32 Bible Verses About Parenting

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Parenting
  1. 1 മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ കർത്താവിൽ അനുസരിക്കുക. അതാണ് ഉചിതം. 2-3 വാഗ്ദാനത്തോടുകൂടിയ ആദ്യകൽപ്പന, “നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക. എന്നാൽ നിനക്ക് അനുഗ്രഹങ്ങളോടുകൂടിയ ദീർഘായുസ്സ് ഈ ഭൂമിയിൽ ലഭ്യമാകും” എന്നാണല്ലോ.

    4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്; അവരെ ശിക്ഷണത്തിലും കർത്താവിന്റെ സദുപദേശത്തിലും വളർത്തുക.

  2. 20 മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ സകലത്തിലും അനുസരിക്കുക, അതു കർത്താവിനു പ്രസാദകരമല്ലോ.

    21 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്. അങ്ങനെചെയ്താൽ അവർ നിരാശരായിത്തീരും.

  3. 3 മക്കൾ യഹോവയിൽനിന്നുള്ള പൈതൃകാവകാശം.

    ഉദരഫലം അവിടന്നു നൽകുന്ന പ്രതിഫലവുമാണ്.

    4 ഒരാൾക്കു തന്റെ യൗവനത്തിൽ പിറക്കുന്ന മക്കൾ

    ഒരു യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്.

    5 അവരെക്കൊണ്ട് തന്റെ ആവനാഴി നിറച്ചിട്ടുള്ള

    പുരുഷൻ അനുഗൃഹീതൻ.

    നഗരകവാടത്തിൽവെച്ച് തങ്ങളുടെ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ

    അവർ ലജ്ജിതരാകുകയില്ല.

  4. 15 വടിയും കർക്കശമായ താക്കീതും ജ്ഞാനംനൽകുന്നു,

    ശിക്ഷണംലഭിക്കാതെ ജീവിക്കുന്ന സന്തതി തന്റെ മാതാവിന് അപമാനംവരുത്തുന്നു.

    16 ദുഷ്ടർ വർധിക്കുമ്പോൾ, പാപവും വർധിക്കുന്നു,

    എന്നാൽ നീതിനിഷ്ഠർ അവരുടെ തകർച്ച കാണും.

    17 നിങ്ങളുടെ കുഞ്ഞുങ്ങളെ ശിക്ഷണത്തിൽ വളർത്തുക, അവർ നിങ്ങൾക്കു സ്വസ്ഥതനൽകും;

    നിങ്ങൾ ആഗ്രഹിക്കുന്ന ആനന്ദംനൽകും.

  5. 5 “എന്റെ കുഞ്ഞേ, കർത്താവിന്റെ ശിക്ഷണം നിസ്സാരമായി കരുതരുത്,

    അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്.

    6 കർത്താവ് താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു,

    താൻ പുത്രനായി സ്വീകരിച്ച സകലരെയും ശിക്ഷിച്ചു നന്നാക്കുന്നു,”

    എന്നിങ്ങനെ, ഒരു പിതാവ് പുത്രനോട് എന്നപോലെ നിങ്ങളോടു സംവദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞോ?

    7 ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്? 8 എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്. 9 നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്! 10 അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു. 11 ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.

  6. 4 ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ. 5 നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം. 6 നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് 7 അവ നീ നിങ്ങളുടെ മക്കളോട് വീണ്ടും വീണ്ടും ഉപദേശിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. 8 അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. 9 അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം.

  7. 6 കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക,

    വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.

  8. 24 വടി ഒഴിവാക്കുന്നവർ തങ്ങളുടെ മക്കളെ വെറുക്കുന്നു,

    എന്നാൽ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നവർ അവരെ ശിക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്.

  9. ജ്ഞാനം സമ്പാദിക്കുന്നതിനുള്ള ആഹ്വാനം

    8 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ ശിക്ഷണം ശ്രദ്ധിക്കുകയും

    നിന്റെ മാതാവിന്റെ ഉപദേശം അവഗണിക്കുകയും അരുത്.

    9 അവ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടവും

    നിന്റെ കഴുത്തിൽ ഒരു അലങ്കാരഹാരവും ആയിരിക്കും.

    10 എന്റെ കുഞ്ഞേ, പാപികൾ നിന്നെ വശീകരിച്ചാൽ,

    അവർക്കു വിധേയപ്പെട്ടുപോകരുത്.

    11 അവർ ഇപ്രകാരം പറഞ്ഞേക്കാം: “ഞങ്ങളോടൊപ്പം വരൂ;

    നമുക്കു രക്തത്തിനായി പതിയിരിക്കാം,

    ഒരു വിനോദത്തിനായി, നിരുപദ്രവകാരിക്കെതിരേ കരുക്കൾനീക്കാം;

    12 പാതാളമെന്നപോലെ നമുക്കവരെ ജീവനോടെ വിഴുങ്ങാം,

    ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെ നമുക്കവരെ മുഴുവനായി വിഴുങ്ങിക്കളയാം;

  10. 13 മക്കൾക്കു ശിക്ഷണം നൽകാതിരിക്കരുത്;

    വടികൊണ്ട് നീ അവരെ അടിച്ചാൽ, അവർ മരിച്ചുപോകുകയില്ല.

    14 അവരെ വടികൊണ്ട് ശിക്ഷിക്കുക,

    അങ്ങനെ മരണത്തിൽനിന്ന് അവരുടെ ജീവൻ രക്ഷിക്കുക.

  11. 15 മടയത്തരം യുവാക്കളുടെ ഹൃദയത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു,

    എന്നാൽ ശിക്ഷണത്തിന്റെ വടി അതിനെ ആട്ടിപ്പായിക്കുന്നു.

  12. 22 നിനക്കു ജന്മംനൽകിയ നിന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക,

    നിന്റെ മാതാവ് വാർധക്യത്തിലെത്തുമ്പോൾ അവരെ നിന്ദിക്കരുത്.

  13. 6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.

  14. 14 ഇപ്പോൾ, മൂന്നാംപ്രാവശ്യം നിങ്ങളെ സന്ദർശിക്കാൻ ഞാൻ ഒരുങ്ങിയിരിക്കുകയാണ്; ഞാൻ നിങ്ങൾക്ക് ഒരു ഭാരവും ആകുകയില്ല, കാരണം, എനിക്കു വേണ്ടതു നിങ്ങൾക്കുള്ളവയല്ല, നിങ്ങളെത്തന്നെയാണ്. മാതാപിതാക്കൾക്കുവേണ്ടി മക്കളല്ല, മാതാപിതാക്കൾ മക്കൾക്കുവേണ്ടിയാണ് സമ്പാദിച്ചുവെക്കേണ്ടത്.

  15. 12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനു നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.

  16. 3 അശരണരായ വിധവകളെ ബഹുമാനിക്കുക. 4 എന്നാൽ, ഒരു വിധവയ്ക്കു മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തം കുടുംബത്തിൽത്തന്നെ ദൈവഭക്തി പ്രായോഗികമാക്കി തങ്ങളുടെ മാതാപിതാക്കൾക്കു പ്രത്യുപകാരം ചെയ്യാൻ പഠിക്കട്ടെ. ഇത് ദൈവദൃഷ്ടിയിൽ സ്വീകാര്യമാണ്.

  17. 13 ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ,

    യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു;

  18. 18 പ്രതീക്ഷയുള്ളിടത്തോളം നിന്റെ മക്കളെ ശിക്ഷണത്തിൽ വളർത്തുക;

    അവർ നശിച്ചുപോകട്ടെയെന്ന് ആഗ്രഹിക്കരുത്.

    19 ക്ഷിപ്രകോപിയായ മനുഷ്യൻ പിഴയൊടുക്കേണ്ടിവരും;

    ഒരിക്കൽ നിങ്ങൾ അയാളെ സഹായിച്ചാൽ, നിങ്ങൾക്കത് ആവർത്തിക്കേണ്ടതായിവരും.

  19. 31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.

  20. 13 അതിനുശേഷം ചില ആളുകൾ ശിശുക്കളെ, യേശു അവരുടെമേൽ കൈവെച്ച് അവർക്കുവേണ്ടി പ്രാർഥിക്കേണ്ടതിന്, അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു.

    14 എന്നാൽ യേശു, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം സ്വർഗരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!” എന്നു പറഞ്ഞു.

  21. 1 അന്തിമകാലത്ത് ദുരന്തകലുഷിതമായ നാളുകൾ ഉണ്ടാകും എന്നു നീ അറിയുക. 2 മനുഷ്യർ സ്വാർഥരും ധനമോഹികളും വീമ്പിളക്കുന്നവരും അഹങ്കാരികളും ദൈവദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദികെട്ടവരും നാസ്തികരും 3 മനുഷ്യത്വമില്ലാത്തവരും കൊടുംക്രൂരരും അപഖ്യാതി പരത്തുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠുരരും സദ്ഗുണവൈരികളും ആയിത്തീരും. 4 അവർ വഞ്ചകരും വീണ്ടുവിചാരമില്ലാത്തവരും മതിമറന്ന് അഹങ്കരിക്കുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖത്തെ സ്നേഹിക്കുന്നവരും 5 ഭക്തിയുടെ ബാഹ്യരൂപം പുലർത്തി അതിന്റെ ശക്തിയെ നിഷേധിക്കുന്നവരും ആയിരിക്കും. ഇങ്ങനെയുള്ളവരിൽനിന്ന് അകന്നുനിൽക്കുക.

  22. 1 ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്ക് സാക്ഷിയും ഇനി വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിന്റെ പങ്കാളിയും നിങ്ങളുടെ ഒരു കൂട്ടുമുഖ്യനുമായ ഞാൻ നിങ്ങളുടെ മധ്യത്തിൽ ശുശ്രൂഷചെയ്യുന്ന സഭാമുഖ്യന്മാരെ ഉദ്ബോധിപ്പിക്കുന്നത്: 2 നിങ്ങളുടെ പരിപാലനത്തിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയിക്കുക; നിങ്ങൾ അതു ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന തരത്തിൽ, പിറുപിറുക്കലോടെയല്ല, പൂർണമനസ്സോടെ; ലാഭേച്ഛയോടെയല്ല, നിസ്വാർഥതയോടെതന്നെ ചെയ്യുക. 3 നിങ്ങളുടെ പരിപാലനത്തിൻകീഴിലുള്ള ജനങ്ങളെ അടക്കിഭരിക്കുകയല്ല; പിന്നെയോ അവരുടെമുമ്പാകെ നല്ല മാതൃകകളായിരിക്കുകയാണ് വേണ്ടത്.

  23. 15 “അപ്പനെയോ അമ്മയെയോ അടിക്കുന്നവരും മരണശിക്ഷ അനുഭവിക്കണം.

    16 “ഒരാൾ മറ്റൊരാളെ തട്ടിക്കൊണ്ടുപോയി വിൽക്കുകയോ കൈവശം വെച്ചുകൊണ്ടിരിക്കുകയോ ചെയ്താൽ ആ വ്യക്തി മരണശിക്ഷ അനുഭവിക്കണം.

    17 “അപ്പനെയോ അമ്മയെയോ ശപിക്കുന്നവരും മരണശിക്ഷ അനുഭവിക്കണം.

  24. 18 ശാഠ്യക്കാരനും മത്സരിയും മാതാപിതാക്കളുടെ വാക്ക് അനുസരിക്കാത്തവനും അവർ ശാസിച്ചിട്ടും വഴങ്ങാത്തവനുമായ മകൻ ഒരുവന് ഉണ്ടെങ്കിൽ 19 അവന്റെ മാതാപിതാക്കൾ അവനെ പിടിച്ച് നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തു കൊണ്ടുവരണം. 20 അവർ ഗോത്രത്തലവന്മാരോട് ഇങ്ങനെ പറയണം: “ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയുമാണ്. ഇവൻ ഞങ്ങളെ അനുസരിക്കുന്നില്ല. ഇവൻ അമിതഭക്ഷണപ്രിയനും മദ്യപനുമാണ്.” 21 അപ്പോൾ നഗരനിവാസികളെല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലണം. നിങ്ങളുടെ ഇടയിലുള്ള തിന്മ ഇങ്ങനെ നീക്കിക്കളയണം. ഇസ്രായേൽമുഴുവൻ ഇതു കേട്ട് ഭയപ്പെടണം.

  25. ശലോമോന്റെ സുഭാഷിതങ്ങൾ

    1 ശലോമോന്റെ സുഭാഷിതങ്ങൾ:

    ജ്ഞാനമുള്ള മക്കൾ അവരുടെ പിതാവിന് ആനന്ദമേകുന്നു,

    ബുദ്ധിഹീനരായ മക്കൾ അവരുടെ മാതാവിന് വ്യഥയേകുന്നു.

  26. 22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല

    അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.

    23 അവ പ്രഭാതംതോറും പുതിയതാകുന്നു;

    അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.

  27. 1 ഇത് വിശ്വാസയോഗ്യമായ പ്രസ്താവനയാണ്: അധ്യക്ഷപദം ആഗ്രഹിക്കുന്നയാൾ ഉത്തമശുശ്രൂഷ അഭിലഷിക്കുന്നു. 2 അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം. 3 മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തനായിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്; 4 സ്വകുടുംബത്തെ നന്നായി പരിപാലിക്കുകയും സന്താനങ്ങളെ സമ്പൂർണ മാന്യതയിലും അനുസരണത്തിലും വളർത്തുകയും ചെയ്യുന്നയാളുമായിരിക്കണം. 5 സ്വകുടുംബത്തെ പരിപാലിക്കാൻ അറിയാത്തയാൾ ദൈവസഭയെ എങ്ങനെ പരിപാലിക്കും? 6 അയാൾ സമീപകാലത്ത് വിശ്വാസം സ്വീകരിച്ചയാൾ ആയിരിക്കരുത്. അപ്രകാരമായാൽ അയാൾ മതിമറന്ന് പിശാചിനു സംഭവിച്ച ശിക്ഷാവിധിയിൽ അകപ്പെടും. 7 അദ്ദേഹം സഭയ്ക്കു പുറമേയുള്ളവരുടെ മധ്യേ നല്ല മതിപ്പുള്ള ആളായിരിക്കണം. അങ്ങനെയായാൽ അയാൾ അപമാനിതനാകുകയോ പിശാചിന്റെ കെണിയിൽപ്പെടുകയോ ഇല്ല.

  28. 8 ബന്ധുജനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെയും, ആവശ്യങ്ങൾക്കായി കരുതാത്തവർ വിശ്വാസത്യാഗികളും അവിശ്വാസിയെക്കാൾ അധമരുമാണ്.

  29. 16 ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് യാചിച്ചു. അദ്ദേഹം ഉപവസിച്ചു; മുറിയിൽക്കടന്ന് തറയിൽ ചാക്കുശീലയിൽ കിടന്ന് രാത്രികൾ കഴിച്ചു.

  30. 11 എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്,

    അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,

    12 കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ

    യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.

  31. 1 എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും

    എന്റെ കൽപ്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക.

    2 എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും;

    എന്റെ ഉപദേശങ്ങൾ നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുക.

    3 അവ നിന്റെ വിരലുകളിൽ ചേർത്തുബന്ധിക്കുക;

    നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.

    4 ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നും,

    വിവേകത്തോട്, “നീ എന്റെ അടുത്ത ബന്ധു” എന്നും പറയുക.

    5 അവ നിന്നെ വ്യഭിചാരിണിയായ സ്ത്രീയിൽനിന്നും

    ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും.

  32. 23 “എന്റെ കുഞ്ഞുമകൾ മരിക്കാറായിരിക്കുന്നു; അവൾ സുഖംപ്രാപിച്ചു ജീവിക്കേണ്ടതിന് അങ്ങു ദയവായി വന്ന് അവളുടെമേൽ കൈവെക്കണമേ” എന്നു കേണപേക്ഷിച്ചു.