89 Bible Verses About God's Grace
Biblica® Open Malayalam Contemporary Version™ (OMCV)
-
1 നിങ്ങൾ സ്വന്തം നിയമലംഘനങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നു: 2 അവയിൽ നിങ്ങൾ മുമ്പ് ഈ ലോകത്തിന്റെ വഴികൾ പിൻതുടർന്ന്, ആകാശത്തിലെ അന്ധകാരശക്തിയുടെ പ്രഭുവിനെ, അനുസരണക്കേടിന്റെ പുത്രന്മാരിൽ ഇപ്പോൾ പ്രവർത്തനനിരതമായിരിക്കുന്ന ആത്മാവിനെത്തന്നെ, അനുസരിച്ച് ജീവിച്ചുവന്നു. 3 ഇപ്രകാരം നാം എല്ലാവരും ഒരിക്കൽ നമ്മുടെ ജഡികാഭിലാഷങ്ങളിൽ അഭിരമിച്ച് അതിന്റെ ആഗ്രഹങ്ങൾക്കും ചിന്തകൾക്കും അധീനരായി ജീവിച്ചു. മറ്റുള്ളവരെപ്പോലെതന്നെ നാമും പ്രകൃതിയാൽ ക്രോധപാത്രങ്ങൾ ആയിരുന്നു. 4 എന്നിട്ടും കരുണയിൽ അതിസമ്പന്നനായ ദൈവം, നമ്മോടുള്ള അവിടത്തെ അതിരില്ലാത്ത സ്നേഹംനിമിത്തം, നാം നിയമലംഘനങ്ങളിൽ മൃതരായിരുന്നപ്പോൾത്തന്നെ 5 ക്രിസ്തുവിനോടുകൂടെ നമ്മെ ജീവനുള്ളവരാക്കി; ദൈവകൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്. 6 ക്രിസ്തുയേശുവിനോടുകൂടി ദൈവം നമ്മെ ഉയിർപ്പിച്ച് സ്വർഗത്തിൽ അവിടത്തോടൊപ്പം നമ്മെ ഇരുത്തുകയും ചെയ്തു. 7 അവിടന്ന് ഇപ്രകാരം ചെയ്തത്, നമ്മോടുള്ള ദയയാൽ, ക്രിസ്തുയേശുവിലൂടെ നമുക്ക് കൃപയുടെ അതുല്യമായ സമൃദ്ധി വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. 8 കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു; അതു വിശ്വാസത്തിലൂടെയാണ്. നിങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ല ആ രക്ഷ; ദൈവത്തിന്റെ ദാനമാണ്. 9 ഈ രക്ഷ എന്നത് നാം ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലമായിട്ടല്ല ലഭിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് ആത്മപ്രശംസ ചെയ്യാൻ വകയുണ്ടാകുമായിരുന്നു. 10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.
-
9 ഏതു മനുഷ്യനെയും പ്രകാശപൂരിതമാക്കുന്ന യഥാർഥ പ്രകാശം ലോകത്തിലേക്കു വരികയായിരുന്നു. 10 അവിടന്നു ലോകത്തിൽ ഉണ്ടായിരുന്നു. ലോകം അസ്തിത്വത്തിൽ വന്നത് അവിടന്ന് മുഖാന്തിരമായിരുന്നു; എങ്കിലും ലോകം അവിടത്തെ തിരിച്ചറിഞ്ഞില്ല. 11 അവിടന്നു സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാൽ സ്വജനമോ അവിടത്തെ അംഗീകരിച്ചില്ല. 12 എന്നാൽ അവിടത്തെ സ്വീകരിച്ച് അവിടത്തെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ മക്കളാകാൻ അവിടന്ന് അധികാരംനൽകി. 13 അവർ സ്വാഭാവികരീതിയിലോ ശാരീരിക അഭിലാഷത്താലോ പുരുഷന്റെ ഇഷ്ടപ്രകാരമോ അല്ല, ദൈവത്തിൽനിന്നത്രേ ജനിച്ചത്.
14 വചനം മനുഷ്യനായി നമ്മുടെ മധ്യേ വസിച്ചു. അവിടത്തെ തേജസ്സ്, പിതാവിന്റെ അടുക്കൽനിന്ന് കൃപയും സത്യവും നിറഞ്ഞവനായി വന്ന നിസ്തുലപുത്രന്റെ തേജസ്സുതന്നെ, ഞങ്ങൾ ദർശിച്ചിരിക്കുന്നു.
15 യോഹന്നാൻ അദ്ദേഹത്തെക്കുറിച്ചു സാക്ഷ്യംവഹിച്ചുകൊണ്ട് ഇപ്രകാരം പ്രഘോഷിച്ചു: “ ‘എന്റെ പിന്നാലെ വരുന്നയാൾ എനിക്കുമുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എന്നെക്കാൾ ശ്രേഷ്ഠൻ,’ എന്നു ഞാൻ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു.” 16 അവിടത്തെ പരിപൂർണതയിൽനിന്ന് നമുക്കെല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. 17 ന്യായപ്രമാണം മോശമുഖേന നൽകപ്പെട്ടെങ്കിൽ കൃപയും സത്യവും യേശുക്രിസ്തുമുഖേനയാണ് ലഭ്യമായത്. 18 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; പിതാവുമായി അഭേദ്യബന്ധം പുലർത്തുന്ന നിസ്തുലപുത്രനായ ദൈവംതന്നെ അവിടത്തെ വെളിപ്പെടുത്തിയിരിക്കുന്നു.
-
11 സകലമനുഷ്യരുടെയും രക്ഷയ്ക്കായി ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 12 ഭക്തിയില്ലായ്മയും ലൗകികമോഹങ്ങളും ഉപേക്ഷിച്ച്, ഈ കാലഘട്ടത്തിൽ ആത്മനിയന്ത്രണവും നീതിയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാൻ അത് നമ്മെ അഭ്യസിപ്പിക്കുന്നു. 13 അനുഗൃഹീത പ്രത്യാശയ്ക്കായും ഉന്നതനായ നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്ത്വപ്രത്യക്ഷതയ്ക്കായും നാം കാത്തിരിക്കുന്നു. 14 അവിടന്ന് നമ്മെ എല്ലാ ദുഷ്ടതകളിൽനിന്നും വിമോചിതരാക്കാനും സൽപ്രവൃത്തികൾ ചെയ്യുന്നതിൽ അത്യുത്സാഹമുള്ള ഒരു ജനതതിയെ തനിക്കായി ശുദ്ധീകരിക്കാനുംവേണ്ടി സ്വയം സമർപ്പിച്ചു.
15 നീ ഇവ പ്രസംഗിക്കുകയും ഉദ്ബോധിപ്പിക്കുകയും പൂർണഅധികാരത്തോടെ ശാസിക്കുകയുംചെയ്യുക. ആരും നിന്നെ ആക്ഷേപിക്കാതിരിക്കട്ടെ.
-
19 ന്യായപ്രമാണത്തിന്റെ നിബന്ധനകൾ ബാധകമായിരിക്കുന്നത് അതു ലഭിച്ചിട്ടുള്ളവർക്കാണെന്ന് നമുക്കറിയാം. ഇതു നൽകിയിരിക്കുന്നത്, എല്ലാ അധരങ്ങളും ഒഴിവുകഴിവുകൾ ഒന്നും പറയാനില്ലാതെ നിശ്ശബ്ദമാകാനും ലോകത്തിലുള്ളവർ മുഴുവൻ ദൈവത്തോടു കണക്കു ബോധിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതിനുംവേണ്ടിയാണ്. 20 അതുകൊണ്ട്, ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അനുഷ്ഠിക്കുന്നതിലൂടെ ആരും ദൈവത്തിന്റെ മുമ്പാകെ നീതിനിഷ്ഠരാകുകയില്ല; പിന്നെയോ, നമ്മുടെ പാപത്തെക്കുറിച്ചുള്ള അറിവു നൽകുകയാണ് ന്യായപ്രമാണം ചെയ്യുന്നത്.
21 എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. 22 യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. 23 യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. 24 എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു.
-
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 4 തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു. 5 ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു. 6 ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു.
-
5 അതേപോലെതന്നെ, ഇക്കാലത്തും കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ശേഷിപ്പുണ്ടായിരിക്കുന്നു. 6 കൃപയാൽ എങ്കിൽ, അതു പ്രവൃത്തികളാൽ ആയിരിക്കുകയില്ല; പ്രവൃത്തികളാലെങ്കിൽ കൃപ ഒരിക്കലും കൃപയായിരിക്കുകയുമില്ല.
-
14 നിങ്ങൾ ന്യായപ്രമാണത്തിനല്ല കൃപയ്ക്കു വിധേയരായിരിക്കുന്നതിനാൽ പാപം നിങ്ങളുടെ യജമാനനായിരിക്കുന്നില്ലല്ലോ.
15 എങ്കിൽ എന്ത്? നാം ന്യായപ്രമാണത്തിന്റെയല്ല, കൃപയുടെ നിയന്ത്രണത്തിലായിരിക്കുന്നതുകൊണ്ട് നമുക്ക് പാപംചെയ്യാം എന്നാണോ? അല്ലേയല്ല. 16 നിങ്ങൾ അനുസരണയുള്ള ദാസരായി ആർക്കെങ്കിലും സ്വയം വിധേയപ്പെടുത്തിയാൽ നിങ്ങൾ അവരുടെ അടിമകളാകും എന്നറിയാമല്ലോ. നിങ്ങൾ ഒന്നുകിൽ പാപത്തിന്റെ അടിമകളാണ്; അതു മരണത്തിലേക്കു നയിക്കുന്നു, അല്ലെങ്കിൽ അനുസരണത്തിന്റെ അടിമകളാണ്, അത് നീതിയിലേക്കു നയിക്കുന്നു. 17 നിങ്ങൾ പാപത്തിന്റെ അടിമകൾ ആയിരുന്നു. എന്നാൽ നിങ്ങൾ സ്വീകരിച്ച ഉപദേശത്തെ ഹൃദയപൂർവം അനുസരിച്ചതുകൊണ്ട് ദൈവത്തിനു സ്തോത്രം! 18 അങ്ങനെ പാപത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിട്ട് നിങ്ങൾ നീതിയുടെ അടിമകളായിത്തീർന്നിരിക്കുന്നു.
