43 Bible Verses About Doubt
Biblica® Open Malayalam Contemporary Version™ (OMCV)
-
2-3 എന്റെ സഹോദരങ്ങളേ, നിങ്ങൾ നാനാവിധത്തിൽ പരിശോധിക്കപ്പെടുമ്പോൾ, വിശ്വാസത്തിന്റെ പരിശോധന നിങ്ങളുടെ സഹനശക്തി വർധിപ്പിക്കുന്നു എന്നറിഞ്ഞ് ഈ പരിശോധനകളെല്ലാം ആനന്ദദായകമെന്നു പരിഗണിക്കുക. 4 എന്നാൽ, നിങ്ങളിലുള്ള സഹനശക്തി നിങ്ങളെ ഒരു കാര്യത്തിന്റെയും അഭാവമില്ലാതെ പരിപക്വതയുള്ളവരും പരിപൂർണരും ആക്കുമാറാകട്ടെ. 5 നിങ്ങളിൽ ഒരാൾക്കു ജ്ഞാനം കുറവാകുന്നു എങ്കിൽ അയാൾ ദൈവത്തോടു യാചിക്കണം. ആരെയും ശകാരിക്കാതെ, എല്ലാവർക്കും എല്ലാം നൽകുന്ന ഔദാര്യനിധിയായ ദൈവം അയാൾക്ക് ജ്ഞാനം നൽകും. 6 എന്നാൽ, അയാൾ ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നയാൾ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്ക്ക് തുല്യം. 7 ഇങ്ങനെയുള്ള വ്യക്തി കർത്താവിൽനിന്ന് എന്തെങ്കിലും ലഭിക്കും എന്നു പ്രതീക്ഷിക്കരുത്; 8 ഇരുമനസ്സുള്ള വ്യക്തി തന്റെ എല്ലാ വഴികളിലും ഉറപ്പില്ലാത്തയാൾ ആകുന്നു.
-
19 ആഴ്ചയുടെ ഒന്നാംദിവസമായ അന്നുതന്നെ വൈകുന്നേരം, ശിഷ്യന്മാർ യെഹൂദനേതാക്കന്മാരെ ഭയന്ന് വാതിലടച്ച് അകത്ത് ഒരുമിച്ചിരിക്കുമ്പോൾ, യേശു വന്ന് അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു. 20 ഇതു പറഞ്ഞതിനുശേഷം അവിടന്നു തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാർ അത്യധികം ആനന്ദിച്ചു.
21 യേശു പിന്നെയും അവരോടു പറഞ്ഞു: “നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.” 22 ഇതു പറഞ്ഞുകൊണ്ട് അവിടന്ന് അവരുടെമേൽ ഊതി; “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക. 23 നിങ്ങൾ ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിച്ചാൽ അവർക്ക് ആ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ അവ ക്ഷമിക്കപ്പെടാതിരിക്കും” എന്നു പറഞ്ഞു.
24 യേശു വന്നപ്പോൾ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളും ദിദിമൊസ് എന്നും പേരുള്ളവനുമായ തോമസ് ശിഷ്യന്മാരുടെ കൂടെ ഉണ്ടായിരുന്നില്ല. 25 മറ്റേ ശിഷ്യന്മാർ അയാളോട്, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു.
അപ്പോൾ തോമസ്, “അദ്ദേഹത്തിന്റെ കൈകളിലെ ആണിപ്പാടുകൾ കാണുകയും അവയിൽ എന്റെ വിരൽകൊണ്ട് സ്പർശിക്കുകയും പാർശ്വത്തിൽ കൈവെക്കുകയും ചെയ്തിട്ടല്ലാതെ ഞാൻ വിശ്വസിക്കുകയില്ല!” എന്നു പറഞ്ഞു.
26 എട്ടു ദിവസത്തിനുശേഷം, ശിഷ്യന്മാർ വീട്ടിൽ കൂടിയിരിക്കുമ്പോൾ തോമസും അവരോടുകൂടെ ഉണ്ടായിരുന്നു. വാതിലുകൾ അടച്ചിരിക്കുമ്പോൾ യേശു വന്ന് അവരുടെമധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു, “നിങ്ങൾക്കു സമാധാനം.” 27 പിന്നെ അവിടന്ന് തോമസിനോടു പറഞ്ഞു, “നിന്റെ വിരൽ നീട്ടി ഇവിടെ എന്റെ കൈകളെ സ്പർശിക്കുക, നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വെക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.”
28 തോമസ് അദ്ദേഹത്തോട്, “എന്റെ കർത്താവും എന്റെ ദൈവവും” എന്നു പറഞ്ഞു.
29 അപ്പോൾ യേശു, “നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു, കാണാതെ വിശ്വസിച്ചവർ അനുഗൃഹീതർ” എന്നു പറഞ്ഞു.
