34 Bible Verses About Accountability

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Accountability
  1. 7 നമ്മിൽ ആരും നമുക്കായി ജീവിക്കുന്നില്ല; നമുക്കായിത്തന്നെ മരിക്കുന്നതുമില്ല. 8 നാം ജീവിക്കുന്നു എങ്കിൽ കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നെങ്കിലോ കർത്താവിനായി മരിക്കുന്നു. അതുകൊണ്ട്, ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്. 9 ഇങ്ങനെ, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കർത്താവായിരിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു മരിക്കുകയും ഉയിർക്കുകയുംചെയ്തത്.

    10 പിന്നെന്തിനാണ് നീ സഹവിശ്വാസിയെ ന്യായം വിധിക്കുന്നത്? സഹവിശ്വാസിയെ നിന്ദിക്കുന്നതും എന്തിന്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടവരാണെന്ന് ഓർക്കുക.

    11 “കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു,

    എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും;

    എല്ലാ നാവും ദൈവത്തെ സ്തുതിച്ച് ഏറ്റുപറയും’ ” എന്നു തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ.

    12 അതേ, നാം വ്യക്തിപരമായി ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണ്.

    13 അതുകൊണ്ട് നാം ഇനിമേൽ പരസ്പരം ന്യായംവിധിക്കാതിരിക്കാം. പകരം, സഹോദരങ്ങൾക്ക് വിശ്വാസത്തിൽ ഇടർച്ചയ്ക്കു കാരണമാകുന്ന തടസ്സമോ അവർ പാപത്തിൽ വീഴുന്നതിനു കാരണമായിത്തീരുന്ന കെണിയോ വെക്കുകയില്ല എന്നു തീരുമാനിക്കാം.

  2. 17 ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നതുപോലെ

    ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനു മൂർച്ചകൂട്ടുന്നു.

  3. 9 ഒരാളെക്കാൾ ഇരുവർ നല്ലത്,

    കാരണം, അവർക്ക് അവരുടെ അധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും:

    10 അവരിലൊരാൾ വീണുപോയാൽ,

    ഒരാൾക്ക് മറ്റേയാളെ സഹായിക്കാൻ കഴിയും.

    ഒരാൾ വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്ത

    മനുഷ്യന്റെ അവസ്ഥ കഷ്ടംതന്നെ.

    11 അതുപോലെ, രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്ക് കുളിർ മാറും.

    എന്നാൽ ഏകാകിയുടെ കുളിർമാറുന്നത് എങ്ങനെ?

    12 ഒരാൾ ആക്രമിക്കപ്പെട്ടാൽ

    ഇരുവർക്കും ഒരുമിച്ചു പ്രതിരോധിക്കാം.

    മുപ്പിരിച്ചരട് വേഗത്തിൽ പൊട്ടുകയില്ല.

  4. 36 എന്നാൽ മനുഷ്യർ സംസാരിക്കുന്ന, ഓരോ അടിസ്ഥാനരഹിതമായ പ്രസ്താവനയ്ക്കും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും, എന്നു ഞാൻ നിങ്ങളോടു പറയുന്നു. 37 നിങ്ങളുടെ വാക്കുകൾ നിങ്ങളെ ശിക്ഷയിൽനിന്ന് ഒഴിവാക്കും; നിങ്ങളുടെ വാക്കുകൾതന്നെ നിങ്ങൾക്കു ശിക്ഷ വിധിക്കുകയും ചെയ്യും.”

  5. 47 “യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ഒരുങ്ങാതിരിക്കുകയും അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം പ്രവർത്തിക്കാതിരിക്കുകയുംചെയ്യുന്ന ദാസനു വളരെ മർദനമേൽക്കേണ്ടിവരും. 48 എന്നാൽ അജ്ഞതയിൽ, ശിക്ഷാർഹമായവ പ്രവർത്തിക്കുന്നവനു കുറച്ചു പ്രഹരമേ ലഭിക്കുകയുള്ളൂ. ഏറെ ലഭിച്ചവനിൽനിന്ന് ഏറെ ആവശ്യപ്പെടും; അധികം ഭരമേൽപ്പിക്കപ്പെട്ടവനിൽനിന്ന് അധികം അവകാശപ്പെടും.