19 മനുഷ്യസഹജമായ ദൗർബല്യം നിങ്ങൾക്കുണ്ട്. അതിനാൽ മനുഷ്യരുടെ രീതിയിൽ ഞാൻ സംസാരിക്കുകയാണ്. അധർമത്തിലേക്കു നയിക്കുന്നവിധത്തിൽ നിങ്ങളുടെ ശരീരഭാഗങ്ങളെ അശുദ്ധിക്കും അധർമത്തിനും അടിമകളായി ഏൽപ്പിച്ചിരുന്നു. അതുപോലെ ഇപ്പോൾ, വിശുദ്ധീകരണത്തിനായി നിങ്ങളുടെ ശരീരഭാഗങ്ങളെ നീതിക്ക് അടിമകളായി സമർപ്പണം ചെയ്യുക. 20 കാരണം, നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നപ്പോൾ നീതിയുടെ സ്വാധീനത്തിൽ ആയിരുന്നില്ല. 21 അതുകൊണ്ട് എന്തു ഫലമാണ് അന്ന് നിങ്ങൾക്ക് ഉണ്ടായിരുന്നത്? ഇന്നു നിങ്ങളെ ലജ്ജിപ്പിക്കുന്ന ആ കാര്യങ്ങളുടെ പരിണതഫലം മൃത്യുവാണ്. 22 എന്നാൽ, ഇപ്പോഴാകട്ടെ, നിങ്ങളെ പാപത്തിൽനിന്നു വിമോചിതരാക്കിയിട്ട് ദൈവത്തിന്റെ ദാസരാക്കിയിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് വിശുദ്ധീകരണവും തൽഫലമായി നിത്യജീവനും ലഭിക്കുന്നു.
-
7 അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ. 8 അത് എന്നിൽനിന്ന് നീക്കിക്കളയണമേ എന്നു മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോട് അപേക്ഷിച്ചു. 9 എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും. 10 അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.
-
14 ആദാംമുതൽ മോശവരെ ജീവിച്ചിരുന്നവർ ആദാം അനുസരണക്കേടുചെയ്ത അതേവിധത്തിൽ പാപംചെയ്തവർ അല്ലായിരുന്നു. എങ്കിലും മരണം അവരിലും ആധിപത്യം നടത്തി. ഈ ആദാം വരാനിരുന്നയാളിന്റെ പ്രതിച്ഛായയായിരുന്നു.
15 എന്നാൽ ദൈവത്തിന്റെ ദാനവും നിയമലംഘനവും ഒരുപോലെയല്ല. ആദാം എന്ന ഏകമനുഷ്യന്റെ ലംഘനത്താൽ അനേകർ മരിച്ചുവെങ്കിൽ ഏറ്റവും അധികമായി ദൈവകൃപയും യേശുക്രിസ്തു എന്ന ഏകമനുഷ്യന്റെ കൃപയാലുള്ള ദാനവും അനേകർക്ക് സമൃദ്ധമായി വന്നിരിക്കുന്നു. 16 ആദാം എന്ന ഏകമനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലംപോലെയല്ല ദൈവത്തിന്റെ ദാനം; കാരണം, ആ ഏകപാപത്തിന്റെ ഫലമായി ശിക്ഷാവിധിക്കുള്ള ന്യായവിധി ഉണ്ടായി. എന്നാൽ, അനവധി ലംഘനങ്ങൾക്കു ശേഷമുള്ള കൃപാവരമാകട്ടെ, നീതീകരണത്തിനു കാരണമായി. 17 ആദാം എന്ന ഒരു മനുഷ്യന്റെ നിയമലംഘനത്താൽ, ആ മനുഷ്യനിലൂടെ, മരണം വാഴ്ച നടത്തി. എന്നാൽ, ദൈവം സമൃദ്ധമായി നൽകുന്ന കൃപയും നീതീകരണം എന്ന ദാനവും പ്രാപിക്കുന്നവർ യേശുക്രിസ്തുവെന്ന ഏകമനുഷ്യൻമുഖേന എത്രയോ അധികമായി ജീവനിൽ വാഴും!
-
20 എങ്കിലും, ന്യായപ്രമാണം വന്നുചേർന്നതിനാൽ ലംഘനത്തിന്റെ ബാഹുല്യം വ്യക്തമായി. എന്നാൽ പാപം വർധിച്ച സ്ഥാനത്ത് കൃപ അതിലുമധികം വർധിച്ചു. 21 ഇത്, മരണംമുഖേന പാപം ഭരണം നടത്തിയതുപോലെ, ദൈവത്തിന്റെ കൃപ നീതിയിലൂടെ ഭരണം നടത്തേണ്ടതിനാണ്. ഇതിന്റെ ഫലമാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരമുള്ള നിത്യജീവൻ.
-
16 അതുകൊണ്ടു കരുണയും കൃപയും യഥാസമയം സഹായവും ലഭിക്കാനായി നമുക്കു ധൈര്യപൂർവം കൃപയുടെ സിംഹാസനത്തിന് അടുത്തുചെല്ലാം.
-
1 സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അറിയിച്ചതും നിങ്ങൾ സ്വീകരിച്ചതും നിങ്ങൾ സുസ്ഥിരരായി നിൽക്കുന്നതുമായ സുവിശേഷത്തെപ്പറ്റി നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 2 ഞാൻ നിങ്ങളോട് അറിയിച്ച സുവിശേഷത്തിന്റെ വചനത്തിലൂടെ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു; അതു മുറുകെപ്പിടിച്ചു കൊള്ളുന്നില്ലെങ്കിൽ നിങ്ങൾ വിശ്വസിച്ചതു വ്യർഥമായിത്തീരും.
3-4 ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ച് അടക്കപ്പെട്ടശേഷം മൂന്നാംദിവസം തിരുവെഴുത്തുകളിൻപ്രകാരം ഉയിർപ്പിക്കപ്പെട്ടു എന്നിങ്ങനെ എനിക്കു നൽകപ്പെട്ട പരമപ്രധാനമായ വചനം ഞാൻ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നല്ലോ. 5 അവിടന്ന് പത്രോസിനും തുടർന്ന് പന്ത്രണ്ട് ശിഷ്യന്മാർക്കും പ്രത്യക്ഷനായി. 6 അതിനുശേഷം അവിടന്ന് അഞ്ഞൂറിലധികം സഹോദരങ്ങൾക്ക് ഒരേസമയം പ്രത്യക്ഷപ്പെട്ടു, അവരിൽ ചിലർ നിദ്രപ്രാപിച്ചെങ്കിലും അധികംപേരും ഇപ്പോഴും ജീവനോടെയിരിക്കുന്നു. 7 പിന്നീട് അവിടന്ന് യാക്കോബിനും അതിനുശേഷം സകല അപ്പൊസ്തലന്മാർക്കും പ്രത്യക്ഷപ്പെട്ടു; 8 ഏറ്റവുമൊടുവിൽ, അകാലജാതനെപ്പോലെയുള്ള എനിക്കും പ്രത്യക്ഷനായി.
9 ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ്. ദൈവസഭയെ പീഡിപ്പിച്ചതുകൊണ്ട് അപ്പൊസ്തലൻ എന്ന പേരിനു യോഗ്യനുമല്ല. 10 എന്നാൽ ഞാൻ ആയിരിക്കുന്നതു ദൈവകൃപയാൽ ആകുന്നു. എന്നോടുള്ള അവിടത്തെ കൃപ നിഷ്ഫലമായില്ല. ഞാൻ ആ അപ്പൊസ്തലന്മാരെക്കാളെല്ലാം അധികം അധ്വാനിച്ചു. എങ്കിലും അധ്വാനിച്ചതു ഞാനല്ല, എന്നോടുകൂടെയുള്ള ദൈവകൃപയാണ്. 11 അതുകൊണ്ടു പ്രസംഗിക്കുന്നത് ഞാനായാലും, അവരായാലും, ഒരേ സന്ദേശമാണ്; ആ സന്ദേശം തന്നെയാണ് നിങ്ങൾ വിശ്വസിച്ചതും.
-
14 ന്യായപ്രമാണം അനുസരിക്കുന്നവരാണ് ദൈവത്തിന്റെ വാഗ്ദാനത്തിന് അവകാശികൾ എങ്കിൽ ദൈവത്തിലുള്ള വിശ്വാസം അനാവശ്യമായിത്തീരുന്നു; വാഗ്ദാനം അസാധുവായിത്തീരുന്നു. 15 ന്യായപ്രമാണലംഘനം ദൈവക്രോധത്തിനു കാരണമായിത്തീരും. ന്യായപ്രമാണം ഇല്ലെങ്കിൽ അതിന്റെ ലംഘനവും സാധ്യമല്ല്ലല്ലോ.
16 അതുകൊണ്ട്, വാഗ്ദാനത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. അതു ദൈവം അവിടത്തെ കൃപയുടെ ദാനമായി, അബ്രാഹാമിന്റെ സന്തതിപരമ്പരയിൽപ്പെട്ട വിശ്വസിക്കുന്നവർക്കെല്ലാം—ന്യായപ്രമാണം അനുസരിക്കുന്നവർക്കുമാത്രമല്ല—ഉറപ്പായി നൽകി. കാരണം, വിശ്വസിക്കുന്നവരായ നാം എല്ലാവരുടെയും പിതാവാണ് അബ്രാഹാം. 17 “ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നല്ലോ. മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ ആസ്തിക്യത്തിലേക്കു വിളിച്ചുവരുത്തുകയും ചെയ്യുന്നവനായ ദൈവത്തിൽ അബ്രാഹാം വിശ്വസിച്ചു, ആ ദൈവത്തിന്റെ ദൃഷ്ടിയിൽ അദ്ദേഹം നമ്മുടെ പിതാവാണ്.