-
20 രാവിലെ അവർ യാത്രപോകുമ്പോൾ തലേന്നു കണ്ട അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു. 21 അപ്പോൾ പത്രോസിന് തലേദിവസത്തെ കാര്യം ഓർമ വന്നു. അയാൾ യേശുവിനോട്, “റബ്ബീ, നോക്കൂ, അങ്ങ് ശപിച്ച അത്തിവൃക്ഷം ഉണങ്ങിപ്പോയിരിക്കുന്നു!” എന്നു പറഞ്ഞു.
22 അതിനുത്തരമായി യേശു പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവരായിരിക്കുക. 23 ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറയുകയും താൻ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താൽ അത് അവന് സാധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. 24 അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു ലഭിച്ചു എന്നു വിശ്വസിക്കുക, എന്നാൽ അതു നിങ്ങൾക്കു ലഭിക്കും. 25 നിങ്ങൾ പ്രാർഥിക്കാൻ നിൽക്കുമ്പോൾ, ആർക്കെങ്കിലും വിരോധമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവരോട് ക്ഷമിക്കുക.
-
17 അതിനുശേഷം യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബെഥാന്യയിലേക്കു പോയി; രാത്രിയിൽ അവിടെ താമസിച്ചു.
18 പ്രഭാതത്തിൽ യേശു നഗരത്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വിശന്നു. 19 വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി.
20 ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്നു ചോദിച്ചു.
21 അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം. 22 വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.”
-
28 അപ്പോൾ പത്രോസ്, “കർത്താവേ, അത് അങ്ങ് ആകുന്നെങ്കിൽ, ഞാൻ വെള്ളത്തിനുമീതേ നടന്ന് അങ്ങയുടെ അടുത്തെത്താൻ കൽപ്പിക്കണമേ” എന്നപേക്ഷിച്ചു.
29 “വരിക,” അദ്ദേഹം പറഞ്ഞു.
അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനുമീതേകൂടി യേശുവിന്റെ അടുത്തേക്കു നടന്നു. 30 എന്നാൽ, അയാൾ കൊടുങ്കാറ്റു കണ്ട് ഭയപ്പെട്ട് മുങ്ങാൻ തുടങ്ങി. “കർത്താവേ, രക്ഷിക്കണമേ,” അയാൾ നിലവിളിച്ചു.
31 യേശു ഉടൻതന്നെ കൈനീട്ടി പത്രോസിനെ പിടിച്ചു; “അൽപ്പവിശ്വാസീ, നീ എന്തിന് സംശയിച്ചു?” എന്നു ചോദിച്ചു.
32 പിന്നെ, അവർ വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. 33 വള്ളത്തിൽ ഉണ്ടായിരുന്നവർ, “അങ്ങ് ദൈവപുത്രൻതന്നെ സത്യം” എന്നു പറഞ്ഞ് അദ്ദേഹത്തെ വീണുവണങ്ങി.
-
5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക
സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;
6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,
അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.
7 സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;
യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.
8 ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും
അസ്ഥികൾക്ക് പോഷണവും നൽകും.
-
23 എന്നാൽ, സന്ദേഹത്തോടെ ഭക്ഷിക്കുന്നയാൾ അത് ഉത്തമവിശ്വാസത്തോടുകൂടിയല്ല ചെയ്യുന്നത് എന്നതുകൊണ്ട് കുറ്റക്കാരനാണ്. ശരിയാണെന്ന ഉത്തമവിശ്വാസത്തിൽനിന്ന് ഉത്ഭവിക്കാത്തതെല്ലാം പാപമാണ്.
-
23 “ ‘അങ്ങേക്കു കഴിയുമെങ്കിൽ എന്നോ?’ വിശ്വസിക്കുന്നവനു സകലതും സാധ്യം,” യേശു പറഞ്ഞു.
24 ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ” എന്നു നിലവിളിച്ചു പറഞ്ഞു.
-
16 ശിഷ്യന്മാർ പതിനൊന്നുപേരും ഗലീലയിലേക്ക്, യേശു തങ്ങളോടു പോകണമെന്നു കൽപ്പിച്ചിരുന്ന മലയിലേക്കുതന്നെ യാത്രതിരിച്ചു. 17 യേശുവിനെ കണ്ടപ്പോൾ അവർ അവിടത്തെ നമസ്കരിച്ചു; ചിലരോ, സംശയിച്ചു.
-
11-12 ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്ന ശുശ്രൂഷയ്ക്കായി വിശുദ്ധരെ സജ്ജരാക്കുന്നതിനുവേണ്ടി, അവിടന്നുതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു. 13 ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന്, ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാത്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും.
