15 Bible Verses About Creativity

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Creativity
  1. 30 മോശ ഇസ്രായേൽജനത്തോട് ഇപ്രകാരം പറഞ്ഞു: “നോക്കുക, യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ യഹോവ പേരുചൊല്ലി വിളിച്ചിരിക്കുന്നു. 31 യഹോവ അവനെ ദൈവാത്മാവിനാൽ നിറച്ച്, എല്ലാവിധ കരകൗശലപ്പണികളിലും വൈദഗ്ദ്ധ്യവും പ്രാപ്തിയും ജ്ഞാനവും നൽകിയിരിക്കുന്നു. 32 സ്വർണം, വെള്ളി, വെങ്കലം എന്നിവയിൽ കലാചാതുരിയോടെ പണികൾ ചെയ്യാനും, 33 രത്നങ്ങൾ വെട്ടിപ്പതിക്കാനും മരത്തിൽ കൊത്തുപണികൾ ചെയ്യാനും അങ്ങനെ സകലവിധമായ കരകൗശലപ്പണികൾ ചെയ്യാനും ഞാൻ അവനെ വിളിച്ചിരിക്കുന്നു. 34 യഹോവ ബെസലേലിനും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിനും മറ്റുള്ളവരെ അഭ്യസിപ്പിക്കാനുള്ള പ്രാപ്തിയും നൽകിയിരിക്കുന്നു. 35 കൊത്തുപണിക്കാരന്റെയും കരകൗശലപ്പണിക്കാരന്റെയും നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും സകലവിധ പണികളും കലാചാതുരിയോടെ ചെയ്യുന്നതിനു യഹോവ അവർക്കു വൈദഗ്ദ്ധ്യം നൽകിയിരിക്കുന്നു.

  2. 26 അതിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കും അധിപതികളാകട്ടെ.”

    27 ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു;

    അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു;

    പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.

    28 ദൈവം അവരെ അനുഗ്രഹിച്ചു; “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അധീനമാക്കുക; സമുദ്രത്തിലെ മത്സ്യങ്ങളുടെമേലും ആകാശത്തിലെ പക്ഷികളുടെമേലും ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെമേലും അധിപതികളാകുക” എന്ന് അവരോടു കൽപ്പിച്ചു.

    29 “ഭൂമിയിലെങ്ങും വിത്തുള്ള സകലസസ്യങ്ങളും വിത്തോടുകൂടിയ ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഞാൻ നിങ്ങൾക്കു നൽകുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കും. 30 ഭൂമിയിലെ സകലജീവികൾക്കും ആകാശത്തിലെ എല്ലാ പക്ഷികൾക്കും കരയിൽ സഞ്ചരിക്കുന്ന സകലജന്തുക്കൾക്കും—ജീവശ്വാസമുള്ള എല്ലാറ്റിനും—ഞാൻ പച്ചസസ്യങ്ങളെല്ലാം ആഹാരമായി നൽകുന്നു” എന്നു ദൈവം അരുളിച്ചെയ്തു; അപ്രകാരം സംഭവിച്ചു.

  3. 15 “നിന്നെയെന്നപോലെ ഞാൻ നിർമിച്ച

    നീർക്കുതിരയെ നോക്കുക.

    അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.

    16 അതിന്റെ ഇടുപ്പിന്റെ ശക്തി നോക്കുക,

    ഉദരപേശികളിലാണ് അതിന്റെ ബലം.

    17 ദേവദാരുപോലെയുള്ള അതിന്റെ വാൽ ആട്ടുന്നു;

    അതിന്റെ തുടകളിലെ ഞരമ്പുകൾ കൂടിപ്പിണഞ്ഞിരിക്കുന്നു.

    18 അതിന്റെ അസ്ഥികൾ വെങ്കലക്കുഴലുകളാണ്,

    അതിന്റെ കൈകാലുകൾ ഇരുമ്പുദണ്ഡുകൾപോലെ.

    19 ദൈവത്തിന്റെ സൃഷ്ടികളിൽ മുഖ്യസ്ഥാനമാണ് അതിനുള്ളത്;

    എങ്കിലും അതിന്റെ സ്രഷ്ടാവിന് ഒരു വാളുമായി അതിനെ സമീപിക്കാൻ കഴിയും.