-
1 ഭരണാധികാരികൾക്കും മേധാവികൾക്കും വിധേയരും അനുസരണശീലമുള്ളവരുമായി നല്ലകാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹം കാണിക്കാൻ വിശ്വാസികളെ നീ ഓർമിപ്പിക്കുക. 2 ആരെക്കുറിച്ചും അപവാദം പറയാതെയും തർക്കങ്ങൾ ഒഴിവാക്കിയും സൗമ്യശീലരായി എല്ലാവരോടും വിനയത്തോടെ പെരുമാറുവാനും നീ ഓർമിപ്പിക്കുക.
3 കാരണം, നാമും ഒരുകാലത്ത് അജ്ഞരും അനുസരണകെട്ടവരും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടവരും പലതരം പാപമോഹങ്ങൾക്കും സുഖഭോഗങ്ങൾക്കും അടിമകളും വെറുപ്പിലും അസൂയയിലും ജീവിച്ചവരും പരസ്പരം ഏറ്റവും വെറുക്കുന്നവരും ആയിരുന്നു. 4 എന്നാൽ, നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യരോടുള്ള സ്നേഹവും പ്രത്യക്ഷമായപ്പോൾ, 5 നാം ചെയ്ത നീതികർമങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു. 6 നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിഞ്ഞത്. 7 യേശുവിന്റെ കൃപയാൽ നാം നീതീകരിക്കപ്പെടാനും പ്രത്യാശയായ നിത്യജീവന്റെ അവകാശികൾ ആകാനും ആണ് ഇങ്ങനെ ചെയ്തത്.
-
10 അൽപ്പകാലത്തേക്കുള്ള ഈ ഉപദ്രവസഹനത്തിനുശേഷം, ക്രിസ്തുവിലുള്ള ശാശ്വതതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന സർവകൃപാലുവായ ദൈവം നിങ്ങളെ പുനഃസ്ഥാപിച്ച് ശക്തരാക്കി സുസ്ഥിരരായി നിലനിർത്തും.
-
1 ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്. 2 ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും.
-
6 അതുകൊണ്ടു തീത്തോസ് ആരംഭിച്ചിട്ടുണ്ടായിരുന്ന ദാനശേഖരണം നിങ്ങളുടെ മധ്യത്തിൽ പൂർത്തീകരിക്കണമെന്ന് ഞങ്ങൾ അയാളോട് അപേക്ഷിച്ചു. 7 വിശ്വാസം, പ്രസംഗം, പരിജ്ഞാനം, തികഞ്ഞ ഉത്സാഹം, ഞങ്ങളോടുള്ള സ്നേഹം എന്നിങ്ങനെ എല്ലാറ്റിലും നിങ്ങൾ മികച്ചുനിൽക്കുന്നതുപോലെ, ദാനധർമത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നിലായിരിക്കണം.
8 ഞാൻ നിങ്ങളോട് ആജ്ഞാപിക്കുകയല്ല, എന്നാൽ മറ്റുള്ളവർ കാട്ടുന്ന ഉത്സാഹത്തോട് നിങ്ങളുടെ സ്നേഹത്തിന്റെ ആത്മാർഥത തുലനംചെയ്തു പരിശോധിക്കാൻ ആഗ്രഹിക്കുകയാണ്. 9 നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും നിങ്ങൾക്കുവേണ്ടി ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നല്ലോ. അവിടത്തെ ദാരിദ്ര്യത്തിലൂടെ നിങ്ങൾ സമ്പന്നരായിത്തീരേണ്ടതിനാണ് അവിടന്ന് അപ്രകാരം പ്രവർത്തിച്ചത്.
-
4 അപഥസഞ്ചാരികളേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? അതിനാൽ, ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. 5 “നമ്മിൽ വസിക്കാനായി, ദൈവം അയച്ച ആത്മാവ് തന്നോടുള്ള പ്രതിബദ്ധത മറ്റാരുമായും പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല” എന്നു തിരുവെഴുത്തു പറയുന്നത് നിരർഥകമോ? 6 ദൈവം നമുക്ക് കൃപ അധികം നൽകുന്നു; അതുകൊണ്ടാണ്,
“ദൈവം അഹങ്കാരികളെ എതിർക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു”
എന്നു തിരുവെഴുത്തു പറയുന്നത്.
7 അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും. 8 ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക.
-
1 യെഹൂദ്യയിൽനിന്ന് ചിലർ അന്ത്യോക്യയിൽ വന്ന്, “നിങ്ങൾ മോശ പഠിപ്പിച്ച ആചാരമനുസരിച്ചു പരിച്ഛേദനം ഏൽക്കാത്തപക്ഷം രക്ഷപ്രാപിക്കുകയില്ല” എന്ന് സഹോദരങ്ങളെ ഉപദേശിച്ചു. 2 ഇതുനിമിത്തം പൗലോസിനും ബർന്നബാസിനും അവരോട് അൽപ്പമല്ലാത്ത അഭിപ്രായഭിന്നതയും തർക്കവും ഉണ്ടായി. ഈ തർക്കവിഷയം സംബന്ധിച്ച് ജെറുശലേമിൽ ചെന്ന് അപ്പൊസ്തലന്മാരെയും സഭാമുഖ്യന്മാരെയും കാണുന്നതിന് പൗലോസും ബർന്നബാസും മറ്റുചില വിശ്വാസികളും നിയോഗിക്കപ്പെട്ടു. 3 സഭ അവരെ യാത്രയാക്കി; അവർ ഫൊയ്നീക്യയിലും ശമര്യയിലുംകൂടി യാത്രചെയ്ത് അവിടെയുള്ള വിശ്വാസികളോട്, യെഹൂദേതരർ കർത്താവിലേക്കു തിരിഞ്ഞതിനെക്കുറിച്ചു വിവരിച്ചു; സഹോദരങ്ങൾ ഇതു കേട്ട് വളരെ ആനന്ദിച്ചു. 4 അവർ ജെറുശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും അവരെ സ്വാഗതംചെയ്തു; ദൈവം തങ്ങളിലൂടെ നിർവഹിച്ച എല്ലാ കാര്യങ്ങളും പൗലോസും ബർന്നബാസും കൂടെയുള്ളവരും അവരെ അറിയിച്ചു.
5 അപ്പോൾ പരീശന്മാരുടെ വിഭാഗത്തിൽപ്പെട്ട ഏതാനും വിശ്വാസികൾ എഴുന്നേറ്റുനിന്ന്, “യെഹൂദേതരവിശ്വാസികളോട് പരിച്ഛേദനം ഏൽക്കാനും മോശയുടെ ന്യായപ്രമാണം അനുസരിക്കാനും കൽപ്പിക്കണം” എന്ന് അഭിപ്രായപ്പെട്ടു.
6 ഈ പ്രശ്നം പരിഗണിക്കാൻ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും ഒരുമിച്ചുകൂടി. 7 സുദീർഘമായ ചർച്ചയ്ക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് അവരോടിങ്ങനെ പറഞ്ഞു: “സഹോദരന്മാരായ പുരുഷന്മാരേ, യെഹൂദേതരർ എന്റെ അധരങ്ങളിൽനിന്ന് സുവിശേഷം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതിനു കുറച്ചുനാൾമുമ്പ് ദൈവം നിങ്ങളുടെ ഇടയിൽനിന്ന് എന്നെ തെരഞ്ഞെടുത്ത വസ്തുത നിങ്ങൾക്കറിയാമല്ലോ! 8 ഹൃദയങ്ങളെ അറിയുന്നവനായ ദൈവം നമുക്കു നൽകിയതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചെന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. 9 ദൈവം നമുക്കും അവർക്കുംതമ്മിൽ വിവേചനമൊന്നും കാണിച്ചിട്ടില്ല: അവിടന്ന് അവരുടെ ഹൃദയങ്ങളെയും വിശ്വാസത്താൽ ശുദ്ധീകരിച്ചല്ലോ. 10 അതുകൊണ്ട്, നമുക്കോ നമ്മുടെ പൂർവികർക്കോ വഹിക്കാൻ കഴിയാതിരുന്ന നുകം ക്രിസ്തുവിൽ വിശ്വസിച്ച യെഹൂദേതരരായവരുടെ കഴുത്തിൽവെച്ച് ദൈവത്തെ നാം ഇപ്പോൾ എന്തിനു പരീക്ഷിക്കുന്നു? 11 കർത്താവായ യേശുവിന്റെ കൃപയാണ് നമുക്കും അവർക്കും രക്ഷ ലഭിക്കുന്നതിനുള്ള മാർഗം എന്നു നാം വിശ്വസിക്കുന്നു.”
-
24 എങ്കിലും എന്റെ ജീവൻ അമൂല്യമെന്നു ഞാൻ കരുതുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ കർത്താവായ യേശു എനിക്കു തന്ന ദൗത്യവും പൂർത്തീകരിക്കണം എന്നതുമാത്രമാണ് എന്റെ ലക്ഷ്യം.
-
1 അപ്പോൾ നാം എന്താണ് പറയുക? ദൈവത്തിൽനിന്ന് കൂടുതൽ കൃപ ലഭിക്കാൻവേണ്ടി നാം പാപംചെയ്തുകൊണ്ടിരിക്കുക എന്നാണോ? 2 അരുത്, ഒരിക്കലുമരുത്! പാപത്തിന് നാം മരിച്ചവരായിരിക്കെ, തുടർന്ന് അതിൽ എങ്ങനെ ജീവിക്കും? 3 ക്രിസ്തുയേശുവിനോട് ഏകീഭവിക്കാനായി സ്നാനം സ്വീകരിച്ചവർ എല്ലാവരും അദ്ദേഹത്തിന്റെ മരണവുമായുള്ള ഏകീഭാവത്തിലേക്കു സ്നാനം സ്വീകരിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? 4 ഇങ്ങനെ, മരണവുമായി ഏകീഭവിക്കുന്ന സ്നാനം മുഖാന്തരം നാം അദ്ദേഹത്തോടുകൂടെ സംസ്കരിക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ, ക്രിസ്തു മരിച്ചവരിൽനിന്ന് പിതാവിന്റെ മഹത്ത്വത്താൽ ഉയിർപ്പിക്കപ്പെട്ടതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്.