14 തൽഫലമായി, നാം ഇനിമേൽ, മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല;
-
36 ഗിദെയോൻ ദൈവത്തോടു പറഞ്ഞു: “അങ്ങ് വാഗ്ദത്തം ചെയ്തതുപോലെ ഇസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെങ്കിൽ— 37 ഇതാ, ഞാൻ രോമമുള്ളൊരു ആട്ടിൻതുകൽ മെതിക്കളത്തിൽ വിരിക്കുന്നു. തുകലിന്മേൽ മഞ്ഞുണ്ടായിരിക്കുകയും നിലമൊക്കെയും ഉണങ്ങിയിരിക്കുകയും ചെയ്താൽ അങ്ങ് അരുളിച്ചെയ്തതുപോലെ ഇസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെന്ന് ഞാൻ അറിയും.” 38 അങ്ങനെതന്നെ സംഭവിച്ചു; അദ്ദേഹം പിറ്റേന്ന് അതികാലത്ത് എഴുന്നേറ്റ് തുകൽ പിഴിഞ്ഞു. മഞ്ഞുവെള്ളം ഒരു പാത്രം നിറച്ചെടുത്തു.
39 ഗിദെയോൻ പിന്നെയും ദൈവത്തോട്, “അങ്ങ് എന്നോടു കോപിക്കരുതേ; ഒരു അപേക്ഷകൂടെ ഞാൻ കഴിച്ചുകൊള്ളട്ടെ. തുകൽകൊണ്ട് ഒരു പരീക്ഷകൂടെ കഴിക്കാൻ എന്നെ അനുവദിച്ചാലും: തുകൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ട് നനഞ്ഞുമിരിക്കട്ടെ” എന്നു പറഞ്ഞു. 40 അന്നുരാത്രി ദൈവം അങ്ങനെതന്നെ ചെയ്തു; തുകൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരുന്നു.
-
23 അതിനുശേഷം യേശു വള്ളത്തിൽ കയറി; അദ്ദേഹത്തോടൊപ്പം ശിഷ്യന്മാരും യാത്രതുടർന്നു. 24 പെട്ടെന്ന്, ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു, വള്ളം മുങ്ങിപ്പോകുംവിധം തിരമാലകൾ ഉയർന്നുപൊങ്ങി. യേശുവോ ഉറങ്ങുകയായിരുന്നു. 25 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “കർത്താവേ, രക്ഷിക്കണമേ! ഞങ്ങൾ മുങ്ങിപ്പോകുന്നു!” എന്നു പറഞ്ഞു.
26 “വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി.
27 ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.
-
37 അവർ ഭയപ്പെട്ടു നടുങ്ങി; തങ്ങൾ ഒരു ഭൂതത്തെയാണു കാണുന്നതെന്ന് അവർ കരുതി. 38 അപ്പോൾ യേശു അവരോടു പറഞ്ഞു, “നിങ്ങൾ ഭയന്നുവിറയ്ക്കുന്നതെന്തിന്? നിങ്ങളുടെ മനസ്സിൽ സംശയങ്ങൾ ഉയരുന്നതെന്തിന്? 39 എന്റെ കൈകളും കാലുകളും ശ്രദ്ധിച്ചുനോക്കുക. ഇത് ഞാൻതന്നെ! എന്നെ സ്പർശിച്ചു നോക്കുക. എനിക്കുള്ളതായി നിങ്ങൾ കാണുന്നതുപോലെ ഭൂതത്തിനു മാംസവും അസ്ഥികളും ഇല്ലല്ലോ.”
-
1 വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നവയുടെ ഉറപ്പും നമുക്ക് അദൃശ്യമായ കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
-
1 യഹോവയായ ദൈവം സൃഷ്ടിച്ച സകലവന്യജീവികളിലുംവെച്ച് പാമ്പ് സൂത്രശാലിയായിരുന്നു. “തോട്ടത്തിലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത് എന്നു ദൈവം വാസ്തവമായി കൽപ്പിച്ചിട്ടുണ്ടോ?” എന്നു പാമ്പു സ്ത്രീയോടു ചോദിച്ചു.
2 “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു ഭക്ഷിക്കാം. 3 എന്നാൽ ‘തോട്ടത്തിന്റെ മധ്യത്തിലുള്ള വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത്, അതു തൊടുകപോലുമരുത്; അങ്ങനെചെയ്താൽ നിങ്ങൾ മരിക്കും’ എന്നു ദൈവം കൽപ്പിച്ചിട്ടുണ്ട്,” സ്ത്രീ ഉത്തരം പറഞ്ഞു.
4 “നിങ്ങൾ മരിക്കുകയില്ല, നിശ്ചയം! 5 അതു കഴിക്കുന്ന നാളിൽ നിങ്ങളുടെ കണ്ണുകൾ തുറന്ന് നിങ്ങൾ നന്മതിന്മകൾ അറിയുന്നവരായി, ദൈവത്തെപ്പോലെയാകും, എന്നു ദൈവം അറിയുന്നു,” പാമ്പ് സ്ത്രീയോട് പറഞ്ഞു.
6 ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ നല്ലതും കാഴ്ചയ്ക്കു മനോഹരവും ജ്ഞാനംനേടാൻ അഭികാമ്യവുമെന്നു കണ്ട് സ്ത്രീ അതു പറിച്ചു ഭക്ഷിച്ചു, തന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനും കൊടുത്തു, അദ്ദേഹവും ഭക്ഷിച്ചു.
-
28 നിനക്ക് അറിഞ്ഞുകൂടേ?