    20 പർവതങ്ങൾ അതിന് ആഹാരമൊരുക്കുന്നു;

    എല്ലാ കാട്ടുമൃഗങ്ങളും അതിനരികെ വിഹരിക്കുന്നു.

    21 താമരച്ചെടിയുടെ തണലിലും

    ഞാങ്ങണയുടെ മറവിലെ ചതുപ്പുനിലത്തും അതു കിടക്കുന്നു.

    22 താമരച്ചെടികൾ അതിന്റെ തണലിൽ അതിനെ മറയ്ക്കുന്നു;

    അരുവികളിലെ അലരിച്ചെടികൾ അതിനെ ചുറ്റിനിൽക്കുന്നു.

    23 നദി ഇരമ്പിക്കയറിവന്നാൽ അതു പേടിക്കുകയില്ല;

    യോർദാൻനദി അതിന്റെ വായ്ക്കുനേരേ കുതിച്ചുയർന്നാലും അതു സുരക്ഷിതമായിരിക്കും!

    24 അത് ഉണർന്നിരിക്കുമ്പോൾ ആർക്കെങ്കിലും അതിനെ പിടികൂടാമോ?

    അതിനു കെണിവെച്ച്, അതിന്റെ മൂക്കു തുളയ്ക്കാൻ ആർക്കു കഴിയും?

  4. 1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; വെള്ളം നിറഞ്ഞ ഭൂതലത്തിന്മേൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനുമീതേ വ്യാപരിച്ചുകൊണ്ടിരുന്നു.

    3 “പ്രകാശം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; പ്രകാശം ഉണ്ടായി. 4 പ്രകാശം നല്ലത് എന്നു ദൈവം കണ്ടു; അവിടന്നു പ്രകാശവും അന്ധകാരവുംതമ്മിൽ വേർതിരിച്ചു; 5 ദൈവം പ്രകാശത്തെ “പകൽ” എന്നും അന്ധകാരത്തെ “രാത്രി” എന്നും വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ഒന്നാംദിവസം.

    6 “വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; “വെള്ളവും വെള്ളവുംതമ്മിൽ വേർപിരിയട്ടെ” എന്നും കൽപ്പിച്ചു. 7 അങ്ങനെ ദൈവം ഒരു വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയുള്ള വെള്ളവും മുകളിലുള്ള വെള്ളവുംതമ്മിൽ വേർതിരിയട്ടെ എന്നു കൽപ്പിച്ചു; അത് അങ്ങനെതന്നെ സംഭവിച്ചു.

  5. 13 അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്;

    എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.

    14 സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;

    അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്,

    അതെനിക്കു നന്നായി അറിയാം.

    15 ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും

    ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ,

    എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.

    16 എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു;

    എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ,

    അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.

    17 ദൈവമേ, അവിടത്തെ വിചാരങ്ങൾ എനിക്ക് എത്രയോ അമൂല്യം!

    അവയുടെ ആകെത്തുക എത്ര വലുത്!

    18 ഞാൻ അവയെ എണ്ണിനോക്കിയാൽ

    അവ മണൽത്തരികളെക്കാൾ അധികം!

    ഞാനുണരുമ്പോൾ അങ്ങയോടൊപ്പംതന്നെയായിരിക്കും.

  6. 10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.

  7. 7 ഞാൻ വെളിച്ചം നിർമിക്കുന്നു, അന്ധകാരം ഉളവാക്കുന്നു,

    ഞാൻ അഭിവൃദ്ധി കൊണ്ടുവരുന്നു, വിനാശം സൃഷ്ടിക്കുന്നു;

    യഹോവയായ ഞാൻ ഇവയെല്ലാം ചെയ്യുന്നു.

    8 “മീതേയുള്ള ആകാശമേ, എന്റെ നീതി താഴേക്കു വർഷിക്കുക;

    മേഘങ്ങൾ അതു താഴേക്കു ചൊരിയട്ടെ,

    ഭൂമി വിശാലമായി തുറന്നുവരട്ടെ,

    രക്ഷ പൊട്ടിമുളയ്ക്കട്ടെ.

    നീതി അതോടൊപ്പം സമൃദ്ധിയായി വളരട്ടെ;

    യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.