-
3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്. 4 നാം ഓരോരുത്തർക്കും ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്; എന്നാൽ എല്ലാ അവയവങ്ങൾക്കും പ്രവർത്തനം ഒന്നുതന്നെ അല്ല. 5 അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും. 6 ഇപ്രകാരം ദൈവകൃപയ്ക്കനുസൃതമായി നമുക്കു ലഭിച്ചിരിക്കുന്ന കൃപാദാനങ്ങളും വിവിധങ്ങളാണ്: പ്രവചിക്കാനുള്ള ദാനമെങ്കിൽ അതു വിശ്വാസത്തിന് ആനുപാതികമായിരിക്കട്ടെ. 7 ശുശ്രൂഷിക്കുന്നതിനുള്ള ദാനമെങ്കിൽ ശുശ്രൂഷിക്കുകയും ഉപദേശിക്കുന്നതിനുള്ള ദാനമെങ്കിൽ ഉപദേശിക്കുകയുംചെയ്യട്ടെ. 8 മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അയാൾ ആശ്വസിപ്പിക്കട്ടെ; ദാനം ചെയ്യുന്നതിനാണ് അതെങ്കിൽ അത് ഉദാരതയോടെ ചെയ്യട്ടെ; നയിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അത് ഗൗരവത്തോടെ നിർവഹിക്കട്ടെ; കരുണ കാണിക്കുന്നതിനുള്ള ദാനമാണെങ്കിൽ അത് ആനന്ദത്തോടെ ചെയ്യട്ടെ.
-
4 ന്യായപ്രമാണം പാലിക്കുന്നതിലൂടെ നീതീകരിക്കപ്പെടാൻ പരിശ്രമിക്കുന്ന നിങ്ങൾ, ക്രിസ്തുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടവരും ദൈവകൃപയിൽനിന്ന് വീണുപോയവരുമാണ്. 5 എന്നാൽ, ഞങ്ങൾ വിശ്വാസത്താൽ പ്രത്യാശ വെച്ചിരിക്കുന്ന നീതീകരണം ലഭിക്കാനായി, ദൈവാത്മസഹായത്താൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
-
7 എന്നാൽ, നമ്മിൽ ഓരോരുത്തർക്കും ക്രിസ്തു കൃപ ദാനമായി അളന്നുനൽകിയതനുസരിച്ചു ലഭിച്ചിരിക്കുന്നു.
-
16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.
-
19 “ദൈവത്തിനായി ജീവിക്കേണ്ടതിനു ന്യായപ്രമാണത്തിൽക്കൂടി ന്യായപ്രമാണത്തിന് ഞാൻ മരിച്ചു. 20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനിമുതൽ ജീവിക്കുന്നത് ഞാനല്ല; ക്രിസ്തു ആണ് എന്നിൽ ജീവിക്കുന്നത്. എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി സ്വയം അർപ്പിക്കുകയുംചെയ്ത ദൈവപുത്രനിലുള്ള വിശ്വാസംമൂലമാണ് ഞാൻ ഇപ്പോൾ ഈ ശരീരത്തിൽ ജീവിക്കുന്നത്. 21 ദൈവകൃപയെ ഞാൻ നിരാകരിക്കുന്നില്ല. നീതീകരണം ന്യായപ്രമാണത്താലാണെങ്കിൽ ക്രിസ്തുവിന്റെ മരണം നിരർഥകമാണ്!”
-
1 അതുകൊണ്ട്, പൗലോസ് എന്ന ഞാൻ യെഹൂദേതരരായ നിങ്ങൾക്കുവേണ്ടി ക്രിസ്തുയേശുവിന്റെ തടവുകാരനായിരിക്കുന്നു.
2 നിങ്ങൾക്കുവേണ്ടി ദൈവം എന്നെ ഏൽപ്പിച്ച ദൈവകൃപയുടെ കാര്യവിചാരകത്വം എന്തെന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 3 ഞാൻ മുമ്പേതന്നെ ചുരുക്കത്തിൽ എഴുതിയിട്ടുള്ളതുപോലെ, വെളിപ്പാടിനാൽ എനിക്ക് ആ രഹസ്യം അറിയാൻ കഴിഞ്ഞു. 4 ഇതു നിങ്ങൾ വായിച്ചാൽ, ക്രിസ്തുവിനെ സംബന്ധിച്ച രഹസ്യത്തെക്കുറിച്ച് എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്ക് ഗ്രഹിക്കാൻ സാധിക്കും. 5 ഈ രഹസ്യം ദൈവത്തിന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ ഇപ്പോൾ പ്രത്യക്ഷമായിരിക്കുന്നതുപോലെ മുൻതലമുറകളിലെ മനുഷ്യപുത്രർക്ക് ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല. 6 സുവിശേഷത്തിൽ വിശ്വസിക്കുന്നതിലൂടെ യെഹൂദേതരരും ഇസ്രായേലിനോടൊപ്പം അവകാശമുള്ളവരും ഏകശരീരത്തിന്റെ അവയവങ്ങളും ക്രിസ്തുയേശുവിൽ ദൈവികവാഗ്ദാനത്തിന്റെ പങ്കാളികളും ആകുന്നു എന്നതാണ് ഈ രഹസ്യം.
7 ദൈവശക്തിയുടെ പ്രവർത്തനത്താൽ, എനിക്കു ലഭിച്ച ദൈവികകൃപാദാനംമുഖേന, ഞാൻ ഈ സുവിശേഷത്തിനു ശുശ്രൂഷകനായിത്തീർന്നു. 8 ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനാണ്. എങ്കിലും ഈ കൃപ എനിക്കു നൽകിയിരിക്കുന്നത് ക്രിസ്തുവിലുള്ള അപ്രമേയധനത്തെപ്പറ്റി യെഹൂദേതരരോട് അറിയിക്കാനും 9 സകലതും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞിരുന്ന രഹസ്യത്തിന്റെ വ്യവസ്ഥ എന്തെന്ന് എല്ലാവരെയും ഗ്രഹിപ്പിക്കാനുമാണ്. 10-11 ദൈവത്തിന്റെ ഉദ്ദേശ്യമോ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ അവിടന്നു പരിപൂർണമാക്കിയ നിത്യലക്ഷ്യത്തിനനുസൃതമായി അവിടത്തെ അപരിമേയജ്ഞാനം സ്വർഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ഇപ്പോൾ സഭയിലൂടെ വ്യക്തമാക്കുക എന്നതായിരുന്നു. 12 ക്രിസ്തുവിലും ക്രിസ്തുവിലുള്ള വിശ്വാസത്താലും നമുക്ക് ദൈവത്തെ സ്വാതന്ത്ര്യത്തോടും ധൈര്യത്തോടും സമീപിക്കാം. 13 അതുകൊണ്ട്, നിങ്ങൾക്കുവേണ്ടിയുള്ള എന്റെ കഷ്ടതകൾ നിങ്ങളുടെ മഹത്ത്വമാകയാൽ അവനിമിത്തം നിങ്ങൾ അധൈര്യപ്പെട്ടുപോകരുതെന്നു ഞാൻ അപേക്ഷിക്കുന്നു.
-
6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. 7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.
-
16 സ്വയം നമ്മുടെ കർത്താവായ യേശുക്രിസ്തുവും നമ്മുടെ പിതാവായ ദൈവവും നമ്മെ സ്നേഹിച്ച് അവിടത്തെ കൃപയാൽ നമുക്കു ശാശ്വത സാന്ത്വനവും ഉത്തമപ്രത്യാശയും നൽകി 17 നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ച് നിങ്ങളെ സകലസൽപ്രവൃത്തികളിലും വാക്കുകളിലും ശാക്തീകരിക്കട്ടെ.
-
8 അതുകൊണ്ട് നമ്മുടെ കർത്താവിനെ സാക്ഷിക്കുന്നതിനെക്കുറിച്ചോ അവിടത്തെ തടവുകാരനായ എന്നെക്കുറിച്ചോ നീ ലജ്ജിക്കരുത്. പിന്നെയോ, സുവിശേഷം അറിയിക്കുമ്പോൾ ഉണ്ടാകുന്ന ക്ലേശങ്ങളിൽ ദൈവം നൽകുന്ന ശക്തിക്കനുസൃതമായി നീയും പങ്കാളിയാകുക. 9 കർത്താവ് നമ്മെ രക്ഷിക്കുകയും ഒരു വിശുദ്ധജീവിതത്തിനായി വിളിക്കുകയും ചെയ്തു. ഇത് നമ്മുടെ പ്രവൃത്തികളുടെ ഫലമല്ല; പിന്നെയോ, കൃപയിലധിഷ്ടിതമായ ദൈവിക നിർണയമനുസരിച്ചാണ്. ഈ കൃപ കാലാരംഭത്തിനു മുമ്പുതന്നെ ക്രിസ്തുയേശുവിൽ ദൈവം നമുക്കു നൽകിയതാണെങ്കിലും 10 നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ ഇപ്പോൾ നമുക്കു വെളിപ്പെട്ടിരിക്കുന്നു. അവിടന്ന് മരണത്തെ ഇല്ലാതാക്കുകയും സുവിശേഷം മുഖാന്തരം ജീവനും അമർത്യതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
-
32 വിശ്വാസികളെല്ലാവരും ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; അവരിലാരും തങ്ങളുടെ വസ്തുവകയൊന്നും സ്വന്തമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവകയായി അവർ കണക്കാക്കി. 33 അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിച്ചുപോന്നു. അവർ എല്ലാവരിലും ദൈത്തിന്റെ കൃപ അതിശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. 34 അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന് 35 അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു; പിന്നെ ഓരോരുത്തരുടെയും ആവശ്യാനുസരണം അത് ഭാഗിച്ചുകൊടുത്തു.
