിയ ഉത്തരവാദിത്വം മനസ്സിലാക്കിക്കൊണ്ട് മറ്റുള്ളവരെ പ്രബോധിപ്പിക്കാൻ ബദ്ധപ്പെടുന്നത്. ഞങ്ങളെ ദൈവം നന്നായി അറിയുന്നു. നിങ്ങളുടെ മനസ്സാക്ഷിക്കും അതു വ്യക്തമാണ് എന്നു ഞാൻ കരുതുന്നു.
Shows Read in context, Share and Copy.