    9 “നിലത്ത് ഓട്ടക്കലക്കഷണങ്ങൾക്കിടയിൽ കിടന്ന്

    തങ്ങളുടെ സ്രഷ്ടാവിനോട് തർക്കിക്കുന്ന

    വെറും മൺപാത്രച്ചീളുകളായവർക്കു ഹാ കഷ്ടം!

    കളിമണ്ണ് കുശവനോട്,

    ‘എന്താണ് നീ നിർമിക്കുന്നത്?’ എന്നു ചോദിക്കുമോ.

    നിർമിക്കപ്പെട്ട വസ്തു,

    ‘കുശവനു കൈയില്ല,’ എന്നു പറയുമോ.

    10 ഒരു പിതാവിനോട്,

    ‘നീ എന്താണ് ജനിപ്പിച്ചത്?’ എന്നും

    ഒരു മാതാവിനോട്, ‘എന്തിനെയാണ് നീ പ്രസവിച്ചത്?’ എന്നും

    ചോദിക്കുന്നവർക്കു ഹാ കഷ്ടം!

    11 “ഇസ്രായേലിന്റെ പരിശുദ്ധനും അവരുടെ സ്രഷ്ടാവുമായ

    യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    ‘എന്റെ മക്കൾക്ക് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്,

    എന്നെ ചോദ്യംചെയ്യുകയാണോ?

    എന്റെ കൈകളുടെ പ്രവൃത്തിയെപ്പറ്റി എനിക്കു കൽപ്പനതരികയാണോ?

    12 ഞാനാണ് ഭൂമിയെ നിർമിച്ചത്,

    അതിൽ മനുഷ്യനെ സൃഷ്ടിച്ചതും ഞാൻതന്നെ.

    എന്റെ കൈകളാൽ ഞാൻ ആകാശത്തെ വിരിച്ചു;

    അതിലെ സകലസൈന്യത്തെയും ഞാൻ അണിനിരത്തി.

  8. 29 തന്റെ തൊഴിലിൽ വൈദഗ്ദ്ധ്യമുള്ള ഒരാളിനെ നിങ്ങൾ കാണുന്നില്ലേ?

    അവർ രാജാക്കന്മാരെ സേവിക്കും

    കീഴുദ്യോഗസ്ഥന്മാർക്കുവേണ്ടി അവർ സേവനം അനുഷ്ഠിക്കുകയില്ലാതാനും.

  9. 15 നിന്റെ സ്വാധീനത്തിൽ കല്ലുവെട്ടുകാരും കൽപ്പണിക്കാരും മരപ്പണിക്കാരും അതുപോലെതന്നെ ഓരോ തൊഴിലിലും വൈദഗ്ദ്ധ്യമുള്ള ആളുകളും ഉണ്ടല്ലോ. 16 സ്വർണവും വെള്ളിയും വെങ്കലവും ഇരുമ്പുംകൊണ്ടു പണിയുന്ന കരകൗശലവേലക്കാരും നിനക്കു സംഖ്യാതീതമായുണ്ട്. ഇപ്പോൾത്തന്നെ പണി തുടങ്ങുക. യഹോവ നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ!”

  10. 7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ മെനഞ്ഞു, അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു.

  11. 1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. 2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.

    3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്. 4 നാം ഓരോരുത്തർക്കും ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്; എന്നാൽ എല്ലാ അവയവങ്ങൾക്കും പ്രവർത്തനം ഒന്നുതന്നെ അല്ല. 5 അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും. 6 ഇപ്രകാരം ദൈവകൃപയ്ക്കനുസൃതമായി നമുക്കു ലഭിച്ചിരിക്കുന്ന കൃപാദാനങ്ങളും വിവിധങ്ങളാണ്: പ്രവചിക്കാനുള്ള ദാനമെങ്കിൽ അതു വിശ്വാസത്തിന് ആനുപാതികമായിരിക്കട്ടെ. 7 ശുശ്രൂഷിക്കുന്നതിനുള്ള ദാനമെങ്കിൽ ശുശ്രൂഷിക്കുകയും ഉപദേശിക്കുന്നതിനുള്ള ദാനമെങ്കിൽ ഉപദേശിക്കുകയുംചെയ്യട്ടെ. 8 മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അയാൾ ആശ്വസിപ്പിക്കട്ടെ; ദാനം ചെയ്യുന്നതിനാണ് അതെങ്കിൽ അത് ഉദാരതയോടെ ചെയ്യട്ടെ; നയിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അത് ഗൗരവത്തോടെ നിർവഹിക്കട്ടെ; കരുണ കാണിക്കുന്നതിനുള്ള ദാനമാണെങ്കിൽ അത് ആനന്ദത്തോടെ ചെയ്യട്ടെ.