-
3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
4 ക്രിസ്തുയേശുവിൽ ദൈവം നിങ്ങൾക്കു നൽകിയ കൃപ ഓർത്ത് നിങ്ങൾക്കുവേണ്ടി ഞാൻ എപ്പോഴും എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. 5 കാരണം, ക്രിസ്തുയേശുവിൽ വചനത്തിലും ജ്ഞാനത്തിലും സർവസമൃദ്ധിയും നിങ്ങൾക്കു ലഭിച്ചിരിക്കുന്നല്ലോ; 6 ക്രിസ്തുവിനെക്കുറിച്ചു ഞങ്ങൾ നിങ്ങളോടു പറഞ്ഞ സാക്ഷ്യത്തിന്റെ വിശ്വാസ്യത ഇതു സ്ഥിരീകരിക്കുന്നു. 7 ഇങ്ങനെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിനായി കാത്തിരിക്കുന്ന നിങ്ങൾ കൃപാദാനങ്ങളിൽ യാതൊന്നിൽപോലും കുറവുള്ളവരായിരിക്കുന്നില്ല.
-
12 എനിക്കു ശക്തി നൽകി, എന്നെ വിശ്വസ്തനായി പരിഗണിച്ച് അവിടത്തെ ശുശ്രൂഷയ്ക്കു നിയോഗിച്ച നമ്മുടെ കർത്താവായ ക്രിസ്തുയേശുവിന് ഞാൻ സ്തോത്രംചെയ്യുന്നു. 13 മുമ്പ് ഞാൻ ദൈവദൂഷകനും പീഡകനും നിഷ്ഠുരനുമായിരുന്നു; എങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം അവിശ്വാസിയും അജ്ഞനുമായിട്ടാണ് ഇവ ഞാൻ പ്രവർത്തിച്ചിരുന്നത്. 14 ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ, നമ്മുടെ കർത്താവിന്റെ കൃപയും എന്നിലേക്കു സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
15 പാപികളെ രക്ഷിക്കുന്നതിനാണ് ക്രിസ്തുയേശു ലോകത്തിൽ വന്നത് എന്ന വചനം തികച്ചും സ്വീകാര്യവും വിശ്വാസയോഗ്യവും ആകുന്നു. ഞാനാണ് ആ പാപികളിൽ അഗ്രഗണ്യൻ! 16 ക്രിസ്തുയേശുവിൽ വിശ്വസിച്ച് നിത്യജീവൻ ലഭിക്കാനിരിക്കുന്നവരോട് ദൈവം കാണിക്കുന്ന അളവറ്റ കൃപയുടെ നിദർശനം ഞാൻ ആയിത്തീരണം എന്നതുകൊണ്ടാണ്, ആ പാപികളിൽ ഒന്നാമനായ എനിക്ക് അന്തമില്ലാത്ത കരുണ ലഭിച്ചത്.
-
10 ദൈവത്തിൽനിന്നു ലഭിച്ച വിവിധ കൃപാദാനങ്ങളുടെ നല്ല കാര്യസ്ഥരായി ഓരോരുത്തരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദാനങ്ങൾ മറ്റുള്ളവരെ സേവിക്കുന്നതിനായി ഉപയോഗിക്കുക.
-
40 പൈതൽ വളർന്നു ശക്തനായി; ജ്ഞാനത്താൽ നിറഞ്ഞു; ദൈവകൃപയും ആ ശിശുവിന്റെമേൽ ഉണ്ടായിരുന്നു.
-
1 എന്റെ മകനേ, നീ ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെടുക. 2 അനേകം സാക്ഷികളുടെ സാന്നിധ്യത്തിൽ നീ എന്നിൽനിന്ന് കേട്ടതെല്ലാം, മറ്റുള്ളവരെ അഭ്യസിപ്പിക്കാൻ യോഗ്യത നേടിയ വിശ്വസ്തരായ ആളുകളെ ഭരമേൽപ്പിക്കുക.
-
8 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.
-
13 ആകയാൽ നിങ്ങൾ അചഞ്ചലചിത്തരായി, പൂർണസുബോധത്തോടെ, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ ഉറപ്പിക്കുക.
-
22 എല്ലാവരും അദ്ദേഹത്തെക്കുറിച്ചു നല്ല അഭിപ്രായം പറഞ്ഞു. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട മധുരവചസ്സുകൾ കേട്ട് ജനം അത്ഭുതപ്പെട്ടു. “ഇത് യോസേഫിന്റെ മകനല്ലേ?” ജനം പരസ്പരം ചോദിച്ചു.
-
1 ക്രിസ്തുയേശുവിന്റെ ദാസനും അപ്പൊസ്തലനും ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനു നിയോഗിക്കപ്പെട്ടിരിക്കുന്നവനുമായ പൗലോസാണ് ഈ ലേഖനം എഴുതുന്നത്. 2 ദൈവം ദീർഘകാലം മുമ്പേ വിശുദ്ധഗ്രന്ഥങ്ങളിൽ അവിടത്തെ പ്രവാചകന്മാരിലൂടെ വാഗ്ദാനംചെയ്തിട്ടുള്ളതാണ് തന്റെ പുത്രനെക്കുറിച്ചുള്ള ഈ സുവിശേഷം. 3 യേശുക്രിസ്തു ദാവീദിന്റെ സന്തതിപരമ്പരയിൽ മനുഷ്യനായി ജന്മമെടുക്കുകയും 4 പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മരണത്തിൽനിന്നുള്ള പുനരുത്ഥാനത്തിലൂടെ അവിടന്ന് ദൈവപുത്രനെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 5 ഈ ക്രിസ്തു മുഖാന്തരമാണ് അപ്പൊസ്തലത്വവും അതിനുള്ള ദൈവകൃപയും ഞങ്ങൾക്കു ലഭിച്ചത്. അതാകട്ടെ, അവിടത്തെ നാമത്തിന്റെ പുകഴ്ചയ്ക്കുവേണ്ടി സകലജനവിഭാഗങ്ങളിൽ ഉള്ളവരെയും തന്നിലുള്ള വിശ്വാസത്തിലേക്കും തൽഫലമായ അനുസരണത്തിലേക്കും നയിക്കേണ്ടതിനുമാണ്.
-
15 നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം രക്ഷാകർത്താക്കൾ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; സുവിശേഷംമുഖേന ക്രിസ്തുയേശുവിൽ ഞാൻ നിങ്ങൾക്കു പിതാവായിരിക്കുന്നു.
-
4 അധ്വാനിക്കുന്നവനു കൂലി നൽകുന്നത് ദാനമായിട്ടല്ല, അത് അയാൾ പ്രവൃത്തിചെയ്ത് അവകാശമായി നേടുന്നതാണ്. 5 എന്നാൽ, പാപിയെ നീതീകരിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളുടെ സൽപ്രവൃത്തികളെ അല്ല, അവന്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കാക്കുന്നത്.
-
9 വിവിധതരത്തിലുള്ള വിചിത്രങ്ങളായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചിഴയ്ക്കരുത്. യാതൊരു പ്രയോജനവും ലഭിക്കാത്ത, അനുഷ്ഠാനപരമായ ഭോജ്യങ്ങളിലൂടെയല്ല, കൃപയാൽത്തന്നെയാണ് നിങ്ങളുടെ ഹൃദയങ്ങളെ ശക്തിപ്പെടുത്തേണ്ടത്.
-
18 നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വർധിച്ചുവരിക.
അവിടത്തേക്ക് ഇപ്പോഴും എന്നെന്നും മഹത്ത്വം! ആമേൻ.
-
3 പ്രിയരേ, നാം പങ്കാളികളായിരിക്കുന്ന രക്ഷയെപ്പറ്റി നിങ്ങൾക്ക് എഴുതാൻ ഞാൻ അത്യന്തം ഉത്സാഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ദൈവം വിശുദ്ധർക്ക് ഒരിക്കലായി ഏൽപ്പിച്ചിട്ടുള്ള വിശ്വാസത്തിനുവേണ്ടി അടരാടാൻ പ്രബോധിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് എഴുതാൻ ഞാൻ നിർബന്ധിതനായി. 4 കാരണം, നമ്മുടെ ദൈവത്തിന്റെ കൃപയെ അസാന്മാർഗികജീവിതത്തിനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുകയും നമ്മുടെ ഏകാധിനാഥനും കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുകയുംചെയ്യുന്ന അഭക്തരായ ചിലർ നിങ്ങളുടെയിടയിൽ നുഴഞ്ഞുകയറിയിരിക്കുന്നു. ഇവരുടെ ശിക്ഷാവിധി പണ്ടുതന്നെ എഴുതിയിരിക്കുന്നു.
5 നിങ്ങൾ എല്ലാം അറിഞ്ഞവരെങ്കിലും നിങ്ങളെ ഞാൻ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നത്, കർത്താവ് തന്റെ ജനത്തെ ഒരിക്കലായി ഈജിപ്റ്റിൽനിന്ന് വിടുവിച്ചതിനുശേഷവും വിശ്വാസത്തിൽ നിലനിൽക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു. 6 ദൈവം ദൂതന്മാരെ ഏൽപ്പിച്ച അധികാരസീമയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കാതെ തങ്ങളുടെ നിവാസസ്ഥാനം ഉപേക്ഷിച്ചുപോയ ദൂതന്മാരെ ദൈവം മഹാദിവസത്തിലെ ന്യായവിധിക്കായി നിത്യബന്ധനത്തിലാക്കി ഘോരാന്ധകാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. 7 അതേവിധത്തിൽ, സൊദോമിലും ഗൊമോറായിലും ചുറ്റുമുള്ള പട്ടണങ്ങളിലും ജീവിച്ചിരുന്നവർ ഹീനമായ ലൈംഗിക അസാന്മാർഗികതയിൽ മുഴുകി അസ്വാഭാവികമായ ഭോഗവിലാസത്തിൽ ജീവിച്ചതുമൂലം നിത്യാഗ്നിയുടെ ശിക്ഷാവിധി അനുഭവിച്ചത് ഇന്നുള്ളവർക്കും ഒരു അപായസൂചനയായി നിലകൊള്ളുന്നു.
-
11 കാരണം യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു;
യഹോവ കൃപയും മഹത്ത്വവും നൽകുന്നു;
നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക്
അവിടന്ന് ഒരു നന്മയും മുടക്കുകയില്ല.