നീ കേട്ടിട്ടില്ലേ?
യഹോവ നിത്യനായ ദൈവം ആകുന്നു,
അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്.
അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല;
അവിടത്തെ വിവേകം അപ്രമേയംതന്നെ.
29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,
ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.
30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,
ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;
31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ
അവരുടെ ശക്തി പുതുക്കും.
അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;
അവർ ഓടും, ക്ഷീണിക്കുകയില്ല,
അവർ നടക്കും, തളർന്നുപോകുകയുമില്ല.
-
14 യേശുവും ശിഷ്യന്മാരും ജനക്കൂട്ടത്തിനടുത്തു വന്നപ്പോൾ ഒരു മനുഷ്യൻ അദ്ദേഹത്തെ സമീപിച്ച് മുട്ടുകുത്തി, 15 “കർത്താവേ, എന്റെ മകനോട് കരുണയുണ്ടാകണമേ, അവൻ അപസ്മാരരോഗത്താൽ അതിദാരുണമായി നരകിക്കുന്നു; പലപ്പോഴും തീയിലും വെള്ളത്തിലും വീണുപോകുന്നു. 16 അങ്ങയുടെ ശിഷ്യന്മാരുടെ അടുക്കൽ ഞാൻ അവനെ കൊണ്ടുവന്നു, എങ്കിലും അവർക്ക് അവനെ സൗഖ്യമാക്കാൻ കഴിഞ്ഞില്ല” എന്നു പറഞ്ഞു.
17 അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കും? എത്രനാൾ ഞാൻ നിങ്ങളെ സഹിക്കും? ബാലനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. 18 യേശു ഭൂതത്തെ ശാസിച്ചു, അത് ബാലനിൽനിന്ന് പുറത്തുപോയി; ആ നിമിഷത്തിൽത്തന്നെ അവൻ സൗഖ്യമായി.
19 അതിനുശേഷം ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” എന്നു രഹസ്യമായി ചോദിച്ചു.
20 “അത് നിങ്ങളിലെ വിശ്വാസത്തിന്റെ അപര്യാപ്തതമൂലമാണ്. നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് മാറിപ്പോകുക’ എന്നു പറഞ്ഞാൽ അതു മാറിപ്പോകും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്ക് അസാധ്യമായത് ഒന്നുംതന്നെ ഉണ്ടാകുകയില്ല. 21 എന്നാൽ പ്രാർഥനയാലും ഉപവാസത്താലും അല്ലാതെ ഈ വിധമുള്ളവ ഒഴിഞ്ഞുപോകുകയില്ല.”
-
12 ഈജിപ്റ്റുകാർ നിന്നെ കാണുമ്പോൾ, ‘ഇവൾ അവന്റെ ഭാര്യയാകുന്നു’ എന്നു പറഞ്ഞ് എന്നെ കൊല്ലുകയും നിന്നെ സ്വന്തമാക്കുകയും ചെയ്യും. 13 അതുകൊണ്ട് നീ എന്റെ സഹോദരി എന്നു പറയണം, അപ്പോൾ നീ നിമിത്തം അവർ എന്നോടു നന്നായി പെരുമാറുകയും എന്റെ ജീവൻ നഷ്ടപ്പെടാതിരിക്കുകയും ചെയ്യും.”
-
21 ഏലിയാവു ജനാവലിയുടെമുമ്പാകെ ചെന്നു ചോദിച്ചു: “നിങ്ങൾ എത്രകാലം ഇങ്ങനെ രണ്ട് ഊന്നുവടിയിലുമായി മുടന്തിനീങ്ങും? യഹോവ ആകുന്നു ദൈവം എങ്കിൽ അവിടത്തെ സേവിക്കുക! അല്ല, ബാലാണു ദൈവമെങ്കിൽ അവനെ സേവിക്കുക” എന്നു പറഞ്ഞു.
എന്നാൽ, ജനം മറുപടിയായി ഒരു വാക്കുപോലും പറഞ്ഞില്ല.
-
6 അദ്ദേഹം ജനത്തിനു പടനായകന്മാരെ നിയമിച്ചു. അവരെ നഗരകവാടത്തിലുള്ള വിശാലസ്ഥലത്തു തന്റെമുമ്പാകെ കൂട്ടിവരുത്തുകയും പ്രോത്സാഹിപ്പിക്കുംവിധം ഇങ്ങനെ പറയുകയും ചെയ്തു: 7 “ശക്തരും ധീരരുമായിരിക്കുക! അശ്ശൂർരാജാവും അദ്ദേഹത്തിന്റെ വിപുലസൈന്യവുംമൂലം നിങ്ങൾ സംഭീതരോ ധൈര്യഹീനരോ ആകരുത്. എന്തെന്നാൽ, അദ്ദേഹത്തോടുകൂടെ ഉള്ളതിനെക്കാൾ മഹത്തായ ഒരു ശക്തി നമ്മോടുകൂടെ ഉണ്ട്. 8 അദ്ദേഹത്തോടുകൂടെ വെറും സൈന്യബലമേയുള്ളൂ; നമ്മോടുകൂടെയാകട്ടെ, നമ്മുടെ ദൈവമായ യഹോവയുണ്ട്. നമ്മെ സഹായിക്കാനും നമുക്കുവേണ്ടി യുദ്ധംചെയ്യുന്നതിനും അവിടന്ന് നമ്മോടുകൂടെയുണ്ട്.” യെഹൂദാരാജാവായ ഹിസ്കിയാവിന്റെ ഈ വാക്കുകൾമൂലം ജനം ആത്മവിശ്വാസം വീണ്ടെടുത്തു.