  6. 1 സഹോദരങ്ങളേ, ആരെങ്കിലും പാപത്തിൽ പിടിക്കപ്പെടുകയാണെങ്കിൽ, ആത്മികരായ നിങ്ങളാണ് ആ വ്യക്തിയെ സൗമ്യമായി പുനരുദ്ധരിക്കേണ്ടത്. നിങ്ങളും പാപത്തിന്റെ പ്രലോഭനത്തിൽ അകപ്പെട്ടുപോകാതിരിക്കാൻ സൂക്ഷിക്കുക. 2 പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ കൽപ്പനകൾ പാലിക്കുക. 3 ഒരു വ്യക്തി, ആരുമല്ലാതിരിക്കെ, താൻ ആരോ ആണെന്നു ചിന്തിക്കുന്നെങ്കിൽ, അയാൾ സ്വയം വഞ്ചിക്കുകയാണ്. 4 ഓരോരുത്തരും സ്വന്തം പ്രവൃത്തികളെ വിലയിരുത്തട്ടെ. അങ്ങനെയുള്ളവർക്ക് തങ്ങളെ മറ്റാരുമായും താരതമ്യംചെയ്യാതെ സ്വയം അഭിമാനിക്കാൻ കഴിയും. 5 ഓരോരുത്തരും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്.

  7. 13 തങ്ങളുടെ പാപങ്ങൾ മറച്ചുവെക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല,

    എന്നാൽ അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവർക്ക് കരുണ ലഭിക്കും.

  8. 12 സഹോദരങ്ങളേ, സൂക്ഷിക്കുക, ജീവനുള്ള ദൈവത്തെ പരിത്യജിക്കാൻ കാരണമായിത്തീരുന്ന വിശ്വാസമില്ലാത്ത ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകരുത്. 13 പാപത്താൽ വഞ്ചിതരായി നിങ്ങളിൽ ആരും ഹൃദയകാഠിന്യമുള്ളവർ ആകാതിരിക്കാൻ, “ഇന്ന്” എന്നു പറയാൻ കഴിയുന്നതുവരെ, അനുദിനം പരസ്പരം പ്രബോധിപ്പിക്കുക.

  9. 23 നമുക്ക് അചഞ്ചലരായി നിന്നുകൊണ്ട് നമ്മുടെ പ്രത്യാശ ഏറ്റുപറയാം. വാഗ്ദാനംചെയ്ത ദൈവം വിശ്വാസയോഗ്യനല്ലോ! 24 സ്നേഹിക്കാനും സൽപ്രവൃത്തികൾ ചെയ്യാനും പരസ്പരം പ്രേരിപ്പിക്കുന്നതിന് നമുക്കു ശ്രദ്ധിക്കാം. 25 സഭായോഗങ്ങളെ ഉപേക്ഷിക്കുന്നത് ചിലർ ശീലമാക്കിയിട്ടുണ്ട്. നാം അങ്ങനെ ചെയ്യാതെ, കർത്താവിന്റെ പുനരാഗമനദിവസം അടുത്തുവരുന്നെന്നു കാണുന്തോറും നമുക്ക് അധികമധികമായി, പരസ്പരം പ്രോത്സാഹിപ്പിക്കാം.

  10. 16 ഇപ്രകാരം സൗഖ്യം ലഭിക്കേണ്ടതിന് പരസ്പരം പാപങ്ങൾ ഏറ്റുപറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി മറ്റുള്ളവർ പ്രാർഥിക്കണം. നീതിമാന്റെ പ്രാർഥന വളരെ ശക്തവും ഫലപ്രദവുമാണ്.