  12. 14 സഭാമുഖ്യന്മാരുടെ കൈവെപ്പുവഴി പ്രവചനത്താൽ നിനക്കു സിദ്ധിച്ച കൃപാദാനങ്ങൾ അവഗണിക്കരുത്.

    15 ഇവയെല്ലാം പ്രാവർത്തികമാക്കുക; ഇവയിൽ പൂർണമായി മുഴുകുക, അങ്ങനെ നിന്റെ പുരോഗതി എല്ലാവരുടെയും മുമ്പാകെ പ്രകടമാകട്ടെ.

  13. 19 വിഗ്രഹത്തെക്കുറിച്ചോ, ഒരു ശില്പി അതു വാർത്തെടുക്കുന്നു,

    സ്വർണപ്പണിക്കാർ അതിന്മേൽ സ്വർണം പൂശുന്നു,

    അതിനായി വെള്ളിച്ചങ്ങല ഒരുക്കുന്നു.

    20 ഇത്തരമൊരു പ്രതിഷ്ഠയ്ക്കു വകയില്ലാത്തവർ

    ദ്രവിച്ചുപോകാത്ത ഒരു മരം തെരഞ്ഞെടുക്കുന്നു;

    അയാൾ വീണുപോകാത്ത ഒരു വിഗ്രഹം പണിതുണ്ടാക്കുന്നതിനായി

    സമർഥനായ ഒരു ആശാരിയെ അന്വേഷിക്കുന്നു.

  14. 10 നിഷ്‌പ്രയോജനകരമായ ഒരു ദേവതയെ രൂപപ്പെടുത്തുകയും

    വിഗ്രഹം വാർത്തെടുക്കുകയും ചെയ്യുന്നവർ ആർ?

    11 ഇതാ, അവരുടെ കൂട്ടരെല്ലാം ലജ്ജിതരാക്കപ്പെടുന്നു;

    അതിന്റെ ശില്പിയോ, കേവലം മനുഷ്യരാണ്.

    അവരെല്ലാം ഒരുമിച്ചുകൂടി ഒരു നിലപാട് എടുക്കട്ടെ;

    അവർ ഭയന്നുവിറച്ച് ഒരുപോലെ ലജ്ജിതരായിത്തീരും.

    12 ഇരുമ്പുപണിക്കാരൻ ഒരു ആയുധം എടുത്ത്

    അതുപയോഗിച്ച് കനലിൽവെച്ച് പണിയുന്നു.

    ചുറ്റികകൾകൊണ്ടടിച്ച് ഒരു വിഗ്രഹത്തിനു രൂപംനൽകുന്നു

    അയാളുടെ ഭുജബലത്താൽ അത് അടിച്ചു രൂപപ്പെടുത്തുന്നു.

    അയാൾ വിശന്നു തളർന്നുപോകുന്നു;

    വെള്ളം കുടിക്കാതെ അവശനായിത്തീരുന്നു.

    13 മരപ്പണിക്കാരൻ തടിക്കഷണത്തിൽ അളവുനൂലുകൊണ്ടു

    തോതുപിടിച്ചു രൂപം അടയാളപ്പെടുത്തുന്നു;

    അയാൾ വൃത്തയന്ത്രംകൊണ്ടു വരയ്ക്കുന്നു,

    ചീകുളികൊണ്ടു പരുപരുത്തഭാഗം ചെത്തിമാറ്റുന്നു.

    അയാൾ അതിനു മനുഷ്യാകാരംനൽകുന്നു;

    ക്ഷേത്രത്തിൽ വെക്കാനായി

    മനുഷ്യന്റെ എല്ലാ ആകാരവടിവും വരുത്തുന്നു.

  15. 20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.