-
5 അവർ തടാകത്തിന്റെ അക്കരയ്ക്ക് പോയപ്പോൾ, ശിഷ്യന്മാർ അപ്പം എടുക്കാൻ മറന്നുപോയി. 6 യേശു അവരോട്, “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവ് സൂക്ഷിക്കുക” എന്നു പറഞ്ഞു.
7 “നാം അപ്പം കൊണ്ടുവരാത്തതിനാലായിരിക്കാം അങ്ങനെ പറഞ്ഞത്,” എന്നു പറഞ്ഞ് അവർ പരസ്പരം ചർച്ചചെയ്തു.
8 അവരുടെ സംഭാഷണം മനസ്സിലാക്കിയിട്ട് യേശു ചോദിച്ചു, “അൽപ്പവിശ്വാസികളേ, അപ്പം എടുത്തില്ലെന്നതിനെക്കുറിച്ച് നിങ്ങൾ പരസ്പരം ചർച്ചചെയ്യുന്നതെന്ത്? 9 നിങ്ങൾ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലേ? അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി വന്നത് എത്ര കുട്ട നിറയെ എന്നും 10 ഏഴ് അപ്പംകൊണ്ട് നാലായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി എത്ര കുട്ട നിറച്ചെടുത്തു എന്നതും നിങ്ങൾ ഓർക്കുന്നില്ലേ? 11 എന്നാൽ ‘പരീശന്മാരുടെയും സദൂക്യരുടെയും പുളിപ്പുള്ള മാവ് സൂക്ഷിക്കുക’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് അപ്പത്തിന്റെ കാര്യത്തെക്കുറിച്ചല്ലെന്ന് നിങ്ങൾ മനസ്സിലാക്കാത്തതെന്ത്?” 12 അപ്പോഴാണ്, ജാഗ്രത പുലർത്തണമെന്ന് യേശു പറഞ്ഞുകൊണ്ടിരുന്നത് അപ്പത്തിന് ഉപയോഗിക്കുന്ന പുളിപ്പിനെക്കുറിച്ചല്ല, പിന്നെയോ പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശത്തെ സംബന്ധിച്ചാണ് എന്നു ശിഷ്യന്മാർക്ക് മനസ്സിലായത്.
-
39 അദ്ദേഹം എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, തിരകളോട്: “അടങ്ങുക, ശാന്തമാകുക” എന്നു കൽപ്പിച്ചു. അപ്പോൾ കാറ്റു നിലച്ചു! എല്ലാം പ്രശാന്തമായി!
40 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലേ?” എന്നു ചോദിച്ചു.
-
1 യേശു അവിടെനിന്നു യാത്രതിരിച്ച് സ്വന്തം പട്ടണത്തിൽ ശിഷ്യന്മാരുമായി മടങ്ങിയെത്തി. 2 അടുത്ത ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽവെച്ച് ഉപദേശിച്ചുതുടങ്ങി. പലരും അതുകേട്ട് ആശ്ചര്യപ്പെട്ടു.
“ഈ മനുഷ്യന് ഇവയെല്ലാം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാൾക്കു ലഭിച്ചിരിക്കുന്നത്? എന്തെല്ലാം അത്ഭുതങ്ങളാണ് ഇയാൾ ചെയ്യുന്നത്? 3 ഇത് ആ മരപ്പണിക്കാരനല്ലേ? ഇയാൾ മറിയയുടെ മകനല്ലേ? യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമല്ലേ ഇയാൾ? ഇയാളുടെ സഹോദരിമാരും ഇവിടെ നമ്മോടുകൂടെ ഇല്ലേ?” എന്നു ചോദിച്ചു. യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല.
4 യേശു അവരോട്, “ഒരു പ്രവാചകൻ ബഹുമാനിക്കപ്പെടാത്തത് അയാളുടെ സ്വദേശത്തും ബന്ധുക്കൾക്കിടയിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു. 5 ഏതാനും ചില രോഗികളുടെമേൽ കൈവെച്ച് അവരെ സൗഖ്യമാക്കിയതല്ലാതെ, അവിടെ അത്ഭുതപ്രവൃത്തികളൊന്നും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 6 അവരുടെ അവിശ്വാസത്തെക്കുറിച്ച് അദ്ദേഹം ആശ്ചര്യപ്പെട്ടു.