  11. 11 ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ പരസ്പരം പ്രോത്സാഹിപ്പിക്കുകയും പണിത് ഉയർത്തുകയുംചെയ്യുക.

    12 സഹോദരങ്ങളേ, നിങ്ങളുടെ മധ്യത്തിൽ കഠിനാധ്വാനംചെയ്ത്, നിങ്ങളെ കർത്താവിൽ ഭരിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുന്നവരെ ആദരിക്കണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. 13 അവരുടെ പ്രവർത്തനം ഓർത്ത് അവരെ ഏറ്റവും സ്നേഹത്തോടെ അളവില്ലാതെ ആദരിക്കുക. പരസ്പരം സമാധാനത്തോടെ ജീവിക്കുക. 14 സഹോദരങ്ങളേ, നിങ്ങൾക്കുള്ള ഞങ്ങളുടെ പ്രോത്സാഹനമോ: അലസരെ ശാസിക്കുക, ആത്മവിശ്വാസം നഷ്ടപ്പെട്ടവരെ ഉത്തേജിപ്പിക്കുക, ബലഹീനരെ സഹായിക്കുക, എല്ലാവരോടും ക്ഷമാപൂർവം പെരുമാറുക.

  12. 17 നിങ്ങളെ നയിക്കുന്നവരെ അനുസരിച്ച് അവർക്കു വിധേയരാകുക. അവർ ദൈവത്തിനുമുമ്പിൽ തങ്ങളുടെ ശുശ്രൂഷയെപ്പറ്റി കണക്കു ബോധിപ്പിക്കേണ്ടവർ ആയതുകൊണ്ട് നിങ്ങളുടെ പ്രാണനെ അതീവജാഗ്രതയോടെ പരിരക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇതു ഭാരമായിട്ടല്ല, ആനന്ദത്തോടുകൂടിയാണ് അവർ ചെയ്യുന്നത്, അല്ലാത്തപക്ഷം നിങ്ങൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.

  13. 1 ആരും ഓടിക്കാനില്ലാതെതന്നെ ദുഷ്ടർ ഓടിപ്പോകുന്നു,

    എന്നാൽ നീതിനിഷ്ഠർ ഒരു സിംഹത്തെപ്പോലെ ധൈര്യസമേതം നിലകൊള്ളുന്നു.

  14. 8 ദുഷ്ടരോട്: ‘ദുഷ്ടരേ, നിങ്ങൾ നിശ്ചയമായും മരിക്കും,’ എന്നു ഞാൻ കൽപ്പിക്കുമ്പോൾ അവരുടെ ദുഷ്ടജീവിതരീതിയിൽനിന്ന് അവരെ പിന്തിരിപ്പിക്കാനായി നീ അവരെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടർ തങ്ങളുടെ പാപംനിമിത്തം മരിക്കും; അവരുടെ രക്തത്തിന് ഉത്തരവാദി നീ ആയിരിക്കും.

  15. 1 “മറ്റുള്ളവരെ ന്യായംവിധിക്കരുത്, വിധിച്ചാൽ നിങ്ങളും വിധിക്കപ്പെടും. 2 നിങ്ങൾ മറ്റുള്ളവരെ വിധിക്കുന്ന അതേ മാനദണ്ഡത്താൽ നിങ്ങളും വിധിക്കപ്പെടും നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.

    3 “സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്? 4 നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ സഹോദരങ്ങളോട്, ‘നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും? 5 കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.

  16. 12 ന്യായപ്രമാണം ലഭിക്കാതെ പാപംചെയ്ത യെഹൂദേതരരെല്ലാം ന്യായപ്രമാണംകൂടാതെതന്നെ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ടും പാപംചെയ്ത യെഹൂദരെല്ലാം ന്യായപ്രമാണത്താൽ ശിക്ഷവിധിക്കപ്പെടും.