-
20 ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നയാൾ അരുളിച്ചെയ്യുന്നത്, “ഞാൻ ഉടനെ വരുന്നു, നിശ്ചയം!”
ആമേൻ! കർത്താവായ യേശുവേ, വരണമേ.
21 കർത്താവായ യേശുവിന്റെ കൃപ ദൈവജനത്തോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
-
9 തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: 10 “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. 11 പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. 12 ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’
13 “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.
14 “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”
15 യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ നവജാതശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ട ശിഷ്യന്മാർ അവരെ ശകാരിച്ചു. 16 എന്നാൽ, യേശു അവരെ തന്റെ അടുത്തേക്ക് ആഹ്വാനംചെയ്തുകൊണ്ട് ശിഷ്യന്മാരോട്, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം! 17 ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
-
32 “ഇപ്പോൾ ഞാൻ നിങ്ങളെ ദൈവത്തിലും ദൈവകൃപയുടെ വചനത്തിലും ഭരമേൽപ്പിക്കുന്നു. ഈ വചനം നിങ്ങളെ ആത്മികമായി പണിതുയർത്തി, വിശുദ്ധീകരിക്കപ്പെട്ട എല്ലാവരോടുംകൂടെ ഓഹരി നൽകാൻ കഴിവുള്ളതാണല്ലോ.
-
10 ദൈവം എനിക്കു കൃപ നൽകിയതുകൊണ്ട് ജ്ഞാനിയായ ഒരു മുഖ്യശില്പിയെപ്പോലെ ഞാൻ അടിസ്ഥാനം ഇട്ടു. അതിന്മേൽ വേറൊരാൾ പണിയുന്നു; എന്നാൽ, പണിയുന്നവർ ഓരോരുത്തരും ശ്രദ്ധയോടെ വേണം പണിയാൻ.
-
29 അങ്ങനെയെങ്കിൽ ദൈവപുത്രനെ ചവിട്ടിക്കളയുകയും പാപിയായ തന്നെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ അശുദ്ധമെന്നു കരുതുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയുംചെയ്തയാൾ എത്ര കഠിനതരമായ ശിക്ഷയ്ക്കു പാത്രമാകും എന്നുള്ളത് ഒന്ന് ചിന്തിച്ചുനോക്കുക. 30 “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നും “കർത്താവ് തന്റെ ജനത്തെ ന്യായംവിധിക്കും” എന്നും അരുളിച്ചെയ്ത ദൈവത്തെ നാം അറിയുന്നല്ലോ. 31 ജീവനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നത് ഭയാനകം!
-
18 തന്റെ അവകാശത്തിൽ ശേഷിച്ച ജനത്തിന്റെ
പാപങ്ങൾ ക്ഷമിക്കുകയും അതിക്രമങ്ങൾ പൊറുക്കുകയും ചെയ്യുന്ന
അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ?
അങ്ങ് എന്നേക്കും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല
എന്നാൽ, കരുണകാണിക്കാൻ അങ്ങ് പ്രസാദിക്കുകയും ചെയ്യുന്നു.
19 അവിടന്ന് വീണ്ടും നമ്മോടുതന്നെ ദയകാണിക്കും;
അങ്ങ് ഞങ്ങളുടെ പാപങ്ങളെ മെതിച്ചുകളയും
ഞങ്ങളുടെ അതിക്രമങ്ങളെല്ലാം സമുദ്രത്തിന്റെ അഗാധങ്ങളിലേക്കു ചുഴറ്റിയെറിയും.
-
32 “നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ അതിൽ നിങ്ങൾക്ക് അഭിമാനിക്കാൻ എന്താണുള്ളത്? പാപികളെന്നു സമൂഹം പരിഗണിക്കുന്നവരും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. 33 നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നിങ്ങൾ നന്മ ചെയ്താൽ അതിൽ അഭിമാനിക്കാൻ എന്താണുള്ളത്? പാപികളും അതുതന്നെ ചെയ്യുന്നുണ്ടല്ലോ. 34 തിരികെ ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾ വായ്പകൊടുത്താൽ അതിൽ നിങ്ങൾക്ക് എന്താണ് അഭിമാനിക്കാനുള്ളത്? പാപികളും എല്ലാം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ, പാപികൾക്കു വായ്പകൊടുക്കുന്നുണ്ടല്ലോ.
-
1 നിങ്ങൾ പ്രാപിച്ച ദൈവകൃപ വ്യർഥമാക്കരുതെന്ന്, ദൈവത്തിന്റെ സഹപ്രവർത്തകരെന്ന നിലയിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു.
-
14 സകലമനുഷ്യരോടും സമാധാനം ആചരിച്ച് വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക; വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല. 15 ആരും ദൈവകൃപയിൽ കുറവുള്ളവരാകാതിരിക്കാനും കയ്പുള്ള വല്ല വേരും മുളച്ചു വളർന്ന് കലക്കമുണ്ടായി അനേകർ മലിനരാകാതിരിക്കാനും സൂക്ഷിക്കുക. 16 ആരും വിഷയാസക്തരോ, ഒരു ഊണിനു സ്വന്തം ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആകാതെ സൂക്ഷിക്കുക. 17 പിന്നീട് സ്വപിതാവിന്റെ അനുഗ്രഹം അവകാശമാക്കാൻ ആഗ്രഹിച്ചിട്ടും അയാൾ പുറന്തള്ളപ്പെട്ടു. കണ്ണുനീരോടെ അപേക്ഷിച്ചെങ്കിലും തനിക്കു കൈവിട്ടുപോയത് തിരികെ നേടാൻ അവസരം ലഭിച്ചില്ല എന്നും നിങ്ങൾക്കറിയാമല്ലോ.
-
19 യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ നന്മമുഴുവനും നിനക്കു ദൃശ്യമാക്കും, യഹോവ എന്ന എന്റെ നാമം ഞാൻ നിന്റെ മുമ്പിൽ ഘോഷിക്കും; കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും.
-
1 ഈ വിധത്തിൽ ക്രിസ്തുയേശുവിന്റെ വകയായിത്തീർന്നവർക്ക് ഇനി ഒരു ശിക്ഷാവിധിയും ഇല്ല. 2 കാരണം, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചതിനാൽ, ജീവൻ നൽകുന്ന ആത്മാവിന്റെ പ്രമാണം, പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രമാണത്തിൽനിന്ന് നിന്നെ സ്വതന്ത്രരാക്കിയിരിക്കുന്നു. 3 ദൈവം സ്വന്തം പുത്രനെ പാപപങ്കിലമായ മനുഷ്യശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചിട്ട് പുത്രന്റെ ശരീരത്തിന്മേൽ നമ്മുടെ പാപത്തിനു ശിക്ഷ വിധിച്ചു പരിഹാരം വരുത്തി. അങ്ങനെ മനുഷ്യന്റെ പാപപ്രവണത നിമിത്തം ബലഹീനമായിരുന്ന ന്യായപ്രമാണത്തിന് അസാധ്യമായിരുന്ന പാപപരിഹാരം ദൈവം സാധ്യമാക്കി. 4 പാപപ്രവണതയെ അല്ല, മറിച്ച്, ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്ന നമ്മിൽ ന്യായപ്രമാണം അനുശാസിക്കുന്ന നീതി പൂർത്തീകരിക്കപ്പെടേണ്ടതിനാണ് ഇതു ചെയ്തത്.
-
1 സഹോദരങ്ങളേ, മക്കദോന്യയിലെ സഭകൾക്കു ദൈവം നൽകിയ കൃപയെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 2 കഷ്ടതകളാകുന്ന തീവ്രപരീക്ഷണങ്ങളുടെ മധ്യത്തിലായിരുന്നിട്ടും, അവരുടെ ആനന്ദസമൃദ്ധിയും കഠിനദാരിദ്ര്യവും ഒത്തുചേർന്ന് അവരുടെ ഉദാരത ഒരു വലിയ സമ്പത്തായി കവിഞ്ഞൊഴുകി.
-
29 കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്.
-
2 അങ്ങ് മാനവകുലജാതരിൽ അതിസുന്ദരൻ
ലാവണ്യം അങ്ങയുടെ അധരപുടങ്ങളിൽ പകർന്നിരിക്കുന്നു,
കാരണം ദൈവം അങ്ങയെ എന്നെന്നേക്കുമായി അനുഗ്രഹിച്ചല്ലോ.
-
7 “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുകയോ ആടിനെ മേയിക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ വയലിൽനിന്ന് വരുമ്പോൾ, ‘നീ വേഗംവന്ന് ഭക്ഷണത്തിന് ഇരിക്കുക’ എന്ന് അയാളോട് പറയുമോ? 8 ‘എനിക്ക് അത്താഴം തയ്യാറാക്കുക, ഞാൻ ഭക്ഷിച്ചുപാനംചെയ്തു തീരുന്നതുവരെ പൂർണ ഒരുക്കത്തോടെ എന്നെ പരിചരിക്കുക; അതിനുശേഷം നീയും ഭക്ഷിച്ചു പാനംചെയ്തുകൊള്ളുക’ എന്നല്ലേ പറയുക? 9 തന്നോടു കൽപ്പിച്ചത് ആ സേവകൻ അനുസരിച്ചതുകൊണ്ട് അയാൾ അവനോടു കൃതജ്ഞത പ്രകടിപ്പിക്കുമോ? 10 അതുപോലെതന്നെ നിങ്ങളും നിങ്ങളോടു കൽപ്പിച്ചതെല്ലാം ചെയ്തതിനുശേഷം, ‘ഞങ്ങൾ അയോഗ്യരായ ദാസരാകുന്നു; ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം നിറവേറ്റിയതേയുള്ളൂ’ എന്നു പറയുക.”
-
12 ഈ ലോകത്തിൽ ഞങ്ങളുടെ വ്യവഹാരം, വിശേഷിച്ച് നിങ്ങളോടുള്ളത്, ദൈവത്തിൽനിന്നുള്ള വിശുദ്ധിയോടും ആത്മാർഥതയോടുംകൂടെ ആയിരുന്നു എന്ന് ഞങ്ങളുടെ മനസ്സാക്ഷി നൽകുന്ന ഈ സാക്ഷ്യംതന്നെ ഞങ്ങളുടെ അഭിമാനം. ലൗകികജ്ഞാനത്താലല്ല, ദൈവത്തിൽനിന്നു ലഭിച്ച കൃപയാലാണ് ഞങ്ങൾക്ക് അത് സാധ്യമായിത്തീർന്നത്.