അതിനുശേഷം യേശു ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിച്ച് ഉപദേശിച്ചുകൊണ്ടിരുന്നു.
-
13 ലോകത്തിന്റെ അവകാശിയാകും എന്നുള്ള വാഗ്ദാനം അബ്രാഹാമിനോ അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കോ സിദ്ധിച്ചത് ന്യായപ്രമാണത്തിലൂടെയല്ല, വിശ്വാസത്താൽ ലഭിച്ച നീതിയിലൂടെയാണല്ലോ. 14 ന്യായപ്രമാണം അനുസരിക്കുന്നവരാണ് ദൈവത്തിന്റെ വാഗ്ദാനത്തിന് അവകാശികൾ എങ്കിൽ ദൈവത്തിലുള്ള വിശ്വാസം അനാവശ്യമായിത്തീരുന്നു; വാഗ്ദാനം അസാധുവായിത്തീരുന്നു. 15 ന്യായപ്രമാണലംഘനം ദൈവക്രോധത്തിനു കാരണമായിത്തീരും. ന്യായപ്രമാണം ഇല്ലെങ്കിൽ അതിന്റെ ലംഘനവും സാധ്യമല്ല്ലല്ലോ.
16 അതുകൊണ്ട്, വാഗ്ദാനത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. അതു ദൈവം അവിടത്തെ കൃപയുടെ ദാനമായി, അബ്രാഹാമിന്റെ സന്തതിപരമ്പരയിൽപ്പെട്ട വിശ്വസിക്കുന്നവർക്കെല്ലാം—ന്യായപ്രമാണം അനുസരിക്കുന്നവർക്കുമാത്രമല്ല—ഉറപ്പായി നൽകി. കാരണം, വിശ്വസിക്കുന്നവരായ നാം എല്ലാവരുടെയും പിതാവാണ് അബ്രാഹാം. 17 “ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നല്ലോ. മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ ആസ്തിക്യത്തിലേക്കു വിളിച്ചുവരുത്തുകയും ചെയ്യുന്നവനായ ദൈവത്തിൽ അബ്രാഹാം വിശ്വസിച്ചു, ആ ദൈവത്തിന്റെ ദൃഷ്ടിയിൽ അദ്ദേഹം നമ്മുടെ പിതാവാണ്.
18 “നിന്റെ സന്തതി ഇങ്ങനെ ആയിത്തീരും” എന്നു ദൈവം അരുളിച്ചെയ്തിരുന്നതുകൊണ്ട് ആശിക്കാൻ സാധ്യതയില്ലാതിരുന്നിട്ടും അനേകം ജനതകൾക്കു പിതാവായിത്തീരുമെന്ന് ആശയോടുകൂടെ അബ്രാഹാം വിശ്വസിച്ചു. 19 ഏകദേശം നൂറുവയസ്സുണ്ടായിരുന്നതുകൊണ്ട് തന്റെ ശരീരം മൃതപ്രായമായിരുന്നു എന്നും സാറയുടെ ഗർഭപാത്രം നിർജീവമായിരുന്നു എന്നും വ്യക്തമായി അറിഞ്ഞിട്ടും അബ്രാഹാമിന്റെ വിശ്വാസം ദുർബലമായില്ല. 20 ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് അവിശ്വാസത്താൽ ചഞ്ചലിക്കാതെ അദ്ദേഹം ദൈവത്തെ മഹത്ത്വപ്പെടുത്തി വിശ്വാസത്തിൽ ശക്തിപ്പെട്ടു. 21 ആ ദൈവം വാഗ്ദാനംചെയ്തതു നിവർത്തിക്കാൻ ശക്തനാണെന്നുള്ള പൂർണബോധ്യമുള്ളവനായിത്തീർന്നു. 22 അബ്രാഹാമിന്റെ ഈ വിധത്തിലുള്ള വിശ്വാസം അദ്ദേഹത്തിനു “നീതിയായി ദൈവം കണക്കാക്കി.” 23 “നീതിയായി കണക്കാക്കി” എന്ന് എഴുതിയിരിക്കുന്നത് അദ്ദേഹത്തിനുമാത്രമല്ല; 24 നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നവരായ നമുക്കും ബാധകമാണ്. 25 അവിടന്ന് നമ്മുടെ ലംഘനങ്ങൾനിമിത്തം മരണത്തിനായി ഏൽപ്പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നല്ലോ.
-
1 തർക്കവിഷയങ്ങളെക്കുറിച്ചു ശണ്ഠയിടാതെ വിശ്വാസത്തിൽ ബലഹീനരായവരെ അംഗീകരിക്കുക. 2 എല്ലാം ഭക്ഷിക്കാമെന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനരായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു. 3 എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്. 4 മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും.