  17. 10 കാരണം ഓരോ വ്യക്തിയും ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്ത നന്മയ്ക്കോ തിന്മയ്ക്കോ അനുസൃതമായി പ്രതിഫലം വാങ്ങാൻ നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പിൽ വെളിപ്പെടേണ്ടതാകുന്നു.

  18. 10 “നിസ്സാരകാര്യങ്ങളിൽ വിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും വിശ്വസ്തരായിരിക്കും; നിസ്സാരകാര്യങ്ങളിൽ അവിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും അവിശ്വസ്തരായിരിക്കും. 11 ലൗകികസമ്പത്തു കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ സ്വർഗത്തിലെ നിത്യസമ്പത്ത് ആരു നിങ്ങളെ ഭരമേൽപ്പിക്കും? 12 നിങ്ങൾ മറ്റൊരാളിന്റെ വസ്തുവകകളുടെ കാര്യത്തിൽ വിശ്വസ്തരായില്ലെങ്കിൽ സ്വന്തമായതു നിങ്ങൾക്ക് ആര് തരും?

  19. 5 ഞങ്ങൾ തിരുമൊഴി ശ്രവിച്ച് നിങ്ങളോട് അറിയിക്കുന്ന സന്ദേശം ഇതാണ്: ദൈവം പ്രകാശം ആകുന്നു; ദൈവത്തിൽ അന്ധകാരം അൽപ്പംപോലും ഇല്ല. 6 നമുക്ക് അവിടത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും അന്ധകാരത്തിൽ ജീവിക്കുകയുംചെയ്യുന്നെങ്കിൽ നാം വ്യാജംപറയുകയാണ്; സത്യം അനുസരിച്ചു ജീവിക്കുന്നതുമില്ല. 7 അവിടന്നു പ്രകാശത്തിൽ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തിൽ ജീവിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മയുണ്ട്; അവിടത്തെ പുത്രനായ യേശുവിന്റെ രക്തം സകലപാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.

    8 നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല. 9 നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ. 10 നാം പാപംചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നു എങ്കിൽ നാം ദൈവത്തെ അസത്യവാദി ആക്കുന്നു, അവിടത്തെ വചനം നമ്മിൽ നിവസിക്കുന്നുമില്ല.

  20. 11 പിന്നെ, ഞാൻ വലിയൊരു ശുഭ്രസിംഹാസനവും അതിന്മേൽ ഒരാളിരിക്കുന്നതും കണ്ടു. സിംഹാസനസ്ഥന്റെ സന്നിധിയിൽനിന്ന് ആകാശവും ഭൂമിയും അപ്രത്യക്ഷമായി. അവയെ പിന്നെ കണ്ടതുമില്ല. 12 വലിയവരും ചെറിയവരുമായി മരിച്ചവരെല്ലാവരും സിംഹാസനത്തിനുമുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു. പുസ്തകങ്ങൾ തുറക്കപ്പെട്ടു; “ജീവന്റെ പുസ്തകം” എന്ന മറ്റൊരു പുസ്തകവും തുറന്നു. മരിച്ചവർ ഓരോരുത്തർക്കും പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവരുടെ പ്രവൃത്തികൾക്കനുസൃതമായി ന്യായവിധിയുണ്ടായി. 13 സമുദ്രം അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും പാതാളവും അവയിലുള്ള മരിച്ചവരെയും വിട്ടുകൊടുത്തു. അവർ ഓരോരുത്തരും അവരവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ന്യായംവിധിക്കപ്പെട്ടു. 14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം. 15 ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും തീപ്പൊയ്കയിലേക്കു വലിച്ചെറിയും.