-
17 ഒരാൾ ക്രിസ്തുവിന്റെ വകയായാൽ അയാൾ പുതിയ സൃഷ്ടിയാണത്രേ. പഴയതു നീങ്ങിപ്പോയി, ഇതാ അത് പുതിയതായിരിക്കുന്നു. 18 ഇതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ. അവിടന്ന് ഞങ്ങളെ ക്രിസ്തു മുഖാന്തരം തന്നോട് അനുരഞ്ജിപ്പിച്ചു; അനുരഞ്ജനത്തിന്റെ ശുശ്രൂഷ ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്നു. 19 ദൈവം മനുഷ്യരുടെ പാപങ്ങളെ അവർക്കെതിരായി കണക്കാക്കിയില്ല എന്നുമാത്രമല്ല, ക്രിസ്തു മുഖാന്തരം ലോകത്തെ തന്നോടുതന്നെ അനുരഞ്ജിപ്പിച്ചിട്ട് ആ അനുരഞ്ജനസന്ദേശം ഞങ്ങളെ ഏൽപ്പിച്ചുമിരിക്കുന്നു.
-
14 കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.
-
17 അവിടന്ന് വന്നു ദൂരസ്ഥരായ നിങ്ങളോടും സമീപസ്ഥരായ ഞങ്ങളോടും സമാധാനം പ്രഘോഷിച്ചു. 18 ക്രിസ്തു മുഖാന്തരം നമുക്ക് ഇരുകൂട്ടർക്കും ഒരേ ആത്മാവിൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.
19 അതിനാൽ, നിങ്ങൾ ഇനിമേൽ അപരിചിതരും വിദേശികളുമല്ല; വിശുദ്ധരോടൊത്ത് സഹപൗരത്വം പങ്കിടുന്നവരും ദൈവത്തിന്റെ കുടുംബവുമാണ്. 20 ക്രിസ്തുയേശു എന്ന ആധാരശിലയോടു ചേർത്ത് അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിയപ്പെട്ടിരിക്കുന്ന ഭവനം. 21 ക്രിസ്തുവിൽ കെട്ടിടം ഒന്നാകെ നന്നായി ഇണങ്ങിച്ചേർന്ന് കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. 22 നിങ്ങളും ക്രിസ്തുവിൽ, ദൈവത്തിന്റെ ആത്മികനിവാസസ്ഥാനമാകേണ്ടതിന് ഒരുമിച്ചു ചേർത്ത് പണിയപ്പെടുന്നു.
-
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം! ദൈവത്തിന്റെ മഹാകരുണയാൽ, മരിച്ചവരിൽനിന്ന് യേശുക്രിസ്തു പുനരുത്ഥാനംചെയ്തതിലൂടെ ജീവനുള്ള പ്രത്യാശയിലേക്കു നമുക്കു പുതുജനനം നൽകിയിരിക്കുന്നു. 4 ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഓഹരി നാം സ്വന്തമാക്കേണ്ടതിനാണ്. 5 അങ്ങനെ, അന്ത്യകാലത്തു വെളിപ്പെടാൻ സജ്ജമാക്കിയിരിക്കുന്ന രക്ഷയ്ക്കായി, വിശ്വാസത്താൽ നാം ദൈവശക്തിയിൽ സംരക്ഷിക്കപ്പെടുന്നു.
-
10 നിങ്ങൾക്ക് ഉണ്ടാകാനിരിക്കുന്ന കൃപയെക്കുറിച്ച് വളരെ ശ്രദ്ധചെലുത്തി സസൂക്ഷ്മം അന്വേഷിച്ചിട്ടാണ് ഈ രക്ഷയെക്കുറിച്ച് പ്രവാചകർ പ്രവചിച്ചത്. 11 അവരിലുള്ള ക്രിസ്തുവിന്റെ ആത്മാവ്, ക്രിസ്തു നേരിടാൻ പോകുന്ന കഷ്ടതയെയും അതിനെ തുടർന്നുള്ള മഹത്ത്വത്തെയുംകുറിച്ചു പ്രവചിക്കുകയും അതിന്റെ സമയവും സന്ദർഭവും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു.
-
7 നിങ്ങൾ സകലജനതകളിലുംവെച്ച് അസംഖ്യമായതുകൊണ്ടല്ല യഹോവ നിങ്ങളിൽ പ്രസാദിച്ച് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ സകലജനതകളിലുംവെച്ച് എണ്ണത്തിൽ കുറവുള്ളവരായിരുന്നല്ലോ. 8 നിങ്ങളെ യഹോവ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുന്നതുകൊണ്ടുമാണ് യഹോവ നിങ്ങളെ ശക്തിയുള്ള കൈകൊണ്ടു വിടുവിച്ച് അടിമവീടായ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അധീനതയിൽനിന്നു വീണ്ടെടുത്തത്. 9 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ, ദൈവം ആകുന്നു എന്നും അവിടത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ആയിരം തലമുറവരെ സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന വിശ്വസ്തനായ ദൈവമാണ് യഹോവ എന്നും നിങ്ങൾ അറിയണം. 10 എന്നാൽ,
തന്നെ തിരസ്കരിക്കുന്നവരെ അവിടന്നുതന്നെ നശിപ്പിച്ച് പകരംവീട്ടും;
തന്നെ വെറുക്കുന്നവനോട് അവിടന്ന് പ്രതികാരംചെയ്യാൻ താമസിക്കുകയുമില്ല.
-
22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല
അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.
23 അവ പ്രഭാതംതോറും പുതിയതാകുന്നു;
അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.
-
15 പിന്നീടൊരിക്കൽ യേശു ലേവിയുടെ ഭവനത്തിൽ വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. അന്ന് വിരുന്നിന് അദ്ദേഹത്തോടും ശിഷ്യന്മാരോടുമൊപ്പം അനേകം നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും ഉണ്ടായിരുന്നു; കാരണം, അദ്ദേഹത്തിന്റെ അനുഗാമികളിൽ ഒട്ടേറെപ്പേർ ഇങ്ങനെയുള്ളവർ ആയിരുന്നു. 16 അദ്ദേഹം പാപികളോടും നികുതിപിരിവുകാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ടിട്ടു പരീശന്മാരുടെ കൂട്ടത്തിലുള്ള വേദജ്ഞർ യേശുവിന്റെ ശിഷ്യന്മാരോട്, “അദ്ദേഹം നികുതിപിരിവുകാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.
17 യേശു ഇതു കേട്ടിട്ട് അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.
-
14 അപ്പോൾ നാം എന്തുപറയും? ദൈവം അനീതിയുള്ളവൻ എന്നാണോ? ഒരിക്കലുമല്ല!
15 “കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും.
കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും,”
എന്നു ദൈവം മോശയോടും അരുളിച്ചെയ്യുന്നു. 16 ഇങ്ങനെ, മനുഷ്യന്റെ ആഗ്രഹമോ കഠിനാധ്വാനമോ അല്ല, ദൈവത്തിന്റെ കാരുണ്യമാണ് എല്ലാറ്റിനും അടിസ്ഥാനം. 17 “എന്റെ ശക്തി നിന്നിലൂടെ പ്രദർശിപ്പിക്കുകയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു,” എന്ന് ഫറവോനോട് അരുളിച്ചെയ്യുന്നതു തിരുവെഴുത്തിൽ കാണുന്നു. 18 ഇങ്ങനെ, ദൈവം തന്റെ ഇഷ്ടപ്രകാരം ഒരുവനോടു കരുണ കാണിക്കുന്നു; മറ്റൊരുവനെ കഠിനഹൃദയനാക്കുന്നു.
19 അപ്പോൾ, “നമ്മെ കുറ്റപ്പെടുത്താൻ ദൈവത്തിനെങ്ങനെ കഴിയും? കാരണം, ദൈവത്തിന്റെ തിരുഹിതത്തോട് എതിർക്കാൻ ആർക്കാണു സാധിക്കുക?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. 20 അല്ലയോ മനുഷ്യാ, “ദൈവത്തോട് എതിർവാദം പറയാൻ നീ ആരാണ്?” സ്രഷ്ടാവിനോട്, “ ‘നീ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് എന്തിനാണ്?’ എന്നു സൃഷ്ടിക്കു ചോദിക്കാൻ കഴിയുമോ?” 21 ഒരേ കളിമണ്ണുപയോഗിച്ച് ചില പാത്രങ്ങൾ ശ്രേഷ്ഠമായ ഉപയോഗത്തിനും മറ്റുചിലതു സാധാരണ ഉപയോഗത്തിനുംവേണ്ടി ഉണ്ടാക്കാൻ കുശവന് അധികാരമില്ലേ?
22 ദൈവം തന്റെ കോപം പ്രദർശിപ്പിക്കാനും ശക്തി വെളിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ, നാശത്തിനുമാത്രമായി ഒരുക്കപ്പെട്ടിരുന്ന കോപപാത്രങ്ങളായവരെ ദീർഘക്ഷമയോടെ സഹിച്ചു; 23 ഇങ്ങനെ തേജസ്സു പ്രാപിക്കാനായി ദൈവം മുൻകൂട്ടി ഒരുക്കിയ കരുണാപാത്രങ്ങളാണു നാം. അവിടത്തെ മഹത്ത്വസമ്പന്നത വെളിപ്പെടുത്താൻവേണ്ടി ദൈവം നമ്മിൽ ഇപ്രകാരം പ്രവർത്തിച്ചു എന്നതിൽ നമുക്ക് എന്താണ് പറയാൻ കഴിയുക?
-
24 നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ അനശ്വരമായി സ്നേഹിക്കുന്ന എല്ലാവരോടുംകൂടെ കൃപ ഉണ്ടായിരിക്കട്ടെ.
-
28 ആകയാൽ നമുക്ക് അചഞ്ചലമായ ഒരു രാജ്യം ലഭിക്കുന്നതുകൊണ്ട്, നാം കൃതജ്ഞതയുള്ളവരായി ദൈവത്തിനു സ്വീകാര്യമാകുമാറ് ഭയഭക്തിയോടുകൂടി അവിടത്തെ ആരാധിക്കാം;
-
16 എന്റെ പ്രിയസഹോദരങ്ങളേ, വഞ്ചിക്കപ്പെടരുത്. 17 ഉത്തമവും പൂർണവുമായ എല്ലാ നല്ല ദാനങ്ങളും ഉയരത്തിൽനിന്ന്, അതായത്, പ്രകാശങ്ങളുടെ പിതാവിങ്കൽനിന്നാണു വരുന്നത്. അവിടന്ന് മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾപോലെ മാറുകയില്ല.
-
7 അങ്ങനെതന്നെ ഭർത്താക്കന്മാരും സ്ത്രീകൾ ദുർബലപാത്രങ്ങളാണെന്ന് അറിഞ്ഞ്, അവരും ജീവന്റെ കൃപയ്ക്ക് നിങ്ങളോടൊപ്പം കൂട്ടവകാശികൾ ആയിരിക്കുകയാൽ, അവർക്ക് ബഹുമാനം നൽകി അവരോടൊപ്പം പരസ്പരധാരണയോടെ വസിക്കുക. അങ്ങനെയായാൽ നിങ്ങളുടെ പ്രാർഥനയ്ക്ക് തടസ്സം നേരിടുകയില്ല.
-
5 അതുപോലെതന്നെ യുവാക്കളേ, നിങ്ങൾ സഭാമുഖ്യന്മാർക്കു വിധേയരാകുക. നിങ്ങൾ എല്ലാവരും വിനയം ധരിച്ചുകൊണ്ട് പരസ്പരം ശുശ്രൂഷിക്കുക. കാരണം,
“ദൈവം അഹങ്കാരികളെ എതിർക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.”
-
20 യോസേഫിന്റെ യജമാനൻ അവനെ പിടിച്ചു രാജാവിന്റെ തടവുകാരെ ഇടുന്ന കാരാഗൃഹത്തിലാക്കി.
അങ്ങനെ യോസേഫ് കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ 21 യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു; അവിടന്ന് അവനോടു കരുണ കാണിക്കുകയും ജയിലധികാരിക്ക് അവനോടു ദയ തോന്നാൻ ഇടയാക്കുകയും ചെയ്തു.
-
16 “എന്നാൽ ഞങ്ങളുടെ പിതാക്കന്മാരായ അവർ അഹങ്കരിച്ചു; ദുശ്ശാഠ്യത്തോടെ, അങ്ങയുടെ കൽപ്പനകൾ അവർ ശ്രദ്ധിക്കാതിരുന്നു. 17 അവ അനുസരിക്കാൻ അവർ കൂട്ടാക്കിയില്ല; അവരുടെയിടയിൽ അങ്ങ് ചെയ്ത അത്ഭുതങ്ങൾ അവർ ഓർത്തതുമില്ല. അവർ ദുശ്ശാഠ്യമുള്ളവരായി, ഈജിപ്റ്റിലെ അടിമത്തത്തിലേക്ക് തങ്ങളെ തിരികെക്കൊണ്ടുപോകാൻ അവരുടെ മാത്സര്യത്തിൽ ഒരു നേതാവിനെ നിയമിച്ചു. എന്നാൽ അങ്ങ് കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള, ക്ഷമിക്കുന്നവനായ ദൈവം ആകുന്നു; അങ്ങ് അവരെ ഉപേക്ഷിച്ചില്ല. 18 അവർ ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി, ‘ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിച്ച ദൈവം ഇതാ’ എന്നു പറയുകയും വലിയ ദൈവദൂഷണങ്ങൾ പ്രവർത്തിക്കുകയും ചെയ്തു.
19 “അങ്ങയുടെ മഹാകരുണയാൽ അങ്ങ് അവരെ മരുഭൂമിയിൽ ഉപേക്ഷിച്ചില്ല; പകൽ അവർക്കു പോകുന്നതിനുള്ള വഴിയിൽ അവരെ നടത്തിയ മേഘസ്തംഭമോ രാത്രിയിൽ അവരുടെ വഴിയിൽ വെളിച്ചം നൽകിയ അഗ്നിസ്തംഭമോ അവരിൽനിന്നും അകന്നില്ല. 20 അവരെ ഉപദേശിക്കേണ്ടതിനായി അങ്ങയുടെ നല്ല ആത്മാവിനെ അങ്ങ് നൽകി. അവരുടെ വായിൽനിന്ന് അങ്ങയുടെ മന്നാ അങ്ങു നീക്കിയില്ല; അവരുടെ ദാഹത്തിന് അങ്ങ് വെള്ളവും കൊടുത്തു.
-
34 പരിഹാസികളെ അവിടന്ന് അപഹസിക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.
-
13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,
ഹൃദയത്തെത്തന്നെ കീറുവിൻ;
നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക,
അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ;
എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു,
അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു.
-
27 ഈ സംഭവത്തിനുശേഷം യേശു പുറത്തേക്കു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതിപിരിവുകാരൻ നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു. 28 ലേവി എഴുന്നേറ്റ് എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തെ അനുഗമിച്ചു.
29 പിന്നീട് ലേവി തന്റെ ഭവനത്തിൽ യേശുവിനു വലിയൊരു വിരുന്നുസൽക്കാരം നടത്തി. യേശുവിനോടൊപ്പം നികുതിപിരിവുകാരും മറ്റുപലരും അടങ്ങിയ വലിയൊരു സമൂഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. 30 എന്നാൽ, പരീശന്മാരും അവരുടെ വിഭാഗത്തിൽപ്പെട്ട വേദജ്ഞരും അദ്ദേഹത്തിന്റെ ശിഷ്യന്മാരോട്, “നിങ്ങൾ നികുതിപിരിവുകാരോടും കുപ്രസിദ്ധപാപികളോടുമൊപ്പം ഭക്ഷിച്ചു പാനംചെയ്യുന്നതെന്ത്?” എന്നു ചോദിക്കുകയും പിറുപിറുക്കുകയും ചെയ്തു.
31 യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. 32 ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണ് മാനസാന്തരത്തിലേക്കു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.
-
15 തുടർന്നും ഭയത്തോടെ ജീവിക്കുന്ന അടിമകളാക്കി നിങ്ങളെ മാറ്റുന്ന ആത്മാവിനെയല്ല നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്; മറിച്ച്, നിങ്ങൾക്ക് പുത്രത്വം നൽകുന്ന ആത്മാവിനെയാണ്. അതുകൊണ്ട് നാം ദൈവത്തെ “അബ്ബാ, പിതാവേ” എന്നു വിളിക്കുന്നു. 16 ദൈവാത്മാവുതന്നെ നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞ് നാം ദൈവത്തിന്റെ മക്കളാണെന്ന് ഉറപ്പു നൽകുന്നു. 17 ഇപ്രകാരം ദൈവത്തിന്റെമക്കൾ ആയിരിക്കുന്നതുകൊണ്ട് നാം ദൈവിക അനുഗ്രഹങ്ങളുടെ അവകാശികളാണ്; ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളായിരിക്കുന്ന നാം ക്രിസ്തുവിന്റെ തേജസ്സിന്റെയും പങ്കാളികൾ ആകും.
-
26 അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ നമുക്ക് ബലം നൽകാൻ പരിശുദ്ധാത്മാവു സഹായി ആകുന്നു; എന്താണ് പ്രാർഥിക്കേണ്ടത് എന്ന് നമുക്കറിഞ്ഞുകൂടാ! എന്നാൽ, അവാച്യമായ ഞരക്കങ്ങളാൽ പരിശുദ്ധാത്മാവുതന്നെ നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു. 27 ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം ആത്മാവിന്റെ ചിന്ത എന്തെന്ന് അറിയുന്നുണ്ട്. കാരണം, ദൈവഹിതാനുസരണമാണ് പരിശുദ്ധാത്മാവു ദൈവജനത്തിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നത്.
28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു. 29 ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്.
-
32 സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ?
-
2 “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥന കേട്ടു:
രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു,”
എന്ന് അവിടന്ന് അരുളിച്ചെയ്യുന്നല്ലോ. ഇപ്പോഴാണ് ദൈവത്തിന്റെ സുപ്രസാദകാലം, ഇന്നാണ് രക്ഷാദിവസം.
-
11 എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. 12 ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു. 13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.
-
2-3 എന്റെ സഹോദരങ്ങളേ, നിങ്ങൾ നാനാവിധത്തിൽ പരിശോധിക്കപ്പെടുമ്പോൾ, വിശ്വാസത്തിന്റെ പരിശോധന നിങ്ങളുടെ സഹനശക്തി വർധിപ്പിക്കുന്നു എന്നറിഞ്ഞ് ഈ പരിശോധനകളെല്ലാം ആനന്ദദായകമെന്നു പരിഗണിക്കുക. 4 എന്നാൽ, നിങ്ങളിലുള്ള സഹനശക്തി നിങ്ങളെ ഒരു കാര്യത്തിന്റെയും അഭാവമില്ലാതെ പരിപക്വതയുള്ളവരും പരിപൂർണരും ആക്കുമാറാകട്ടെ.
-
12 മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടാൻ ആകാശത്തിന്റെ കീഴിൽ, മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.”
-
17 ദൈവരാജ്യം അനുഭവിക്കാൻ കഴിയുന്നത് ഭക്ഷണപാനീയങ്ങളിലൂടെയല്ല; മറിച്ച്, നീതിയിലൂടെയും സമാധാനത്തിലൂടെയും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തിലൂടെയുമാണ്. 18 മേൽപ്പറഞ്ഞപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നയാൾ ദൈവപ്രസാദവും മനുഷ്യസ്വീകാര്യതയും ഉള്ളയാൾ ആയിരിക്കും.
Shows Read in context, Share and Copy.