-
14 എന്നാൽ, നീ പഠിച്ചകാര്യങ്ങളിൽ വിശ്വസ്തനായി തുടരുക; അവ സത്യമാണെന്ന് നിനക്കറിയാം. കാരണം നിന്നെ ഉപദേശിച്ചവർ വിശ്വാസയോഗ്യരാണ്. 15 ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിലൂടെ രക്ഷനേടുന്നതിന് ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതലേ അറിഞ്ഞിരിക്കുന്നല്ലോ. 16 എല്ലാ തിരുവെഴുത്തും ദൈവനിശ്വസിതമാണ്; അത് ഉപദേശിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയുക്തമായ ജീവിതം അഭ്യസിപ്പിക്കാനും പ്രയോജനപ്രദമാണ്. 17 അങ്ങനെ ദൈവമനുഷ്യൻ നൈപുണ്യമുള്ളവനായി സകലസൽപ്രവൃത്തികൾക്കും സുസജ്ജനായിത്തീരുന്നു.
-
8 ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക.
-
15 ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നെ കാത്തുകൊള്ളും; ഞാൻ നിന്നെ ഈ ദേശത്തേക്കു മടക്കിവരുത്തും. ഞാൻ നിന്നെ കൈവിടാതെ നിന്നോടുചെയ്ത വാഗ്ദത്തം നിറവേറ്റും.”
-
4 ഇപ്രകാരം, മുമ്പേ രേഖപ്പെടുത്തപ്പെട്ട തിരുവെഴുത്തുകൾ എല്ലാം നമുക്ക് അഭ്യസനം ലഭിച്ചിട്ട് തിരുവെഴുത്ത് ഉപദേശിക്കുന്ന സഹനത്തിലൂടെയും ആശ്വാസത്തിലൂടെയും നമുക്ക് പ്രത്യാശ ലഭിക്കേണ്ടതിനാണ്.
-
13 ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇത് എഴുതുന്നത്.
-
10 അപ്പോൾ അവരിലൊരാൾ, “അടുത്തവർഷം ഇതേസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യയായ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.
സാറാ പിന്നിൽ കൂടാരവാതിൽക്കൽനിന്ന് ഇതു ശ്രദ്ധിക്കുകയായിരുന്നു. 11 അബ്രാഹാമും സാറായും വൃദ്ധരും വളരെ പ്രായമായവരും ആയിരുന്നു. സാറായ്ക്കു ഗർഭധാരണത്തിനുള്ള പ്രായവും കഴിഞ്ഞുപോയിരുന്നു. 12 “ഞാൻ വൃദ്ധയായി, എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു; ഇനി ഈ സൗഭാഗ്യം എനിക്കുണ്ടാകുമോ?” സാറാ ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു.
13 അപ്പോൾ യഹോവ അബ്രാഹാമിനോട്, “വൃദ്ധയായ എനിക്കു കുട്ടിയുണ്ടാകുമോ എന്നു പറഞ്ഞു സാറാ ചിരിച്ചതെന്ത്? 14 യഹോവയ്ക്ക് അസാധ്യമായ കാര്യം ഉണ്ടോ? അടുത്തവർഷം നിശ്ചിതസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും, അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.
15 സാറാ ഭയന്നുപോയി, അതുകൊണ്ട് അവൾ, “ഞാൻ ചിരിച്ചില്ല” എന്നു മാറ്റിപ്പറഞ്ഞു.
എന്നാൽ അവിടന്ന്, “അല്ല, നീ ചിരിച്ചു” എന്ന് അരുളിച്ചെയ്തു.
-
9 എന്നാൽ ആ തെക്കോവക്കാരി വീണ്ടും അദ്ദേഹത്തോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ. രാജാവും അവിടത്തെ സിംഹാസനവും കുറ്റമറ്റതായിരിക്കട്ടെ.”
-
14 പിന്നീട് ശിഷ്യന്മാർ പതിനൊന്നുപേരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷനായി. താൻ ഉയിർത്തെഴുന്നേറ്റതിനുശേഷം തന്നെ കണ്ടവരുടെ വാക്കു വിശ്വസിക്കാതിരുന്നതുകൊണ്ട് അദ്ദേഹം അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു.
-
9 അതിനുത്തരമായി യേശു, “ഇത്രയേറെക്കാലം ഞാൻ നിങ്ങളോടുകൂടെ ആയിരുന്നിട്ടും ഫിലിപ്പൊസേ, നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ? എന്നെ കണ്ടയാൾ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ ‘പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണം’ എന്നു നീ പറയുന്നതെങ്ങനെ? 10 ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ എന്റെ സ്വന്തം അധികാരത്തിൽനിന്നുള്ളവയല്ല; എന്നിൽ വസിക്കുന്ന പിതാവ് അവിടത്തെ പ്രവൃത്തികൾ എന്നിലൂടെ നിറവേറ്റുകമാത്രമാണു ചെയ്യുന്നത്. 11 ‘പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു’ എന്നു ഞാൻ പറയുന്നതു വിശ്വസിക്കുക; അല്ലെങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾനിമിത്തം വിശ്വസിക്കുക.
-
1 എന്നാൽ, വിശ്വാസത്തിൽ ശക്തരായ നാം വിശ്വാസത്തിൽ ബലഹീനരുടെ പരാജയങ്ങളെ സഹിക്കുകയും നമ്മുടെ ആനന്ദംമാത്രം ലക്ഷ്യമാക്കാതിരിക്കുകയും വേണം.
-
1 ഇപ്പോൾ മൂന്നാംതവണയാണു ഞാൻ നിങ്ങളെ സന്ദർശിക്കാൻ പോകുന്നത്. “രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും സത്യാവസ്ഥ ഉറപ്പാക്കേണ്ടതാണ്.” 2-3 ഞാൻ രണ്ടാംപ്രാവശ്യം നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ പാപത്തിൽ തുടരുന്നവരെ ഒരുപ്രാവശ്യം താക്കീതുചെയ്തതാണ്; അതുതന്നെ ഞാൻ ദൂരത്തിരുന്നുകൊണ്ടും ആവർത്തിക്കുന്നു: ഇനി വരുമ്പോൾ മുമ്പേ പാപംചെയ്തവരോടും മറ്റാരോടുംതന്നെ ഒരു ദാക്ഷിണ്യവും കാണിക്കുകയില്ല. ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് നിങ്ങൾ ആവശ്യപ്പെട്ട തെളിവായിരിക്കും അത്. ബലഹീനനായിട്ടല്ല ക്രിസ്തു നിങ്ങളെ കൈകാര്യംചെയ്യാൻ പോകുന്നത്, ശക്തനായിത്തന്നെയാണ്! 4 ബലഹീനതയിൽ അവിടന്ന് ക്രൂശിക്കപ്പെട്ടുവെങ്കിലും ദൈവശക്തിയാൽ ജീവിക്കുന്നു. അതുപോലെ ഞങ്ങളും ബലഹീനരെങ്കിലും ക്രിസ്തുവിൽ നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനു ദൈവത്തിന്റെ ശക്തിയാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കുന്നു.
5 നിങ്ങളുടെ വിശ്വാസം പ്രകടമാകുന്ന രീതിയിലാണോ നിങ്ങൾ ജീവിക്കുന്നതെന്ന് നിങ്ങളെത്തന്നെ പരീക്ഷിച്ചുനോക്കുക. ഈ പരീക്ഷയിൽ നിങ്ങൾ തോറ്റിട്ടില്ലെങ്കിൽ ക്രിസ്തുയേശു നിങ്ങളുടെ മധ്യത്തിലുണ്ട് എന്നു നിങ്ങൾ അറിയുന്നില്ലേ? 6 പരീക്ഷയിൽ ഞങ്ങൾ തോറ്റിട്ടില്ല എന്നു നിങ്ങൾ മനസ്സിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
-
6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്. 7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.
8 അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക.
-
6 വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം; ദൈവത്തിന്റെ അടുക്കൽ വരാൻ ആഗ്രഹിക്കുന്നയാൾ ദൈവം ഉണ്ടെന്നും തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർക്ക് അവിടന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കേണ്ടതാണ്.
-
28 നാം എങ്ങോട്ടു കയറിപ്പോകും? ‘അവിടത്തെ ജനം നമ്മെക്കാൾ ബലവാന്മാരും ദീർഘകായരുമാണ്. പട്ടണങ്ങൾ ആകാശംവരെ ഉയർന്ന മതിലുകൾ ഉള്ളവയാണ്, ഞങ്ങൾ അനാക്യരെയും അവിടെ കണ്ടു’ എന്നിങ്ങനെ പറഞ്ഞ് നമ്മുടെ സഹോദരന്മാർ നമ്മുടെ മനോവീര്യം കെടുത്തിക്കളഞ്ഞു.”
-
4 ഞങ്ങളുടെ പൂർവികർ അങ്ങയിൽ വിശ്വാസം അർപ്പിച്ചു;
അവർ ആശ്രയിക്കുകയും അങ്ങ് അവരെ വിടുവിക്കുകയും ചെയ്തു.
5 അവർ അങ്ങയോട് നിലവിളിച്ചു; അങ്ങ് അവരെ രക്ഷിച്ചു;
അവർ അങ്ങയിൽ ആശ്രയിച്ചു, ലജ്ജിതരായതുമില്ല.
-
18 സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു.
19 അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു. 20 നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.
-
22 ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു. 23 അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി.
24 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു.
അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി. 25 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു.
അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു.
-
12 സഹോദരങ്ങളേ, സൂക്ഷിക്കുക, ജീവനുള്ള ദൈവത്തെ പരിത്യജിക്കാൻ കാരണമായിത്തീരുന്ന വിശ്വാസമില്ലാത്ത ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകരുത്. 13 പാപത്താൽ വഞ്ചിതരായി നിങ്ങളിൽ ആരും ഹൃദയകാഠിന്യമുള്ളവർ ആകാതിരിക്കാൻ, “ഇന്ന്” എന്നു പറയാൻ കഴിയുന്നതുവരെ, അനുദിനം പരസ്പരം പ്രബോധിപ്പിക്കുക.
Shows Read in context, Share and Copy.