  21. 20 പാപംചെയ്യുന്ന വ്യക്തിയാണ് മരണശിക്ഷ അനുഭവിക്കേണ്ടത്. മക്കൾ മാതാപിതാക്കളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയോ മാതാപിതാക്കൾ മക്കളുടെ പാപഫലം അനുഭവിക്കുകയോ ഇല്ല. നീതിനിഷ്ഠരുടെ നീതി അവരുടെമേൽതന്നെ കണക്കാക്കുകയും ദുഷ്ടരുടെ ദുഷ്ടത അവർക്കെതിരേതന്നെ നിറയ്ക്കുകയും ചെയ്യും.

  22. 3 ആകയാൽ സൂക്ഷിക്കുക.

    “നിന്റെ സഹോദരങ്ങൾ പാപംചെയ്താൽ അവരെ ശാസിക്കുക; അനുതപിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കുക. 4 അവർ നിന്നോട് ഒരു ദിവസത്തിൽ ഏഴുതവണ പാപംചെയ്യുകയും ഏഴു തവണയും മടങ്ങിവന്ന് ‘ഞാൻ അനുതപിക്കുന്നു’ എന്നു നിന്നോടു പറയുകയും ചെയ്താൽ അപ്പോഴെല്ലാം അവരോട് ക്ഷമിക്കുക.”

  23. 20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.

  24. 23 യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു.

  25. 23 എന്നാൽ ഓരോരുത്തരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും ജീവിപ്പിക്കപ്പെടുന്നത്: ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ക്രിസ്തുവിനുള്ളവർ; 24 അതിനുശേഷം അവിടന്നു സകലഭരണവും അധികാരവും ശക്തിയും നീക്കിക്കളഞ്ഞിട്ട് രാജ്യം പിതാവായ ദൈവത്തെ ഏൽപ്പിക്കുമ്പോൾ പരിസമാപ്തി ഉണ്ടാകും. 25 സകലശത്രുക്കളെയും തന്റെ കാൽക്കീഴിലാക്കുന്നതുവരെ ക്രിസ്തു വാഴേണ്ടതാകുന്നു. 26 ഒടുവിലായി നശിപ്പിക്കപ്പെടുന്ന ശത്രുവാണു മരണം. 27 എന്തെന്നാൽ ദൈവം “സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു. സകലതും,” എന്നു പറയുമ്പോൾ എല്ലാം ക്രിസ്തുവിന് അധീനമാക്കിക്കൊടുത്ത ദൈവം ഒഴികെയാണ് എന്നതു സ്പഷ്ടം. 28 സമസ്തവും തനിക്കു കീഴ്പ്പെട്ടശേഷം, പുത്രൻ സകലതും തനിക്കു കീഴാക്കിക്കൊടുത്ത ദൈവത്തിനു കീഴ്പ്പെട്ടിരിക്കും; അങ്ങനെ ദൈവം സകലത്തിലും സകലതും ആയിത്തീരും.

  26. 25 അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ.

  27. 12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. 13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. 14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.

    15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക. 16 ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്. 17 നിങ്ങളുടെ വാക്കോ പ്രവൃത്തിയോ എന്തായാലും അവയെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം അർപ്പിച്ചുകൊണ്ടും ആയിരിക്കട്ടെ.

  28. 13 ദൈവദൃഷ്ടിയിൽനിന്ന് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. സകലതും അവിടത്തെ കൺമുമ്പിൽ അനാവൃതവും തുറന്നതുമായിരിക്കുന്നു. അവിടത്തോടാണ് നമുക്കു കണക്കു ബോധിപ്പിക്കാൻ ഉള്ളത്.

    14 സ്വർഗാരോഹണം ചെയ്ത ദൈവപുത്രനായ യേശു നമ്മുടെ അതിശ്രേഷ്ഠ മഹാപുരോഹിതനായി ഉള്ളതുകൊണ്ട് നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കാം. 15 നമ്മുടെ ദൗർബല്യങ്ങളിൽ സഹതപിക്കാൻ കഴിയാത്ത ഒരാളല്ല നമുക്കു മഹാപുരോഹിതനായി ഉള്ളത്; മറിച്ച്, അവിടന്ന് നമ്മെപ്പോലെ സകലത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്നു. 16 അതുകൊണ്ടു കരുണയും കൃപയും യഥാസമയം സഹായവും ലഭിക്കാനായി നമുക്കു ധൈര്യപൂർവം കൃപയുടെ സിംഹാസനത്തിന് അടുത്തുചെല്ലാം.

  29. 1 എന്റെ സഹോദരങ്ങളേ, കർശനമായ ശിക്ഷ ലഭിക്കുമെന്ന് അറിയുന്നതുകൊണ്ട് നിങ്ങളിൽ അധികംപേർ ഉപദേഷ്ടാക്കളാകരുത്.

  30. 9 യുവാക്കളേ, നിങ്ങളുടെ യുവത്വത്തിൽ സന്തുഷ്ടരായിരിക്കുക.

    യൗവനനാളുകൾ നിങ്ങളുടെ ഹൃദയത്തിന് ആനന്ദം നൽകട്ടെ.

    നിന്റെ ഹൃദയത്തിന്റെ ആലോചനയെയും

    നിന്റെ കണ്ണുകൾ കാണുന്നതിനെയും പിൻതുടരുക.

    എന്നാൽ ഇവയെല്ലാംനിമിത്തം

    ദൈവം നിന്നെ ന്യായവിസ്താരത്തിനു കൊണ്ടുവരുമെന്ന് നീ അറിയുക.

    10 അതിനാൽ നിന്റെ ഹൃദയത്തിൽനിന്ന് ഉത്കണ്ഠ ഉന്മൂലനംചെയ്യുകയും

    നിന്റെ ശരീരത്തിലെ പ്രയാസങ്ങൾ വലിച്ചെറിയുകയുംചെയ്യുക,

    കാരണം യൗവനവും അതിന്റെ ഊർജ്ജസ്വലതയും അർഥശൂന്യമല്ലോ.

  31. 10 “ഓരോരുത്തർക്കും അവരവരുടെ പെരുമാറ്റത്തിനും

    അവരുടെ പ്രവൃത്തികൾക്കും അനുസരിച്ചു പ്രതിഫലം നൽകുന്നതിന്

    യഹോവയായ ഞാൻ ഹൃദയത്തെ പരിശോധിക്കുകയും

    മനസ്സിനെ പരീക്ഷിക്കുകയും ചെയ്യുന്നു.”

  32. 9 സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക. 10 സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക. 11 ഉത്സാഹത്തിൽ കുറവുവരാതെ ആത്മതീക്ഷ്ണതയുള്ളവരായി കർത്താവിനെ സേവിക്കുക. 12 പ്രത്യാശയിൽ ആനന്ദിക്കുക; ക്ഷമയോടെ കഷ്ടത സഹിക്കുക; നിരന്തരം പ്രാർഥിക്കുക. 13 സഹവിശ്വാസികളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും അതിഥിസൽക്കാര പ്രിയരായിരിക്കുകയുംചെയ്യുക.

  33. 1 അതുകൊണ്ട് ക്രിസ്തുവിന്റെ ശുശ്രൂഷകരും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥന്മാരും എന്നനിലയിലാണ് എല്ലാവരും ഞങ്ങളെ പരിഗണിക്കേണ്ടത്. 2 വിശ്വാസ്യതയാണ് കാര്യസ്ഥരിൽ അവശ്യം കാണേണ്ട സദ്ഗുണം.

  34. 4 അവരുടെ അപരിഷ്കൃതവും നാശകരവുമായ ചര്യകളിൽ നിങ്ങൾ അവരോടൊപ്പം പങ്കു ചേരാത്തതിൽ അവർ അത്ഭുതപ്പെടുകയും നിങ്ങളെ ദുഷിക്കുകയുംചെയ്യുന്നു. 5 എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിക്കാൻ തയ്യാറായിരിക്കുന്ന ദൈവത്തിനുമുമ്പാകെ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും.